Friday 15 June 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ (4)

 (4)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.
തുടർന്നു വായിക്കുക...
 
                                       ഒറ്റപ്പെടലിന്റെ വേദന...

അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...!!
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!
“എന്തു പറ്റി അമ്മാവാ..”  
നിമ്മിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഒരു നിമിഷം മൂകമായിരുന്ന മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“ഇനി ഇതിവിടെ നിറുത്താം കുട്ടികളെ... എനിക്ക് വയ്യാ...”
“അതു പറ്റില്ല മാമാ... ഞങ്ങടെ ഒള്ള സമാധാനോം കൂടി പോയി....” 
ഒട്ടും സമയം കളയാതെയുള്ള നിമ്മിയുടെ നിർബ്ബന്ധത്തിനെ പിന്താങ്ങിക്കൊണ്ട് ഗൌരിയുടെ
“പ്ലീസ് മാമാ... ബാക്കി കൂടി പറയൂ...” കൂടി ആയതോടെ മാധവൻ ഒന്നിളകിയിരുന്നിട്ട് വീണ്ടും പറയാൻ തുടങ്ങിയതും അമ്മ ലക്ഷ്മി ഇടപെട്ട് തടഞ്ഞു.
“നിൽക്കു.. ഞാൻ പോയി കുറച്ച് കട്ടൻ കാപ്പി ഇട്ടിട്ടു വരാം. എന്നിട്ടു മതി...”

അതും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി. നിമ്മി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയിട്ടു വന്നപ്പോഴാണ് ഗൌരിക്ക് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞത്. നിമ്മി അകത്ത് പോയി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ടു വന്ന് ഗൌരിയുടെ തൊട്ടടുത്ത് നിറുത്തി. നിമ്മിയേക്കാൾ വണ്ണമുണ്ട് ഗൌരിക്ക്. നിമ്മിയെടുത്താൽ പൊങ്ങില്ലെന്നാണ് മാധവനു തോന്നിയത്. പക്ഷെ, നിമ്മി കവച്ചു നിന്ന് കക്ഷത്തിൽ കൂടി കയ്യിട്ട് ഒറ്റ പൊക്കലിനു തന്നെ ഗൌരിയെ എടുത്ത് കസേരയിൽ ഇരുത്തിയത് മാധവനിൽ അത്ഭുതമായി. നിത്യാഭ്യാസം ആയതുകൊണ്ടായിരിക്കും നിമ്മിക്കത് നിഷ്പ്രയാസം കഴിഞ്ഞതെന്ന് മാധവന് മനസ്സിലായി. അവർ തിരിച്ചു വന്നപ്പോഴേക്കും ലക്ഷ്മി കട്ടൻ കാപ്പിയുമായി എത്തിക്കഴിഞ്ഞിരുന്നു.
 
പുറത്ത് മഴയുടെ ആരവത്തിന് ശമനം വന്നിരുന്നു. ഇടിമിന്നലുകൾ ഇടക്കിടക്ക് അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. തവളകൾ അങ്ങിങ്ങ് പേക്രോം പാടുന്നതോടൊപ്പം ചീവീടുകൾ ശക്തമായി ചൂളം വിളിച്ച് പരിസരം ശബ്ദമുഖരിതമാക്കിക്കൊണ്ടിരുന്നു. ചൂടു കാപ്പി ഊതി ഊതിക്കുടിച്ചു കൊണ്ട് മാധവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാൻ വന്ന് അടുത്ത് നിന്നതോടെ ദേവൂന്റെ അസുഖമെല്ലാം മാറി. വീട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയതോടെ ഒരു കാര്യം എനിക്ക് മനസ്സിലായി. ആൺ‌മക്കൾ രണ്ടു പേരും ഒരകൽച്ച എന്നോട് കാണിച്ചിരുന്നു. മുൻ‌പും അവർ എന്തു കാര്യവും അമ്മ വഴിയാണ്  എന്നെ അറിയിച്ചിരുന്നത്. നേരിട്ട് ഒരു കാര്യവും എന്നെ അറിയിക്കില്ലായിരുന്നു.
ദേവു ആശുപത്രിയിൽ കിടന്നപ്പോഴാണ് എനിക്കത് വ്യക്തമായത്.
‘അമ്മ’ ഒരു വികാരമായി അവരുടെ മനസ്സിൽ എത്രമാത്രം പതിഞ്ഞിട്ടുണ്ടൊ അതിന്റെ നാലയലത്ത് പോലും അഛൻ ഇല്ലായെന്ന് എനിക്ക് ബോദ്ധ്യമായി. ഞാൻ എന്ന ഒരു ജീവി ആ കുടുംബത്തിൽ ഉണ്ടെന്നുള്ള ഒരു വിചാരം പോലും മക്കൾക്കില്ലെന്നു തോന്നി...!

എനിക്കത് എത്രമാത്രം മാനസ്സികാഘാതം സമ്മാനിച്ചുവെന്ന് എനിക്കു പോലും അന്നറിയില്ലായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് മക്കളുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയിൽ ഞാനെത്തിയത്. വേണമെന്നു വിചാരിച്ചിട്ടല്ല. ഈ അവഗണന കണ്ട് സഹി കെടുമ്പോൾ അറിയാതെ എന്റെ ശബ്ദം പൊങ്ങിപ്പോകുന്നതാണ്.

‘അവരുടെ അമ്മക്ക് ഈ അസുഖം വരാൻ തന്നെ കാരണം ഞാനാണത്രെ...!
അവരുടെ ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണത്രെ  അമ്മ അനുഭവിക്കുന്ന സങ്കടം. എന്നും രാത്രിയിൽ അമ്മയുടെ നിശ്ശബ്ദ കരച്ചിൽ കണ്ടും കേട്ടുമാണ് അവർ ഉറങ്ങാറ്. അഛൻ അമ്മയേയും ഞങ്ങളേയും ഒറ്റക്കാക്കി പോയതിന്റെ മനോവിഷമമാണ് ഈ അവസ്ഥയിൽ അമ്മയെ എത്തിച്ചത്. ഒരു പ്രതിസന്ധി ഘട്ടത്തിലും അഛൻ കൂട്ടിനുണ്ടായിരുന്നില്ല. കുറേ പണം അയച്ചു തരുന്നതു മാത്രമാണൊ കുടുംബ ജീവിതം...!?’
ഇങ്ങനെ പോയി  അവരുടെ കുറ്റപത്രം...!
 
എന്നെ മനസ്സിലാക്കാത്ത മക്കളോടെനിക്ക് വല്ലാത്ത അമർഷം തോന്നി. അന്നെനിക്ക് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വന്നു. 
‘നിങ്ങൾ അമ്മക്കും മക്കൾക്കും വേണ്ടിയല്ലെ ഞാനവിടെ കഷ്ടപ്പെട്ടത്. അല്ലാതെ ഞാനവിടെ എന്റെ കാര്യം നോക്കി സുഖിക്ക്യായിരുന്നില്ലല്ലൊ.’ എന്റെ വാക്കുകൾക്ക് ദേവുവിന്റെ സപ്പോർട്ടുണ്ടായിരുന്നു. എങ്കിലും ഞങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് ദേവുവാണെന്നതു കൊണ്ടു തന്നെ പലപ്പോഴും ഞാൻ തന്നെ പിൻവാങ്ങി. അവളുടെ സങ്കടം കാണാൻ എനിക്കു വയ്യായിരുന്നു.

പക്ഷെ, എന്നെ മനസ്സിലാക്കാൻ മക്കളിൽ ഒരാളെങ്കിലും ഉണ്ടായത് എനിക്കൊരാശ്വാസമായിരുന്നു.
അത് എന്റെ മോളായിരുന്നു. 

“എനിക്കും തോന്നി. ഞാനത് പറയാൻ തുടങ്ങീതാ...” പെട്ടെന്നുള്ള ഗൌരിയുടെ ശബ്ദം ഒരു നിമിഷത്തേക്ക് അവിടെ നിശ്ശബ്ദത പരത്തി.

മാധവൻ വീണ്ടും തുടർന്നു. 
‘എന്റെ മോൾ പറയും, അമ്മ ഇവിടെ അഛനെ ഓർത്ത് രാത്രി കിടന്ന് കരയാറുണ്ടെങ്കിൽ അഛനും അങ്ങനെയായിരിക്കില്ലെ അവിടെ കഴിഞ്ഞിട്ടുണ്ടാകുക. നമ്മളാരും അതൊന്നും കണ്ടിട്ടില്ലല്ലൊ. അഛനതൊന്നും നമ്മളെ അറിയിച്ചിട്ടുമില്ല. അമ്മക്ക് നമ്മൾ മൂന്നു മക്കളും തൊട്ടടുത്തുണ്ടായിരുന്നു. അഛൻ മാത്രേ ഇല്ലാതിരുന്നുള്ളു. പക്ഷേ, അഛനോ..? അഛന്റടുത്ത് ആരെങ്കിലുമുണ്ടായിരുന്നൊ..?  അതെന്താ നിങ്ങളോർക്കാത്തെ..?’

അത് കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും. ഞാൻ പറയും, മോളെ അവരു പറയട്ടെ. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഞാനുണ്ടായില്ലല്ലൊ ഇതുവരെ. അവരുടെ സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞോട്ടെ. അതിന്റെ പേരിൽ എന്റെ മക്കൾ പരസ്പ്പരം കുറ്റപ്പെടുത്തരുത്. നിങ്ങൾ എന്നും എപ്പോഴും ഏതുകാര്യത്തിനും ഒരുമിച്ചു തന്നെ നിൽക്കണം.

ഇതൊന്നും കേൾക്കാൻ ആൺ‌മക്കൾ നിൽക്കില്ല. കാരണം മോളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവളോട് കെറുവിച്ചിട്ടാവും പോവുക. എങ്കിലും പലപ്പോഴും എനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു. ഇതെല്ലാം കണ്ടും കേട്ടും മനസ്സു മരവിച്ച ദേവു വീണ്ടും കിടപ്പിലായി.

അവളുടെ നിർബ്ബന്ധപ്രകാരം ആൺ‌മക്കളുടെ രണ്ടു പേരുടേയും വിവാഹം ഒരേ പന്തലിൽ തന്നെ നടത്തി. അവർ  സ്നേഹിച്ച പെൺകുട്ടികളെ തന്നെയാണ് കല്യാണം കഴിച്ചത്. അവിടേയും അഛനെന്ന നിലയിൽ ഒരഭിപ്രായം പറയാനുള്ള അവസരം മക്കൾ തന്നില്ല...!
അതു കഴിഞ്ഞാണ് ദേവൂന്റെ നില കൂടുതൽ വഷളായത്.

ആശുപത്രിയിൽ നിന്നും മാറാതെ മക്കൾ മൂന്നു പേരും അടുത്തുണ്ടായിരുന്നു. അമ്മയുടെ കാര്യത്തിന് മക്കൾ ഒരു കുറവും വരുത്തിയില്ല.
എങ്കിലും ഞങ്ങളെ വിട്ട് അവൾ യാത്രയായി...!
അല്ല, എന്നെ തനിച്ചാക്കി അവൾ പോയിയെന്നു പറയുകയാവും ശരി...!”
അതു പറയുമ്പോൾ മാധവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

ആ രംഗം മനസ്സിൽ കാണുന്നതു കൊണ്ടാകും എന്തൊക്കെയോ വികാരങ്ങൾ, നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ പുറത്തുപോകാതിരിക്കാനെന്നോണം പെട്ടെന്നു കണ്ണുകളടച്ചുപിടിച്ചിരിക്കുന്ന മാധവന്റെ മുഖത്ത് പ്രകടമായിരുന്നു. അതിൽ നിന്നും പരിസരബോധത്തിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു. അത്രയും നേരം ആരും ഒരു ചെറു നിശ്വാസം കൊണ്ടു പോലും മാധവനെ ശല്യപ്പെടുത്തിയില്ല. വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുറന്ന് മാധവൻ എല്ലാവരേയും ഒന്നു നോക്കി.

 ഇട്ടിരുന്ന ഷർട്ടിന്റെ അടിവശം പൊക്കി കണ്ണുകൾ തുടച്ചു കൊണ്ട് മാധവൻ തന്റെ കഥ വീണ്ടും തുടർന്നു.
“അമേരിക്കയിലായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് മകൾ കൂടി പോയതോടെ ശരിക്കും ഞാൻ ഒറ്റപ്പെട്ടു.  കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ. അമ്മയും മക്കളും കൂടെയില്ലായിരുന്നുവെങ്കിലും എന്റെ മനസ്സിൽ അവർ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!  

തുടരും....

Friday 1 June 2012

മഴയിലൊരു വിരുന്നുകാരൻ... നീണ്ട കഥ. (3)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
തുടർന്നു വായിക്കുക...


 മാധവൻ ഒരു പ്രവാസി. (3)



                             ന്നും പറയാതെ താടിയിൽ തടവി ചിന്താമഗ്നനായിരിക്കുന്ന മാധവനെ അവർ മൂന്നു പേരുംശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടക്ക് അവർ മൂന്നു പേരും പരസ്പ്പരം നോക്കുന്നുമുണ്ട്. അപ്പോഴത്തെ നിശ്ശബ്ദതയെ തോൽ‌പ്പിച്ചു കൊണ്ട് പെട്ടെന്നൊരു  മിന്നലും ഇടിയും ഉണ്ടായത് എല്ലാവരേയും ഒന്നു നടുക്കി. തൊട്ടടുത്തെവിടെയോ ആണ് ഇടിവെട്ടിയതെന്ന് എല്ലാവർക്കും തോന്നി. ആ തോന്നൽ മാധവൻ തുറന്നു പറഞ്ഞു.
“അടുത്ത് എവിടേങ്കിലും ഏറ്റിട്ടുണ്ടാകും...”
അത് മതിയായിരുന്നു ആ നിശ്ശബ്ദതയെ മറി കടക്കാൻ.
ഗൌരി കട്ടിലിൽ പിടിച്ച് ഒന്നു നേരെ ഇരുന്നിട്ട് പറഞ്ഞു.
“ മാമൻ പറഞ്ഞില്ലേ, ഇന്നത്തെ ദിവസം മറക്കാനാവില്ലാന്ന്... ഇന്നെന്താ പ്രത്യേകത...?”
അതു കേട്ട് മാമൻ ഗൌരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തൊക്കെയോ ആലോചനയുടെ പുറത്ത് മാധവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. കണ്ണുകളിലെ തിളക്കം ഗൌരിയെ ഭയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൾ ‘മാമാ..’ എന്നു വിളിച്ചു. അതു കേട്ട് മാധവൻ ഒന്നു ഞെട്ടുകയും പരിസര ബോധം വീണ്ടെടുക്കുകയും ചെയ്തു. പിന്നെ എല്ലാവരേയും ഒന്നു മാറി മാറി നോക്കിയിട്ട് തല കുനിച്ചിരുന്നു.

വീണ്ടും ആലോചനയിലേക്ക് മാധവൻ വഴുതി വീണത് എല്ലാവർക്കും മനസ്സിലായി. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഇടയ്ക്കെപ്പോഴോ തല ഉയർത്തി മാധവൻ ചോദിച്ചു.
“ഉറങ്ങണ്ടെ നിങ്ങൾക്ക്...?”
ഗൌരി പറഞ്ഞു.
“ഇല്യ മാമാ.. ഇന്നു ഞങ്ങൾക്ക് ഉറക്കമില്ല. ഈ ലോകം മുഴുവൻ ഉറങ്ങിയാലും ഞങ്ങൾക്ക് മാത്രം ഇന്നുറക്കമില്ല. മാമൻ വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഞങ്ങൾ എല്ലാവരും നിത്യമായ ഉറക്കത്തിലേക്ക് പിടഞ്ഞു പിടഞ്ഞ് വീണിട്ടുണ്ടാകും...!!”
അതും പറഞ്ഞവൾ മൂവരേയും നോക്കി.

അമ്മയുടെ മുഖത്ത് ഒരു കുറ്റബോധം നിഴലിട്ടത് ഗൌരി കണ്ടു പിടിച്ചു...
അമ്മയെ തന്നോട് ചേർത്തു പിടിച്ച്, തികട്ടി വന്ന അമ്മയുടെ ഗദ്ഗതം തന്നിലേക്കു കൂടി ആവാഹിച്ചെടുത്തു ഗൌരി. അതു കണ്ട് നിമ്മി തന്റെ രണ്ടു കൈകളും വിടർത്തി അമ്മയേയും ചേച്ചിയേയും മുറുകെ പിടിച്ചു. അതു കണ്ട് മാധവന്റെ കണ്ണുകൾ ഈറനണിഞ്ഞു...

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം നിമ്മി ചോദിച്ചു.
“മാമാ... എന്തായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..?”
മാമൻ തല ഉയർത്തി നിമ്മിയെ നോക്കി. കണ്ണുകൾ തുടച്ച് ഗൌരിയും നിർബ്ബന്ധിച്ചു.
“പറയൂ.. ഉറക്കമില്ലാത്ത ഈ രാത്രിയിൽ മാമന്റെ കഥ കൂടി കേൾക്കട്ടെ. എങ്ങനെ മാമൻ ഒറ്റപ്പെട്ടു പോയി...?”
മാമൻ എല്ലാവരേയും ഒന്നു കൂടി നോക്കിയിട്ട് പറഞ്ഞു.
“ഞാൻ ഒറ്റപ്പെട്ടൊന്നും പോയവനായിരുന്നില്ല. എല്ലാവരുമുണ്ടായിരുന്നു എനിക്ക്.. ഭാര്യ, മക്കൾ എല്ലാവരും...”
ഒരു നിമിഷം മാധവന്റെ ചുണ്ടുകൾ വിറകൊണ്ടു. കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുവന്നതുകൊണ്ട് സംഭാഷണം മുറിഞ്ഞു.
പിന്നെ ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“മക്കളെല്ലാവരും നല്ല നിലയിൽ കഴിയുന്നു...!”
ഗൌരി ഇടക്കു കയറി ചോദിച്ചു.
“പിന്നെന്തു പറ്റി മാമന്...?” 
മാധവൻ ഗൌരിയുടെ മുഖത്ത് പുഛഭാവത്തിൽ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു.
“നമ്മൾ വിചാരിക്കുന്നതും ചിന്തിക്കുന്നതുപോലൊന്നും ഈ ലോകം തിരിയില്യ മക്കളെ..!!”
അതും പറഞ്ഞ് മൂകമായിപ്പോയ മാധവനെ ഉണർത്താനായി ഗൌരി ചോദിച്ചു.
“എത്ര മക്കളാ മാമന്...?”
മാധവൻ തല ഉയർത്തി പറഞ്ഞു.
“മൂന്നു മക്കൾ.. രണ്ടാണും ഒരു പെണ്ണും. എളേതാ പെണ്ണ്...”

പിന്നെയും ചിന്തയിൽ മുഴുകി മൂകമായിരുന്ന മാധവന്റെ തോളത്ത് കൈ വച്ച് നിമ്മി പറഞ്ഞു.
“പറയൂ മാമാ... ഇനി ഞങ്ങള് കേട്ടാ വെഷ്മാണെങ്കി പറയണ്ടാട്ടോ...”
“അതോണ്ടല്ലാ മോളേ.... ഇതൊന്നും ആരും അറിയരുതെന്നു കരുതി ജീവിക്കുന്നവനാ ഞാൻ. വെറുതെ പല്ലിട കുത്തി നാറ്റിക്കണ്ടല്ലൊ...!”
അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ടോ  മറ്റോ നിമ്മി അമ്മയേയും ഗൌരിയേയും മാറി മാറി നോക്കിയിട്ട് മാമന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് ചോദിച്ചു.
“പല്ലിട കുത്തി നാറ്റിക്കാന്നു വച്ചാൽ ന്താ..?”
“എന്നു വച്ചാൽ അവനോനു തന്നെ നാറുമെന്ന്..” ആ പറഞ്ഞത് അമ്മയായിരുന്നു.

മാമൻ അമ്മ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞാൻ വളരെ കാലമായിട്ട് ഗൾഫിലായിരുന്നു. എന്നു പറഞ്ഞാൽ പ്രവാസി...
വിവാഹത്തിനു മുൻപേ തന്നെ ഗൾഫിലെത്തി. പിന്നീടാണ് വിവാഹം കഴിച്ചത്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഞാൻ നാട്ടിൽ വരും. അന്നൊക്കെ അതൊരു ഉത്സവമായിരുന്നു. കാലം അതിന്റെ എല്ലാ നിറപ്പകിട്ടോടെയും ആർത്തുല്ലസിച്ചു കടന്നു പോകവേ പൂമ്പാറ്റകളെപ്പോലെ മൂന്നു മക്കളേയും തന്നു. നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ചോക്ലേറ്റുകളുമായി വരുന്ന എന്റെ വരവും കാത്ത് അമ്മയും മക്കളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും.

എത്രയും വേഗം രണ്ടു വർഷമാകാനും കൈ നിറയെ സാധനങ്ങൾ വാങ്ങാനും  ഞാനും എല്ലാം മറന്ന് എല്ലു മുറിയെ പണിയെടുക്കും. ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി ഒരു ഹരമായിരുന്നു...!
അതിലൊരു വിഷമമോ, മടുപ്പോ, ക്ഷീണമോ ഒരിക്കലും തോന്നിയിരുന്നില്ല...!
മറിച്ച് അതൊരു സുഖമായിരുന്നു....!! 

എന്റെ ‘ദേവൂ’നേയും മക്കളേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ദേവു സ്നേഹത്തിന്റെ നിറകുടമായിരുന്നു. തനിക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ഗൾഫിൽ ഒറ്റക്കു കിടന്ന് കഷ്ടപ്പെടുന്നതെന്ന് ഓരോ കത്തിലും അവൾ എഴുതും. എന്നിട്ട് ഉപദേശിക്കും.
‘ദേഹം നോക്കണോട്ടോ... ഞാൻ അടുത്തില്ലാത്തോണ്ട് എങ്ങന്യാ അവിടെ കഴിയണേന്ന് ഒരു രൂപോല്യെനിക്ക്..”

അതു വായിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും...
ഞാൻ ഒറ്റക്കാണെന്നുള്ള ബോധം എന്നെ അലട്ടാറേയില്ല. ഏതു നേരവും ദേവൂം മക്കളും എന്റെ കൂടെയുണ്ടെന്നുള്ള തോന്നലായിരുന്നു. അതു കൊണ്ട് തന്നെ മറ്റു കൂട്ടുകാരേപ്പോലെ കിട്ടുന്ന സന്ദർഭങ്ങളിൽ പോലും ആർത്തുല്ലസിച്ചു നടക്കാൻ എനിക്ക് കഴിയാറില്ല. യാതൊരു ദുശ്ശീലങ്ങൾക്കും അടിമപ്പെടാതെ എന്റെ മക്കൾക്കു വേണ്ടി ഓരോ പൈസയും ഞാൻ ചിലവാക്കി.
മക്കളുടെ ആഗ്രഹങ്ങളായിരുന്നു ഞങ്ങൾക്കും.

ദേവൂന്റെ ശിക്ഷണത്തിൽ മക്കൾ എല്ലാവരും നല്ല നിലയിൽ തന്നെ വളർന്നു...
മൂത്തവൻ സിവിൽ എഞ്ചിനീയറായപ്പോൾ ഞങ്ങൾ വളരെ ആശ്വസിച്ചു. പെട്ടെന്നു തന്നെ അവന് ജോലിയും ലഭിച്ചു.   അന്ന് ഗൾഫിലെ ജോലി അവസാനിപ്പിച്ച് തിരിച്ചു വരാൻ ദേവു വല്ലാതെ നിർബ്ബന്ധിച്ചിരുന്നു. ഇനി നമ്മളുടെ മക്കൾ നോക്കിക്കോളുമെന്നു പറഞ്ഞായിരുന്നു അത്. എന്നാലും ഞാൻ മടിച്ചു. ഇളയവളുടെ കല്യാണത്തിനുള്ളതു കൂടി സംഘടിപ്പിച്ചിട്ട് വരാമെന്നായിരുന്നു എന്റെ പിടിവാശിയോടെയുള്ള തീരുമാനം...

കാലം കഴിയവേ അവളുടെ കല്യാണവും അതിഗംഭീരമായിത്തന്നെ നടത്തി...
 അതോടെ കാൽ നൂറ്റാണ്ട് ഗൾഫിൽ നിന്ന് സമ്പാദിച്ചത് മുഴുവൻ, മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി മോളുടെ കല്യാണത്തിനും കൂടി ചിലവഴിച്ചതോടെ അസ്തമിച്ചിരുന്നു. രണ്ടാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി കിട്ടിയപ്പോൾ ഞാനും ദേവൂം ഒരുപാടു സന്തോഷിച്ചു. ഗൾഫിൽ കിടന്ന് ഒറ്റക്കു കഷ്ടപ്പെട്ടതിനു ഫലമുണ്ടായല്ലോന്നോർത്ത്,  എന്റെ മക്കളൊന്നും പാഴായിപ്പോയില്ലല്ലോന്നോർത്ത് ദൈവത്തിനു നന്ദി പറഞ്ഞു.

ഇനിയെങ്കിലും തിരിച്ചു വന്ന് ഒരുമിച്ച് ജീവിക്കാമെന്ന ദേവൂന്റെ പരിദേവനങ്ങൾക്ക്  ചെവി കൊടുക്കാനായില്ല...
മോളുടെ കല്യാണത്തിനായി വാങ്ങിയ കുറച്ചു കടം കൂടിയുണ്ടായിരുന്നു വീട്ടിത്തീർക്കാൻ...
അപ്പോഴേക്കും ദേവു കിടപ്പിലായി...
അത് എനിക്ക്  വല്ലാത്തൊരു ഷോക്കായിരുന്നു...
ആയ കാലത്ത് ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...
ഇനിയുള്ള കാലം നമ്മൾക്കൊരുമിച്ച് ജീവിക്കണമെന്ന എന്റെ ദേവൂന്റെ നിർബ്ബന്ധപ്രകാരം ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി...
അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!


തുടരും...