Saturday 15 December 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ..(16)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മി......


തുടർന്നു വായിക്കുക...
ജീവിത നാടകം...

“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, പച്ചമുള ചീന്തുമ്പോലൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!

             അതോടെ ലക്ഷ്മി തളർന്ന് കസേരയിൽ ഒരു വശത്തെക്ക് വീഴാൻ തുടങ്ങിയെങ്കിലും മാധവൻ താങ്ങിപ്പിടിച്ചു.  ലക്ഷ്മിയെ പലവട്ടം വിളിച്ചിട്ടും അനക്കമില്ലെന്നു കണ്ടതോടെ ഡോക്ടർ കുടിക്കാനായി കുപ്പിയിൽ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് ലക്ഷ്മിയുടെ മുഖത്തു തളിച്ചു. അതോടെ ബോധം വീണ ലക്ഷ്മി മാധവന്റെ നെഞ്ചിൽ ചാരിക്കിടന്ന് വിമ്മി വിമ്മി കരയാൻ തുടങ്ങി. ലക്ഷ്മിയുണ്ടാക്കിയ അപ്രതീക്ഷിത ശബ്ദം കേട്ട് ഒന്നു രണ്ട് സിസ്റ്റർമാരും അറ്റൻഡർമാരും വാതിൽ തുറന്നെത്തിയിരുന്നെങ്കിലും ഡോക്ടർ കൈ വീശി അവരെ തിരിച്ചയച്ചു.  എത്ര ശ്രമിച്ചിട്ടും ശബ്ദം ഒന്നു കുറക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ‘തനിക്കും തന്റെ മക്കൾക്കും ഒരു പുനർജന്മം തന്ന ആളാണ്. ഇത്ര പെട്ടെന്ന് നഷ്ടപ്പെടുകാന്നു പറഞ്ഞാൽ..’ അതോർക്കുമ്പോൾ, പിന്നെയും ലക്ഷ്മിയുടെ നിയന്ത്രണങ്ങൾ വിട്ടു പോകുന്നു.

             അത്രക്കും പച്ചയായി പറയേണ്ടിയിരുന്നില്ലെന്ന്  ഡോക്ടറുടെ മുഖം വിളിച്ചോദിയിരുന്നു. ഇനിയും അധിക സമയം ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് കരുതി മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് എഴുന്നേറ്റു. ഇനിയൊരിക്കലും ജീവനോടെ കാണാൻ കഴിയില്ലെന്നോർത്തിട്ടൊ മറ്റോ ഡോക്ടറും ഒപ്പമെഴുന്നേറ്റു.  അവശനായ മാധവനേക്കാൾ തളർന്നു പോയത് ലക്ഷ്മിയാണ്. ലക്ഷ്മിയെ താങ്ങി ഒരടി മുന്നോട്ടു വച്ച മാധവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.
പിറകിലുണ്ടായിരുന്ന ഡോക്ടർ ചോദിച്ചു.
“എന്താ മാധവാ..?”
“ഡോക്ടർ... മരിച്ചു പോയവരുടെ കണ്ണും കരളുമൊക്കെ മാറ്റി വക്കുന്നതു പോലെ കാലുകൾ മാറ്റി വക്കാൻ പറ്റുമോ...?”  അതുകേട്ട് ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി. സാരിത്തലപ്പുകൊണ്ട് വായ പൊത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ശ്വാസം കിട്ടാതെ ലക്ഷ്മി വലഞ്ഞു.
ഒന്നു തണുത്തപ്പോൾ ഡോക്ടർ പറഞ്ഞു.
“ അത്രക്ക് നമ്മുടെ വൈദ്യശാസ്ത്രം വികസിച്ചിട്ടില്ല മാധവാ... പറഞ്ഞതു പോലെ മാധവന്റെ കണ്ണും കരളും മറ്റും മാറ്റിവക്കാം...”
“അതിന് എന്റെ അവയവങ്ങളൊക്കെ മൂത്തുപോയില്ലെ...”
“ചില അവയവങ്ങൾക്ക് പ്രായം കൂടിയത് കൊണ്ട് കുഴപ്പമില്ല... പിന്നേയും വളരെക്കാലം ജീവിക്കും...!”
“അങ്ങനെയെങ്കിൽ എന്റെ ശരീരത്തിൽ നിന്നും എടുക്കാൻ പറ്റിയത് ഒക്കെ എടുത്തോളൂ ഡോക്ടർ...! ”
               ഒരു നിമിഷം നിറുത്തിയിട്ട് മാധവൻ ചിന്തയിലാണ്ടു. തന്റെ ശരീരം കുട്ടികൾക്ക് പഠിക്കാനായി കൊടുത്താൽ നന്നായിരിക്കുമല്ലൊ. സ്വന്തക്കാർക്കാർക്കും വേണ്ടാത്ത, കർമ്മങ്ങൾ ചെയ്യാൻ മക്കൾ പോലുമില്ലാത്ത എന്റെ ശരീരം കത്തിച്ചു കളഞ്ഞതുകൊണ്ട് ആർക്കെന്തു നേട്ടം... ആ തീർച്ചപ്പെടുത്തലിൽ ഒരു പകയുടെ സ്വരമുണ്ടായിരുന്നു..
“ഡോക്ടർ... എന്റെ ശരീരം ഏതെങ്കിലും മെഡിക്കൽ കോളേജിനു സംഭാവന ചെയ്യാൻ കഴിയുമോ...?”
ഒരു നിമിഷം ഡോക്ടർ ഒന്നു നടുങ്ങിയോ..!
അതിനു മുൻപേ തന്നെ ലക്ഷ്മി മാധവനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഇല്ല.. അതിനു ഞാൻ സമ്മതിക്കില്ല.... എന്റെ മക്കളും സമ്മതിക്കില്ല....! സമ്മതിക്കില്ല...!”
ഇപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമെന്നു കരുതി വിടാതെ മുറുക്കിപ്പിടിക്കുകയാണ്  ലക്ഷ്മി. പക്ഷെ, അവസാന വാക്കുകൾ പറയുമ്പോഴേക്കും ലക്ഷ്മിയുടെ കൈകൾ അയഞ്ഞു. ശബ്ദം നേർത്തു നേർത്തു വന്നു. അവൾ തളർന്നിരിക്കാൻ തുടങ്ങിയതോടെ മാധവനും ഡോക്ടറും കൂടി താങ്ങിയെടുത്ത് ബഡ്ഡിൽ കിടത്തി. മാധവൻ വല്ലാതെ കിതച്ചു.

                 ഡോക്ടർ പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞപ്പോഴാണ് മാധവന് ആശ്വാസമായത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണും കരളും മറ്റും എടുക്കാനായി സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. മരണശേഷം ബന്ധുക്കളുടെ സമ്മതമില്ലാതെ ബോഡി കൊടുക്കാൻ ബുദ്ധിമുട്ടായതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി കണ്ണു തുറന്നെങ്കിലും ‘സമ്മതിക്കില്ല.. ഞാൻ സമ്മതിക്കില്ല’ എന്ന് പിച്ചും പേയും പറയാൻ തുടങ്ങി.
പിന്നെ ഡോക്ടറും മാധവനും കൂടി പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ലക്ഷ്മിയുടെ അങ്കലാപ്പ് മാറിയത്. അറ്റൻഡറെ വിട്ട് ഒരു ഓട്ടോറിക്ഷ വരുത്തി അതിൽ കയറ്റി വിട്ടു. ഓട്ടോയിലിരിക്കുമ്പോൾ മാധവന്റെ നെഞ്ചിൽ താങ്ങിയാണ് ലക്ഷ്മി ഇരിക്കുന്നത്. തന്റെ വേർപാടിനെക്കുറിച്ചുള്ള തിരിച്ചറിവ് ലക്ഷ്മിയുടെ സമനില തെറ്റിച്ചുവോയെന്ന് മാധവൻ സംശയിച്ചു.
തന്നെ സ്നേഹിക്കാൻ ഇനിയും ആരൊക്കെയോ ഈ ലോകത്ത്  അവശേഷിക്കുന്നുവെന്നത് മാധവന്റെ കണ്ണുകളെ ഈറനണിയിച്ചു.

                 ഈ കോലത്തിൽ വീട്ടിലേക്കെങ്ങനെ കയറിച്ചെല്ലും...?
 കുട്ടികൾ രണ്ടു പേരും ഇതറിയാൻ പാടില്ല. അപ്പോഴാണ് വഴിയിൽ ഒരു ഗണപതി അമ്പലമുള്ളതായി ഓർമ്മ വന്നത്. ഉടനെ തന്നെ ഡ്രൈവറോട് പറഞ്ഞു.
“ആ ഗണപതി അമ്പലത്തിലേക്ക് ആക്കിയാൽ മതി...”
അതുകേട്ട് ഡ്രൈവർ ചോദിച്ചു.
“അപ്പൊ.. ഹോട്ടലിലേക്ക് പോകണ്ടെ...?”
അന്നേരമാണ് ഡ്രൈവർ, തങ്ങളുടെ ഹോട്ടലിൽ ഊണു കഴിക്കാൻ വരാറുള്ളവനാണെന്ന് മനസ്സിലായത്.
‘ഹോട്ടൽ ഗൌരി’ ആ പ്രദേശത്തൊക്കെ ഒരു വിധം പേരായിക്കഴിഞ്ഞിരുന്നു. വീട് വിട്ടാലൊരു വീട് ’ അതായിരുന്നു ഹോട്ടലിനെ പറ്റി ആളുകൾ പറഞ്ഞു പരത്തിയിരുന്നത്. അതിനു കാരണം ലക്ഷ്മിയുടെ കൈപ്പുണ്യം തന്നെ..!

                ഡ്രൈവർ ഗണപതി അമ്പലത്തിന്റെ പൊളിഞ്ഞു വീഴാറായ ഗേറ്റിനരികിൽ വണ്ടി നിറുത്തി. മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് ഇറക്കി. അപ്പോഴേക്കും ലക്ഷ്മി തനിയെ നിൽക്കാനുള്ള ശക്തി സംഭരിച്ചിരുന്നു. ലക്ഷ്മിക്ക് ഇറങ്ങിയ സ്ഥലം മനസ്സിലായില്ല. പിന്നീടാണു നാലു പാടും ഒന്നു നോക്കിയിട്ട് 
“ഇത് ഗണപതിക്കോവിൽ’ അല്ലെ..? ”
“അതെ..”
“എന്തിനാ ഇവിടെ ഇറങ്ങിയേ...?”
“ഇവിടെ ലക്ഷ്മിക്ക് പറയാനുള്ളത് പറയാം... എല്ലാ സങ്കടങ്ങളും സമർപ്പിക്കാം... വഴിപാടുകൾ കഴിക്കാം... ഇവിടെന്നു വിട്ടാൽ പിന്നെ ഒന്നു കരയാൻ പോലും പാടില്ല. മക്കളാരും എന്റെ അവസ്ഥയെക്കുറിച്ച് അറിയരുത്. ചെല്ലുമ്പോൾ മാമന് കുഴപ്പമൊന്നുമില്ലെന്നേ പറയാവൂ...”
പതുക്കെ ലക്ഷ്മിയേയും പിടിച്ച് നടക്കുമ്പോൾ മാധവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

          പൊട്ടിപ്പൊളിഞ്ഞ ഒരു അമ്പലമായിരുന്നു അത്. ഒരു ചെറിയ ശ്രീകോവിൽ. ചുറ്റമ്പലമൊന്നും ഉണ്ടായിരുന്നില്ല. പണ്ടെപ്പോഴോ അതെല്ലാം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അങ്ങിങ്ങായി കിടക്കുന്ന വെട്ടിയൊതുക്കിയ കരിങ്കൽ കഷണങ്ങൾ പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയതും ചന്ദനം അരച്ചു കൊണ്ടിരുന്ന ശാന്തിക്കാരൻ എഴുന്നേറ്റ് വന്നു ചോദിച്ചു.
“ആരാ... എവിടെന്നാ...?”
ഉത്തരം കിട്ടാതായപ്പോൾ ശാന്തിക്കാരൻ തന്നെ മറുപടിയും പറഞ്ഞു.
“അല്ല... ഇവ്ടേങ്ങനെ പുറത്ത്ന്ന് ആരും വരാറില്ല. അതാ ചോദിച്ചത്...”
ശാന്തിക്കാരൻ അരച്ച ചന്ദനം വാതിൽ‌പ്പടിയിൽ വച്ചിട്ട് മാല കെട്ടാനായി തിണ്ണയിലിരുന്നു. നടക്കൽ എത്തിയതും ലക്ഷ്മി കൈകൾ കൂപ്പി അടഞ്ഞു കിടക്കുന്ന ശ്രീകോവിലിനു നേർക്ക് തൊഴുതു പിടിച്ചു നിന്നു. ആ കൈകൾ വല്ലാതെ വിറ കൊണ്ടിരുന്നു. സങ്കടങ്ങൾ പറയാൻ കഴിയാത്തവിധം  ചുണ്ടുകളും വിറകൊണ്ടു.  കുറച്ചു നേരം പിന്നിൽ നിന്ന മാധവൻ പതുക്കെ പുറത്തിറങ്ങി, ആലിൻ ചുവട്ടിലെ പൊളിഞ്ഞു തൂങ്ങിയ പടവിനു മുകളിൽ കുത്തിയിരുന്നു. എന്തൊക്കെയൊ  ആലോചനയിലാണാ മുഖമെന്ന് വ്യക്തം...

                 താൻ അറ്റപ്പെറ്റെ തീരാറായെന്ന് സ്വയം തോന്നിയിരുന്നെങ്കിലും, ഡോക്ടറുടെ വാക്കുകൾ ഒരു തീയതി മുൻ‌കൂട്ടി പറഞ്ഞതുപോലെ തോന്നിപ്പിച്ചത് മാധവന്റേയും മനസ്സ് പതറിപ്പോയിരുന്നു. ലക്ഷ്മിയുടെ മുൻ‌പിൽ വച്ചത് കാണിച്ചില്ലെങ്കിലും, എന്തൊക്കെയോ പാതി വഴിക്കിട്ടിട്ട് ഇറങ്ങിപ്പോകുന്നതു പോലൊരു തോന്നൽ...
ഇടക്ക് അമ്പല നടക്കലേക്കും നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കുമ്പോൾ ലക്ഷ്മി നടക്കൽ കമഴ്ന്നു കിടക്കുന്നു. പെട്ടെന്ന് ഉള്ളൊന്നാളിയ മാധവൻ എഴുന്നേറ്റെങ്കിലും അതുകണ്ട ശാന്തിക്കാരൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ‘പേടിക്കണ്ട... തന്റെ സങ്കടങ്ങൾ സാഷ്ടാംഗം വീണ് എണ്ണിപ്പറയുകയാ ഭഗവാന്റടുത്ത്....’

              മാധവൻ പിന്നേയും അവിടെത്തന്നെ ഇരുന്നു. വീണ്ടും തന്റെ ആലോചനാലോകത്തേക്ക് തിരിച്ചെത്തി...
കൈകൾ മടക്കുകയും നിവർത്തുകയും ചാരിയിരിക്കുകയും പിന്നെ നിവർന്നിരിക്കുകയും മറ്റും ചെയ്ത് മാധവൻ  അക്ഷമനാകുന്നത് ശാന്തിക്കാരനും കാണുന്നുണ്ടായിരുന്നു. ലക്ഷ്മി പതുക്കെ എഴുന്നേറ്റ് ശാന്തിക്കാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിച്ചിട്ട് പേഴ്സ് തുറന്ന് കാശെടുത്ത് ശാന്തിക്കാരനെ ഏൽ‌പ്പിച്ചു. പിന്നെ അമ്പലത്തിന് ഒരു വലം വച്ച് തൊഴുത് മാധവന്റെ അടുക്കൽ വന്ന് ചേർന്നിരുന്നു.

          മാധവന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് ഏന്തിയേന്തി കരയാൻ തുടങ്ങി.
മാധവൻ ലക്ഷ്മിയുടെ കയ്യിൽ കയറിപ്പിടിച്ചു.
“ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. എന്തു വന്നാലും അതിനെ സധൈര്യം നേരിടണം.. അങ്ങനെ ഉള്ളവർക്കാണ് ഈ ലോകം....”
“എനിക്കൊന്നുമറിയില്ല... സ്വതന്ത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടു പോലുമില്ല. ഭർത്താവ് പറയുന്നതിനപ്പുറത്ത് എനിക്കൊരു ലോകമില്ലായിരുന്നു.. കൂടിയാൽ ഈ അമ്പലങ്ങളിലൊക്കെ മക്കളോടൊപ്പം പോകുമെന്നല്ലാതെ പുറത്ത് പോകേണ്ട ആവശ്യം വരാറേയില്ല...”
ലക്ഷ്മി ഒന്നു തേങ്ങി.
പിന്നേയും മാധവന്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങി.
ഇനിയും എത്ര നേരം ഈ മുഖമിങ്ങനെ കാണാനാകും...
ഈ മുഖമെടുക്കുന്ന തീരുമാനങ്ങൾ എന്നും അമൃതാണ് തന്നിട്ടുള്ളത്...
ഈ മുഖം നഷ്ടപ്പെട്ടാൽ എന്റെ മക്കളെങ്ങനെ സഹിക്കും...
അതോർക്കുമ്പോൾ ലക്ഷ്മിയുടെ സകല നിയന്ത്രണങ്ങളും വിട്ടു പോകും. പിന്നേയും ഒന്നു തേങ്ങും. കരഞ്ഞില്ലെങ്കിലും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരിക്കും.

            മാധവനും ലക്ഷ്മിയും സംസാരിച്ചിരിക്കുന്നത് ശാന്തിക്കാരൻ കാണുന്നുണ്ടെങ്കിലും, സംസാരം  കേൾക്കുന്നത്ര ദൂരത്തിലല്ല ആൽത്തറ. അവരുടെ ആംഗ്യഭാഷകൾ മാത്രമെ മനസ്സിലാവുകയുള്ളു. എന്തൊക്കെയോ സഹിക്കാൻ വയ്യാത്ത സങ്കടങ്ങൾ ആ കുടുംബത്തെ അലട്ടുന്നുണ്ടെന്ന് ഇതിനകം ലക്ഷ്മിയുടെ പ്രകടനം കണ്ട് മനസ്സിലാക്കിയിരുന്നു.

           കുറച്ചു നേരത്തെ കഠിന ചിന്തകൾക്കു ശേഷം മാധവൻ ഗൌരവം പൂണ്ടു.
പിന്നെ ലക്ഷ്മിയുടെ നേരെ തിരിഞ്ഞിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിഷ്ക്കളങ്കതയിലേക്ക് നോക്കിയിട്ട് ചോദിച്ചു.
“നിനക്കും നിന്റെ മക്കൾക്കും രക്ഷപ്പെടണ്ടെ ലക്ഷ്മി....?”
“അങ്ങനെ ഞങ്ങൾക്ക് മാത്രമായി രക്ഷപ്പെടണ്ട... ഞങ്ങൾക്ക്  ഒരു പുനർജ്ജന്മം തന്ന ആളാണ് എന്റെ മക്കളുടെ മാമൻ.. രക്ഷപ്പെടുന്നെങ്കിൽ നമ്മൾക്കൊരുമിച്ച്...”
“അ.. അതേ... അതാണ് ഞാൻ പറഞ്ഞു വരുന്നത്... അതിനായി നമ്മൾക്ക് ഒരു നാടകം നടത്തണം...!”
“നാടകമോ....?”
“സ്റ്റേജ് കെട്ടി ആളുകളുടെ മുൻപിൽ അവതരിപ്പിച്ച് കയ്യടി നേടാനല്ല. ജീവിക്കാൻ..!
നിങ്ങൾക്ക്... അല്ല നമ്മൾക്ക് സന്തോഷമായി ജീവിക്കാൻ...!
ലക്ഷ്മിയുടെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടാൻ..!!”
ലക്ഷ്മി അതീവ ശ്രദ്ധയോടെ ഇരുന്നിട്ടും നാടകത്തിന്റെ ഒരു പൊരുളും പിടികിട്ടിയില്ല.
മാധവൻ പിന്നേയും പറഞ്ഞു തുടങ്ങി.
“ഈ നാടകത്തിന് റിഹേഴ്സൽ ഇല്ല. വെറും അഭിനയം മാത്രം....!
നമ്മൾ രണ്ടു പേർക്കും മാത്രമേ ഇതൊരു നാടകമാണെന്ന് അറിയൂ... നമ്മൾ രണ്ടു പേരൊഴികെ ഉള്ളവർ സ്വാഭാവികമായി നമ്മോടൊപ്പം അവരറിയാതെ അഭിനയിക്കേണ്ടവരാണ്.. എല്ലാവരും കൃത്യമായി അഭിനയിച്ചാൽ നാടകം വിജയിക്കും.. ഇല്ലെങ്കിൽ... ഇല്ലെങ്കിൽ.....?”
എന്ത് സംഭവിക്കുമെന്നറിയാതെ മാധവൻ അമ്പല നടയിലേക്ക് കണ്ണു നട്ടു.
ശാന്തിക്കാരൻ ചിട്ടവട്ടങ്ങളെല്ലാം ഒപ്പിച്ച് അകത്തു കയറാനുള്ള തെയ്യാറെടുപ്പിലായിരുന്നു.
ലക്ഷ്മിക്ക് നാടകത്തിന്റെ ഒരെത്തും പിടിയും കിട്ടിയില്ല.
‘എന്തിനാപ്പൊ.. ഒരു നാടകം....? നാടകം കളിച്ചതോണ്ട് മക്കൾക്കെങ്ങനെ നല്ല ജീവിതം കിട്ടും..?’

              ലക്ഷ്മി മാധവന്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കിയിരുന്നു. മാമൻ വെറുതെയൊന്നും ഒരു കാര്യവും പറയുകയില്ലെന്നറിയാം. എങ്കിലും ഈ നാടകത്തിലെ യുക്തി മാത്രം മനസ്സിലായില്ല. ലക്ഷ്മി ചോദിച്ചു.
“ഒന്നു തെളിച്ച് പറയോ... ”
ഒരു ചുമ വന്നത് തൊണ്ടയിൽ പിടിച്ചമർത്തി നിർവ്വീര്യമാക്കിയിട്ട് മാധവൻ പറഞ്ഞു.
“പറയാം... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. അതിനു മുൻപ് കരയാനും നിഷേധിക്കാനും നിൽക്കരുത്.....”

                 ശാന്തിക്കാരൻ  പുജാ സാമഗ്രികൾ എടുത്ത് ശ്രീകോവിലിനകത്തേക്ക് വച്ചു. അവസാനം അകത്തു കയറുന്നതിനു മുൻപ് തൂക്കിയിട്ടിരുന്ന മണിയടിക്കാനായി തുടങ്ങിയ നേരമാണ് ആൽത്തറയിലിരിക്കുന്ന ഭക്തരെ വീണ്ടും ശ്രദ്ധിച്ചത്. രണ്ടു പേരും കാര്യ ഗൌര്യത്തോടെ സംസാരിക്കുന്നതും ഭാര്യ അങ്ങനെ പറ്റില്ലെന്നോ, അരുതെന്നൊ ഒക്കെ അർത്ഥത്തിൽ കയ്യും കലാശവും കാണിക്കുന്നതും, ഭർത്താവ് അത് പറ്റില്ല ഞാൻ പറയുന്നത് പോലെ നീ ചെയ്യണമെന്നു നിർബ്ബന്ധിക്കുന്നത് പോലൊക്കെ ശാന്തിക്കാരനു തോന്നി. അവസാനം ഭാര്യ ഭർത്താവിന്റെ മടിയിൽ തല വച്ച് കരയുന്നതും ഭർത്താവ് പുറത്തു തട്ടി ആശ്വസിപ്പിക്കുന്നതും ഒക്കെ കണ്ട് വിഷമം തോന്നിയിട്ടാണ് അകത്തേക്ക് നോക്കി തൊഴുത് പിടിച്ച് ശാന്തിക്കാരൻ പറഞ്ഞത്.
“വിഘ്നേശ്വരാ... അവർ തല തല്ലി കരഞ്ഞത് കണ്ടതല്ലെ നീ.... അവരുടെ സങ്കടങ്ങൾ എല്ലാം നീ മനസ്സറിഞ്ഞ് തീർത്തു കൊടുക്കണെ...ഭഗവാനേ..!”

           ശാന്തിക്കാരൻ അകത്തു കയറി. ശ്രീകോവിലിന്റെ വാതിലടഞ്ഞു. മറ്റൊരു ഭക്തനും ആ സമയത്ത് അമ്പലത്തിൽ എത്തുകയുണ്ടായില്ല. നാട്ടുകാർ ഉപേക്ഷിച്ചതോ അതോ ഭക്തർ എത്തേണ്ട വിശേഷപ്പെട്ട ദിവസങ്ങളോ അല്ലാത്തതു കൊണ്ടാകാം ആരും വരാതിരുന്നത്. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ആൽമരത്തെ തഴുകുന്നത് മാധവൻ കാണുന്നുണ്ടായിരുന്നു. മടിയിൽ കിടന്ന് തേങ്ങുന്ന ലക്ഷ്മിയുടെ കരച്ചിൽ നേർത്തിരുന്നു..

           നട തുറന്നതോടെ ലക്ഷ്മിയും മാധവനും നടയിലെത്തി തൊഴുതു. ശാന്തിക്കാരൻ കൊടുത്ത ചന്ദനം വാങ്ങി ആദ്യം മാധവന്റെ നെറ്റിയിൽ തൊടാനായി ആഞ്ഞെങ്കിലും പെട്ടെന്ന് മാധവൻ ചന്ദനമെടുത്ത് സ്വയം തൊട്ടു. പിന്നെ ശ്രീകോവിലിനു ചുറ്റും മൂന്നു പ്രാവശ്യം വലം വച്ച് മറ്റു ഉപദേവതകളോടെല്ലാം തന്റെ സങ്കടങ്ങൾ പങ്കു വച്ച്, ഭണ്ഠാരത്തിൽ പൈസയുമിട്ട്  തിരിച്ച് നടയിലെത്തിയപ്പോഴേക്കും ശാന്തിക്കാരൻ പ്രസാദവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. വഴിപാടുകൾ കഴിച്ചത് ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“എല്ലാം വിഘ്നേശ്വരൻ   കാത്തു കൊള്ളും. ഒരല്ലലും ഉണ്ടാവില്ലാട്ടോ...”
ദേവവാക്യം പോലെ ലക്ഷ്മി അത് മനസ്സിലേക്ക് ഏറ്റു വാങ്ങി തലകുലുക്കി.
എന്നിട്ട് ദക്ഷിണയായി നല്ലൊരു തുക കൊടുത്ത് പിൻവാങ്ങി. 
അമ്പലത്തിന്റെ ശോച്യാവസ്ഥയും ശാന്തിക്കാരന്റെ ദയനീയതയും കണക്കിലെടുത്ത് മാധവനും കൊടുത്തു നല്ലൊരു തുക. ശാന്തിക്കാരന്റെ നിറഞ്ഞ മനസ്സിന്റെ പ്രാർത്ഥനയും ഏറ്റു വാങ്ങി അവർ റോട്ടിലെത്തി.

             കുറച്ചു നേരമേ കാത്തു നിൽക്കേണ്ടി വന്നുള്ളു. ഓട്ടോറിക്ഷയിൽ തിരിച്ചു പോരുമ്പോൾ ലക്ഷ്മിയുടെ മനസ്സ് കുറച്ച് ശാന്തമായിരുന്നു. അവൾ കരഞ്ഞിരുന്നില്ലെങ്കിലും ഇടക്കൊരു ഏന്തൽ പുറത്തു വന്നിരുന്നു.  റോട്ടിൽ നിന്നും തിരിഞ്ഞ്, തങ്ങളുടെ വഴിയിലേക്ക് കുറച്ചിങ്ങ് പോന്നപ്പോഴേക്കും വണ്ടി നിറുത്താൻ പറഞ്ഞു മാധവൻ. റോഡുപണിക്കായി മെറ്റൽ രണ്ടു വശത്തുമായി കൂട്ടിയിട്ടിരുന്നതു കൊണ്ട് ഇടുങ്ങിയ വഴി മാത്രമേയുള്ളു. 
മാധവൻ അവിടെയിറങ്ങി. കൂടെ ലക്ഷ്മിയും ചാടിയിറങ്ങി.
“ഇതെന്താ ഇവിടെ ഇറങ്ങണെ...?”
“നമ്മുടെ നാടകത്തിന്റെ ഒന്നാം രംഗം ഇവിടെ ആരംഭിക്കുന്നു...!”
“അതീ രാത്രിയിൽ തന്നെ വേണമെന്നുണ്ടോ...?”
“വേണം.. സമയം ഒട്ടും കളയാനില്ല...!”
“എന്നാ ഞങ്ങളിവിടെ നിൽക്കാം. അല്ലെങ്കിൽ ഒറ്റക്കു നടന്നു വരണ്ടെ..”
“വേണ്ട... ലക്ഷ്മി പൊക്കോ.... ഞാനങ്ങെത്തിക്കോളാം...”
“എന്നാ വണ്ടി പൊക്കോട്ടെ. ഞാനിവിടെ നിൽക്കാം. ഈ അവസ്ഥയിൽ ഒറ്റക്ക്  നടന്നു വരാൻ ഞാൻ സമ്മതിക്കില്ല...”
“അതൊന്നും വേണ്ട.. ലക്ഷ്മി കയറ്...”
ലക്ഷ്മിയെ ബലമായി പിടിച്ച് വണ്ടിയിലിരുത്തിയിട്ട് ഡ്രൈവറോടായി പറഞ്ഞു.
“ഇവരെ വീട്ടിന്റെ മുറ്റത്തു കൊണ്ടിറക്കണം...”
എന്നിട്ട് ലക്ഷ്മിയോടായി ചുണ്ടിനു കുറുകെ വിരൽ വച്ച് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു.
“മിണ്ടരുത്...”
ലക്ഷ്മി ഇല്ലെന്ന് തലയാട്ടി. വണ്ടിവിട്ടു.
ലക്ഷ്മി പിറകിലെ ഗ്ലാസ്സിലൂടെ മാധവനെ നോക്കിയെങ്കിലും ഇരുട്ടിൽ കാണാനായില്ല...

               മാധവൻ അടുത്തുള്ള ഇടവഴിയിലേക്ക് കയറി ഇരുട്ടിൽ തപ്പിത്തടഞ്ഞ് പതുക്കെ നടന്നു. സ്വല്പം നടന്നപ്പോഴേക്കും നാരായണിയമ്മയുടെ വീട് കാണായി. അവിടെ മാധവൻ ഒന്നു നിന്നു. നാരായാണിയമ്മ ഉമ്മറത്ത് വിളക്ക് വച്ച് പ്രാർത്ഥനയിലാണ്. അത് കഴിയാനായിട്ടാണ് മാധവൻ നിന്നത്. അവർ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മാധവൻ പടിക്കലെത്തി ഒന്നു മുരടനക്കി. കണ്ണിനു മുകളിൽ കൈ വിരിച്ചു വച്ച് നിലവിളക്കിനു മുകളിലൂടെ പടിക്കലേക്ക് നോക്കിയിട്ട് ചോദിച്ചു.
“ആരാ...?”
“ഞാനാ.. നാരായണിയേട്ടത്തി...”
എന്നും പറഞ്ഞ് മാധവൻ കടന്നു ചെന്നു. മാധവനെ കണ്ടതും.
“ങേ... നീയോ മാധവാ... എന്താ..ഇങ്ങോട്ടൊക്കെ വരാൻ വഴിയറിയോ നെനക്ക്...?”
മാധവൻ ചെന്ന വഴി ഇറയത്തു തന്നെ നിലത്തു കുത്തിയിരുന്നിട്ട് പറഞ്ഞു.
“എന്റെ നാരായണിയേട്ടത്തി... ഇങ്ങോട്ടേക്ക് വരാൻ ഇഷ്ടോല്ല്യാഞ്ഞിട്ടാ... നേരം കിട്ടണ്ടേ... വെളുപ്പാൻ കാലം മുതൽ പാതിരയാവുന്നതു വരെ... പണിയോട് പണിയല്ലെ.. എന്റെ നടൂം മുതൂം ഒടിഞ്ഞൂന്നു പറഞ്ഞാൽ മതീല്ലോ..!”
നാരായണി വല്ലിമ്മക്ക് അത് മതിയായിരുന്നു. ഉടനെ തന്നെ അവർ പറഞ്ഞു.
“എന്നാപ്പിന്നെ നെനക്കവ്ടെന്ന് പൊക്കൂടേടാ മാധവാ...”
“എങ്ങനെ പോകൂന്റേട്ടത്തി.... ഒരു സഹായി ആയിട്ട് കൂടീതാ.... പ്പൊ ദാ.. എല്ലാം എന്റെ തലേലായി....!!”
“എനിക്കറിയാടാ മാധവാ... അതല്ലെ ഞാനന്ന് അവരോട് പറഞ്ഞത്, നെന്നെ അവ്ടെന്ന് പറഞ്ഞു വിടാൻ... ആ കാലില്ലാത്ത കാന്താരിയാ... കേമി...”
“അവളിപ്പോ എന്നെ ഏമിക്കാനും തുടങ്ങിയിരിക്കുന്നു... എനിക്കിപ്പൊ എങ്ങനേങ്കിലും അവിടന്ന് ഒന്നു രക്ഷപ്പെട്ടാൽ മതീന്റേട്ടത്തി... കൂട്ടത്തിൽ ഞാനാരുടെ കൂടെയാ കിടപ്പെന്നാ നാട്ടുകാരുടെ ചോദ്യം.. എന്റെ തൊലി പൊളിഞ്ഞു പോണെന്റേട്ടത്തി...!!”
“നെനക്ക് എങ്ങോട്ടെങ്കിലും ധൈര്യായിട്ട് എറങ്ങിപ്പോയ്ക്കൂടെ... ആരാ ചോയ്ക്കണെ....?”
“അതു ഞാൻ എന്നെത്തന്നെ മോശാക്കാല്ലെ.. ഞാൻ അങ്ങനെയൊന്നും ജീവിച്ചവനല്ല. ഒരു കാരണം കിട്ടാൻ ഞാൻ കാത്തിരിക്കാ.. അവിടന്നു രക്ഷപ്പെടാൻ...! അന്ന് ചേട്ടത്തി വന്ന് ബഹളമുണ്ടാക്കിയത് ഞാനറിഞ്ഞില്ല. അല്ലെങ്കിൽ അന്നേരം തന്നെ രക്ഷപ്പെടാമായിരുന്നു ആ നരകത്തീന്ന്...!!”
“ഞാൻ ഇനീം വരാടാ.... ഇനീം വന്ന് ബഹളോണ്ടാക്കാം..”

നാരായണി വല്ലിമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇവനെ അവിടെന്ന് ഓടിച്ച് ആ ഹോട്ടൽ പൂട്ടിക്കാൻ കഴിഞ്ഞാൽ, ഇതിൽ‌പ്പരം ഒരു സന്തോഷം വേറെയില്ല.
മാധവൻ സ്വകാര്യം പറയുന്നതു പോലെ ശബ്ദം താഴ്ത്തി തലയൊന്നു നീട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“അന്ന് വന്ന മാതിരി പുറകിൽ കൂടി വരരുത്. ഹോട്ടലിനകത്ത് കയറിവരണം. അതും ഉച്ച നേരത്ത് ഊണു കഴിക്കാൻ ആളുകൾ നിറഞ്ഞിരിക്കണ നേരത്തായിരിക്കണം. അത്രേം ആളുകളുടെ മുന്നിൽ വച്ചാവുമ്പോൾ അവർക്ക് നാണക്കേടാവും. അന്നേരം നാട്ടുകാരുടെ മുന്നിൽക്കൂടിത്തന്നെ, അത്രേം പേരെ സാക്ഷിയാക്കി എനിക്ക് ധൈര്യമായിട്ട് ഇറങ്ങിപ്പോകാം...!!”
മാധവൻ നന്നായി കിതച്ചു. നാണിയമ്മ അതെല്ലാം കേട്ട് തരിച്ചിരിക്കുകയാണ്.
“ ആ കാലില്ലാത്തവളെ ഒരു പാഠം  ഞാൻ പഠിപ്പിക്കും....!”
അതും പറഞ്ഞ് നാരായണിയമ്മ പല്ലിറുമ്മുന്നത് കണ്ടു. മാധവൻ പതുക്കെ ബദ്ധപ്പെട്ട് എഴുന്നേറ്റു. അതു കണ്ട് നാരാണിയമ്മ ചോദിച്ചു.
“ എന്താ.. മാധവാ.. നെനക്ക് സുഖോല്യേ...?”
“ എങ്ങനാ സുഖോണ്ടാവാ ന്റേട്ടത്തി.. ദിവസവും എന്നെ കൊല്ലാല്ലെ..  ഇങ്ങനാച്ചാ.. ഞാൻ അധിക ദിവസോന്നും ജീവിച്ചിരിക്കില്ല...”
“നീ വിഷമിക്കേണ്ട മാധവാ... നിന്നെ ഞാൻ രക്ഷപ്പെടുത്താം.. ന്നിട്ട് നെനക്ക് വേണംന്ന്ച്ചാ ടൌണിലെ ഹോട്ടലില് ജോലീം ഞാൻ വാങ്ങിച്ചു തരാം...”
“എങ്കിൽ നാരായണിയേട്ടത്തിക്ക്  നൂറു പുണ്യം കിട്ടും...!”
“ഹി...ഹി.......!” 
നാരായണിയമ്മയുടെ ചിരി ഒരു കൊലച്ചിരിയായി അന്തരീക്ഷത്തിൽ മുഴങ്ങി.
മാധവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നാരായണിയമ്മയും പിന്നാലെ മുറ്റത്തിറങ്ങി.
“ഞാൻ പോകാ ഏട്ടത്തി. വയ്യ ..എനിക്കൊന്നു കിടക്കണം ...”
“മാധവാ.. രണ്ടു ദിവസത്തിനുള്ളിൽ ഞാനങ്ങു വരാട്ടൊ...”
“ശരി എട്ടത്തി...”
            
                മാധവൻ ഇരുളു വീണ വഴിയിൽ സാവധാനം തപ്പിത്തടഞ്ഞ് നടന്നു.
മഴയുടെ ലക്ഷണം ഉള്ളതു കൊണ്ട് നാട്ടു വെളിച്ചം പോലും ഇല്ലായിരുന്നു. ഒരു കണക്കിന് റോട്ടിലെത്തി കരിങ്കൽ കൂനയിൽ കുറച്ചു നേരമിരുന്നു.
താൻ പഴയതിനേക്കാൾ അവശനായൊ..?
നാരായണി വല്ലിമ്മയുടെ വീട്ടിലെ ഉമ്മറത്തെ വെളിച്ചം കെടുത്തിയിരുന്നു.
‘ആ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കാൻ നടക്കുന്നു, ദുഷ്ടത്തി തള്ള...!!?’
മാധവൻ പിറുപിറുത്തു കൊണ്ട് സാവധാനം നടന്നു...


തുടരും...

Saturday 1 December 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ...(15)






കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക... 

പെണ്ണുകാണൽ...
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

ആ ഒരു ലക്ഷം രൂപയുടെ വലിപ്പം ആലൊചിച്ചിട്ടാണൊ എന്തോ, മൂന്നു പേരും നിമിഷ നേരത്തേക്ക് വായും പൊളിച്ചിരുന്നുപോയി..!
നിമ്മിയാണ്  ആദ്യം സുബോധത്തിലേക്ക് തിരിച്ചെത്തി ചോദിച്ചത്.
“എന്നിട്ട് മാമനെന്തു ചെയ്തു കാശ്..?”
അത്രയും നേരം തല ഉയർത്തിപ്പിടിച്ച് ലക്ഷത്തിന്റെ കാര്യം പറഞ്ഞ് അമ്പരപ്പിച്ച മാധവൻ തല പതുക്കെ താഴ്ത്തിയിട്ട് പറഞ്ഞു.
“അത് എനിക്ക് വിധിച്ചതായിരുന്നില്ല മക്കളെ...!?”
“എന്തു പറ്റി..?”
“സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ, അതൊന്നുറപ്പാക്കാനായി എനിക്ക് ടിക്കറ്റ് തന്ന ഏജന്റിന്റെ അടുത്തു പോയി നോക്കിച്ചു. സംഗതി ശരിയായിരുന്നു. പിന്നെ അയാളാ ടിക്കറ്റ് തിരിച്ചു തരാൻ മടിച്ചു. അവിടെ കൂടിയിരുന്ന ആളുകളൊക്കെ  ഇടപെട്ടാ ഒരു കണക്കിന് തിരിച്ചു കിട്ടിയത്. ഞാനത് ഉടനെ തന്നെ ഇടതു കയ്യിലെ ഷർട്ടിന്റെ മടക്കിൽ ചുരുട്ടി വച്ചു. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നി തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ ഏജന്റ് പിടിച്ചു നിറുത്തിയിട്ട് പറഞ്ഞു.
‘താൻ ഇതു കൊണ്ടുപോയി ബാങ്കിൽ കൊടുത്താൽ അവർ ടാക്സ് എല്ലാം പിടിച്ചിട്ട് ബാക്കിയുള്ളതേ കിട്ടുകയുള്ളു. ഞാനിതിനു റെഡി കാഷ് ഒരു ലക്ഷം എണ്ണിത്തരാം. ടിക്കറ്റ്  എനിക്കു താ....’. ഞാൻ പറഞ്ഞു. ‘എടോ എനിക്ക് എഞ്ചിനീയറന്മാരായ മക്കളുണ്ടെടോ... അവരുടെ ഇഷ്ടം പോലെ ചെയ്തോളും..’ എന്നൊക്കെ വലിയ വായിൽ വീമ്പിളക്കിയിട്ട് തൊട്ടടുത്തു വന്ന  ബസ്സിൽ കയറി പോന്നു. എത്രയും വേഗം അവിടന്നു രക്ഷപ്പെടുകയായിരുന്നു ഉദ്ദേശം. പട്ടണത്തിൽ വന്ന് മറ്റൊരു ബസ്സിൽ വേറൊരിടത്തേക്ക്. സ്ഥലപ്പേരൊന്നും നോക്കിയില്ല. ആ ബസ്സ് എവിടെ വരെ പോകുന്നോ അവിടെ വരെയാ ടിക്കറ്റെടുത്തത്...”

                      മാധവൻ ഒന്നു ചുമച്ചു. പിന്നെ ശ്വാസമെടുക്കാനായി ഒരു നിമിഷം നിറുത്തി. ചുമച്ചു കഴിഞ്ഞാൽ, മാധവൻ കുറച്ചു നേരം തൊണ്ടയിൽ കൈ പൊത്തിപ്പിടിച്ച് മിണ്ടാതിരിക്കും. മറ്റുള്ളവർ ഒന്നും ശബ്ദിക്കാതെ, മാമന്റെ ഒരു ലക്ഷത്തിനെന്തു പറ്റിയെന്ന് ആലോചനയിലാണെങ്കിലും, ലക്ഷ്മിയുടെ കയ്യ് മാധവന്റെ പുറകു വശം പതുക്കെ തടവി കൊടുക്കുന്നുണ്ടായിരുന്നു. 
ഒന്ന് ആശ്വാസം കിട്ടിയതോടെ മാധവൻ തുടർന്നു.
“ആ ബസ്സ് നിന്ന പട്ടണത്തിലെത്തിയപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു. പിന്നെ ഒരു ഇടത്തരം ഹോട്ടലിൽ കയറി കുറച്ചു കഞ്ഞി കുടിച്ചു. അതു കഴിഞ്ഞ് നടന്ന് ബസ് സ്റ്റാന്റിലെത്തി ഒരു മൂലയിൽ ചുരുണ്ടു കൂടി. അപ്പോഴും കയ്യിന്റെ മടക്കിൽ ഇരിക്കുന്ന ഒരു ലക്ഷത്തിലായിരുന്നു എന്റെ ശ്രദ്ധയത്രയും.

                         ബാങ്കിൽ കൊടുത്താൽ, സ്വന്തമായൊരു മേൽവിലാസം പോലുമില്ലാതെ എന്തു ചെയ്യും. അത് ബാങ്കുകാരു തന്നെ അടിച്ചു മാറ്റിയെന്നിരിക്കും. ആ ഏജന്റിനു തന്നെ കൊടുത്ത് കാശു വാങ്ങിച്ചാലും, അത്രയും രൂപ ഞാൻ എങ്ങിനെ സൂക്ഷിക്കും..! ആകെ പെരുവഴിയിലായെന്നു പറഞ്ഞാൽ മതിയല്ലൊ. അല്ല, അല്ലെങ്കിലും പെരുവഴിയിൽ തന്നെയാണല്ലൊ അന്നേരം..?
                        എന്റെ മോൾക്ക് ഇത് പോസ്റ്റലായി അയച്ചു കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ നന്നായേനെ. അവളെന്നും എന്റെ ഭാഗം പറയാനും, അമ്മയോടൊപ്പം നിന്ന് ചേട്ടന്മാരോട് തർക്കിക്കാനും മടി കാണിച്ചിരുന്നില്ല. അമ്മ പോയതിനു ശേഷം  അവളായിരുന്നു എന്റെ കാര്യങ്ങൾ ഭംഗിയായി നോക്കിയിരുന്നത്.  അവളുടെ അമേരിക്കയിലെ അഡ്രസ്സും കയ്യിലില്ല. നാട്ടിലെ മക്കൾക്ക് ഇതിനുള്ള അർഹതയുമില്ല. ഞാനാകെ ധർമ്മ സങ്കടത്തിലായി. ഉറക്കം വരാതെ ഇരുന്നും നടന്നും നേരം വെളിപ്പിക്കാൻ ഞാൻ പാടുപെട്ടു.

                     ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് സ്റ്റാന്റിലെ ബുക്സ് സ്റ്റാളിനടുത്ത് ഞാനൊന്നു നടു നിവർത്താനായി കിടന്നത്. ഉറങ്ങരുതെന്ന് കരുതിയെങ്കിലും, അറിയാതുറങ്ങിപ്പോയി. കടക്കാരൻ വന്ന് തട്ടി ഉണർത്തിയപ്പോഴാണ് കണ്ണുതുറന്നത്. വേഗം  ഞാനെഴുന്നേറ്റ്  മാറിക്കൊടുത്തു. മൂത്രപ്പുരയിലേക്ക് നടക്കുമ്പോഴാണ് കൈമടക്കിലിരിക്കുന്ന ലക്ഷം രൂപയുടെ കാര്യം ഓർമ്മ വന്നത്.
പെട്ടെന്ന്  ഇടതു കയ്യിലെ മടക്കിൽ പിടിക്കുമ്പോഴാണ് ഞെട്ടിയത്...!!
ഇടത്തേ കയ്യിൽ അങ്ങനെയൊരു മടക്കില്ലായിരുന്നു...!!”
മാധവനു പെട്ടെന്ന് ചുമ വന്നു. ആ ചുമക്കിടയിലും വിക്കി വക്കി പറഞ്ഞു.
“ ആ കയ്യിലെ തുണി...  മടക്കിനു...  മുകളിൽ വച്ച്.... ആരോ മുറിച്ചെടുത്തിരിക്കുന്നു....!!”

                    ചുമ നിറുത്താനായി മാധവൻ പാടുപെടുമ്പോൾ, തലയിൽ കൈ വച്ച് ‘അയ്യോ..’ന്നു പറയുകയായിരുന്നു മൂവരും. ലക്ഷ്മിയുടെ തലോടലിൽ ആശ്വാസം കിട്ടിയ മാധവൻ ഡെസ്ക്കിനു മുകളിൽ നിവർന്നു കിടന്നു . എല്ലാവരും പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഗൌരി പറഞ്ഞു.
“മാമൻ പറഞ്ഞതാ ശരി. മാമനത് വിധിച്ചിട്ടില്ലായിരുന്നു...”
“ആ ലോട്ടറി ഏജന്റ് തന്നെയാവും അത് മുറിച്ചെടുത്തത്...” ലക്ഷ്മി.
“അയാൾക്കല്ലെ അറിയൂ.. മാമൻ കയ്യിന്റെ മടക്കിൽ ടിക്കറ്റ് വച്ചത്...” നിമ്മി.  
കുറച്ചു നേരം മൂവരും താടിക്ക് കയ്യും കൊടുത്തിരുന്നു.
ഇടക്ക് നിമ്മി എഴുന്നേറ്റ് മാമനെ തലോടിയിട്ട് പറഞ്ഞു.
“മാമന് എത്ര വിഷമമായിട്ടുണ്ടാകും...?”
                 
 മാധവൻ സാവധാനം എഴുന്നേറ്റിരുന്നിട്ട് മൂവരേയും ഒന്നു നോക്കി. പിന്നെ സാവധാനം പറഞ്ഞു.
“അന്ന് എന്നെ കാട്ടിൽ ഉപേക്ഷിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമായിരുന്നു. ആ വിഷമവും, ലക്ഷം രൂപ പോയതും   കൂടി എന്നെ ഒരു ഭ്രാന്താവസ്ഥയിൽ എത്തിച്ചിരുന്നു...!
ഒരു വക കഴിക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ, പോകുന്ന വഴി എവിടെയെങ്കിലും തളർന്നു വീണ് തീരട്ടെയെന്നു കരുതി,  ആരോടൊക്കെയുള്ള പക തീർക്കാനെന്നോണം അന്ന് കാലത്ത് തുടങ്ങിയ നടപ്പാ, അന്നാ മഴയത്ത് രാത്രിയിൽ ഈ ഇറയത്ത് അവസാനിച്ചത്...! ”
മാധവൻ പറഞ്ഞവസാനിപ്പിച്ചതും നിമ്മിയും ഗൌരിയും മാധവനെ കെട്ടിപ്പിടിച്ചു.

“ആ രൂപ പോയതോണ്ടല്ലെ മാമൻ ഇവിടെ എത്തിപ്പെട്ടത്...!”
നിമ്മിയുടെ ചോദ്യത്തിനു മറുപടിയായി മാധവൻ പറഞ്ഞു.
“ആ രൂപ എനിക്ക് വിധിച്ചതായിരുന്നില്ലെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. ആ രൂപ കിട്ടിയിരുന്നെങ്കിൽ ഒരു കാരണവശാലും ഇവിടെ ഞാൻ എത്തുമായിരുന്നില്ല. അതുമായി മറ്റു പലയിടത്തും ഞാൻ ജീവിച്ചേനെ...
അപ്പോൾ നിങ്ങളുടെ അടുത്ത് എന്നെ എത്തിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു...?
അതേ ശക്തി തന്നെയല്ലെ, എന്നെ എന്റെ സ്വന്തം വീട്ടിൽ നിന്നും പുറം തള്ളിയത്...!
അന്നേരം എന്റെ മക്കൾ, അഛന്റെ ശവദാഹത്തിനായി പോക്കറ്റിൽ ഇട്ടിരുന്ന  പണമല്ലെ നമ്മുടെ ഈ ഹോട്ടലിന്റെ മുടക്കു മുതൽ...!
അന്നേരം ആ പൈസ ഇല്ലാതിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു...?
അതുകൊണ്ട് നമ്മൾക്കൊരു ജീവിതമാർഗ്ഗം തുറന്നു കിട്ടിയില്ലെ...?
അപ്പോൾ, അറിയാതെയാണെങ്കിലും അതിനു കാരണക്കാരായ എന്റെ മക്കളോടും നമ്മൾ കടപ്പെട്ടിരിക്കുന്നു...!
അതുകൊണ്ടാ , എന്റെ മക്കൾ ദുഷ്ടന്മാരല്ല അവരും പുണ്യം ചെയ്തവരാണെന്ന് ഞാൻ പറഞ്ഞത്..!!!”

                 വളരെ സാവധാനം ശബ്ദം താഴ്ത്തി ഒരു തത്വജ്ഞാനിയെ പോലെയാണ് മാധവൻ സംസാരിച്ചത്. അത് നിശ്ശബ്ദം കേട്ടിരുന്ന മൂവർക്കും മാമന്റെ മക്കളോടുണ്ടായിരുന്ന വിദ്വേഷവും വെറുപ്പും നിശ്ശേഷം ഇല്ലാതായി.
‘നിഷ്ക്കരുണം വലിച്ചെറിഞ്ഞ സ്വന്തം മക്കളേയും പുണ്യാളന്മാരാക്കുന്ന ഈ മനുഷ്യനും ഒരു പുണ്യാത്മാവ് തന്നെ..!!’ മനസ്സിന്റെ പ്രതിഫലനം ലക്ഷ്മിയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് സാരിത്തലപ്പു കൊണ്ട് ആരും കാണാതെ തുടച്ചെടുത്തു ലക്ഷ്മി. 

“ നമ്മളെ നിയന്ത്രിക്കുന്ന ശക്തികളുടെ കളിപ്പാട്ടങ്ങളാണ് നമ്മൾ..!
കൃത്യസമയത്ത് എത്തിയ ബഷീറും കോൺട്രാക്ടർ തോമസ്സും എല്ലാം അതിന്റെ കണ്ണികൾ മാത്രം...”
മാധവൻ ആരോടെന്നില്ലാതെ പറഞ്ഞ് ഡെസ്ക്കിൽ നിന്നിറങ്ങി തനിക്കായി മെത്ത വിരിച്ചിട്ട ഡെസ്ക്കിൽ കയറി കിടന്നു. നിമ്മി ഗൌരിയുടെ വണ്ടിയും തള്ളി  വീട്ടിനകത്തേക്ക് കയറി...

                     തണുത്ത കാറ്റ് ജനലിൽ കൂടി അകത്തേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... ചാറ്റൽ മഴ ഓലപ്പുറത്ത് വീഴ്ത്തുന്ന സംഗീതത്തിൽ ലയിച്ച് മാധവൻ കണ്ണടച്ച് കിടന്നു. ജനലുകൾ ചാക്കുവിരി കൊണ്ട് അടച്ച ശേഷം മാധവന്റെ മേലേക്ക് പുതപ്പെടുത്ത് പുതപ്പിച്ച്, ശാന്തമായി കണ്ണടച്ചു കിടക്കുന്ന ആ മുഖത്തേക്ക്  ആരാധനയോടെ നോക്കി നിന്നു. പിന്നെ ഒരു നെടുവിർപ്പോടെ ലക്ഷ്മിയും അകത്തേക്ക് കയറിപ്പോയി.
                   
                     പിറ്റേ ദിവസം പറഞ്ഞതു പോലെ തന്നെ  സുനിലും സഹോദരി സുനിതയും അമ്മയും കൂടി നിമ്മിയെ പെണ്ണു കാണാനെത്തി. വന്നപ്പോൾ തന്നെ സുനിൽ പറഞ്ഞു.
“ഞങ്ങൾ പെണ്ണു കാണാൻ വന്നതൊന്നുമല്ലാട്ടോ. നിമ്മിയും ഞാനും നേരത്തെ കണ്ടിട്ടുള്ളവരാണ്. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ സുനിത പറഞ്ഞിരുന്നു. ധൃതി പിടിച്ച് ഒരു കല്യാണം നടത്തേണ്ട ആവശ്യമില്ല. ഗൌരിച്ചേച്ചിയുടെ കല്യാണം കഴിയുന്നതു വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ ഇപ്പോൾ വന്നത് അമ്മക്ക് ഒരു ഉറപ്പിനു വേണ്ടിയാ. അല്ലെങ്കിൽ ഞാനേതെങ്കിലും ഒരു മദാമ്മയെ കെട്ടിക്കൊണ്ടു വരുമെന്നു പറഞ്ഞ് അമ്മക്ക് വേവലാതിയാ.. ഈ കല്യാണം ഉറപ്പിച്ചു പോയിക്കഴിഞ്ഞാൽ അമ്മ സമാധാനത്തോടെ കഴിഞ്ഞോളും...”
കൂട്ടച്ചിരികൾക്കിടയിലും ആ വാചകങ്ങൾ എല്ലാവരുടേയും മനസ്സിൽ കുളിർമഴ പെയ്യിച്ചു...
നിമ്മിയുടെ മുഖവും തെളിഞ്ഞു....!
മാധവൻ ചോദിച്ചു.
“എത്ര ദിവസം ഉണ്ടാകും നാട്ടിൽ...?”
“ഒരു മാസം കാണും. വേണ്ടിവന്നാൽ ഒരു പതിനഞ്ചു ദിവസം കൂടി നീട്ടാം...” 

                     എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിനു ശേഷവും ഗൌരിയുടേയും മാധവന്റേയും മുഖങ്ങൾ അത്ര തെളിഞ്ഞില്ല. തന്റെ കല്യാണം ഒരാളെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണെന്നോർത്താണ് ഗൌരിയുടെ സന്തോഷം നഷ്ടപ്പെട്ടതെങ്കിൽ, സുനിൽ പോകുന്നതിനു മുൻപു തന്നെ എങ്ങനെ കല്യാണം നടത്താമെന്നാണ് മാധവന്റെ തല പുകഞ്ഞിരുന്നത്...! ഗൌരിയുടെ മുഖം വാടിയത് ലക്ഷ്മിയും മാധവനും കണ്ടിരുന്നു. അതോടെ ലക്ഷ്മിക്ക് ആധിയായി. അതിനെക്കുറിച്ച് മാധവനോട് സംസാരിക്കാൻ, ആളൊഴിഞ്ഞ നേരം കിട്ടാനായി മാധവന്റെ ചുറ്റു വട്ടത്തു നിന്നും മാറാതെ നിന്നു.

                      ഉച്ച കഴിഞ്ഞപ്പോൾ നിമ്മി ഇന്നലെ പറഞ്ഞതു പോലെ തന്നെ മാമനേയും കൊണ്ട് ലാബിൽ പോയി റിസൽട്ടു വാങ്ങാൻ പിടിവാശിയായിട്ടിറങ്ങി. എല്ലാവരും അതിന് പിന്താങ്ങി സംസാരിച്ചപ്പോൾ മാധവനും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. തിരിച്ചു വരുന്ന ഒരു ഓട്ടോ റിക്ഷയും കാത്ത് പടിക്കൽ നിൽക്കുമ്പോഴാണ് ലക്ഷ്മി പറഞ്ഞത്.
“നിമ്മീ.. അവരു വന്നു പോയതിന്റെ പിന്നാലെ നീ ടൌണിലൊന്നും പോകണ്ട. തിരിച്ചു വരുമ്പോൾ എന്തായാലും ഇരുട്ടും. ഞാൻ പൊക്കോളാം കൂടെ.. പറ്റിയാൽ ആശുപത്രിയിലും കയറി ഡോൿടറേയും കണ്ടിട്ടു വരാം...”
അതിന് എല്ലാവരും സമ്മതം മൂളി.
                    
                     ലാബിൽ ചെന്നപ്പോഴാണ് റിസൽട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നെ അവിടന്ന് ആശുപത്രിയിലേക്ക് തിരിച്ചു. ചീട്ടെടുത്ത് ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴാണ് മാധവനെ ഡോൿടർ  സൂക്ഷിച്ചു നോക്കുന്നത്...!?
റിസൽട്ടും കയ്യിൽ പിടിച്ച് ഡോക്ടറുടെ നോട്ടം കണ്ട് ലക്ഷ്മിക്ക് എന്തോ ഒരു പന്തിയില്ലായ്മ തോന്നി.
ലക്ഷ്മി മാധവനേയും ഡോക്ടറേയും പരിഭ്രാന്തിയിലെന്നോണം മാറി മാറി നോക്കി.
ഡോക്ടറുടെ നോട്ടം എന്തിനെന്നൂഹിച്ച മാധവൻ ലക്ഷ്മിയെ പുറത്ത് നിറുത്തിയിട്ട് കയറാതിരുന്നതിനെ സ്വയം ശപിച്ചു. അതിനുള്ളിൽ ലക്ഷ്മി ചോദിച്ചു.
“എന്താ ഡോക്ടർ....?”
മാധവനോടായി ഡോക്ടർ ചോദിച്ചു.
“പറയട്ടെ മാധവൻ... ഇനി പറയാതിരിക്കുന്നതു കൊണ്ട് കാര്യമില്ല. താങ്കളുടെ അവസ്ഥ വീട്ടുകാരും മനസ്സിലാക്കണം..!”
മാധവൻ ലക്ഷ്മിയെ ദയനീയമായി നോക്കി....
ലക്ഷ്മിയുടെ ക്ഷമ കെട്ടു. മാധവന്റെ തോളിൽ പിടിച്ച് കുലുക്കിയിട്ട് ഉറക്കെ  തന്നെ ലക്ഷ്മി ചോദിച്ചു.
“ എന്താ..ണ്ടായേ...?”
മാ‍ധവൻ നിശ്ശബ്ദനായിരിക്കുന്നത് കണ്ട് ഡോക്ടർ പറഞ്ഞു.
“നിങ്ങളെ സ്കാൻ ചെയ്ത ഡോക്ടർ അന്നു തന്നെ എന്നെ വിളിച്ചിരുന്നു.  ഇതിന്റെ റിസൽട്ട് വാങ്ങാൻ ഈ പേഷ്യന്റിന്റെ വരവുണ്ടാകില്ലെന്നാണ് എന്നെ അറിയിച്ചത്...!!”
എന്നിട്ടും ലക്ഷ്മിക്ക് മനസ്സിലായില്ല...
ഒരു ഭീതിയോടെ ലക്ഷ്മി രണ്ടു പേരേയും മാറി മാറി നോക്കി...
അതിനിടയിൽ ഡോക്ടർ ഒന്നു കൂടി പറഞ്ഞു.
“റിസൽട്ട് വാങ്ങാൻ പറഞ്ഞ സമയത്തിലും നിങ്ങൾ വരാതായപ്പോൾ ഞാനും അങ്ങനെ തന്നെയാണ് കരുതിയത്...!!?”
ലക്ഷ്മിക്ക് ഒരു ഭീതി മണം അടിച്ചു കയറി...!
“ഒന്നു തെളിച്ചു പറയൂ.. ഡോക്ടർ...” ലക്ഷ്മിയുടെ ആകാംക്ഷ അറ്റത്തെത്തി.
“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, പച്ചമുള ചീന്തുമ്പോലൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!


തുടരും...

Thursday 15 November 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ.(14)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക...



ആനക്കഥ ഒരു പൊട്ടക്കഥ

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!


ഒരു നിമിഷം കഴിഞ്ഞ് മാധവൻ ആ കടലാസ് വാങ്ങി ഒന്നു നോക്കിയിട്ട്  സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അതിന്റ അർത്ഥം മനസ്സിലായ ലക്ഷ്മി വേഗം പോയി കൌണ്ടറിലെ മേശയിൽ നിന്നും മാധവന്റെ കണ്ണട എടുത്തുകൊണ്ടു വന്നു. അത് മുഖത്ത് വച്ച് മാധവൻ ആത്മഹത്യാ കുറിപ്പിലേക്ക് കണ്ണോടിച്ചു...
അതു കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എല്ലാവരേയും ഒരാവർത്തി നോക്കി.
വീണ്ടും കടലാസ്സിലേക്ക് ഒന്നു നോക്കി, പിന്നെ അതു മടക്കിവച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ഇതൊരു ആത്മഹത്യാ കുറിപ്പാണെങ്കിലും ഞാനെഴുതിയതല്ല...!”
അതു കേട്ടതും ഗൌരി ചാടി ചോദിച്ചു.
“പിന്നെ ഇതെങ്ങനെ മാമന്റെ കയ്യിൽ വന്നു...?”
“അല്ല.., ഇത് നിങ്ങൾക്കെവിടന്നു കിട്ടി...?” മാധവൻ.
അതിനുത്തരം ഗൌരിക്കു മാത്രമെ അറിയുമായിരുന്നുള്ളു. അതിനാൽ എല്ലാവരും അവളുടെ മുഖത്തേക്കായി നോട്ടം.
“മാമൻ ഓർക്കുന്നില്ലെ,  മാമൻ ഇവിടെ വന്ന അന്ന് കാലത്ത് ബഷീർ അൻപത് പേർക്ക് ചോറ് വേണമെന്ന് പറഞ്ഞത്...?”
“ഊം...”
“അന്ന് ആരുടെ കയ്യിലും കാശില്ലാഞ്ഞിട്ട് മാമന്റെ അരയിൽ കെട്ടി സൂക്ഷിച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു രൂപ എടുത്തു തന്നത്.. ആ രൂപ  ഈ കടലാസ്സിലാ  പൊതിഞ്ഞു വച്ചിരുന്നത്... മാമൻ പൊതിയഴിച്ച് എന്റെ മടിയിലേക്കാ ഇട്ടത്...!”
അതു കേട്ടതും ലക്ഷ്മിക്ക് ആ രംഗം ഓർമ്മയിലെത്തി. അവർ പറഞ്ഞു.
“ശരിയാ... ഞാനത് കണ്ടിരുന്നു. അവളുടെ മടിയിൽ വീണ കടലാസ്സ് ഒന്നു വായിച്ചു നോക്കിയിട്ട് വേഗം നൈറ്റിക്കുള്ളിൽ ഒളിച്ചു വക്കുന്നത്... പിന്നീട് അതിനെക്കുറിച്ച് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ ഞാനത് മറക്കുകയും ചെയ്തു.”
“ നിങ്ങൾ പറഞ്ഞത് ശരിയാ... പക്ഷെ, ഞാനെഴുതിയതല്ലത്...!”

ഒരു നിമിഷം മാധവൻ മൂകനായി...
മാധവന്റെ മനസ്സ് അവിടന്ന് പോയിരുന്നു...
ആ നിശ്ശബ്ദതയെ ഭജ്ജിക്കാൻ ആരും മുതിർന്നില്ല...
പിന്നെ സാവധാനം പറഞ്ഞു തുടങ്ങി.
“അന്ന് എന്റെ മക്കൾ ആ മൈസൂർ വനത്തിൽ അബോധാവസ്ഥയിൽ എന്നെ കൊണ്ടു തള്ളുമ്പോൾ ഈ കത്ത് എന്റെ പോക്കറ്റിൽ ഉണ്ടായിരിന്നിരിക്കണം...!”

അന്നത്തെ രംഗം ഓർത്തിട്ടൊ എന്തൊ, മാധവൻ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു.
മനസ്സിനു വിഷമം വരുമ്പോൾ ഉള്ളിൽ ഒരു തിരയിളക്കം ഉരുണ്ടു വരുന്നത്, ഈയിടെയായി കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയത് തിരിച്ചറിയുന്നുണ്ടായിരുന്നു. അന്നേരം കുറച്ചു നേരം നിശ്ശബ്ദമായിരുന്നില്ലെങ്കിൽ ഒരു ശർദ്ദിൽ പിറകേ വരും. അത് ചിലപ്പോൾ കട്ട ചോരയായിരിക്കും. അതു കാരണം മാധവൻ നിറുത്തി നിറുത്തിയാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ച്   കുറിച്ചെങ്കിലും അറിയുന്നത് ലക്ഷ്മിക്കു മാത്രം.

മാധവൻ തുടർന്നു.
“ആ കാട്ടിൽ നിന്നും ലോറിത്തൊഴിലാളികൾ എന്നെ ജീവനോടെ കണ്ടെത്തി കൂട്ടിക്കൊണ്ടു പോരുമ്പോൾ, എല്ലാവരും കൂടി  പിരിവിട്ട് കുറച്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടിരുന്നു.  ഒരു വളവിലെ ചെറിയ കവലയിലെ ചായക്കടയിൽ എന്നെ ഏൽ‌പ്പിച്ചിട്ടാണ് അവരെല്ലാം പോയത്.  ഞാൻ അവിടത്തെ ജോലിക്കാരനായി കൂടി...
വല്ലപ്പോഴും വരുന്ന ലോറിക്കാരും മറ്റും ചായ കൂടിക്കാനും ലഘുഭക്ഷണം കഴിക്കാനും അവിടെ നിറുത്തും. സന്ധ്യ കഴിഞ്ഞാൽ കട അടക്കും. അതിന്റെ ഉടമസ്ഥർക്ക് ഒന്നു രണ്ടു മലകൾ കയറിയിറങ്ങിയിട്ടു വേണം വീട്ടിലെത്താൻ.
അത്ര സാഹസപ്പെട്ട് കയറിയിറങ്ങി പോകാൻ വയ്യാത്തതു കൊണ്ട്, അവർ വിളിച്ചിട്ടും ഞാൻ പോയില്ല.
അവർ കൂടി പോയിക്കഴിഞ്ഞാൽ അവിടം വിജനമാകും...
പിന്നെ ഞാൻ ഒറ്റക്കാവും...
യാതൊരു അടച്ചുറപ്പൊന്നും ഇല്ലാത്ത കടയാ.. ”

ഒന്നു നിറുത്തിയിട്ട് മാധവൻ തുടർന്നു.
“ചെന്ന ആദ്യ ദിവസം തന്നെ ലോറിത്തൊഴിലാളികൾ പിരിവിട്ടു തന്ന രൂപ എണ്ണി നോക്കാനായി എടുത്തപ്പോഴാണ് ഈ കടലാസ്സ് പൊതിയും എന്റെ കയ്യിൽ കിട്ടിയത്. രൂപ അതിൽ മൂവ്വായിരം ഉണ്ടായിരുന്നു. പക്ഷെ, കത്ത് എനിക്ക് വായിക്കാനായില്ല. കാരണം എന്റെ കണ്ണട എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിറ്റെ ദിവസം കടയുടെ ഉടമസ്ഥന്റെ കണ്ണട വാങ്ങിയാണ് ഞാനത് വായിച്ചത്. കയ്യക്ഷരം കണ്ടിട്ട് എന്റെ മക്കൾ രണ്ടു പേരും എഴുതിയതല്ല. അവരുടെ ഭാര്യമാർ ആരെങ്കിലും എഴുതിയതായിരിക്കും...”
മാധവൻ കിതപ്പകറ്റാനായി ഒന്നു നിറുത്തി.

ലക്ഷ്മി ഒരു വിതുമ്പലോടെ പറഞ്ഞു.
“എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരും അന്വേഷിച്ച് വീട് കണ്ടെത്താതിരിക്കാനാവും ഇങ്ങനെ ഒരു കത്തെഴുതിയത്...”
“ശരിയാ... ഇതാവുമ്പോൾ ആർക്കും പരാതി ഉണ്ടാവില്ലല്ലൊ...”
ഗൌരി അതും പറഞ്ഞ് പല്ലു ഞരിച്ച് മാമന്റെ മക്കളോടുള്ള  പ്രതിഷേധം പ്രകടമാക്കി.
“ഇത്രയും ദുഷ്ടന്മാരായ മക്കളെയാണൊ മാമൻ പുണ്യവാളന്മാർ ആക്കാൻ നോക്കണെ..?”
നിമ്മിക്കും അവരോടുള്ള പക തീരുന്നില്ല...

മാമൻ കിതപ്പെല്ലാം മാറി ഒരു ചെറു പുഞ്ചിരിയോടെ ബാക്കി കഥ പറഞ്ഞു.
“ഒന്നൊന്നര മാസം കഴിഞ്ഞു കാണും...
ഒരു ദിവസം രാത്രിയിൽ ഉറക്കം വരാതെ ഡെസ്ക്കിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാൻ. നല്ല തണുപ്പും തണുത്ത കാറ്റും കാരണം ചെവി അടച്ചു കെട്ടി കടക്കാരൻ തന്ന പുതപ്പും മൂടിപ്പുതച്ചാണ് കിടപ്പ്. എന്നിട്ടും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് തണുപ്പ്. കാൽ നൂറ്റാണ്ടോളം ഗൾഫിലെ ഏസി മുറിയിൽ കഴിഞ്ഞ ഞാനാണ് ഇന്നിവിടെ ഈ കാട്ടിൽ വിറച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ അറിയാതെ ചിരി വരും.  മറ്റാരുമില്ലാത്തിടത്ത് ഒറ്റക്ക് കഴിയാൻ എത്ര ബുദ്ധിമുട്ടാണെന്ന് അന്നാണ് ബോദ്ധ്യമായത്. ചിലപ്പോഴൊക്കെ ഉറക്കെ പാട്ടുപാടിയും സ്വർഗ്ഗവാതിൽക്കൽ നിൽക്കുന്ന എന്റെ ദേവുവിനോട് വർത്തമാനം പറഞ്ഞും സമയം തള്ളി നീക്കും. ഒറ്റക്കായ  പലേ രാത്രികളിലും അവളായിരുന്നു എനിക്ക് കൂട്ട്. അതിനാലായിരിക്കും രാത്രിയിൽ ഉറക്കം തീരെയില്ല.” 
വീണ്ടും കിതക്കാൻ തുടങ്ങിയ മാധവൻ ഒന്നു നിറുത്തി.

കിതപ്പൊന്നാറിയിട്ട് തുടർന്നു.
“ദേവുവിനെ സ്വപ്നം കാണുന്നത് എനിക്കെന്നും സന്തോഷമുള്ള കാര്യമാണ്. അല്ല... ജീവിതകാലം മുഴുവൻ അതേണ്ടായിട്ടുള്ളു...! അന്നവൾ ചോദിച്ചു. മക്കളുടെ അടുത്തേക്ക് തിരിച്ചു പൊയ്ക്കൂടേന്ന്..  എന്തിനെന്ന് ഞാനും.. എന്നാലും ഒറ്റക്ക്... എനിക്കിനി ആരും കൂട്ടു വേണ്ടെന്ന് ഞാനും. പറ്റുമെങ്കിൽ നിന്റടുത്ത് എത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറയ്.. പെട്ടെന്നാണ് ദേവു  ‘അയ്യോ... ആന...!’ എന്നു പരിഭ്രാന്തിയിൽ അലറിയത്.
പരിഭ്രാന്തിയിലുള്ള അവളുടെ നിലവിളിയിൽ ഞാൻ ഞെട്ടി ഉണർന്നു...
അപ്പോഴാണ് ഞാൻ ചായക്കടയിലാണെന്നും കണ്ടതൊക്കെ സ്വപ്നമായിരുന്നെന്നും അറിയുന്നത്...
ദേവുവിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടതാണല്ലൊ...!
അതിനിടക്കാ നിലവിളിയും...?
പിന്നെ അവളെ കണ്ടില്ല...
എന്നാലും അവൾ ‘അയ്യോ..ആന’ എന്നു പറഞ്ഞ് പേടിപ്പിച്ചതെന്തിന്...?

ഓല കൊണ്ടു കെട്ടിയുണ്ടാക്കിയ  വാതിൽ മെല്ലെ തുറന്ന് പുറത്തേക്കു നോക്കിയതും, ഒരു ചീറ്റലിന്റെ ശബ്ദത്തോടൊപ്പം  തുപ്പൽ പോലെ കുറെ വെള്ളം എന്റെ മുഖവും മേലാസകലവും നനച്ചു...!
ഞാൻ  ഒരടി പിന്നോട്ട് വേച്ചു പോയി...!
പെട്ടെന്നാണ് എന്റെ മുൻപിൽ നീണ്ടു നിവർന്നങ്ങനെ നിൽക്കുന്ന ഒരു ആജാനുബാഹുവിനെ നാട്ടുവെളിച്ചത്തിൽ  ശ്രദ്ധിച്ചത്...!!
ദേവു മുന്നറിയിപ്പു തന്ന ആന തന്നെയാണ് മുന്നിൽ...!!!
എന്തു ചെയ്യണമെന്നറിയാതെ വിറച്ചു പോയ നിമിഷങ്ങൾ....!!!  ”
മാധവൻ ഒന്നു നിറുത്തി.

ഗൌരി ആ കഥയിൽ  ലയിച്ച് പേടിച്ചിട്ടെന്നോണം മാധവന്റെ അരയിൽ കെട്ടിപ്പിടിച്ചു.
നിമ്മി അമ്മയോട് ചേർന്നു നിന്നു. ഒരു നിമിഷം കഴിഞ്ഞ് മാധവൻ തുടർന്നു.
“ കടയുടെ പുറകു വശത്ത് ആഴമേറിയ താഴ്വാരമാണ്. മുൻപിലേക്ക് മാത്രമേ ആ ചെറ്റയും പൊളിച്ച് രക്ഷപ്പെടാനാവൂ. എങ്കിൽ ആനയുടെ മുൻപിൽ തന്നെ ചെന്നു പെടും.
ആനയുടെ ചവിട്ടേറ്റ് മരിക്കാൻ ആനത്താരയിൽ ഉപേക്ഷിച്ചതാണെന്നെ. ആ ഞാൻ എന്തിന് ആനയെ കണ്ട് പേടിക്കണം. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്കൽ‌പ്പം ധൈര്യമൊക്കെ തോന്നിത്തുടങ്ങി. പക്ഷെ, അത് നിമിഷ നേരത്തേക്കേ ഉണ്ടായുള്ളു.. കടയിലെ ബഞ്ചിൽ വാതിലിനു നേരെത്തന്നെ ഞാൻ ഇരുന്നു. ആന എന്നെ കണ്ടെന്ന് എനിക്കറിയാം. ഇടക്ക് തുമ്പിക്കൈ നീട്ടി കടയുടെ ചെറ്റയിൽ തൊടുന്നതിന്റേയോ പിടിച്ചു വലിക്കുന്നതിന്റേയോ ഒക്കെ  ശബ്ദം കേൾക്കാം. അതോടെ എന്റെ നല്ല ജീവൻ പോയി...!
അന്നേരം ഞാൻ വിറച്ചിരുന്നത് തണുപ്പു കൊണ്ടായിരുന്നില്ല...!
അകത്തേക്ക് കയറി വന്ന് എന്നെ തട്ടിക്കളയാണെങ്കിൽ ആയിക്കോട്ടേന്ന് ഞാനും മനുസ്സിൽ കരുതി ബലം പിടിച്ചിരുന്നു...”

അതു കേട്ടതും ഗൌരി കരയാൻ തുടങ്ങി.
“ മാമാ... ഇങ്ങനെയൊന്നും പറയല്ലെ...!” 
“എന്നിട്ട്...?” ലക്ഷ്മിക്ക് ക്ഷമയില്ലാതായി.
മാധവൻ സമയം കളയാതെ തുടർന്നു.
“തൊട്ടപ്പുറത്ത് പഴവർഗ്ഗങ്ങൾ മാത്രം വിൽക്കുന്ന ഒന്നു രണ്ടു കടകളുണ്ടായിരുന്നു. അതെല്ലാം കുത്തി മറിച്ചിടുന്നതിന്റെ ശബ്ദം ഇത്തിരി ഭീതിയോടെയാണ് ഞാൻ കേട്ടത്. അപ്പോൾ ഒരു കാര്യം എനിക്കുറപ്പായി. എന്നെ മാത്രം നോക്കി നിൽക്കുന്ന   ഇവൻ ഒറ്റയാനല്ല. കൂട്ടത്തിൽ ഇനിയുമുണ്ട് അവന്റെ കൂട്ടുകാർ. എന്നിട്ടും ഇവനെന്തേ എന്നെ ഉപദ്രവിക്കാതെ അനങ്ങാതെ നിൽക്കുന്നതെന്ന് ഞാൻ സംശയിച്ചു. 

അപ്പുറത്തെ പണികൾ പൂർത്തിയാക്കിയതിന്റെ ലക്ഷണമായിരിക്കും അവിടന്ന് ചിഹ്നം വിളികൾ ഉയർന്നു. അവിടത്തെ സംഗതികൾ റെഡിയാണൊ, ഞങ്ങൾ വരട്ടേയെന്ന് ചോദിച്ചതുമാകാമെന്ന ചിന്ത നിൽക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥയിൽ എന്നെ എത്തിച്ചു. ഞാൻ ഇരിക്കുന്ന കടയല്ലാതെ ഇനി അവിടെ വേറെ ഒന്നും ഇല്ല തകർക്കാൻ. അതോടെ അതുവരെ പിടിച്ചു നിന്ന ഞാൻ, തൃശ്ശൂർ പൂരത്തിന്റെ ഒലപ്പടക്കത്തിനു ഒന്നിച്ചു തീ പിടിക്കുമ്പോൾ കേൾക്കുന്ന അവസാന പൊരിച്ചിലിന്റെ സമയത്ത് കാല് നിലത്തു കുത്താനൊ, ഇരിക്കാനൊ വയ്യാത്ത ഒരവസ്ഥ പോലെ ശരിക്കും ഞെരിപിരി കൊള്ളാൻ തുടങ്ങി. പിറകിലെ താഴ്വാരത്തിലേക്ക് ചാടിയാലും രക്ഷപ്പെടില്ല...
അതിലും ഭേദം ആനമരണം തന്നെ...!
വെറും ആന ചവിട്ടി കൊല്ലുകയായിരിക്കില്ല...
ഇത്രയും ആനകൾ എന്നെ ച വി ട്ടി ക്കൂ ട്ടി മെ തി ച്ച ര ച്ച്  കൊല്ലുക........!!”
അത്രയും പറഞ്ഞപ്പോഴേക്കും നിമ്മി ചാടി വന്ന് മാധവന്റെ വായ പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു.
“വേണ്ട.. ഇങ്ങനെ  പറയണ്ട...! എനിക്കിഷ്ടമല്ല അങ്ങനെ പറയണെ..!”

മാധവന് ചിരി വന്നെങ്കിലും മൂന്നുപേരും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ വിഷമമായി...
ഇവർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിയുകയായിരുന്നു മാധവൻ...!
“ഇതു കഥയല്ലെ... അതിനു നിങ്ങളെന്തിനാ വിഷമിക്കണെ..”
മാധവൻ അവരെ തണുപ്പിക്കാനായി ശ്രമിച്ചു. ഗൌരി പറഞ്ഞു.
“കഥയൊന്നുമല്ലല്ലൊ.. മാമന്റെ ജീവിതത്തിൽ നേരിട്ടതല്ലെ ഇതൊക്കെ....?
മാമന് അങ്ങനെയൊന്നും സംഭവിക്കണ്ട. ഞങ്ങള് സമ്മതിക്കില്ല...!”
അതുകേട്ട് മാധവന് ചിരി വന്നു.
“എന്നിട്ട്.. ബാക്കി പറയ്....!”
ലക്ഷ്മിയുടെ ആകാംക്ഷ അതിനിടയിലും തലപൊക്കി. അതുകേട്ട് നിമ്മി പറഞ്ഞു.
“ഓ.. ഈ അമ്മേക്കൊണ്ട് തോറ്റു. അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടൊ..
പോയി മാമനുള്ള കഞ്ഞി എടുത്തോണ്ടു വന്നെ... പോ..”
അതും പറഞ്ഞ് അമ്മയെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ നോക്കി.
എന്നിട്ടും ലക്ഷ്മി പോകാതെ നിന്നു. അതു കണ്ട്  മാധവൻ പറഞ്ഞു.
“നിൽക്കു.. ഇതു കഴിഞ്ഞിട്ടു മതി കഞ്ഞി...”
നിമ്മി വീണ്ടും ചൂടായി പറഞ്ഞു.
“എനിക്കു കേൾക്കണ്ട ബാക്കി...!”
ഇടക്കു കയറി ഗൌരി പറഞ്ഞു.
“ ബാക്കി ഞാൻ പറയാം... ആന ആനയുടെ വഴിക്കും പോയി. മാമൻ മാമന്റെ വഴിക്കും പോന്നു... അത്രേള്ളു  മാമന്റെ പൊട്ടക്കഥ..”
അതു കേട്ട് നിമ്മിയും ലക്ഷ്മിയും കൂടി ചിരിച്ചു. പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി....

എല്ലാവരും ഒന്ന് ഉന്മേഷത്തിലായെങ്കിലും, ലക്ഷ്മിക്ക് അതിന്റെ ബാക്കി അറിയാനുള്ള ജിജ്ഞാസ തടുത്തു നിറുത്താനായില്ല.
“നിങ്ങൾക്ക് കേൾക്കേണ്ടെങ്കിൽ അപ്പുറത്തേക്ക് പൊക്കോ.. ബാക്കി പറയ്... എങ്ങനെയാ രക്ഷപ്പെട്ടേ...?”
മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.  
“എന്റടുത്തുള്ള ആന എന്തിനുള്ള പുറപ്പാടാണെന്ന് എനിക്കൊരൂഹവും കിട്ടിയില്ല.  അപ്പുറത്തുള്ള ആനകൾ വരാനായി ഇവൻ കാത്തിരിക്കുകയാവുമോ....? ആനയുടെ ചിഹ്നം വിളികൾ തൊട്ടടുത്തെത്തിയതായി എനിക്ക് തോന്നി. പെട്ടെന്ന് ആന തുമ്പിക്കൈ പിൻ വലിച്ച് ഒരടി പിറകോട്ട് മാറി ഇടത്തോട്ട് തിരിഞ്ഞ്,  മറ്റുള്ള ആനകൾ ഇങ്ങോട്ടു വരുന്നതിനു മുൻപേ അവരോടൊപ്പം ചേർന്ന് റോട്ടിലേക്കും അവിടന്ന് കാട്ടിലേക്കും വേഗം കടന്നു പോയി...! കണ്ണിൽ നിന്നും ആ കഴ്ച മറഞ്ഞതിനും ശേഷമാണ് എന്റെ ശ്വാസം നേരെ വീണത്...”  മാധവൻ ഒരു കിതപ്പോടെ പറഞ്ഞു നിറുത്തി.
“എന്നാലും അതിശയം തന്നെ...!”  ലക്ഷ്മി പറഞ്ഞു.
“എനിക്കതിശയമൊന്നും തോന്നുന്നില്ല... എന്റെ ദേവുവായിരുന്നു കാവലായി എനിക്കും ആനക്കും ഇടയിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം...!!”
“ശരിയായിരിക്കും മാമാ...”
നിമ്മിയുടെ വാക്കുകൾക്ക് ഗൌരിയും തലയാട്ടി.....

പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിലായി...
വലിച്ചു കുടിക്കാവുന്ന രീതിയിലാക്കിയ കഞ്ഞികുടി കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തിച്ചേർന്നു. മാധവൻ ബാക്കി കൂടി പറഞ്ഞു.
“ഞാൻ രക്ഷപ്പെട്ടതിലായിരുന്നു ആ കടക്കാർക്ക് അതിശയം... പല പ്രാവശ്യം ഇങ്ങനെ നശിപ്പിച്ചിട്ടുത്രെ. എന്നാൽ ഇപ്രാവശ്യം ആ ഒരു ചായക്കട മാത്രം ആനകൾ തൊട്ടില്ല...! 
പിറ്റേ ദിവസം തന്നെ ഞാനവിടന്ന് വിട്ടു...
പിന്നെ ഓരോ വഴിക്ക്. എങ്ങും സ്ഥിരമായി നിൽക്കാൻ തോന്നിയില്ല.

കയ്യിലെ കാശ് തീർന്നപ്പോഴാണ് ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചത്...
അങ്ങനെയാണ് സ്ഥിരമായി ഒരിടത്ത് താമസിക്കാതെ, നടപ്പിനിടക്ക് ചെയ്യാൻ പറ്റുന്ന ജോലിയായി ലോട്ടറി ടിക്കറ്റ് വിൽക്കാൻ തുടങ്ങിയത്. അതിന്റെ ആദ്യ മുടക്കു മുതലിനായിട്ടാണ്, അഛന്റെ  ശവമടക്കിനായി മക്കൾ തന്ന മൂവായിരത്തിൽ നിന്നും അഞ്ഞൂറ് ഞാൻ എടുത്തത്. ബാക്കിയുള്ള രൂപ കള്ളന്മാർ അടിച്ചോണ്ടു പോകാതിരിക്കാനാ അതേ കടലാസ്സിൽ പൊതിഞ്ഞ് അരയിൽ കെട്ടി സൂക്ഷിച്ചത്. ലോട്ടറി വിറ്റ് എനിക്ക് ഭക്ഷണത്തിനുള്ളത് കിട്ടുമായിരുന്നു ദിവസവും. അതു കാരണം ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനായി...”

മാധവൻ ഒന്നു നിറുത്തിയിട്ട് തുടർന്നു... 
“ഒരിക്കൽ വിൽക്കാൻ കഴിയാതെ പോയ നാലഞ്ചു ടിക്കറ്റിൽ ഒരെണ്ണത്തിന്  സമ്മാനമടിച്ചു എനിക്ക്...!”
അതു കേട്ടതും മൂന്നു പേരും ചെവി കൂർപ്പിച്ചു...!
 “ങേഹ്.... എത്രാം സമ്മാനമാ....? "
"എത്ര രൂപ കിട്ടി...? ”
എല്ലാവരുടേയും ഒരുമിച്ചുള്ള ചോദ്യം കേട്ട് മാധവൻ മറുപടി പറയാതെ ഒന്നു നിറുത്തി.
അതു കേട്ട് ലക്ഷ്മി ദ്വേഷ്യപ്പെട്ടു.
“നിങ്ങളൊന്ന് ഒച്ചയുണ്ടാക്കാതിരുന്നെ.. മാമൻ പറയട്ടെ...” 
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

തുടരും.......

Thursday 1 November 2012

നീണ്ടകഥ.. മഴയിലൊരു വിരുന്നുകാരൻ...(13)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.

തുടർന്നു വായിക്കുക..

 ആത്മഹത്യാ കുറിപ്പ്

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല...
ഓരോരുത്തരും ഓരോ ലോകത്തായി ചുറ്റിത്തിരിഞ്ഞു...
ലക്ഷ്മി എന്തൊ മറന്നുപോയതു പോലെ പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി. അകത്ത് മിക്സിയുടെ ശബ്ദം കേട്ടു. നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കിയിട്ട്  ‘ഇപ്പോഴെന്തിനാ അമ്മക്ക് മിക്സിയിൽ..’ എന്ന് ആത്മഗതം ചെയ്തു.
നിമ്മി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും അവൾ ബ്രേക്കിട്ടു. മാധവന്റെ മുഖം തന്റെ നേരെ തിരിച്ചിട്ട് ഗൌരി പറഞ്ഞു.
“മാമൻ വിഷമിക്കണ്ടാട്ടൊ. ഇത്രയും വരെ എത്തിയില്ലെ നമ്മൾ.. നമ്മൾക്കായി ദൈവം എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.”
തന്റെ മുഖത്ത് തലോടിയിരുന്ന ഗൌരിയുടെ കൈയ്യിൽ പിടിച്ച് മാധവൻ പറഞ്ഞു.
“അതുവരെ കാത്തിരിക്കുമ്പോഴേക്കും നിമ്മിക്കു വന്ന ആ നല്ല പയ്യൻ നഷ്ടപ്പെട്ടാലൊ മോളെ.. നീറിക്കൊണ്ടിരിക്കുന്ന നിങ്ങടമ്മയും അതുവരെ നിങ്ങളേയും കാത്തിരിക്കുമെന്ന് എന്താ ഉറപ്പ്...?” 
നിമ്മിയുടേയും  ഗൌരിയുടേയും മുഖം വിവർണ്ണമായതല്ലാതെ, അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ബ്രേക്കിൽ നിന്നും കയ്യെടുത്ത ഉടനെ നിമ്മി വണ്ടി തള്ളിനീങ്ങി.

അവർ പോയ ഉടനെ ലക്ഷ്മി മാധവനുള്ള ഭക്ഷണവുമായി വന്നു.
ഭക്ഷണത്തിന്റെ രൂപം കണ്ടതും മാധവന് ചെറിയൊരു ചിരിയൂറി.
“ഡോക്ടർ പറഞ്ഞത് ഓർമ്മയിൽ കിടപ്പുണ്ടല്ലെ...”
“ഇത്രനാളും ചോറു തരുമ്പോൾ വളരെ കുറച്ചല്ലെ കഴിക്കാറുള്ളു. അതും എത്ര നേരം വായിലിട്ട് ചവച്ചരച്ചിട്ടാ ഇറക്കാറ്...! അതെന്തുകൊണ്ടാണെന്ന് ഇന്നു ഡോക്ടർ പറഞ്ഞപ്പോഴല്ലെ മനസ്സിലായത്. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ മിക്സിയിൽ അടിച്ച് തരുമായിരുന്നില്ലെ...?”

പെട്ടെന്ന് മാധവന് തന്റെ ദേവുവിനെ ഓർമ്മ വന്നു...
ഒരു നിമിഷം നിശ്ശബ്ദതയിലാണ്ട മാധവൻ കൃതാർത്ഥതയോടെ ലക്ഷ്മിയുടെ മുഖത്ത് ഉറ്റു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകാതെ ലക്ഷ്മി ഒന്നു പതറിയോ...?
അറിയാതെയെങ്കിലും തല കുനിഞ്ഞുപോയി.
ഇത്തരം നിസ്സാര കാര്യങ്ങൾ ഒക്കെ ലക്ഷ്മി ശ്രദ്ധിച്ചിരുന്നുവെന്ന അറിവ് മാധവന് വല്ലാത്തൊരു ചാരിതാർത്ഥ്യം നൽകി. മാധവൻ നോട്ടം പിൻവലിച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഒരു വല്ലാത്ത ചുറ്റുപാടിലായിരുന്നു ഞാൻ വരുമ്പോൾ... അതിനിടക്ക് എന്റെ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല...അസുഖക്കാരനും ഒന്നുമില്ലാത്തവനുമായ ഞാൻ നിങ്ങൾക്കൊരു ഭാരമായി മാറുമോന്നായിരുന്നു എന്റെ പേടി...”
അതുകേട്ട് ലക്ഷ്മി പറഞ്ഞു.
“എന്നിട്ടോ...? ഞങ്ങളല്ലെ ഭാരമായത്....!”
“ഹേയ്... ആരും ആർക്കും ഭാരമൊന്നുമായില്ല. എല്ലാവരും അവരുടേതായ പണികൾ ചെയ്ത് ഇവിടം വരെ എത്തി. അങ്ങനെ ചിന്തിച്ചാൽ മതി... നിമ്മിയുടെ കല്യാണം നടത്താൻ എന്തു വഴിയെന്നാ ഞാൻ ആലോചിക്കുന്നത്..”
“കല്യാണമെന്നൊക്കെ പറയുമ്പോൾ, അത്ര എളുപ്പമാണൊ കാര്യങ്ങൾ...? എല്ലാം ശരിയായാൽ തന്നെ അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടെ... എവിടെന്നെടുത്തു കൊടുക്കും...?”
“അവർ ഒന്നും ചോദിച്ചിട്ടില്ലല്ലൊ.....”
“അത്രയും വരെ എത്തുമ്പോഴല്ലെ അതൊക്കെ അറിയൂ... എന്നാലും നമ്മൾ കരുതണ്ടെ..?”
 “ങൂം..” ലക്ഷ്മി പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ  മാധവൻ തലയാട്ടി.

കുറച്ചു നേരത്തേക്ക് ഒരു നിശ്ശബ്ദത പരന്നു.
പിന്നെ ആരോടെന്നില്ലാതെ ലക്ഷ്മി പറഞ്ഞു.
“ആധാരം ആണെങ്കിൽ ബാങ്കിലുമാണ്...!”
അതുകേട്ട മാധവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു...
എന്നിട്ട് ലക്ഷ്മിയുടെ മുഖത്തേക്കു നോക്കിയ മാധവൻ, ഏതോ ആലോചനയിൽ ഒന്നു മുരടനക്കിയിട്ട് ചോദിച്ചു.
“കുറച്ച് സ്ഥലം വിറ്റാലൊ ലക്ഷ്മി..?”
“ബാങ്കിലെ കടം തീർക്കാതെ ആധാരം കിട്ടില്ലല്ലൊ...”
“ഇന്നാള്  സെയ്തൂം കണാരനും കൂടി സംസാരിക്കുന്നത് കേട്ടതാ... പാലവും പുതിയ റോഡുമൊക്കെ വരികയല്ലെ. ഈ പ്രദേശത്തെ സ്ഥലത്തിനൊക്കെ പെട്ടെന്ന് വില കേറിയത്രെ. ആളുകൾ പണവുമായി ഓടി നടക്കുകയാ, കിട്ടുന്നതത്രയും വാങ്ങിച്ചിടാൻ....!”
“ഇപ്പോൾ പാതിയിലധികവും നമ്മൾ ബാങ്കിൽ അടച്ചിട്ടുണ്ടാകില്ലെ.. ബാക്കിയുള്ളതല്ലെ കൊടുക്കേണ്ടതുള്ളു...”
മാധവൻ തലയൊന്നാട്ടിയിട്ട് പറഞ്ഞു.
“ഏതായാലും നാളെ വൈകുന്നേരം പോയി കോൺട്രാക്ടർ തോമസ്സിനെ ഒന്നു കാണണം. അദ്ദേഹത്തോടു പറഞ്ഞാൽ ഏറ്റവും നല്ല വിലയും വാങ്ങാനുള്ള ആളേയും സംഘടിപ്പിച്ചു തരും. ഒരു ചതിവിലും പെടാതെ കാര്യം സാധിച്ചു കിട്ടും...”
അപ്പോഴും ലക്ഷ്മിക്ക് സംശയമായിരുന്നു.
“നിമ്മി സമ്മതിച്ചിട്ടു പോരെ മുന്നോട്ടു പോകുന്നത്...”
“നമുക്ക് എല്ലാം സ്വരുക്കൂട്ടിവച്ച് കരുതിയിരിക്കാം....!”

അന്ന് വലിയ സന്തോഷത്തിലായിരുന്നു ലക്ഷ്മി... 
അല്ലെങ്കിലും മാധവനുമായി സംസാരിച്ചു കഴിയുമ്പോഴേക്കും ലക്ഷ്മി സന്തോഷവതി ആവാറുണ്ട്. എന്തിനും അദ്ദേഹത്തിന്റെ അടുക്കൽ മറുപടി ഉണ്ട്. ആ മറുപടി കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും...!
ഒരാളെയെങ്കിലും പുറത്തിറക്കാൻ കഴിഞ്ഞാൽ....
അന്ന് ലക്ഷ്മി സുഖമായിട്ടുറങ്ങി...
ഉറക്കമില്ലാതെ മാധവനും...!

പിറ്റേ ദിവസം തോമസ്സിനെ കണ്ടപ്പോൾ സഹായിക്കാമെന്നേറ്റു. ഇപ്പോഴത്തെ വില വച്ച്  പത്തു സെന്റ് വിറ്റാൽ പോലും ബാങ്കിലെ കടം തീർത്തിട്ട് ബാക്കിക്ക് നിമ്മിക്ക് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും, പ്രത്യേകിച്ച് ഒന്നും ചോദിച്ചിട്ടില്ലാത്ത സ്ഥിതിക്ക്.
അടുത്ത ആഴ്ച തന്നെ  മുന്നിലെ റോഡിൽ  മെറ്റൽ വിരിക്കുമെന്നും അതു കഴിഞ്ഞാൽ ഉടൻ  ടാറിങ്  ഉണ്ടാകുമെന്നും തോമസ്സ് തറപ്പിച്ചു പറഞ്ഞു. അതു കൂടി കഴിഞ്ഞിട്ട് വിറ്റാൽ നല്ല വില കിട്ടും. അതിനു മുന്നെ കല്യാണം വന്നാൽ ആവശ്യമുള്ള പണം തന്ന് സഹായിക്കാമെന്ന് തോമസ്സ് ഏറ്റു. ഏതായാലും ടാറിങ്ങിനു ശേഷം വിറ്റാൽ മതിയെന്ന് തോമസ്സ് ഉപദേശിച്ചു.

അന്ന് മാധവനും നല്ല സന്തോഷത്തിലായിരുന്നു...
അന്നത്തെ രാത്രി സംഭാഷണത്തിൽ ലക്ഷ്മിയോടത് പറയുകയും ചെയ്തു...
തോമസ്സ് സഹായിക്കാമെന്ന് പറഞ്ഞെന്നു കേട്ടപ്പോൾ ലക്ഷ്മി ശരിക്കും വീർപ്പു മുട്ടി...
അപ്പോഴും ലക്ഷ്മിയുടെ മനസ്സ് ചോദിച്ചത് ഇതാണ്.
‘തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടാൻ മാത്രം ഈ മനുഷ്യൻ തങ്ങൾക്കാരാണ്...?’

ഒരാഴ്ച കഴിഞ്ഞിട്ടും മാധവൻ ലാബിൽ പോയി റിസൽട്ടു വാങ്ങാൻ തയ്യാറയില്ല.
എല്ലാവരും മാ‍റി മാറി നിർബ്ബന്ധിച്ചിട്ടും മാധവൻ ഒഴിഞ്ഞുമാറി നടന്നതേയുള്ളു.  സെയ്തുവും കണാരനും ബഷീറും ഒക്കെ ആവുന്നത്ര നിർബ്ബന്ധിച്ചു. ‘പിന്നെയാവട്ടെ..’ ‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ..’ എന്നൊക്കെ പറഞ്ഞാണ്  ഒഴിഞ്ഞുമാറിയത്.
അതിന്റെ റിസൽറ്റ് എന്തായിരിക്കുമെന്ന് മാധവന് നല്ല നിശ്ചയമുണ്ടായിരുന്നു...
റിസൽട്ട് കിട്ടിയാൽ അതോടെ എല്ലാവരും അറിയും...
പിന്നെ താൻ ഒരു മഹാരോഗിയായി ജീവിക്കേണ്ടി വരും...
ഈ കുടുംബത്തിലെ സന്തോഷം അതോടെ അവസാനിക്കും...
താനായിട്ട് അതിന് കളമൊരുക്കിക്കൂടാ...!

ഒരു ദിവസം വൈകുന്നേരമാണ്  ബഷീർ സൈക്കിളിൽ കിതച്ചെത്തി ആ വാർത്ത അറിയിച്ചത്.
“ലക്ഷ്മിച്ചേച്ചീ... നിമ്മിച്ചേച്ചിക്ക് കല്യാണം ആലോചിച്ച സുനിലേട്ടൻ വന്നു. ടെസ്സിച്ചേച്ചിയാ പറഞ്ഞത്...!”
എല്ലാവരുടേയും മുഖത്ത്  സന്തോഷം പ്രകടമായെങ്കിലും നിമ്മി മുഖം എടുത്തുകെട്ടി അകത്തേക്കു പോയി. ബഷീർ വീണ്ടും പറഞ്ഞു.
“പിന്നെ, നാളെ ചിലപ്പോൾ ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. നിമ്മിച്ചേച്ചിയെ സുനിലേട്ടന് ഒന്നു കാണണമെന്ന്...!”
അതോടെ എല്ലാവരും ഗൌരവത്തിലായി...
സംഗതി എടുത്തപിടിയാലെ നടക്കുകയാണല്ലൊ...
നിമ്മിയാണെങ്കിൽ ഇതുവരെ സമ്മതിച്ചിട്ടുമില്ല...
ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി ഒരു തരം വിറയലായി മാറി...
ഒരു സമാധാനത്തിനായി മാധവന്റെ അടുത്തേക്ക് നടന്നു...
ലക്ഷ്മിയുടെ ആകാംക്ഷപൂണ്ട മുഖത്ത് എഴുതി വച്ചത് വായിച്ച മാധവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അവർ വന്നു കണ്ടുകൊണ്ടു പോട്ടെ... നമ്മൾക്കും ഒന്നു കാണാല്ലൊ. അവനെ കണ്ടു കഴിയുമ്പോൾ നിമ്മി ചിലപ്പോൾ സമ്മതിച്ചാലൊ...?”
അതുകേട്ട് ലക്ഷ്മി തലകുലുക്കിയതേയുള്ളു....
സന്തോഷം തിരതല്ലുന്ന ആ മനസ്സിൽ മാധവനോടുള്ള ആരാധനയോടെ, രണ്ടു കയ്യും കൂപ്പിയ പോലെ താടിക്കു കൊടുത്ത് നിശ്ശബ്ദം നിന്നതേയുള്ളു ലക്ഷ്മി....

അന്നത്തെ  ഹോട്ടലിലെ രാത്രി സംഭാഷണങ്ങളിൽ (നിമ്മി അതിനു പേരിട്ടത് ‘ഡെസ്ക് ടോക്’ എന്നാണ്.) നാളത്തെ സുനിലിന്റെ വരവും മറ്റുമായിരുന്നു ചർച്ച. ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമാകാതെ, നിമ്മി ഒരു വിവാഹത്തിന് തെയ്യാറല്ലെന്ന് തീർത്തു പറഞ്ഞു. ഗൌരി ഉൾപ്പടെ ദ്വേഷ്യപ്പെട്ടെങ്കിലും അവൾ ഇടംതിരിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നിമ്മി മാധവന്റെ നേരെ തിരിഞ്ഞു.
“മാമാ.. എന്തൊക്കെ ആയാലും ഞാൻ നാളെ പോയി മാമന്റെ  മെഡിക്കൽ റിസൽറ്റ് വങ്ങിക്കൊണ്ടു വരും... തീർച്ച....”
ഉടനെ തന്നെ ഗൌരിയും ലക്ഷ്മിയും അതിനെ സപ്പോർട്ട് ചെയ്തു. മൂന്നു പേരുടേയും നിർബ്ബന്ധം സഹിക്കവയ്യാതായപ്പോൾ മാധവൻ സമ്മതിച്ചു.
“അത് വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ.. എന്നെ ആശുപത്രിയിൽ കിടത്താനാ...?” മാധവൻ 
“തീർച്ചയായും... കിടത്തി ചികിത്സിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും...!"
നിമ്മിയുടെ വാക്കുകൾക്ക് പിൻബലമേകി ഗൌരി പറഞ്ഞു.
“അല്ലാതെ മാമന്റെ മക്കളെപ്പോലെ മാമനെ ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല...!”
അതുകേട്ട് ലക്ഷ്മി സ്വയം താടിക്കു കൈ കൊടുത്തിട്ട് പറഞ്ഞു.
“എന്നാലും ഈ അഛന്റെ മക്കളായി ജനിച്ചിട്ടും, അവരെങ്ങനെ ഇത്ര ദുഷ്ടന്മാരായി...?”
അതു കേട്ടതോടെ മാധവൻ ലക്ഷ്മിയോട് ‘അരുതെന്ന്’ കൈ കൊണ്ടു വിലക്കി.
ഡെസ്ക്കിൽ എഴുന്നേറ്റിരുന്ന മാധവൻ പറഞ്ഞു.
“എന്റെ മക്കളെ അങ്ങനെ വിളിക്കരുത്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല...!”
അതുകേട്ട് നിമ്മിക്ക് ദ്വേഷ്യം വന്നു.
“എന്താ മാമനീ പറയുന്നെ... ആ കൊടും കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണമാകാൻ മാമനെ എറിഞ്ഞുകൊടുത്ത മക്കൾ ദുഷ്ടന്മാരല്ലെന്നോ..?”
അതുകേട്ടിട്ടൊ, അതോ ആ രംഗം മനസ്സിൽ കണ്ടിട്ടോ എന്തോ ലക്ഷ്മി പെട്ടെന്നു സാരിത്തലപ്പുകൊണ്ടു വായപൊത്തിയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ട് ഗൌരിയും നിറഞ്ഞ കണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇല്ല മക്കളെ... ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല....!” 
എല്ലാവരേയും ഒന്നു നോക്കിയിട്ട് മാധവൻ തുടർന്നു.
“എന്നിട്ടും ഞാൻ മരിച്ചില്ലല്ലൊ... എന്നെ കാട്ടുമൃഗങ്ങളും ഉപദ്രവിച്ചില്ലല്ലൊ...! എന്താ കാരണം...?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. മാധവൻ തന്നെ തുടർന്നു.
“ഞാനങ്ങനെ മരിക്കേണ്ടവനല്ല...!”
അതു കേട്ട് ഗൌരി പറഞ്ഞു.
“എന്നിട്ടും മാമൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചില്ലെ, ഒരു കത്തെഴുതി വച്ചിട്ട്...!!”
അതുകേട്ട് ഞെട്ടിയ മാധവൻ
“ഞാനോ...?”
മാധവനതൊരു പുതിയ അറിവായിരുന്നു....

ഗൌരി വേഗം തന്റെ വണ്ടിയുടെ ഇടതു വശത്തെ കൈത്താങ്ങിന്റെ അടിയിലെ ഒരു കീശയിൽ നിന്നും ആദ്യം ഒരു കണ്ണെട പുറത്തെടുത്തു. അതവളുടെ അഛന്റെ കണ്ണടയായിരുന്നു. തന്നെ ഒരുപാട് സ്നേഹിച്ച്, തനിക്കു വേണ്ടി ഈ കുടുംബത്തെ വരെ മറന്ന് വിറ്റുപെറുക്കി ചികിത്സിച്ചിട്ടും ഭേദമാക്കാൻ കഴിയാത്തതിൽ ഹൃദയം തകർന്നു മരിച്ച പ്രിയപ്പെട്ട അഛന്റെ ഓർമ്മക്കായി ആ കണ്ണട സ്വന്തമാക്കിയിരുന്നു. എന്നും അതവളുടെ സന്തതസഹചാരിയായ ചക്രകസേരയോടൊപ്പം അവളത് സൂക്ഷിച്ചു. ഒറ്റക്കാവുമ്പോൾ ആ കണ്ണടയെടുത്ത് മുഖത്ത് വച്ച് പഴയ ഒർമ്മകളിൽ ലയിക്കും. തന്നെ എടുത്ത് തോളത്തിട്ട് ആശുപത്രികൾ തോറും  പ്രതീക്ഷയോടെ ഓടി നടന്ന അഛന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ തെളിയും. പിന്നെ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. തന്റെ സങ്കടങ്ങൾ  ആ കണ്ണീരിലൂടെയാണ് അവൾ ഒഴുക്കി കളയാറ്. അതുകഴിഞ്ഞാൽ തെല്ലൊരു ആശ്വാസം തോന്നും...

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!

തുടരും....

Monday 15 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ (12)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 

തുടർന്നു വായിക്കുക......

                                          ജാതകദോഷം.


“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...”
ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. ഡോക്ടറെ കാണാൻ മൂവരും കയറിയെങ്കിലും പരിശോധന നടത്താൻ നേരം മറ്റുള്ളവരെ പുറത്താക്കി. ഡോക്ടർ പരിശോധിക്കുന്ന സമയം മാധവൻ പറഞ്ഞു.
“ഡോക്ടർ.. എന്റെ രോഗം എനിക്ക് നന്നായിട്ടറിയാം. കുടലിൽ അൾസറാണ്.  മുൻ‌പ് ഞാൻ മരുന്നൊക്കെ കഴിച്ചിരുന്നു. ജീവിതം തന്ന നിരാശയിൽ ഒറ്റപ്പെട്ട് അലയേണ്ടി വന്നപ്പോൾ  ഇനിയെന്തിന് മരുന്നെന്നു ചിന്തിച്ചു. ഇപ്പോ.. കുറേക്കാലമായി മരുന്നൊന്നുമില്ല. ഏതു നിമിഷവും വീണു പോയേക്കാവുന്ന ഒരവസ്ഥയിൽ എത്തിയിട്ടുണ്ടായിരിക്കും ഞാനിപ്പോൾ...!
കൂടെക്കൂടെ വരുന്ന നെഞ്ചെരിച്ചിലും വയറു വേദനയും മറ്റും എന്നെ അത് ബോദ്ധ്യപ്പെടുത്തുന്നു. പക്ഷേ ഡോക്ടർ... ഇപ്പോഴെനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നൊരു തോന്നൽ..!
കഴിയുമോ അതിന്..?”

ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ഡോക്ടർ മാധവനെ ആശ്വസിപ്പിച്ചു.
“മാധവൻ കൂടി സഹകരിക്കുമെങ്കിൽ നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് ടെസ്റ്റുകൾ നടത്തണം. പിന്നെ കുടലിന്റെ ഒരു സ്കാനിങ്ങും നടത്തണം. ഇതൊക്കെ കഴിഞ്ഞാലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പറയാൻ പറ്റൂ... അതു കഴിഞ്ഞിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം...”
“ശരി ഡോക്ടർ... ഞാൻ തീർച്ചയായും സഹകരിക്കാം....”
“ഈ ടെസ്റ്റുകളിൽ പലതും ഇവിടെ ചെയ്യാനാവില്ല. പുറത്ത് കൊടുത്ത് ചെയ്യിക്കണം. മെഡിക്കൽ കോളേജിനടുത്തുള്ള  ഒരു ലാബിലേക്ക് ഞാൻ എഴുതിത്തരാം.  സ്കാനിങ്ങുൾപ്പടെ എല്ലാ ടെസ്റ്റുകളും അവർ തന്നെ ചെയ്തു തരും...”
ഡോക്ടർ കുറിപ്പെഴുതി കൊടുത്തിട്ട് പറഞ്ഞു.

“‘തൽക്കാലം വേദന തോന്നുന്നുണ്ടെങ്കിൽ മാത്രം ഈ മരുന്ന് കഴിച്ചാൽ മതി. പിന്നെ ഖരഭക്ഷണങ്ങൾ ഒന്നും വേണ്ട. ദ്രവരൂപത്തിൽ മാത്രം കഴിക്കുക... ലാബിലെ റിസൽറ്റ് കിട്ടാൻ രണ്ടുമൂന്നു ദിവസം പിടിക്കും. അതുമായിട്ട് ഇനി വന്നാൽ മതി... പേടിക്കയൊന്നും വേണ്ടാട്ടൊ... നമുക്ക് നോക്കാം...” ഡോക്ടർ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

അപ്പോൾ തന്നെ മെഡിക്കൽ കോളേജിനടുത്തുള്ള ലാബിലേക്ക് വിട്ടു. നല്ല തിരക്കുണ്ടായിരുന്നു.   ബ്ലെഡും മറ്റും കൊടുത്ത്, സ്കാനിങ്ങും നടത്തി പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും എല്ലാവരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല സുനിതയും ടെസ്സിയും തിരിച്ചു പോകേണ്ട സമയവും കഴിഞ്ഞിരുന്നു.

വന്നവഴി തന്നെ മാധവൻ അവരോട് ക്ഷമ ചോദിച്ചു. അവരുടെ വണ്ടി കൊണ്ടാണല്ലൊ ആശുപത്രിയിൽ പോയത്. അവരെ യാത്രയാക്കാൻ റോട്ടിലോളം മാധവൻ ചെന്നു. അവർ കാറിലിരിക്കെ, കുനിഞ്ഞ് തല അകത്തേക്കിട്ട് സുനിതയുടെ ചെവിയിലെന്നോണം മാധവൻ പറഞ്ഞു.
“നിമ്മിയുടെ കാര്യം ഞങ്ങൾ കാര്യമായിട്ടെടുത്തിട്ടുണ്ടട്ടൊ...”
“അവൾ അതിനു ഒട്ടും സമ്മതിക്കുന്നില്ലല്ലൊ അമ്മാവാ..”
സുനിത സ്വൽ‌പ്പം നിരാശയിലെന്നോണം പറഞ്ഞു.
“അത് മോളുടെ ചേട്ടനെ ഇഷ്ടമില്ലാത്തത് കൊണ്ടല്ലല്ലൊ.... അതൊക്കെ ഞാൻ ശരിയാക്കിക്കൊള്ളാം...”
“ശരി അമ്മാവാ....” വണ്ടി വിടാൻ തുടങ്ങിയതും മാധവൻ ഒന്നുകൂടി ചോദിച്ചു.
“അല്ല.. എപ്പഴാ മൂപ്പര് എത്താ......?”
“നിമ്മിയുടെ സമ്മതം അറിഞ്ഞാൽ അന്ന് തിരിക്കുമെന്നാ പറഞ്ഞിരിക്കുന്നെ...”
“എന്നാ.. ഇനി വൈകിക്കണ്ട.. സമ്മതാന്ന് അറീച്ചോളു...”
“ശരി മാമാ...” സന്തോഷത്തോടെയാണ് സുനിത യാത്ര പറഞ്ഞത്.

വണ്ടി വിട്ടതും കാറിനുള്ളിലേക്ക് കുനിഞ്ഞു നിന്നിട്ട് നിവർന്നതും മാധവന് ഒരു പരവേശം തോന്നി...
പഴയ നാടുവേദന ഓർമ്മ വന്നു.. ദിവസവും എന്തെങ്കിലും പണിയൊക്കെ എടുത്തുകൊണ്ടിരിക്കുന്നതു കൊണ്ട് അത്തരം  വേദനകൾ കാര്യമാക്കാറില്ല. ഒന്നു  പിടിക്കാനായി ഒന്നുമില്ലാത്തതുകൊണ്ട്  മാധവൻ  അവിടെത്തന്നെ ഇരിക്കാനായി കുനിഞ്ഞതും ഒരാൾ പെട്ടെന്നു പുറകിൽ നിന്നും താങ്ങി നിറുത്തി. ലക്ഷ്മിയായിരുന്നു...!
“എന്തേ.. വേദനയോ മറ്റൊ എടുക്കുന്നുണ്ടൊ...” ഒരു സൊകാര്യമെന്നോണം ശബ്ദം താഴ്ത്തി ലക്ഷ്മി ചോദിച്ചു.
“ഏയ്.. ഒന്നൂല്യാ..”
ലക്ഷ്മിയുടെ താങ്ങോടെ മാധവൻ നടന്ന് പടിക്കലെത്തിയതും ഗൌരിയുടെ വണ്ടിയും തള്ളി നിമ്മി മുറ്റത്തു കൂടെ വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും മാധവന് എന്തൊ ഒരീർച്ച തോന്നി. ലക്ഷ്മിയുടെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി. അത്  തിരിച്ചറിഞ്ഞ് മാധവനെ വിട്ട് ലക്ഷ്മി മാറി നിന്നു... 
നിമ്മിയും ഗൌരിയും അത് കണ്ട് ഗൂഢമായി പുഞ്ചിരിച്ചു.
അടുത്തു വന്നതും നിമ്മി ഒരു തമാശമൂഡിൽ പറഞ്ഞു.
“നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചാലെന്താ കുഴപ്പം...!”
അതു കേട്ടതും ലക്ഷ്മി ഒന്നു ഞെട്ടി...!
മാധവൻ ഒരു തമാശ കേൾക്കുന്ന മൂഡിൽ ലക്ഷ്മിയെ ഒന്നു നോക്കി.
ലക്ഷ്മി കൃത്രിമ ദേഷ്യത്തിലെന്നോണം പറഞ്ഞു.
“പോടി അവിടന്ന്.... എന്തു തോന്നിവാസോം  വിളിച്ചു പറയാന്നായോ..” 
മാധവൻ രണ്ടടി നടന്നിട്ട് ഒന്നു നിന്നു.  പിന്നെ പറഞ്ഞു.
“ശരി.. ലക്ഷ്മിയെ ഞാൻ കല്യാണം കഴിക്കാം. അതേ പന്തലിൽ തന്നെ നിങ്ങൾ രണ്ടു പേരുടേയും കല്യാണം....!!
എന്താ.. സമ്മതാണൊ..?”

ഇപ്പോൾ ഞെട്ടിയത് നിമ്മിയും ഗൌരിയുമാണ്...
അതോടെ അവരുടെ മുഖമിരുണ്ടു. പിന്നെ ആരുമൊന്നും പറഞ്ഞില്ല. ആർക്കും ഉത്തരമില്ലെന്നായപ്പോൾ മാധവൻ സാവധാനം നടന്നു.
ഹോട്ടലിലെ ഒരു ഡെസ്ക്കിൽ കയറി പതിവു പോലെ നിവർന്നു കിടന്നു.

എന്നും അതൊരു പതിവാണ്. കുറച്ചു കഴിയുമ്പോൾ വീട്ടിലെ പണികളൊക്കെ ഒതുക്കിയിട്ട് ലക്ഷ്മിയും വന്ന് തൊട്ടടുത്ത കസേരയിൽ ഇരിക്കും. പിന്നെ പണ്ട് നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തെക്കുറിച്ച് ലക്ഷ്മി വാചാലയാകും. മാധവനും തന്റെ നല്ല കാലത്തെക്കുറിച്ച് ലക്ഷ്മിയോടും പറയും. ചിലപ്പോഴൊക്കെ നിമ്മിയും ഗൌരിയും കൂടാറുണ്ടെങ്കിലും, പലപ്പോഴും അവരുടെ  പാട്ടിനു വിടാറാണ് പതിവ്. എന്തായാലും ആ വർത്തമാനം കഴിഞ്ഞ് അമ്മ വരുന്നത് നല്ല സന്തോഷത്തോടെയാണെന്ന് രണ്ടു പേരും മനസ്സിലാക്കിയിട്ടുണ്ട്.

ഹോട്ടൽ തുടങ്ങിയതിനു ശേഷം മാധവൻ ഹോട്ടലിലെ ഡെസ്ക്കിലാണ് കിടക്കാറ്. എത്ര നിർബ്ബന്ധിച്ചിട്ടും മാധവൻ വീട്ടിനകത്തേക്ക് കയറി കിടന്നില്ല. ചില ദിവസങ്ങളിൽ കൂട്ടിന് ബഷീറും വരും. അവൻ സെക്കന്റ് ഷോ സിനിമക്ക് പോകണ ദിവസം ഇവിടെ ഹോട്ടലിൽ വന്നാണ് കിടക്കാറ്.

പതിവു പോലെ മാധവനുള്ള കിടക്കയും തലയിണയും ബഡ്ഷീറ്റുമായി ലക്ഷ്മി  എത്തി. തൊട്ടടുത്ത ഡെസ്ക്കിന്റെ മുകളിൽ അതെല്ലാം വച്ചു. തൊട്ടടുത്ത കസേരയിൽ ലക്ഷ്മിയും ഇരുന്നു. എന്തെങ്കിലും ചോദിക്കാൻ ലക്ഷ്മിക്കൊരു ചമ്മൽ. നേരത്തെ മക്കൾ ചോദിച്ചത് അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു....
വെറുതെ ഒരു ശ്വാസം മുട്ടൽ...
മാധവനും ഒരു വിമ്മിഷ്ടം പോലെ...  
രണ്ടു പേരും നിശ്ശബ്ദരായിരിക്കുമ്പോൾ നിമ്മിയും ഗൌരിയും അടുത്തെത്തി. രണ്ടു പേരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട്  നിമ്മി ചോദിച്ചു.
“ഇന്നെന്താ ഇവിടെ മൌനവൃതമാ...?”
അതിനും ആരും മറുപടി പറഞ്ഞില്ല. ഗൌരിയെ മാധവന്റെ ഡെസ്ക്കിന്റടുത്ത് നിറുത്തിയിട്ട് ഒരു കസേര എടുത്ത് നിമ്മിയും അവരുടെ അടുത്തിരുന്നു.

നിമ്മി അമ്മയേയും മാധവനേയും മാറിമാറി നോക്കിയിട്ട് ഒരു പുഞ്ചിരിയോടെ ഗൌരിയുടെ നേർക്ക് ഒരു കൈ മുദ്ര കാട്ടി ഹാസ്യഭാവത്തിൽ ‘ഇതെന്തു പറ്റി’ എന്നു ചോദിക്കുന്നതു പോലെ തലയാട്ടി.
ഗൌരി മാധവന്റെ ഡെസ്ക്കിനോട് ചേർത്ത് വണ്ടി ഒന്നുരുട്ടി. എന്നിട്ട് മലർന്നു കിടക്കുന്ന മാധവന്റെ തല തന്റെ വശത്തേക്ക് ബലമായി തിരിച്ചിട്ട് ചോദിച്ചു.
“മാമാ... എന്താപ്പൊ ഇത്ര ആലോചിക്കാൻ...? പരിശോധനയുടെ റിസൽട്ട് കിട്ടിയാൽ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞില്ലെ...”
മാധവൻ ഒന്നു മുരടനക്കിയിട്ട് പറഞ്ഞു.
“ഞാൻ എന്നെക്കുറിച്ചല്ല ചിന്തിച്ചത്. നിങ്ങളെക്കുറിച്ചാ... നിങ്ങളുടെ പിടിവാശി. എന്തിനാ ആവശ്യമില്ലാത്ത ഈ പിടിവാശി...?”
അതിനു മറുപടി പറഞ്ഞത് നിമ്മിയാണ്.
“പിടിവാശി ആണോ... ഞാൻ പറഞ്ഞത് സത്യമല്ലെ....? എനിക്കാകെയുള്ളത് എന്റെ ചേച്ചിയാ. അതിനെ കഷ്ടത്തിലാക്കിയിട്ട് എനിക്കൊരു രക്ഷപ്പെടലും വേണ്ട...!”
നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു. അത്തരമൊരവസ്ഥ നിമ്മിക്കു ചിന്തിക്കാനേ വയ്യ.
“അവൾക്ക് സഹായത്തിനായി സ്ഥിരമായിട്ട് നമ്മൾക്കൊരാളെ നിറുത്താം...”
മാധവൻ ഒരു പോംവഴി പറഞ്ഞു.
“അവരൊന്നും ഒരു ആത്മാർത്ഥതയും കാണിക്കില്ല. വേണ്ടി വന്നാൽ അവരെന്റെ ചേച്ചിയെ അപായപ്പെടുത്തുകയും ചെയ്യും.  പേപ്പറിലൊക്കെ ദിവസവും കാണുന്നില്ലെ ഓരോന്ന്. പണ്ടത്തെ കാലമൊന്നുമല്ല മാമാ...”
“ഇത്രയൊക്കെ കടന്നു ചിന്തിക്കണൊ മോളെ.. അമ്മയില്ലെ കൂടെ... മാമനില്ലെ...” ലക്ഷ്മി.
“നിങ്ങൾക്കൊക്കെ എത്ര കാലം നോക്കാനാകും...?”
 “പിന്നേ.. നീയൊക്കെ ഒരു നൂറ്റാണ്ടു കാലം ജീവിച്ചോളാന്ന് വാക്കും കൊടുത്തിട്ടാ ഇങ്ങോട്ടു പോന്നത്..”
നിമ്മിയുടെ ശാഠ്യം കേട്ട് മാധവന് ചെറിയൊരു ദ്വേഷ്യം വന്നു.
ഇടക്കു കയറി ഗൌരിയും ദ്വേഷ്യപ്പെട്ടു.
“നിന്റെ ജീവിതം തുലച്ചിട്ട് എനിക്ക് ജീവിക്കണ്ട... ഞാനോ ഇങ്ങനെയായി. നീയെങ്കിലും ഒന്നു രക്ഷപ്പെട്ടു കാണാനാ ഞാൻ മോഹിക്കുന്നത്.. മാമനും അമ്മയും പറയുന്നത് അനുസരിക്ക് നിമ്മി...”
“എല്ലാം അറിഞ്ഞ് ചേച്ചിയെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ വന്നാൽ... അപ്പോൾ നോക്കാം...!”
നിമ്മി അവസാനവാക്കെന്നോണം പറഞ്ഞു നിറുത്തി.

നിമ്മിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടൊ എന്തൊ, മാധവൻ ഗൌരിയോടായി പറഞ്ഞു.
“ഇനി മോള് വിചാരിച്ചാലെ ഇതിനൊരു പരിഹാരമാവൂ. ജാതകമൊക്കെ മനുഷ്യർ ഗണിച്ചുണ്ടാക്കുന്നതാ... ആ കൂട്ടലിൽ എപ്പോഴും തെറ്റുകൾ പറ്റാം.. അതുകൊണ്ട് അതിലൊന്നും ആരും ഇപ്പൊ വിശ്വസിക്കില്ല...”
മാധവന്റെ കൈത്തണ്ടയിൽ തലവച്ച് കിടക്കുകയായിരുന്ന ഗൌരി നേരെ ഇരുന്നിട്ട് പറഞ്ഞു.
“അമ്മ പറഞ്ഞു എന്നോട്, ജാതകം മാറ്റിയെഴുതിക്കാമെന്ന്. ചൊവ്വാ ദോഷമില്ലാത്ത ജാതകമാക്കി മാറ്റി എഴുതിയാൽ പിന്നെ കുഴപ്പമില്ലല്ലോന്ന്...!”
അതു കേട്ട് ലക്ഷ്മി പറഞ്ഞു.
“നൂറ് നുണ പറഞ്ഞിട്ടായാലും ഒരു പെണ്ണിന്റെ കല്യാണം നടത്താമെന്നാ പണ്ടുള്ള കാർന്നോന്മാര് പറഞ്ഞേക്കണെ... അതിലൊന്നും ഒരു തെറ്റുമില്ല...!”
“പക്ഷെ, അമ്മേ... സത്യം സത്യമല്ലാതെ വരുമോ..? എന്നെ കല്യാണം കഴിക്കുന്നവൻ ജാതകം പോലെ മൂന്നു മാസത്തിനുള്ളിൽ മരിച്ചു പോയാൽ, എന്റെ മനോവിഷമം എത്രയാവും..? എല്ലാം മറച്ചു വച്ച് ചതിച്ചതിന് ദൈവം പോലും എനിക്ക് മാപ്പു തരില്ല... മാപ്പു തരില്ല...!”
അതും പറഞ്ഞ് കരഞ്ഞ ഗൌരിയെ ലക്ഷ്മി തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
“ജാതകം നോക്കിയ ആള്, നിങ്ങ്ടെ അഛന്റെ മരണം എന്തേ നേരത്തെ പറഞ്ഞില്ല. നേരിട്ട് രക്തബന്ധമുള്ള ആളുടെ കാര്യങ്ങളൊന്നും പറയാതെ, ഇനിയും ആരെന്നു പോലും തീർച്ചയില്ലാത്ത ഒരാൾ, അതും എവിടെയോ കിടക്കുന്ന ഒരാൾ ഗൌരിയെ കെട്ടിയാൽ മരണപ്പെടുമെന്ന് മുൻ‌കൂട്ടി പറയാൻ അയാളാരാ  ദിവ്യഞ്ജനാ...?”
ശബ്ദം കൂടിയതു കൊണ്ടൊ മറ്റോ മാധവൻ ശക്തിയായി ചുമച്ചു. ചുമ ശമിച്ചതിനു ശേഷം മാധവൻ തുടർന്നു.
“ആ കെട്ടാൻ വരുന്നവനുമുണ്ടാകില്ലെ ജാതകം. അവന്റെ ജാതകത്തിലും കാണണമല്ലൊ, പെണ്ണു കെട്ടിയാൽ മൂന്നു മാസത്തിനുള്ളിൽ അവൻ മരിക്കുമെന്ന്. അങ്ങനെയുള്ളവൻ ഏതെങ്കിലും കാലത്ത് പെണ്ണു കെട്ടാൻ തെയ്യാറാകുമോ...? വിഡ്ഡിത്തം.. അല്ലാണ്ടെന്താ പറയാ ഇതിനൊക്കെ..! ”
മാധവൻ അവരെ യുക്തിപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു...
അതിനൊന്നും ആർക്കും ഉത്തരമുണ്ടായില്ല...
മാധവനെ തർക്കിച്ചു ജയിക്കാൻ അവർക്കാവുമായിരുന്നില്ല...
വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിയില്ലല്ലൊ.

പിന്നെ കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.
ഒരു ഇടവേളക്കു ശേഷം മാധവൻ പറഞ്ഞു.
“ലക്ഷ്മീ... നിന്റെ മക്കൾ ഇങ്ങനെ പിടിവാശിയിൽ നിന്നാൽ, ഈ മക്കൾ നിനക്കൊരിക്കലും മനസ്സമാധാനം തരില്ല. തോരാത്ത കണ്ണീരോടെ ഇവരെയോർത്ത് ഇഞ്ചിഞ്ചായി നീറി നീറി നീ മരിക്കേണ്ടി വരും. അത് ഈ മക്കൾ കാണേണ്ടിയും വരും. അമ്മയുടെ ദാരുണമായ അന്ത്യത്തിന് കാരണം തങ്ങളാണെന്ന തിരിച്ചറിവിൽ പിന്നെ, ഇവരുടെ ഗതിയെന്തായി തീരും...?”
അപ്പോഴേക്കും ഗൌരി പൊട്ടിക്കരഞ്ഞു കൊണ്ട് മാധവന്റെ വായ പൊത്തിപ്പിടിച്ചു...
സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിക്കരഞ്ഞ ലക്ഷ്മിയെ നെഞ്ചിലടക്കിപ്പിടിച്ച് നിമ്മിയും വിങ്ങിപ്പൊട്ടി...
മാധവൻ കുറച്ച് കടുപ്പിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത്...
ഒരു പുനർച്ചിന്തനത്തിന് വഴിവച്ചാലോ...
തനിക്ക് ഇവരുടെ മേൽ ഒരധികാരം കിട്ടിയിരുന്നെങ്കിൽ ബലമായി അനുസരിപ്പിക്കാമായിരുന്നുവെന്ന് മാധവൻ ഒരുവേള ചിന്തിച്ചു. പക്ഷെ...?
എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നതു പോലെ മാധവന് തോന്നി...
മാധവൻ വല്ലാത്ത മനോവിഷമത്തോടെ നെഞ്ചു തിരുമി...
ഒരു പരവേശം പോലെ...
ഒരു കത്തിക്കാളൽ....
വയറും കത്തിക്കാളുന്നുണ്ട്...
സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി...

നിമ്മിയുടെ നേരെ കൈ നീട്ടി പറഞ്ഞു.
“മോളെ, ഇത്തിരി വെള്ളമെടുത്തോണ്ടു വാ...”
നിമ്മി ചാടി എഴുന്നേറ്റ് പോകാനായി  തുനിഞ്ഞതും ലക്ഷ്മി അവളെ തടഞ്ഞു.
സാരിത്തലപ്പുകൊണ്ട് മൂക്കൊന്നു പിഴിഞ്ഞിട്ട് ആരോടെന്നില്ലാതെ ‘ ഇന്നൊന്നും കഴിക്കാത്തതാ.. ഞാനെടുത്തോണ്ടു വരാം...’ എന്നും പറഞ്ഞ് ലക്ഷ്മി വേഗം വീട്ടിനകത്തേക്ക് പോയി.

ആരുമാരും ഒന്നും ശബ്ദിക്കാതെ കുറേ നേരം കടന്നു പോയി....
അവർ ഒരു പുനർച്ചിന്തനത്തിന്റെ പാതയിലായിരിക്കുമെന്നാണ് മാധവൻ ചിന്തിച്ചത്...
അതുകൊണ്ട് മാധവനും ഒന്നും മിണ്ടിയില്ല.
ലക്ഷ്മി കുടിക്കാനുള്ളതുമായി വേഗം തിരിച്ചു വന്നു. ഒരു ഗ്ലാസ്സ് ജൂസാണ് കൊടുത്തത്.
അതൊന്നും കുടിക്കുന്ന പതിവില്ലാത്തതു കൊണ്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി. ലക്ഷ്മി പറഞ്ഞു.
‘ഇന്നൊന്നും കഴിക്കാത്തതല്ലെ. അത് കഴിക്കൂ... ക്ഷീണം മാറട്ടെ...”
ലക്ഷ്മിയുടെ സ്നേഹത്തിനും വിധേയത്തിനും മുൻപിൽ മാധവന് വാങ്ങി കുടിക്കാതിരിക്കാനായില്ല.

കുടിച്ചു കഴിഞ്ഞ് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ മാധവൻ ചോദിച്ചു.
“ഏതോ ഒരു വൈദ്യർ പറഞ്ഞിരുന്നില്ലെ, തിരുമ്മിയാൽ ഗൌരിയുടെ കാല് ശരിയായിക്കിട്ടുമെന്ന്...”
അതിനു മറുപടിയായി ലക്ഷ്മിയാണ് പറഞ്ഞത്.
“കളരിക്കലെ ഭാസ്ക്കരൻ വൈദ്യരാ അങ്ങനെ പറഞ്ഞത്. എന്നാലും ഉറപ്പൊന്നും ഇല്ല. നോക്കാമെന്നേ പറഞ്ഞുള്ളു...”
തുടർന്ന് ഗൌരി പറഞ്ഞു.
“അതൊന്നും ശരിയാകൂല്ല മാമാ... ഇനിയും എനിക്കു വേണ്ടി ഈ കുടുംബം മുടിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതിപ്പോ.. മാമനായിട്ടാ ഇങ്ങനെയൊരു ജീവിതം ഉണ്ടാക്കി തന്നത്. വീണ്ടും അത് നശിപ്പിക്കാൻ എന്നെ നിർബ്ബന്ധിക്കണ്ട...!”
മാധവന്റെ കൈത്തണ്ടയിൽ തലവച്ചുകൊണ്ട് ഗൌരി വല്ലാതെ തേങ്ങി. പിന്നെയും ഗൌരി തുടർന്നു.
“അന്നൊരിക്കൽ മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ പറഞ്ഞതാ അഛനോട്. മരുന്നു കൊണ്ട് മാത്രം നടക്കുമെന്ന് ഉറപ്പു പറയാൻ പറ്റില്ല. ഏന്തെങ്കിലും മിറാക്കിൾ പോലൊന്ന് ഗൌരിയുടെ ജീവിതത്തിൽ സംഭവിക്കണം. എന്നാലെ തലച്ചോറിന്റെ ആ ഭാഗം പ്രവർത്തിക്കൂ. അത് ഇന്നു വേണമെങ്കിൽ ആകാം. നാളെയാകാം... ഒരിക്കലും സംഭവിച്ചില്ലെന്നും വരാം... പിന്നെന്തിനാ.. അതിനു വേണ്ടി കാശ് കളയണെ...”
എല്ലാവരും കേട്ടിരുന്നതല്ലാതെ മറുവാക്കാരും പറഞ്ഞില്ല...
ഒരു പോംവഴി മാധവനും തോന്നിയില്ല...

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

തുടരും......

Monday 1 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (11)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നു വായിക്കുക......


                                                          സ്നേഹം...

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...
വളരെ കാലത്തിനു ശേഷമുള്ള ഈ കണ്ടുമുട്ടൽ നിമ്മിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!
ഇവരെല്ലാം തന്നെ മറന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് നിമ്മി കരുതിയത്...
ഏറെക്കാലം കാണാതിരുന്നതിന്റെ സന്തോഷം   മൂന്നുപേരും പരസ്പ്പരം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു തീർത്തു. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. നിമ്മി പഠിത്തം നിറുത്തിയതിൽ ഏറ്റവും വേദനിച്ചതും അവരായിരുന്നു.. 

നിമ്മി അവരേയും കൊണ്ട് അകത്തേക്ക് കയറി. അമ്മയെ വിളിച്ച് അവരെ പരിചയപ്പെടുത്തി.
ടെസ്സിയെ ലക്ഷ്മിക്ക് നേരത്തെ അറിയാമെങ്കിലും മറ്റെയാളെ ഓർമ്മ വന്നില്ല.
അതു മനസ്സിലായിട്ടെന്നോണം നിമ്മി അമ്മയെ ഒന്നു കൂടി ഓർമ്മപ്പെടുത്തി.
“അമ്മക്കോർമ്മയില്ലെ. ഞാൻ കോളേജിൽ പോകാതായപ്പോൾ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കുറച്ചു കൂട്ടുകാരികളെ. അന്ന് നമ്മുടെ അവസ്ഥ കണ്ട് എന്റെ ഫീസ് കൊടുത്തോളാമെന്ന് പറഞ്ഞ് കോളേജിൽ വരാൻ  നിർബ്ബന്ധിച്ചത് ഇവളാ... ഈ സുനിത..”

ഇപ്പോൾ ലക്ഷ്മിക്ക് ആളെ മനസ്സിലായി. ടെസ്സി പറഞ്ഞു.
“ഗൌരിയേച്ചി കൌണ്ടറിൽ ഇരിക്കുന്നത് കണ്ടിരുന്നു...”
ഞാൻ പോയി കൊണ്ടുവരാമെന്നു പറഞ്ഞ് ലക്ഷ്മി ഹോട്ടലിലേക്ക് പോയി.

സുനിത ഇപ്പോൾ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരിയാണ്. ബാംഗ്ലൂരിലെ മറ്റൊരു ഐടിക്കമ്പനിയിലെ ജോലിക്കാരിയായ ടെസ്സിയുമായി ദിവസവും കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സൌഹൃദം ഇപ്പോഴും നിലനിൽക്കുന്നു. അപ്പച്ചനിൽ നിന്നും നിമ്മിയുടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന ടെസ്സിയാണ് വിവരങ്ങൾ സുനിതക്ക് കൈമാറിയത്. ഇപ്പോഴത്തെ ഈ ഹോട്ടൽ നടത്തിപ്പുവരെ അറിഞ്ഞിരുന്ന അവർ, പരസ്പ്പരം കുടുംബവിശേഷങ്ങൾ പറഞ്ഞിരിക്കെയാണ് ടെസ്സി മാധവനെ തിരക്കിയത്.
‘എവിടേടി നിങ്ങടെ മാധവമാമൻ...  ഒന്നു പരിചയപ്പെടുത്തടി... അപ്പച്ചൻ പറഞ്ഞറിയാം..”

നിമ്മി മാധവനെ വിളിക്കാനായി ഹോട്ടലിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഗൌരിയെ കണ്ടതും എഴുന്നേറ്റ്  ചെന്ന് കുശലം ചോദിക്കാൻ അവർ മറന്നില്ല. അവർ സംസാരിച്ചിരിക്കെയാണ് മാധവനേയും കൂട്ടി നിമ്മി വന്നത്. അവരെ കണ്ടതും ഗൌരി ഒഴിച്ച് എല്ലാവരും എഴുന്നേറ്റു. ഇപ്പോഴത്തെ തലമുറക്കില്ലാത്ത ആ ബഹുമാനം അവരെക്കുറിച്ച് മാധവനിൽ നല്ല മതിപ്പുളവാക്കി.
പിന്നെ താൻ ആരുമല്ലെങ്കിൽ കൂടി, തങ്ങളുടെ സ്വന്തം ആളാണെന്ന മട്ടിൽ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ലക്ഷ്മിയുടേയും മക്കളുടേയും ഉത്സാഹം മാധവന്റെ കണ്ണു നിറച്ചു.... 

പിന്നെ പരസ്പ്പരം പരിചയപ്പെടലും ചായ സൽക്കാരവും മറ്റും കഴിഞ്ഞപ്പോളാണ്,  കടയിൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തതിനാൽ പോകാനായി എഴുന്നേറ്റ മാധവനെ  തടഞ്ഞു കൊണ്ട് ടെസ്സി അക്കാര്യം എടുത്തിട്ടത്.
“ഇരിക്കൂ അമ്മാവാ... ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്....!?”
അതു കേട്ടതും എല്ലാവരുടേയും സംസാരം നിലച്ചു. ശ്രദ്ധ  ടെസ്സിയിലേക്കായി. അവൾ തുടർന്നു.
“പിന്നെ, ഇവൾ വന്നതെന്തിനെന്നറിയാമോ..?”
സുനിതയെ ചൂണ്ടിയുള്ള ആ ചോദ്യം എല്ലാവരുടേയും ശ്രദ്ധ സുനിതയിലായി.  അതു കണ്ട് സുനിത ഒന്നു പരുങ്ങി. എന്നിട്ട് പറഞ്ഞു.
“അത് പിന്നെ, വേറൊന്നുമല്ല....” 
സുനിത അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒന്നു കുഴങ്ങി.
അപ്പോഴേക്കും ടെസ്സി ഇടക്കു കയറി പറഞ്ഞു.
“ഞാൻ പറയാം.... ഇവൾ ഒരു കല്യാണക്കാര്യവുമായിട്ടാ വന്നത്. സുനിതക്ക് ഒരു ചേട്ടനുണ്ട്. സുനിൽ. മുൻപ് കോളേജിൽ പഠിക്കുമ്പോഴേ നിമ്മിയെ സുനിലേട്ടന് അറിയാം. നിമ്മിയും കണ്ടിട്ടുണ്ട്...”
എല്ലാവരുടേയും മുഖം ആകാംക്ഷാഭരിതമായി...
നിമ്മി മാത്രം ഗൌരവം നടിച്ചു.
ബാക്കി സുനിതയാണ് പറഞ്ഞത്.
“ഞങ്ങളോടൊപ്പം ബാംഗ്ലൂരിലായിരുന്നു ചേട്ടനും.  കമ്പനി ചേട്ടനെ അമേരിക്കയിലേക്ക് വിട്ടിരിക്കുകയാണ്. പുള്ളിക്കാരന് അവിടന്ന് പോരണോന്നില്ല. അഛനും അതാണിഷ്ടം. അമ്മക്കാണെങ്കിൽ  ആകെ പേടിയാ. ഏതെങ്കിലും മദാമ്മയേയും കെട്ടിയെടുത്തോണ്ടു വരുമെന്നും പറഞ്ഞു. ഇപ്പോ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാ നാട്ടിൽ വരാൻ പോകുന്നെ. ഉടനെ തന്നെ ആളെത്തും... ഇന്നലെയാ എന്നെ വിളിച്ച് പറയുന്നെ, നിന്റെ കോളേജിലെ പഴയ കൂട്ടുകാരി നിമ്മിയെ നിന്റെ നാത്തൂനാക്കാമെങ്കിൽ ഞാൻ വരാം. അല്ലെങ്കിൽ ഏതെങ്കിലും മദാമ്മയേയും കെട്ടി ഇവിടെയങ്ങ് കൂടുമെന്ന്....”
അതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും നിമ്മി അപ്പോഴും ഗൌരവത്തിലായിരുന്നു.

മാധവന് അതൊരു നല്ല വാർത്തയായി തോന്നി...
ഒരാളുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ, ഒരു പുരുഷൻ ഇവിടത്തെ കാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ഉണ്ടായാലെ ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. നാരായണി വല്ലിമ്മ പറഞ്ഞ അപവാദം കേട്ടതിനു ശേഷമാണ് മാധവന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. അതിനുശേഷം തനിക്കും സന്തോഷത്തോടെ യാത്ര പറയാം...
ലക്ഷ്മി ഒന്നും പറയാതെ വിടർന്ന മുഖത്തോടെ മാധവനെ ശ്രദ്ധിക്കുകയായിരുന്നു... 

ലക്ഷ്മിയുടെ മുഖത്തു നിന്നും വായിച്ചെടുത്ത കാര്യം  അപ്പോൾ തന്നെ മാധവൻ പറഞ്ഞു.
“അത് നല്ല സന്തോഷ വാർത്തയാണല്ലൊ... ഇവർ പരസ്പ്പരം കണ്ടിട്ടുണ്ടെങ്കിൽ, അറിയാവുന്നവരാണെങ്കിൽ.... നമുക്കിതങ്ങു നടത്താം... എന്താ ലക്ഷ്മി....?”
“നടത്താം... ഞാനുമതാ ആലോചിച്ചെ...”
ലക്ഷ്മി പറഞ്ഞു  തീരും മുൻപേ നിമ്മി കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
“എനിക്ക് സമ്മതമല്ല...!!!”

ഒരു ഞെട്ടൽ പെട്ടെന്നെല്ലാവരിലും ഉണ്ടായി...
ടെസ്സിയും സുനിതയും  ഒന്നും മനസ്സിലാകാത്തതു പോലെ  പരസ്പ്പരം നോക്കി...
അവർ പതുക്കെ എഴുന്നേറ്റു.
തന്റെ തീരുമാനം ശരിയായില്ലെന്ന തോന്നലിൽ മാധവൻ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് താൻ പറഞ്ഞത് എല്ലാവരേയും വേദനിപ്പിച്ചോയെന്നു നിമ്മി സംശയിച്ചത്.
മാധവന്റെ മുഖഭാവം കണ്ട നിമ്മി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
“അയ്യോ.. മാമാ... മാമനെ ഞാൻ നിഷേധിച്ചതല്ല... ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല....!
ഞാൻ പറഞ്ഞത്  വിവാഹം കഴിക്കാനേ ഇഷ്ടമല്ലെന്ന അർത്ഥത്തിലാ...”
“എന്തുകൊണ്ട്...?”  മാധവൻ.
ഒന്നു തേങ്ങിയിട്ട് നിമ്മി പറഞ്ഞു.
“ഞാൻ  കല്യാണം കഴിഞ്ഞു പോയാൽ എന്റെ ചേച്ചിക്കും അമ്മക്കും പിന്നാരുണ്ട്...?  
ഇപ്പോൾ തന്നെ അമ്മക്ക് ഒറ്റക്ക് ചേച്ചിയെ പൊക്കിയിരുത്താനൊ, കട്ടിലിൽ നിന്നിറക്കാനോ പറ്റണില്ല. അപ്പോൾ ഞാൻ കൂടി പോയാൽ പിന്നെ ചേച്ചിയുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കിൽ ചേച്ചിയുടെ വിവാഹം ആദ്യം നടത്തണം. എന്നിട്ട് ഞാൻ സമ്മതിക്കാം...”

ആ വാക്കുകൾ കേട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്...
നിമ്മിയുടെ തലയിൽ സ്നേഹപൂർവ്വം  തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.
“അങ്ങനെയെങ്കിൽ അങ്ങനെ. ഗൌരിയ്ക്ക് ചേർന്ന ഒരാളെ നമുക്ക് തേടാം.. എന്നിട്ടു മതി..
കഴിയുമെങ്കിൽ രണ്ടു പേരുടേയും കല്യാണം ഒറ്റ പന്തലിൽ തന്നെ നടത്താം...!”
അതും പറഞ്ഞു മാധവൻ എല്ലാവരേയും നോക്കി. എല്ലാവർക്കും സമ്മതമാണെന്ന് അവരുടെ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഗൌരിയിൽ നിന്നും ഒരുറച്ച ശബ്ദം പുറത്തു വന്നത്.
“ഒരു ചൊവ്വാ ദോഷക്കാരിയായ എന്നെ കെട്ടുന്നവൻ മുന്നു മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാ എന്റെ അഛൻ ഹൃദയം പൊട്ടി മരിച്ചത്. ഇനി ഒരാളേക്കൂടി കൊലക്കു കൊടുക്കണോ...? ഞാൻ സമ്മതിക്കില്ല... ഞാൻ സമ്മതിക്കില്ല...!!”
ഗൌരി  ഇരിക്കുന്ന വണ്ടിയുടെ കൈത്താങ്ങിൽ തലതല്ലിക്കരഞ്ഞു....
നിമ്മി ഓടിച്ചെന്ന് ചേച്ചിയുടെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.
പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.
ഇതൊക്കെ കണ്ട് സുനിതയും ടെസ്സിയും അവർക്ക് ചുറ്റും കൂടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

മാധവനത് ഒരു ഷോക്കു പോലെയാണ് അനുഭവപ്പെട്ടത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി. വയറ്റിൽ നിന്നും എന്തൊ ഉരുണ്ടുവരുന്നതു പോലെ. പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും മാറിക്കളഞ്ഞു മാധവൻ. ഹോട്ടലിനു പുറകിലെ  കിളിച്ചുണ്ടൻ മാവിന്റെടുത്തേക്കാണ് പോയത്.

അടുക്കളയിലായിരുന്ന കണാരേട്ടനത് കണ്ടു. നെഞ്ചും തിരുമ്മി മാവിന്റെ കടക്കൽ ഇരുന്ന മാധവന്റെ ഭാവപ്പകർച്ചയിൽ പന്തികേടു തോന്നിയ കണാരേട്ടൻ ഓടിച്ചെന്നു.
“എന്തു പറ്റി മാധവേട്ടാ....?”
അതിനു മുൻപേ തന്നെ മാധവൻ ഒന്നു ഛർദ്ദിച്ചു.
തോളത്തു കിടന്ന കച്ചമുണ്ടു കൊണ്ട് വായ പൊത്തിപ്പിടിച്ചതു കൊണ്ട് കണാരനൊന്നും കാണാനായില്ല. സാവധാനം കച്ചമുണ്ട് വായിൽ നിന്നെടുത്ത മാധവൻ ഞെട്ടിയില്ലെങ്കിലും കണാരൻ ഞെട്ടി...!

പെട്ടെന്നു തന്നെ കച്ചമുണ്ടിന്റെ തല പൊതിഞ്ഞു പിടിച്ച മാധവൻ നാലുപാടും നോക്കി. മറ്റാരും കണ്ടില്ലെന്നുറപ്പു വരുത്തി.

കണാരേട്ടൻ വീണ്ടും ചോദിച്ചു.
“മാധവേട്ടാ... ഈ ചോര..?”
“ശ് ശ്.. ” ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ വച്ച്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി. കണാരന്റെ സഹായത്തോടെ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഇതൊക്കെ അങ്ങനെ കിടക്കും. ഇതാദ്യമൊന്നുമല്ല...”

പെട്ടെന്ന് മാധവൻ വിഷമിച്ച് എഴുന്നേറ്റു പോണത് കണ്ട ലക്ഷ്മിയും പിന്നാലെ എത്തിയിരുന്നു. ഹോട്ടലിൽ കാണാഞ്ഞതു കൊണ്ടാ അടുക്കളയിലേക്ക് ചെന്നത്. അപ്പോഴാണ് പുറത്ത് കണാരേട്ടൻ മാധവനെ താങ്ങിപ്പിടിച്ചെഴുന്നേൽ‌പ്പിക്കുന്നത് കണ്ടത്...!
ആ കാഴ്ച കണ്ടതും ലക്ഷ്മിയുടെ ചങ്കിടിച്ചു...!
ഓടിച്ചെന്നവർ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്തുപറ്റി കാണാരേട്ടാ...?”
“ഹേയ്.. ഒന്നൂല്ലാ....” മാധവൻ അങ്ങനെ പറഞ്ഞെങ്കിലും കണാരന്റെ മനസ്സ് അത് സമ്മതിച്ചില്ല.  ഇതത്ര നിസ്സാരമായി കാണാനാവില്ല. ഈ മനുഷ്യൻ അത്ര നിസ്സാരനുമല്ല.
കണാരൻ നടന്ന സംഭവം തുറന്നു പറഞ്ഞു.

ലക്ഷ്മി തോർത്ത് ബലമായി പിടിച്ചു വാങ്ങി തുറന്നു നോക്കി.
ചോര കണ്ട ലക്ഷ്മിക്ക് തല ചുറ്റി.
“അയ്യോ..” എന്നു പറഞ്ഞപ്പോഴേക്കും മാധവൻ ലക്ഷ്മിയുടെ വായ പൊത്തി.
“ഒച്ചയെടുക്കല്ലെ... മക്കളറിയണ്ട....”
“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...” ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
 സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

തുടരും....