ചെറുകഥ.
by വീകെ.
വൈറസ് ...
റേഷൻകടയ്ക്കുമുന്നിലെ മണ്ണെണ്ണവീപ്പയുടെ മുകളിൽക്കയറി രാജു ഇരുന്നു. എന്നും അത് പതിവാണ്. ഇടയ്ക്ക് അകത്തുകയറി പഞ്ചസാരച്ചാക്കിൽ കൈയിട്ട് ഒരുപിടി വാരി വായിലിട്ട് വായടച്ചുപിടിക്കും. ഉമിനീരിൽ പഞ്ചസാര കുറേശ്ശ അലിഞ്ഞലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്നത് ആസ്വദിച്ചിരിക്കാൻ രാജുവിന് വലിയ ഇഷ്ടമാണ്.
കാലത്ത് ഒൻപത് മണി കഴിഞ്ഞുള്ള ആ ഇരിപ്പിന് മറ്റൊരുദ്ദേശ്യവുംകൂടിയുണ്ട്. ഒൻപതേമുപ്പതിന് വരുന്ന 'ലൗലി 'ബസ്സിലെ മൂന്നാമത്തെ സീറ്റിലെ ആദ്യയാത്രക്കാരിയുടെ വിടർന്ന കണ്ണുകളുടെ മാസ്മകരികത രാജുവിന് മറക്കാനാവില്ല. നേരിട്ടുസംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഒരുദിവസംപോലും കാണാതിരിക്കാനാവില്ലതന്നെ. രാജുവിൻ്റെ സുഹൃത്തായ റേഷൻകടമുതലാളി പാപ്പച്ചൻ ഇവരുടെ ഈ കളികൾ കാണുന്നുണ്ടായിരുന്നു. അന്നൊരിക്കൽ പറയുകയും ചെയ്തു.
"വേണ്ട മോനെ രാജൂ...വേണ്ടാ ....."
"എന്താ .. പാപ്പച്ചൻചേട്ടാ.. സ്നേഹിക്കുന്നത് ഒരു കുറ്റമാണോ...?"
"സ്നേഹിക്കുന്നത് കുറ്റമൊന്നുമല്ല. പക്ഷേ, ആ കുട്ടിയുടെ അച്ഛൻ സമ്മതിച്ചുതരില്ല. അയാളുടെ മൂത്തമോള് ജോലിചെയ്തിരുന്ന ബാങ്കിലെ മാനേജരെ കല്യാണം കഴിച്ചത് അയാളെ വീഴ്ത്തിക്കളഞ്ഞു. ആ ചെറുക്കൻ ഞങ്ങടെ കൂട്ടരായിരുന്നു. പിന്നീട് കുറെക്കാലം പുറത്തിറങ്ങിയിരുന്നില്ല അയാൾ."
രാജു പിന്നൊന്നും ചോദിച്ചില്ല. എനിക്കവളെ വിധിച്ചിട്ടില്ലായിരിക്കും എന്നു കരുതി ജീവിച്ചുപോന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കവും നറുപുഞ്ചിരിയും ദിവസവും മുടങ്ങാതെ കാണണം.
ഒരു ദിവസം ബസ് വന്നസമയം രാജു മണ്ണെണ്ണ വീപ്പയുടെ മുകളിൽ കയറിയിരിക്കാതെ ഒരു തൂണിൻ്റെ മറവിൽ നിന്നു. ബസ്സ് വന്നുനിന്നപ്പോൾ രണ്ടുകണ്ണുകൾ അവിടമാകെ പരതിനടക്കുന്നത് കണ്ടു. തലവെട്ടിച്ച് ഇടത്തോട്ടും വലത്തോട്ടും നോക്കുന്നുണ്ട്. അതുകണ്ട് സങ്കടം തോന്നിയ രാജു വേഗം വെളിയിൽ വന്നു. പെട്ടെന്ന് ആ കണ്ണുകൾ രാജുവിൻ്റെ മുഖത്ത് നിശ്ചലമായി. 'അവൾ തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.' രാജുവിന് സന്തോഷമായി. ബസ് നീങ്ങിത്തുടങ്ങിയപ്പോൾ രണ്ടുപേരുടേയും കണ്ണുകൾക്ക് തീക്ഷ്ണത ഏറിയിരുന്നു.
'പാപ്പച്ചൻചേട്ടൻ പറഞ്ഞതുശരിയെങ്കിൽ ആ കണ്ണുകളെ സ്വന്തമാക്കാൻ തനിക്ക് കഴിയില്ല.' ദിവസങ്ങൾ കഴിയവേ നിരാശയോടെ രാജു ആ ആഗ്രഹം ഉപേക്ഷിച്ചു.
മാസങ്ങളേറെ കടന്നുപോയി.
രാജു ജോലികഴിഞ്ഞു് തിരിച്ചുവരുന്നവഴി ഒരു സുഹൃത്ത് അപകടം പറ്റി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞാണ് അങ്ങോട്ടുതിരിച്ചത്. വാർഡന്വേഷിച്ചുനടക്കുന്നതിനിടയിലാണ് ലേഡീസ് വാർഡിൻ്റെ വാതിൽക്കൽ ആ രണ്ടു കണ്ണുകൾ തന്നെ നോക്കിനിൽക്കുന്നതു കണ്ടത്...!
ആ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു.
കണ്ണുകളിൽ ഭയപ്പാട് നിഴലിട്ടിരിക്കുന്നു. തൊട്ടടുത്തെത്തിയിട്ടും ഒരു വാക്കുച്ചരിക്കാൻ രണ്ടുപേർക്കും കഴിയുന്നില്ല. രാജു മുന്നോട്ടുനടന്നു. അടുത്ത വാർഡിൻ്റെ വാതിൽക്കൽ എത്തിയപ്പോഴാണ് ചിന്തിച്ചത് ..
'ആ കണ്ണുകൾ എന്തോ ഒന്ന് തന്നോട് പറയാൻ ആഗ്രഹിക്കുന്നില്ലേ..?
എന്തോ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലേ..?
ഉണ്ട്...! ഉണ്ട്...!'
പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ അവിടെത്തന്നെയുണ്ട് ആ കണ്ണുകൾ.
തന്നെമാത്രം നോക്കിക്കൊണ്ട്.
പിന്നെ താമസിച്ചില്ല. രാജു അവളുടെ നേർക്ക് വേഗം നടന്നു. അടുത്തെത്തിയപ്പോൾ ചോദിച്ചു.
"എന്തു പറ്റി.... ?"
അവൾ മുപടിയൊന്നും പറയാതെ ശ്വാസം മുട്ടിയതുപോലെ നിന്നു.
രാജു വീണ്ടും ചോദിച്ചു.
"എന്തിനാ ഇവിടെ നിൽക്കണേ.. ആരാ ഇവിടെ....?''
അവൾ വിക്കിവിക്കിപ്പറഞ്ഞു.
"അ..മ്മ"
"അമ്മക്കെന്തു പറ്റി...?"
ഇപ്പോൾ സംസാരിക്കാനവൾക്ക് ധൈര്യം കിട്ടിത്തുടങ്ങി. ഉമിനീരിറക്കിയിട്ട് അവൾ പറഞ്ഞു.
"അമ്മ തലചുറ്റിവീണതാ. അമ്മയ്ക്ക് രക്തം വളരെ കുറവാണ്. പെട്ടെന്ന് രക്തം കയററണമെന്നു്. അച്ഛൻ രക്തം അന്വേഷിച്ച് പോയതാ.. കുറെനേരായി. ഞാൻ അച്ഛനെക്കാത്തുനിന്നതാ..."
അതുംപറഞ്ഞു് അവൾ നിന്നുകിതച്ചു. മുഖത്തെ വിയർപ്പുകണങ്ങൾ സാരിത്തലപ്പുകാണ്ടവൾ ഒപ്പിയെടുത്തു.
"ഏത് ഗ്രൂപ്പ് രക്തമാ...?"
അവൾ പറഞ്ഞ ഗ്രൂപ്പ് തൻ്റെ ശരീരത്തിൽ ആവശ്യത്തിനുണ്ടല്ലോ എന്നു പുഞ്ചിരി തൂവി.
പിന്നെ, അവളേയും കൂട്ടി ബ്ലഡ് ബാങ്കിൽച്ചെന്ന് ബ്ലഡ്ഡുകൊടുത്തു. രണ്ടു കുപ്പിയാണ് കൊടുത്തത്.
രണ്ടുദിവസം കഴിഞ്ഞു് ആവർ ആശുപത്രി വിട്ടു. ജോലിത്തിരക്കിനിടയിൽ രാജുവിന് കുറച്ചുദിവസത്തേക്ക് കാലത്ത് റേഷൻകടയ്ക്കുമുന്നിൽ എത്താനായില്ല.
അത് ഒരുകണക്കിന് പറഞ്ഞാൽ മനഃപൂർവ്വമായിരുന്നു. 'എത്ര കണ്ടാലും സ്നേഹിച്ചാലും തനിക്കവളെ സ്വന്തമാക്കാനാവില്ല. താനായിട്ട് എന്തിനാണ് ഒരു സങ്കടം ആ കുട്ടിക്ക് കൊടുക്കുന്നത്.' എന്നുള്ള തിരിച്ചറിവിൽ പതുക്കപ്പതുക്കേ പിൻവാങ്ങുകയായിരുന്നു.
പക്ഷേ, രാജുവിനെ കാണാതെ ഏറെ വിഷമത്തിലായിരുന്നു ആ കണ്ണുകൾ. പാപ്പച്ചൻ അത് ശ്രദ്ധിച്ചിരുന്നു, അവിടെ വരുമ്പോഴുള്ള നാലുപാടും നോക്കിയുള്ള ആ കണ്ണുകളുടെ പിടച്ചിൽ.
ഒരാഴ്ച കഴിഞ്ഞപ്പോൾ പാപ്പച്ചൻ്റെ വീട്ടിൽ വന്ന് ആ കുട്ടി സ്വന്തം വീട്ടിലേക്ക് പാപ്പച്ചനെ കൂട്ടിക്കൊണ്ടുപോയി. ആ കുട്ടിയുടെ അഛൻ കാണണമെന്നാഗ്രഹം പറഞ്ഞിട്ടാണ് വിളിച്ചുകൊണ്ടുപോയത്. സംസാരിച്ചിരിക്കുന്നതിനിടയിലാണ് അഛൻ അത് സൂചിപ്പിച്ചത്.
" പാപ്പച്ചാ .. ആശുപത്രിയിൽ നടന്നത് അറിയാല്ലോ.. ദൈവദൂതനെപ്പോലൊരാൾ വന്ന് രക്തം കൊടുക്കുക, അതും രണ്ടുകുപ്പി..! ഞാനന്വേഷിച്ചിട്ട് രക്തം കിട്ടാതെ തിരിച്ചുവരുമ്പോഴാ മോളക്കാര്യം പറയുന്നത്. അപ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു. എനിക്കൊന്നുകാണാനോ ഒരു നന്ദിവാക്കുപറയാനോ കഴിഞ്ഞില്ല. ആ സങ്കടത്തിലായിരുന്നു ഞാൻ. മോൾക്കയാളുടെ പേരും നാടുമൊന്നുമറിയില്ല. അപ്പഴാണ് പറയുന്നത് പാപ്പച്ചൻറെ റേഷൻ കടയിൽ നിൽക്കുന്നത് കാണാറുണ്ടെന്ന്. അതാ തന്നെ വിളിപ്പിച്ചത്...."
"ആളെ എനിക്കറിയാം. രാജൂന്നാ പേര്..."
"എങ്കിൽ അയാളെവിടാ താമസിക്കുന്നതെന്ന് പറയൂ. ഞാൻ പോയിക്കണ്ട് നന്ദി പറഞ്ഞോളാം.. "
"അതു വേണോ . അയാളോട് ഇങ്ങോട്ടുവരാൻ പറഞ്ഞാൽ പോരേ...?"
"ഹേയ്... അതൊട്ടും ശര്യാവില്ല. നമ്മളാ അയാളുടെ സഹായം സ്വീകരിച്ചത്. എൻ്റെ ശ്രീമതി ഇന്ന് ജീവിച്ചിരിക്കുന്നത് അയാൾകാരണമാ... അവിടെപ്പോയി നേരിൽ കണ്ട് നന്ദി പറയണം..
അപ്പോഴേക്കും അകത്തുനിന്ന് അദ്ദേഹത്തിൻ്റെ ശ്രീമതി ഇറങ്ങിവന്നിട്ടുപറഞ്ഞു.
"അതേയ്... അതിനെ ഇങ്ങോട്ടൊന്നുവിളിപ്പിക്കൂ... എൻ്റെ ശരീരത്തിലോടുന്ന രക്തത്തിൻ്റൊടമയെ എനിക്കും ഒന്നു നേരിൽ കാണണം... "
" എന്താ... പാപ്പച്ചാ .. താൻ പറഞ്ഞതുപോലെ അയാളോട് ഇങ്ങോട്ടൊന്നുവരാൻ പറയോ...?"
"നാളെ ഞാൻതന്നെ കൂട്ടിക്കൊണ്ടുവരാം.. "
പാപ്പച്ചൻ പോകാനായി തിരിഞ്ഞപ്പോൾ എന്തോ മറന്നതുപോലെ നിന്നു. എന്നിട്ട് പറഞ്ഞു.
"ഞങ്ങൾ അയൽപക്കത്തുകാർക്ക് എന്നും സന്തോഷം തോന്നിയിരുന്ന കുടുംബമായിരുന്നു ഇത്. മൂത്തമകളോടുള്ള ദേഷ്യമല്ലേ, ഈ അമ്മയുടെ അസുഖത്തിനും കാരണം. ആ കുട്ടിയെ കൂട്ടിക്കൊണ്ടുവരികയല്ലേ ഇനി വേണ്ടത്.."
"എന്താ പാപ്പച്ചാ താനീ പറയണേ...?"
"ഈ അമ്മ ഇപ്പോൾ സന്തോഷവതിയല്ലേ...? അസുഖങ്ങൾ മാറിയില്ലേ..? എന്താണതിനുകാരണം. ആരോ കൊടുത്ത രണ്ടുകുപ്പി രക്തം. അയാൾ നിങ്ങളുടെ ജാതിയാണെന്നുറപ്പുണ്ടോ...?"
അദ്ദേഹം അതിനെക്കുറിച്ച് അതുവരെ ആലോചിച്ചിരുന്നില്ല.
പാപ്പച്ചൻ്റെ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം ചാരുകസേരയിൽനിന്നെഴുന്നേറ്റ് പാപ്പച്ചൻ്റെ അടുത്തേക്ക് വന്നു. പാപ്പച്ചൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയതിൻ്റെ അർത്ഥം മനസ്സിലായ പാപ്പച്ചൻ പറഞ്ഞു.
"തീർച്ചയായും അയാൾ മറ്റൊരു ജാതിക്കാരനാ. നല്ലൊരു ചെറുപ്പക്കാരൻ. യാതൊരു ദുഃസ്വഭാവങ്ങളുമില്ലാത്ത ആരോഗ്യമുള്ള ചെറുപ്പക്കാരൻ്റെ രക്തമാണ് അമ്മയുടെ ശരീരത്തിൽ ഓടുന്നത്.
ആ രണ്ടു രക്തവും കൂടിക്കലരാൻ ദൈവങ്ങൾക്കുപോലും എതിർപ്പില്ലെങ്കിൽപ്പിന്നെ നമ്മൾ, മനുഷ്യർക്കെന്തു കാര്യം....?!"
അതുകേട്ടുനിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് അദ്ദേഹത്തെ സങ്കടപ്പെടുത്തി. അമ്മയെ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
"നീ കരയണ്ടാ .. പാപ്പച്ചൻ പറഞ്ഞത് സത്യമാണ്. വിശ്വാസങ്ങൾ എന്നും വിശ്വാസങ്ങൾമാത്രമാണ്. ശാസത്രമാണ് സത്യം. അതിന് ഏറ്റവും വലിയ തെളിവല്ലേ നീ .... നാളെത്തന്നെ നമ്മൾ മൂന്നുപേരുംകൂടി പോയി അവരെ വിളിച്ചുകൊണ്ടുവരുന്നു.... എന്താ ...?"
"അന്നേരം ഞാൻ രാജുവിനേയും കൂട്ടിവരാം.."
പാപ്പച്ചൻ അതും പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു.
"നാളെ ഒരു നേരത്തെ ഭക്ഷണം നമ്മളൊരുമിച്ച് കഴിക്കണം. രാജുവിനോടും പറഞ്ഞേക്കൂ....''
ശുഭം.