Saturday, 15 September 2012

നീണ്ട കഥ... മഴയിലൊരു വിരുന്നുകാരൻ... (10)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. തുടർന്നു വായിക്കുക...


ഒരു കല്യാണലോചന...

“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ അതു കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

ചില്ലറ കൊണ്ടു വച്ചിരുന്നത് എടുക്കാനായി അകത്തേക്കു പോയ മാമൻ വൈകുന്നതു കാരണം നിമ്മി വീട്ടിനകത്തേക്ക് ഓടിക്കയറി വരുമ്പോഴാണ് മാധവൻ അകത്ത് സംശയിച്ചു നിൽക്കുന്നത് കണ്ടത്. 
മാധവന്റെ അടുത്തു വന്നിട്ട് ചോദിച്ചു. 
“മാമാ... എന്തു പറ്റി...? എന്തേ അവിടെ നിന്നു കളഞ്ഞത്..?”
മാധവൻ ഒന്നും പറഞ്ഞില്ല...
നിമ്മിയുടെ മുഖത്തേക്കു നോക്കി, ആ കവിളിൽ സ്നേഹപുരസ്വരം ഒന്നു തലോടിയിട്ട് അയാൾ പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിപ്പോയി....

എന്തോ ഒരു മനോവിഷമം മാമനെ അലട്ടുന്നുണ്ടെന്ന് നിമ്മി ഊഹിച്ചെടുത്തു....
അലമാരയിൽ നിന്നും ചില്ലറപ്പൊതിയെടുത്ത് പുറത്തെ വരാന്തയിലിറങ്ങിയപ്പോഴാണ് ഗൌരിയും അമ്മയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടത്. നിമ്മിയുടെ ഉള്ളൊന്നു കാളി. ഇവിടെന്തൊ സംഭവിച്ചിട്ടുണ്ടല്ലൊ...?
“എന്തുപറ്റി... നിങ്ങളെന്തിനാ കരയണെ...? മാമനും ചില്ലറയെടുക്കാൻ വന്നിട്ട്, എടുക്കാതെ തിരിച്ചു പോണു... ”
അതു കേട്ടതും ലക്ഷ്മിയും ഗൌരിയും വെപ്രാളത്തോടെ പരസ്പ്പരം ഒന്നു നോക്കി.
മാമനും കേട്ടുവോ അതെല്ലാം...!
“എന്റീശ്വരാ.....” എന്നും പറഞ്ഞ് ലക്ഷ്മി വീണ്ടും വിങ്ങിപ്പൊട്ടി.
നിമ്മിയുടെ വേവലാതി കൂടിയത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
“എന്താ നിങ്ങളൊന്നും പറയാത്തെ...? മാമനെ വല്ലതും പറഞ്ഞോ നിങ്ങൾ....?”

ഗൌരി നിമ്മിയുടെ കൈത്തലം പിടിച്ച് സ്വന്തം കവിളിൽ വച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാമനെ  നമ്മൾ ആരെങ്കിലും എന്തെങ്കിലും പറയോ മോളെ.... നാട്ടുകാരാ പറയാൻ തുടങ്ങിയേ...!”
“നാട്ടുകാരോ...? എന്തു പറയാൻ...”
“നമ്മളിൽ ആരാ മാമന്റെ കൂടെ പൊറുതിയെന്ന്....!!?”
ഒരു നിമിഷം നിമ്മി ഇടിവെട്ടേറ്റതു പോലെ നിന്നു പോയി...
പിന്നെ പതുക്കെ എഴുന്നേറ്റ് ചില്ലറയുമായി പുറത്തു കടന്നു. ഹോട്ടലിൽ കൌണ്ടറിൽ മാധവനുണ്ടായിരുന്നു.
മാധവന്റെ കയ്യിൽ ചില്ലറ എൽ‌പ്പിച്ച് നിമ്മി വീട്ടിനകത്തേക്ക് തന്നെ കയറിപ്പോയി.

ഹോട്ടലിൽ ആളൊഴിഞ്ഞ നേരം ഗൌരിയെ വണ്ടിയിലിരുത്തി തള്ളിക്കൊണ്ട് നിമ്മി കയറി വന്നു.
മാധവൻ ഡെസ്ക്കിൽ വെറുതെ കിടക്കുകയായിരുന്നു.
ജോലിക്കാർ എല്ലാവരും ഇനി വൈകുന്നേരത്തെ ചായ സമയത്തെ വരികയുള്ളു.
മാധവന്റെ കിടപ്പു കണ്ട് ഗൌരി പറഞ്ഞു.
“മാമാ... മാമൻ ഭക്ഷണമൊന്നും കഴിച്ചില്ലല്ലൊ..”

അവസാനം എല്ലാവരും കൂടിയാണ് ഭക്ഷണത്തിന് ഇരിക്കാറ്. ഇന്നെന്തൊ ആ പതിവ് തെറ്റി. മാധവനും ലക്ഷ്മിയും ഒന്നും കഴിച്ചില്ല. വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു. നാരായണി വല്ലിമ്മയുടെ പാര വയ്ക്കലായിരുന്നു കാരണമെന്ന് എല്ലാവർക്കുമറിയാം.
മാധവൻ നിശ്ശബ്ദനായി കിടന്നതേയുള്ളു. മാധവനെ കുലുക്കി വിളിച്ചു കൊണ്ട് നിമ്മി പറഞ്ഞു.
“എഴുന്നേറ്റ് വരൂ മാമാ... ദേ അപ്പുറത്ത് അമ്മയും ഒന്നും കഴിക്കാതെ ആ തൂണും ചാരി ഇരിപ്പുണ്ട്. നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാ...” ബാക്കി പറഞ്ഞത് ഗൌരിയാണ്.
“നാരായണി വല്ലിമ്മ പറഞ്ഞത് ഇല്ലാണ്ടാവോ...? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... നമ്മൾക്കറിയാല്ലൊ നമ്മളെ...”
മാധവൻ പതുക്കെ എഴുന്നേറ്റു.
“നമ്മൾക്ക് നമ്മളെ അറിയാമെന്നതൊന്നും ഒരു സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ന്യായീകരണങ്ങളല്ല....”മാധവൻ.
“പിന്നെ നമ്മളെന്താ ചെയ്യേണ്ടെ... ഇതൊക്കെ കേട്ട് മരിക്കണോ..?” ഗൌരി കുറച്ച് ദ്വേഷ്യത്തിലാണ്.
“നാട്ടുകാർ ഓരോ വേണ്ടാതീനങ്ങൾ വിളിച്ചു പറഞ്ഞതിന് നമ്മൾക്കെന്തു ചെയ്യാനൊക്കും...?” നിമ്മി.
“നമ്മൾ ജീവിക്കുന്നത് നാട്ടുകാരെക്കൂടി കണക്കിലെടുത്താവണം. അവർക്കു കൂടി ബോദ്ധ്യമാവുന്ന രീതിയിലെ നമ്മൾക്കും ജീവിക്കാനാവൂ... ഇല്ലെങ്കിൽ ഇതുപോലുള്ള കഥകൾ അവർ മെനഞ്ഞുണ്ടാക്കും...”
“ഞങ്ങളിവിടെ  ആത്മഹത്യയുടെ വക്കിലെത്തിയിട്ടും ആരുമുണ്ടായില്ലല്ലൊ മാമാ ഒരു കൈ സഹായത്തിന്...”
“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ലക്ഷ്മി കരഞ്ഞു തളർന്ന കണ്ണുകളുമായി സാവധാനം അവിടേക്ക് വരുന്നുണ്ടായിരുന്നു.
ദിവസവും വൃത്തിയായി നടന്നിരുന്ന ആൾ ഇപ്പോൾ പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും മറ്റുമായി ഒരു ഭ്രാന്തിയേപ്പോലെ....!
“ഞങ്ങളൊരു കാര്യം പറയട്ടെ മാമാ... ”
അമ്മയെ കണ്ടതും ഗൌരിയുടെ മുഖത്തൊന്നു നോക്കിയിട്ട്, അവളുടെ സമ്മതത്തോടെ എന്നവണ്ണം നിമ്മി കരുതലോടെ പറഞ്ഞു.
“ഞങ്ങടമ്മയെ മാമനു കല്യാണം കഴിക്കരുതോ...!!!”
മാധവൻ ഒന്നു ഞെട്ടിയോ...?
പെട്ടെന്ന് അടുത്തുവന്ന ലക്ഷ്മിയുടെ മുഖത്തേക്കാണ് മാധവന്റെ നോട്ടം വീണത്.
അടുത്തു വന്ന് തല കുനിച്ചു നിന്ന് ലക്ഷ്മി അതിനെ പിന്താങ്ങിയത് മാധവനിൽ മറ്റൊരു ഞെട്ടലുണ്ടാക്കി.
“ഇനി ഒരു കുടുംബജീവിതം മോഹിച്ചിട്ടല്ല മക്കളോട് ഞാൻ സമ്മതിച്ചത്. എന്റെ കുട്ടികളുടെ ഭാവി...?!!”

ഒരു നിമിഷം മാധവന്റെ മനസ്സിൽ ദേവുവിന്റെ ചിത്രം തെളിഞ്ഞു വന്നു. മൂന്നു മക്കളെ കൊടുത്തതല്ലാതെ ഒരു കുടുംബ ജീവിതം കൊടുക്കാനായില്ല. അതായിരുന്നു ആകെയുള്ള ഒരേയൊരു പരാതി. ‘എന്നെങ്കിലും ഒരുമിച്ചൊരു ജിവിതം...’ ഒരിക്കലും അതിനു കഴിഞ്ഞില്ല. ദേവുവിന്റെ കരയുന്ന ആ മുഖം മാധവന്റെ മനോമുകുരത്തിൽ വല്ലാത്തൊരു നീറ്റലായി എന്നും കൂടെയുണ്ടായിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് ഞെട്ടലിൽ നിന്നും മോചിതനായ മാധവൻ പറഞ്ഞു.
“അതുകൊണ്ടും ഈ നാട്ടുകാരുടെ പരാതി തീരുമോ..? അവർക്കാവശ്യം ഈ ഹോട്ടൽ പൂട്ടിക്കുകയെന്നതാണ്. മുൻപു ബഷീർ ചോറു വാങ്ങിക്കൊടുത്തിരുന്ന ആ ഹോട്ടലുകാരാണ് നാട്ടുകാരുടെ ലേബലിൽ പടച്ചു വിടുന്ന ഈ അപവാദങ്ങൾക്ക് പിറകിൽ. സെയ്തും കണാരനും നേരത്തെ കേട്ടിരുന്നൂത്രെ അത്. അവരത് അവഗണിക്കുകയായിരുന്നു. അതുപോലെ തൽക്കാലം നമ്മളും അവഗണിക്കുക...”
“എന്നാലും മാമാ...”നിമ്മി എന്തോ പറയാൻ തുടങ്ങിയതും മാധവൻ കയ്യുയർത്തി തടഞ്ഞു.
“ഞാൻ നിങ്ങടമ്മയെ കല്യാണം കഴിച്ചാലും, അവർ മറ്റൊരു ആരോപണവുമായി വരും.. അതിനും നമ്മൾ മറുപടി കൊടുക്കേണ്ടതായി വരും... നിങ്ങൾ വിഷമിക്കാതെ.. നമ്മുടെ കൂടെയും ആളുകളില്ലെ ഇപ്പോൾ... കണാരൻ.. സെയ്തു.. ഇവിടെ ഊണു കഴിക്കാൻ വരുന്ന എത്രയോ പേർ... ഇവരെല്ലാം സത്യമറിയാവുന്നവരല്ലെ..? ”

തങ്ങളുടെ അമ്മയെ കല്യാണം കഴിക്കാൻ തെയ്യാറാവാത്ത മാമനോട് ദ്വേഷ്യമല്ല തോന്നിയത്. മറിച്ച് ഒരുപാടൊരുപാട് സ്നേഹമാണ് . അതെങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ രണ്ടു പേരും കുഴങ്ങി. തന്റെ വണ്ടിയിലിരുന്നു കൊണ്ടു തന്നെ ഗൌരി ഡെസ്ക്കിലിരിക്കുന്ന മാമന്റെ അരയിൽ വട്ടം ചുറ്റിപ്പിടിച്ച് മാധവന്റെ മടിയിൽ തലവച്ച് കിടന്നു. ഗൌരിയുടെ തലമുടിയിൽ വിരൽ കോർത്തുകോണ്ട് മാധവനും. അമ്മയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് മറ്റെ കൈ മാധവന്റെ തോളിലും പിടിച്ച് നിമ്മിയും.

മാധവൻ നിഷേധിച്ചതിൽ ലക്ഷ്മിക്ക് നിരാശയൊന്നും തോന്നിയില്ലെങ്കിലും ഒരു സന്തോഷക്കുറവ് ആ മുഖത്തുണ്ടായിരുന്നില്ലെ....?
മാധവൻ പറഞ്ഞു.
“ഇനിയുമുണ്ട് ആരോപണങ്ങൾ.. തോമസ്സ് കോൺ‌ട്രാക്ടർ എന്താ പിന്നീടൊരിക്കലും ഇതുവഴി വരാതിരുന്നത്.....?”
അപ്പോഴാണ് അതിനെക്കുറിച്ച് അവർ മൂവരും ചിന്തിച്ചത്. അന്ന് വന്നതിനു ശേഷം തോമസ്സ് ഒരിക്കലും ഇവിടെ വന്നിട്ടില്ല. ശരിയാണല്ലൊ...
എല്ലാം ബഷീർ വഴിയായിരുന്നു ഇടപാടുകൾ മുഴുവൻ.
“എന്താ മാമാ...” അതിന്റെ പിന്നിലെ രഹസ്യം അവർക്കറിയില്ലായിരുന്നു.
“തോമസ്സിന്റെ കാന്റീൻ നടത്തിപ്പുകാരായിരുന്നു നിങ്ങൾ അമ്മയും മക്കളുമെന്നായിരുന്നു നാട്ടിൽ പ്രചരിപ്പിച്ച വാർത്തകൾ. തോമസ്സാണത്രെ നിങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ടാ നിങ്ങൾക്കൊരു ചീത്തപ്പേരുണ്ടാകാതിരിക്കാൻ ആ നല്ല മനുഷ്യൻ ഇതു വഴി പിന്നെ വരാതിരുന്നത്. അത്  ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്നെ ചേർത്ത് കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അതൊക്കെ അങ്ങനെ കിടക്കും...!!”
തങ്ങളെപ്രതി ഇങ്ങനേയും കഥകൾ പ്രചരിക്കുന്നുവെന്നത് പുതിയ അറിവുകളായിരുന്നു.

             പിന്നേയും നാളുകൾ കടന്നു പോയി. പാലത്തിന്റെ പണി ഏതാണ്ട് തീരാറായി. അതോടൊപ്പം രണ്ടു വശത്തുമുള്ള  റോഡുകളുടെ പണിയും നടന്നിരുന്നു. ഗൌരി ഹോട്ടലിന്റെ മുന്നിലെ പുല്ലു റോഡ് ടാറ് ചെയ്യുന്നതിന്റെ ഭാഗമായി നെൽ‌പ്പാടത്തിനോട് ചേർന്ന വശം കരിങ്കല്ലിട്ട് കെട്ടാൻ തുടങ്ങിയിരുന്നു. അതോടെ സ്ഥലത്തിന്റെ വിലയും വാണം പോലെ കുതിച്ചുയർന്നു. പല പാവങ്ങളും ഇരട്ടി വില കിട്ടിയപ്പോൾ വിറ്റു തുലച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോയി. കുറച്ചു കൂടി കാത്താൽ ഇതിന്റെ പത്തിരട്ടി വില കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പാവങ്ങളെ പറ്റിക്കാൻ വലിയ വിരുതൊന്നും ആവശ്യമില്ലല്ലൊ. അതറിയാവുന്നവർ ചെറിയ വിലക്ക് സ്ഥലങ്ങൾ തക്കം പാത്തു നടന്ന് പ്രലോഭിപ്പിച്ച് കൈക്കലാക്കി.

ഗൌരീ ഹോട്ടലും വില ചോദിച്ച് വന്നിരുന്നു.
തങ്ങളെ നാണം കെടുത്തിയ ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് അമ്മയും മക്കളും ചിന്തിച്ചെങ്കിലും മാധവൻ സമ്മതിച്ചില്ല. നിങ്ങൾ ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും. ചെല്ലുന്നിടത്ത് നിങ്ങൾ ഒരു രണ്ടാം തരക്കാരായി മാത്രമേ അവിടത്തുകാർ പരിഗണിക്കൂ. ‘വരുത്തന്മാർ’ എന്ന പേരും...!
മാധവന്റെ ഉപദേശങ്ങളിൽ അവർ നാടു വിടുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...?

തുടരും....

Saturday, 1 September 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (9)



നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ... (9)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. തുടർന്നു വായിക്കുക...

പാരകൾ

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”

മാധവൻ പറഞ്ഞതുപൊലെ തന്നെ ഭക്ഷണം കൊടുത്തു വിട്ടതിനു ശേഷം ലക്ഷ്മിയും നിമ്മിയും കൂടി ഉച്ച കഴിഞ്ഞ്  ബാങ്കിലേക്ക് പുറപ്പെട്ടെങ്കിലും ഇടക്കു വച്ചവർ തിരിച്ചു വന്ന് മാധവനെക്കൂടി നിർബ്ബന്ധപൂർവ്വം ക്ഷണിച്ചു. ഒറ്റക്കു പോയി ഇതൊന്നും ചെയ്തു പരിചയമില്ലെന്നു പറഞ്ഞാണ് മാധവനെ കൂടെ വരാൻ നിർബ്ബന്ധിക്കുന്നത്. എല്ലാവരും കൂടി പോയാൽ ഗൌരി ഒറ്റക്കായിപ്പോവില്ലെ. അമ്മയുടെ പേരിലാ ലോൺ എടുത്തിരിക്കുന്നത്. അതു കാരണം നിമ്മി ഗൌരിക്ക് കൂട്ടിരുന്നു. ലക്ഷ്മിയും മാധവനും കൂടിയാണ് ബാങ്കിലേക്ക് തിരിച്ചത്.

റോട്ടിൽ ചെന്നതിനു ശേഷം ഒരു ഓട്ടോറിക്ഷയിലാണ് ബാങ്കിലെത്തിയത്. സഹകരണ ബാങ്കായതുകൊണ്ട് സെക്രട്ടറിയെ കണ്ടാണ് കാര്യം പറഞ്ഞത്. ആരുടെയെങ്കിലും മുഖത്തു നോക്കി സംസാരിക്കാനുള്ള ശക്തി ലക്ഷ്മിക്കില്ലായിരുന്നു. സെക്രട്ടറി ഒരു സ്ത്രീ ആയിട്ടു പോലും കഥകളൊക്കെ മാധവൻ തന്നെ പറയേണ്ടി വന്നു. പുതിയ ഒരു മെസ്സ് തുടങ്ങിയ കാര്യവും, ഇനി മുതൽ എല്ലാ ആഴ്ചയിലും കുറേശ്ശെ പണം അടച്ച് വായ്പ്പ തിരിച്ചടക്കാമെന്നും ഉറപ്പു കൊടുത്തു. അടുത്ത മീറ്റിംഗിൽ നിങ്ങളുടെ വിഷയം അവതരിപ്പിക്കാമെന്നും പിഴപ്പലിശയൊക്കെ പരമാവധി കുറച്ചു തരാമെന്നും ഇനി തൽക്കാലം ജപ്തി നടപടി ഒന്നും ഉണ്ടാവില്ലെന്നും പറഞ്ഞതു കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു. ആ സന്തോഷാശ്രു നിറഞ്ഞ മുഖത്തോടെ തന്നെ മാധവന്റെ മുഖത്ത് നോക്കിയിട്ടാണ് കണ്ണുകൾ തുടച്ചത്.

കഥകളെല്ലാം കേട്ടു കഴിഞ്ഞ സെക്രട്ടറി ഒന്നു കൂടി പറഞ്ഞു.
“ഒന്നു രണ്ടു മാസം നിങ്ങൾ പറഞ്ഞതു പോലെ എല്ലാ ആഴ്ചയിലും കിട്ടണത് കൊണ്ടു വന്ന് അടക്കൂ. അതു കഴിഞ്ഞാൽ നിങ്ങളുടെ മെസ്സിന്റെ പേരിൽ ചെറിയ വായ്പ്പ തരപ്പെടുത്താൻ എനിക്കാവും. പാത്രങ്ങൾ വാങ്ങാനോ ഷെഡ് കെട്ടാനോ ഒക്കെ അതു കൊണ്ടാകും...”
സെക്രട്ടറിയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധവൻ പറഞ്ഞു.
“നമ്മൾ ഒന്നിനും ശ്രമിക്കാതെ സ്വയം ശപിച്ചിരിക്കുമ്പോഴാണ് വേണ്ടാത്തതൊക്കെ മനസ്സിൽ തോന്നുക. നമ്മൾ എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണും...”
ലക്ഷ്മി മറുപടി ഒന്നും പറഞ്ഞില്ല. മാധവന്റെ പിൻപറ്റി നടന്നതേ ഉള്ളു.

തല ഉയർത്തി ചുറ്റുവട്ടം നോക്കി നടക്കാത്തതു കാരണം ഒരു ബസ്സിനു സൈഡ് ഒഴിഞ്ഞു കൊടുത്ത ഓട്ടോറിക്ഷ ഒരെണ്ണം ലക്ഷ്മിയെ ഇടിച്ചു വീഴ്ത്തി പോയേനെ. ഓട്ടോക്കാർക്കു സഞ്ചരിക്കാൻ അധികം വഴിയൊന്നും വേണ്ടല്ലൊ. ഒന്നു കവച്ചു നിന്നാലും അവരതിനുള്ളിലൂടെ കൊണ്ടു പോകും. മാധവന്റെ സംയോജിത ഇടപെടൽ കാരണം ഒരു അത്യാഹിതം ഒഴിവായി. ലക്ഷ്മി ഒന്നും മിണ്ടാതെ നടക്കുന്നതു കൊണ്ട്  മാധവൻ ഇടക്കിടക്ക് തിരിഞ്ഞ് ലക്ഷ്മി പിറകിലുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു നോട്ടത്തിന്റെ സമയത്താണ് ബസ്സിനു സൈഡ് കൊടുത്തു കൊണ്ടുള്ള ഓട്ടോറിക്ഷയുടെ ആ ചീറിയുള്ള വരവ്. ഒരു നിമിഷം, മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ എടുത്തു പൊക്കിയെന്നോണം മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ ഒരത്യാഹിതം സംഭവിക്കുമായിരുന്നു. വാസ്തവത്തിൽ രണ്ടു പേരും ഒന്നു വിറച്ചു.

ഇതിനേയും കൊണ്ട് തിരക്കുള്ള സ്ഥലത്ത് പോകാൻ പറ്റില്ലെന്നു മാധവൻ ഉറപ്പിച്ചു. ഇനി ഓട്ടൊയിൽ തന്നെ പോയാൽ മതി. അതിനായി അവിടെ നിന്നു തന്നെ ഓട്ടോ തിരയുമ്പോഴാണ് എതിർവശത്ത് സ്വല്പം അകലെയായി ചന്ത ശ്രദ്ധയിൽ പെട്ടത്. മാധവൻ പറഞ്ഞു.
“ആ കാണുന്നതു പച്ചക്കറിച്ചന്തയാ... നമുക്കവിടെ കയറി നാളത്തേക്കുള്ള പച്ചക്കറിയൊക്കെ വാങ്ങിച്ചിട്ടു പോകാം. അവിടത്തേക്കാൾ വിലക്കുറവുണ്ടെങ്കിലോ..”

ലക്ഷ്മിയുടെ മറുപടിക്കായി കാത്തില്ല.  റോട്ടിൽ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റോഡ് മുറിച്ചു കടക്കാൻ നന്നേ ബുദ്ധിമുട്ടി. മാധവൻ ലക്ഷ്മിയുടെ ഒരു കയ്യും പിടിച്ചു വലിച്ചു കൊണ്ടാണ് നടക്കുന്നത്. അതു കാരണം ലക്ഷ്മിക്ക് ചെറിയൊരു നാണം തോന്നാതിരുന്നില്ല. കൈ വിടുവിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ തിരക്കിനിടയിൽ അതിനു കഴിയുമായിരുന്നില്ല. അല്ലെങ്കിൽ ലക്ഷ്മി അതിനു ശ്രമിക്കുകയുണ്ടായില്ല എന്നതാണു വാസ്തവം..... 

ലക്ഷ്മി മുന്നിലെ വാഹനത്തിരക്കോ ആളുകളുടെ സഞ്ചാരമോ ഒന്നുമായിരുന്നില്ല നോക്കിയിരുന്നത്. തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, പരിചയക്കാരുടെ മുന്നിലെങ്ങാൻ ചെന്നു പെടുന്നുണ്ടോന്നായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറത്തിറങ്ങാത്ത ആ നാട്ടുമ്പുറത്തുകാരിയുടെ മനോവിചാരങ്ങളൊന്നും മാധവനെ അലട്ടിയിരുന്നില്ല. തന്നിൽ അർപ്പിതമായ ഏതോ കടമകൾ ഭംഗിയായി നിറവേറ്റുന്ന തിരക്കിലായിരുന്നു മാധവൻ.....

ചന്തയിൽ ചെന്നപ്പോഴാണ് പച്ചക്കറിയുടെ വില നിലവാരം മനസ്സിലാകുന്നത്. അപ്പോൾ തന്നെ മാധവൻ ലക്ഷ്മിയോട് പറയുകയും ചെയ്തു.
“ഇനി മുതൽ രണ്ടു മുന്നു ദിവസത്തേക്കുള്ള പച്ചക്കറികൾ ഒന്നിച്ചു വാങ്ങാം നമ്മൾക്ക്. അതാ ലാഭം...”
ലക്ഷ്മിക്കും അത് ബോദ്ധ്യമായി. ഓരോന്നും നല്ലതു നോക്കി തിരഞ്ഞെടുക്കാൻ ലക്ഷ്മിയെ ഏൽ‌പ്പിച്ച് മാധവൻ അടുത്ത കടക്കാരന്റടുത്തേക്ക് നീങ്ങും. പലതും പല കടകളിൽ നിന്നാണ് വാങ്ങിയത്. പുറത്ത് കൂട്ടിയിട്ടു വിൽക്കുന്ന കൃഷിക്കാരുടെ അടുത്തു നിന്നും വാങ്ങുന്നതാണ് കൂടുതൽ ലാഭമെന്ന് അവർ മനസ്സിലാക്കി. അത്യാവശ്യം വേണ്ടുന്നതെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയിൽ എടുത്തു വച്ചു. സീറ്റിലും താഴേയുമായി ചാക്കുകൾ അട്ടിയിട്ടു. ഇനി തങ്ങളെങ്ങനെയാണ് ഇരിക്കുന്നതെന്ന് ലക്ഷ്മി ഒരു നിമിഷം സംശയിച്ചു. സീറ്റിലിരുന്ന ഒരു കായക്കൊല എടുത്ത് മാറ്റി ലക്ഷ്മിയെ അവിടെ ഇരുത്തിയിട്ട് കായക്കൊല ലക്ഷ്മിയുടെ മടിയിൽ വച്ചുകൊടുത്തു. അപ്പോഴും മാധവനെങ്ങനെ ഇരിക്കുമെന്നോർത്ത്, ലക്ഷ്മി ഒരു ചാക്കു കെട്ട് എടുത്ത് വശം തിരിച്ചു വച്ച് തിക്കിത്തിരക്കി ഇച്ചിരി സ്ഥലമുണ്ടാക്കി വച്ചു. തന്നോട് ചേർന്ന്  അദ്ദേഹത്തിനും ഇരിക്കാൻ കഴിയും...! പക്ഷേ, മാധവൻ അത് ശ്രദ്ധിച്ചതു പോലുമില്ല. വണ്ടി വിടാൻ നേരം മാധവൻ ഡ്രൈവറോടൊപ്പം ഒരു വശം ചരിഞ്ഞിരുന്നാണ് സഞ്ചരിച്ചത്.
ലക്ഷ്മിക്ക്  എന്തൊ.. ആ മുഖം പെട്ടെന്ന് മ്ലാനമായി...!

 ഓട്ടോയിലിരുന്ന് ലക്ഷ്മി കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് തന്റെ കുടുംബത്തിലുണ്ടായ വ്യതിയാനങ്ങൾ ഒരു അവിശ്വസനീയ സിനിമാക്കഥ പോലെ മനസ്സിൽ കാണുകയായിരുന്നു. ഇന്നിപ്പോൾ ഈ റോട്ടിൽ വച്ചും ഒരപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ നല്ല മനുഷ്യന്റെ മുഖം ഒന്നുകൂടി കാണണമെന്ന് തോന്നി. നേരെ മുന്നിൽ ഒരു വശം ചരിഞ്ഞിരിക്കുന്ന മാധവന്റെ മുഖഭാവം മാധവനറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നു....
ആ മുഖം നന്നേ ക്ഷീണിച്ചിരുന്നു. പ്രായമായതിന്റേയൊ, അലച്ചിലിന്റേയോ ഒക്കെ വരകൾ ആ മുഖത്ത് കാണാം.
തങ്ങളുടെ രക്ഷകനെന്നോണം അവതരിച്ച  ‘ഈ നല്ല മനുഷ്യനെ വിശ്വസിക്കാം..’
പലതവണ അതുതന്നെ ലക്ഷ്മി മനസ്സിൽ ഉരുവിട്ടുറപ്പിച്ചു.  മക്കളോട് പറഞ്ഞ് ഈ താടിയും മുടിയും മുറിപ്പിക്കാൻ നിർബ്ബന്ധിപ്പിക്കണം.  വിട്ടിലെത്തുമ്പോഴേക്കും ലക്ഷ്മി നല്ല സന്തോഷവതി ആയിരുന്നു.

ഓട്ടോറിക്ഷയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം നിമ്മി ശ്രദ്ധിച്ചിരുന്നു. ജപ്തി ഒഴിവായിക്കിട്ടിയതിന്റെ സന്തോഷം അത്ര ചെറുതല്ലല്ലൊ.. അതുകൊണ്ട് വേറൊന്നും  എടുത്തു ചോദിക്കാൻ ഉണ്ടായിരുന്നില്ല.
ദിവസങ്ങൾ കഴിയവെ കാലത്തു മുതലുള്ള വിശ്രമമില്ലാത്ത പണികൾ കാരണം പെണ്ണുങ്ങൾ മൂവരും അവശരാവുന്നത് മാധവൻ അറിയുന്നുണ്ടായിരുന്നു. അത് വെറുതെ ഒന്നു സൂചിപ്പിച്ചപ്പോൾ ബഷീറാണ് പറഞ്ഞത്.
‘എന്റെ ഉപ്പച്ചിയേയും കണാരേട്ടനേയും കൂടി വിളിച്ചാലോന്ന്.’
അടുത്തറിയാവുന്നവരായതു കൊണ്ട് നിമ്മിയും ലക്ഷ്മിയും സമ്മതിച്ചു.

കണാരേട്ടനും സെയ്തുക്കായും പുഴയിലെ കടത്തുകാരായിരുന്നു. അതിലുപരി ചെറുപ്പം മുതലുള്ള കൂട്ടുകാരും. പാലം പണി തുടങ്ങിയതോടെ കടവ് അടച്ചതുകൊണ്ട് രണ്ടു പേരുടേയും ജീവിതം വഴിമുട്ടി. കടവിലെ  പഴയ ഓലമേഞ്ഞ വിശ്രമപ്പുരയിൽ ചീട്ടും കളിച്ച് വെടിയും പറഞ്ഞിരിക്കലാണ് ഇപ്പോഴത്തെ പണി. പിറ്റേ ദിവസം മുതൽ അവരും കൂടി. പിന്നെ ബഷീറിന്റെ  ഉമ്മ കൂടി എത്തിച്ചേർന്നതോടെ പെണ്ണുങ്ങളുടെ ഭാരവും വളരെ കുറഞ്ഞു. സ്വന്തം വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്ന മനോഭാവമായിരുന്നു എല്ലാവർക്കും. അതീവ ശ്രദ്ധയോടെ ലക്ഷ്മിയും എല്ലാവർക്കും പിന്നാലെ ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം വച്ചു കഴിച്ചിരുന്ന  അന്യ സംസ്ഥാന തൊഴിലാളികൾ വരെ അവരുടെ ഭക്ഷണത്തിനായി നിരന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോകവെ സെയ്തുക്കായും കണാരേട്ടനും കൂടിയാണ് ആ പദ്ധതി അവതരിപ്പിച്ചത്.
“നമുക്ക്  വീടിനോട് ചേർന്ന് ഒരു  ഷെഡ് കെട്ടി ഹോട്ടലൊരെണ്ണം തുറന്നാലോ...?”
ആ നിർദ്ദേശം വളരെ നന്നായിരിക്കുമെന്ന് മാധവനും തോന്നി.
പാലം പണി  കഴിഞ്ഞാലും നമ്മൾക്ക് ജീവിക്കണ്ടെ.. ?
അതിനും ലക്ഷ്മി മാധവന്റെ മുഖത്തേക്ക് നോക്കി.
‘എന്താ വേണ്ടതെന്നു വച്ചാൽ ആയിക്കോളൂ...’ എന്ന മട്ടിലാണാ നോട്ടമെന്ന് മാധവനറിയാം.
"തൽക്കാലം ഇങ്ങനെയങ്ങ് പോയാൽ പോരെ..? ഈ കടങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട്...”
മാധവൻ പറഞ്ഞതങ്ങനെയാണ്.
“കടങ്ങൾ പോകപ്പോകെ അങ്ങ് തീർന്നോളും. നമുക്ക് പുറത്തു നിന്നുള്ള ആളുകളുടെ ഊണും കൂടി കിട്ടും. പിന്നെ ചായയും പലഹാരങ്ങളുടേയും കച്ചവടം വേറെ...”
കണാരേട്ടൻ പറഞ്ഞതിനെ സെയ്തുക്കായും പിന്താങ്ങിയതോടെ അതങ്ങുറപ്പിച്ചു മാധവൻ.

പിന്നെ അടയ്ക്കാമരവും തെങ്ങോലയും കൊണ്ട് കൊള്ളാവുന്ന വലുപ്പത്തിൽ തന്നെ താൽക്കാലിക ഹോട്ടൽ ശരിയാക്കി. വീടിനോട്  ചേർന്നു തന്നെയാണെങ്കിലും വീടുമായി ഒരു ബന്ധവുമില്ലായിരുന്നു. ഹോട്ടലിന്റെ മുൻവശം റോട്ടിലേക്ക് വേലി പൊളിച്ച്  ശരിയാക്കി. വീട്ടിൽ നിന്നും ഹോട്ടലിനകത്തേക്ക് കടക്കാൻ ഒരേയൊരു വാതിലും.

ഹോട്ടലിനൊരു പേരു വേണമല്ലോന്ന്  സെയ്തുക്കയാണ് എടുത്തിട്ടത്. അഛന്റെ പേരിലായിക്കോട്ടേന്ന് ഗൌരിയും , അമ്മയുടെ പേരിലെന്ന് നിമ്മിയും പറഞ്ഞെങ്കിലും തന്റെ പേരിൽ വേണ്ടെന്ന് ലക്ഷ്മി തീർത്തു പറഞ്ഞു. അവസാനമായെല്ലാവരും മാധവന്റെ മുഖത്തേക്കാണ് നോക്കിയത്.
ഏതു കാര്യത്തിനും ഒരവസാനവാക്ക് മാധവനായിക്കഴിഞ്ഞിരുന്നു...

മാധവൻ ഒരാലോചനയോടെ പറഞ്ഞു.
“ഹോട്ടലിന് ആണുങ്ങളുടെ പേരിടാറുണ്ടൊ.... ഞാൻ കേട്ടിട്ടില്ല. പിന്നെ ലക്ഷ്മി വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് അതും വേണ്ട. നിമ്മിയാണെങ്കിൽ കെട്ടിച്ചു വിടേണ്ടവളാ.. പിന്നെ ഇവൾ ഗൌരി. ഈ ഹോട്ടൽ ഗൌരിയുടെ പേരിലാവുന്നതല്ലെ എന്തുകൊണ്ടും നല്ലത്...?” അതും പറഞ്ഞ് മാധവൻ എല്ലാവരെയും ഒന്നു നോക്കി.
“ഹോട്ടൽ ഗൌരീ....” ബഷീർ ആ പേരു വിളിച്ചു കൂവിയത് എല്ലാവരും കയ്യടിച്ച് പാസ്സാക്കി.

‘ഹോട്ടൽ ഗൌരി’ പിറ്റേദിവസം മുതൽ പ്രവർത്തനം തുടങ്ങി. ഒരു വെള്ളത്തുണിയിൽ നീല പെയിന്റു കൊണ്ടാണ് ‘ഹോട്ടൽ ഗൌരി’ എന്ന് മാധവൻ തന്നെ എഴുതിയത്. അത് പുറത്ത് വലിച്ചു കെട്ടി. പുറത്തു നിന്നും അധികം ആളുകളൊന്നും വന്നു തുടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും പാലം പണിയുടെ ജോലിക്കാർ തന്നെ പ്രാതൽ കഴിക്കാൻ എത്തിത്തുടങ്ങി. അതു മാത്രമല്ല ഇനി മുതൽ പൊതിച്ചോറിന്റെ ആവശ്യമില്ലെന്നും തൊട്ടടുത്തായതുകൊണ്ട് വന്നു കഴിക്കാനും അവർ തെയ്യാറയി.
ഹോട്ടലിന്റെ കാഷ്യർ ആയി ഗൌരി മേശക്കരികിൽ ഐശ്വര്യമായി ഇരിക്കാൻ തുടങ്ങിയത് കടക്കും ഒരൈശ്വര്യമായിരുന്നു. ആണുങ്ങൾ എല്ലാവരും കടയിലെ കാര്യങ്ങൾക്കായി ഓടി നടന്നു...

കാര്യങ്ങൾ അടിക്കടി പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് അയൽ പക്കത്തെ നാരായണി വല്ലിമ്മയുടെ വക ഒരു പാര നല്ല മൂർച്ചയോടെ അവരുടെ ഇടയിലേക്ക് വന്നു പതിച്ചത്. അസൂയയും കുശുമ്പും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളാണ്. ആരെയെങ്കിലും ഏഷണി പിടിപ്പിക്കാൻ കിട്ടിയാൽ അതൊട്ടും പാഴാക്കില്ല. ദിവസവും വന്ന് എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചും നിന്ന് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച്  സ്ഥലം കാലിയാക്കുന്ന നാരായണി വല്ലിമ്മയെപ്പറ്റി ആർക്കും മതിപ്പൊന്നുമില്ലായിരുന്നു. എങ്കിലും ഒറ്റക്ക് താമസിക്കുന്ന ഒരു തള്ളയല്ലെ, വയസ്സായതല്ലെ എന്നുള്ള പരിഗണനയാണ് മാധവൻ കൊടുത്തത്.

അവരുടെ ഒരു സ്വന്തക്കാരനായിരുന്നു ബഷീർ മുൻപ് ഊണു വാങ്ങിച്ചു കൊടുത്തിരുന്ന ഹോട്ടലിലെ കാഷ്യർ. നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ട ഹോട്ടലുകാർ വെറുതെയിരിക്കുമോ...?
അവരായിരുന്നു ആ പാരയുടെ പുറകിൽ...
സെയ്തുക്കായും കണാരേട്ടനും ഇത് മുൻപേ കേട്ടിരുന്നു. സത്യമല്ലാത്തതുകൊണ്ട് അവരത് അവഗണിക്കുകയായിരുന്നു. ഇവിടെ ആരോടും അത് പറഞ്ഞതുമില്ല.

ഊണു കഴിച്ചു തീർന്ന് ഒന്നു മുറുക്കാൻ ചവക്കാനായി ഇരിക്കുമ്പോഴാണ്  നാരായണി വല്ലിമ്മ തൊട്ടടുത്തിരുന്ന ഗൌരിയോടും  ലക്ഷ്മിയോടുമായി അക്കാര്യം പറഞ്ഞത്.
“എന്തിനാ ആ മാധവനെ നിങ്ങളിങ്ങനെ ഏറ്റിക്കൊണ്ടു നടക്കണെ..? ആരാ അയാൾ..?”
കേട്ടതും ലക്ഷ്മി ഞെട്ടിപ്പോയി...!
പെട്ടെന്നു നാലുപാടും നോക്കി. മാധവനോ മറ്റാരെങ്കിലുമോ അത് കെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്റെ പൊന്നു ചേച്ചി... വല്ല വിഡ്ഡിത്തോം വിളമ്പല്ലെ... മനഷ്യേരു കേൾക്കും...”
“ഓ.. ഇനീപ്പോ കേൾക്കാനാരുമില്ല... നാട്ടിലിതൊക്കെ പാട്ടാ...”
“ദേ... തള്ളേ... ഞങ്ങടെ മാമനെക്കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലൊ.. ആ വായിൽ ഞാൻ തീ കോരിയിടും. പറഞ്ഞേക്കാം...”
ഗൌരിയാണ് കുറച്ചു ചൂടായിത്തന്നെ വല്ലിമ്മയുടെ താടിക്കിട്ടൊരു തട്ടു തട്ടിയിട്ട് പറഞ്ഞത്.
അതുകാരണം താടിയൊന്നു തടവിയിട്ട് വല്ലിമ്മ എഴുന്നേറ്റു. ഗൌരിയുടെ കയ്യെത്തും ദൂരത്തു നിന്നും മാറി നിന്നിട്ട് ഇത്തിരി ഉറക്കെത്തന്നെ പറഞ്ഞു.
“നിങ്ങ്ടെ ആ തെണ്ടി മാമനെക്കുറിച്ചല്ലെടി നാട്ടുകാരു പറേണെ.. നിങ്ങളെക്കുറിച്ചാ...!!”
“ഞങ്ങളെക്കുറിച്ചോ...? എന്താ നാട്ടുകാർക്കിത്ര പറയാനുള്ളെ...?” ലക്ഷ്മി കരയാൻ തുടങ്ങിയിരുന്നു.
“ആ തെണ്ടി മാധവനിപ്പോ.. ആരുടെ കൂടെയാ പൊറുതിയെന്നാ നാട്ടുകാരു ചോദിക്കുന്നേ.. അമ്മേടെ കൂടേയോ അതോ  മക്കളുടെ കൂടെയോന്ന്...?!!”
“ഞങ്ങടെ അമ്മയെ പറഞ്ഞാലുണ്ടല്ലൊ... ദുഷ്ടത്തി തള്ളേ....” എന്നും പറഞ്ഞ് തൊട്ടടുത്ത് കൊട്ടയിൽ വച്ചിരുന്ന വഴുതനങ്ങയിൽ ഒരെണ്ണമെടുത്ത് വല്ലിമ്മയുടെ മുതുകിനു നോക്കി ഒറ്റ ഏറ്. കൃത്യമായിത്തന്നെ വല്ലിമ്മയുടെ മുതുകിനു കൊള്ളുകയും ചെയ്തു. ആ ദ്വേഷ്യത്തിൽ പറഞ്ഞു.
“വെറുതെയല്ലെടി നിന്റെ രണ്ടുകാലും തളർന്നു പോയത്... അങ്ങനെ തന്നെ വേണം നിനക്ക്....”
അത് ഗൌരിക്കും സഹിച്ചില്ല. അവളും പറഞ്ഞു.
“വെറുതെയല്ല തള്ളേ.. ഒരേയൊരു മോളായിട്ടും അവള് നിങ്ങളെ ഇട്ടിട്ടു പോയത്.. തെണ്ടിച്ചി... നിങ്ങളാ തെണ്ടി നടന്നു തിന്നുന്നെ..”
“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്നിട്ട് കൊട്ടയിൽ നിന്നും വഴുതനങ്ങയെടുത്ത്  വല്ലിമ്മയെ എറിഞ്ഞു ദ്വേഷ്യം തീർത്തുകൊണ്ടിരുന്നു...
ലക്ഷ്മി ഇതൊന്നും താങ്ങാൻ ശക്തിയില്ലാതെ തലയും കുമ്പിട്ടിരുന്ന് കരഞ്ഞു...
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ ഇതെല്ലാം കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

തുടരും....