Sunday 15 May 2011

സ്വപ്നഭുമിയിലേക്ക്... (41 ) തുടരുന്നു...


കഥ തുടരുന്നു...


എന്തിനാ ഇങ്ങനെ ഒരു ജീവിതം...!

ലാബിന്റെ മുന്നിൽ റിസൽറ്റും കാത്തിരിക്കുമ്പോഴാണ് ഞങ്ങളവരെ ശ്രദ്ധിച്ചത്....
ഞങ്ങളുടെ അടുത്ത കസേരയിലിരിക്കുന്ന അവർ, മുന്നിൽ ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. വിശാലമായ ഹാളിൽ ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. ആകെ ഒരു പ്രശ്നമുള്ളത് കുട്ടികളുണ്ടാക്കുന്ന ശബ്ദമാണ്. ശബ്ദം ഉയർന്നു വരുമ്പോൾ അമ്മയുടെ വക ഒരു ശാസന വരും. പിന്നെ അവർ കുറച്ചു നേരത്തേക്ക് നിശ്ശബ്ദരാകും. പിന്നെയും അവർ കളികളിൽ മുഴുകും.

ആ സമയത്താണ് ഞങ്ങളുമായി അവർ ആദ്യം പരിചയപ്പെടുന്നത്. ഓടിക്കളിക്കാൻ വീട്ടിൽ സ്ഥലമില്ലാത്തതിന്റെ കുറവ് കുട്ടികളുടെ സന്തോഷത്തിൽ തെളിയുന്നുണ്ട്. മൂത്ത കുട്ടി മാത്രം കസേരയിൽ മാറിയിരുപ്പുണ്ടെങ്കിലും അവരോടൊപ്പം ചിരിയിൽ പങ്കു ചേരുന്നുണ്ട്. മൂത്തതിനു കഷ്ടി ഏഴെട്ടു വയസ്സു പ്രായം വരും. അതിനു താഴെയാണ് മറ്റു രണ്ടു കുട്ടികൾ. മൂന്നു പേരും നല്ല മിടുക്കി കുട്ടികളാണ്.

മൂന്നാലു മാസം ഡോക്ടറെ കാണാൻ ഞങ്ങൾ ഒരേ ദിവസമാണ് ആശുപത്രിയിൽ എത്താറ്. അത്രയും നാളുകൾ കൊണ്ട് പലപ്പോഴായി പറഞ്ഞതാണ് അവരെപ്പറ്റി. കല്യാണം കഴിഞ്ഞതിന്റെ ആറാം മാസം ഭർത്താവിന്റടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു അവർ. വിസ തീരുന്നതിനു മുൻപു വിസമാറ്റിയെടുക്കാമെന്നായിരുന്നു കണക്കു കൂട്ടൽ.

പ്രവാസികളുടെ കണക്കു കൂട്ടലുകൾ പലപ്പോഴും തെറ്റാറാണല്ലൊ പതിവ്. അതു പോലെ തന്നെ ഇവിടേയും ഭർത്താവിന്റെ കണക്കു കൂട്ടലുകൾ അപ്പാടെ തെറ്റി. കാരണം ഉണ്ടായിരുന്ന ജോലി ആദ്യമേ തന്നെ പോയി...! പിന്നെ സ്ഥിരമായൊരു ജോലിയും കിട്ടിയില്ല. അതിനുള്ളിൽ ഗർഭിണിയായ അവരെ അപ്പോൾ തന്നെ നാട്ടിലയച്ചാൽ മതിയായിരുന്നു. അതിനും കഴിഞ്ഞില്ല.

‘വല്ലാത്തൊരു അക്കരപ്പച്ച’യാണ് ഈ പ്രവാസലോകം നമ്മൾക്ക് മുൻപിൽ വച്ചു നീട്ടുന്നത്. ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എപ്പോഴും നമ്മളെക്കൊണ്ട് തോന്നിപ്പിക്കും...! വിശ്വസിപ്പിക്കും....! തൽക്കാലം എവിടെയെങ്കിലും ഒന്നു കയറിപ്പറ്റണം. പിന്നെ അവിടെ നിന്നു കൊണ്ട് നമ്മുടെ യോഗ്യതക്കും അറിവിനും പറ്റിയ ജോലി കണ്ടെത്താം.

അങ്ങനെ പലയിടത്തും താൽക്കാലികമായി കയറിയിറങ്ങിയെങ്കിലും ഭാര്യക്കു കൂടി ഇവിടെ നിയമപരമായി നിൽക്കാൻ പറ്റിയ ‘ഫാമിലി വിസ’യുള്ള ഒരു ജോലിയും കണ്ടെത്താനായില്ല. അതിനിടെ മാസങ്ങൾ കഴിഞ്ഞു. അവർ ആശുപത്രിയിൽ വച്ച് പ്രസവിച്ചു.

പ്രസവിച്ചു കഴിഞ്ഞാൽ കുറച്ചൊരു തുക വിദേശിയാണെങ്കിൽ ആശുപത്രി യിൽ കൊടുക്കണം...
എന്നാലെ ജനന സർട്ടിഫിക്കറ്റ് കിട്ടുകയുള്ളു....
അതിന്റെ ഒറിജിനൽ കാണിച്ചാലെ നമ്മുടെ എംബസ്സിയിൽ നിന്നും ‘പാസ്പ്പോർട്ട്’ കിട്ടുകയുള്ളു....
പാസ്പ്പോർട്ട് കിട്ടിയാലെ ‘വിസ‘ അടിക്കാൻ പറ്റൂ....
വിസ അടിച്ചാലല്ലെ ഇവിടെ നിയമപരമായി നിൽക്കാൻ പറ്റൂ...
ആശുപത്രിയിലെ ആ കാശു കൊടുക്കാൻ പറ്റാത്തതു കൊണ്ട് നമ്മളെ ആശുപത്രിയിൽ നിന്നും വിടാതിരിക്കത്തൊന്നുമില്ല.
പക്ഷേ, രാജ്യം വിടാനാവില്ല....!!

ഭർത്താവ് ഒരു ‘ഫ്രീ വിസ’ ക്കാരനായതു കൊണ്ട് അയാളുടെ വിസ പുതുക്കിക്കൊണ്ടിരിക്കും. അയാളുടെ ‘ഐഡന്റിറ്റി കാർഡ്’ കാണിച്ചിട്ടാണ് ഇവിടെ ആശുപത്രിയിൽ വരുന്നത് പോലും. അവരുടെ കുടുംബത്തിന്റെ പേരിൽ ഒരു ഫയൽ തന്നെ ഉണ്ട്.
ഇങ്ങനെ കൊച്ചുങ്ങൾ മൂന്നെണ്ണം ആയി....!
ഒന്നിനും പാസ്പ്പോർട്ടില്ല....!!
ഒന്നിനും വിസയില്ല...!!
അവർ ഏതെങ്കിലും രാജ്യത്തെ പൌരന്മാരുമല്ല....!!!

“വന്നതിനു ശേഷം എന്നെങ്കിലും നാട്ടിൽ പോയിട്ടുണ്ടൊ...?” ഒരു പ്രാവശ്യം ഞാൻ ചോദിച്ചു.
“ഇല്ല...!”
അതു പറയുമ്പോൾ അവരുടെ മുഖം വാടിയിരുന്നു.
ഇക്കാലയളവിൽ അവരുടെ രണ്ടനിയത്തിമാരുടേയും ഒരാങ്ങളയുടേയും വിവാഹം കഴിഞ്ഞു. ഒന്നിലും പങ്കെടുക്കാനായില്ല....!
അവസാനം അമ്മയുടെ മരണത്തിനു പോലും പോകാനായില്ല....!
അതിനു കെട്ട്യോൻ മാത്രം പോയി പങ്കെടുത്ത് ഒരാഴ്ചക്കുള്ളിൽ തിരിച്ചു വന്നു....

എല്ലാവരുടേയും വിചാരം ‘അവർ ഗൾഫിലെ കൊട്ടാരത്തിൽ സസുഖം വാഴുകയാ.... നാടൊക്കെ അവർക്കിപ്പോൾ പുഛമാ...!!’
ഒന്നിനും മറുപടി പറയാൻ പോയില്ല.
ഇനി ഇവിടന്ന് എന്നെങ്കിലും പോകാൻ കഴിയുമെന്ന് പ്രതീക്ഷയുമില്ല....!!
പാസ്പ്പോർട്ടില്ലാത്തതു കൊണ്ട് കുട്ടികളെ സ്കൂളിൽ ചേർക്കാനും കഴിഞ്ഞില്ല.
മൂത്ത രണ്ടെണ്ണം സ്കൂളിൽ ചേർക്കേണ്ട പ്രായം കഴിഞ്ഞു നിൽക്കുന്നു.

അയാളെ എന്തെങ്കിലും കാരണത്താൽ പോലീസ് പിടിച്ചകത്തിടുകയോ, കയറ്റി വിടുകയോ, അല്ലെങ്കിൽ ഒരപകടം പറ്റുകയോ മറ്റോ ചെയ്താൽ ആ അമ്മയുടേയും മക്കളുടേയും ഗതി എന്താവുമെന്ന് ചിന്തിക്കാനാവുന്നില്ല....!!

എന്തിനാണ് വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഉന്നതിയിൽ നിൽക്കുന്നുവെന്ന് (ദുര)അഭിമാനിക്കുന്ന നമ്മൾ ‘മലയാളി’കൾക്ക് ഗൾഫിൽ ഇങ്ങനെയൊരു കുടുംബ ജീവിതം....!!?
നാലാമതും ഗർഭിണിയായ അവരെ പിന്നെ കുറച്ചു തവണയെ കണ്ടുള്ളു.

ഏഴാം മാസം മുതൽ ഞങ്ങളെ അതിലും മുന്തിയ ഒരാശുപത്രിയിലേക്ക് മാറ്റി. അവിടെ സ്കാനിഗ് ഉൾപ്പടെയുള്ള ആധുനിക ഉപകരണങ്ങൾ എല്ലാം സജ്ജീകരിച്ചിരുന്നു. പ്രസവത്തിനു രണ്ടു ദിവസം മുൻപേ അവിടന്നും മാറ്റി.

പ്രസവത്തിന് ഏതാശുപത്രിയാ വേണ്ടതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാനായില്ല.
‘ഏതായാലെന്താ..’ എന്നായിരുന്നു മനസ്സിൽ....
ഡോക്ടർ തന്നെ പറഞ്ഞ ആശുപത്രിയിലേക്ക് ഞങ്ങൾ പോയി....

അവിടെ ചെന്നപ്പോൾ ഒരു പ്രശ്നം ഉടലെടുത്തു. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേര് ആദ്യം കൊടുക്കണമത്രെ...!
“ കുഞ്ഞു ജനിച്ചിട്ടു പോരേ...?”
“ അതു പറ്റില്ല. ഇപ്പോത്തന്നെ വേണം....!”
“കുറച്ചു സമയം തരൂ... ഞങ്ങൾ ഒന്നാലോചിക്കട്ടെ..”
“ഇന്നു തന്നെ പറയണം.. ഒരെണ്ണം പോരാട്ടൊ....! രണ്ടു പേരു വേണം... ഒരാണിന്റേയും ഒരു പെണ്ണിന്റേയും...!!”

ശരിയാണല്ലൊ... ജനിക്കുന്നത് ആൺകുഞ്ഞാണൊ പെൺകുഞ്ഞാണൊന്നറിയാണ്ടെങ്ങനാ പേരിടുന്നത്...?
ഞങ്ങൾ പേരു തേടി ഞങ്ങളുടെ നാട്ടിലൊക്കെ അലഞ്ഞു നടന്നു. കൊള്ളാവുന്ന ഒരു പേരും കണ്ടു കിട്ടിയില്ല.

ചിക്കുവിനോട് ചോദിച്ചാലൊ...?
അവന്റെ ക്ലാസ്സിലെ കുട്ടികളുടെ പേരൊക്കെ അവൻ പറയൂല്ലെ. അതിൽ നിന്നും നല്ലതൊരെണ്ണം കിട്ടിയാലൊ...?
അവൻ കേട്ടപടി പറഞ്ഞു.
‘ചിന്നു...!’
ഞാൻ ചോദിച്ചു.
“ അതാരാടാ മോനേ ചിന്നു... .? മോന്റെ ക്ലാസ്സിലെ കുട്ടിയാ...?”
“ എന്റെ ക്ലാസ്സിലെയല്ല.... എന്റെ കൂട്ടുകാരൻ ദീപുവില്ലെ... ആ വല്യ ഗേറ്റൊക്കെള്ള വീട്ടിലേ... ഞങ്ങൾ ഓട്ടോറിക്ഷക്ക് വരുമ്പോ ദീപൂന്റെ ബാഗ് വാങ്ങാൻ വരുന്ന --- ”

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ വായ് പൊളിച്ച് അമ്മയേയും മോനേയും മാറി മാറി നോക്കി. അപ്പൊഴാണ് അമ്മക്ക് കാര്യം പിടി കിട്ടിയത്.
“ഓഹൊ അതാണൊ നീ പറഞ്ഞത്... !” എന്നിട്ട് എന്നോടായി പറഞ്ഞു.
“ അതേയ്.. നാട്ടിൽ അവന്റെ ക്ലാസ്സിലെ ഉറ്റ കൂട്ടുകാരനാണ് ഈ പറഞ്ഞ ദീപു. ഇവർ രണ്ടു പേരും ഒരേ ഓട്ടോറിക്ഷയിലാ പോകുന്നതും വരുന്നതും. അവന്റെ വീടിന്റെ പടിക്കലെത്തുമ്പോൾ അവന്റെ കുഞ്ഞുപെങ്ങൾ ‘ചിന്നു’ ഓടി വന്നു ദീപുവിന്റെ ബാഗ് വാങ്ങി തോളത്തിട്ടുകൊണ്ടു പോകും. അതു കാണുമ്പൊൾ ചിക്കുവിനു കൊതിയും സങ്കടം വരും....! അത് കണ്ടിട്ടവൻ എന്നും പറയും.
‘അമ്മേ.. ഇവിടേന്താ ചിന്നുല്യാത്തേ.. എനിക്കു കളിക്കാനാരൂല്യാ...’ ന്ന്.
ഞാൻ പറഞ്ഞു.
“ എങ്കിൽ പിന്നെ അതു തന്നെ ഒരു പേര്.. ‘ചിന്നു...!’”

ഇനി ആൺകുഞ്ഞിനു പറ്റിയ ഒന്നു കൂടി വേണം...
അതിനായി പല പേരുകളും പരിഗണിച്ചു.
അവസാനം ‘ഗൌതം’ എന്ന പേരു കൂടി എഴുതിക്കൊടുത്തു.

അന്നൊന്നും പ്രസവം ഉണ്ടാവില്ലാന്ന് സിസ്റ്റർ പറഞ്ഞതു കൊണ്ട് ഞാനും ചിക്കുവും വീട്ടിലേക്കു പോന്നു. അവിടെ മറ്റാരേയും നിറുത്തുകയില്ല. കാലത്തെ തന്നെ ചിക്കുവിനെ റെഡിയാക്കി സ്കൂളിലയച്ചതിനു ശേഷം ഉച്ചക്കുള്ള ചോറും മോരു കറിയും റെഡിയാക്കി. കുറച്ച് അച്ചാറുമിട്ട് പൊതിഞ്ഞു കെട്ടി കാലത്തേ തന്നെ ഒരു ടാക്സി വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. അപ്പൊഴും വേദനയൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. എനിക്കു ജോലിക്കു പോകേണ്ടതുകൊണ്ട് അപ്പോൾ തന്നെ തിരിച്ചു പോന്നു.

അവളെ ആശുപത്രിയിൽ ആക്കിയതു മുതൽ ആകെ ഒരു അങ്കലാപ്പായിരുന്നു...
ആകെ ഒരു വിമ്മിഷ്ടം....
പ്രശ്നങ്ങളൊന്നും ഉണ്ടാകല്ലേന്ന് ഒരായിരം വട്ടം പ്രാർത്ഥിച്ചിട്ടുണ്ടാകും.
കടയിലാണെങ്കിൽ ഒരുപാടു ജോലിയും....
ചെയ്താലും ചെയ്താലും തീരാത്തത്ര ജോലി....
കടയിൽ വരുന്നവർക്കെല്ലാം ഭയങ്കര ധൃതിയും....
എനിക്കാണെങ്കിൽ ആകെ ഒരു വിറയൽ...
വല്ലാത്ത ദ്വേഷ്യവും....
എങ്ങനെയൊക്കെയോ ഉച്ചയാക്കിയെടുത്തു...

സ്കൂൾ ബസ്സ് വരുന്നതും കാത്ത് കവലയിൽ നിൽക്കുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല.
അവളെ ലേബർ റൂമിലേക്ക് കൊണ്ടു പോയിരിക്കുമോ...?
വേദന കൊണ്ട് പുളയുകയായിരിക്കുമോ...?
ഭാഷ അറിയാവുന്ന ഒരാളു പോലും അടുത്തില്ലല്ലൊ ഈശ്വരാ...!
ആകെയുള്ള ആശ്വാസം ഒന്നു രണ്ട് മലയാളി നഴ്സുമാരുണ്ടെന്നുള്ളതാണ്.
അവർക്ക് ഓരോ ജോലിക്കിടക്ക് അവളെ വന്ന് ശ്രദ്ധിക്കാൻ നേരം കിട്ടുമോ...?

ഒരിടത്തും നിൽക്കാൻ കഴിയാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അപ്പോഴേക്കും സ്കൂൾ ബസ്സ് എത്തി. ചിക്കുവിനേയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ ചിക്കു ചോദിച്ചു.
“അഛാ അമ്മ വന്നോ...?”
“ ഇല്ലെടാ..”
“ ചിന്നുവോ...?”
“ ഇല്ലടാ...”

വീട്ടിൽ വന്ന് ഊണു കഴിച്ചിട്ട് ചിക്കുവിന്റെ ഹോം വർക്കുകളെല്ലാം ചെയ്തു തീർത്തു. അതു കാരണം ഒന്നു കിടക്കാനുള്ള സമയം പോലും കിട്ടിയില്ല. വീണ്ടും ചിക്കുവിനേയും കൂട്ടി കടയിലേക്ക് വിട്ടു. ബോസ്സ് പുറത്തു പോകുന്നതിനു മുൻപു തന്നെ ഇന്ന് നേരത്തെ പോകുന്നതിനുള്ള അനുവാദം വാങ്ങി വച്ചു. ഇതിനിടക്ക് കൂട്ടുകാരൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. അവരുടെ ആശ്വാസവചനങ്ങളും എനിക്ക് ആശ്വാസം തരുന്നുമുണ്ട്.
എങ്കിലും മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു...
ചെയ്യുന്നതെല്ലാം പാളിപ്പോകുന്നതു പോലെ.
കയ്യുടെ വിറയൽ മാറുന്നതേയില്ല.

ധൃതി പിടിച്ച് അശ്രദ്ധയോടെയുള്ള പണിക്കിടക്ക് ബ്ലേഡ് കൊണ്ട് കൈ ലേശം മുറിഞ്ഞു രക്തം വന്നു. ഉടനെ തന്നെ സാധാരണ ചെയ്യുന്നതു പോലെ വായിൽ വച്ച് ചപ്പി. ഇനി ഒരു പണിയും ചെയ്യാൻ പറ്റില്ലെന്നു തീർച്ചയാക്കി.
വൈകുന്നേരം ആയപ്പോൾ ഒരു ഫോൺ കാൾ...
പരിചയമുള്ള സ്വരം അല്ല. പെട്ടെന്നു ചിന്ത ആശുപത്രിയിലേക്കു പാഞ്ഞു...
ഒരു നിമിഷം ചങ്കിലൊരു കത്തൽ....!
“ഹലോ...” ഞാൻ.
“ആശുപത്രിയിൽ നിന്നാ... വരുമ്പൊഴേ കുറച്ചു കഞ്ഞി കൊണ്ടു വരണം...! പിന്നെ ആവശ്യത്തിനുള്ള ബ്ലഡ്ഡും കരുതണം...!!!”
മലയാളി നഴ്സ് ആയിരുന്നു. കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി...!!!
‘ബ്ലഡ്ഡൊ..!!!?’


ബാക്കി അടുത്ത പോസ്റ്റിൽ...

Sunday 1 May 2011

സ്വപ്നഭുമിയിലേക്ക്... ( 40 ) തുടരുന്നു...


 

ശുപത്രിയിൽ നിന്നും വീട്ടിൽ എത്തുമ്പോൾ വിവരങ്ങളറിയാനായി രാജേട്ടൻ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് ഊണു കഴിച്ചിരിക്കുമ്പോഴാണ് രാജേട്ടൻ പറഞ്ഞത്.
“ഞാൻ നാട്ടിലേക്കു പോകാണ്... മിക്കവാറും ഈയാഴ്ച തന്നെ...!?”
“അതെന്തു പറ്റി.. ലീവ് കഴിഞ്ഞ് വന്നിട്ട് ഒരു കൊല്ലമായില്ലല്ലൊ....?”
“അമ്മക്ക് സുഖമില്ല. ആശുപത്രിയിലാണ്...”
“എന്താ അസുഖം...?”
“വയസ്സായില്ലെ. ഞാൻ ചെല്ലാതെ ശരിയാകില്ല. ലീവു ചോദിച്ചിട്ട് തരുന്നില്ല. അതു കൊണ്ട് ഞാൻ നിറുത്തി പോകാൻ തീരുമാനിച്ചു...!”
‘ങേ...നിറുത്തിപ്പോണൊ...!!” ശരിക്കും ഞെട്ടിപ്പോയി....

ഇവിടന്ന് നിറുത്തി പോകുകയെന്നു പറഞ്ഞാൽ കാര്യമത്ര നിസ്സാരമല്ലെന്നർത്ഥം. ഒരു ചാട്ടത്തിനങ്ങോട്ടു പോയാലും നാലു ചാട്ടം ഒരുമിച്ചു ചാടിയാലും ഇങ്ങോട്ടു വരാനാവില്ലെന്ന തിരിച്ചറിവു തന്നെ.....!!

ഞാൻ വന്ന കാലം മുതൽ അറിയാവുന്നയാളാണ് രാജേട്ടൻ. വിശ്വസിക്കാൻ കൊള്ളാവുന്ന ആത്മാർത്ഥതയുള്ള സുഹൃത്തുക്കളിൽ ഒരാൾ. പഴയ ഞങ്ങളുടെ ഫ്ലാറ്റിലെ കാർന്നോരായിരുന്നു. എട്ടുപത്തു പേർ താമസിക്കുന്ന ഫ്ലാറ്റിൽ കാർന്നോർ സ്ഥാനത്ത് ഒരാൾ ആവശ്യമാണ്. അത് മിക്കവാറും ഫ്ലാറ്റ് വാടകക്കെടുത്ത ആൾ തന്നെയാകും. ഒരു പ്രശ്ന മുണ്ടായാൽ അയാളുടെ വാക്ക് അവസാന വാക്ക് ആയിരിക്കും. ആരെങ്കിലും എതിരു നിന്നാൽ അവൻ ഫ്ലാറ്റിനു പുറത്തു പോകേണ്ടി വരും. ഞങ്ങളൂടെ ആ ഫ്ലാറ്റിൽ നിന്നും ഒരാളും പുറത്തു പോകാൻ ആഗ്രഹിക്കില്ല. അതുകൊണ്ടു തന്നെ ഒച്ചപ്പാടിനും ബഹളത്തിനും ആരും നിൽക്കില്ല. ആ കാർന്നൊർ സ്ഥാനത്തുള്ള ആളാണ് ഇവിടന്ന് നിർത്തി പോകുകയാണെന്നു പറയുന്നത്.

“അർബാബിന്റടുത്ത് നേരിട്ടു വിവരം പറഞ്ഞാൽ ലീവു തരാതിരിക്കുമോ...?” ഞാൻ.
“അതിനൊന്നും ഇനി സമയമില്ല. എനിക്കെത്രയും പെട്ടെന്ന് നാട്ടിലെത്തിയേ പറ്റൂ. അതു കൊണ്ടാ ‘എക്സിറ്റി’ന് എഴുതിക്കൊടുത്തത്.”

ഊണു കഴിച്ചു കൊണ്ടിരുന്ന ഞാൻ പെട്ടെന്നു മൌനിയായി. കാരണം രാജേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസ എങ്ങനെ കൊടുക്കുമെന്നായിരുന്നു മനസ്സിൽ. എന്റെ മനസ്സ് വായിച്ച രാജേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതോർത്തു വിഷമിക്കണ്ട... പിന്നെ എപ്പോഴെങ്കിലും അയച്ചു തന്നാൽ മതി..”
“ശരി ഞാൻ നോക്കട്ടെ...”

രാജേട്ടൻ പോകുന്നതിനു മുൻപു തന്നെ കൊടുക്കാനുള്ളത് കൊടുത്തു. നിറുത്തി പോകുന്ന ആളോട് പിന്നെ അയച്ചു തരാമെന്ന് പറയുന്നത് , അതൊരിക്കലും തിരിച്ചു തരില്ലെന്നു പറയുന്നതിനു തുല്യമാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവർ ഒരിക്കലും അയച്ചു കൊടുത്ത ചരിത്രമില്ലാത്തതു കൊണ്ട് ഞാനുമത് സ്വീകരിക്കുന്നതു ശരിയല്ലല്ലൊ.

രാജേട്ടൻ പോകുന്നതിന്റെ പാർട്ടി എന്റെ വക ആയിപ്പോയത് സ്വാഭാവികം. കാരണം കുടുംബം വന്നതിന്റെ ചെലവു ചെയ്തില്ലാന്നു പറഞ്ഞ് വർഗ്ഗീസേട്ടൻ കളിയാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പാർട്ടി നടത്താൻ ഒരു കാരണക്കാരനായി ഞാൻ നിന്നു കൊടുക്കുകയേ വേണ്ടിയിരുന്നുള്ളു. ചിലവൊക്കെ വർഗ്ഗീസേട്ടൻ ചെയ്തു. ഞാൻ മാത്രം അതിൽ ചേർന്നില്ല. ചാരായ ഷാപ്പിലെ “ബീഫ് ഫ്രൈ’ പോലെ സ്വാദുള്ള, വർഗ്ഗീസേട്ടന്റെ ഒരു പ്ലേറ്റ് ബീഫ് ഫ്രൈയുമായി ഞാൻ വീട്ടിലേക്കു തിരിച്ചു. കുടുംബം വിട്ടുള്ള കളിയില്ല. വർഗ്ഗീസേട്ടൻ പോലും ഒരു ഗ്ലാസ് അടിക്കാൻ എന്നെ നിർബ്ബന്ധിച്ചതുമില്ല....!

ദിവസങ്ങൾ ശാന്തമായി, സന്തോഷമായി കടന്നു പോകവെ കൂട്ടുകാരുടെ കടങ്ങൾ കുറേശ്ശെ വീട്ടാൻ തുടങ്ങി. അതുകഴിഞ്ഞിട്ടു വേണം ബോസ്സിന്റെ കടം വീട്ടാൻ....

ഷവർമ്മയും, കറങ്ങുന്ന ചിക്കനും ജീവിതത്തിൽ ആദ്യമായി അമ്മയും മോനും സ്വാദോടെ ഭക്ഷിച്ചു. പിസ്സയും, ബ്രോസ്റ്റഡ് ചിക്കനും, ചിക്കൻ ബിരിയാണിയും ചിക്കുവിന്റെ ഇഷ്ടഭോജ്യങ്ങളായി.

ഞങ്ങൾ താമസിക്കുന്ന ഈ പഴയ, ഇടിഞ്ഞു പൊളിയാറായ വീടിന്റെ ഐശ്വര്യമൊ, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഐശ്വര്യമോ എന്നു തീർച്ചയില്ല, പിന്നീട് വലിയ കടങ്ങളൊന്നും വാങ്ങേണ്ടി വന്നില്ല. ഓരോ ആശുപത്രി ചെക്കപ്പിനും ചിലവാകുന്നത് ഒരു ദിനാർ മാത്രമായിരുന്നു...!

ഒരു ദിവസം ഡോക്ടർ എഴുതിയ ഒരു ഗുളിക ‍ആശുപത്രിയിൽ ഇല്ലായിരുന്നു. ആകെ ഒൻപത് എണ്ണമേ വേണ്ടിയിരുന്നുള്ളു. അതുമാത്രം പുറത്തു നിന്നും വാങ്ങിക്കഴിക്കുമോന്നു ഡോക്ടർ സ്നേഹപൂർവ്വം ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞില്ല. ഒരു ഗുളികയല്ലെ. സാരമില്ലന്നു കരുതി.

കുടുംബത്തെ വീട്ടിലെത്തിച്ചിട്ട് ഗുളിക തേടി ഇറങ്ങി. രണ്ടു മൂന്നു മരുന്നു കട കേറിയിറങ്ങിയെങ്കിലും സാധനം ഉണ്ടായിട്ടും വാങ്ങാനായില്ല...!
തിരിച്ച് വീട്ടിലെത്തി ഊണു കഴിച്ചിട്ട് സമയം കളയാതെ വീണ്ടും ഇറങ്ങിയത് ഏതെങ്കിലും സുഹൃത്തിനെ കണ്ടുകിട്ടുമോന്നറിയാനാണ്. ആദ്യം കണ്ടവനെത്തന്നെ പിടികൂടി. കാര്യം പറഞ്ഞപ്പോൾ തന്നെ അയാൾ പണം തന്നു. എന്നിട്ട് പറഞ്ഞു.
“ഒരു മിനിട്ട്.. ഒന്ന് എന്റെ കൂടെ വീടു വരെ വരൂ... ചിലപ്പോൾ ഈ ഗുളിക എന്റെ വീട്ടിൽ കാണും...”
“ഇത് ‘പനഡോളല്ല’, ഗർഭിണീകൾക്കുള്ളതാ....” ഞാൻ.
‘പനഡോൾ’ എന്ന വേദനാസംഹാരി ഗുളിക ഏതൊരു ഗൾഫ്കാരന്റെ വീട്ടിൽ മാത്രമല്ല ഓരോരുത്തരുടേയും പോക്കറ്റിലും സ്ഥിരം കാണും.
“ എന്റെ ഭാര്യക്കു വാങ്ങിയ വകയിൽ ഇതും ചിലപ്പോൾ കാണും..”

അതു ശരിയായിരിക്കാൻ സാദ്ധ്യതയുണ്ടെന്നു എനിക്കും തോന്നി. ഞാനും അയാളോടൊപ്പം നടന്നു. അയാളുടെ ഭാര്യ ഒരു കാർഡ് ബോർഡ് പെട്ടി കൊണ്ടു വന്നു നിലത്ത് കമഴ്ത്തി.
“ഇതെന്താ.. ഒരു മരുന്നു കട നടത്താനുള്ള ഗുളികകളുണ്ടല്ലൊ...!?” ഞാൻ അതിശയിച്ചു പോയി..
“ഒരസുഖം വന്നാൽ നമ്മളെ തിന്നുകയല്ലെ ഇവന്മാർ...”

എന്തായാലും എനിക്കാവശ്യമുള്ള ഗുളിക ‍ അവരുടെ കൈവശമില്ലായിരുന്നു. അവിടന്നിറങ്ങി ഞാൻ ആദ്യം പോയ മരുന്നു കടയിൽ തന്നെ പോയി. ഗുളിക വാങ്ങിക്കുമ്പോൾ ചോദിച്ചു.
“ഇതിൽ നിന്നും എനിക്ക് ആവശ്യമുള്ള ഒൻപത് എണ്ണം മാത്രം കിട്ടാൻ ഒരു വഴിയുമില്ലെ...?”
മറുപടി ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി കടയിലെ ആ മലയാളിച്ചേച്ചി...
ഞാൻ വീണ്ടും ചോദിച്ചു.
“ഈ പാക്കറ്റിൽ പത്ത് ഗുളിക വീതമുള്ള അഞ്ച് ഷീറ്റുണ്ട്. ഒരു ഷീറ്റ് മാത്രമായിട്ട് തന്നു കൂടെ...?”
“അങ്ങനെ വിൽക്കാൻ പാടില്ല. കമ്പ്യൂട്ടറിൽ ഒന്ന് എന്നു മാത്രമെ അടിക്കാൻ പറ്റു. ഒന്ന് എന്നാൽ ഒരു ഗുളിക അല്ല. ഒരു പാക്കറ്റാണ്. അതായത് ഒരു പാക്കറ്റിന്റെ വില തന്നെ മുടക്കണം...?!”
“ബാക്കിയുള്ള പത്തുനാല്പതെണ്ണം ഞാനെന്തു ചെയ്യും...?”
“ഇനിയും ആവശ്യം വന്നാൽ ഉപയോഗിക്കാല്ലൊ... ഇല്ലെങ്കിൽ ദാ ആ‍ കാണുന്ന പെട്ടിയിലിട്ടേക്കു...!”

അവർ ചൂണ്ടിക്കാണിച്ച പെട്ടിയിൽ പകുതിയോളം പലതരം ഗുളികകൾ കിടക്കുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു.
“അതിനകത്തിട്ടാ എന്താ ഗുണം...?”
“ ഏതെങ്കിലും പാവപ്പെട്ട രോഗികൾക്ക് ഉപകാരപ്പെടും...!”

ഒൻപതെണ്ണത്തിന് പകരം അൻപതെണ്ണം വിറ്റു കാശാക്കുന്ന നിങ്ങൾ ഇത് പാവപ്പെട്ട രോഗികൾക്ക് വെറുതെ കൊടുക്കുമല്ലെ...?! നടന്നതു തന്നെ...!! എന്നു മനസ്സിലോർത്തു കൊണ്ട് ഞാനവിടന്നിറങ്ങി നടന്നു.

വെറുതെയാണോ ഇവറ്റകൾ നിന്ന നിൽ‌പ്പിൽ ചീർത്തു വരുന്നത്...!
ആവശ്യമില്ലാത്ത മരുന്നുകളും ആവശ്യത്തിലധികവും നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുകയല്ലെ....!!
രോഗം വന്നാൽ മരുന്നു വാങ്ങി കഴിക്കാണ്ടിരിക്കാൻ പറ്റുമോ...?

ആ ഒരേ ഒരു പ്രാവശ്യം മാത്രമേ പുറത്തു നിന്നും മരുന്നു വാങ്ങേണ്ടി വന്നുള്ളു. അവരുടെ ടൈംടേബിൾ അനുസരിച്ച് തന്നെ ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തി. ലാബും, സ്കാനിങ്ങും എല്ലാം സൌജന്യമായിരുന്നു. ഏഴാം മാസം ആകുമ്പോൾ നാട്ടിലേക്ക് വിടാമെന്നായിരുന്നു ഒരു കണക്കു കൂട്ടൽ. കാരണം ഒരു കൈ സഹായത്തിന് പെണ്ണൊരുത്തി തൊട്ടടുത്തെങ്ങും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ഫ്ലാറ്റുകളിലൊന്നും അറിയുന്ന കുടുംബങ്ങളും ഇല്ലായിരുന്നു.

സമയം പോകുന്തോറും ആ തീരുമാനങ്ങൾ മാറ്റേണ്ടിയും വന്നു. ഒന്നാമത് ചിക്കുവിന്റെ പഠിത്തം താറുമാറാകും. പിന്നെ അവരുടെ ടിക്കറ്റിനുള്ള കാശ് മാത്രം പോരല്ലൊ തിരിച്ചു പോകുമ്പോൾ...! മറ്റൊരു പ്രധാന കാരണം ഏറ്റവും കുറഞ്ഞ ആശുപത്രിച്ചിലവുകൾ തന്നെ....!

എന്തു വന്നാലും ഇവിടെത്തന്നെയെന്ന് ഞങ്ങളങ്ങുറപ്പിച്ചു. ഇവിടത്തെ സർക്കാർ സൌജന്യമായി സ്വദേശികളോടൊപ്പം പ്രവാസികളേയും പരിഗണിക്കുന്നത് അനുഭവിച്ചറിയുന്നു. ആശുപത്രിയിൽ ഞങ്ങളോടൊപ്പം ക്യൂ നിൽക്കുന്ന സ്വദേശികൾ അതിനു തെളിവല്ലെ.

ലാബിന്റെ മുൻപിൽ റിസൽറ്റും കാത്തിരിക്കുമ്പോളാണ് ഞങ്ങൾ ആ മലയാളി സ്ത്രീയെ പരിചയപ്പെടുന്നത്. അവരോടൊപ്പം പറക്കമുറ്റാത്ത മൂന്നു പെൺകുഞ്ഞുങ്ങളും. അപ്പോൾ അവർ ഗർഭിണിയും ആയിരുന്നു..... ജനിച്ചതിനു ശേഷം ആ മൂന്നു കുഞ്ഞുങ്ങളും തങ്ങളുടെ മാതൃരാജ്യം കണ്ടിട്ടേയില്ലത്രെ...!?


ബാക്കി അടുത്തതിൽ....