Tuesday 3 July 2018

കഥ - പേരിട്ടിട്ടില്ല.


കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

സ്ത്രീധനം കൂടാതെ ഗൾഫ് കാരനായ ശേഖരേട്ടൻ വിവാഹം കഴിക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങളുമായി കടന്നുവന്ന ഭാര്യ. അവളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കഴിയാത്തതിൽ എന്നും കുറ്റപ്പെടുത്തുന്ന ഭാര്യയുടെ സ്വഭാവം ശേഖരേട്ടന്റെ ജീവിതം നരകതുല്യമാക്കുന്നു

തുടർന്നു വായിക്കുക.

                                           4

സ്വപ്ന സാക്ഷാത്ക്കാരം...

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ശേഖരേട്ടൻ പറഞ്ഞു.
' പുതിയ ഒരു വിസ കണ്ടെത്തുകയെന്നു പറഞ്ഞാൽ അത്ര ഈസിയല്ല. ഒന്നാമത് അവർ ചോദിക്കുന്ന പണം  എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമായിരുന്നു അന്ന്. നമ്മുടെ സ്വന്തക്കാരെ കൊണ്ടു വരുമ്പോൾ അവന് ചേർന്ന ജോലിയും ശമ്പളവും ഉണ്ടാകണം. അങ്ങനൊരു ജോലിയോ അതിനായുള്ള പണമോ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവിതം തന്നെ ഒരു വഴിക്കായി നിൽക്കുമ്പോൾ ഞാനാരെ സഹായിക്കാനാ..'
ശേഖരേട്ടൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.. 
"ശേഖരേട്ടന്റെ അളിയനു വേണ്ടി ഞാനും കൂട്ടുകാരും ഒത്തിരി ശ്രമിച്ചിരുന്നു. ഞങ്ങടെ വർഗ്ഗീസ് ചേട്ടൻ ഒരുരൂപ പോലും കൊടുക്കേണ്ടാത്ത വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞതാ. 
ഏതു വിസയാന്നോ...'...? 
ആടു വിസ, ഒട്ടകവിസ എന്നൊക്കെപ്പറയുന്ന കൃഷിവിസക്ക് ഒരു രൂപ പോലും കൊടുക്കണ്ട. ടിക്കറ്റ് മാത്രം നമ്മളെടുത്താൽ മതി. 
പക്ഷേ, ഞങ്ങളാരും അതിനു സമ്മതിച്ചില്ല. 
വിസ കൊടുത്തില്ലെന്ന ഒരു കുറ്റമേ ഉണ്ടാകു. ആടുവിസക്ക് വരുന്നവൻ അനുഭവിക്കുന്ന ദുരിതം നമ്മൾ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. " 
ഞാൻ പറഞ്ഞ് നിറുത്തിയതും വിനുവേട്ടൻ ചോദിച്ചു.
''എന്നിട്ട് അളിയനെ കൊണ്ടു വന്നിരുന്നോ എപ്പഴെങ്കിലും...?''
ശേഖരേട്ടൻ പറഞ്ഞു.
'എനിക്കതിനു കഴിഞ്ഞില്ല. ഫ്രീ വിസക്ക് ഒരു ലക്ഷത്തിനു മേൽ അറബിക്ക് കൊടുക്കണം. അതും ജോലിയൊന്നുമില്ല. വരുന്നവൻ കണ്ടുപിടിച്ചു കൊള്ളണം. പോലീസ് പിടിച്ചാൽ അകത്തും കിടക്കണം ഒരു കുറ്റവാളിയേപ്പോലെ നാട്ടിലേക്കും കയറ്റിവിടും. ആ സമയത്ത് ചിട്ടിയിലൊന്നും ചേർന്നിരുന്നില്ല ഞാൻ.
പിന്നെ സമയം നന്നായപ്പോൾ, ചിട്ടിയൊക്കെ ഉള്ള സമയത്ത് അളിയനോട് ചോദിച്ചിരുന്നു പോരുന്നോയെന്ന്... അവനപ്പോഴേക്കും നാട്ടിൽ കെട്ടിടങ്ങൾ പെയിന്റടിക്കുന്നതിന്റെ കോൺട്രാക്ട് എടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയിരുന്നു. അതോടൊപ്പം അവനൊരു സ്കൂട്ടറും സ്വന്തമാക്കിയിരുന്നു. 

അവൻ സ്കൂട്ടറുമായി വീട്ടിൽ വരുമ്പോൾ സ്വന്തം പെങ്ങളുടെ മുഖം മങ്ങുന്നത് അസൂയ കൊണ്ടായിരുന്നു. ഗൾഫിൽ ജോലിയുള്ള എന്നേക്കാൾ മുമ്പ് അവൻ അത് സ്വന്തമാക്കിയതിലുള്ള അസൂയ. സ്വന്തം കൂടപ്പിറപ്പാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്നത് അവൾക്ക് സന്തോഷമൊന്നും നൽകിയില്ല. 
എല്ലാം കഴിഞ്ഞ് ഒന്നും നേടാനാവാതെ ഞാൻ തിരിച്ചു വന്നത് അവളുടെ എല്ലാ മോഹങ്ങൾക്കും തിരിച്ചടിയായി.

അങ്ങനെ വളരെ നിരാശയിലും സങ്കടത്തിലും അവളുടെ പീഡനത്തിലും സഹികെട്ടു കഴിയുമ്പോഴാണ് ഞങ്ങളുടെ മകന് ജോലി കിട്ടുന്നത്. അത് അവളുടെ പ്രതീക്ഷകളെ ആളിക്കത്തിച്ചു. ഞാൻ കാരണം അടിച്ചമർത്തേണ്ടി വന്ന സ്വപ്നങ്ങൾ വീണ്ടും വിരിയാൻ തുടങ്ങി. ആദ്യം മൂന്നു മാസം ട്രെയിനിംഗ് ആയിരുന്നു.അത് കഴിഞ്ഞ് നിയമനം കിട്ടി. ആദ്യം കിട്ടിയ ശബളം അവൻ എന്റെ കയ്യിൽ വച്ചു തന്നു. എനിക്കവനെയോർത്ത് അഭിമാനം തോന്നി. ഞാനത് അവനു തന്നെ തിരിച്ചു കൊടുത്തിട്ട് പറഞ്ഞു.
"' നിന്നെ ഈ നിലയിലേക്ക് എത്തിച്ചത് അമ്മയാ. അഛന് അതിലൊരു പങ്കുമില്ല. അഛൻ ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എന്നും. "
അത് തടഞ്ഞിട്ടെന്നോണം അവന്റെ അമ്മ ഇടക്ക് കയറിപ്പറഞ്ഞു.
"എന്തിനാ അങ്ങനെയൊക്കെ പറയണെ. അച്ഛൻ അഛന്റെ കടമയും അമ്മ അമ്മയുടെ കടമയും ചെയ്തു. അല്ലാതെ അഛനാ അമ്മയാന്നൊന്നും പറയണ്ട.''
"അതല്ലടി. ഞാൻ പറഞ്ഞു വന്നത്...."
"വേണ്ട ഒന്നും പറയണ്ട. എനിക്ക് സങ്കടം വരുമ്പോൾ ഞാനെന്തെങ്കിലും ചേട്ടനെ വഴക്ക് പറഞ്ഞൂന്നല്ലാതെ എന്റെ ചേട്ടനെ ഞാനൊരിക്കലും മാറ്റി നിറുത്തിയിട്ടില്ല. നമ്മുടെ മക്കളുടെ മുന്നിൽ അവരുടെ അഛനെ ഒരിക്കലും വിലകുറച്ച് പറഞ്ഞിട്ടുമില്ല.''
"ങാ...ശരി ശരി. അതൊക്കെ എനിക്കറിയാം. അതൊക്കെ പോട്ടെ...."
കൂടുതൽ കരച്ചിലും പിഴിച്ചിലിനും ഇടം കൊടുക്കാതെ ഞാൻ ഇടക്ക് കയറിപ്പറഞ്ഞു. 

ശബളം അവൻ അമ്മയുടെ കയ്യിൽ പിടിപ്പിച്ചു. അമ്മ അത് അങ്ങനെ തന്നെ എന്റെ കയ്യിൽ തരാനായി മുന്നോട്ടുവന്നു. "ഇതേ നിങ്ങൾ തന്നെ പിടിച്ചോ . എന്നിട്ട് വേണ്ടതെന്താന്ന് വച്ചാ ചെയ്തോ..." 
ഞാൻ പറഞ്ഞു.
'' തത്കാലം അത് അലമാരയിൽ കൊണ്ടുപോയി വയ്ക്ക്."
അവൾ അതുംകൊണ്ട് അകത്തേക്ക് പോയി. ഞാൻ മോനോട് പറഞ്ഞു.
" തൽക്കാലം വീടിനായി ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ട് അത്യാവശ്യമായി വേണ്ടത് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയെന്നതാണ്. എന്താ നിന്റെ അഭിപ്രായം...?"
"അഛനെന്താ ഉദ്ദേശിക്കുന്നത് ....?"
"'അതുതന്നെ. ഒരുവണ്ടി.... അമ്മയോട് ചോദിക്ക്...?"
അവനിഛിച്ചതും കാറ്, അഛനിഛിച്ചതും കാറെന്ന സന്തോഷത്തിൽ അകത്തേക്കോടി.

'ഇനിയുള്ള കാലം അവളെ സന്തോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. ഞാനാണവളുടെ സ്വപ്നങ്ങളൊക്കെ തകർത്തു കളഞ്ഞത്. ഇനി മോനായിട്ട് അതൊക്കെ നേടിക്കൊടുക്കട്ടെ. ഞാൻ കൂടെ നിന്നാൽ മതി. 

ഞങ്ങളെടുത്ത ആ തീരുമാനം ഞങ്ങളുടെ പതനത്തിനു തന്നെ കാരണമായി. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നമ്മളെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ഗുണം ചെയ്യാറില്ല. ഓരോന്നിനും ഓരോ സമയമുണ്ട്. ആ സമയത്ത് മാത്രമെ അതു സംഭവിക്കാവൂ...''

ശേഖരേട്ടൻ പറഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ മൂവരും കണ്ണും തള്ളി പരസ്പരം നോക്കിയിരുന്നതേയുള്ളു.
എങ്കിലും ഉള്ളിന്റെയുള്ളിൽ ആ സംശയം കിടന്നു പിടക്കുന്നുണ്ടായിരുന്നു.
'എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.....?! '

തുടരും...