Thursday, 15 December 2011

തിരക്കഥ ....

തിരക്കഥ എഴുതാനുള്ള ഒരു ശ്രമം.


ആദ്യമായി ‘ചന്തു അണ്ണനെ’ നമിച്ചുകൊണ്ട് തുടങ്ങട്ടെ. ചന്തു അണ്ണനെ നിങ്ങൾക്കറിയാമല്ലൊ. നമ്മളെ ‘തിരക്കഥ’ എഴുതാൻ പഠിപ്പിക്കുന്ന ‘ചന്തു നായർ എന്ന ചന്തു അണ്ണൻ. അദ്ദേഹം പറഞ്ഞു തന്ന തിരക്കഥാ രചനയിൽ ആവേശം മൂത്ത് ഞാനുമൊരു സാഹസത്തിനു മുതിരുകയാണ്. കഥ ആദ്യം എഴുതിക്കഴിഞ്ഞപ്പൊഴാണ് ഇടതു വശവും വലതു വശവുമൊക്കെ എഴുതണമല്ലോന്ന് ഓർമ്മ വന്നത്. അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. പക്ഷെ, പബ്ലീഷ് ആകുമ്പോൾ എങ്ങനെ വരുമെന്ന് മുൻ‌കൂട്ടി പറയാൻ വയ്യാത്തതു കൊണ്ട് വായനക്കാരോട് മാത്രമല്ല ചന്തു അണ്ണനോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. തിരക്കഥകൾ വായിച്ച് യാതൊരു പരിചയമോ, ഒരു ഷൂട്ടിങ് സീനോ കണ്ടിട്ടില്ലാത്ത ഞാനിതിന് ഇറങ്ങി പുറപ്പെട്ടത് ദയവായി എന്റെ അഹങ്കാരമായി കാണരുതെയെന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ....

ഫ്രീവിസ

സീൻ 1
സ്ഥലം: ഗൾഫിൽ എവിടേയുമാകാം. Interior
സമയം: രാത്രി 9 മണി.

ഒരു മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സാധാരണ മുറി. കേറിച്ചെല്ലുന്ന വാതിലിന്റെ നേരെ ഇടതു വശത്ത് രണ്ടു കട്ടിൽ നീളത്തിൽ മുട്ടിച്ച് ഇട്ടിരിക്കുന്നു. ഓരോ കട്ടിലിന്റെ മുകളിലും വേറെ രണ്ടു തട്ടുകൾ കൂടിയുണ്ട്. അതായത് ഒരു കട്ടിലിടേണ്ട സഥലത്ത് തട്ടുകളായി മൂന്നെണ്ണം. എതിർ വശത്തെ ഭിത്തിക്കരികിലും അതു പോലെ രണ്ട് നിരയിലും കൂടി ആറു കട്ടിലുകൾ. വാതിലിന്റെ നേരെ എതിർവശത്ത് ഒരു കട്ടിലിടാനെ സ്ഥലമുള്ളു. അതിന്റെ മുകളിലും ഉണ്ട് രണ്ടു തട്ട് കട്ടിലുകൾ.
രണ്ടു നിര കട്ടിലുകളും കൂട്ടിമുട്ടുന്ന മൂലയിലെ ഇത്തിരി സ്ഥലത്ത് രണ്ടു തുണി അലമാരകൾ (തുണിയിൽ കവർ ചെയ്ത റേഡിമേഡ് അലമാരകൾ) മുട്ടിച്ച് വച്ചിരിക്കുന്നു. വാതിലിന്റെ വലതുവശത്തുമുണ്ട് ഒരു നിര കട്ടിലുകൾ. എല്ലാം കുടി മുറിയിൽ 18 കട്ടിലുകൾ. ഒരു നിർമ്മാണക്കമ്പനിയുടെ ലേബർ ക്യാമ്പിലെ ഒരു മുറിയാണിത്.

ഇപ്പോൾ ആ മുറിയിൽ ഉള്ളവർ.
1) മൊയ്തുക്ക :നാല്പത്തഞ്ചു കഴിഞ്ഞ പ്രായം.ചീകിയൊതുക്കാത്ത തലമുടി മിക്കതും നരച്ചു തുടങ്ങി.പൊക്കമുണ്ടെങ്കിലും വണ്ണം കുറവ്. ബനിയനും ലുങ്കിയും വേഷം.
Link
2) വാസുദേവൻ തിരുമേനി: കൂട്ടുകാർ വാസു അണ്ണൻ എന്ന് സ്നേഹപൂർവ്വം വിളിക്കും. മുപ്പത്തഞ്ച് വയസ്സ് തോന്നും ഇച്ചിരി കുടവയറും ഇത്തിരി തൊലി വെളുപ്പും. കണക്കപ്പിള്ളയാണെങ്കിലും മുറിയിലെ കുക്കർ ആണ്. പാചകത്തിന്റെ ആശാൻ. ലുങ്കിയും കഴുത്തിൽ ഒരു തോർത്തും എപ്പൊഴും കാണും. പൂണൂൽ ഇല്ല.

3) തോമസ്സ് : ഇൽക്ട്രീഷ്യൻ ആണ്. ‘കറണ്ട് തോമ’ എന്ന് കൂട്ടുകാർ കളിയാക്കി വിളിക്കും. മുപ്പതിനടുത്ത് പ്രായം. സാമാന്യം തടി ഇരു നിറം. ലുങ്കി മാത്രം.

4) മോഹനൻ: 25 ന്റടുത്ത് പ്രായം. വെളുത്ത നിറം. തലമുടി ചീകി ഭംഗിയാക്കി വക്കുന്ന കൂട്ടത്തിലാണ്. ലുങ്കി മാത്രം വേഷം.

5) ദിവാകരൻ: മുപ്പത്തഞ്ചിന്റടുത്ത് പ്രായം. ഇരു നിറം. സാമാന്യം തടി. ലുങ്കിയും ടീ ഷർട്ടും വേഷം.

6) സൂപ്പർവൈസർ: എല്ലാവരും അങ്ങനെ തന്നെയാണ് വിളിക്കുക. മുപ്പത്തഞ്ചിന്റടുത്ത് പ്രായം. പുറത്തു നിന്നും വന്ന ഡ്രെസ്സിൽ തന്നെ.(പാന്റ്സും ഷർട്ടും)

7)ആശാൻ, മേസ്രി, കുമാരേട്ടൻ: എല്ലാ പേരുകളും സൌകര്യം പോലെ ഓരൊരുത്തർ മാറി മാറി വിളിക്കും. തലയെല്ലാം നരച്ച അൻപതിനുമേൽ പ്രായമുള്ള പക്വത വന്ന ഒരാൾ. മുഖമെല്ലാം കരുവാളിച്ചിരിക്കുന്നു. സൌമ്യനാണെന്ന് വിളിച്ചോതുന്ന പ്രകൃതം.

8) സന്തോഷ്: ആശാന്റെ മകനാണ്. 24 വയസ്സ് പ്രായം. ചുരുണ്ട മുടി. ഇരു നിറം. സുന്ദരമായ മുഖം.

9) തങ്കപ്പേട്ടൻ: 50 വയസ്സിനു മേൽ പ്രായം. കൊമ്പൻ മീശ. കറുത്ത നിറം. പകുതിയും കഷണ്ടി. ലുങ്കി.


നമ്മൾ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ, മുറിയുടെ നടുക്കുള്ള സ്ഥലത്ത് നിലത്ത് വിരിച്ച ന്യൂസ്പേപ്പറിനു മുകളിൽ ഭക്ഷണം പാചകം ചെയ്ത അലൂമിനിയ ചരുവം രണ്ടെണ്ണം അപ്പാടെ കൊണ്ടു വന്ന് നടുക്കായി മൂടി വച്ചിരിക്കുന്നു. രണ്ടു പേർ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്നു കൊണ്ടു തന്നെ പ്ലാസ്റ്റിക് പ്ലേറ്റുകൾ നിരത്തുകയാണ്. അതിനിടക്ക് കുളി കഴിഞ്ഞ് വരുന്നവർ നനഞ്ഞ തോർത്ത്, ചുമർ വശത്തായി കട്ടിലിന്റെ കാലുകൾക്കിടയിൽ കെട്ടിയ പ്ലാസ്റ്റിക് ചരടിന്റെ അഴയിൽ നിവർത്തിയിടുന്നുണ്ട്. അതൊടൊപ്പം നനച്ച അണ്ടർവെയറും ഉണങ്ങാനിടുന്നുണ്ട്. ഓരോ കട്ടിലിന്റെ ഉടമസ്ഥനും ഇതുപൊലെ അഴകൾ കെട്ടിയിട്ടുണ്ട്. ചിലർ ചുമ്മാ കിടക്കുന്നു. 18 കട്ടിലുകൾ ഉണ്ടെങ്കിലും ഇപ്പൊൾ അവിടെ ആറു പേർ മാത്രമെയുള്ളു. ചിലരൊക്കെ വന്ന് ഓരോ പ്ലേറ്റിന്റെ പിറകിലും സ്ഥാനം പിടിക്കുന്നു. ചിലർ വരാൻ വൈകുന്നുണ്ടെങ്കിലും ആർക്കും ധൃതിയൊന്നുമില്ല. ഒരാൾ നിരത്തിയിട്ട പേപ്പറിൽ പെട്ടെന്ന് ശ്രദ്ധയിൽ‌പ്പെട്ട ഏതോ വാർത്തയിലേക്ക് കണ്ണുംനട്ട് ശരീരം വളച്ച് തല ഒടിച്ചുവച്ച് വായിക്കുകയാണ്. ചിലർ കട്ടിലിൽ തന്നെ ഇരുന്ന് ചുമരിലേക്ക് ചാരിക്കിടന്ന് നാട്ടിൽ നിന്നും വന്ന കത്തെടുത്ത് വായിക്കുകയാണ്. അവരിൽ ഒരാളായ മോഹനൻ ചിലപ്പോൾ ചിരിക്കുകയും മറ്റു ചിലപ്പോൾ വലതു കൈ ശക്തിയായി ബെഡ്ഡിൽ അടിക്കുന്നുമുണ്ട്.

താഴെ പ്ലേറ്റിന്റെ അടൂത്തിരിക്കുന്ന
മൊയ്തുക്ക അതു കണ്ടിട്ട്.
“ എന്തൂട്ടാണ്‌ടാ മോഹനാ നാട്ടില് ത്ര രസോള്ള വിശേഷം...?”

കത്ത് വായന നിറുത്തിയിട്ട് മോഹനൻ പറഞ്ഞു.
“ ന്റെ മൊയ്തുക്കാ.. നാട്ടില് അമ്പലത്തില് ഉത്സവത്തിന് കൊടികേറീന്ന്...!”

അതും പറഞ്ഞ് മോഹനൻ വലിയ നിരാശയോടെ വീണ്ടും കട്ടിലിൽ അടുപ്പിച്ച് നാലഞ്ചടികൂടി അടിച്ചു. അതു കണ്ട് പുറത്തു നിന്നും കുളി കഴിഞ്ഞ് കയറി വന്ന തോമസ്സ് പറഞ്ഞു.
“എടാ മോഹനാ... എന്റെ കട്ടില് നീ നശിപ്പിക്കല്ലെ. എന്താ സംഭവം.
ഞാനും കൂടി കേക്കട്ടെ..”

മൊയ്തുക്കയാണ് അതിനു മറുപടി പറഞ്ഞത്.
“അവന്റെ നാട്ടില് ഉത്സവത്തിന് കൊടികേറീന്ന്...”

തോമസ്സ് ഉടനെ സ്വല്പം നിരാശ കലർന്ന മട്ടിൽ പറഞ്ഞു.
“അത്രേള്ളു.... ഞങ്ങടെ പള്ളിപ്പെരുന്നാള് കഴിഞ്ഞിട്ട് ഒരാഴ്ചയായുള്ളു. അതൊക്കെ ങ്ങ്നെ കിടക്കും...”


കട്ടിലിരുന്ന ദിവാകരൻ ചെറിയ ഒരു വിഷമത്തോടെ
ആണെങ്കിലും പറഞ്ഞു.
“ അവ്ടെപ്പൊ പെരുന്നാളായാലും ഉത്സവായാലും ഇവ്ടേന്താ...? വല്ലതും വന്നിരുന്ന് കഴിക്കാൻ നോക്ക്..”

എന്നും പറഞ്ഞു ദിവാകരൻ കട്ടിലിൽ നിന്നും താഴെ ഇറങ്ങിയിരുന്ന് പ്ലേറ്റെടുത്ത് മുൻപിൽ വച്ച് നടുക്കിരിക്കുന്ന വലിയ പാത്രത്തിന്റെ മൂടി പൊക്കിയപ്പോൾ അപ്പുറത്തിരിക്കുന്ന മൊയ്തുക്ക പറഞ്ഞു.
“ ടാ നിക്കട ദിവൂ.. ആശാൻ വരട്ടെ.... ന്ന്ട്ട് കഴിക്കാം..”

കയ്യിലിരുന്ന കത്ത് മടക്കി മുകളിലെ കട്ടിലിന്റെ തലയിണയുടെ
അടിയിൽ വച്ചിട്ട് തിരിഞ്ഞ മോഹനൻ പറഞ്ഞു.
“ഈ മേസ്രീം മോനും എവ്ടെ പോയി കെടക്കേണ്..?
വിശന്നിട്ട് കൊടലു കത്തണ്..”

തോമസ്സ് താഴേക്കിറങ്ങിയിരുന്നിട്ട് പറഞ്ഞു.
“ആശാന്റെ മോക്ക് കല്യാണം ശരിയായിട്ട്ണ്ടെന്ന് തോന്നണ്..”

അതു കേട്ടതും മൊയ്തുക്ക പറഞ്ഞു.
“ങാ.. ശരിയാണ്.. അവര് അച്ചനും മോനും സൂപ്പർവൈസറും കൂടി സ്വർണ്ണമാല വാങ്ങാൻ പോയ്യേക്കാണ് ടൌണില്... പ്പൊ വരാറയിട്ട്ണ്ട്.

താഴേക്കിരുന്ന മോഹനൻ പറഞ്ഞു.
“ന്റെപ്പൊ... ങ്ങ്നെ ഒരു അച്ചനേം മോനേം ഞാൻ കണ്ടിട്ടില്ല...
അതിനെ ഒരു വഴിക്ക് തിരിയാൻ സമ്മതിക്കില്ല.”

അതുകേട്ട് തോമസ്സിന്റെ അടൂത്തിരിക്കുന്ന കുടവയറൻ
വാസുദേവൻ തിരുമേനി പറഞ്ഞു.
“ അത് പിന്നെ അങ്ങനേല്ലെ... കുമാരേട്ടൻ എന്നു പോന്നതാ നാട്ടീന്ന്. അന്നവന് മൂന്നൊ നാലൊ വയസ്സ് പ്രായോള്ളു. അനിയത്തിക്കൊച്ചിന് ഒന്നോ ഒന്നരയോ മറ്റൊ...”

മോഹനൻ ചോദിച്ചു.
“ആശാൻ വന്നിട്ട് പിന്നെ നാട്ടിൽ പോയതേയില്ലെ..?”

അതു കേട്ടുകൊണ്ടാണ് കട്ടിലിന്റെ മുകളിലത്തെ തട്ടിൽ കിടന്നിരുന്ന തങ്കപ്പേട്ടൻ കോണീയിൽ ചവിട്ടി താഴെ ഇറങ്ങി വന്നത്. കോണിയുടെ തൊട്ടു താഴെ ഇരിക്കുന്ന തിരുമേനി ഒരു വശത്തേക്ക് ഒഴിഞ്ഞു കൊടുത്തു. തിരുമേനിയുടെ അടുത്തായി തങ്കപ്പേട്ടനും വന്നിരുന്നു.

തങ്കപ്പേട്ടൻ പറഞ്ഞു.
“ ആശാന് ഇതുവരെ പോകാനായില്ല...”

മോഹനൻ ചോദിച്ചു.
“ശരിക്കും എന്താ പറ്റീത്...”

തങ്കപ്പേട്ടൻ പറഞ്ഞു.
“വിസ അടിച്ചിട്ടു വരുന്ന വഴി പാസ്പ്പോർട്ട് കളഞ്ഞു പോയീന്നാണ് അർബാബ് പറേണെ.. അവൻ പോലീസ്റ്റേഷണിൽ പരാതിയൊക്കെ കൊടുത്തൂന്ന് പറേണു. എവ്ടെ കിട്ടാൻ...? അതോ അവൻ തന്നെ വല്ലോർക്കും വിറ്റു കാശു മേടിച്ചോന്നാർക്കറിയാം.. അതിനിടക്ക് ആ പണ്ടാറക്കാലൻ ചത്തും‌പോയി...!”

ഇടക്കു കയറി തോമസ്സ് ചോദിച്ചു.
“ അതെങ്ങനെ ചത്തു..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“എങ്ങനെയോ.. അതൊന്നാർക്കുമറീല്ല... ഞങ്ങള് രണ്ടാളും കൂടി രണ്ടു വർഷം കഴിഞ്ഞപ്പൊ നാട്ടീ പോകാന്നേരാണ് ഇവന്റെ അർബാബിനെ അന്വേഷിച്ച് പോണെ... ഒരുകണക്കിന് ഞങ്ങളവന്റെ വീട് കണ്ടെത്തി. പക്ഷെ, അവന്റെ മോൻ ഒരു പോലീസുകാരനുണ്ടായിരുന്നു. അവനാ പറഞ്ഞെ, അവന്റെ ബാപ്പയാ അർബാബ്. പുള്ളിക്കാരൻ ഒരു കൊല്ലം മുൻപ് മരിച്ചുപോയീന്ന് ”

തോമസ്സ് ചോദിച്ചു.
“അപ്പൊ പാസ്പ്പോർട്ടിന്റെ കാര്യം ചോദിച്ചില്ലെ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“അതൊന്നും അയാക്കറീല്ലാത്രെ... നിനക്ക് നാട്ടീ പോണെങ്കി.. എന്നോട് പറഞ്ഞാ മതി. ഞാൻ കേറ്റിവിട്ടോളാന്ന്..”

മോഹനൻ പെട്ടെന്നു ചോദിച്ചു.
“ എന്നിട്ടോ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“നാട്ടീപ്പോകാനാ വന്നേന്ന് പറഞ്ഞപ്പൊ പറയാ... നിന്റെ പെട്ടിയൊക്കെ കെട്ടി കൂട്ടുകാരെ ഏൽ‌പ്പിച്ചിട്ട് പോകാനുള്ള ടിക്കറ്റുമായി ഇവിടെ വന്നാ മതി. കൂടിവന്നാ നാലഞ്ചുദിവസമെ അകത്ത് കെടക്കേണ്ടി വരൂ.. അതിനുള്ളിൽ ഞാൻ നിന്നെ കേറ്റിവിട്ടോളാന്ന്...”

ആകാംക്ഷയോടെ തിരുമേനി ചോദിച്ചു.
“ എന്നിട്ട് ആശാൻ പോകാൻ നോക്ക്യോ..?”

തങ്കപ്പേട്ടൻ.
“ എവ്ടേ.... അകത്ത് കെട്ക്കേണ്ടി വരൂന്ന് പറഞ്ഞപ്പോ ആശാന് പേടിയായി. പിന്നെ ഞാനും പറഞ്ഞു വേണ്ടാന്ന്...”

തോമസ്സ് പെട്ടെന്ന് ചോദിച്ചു.
“അതെന്താ..?”

തങ്കപ്പേട്ടൻ.
“ അങ്ങനെ പോയിക്കഴിഞ്ഞാ പിന്നെ ഇങ്ങോട്ടു വരാനൊക്കൊ..? പാസ്പ്പോർട്ട് പോയില്ലേ..? തന്നെയുമല്ല ആശാന്റെ രണ്ടു പെങ്ങന്മാർ പെര നിറഞ്ഞ് നിൽ‌പ്പുണ്ടായിരുന്ന് അന്ന്. അതുങ്ങ്‌ളെയൊക്കെ പറഞ്ഞയക്കാതെ ങ്ങ്നെ വീട്ടീക്കേറി ചെല്ലും...?”

കുറച്ച് നേരത്തേക്ക് ആരുമാരും ഒന്നും മിണ്ടിയില്ല. പരസ്പ്പരം നോക്കിയിട്ട് തല കുനിച്ചിരുന്നു. ഒരു ശ്വാസം മുട്ടൽ തോന്നിയപ്പോൾ തിരുമേനി ചോദിച്ചു.
“പിന്നെ ഒരിക്കലും പോകാൻ ശ്രമിച്ചില്ലെ..?”

കുറച്ച് ശബ്ദം താഴ്ത്തി തങ്കപ്പേട്ടൻ പറഞ്ഞു.
“പെങ്ങന്മാരുടെ കാര്യങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വന്തം മോള് വലുതായിക്കൊണ്ടിരിക്കുന്നു. പോയാപ്പിന്നെ ഒരിക്കലും ഇങ്ങോട്ടു വരാനൊക്കില്ലല്ലൊ. എന്നാപ്പിനെ അതിനും കൂടി എന്തെങ്കിലും ഉണ്ടാക്കീട്ട് മതി തിരിച്ചു പോക്കെന്നൊരു തോന്നൽ... അത്‌ന്നെ.. പിന്നെ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല..”

ഒരു നെടുവീർപ്പിട്ടിട്ട് മൊയ്തുക്ക ആരോടുമില്ലാതെ പറഞ്ഞു.
“ഞാനുമതേടെ മക്കളേ... ഈ ജമ്മം ഇനി നാട്ടിലേക്കില്ല...!!”

എല്ലാവരും ആ മുഖത്തേക്ക് നോക്കിയെങ്കിലും മൊയ്തുക്ക തല കുമ്പിട്ടിരുന്നതേയുള്ളു. മൊയ്തുക്കായുടെ വിവരങ്ങൾ കുറേയെങ്കിലും അറിയാവുന്ന തൊട്ടടുത്തിരുന്ന മോഹനൻ പതുക്കെ പുറത്തു തലോടിക്കൊടുത്തു. ഒരു നിമിഷം കഴിഞ്ഞതും അടക്കിപ്പിടിച്ച ഒരു തേങ്ങൽ മൊയ്തുക്കായിൽ നിന്നും ഉയർന്നു. അതു കേട്ടതും മോഹനൻ ബലമായി പിടിച്ച് തന്റെ നെഞ്ചോടു ചേർത്തു മൌതുക്കായെ. അടുത്തിരുന്നവരും എതിർവശത്തിരുന്നവരും കയ്യെത്തിച്ച് മൊയ്തുക്കാനെ തലോടി. മറ്റൊന്നും ആരും പറഞ്ഞില്ല. പറഞ്ഞാലും ആശ്വസിക്കാവുന്നതായിരിക്കില്ല മൊയ്തുക്കായുടെ വിഷമം.

തിരുമേനി പറഞ്ഞു.
“ങാ.. എന്താ മൊയ്തുക്കാ...ങ്ള് ങ്ങ്നെ...?”

ഉടനെ കണ്ണുകൾ പുറം കൈകൊണ്ട് തുടച്ചിട്ട് മൊയ്തുക്ക
നിവർന്നിരുന്നു.പിന്നെ പറഞ്ഞു.
“ങേയ്.. ഇല്ലെടാ... ഒരു നിമിഷം ഞാൻ...”

തിരുമേനി പറഞ്ഞു.
“ എന്റെ മൊയ്തുക്കാ.. ഇവ്ടെ പ്രശ്നങ്ങളില്ലാത്ത ആരാ ഒള്ളേ.... മൊയ്തുക്കാടെ അത്രേം വരില്ലെങ്കിലും ഞങ്ങക്കൂണ്ട് തീർത്താൽ തീരാത്ത അത്രേം പ്രശ്നങ്ങള്... എന്നുവച്ച് കുത്തിയിരുന്ന് കരയാ....?”

പിന്നെ കുറച്ച് നേരത്തേക്ക് വല്ലാത്ത ഒരു നിശ്ശബ്ദതയായിരുന്നു. വിശന്ന് ക്ഷമ കെട്ട മോഹനൻ പാത്രത്തിന്റെ മൂടി തുറന്ന് ഒരു ചപ്പാത്തിയെടുത്ത് ഒരു കഷണം പിച്ചിയെടുത്ത് വായിൽ വക്കാൻ തുനിഞ്ഞതും, അടുത്തിരുന്ന തിരുമേനി കൈ നീട്ടി. അത് തിരുമേനിക്ക് കൊടുത്ത് കഴിഞ്ഞപ്പോൾ അടുത്ത ആള് കൈ നീട്ടാൻ തുടങ്ങി. അങ്ങനെ ഓരോരുത്തർക്കും കൊടുത്തു വന്നപ്പോൾ മോഹനന് ഒന്നും ബാക്കിയുണ്ടായില്ല. തന്റെ കൈ രണ്ടും കൂട്ടി അടിച്ച് ചപ്പാത്തിയൂടെ പൊടി കളഞ്ഞ്, പിന്നെ കൈ രണ്ടും താടിക്കു കൊടുത്തിരുന്നു. അതു കണ്ട് തിരുമേനിക്ക് ചിരി വന്നു. പിന്നെ അതൊരു കൂട്ടച്ചിരിയായി. അതോടെ അതുവരെ എല്ലാവരിലും നിറഞ്ഞു നിന്ന ടെൻഷൻ പെട്ടെന്നയഞ്ഞു.

അന്നേരം തോമസ്സ് പറഞ്ഞു.
“ആശാന്റെ മോനെ പണിയൊക്കെ പഠിപ്പിച്ചിട്ട് അടുത്ത പൊതുമാപ്പ് വരുമ്പൊഴേക്കും നാട്ടിൽ പോണെന്നാ ഇന്നാള് പറഞ്ഞെ..”

അതു കേട്ടിട്ട് മൊയ്തുക്ക പറഞ്ഞു.
“അവനെ എന്തൊരു കാര്യാന്നൊ ആശാന്... അവൻ എപ്പഴും തന്റെ കൺ‌വെട്ടത്ത് ഒണ്ടാകണോന്നാ ആശാന്..”

തിരുമേനി പറഞ്ഞു.
“മൂന്നാല് വയസ്സുള്ളപ്പൊ കണ്ടതാ ആശ്ശാൻ. പിന്നെ ഇവ്ടെ വന്നപ്പൊഴല്ലെ അതിനെ കാണണെ...! എത്ര കൊല്ലാ കഴിഞ്ഞു പൊയേ...”

മോഹനൻ ചോദിച്ചു.
“ഒരു പത്തിരുപത് വർഷായിട്ടുണ്ടാകൂല്ലേ..?”

തന്റെ കൈ വിരലുകൾ മടക്കുകയും നിവർത്തുകയും
ചെയ്തു കൊണ്ടാ തങ്കപ്പേട്ടൻ പറഞ്ഞത്.
“പിന്നേ...”

പെട്ടെന്ന് വാതിൽ ആരോ തുറന്നതും തിരുമേനി പറഞ്ഞു.
“ങാ ആശാൻ എത്തീല്ലൊ...”

വാതിൽ തുറന്ന് ആശാനും മോനും സൂപ്പർവൈസറും കൂടി രണ്ടുമൂന്ന് പ്ലാസ്റ്റിക് ബാഗുകളുമായി അകത്തു കയറി. ആശാൻ വന്ന വഴി പറഞ്ഞു.
“നിങ്ങള് കഴിക്കാൻ വൈകീല്ലേ... ഞങ്ങളെ കാത്തിരിക്കണ്ടായിരുന്നു....”

അപ്പോൾ തിരുമേനി പറഞ്ഞു.
“അതെങ്ങനെയാ... കുമാരേട്ടാ.. നമ്മള് എല്ലാവരും എന്നും ഒന്നിച്ചിരുന്നല്ലെ കഴിക്കാറ്..”

ആശാൻ ഒന്നു ചിരിച്ചിട്ടു പറഞ്ഞു.
“ എടാ.. മക്കളെ , നിങ്ങടെ ഈ സ്നേഹത്തിനു മുൻപിൽ എനിക്കൊന്നും പറയാനില്ല. തുടങ്ങിക്കോളു.. ഞങ്ങള് കയ്യൊന്നു കഴുകീട്ടു വരട്ടെ.”

ആശാനും മോനും സൂപ്പർവൈസറും തങ്ങളുടെ ബഡ്ഡിനു മുകളിൽ കയ്യിലിരുന്ന പാക്കറ്റുകൾ വച്ചിട്ട് കൈ കഴുകാനായി പോയി. ആ നേരത്ത് പ്ലേറ്റുകളിൽ മൂന്ന് ചപ്പാത്തി വീതം തിരുമേനി വിളമ്പാൻ തുടങ്ങി. ആരും കയ്യിട്ടു വാരാൻ ശ്രമിക്കാതെ ക്ഷമയോടെ പ്ലേറ്റും പൊക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. അതവരുടെ ദിവസേനയുള്ള ഒരു രീതിയാണെന്ന് കാണുന്നവർക്ക് മനസ്സിലാകും. തിരുമേനി അതു കഴിഞ്ഞ് കറിപ്പാത്രമെടുത്ത് അടുത്തുവച്ച് ഓരോ കോഴിക്കാലും കുറച്ചു ചാറും കോരിയെടുത്ത് നീട്ടിയ ഓരോ പാത്രത്തിലേക്കുമായി വിളമ്പിക്കൊണ്ടിരുന്നു.

അപ്പോഴേക്കും കൈ കഴുകാൻ പോയവർ എത്തി ഇടക്കുള്ള സ്ഥലത്ത് ഇരുന്നു. ആശാന് കിട്ടിയ ചപ്പാത്തിയിൽ നിന്നും ഒരെണ്ണമെടുത്ത് മോന്റെ പാത്രത്തിലേക്ക് ഇട്ടുകൊടുത്തു. അതു കാരണം കറി സ്വൽ‌പ്പം കൂടുതലായിട്ടാണ് തിരുമേനി ആശാന്റെ മോനു വിളമ്പിയത്. എന്നാലെ നാലു ചപ്പാത്തിയും കഴിക്കാൻ പറ്റുകയുള്ളുവെന്ന് അറിയാവുന്ന മറ്റുള്ളവർക്ക് പരാതിയൊന്നും ഇല്ലായിരുന്നു.

കഴിച്ചു കൊണ്ടിരിക്കെ മൊയ്തുക്ക ചോദിച്ചു.
“എന്നിട്ടെന്താണ് ങ്ങ്ള് വാങ്ങീത്...”

ആശാൻ പറഞ്ഞു.
“കൂടുതലൊന്നുമില്ല. ഒരു അയ്യഞ്ചു പവന്റെ രണ്ടു മാല. ഈരണ്ടു വള. പിന്നെ കുറച്ചു സാരി. പിന്നെ ഇവന് രണ്ടു ജോഡി ഡ്രെസ്സ്.. അത്രേള്ളു..”

ആ ഭക്ഷണം കഴിക്കലും സൌഹൃദ സംഭാഷണങ്ങളും തുടർന്നു കൊണ്ടിരിക്കെ നിറഞ്ഞ മനസ്സോടെ ക്യാമറ പതുക്കെ അവിടെ നിന്നും പിൻ‌വാങ്ങുന്നു.
CUT


സീൻ 2. കണ്‍സ്ട്രക്ഷന്‍ സൈറ്റ് exterior
പകൽ. കാലത്ത് പത്തേപത്ത്.

കെട്ടിടം പണി നടക്കുന്ന സ്ഥലം. അവിടെ അടുത്തടുത്തായി മറ്റു പല കെട്ടിടങ്ങളുടേയും പണികൾ നടക്കുന്നുണ്ട്. ആശാ‍നും കൂട്ടരും കൂടി ഒരു ആറു നില കെട്ടിടത്തിന്റെ പണികൾക്കിടയിലാണ്...

ബാക്കി അടുത്ത പോസ്റ്റിൽ...


ഇതൊരു നീണ്ട തിരക്കഥയാക്കാൻ ഉദ്ദേശിക്കുന്നില്ല്ല. അടുത്ത ലക്കത്തോടെ തീർക്കും. അതിനു മുൻ‌പ് ഇതൊരു ‘തിരക്കഥ’ ആയോന്നറിയണം. അല്ലെങ്കിൽ ‘തിരക്കഥ പോലെ’യെങ്കിലും ആയോന്നറിയണം. തിരക്കഥ ആയില്ലെങ്കിൽ ബാക്കി ഭാഗം ഒരു കഥ പറയുന്നതു പോലെ പറഞ്ഞവസാനിപ്പിക്കും. അതിനായി പ്രിയമുള്ള വായനക്കാർക്കായി സമർപ്പിക്കുന്നു.
ഞാൻ പ്രതീക്ഷിക്കുന്ന എറ്റവും വിലപ്പെട്ട കമന്റ്, ഇങ്ങനെയൊന്ന് പരീക്ഷിക്കാൻ പ്രചോദനം തന്ന, ഈ വിദ്യ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാര്യത്തിൽ ഗുരുവായി ഞാൻ കാണുന്ന ‘ശ്രീ ചന്തു നായർ എന്ന ചന്തു അണ്ണന്റേതാണ്.’

അദ്ദേഹം വരുമെന്നും, പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുമെന്നും, വേണ്ട നിർദ്ദേശങ്ങൾ തരുമെന്നും പ്രതിക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം... വീകെ.

Thursday, 1 December 2011

സ്വപ്നഭുമിയിലേക്ക്...(54) അവസാനിക്കുന്നു...

കഴിഞ്ഞതിൽ നിന്നും....

ഉടനെ
തന്നെ ഞാൻ ചോദിച്ചു.
പുതിയ വിസ തരുമെങ്കിൽ എന്റെ നാട്ടിൽ നിന്നും ആളെ കണ്ടെത്താം..”
അതു പറ്റില്ല. നീ പോയാലല്ലെ പകരം പുതിയ വിസ കിട്ടൂ... പിന്നെങ്ങനെ നീ പരിശീലിപ്പിക്കും..?”
വിസയുമില്ല, ആ‍ ളേയും കണ്ടെത്തി പരിശീലിപ്പിക്കണം...!?
നിയമിക്കാതെ
ആരെങ്കിലും പരിശീലനത്തിനു വരുമോ...?
.. ഇതു വല്ലാത്ത പാമ്പായല്ലൊ ദൈവമേ..!!

ഈ അനുഭവപരമ്പര ഇവിടെ അവസാനിക്കുന്നു...

തുടരുന്നു.....

പിറ്റെ ദിവസം മുതൽ കൂട്ടുകാരോടും അടുത്തുള്ള മലയാളി കടകളിലും എല്ലാം പറഞ്ഞേൽ‌പ്പിച്ചു.
ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം എന്നെ ബന്ധപ്പെടുക...
കേട്ടവർ കേട്ടവർ ചാടിയെത്തി ചോദിച്ചു.
“വിസക്ക കാശ് വല്ലതും കൊടുക്കണോ...?”
എല്ലാവർക്കും താൽ‌പ്പര്യം നാട്ടിൽ നിന്നും പുതിയ ആളെ കൊണ്ടുത്തരാനാണ്...!
അതു പിന്നെ എനിക്കായിക്കൂടെ....?!

എന്റെ സ്വന്തക്കാരും സുഹൃത്തുക്കളുമായി എത്രയോ പേരുണ്ട്. ഒരാൾക്കൊഴികെ മറ്റാർക്കും ഇങ്ങനെ ഒരു സഹായം ചെയ്യാൻ ഇതുവരെ എനിക്കായില്ല.
വിസയുടെ കാര്യം കേട്ടാൽ എന്തിനാ ഇങ്ങനെ ചാടിവീഴുന്നത്..?
വെറുതെ കിട്ടുന്ന ആ വിസയുടെ പേരിൽ ഒരു ലക്ഷമൊ രണ്ടു ലക്ഷമോ ഒക്കെ ചുളുവിൽ വാങ്ങാമല്ലൊ...?
ഇവിടെ വർഷങ്ങൾ പണിയെടുത്താലും അത്രയും തുക ഒരുമിച്ചുണ്ടാക്കാൻ മിക്കവർക്കും കഴിഞ്ഞെന്നു വരില്ല.!!

ചിലരൊക്കെ എന്നെ വിളിച്ചു ചോദിക്കുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസം കേൾക്കുമ്പോൾ പറ്റില്ലെന്ന് മനസ്സിലാകും. ഉയർന്ന വിദ്യാഭ്യാസമല്ല ആവശ്യം. ചില അടിസ്ഥാന യോഗ്യത വേണം. ഇല്ലെങ്കിൽ വരുന്നവനെ കമ്പനി ഒരു ഹെൽ‌പ്പറുടെ വിസയും ശമ്പളവും കൊടുത്ത് അതിലേറെ പണി ചെയ്യിപ്പിക്കും.

മലയാളികളെ ജോലിക്കെടുത്താൽ അങ്ങനെ ചില ഗുണങ്ങളുണ്ട്. ഹെൽ‌പ്പർ വിസയിൽ കയറി വരുന്നവർ പോലും ഉയർന്ന വിദ്യാഭ്യാസമുള്ളവരായിരിക്കും. ഇവിടെ വന്നതിനു ശേഷം ചെറിയ ഒരു തിരഞ്ഞെടുപ്പു നടത്തിയാൽ മതിയാകും. ഒരു കമ്പനി നടത്തിക്കൊണ്ടു പോകാൻ പറ്റുന്നവരെ മുഴുവൻ കിട്ടും. എന്നാൽ ശമ്പളമൊ വളരെ തുഛമായതെന്തെങ്കിലും കൊടുത്താൽ മതി. 75 ദിനാറിനു വരുന്ന ഹെൽ‌പ്പർമാരിൽ നിന്നും ഒരു അക്കൌണ്ടിനെ കണ്ടെത്തിയാൽ കൊടുക്കേണ്ടത് അതിന്റെ ഇരട്ടി ആയാൽ പോലും കമ്പനിക്ക് ലാഭം...!
ഹെൽ‌പ്പറായി വന്ന് കണക്കപ്പിള്ളയായി ഒറ്റയടിക്ക് സ്ഥാനക്കയറ്റം കിട്ടിയ കണക്കപ്പിള്ളക്കും പെരുത്ത് പെരുത്ത് സന്തോഷം..!!

എന്റെ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസമുണ്ടെങ്കിലേ അതിനു ചേർന്ന വിസ അടിക്കാൻ പറ്റൂ. എന്നാലെ ശമ്പളം ചോദിച്ചു വാങ്ങാൻ പറ്റു. അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നീട് വന്നു ചേർന്നു കൊള്ളും. അതുകൊണ്ടാണ് യോഗ്യതയുള്ളവരെ മാത്രം വിളിച്ചുകണ്ടാൽ മതിയല്ലൊന്ന് തീരുമാനിച്ചത്. പലരും വിളിക്കുന്നുണ്ടായിരുന്നു.

ഇങ്ങനെ എന്റെയും കമ്പനിയുടേയും വിവരങ്ങൾ ചോദിച്ചറിഞ്ഞവരിൽ ഒരുത്തൻ, ഞാൻ പറ്റില്ലെന്നു പറഞ്ഞിട്ടും (ഞാനൊരു പാരയാണെന്ന് കരുതിയിട്ടുണ്ടാകും- ഒരു മലയാളിക്ക് പാര മറ്റൊരു മലയാളി എന്നതാണല്ലൊ പൊതുവെയുള്ള ഗൾഫ് സൂത്രവാക്യം..!!) എന്നെ അറിയിക്കാതെ നേരിട്ട് മാനേജരെ പോയി കണ്ടു. പുതിയ മാനേജർക്ക് എന്തു കുന്തമറിയാം. മാനേജർ അയാളെ ഉടനെ തന്നെ എന്റടുത്തേക്ക് പറഞ്ഞു വിട്ടു. ഞാൻ വിവരങ്ങൾ ചോദിച്ചപ്പഴോണ് കള്ളി വെളിച്ചത്തായത്.

വരുന്നവർ എന്തു അപകടം പിടിച്ച ജോലി ചെയ്യുന്നതിനും, താഴേത്തട്ടിലുള്ള ജോലി ആയാലും ശരി, തന്റെ ഉയർന്ന വിദ്യാഭ്യാസമൊന്നും നോക്കാതെ തെയ്യാറാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ മനോഭാവം ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ നാം എന്നേ ഒരു ജപ്പാനായി മാറി ലോകത്തിന്റെ നെറുകയിൽ എത്തുമായിരുന്നു...!!!

ദിവസങ്ങൾ പോകുന്തോറും എന്റെ അങ്കലാപ്പ് കൂടിക്കൂടി വന്നു. പറ്റിയ ഒരുത്തനേയും കണ്ടുകിട്ടുന്നില്ല. പകരം ആളെ കിട്ടാതെ എന്നെ വിടുകയുമില്ല. ഒരാഴ്ച കഴിഞ്ഞിട്ടും ആളെ കിട്ടാതെ വന്നപ്പോൾ എന്റെ ഡിമാന്റുകളിൽ കുറവ് വരുത്താൻ തീരുമാനിച്ചു. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ആരെങ്കിലും മതിയെന്ന ചിന്തയായി എനിക്ക്.
ഞാൻ ഉപേക്ഷിച്ചു പോകുന്ന ജോലിക്ക് ആരു വന്നാലെന്ത്...?

അങ്ങനെയിരിക്കുമ്പോളാണ് ഒരു മലയാളിപ്പയ്യൻ ഒരിടത്ത് ശ്വാസം മുട്ടി ജോലി ചെയ്യുന്നതായ വിവരം ഒരു കൂട്ടുകാരൻ പറഞ്ഞറിയുന്നത്. കൂടെയുള്ളവർ മുഴുവൻ ഫിലിപ്പൈൻ‌കാരാണ്. മുന്നു ഷിഫ്റ്റിലായിട്ടാണ് അവരുടെ ജോലികൾ. എറ്റവും അവസാനത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുകയാണ് ഈ മലയാളിപ്പയ്യൻ. വന്ന കാലം മുതൽ ആ ഒറ്റ ഷിഫ്റ്റിലാണ് ജോലി. ഈ ബഹ്‌റീനിൽ വന്നതിനു ശേഷം മറ്റുള്ളവരെപ്പോലെ ഒരൊറ്റ രാത്രി പോലും കിടന്നുറങ്ങാൻ സാധിച്ചിട്ടില്ല. പുള്ളിക്കാരനെ ഒറ്റപ്പെടുത്തി ഫിലിപ്പൈൻ‌കാർ വിലസുകയായിരുന്നു. അർബാബിന്റടുത്ത് പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും പാവത്തിന്റെ പരാതി വെള്ളത്തിൽ വരച്ച വര പോലെ അവസാനിച്ചതേയുള്ളു. ഫിലിപ്പൈൻ‌കാർ പറയുന്നതിനപ്പുറം അർബാബ് പോകില്ല.

എന്റെ സുഹൃത്ത് വഴി വിവരം അറിഞ്ഞ് ഒരു ദിവസം കാലത്ത് ഉറക്കച്ചടവിൽ ചുവന്നു കലങ്ങിയ കണ്ണുകളും, കൺപോളകളെല്ലാം ചീർത്ത് വിങ്ങിയ രൂപത്തിൽ അയാൾ എന്നെ കാണാൻ വന്നു. എന്റെ ജോലിക്ക് പറ്റിയതാണെന്നു മനസ്സിലായതോടെ ഞാനും വിട്ടില്ല.
ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം...!
രണ്ടു കൊല്ലം കഴിഞ്ഞാൽ ഫാമിലി വിസ...!
മറ്റു ആനുകൂല്യങ്ങളെല്ലാം കിട്ടും....!
അപ്പോഴത്തെ അയാളുടെ അവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഓഫറുകൾ ഞാൻ കൊടുത്തതോടെ പുള്ളിക്കാരൻ വരാമെന്നു സമ്മതിച്ചു. അന്നേരം ഞാൻ പറഞ്ഞു.
“രാത്രി ഷിഫ്റ്റും കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരെ. ഉച്ചവരെ എന്റടുത്ത് പരിശീലനം. ഉച്ചക്കുശേഷം വരണ്ട. പോയിക്കിടന്നുറങ്ങിക്കോ..”

അതുപ്രകാരം കാര്യങ്ങളെല്ലാം മുന്നോട്ടു പോയി.
എനിക്കതുകൊണ്ട് കമ്പനിയിൽ നിയമിക്കാതെ തന്നെ, ശമ്പളം കൊടുക്കാതെയും ഒരാളെ പരിശീലനത്തിനു  കിട്ടിയെന്നുള്ളതാണ്. ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ രാത്രി ജോലി പറ്റില്ലെന്നു പറഞ്ഞ് രാജിക്കത്തു കൊടുത്തു. അവിടത്തെ ഫിലിപ്പിനികൾക്ക് വളരെ സന്തോഷമുള്ള കാര്യമായതു കൊണ്ട് രാജി പെട്ടെന്ന് സ്വീകരിക്കപ്പെട്ടു.
പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നു.
എന്റെ വിസ ക്യാൻസൽ ചെയ്ത ഉടനെ അയാളുടെ വിസ അടിച്ചുകിട്ടി.

എനിക്ക് കിട്ടാനുള്ളതൊക്കെ വാങ്ങിച്ചപ്പോഴെക്കും നാട്ടിൽ പണപ്പെരുപ്പം ‘രണ്ടക്കം’ കടന്നതുകൊണ്ട് റിസർവ്വ് ബാങ്ക് യോഗം ചേരാൻ പോണെന്നു കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി...!
ഇനിയും എന്റെ ‘ഹൌസിങ് ലോണിന്റെ’ പലിശ അവന്മാർ കൂട്ടുന്നതിനു മുൻപ് എത്രയും വേഗം നാട്ടിലേക്ക് പറക്കാൻ ടിക്കറ്റെടുത്തു.

കിട്ടിയ തുക വായ്പ്പയുടെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുമായിരുന്നുള്ളു. എന്നാലും പിന്നെയും 20 ശതമാനം വായ പൊളിച്ചു നിൽക്കുന്നുണ്ട്. ഇനി ഉള്ള ജോലിയും കളഞ്ഞ സ്ഥതിക്ക് എങ്ങനെ അടച്ചു തീർക്കുമെന്നത് ഉറക്കം കെടുത്തി.

അപ്പോഴാണ്  അവസാന പ്രതീക്ഷയെന്ന നിലയിൽ ‘സ്വന്തം വലംകയ്യി’നെ തന്നെ ശരണം പ്രാപിച്ചത്. അല്ലെങ്കിലും എന്നും അവളായിരുന്നുവല്ലൊ ധൈര്യം തന്നിരുന്നത്. പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാർ തന്ന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അത് പറയാനായി ഞാൻ വിളിച്ചത്.
“ഹലോ...”
“ഹല്ലോ.. അഛാ‍..” ചിന്നുവായിരുന്നു എടുത്തത്.
“ഹായ്.. എന്താ കുട്ടാ..?”
“അഛാ.. എന്റെ സൈക്കിൾ വാങ്ങ്യൊ...?”
“ അതൊക്കെ നാട്ടീന്നു വാങ്ങാടാ കുട്ടാ...”
“ അപ്പൊ ചോക്ലേറ്റ്സോ..?”
“അതൊക്കെ വയറ് നിറച്ചു തിന്നാൻ വാങ്ങീട്ടുണ്ട്...”
“അഛാ.. എനിക്ക് ക്ലാസ്സിലെ ഫ്രണ്ട്സിന് കൊടുക്കാനുള്ളതോ...? എന്റെ ക്ലാസ്സിലെ റീനു ജോൺ ബർത്ഡേക്ക് അവൾടെ പപ്പ അബൂദാബീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റാ തന്നേ...!!
അതു പോലെ എനിക്കും എന്റെ അഛൻ ബഹ്‌റീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റ് കൊടുക്കണം..!!”
അതു കേട്ടതും ഞാൻ ഉറക്കെ ചിരിച്ചുപോയി. അതു വാങ്ങിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടേ ഫോൺ അമ്മക്കു കൈമാറിയുള്ളു.
“ഹലോ..” ഞാൻ ഇത്തിരി മധുരമൊക്കെ ചേർത്താണ് വിളി.
“ ങൂം.. എവിടം വരെ ആയി...?”
“ഇന്നത്തെ ഒരു രാത്രികൂടി... അതിന്റെ ബഹളമാ അപ്പുറത്ത്..”
“ എന്തു ബഹളം..?”
“എനിക്കുള്ള സെന്റോഫ് പാർട്ടിയാ അപ്പുറത്ത് നടക്കുന്നത്....”
“കുടിച്ചോ...?”
“ഹേയ്..... ഒരീ.....ച്ചിരി...!”
“സംസാരം കേട്ടപ്പൊഴേ തോന്നി...!”
“ഹേയ് അത്രക്കൊന്നുമില്ല മോളേ... പഴയതുപോലെ വായിലേക്ക് കോരിയൊഴിച്ചു തരാൻ വർഗ്ഗീസേട്ടനൊന്നുമില്ലല്ലൊ. അതുകൊണ്ട് എല്ലാവരും വളരെ ലിമിറ്റിലാ..”
“നാളെ എപ്പഴാ ഫ്ലൈറ്റ്...?”
അതെല്ലാം വിശദമായി പറഞ്ഞതിനു ശേഷം ഞാൻ സുത്രത്തിൽ വിഷയമെടുത്തിട്ടു.
“പിന്നെയ്.... ഞാൻ ഒരു കാര്യം പറഞ്ഞാൽ മോള് ദ്വേഷ്യപ്പെടോ...?”
അതു കേട്ടതും ഒരു നിമിഷം നിശബ്ദതയായിരുന്നു. പിന്നെ ചോദിച്ചു.
“ എന്തു കാര്യം...?”
“അല്ലാ... ഇവിടെന്ന് കിട്ടിയതുകൊണ്ട് നമ്മുടെ കടം തീരില്ലല്ലൊ. പിന്നെയും കുറച്ചു ബാക്കി വരും. അത് പിന്നെയും തലവേദനയാവില്ലെ...? അതു കൂടി കൂട്ടത്തിലങ്ങ് അടച്ചാലോ...?”

പിന്നെ ഒരു നിമിഷം ശബ്ദമൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ പൊരുൾ അപ്പുറത്ത് പിടികിട്ടിയെന്നു വ്യക്തം...!
വളരെ താഴ്ന്ന ശബ്ദം അപ്പുറത്തു നിന്നുമെത്തി.
“ അതിന് കയ്യിലൊന്നുമില്ലല്ലൊ. എല്ലാം പുരപണിക്ക് വിറ്റില്ലെ...? ഇനി ആകെ ഉള്ളത് താലിമാലയും നമ്മുടെ രണ്ടു മോതിരങ്ങളും മാത്രേല്ലെള്ളു..”

ശരിയായിരുന്നു. അന്ന് വിൽക്കാതിരുന്നത് താലിമാലയും വിവാഹത്തിന് കൈ മാറിയ മുദ്രമോതിരങ്ങളുമായിരുന്നു. ഞാൻ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“സാരമില്ല. വിൽക്കണ്ട. പണയം വച്ചാൽ മതി. തികയാത്തതിനു തൽക്കാലം ആരോടെങ്കിലും കുറച്ചു സ്വർണ്ണം വായ്പ്പ വാങ്ങി ഒരുമിച്ച് പണയം വക്കാം. ഗ്രാമിനിപ്പോൾ നല്ല തുക കിട്ടും. വളരെ കുറച്ച് സ്വർണ്ണം മതി. എന്തായാലും അതിനി ബാക്കിയിടണ്ട...”
പിന്നെ കുറച്ചു നേരത്തേക്ക് വീണ്ടും മൌനം. ഞാൻ തന്നെ ആ മൌനം പൊട്ടിച്ചു.
“ ഹലോ.. ഇപ്പൊ എന്താ ആലോചിക്കണേന്നു ഞാൻ പറയട്ടെ...?”
“ങും....”
“പതിനാറു വർഷം മുൻപ് ഇങ്ങോട്ടു വരാനായിട്ടായിരുന്നു അത് ആദ്യം പണയം വച്ചത്. ഇപ്പോഴിതാ അവിടന്ന് തിരിച്ചു വരുമ്പോഴും വീണ്ടും പണയം വക്കേണ്ടി വരുന്നു എന്നല്ലെ...?”
“ ഇതെന്താ നമുക്ക് മാത്രം ഇങ്ങനെ...?”
“നമുക്ക് മാത്രമോ...? മോള് കണ്ണു തുറന്നു നോക്കാഞ്ഞിട്ടാ... നമുക്ക് ഒരു വീടെങ്കിലും സ്വന്തമായി. ഞാനിവിടെ കണ്ടവരിൽ ഒരാളുപൊലും ഒരു മേൽഗതി കിട്ടിയതായി കണ്ടിട്ടില്ല. പലരും പെങ്ങന്മാരുടെ കല്യാണമൊക്കെ ഭംഗിയായി നടത്തി, സഹോദരന്മാരെയൊക്കെ ഒരു വഴിക്കാക്കി സ്വന്തമായി ജിവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രവാസം പല കാരണങ്ങൾ കൊണ്ടും അവസാനിപ്പിക്കേണ്ടി വരും. പിന്നെ ബിസ്സിനസ്സ് ചെയ്യുന്നവരാണ് എന്തെങ്കിലും നാട്ടിൽ ഉണ്ടാക്കുന്നവർ. വിരലിലെണ്ണാവുന്ന ഉന്നതന്മാരൊഴികെയുള്ള ശമ്പളക്കാരെല്ലാം നാളത്തേക്ക് നീക്കിവക്കാതെ അന്നന്ന് അടിച്ചുപൊളിച്ച് ജീവിക്കുന്നവർ. അവരായിരിക്കും നാട്ടിൽ വന്ന് ‘ഗൾഫ് ഷോ’ കാണിച്ചു ബാക്കിയുള്ളവരിൽ അസൂയ ജനിപ്പിച്ചു നടക്കുന്നവർ..”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അപ്പുറത്ത് നിന്നും അർത്ഥോക്തിയിൽ ഒരു ചോദ്യം.
“കഴുത്തിലൊന്നുമില്ലാതെ...!!?”
“അതിനെക്കുറിച്ചോർത്ത് വിഷമിക്കണ്ട. അതിനു പറ്റിയതെല്ലാം നേരത്തെ തന്നെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്...!”
“ എന്തോന്ന്...?”
“മാലക്ക് മാല. വളകൾക്ക് വള. ലോക്കറ്റിനു ലോക്കറ്റ്....!!!”
“ദൈവമേ.. ഇത്രയും വില കൂടി നിൽക്കുമ്പോൾ സ്വർണ്ണം വാങ്ങ്യൊ...? എന്നാപ്പിന്നെ അതങ്ങു പണയം വച്ചാപ്പോരേ...?”
“ ഹാ.. ഹാ.. ഹാ... സ്വർണ്ണമോ...?!!! പൂവർ ഗേൾ..
‘വൺ ഗ്രാം ഗോൾഡ്..!!’
ഒറിജിനലിനെ വെല്ലുന്ന വൺ ഗ്രാം ഗോൾഡ് കവറിങ്...!!”
അതു പറഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ഒരു കുലുങ്ങിച്ചിരിയുടെ ശബ്ദം കേട്ടു.
ഞാൻ പറഞ്ഞു.
“നമ്മുടെ വീടിന്റെ ആധാരം ബാങ്കിലിരിക്കുവോളം ഒരു മനഃസ്സമാധാനവും ഉണ്ടാവില്ല. അതു പോലെ നമ്മുടെ കയ്യിലെ സ്വർണ്ണം വീട്ടിലിരിക്കുവോളവും സമാധാനം ഉണ്ടാവില്ല, ഇന്നത്തെ കാലത്ത്...!!
അതെ സമയം ആധാരം വീട്ടിലും, സ്വർണ്ണം ബാങ്കിലുമാണെങ്കിൽ നമുക്ക് സമാധാനായിട്ട് കഴിയാം...!!!
ശരി മോളെ.. പുറപ്പെടുന്നതിനു മുൻപ് വിളിക്കാം. ”

ഇതിനകം എന്റെ പഴയ ‘ബോസ്സ് ’ പുതിയ കട തുടങ്ങിയിരുന്നു.
പോരുന്ന അന്ന് കാലത്ത് ബോസ്സിനെ പോയി കണ്ടു.
“നിനക്ക് എപ്പോൾ വരണമെന്നു തോന്നുന്നോ, അന്നേരം എനിക്ക് ഒരു കാൾ ചെയ്താൽ മതി..!! എന്നു വച്ച് അധികം വൈകണ്ടാട്ടൊ...” ആ വാക്കുകൾ തന്ന ആശ്വാസം ഉള്ളൻ‌കാലിൽ നിന്നും ഒരു വിറയലായി മേലോട്ട് കയറിയതുപൊലെ തോന്നി.
ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു.

എയർഹോസ്റ്റസ് തന്ന മിഠായിയിൽ ഒരെണ്ണം മാത്രമെടുത്ത് നുണഞ്ഞ് സിറ്റിൽ ചാരിക്കിടക്കുമ്പോൾ, പതിനാറു വർഷം മുൻപ് ഇങ്ങോട്ട് വിമാനത്തിൽ വരുമ്പോൾ കിട്ടിയ മീഠായി , അപ്പൊത്തന്നെ കടിച്ചു ചവച്ചു തിന്ന മണ്ടത്തരം അറിയാതെ ഓർത്തുപോയി.

അവസാനമായി ബഹ്‌റീൻ മണ്ണിൽ വച്ച് ഓർത്തത് മറ്റൊന്നായിരുന്നു.
‘എന്താണ് ഈ പ്രവാസം തന്നത്....?Link
ഇവിടെ കഴിച്ചു കൂട്ടിയ വർഷങ്ങൾ എന്നു പറഞ്ഞാൽ പ്രവാസികൾ കോപിക്കും. ‘എരിഞ്ഞു തീർന്നതെന്നു’ തന്നെ പറയണം.
നാട്ടിൽ ‘ബന്തി’ന്റന്നു വൈകീട്ട് മാദ്ധ്യമങ്ങളിൽ ‘തിരുവനന്തപുരത്ത് രണ്ടു കത്തിക്കുത്തും നാലഞ്ചു ബസ്സുകത്തിക്കലും, കൊച്ചിയിൽ അഞ്ച് ബസ്സ് കത്തിക്കലും.......... എന്നീ അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ബന്ത് പൊതുവെ സമാധാനപൂർണ്ണം..’ എന്നു പറയുന്നതുപോലെ,
‘എരിഞ്ഞടങ്ങിയ പതിനാറു വർഷങ്ങളിലെ 75 ശതമാനവും അക്കരയിക്കരെയായി ഞങ്ങളൂടെ യൌവ്വനം എരിച്ചു തീർത്തതൊഴിച്ചാൽ.....!’
‘അഛനുണ്ടായിട്ടും അഛനില്ലാതെ വളരേണ്ടി വന്ന മക്കളുടേയും ഒരഛന്റേയും ധർമ്മസങ്കടങ്ങളൊഴിച്ചാൽ.......!!’
‘വീട് പണിയുടെ ബദ്ധപ്പാടിനിടയിൽ നാലു വശവും ശ്രദ്ധിക്കാതെ കണ്ണടച്ചിരുട്ടാക്കേണ്ടി വന്നതിനാൽ നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങളൊഴിച്ചാൽ...!!’
ഈ പ്രവാസ ജീവിതം പൊതുവേ സമാധാനപൂർണ്ണം....!!!
Link

**** **** **** ****

സ്വപ്നഭൂമിയിലേക്ക്...’ ഇവിടെ അവസാനിക്കുകയാണ്.
എഴുതിത്തുടങ്ങുമ്പോൾ എന്നോടൊപ്പം കൂടി എന്നെ പ്രോത്സാഹിപ്പിച്ചവരിൽ അധികം പേരും അവസാനം വരെയും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നുള്ളത് വളരെ സന്തോഷം തരുന്ന സംഗതിയാണ്. ഒരു പക്ഷേ അവരാണ് ഇത്രയും നീണ്ട ഒരു എഴുത്തിലേക്ക് എന്നെ നയിച്ചത്. രണ്ടു വർഷത്തിലേറെയെടുത്തു ഇതു പൂർത്തിയാക്കാൻ. അതു വരേയും എനിക്ക് പ്രചോദനം തന്നുകൊണ്ടിരുന്ന എന്റെ പ്രിയ വായനക്കാരോട് ഞാനെന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. ആരുടേയും പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ എഴുത്ത് നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇതിലെ ‘ഞാൻ’ എന്ന കഥാപാത്രമൊഴിച്ച് ബാക്കിയള്ള ഗൾഫ് കാരെല്ലാം യഥാർത്ഥ പേരുകാരല്ല. കഥയിലേക്ക് നയിച്ച സാഹചര്യങ്ങളും എന്റെ സൃഷ്ടി തന്നെ. പക്ഷേ, കഥയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണു താനും. എന്നോട് സഹകരിച്ച എല്ലാവരോടും- കമന്റുകൾ എഴുതിയവരോടും എഴുതാതെ പോയവരോടും- ഒരു പോലെ എന്റെ കൂപ്പുകൈ.....

ഈ ‘ബ്ലോഗ് ’ തൂടങ്ങുന്നതിനു മുൻപ് എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ചിന്തിക്കാതിരുന്ന എനിക്ക് അതിലേക്ക് വഴി വച്ച ‘ഗൂഗിൾ’ എന്ന സൈബർ സംവിധാനത്തോട് നന്ദി പറഞ്ഞില്ലെങ്കിൽ ഇത് പൂർണ്ണമാകില്ല.

നന്ദി....നന്ദി.... നന്ദി......
“മാ സ്സലാമ...” ഗുഡ്ബൈ.

Tuesday, 15 November 2011

സ്വപ്നഭുമിയിലേക്ക്...(53) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....

ഹൈവേയിൽ നിന്നും തന്റെ പോക്കറ്റ് റോഡിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് ഒരു പോലീസ്സ് വണ്ടി ഒരു കാർ തടഞ്ഞു നിറുത്തി പരിശോധിക്കുന്നത് അകലെ വച്ചു തന്നെ ശ്രദ്ധയിൽ പെട്ടതും പെട്ടെന്ന് തന്നെ ചവിട്ടി നിറുത്തി.
വശം തിരിഞ്ഞു പോകാൻ വഴികളൊന്നുമില്ലായിരുന്നു...
പിന്നോട്ടു പോയാൽ അവർ ശ്രദ്ധിക്കും...
മുന്നോട്ടു തന്നെ പോകാതെ ഒരു നിവൃത്തിയുമില്ലായിരുന്നു...
ഇതിനകം തന്റെ വണ്ടി അവർ കണ്ടു കാണും...
അവർ കൈ കാണിച്ചില്ലെങ്കിൽ രക്ഷപ്പെട്ടു...
വണ്ടി അവരുടെ അടുത്തെത്തി...
പെട്ടെന്നവർ കൈ കാണിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിച്ചതും ഒരുമിച്ചായിരുന്നു...!
പരിഭ്രാന്തിയോടെ മോബൈൽ കിടന്ന ഇടത്തെ പോക്കറ്റിനിട്ട്, നെഞ്ചന്നിട്ടിടിക്കുന്നതു പോലെ ഒറ്റ അടിയുംഎന്റെ മാതാവേന്ന നിലവിളിയും ഒരുമിച്ചായിരുന്നു...!!!


ചേരപ്പാര.....

തുടരുന്നു...

പോലീസ്സുകാരന്റെ തൊട്ടു മുൻപിൽ കാറു നിറുത്തുമ്പോഴേക്കും വർഗ്ഗീസേട്ടൻ ഏസിയുടെ തണുപ്പിലും നന്നായി വിയർത്തു കുളിച്ചു.....
പരിഭ്രാന്തി നിറഞ്ഞ മുഖം രക്തമില്ലാതെ വിളറിപ്പോയെങ്കിലും കണ്ണുകളിൽ നോക്കിയ പോലീസ്സുകാരന് കാര്യം പിടി കിട്ടി. നമ്മുടെ നാട്ടിലേപ്പോലെ ഏമാന്റെ മുന്നിലേക്ക് ഇറങ്ങിച്ചെന്ന് നടു വളച്ച് നിൽക്കേണ്ടതില്ല...!
ഏമാൻ ഇങ്ങോട്ടു വന്നോളും...!

പോലീസ്സുകാരൻ തിരിച്ചു പോയി കാറിൽ നിന്നും ഒരു ‘കുന്ത്രാണ്ടം’ എടുത്തുകൊണ്ടു വന്നു...!
അത് കണ്ടപ്പൊഴേ വർഗ്ഗിസേട്ടന്റെ നല്ല ജീവൻ പോയി....!!
വയറ്റിൽ കിടന്ന കള്ളത്രയും ഇരുന്ന ഇരിപ്പിൽ ആവിയായി..!!
ആ ഇത്തിരി നേരം കൊണ്ട് വിളിക്കാത്ത ദൈവങ്ങളില്ല...
(സത്യം പറയാമല്ലൊ. അക്കാര്യത്തിൽ ജാതിയും മതവും ഒന്നും വർഗ്ഗീസേട്ടൻ നോക്കിയില്ല.)

അതു കൊണ്ടു വന്ന് വർഗ്ഗിസേട്ടന്റെ മുഖത്തിനു നേരെ പിടിച്ചു.
എന്നിട്ട് ‘ ഒന്നു ഊതിക്കേ’ എന്നർത്ഥത്തിൽ ‘ഫൂ..’ ന്നൊരു ശബ്ദം പുറപ്പെടുവിച്ചു പൊലീസ്സുകാരൻ.
വർഗ്ഗീസേട്ടൻ രക്തമയമില്ലാത്ത മുഖമുയർത്തി ‘അതു വേണോ’ ന്നൊരു ചോദ്യം ചോദിച്ചതു പോലെ തല പതുക്കെയൊന്ന് വെട്ടിച്ചു....?!
‘ഊതിയേ തീരു’ എന്നർത്ഥത്തിൽ പോലീസ്സുകാരനും തല കീഴ്പ്പോട്ടേക്ക് ഒരു വെട്ടിക്കൽ.
തൽക്കാലത്തേക്ക് രണ്ടു പേർക്കും ശബ്ദമില്ല.
വർഗ്ഗീസേട്ടന്റെ തൊണ്ടയിലെ വെള്ളം എപ്പൊഴേ വറ്റിപ്പോയിരുന്നു...!
അതറിഞ്ഞുകൊണ്ട് പോലീസ്സുകാരനും മൂകാഭിനയത്തിൽ കൂടിയെന്നു മാത്രം.

ഒരു നിമിഷം,
തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്തെന്നു വ്യക്തമായതോടെ മനഃസംഘർഷം കാരണം നിറഞ്ഞു വന്ന കണ്ണുകളിൽ നിന്നും ഓരോ തുള്ളി കണ്ണു നീർ മടിയിൽ വീണു പൊട്ടിച്ചിതറിയത് വർഗ്ഗീസേട്ടൻ അറിഞ്ഞില്ല....

ഒന്നു നിവർന്നിരുന്ന് തല സ്വൽ‌പ്പം പുറത്തേക്കു നീട്ടി ചുണ്ടു സ്വൽ‌പ്പം കൂർപ്പിച്ച് ഊതി....?
പക്ഷെ, ശ്വാസം ഒരു പണത്തൂക്കം പോലും പുറത്തേക്കു വന്നില്ല..!
അതകത്തേക്കാണു പോയത്...!

പോലീസ്സുകാരന് ചിരിക്കാനാണ് തോന്നിയത്.
ഒരു നറുപുഞ്ചിരിയോടെ ചെറുപ്പക്കാരനായ പോലീസ്സുകാരൻ കൈ ‘റ്റാ റ്റാ‘ കാണിക്കുന്നതു പോലെ കൈ വിടർത്തി, ‘അങ്ങനെയല്ല ഊതുന്നത്’ എന്നർത്ഥത്തിൽ കൈയ്യാട്ടി. അതോടൊപ്പം ചൂണ്ടാണി വിരൽ മാത്രം പാതി നിവർത്തി ‘കാറിനു വെളിയിലേക്ക് ഊതൂ’ എന്നർത്ഥത്തിൽ കൈയ്യാട്ടി കാണിച്ചു.
വർഗ്ഗീസേട്ടൻ ഒന്നുകൂടി നിവർന്നിരുന്നു.
പോലീസ്സുകാരൻ പിന്നെയും തലയാട്ടി ‘വേഗമാവട്ടെ’ന്ന് ആംഗ്യം കാണിച്ചു.
ഇത്തവണ വർഗ്ഗിസേട്ടന്റെ അടവൊന്നും പറ്റിയില്ല.
ശക്തി കുറഞ്ഞതെങ്കിലും ഒരു കുഞ്ഞൂത്ത് വേണ്ടിവന്നു...!!
ആ പണ്ടാറം കുന്ത്രാണ്ടത്തിന് അത്ര പോലും വേണ്ടായിരുന്നു.
‘ഇടിവെട്ടിയവന്റെ തലയിൽ തേങ്ങാ വീണെ’ന്നു പറഞ്ഞതു പോലെ ‘ബീപ്..ബീപ്...ബീപ് ’ അടിക്കാൻ...!!!

പിന്നെ, കമ്പനിയിൽ നിന്നും ആളു ചെന്ന് ഇറക്കിക്കൊണ്ടു വരേണ്ടി വന്നു.
കമ്പനിയിലെ തക്കം പാത്തിരിക്കുന്ന ചേരപ്പാമ്പുകൾക്ക് ഇല്ലാത്ത പത്തി വിടർത്തി ആടാൻ കിട്ടിയ ആദ്യ അവസരമായിരുന്നു അത്. നല്ല ‘കിമ്പളം’ കിട്ടാൻ വഴിയുള്ള വർഗ്ഗീസേട്ടൻ ചെയ്യുന്ന ജോലി സ്വപ്നം കണ്ട് ‘കട്ടിലൊഴിയുന്നതും കാത്തിരിക്കുന്ന’ കുറച്ച് ചേരകൾ ഇല്ലാത്ത വിഷമൊക്കെ ചീറ്റി പാഞ്ഞടുത്തു.
അതു കാരണം കാറ് തിരിച്ചെടുത്തു കമ്പനി...!

വർഗ്ഗീസേട്ടൻ താമസിക്കുന്നത് ഓഫീസിനോട് ചേർന്നു തന്നെയാണല്ലൊ. കാറിന്റെ ആവശ്യമില്ലത്രെ...!
ഇനി പുറത്തു പോയി പഴയ പണി ചെയ്യണ്ട. ഓഫീസ്സിൽ ഇരുന്നു കൊണ്ടുള്ള പണി ചെയ്താൽ മതിയെന്നു പറഞ്ഞപ്പോൾ അതൊരു തരം താഴ്ത്തലായിട്ടേ വർഗ്ഗീസേട്ടന് കണക്കിലെടുക്കാനായുള്ളു.
കൂടാതെ സ്വതന്ത്രനായി പുറത്ത് വിലസി നടക്കാൻ പറ്റാത്തൊരു ജോലി എന്തൊരു ജോലി..?
ആകെ നാണക്കേടായി...!

ഈ കാലമത്രയും ഇവിടെ ജോലി ചെയ്തിട്ടും ഒരു പോലീസ്റ്റേഷനിലും കിടക്കേണ്ടി വന്നിട്ടില്ല.
ഇതിപ്പോൾ രാജാവായി വിലസിയിട്ട് അവസാനം വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പോലീസ്സ് പിടിക്കുക...!
സ്റ്റേഷനിലെ ലോക്കപ്പിൽ കിടക്കുക...!
കോടതിയിൽ കയറേണ്ടി വരിക...!
ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ തല കുനിച്ചു നിൽക്കേണ്ടി വരിക...!
കോടതി വിധിച്ച ഫൈൻ കെട്ടുക...!
ഇനി കൂട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും...?
ഇവിടെയാണെങ്കിൽ ചേരകളുടെ ബഹളം...!

ഇന്നലെവരെ തന്റെ കഴുത്തിൽ കയ്യിട്ട് നടന്നവനൊക്കെ കിട്ടിയ അവസരം പാഴാക്കാതെ എനിക്കിട്ട് പാര പണിയുന്നു. വർഗ്ഗീസേട്ടന്റെ എല്ലാ കൺ‌ട്രോളും നഷ്ടമായൊരു നിമിഷം, അപ്പൊഴത്തെ ദ്വേഷ്യത്തിന് മാനേജരുടെ മുറിയിലെത്തി. തറപ്പിച്ചു തന്നെ പറഞ്ഞു.
“എനിക്കെന്റെ പഴയ ജോലി തന്നെ തിരിച്ചു കിട്ടണം. ഇല്ലെങ്കിൽ ഇന്നു തന്നെ എന്നെ കയറ്റിവിടണം. ഞാൻ രാജിക്കത്ത് തരാം...!!?”

മാനേജർ അതൊഴിവാക്കാൻ പലതും പറഞ്ഞെങ്കിലും വർഗ്ഗീസേട്ടൻ ഒന്നിനും വഴങ്ങിയില്ല. ഞാൻ ആലോചിക്കട്ടെ എന്ന മറുപടിയിൽ തൃപ്തനാകാതെ വർഗ്ഗീസേട്ടൻ രാജിക്കത്തൊരെണ്ണം എഴുതിക്കൊടുത്ത് മുറിയിൽ വന്നു കിടന്നു.

കമ്പനിയിലെ ചേരകൾ പാരയുടെ മൂർച്ച കൂട്ടി കൂട്ടി രാജി സ്വീകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു.
കാൽ നൂറ്റാണ്ടിനടുത്തായില്ലെ.. എന്നാൽ  പിന്നെ പൊയ്ക്കളയാമെന്ന് വർഗ്ഗീസേട്ടനും തീർച്ചപ്പെടുത്തി.
തോൽക്കാൻ എന്തായാലും മനസ്സില്ല...!!

പിറ്റേ ദിവസം തന്നെ കാര്യങ്ങളെല്ലാം ശരിയാക്കി, കിട്ടാനുള്ളതും വാങ്ങി വർഗ്ഗിസേട്ടൻ ആരോടും പറയാതെ നാടെത്തി....!!

സാധാരണ ഗതിയിൽ വ്യാഴാഴ്ച കാലത്തു മുതലേ കൂടിയന്മാരായ കൂട്ടുകാരുടെ വിളി വർഗ്ഗീസേട്ടനു വരാറുള്ളു. വ്യാഴാഴ്ചക്കു മുൻപ് ഇതെല്ലാം അരങ്ങേറിയതുകൊണ്ട് ഈ സംഭവങ്ങൊളൊന്നും ഒരു കുഞ്ഞും അറിഞ്ഞില്ല.

കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത് ഞങ്ങളോടൊപ്പമായിരുന്നു.
ആ ഞങ്ങളോടു പോലും ഒരു വാക്ക് മിണ്ടാൻ- യാത്ര പറയാൻ അഭിമാനമോ അതോ കുറ്റബോധമോ സമ്മതിച്ചില്ല. ആരെയും കുറ്റപ്പെടുത്താൻ വയ്യല്ലൊ.
സ്വന്തം സ്വഭാവവിശേഷം കൊണ്ട് സംഭവിച്ചതിന് ആരെ കുറ്റപ്പേടുത്തും...?
ഞങ്ങൾ അവസാനമായി കണ്ടപ്പോഴും ഓർമ്മപ്പെടുത്തിയിരുന്നതാണ്.
എല്ലാം മറന്നു.
‘വെളുത്തതെല്ലാം പാലെന്നു ധരിക്കുന്നവർക്ക് ഇതൊരു ഗുണപാഠം.’
‘അവനവന്റെ നിലനിൽ‌പ്പിനെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നത് മറ്റൊരു പാഠം.’
കാൽ നൂറ്റാണ്ടിനടുത്തെത്തിയ വർഗ്ഗീസേട്ടന്റെ പ്രവാസ ജീവിതം അവിടെ അവസാനിച്ചു.

‘ബോസ്സ് രാജിക്കത്ത് കൊടുത്തതിന്റെ രണ്ടാം മാസം കമ്പനിയിൽ നിന്നും പിരിഞ്ഞു....
പുതിയ മാനേജർ ചാർജ്ജെടുത്തു....
ഒരു ചെറുപ്പക്കാരൻ പയ്യൻ...
പഴയ പടി തന്നെ കാര്യങ്ങൾ മുന്നോട്ട് പോയി...

ഇതിനിടക്ക് ബാങ്കിന്റെ നോട്ടീസ് വന്നു.
എന്റെ ഹൌസിങ് ലോണിന്റെ പലിശ പിന്നെയും അര ശതമാനം കൂട്ടി പതിമൂന്നര ശതമാനമാക്കിയതായി അറിയിപ്പു കിട്ടി...!
കുറച്ചു ദിവസം മുൻപ് പത്രത്തിൽ കണ്ടിരുന്നു. ‘തക്കാളി’യുടെ വില പിടിച്ചു നിറുത്താൻ പറ്റുന്നില്ലെന്ന്. അതുകൊണ്ട് റിസർവ്വ് ബാങ്ക് യോഗം ചേരാൻ പോകുന്നുവെന്ന്...!!
അതിന് എനിക്കിട്ട് അര ശതമാനം പലിശ കൂട്ടിത്തന്നതെന്തിനെന്ന് മനസ്സിലായില്ല.
അവരൊക്കെ വല്യ വല്യ ആളുകളല്ലെ..!
വല്യ വല്യ കാര്യങ്ങളാണ് പറയുന്നത്...!!
അതോടെ നാട്ടിൽ തക്കാളിക്ക് വില കുറഞ്ഞൊ ആവോ...?!
ഇവരിങ്ങനെ മാസം മാസം യോഗം ചേരാൻ തുടങ്ങിയാൽ സാധാരണക്കാർ എന്തു ചെയ്യും ദൈവമേ...?
ദൈവം പോലും കൈവിട്ട വർഗ്ഗങ്ങളാണല്ലൊ അവർ...!!
പിന്നെ ആരുണ്ടു ചോദിക്കാൻ...?

ഇനിയും തക്കാളി മാത്രമല്ല ഓറഞ്ചിന്റേയും, മുന്തിരിയുടേയും (സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണല്ലൊ..!?) വിലയും പിടിച്ചു നിറുത്താനായില്ലെങ്കിൽ പലിശ ഇനിയും കൂട്ടാം...!?
ഒരു മാസം മുൻപേ രാജിക്കത്ത് കൊടുത്താൽ മതിയെങ്കിലും, ഇക്കണക്കിനു പോയാൽ ശരിയാവില്ലെന്നും, ഇനിയൊരു മീറ്റിംഗ് അവർ കൂടുന്നതിനു മുൻപ് എത്രയും വേഗം കിട്ടാനുള്ള കാശും വാങ്ങി ബാങ്കിലെ ഇടപാട് തീർത്തില്ലെങ്കിൽ സംഗതി പുലിവാലാകുമെന്നും തോന്നിയതു കൊണ്ട് രണ്ടു മാസം മുൻപു തന്നെ ഞാൻ രാജിക്കത്ത് കൊടുത്തു.

അപ്പൊഴാണ് മറ്റൊരു പ്രശ്നം എനിക്ക് വിലങ്ങു തടിയായത്.
“നിന്റെ ജോലി ചെയ്യാൻ പറ്റിയ ഒരാളെ നീ തന്നെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്തിട്ടെ നിനക്ക് പോകാൻ പറ്റൂ..!!”
ഞാനൊന്നു ഞെട്ടി..! ഇതെന്തൊരു പുലിവാലാണ്...?! ഞാൻ പറഞ്ഞു.
“ഞാനെന്തിനാ ഒരാളെ കണ്ടെത്തണെ..? നിങ്ങൾ പറ്റിയ ഒരാളെ വേഗം നിയമിക്ക്. പരിശീലനം ഞാൻ കൊടുത്തോളാം.”

മാനേജരുടെ ഒരു നിമിഷത്തെ നിശബ്ദതയിൽ കിട്ടിയ സമയം കൊണ്ട് ഞാനൊന്നാലോചിച്ചു.
ഒരു കണക്കിനു ഇതു നല്ലതാണ്. ഒന്നൂല്ലെങ്കിലും ഒരു മലയാളിയെ ജോലിയിൽ കയറ്റാനെങ്കിലും ഞാൻ വിചാരിച്ചാൽ കഴിയുമല്ലൊ. ഞാൻ പറ്റില്ലെന്നു പറഞ്ഞാൽ ചിലപ്പോൾ ഫിലിപ്പിനോ(ഫിലിപ്പൈൻ‌കാർ)കളായിരിക്കും പകരം കമ്പനി നിയമിക്കുക.
ഉടനെ തന്നെ ഞാൻ ചോദിച്ചു.
“പുതിയ വിസ തരുമെങ്കിൽ എന്റെ നാട്ടിൽ നിന്നും ആളെ കണ്ടെത്താം..”
“ അതു പറ്റില്ല. നീ പോയാലല്ലെ പകരം പുതിയ വിസ കിട്ടൂ... പിന്നെങ്ങനെ നീ പരിശീലിപ്പിക്കും..?”
വിസയുമില്ല, ആളേയും കണ്ടെത്തി പരിശീലിപ്പിക്കണം...!?
നിയമിക്കാതെ ആരെങ്കിലും പരിശീലനത്തിനു വരുമോ...?
ഓ.. ഇതു വല്ലാത്ത പാമ്പായല്ലൊ ദൈവമേ..!!


അടുത്ത പോസ്റ്റിൽ ‘സ്വപ്നഭൂമിയിലേക്ക്...’ അവസാനിക്കും.

Tuesday, 1 November 2011

സ്വപ്നഭുമിയിലേക്ക്...(52) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....


നമ്മുടെ ചില നല്ല സ്വഭാവവിശേഷങ്ങൾ മറ്റുള്ളവർ പാടിപ്പുകഴ്ത്തിയാലും, നമ്മൾക്ക് തന്നെ പാരയായി മാറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുള്ളവരല്ലെ മിക്കവരും. പ്രത്യേകിച്ച് പ്രവാസികൾ....!
അനിവാര്യമായത് സംഭവിക്കുന്നതിനു മുൻപ് പല മുന്നറിയിപ്പുകളും നമ്മൾക്ക് കിട്ടും.
നാമത് സ്വാഭാവികതയോടെ തന്നെ അവഗണിക്കും.
പിന്നെ, എത്ര ശ്രദ്ധിച്ചാലുംവരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ....!!!?’

അറിഞ്ഞുകൊണ്ടൊരു ചതി....

തൂടരുന്നു....

വർഗ്ഗീസേട്ടൻ പോയതിൽ പിന്നെ ആ ഫ്ലാറ്റ് ശരിക്കും ഉറങ്ങിയിരുന്നു. യാതൊരു ഒച്ചയും ബഹളവും ഇല്ല. ദിവസവും കാശുകൊടുത്ത് വാങ്ങി വെള്ളമടിക്കാൻ പാങ്ങുള്ളവർ ആരുമില്ലായിരുന്നു. മിക്കവാറും വ്യാഴാഴ്ചകളിൽ മാത്രമായി ഒതുക്കിയിരുന്നു അത്തരം പരിപാടികൾ. അതും ആവശ്യക്കാർ എല്ലാവരും പിരിവിട്ടായിരുന്നു വാങ്ങിയിരുന്നത്. അതു കൊണ്ട് തന്നെ വെള്ളമടിക്ക് ഒരു ജനകീയസ്വഭാവം കൈവന്നു. വർഗ്ഗീസേട്ടന്റെ കുടി സംഘത്തിൽപ്പെട്ട് ദിവസവും വെള്ളമടിച്ചതിന്റെ പേരിൽ അതിന് അടിമയായി ആരെയും കണ്ടില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും വെള്ളമടിച്ചാഘോഷിക്കുന്ന ശീലം ആരും മുന്നോട്ടു കോണ്ടു പോയില്ല.

അന്നൊരു വ്യാഴാഴ്ച കയ്യിൽ ഓരോ ബീയറുമായി വർഗ്ഗീസേട്ടന്റെ പഴയ വീര കഥകളും പറഞ്ഞിരിക്കുമ്പോഴാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വർഗ്ഗീസേട്ടന്റെ ഫ്ലാറ്റിൽ ഒന്നു പോയാലോ... അവിടെ രണ്ടുമൂന്നു പേർ മാത്രമെ പോയി കണ്ടിട്ടുള്ളു. ബാക്കിയുള്ളവരാരും പോയിട്ടില്ല. എന്നും വിളിക്കും വർഗ്ഗിസേട്ടൻ. ടാക്സി വിളിച്ചാലെ അവിടെ എത്താൻ പറ്റു. വണ്ടിയുള്ളവരാരും ഫ്ലാറ്റിൽ ഇല്ലായിരുന്നു.

പിറ്റേന്ന് വെള്ളിയാഴ്ച ഒരു കൂട്ടുകാരന്റെ ടാക്സിയിൽ (കള്ള ടാക്സി) ഞങ്ങൾ വർഗ്ഗിസേട്ടന്റെ വീട്ടിലെത്തി. നേരത്തെ വിവരമറിയച്ചതുകൊണ്ട് വർഗ്ഗീസേട്ടൻ എല്ലാം തെയ്യാറാക്കി ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു.
മാറിത്താമസിച്ച വീട്ടിലേക്ക് സ്വന്തം സഹോദരങ്ങൾ ആദ്യമായിട്ടു വരുമ്പോൾ കാണിക്കുന്ന സന്തോഷമായിരുന്നു ആ മുഖത്തും പ്രവൃത്തിയിലും സംസാരത്തിലും...!
അതോടോപ്പം സ്വാഭാവികമായ ഒരു പരിഭവം പറച്ചിലും.
“എത്ര നേരായീന്നറിയോടാ ഞാൻ കാത്തിരിക്കണെ.. നിങ്ങക്ക് ഇത്തിരികൂടി നേരത്ത വന്നാന്തായിരുന്നു...?”
കെട്ടിപ്പിടിക്കാതിരിക്കാനായില്ല ഞങ്ങൾക്ക്.
“സാരമില്ല വർഗ്ഗിസേട്ടാ... ഞങ്ങൾ എത്തിയില്ലേ... പിന്നെന്താ...”
കെട്ടിപ്പിടിത്തത്തിനിടയിൽ ഞാൻ പറഞ്ഞു.
“ എല്ലാവരും ഇങ്ങോട്ടു ബെഡ് റൂമിലേക്ക് പോരേ... ഹാളില് ഏസി വച്ചിട്ടില്ല...”

ഞങ്ങൾ ബെഡ് റൂമിലെ കട്ടിലിലും കാർപ്പറ്റു വിരിച്ച നിലത്തും മറ്റുമായി ഇരുന്നു. പഴയ പേപ്പർ കുറച്ചു കൊണ്ടു വന്നു നിലത്ത് വിരിച്ചു. കട്ടിലിലിരുന്നവരും ഇറങ്ങി ഞങ്ങളോടൊപ്പം ആ കടലാസ്സിനു ചുറ്റുമായി വട്ടത്തിലിരുന്നു. വർഗ്ഗീസേട്ടൻ ചിക്കനും, ബീഫും ഫ്രൈ ആക്കിയത് പാത്രത്തോടെ എടുത്ത് കടലാസ്സിന്റെ നടുക്ക് വച്ചു. ഓരോരുത്തർക്കുള്ള പേപ്പർ പാത്രങ്ങളും എല്ലാവരുടേയും മുന്നിൽ നിരത്തി.
ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു തമാശ തോന്നി പറഞ്ഞത് ഒരു കൂട്ടച്ചിരി ഉയർത്തി.
“ അല്ലാ.. നമ്മളിവിടെ വന്നത് വർഗ്ഗീസേട്ടന്റെ ചിക്കനും ബീഫും കഴിക്കാനാ...!!”
ചിരിക്കിടയിൽ വർഗ്ഗീസേട്ടൻ പറഞ്ഞു.
“അല്ലാണ്ടെന്തിനാടാ... നമ്മക്കെന്തു വിശേഷാ പറയാനുള്ളേ... നിങ്ങ്ക്കും എനിക്കും അറിയാത്ത എന്തു കാര്യാ‍ നമ്മ്ക്കെടേലൊള്ളെ....”
പറയുന്നതിനിടക്ക് എല്ലാവർക്കും ബീയർ ബോട്ടിൽ ഓരോന്ന് ഫ്രിഡ്ജിൽ നിന്നുമെടുത്ത് കൊടുക്കുന്നുമുണ്ട്.

ചാരായഷാപ്പിലെ കറി പോലെ വളരെ സ്വാദോടെയുള്ള വർഗ്ഗീസേട്ടന്റെ ഫ്രൈ, ചിക്കനും ബീഫും പതുക്കെപ്പതുക്കെ കാലിയായിക്കൊണ്ടിരുന്നുവെങ്കിലും ബീയർ ഒന്നോരണ്ടോ പാട്ടകൊണ്ട് നിറുത്തി. ഞങ്ങൾക്ക് തിരിച്ചു പോകേണ്ടതുള്ളതുകൊണ്ടും നാളെ കാലത്ത് ഡ്യൂട്ടിയുള്ളതുകൊണ്ടുമാണ് പലരും പിന്മാറിയത്.
ഇതിനിടക്ക് സംഭാഷണങ്ങൾ പലതും നടന്നു. കളിയാക്കലുകളും പൊട്ടിച്ചിരികളും കൊണ്ട് രംഗം കൊഴുത്തു.
ഇടക്ക് ഒരാൾ ചോദിച്ചു.
“വർഗ്ഗീസേട്ടന്റെ കൂട്ടുകാരൊക്കെ വരാറുണ്ടൊ...?”
“ഒന്നു രണ്ടു പേരു വന്നേർന്നൂടാ.... മറ്റുള്ളോർക്ക് ഇങ്ങ്ട് വരാൻ വഴി അറിഞ്ഞൂടാടാ....”
“അതേതായാലും ഭാഗ്യമായി. ഇനി അവരെ പ്രത്യേകിച്ച് വിളിച്ച് വഴിയൊന്നും പറഞ്ഞു കൊടുക്കണ്ടാട്ടൊ...”
“ങൂം... ഞാൻ പറഞ്ഞു കൊടുക്കണേന്തിനാ.... നിങ്ങാ നോക്കിക്കൊ.. അവര് അന്വേഷിച്ചു കണ്ടെത്തി വരും...!”
“എന്റെ വർഗ്ഗീസേട്ടാ.. ഈ കൂട്ടുകാരെ വിളിച്ച് സൽക്കരിച്ചു വിടുന്ന പരിപാടി ഇതോടെ നിറുത്തിക്കോ.. അല്ലെങ്കിൽ വർഗ്ഗീസേട്ടനു തന്നെ പാരയാകും...!!?”
“ഇല്ലെടാ...ഞാനാരേം വിളിക്കാനൊന്നും പോണില്ല...”
“അവിടെ എല്ലാത്തിനും ഒരു കൈ സഹായത്തിന് ഞങ്ങളുണ്ടായിരുന്നു. കുടിച്ച് പറ്റായിക്കഴിയുമ്പോൾ വണ്ടീടെ താക്കോലെടുത്ത് ആരും കാണാതെ എന്റെ പോക്കറ്റിൽ കൊണ്ടിടാൻ ഞാനില്ലിവിടെ. ഒരാളും സഹായത്തിനുണ്ടാവില്ലിവിടെ അറിയാല്ലൊ...?”
“ഇല്ലെടാ... ഞാനങ്ങനെയൊന്നും ചെയ്യില്ല. നീയെന്തായീ പറേണേ...? എന്റെ സേഫ് ഞാൻ നോക്കൂല്ലേടാ....?!!”
“അങ്ങനെ നോക്ക്യാ മതി....”

എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാനായി എഴുന്നേറ്റു.
“എന്നാ പിന്നെ ഈ രാത്രി യാത്രയൊന്നും പറയുന്നില്ല....”
“ഇപ്പൊത്തന്നെ പോണോടാ... ഇന്നെല്ലാവരും കൂടി ഇവ്ടെ കെട്ന്ന്ട്ട് നാളെ കാലത്തെ പോയാ പോരേടാ...”
“അതു ശര്യാവില്ല വർഗ്ഗീസേട്ടാ... വാടക മുറിയാണെങ്കിലും നമ്മുടേതെന്ന് പറയാൻ ഒരു മുറിയുള്ളപ്പോൾ, അവിടെ കിടക്കുമ്പോൾ കിട്ടുന്ന സുഖം മറ്റെവിടെന്നും കിട്ടില്ലാന്നു വർഗ്ഗീസേട്ടൻ തന്ന്യാ പറയാറ്...!!”
“എടാ... എന്നാലും.... എന്റെ വീടെന്നാ, മ്മ്ടെ വീടെന്നല്ലെടാ...?”
“ഇല്ല്യ വർഗ്ഗീസേട്ടാ.... കാലത്ത് മൂന്നര മണിക്ക് എഴുന്നേൽക്കുന്ന നായരേട്ടൻ മുതൽ ഇതിനകത്തുണ്ട്... മറ്റൊരിടത്ത് കിടന്നാൽ എല്ലാം താളവും തെറ്റും...
അറിയാല്ലൊ, ആകെ ഒരു ബാത്ത്‌റൂമും ഞങ്ങൾ പത്തുപേരുമാ...!!”
“എന്നാ പിന്നെ ഞാനൊന്നും പറയണില്ല.. നിങ്ങ്ടെ ഇഷ്ടം പോലെയാവ്...”

ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി ഇരുന്നപ്പൊഴും ഓർമ്മിപ്പിക്കാൻ മറന്നില്ല.
“വർഗ്ഗീസേട്ടാ.. ദേ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലൊ.. ?”
“എനിക്കറിയാടാ മക്കളെ...”
ഞങ്ങളവിടന്ന് തിരിച്ചു. പിന്നീട് ഞങ്ങൾ അങ്ങോട്ട് പോയതേയില്ല. വല്ലപ്പോഴുമുള്ള ടെലഫോൺ വിളികൾ മാത്രം.

അന്ന് പതിവില്ലാതെ വർഗ്ഗീസേട്ടന്റെ മോബൈൽ കട്ടിലിൽ നിന്നും താഴെ വീണു. അതോടെ അലാറം അടിക്കാൻ തുടങ്ങി. സ്റ്റോപ് ബട്ടൻ പ്രെസ്സ് ചെയ്തപ്പോൾ നിൽക്കുകയും ചെയ്തു. വർഗ്ഗീസേട്ടന് രണ്ടു മോബൈൽ ഉണ്ടായിരുന്നു. ഒന്ന് കമ്പനി ആവശ്യത്തിനും മറ്റൊന്ന് സ്വന്തം ആവശ്യത്തിനും. ജോലി കഴിഞ്ഞ് വീട്ടിൽ വന്നു കഴിഞ്ഞാൽ കമ്പനി ആവശ്യത്തിനുള്ളതിന്റെ പ്രവർത്തനം നിറുത്തി വയ്പ്പിക്കും. ഇല്ലെങ്കിൽ വല്ലാത്ത തലവേദനയാണത്രെ.
പിന്നെ അത് പിറ്റെ ദിവസം കാലത്ത് മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളു.

താഴെ വീണത് സ്വന്തം ആവശ്യത്തിനുള്ളതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അത് വീണ്ടും അലാറം അടിക്കാൻ തുടങ്ങി. വീണ്ടും ബട്ടൻ ഞെക്കി ഓഫാക്കി. ജോലിക്കു പോകാൻ നേരം വീണ്ടും അലാറം കേട്ടു. പെട്ടെന്ന് ദ്വേഷ്യം വന്ന വർഗ്ഗീസേട്ടൻ കട്ടിലിൽ കിടന്ന മോബൈൽ വലത്തെ കൈ കൊണ്ട് ഒരു വെട്ടു വച്ചു കൊടുത്തു. പിന്നെ അതിൽ നിന്നും ഒച്ചയൊന്നും കേട്ടില്ല.

വൈകുന്നേരം വരുമ്പൊഴും മൂപ്പിലാൻ അലാറം അടിച്ച് ക്ഷീണിച്ചിരിക്കായിരുന്നു. അതു കാരണം മോബൈൽ ചാർജ്ജിലിട്ടു വച്ചു. അപ്പൊഴാണ് ഒരു പഴയ സുഹൃത്തിന്റെ ഫോൺ. പുള്ളിക്കാരനെ വഴിയൊക്കെ പറഞ്ഞു കൊടുത്തിരുന്നതുകൊണ്ട് ഹൈവേയിൽ വന്നു നിൽക്കുകയാണ്.
“എന്നാ നീ ആ ഹൈവേയിൽ തന്നെ നിന്നോ, ഞാനിപ്പൊ വണ്ടിയുമായിട്ടു വരാം.”
വർഗ്ഗീസേട്ടൻ വീണ്ടും ഷർട്ടെടുത്തിട്ട് പോകാൻ നേരം മോബൈൽ വീണ്ടും അലാറം അടിച്ചു...!
“ഛെ.. ഇതെന്തു പണ്ടാറാണ്.. ഇതിനു ചെകുത്താൻ കയറിയോ...?”
ആരോടെന്നില്ലാതെ മുരണ്ടു കൊണ്ട് മോബൈൽ എടുത്ത് പോക്കറ്റിലിട്ട് കാറിൽ കയറിയപ്പോൾ അത് സ്റ്റാർട്ടാകുന്നില്ല. പിന്നെ, അഞ്ചാറടിക്കു ശേഷം സ്റ്റാർട്ടായി. കാറുമായി സുഹൃത്തിനെ കൊണ്ടുവരാനായി പോയി.

ഫ്ലാറ്റിൽ നിന്നും ഒരു നൂറു മീറ്ററെങ്കിലും ചെന്നാലെ ഗേറ്റിൽ എത്തുകയുള്ളു. അതു കഴിഞ്ഞാൽ ഒരു പോക്കറ്റ് റോഡാണ്. അവിടെ നിന്നും അര കിലോമീറ്ററെങ്കിലും പോയാലെ ഹൈവേയിൽ എത്തുകയുള്ളു. വണ്ടിയില്ലാതെ വർഗ്ഗീസേട്ടന്റെ വീട്ടിലെത്തുക കുറച്ചു ബുദ്ധിമുട്ടാണ്. കൂട്ടുകാരൻ ഹൈവേയിൽ നിൽക്കുകയായിരുന്നു. അയാളുടെ മുന്നിൽ വണ്ടി നിറുത്താൻ തുടങ്ങിയതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിക്കാൻ തുടങ്ങി. ഉടനെ വലത്ത കൈകൊണ്ട് പോക്കറ്റിനിട്ട് ദ്വേഷ്യത്തിൽ ഒറ്റ അടി. പിന്നെ അതു മിണ്ടിയില്ല.

കൂട്ടുകാരനേയും കൊണ്ടു വീട്ടിലെത്തിയതും മോബൈൽ വീണ്ടും അലാറം അടിക്കാൻ തുടങ്ങി. അതെടുത്ത് ബെഡ്ഡിലേക്ക് ഒറ്റ ഏറ്. പക്ഷെ, ചെന്നു കൊണ്ടത് ചുമരിലാണ്. അത് കവർ തുറന്ന് ബാറ്ററി പുറത്തു ചാടി ചിന്നിച്ചിതറി കിടന്നു. അപ്പൊഴത്തെ ദ്വേഷ്യത്തിന് അതവിടെ കിടക്കട്ടേന്നു കരുതി. കുറച്ചു നേരത്തേക്ക് ഒരു സമാധാനം കിട്ടുമല്ലൊ.

വർഗ്ഗീസേട്ടൻ സംഭാഷണത്തിനിടക്ക് കുപ്പിയും തിന്നാനുള്ളതും റെഡിയാക്കി മേശപ്പുറത്തു കൊണ്ടുവച്ചു. ആ നേരംകൊണ്ട് നിലത്തു വീണു കിടന്നിരുന്ന മോബൈൽ ബാറ്ററിയൊക്കെ ഫിറ്റു ചെയ്ത് നേരെയാക്കി ചാർജ്ജിലിടാൻ കൂട്ടുകാരൻ തെയ്യാറാക്കി വച്ചു.
“നീയെന്തിനിതു വലിച്ചെറിഞ്ഞത്...? കൂട്ടുകാരൻ ചോദിച്ചു.
“ഇന്നു നേരം വെളുത്തപ്പോ മുതൽ അത് അലാറം അടിച്ചുകൊണ്ടിരിക്കാണെന്ന്...”
“നീ പുറത്ത് പോയതല്ലെ. ആ കടയിൽ കൊടുത്തിരുന്നെങ്കിൽ നന്നാക്കി കിട്ടിയെനെല്ലൊ..”
"ഈ മോബൈൽ ഞാൻ പൂറത്ത് കൊണ്ടുപൊകാറില്ല. അതുകൊണ്ടതു മറന്നു.. നാളെ എവിടെങ്കിലും കൊടുക്കണം.”

രണ്ടു പേരും കൂടി തീറ്റയും കുടിയും തുടങ്ങി. ഇടക്ക് പ്ലേറ്റിലെ ചിക്കൻ കാലിയായത് നിറക്കാനായി വർഗ്ഗീസേട്ടൻ അടുക്കളയിലേക്ക് പോയി. ആ നേരത്തിന് തലയിണയുടെ അടിയിൽ വച്ചിരുന്ന വർഗ്ഗീസേട്ടന്റെ കാറിന്റെ താക്കോലെടുത്ത് കൂട്ടുകാരൻ സ്വന്തം ഷർട്ടിന്റെ പോക്കറ്റിലിട്ടു...!
മുൻപ് എപ്പോഴോ താക്കോൽ ഒളിപ്പിച്ചു വച്ച് പറ്റിച്ച്, ടാക്സി വിളിച്ച് കയറ്റിവിട്ട ഏതോ ഒരു അനുഭവസ്ഥനായിരിക്കണം ഇദ്ദേഹം...!!

ഒരു കുപ്പി കാലിയായപ്പോഴെക്കും നേരം പാതിരാ കഴിഞ്ഞിരുന്നു. പിന്നെ പോകാനായി എഴുന്നേറ്റെങ്കിലും കൂട്ടുകാരന്റെ കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല. വർഗ്ഗിസേട്ടൻ താങ്ങിപ്പിടിച്ച് കാറിൽ കൊണ്ടിരുത്തിയിട്ട് പറഞ്ഞു.
“ഞാനാ പോക്കറ്റ് റോഡ് കടത്തിത്തരാം. ഹൈവേയിലേക്ക് ഞാൻ വരില്ല. അവിടെ നിന്നാൽ ടാക്സി കിട്ടും. ഞാൻ താക്കോലെടുത്തിട്ടു വരട്ടെ..” എന്നു പറഞ്ഞ് തിരിഞ്ഞതും കൂട്ടുകാരൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു നീട്ടിയിട്ട് പറഞ്ഞു.
“ ദേനടാ താക്കോൽ.. നീ താക്കോലന്വേഷിച്ച് നടക്കണ്ടാന്നു കരുതിയാ...”
അത് കണ്ടതും വർഗ്ഗീസേട്ടൻ ഒന്നു ഞെട്ടാതിരുന്നില്ല.

ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. ആ വേഷത്തോടെ തന്നെ കാറിൽ കയറി. ഈ ഹൈവെ വരെ മതിയല്ലൊന്നു വിചാരിച്ചാണ് വണ്ടിയെടുത്തത്. അപ്പൊഴാണ് മോബൈൽ എടുത്തില്ലല്ലോന്ന് ഓർത്തത്. ഇപ്പൊൾ തന്നെ തിരിച്ചു വരാനുള്ളതാണെങ്കിലും ശരീരത്തിലെ ഒരവയവം പോലെയാണ് വർഗ്ഗീസേട്ടനു മോബൈൽ. ഇല്ലെങ്കിൽ ഒരു മനസ്സമാധാനവും ഉണ്ടാവില്ല. വണ്ടിയിൽ നിന്നുമിറങ്ങി മുറിയിൽ കയറിയപ്പോൾ അത് അലാറം അടിച്ചു കൊണ്ടേയിരിക്കുകയായിരുന്നു...! അലാറം ഓഫാക്കി മോബൈൽ പോക്കറ്റിലിട്ട് വീണ്ടും വണ്ടിയെടുത്ത് ഹൈവേയുടെ സൈഡിൽ നിറുത്തി.

കൂട്ടുകാരനെ വിളിക്കാനായി നോക്കിയപ്പോൾ, ഏതോ ‘കുഞ്ചി ഒടിയൻ’ (നാട്ടിൽ ബ്ലാക്കിൽ കിട്ടുന്ന ഒരു അപാര വാറ്റു സാധനം. അതു കഴിക്കുന്നവർ നേരം വെളുക്കുന്നതുവരെ കുഞ്ചി ഒടിഞ്ഞ് ഒറ്റ ഇരിപ്പിരിക്കും.) കഴിച്ചതുപോലെ അയാൾ കഴുത്തൊടിഞ്ഞ് ഡോറിൽ തല ചാച്ച് ഒറ്റ കിടപ്പാണ്. എത്ര വിളിച്ചിട്ടും അയാൾ ഉണർന്നില്ല.
‘ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലല്ലൊ’.

പാവം, മനസ്സിൽ കള്ളമില്ലാത്ത വർഗ്ഗീസേട്ടൻ വളഞ്ഞൊന്നും ചിന്തിച്ചില്ല. ആത്മഗതം പോലെ മനസ്സിൽ പറഞ്ഞു.
‘ ഈ കോലത്തിലെങ്ങനെ ഇവനെ ടാക്സിയിൽ കേറ്റി വിടും.’ ഹൈവേയിലേക്ക് നോക്കി അങ്ങോട്ടുമിങ്ങോട്ടും തലവെട്ടിച്ചു. വാഹനങ്ങൾ വളരെ കുറവാണ്. പോലീസ്സ് വണ്ടികൾ ഒന്നും കാണാനില്ലെന്നു ചിന്തിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ എന്തോ മണത്തറിഞ്ഞതു പോലെ ഒരു മുന്നറിയിപ്പെന്നോണം അലാറം അടിക്കാൻ തുടങ്ങി...!

അന്നേരം അതിനോട് ദ്വേഷ്യമൊന്നും തോന്നിയില്ല. സാവധാനം മോബൈൽ എടുത്ത് തെളിഞ്ഞു നിൽക്കുന്ന സ്ക്രീനിലേക്ക് നോക്കി നിന്നു. പിന്നെ അത് ഓഫാക്കി. വണ്ടിയിൽ കയറിയിരുന്നു. കൂട്ടുകാരനെ ഒന്നു കൂടി വിളിച്ചു നോക്കി. അയാൾ അനങ്ങുന്ന മട്ടില്ല. അവിടന്ന് നാലഞ്ചു കിലോമീറ്റർ കൂടി പോയാൽ മതി കൂട്ടുകാരന്റെ ഫ്ലാറ്റിലേക്ക്.
എന്തും വരട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ തോന്നിയോ...?
കാൽ നൂറ്റാണ്ടായി ഇവിടെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ പറയത്തക്ക അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നുള്ള ആത്മവിശ്വാസമോ...?!
ഓഫായിപ്പോയ ഒരാളെ വഴിയിൽ തള്ളാനും വയ്യല്ലൊ.

വണ്ടി മുന്നോട്ടെടുത്തു. സാവധാനമാണ് ഓടിച്ചത്. തനിക്ക് ബോധക്കുറവൊന്നും ഇല്ലെന്നും താൻ സ്റ്റെഡിയാണെന്നും സ്വയം ഉറപ്പിച്ചു. ഒരു കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് രണ്ടാമത്തെ കെട്ടിടത്തിന്റെ അടുത്ത് വണ്ടി നിറുത്തി.
കൂട്ടുകാരനെ താങ്ങിപ്പിടിച്ചിറക്കിയെങ്കിലും ‘എന്നെ പിടിക്കണ്ടെടാ.. ഞാൻ സ്റ്റെഡിയാ.... ഗുഡ്നൈറ്റ്’’ എന്നു പറഞ്ഞ് വേച്ചു വേച്ചാണെങ്കിലും പുള്ളിക്കാരൻ പടികൾ കയറി മുകളിലേക്ക് കയറുന്നത് കണ്ടുകൊണ്ടാണ് വർഗ്ഗീസേട്ടൻ തിരിച്ചു പോരുന്നത്. ‘അവന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ടാക്സിയിൽ കയറ്റിവിട്ടാൽ മതിയായിരുന്നു’ വെന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. എങ്കിലും കൂട്ടുകാരനെ കുറ്റപ്പെടുത്താനൊ, കുഞ്ചി ഒടിഞ്ഞതുപോലെ കിടന്നത് അയാളുടെ അടവായിരുന്നുവെന്നു ചിന്തിക്കാനൊ ആ മനസ്സിനു കഴിഞ്ഞില്ല...!!

തിരിച്ച് ഹൈവേയിൽ നിന്നും തന്റെ പോക്കറ്റ് റോഡിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് ഒരു പോലീസ്സ് വണ്ടി ഒരു കാർ തടഞ്ഞു നിറുത്തി പരിശോധിക്കുന്നത് അകലെ വച്ചു തന്നെ ശ്രദ്ധയിൽ പെട്ടതും പെട്ടെന്ന് തന്നെ ചവിട്ടി നിറുത്തി.
വശം തിരിഞ്ഞു പോകാൻ വഴികളൊന്നുമില്ലായിരുന്നു...
പിന്നോട്ടു പോയാൽ അവർ ശ്രദ്ധിക്കും...
മുന്നോട്ടു തന്നെ പോകാതെ ഒരു നിവൃത്തിയുമില്ലായിരുന്നു...
ഇതിനകം തന്റെ വണ്ടി അവർ കണ്ടു കാണും...
അവർ കൈ കാണിച്ചില്ലെങ്കിൽ രക്ഷപ്പെട്ടു...
വണ്ടി അവരുടെ അടുത്തെത്തി...
പെട്ടെന്നവർ കൈ കാണിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിച്ചതും ഒരുമിച്ചായിരുന്നു...!
പരിഭ്രാന്തിയോടെ മോബൈൽ കിടന്ന ഇടത്തെ പോക്കറ്റിനിട്ട്, നെഞ്ചന്നിട്ടിടിക്കുന്നതു പോലെ ഒറ്റ അടിയും ‘എന്റെ മാതാവേ’ ന്ന നിലവിളിയും ഒരുമിച്ചായിരുന്നു...!!!

ബാക്കി അടുത്ത പോസ്റ്റിൽ...

Saturday, 15 October 2011

സ്വപ്നഭുമിയിലേക്ക്...(51) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും.....

എനിക്കാ വാർത്ത സഹിക്കാനായില്ല. ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത്ബോസ്സ്കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ. പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല.
വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!


തുടരുന്നു...

ബോസ്സ് പേപ്പറുകൾ നോക്കിയിരിക്കുമ്പോഴാണ് ഞാൻ വേഗത്തിൽ കടന്നു ചെല്ലുന്നത്. അദ്ദേഹം തല ഉയർത്തി നോക്കി. എന്റെ വരവിന്റെ പന്തിയില്ലായ്മ കണ്ടിട്ടാകും തല മുകളിലേക്ക് വെട്ടിച്ച് ഒരു ചോദ്യം.
“ഊം....” ഞാൻ അവിശ്വസനിയതോടെ തന്നെ ചോദിച്ചു.
“ബോസ്സ്, ജോ ലി രാജിവച്ചോ...?”
അപ്പോൾ ആ മുഖം വളരെ ശാന്തമായിരുന്നു. കാറും കോളും ഇല്ലാത്ത പ്രസന്നമായ മുഖം..!
അതൊരു ഉറച്ച തീരുമാനമായിരുന്നുവെന്ന് വിളിച്ചോതുന്ന മുഖം..!
വളരെ ശാന്തമായിത്തന്നെ പറഞ്ഞു.
“ശരിയാണ് നീ കേട്ടത്... ഞാൻ രാജിവച്ചു....!!”
“പക്ഷേ ബോസ്സ്, എന്തിനു രാജി വക്കണം...?”
“അങ്ങനെ വേണ്ടി വന്നു...!”
“ബോസ്സ്, അങ്ങ് വരുമ്പോൾ ഇവിടെ ആകെയുണ്ടായിരുന്നത് ആ ഈജിപ്ഷ്യനും ‘ഞാനും’ പിന്നെ അടച്ചുപൂട്ടാൻ സമയവും കാത്തിരിക്കുന്ന ഈ സ്ഥാപനവും മാത്രമായിരുന്നു. അവിടെ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അങ്ങൊരുത്തനാണ്. ഇന്ന് മുപ്പതോളം സ്റ്റാഫുള്ള ഒരു വലിയ സ്ഥാപനമാക്കി മാറ്റിയ അങ്ങ് എന്തിനു രാജിവക്കണം. അതാണെനിക്ക് മനസ്സിലാകാത്തത്...?”
“ഞാൻ വന്നതിനു ശേഷം കടന്നു പോയ 15 വർഷങ്ങൾ എന്തൊക്കെ ചെയ്തെന്നു തലസ്ഥാനത്തുള്ളവർക്കും അറിയാം. അതൊന്നും മാന്യമായി ഈ സ്ഥാനത്തിരിക്കുന്നതിന്Link ന്യായീകരണമല്ല. അവർക്ക് മറ്റു പലതുമാണ് ആവശ്യം...”
“എനിക്കറിയാം ബോസ്സ്. അവരുടെ സ്വന്തക്കാരില്ലാത്ത ഒരേഒരു ബ്രാഞ്ച് ഇതു മാത്രമാണ്. ഇത് പിടിച്ചെടുക്കാൻ അവർ കളിക്കുന്ന കളികളും അറിയാം.”
“അതെ. ഈ കസേരയിൽ ഒരു ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടിരിക്കുന്നതിനേക്കാൾ ഭേദമല്ലെ സ്വയം രാജി വച്ചു പുറത്തു പോകുന്നത്...?”
“മാത്രമല്ല, നാലഞ്ചു വർഷം മുൻപ് അങ്ങേക്ക് ഇവിടത്തെ സർക്കാർ ‘ബഹ്‌റീൻ പൌരത്വം’ തന്ന് ബഹുമാനിച്ചതോടെയാവും അവരുടെ പേടി കൂടിയത്.”
“അവരെന്തിന് എന്നെ പേടിക്കണം...? എനിക്കർഹതയില്ലാത്തതൊന്നും ഞാൻ വാങ്ങാൻ പോകില്ല. എന്നു വച്ച് ഒരു ‘റബ്ബർ സ്റ്റാമ്പ്’ ആവാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ട് ഞാൻ പുറത്തു പോകുന്നു..”

ശരിയായിരുന്നു. കുറേകൊല്ലങ്ങളായി ഒരു ശീത സമരം കമ്പനിക്കുള്ളിൽ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതു കാരണം ഞങ്ങൾക്ക് കമ്പനിയിൽ നിന്നും വായ്പ്പെയൊന്നും കിട്ടിയിരുന്നില്ല. മുൻപ് ആവശ്യത്തിന് ബോസ്സ് പണം തരുമായിരുന്നു. ചോദിക്കേണ്ട താമസമേയുള്ളു. ഉടനെ ചെക്കെഴുതി തരും. കൃത്യമായി ശമ്പളത്തിൽ നിന്നും പിടിക്കുകയും ചെയ്യും. പലിശയില്ലാതെ കിട്ടുന്ന ആ പണം നാട്ടിൽ പോകുമ്പോൾ എന്തൊരു ഗുണമായിരുന്നുവെന്നോ...?

അതുപോലെ മൂന്നു മാസം കൂടുമ്പോൾ ഇരുപതോ മുപ്പതോ ദിനാർ പോക്കറ്റിൽ ഇട്ടു തരും. ചുമ്മാ...!
ആറു മാസം കൂടുമ്പോൾ ഇടക്കാലബോണസ്സായി അൻപതോ അറുപതോ ദിനാർ..!!
വർഷവസാനം നൂറോ നൂറ്റമ്പതോ വച്ച് ബാക്കി ബോണസ്സ്...!!!
എല്ലാം ഇല്ലാതായിട്ട് മൂന്നാലു വർഷമായി.
ഇന്ന് ആകെ കിട്ടുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം മാത്രം.

ഇനി ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് ഞാനവിടന്ന് എഴുന്നേറ്റു. പുറത്തേക്ക് നടക്കാൻ തുടങ്ങുന്നതിനിടക്കാണ് ഒരു ‘വെള്ളിടിയുടെ പ്രകാശം’ എന്റെ തലയിലൂടെ താഴോട്ടിറങ്ങിയ പോലൊരു തോന്നൽ...!
ഞാനവിടെ പെട്ടെന്ന് തിരിഞ്ഞു നിന്നു....
കണ്ണുകൾ വിടർന്നു....
ഒരു നിമിഷം കഴിഞ്ഞ് ബോസ്സിനെ നോക്കി....
തന്റെ ജോലികളിൽ മുഴുകാൻ തുടങ്ങുന്ന ബോസ്സിനെ ഞാൻ വിളിച്ചു.
“ബോസ്സ്, അങ്ങ് രാജിവച്ചിട്ട് എന്തു ചെയ്യാൻ പോകുന്നു...?”
“ഞാൻ..... ഒരഞ്ചാറു മാസം കഴിഞ്ഞിട്ട് ഒരു ചെറിയ കട തുടങ്ങും. ഇതുപൊലെ. ഈ പ്രോഡൊക്റ്റൊന്നുമില്ലാതെ. മറ്റു കമ്പനികളുടെ സാധനങ്ങൾ വച്ച്..”
ഒന്നു ശ്വാസം എടുക്കാനുള്ള ഇടവേളപോലുമെടുക്കാതെ ഞാൻ ചോദിച്ചു.
“ആ കടയിൽ എന്നെ നിനക്കാവശ്യമുണ്ടോ...!!?”
“തീർച്ചയായും...!!”
“എങ്കിൽ ബോസ്സ്, ഞാനും വരുന്നു നിന്നോടൊപ്പം. എന്റെ വിസ തീരാൻ ഇനിയും ആറുമാസം കൂടിയുണ്ട്. അതു കഴിഞ്ഞാൽ ഞാൻ തുടരില്ല. രാജിവക്കും...!!!”
“നിങ്ങൾക്കവിടെ തുടരാം. നിങ്ങളൂടെ ജോലിക്കവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല...”
“ഇല്ല ബോസ്സ്. ബോസ്സില്ലാത്തിടത്ത് ഞാനുമില്ല. ഞാൻ തിരുമാനിച്ചു കഴിഞ്ഞു...!!!”
“എങ്കിൽ ശരി. രാജി വച്ച് കിട്ടുന്ന കാശും വാങ്ങി നീ നാട്ടിൽ പൊക്കൊ. എന്നിട്ട് നിന്റെ വീടിന്റെ ലോൺ അടച്ചു തീർക്കാൻ നോക്ക്. നിനക്ക് എപ്പഴാ വരേണ്ടതെന്നു തിരുമാനിച്ചാൽ എന്നെ ഒന്നു വിളിച്ചാൽ മതി. പത്തു ദിവസത്തിനുള്ളിൽ വിസ നിന്റെ കയ്യിലെത്തിയിരിക്കും...!!!”
“ഈ വിവരം മറ്റാരും തൽക്കാലം അറിയരുത്. ഇനി ഞാൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കില്ല...”
“ശരി..” പറഞ്ഞ ബോസ്സിനു കൈ കൊടുത്ത് പുറത്തിറങ്ങി.

എന്റെ തലവേദനകൾക്ക് ഒരു പരിഹാരമാവുകയാണോ...?
എത്ര വേഗമാണ് ഒരു വഴിയുമില്ലാതിരുന്ന തലവേദന പെട്ടെന്ന് മാറ്റിത്തന്നത്...!!
എത്ര വേഗമാണ് അതിനുള്ള സാഹചര്യം ഒരുക്കിത്തന്നത്...!!
എത്ര പെട്ടെന്നാണ് അത്തരം ചിന്തയുടെ ഒരു മുള എന്റെ തലയിലേക്ക് ഇട്ടു തന്നത്...!!
എത്ര പെട്ടെന്നാണ് എന്നെക്കൊണ്ട് ശക്തമായ അത്തരമൊരു തീരുമാനമെടുപ്പിച്ചത്...!!?
ദൈവം തമ്പുരാന്റെ കളികൾ നമ്മൾക്കഞ്ജാതം...!!

യാന്ത്രികമായി ഞാൻ ചെന്നു നിന്നത് കണക്കപ്പിള്ളയുടെ മുന്നിലാണ്.
അദ്ദേഹവും പരിവാരങ്ങളും മലയാളികൾ തന്നെയായിരുന്നു. സീനിയർ കണക്കപ്പിള്ളച്ചേട്ടനോട് ചോദിച്ചു.
“ചേട്ടാ.. നമ്മ്ടെ കൊറെ പൈസ ഇവ്ടേണ്ടല്ലൊ...?”
“ഏതു പൈസാ... എവിടെ..?” മുഖത്തിരിക്കുന്ന വര പോലുള്ള കണ്ണടക്കു മുകളിലൂടെ എന്നെ ക്രൂദ്ധിച്ചൊന്നു നോക്കിയാണ് ചോദ്യം.
“ഹാ.. നമ്മള് നിറുത്തി പോകുമ്പം കിട്ടണ കുറെ കാശില്ലെ...?”
“ഉവ്വാ.. അത്...?”
“അല്ല ചേട്ടാ... ബാങ്കീന്നു ലോണെടുത്തിട്ടെ ഇപ്പം 13 ശതമാ പലിശ. എന്തെങ്കിലും കൊറച്ച് പെട്ടെന്നടച്ചില്ലേ... പലിശ അങ്ങു മലപോലെ പെരുകും. അതുകൊണ്ടാ ചോദിച്ചേ. ആ കാശീന്നു ലോൺ കിട്ടാനൊ, അതുമല്ലെങ്കിൽ ഇതുവരെയുള്ള കാശ് നമ്മൾക്ക് കിട്ടുവാൻ വല്ല വഴിയുമുണ്ടോന്നറിയാനാ...!!?”

കണ്ണിൽ നിന്നും ആ വര പോലത്തെ കണ്ണട ഊരി മേശമേൽ വച്ച്, ഒന്നു നിവർന്നിരുന്ന് എന്നെ അടി മുതൽ മുടി വരെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് പരിഹാസ രൂപേണ ചോദിച്ചു.
“അല്ലാ.. ഇപ്പൊ എവിടെന്നാ വരവ്...? ഒരാളും ചോദിക്കാത്ത ചോദ്യമാണല്ലൊ...?”
“ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്നു കെട്ടിട്ടില്ലേ.... അതു കൊണ്ടാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...”
“അങ്ങനെയൊരു സംഭവം നടക്കില്ല. ആ കാശ് വേണമെങ്കിൽ രാജിവച്ചു തന്നെ തീരണം...!!”
“ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ... ഞാനിപ്പോൾ രാജിവച്ചാൽ എന്തു കിട്ടും...? രാജി വക്കാനല്ല, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോന്ന് ഒന്നു മുൻ‌കൂട്ടി കാണാനാ...?”
“അതു ഞാൻ പറഞ്ഞു തരാം. പക്ഷേ ആരോടും പറയരുത്...”
ഞാൻ പറയില്ലെന്ന് ഉറപ്പു കൊടുത്തു.

പുള്ളിക്കാരൻ കണ്ണട എടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് കമ്പ്യൂട്ടറിലേക്ക് കണ്ണു നട്ടു. ഞാൻ എതിരിലെ കസേരയിൽ ഇരുപ്പുറപ്പിച്ചു.
ഇടക്കു തല ഒന്നു താഴ്ത്തി കണ്ണടക്കു പുറത്തു കൂടി നോക്കിയിട്ട് ചോദിച്ചു.
“എത്ര കൊല്ലമായി ഇവിടെ ജോയിൻ ചെയ്തിട്ട്....?
“അത്.... അത്... !?”
എനിക്ക് വലിയ പിടിയില്ലായിരുന്നു. ഏതാണ്ട് ആയിരത്തിത്തൊള്ളായിരത്തി കൊറേ കൊല്ലം മുൻ‌പാ...!
എന്റെ ഭാവം കണ്ട് പുള്ളിക്കാരന് ചിരി വന്നു.
“ഞാൻ പറയാം... അടുത്ത മേയിൽ അതായത് ആറുമാസം കൂടി കഴിഞ്ഞാൽ 16 വർഷം തികക്കും......!!”

കുറച്ചു നേരം കഴിഞ്ഞ് പുള്ളിക്കാരൻ പിച്ചും പേയും പറയുന്നതു പോലെ കാൽക്കുലേറ്ററിൽ ഞെക്കി പൊറുപൊറുക്കുന്നതു കേട്ടു. ആദ്യത്തെ മൂന്നു കൊല്ലം പകുതി വച്ച്. ബാക്കി പതിമൂന്ന് നെറ്റ് എമൌണ്ട് വച്ച്... ഇടക്ക് തല ഉയർത്തി നാലുപാടും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതൊരു ഏകദേശ കാണക്കാണട്ടൊ. ഏതാണ്ട് തന്റെ ലോണിന്റെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുള്ളു.”
എന്റെ കാര്യങ്ങളൊക്കെ ശരിക്കറിയാവുന്ന ആളാണ് കണക്കപ്പിള്ള.

“ങൂം....! അപ്പൊ ഇരുപത് ശതമാനം കൂടി കൂടീട്ട് രാജി വക്കായിരിക്കും നല്ലത് അല്ലെ....?”
ഒരു തമാശ മട്ടിൽ അതും പറഞ്ഞ് എഴുന്നേറ്റ് പുറത്ത് കടന്നു.
എൺപതെങ്കിൽ എൻപത്...!!
അത്രയും തീരുമല്ലൊ. ബാക്കി ഇരുപതിന് സമാധാനമുണ്ട്.
എന്റെ മനം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി...

‘പതിനാറു വർഷം ഇവിടെ എരിഞ്ഞു തീർന്നത്രേ...!!’
‘ഹൊ... അത്രയും കൊല്ലമായൊ ഞാനിവിടെ എത്തിയിട്ട്...!’
ഒരു മുന്നു വർഷം കുടുംബത്തോടൊപ്പം ഇവിടെ ജീവിച്ചതാണ് ആകെയുള്ള കുടുംബജീവിതം. ബാക്കിയുള്ളത് രണ്ടു വർഷത്തിനിടവേളയിൽ കിട്ടിയിരുന്ന ഓരോ മാസത്തെ ‘പരോൾ’.
കാടു കയറി ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ കിട്ടൂ..!!
ഇപ്പോൾ ആവശ്യം ഒരു വീട്...!
ഒരു ജീവിതകാല സ്വപ്നം..!! അതു സ്വന്തമാവുമല്ലൊ. അതു മതി.

വളരെ സന്തോഷത്തോടെയാണ് ഞാനന്ന് മുറിയിലേക്ക് നടന്നത്.
പോകുന്ന വഴി പഴയ ഫ്ലാറ്റിൽ കയറി വർഗ്ഗീസേട്ടനെ കണ്ട് ഒരു ഗ്ലാസ്സ് തണുത്ത ബീയർ അടിക്കണമെന്ന് പതിവില്ലാത്തൊരു മോഹം തോന്നി. അവിടെ ചെന്നപ്പോൾ വർഗ്ഗീസേട്ടന്റെ വക പാർട്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു.
"ഇന്നെന്താ പാർട്ടിക്ക് എന്തോ ഒരു പ്രത്യേകത കാണുന്നുണ്ടല്ലൊ....?”
ഞാൻ ചുമ്മാ പറഞ്ഞതായിരുന്നു. കേട്ടതും ഒരാൾ പറഞ്ഞു.
“ഇന്ന് വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയാ....!” അതു കേട്ട് ഞാനും ഒന്ന് ഞെട്ടി.
“വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയോ...?!”
“അകത്തേക്ക് ചെല്ല്.. എല്ലാവരും ഉണ്ടവിടെ....” അയാൾ അതും പറഞ്ഞ് അടുക്കളയിലേക്ക് കയറിപ്പോയി.

ഞാൻ വർഗ്ഗീസേട്ടന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. മുറി നിറയെ ആളുകളാണ്. പരിചയക്കാരും അല്ലാത്തവരും. എന്നെക്കണ്ടതും വർഗ്ഗീസേട്ടൻ എഴുന്നേറ്റ് വന്ന് കൈ തന്നിട്ട് പറഞ്ഞു.
“എടാ നിന്നെ വിളിക്കാൻ പോകായിരുണൂടാ ഞാൻ...”
“എന്താ കാര്യം...” ഞാൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് ചോദിച്ചു.
“നീയിവിടെ ഇരുന്നെ...” എന്നെപ്പിടിച്ച് കട്ടിലിൽ വർഗ്ഗീസേട്ടനോട് ചേർത്തിരുത്തി.

വർഗ്ഗീസേട്ടന്റെ ഉറ്റ കൂട്ടുകാരനും പാർട്ടികളിലെ സ്ഥിരം ക്ഷണിതാവുമായ ജോസഫേട്ടൻ പറഞ്ഞു.
“എടാ... മ്മ്ടെ വർഗ്ഗീസേട്ടൻ പോകാൻ‌ടാ...”
“എവ്ടേക്ക്.. നാട്ടിലേക്കാ...?” ഞാൻ വർഗ്ഗീസേട്ടന്റെ നേരെ തിരിഞ്ഞു.
വർഗ്ഗീസേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഹേയ് അല്ലെടാ... ഞാൻ ഇവ്ട്ന്ന് പോകാണ്ന്നാ പറഞ്ഞത്..!”
“അതെന്താ...?
“അല്ലാതെ പറ്റില്ലെടാ.. കമ്പനി ഫ്ലാറ്റൊരെണ്ണം ശരിയാക്കി തന്നൂടാ... ആഫീസിന്റെ കാമ്പൌണ്ടീ തന്നെ...”
വർത്തമാനത്തിനിടക്ക് ഒരു ഗ്ലാസ്സ് ബീയർ എന്റെ കയ്യിൽ പിടിപ്പിക്കാൻ വർഗ്ഗീസേട്ടൻ മറന്നില്ല...!

ഇവിടന്ന് വർഗ്ഗീസേട്ടൻ പോകുകാന്നു പറഞ്ഞാൽ, പിന്നെ ഈ ഫ്ലാറ്റ് ഉറങ്ങിയെന്നർത്ഥം.
മാത്രമല്ല ഞങ്ങളുടെ അടുത്തു നിന്നും മാറിത്താമസിക്കാന്നു വച്ചാൽ വർഗ്ഗീസേട്ടന്റെ സ്വഭാവം വച്ചു പറഞ്ഞാൽ അതത്ര പന്തിയല്ല താനും..?!

സഹതാപം മുതലെടുക്കുന്ന കൂട്ടുകാർ ഒത്തിരിയുണ്ട്. ഇവിടെ ഞങ്ങളോടൊപ്പം ഉള്ളപ്പോൾ പലതും ഞങ്ങൾ ഒഴിവാക്കുമായിരുന്നു. അത് ചിലപ്പോൾ ചെറിയ വഴക്കിലും സൌന്ദര്യപ്പിണക്കത്തിലുമൊക്കെ എത്താറുമുണ്ട്. പ്രധാനമായും കുടിച്ചു കഴിഞ്ഞാൽ പിന്നെ വർഗ്ഗീസേട്ടന് എല്ലാവരോടും ഭയങ്കര സഹതാപമാണ്.

സ്വന്തം സുഹൃത്തുക്കൾ വന്ന് കുടി കഴിഞ്ഞ് പോകുമ്പോൾ അവരെ വീട്ടിൽ കൊണ്ടുവിടണമെന്നത് ഒരു വല്ലാത്ത സ്നേഹമാണ്. ഇത്രയും അപകടം പിടിച്ച സ്നേഹം ഞങ്ങൾക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലൊ. ആ നേരത്ത് ചിലപ്പോൾ ആ സുഹൃത്തിന്റെ മുന്നിൽ വച്ചു തന്നെ പറയേണ്ടി വരും.
“ഈ നേരത്ത് ഇത്രയും കുടിച്ചിട്ട് വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല..”
അപ്പൊഴും വർഗ്ഗീസേട്ടൻ പറയും.
“ഇല്ലെടാ... ഞാനത്രയധികമൊന്നും കുടിച്ചിട്ടില്ല...”
അപ്പോൾ ഞങ്ങൾക്ക് അറുത്തു മുറിച്ച് പറയേണ്ടിവരും.
“ചേട്ടാ.. ഇതു നമ്മ്ടെ നാടല്ല. ഈ കണ്ടീഷനിൽ വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കണ പ്രശ്നമില്ല..”

വയറു നിറയെ ‘ഓസ്സിൽ കുടിച്ച് ’ ലവൽ തെറ്റി നിൽക്കുന്ന സ്വന്തം കൂട്ടുകാരന്റെ ‘ഓസിൽ വീട്ടിലെത്താമെന്ന’ മോഹത്തിനാണ് ഞങ്ങൾ ഒന്നടങ്കം കത്തിവച്ചിരിക്കുന്നത്. വയറ്റിൽ കിടക്കുന്ന വെള്ളത്തിന്റെ പുറത്ത് പുള്ളിക്കാരന്റെ സഹനശക്തിക്കും അപ്പുറത്താണത്. പെട്ടെന്നെഴുന്നേറ്റ് ഞങ്ങളോട് ചൂടായില്ലെങ്കിലല്ലേ അത്ഭുതമുള്ളു. പുള്ളിക്കാരൻ ചാടിയെഴുന്നേറ്റ് അലറും.
“ഡ്രൈവ് ചെയ്യണ വർഗ്ഗീസേട്ടന് കൊഴൊപ്പോല്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താടാ ചെറ്റകളെ കൊഴപ്പം....!!”
ഇതു കേട്ടതും ഞങ്ങളുടെ കൂട്ടത്തിലെ പരമ ചൂടന്മാർക്ക് സഹിക്കുമൊ...?
തൊട്ടടുത്ത നിമിഷം അവർ അയാളുടെ മേലേ ചാടിവീഴും...!!
പിന്നത്തെ പൂരം പറയണൊ....?!!

ഒരു കണക്കിന് ചൂടന്മാരെ പിടിച്ചു നിറുത്തി, കൂട്ടുകാരനെ കൊണ്ടുപോയി റോട്ടിലാക്കി, ടാക്സിയിൽ കയറ്റിവിടുന്നതു വരെയുള്ള ഞങ്ങളിൽ കുറച്ചു പേരുടെ കഷ്ടപ്പാട് പിന്നീട് പറഞ്ഞ് ചിരിക്കുമ്പോൾ കൂട്ടത്തിൽ വർഗ്ഗീസേട്ടനുമുണ്ടാകും ചിരിക്കാൻ. അതറിയാവുന്നത് കാരണമാണ് ഞാൻ ഒന്നുകൂടി എടുത്തു ചോദിച്ചത്.
“അതു വേണോ വർഗ്ഗീസേട്ടാ... മാറിത്താമസിക്കണോ...?”
“അല്ലാതെ പറ്റില്ലെടാ... ഇനി വാടകയൊന്നും തരൂല്ല കമ്പനി. അതൊക്കെ കയ്യീന്നു മുടക്കേണ്ടി വരും...!”

പിറ്റേന്ന് വ്യാഴാഴ്ച വർഗ്ഗീസേട്ടനുള്ള ഞങ്ങളുടെ വക പാർട്ടിയായിരുന്നു.
എല്ലാവരും അന്ന് കുടിച്ച് കൂത്താടി. പാട്ടും നൃത്തവും അരങ്ങു കൊഴുപ്പിച്ചു. ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു. ഇനി ഇങ്ങനെ ഒരു പാർട്ടി ഈ ഫ്ലാറ്റിൽ അരങ്ങേറില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതു കൂടി ചേർത്തുള്ള ഒരു കലാശക്കൊട്ടലായി ആ പാർട്ടി മാറി. ബീയർ ബ്ലാക്കിൽ കൊണ്ടു വരുന്ന ശ്രീലങ്കക്കാരൻ സൈക്കിൾ ചവിട്ടി ക്ഷീണിച്ച് ‘ഇനി സാധനം സ്റ്റോക്കില്ലാട്ടൊ’ന്നു പറഞ്ഞ് രക്ഷപ്പെട്ടു.

വെളൂക്കാറായപ്പോഴേക്കും എല്ലാവർക്കും കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വിശാലമായ ഹാളിൽ തലങ്ങും വിലങ്ങും വെട്ടിയിട്ട വാഴത്തടകൾ പോലെ ചലനമറ്റ കുറേ ശരീരങ്ങൾ നീണ്ടു നിവർന്നും വളഞ്ഞൊടിഞ്ഞും ഒരു യുദ്ധക്കള ത്തിന്റെ പ്രതീതി ജനിപ്പിച്ചു...!!!!
അന്നു വെള്ളിയാഴ്ച വൈകുന്നേരം വർഗ്ഗീസേട്ടൻ ആ ഫ്ലാറ്റിനോട് വിട പറഞ്ഞു.

നമ്മുടെ ചില നല്ല സ്വഭാവവിശേഷങ്ങൾ മറ്റുള്ളവർ പാടിപ്പുകഴ്ത്തിയാലും, നമ്മൾക്ക് തന്നെ പാരയായി മാറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുള്ളവരല്ലെ മിക്കവരും. പ്രത്യേകിച്ച് പ്രവാസികൾ....!
അനിവാര്യമായത് സംഭവിക്കുന്നതിനു മുൻപ് പല മുന്നറിയിപ്പുകളും നമ്മൾക്ക് കിട്ടും.
നാമത് സ്വാഭാവികതയോടെ തന്നെ അവഗണിക്കും.
പിന്നെ, എത്ര ശ്രദ്ധിച്ചാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ....!!!?’

ബാക്കി അടുത്ത പോസ്റ്റിൽ....

Saturday, 1 October 2011

സ്വപ്നഭുമിയിലേക്ക്...(50) തുടരുന്നു...



കഴിഞ്ഞതിലെ ചെറിയൊരു ഓർമ്മ പുതുക്കൽ....
[ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!! കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!! സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!! ]

ബോസ്സിന്റെ രാജി....

തുടരുന്നു....

അതെ, ‘മണലായിരുന്നു അതിനകത്ത് ’...!
എത്ര വില കൊടുത്താൽ പോലും കിട്ടാനില്ലാത്ത നല്ല ആറ്റുമണൽ...!!

ആ സാധനം എങ്ങും കിട്ടാനില്ല. പുഴയുടെ അടിത്തട്ട് തുരന്നെടുക്കുന്നത് പൂഴിമണ്ണാണ്.
പുഴയുടെ രണ്ടു വശത്തെ തീരം കുഴിച്ചെടുക്കുന്നതും പൂഴിമണ്ണു തന്നെ.
അതാണ് ‘മണൽ’ എന്നും പറഞ്ഞ് വിറ്റു കാശാക്കുന്നത്.

കൃഷിക്കാരായിരുന്ന കാർന്നവന്മാർ ഫലഭൂയിഷ്ടമായിരുന്ന മണ്ണ് വെട്ടി തറയിലിടാൻ മടി കാണിച്ചിരിക്കും. പകരം വെറുതെയെന്നോണം വാരിയെടുത്ത് കൊണ്ടു പോകാൻ കഴിയുമായിരുന്ന ആറ്റുമണൽ തറയിൽ നിറച്ചിരിക്കും...!
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.

അടിക്കല്ലുകൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്ന് നിർബ്ബന്ധിച്ചാണ് വീട് പൊളിക്കാൻ കരാർ കൊടുത്തത്. ഇല്ലെങ്കിൽ അവർ അവർക്ക് ആവശ്യമുള്ളതു മാത്രം കൊണ്ടു പോകുകയും ബാക്കി നമ്മൾ ആളെ നിറുത്തി വൃത്തിയാക്കേണ്ടിവരുമെന്ന് കോൺ‌ട്രാ‍ക്ടർ പറഞ്ഞതു കൊണ്ടാണ് അങ്ങനെ ഒരു നിബന്ധന വച്ചത്.

കോൺ‌ട്രാക്ടർ ആവുന്നതും പറഞ്ഞു നോക്കിയിരുന്നു. മണലിന്റെ വില കൊടുക്കാം. ആ മണൽ തിരിച്ചു തന്നേക്കാൻ. അത് കേട്ടതായി പോലും അവർ ഭാവിച്ചില്ല. പഴയ വീട് അത്ര വലിയതൊന്നുമായിരുന്നില്ല. എങ്കിലും നമ്മുടെ പുരപണിക്കുള്ളത് കിട്ടുമായിരുന്നുവെന്ന് കോൺ‌ട്രാക്ടർ പറഞ്ഞപ്പോൾ, ശരിക്കും പറ്റിയ അബദ്ധം ആരോടും പറയാതിരിക്കുകയാണ് ബുദ്ധിയെന്നു തോന്നി. ഇങ്ങനെയൊരു സംഭവം അയൽ വക്കത്തുള്ളവർ പോലും അറിഞ്ഞില്ല. വെളുപ്പിനെ മുതൽ അവർ അത് കടത്തിക്കൊണ്ടു പോയി. ഞാൻ ബഹറീനിൽ എത്തിയ വിവരത്തിന് വിളിച്ചപ്പോഴേക്കും, പഴയ വീടിരുന്ന സ്ഥലം വെടിപ്പാക്കിയിരുന്നു...!

വീടു പണി പൂർത്തിയാക്കാൻ ആറുമാസമാണ് കാലാവധി കോൺ‌ട്രാക്ടർ പറഞ്ഞിരുന്നത്. പണി തുടങ്ങുമ്പോൾ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള പണം ലോണായിട്ട് ബാങ്കിൽ തന്നെ കിടപ്പുണ്ട്. ആവശ്യമുള്ള പണിക്കാർ കോൺ‌ട്രാക്ടറുടെ കൈവശമുണ്ട്. സിമന്റിനൊ, മണലിനോ ഒരു ക്ഷാമവുമില്ലായിരുന്നു.

പിന്നെന്തുകൊണ്ടെന്നറിയില്ല ആറു മാസമായിട്ടും പണി തീർന്നില്ല. ഒരു വർഷമായിട്ടും വീട് കേറിത്താമസിക്കാൻ പറ്റിയ പരുവത്തിൽ കിട്ടിയില്ല. അപ്പോഴേക്കും താൽക്കാലികമായി കെട്ടിയ പുര മേഞ്ഞിരുന്ന ടിൻഷീറ്റ് കാറ്റത്ത് പറക്കാൻ തുടങ്ങി.

ഉടനെ ഞാൻ നാട്ടിലെത്തി. ഉള്ള സെറ്റപ്പിൽ പുതിയ വീട്ടിലേക്ക് മാറിത്താമസിച്ചു.
പെങ്കൊച്ച് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നതാ ‘ഗൾഫുകാരുടെ മാതിരി അസ്ഥികൂടം പോലുള്ള വീട് ’ വക്കണ്ടാന്ന്.
എല്ലാമുണ്ടായിട്ടും അങ്ങനെ തന്നെയാണ് സംഭവിച്ചത്...!!

ഒരു പക്ഷെ, ഗൾഫുകാർക്കെല്ലാം എവിടെന്നോ കിട്ടിയ ഒരു ശാപമായിരിക്കാം അത്.
‘പെട്രോ ഡോളറിന്റെ അഹങ്കാരത്തിൽ നീ പണിയുന്ന പുര ഒരു കാലത്തും തീരാതെ പോകട്ടെ’യെന്ന് ’.
അങ്ങനെ ആരെങ്കിലും ശപിച്ചതായി ഒരു കെട്ടു കഥ പോലും കേട്ടിട്ടുമില്ല.
പെങ്കൊച്ച് സംശയിക്കുന്നതു പോലെ ‘വാസ്തുപുരുഷന്റെ’ കിടപ്പിന് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടാകുമോ..?

ഒരു മുറി അടച്ചുറപ്പാക്കിയാണ് മാറിത്താമസിച്ചത്.
അപ്പോഴേക്കും മണൽ, സിമന്റ് മുതലായ സാധനങ്ങൾക്ക് വില ഇരട്ടിയിലധികമായി. കൂലിച്ചിലവും ഇരട്ടിയായി. കോൺ‌ട്രാക്റ്റർ നിന്നു പരുങ്ങാൻ തുടങ്ങി. ഞാൻ പറഞ്ഞു.
“എന്റെ കുഴപ്പമല്ലല്ലൊ. പറഞ്ഞതു പോലെ ആറു മാസം കൊണ്ട് പണി തീർത്തിരുന്നെങ്കിൽ ഈ പുല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല. വെറുതെയാണൊ നമ്മുടെ രൂപക്ക് മൂല്യം കുറഞ്ഞു കുറഞ്ഞു വരുന്നെ. ഇതൊക്കെത്തന്നാ കാരണം...”

ചുരുക്കിപ്പറഞ്ഞാൽ രണ്ടു വർഷം തീർത്തും വേണ്ടി വന്നു മുഴുവൻ പണിയും തീരാൻ.
‘പുരപണിയെന്നൊക്കെ പറഞ്ഞാൽ അതൊരു യോഗമാണെന്ന് ’ പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ്.

കാലങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞില്ല.
മനാമയിലും പരിസരങ്ങളിലും അംബരചുംബികൾ എത്രയോ ഉയർന്നു പൊങ്ങി, ആകാശവുമായി കുശലം പറയാൻ തുടങ്ങിയിരുന്നു. മനാമയോട് ചേർന്ന് കിടക്കുന്ന ‘സീഫ് ’ ജില്ലയുടെ മുഖഛായ തന്നെ മാറിപ്പോയി. തലങ്ങും വിലങ്ങും പാലങ്ങളും റോഡുകളും നിമിഷ നേരമന്നോണം ഉയർന്നു വരാൻ തുടങ്ങി. ഇതിനെല്ലാം ആവശ്യമായ സ്ഥലസൌകര്യം ചെയ്തുകൊടുക്കാനായിട്ടെന്നോണം ഞങ്ങൾക്ക് ചുറ്റുമുള്ള കടൽ ഉള്ളിലേക്ക് വലിഞ്ഞ് (വലിപ്പിച്ച്..!?) കൂടുതൽ കരപ്രദേശം ഉയർന്നു വന്നുകൊണ്ടിരുന്നു.
(ഇനി എന്നാണാവോ ഇതിന്റെയൊക്കെ പ്രതികാരം സത്യമായ കടൽ ഞങ്ങളോട് തീർക്കുന്നത്.)

പുരപണി തുടങ്ങിയിട്ട് അഞ്ചുവർഷം ആയപ്പോഴാണ് ലോണിന്റെ കണക്കുകൾ ബാങ്കിൽ നിന്നും ആവശ്യപ്പെടുന്നത്. ലോൺ എടുക്കാൻ തുടങ്ങിയ മാസം തന്നെ തിരിച്ചടവും തുടങ്ങിയിരുന്നു. വായപ കാലാവധിയായ പത്തു വർഷം അത്ര ചെറിയ കാലയളവ് അല്ലല്ലൊ.
ഗൽഫിലെ ജോലി കണ്ട് മാത്രമാണ് അത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇവിടത്തെ ജോലി എത്രനാളെന്ന് ആർക്കും പറയാനാകില്ലല്ലൊ.

ബാങ്കിൽ നിന്നും സ്റ്റേറ്റ്മെന്റ് കിട്ടിയപ്പോഴാണ് ശരിക്കും കണ്ണു തള്ളുന്നത്...!
എട്ടര ശതമാനമായിരുന്നു വായ്പ്പ തരുമ്പോഴുള്ള പലിശ നിരക്ക്.
ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് പന്ത്രണ്ടര ശതമാനത്തിൽ...!!
അഞ്ചു വർഷം കഴിയുമ്പോൾ മുതൽ നേർ പകുതിയെ കാണാൻ വഴിയുള്ളു. പക്ഷെ, അറുപത്തഞ്ചു ശതമാനവും ബാക്കിയാണ്. എല്ലാ മാസവും മുടങ്ങാതെ അടക്കുന്ന തുകയിൽ നിന്നും 65% പലിശക്കു മാത്രമാ‍ണു പോകുന്നത്. ബാക്കിയുള്ള 35% ആണു മുതലിൽ അടക്കപ്പെടുന്നത്.

പണം കൂടുതലായി അടക്കാൻ കഴിയുമായിരുന്നില്ല. ബാങ്കിൽ ചോദിച്ചപ്പോൾ ‘റിപ്പോയും,’ ‘റിവേഴ്സ് റിപ്പോ ’ യും റിസർവ് ബാങ്കും മറ്റും പറഞ്ഞു ബോധം കെടുത്തി വിട്ടു...!
എന്നിട്ടൊരു ഉപദേശവും.
“ പേടിക്കേണ്ടതില്ല. പത്തു വർഷമെന്നത് രണ്ടോ മൂന്നോ വർഷം കൂടി അടക്കേണ്ടി വരും. അത്രെയുള്ളു...!! ”
എത്ര നിസ്സാരം. എന്റെ ദൈവമെ..!!
ആകാശത്തിലേക്ക് നോക്കാതിരിക്കാനായില്ല.
എവിടെന്നെങ്കിലും ഒരു രക്ഷകൻ താഴേക്കു വരുന്നുണ്ടോ...?

പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു...
എങ്ങനെ കുറച്ചു പൈസ (ലക്ഷങ്ങൾ വേണം) പെട്ടെന്ന് ഉണ്ടാക്കും...?
പെങ്കൊച്ചിനോട് പറഞ്ഞേൽ‌പ്പിച്ചു.
“മോളെ.. ഇനി ഒരൊറ്റ ലോട്ടറിയും വിടണ്ട. എല്ലാത്തിന്റെയും ഓരോന്നെടുത്തോണം.. ഓണം, വിഷു ബംമ്പറുകൾ ഒന്നും വിടണ്ട...”
“അപ്പൊ.. ഇന്നാളു ഞാൻ ഓണം ബമ്പറ് ഒരെണ്ണം എടുക്കട്ടേന്ന് ചോദിച്ചപ്പോ... വേണ്ടാന്നു പറഞ്ഞതോ...”
“ എന്റെ കൊച്ചേ.. അതിന്നാളല്ലെ. അതു പിന്നെ കോടികളൊക്കെ കിട്ടിയാൽ മനുഷ്യന്റെ ഉള്ള മനസ്സമാധാനം കൂടി ഇല്ല്യാണ്ടാവൂന്ന് പേടിച്ചിട്ടാ വേണ്ടാന്നു പറഞ്ഞത്...!!”
“അപ്പൊ ഇപ്പൊഴോ..?”
“ദേ.. കൊച്ചേ.. പറഞ്ഞതങ്ങോട്ട് കേട്ടാ മതി. ഇങ്ങോട്ടു ചോദ്യങ്ങളൊന്നും വേണ്ടാ..!”
അല്ലാതെ പിന്നെ...

ഞാനുമിവിടെ വെറുതെയിരുന്നില്ല...
ഇവിടെയുമുണ്ടായിരുന്നു ലോട്ടറികൾ...!
‘അര ദിനാർ’ കൊടുത്താൽ 200 ദിനാർ മുതൽ രണ്ടായിരമോ അതിൽ കൂടുതലോ ദിനാർ സമ്മാനം കിട്ടുന്നവ. നമ്മുടെ നാട്ടിൽ നിരോധിച്ചതും ഇന്നും പാത്തും പതുങ്ങിയുമൊക്കെ നടത്തപ്പെടുന്നതുമായ ‘ഒറ്റ നമ്പർ ലോട്ടറി’ യുടെ മറ്റൊരു പതിപ്പ്.

കുമാറിന്റെ വീഡിയോ കടയുടെ മുൻ‌പിലൂടെ പോകുമ്പോൾ പേഴ്സ് പതുക്കെ തപ്പും.
അഞ്ചു രൂപ (അര ദിനാർ) ചില്ലറയുണ്ടാകുമോ ലോട്ടറി എടുക്കാൻ..
പോക്കറ്റിൽ കാശുള്ളപ്പൊ വല്ലപ്പൊഴുമൊക്കെ ഓരോന്ന് ഞാനുമെടുക്കും.
എങ്ങാൻ കിട്ടിയാലോ...!?

അതിനായി ചെന്നപ്പോഴാണ് മലയാളികൾ മാത്രമല്ല ഫിലിപ്പിനോകളും സ്വദേശികളും വരെ ഈ ലോട്ടറിയുടെ അടിമകളാണെന്ന് തിരിച്ചറിഞ്ഞത്. അതിൽ ഫിനിപ്പിനോകളാണ് ഏറ്റവും കൂടുതൽ ഇത് ഭ്രാന്തായി കൊണ്ടു നടക്കുന്നത്. എത്രയോ ദിനാറാണ് അവർ ഓരോ ദിവസവും ഇതിനായി ചിലവഴിക്കുന്നത്. സമ്മാനം കിട്ടുന്നതും അവർക്കു തന്നെയാണധികവും. ഇതിൽ വാശി കേറി കിട്ടുന്നതു മുഴുവൻ നശിപ്പിക്കുന്ന മലയാളികളും ഉണ്ടത്രേ...!!
നാട്ടിലേപ്പൊലെ ലോട്ടറിക്കാരുടെ സ്വന്തക്കാർക്ക് മാത്രമായി ഒന്നാം സമ്മാനം ഏർപ്പെടുത്തിക്കൊടുക്കുന്ന പതിവ് ഇവിടെയില്ലെന്നു തോന്നുന്നു.

അതുപോലെ അല്ലെങ്കിലും ഇവിടത്തെ പല ബാങ്കുകളും ലോട്ടറികൾ നടത്തുന്നുണ്ട്.
അതു പിന്നെ പണമൊന്നും നഷ്ടപ്പെടുകയില്ല. നമ്മൾ നിക്ഷേപിക്കുന്ന തുക ആവശ്യപ്പെടുമ്പോൾ തിരിച്ചു കിട്ടും. പലിശയൊന്നും കിട്ടുകയില്ലെന്നു മാത്രം. ഓരൊ അൻപത് ദിനാറിനും ഒരു ചാൻസ് വീതം കിട്ടും. ഓരോ ആഴ്ചയിലും, മാസത്തിലും മാത്രമല്ല ആറുമാസം കൂടുമ്പോഴും വർഷത്തിലൊരിക്കലും മെഗാ നറുക്കെടുപ്പുമുണ്ട്. നമ്മുടെ 50 ദിനാർ അവിടെ കിടക്കുവോളം ഓരോ നറുക്കെടുപ്പിലും നമ്മളെ സമ്മാനത്തിനായി പരിഗണിക്കും. പക്ഷെ, ഭാഗ്യം വേണം...!
വലിയ സമ്മാനങ്ങളാണ് നൽകുന്നത്.

ഒരു ബാങ്കിൽ ഞാനും നിക്ഷേപിച്ചു, ഒരു നറുക്കിന്റെ വിലയായ ‘50 ദിനാർ ’.
ഇവിടെ റോഡു മുഴുവൻ വൃത്തിയാക്കുന്നവരുടെ, ചില നിർമ്മാണ തൊഴിലാളികളുടെ, ഹൌസ് മേഡുകളുടെ ഒക്കെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമാണ് ആ തുക...!

അതിൽ കൂടുതൽ തുക നിക്ഷേപിക്കാൻ കഴിഞ്ഞില്ല.
ഭാഗ്യമുണ്ടെങ്കിൽ ആ ഒരെണ്ണം ധാരാളം...!
അല്ല, ഭാഗ്യമുണ്ടെങ്കിൽ ഇങ്ങോട്ടു കെട്ടിയെടുക്കണമായിരുന്നോ...?!

പക്ഷെ, ഇതൊന്നും നല്ല ഫലം തരികയില്ലല്ലൊ. ആശ മാത്രമേ തരികയുള്ളു.
അപൂർവ്വം ഭാഗ്യവാന്മാർ ഉണ്ട്. അക്കൂട്ടത്തിലൊന്നും നമ്മൾ പെടുകയില്ല.
ലക്ഷങ്ങൾ നിക്ഷേപിക്കുന്ന സ്വദേശികൾക്കുള്ളിൽ നമ്മൾ മുടക്കുന്ന ഒരു നറുക്കിന്റെ 50 ദിനാറിന് എന്തു വില...?
ഏതു ഭാഗ്യദേവതയാണ് തിരിഞ്ഞു നോക്കുന്നത്...?
എന്നിട്ടും കിട്ടുന്ന ഇന്ത്യാക്കാരുണ്ടെങ്കിൽ, അവർ ‘അതി ഭാഗ്യവാന്മാരാണ്...!!’

കാശിന്റാവശ്യത്തിന് മറ്റു വഴികൾ നോക്കണമെന്ന് തിരിച്ചറിഞ്ഞു.
പലിശക്ക് പണം കിട്ടും.
പക്ഷേ, ‘നൂറ്റിക്ക് പത്തു’ വച്ച് മാസം കൊടുക്കണം...!
അതു വേണ്ട. എത്രയോ മലയാളികൾ അങ്ങനെ പണം വാങ്ങി നരകയാതന അനുഭവിക്കുന്നു. ചിലർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇവിടേയും നാട്ടിലും കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥ വന്നു ചേരും.

അതൊരു തലവേദനയായി കൊണ്ടു നടക്കണ നേരത്താണ് പണപ്പെരുപ്പം കുറക്കാനായി റിസർവ്വ് ബാങ്ക് യോഗം ചേരാൻ തിരുമാനിച്ചതായി ചാനലിൽ കണ്ടത്...!!
അതോടെ ഉള്ള സമാധാനം കൂടി നഷ്ടമാകുമെന്നുറപ്പായി.
ഏതു കൊച്ചു കുട്ടികൾക്കു പോലും അറിയാം അവർ എന്താ ചെയ്യാൻ പോകുന്നതെന്ന്..!
അതുപോലെ തന്നെ സംഭവിച്ചു.

പണക്കാർക്ക് ഒരു ചുക്കുമില്ല. പലിശനിരക്ക് കൂട്ടുന്ന അതേ സർക്കാരു തന്നെ ‘സബ്സിഡി‘ കൊടുക്കുകയോ എഴുതിത്തള്ളുകയോ ചെയ്ത് പണക്കാരുടെ സഹായത്തിനെത്തും. പാവപ്പെട്ടവന്റടുത്ത് ഒരാളും വരികയില്ല.

അതേ.. പലിശ 13% ആയി ഉയർത്തിയതായി അറിയിപ്പു കിട്ടി...!
ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായി....!!
ഒരു കൈ സഹായത്തിന് ദൈവത്തെയല്ലാതെ മറ്റാരെ വിളിക്കാൻ...
എന്നിട്ടും ദൈവത്തിന്റെ ഓരോ കളികളേ...!?

മനസ്സിൽ തീയുമായി ഓടിനടക്കണ നേരത്താണ് ‘കൂനിന്മേൽ കുരു’ വെന്നതു പോലെ, ഒരു വെള്ളിടിയായി ആ വാർത്ത എന്റെ മുന്നിലേക്ക് പെയ്തിറങ്ങിയത്.
“ബോസ്സ് രാജി വച്ചു..!!!!?”
അതൊരു ഇടിവെട്ടു വാർത്തയായിരുന്നു...!!

എനിക്കാ വാർത്ത വിശ്വസിക്കാനായില്ല.
ഈ ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത് ‘ബോസ്സ് ’ കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ.
പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല...!

വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!

ബാക്കി അടുത്ത പോസ്റ്റിൽ...

Thursday, 15 September 2011

സ്വപ്നഭുമിയിലേക്ക്...(49) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....

............പരിചയക്കാരായ കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു. അതു മറ്റാവശ്യങ്ങൾക്ക് ചിലവാക്കിയാൽ ഒരു മാസം കൊണ്ട് ഓടിപ്പിടഞ്ഞുണ്ടാക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടാക്കാനാവില്ല. ലോണും പാസ്സാവില്ല...!
നാട്ടിലെത്തിയതും ആദ്യത്തെ കൈക്കൂലിക്കായി കോൺ‌ട്രാക്ടർ കൈ നീട്ടി...?!!

തുടർന്നു വായിക്കുക....

എവിടേയും കുപ്പി...

കോണ്‌ട്രാക്ടറുടെ ചോദ്യം കേട്ട് ഞാൻ കണ്ണു മിഴിച്ചു. വളരെ കൂറച്ചു സമയത്തിനുള്ളിൽ ബാങ്കിൽ നിന്നും ലോൺ പാസ്സാക്കിയെടുക്കണമെങ്കിൽ, സർക്കാരിന്റെ ഓഫീസ്സുകളിൽ നിന്നും കിട്ടേണ്ട പേപ്പറുകൾ കൈക്കൂലി കൊടുക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ കയ്യിൽ കിട്ടില്ലെന്നറിയാം.
പക്ഷേ, ഇയാൾക്കെന്തിനു കൈക്കുലി കൊടുക്കണം...?

ഇയാളെ ഞാനല്ലെ വീടു പണിയാൻ കോൺ‌ട്രാക്ട് കൊടുത്തത്. അതിനു പിന്നെന്തിനു കൈക്കൂലി..? ഞാൻ ചോദിച്ചു.
“തനിക്കെന്തിനു ഞാൻ കൈക്കൂലി തരണം...?”
“എനിക്കല്ല കൈക്കൂലി...! എന്റടുത്ത് വീടിന്റെ പ്ലാൻ താൻ വരുന്നേനു മുന്നെ സാങ്ക്ഷൻ ചെയ്യിക്കണോന്നു പറഞ്ഞായിരുന്നോ..?”
“ഉവ്വാ..”
“അതു സാങ്ക്ഷൻ ചെയ്യിച്ചു പെങ്കൊച്ചിന്റെ കയ്യിലോട്ടു കൊടുത്തിട്ടുണ്ട്...!”

കേട്ടതും എന്റെ കണ്ണുകൾ വിടർന്നു. ദൈവമേ അതു സാധിച്ചു കിട്ടിയോ..!?
എന്റെ സന്തോഷം കണ്ടിട്ടാകും കോൺ‌ട്രാക്ടർ അതൊന്നു കൂടി വിശദീകരിച്ചു.
“നമ്മൾ നേരെ ചൊവ്വെ പോയാ.. അത് ഏതെങ്കിലും മേശപ്പുറത്ത് കിടക്കുമെന്നല്ലാതെ ഒരടി മുന്നോട്ടു നീങ്ങില്ല. പിന്നെ ഓരോ മേശയിലും പോയി നമ്മൾ നീക്കിക്കൊടുക്കണം. അതിന് പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടോർത്ത് അവരെല്ലാവരും കൂടി നമ്മൾക്കായിട്ട് ഒരുപകാരം ചെയ്ത് വച്ചിട്ടുണ്ട്. എല്ലാ മേശക്കാരും കൂടി പിടിച്ചു പറിച്ച് ഒച്ചയും ബഹളവും ഇല്ലാണ്ടിരിക്കാൻ ഏതെങ്കിലും ഒരു മേശയിൽ ഒന്നിച്ചങ്ങു കൊടുത്താൽ മതി. അവരു സൌകര്യം പോലെ വീതിച്ചങ്ങെടുത്തോളും. അപ്പൊ നമ്മൾക്കും ബുദ്ധിമുട്ടില്ല. അവർക്കും ബുദ്ധിമുട്ടില്ല...!
ആ വകയിൽ കൊടുത്തതാ രൂപാ രണ്ടായിരം..!! അതിങ്ങാട്ടെടുത്തേ...!”

പ്രത്യേകിച്ച് ഒന്നും പറയാൻ എനിക്കില്ലായിരുന്നു. രൂപാ രണ്ടായിരം എണ്ണിക്കൊടുക്കുമ്പോൾ ഞാൻ മനസ്സിലോർത്തത്   ‘ങാ.. പോട്ടെ ഇരുപത് ദിനാറല്ലെ..! ഒരു മാസം ഞാൻ ബഹറീനിൽ നിരാഹാരം കിടന്നെന്നു വിചാരിച്ചാൽ മതിയല്ലൊ..!’ കാശു വാങ്ങി പോക്കറ്റിലിടുമ്പോൾ കോണ്‌ട്രാക്ടർ ഒരു കാര്യം കൂടി പറഞ്ഞു.
“ആ വകയിൽ കുറച്ചു കൂടി പൈസ എന്റെ കയ്യിൽ നിന്നും ചിലവായിട്ടുണ്ട്. പ്ലാനിന്റേയും ആധാരത്തിന്റേയും ഓരോ ഫോട്ടോ കോപ്പികളും കൂടി കൊടുക്കണം. കോപ്പി എടുപ്പിച്ച വകയിൽ, ടൌൺ പ്ലാനറെ വീട്ടിൽ പോയി കണ്ടതിന്റെ വണ്ടിക്കാശ്...! അതെല്ലാം കൂടി ഞാൻ ഒന്നിച്ചൊരു ബില്ലു പിന്നെ തന്നോളാം...!! ചേട്ടൻ ഇപ്പോൾ വന്നതല്ലെയുള്ളു. ഒന്നു വിശ്രമിക്ക്. ഇപ്പോൾ ഞാൻ പോട്ടെ. നാളെ വരാം.”

അതും പറഞ്ഞ് ഇറങ്ങിപ്പോയ അയാളുടെ പോക്കും നോക്കി ആ ഇറയത്തെ തിണ്ണയിൽ ഒരൽ‌പ്പനേരം ഞാനൊന്നിരുന്നു. ഈ വീടിന്റെ മേൽക്കൂര എപ്പോഴാണ് ഇടിഞ്ഞു വീഴുന്നതെന്നറിയാതെ, മുൻപെപ്പോഴോ ഇടിമുഴക്കത്തിൽ പൊട്ടിപ്പിളർന്നു പോയ ചുമരുകളും നോക്കി ഭീതിയോടേ അവിടെന്നെഴുന്നേറ്റ് അകത്തേക്കു കയറിയപ്പോൾ, അച്ചന്റെ കുഞ്ഞു പെട്ടിക്കകത്തുള്ള മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും എന്തെന്നറിയാനായി പെട്ടി കെട്ടിയ കയർ അഴിക്കാനുള്ള ക്ഷമയില്ലാതെ അറുത്തു മുറിക്കുന്നതിന്റെ ബഹളത്തിലായിരുന്നു മക്കൾ രണ്ടും.

സമയം കളയാനില്ലാത്തതു കൊണ്ട് പിറ്റേ ദിവസം തന്നെ ബാങ്കിൽ ചെന്ന് മാനേജറെ കണ്ടു. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങളെല്ലാം വിശദമാക്കി തന്നു. അന്നു പിന്നെ സമയം ഇല്ലാത്തതു കൊണ്ട് അടുത്ത പരിപാടി പിറ്റേ ദിവസത്തേക്കു മാറ്റി.

ഭാഗ്യത്തിന് സ്ഥലത്തിന്റെ ‘പോക്കു വരത്ത് സർട്ടിഫിക്കറ്റ്’ പെങ്കൊച്ച് നേരത്തെ എടുത്തു വച്ചിരുന്നു. ആദ്യം രജിസ്റ്റ്റാഫീസ്സിൽ പോയി വസ്തുവിൽ പണയക്കുടിശ്ശികയൊന്നുമില്ലെന്ന് എഴുതി വാങ്ങണം.

പിന്നെ വില്ലേജാഫീസ്സ്. അവിടെ രണ്ടു ദിവസം നടന്നിട്ടാണ് അകത്തു കയറി കാര്യം പറയാൻ കഴിഞ്ഞത്. കാരണം ഉത്തരവാദപ്പെട്ടവർ ആരും സ്ഥലത്തില്ല. എല്ലാവരും ഫീൽഡിലാണ്...! ഞാൻ പറഞ്ഞു.
“സാറ് ഈ ആധാരം നോക്കി ഒന്നു വരച്ചു തന്നാ മതി...”
“അവിടെ വന്ന് സൈറ്റ് കാണാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. താനൊരു കാര്യം ചെയ്യ്. നാളെ ഒരു പത്തു മണിയാകുമ്പോ ഒരു വണ്ടിയും വിളിച്ചിങ്ങോട്ടു വാ...”
“സാർ ഒട്ടോറിക്ഷക്ക് പോകാനുള്ള ദൂരമേയുള്ളു...”
അതു കേട്ടതും ആ സാറ് എന്റെ മുഖത്തേക്ക് ക്രൂദ്ധിച്ചൊരു നോട്ടം.
‘ഇവനേതു കോത്താഴത്തുകാരനെടാ..!’ എന്ന മട്ടിൽ.

പുറത്തിറങ്ങിയപ്പോൾ പിയൂൺ അടുത്തു കൂടി പറഞ്ഞു.
“സാറ് കാലത്തെ തന്നെ ഇങ്ങു പോരേ. ഇവിടെ അവരു സ്ഥിരം പോണ ഓട്ടോക്കാരു കാണും. അവരെ വിളിച്ചാൽ മതി.”
അത്രയും ഉപദേശത്തിന് തല ചൊറിയുന്ന, പീയൂണിനുള്ള ചായക്കാശ് പോക്കറ്റിൽ നിക്ഷേപിച്ച് ഞാൻ വേഗം തിരിഞ്ഞു നടന്നു. ഈ വരാന്തയിൽ കേറിപ്പോയാൽ കാശാണ്. ഇവർക്ക് സർക്കാരു കൊടുക്കുന്നത് ചക്കക്കുരുവാണൊ..? നാളെ വീട്ടിൽ വരണമെന്നു വാശി പിടിക്കുന്നത് കാശിനാണ്. അല്ലെങ്കിൽ ആധാരം നോക്കി ലൊക്കേഷൻ വരച്ചു തരാവുന്നതേയുള്ളു.

സർക്കാരുദ്യോഗസ്ഥർ പൊതുജനങ്ങളുടെ ‘സേവകരാണെന്നന്നും’ അതിനാണ് സർക്കാർ ശമ്പളം കൊടുക്കുന്നതെന്നും കരുതി അങ്ങോട്ട് ഓരോ ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ, അങ്ങനെയല്ല ഞങ്ങൾ നിങ്ങളുടെ ‘യജമാനന്മാർ’ ആണെന്നും വേണമെങ്കിൽ വണ്ടിയുമായിട്ടു വന്നാൽ നിന്റെ കാര്യം നടത്തിത്തരാം എന്ന് ഊട്ടി ഉറപ്പിക്കുകയാണ്.

പിറ്റേ ദിവസം ഞാൻ പത്തു മണിക്കു മുൻപേ വില്ലേജാഫീസിൽ ഹാജരായി. എന്നേപ്പോലെ തന്നെ മറ്റു പലരും അവിടെ ഇതേ ആവശ്യങ്ങൾക്കായി എത്തിയിട്ടുണ്ട്. വില്ലേജാഫീസർ അകത്തിരിക്കുന്നതേയുള്ളു. ഇതെല്ലാം നിയന്ത്രിക്കുന്നവർ മറ്റു സ്റ്റാഫുകളാണ്. സൈറ്റിൽ വരുന്നതും മറ്റുള്ളവരാണ്.

അവരുടെ നിർദ്ദേശപ്രകാരം ഞാൻ തിരിച്ചു പോന്നു. സാറമ്മാർ ഓരോ ഇടത്തും പോയി കറങ്ങി എത്തിക്കോളും. ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഓട്ടോക്കാശ് ഞങ്ങൾ കൊടുത്തോളണം. അതു സമ്മതിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അതു ഞങ്ങൾക്കും ലാഭമാണല്ലോന്ന് കരുതി. മൊത്തം ഓട്ടോക്കാശിന്റെ ഒരു വിഹിതമല്ലെ കൊടുക്കേണ്ടതുള്ളു.

വീട്ടിൽ വന്ന് ഞാൻ കാത്തിരിപ്പായി. പതിനൊന്നായി, പന്ത്രണ്ടായി, ഒന്നായി, രണ്ടായി, അതു വരെ ഉച്ച ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരിപ്പ്. മൂന്നു മണിയായപ്പോഴുണ്ട് ഒരു ഓട്ടോറിക്ഷ പടിക്കൽ വന്നു നിന്നു. ഞാൻ ഓടിച്ചെന്നു. സാറമ്മാർ ഇറങ്ങാനുള്ള ഭാവമില്ല. ഞാൻ ചോദിച്ചു.
“ സാർ ഇറങ്ങുന്നില്ലേ..?”
“ഇനീപ്പൊ നേ രം പോ യ ടോ.. താ നാ ഓ ട്ടോ ക്കാ ര ന്റെ കാ ശു കൊ ട്...!”

എവിടെന്നൊക്കെയോ ഫ്രീയായി കിട്ടിയത് അടിച്ചു കയറ്റി നല്ല പിമ്പിരിയിലാണ് സാറമ്മാർ..!
പറയുന്നതൊന്നും അത്ര വ്യക്തമല്ല. ഇറങ്ങിയാലും പിന്നെ എന്റെ പാടാവാനാണ് സാദ്ധ്യത...!
“എത്രയാ..? ” ഞാൻ ഓട്ടോക്കാരന്റെ നേരെ തിരിഞ്ഞാണ് ചോദിച്ചത്.
ഓട്ടോക്കാരൻ പിറകിലേക്ക് തിരിഞ്ഞ് സാറമ്മാരുടെ മുഖത്തേക്ക് നോക്കി. ഞാനും അവരെ നോക്കി. അതിൽ മീശയില്ലാത്ത സാർ പറഞ്ഞു.
“വില്ലേജീന്നു ഇവിടെ വന്ന് തിരിച്ചവിടെ എത്താൻ എത്രയാകും. അതു കൊട്..!?”
വീണ്ടും ഞാൻ ഓട്ടൊക്കാരന്റെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണടച്ചൊരു തുക പറഞ്ഞു...!

ഞാൻ വീട്ടിലേക്കോടി. പൈസയെടുത്ത് വിണ്ടും പടിക്കലേക്ക്.
ഓട്ടോക്കാരനു കൊടുത്തതു കൂടാതെ സാറമ്മാരുടെ കൂട്ടത്തിലെ മൂത്തതെന്നു തോന്നിയ ആളുടെ കയ്യിൽ വലിയതൊരെണ്ണം പിടിപ്പിച്ചു...! എന്നിട്ടു ചോദിച്ചു.
“സാർ, ഞാൻ ഇന്നു വന്നാൽ സർട്ടിഫിക്കറ്റ് തരുമോ...? നാളെ കാലത്തു ബാങ്കിൽ കൊടുക്കേണ്ടതായിരുന്നു...”
“ഇ ന്നി നി പ റ്റി ല്ല ടോ... ആകെ ക്ഷീ ണി ച്ചി രി ക്കാ. താൻ നാ ളെ കാ ല ത്തെ വ ന്നോ. ഞാൻ എ ഴു തി വ ച്ചി രി ക്കാം”
ഞാൻ തലയാട്ടി. ഓട്ടോയിൽ നിന്നും പിടിവിട്ട് തിരിഞ്ഞ നേരം മൂത്ത സാർ കുഴഞ്ഞ ശബ്ദത്തിൽ ഒരു കുഞ്ഞു ചോദ്യം.
“ഏ ടോ കു പ്പി യൊ ന്നും കൊ ണ്ടു വ ന്നി ട്ടി ല്ലെ..?” ഞാൻ തലയൊന്നു ചൊറിഞ്ഞിട്ട് പറഞ്ഞു.
“അതൊക്കെ വന്ന അന്നു തന്നെ തീർത്തില്ലെ സാറെ..”

അത് അയാൾ വിശ്വസിച്ചുവെന്ന് തോന്നിയില്ല. ഓട്ടോ വിട്ടു. അവർ പോണതും നോക്കി ഒരു നെടുവീർപ്പുമായി ഞാൻ നിന്നു. ഗൾഫുകാരനാണേൽ, ഇവന്മാരെല്ലാം എടുത്തപടി ‘കുപ്പി’ ചോദിക്കുന്നതെന്തെന്നു മനസ്സിലായില്ല. ഗൾഫുകാർക്കെല്ലാം അവിടെ കള്ളു കച്ചവടമാണൊ തൊഴിൽ...?!
വിശപ്പു കത്തിക്കാളുന്നതു കൊണ്ട് ഞാനും തിരിഞ്ഞു നടന്നു..

പഴയ വീട് പൊളിച്ചു കളഞ്ഞിട്ടു വേണം പുതിയ വീടിന്റെ തറ കെട്ടാൻ. അതിനു മുൻപു തൽക്കാലം താമസിക്കാൻ ഒന്നു വച്ചു കെട്ടണം. അത് കോൺ‌ട്രാക്ടർ ചെയ്തു തരാമെന്നേറ്റു. പഴയ വീട് ആരു പൊളിച്ചു മാറ്റും..? പട്ടണമാണ്. അവശിഷ്ടം കൊണ്ടു ചെന്നിടാൻ ഒരിടമില്ല.
ആളെ ഏൽ‌പ്പിച്ചാൽ കൂലിച്ചെലവ് താങ്ങില്ല. അതിനകത്ത് നിന്നും കാര്യമായി ഒന്നും കിട്ടാനുമില്ല. ചിതൽ തിന്ന പഴയ ഉത്തരവും കഴുക്കോലും മാത്രം. പലതും ദ്രവിച്ചു തുടങ്ങിയിരുന്നു താനും. അതിനായി പൊളിച്ചെടുക്കാൻ പറ്റിയ ആളുകളെ അന്വേഷിച്ച് മൂന്നാലു ദിവസം പോയി. വന്നു നോക്കുന്നവർക്കൊന്നും ലാഭമൊന്നുമില്ലാത്തതു കൊണ്ട് ആരും ഏറ്റെടുത്തില്ല.

എങ്കിലും ഒരുത്തൻ വന്നു പെട്ടു. അവൻ പറഞ്ഞ വിലക്ക് വീട് കൊടുത്തു. ഞങ്ങൾ പേശാനൊന്നും പോയില്ല. തറക്കല്ലു കൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്നൊരു ഡിമാന്റു കൂടിയുണ്ടായിരുന്നു വീടു പൊളിക്കാൻ കൊടുക്കുമ്പോൾ...!

പണിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും, കൂലിച്ചെലവും ഇതെല്ലാം കൊണ്ടു പോയി തള്ളാനുള്ള ഇടവും കണ്ടെത്താൻ ബുദ്ധിമുട്ടായതു കൊണ്ടാണ് അങ്ങനെ ചെയ്തത്.
ആ നിബന്ധന എത്ര ബുദ്ധിമോശമായിപ്പോയെന്നു പിന്നീട് പരിതപിച്ചിട്ട് കാര്യമില്ലല്ലൊ...!?
വാക്ക് പറഞ്ഞാൽ വാക്കാണ്.

കാർന്നോന്മാർ വരും തലമുറകൾക്കായി എന്തെന്തു നല്ല കാര്യങ്ങളാണ് ചെയ്തു വച്ചിരിക്കുന്നതെന്ന്, ഒരു മരം പോലും ഭാവി തലമുറകൾക്കായി നട്ടു വളർത്താതെ ഉള്ളതെല്ലാം വെട്ടി നശിപ്പിക്കുന്ന നമ്മൾക്കൊക്കെ എങ്ങനെ മനസ്സിലാകാൻ..!!

ആവശ്യമായ പേപ്പറുകൾ എല്ലാം ശരിയാക്കി ബാങ്കിൽ കൊടുത്തപ്പോഴേക്കും ഇരുപതു ദിവസവും കുറേ അനാമത്ത് കാശും പിന്നെ കുറേ അലച്ചിലും ഫലം.
ഇനി ഒരു കടമ്പ കൂടി കടക്കാനുണ്ടെന്നു മാനേജർ പറഞ്ഞപ്പോൾ ഒന്നു വിയർക്കാതിരുന്നില്ല.
“അതു പിന്നെ നിങ്ങളുണ്ടാക്കേണ്ടതല്ല. എത്രയും വേഗം അത് ശരിയാക്കാൻ ഞാൻ ശ്രമിക്കാം..”

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കണ്ണും തള്ളിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ആവശ്യപ്പെട്ട ഈ തുക തരുന്നതിനു മുൻപ് സ്ഥലത്തിന്റെ മാർക്കറ്റ് വില എത്രയുണ്ടെന്നു പരിശോധിക്കണം. അത് ഞങ്ങളുടെ ആളാണ് വന്നു നോക്കുന്നത്. അതു കൂടി കിട്ടിക്കഴിഞ്ഞാൽ ഇത് ഞാൻ ഹെഡ്ഡാഫീസിലേക്കയക്കും. അവിടത്തെ കാര്യങ്ങൾ ഞാനെന്റെ പ്രത്യേക താൽ‌പ്പര്യത്തിന്റെ പുറത്ത് നിങ്ങൾ പോകുന്നതിനു മുൻപു തന്നെ ഒപ്പിടീക്കത്തക്ക രീതിയിൽ ശരിയാക്കിക്കോളാം.”

ബാങ്കിൽ നിന്നിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നുവെങ്കിലും, സ്ഥലത്തിന്റെ മതിപ്പു വിലയോ ആധാര വിലയോ അയാൾ വന്നു നോക്കുന്നത്..? ആധാര വിലയാണെങ്കിൽ ഞാൻ ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല. മതിപ്പു വിലയാണെങ്കിൽ ബുദ്ധിമുട്ടുണ്ടാവില്ല. അതൊരു ശ്വാസം മുട്ടുണ്ടാക്കുന്ന ചിന്തയായിരുന്നു. ഭക്ഷണം കഴിച്ചലിറങ്ങില്ല. ചായ കുടിച്ചാലിറങ്ങില്ല. ആകെയൊരു വിമ്മിഷ്ടം...

മാനേജർ പറഞ്ഞതു പോലെ, എന്റെ സമയമില്ലായ്മ മനസ്സിലാക്കിക്കൊണ്ടു അന്നു സന്ധ്യക്കു തന്നെ ആളെ വിട്ടു. അയാൾ വന്ന് എല്ലായിടവും ചുറ്റി നടന്നു കണ്ടു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്റെ മ്ലാനമായ മുഖം കണ്ടിട്ടാകാം അപ്പോൾ തന്നെ പറഞ്ഞു.
“കുഴപ്പമില്ല. ഇതു റോഡ്സൈഡായതു കൊണ്ട് നിങ്ങൾ ചോദിച്ചതിന്റെ ഇരട്ടി വില കിട്ടും. ഞാൻ സാങ്ക്ഷൻ ചെയ്തേക്കാം..!”
‘ദൈവമേ..!! ആ കടമ്പയും കടന്നിരിക്കുന്നു...!!’
അയാൾക്കു മാത്രം ഞാനൊരു കൈക്കൂലിയും കൊടുത്തില്ല...!
അതിനായി അയാൾ തല ചൊറിഞ്ഞതുമില്ല, കുപ്പിയും ചോദിച്ചില്ല...!!

പിറ്റെ ദിവസം പഴയ പുരയുടെ മുൻവശത്ത് ഒരു വാരം കോരിച്ചു കോൺ‌ട്രാക്ടർ.
ഞാൻ പോരുന്നതിനു മുൻപു തന്നെ കുടുംബനാഥനെന്ന നിലയിൽ തറക്കല്ലിടാനുള്ള തെയ്യാറെടുപ്പിനായിരുന്നു അത്. ലോൺ പാസ്സായില്ലെങ്കിലും ഒരു തറക്കല്ലിട്ടു വക്കാം.
നമ്മുടെ മന്ത്രിമാരൊക്കെ ചെയ്യുന്നതു പോലെ ആകാതിരുന്നാൽ മതിയായിരുന്നു, ആ കല്ലിന്റെ അവസ്ഥ എന്ന ചിന്തയായിരുന്നു മനസ്സിൽ. ലോൺ പാസ്സാകുമെന്നുറപ്പായാലെ പഴയ വീട് പൊളിക്കാൻ കഴിയൂ.

തിരിച്ചുപോരാൻ നാലഞ്ചു ദിവസം ബാക്കിയുള്ളപ്പോൾ ബാങ്കിലേക്കു ചെന്നു.
“നിങ്ങൾ പണി തുടങ്ങിക്കോ. ലോൺ ശരിയാകും. കുറച്ചു ഓഫീസ്സ് വർക്കുകൾ മാത്രമേയുള്ളു. രണ്ടു ദിവസത്തിനുള്ളിൽ നമ്മൾക്ക് എഗ്രിമെന്റ് ഒപ്പിടാൻ കഴിയും...”
എന്റെ സന്തോഷത്തിന്റെ മാറ്റിനെക്കുറിച്ച് എന്തു പറയാൻ...!!
ഒരു ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു....

പിന്നെ വൈകിയില്ല. നല്ലൊരു മുഹൂർത്തം നോക്കി തറക്കല്ലിട്ടു. വച്ചു കെട്ടിയ പുതിയ ഒറ്റമുറി വീട്ടിലേക്ക് സാധനങ്ങളെല്ലാം അന്നു രാത്രിയിൽ തന്നെ മാറ്റി. പിറ്റെ ദിവസം പഴയ പുര പൊളിക്കാനായി ആളെത്തി. മേൽക്കൂര പൊളിച്ചു കഴിയാറായപ്പോഴേക്കും ഇലക്ട്രിസിറ്റി ആഫീസിൽ നിന്നും ഒരു വണ്ടി സാറമ്മാരെത്തി..!?

കറണ്ടിന്റെ ‘മീറ്റർ’ പഴയ വീട്ടിൽ നിന്നും വച്ചു കെട്ടിയ പുരയുടെ ഭിത്തിയിലേക്ക് മാറ്റി സ്ഥാപിക്കാൻ. അതെന്തിനാ ഒരു ജീപ്പു നിറയെ ഉദ്യോഗസ്ഥരെന്ന് മനസ്സിലായില്ല..!?

ഒരു മുന്തിയ എഞ്ചിനീയർ, അതിൽ താഴെയുള്ള എഞ്ചിനീയർ, പിന്നെ അതിൽ താഴെയുള്ളവരും.
ആകെ ഒരു ലൈൻ മാന്റെ ആവശ്യമല്ലെയുള്ളു ഈ പണി ചെയ്യാൻ...?
അപ്പോഴാണ് കോൺ‌ട്രാക്ടർ സ്വകാര്യമായി പറയുന്നത്.
“അവർക്ക് കാശിനായിട്ടാ ഈ പടകളെല്ലാം കൂടെയുള്ള വരവ്...! അല്ലെങ്കിൽ നമ്മൾ അപേക്ഷ കൊടുത്ത് കാത്തിരുന്നാൽ ഇപ്പോഴൊന്നും അവരു വരികയുമില്ല, നമ്മുടെ കാര്യം നടക്കുകയുമില്ല. തന്നെയുമല്ല പണി തുടങ്ങിയാൽ നമ്മൾക്ക് കറണ്ടു കൂടുതൽ ഉപയോഗിക്കേണ്ടി വരും. അതു കൊണ്ട് അവരെ സന്തോഷിപ്പിച്ച് വിടണം..”

അവർക്കും കൊടുത്തു മുന്തിയതിനു മുന്തിയ നോട്ട്...!
പിന്നെ.. പിന്നെ.. തരാതരം തിരിച്ച്.
തിരിച്ചു പോകാൻ നേരം അവരും ചോദിച്ചു.
മറ്റത്..? കുപ്പി..!
ഞാൻ അറിയാഭാവം നടിച്ചു.
പിന്നെ ലൈൻ മാൻ പരിചയമുള്ളതു കൊണ്ട് തുറന്നു തന്നെ ചോദിച്ചു. ഞാൻ പറഞ്ഞു.
“ഞാൻ വന്നിട്ട് ഒരു മാസമായില്ലേടോ... എവിടെന്ന് ബാക്കിയുണ്ടാവാനാ..!”
എത്ര തറയാവാനും മടിയില്ല ഇക്കാര്യത്തിൽ എന്നു തോന്നിപ്പിക്കുന്ന ചോദ്യമായിരുന്നു അടുത്തത്.
“സാറ് ചെന്ന് ഒന്നു നോക്കിയേ.. ആ കുപ്പിയിൽ കുറച്ചെങ്കിലും കാണാതിരിക്കില്ല...”
അതു കേട്ട് ഞാൻ ചിരിച്ചുപോയി. ഞാൻ പറഞ്ഞു.
“ഞാൻ ഈ സാധനം കുടിക്കുന്ന ആളല്ല. വന്ന അന്നു തന്നെ അതെല്ലാം കൂട്ടുകാർ കൊണ്ടു പോയി...”
“അതൊന്നുമല്ല.. അതൊക്കെയുണ്ടാകും... എനിക്കറിയരുതോ... ചേച്ചിയേ... ഞങ്ങള് പോവാ..!”
അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവർ സ്ഥലം കാലിയാക്കി.

തറയൊഴികെയുള്ളതെല്ലാം ഒറ്റ ദിവസം കൊണ്ട് താഴെയിറക്കി. പിറ്റെ ദിവസം അതെല്ലാം അവർ കൊണ്ടു പോയി.
അന്നു വൈകുന്നേരം തന്നെ ലോണിന്റെ എഗ്രിമെന്റ് ബാങ്കിൽ വച്ച് ഒപ്പു വച്ചു...!!

അതിനടുത്ത ദിവസം അതിരാവിലെ ഞാൻ ബഹ്റീനിലേക്ക് തിരിക്കുകയാണ്.
അതിരാവിലേ തന്നെ കോൺ‌ട്രാക്ടറും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വണ്ടിയിലാണ് എന്നെ എയർപ്പോർട്ടിൽ കൊണ്ടു വിടുന്നത്. പുള്ളിക്കാരൻ അവിടെയൊക്കെ ചുറ്റി നടന്ന നേരത്താണ് പഴയ തറയുടെ ഇളകിക്കിടന്ന ഒരു വെട്ടു കല്ല് എടുത്ത് മാറ്റിയിടുന്നത്.
ഒരു സംശയത്തിന്റെ പുറത്ത് അതിനടുത്തുള്ള കല്ലു കൂടി ബലമായിട്ടു തന്നെ ഇളക്കി മാറ്റിയതും ‘ചതിച്ചോ..’ എന്നുള്ള ഒരാക്രോശവും കോൺട്രാക്ടർ പുറപ്പെടുവിച്ചു...!?

ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!!
കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!!
സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!!

ബാക്കി അടുത്ത പോസ്റ്റിൽ...