Friday 15 January 2010

സ്വപ്നഭുമിയിലേക്ക്..... ( 12 )


കഥ തുടരുന്നു....


പലപ്പോഴും ആ ചെറിയ അക്കങ്ങളിലൂടെ വിരലോടിച്ച് വെറുതെ നെടുവീർപ്പിടും...
എന്നെങ്കിലും ഇതിന്റെ ബാക്കി എനിക്ക് കിട്ടുമൊ... ?
എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണം....!

തുടർന്നു വായിക്കുക.....

മക്കൾ നന്നാവാൻ...

വൈകുന്നേരം ഞാൻ കട പൂട്ടി വീട്ടിലെത്തുമ്പോൾ ഹാളിനകത്ത് ഒരു മീറ്റിങ്ങിനെന്നവണ്ണം എല്ലാവരും വട്ടം കൂടിയിരുന്ന് തുറന്ന ചർച്ചയിലാണ്. ഞങ്ങളുടെ ഫ്ലാറ്റിലെ രണ്ടു പേർക്ക്, കുറച്ചു നാളായി പതിവിനു വിവരീതമായ ചില പെരുമാറ്റങ്ങൾ കാണാൻ തുടങ്ങിയിട്ട്.

പലരിൽ നിന്നും കാശു കടം വാങ്ങുകയാണ് ഒരു സ്വഭാവം. മറ്റൊന്ന് രാത്രി പാതിര കഴിയാതെ മുറിയിലെത്തില്ല. രണ്ടു പേരും ഒരിടത്തു തന്നെയാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞു വന്നാൽ
കുളിച്ച് ഡ്രസ്സെല്ലാം മാറി സെന്റൊക്കെ പൂശിയിട്ടാണ് പുറത്തു പോക്ക്.

കുറച്ച് നാള് കഴിഞ്ഞ് ഒരു പെൺകുട്ടിയുടെ ഫോൺ വരാൻ തുടങ്ങിയപ്പോഴാണ് സംഗതി
മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്. അതിനെക്കുറിച്ചായിരുന്നു ചർച്ച. ആ രണ്ടു പേർ
മാത്രം ഇല്ല. കണ്ണനും തമ്പിയും.

രണ്ടു പേരും രണ്ടു നാട്ടുകാരാണെങ്കിലും ഇവിടെ ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെ....!
പാചക കലയിൽ കണ്ണൻ ബഹു കേമൻ..!
ഓണത്തിനും വിഷുവിനും മറ്റും സദ്യയുടെ ചുറ്റു വട്ടങ്ങൾ എല്ലാം കണ്ണന്റെ വക.
ഞങ്ങൾ സാധനങ്ങളെല്ലാം അരിഞ്ഞ് ഒരുക്കി കൊടുത്താൽ മതി. രണ്ടു പേരും ഫ്രീ വിസയിൽ (അങ്ങനെയൊരു വിസയില്ല. അതൊരു ഓമനപ്പേരാണ്) വന്നവർ.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇതു വരെ വിസയൊന്നും പുതുക്കാതെ, സ്പോൺസർ
ആരെന്നു പോലും അറിയാതെ ജീവിക്കുന്നവർ. രണ്ടു പേരും കല്യാണവും കഴിച്ചിട്ടില്ല.
വീട്ടുകാർ ‘ഒന്നു വന്നിട്ടു പോടാ മക്കളെ’, കല്യാണം കഴിച്ചിട്ടു പോടാ മക്കളെ ‘യെന്നു
വിലപിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. അവരാണ് ഈയിടെയായി വൈകുന്നേരങ്ങളിൽ മുങ്ങുന്നത്...?

ചർച്ച പുരോഗമിച്ചപ്പോഴാണ് ഓരോരുത്തരുടേയും കയ്യിൽ നിന്നും കടം വാങ്ങിയ കാര്യം വെളിപ്പെടുന്നത്. രണ്ടു ദിവസം മുൻപ് ആരുടേയൊ ജന്മദിന പരിപാടിക്കായി ഒരാൾ ഒരു മോതിരവും മറ്റെയാൾ കൊള്ളാവുന്നൊരു വളയും വാങ്ങിച്ച കാര്യവും പുറത്തു വന്നു. അപ്പോൾ സംഗതി എന്തൊ പന്തികേടിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായി.

ഇനി ഇവരുടെ കാശെല്ലാം എവിടെയാണ് പോകുന്നതെന്നറിയണം. അവരോട് നേരിട്ടു ചോദിച്ചാൽ
പറയില്ല. എന്തായാലും ആരും കടം കൊടുത്തു പോകരുതെന്നു വിലക്കി. ഇനി ആ പെണ്ണു വിളിച്ചാൽ അവളോടു തന്നെ ചോദിക്കാം അവള് സത്യം പറയാൻ പോകുന്നില്ല. എന്നാലും അവളുടെ മറുപടി അറിയാല്ലൊ.

പിന്നെ ഒന്നു രണ്ടു ദിവസത്തേക്ക് അവൾ വിളിച്ചില്ല. ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങളെല്ലാം ഹാളിലിരിക്കുമ്പോൾ അവളുടെ വിളി വന്നു. എടുത്തത് രാജേട്ടനാണ്.
“ഹലൊ..”
“തമ്പിയണ്ണനുണ്ടൊ...?”  ശബ്ദം വളരെ താഴ്ത്തി ഒരു കൊഞ്ചലോടെ അവൾ.
രാജേട്ടൻ മറ്റവളാണെന്ന് മുന്നറിയിപ്പു തന്നു. ഞങ്ങളെല്ലാം അടുത്തു കൂടി. തമ്പിയും കണ്ണനും
ജോലി കഴിഞ്ഞെത്തിയിരുന്നില്ല. രജേട്ടൻ പറഞ്ഞു, സൌ‌മ്യമായ ശബ്ദത്തിൽ തന്നെ.
“ തമ്പി ജോലി കഴിഞ്ഞെത്തിയിട്ടില്ലല്ലൊ... നിങ്ങളാരാ...”
അതിനു മറുപടി പറയാതെ അവൾ
“ കണ്ണേട്ടനെ ഒന്നു തര്വൊ....”
“അയാളും എത്തിയിട്ടില്ല... നിങ്ങളാരാന്നു പറയൂ....”
“ഞാൻ പിന്നെ വിളിച്ചോളാം..” എന്നു പറഞ്ഞവൾ ഫോൺ വച്ചു കളഞ്ഞു.
“ഇവൾ ഏതൊ തരികിടയാ.. കെട്ടൊ.. തമ്പിയണ്ണനും കണ്ണേട്ടനും..!! എന്തൊരു ചേർച്ച...”

ഫോൺ വച്ചതിനു ശേഷം രാജേട്ടൻ എല്ലാവരോടുമായി പറഞ്ഞു ചിരിച്ചു.

രാജേട്ടൻ അവരോടൊപ്പം ജോലി ചെയ്യുന്ന ഒരുത്തനെ വിളിച്ച് ഇതിനെക്കുറിച്ച് ചോദിച്ചു. ആദ്യമൊന്നും അയാൾ പറഞ്ഞില്ല. പിന്നെ കുറെ നിർബ്ബന്ധിച്ചപ്പോഴാണ് സത്യം പറഞ്ഞത്.

അവൾ ഒരു ഹോട്ടലിലെ നർത്തകിയാണ്. കുറേ നാളായി ഇവരുടെ കാശു തിന്നാൻ തുടങ്ങിയിട്ട്. ഹോട്ടലിൽ മാത്രമല്ല, അവളുടെ ഫ്ലാറ്റിലും ഇവർ പോകുന്നുണ്ട്. ഇന്നവളുടെ ജന്മദിനമാണത്രെ.

“ അതു ശരി... അവൾക്ക് കൊടുക്കാനാണ് വളയും മോതിരവും കടം വാങ്ങിയ കാശു കൊടുത്ത് വാങ്ങി വച്ചിരിക്കുന്നത്.”
വിവരം അറിഞ്ഞ് എല്ലാവരും വളരെ ഖിന്നരായി.

‘ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ എന്തു ചെയ്യാനാകും....?’

തീർച്ചയായും ഇതവരുടെ വ്യക്തിപരമായ കാര്യമാണ്. ഇവിടെ വന്ന് ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകുന്ന സൌഹൃദത്തിനപ്പുറം ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല. എങ്കിലും നമ്മുടെ കൂടെ ജീവിക്കുന്ന രണ്ടു പേർ വഴി തെറ്റി പോകുന്നത് എങ്ങനെ നോക്കി നിൽക്കാനാകും.....?
നമ്മൾക്ക് കഴിയുന്നത് ചെയ്യണ്ടെ...?
നമ്മൾക്കൊന്നു ശ്രമിച്ചു നോക്കിയാലൊ...?
എന്തായാലും നമ്മളോടൊപ്പം താമസിച്ചു കൊണ്ട് ഇവർ വഴി തെറ്റണ്ട....‘

അങ്ങനെയൊരു തീരുമാനമെടുത്ത് ഞങ്ങൾ യോഗം പിരിഞ്ഞു. പിന്നെയും അവളുടെ ഫോൺ വന്നു. രാജേട്ടൻ തന്നെയാണെടുത്തത്... തമ്പിയും കണ്ണനും അപ്പോഴും വന്നിരുന്നില്ല. രാജേട്ടൻ ഇത്തിരി മൂർച്ച കൂട്ടി തന്നെ പറഞ്ഞു.
“ ഒന്നുകിൽ നീ ആരാണെന്നു പറ.. അവർ വരുമ്പോൾ നിങ്ങൾ വിളിച്ചിരുന്ന കാര്യം പറയാം.. ഇല്ലെങ്കിൽ ഇനി മേലാൽ ഇങ്ങോട്ടു വിളിക്കരുത്... ഇത് ഞങ്ങൾ ബാച്ചിലേഴ്സ് മാത്രം താമസിക്കുന്ന ഫ്ലാറ്റാ...”

അതു കേട്ടതും അവൾ മറുപടി ഒന്നും പറയാതെ ഫോൺ ശക്തിയായി വലിച്ചെറിയുകയോ മറ്റൊ ചെയ്തിരിക്കണം. അതു പോലുള്ള ശബ്ദമാണ് കേട്ടതെന്ന് രാജേട്ടനു തോന്നി.

കുറേ കഴിഞ്ഞാണ് തമ്പിയും കണ്ണനും വന്നത്. രണ്ടു പേരും പെട്ടെന്ന് കുളിയൊക്കെ കഴിഞ്ഞ് സെന്റൊക്കെ പൂശി പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ഒന്നുമറിയാത്തതു പോലെ ഞാൻ ചോദിച്ചു
“ നിങ്ങളെവിടേക്കാ ഈ നേരത്ത്...? “
“ ഇന്നൊരു ബർത്ഡേ പാർട്ടിയുണ്ട്.... “
അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു
“ ഇപ്പൊത്തന്നെ ഒൻപതര കഴിഞ്ഞു. ഇതിനകം അത് കഴിഞ്ഞിട്ടുണ്ടാകില്ലെ....”
“ഹേയ്.. ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞിട്ടേ വരൂള്ളൂന്ന് പറഞ്ഞിട്ടുണ്ട്.. “
“നിങ്ങളെ രണ്ടു പേരേയും വൈകുന്നേരം മുതൽ ഒരു പെണ്ണു വിളിക്കുന്നുണ്ടായിരുന്നു. ആ‍രാന്നവൾ
പറഞ്ഞില്ല....”
“പെണ്ണോ...!!? ”
അതു കേട്ടതും അവർ മുഖത്തോടു മുഖം ഒന്നു നോക്കി. ഞങ്ങളൊന്നുമറിഞ്ഞില്ലെ രാമ നാരായണയെന്ന മട്ടിൽ...!!
“ ഹേയ് ചേട്ടനു തോന്നിയതായിരിക്കും....” എന്നു പറഞ്ഞവർ വേഗം പുറത്തു കടന്നു....

പിറ്റേന്ന് നേരം വെളുത്തപ്പോൾ മുതൽ അവരുടെ പെരുമാറ്റത്തിൽ നേരിയ ഒരു വ്യത്യാസം കണ്ടു തുടങ്ങി. ഞങ്ങളോടൊക്കെ വല്ലാത്തൊരു ദ്വേഷ്യ ഭാവം. രാജേട്ടൻ ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഇരട്ടിയായി അവൾ അവരോട് കൊളുത്തിക്കാണും.

രണ്ടു മൂന്നു ദിവസം അവരത് കൊണ്ടു നടന്നു. ഞങ്ങളത് ഗൌനിക്കാൻ പോയില്ല.
ഒരു ദിവസം രാജേട്ടൻ തുറന്നു തന്നെ പറഞ്ഞു.
“ നിങ്ങൾക്ക് ഞങ്ങളോടുള്ള ഈ ദ്വേഷ്യഭാവത്തിന്റെ കാരണം ഞങ്ങൾക്കറിയാം. ആ പെണ്ണ് ഏതാണെന്നും അറിയാം. അതിലൊന്നും ഞങ്ങൾ ഇടപെടുന്നില്ല. തമ്പിയാണ് അവളുമായിട്ട് ആദ്യം
അടുത്തത്. അതു കഴിഞ്ഞ് പറഞ്ഞു പിരികേറ്റി കണ്ണനെക്കൂടി കൂട്ടി. ഇനിയും ആളുകൾ ഇവിടെയുണ്ട്. അതുകൊണ്ട് ഇതു ഇങ്ങനെ തുടർന്നു കൊണ്ടുപോകാൻ പറ്റില്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കാം. പക്ഷെ, ഇവിടെ താമസിച്ചു കൊണ്ട് പറ്റില്ല. അതു കൊണ്ട് അടുത്തമാസം മുതൽ വേറെ ഫ്ലാറ്റു നോക്കിക്കൊ...”

രണ്ടു പേരും പരസ്പ്പരം നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഞങ്ങളെല്ലാം കൃത്യമായി വിവരങ്ങൾ അറിഞ്ഞിരിക്കുന്നുവെന്ന് അവർക്ക് ബോദ്ധ്യമായി. എന്നിട്ടും അവളെ വിടാൻ അവർ തെയ്യാറായിരുന്നില്ല. അവർ മാറി താമസിക്കാൻ മുറി അന്വേഷിച്ചു നടക്കുന്നതായി പിന്നീട്  ഞങ്ങൾക്ക് വിവരം കിട്ടി.

ആ മാസത്തെ അവസാനത്തെ വെള്ളിയാഴ്ച ഒരു മുന്നറിയിപ്പുമില്ലാതെ രണ്ടു പേരും കൂടി അവളുടെ ഫ്ലാറ്റിന്റെ വാതിൽക്കൽ ചെന്ന് ബെല്ലടിച്ചു. രണ്ടു മൂന്ന് ബെല്ലടിക്ക് ശേഷമാണവൾ വാതിൽ തുറന്നത്. തല മാത്രം പുറത്തേക്കിട്ട് നോക്കിയ അവൾ ഇവരെ കണ്ട് ഒന്നു ഞെട്ടിയോ...?

പെട്ടെന്നവൾ വാതിലടച്ചു. തൊട്ടടുത്ത നിമിഷം തന്നെ വീണ്ടും വാതിൽ തുറന്നവൾ പുറത്തിറങ്ങി. രണ്ടാഴ്ചക്ക് മുൻപ് ജന്മദിനത്തിന് അവൾ അണിഞ്ഞിരുന്ന അതേ ഡ്രെസ്സിൽ തന്നെയായിരുന്നു ഇന്നും....!! മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു....!!

വാതിൽ അടയുന്നതിനു മുൻപ് പാളി നോക്കിയ തമ്പി കണ്ടു, അകത്തൊരു വിരുന്നുകാരൻ...!!
ഇറങ്ങി വന്ന ഉടൻ അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ തട്ടിക്കയറി.
“ നിങ്ങളോടാരാ ഇപ്പൊ ഇങ്ങൊട്ടു വരാൻ പറഞ്ഞെ...? എന്നോട് മുൻക്കൂട്ടി പറയാതെ വരരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെ...?”

അസമയത്തുള്ള ഇവരുടെ വരവിലുള്ള പ്രതിഷേധം അവൾ മറച്ചു വച്ചില്ല. തമ്പി പെട്ടെന്നു തോന്നിയ ദ്വേഷ്യമെല്ലാം കടിച്ചമർത്തി പറഞ്ഞു.
“ അതുകൊണ്ട്, മാസത്തിൽ നാലും അഞ്ചും ജന്മദിനങ്ങൾ ആഘോഷിക്കുന്നവളാണ് നീയെന്ന്
മനസ്സിലായില്ലെ..“
“ അതൊക്കെ എന്റെ ഇഷ്ടം...” അവളും ചൂടായി..
“ വാടാ...” തമ്പിയെ പിടിച്ച് വലിച്ച് കണ്ണൻ പുറത്തേക്കു നടന്നു..

ഇതിനകം ഈടാക്കാവുന്നതിലധികം അവൾ പിടുങ്ങിക്കാണും. ഇനിയിപ്പോൾ ഇവർ പോയാലും
കുഴപ്പമില്ലന്ന് അവൾ ചിന്തിച്ചിരിക്കും.....!!!
അടുത്ത ഇര അകത്തിരുപ്പുണ്ടല്ലൊ.....!?

*********************************************************************************************
*********************************************************************************************
പിന്നാമ്പുറം.....

കയ്യിലെ കാശെല്ലാം തീർന്ന് അതിലേറെ കടവുമായപ്പോഴാണ് രണ്ടു പേർക്കും നാട്ടിൽ പോകണമെന്നു തോന്നിയത്. അതിനായി അടുത്ത പൊതുമാപ്പു വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ആറേഴു വർഷങ്ങൾ ജീവിതത്തിൽ നിന്നും വെറുതെ നഷ്ടപ്പെട്ടിരുന്നു..

വീട്ടിൽ നല്ല ചുറ്റുപാടുകൾ ഉള്ളവരായിരുന്നു. അതുകൊണ്ട് നാട്ടിലേക്കൊന്നും അയക്കേണ്ടതില്ലായിരുന്നു. പണിയെടുത്ത് കിട്ടിയതെല്ലാം ഇവിടെത്തന്നെ ദീപാളി കുളിച്ചു.
കടം വാങ്ങിയതൊന്നും തിരിച്ചു കൊടുക്കാനുമായില്ല.....
ഞങ്ങൾക്കെല്ലാം ആയിരങ്ങൾ തരുവാനുണ്ട്.....
അതെല്ലാം ഞങ്ങളും ഉപേക്ഷിച്ചു....
പിന്നെയും കൂട്ടുകാരിൽ നിന്നും പിരിവെടുക്കേണ്ടി വന്നു നാട്ടിലെത്താൻ..!!!.

വർഗ്ഗീസേട്ടൻ പറഞ്ഞതു പോലെ
“വീട്ടിലെ ശല്യം നാട്ടിലേക്കു കൂടി വ്യാപിക്കുമ്പോഴാണു, വീട്ടുകാർ നന്നാവാനായി കേറ്റി വിടുന്നത്...” അതും ശരിയായിരിക്കും.

“ ഇതതൊന്നുമല്ല... സ്ത്രീധന മാർക്കറ്റിൽ വീട്ടുകാർക്ക് വില പേശാനൊരു കാരണം..
മോൻ ഗൽഫിലാണെന്നു പറയാല്ലൊ...”
അന്ന് ഗൾഫുകാർക്ക് ഇത്തിരി വിലയുണ്ടായിരുന്ന കാലമായിരുന്നു. അങ്ങനേയും വരാം.

ഇങ്ങനേയും ചില ജീവിതങ്ങൾ ഈ സ്വപ്നഭൂമിയിൽ വന്ന്, സ്വന്തം പിടിപ്പു കേടു കൊണ്ട് മാത്രം
ഗതി കിട്ടാതലയുന്നുണ്ടിപ്പോഴും...

ബാക്കി അടുത്തതിൽ....

Friday 1 January 2010

സ്വപ്നഭുമിയിലേക്ക്...... ( 11 )


 കഥ തുടരുന്നു...

ചുവപ്പും മഞ്ഞയും പ്രകാശം വർഗ്ഗീസേട്ടന്റെ മുഖത്ത് വർണ്ണങ്ങൾ വിതറുന്നത് ഞാൻ നിറകണ്ണുകളോടെ കണ്ടു.....!!!
തുടർന്നു വയിക്കുക....

വ്യഭിചാരപുംഗവൻ....


വർഗ്ഗീസേട്ടൻ പെട്ടെന്നു വാതിൽ തുറന്ന് പുറത്തേങ്ങിറങ്ങി...
ഉടനെ തിരിച്ചു വന്നു പറഞ്ഞു.
” എടാ അവിടെ ഒരാക്സിടന്റ് ...!?”
കേട്ടതും ഞങ്ങളെല്ലാവരും പുറത്തെക്കോടി. ഹൈവേയിൽ ഞങ്ങളുടെ അടുത്തു തന്നെ കാൽനട
യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഒരു സിഗ്നൽ ഉണ്ടായിരുന്നു. അവിടെയായിരുന്നു അപകടം സംഭവിച്ചത്.

മൂന്നു നാല് പോലീസ് കാറുകളും അതോടൊപ്പം ഒരു ആമ്പുലൻസും പാഞ്ഞെത്തിയിരുന്നു. ഞങ്ങൾ ചെല്ലുമ്പോഴേക്കും അപകടം പറ്റി വീണു കിടക്കുന്ന ആളെ ആമ്പുലൻസിൽ കയറ്റിക്കഴിഞ്ഞിരുന്നു. ഞങ്ങൾ എത്തുന്നതിനു മുൻപു തന്നെ അത് വിടുകയും ചെയ്തു. രാത്രി ഏറെ വൈകിയിരുന്നതു കൊണ്ട് അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. വാഹനങ്ങളും കുറവായിരുന്നു.

ഒരു സൈക്കിൾ യാത്രക്കാരനെയായിരുന്നു ഏതൊ കാർ ഇടിച്ചിട്ടത്. സൈക്കിളിന്റെ ചക്രമെല്ലാം ഒടിഞ്ഞ് ഒരു വശത്ത് കിടക്കുന്നുണ്ടായിരുന്നു. റോഡിൽ ചോര തളം കെട്ടിക്കിടക്കുന്നു. വർഗ്ഗീസേട്ടൻ ഒരു പോലീസുകാരന്റടുത്ത് ചോദിച്ചു.
“ഏതു രാജ്യക്കാരനാ സാറെ.. ?”
“അറിയില്ല. ബംഗ്ലാദേശിയാണെന്നു തോന്നുന്നു...” പോലീസുകാരൻ.

ഒരു വെളുത്ത കാറാണെന്ന് അപകടം നടന്നതിന്റെ തൊട്ടു പിന്നാലെ വന്ന കാറുകാരൻ പറഞ്ഞു. അയാളാണ് പോലീസിനെ വിളിച്ചത്. സൈക്കിളുകാരനെ തട്ടിത്തെറിപ്പിച്ച കാറുകാരൻ നിറുത്താതെ പോയി.

“എടാ ഇത്രയൊക്കെയുള്ളു... ഇവിടെ നമ്മ്ടെക്കെ ജീവിതം..”
വർഗ്ഗീസേട്ടൻ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.
“ ഒരു ചെറിയ അശ്രദ്ധ .. അതു മതി ജീവിതം തീരാൻ..”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ നടന്നു. പിന്നാലെ ഞങ്ങളും.

പാതി രാത്രി ആയതു കൊണ്ട് അന്നു പിന്നെ എന്നെത്തേടി പോലീ‍സ് വരുമെന്നു തോന്നുന്നില്ല. എനിക്കും ഒരു ധൈര്യമൊക്കെ തോന്നിത്തൂടങ്ങി. പിന്നെ സമാധാനമായി പോയി കിടന്നെങ്കിലും ഉറക്കം മാത്രം എന്റെ കണ്ണുകളെ തഴുകിയില്ല.

കാലത്ത് കടയിലെത്തിയിട്ടും ഒരു വല്ലാത്ത വിമ്മിഷ്ടം എന്റെ നെഞ്ചിൽ തങ്ങിനിന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് മദാമ്മയും ഈജിപ്ഷ്യനും കൂടി കടയിലെത്തി. അവൾ ചിരിച്ചു കുഴഞ്ഞ് മറിഞ്ഞിട്ടാണ് വരവ്. ഞാനും അറിയാതെ ഒരു ദീർഘശ്വാസം വിട്ടു. അപ്പോൾ അറബി കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ലന്നുറപ്പായി.
വർഗ്ഗീസേട്ടൻ പറഞ്ഞത് ശരിയായിരിക്കും.
“ അവൾ സുന്ദരിയല്ലെ...!! അറബി മയങ്ങി വീണിട്ടുണ്ടാകും...”

പക്ഷെ, അറബി പുതിയ താഴിട്ടു പൂട്ടി അവളുടെ സ്ഥാപനം. ഇനി അവൾ ഇംഗ്ലണ്ടിൽ പോയി അവളുടെ ഷെയർ വിറ്റു കാശുമായി വന്നിട്ടു വേണം ബാക്കി കാര്യങ്ങൾ നടത്താൻ.
ഏതായാലും എനിക്ക് ഭീതിതമായ ഒരു രാത്രി സമ്മാനിച്ചതല്ലെ....!!
അവാളോടുള്ള ദ്വേഷ്യമെല്ലാം മറന്ന് ഞാനൊരു ചായ കൊടുത്തു....

അവൾ പോയതിനു ശേഷം ഈജിപ്ഷ്യന്റെ അടുത്തു ചെന്ന് എന്റെ പോക്കറ്റിൽ കിടക്കുന്ന പൈസയെടുത്ത് അവനെ ഏൽ‌പ്പിച്ച്, വാങ്ങിയ കാശിന്റെ തുകയെഴുതി ഒപ്പിട്ടു തരാനായി ഞാൻ ഒരു കടലാസ്സും അവനെ ഏൽ‌പ്പിച്ചു.

അവൻ അതു വാങ്ങിയില്ല. ഇന്നു വേണ്ട നാളെ മതിയെന്നു പറഞ്ഞവൻ തിരിച്ചു തന്നു. ഇതു കടയിലെ പിരിവാണ്. ഈജിപ്ഷ്യൻ ഒന്നും രണ്ടും ആഴ്ച കൂടുമ്പോഴെ എന്റെ കയ്യിൽ നിന്നും വാങ്ങൂ. ഈ ദിവസങ്ങളത്രയും ഞാൻ ഇതും പോക്കറ്റിലിട്ടു കൊണ്ട് നടക്കണം.

കടയിൽ പൂട്ടുള്ള മേശയുണ്ടെങ്കിലും ഈജിപ്ഷ്യനെ വിശ്വസിക്കാൻ പറ്റാത്തതു കൊണ്ട് അതിനകത്തു വക്കാറില്ല. മുറിയിൽ കൊണ്ടു പോയാലും പൂട്ടുള്ള മേശയൊ അലമാരയൊ ഒന്നുമില്ല. ഞങ്ങൾ എട്ടു പത്തു പേരുള്ള ഫ്ലാറ്റിൽ എവിടെ ഞാനിത് ഭദ്രമായി വക്കും. അതു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ തന്നെ സൂക്ഷിക്കും. ഈ വിവരം ആരോടും പറയാറില്ല. ആരെങ്കിലും ചില്ലറ അന്വേഷിച്ചു നടക്കുമ്പോൾ പോലും ഞാൻ ഇതിൽ നിന്നെടുത്ത് കൊടുക്കാറില്ല.

അങ്ങനെയിരിക്കെ ഫ്ലാറ്റിലെ ഒരു ചെറിയ മുറി ഒഴിവു വന്നു. രണ്ട് മാസം മുൻപെ ഒരുത്തനു കൊടുത്തതാണ്. ഫ്ലാറ്റിലെ നിയമങ്ങളെല്ലാം പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് കൊടുത്തത്. അതിൽ രണ്ടു കട്ടിലിടാനെ സ്ഥലമുള്ളു. രണ്ടു പേരുടേയും അലമാര വക്കാൻ പറ്റില്ല. അതു കൊണ്ട് ആ മുറി ആരെങ്കിലും ഒറ്റക്കെടുക്കുന്നവർക്കേ കൊടുക്കുമായിരുന്നുള്ളു.

ഒറ്റക്കെടുക്കുന്നവർ രണ്ടു പേരുടെ വാടക തരണമെന്നു മാത്രം. പുതിയതായി വന്നയാൾ ഞങ്ങളുടെ ഫ്ലാറ്റിലെ താമസക്കാരുടെ വരവും പോക്കുമെല്ലാം മനസ്സിലാക്കിവച്ചു.

ഒരു ദിവസം ഉച്ചക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫിലിപ്പൈൻ‌കാരി പെണ്ണുമായി അവൻ മുറിയിൽ കയറി വാതിലടച്ചു.....!?
പക്ഷെ, അവളുടെ ചെരിപ്പ് ഹാളിലിട്ടിരുന്ന കാര്യം അന്നേരം അവരോർത്തില്ല. അവരുടെ കഷ്ടകാലത്തിന് സമീർ അന്നു നേരത്തെ വന്നു. വാതിൽക്കൽ ഒരു ഹൈ ഹീൽഡ് ചെരിപ്പു കണ്ട അവൻ ഒന്നന്താളിച്ചു.....!!

പരിശോധനയിൽ അത് ചെറിയ മുറിയിലെ വിരുന്നുകാരിയാണെന്ന് പിടിത്തം കിട്ടി.
“ങാ ഹാ....!!’ അത്രക്കായൊ. രണ്ടുമൂന്നു പിള്ളേരുള്ളവരും, പെണ്ണു കെട്ടാത്ത പിള്ളേരു വരെ താമസിക്കുന്ന ഫ്ലാറ്റാണ്. ഇതിന്റെടേല് അവന്റെ വ്യഭിചാരമോ... ഇന്നു തന്നെ തീർത്തു തരാം...“

സമീർ ഉടനെ തന്നെ ശേഖരേട്ടനെ വിവരം അറിയിച്ചു. അവരങ്ങനെയാണ്. ശേഖരേട്ടനും സമീറും ഒരു കൂട്ടിലെ രണ്ടിണക്കുരുവികളാണ്. അവർ രണ്ടു പേർക്കിടയിൽ രഹസ്യങ്ങളില്ല. അങ്ങനെ വിവരം നാലു പാടും പാഞ്ഞു.

ഫ്ലാറ്റിലെ എല്ലാവരും ഇതിനകം വിവരമറിഞ്ഞു. അവർ പുത്തിറങ്ങുന്നതും കാത്ത് സമീർ ഹാളിൽ ടീവിയിൽ കണ്ണും നട്ടിരുന്നു. ആദ്യം വ്യഭിചാരപുംഗവൻ പതുക്കെ വാതിൽ തുറന്ന് തല പുറത്തെക്കിട്ട് പരിസരം ഒന്നു നോക്കിയതും പെട്ടെന്ന് വാതിൽ വലിച്ചടച്ചുകളഞ്ഞു....!!
സമീർ പുറത്തിരുന്നു ടീവി കാണുന്നുണ്ടായിരുന്നുവല്ലൊ.

“ചതിച്ചല്ലൊ.. ദൈവമെ..” എന്നവൻ തലയിൽ കൈ വച്ച് പറഞ്ഞു കാണണം. പിന്നെ കുറെ നേരത്തെക്ക് അനക്കമൊന്നും കേട്ടില്ല. പിന്നെ നിവൃത്തിയില്ലാതെ വന്നപ്പോൾ ധൈര്യപൂർവ്വം അവർ പുറത്തിറങ്ങി. സമീറിനെ കണ്ടതും അവൻ ഒന്നു പരുങ്ങി.
പിന്നെ സമീറിനോടായി പറഞ്ഞു
” ഓഫീസ് സ്റ്റാഫാ..”
“ ഓ..” സമീർ വായ ഒന്നു കോട്ടി.

പെട്ടെന്ന് പുറത്തെക്കുള്ള വാതിൽ തുറന്നു രണ്ടു പേരും മറഞ്ഞു.
അന്നു രാത്രി അവന്റെ വരവും കാത്ത് ഞങ്ങളെല്ലാം ഹാളിലിരുന്നു. പാതിര കഴിഞ്ഞിട്ടും അവൻ വന്നില്ല. പിറ്റേന്ന് കാലത്ത്, രാത്രി വളരെ വൈകി വന്നു കിടന്ന അവനെ വിളിച്ചുണർത്തി രാജേട്ടൻ പറഞ്ഞു

“ നിന്നേപ്പോലെ ഞങ്ങൾ എട്ടൊൻപതു പേർ വേറെയുണ്ടിവിടെ... പെണ്ണു കെട്ടിയവരും കെട്ടാത്തവരും ഉണ്ട്. ഒരു പ്രശ്നമുണ്ടായാൽ നിരപരാധികളായ ഞങ്ങളും അതിനു സമാധാനം പറയേണ്ടിവരും. നിനക്കതാണ് താലപര്യമേങ്കിൽ അതാവാം. പക്ഷെ, ഈ ഫ്ലാറ്റിൽ താമസിച്ചു കൊണ്ട് പറ്റില്ല. അതുകൊണ്ട് വൈകീട്ട് ഞങ്ങൾ വരുന്നതിനു മുൻപ് നീ മുറി ഒഴിഞ്ഞിരിക്കണം. മുറി തരുന്നതിനു മുൻപ് എല്ലാ കണ്ടീഷൻസും പറഞ്ഞിരുന്നതാണ്. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം...”

അവൻ മറുപടി ഒന്നും പറയാതെ വാതിലടച്ചു കളഞ്ഞു. അന്നു വൈകീട്ടു ഞങ്ങൾ വരുമ്പോഴേക്കും അവൻ മുറി വിട്ടിരുന്നു. ആ മുറി പിന്നെ പുറത്ത് ആർക്കും കൊടുത്തില്ല. അത് ഞാനൊറ്റക്കെടുത്തു. രണ്ടു പേരുടെ വാടക കൊടുക്കണം. പറ്റിയ ഒരാളെ കിട്ടിയാൽ കൂടെ കൂട്ടാം.

അപ്പുറത്തെ മുറിയിലെ നായരേട്ടന്റെ ഒരു മേശ ഹാളിൽ കിടപ്പുണ്ടായിരുന്നു. അതെടുത്ത് അകത്തിട്ട് പുതിയ പൂട്ടും പിടിപ്പിച്ചു. അതിനകത്ത് പോക്കറ്റിൽ കിടന്ന കടയിലെ കാശെടുത്തു വച്ചു പൂട്ടി. മുറിയും അകത്തു നിന്നും പൂട്ടി അന്നു രാത്രി ഞാൻ സുഖമായി കിടന്നുറങ്ങി, യാതൊരു പേടിയും കൂടാതെ.... !

ദുബായിലെ ഞങ്ങളുടെ തലസ്ഥാനത്തു നിന്നും ഒരാൾ ഇവിടത്തെ കാര്യങ്ങൾ അറിയാനായി വന്നിരുന്നു. അയാൾ ഉണ്ടായിരുന്ന ആ ഒരാഴ്ച ഈജിപ്ഷ്യനും കൃത്യമായി കടയിൽ വരികയും ചെയ്തു. ഈജിപ്ഷ്യനെക്കൂറിച്ചുള്ള വിവരങ്ങൾ എന്റടുത്തു നിന്നും ചോർത്തിയെടുത്ത് അവൻ തലസ്ഥാനത്തെക്ക് കൈമാറി. ഒരാഴ്ച കഴിഞ്ഞ് അയാൾ തിരിച്ചു പോയി.

അയാൾ പോയതിനു ശേഷം ഈജിപ്ഷ്യൻ വീണ്ടും പഴയപടിയായി. കടയിൽ ഞാനൊറ്റക്കായി. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
എന്റെ പോക്കറ്റിൽ നിറയെ ദിനാറുകൾ കെട്ടുകളായി കിടക്കുമ്പോഴും ഭക്ഷണത്തിനും, വാടകക്കും മറ്റുമായി സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു. എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരെന്നെ സഹായിക്കുന്നത്. ഇതെന്നു കിട്ടുമെന്ന് എനിക്കും ഒരു നിശ്ചയമില്ല.

വല്ലപ്പോഴും എന്റെ നിർബ്ബന്ധം സഹിക്കവയ്യാതാവുമ്പോൾ തരുന്നത് മുറിയിലെ കടം വീട്ടാൻ പോലും തികയുമായിരുന്നില്ല. നാട്ടിലേക്ക് നാലും അഞ്ചും മാസം കൂടുമ്പോൾ മാത്രമാണ് എന്തെങ്കിലും അയച്ചിരുന്നത്....

പിന്നെയും മാസങ്ങൾ കടന്നു പോയി. തലസ്ഥാനത്തു നിന്നും ഇടക്കിടക്ക് വന്നിരുന്നവർ ഇവിടത്തെ വിവരങ്ങൾ മുതലാളിമാർക്ക് കൈമാറി. അവർ തുടർന്ന് ഒരു തീരുമാനത്തിലെത്തി. പുതിയ ഒരു മാനേജരെ നിയമിക്കുക....!

എന്റെ ദുരിതങ്ങൾ തീർക്കാനായി (?) വരുന്ന ആ പുതിയ മാനേജരേയും കാത്ത് ഞാനുമിരുപ്പായി ദുബായിലോട്ട് കണ്ണും നട്ട്....!!
അവൻ മറ്റൊരു ഈജിപ്ഷ്യനായിരിക്കുമോ.... !?
അങ്ങനെ ആകരുതേയെന്ന് മുപ്പത്തി മുക്കോടി ദേവഗണങ്ങളോടും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടാകും....

അടുക്കള ചുമരിൽ എഴുതിയിട്ടിരുന്ന എന്റെ പറ്റു കണക്കിന്റെ നീളം കൂടിക്കൂടി വന്നിരുന്നു. എഴുതിത്തുടങ്ങിയ കാലത്ത് നിന്നുകൊണ്ട് എഴുതിയിരുന്നത് ഇന്ന് നിലത്ത് കുത്തിയിരുന്നെഴതണം... അത്രയും നീളം വച്ചിരിക്കുന്നു. ....!
പലപ്പോഴും ആ ചെറിയ അക്കങ്ങളിലൂടെ വിരലോടിച്ച് വെറുതെ നെടുവീർപ്പിടും.... !
എന്നെങ്കിലും ഇതിന്റെ ബാക്കി എനിക്ക് കിട്ടുമൊ... ?
എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണം....!!?

ബാക്കി അടുത്ത പോസ്റ്റിൽ....