Saturday 15 January 2011

സ്വപ്നഭുമിയിലേക്ക്... ( 33 )


തുടരുന്നു....

.പെണ്ണുകാണൽ...

എയർപ്പോർട്ടിനു പുറത്തിറങ്ങുമ്പോൾ ആ പെട്ടിയുടെ ഉടമസ്ഥനും കൂടെയുണ്ടായിരുന്നുവെന്നു പറയുന്നതിനേക്കാൾ, അയാളെ ഞാൻ പിടിവിടാതെ ‘സ്നേഹിച്ചു’ കൂടെ നിറുത്തിയെന്നു പറയുന്നതാവും ഭംഗി. പുറത്തിറങ്ങി അയാൾ ആ പെട്ടിയുമായി പോയതിനു ശേഷമാണ് ഞാൻ അവിടം വിട്ടത്.

‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറക്കും’ എന്ന അവസ്ഥയായിരുന്നു എന്റേത്. ആ പെട്ടി എന്റെ ബോഡിങ്പാസ്സിൽ എഴുതിയിരിക്കുന്നിടത്തോളം കാലം എനിക്ക് തലവേദന തന്നെ.

ഗൽഫിനു പോകുകയാണന്നു പറയുമ്പോൾ, ഇതു പോലുള്ള പെട്ടികൾ, ‘ഈ ഷൂ’ എന്റെ അളിയനു കൊടുത്തേരെ, ഒന്നു നീയുമെടുത്തൊ എന്ന മട്ടിൽ വെറുതെ കിട്ടുന്ന ‘ഷൂ’കൾ, നമ്മളെ തേടി വന്നു കൊണ്ടു പൊയ്ക്കോളുമെന്നു പറഞ്ഞ് സുഹൃത്തുക്കൾ തന്നേൽ‌പ്പിക്കുന്ന ചെറിയ ചെറിയ പായ്ക്കറ്റുകൾ, എന്നിവയിലെല്ലാം ഗൾഫിലെത്തിയാൽ തലയറുത്തു മാറ്റാൻ ശക്തിയൂള്ള നിരോധിത ലഹരി പദാർത്ഥങ്ങൾ പതുങ്ങിയിരിക്കുന്ന വിവരം അറിയാതെ ചുമന്ന്, പിടിയിലകപ്പെട്ട് തലയറ്റു വീണ എത്രയെത്ര കഥകൾ നാം കേട്ടിരിക്കുന്നു....!!!

കൂടാതെ ശ്രീലങ്കൻ പുലികളും കൂടി ആയപ്പോൾ എന്റെ പേടി പതിന്മടങ്ങു വർദ്ധിച്ചു.
എങ്ങനെ വിയർത്തു കുളിക്കാതിരിക്കും...?!
എങ്ങനെ തൊണ്ടയിലെ വെള്ളം വറ്റാതിരിക്കും...?!!
എന്തായാലും അതവൻ എയർപ്പോർട്ടിനു പുറത്തു കടത്തിയതോടെ ആ ‘ചേതാമില്ലാ ഉപകാരം’ ഇവിടെ അവസാനിച്ചു.

ഫ്ലാറ്റിലെത്തിയപ്പോൾ എല്ലാവരും എന്നെ കാത്തിരിക്കുന്നു....!
കാരണം മറ്റൊന്നുമല്ല, ഞാൻ ‘ഡ്യൂട്ടി ഫ്രീ’ ഷോപ്പിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ചൂടൻ
‘ഷിവാസ് റീഗൽ’ കുപ്പിക്കായിട്ട്........!

വന്ന വഴി വർഗ്ഗീസേട്ടൻ എന്റെ കയ്യിൽ നിന്നും അതു കൈക്കലാക്കി. അതിൽ നിന്നും ഒരു പെഗ്ഗ് അകത്താക്കിയിട്ടായിരുന്നു ആദ്യത്തെ ചോദ്യം.
“ഇനി പറയടാ നിന്റെ വിശേഷം.... നാട്ടിലെങ്ങനെ മഴയൊക്കെയുണ്ടൊ...?”
“ ഓ... ഒന്നു രണ്ടു മഴ കിട്ടി... പക്ഷെ, നേരെ ചൊവ്വെ ഒന്നു കാണാൻ പോലും പറ്റിയില്ല. രണ്ടും രാത്രിയിലായിരുന്നു...”
“അപ്പൊ നീ മഴ കണ്ടില്ലെ.....?”
“ഇല്ലന്നേ....! എന്റെ ഏറ്റവും വല്യ സങ്കടായ്പ്പോയ് അത്....!! ഇനി ഒരു മഴ കാണണോങ്കി രണ്ടു വർഷം കാത്തിരിക്കണ്ടെ....!?”
“അപ്പൊ... ചൂടോടാ...?”
“അതിന്റെ കാര്യം പറയാണ്ടിരിക്കാ നല്ലത്.... ഇവിടെ പൊരിഞ്ഞ ചൂടാണെങ്കിലിം ചൂടു കാറ്റുമുണ്ട്. അതു കൊണ്ട് വിയർക്കില്ല....!! അവിടെ ചൂടു മാത്രമേയുള്ളു. കാറ്റേയില്ല.....! അകത്തിരിക്കാനും വയ്യ പുറത്തിരിക്കാനും വയ്യ... എന്റമ്മോ....!!”

“ ങാ... ശരി... ശരി.... നീയാ ഡ്രെസ്സ് മാറി ഒന്നു വേഗം ആ പെട്ടി പൊട്ടിക്കടാ...
എന്നിട്ട് ഇതിന്റെ കൂടെ കൊറിയ്ക്കാനുള്ളതൊ, തൊട്ടു നാക്കത്ത് വയ്ക്കാനുള്ളതോ എന്താന്നു വച്ചാലെടുക്കടാ...!!”
“ അപ്പൊ.. വർഗ്ഗിസേട്ടന്റെ ചൂടൊന്നടങ്ങി... അല്ലെ..?”
അതും പറഞ്ഞ് ഞാൻ മുറിയിൽ കയറി.

കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും എന്റെ പെട്ടി എല്ലാവരും കൂടി പൊട്ടിച്ച് അച്ചാറൊക്കെ എടുത്ത് കള്ളിനോടൊപ്പം തൊട്ടു നാക്കത്ത് വച്ച് എരു വാറ്റിത്തുടങ്ങിയിരുന്നു. എനിക്കായി കരുതി വച്ചിരുന്ന ‘ബിയർ’ കുപ്പിയുമായി വർഗ്ഗീസേട്ടൻ നിൽക്കുന്നു....!
പെട്ടെന്നു ചിരിയാണു വന്നത്..
“ഇതു വഴുതനങ്ങ കൊടുത്ത് ചുണ്ടങ്ങ വാങ്ങണ പരിപാടി ആണല്ലൊ വർഗ്ഗീസേട്ടാ...!!”
‘ഹാ.. ഹാ..’ വർഗ്ഗീസേട്ടന്റെ ചിരിയിൽ എല്ലാവരും പങ്കു ചേർന്നു.

ആഘോഷം ഒരു വിധം മുന്നോട്ട് നീങ്ങുമ്പോഴാണ് വർഗ്ഗീസേട്ടൻ എന്റടുത്ത് വന്നിരുന്ന് ഒരു സ്വകാര്യം പറഞ്ഞത്.
“എടാ... നീ വരുന്നേനു മുൻപ് ഇവിടെ ഒരു രസോണ്ടായടാ....! ഞങ്ങള് ഇങ്ങനെ കൂടിയിരുന്നു വർത്തമാനം പറഞ്ഞോണ്ടിരിക്കായിരുന്നൂട്ടോടാ.... പറഞ്ഞ് പറഞ്ഞ് അവസാനം ഒരോരുത്തരം കല്യാണം കഴിച്ച കഥകളിലേക്ക് കടന്നു. അപ്പേണ്ട് ഒരുത്തൻ എഴുന്നേറ്റ് അകത്തേക്ക് ഒറ്റ ഓട്ടം...!? ആളെ ഞാൻ ഇപ്പൊ പറയ്യൂല്ല... പിന്നെ ഞാൻ പറഞ്ഞു തരാം... ഹാ..ഹ..ഹ്... എന്താ സംഭവോന്നറിയ്യൊ....?”
ഞാൻ പറഞ്ഞു. “ഇല്ല്യ..”

വർഗ്ഗീസേട്ടൻ ഹാളിലാകെ ഒന്നു കണ്ണോടിച്ചിട്ടു സ്വരം താഴ്ത്തി പറഞ്ഞു.
“സ്ത്രീധനം പോരാഞ്ഞെന്ന് പറഞ്ഞ്....”
അത്രയും പറഞ്ഞപ്പോഴേക്കും എനിക്കു ആളെ പിടി കിട്ടി. ആളിന്റെ പേരു ഞാൻ പറഞ്ഞു.
“അവൻ തന്നെ... എടാ.. നിനക്കറിയാർന്നോ ആ കാര്യം...?”
“ഇതു ഞാൻ മുൻപെ കേട്ടിട്ടുണ്ട്. നൂറ്റൊന്നു പവൻ കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ ഒരു അമ്പാസ്സിഡർ കാറു കൂടി വേണമെന്നു പറഞ്ഞു വാശി പിടിച്ച കഥയല്ലെ...?”
“എടാ നീ ഒന്നാലോചിച്ചു നോക്ക്യേ... അവനെന്തു പണീണ്ടായിട്ടാടാ....”
“അതു പറഞ്ഞിട്ടു കാര്യമുണ്ടൊ ന്റെ വർഗ്ഗീസേട്ടാ.... ഇവിടെ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും നേരെ ചൊവ്വെ തിരക്കുന്നുണ്ടൊ... ഗൾഫെന്നു കേട്ടാൽ പിന്നെ ഇതിൽ‌പ്പരം ഒരു ബന്ധം കിട്ടാനില്ലാന്നു കരുതുന്ന പെണ്ണുങ്ങളും കുടുംബക്കാരും.. അപ്പൊപ്പിന്നെ അവനെപ്പോലുള്ളവരുടെ അത്യാഗ്രഹങ്ങളും കൂടും...!!”
“ആ കാലമൊക്കെ പോയെടാ മോനേ.... ഇപ്പോ ആരിരിക്കുന്നു അങ്ങനെയൊക്കെ കൊടുക്കാൻ.... സ്വർണ്ണത്തിനൊക്കെ വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കാ....!”
“ഇപ്പൊഴും ആളുണ്ട് ചേട്ടാ... അതൊക്കെ നമ്മുടെ ശേഖരേട്ടനേയും സമീറിനേയും കണ്ടു പഠിക്കണം...!!”
“ഞാൻ ചോദിച്ചൂടാ ശേഖരനോട്.... അവൻ പറഞ്ഞതെന്താന്നൊ... എനിക്കങ്ങനെ പറയാൻ പറ്റിയ കഥകളൊന്നും ഇല്ല്യാന്നാ....”
“ശേഖരേട്ടൻ അതാരോടും പറയാറില്ല... വ്യക്തിപരമായ കാര്യങ്ങളൊക്കെ എന്തിനാ മറ്റുള്ളവരെ അറിയിക്കണേന്നു ചോദിക്കും...”
“എടാ നീ ഒന്നു പറയടാ.. ഒന്നു കേൾക്കട്ടെടാ...!”

വർഗ്ഗീസേട്ടൻ ഗ്ലാസ്സിൽ ബിയർ നിറച്ച് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
“എടാ നീയിതങ്ങട് പിടിപ്പിച്ചെ... പിടിക്കടാ.... ന്ന്ട്ട് നീയാ പറഞ്ഞെ...”
“ ഞാൻ പറയാം... പക്ഷെ, ശേഖരേട്ടൻ സമ്മതിക്കണം.... ശേഖരേട്ടന്റെ സമ്മതം വാങ്ങിയാൽ ഞാൻ പറയാം... "

വർഗ്ഗീസേട്ടൻ ഒരു ഗ്ലാസ്സിൽ നിറച്ച ബീയറുമായി ഒരു ചെറുപുഞ്ചിരിയോടെ എഴുന്നേറ്റു. എന്നോട് ഏറുകണ്ണൊന്നടച്ച് കാട്ടി ഒറ്റപ്പോക്ക് അകത്തേക്ക്. ശേഖരേട്ടനെ ചാക്കിടാനാണെന്നു പറയേണ്ടല്ലൊ....

മൂപ്പിലാൻ ആരേയും മയക്കി ചാക്കിടാൻ മിടുക്കനാ..!!
എന്നാലും നമ്മൾക്ക് വർഗ്ഗീസേട്ടനോട് ഒരു ചെറിയ ദ്വേഷ്യം പോലും തോന്നുകയില്ല...!
അപൂർവ്വം ചില വ്യക്തിത്വങ്ങൾ ഇതു പോലെ നമ്മുടെ ജീവിത യാത്രയിൽ കണ്ടുമുട്ടിയെന്നു വരാം...! അത്തരക്കാരെ ഒരു പ്രാവശ്യം നാം പരിചയപ്പെട്ടാൽ മതി. പിന്നെ ആ മുഖം മനസ്സിൽ നിന്നും മായുകയില്ല..

ശേഖരെട്ടനെയും കൂട്ടിയാണ് വർഗ്ഗീസേട്ടൻ തിരിച്ചു വന്നത്. വന്നവഴി ശേഖരേട്ടൻ പറഞ്ഞു. “അല്ലെങ്കിലും മറ്റുള്ളവന്റെ പരദൂഷണം പറഞ്ഞു സമയം കളയണതാണല്ലൊ പ്രവാസികളുടെ എറ്റവും വലിയ വിനോദം. ഇനി ഞാനായിട്ട് മുടക്കം വരുത്തുന്നില്ല. ഇന്നിപ്പോ.. എന്നെത്തന്നെയാണ് കിട്ടിയതല്ലെ.. നടക്കട്ടെ... നടക്കട്ടെ....”
“നാളെ ഞാനില്ലാത്തപ്പൊ നീ എന്നെ കുറ്റം പറഞ്ഞോടാ...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ വലിയ വായിൽ ചിരിച്ചു. അതിൽ ഞങ്ങൾക്കും പങ്കു ചേരാതിരിക്കാനായില്ല..
“ഓ.. നിങ്ങളെക്കുറിച്ച് എന്തൊ പറയാനിരിക്കുന്നു..... കുറേ ‘തണ്ണിക്കഥ’യല്ലാതെ.....!”
“ഒന്നു പോ‍യെടാ...... ശവി...” വർഗ്ഗീസേട്ടൻ ശേഖരേട്ടന്റെ നേർക്ക് കൈ വീശി.
ശേഖരേട്ടൻ ചിരിച്ചു കൊണ്ട് അകത്തേക്കു തന്നെ പോയി.

ഹാളിലെ ഊണുമേശക്ക് ചുറ്റുമിരുന്നാണ് ഈ കസർത്തുകളൊക്കെ. അപ്പുറത്ത് പുറത്തെക്കുള്ള വാതിലിനോട് ചേർന്നാണ് ടീവി വച്ചിരിക്കുന്നത്. ഇവിടെ ഇരുന്നാൽ അതും കാണാം. ചിലർ അതിൽ കണ്ണുംനട്ടിരിക്കുന്നു. നാട്ടുകാരനും സുഹൃത്തായ സമീറും തൊട്ടടുത്തു തന്നെ വന്നിരുന്നു. കാരണം ഈ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് മൂപ്പിലാൻ.

“ഇനി കല്യാണക്കഥ തുടങ്ങാം അല്ലെ.....?”
കഥയിലെ പോരായ്മകൾ തിരുത്താനാണ് സമീറ്.

ആ കാലത്ത് ഞാൻ ഗൾഫിൽ പോകാൻ തയ്യാറെടുത്ത് പുത്തൻ കുപ്പായവും തയ്പ്പിച്ച്, വടക്കോട്ടും നോക്കി ഇരുപ്പാണ്. കാരണം വിസ തരാമെന്നു പറഞ്ഞ് കാശും വാങ്ങി മുങ്ങിയ ഏജന്റെ അങ്ങു ഡൽഹിയിലെ ‘ഹോളിഫാമിലി’യിലെ ഒരു ലോഡ്ജിൽ ഇരുന്നാണ് തട്ടിപ്പു നടത്തുന്നത്.

ഇവൻ, സമീറ് അബൂദാബിയിൽ നിന്നും വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നതേയുള്ളൂ. ശേഖരേട്ടനും ഈയാഴ്ച എത്തുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു. ശേഖരെട്ടൻ ഇത്തവണ വരുമ്പോൾ പെണ്ണു കെട്ടിയിട്ടേ പോകുന്നുള്ളൂന്ന് വീട്ടുകാരിൽ നിന്നും ഞങ്ങൾ അറിഞ്ഞിരുന്നു. മാത്രമല്ല നേരത്തെ തന്നെ കൊള്ളാവുന്ന പെൺപിള്ളേരെയൊക്കെ കണ്ടു വക്കാനായി ഞങ്ങൾ വീട്ടുകാരോടൊപ്പം പോയി കുറേയെണ്ണത്തിനെ കണ്ടിരുന്നു. അഞ്ചാറെണ്ണത്തിനെ സെലക്ട് ചെയ്ത് വച്ചു.

ഇതിന്റെയൊക്കെ പുറകിൽ ഓരൊ മൂന്നാന്മാരും ഉണ്ട് കെട്ടൊ..
അവർ കാണിച്ചു തരുന്ന പെൺകുട്ടികളെന്നു പറഞ്ഞാൽ എന്തെങ്കിലും കാര്യമായി ‘തടയാനുള്ള’ സംവിധാനത്തിലൂടെ മാത്രമേ പോകുകയുള്ളു.

ശേഖരേട്ടൻ വിളിച്ചു പറഞ്ഞിരുന്നു ‘എതെങ്കിലും വീട്ടിൽ ശ്രീധനത്തിന്റെ കാര്യം മിണ്ടിപ്പോയാൽ പിന്നെ ഞാനാ വീട്ടിൽ പെണ്ണു കാണാൻ പോകില്ലാന്ന്..’
അതാണ് ശേഖരേട്ടൻ....!
വിപ്ലവം തലക്കു പിടിച്ച് ചെങ്കൊടി ഏന്തി നടന്ന നാളുകളിൽ ഒരുപാട് ആദർശങ്ങൾ തലയിൽ ചുമന്നുകൊണ്ട് നടന്നിരുന്നു.
ശ്രീധനം വാങ്ങി കല്യാണം കഴിക്കില്ല.
പാവപ്പെട്ട വീട്ടിൽ നിന്നേ കെട്ടു.
അതും സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ളപ്പൊൾ മാത്രമെ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കു. ആവുന്നതും ഒരു മിശ്രവിവാഹത്തിനു മുൻതൂക്കം കൊടുക്കും....
അങ്ങനെ.. അങ്ങനെ...!

ജാഥക്കും മതിലെഴുതാനും മുദ്രാവാക്യം വിളിക്കാനും മാത്രമായാൽ പോരല്ലൊ. വയറ്റുപ്പിഴപ്പിനും ഒരു വഴി കണ്ടെത്തണമല്ലൊ. അതിനു വഴി കാണാതായപ്പൊൾ വിപ്ലവം വിട്ടു. നാട്ടിൽ കിട്ടിയ പണിക്കൊന്നും ഒരു ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടയിൽ ഇവൻ സമീറും ഗൾഫിലേക്ക് പുറപ്പെട്ടതോടെയാണ് ഗൾഫെന്ന സ്വപ്നം പൂവണിയാൻ തുടങ്ങിയത്.
അപ്പോഴേക്കും പ്രായം മുപ്പതിലെത്തിയിരുന്നു.....!
കിട്ടിയത് സൌദിയിലാണ്....!
അവിടന്നുള്ള ആദ്യത്തെ വരവാണ്.

അതുകൊണ്ട് ശ്രീധനക്കാര്യം പറഞ്ഞാൽ അവിടെ പെണ്ണു കാണാൻ പോയില്ലെങ്കിലോയെന്നു ഭയന്ന് മുന്നാന്മാർ അക്കാര്യം മറച്ചു വക്കും. ചോദിക്കാതെ സ്ത്രീധനം തന്നതാണെന്ന് കരുതിക്കോളും. അതോടൊപ്പം തങ്ങളുടെ കാശ് കണക്കു പറഞ്ഞു വാങ്ങുകയും ചെയ്യാം. അതിനു പറ്റിയ വീടുകളിലെ ഞങ്ങളെ കൊണ്ടു പോയുള്ളു.

‘ധർമ്മക്കല്യാണം’ നടത്തിയാൽ ഞങ്ങൾക്കെന്തു കിട്ടാനെന്ന് ഒരുത്തൻ പറയുകയും ചെയ്തു.
ഞങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ട അഞ്ചാറു കേസുകളുടെ അവസാന തീരുമാനം ചെറുക്കൻ വന്നു പരസ്പരം കണ്ടിട്ട് തീരുമാനിക്കട്ടെയെന്നു പറഞ്ഞ് പോന്നു.

ശേഖരേട്ടൻ വരുന്ന ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി ഒരു ജീപ്പ് വിളിച്ച് വിമാനത്താ‍വളത്തിലേക്ക് പുറപ്പെട്ടു. സൌദിയിൽ നിന്നും ബോബെ വഴിയാണ് വരുന്നത്. ശേഖരേട്ടനെ സ്വീകരിച്ച് മടങ്ങുമ്പോൾ പറഞ്ഞു.
“ആകെ ഒരു മാസത്തെ അവധിയേ കിട്ടിയുള്ളു. നാളെത്തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഒന്നു ഓക്കെ ആക്കണം. ബോംബെയിൽ നിന്നുള്ള ഫ്ലൈറ്റിനാണ് ബുദ്ധിമുട്ട്.. സമീറേ... താനത് ഏറ്റോണം...”
“ഓക്കെ... അക്കര്യം ഞാനേറ്റു..”
“താൻ എത്ര നാളുണ്ടെടൊ... ഇവിടെ...?”
“എനിക്കു രണ്ടു മാസമുണ്ട്....”

കുറേ പോന്നു കഴിഞ്ഞപ്പോൾ ഒരിടത്ത് വച്ച് സമീർ പറഞ്ഞു.
“ശേഖരേട്ടാ.. ദേ ഈ വഴിയെ കുറച്ചങ്ങട് ചെല്ലുമ്പോൾ ഒരു വീടുണ്ട്... ആ വീട്ടിലൊരു കിളിയുണ്ട്... ഞാൻ കണ്ടതിൽ ശേഖരേട്ടന് ഏറ്റവും യോജിച്ചത് അതായിരിക്കും...!!”
മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
“അതെങ്ങനെ നി ഒറ്റക്കു പോയി പെണ്ണു കണ്ടടാ സമീറെ....?”
“ഹാ..ഹാ... ഞാൻ ഒറ്റക്കു പൊയി കണ്ടതല്ല. ഇന്നലെ ഒരു സ്ഥലത്ത് വച്ച് അപ്രതിക്ഷിതമായി കണ്ടതാ.. ആ കിളിയെ കണ്ടതും എന്റെ മനസ്സിൽ ഓടിവന്ന മുഖം ശേഖരേട്ടന്റെയാ... നമ്മൾ കുറച്ചു ദിവസമായിട്ട് ശേഖരേട്ടനു പെണ്ണന്വേഷിച്ചു നടക്കായിരുന്നല്ലൊ. അതു കൊണ്ടാവും അങ്ങനെ തോന്നിയത്...”
“എന്നിട്ട് നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലൊ ഇതുവരെ...”
“ഞാൻ അനേഷിച്ചപ്പോൾ.... വേണ്ടന്നു തോന്നി....”
“അതെന്താ.. അങ്ങനെ തോന്നാൻ..”
“ഈ ശേഖരേട്ടൻ ‘ഗൾഫ് ശേഖരേട്ടനല്ലെ’ ഇപ്പോൾ...!? പഴയ ആദർശമൊക്കെ
എത്രമാത്രം കയ്യിലുണ്ടെന്നറിയില്ലല്ലൊ....”

അതു കേട്ടതും ശേഖരേട്ടൻ സമീറിനെ തിരിഞ്ഞൊന്നു നോക്കി.
“അല്ല ശേഖരേട്ടാ... അത്രക്ക് ചേരുന്ന പെണ്ണായതു കൊണ്ട് ഞാനതിന്റെ വിശദവിവരം അന്വേഷിച്ചിരുന്നു ഇന്നലെത്തന്നെ...”
“എന്താ വിവരം കേൾക്കട്ടെ...”
“അവർക്ക് ഇപ്പോൾ ഒരു കല്യാണം നടത്താനുള്ള സാഹചര്യമില്ല.”
“ബുദ്ധിമുട്ടെന്താ... ? പെണ്ണിനു പ്രായമായില്ലെ...?”
“അതൊക്കെ ആയി... ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടെ പറ്റുള്ളു..”

ആ സംഭാഷണം അവിടെ അവസാനിച്ചു.
അന്നു വൈകുന്നേരം ശേഖരേട്ടൻ നാടു കാണാനിറങ്ങി....
പത്തു മുപ്പതു കൊല്ലം ജിവിച്ച കവലക്ക് മാറ്റമൊന്നുമില്ല....
എന്നാലും ആദ്യമായിട്ട് കാണുന്ന ഒരു തോന്നലായിരുന്നു.....
പണ്ടു കണ്ടാൽ മിണ്ടാത്തവരോട് പോലും വലിയ സ്നേഹം തോന്നി. ആരേയും ഒഴിവാക്കിയില്ല. കേറിച്ചെന്നു പരിചയം പുതുക്കി.

മമ്മുദുക്കാന്റെ കടയിൽ സമീറിനെയും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ നാളെ പെണ്ണു കാണാൻ പോകാനുള്ള ഒരു മൂന്നാമൻ അടുത്തെത്തി. മറ്റെന്നാൾ മുതൽ പെണ്ണു കാണൽ തുടങ്ങാമെന്നു തീരുമാനിച്ചു.

തിരിച്ചു പോരുന്ന വഴി സമീറിന്റടുത്ത് ആ പെൺകുട്ടിയൂടെ കാര്യം ചോദിച്ചു. എല്ലാം ഒന്നു കൂടി കേട്ടു കഴിഞ്ഞ ശേഖരേട്ടൻ പെട്ടെന്നു പറഞ്ഞു.
“നാളെ കാലത്ത് അവിടെ പോയി ആ പെൺകുട്ടിയെ ഒന്നു കണ്ടാലൊ..?”
സമിർ ശരിക്കും ഞെട്ടി.
“ങെ....! ഉറപ്പിച്ചൊ...?”
“ങൂം... എന്തായാലും നമുക്ക് പോയി ഒന്നു കാണാം....!”
“പക്ഷെ, പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ... ഒരു കളിതമാശ ആക്കരുത്....”
“അതൊന്നുമില്ല... കാണാൻ പറ്റിയ ഒരു സന്ദർഭം നാളെ കാലത്തേക്ക് പറ്റുമെങ്കിൽ ശരിയാക്ക്...”
“ഓക്കെ... അത് ഞാൻ ഏർപ്പാട് ചെയ്യാം..”

പിറ്റെ ദിവസം കാലത്ത് തൊട്ടടുത്ത ഒന്നു രണ്ടു ബന്ധുക്കളോടൊപ്പം ഞങ്ങൾ ഒരു പറ്റം ജീപ്പിൽ പുറപ്പെട്ടു. ഒരു ഓട്ടൊറിക്ഷ പോലും പോകാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വീതി കുറഞ്ഞ വഴിയിൽ ജീപ്പ് ഇട്ടിട്ട്, കുറച്ചിട ഞങ്ങൾ നടന്നു.

ഒരു കൊച്ചു ഓടു മേഞ്ഞ വീടായിരുന്നു.
ചുറ്റുവട്ടത്തും വാർക്ക കെട്ടിടങ്ങൾ...
മതിലിനു പകരം ഓലയും മുള്ളും വച്ചു കെട്ടി മറച്ച വേലിയുടെ നടുക്കായി ഒരു ചെറിയ പടി (ഗേറ്റ്).
മുളംകോലായിരുന്നു പടിയായി ഉപയോഗിച്ചിരുന്നത്....
മുകളിലത്തെ പടി ഒരു വശത്തേക്ക് നീക്കി വച്ചാൽ കവച്ചു കടക്കാം...
ഞങ്ങൾ മുറ്റത്തേക്ക് കടന്നു....

മുറ്റം നിറയെ ചെടിച്ചട്ടിയിൽ വളരുന്നതും അല്ലാത്തതുമായ ചെടികളും നിറയെ പൂക്കളും.
കൂടാതെ നല്ല പൊക്കമുള്ള തെങ്ങുകളും അടയ്ക്കാമരങ്ങളും വീടിനു ഭീഷണീയായി നിൽക്കുന്നു...
പിന്നെ മാവ്, പ്ലാവ് മുതലായവ.

ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു കുഞ്ഞിറയം. അതു കഴിഞ്ഞ് കുഞ്ഞു സ്വീകരണമുറി. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും കഷ്ടിച്ച് ഇരുന്നു. ചായ കുടിച്ചിരിക്കുമ്പൊഴാണ് പെണ്ണിനെ കാണിച്ചത്.

പാവാടയും ബ്ലൌസ്സുമായിരുന്നു വേഷം....
ഒരു കുഞ്ഞു പെണ്ണിനെപ്പോലെ തോന്നി.......
ശേഖരേട്ടന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി....!
സമീറിന്റെ കണക്കു കൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് ഒരു നിമിഷം ഓർത്തു.

കൊച്ചു പെണ്ണിനെപ്പോലെ തോന്നിയതുകൊണ്ട് ഒന്നു സാരി ഉടുത്തു കാണാൻ ബന്ധുക്കളിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു.
സാരി ഉടുത്ത് ഒന്നു കൂടി ഞങ്ങളുടെ മുൻപിൽ വന്നു നിന്നു....!
ഇപ്പോഴാ ഒരു പെണ്ണായതെന്നു തോന്നി.....

പെൺകുട്ടി അകത്തെക്കു പോയതിന്റെ പിറകെ എല്ലാവരും ശേഖരേട്ടന്റെ മുഖത്തേക്കു നോക്കി. എല്ലാവരും കൺപുരികം മുകളിലെക്ക് വെട്ടിച്ചു ചോദിച്ചു മൂകമായി ‘എങ്ങനെണ്ട്...?’
ഞങ്ങൾ എല്ലാവരും മുറ്റത്തിറങ്ങി നിന്നു കുശുകുശുത്തു....!
അവസാന തീരുമാനപ്രകാരം ശേഖരേട്ടന്റെ ബന്ധു പറഞ്ഞു.
“ഞങ്ങൾക്കിഷ്ടമായി.... നിങ്ങളുടെ തിരുമാനം എത്രയും പെട്ടെന്ന് അറിയിക്കണം... പറ്റുമെങ്കിൽ നാളെത്തന്നെ.. കാരണം അവനു ലീവു കുറവാണ്...”

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ അകത്തു നിന്നും മറുപടി വന്നു.
“നാളേക്കാക്കണ്ട... ഇപ്പൊത്തന്നെ പറയാം.. ഞങ്ങൾക്കിഷ്ടായി...!!!’
എല്ലാവരേടേയും മുഖത്ത് പൂർണ്ണചന്ദ്രൻ തിളങ്ങി.....!!
അതു കേട്ടതും ബന്ധു ഉടനെ തന്നെ പറഞ്ഞു.
“എങ്കിൽ നാളെത്തന്നെ നിങ്ങൾ വേണ്ടപ്പെട്ടവരൊക്കെകൂടി അങ്ങോട്ടു വരൂ... അവിടെ വച്ച് തിരുമാനിക്കാം ബാക്കി...”
“ഇത്ര പെട്ടെന്നായാലെങ്ങനാ.. ഞങ്ങൾ ഒന്നും കരുതിയിട്ടില്ലിതുവരെ. അടുത്ത വരവിനു പോരെ കല്യാണം.... അപ്പൊഴേക്കും ഞങ്ങൾ റെഡിയാക്കാം....”

ഒരു പെൺകുട്ടിയെ ഇറക്കിവിടാനുള്ള ബദ്ധപ്പാട് ആ വാക്കുകളിൽ നിറഞ്ഞിരുന്നു. ബന്ധു പറഞ്ഞു.
 “ഞങ്ങൾക്ക് സമയം കളയാനില്ല.. മറ്റൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലൊ... പിന്നെന്താ...?”
“എന്നാലും ഒരു പെണ്ണിനെ ഇറക്കിവിടുമ്പോൾ വെറും കയ്യോടെ എങ്ങനാ...?”
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് എന്താന്ന്വച്ചാ അതു കൊടുത്താൽ മതി...!!”
“അതാ ഞങ്ങൾ പറഞ്ഞത്.... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ടാണെങ്കിൽ.... അപ്പൊ.. ഒന്നു വരാൻ പറ്റില്ലെ....?”
ആ ചോദ്യം ശേഖരേട്ടന്റെ നേരെയായിരുന്നു..

അടുത്തു നിന്ന ഞാൻ ശേഖരേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
‘ ആ പരിപാടി വേണ്ട.... അപ്പൊഴേക്കും വയസ്സ് മുപ്പത്തഞ്ചാവും... മൂക്കിൽ പല്ലും വരും.....!!’
ശേഖരേട്ടൻ പറഞ്ഞു.
“പോയാൽ പിന്നെ രണ്ടു വർഷം കഴിയാതെ വരാൻ പറ്റില്ല....”
ബന്ധു പറഞ്ഞു.
“എന്തായാലും നിങ്ങൾ നാളെ അങ്ങോട്ടു വരൂ... ബാക്കി അവിടെ വച്ച് തിരുമാനിക്കാം...”
അതു സമ്മതമെന്ന നിലയിൽ പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

പിറ്റെ ദിവസം അവർ വന്നു.
സ്ത്രീധനമൊന്നും ആവശ്യപ്പെടാത്തതു കൊണ്ട് കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായില്ല.
തൊട്ടടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ തിരുമാനിച്ചു.
തിയതി നാളെ കുറിച്ചയക്കാമെന്നു പെൺ വീട്ടുകാരുടെ ഒരു കാർന്നോർ ഏറ്റു.
അതോടൊപ്പം വിരുന്നു പോലുള്ള പരിപാടികൾ സമയ ലാഭത്തിനായി വേണ്ടന്നു വച്ചു.
തൊട്ടടുത്ത ദിവസം തന്നെ തീയതിയുമായി ആളു വന്നു.
ഒരാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തം...!!

ഇതിനിടയിൽ മൂന്നാന്മാർ ബഹളം തുടങ്ങി...!
“നിങ്ങൾ കെട്ടണ്ട.... ഒന്നു വന്നു കണ്ടിട്ടു പോ... ഇഷ്ടപ്പെട്ടില്ലാന്നു ഞങ്ങൾ പറഞ്ഞോളാം.”
അതിനൊന്നും ശേഖരേട്ടൻ നിന്നു കൊടുത്തില്ല.....
മറ്റൊരു പെണ്ണൂ കാണലിനു ശേഖരേട്ടൻ പോയില്ല......
വെറൂതെ ഒരു പെണ്ണിന്റെ മനസ്സു വേദനിപ്പിക്കാൻ ശേഖരേട്ടനാവില്ല.
അവർക്ക് വേണമെങ്കിൽ ചായക്കാശു കൊടുത്തു വിടാം.
അപ്പൊഴത്തെ ദ്വേഷ്യത്തിൽ അതിനൊന്നും നിൽക്കാതെ അവർ സ്ഥലം വിട്ടു.

പിറ്റെ ദിവസം കാലത്ത് മുതൽ വിവാഹത്തിന്റെ ക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, അന്നു കാലത്ത് കിട്ടിയ വാർത്ത സകലരേയും ഞെട്ടിച്ചു കളഞ്ഞു.... !!?
“ഈ കല്യാണത്തിനു പെണ്ണിനു സമ്മതമല്ലത്രേ...!!?”

വിവരമറിഞ്ഞ് ഞങ്ങളെല്ലാം ശേഖരേട്ടന്റെ വീട്ടിൽ കൂടി.
‘അന്ന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതാണല്ലൊ....!’
‘ശ്രീധനമൊന്നും നമ്മൾ ചോദിച്ചിട്ടില്ലല്ലൊ...!!’
‘ഇനി ആരെങ്കിലും നമ്മൾക്കിട്ട് പാര പണിതോ...?!’
‘ചിലപ്പോൾ മൂന്നാന്മാർ ആരെങ്കിലും....!!?’

ബാക്കി അടുത്ത പോസ്റ്റിൽ....

Saturday 1 January 2011

സ്വപ്നഭുമിയിലേക്ക്... ( 32 )

എല്ലാവർക്കും എന്റെ 
 “പുതുവത്സരാശംസകൾ.....”




തുടരുന്നു....

സ്വത്വം...

വിമാനം പോകേണ്ട സമയം കഴിഞ്ഞിട്ടും വിടാതായപ്പോൾ യാത്രക്കാർ അക്ഷമരായിത്തുടങ്ങി. അതുവരെ മൂന്നാല് അംഗരക്ഷകരുമായുള്ള എന്റെ പ്രകടനം കണ്ട് കൊണ്ടിരുന്ന പലരും
‘എന്താ.. എന്താ..’ ചോദിക്കാൻ തുടങ്ങിയിരുന്നു. അവരോടെല്ലാം ഞാൻ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ, എന്റെ കൂടെ ആ പെട്ടി തന്ന ആളെ അവരിലാരും കണ്ടവരില്ല.
എന്റെ പേരിലെഴുതിയ ആ പെട്ടി ഞാനും കണ്ടിട്ടില്ല....!!

തിരുവന്തപുരത്ത് കൌണ്ടറിൽ നിന്ന  ഉദ്യോഗസ്ഥനാണ് ആ പെട്ടി എന്റെ പേരിൽ എഴുതിക്കയറ്റിയത്. ഞാൻ ചെല്ലുന്നതിനു മുൻപേ തന്നെ ആ പെട്ടി അകത്തു പോയിരുന്നു.

കൌണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥരാണ് സ്വന്തം ബന്ധുക്കളേയും പരിചയക്കാരേയും മറ്റും ഇത്തരത്തിൽ കൂടുതൽ ‘ലഗ്ഗേജ്’ മായി വരുന്നവരെ, അതിന്റെ ‘ലഗ്ഗേജ് ചാർജ്ജ്’ വാങ്ങാതെ ‘അഡ്ജസ്റ്റ്മെന്റ്’ ചെയ്തു വിടുന്നത്. ഈ ലഗ്ഗേജെല്ലാം കൂടെ യാത്ര ചെയ്യുന്ന ഏതെങ്കിലുമൊക്കെ യാത്രക്കാരന്റെ തലയിൽ കെട്ടിവക്കുകയാണ് ചെയ്യുന്നതെന്ന് അന്നാണ് ബോദ്ധ്യമായത്.

സാധാരണ ഗതിയിൽ കുഴപ്പമൊന്നുമില്ല. അവസാനത്തെ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ ഉടമസ്ഥർ എടുത്തുകൊണ്ടു പൊയ്ക്കോളും. പക്ഷെ, ഇതുപോലെ കൊളംബോ പോലെ ‘തീവ്രവാദ ഭീഷണി’ യുള്ള സ്ഥലങ്ങളിൽ തന്റെ ലഗ്ഗേജുകൾ ഒന്നു കൂടി കാണിച്ചു കൊടുക്കേണ്ട ഒരവസ്ഥ വന്നാൽ ഈ നിരപരാധികളായ യാത്രക്കാർ കുടുങ്ങിയതു തന്നെ. അതു പോലുള്ള ഒരു ദുരന്തമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.

അവന്റെ പേരൊ നാളൊ ഒക്കെ അറിയാമായിരുന്നെങ്കിൽ, അതു നോക്കി പെട്ടി കാണിച്ചു കൊടുക്കാമയിരുന്നു. അല്ലാതെ ഒരൂഹം വച്ചെങ്ങാനും കാണിച്ചു കൊടുത്താൽ ചിലപ്പോൾ ശ്രീലങ്കൻ ജയിലിൽ നിന്നും ഒരിക്കലും പുറത്തു വരില്ല. ഞാൻ മുന്നാമത്തെ റൌണ്ടും പൂർത്തിയാക്കിയപ്പോഴും അവൻ എന്നെത്തേടി വന്നില്ല. ഞാനായിട്ട് അവനെ കണ്ടെത്താൻ കഴിയില്ലാന്ന് എനിക്ക് ഉറപ്പായിരുന്നു.

നാലാമത്തെ റൌണ്ടിനു പുറപ്പെടുന്നതിനു മുൻപു ഞാൻ അവരോടു പറഞ്ഞു.
“എനിക്കവനെ കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നില്ല. ആ ലഗ്ഗെജ് ഉപേക്ഷിച്ചിട്ട് പോയാലൊ...? എനിക്കു വേണ്ടാത്...!”
അതു ശരിയാണെന്ന് എന്നെ വട്ടം ചുറ്റി നിന്നവർക്കും തോന്നി.
“അതിന്റെ ഉടമസ്ഥന് ആവശ്യമില്ലാത്തത് തനിക്കെന്തിന്....!” ഒരാൾ.
“ആ ആളില്ലാത്ത ലഗ്ഗേജ് പിന്നെ പ്രശ്നമാവും...!” മറ്റൊരാൾ.
“ അതു ചിലപ്പോൾ ബോംബ് സ്കാഡ് വന്നു പരിശോധിക്കേണ്ടി വരും...!”
“ശരിയാ... അനാഥശവം പൊലെ കിടക്കുമ്പോൾ അതു വല്യ ഗുലുമാലാ..!!”
“ഇനി അതിനകത്ത് വല്ല നിരോധിത സാധനങ്ങൾ വല്ലതുമാണെങ്കിൽ....?!”
“നിങ്ങൾ ഉപേക്ഷിച്ചിട്ടു പോയാലും കുഴപ്പമാ...!!”
“നിങ്ങൾ എവിടെപ്പോയാലും അവിടെ വരും ഇവന്മാർ...!”
എല്ലാം കേട്ടിട്ട് നിന്നു വിയർക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തൊണ്ട വരണ്ടുണങ്ങിയിരുന്നു.....

എയർഹോസ്റ്റസ് പറഞ്ഞു.
“എല്ലാ യാത്രക്കാരും കയറിയിട്ടുണ്ട്. ഈ ഒരു ലഗ്ഗെജ് മാത്രമേ പ്രശ്നമുള്ളു... ഒന്നു കൂടി നോക്കൂ... നിങ്ങൾ കൂടി ചെന്നൊന്നു സഹായിച്ചു കൊടുക്കൂ... എല്ലാവരോടും ഒന്നു കൂടി പറയൂ....!!”
“ശരി... ഞങ്ങളും വരാം....” എന്നെ വട്ടം ചുറ്റി നിന്നവർ പറഞ്ഞു.

അങ്ങനെ എന്നോടൊപ്പം മലയാളികളുടെ ഒരു പട തന്നെ കൂടി....
‘കാടിളക്കി മറിച്ച് കാട്ടു മൃഗത്തെ പുറത്ത് ചാടിച്ച് വെടി വെച്ചു വീഴ്ത്താൻ തെയ്യാറായി’ നിരന്നു. രണ്ടു വശത്തുള്ളവരോടും തിരുവനന്തപുരത്ത് നടന്ന കാര്യങ്ങൾ വിശദമാക്കിക്കൊണ്ടു മുന്നോട്ടു നീക്കി.
എന്റെ ചങ്കു കിടന്നു പിടയുകയായിരുന്നു. ഇപ്പോഴെങ്കിലും ആ ‘പണ്ടാറക്കാലനെ കാണിച്ചു തരണെ ദൈവമേ...!!’ ഞാൻ ദൈവത്തിന്റെ മുൻപിൽ കൈ കൂപ്പി നിൽക്കുന്നത് പോലെയാണ് എന്റെ നടപ്പ്...!

എനിക്കൊന്നും പറയേണ്ടി വന്നില്ല. എല്ലാം കൂടെയുള്ളവർ ഏറ്റെടുത്തു. സമയം വൈകിയതു കൊണ്ട് കുറച്ചു പേർ മറ്റെ നിരയിലും ചെന്ന് കാടിളക്കാൻ തുടങ്ങി...!
അങ്ങനെ രണ്ടു കൂട്ടരും കൂടി, ഇടക്ക് നിന്നും ഒരുത്തൻ പോലും ചാടിപ്പോകാത്തവിധം ഗ്യാപ്പടച്ചാണ് തിരയൽ...!

ഞാനുമായിട്ട് ഒരു ബന്ധവുമില്ലാത്ത, ഈ വിമാനത്തിനകത്ത് വച്ചു മാത്രം ആദ്യമായി കാണുന്ന, എവിടെയൊക്കെയൊ ഉള്ള കുറേ മലയാളികൾ ഒരുമിച്ച് ചേർന്ന്, ഒരു നേതാവൊ, ഒരു സംഘടനയുടേയൊ പിൻബലമില്ലാതെ സ്വയമെടുത്ത തീരുമാനപ്രകാരമാണീ കാടിളക്കൽ....!!!

ഇതല്ലെ ‘സ്വത്വം...?’
‘മലയാളം’ എന്ന ‘ഭാഷാ സ്വത്വം....!’
അതു കാരണമല്ലെ ഈ മലയാളികളത്രയും ഈ കൂട്ടായ്മയിൽ പങ്കു ചേർന്നത്...!
ഇവിടെ ഞങ്ങൾക്ക് ജാതിയില്ല,
മതമില്ല,
രാഷ്ട്രീയമില്ല,
അവർണ്ണനില്ല,
സവർണ്ണനില്ല.
കറുത്തവനില്ല,
വെളുത്തവനില്ല,
തിരുവനന്തപുരത്ത് കാരനെന്നൊ,
കാണ്ണൂർ കാരനെന്നോയില്ല..
ഒരേ ഒരു സ്വത്വം മാത്രം ഞങ്ങളെ കൂട്ടിയിണക്കുന്നു....!!
‘മലയാളം’ അതെ, ഞങ്ങളുടെ മാതൃഭാഷാ...!!!
ഈ ‘സ്വത്വബോധം’ നമ്മുടെ സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ.....!!?

കാടിളക്കി മുന്നോട്ടു നീങ്ങുന്തോറും എന്റെ പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരുന്നു....!
ഇനി അങ്ങനെയൊരാൾ ഈ വിമാനത്തിൽ കയറിയില്ലേ...?
അതോ അയാൾ ഇവിടെ ഇറങ്ങി തന്റെ ലഗ്ഗേജ്മായി പോയോ..?!

രണ്ടിടത്ത് നിന്നുമുള്ള ഈ കാടിളക്കൽ കണ്ട് മുൻപിൽ ഇരുന്നിരുന്നവരിൽ ചിലരും ഇറങ്ങിവന്ന് ഞങ്ങളോടൊപ്പം കൂടി. മൂത്രപ്പുരയുടെ വശത്തായി രണ്ടു സീറ്റുള്ള ഒരു നിര കസേരകളുണ്ടായിരുന്നു. അവർ മറ്റുള്ളവരെപ്പോലെയല്ല ഇരിക്കുന്നത്. എല്ലാവരും വിമാനത്തിന്റെ മുൻപിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ അവർ മാത്രം പിറകിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഞങ്ങളുടെ കാടിളക്കൽ കണ്ട് ആകാംക്ഷ പൂണ്ടിരിക്കുകയായിരുന്നു അവരിരുവരും.

ഞങ്ങൾ അടുത്തു ചെന്നതും അവരിൽ ഒരുത്തൻ എഴുന്നെറ്റ് നിൽക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചു കാടിളക്കാൻ കൂടാനായിരിക്കുമെന്ന്.
“നിങ്ങളെന്താ നോക്കണെ...?” ഒരു ചോദ്യം.
പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി....!!
ഈ ശബ്ദം എവിടെയോ മുൻപു ഞാൻ കേട്ടിട്ടുണ്ടല്ലൊ...?!
ഒരു ‘താങ്ക്സ്’ന്റെ രൂപത്തിൽ...!!
അതെ..!! ലവൻ തന്നെയല്ലെ ഇവൻ..!!
ഇവന്റെ പെട്ടിയല്ലെ അത്...!!

അപ്പോഴത്തെ മനോനില പോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു.....!
ആദ്യം കേറി അവന്റെ കോളറിന് ഒരു പിടിത്തം.. എന്നിട്ടാണ് ചോദ്യം.. അതും ദ്വേഷ്യം കൊണ്ട് ഞാൻ വിറക്കുകയായിരുന്നു.
“തന്റെ ലഗ്ഗേജല്ലെ എന്റെ കൂടെയിട്ടത്...?”
“ആരുടെ കൂടെയാ ഇട്ടതെന്ന് ഞാൻ ഓർക്കുന്നില്ല. നിങ്ങളാണൊ.. അത്..... എന്താ പറ്റിയത്....?” ആ മറുപടി എന്റെ ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നെപ്പോലെ അയാളും നിരപരാധി ആണെന്നു തോന്നി.

എന്റെ കൂടെയുണ്ടായിരുന്നവരിൽ ചില നല്ല ചൂടന്മാരും ഉണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങൾ കൂടിയായപ്പോൾ ആ പാവം പേടിച്ചു വിറക്കാ‍ൻ തുടങ്ങി. കൂടുതൽ പിരിമുറക്കം ആവുന്നതിനു മുൻപുതന്നെ എയർഹോസ്റ്റസ് ഞങ്ങളെ രണ്ടു പേരെയും കൊണ്ട് വിമാനത്തിനു പുറത്തു കടന്നു. താഴെയിറങ്ങി കാത്തുകിടന്ന ബസ്സിൽ കയറി.

ബസ്സിലെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ അയാൾ പേടിയില്ലാതെ ചോദിച്ചു.
“എന്താ സംഭവിച്ചത്...? ഞാൻ എന്റെ ലഗ്ഗേജ് രണ്ടും കാണിച്ചു കൊടുത്തതാ...”
എനിക്കയാളോട് ദ്വേഷ്യപ്പടാൻ ആയില്ല.
എനിക്കായിട്ടുള്ളത് ഞാൻ തന്നെ അനുഭവിക്കണം...! ആതിനു മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നല്ലെ പ്രമാണം. ഇവരെല്ലാം ഓരൊ നിമിത്തങ്ങൾ മാത്രം....!
“എന്താണെന്ന് എനിക്കും അറിയില്ല സുഹൃത്തെ... എന്റെ രണ്ടു ലഗ്ഗേജിൽ ഒരെണ്ണം എവിടെയെന്നാ ഇവർ ചോദിക്കുന്നത്... എനിക്ക് ആകെ ഒരു ചെറിയ പെട്ടി മാത്രമെയുള്ളു... പിന്നെവിടെന്നാ രണ്ടെണ്ണം കാണിച്ചു കൊടുക്കാ... !”

ഇനി അവിടെ ചെല്ലുമ്പോൾ അയാൾ കാണിച്ചു കൊടുത്ത രണ്ടു പെട്ടിയും ഇതിനകം അകത്തു പോകുകയും ചെയ്താൽ ഞാനെന്തു ചെയ്യും......!!?
എനിക്കാകെ ഒരു പരവശത തോന്നുന്നുണ്ട്. തൊണ്ടയിലാണെങ്കിൽ ഒരു തുള്ളി വെള്ളമില്ല. കയ്യും കാലുമൊക്കെ വല്ലാതെ തളരുന്നു. കുറച്ചു വെള്ളം കിട്ടിയെങ്കിൽ...!
ഇതെന്താ ഈ ബസ്സ് ഓടിയിട്ടും ഓടിയിട്ടും എത്താത്തത്...?
വിയർപ്പ് തുടച്ച് തുടച്ച് ടവൽ നനഞ്ഞു കുതിർന്നിരുന്നു.

അവിടെ ചെല്ലുമ്പോൾ ധാരാളം പെട്ടികൾ വാരിവലിച്ചിട്ടിരിക്കുന്നു...
ഇതിൽ നിന്നും അത് എങ്ങനെ കണ്ടെത്തും....?
അയാൾ സംശയമുള്ള ഓരൊ പെട്ടിയും അടുത്തു ചെന്ന് നോക്കുന്നുണ്ട്. അയാൾ അതല്ല എന്ന ഭാവത്തിൽ മാറിപ്പോകുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടും..!
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിട്ട് കുറെ നേരമായി.....
ആ പെരുമ്പറ ശരിക്കും എന്റെ ചെവിയിൽ കേൾക്കുന്നുണ്ട്...!
തനിയെ നിന്നാൽ വീഴുമെന്ന തോന്നലിൽ ഒരു തൂണിൽ ബലമായി പിടിച്ച് നിന്നു.
അവസാനം അയാൾ ആ പെട്ടി കണ്ടെത്തുക തന്നെ ചെയ്തു...!!! “ഹോ...!!”

ആ പെട്ടിയും തൂക്കി വന്ന് ഞങ്ങളുടെ മുൻപിൽ വച്ചു. അതിലെഴുതിയിരുന്ന നംബർ എന്റേതുമായി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പു വരുത്തി. അയാൾ പറഞ്ഞു.
“ഇതു ഞാൻ ആദ്യം കാണിച്ചു കൊടുത്തതാ... പിന്നെന്താ വിമാനത്തിൽ കേറ്റാഞ്ഞത്...?”
അതിനു മറുപടി പറഞ്ഞത് ഞങ്ങളുടെ കൂടെ വന്ന ഉദ്യോഗസ്ഥനായിരുന്നു.
“നിങ്ങളുടെ ബോഡിങ് പാസ്സിൽ ലാഗ്ഗെജ് ഒന്ന് എന്നു മാത്രമേയുള്ളു. നിങ്ങൾ അതിനു പകരം രണ്ടൊ, മൂന്നൊ കാണിച്ചു കൊടുത്താലും അവർ കേറ്റുകയില്ല... അതേ സമയം..”
എന്നെ ചൂണ്ടി പറഞ്ഞു.
“ഇയാളുടെ ബോഡിങ് പാസ്സിൽ ലഗ്ഗേജ് രണ്ടെണ്ണം ഉണ്ട്. അയാൾ ഒന്നേ കാണിച്ചു കൊടുത്തുള്ളു...ആതു കൊണ്ടാ പ്രശ്നമായത്...”

സാധനം കണ്ടെത്തിയതോടെ ആശ്വാസമായി. ഞങ്ങൾ പിന്നെ സുഹൃത്തുക്കളായി....
തിരിച്ചു ബസ്സിലിരിക്കുമ്പൊഴും, പിന്നെ വിമാനത്തിനകത്തിരിക്കുമ്പോഴും വെറുതെ ‘വഴിയേ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ചതിന്റെ’ വിഷമം എത്ര ശ്രമിച്ചിട്ടും മാറിയില്ല. ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാം എന്റെ തെറ്റ്....! ആരേയും മുഷിമിപ്പിക്കാതിരിക്കാൻ,
മുന്നും പിന്നും ആലോചിക്കാതെ എടുത്ത തിരുമാനം, ഇത്ര മനോവിഷമം ഉണ്ടാക്കുമെന്ന് കരുതിയില്ല.

ഹൃദയത്തിന്റെ താളവും ശരീരത്തിന്റെ വിറയലും നേരെയാവുന്നില്ല. സത്യത്തിൽ ഞാൻ ശരിക്കും പേടിച്ചിരിക്കുന്നു. ഇത്തരം മനോവിഷമം വരുമ്പോൾ മുൻപൊക്കെ ചെയ്യാറുള്ളതുപോലെ ആരുമില്ലാത്ത സ്ഥലത്ത് പോയിരുന്ന് കുറച്ചു നേരം കരയുമായിരുന്നു....
പെരിയാർ പുഴയിലെ കുഞ്ഞോളങ്ങൾക്കും, തീരത്തെ കൈതക്കാടുകൾക്കും ആ കഥകൾ എത്രയോ പറയാനുണ്ടാകും...!

അതു പോലെ ഒന്നു കരഞ്ഞെങ്കിൽ എന്റെ ഹൃദയതാളം നേരെയാക്കാമായിരുന്നു...!
ഈ മനോവിഷമവും മാറിക്കിട്ടിയേനെ....!
ഇതിനകത്ത് മൂത്രപ്പുരയിൽ പോയാലെ ആരുംകാണാതെ ഒന്നു കരയാൻ പറ്റൂ...

ഇപ്പോൾ തന്നെ എന്റെ ലഗ്ഗേജ് കാരണം അര മണിക്കൂറിലധികം വൈകിയതിനാൽ വിമാനം പറന്നു പൊങ്ങാനായി റൺ‌വേയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. മുൻ‌വശത്തെ സീറ്റിന്റെ പിറകിൽ മടക്കിവച്ചിരുന്ന ‘ടീ സ്റ്റാന്റ്’ വിടർത്തിയിട്ടു. കൈ പിണച്ചു വച്ച് അതിൽ തലമുട്ടിച്ച് കമിഴ്ന്നു കിടന്നു.

പറന്നു പൊങ്ങാനുള്ള എഞ്ചിന്റെ ചെകിടടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കിടക്ക് എന്റെ നിശ്ശബ്ദ കരച്ചിൽ ആരുമറിഞ്ഞില്ല....!! വിമാനം സ്റ്റെഡിയായി, തന്റെ പാതയിൽ നേരെ നിന്നതിനു ശേഷം ‘ഡ്രിംഗ്സുമായി’ എയർഹോസ്റ്റസ് വരുന്നതു വരെ കിടന്നു.

തല ഉയർത്തി കണ്ണുകൾ തുടച്ച് നിവർന്നിരുന്നു...
കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിനു നല്ല ശാന്തത കൈവന്നിരുന്നു....!
ഹൃദയ താളം നേരെയായി.... !
മുഖവും പ്രസന്നമായി.....!

പിന്നെ ഒരു ‘കോലെടുത്ത്’ രണ്ടായി മുറിച്ചിട്ടു....!!
പണ്ട് ഞങ്ങൾ തോലൻ മാവിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടുകാർ തമ്മിൽ വഴക്കിടും, അപ്പോൾ ഒരു കോലെടുത്ത് വട്ടം ഒടിച്ചിട്ട് പറയും ‘ഈ കോലു മുറി കൂടുന്നതു വരെ നിന്നോടു മിണ്ടില്ല.’ അതാണ് ഓർമ്മ വന്നത്...
‘ഇനി തല പോണെന്നു പറഞ്ഞാലും ഇങ്ങനെയൊരു ചേതമില്ലാത്ത ഉപകാരം ഒരാൾക്കും ചെയ്യില്ലാന്ന് ശപഥവും ചെയ്തു....!!

[ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, വിമാനത്തിൽ എവിടെന്നാ ‘കോലു’ കിട്ടിയതെന്ന്...!!?.
നമ്മുടെ സ്വന്തം ഭൂമിക്ക് തന്റെ സ്വന്തം ‘സാങ്കല്പിക അച്ചുതണ്ടിൽ’ ഈ കാലമത്രയും കറങ്ങാമെങ്കിൽ, ഒരു സാങ്കൽ‌പ്പിക കോലൊടിച്ചിടാൻ എനിക്കും പറ്റും...!!! എന്നോടാ കളി....!!]

അവർ കൊണ്ടു വന്ന ഡ്രിംഗ്സിൽ ഞാൻ രണ്ടു ബീയറാണു വാങ്ങിയത്. തണുത്തുറഞ്ഞ ബീയർ താഴേക്കിറങ്ങുമ്പോൾ പതിവില്ലാത്ത സുഖം തോന്നി.. പിന്നെ കണ്ണുകളടച്ചിരുന്നു...

ബാക്കി അടുത്ത പോസ്റ്റിൽ....