Sunday 15 January 2012

ഓര്‍മ്മയുടെ തീരത്ത്...
നേരം വൈകിയതിനാൽ കുറച്ച് വേഗത്തി്ൽ ഓടുകയായിരുന്നില്ലങ്കിലും നടത്തമത്സരത്തിലെ നടത്തം പോലെയായിരുന്നു എന്റെ പോക്ക്. ഒൻപത് മണിക്ക് കാർഡ് പഞ്ച് ചെയ്തിട്ട് വേണം അകത്ത് കയറാൻ. നേരം വൈകി എഴുന്നേറ്റതുകൊണ്ട് മുഖം മാത്രം കഴുകി വസ്ത്രം മാറ്റി ഓടുകയായിരുന്നു. റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കയറി. സാധാരണ ഇത്തരം സന്ദർഭങ്ങളിലെ പതിവ് രീതിയായിരുന്നു അത്. അതിലെ പോയാൽ പകുതി വഴി ലാഭം. കുറച്ചങ്ങു ചെല്ലുമ്പോൾ ഒരു വീടിന്റെ പിന്നിലായി കുറച്ചു വിസ്താരമുള്ള ഇടമുണ്ട്. അവിടെയാണ് അത്യാവശ്യം മൂത്രശങ്കയൊക്കെ വഴിപോക്കർ നടത്തുക.

ഇന്നവിടെ കുറച്ച് അറബി പിള്ളേര് കൂടി നിൽക്കുന്നത് കണ്ട് ഒരു നിമിഷം ഞാനൊന്ന് നിന്നു.
വേഗത്തിൽ നടന്നതു കൊണ്ട് നന്നായി അണക്കുന്നുണ്ടായിരുന്നു. വിദേശികൾ ഒറ്റക്കു നടക്കുന്നതു കണ്ടാൽ പ്രത്യേകിച്ച് ഏഷ്യക്കാരെ കണ്ടാൽ ഇവന്മാരിൽ ചിലർക്ക് രസിക്കില്ല. ഇന്നാളൊരു ദിവസം ഒരുത്തന്റെ ലുങ്കിയും പറിച്ചുകൊണ്ട് ഇവന്മാർ ഓടുന്നത് കണ്ടിട്ടുള്ളതുകൊണ്ട് ഒരു പേടി. മറ്റേ വഴിയിൽക്കൂടി പോകാൻ ഇനിയും സമയമില്ലാത്തതുകൊണ്ട് മടിച്ചാണെങ്കിലും ഞാൻ മുന്നോട്ടു തന്നെ നടന്നു. അടുത്തെത്തിയിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയതല്ലാതെ അവന്മാർ ശ്രദ്ധിക്കുന്നതുപോലുമില്ല. വളരെ ആകാംക്ഷപൂർവ്വം എന്തോ കാണുകയാണെല്ലാവരും. ഞാനുമൊന്ന് എത്തിച്ചു നോക്കി.
കണ്ണു തള്ളിപ്പോയി...!! എല്ലാവരും കൂടിയിരുന്ന് ഒരു മോബൈലിൽ നീലച്ചിത്രം കാണുകയാണ്. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതേയില്ല. ഞാനവിടെ നിന്നില്ല. കത്തിച്ചു വിട്ടു. ഈ സമയത്ത് അവരുടെ കണ്ണിൽ‌പ്പെടുന്നത് ആരോഗ്യത്തിനു നന്നല്ല.

കുറച്ചു ചെന്നിട്ട് തിരിഞ്ഞു നോക്കി. എല്ലാവർക്കും ഒരു പത്തു പന്ത്രണ്ട് വയസ്സിന്റെ ചുറ്റുവട്ടമേ കാണൂ...!! കമ്പനിയിൽ ചെന്നിട്ടും ആ കുട്ടികളായിരുന്നു മനസ്സിൽ. ആ പ്രായത്തിൽ എന്റെ ഗ്രാമത്തിൽ മോബൈൽ പോയിട്ട് ഒരു റേഡിയോ പോലും ഇല്ലായിരുന്നു. പിന്നെയും എത്രയോ മുതിർന്നതിനു ശേഷമാണ് ഒരു സിനിമക്കെങ്കിലും പോയിട്ടുള്ളത്. കിട്ടിയ സമയത്തിന് അന്നത്തെ ആ സിനിമാഭ്രാന്തിലേക്ക് ഞാനൊന്നൂളിയിട്ടു.

എന്നും ചായ കുടിക്കുന്ന വാസുനായരുടെ ചായക്കട വെറുമൊരു ചായക്കട മാത്രമായിരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു വായനശാല കൂടിയായിരുന്നു. അതുപോലൊന്നാണ് കുറുപ്പിന്റെ ബാർബർ ഷോപ്പ്. ദിവസേന പത്രം വാങ്ങാൻ കഴിവില്ലാത്ത ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഗമസ്ഥാനങ്ങളായിരുന്നു ഇവ രണ്ടും. മാതൃഭൂമി, മലയാള മനോരമ, കേരള കൌമുദി, ദേശാഭിമാനി ഇത്യാദി പത്രങ്ങൾ എല്ലാം ഒറ്റയടിക്ക് ഇരുന്നു വായിച്ചു തീർക്കാൻ പറ്റുന്ന സ്ഥലങ്ങൾ.

അവിടെയിരുന്നു വായിക്കുന്നതിന് പ്രത്യേകം പണമൊന്നും കൊടുക്കേണ്ടങ്കിലും ഒരു ചായയെങ്കിലും കുടിക്കേണ്ടത് ഒരു സാമാന്യ മര്യാദ. അതിനപ്പുറത്തേക്ക് പൂട്ടിന്റെയും കടലക്കറിയുടേയും മണം മൂക്കിലടിച്ചു കേറുമ്പോൾ പത്രം വായന അറിയാതെ നിന്നു പോകും. കണ്ണ് കണ്ണാടിക്കൂട്ടിൽ കറങ്ങി നടക്കുന്നതോടൊപ്പം വായിലൂറുന്ന വെള്ളത്തിൽ കപ്പലോടിക്കാം. ചില്ലറ ഇല്ലന്നറിയാമെങ്കിലും പോക്കറ്റിൽ അറിയാതെ ഒന്നു തപ്പിപ്പോകും.

പത്രം ഓരോന്നായി അരച്ചു കലക്കി കുടിച്ചിരിക്കെ പുറകിൽ നിന്നാരൊ തോണ്ടിയതായി തോന്നി. തിരിഞ്ഞപ്പോൾ പടനായരാണ്. എന്റെ കൂട്ടുകാരൻ. ഞാൻ പേപ്പർ അവിടെയിട്ട് ചായ ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന തണുത്തുപോയ ഒരിറ്റു ചായ കൂടി വായിലേക്ക് കമഴ്ത്തി എഴുന്നേറ്റപ്പോൾ വാസു നായരെ ഒന്നു നോക്കാതിരുന്നില്ല.

ചായക്കുള്ള കാശിന് പോക്കറ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. കാശ് കയ്യിലില്ലെങ്കിൽ അതാണ് പതിവ്. വാസു നായരെ ഒന്നു നോക്കും. മറ്റാർക്കൊ ചായ എടുത്തു കൊണ്ടിരിക്കുന്നതിനിടയിലായതു കൊണ്ട് ആ ചായ ഗ്ലാസ് മേശപ്പുറത്ത് ഒരു കുത്തു കുത്തും. ആ ശബ്ദം കേട്ടാലറിയാം അത്ര ഇഷ്ടമായിട്ടില്ലാന്ന്. എന്നാലും ഒന്നും ചോദിക്കില്ല. അടുത്ത ദിവസം വരുമ്പോൾ ഇന്നലത്തെ കാശ് തന്നിട്ടില്ലാന്ന് പറയാതെ പറയാൻ ചായ കൊണ്ടുവക്കുമ്പോൾ മേശപ്പുറത്ത് ഇത്തിരി ശബ്ദത്തിൽ ഒരു കുത്ത്.

എന്നാലും
വളരെ നല്ല മനുഷ്യനായിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപും വാസു നായർക്ക് അവിടെ ചായക്കടയുണ്ട്. എന്റെ അച്ഛന്റെ നല്ല സുഹൃത്തായിരുന്നു. മാത്രമല്ല ഞങ്ങൾ അയൽവാസികളും.

പുറത്തിറങ്ങി പടനായരെ കണ്ടു. ഞാൻ ചോദിച്ചു.
എന്താടാ..?’
അവൻ മറ്റാരും കാണാതെ താഴേക്ക് കണ്ണ് കാണിച്ചു. ചായക്കടയുടെ മൂലയിൽ ചാരി വച്ചിരിക്കുന്ന പോസ്റ്ററിലാണ് കണ്ണു ചെന്നത്.
‘ങേ.. ‘ ഞാനുമൊന്നു ഞെട്ടി.
ഒരു സിനിമാ നടിയുടെ സെക്സിയായ ഒരു ഫോട്ടൊ. അതെ ഒരു ‘A' പടം തന്നെ. അയിരൂർ തീയറ്ററിൽ ആണ്.

ഞാൻ നിർന്നിമേഷനായി ആ പോസ്റ്ററിൽ തന്നെ നോക്കി നിൽക്കെ വിശ്വനാഥൻ എന്ന പടനായർ, ഞങ്ങൾ ‘പട’ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന പട എന്നെയും തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
എടാ..ഇന്നു വ്യാഴാഴ്ചയാ. ഇന്നേക്കു മാത്രാ പടം. നാളെ പടം മാറും. ഇതിനകത്ത് ഒരുമറ്റവൻചേർത്തിട്ടുണ്ടെന്നു പോസ്റ്ററൊട്ടിക്കാൻ വന്നവൻ പറഞ്ഞു. അതു കൊണ്ട് ഇന്നു തന്നെ സെക്കന്റ് ഷോക്ക് പോണം....”

അക്കാലത്ത് സെക്സ് പടങ്ങളൊന്നും അത്ര സർവ്വസാധാരണമായിരുന്നില്ല. വല്ലപ്പോഴും വരുന്ന 'A' പടങ്ങളായിരുന്നു ആശ്രയം. അതും പാതിരാപ്പടങ്ങളായി മാത്രം. ഞാൻ പറഞ്ഞു.
"എടാ ഇത്ര പെട്ടന്ന് കാശെങ്ങനെയുണ്ടാക്കും... ആരെല്ലാം വരുന്നുണ്ടന്നറിയില്ലല്ലൊ...?
“ഈ പടമായതുകൊണ്ട് എല്ലാവരും വരും..”
മാധവൻ, ശ്രീധരൻ,രവി,വേണു, രാജു പിന്നെ നീയും ഞാനും...ഏഴെട്ടു പേരു വരും... ഏതായാലും ഞാനൊന്നു കറങ്ങീട്ടു വരാം. നിനക്കു പാസ്സുണ്ടല്ലൊ പോസ്റ്ററൊട്ടിക്കുന്നതിന് ?”

പട
അടക്കാമര വാരിയും ചാക്കും കൊണ്ട് ബോർഡുണ്ടാക്കി വക്കും. അടുത്തുള്ള തീയറ്ററുകളിലെ പോസ്റ്ററെല്ലാം അതിൽ ഒട്ടിക്കും. അവർ അതിനു പാസ്സും കൊടുക്കും. അതുകാരണം എല്ലാ തീയറ്ററിലും അവനു ഫ്രീയാ. പട പറഞ്ഞു.
“എന്റെ കാര്യം വിട്..മറ്റുള്ളവരുടെ കാര്യം നോക്കിയാ മതി...”
എന്നാ പിന്നെ വൈകുന്നേരം കാണാം..” അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

ഞാൻ നേരെ വീട്ടിലേക്കു വിട്ടു. അച്ഛൻ കാശ് വക്കുന്ന മേശയിൽ തപ്പി. ആകെ ഒരഞ്ചു രൂപാ നോട്ട് മാത്രമെയുള്ളു. അതെടുത്താൽ അറിയും. വേറെ ചില്ലറ ഒന്നും കണ്ടില്ല. അമ്മ കഞ്ഞി കുടിക്കാൻ വിളിച്ചിട്ടും നിൽക്കാതെ തറവാട്ടിലെക്കു വിട്ടു.
അവിടെച്ചെന്ന് രവിയോട് വിവരം പറഞ്ഞു. സെക്കന്റ് ഷോക്ക് പോയാൽ അഛൻ ചീത്ത പറയുമെന്നു പറഞ്ഞ് അവൻ ഒഴിഞ്ഞു. പിന്നെ ഞാൻ കുളിക്കടവിലേക്കു ചെന്നു. കുളിക്കാനായി കടവിൽ ആരും ഉണ്ടായിരുന്നില്ല.

പെരിയാറിന്റെ തീരത്തെ ഞങ്ങളുടെ കുളിക്കടവിനു പടിഞ്ഞാറു വശത്ത് നിറഞ്ഞു നിൽക്കുന്ന കൈതക്കാടുകൾക്കിടയിൽ പരതി നടന്നു. അപ്പോൾ കണ്ടു നാളികേരം ഒരെണ്ണം...!
അതെടുത്ത് കരക്കിട്ടു.
തെങ്ങു കയറിയപ്പോൾ ഉരുണ്ടു പോയതാണ്. അന്നേരം ഞങ്ങൾ സ്ഥലത്തുണ്ടെങ്കിൽ ആരും കാണാതെ കാലു കൊണ്ട് തട്ടി കൈതക്കാട്ടിലേക്ക് മാറ്റിയിടാറുണ്ട്. കൈതക്കാട്ടിൽ നല്ല മൂർഖൻ ഉൾപ്പടെയുള്ള പാമ്പുകളുടെ ആവാസസ്ഥലമാണിവിടം. തേങ്ങ പെറുക്കിയിടാൻ വരുന്ന പെണ്ണുങ്ങൾ പാമ്പിനെ പേടിച്ച് ഇതൊന്നും ഇറങ്ങിയെടുക്കില്ല. ആ നാളികേരമായിരുന്നു ഞങ്ങളുടെ ചിലവിനത്തിൽ നല്ലൊരു ഭാഗം തന്നിരുന്നത്.

പുഴയുടെ തീരത്ത് നിന്നും രണ്ടെണ്ണം കൂടി കിട്ടി. ആ പറമ്പിന്റെ പടഞ്ഞാററ്റത്തു നിന്നും വടക്കോട്ട് ഒരു തോടുണ്ട്.
‘കാളത്തി‘ തോട്. അവിടം നിറയെ സർപ്പക്കാടും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വന്മരങ്ങളും ഉണ്ട്. അധികവും കരിമ്പനകൾ. വളരെ ഉയരത്തിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കരിമ്പനത്തലപ്പുകളിൽ തൂങ്ങിയാടുന്ന വവ്വാലുകളും അവയുടെ ‘കീ കീ’ ശബ്ദവും വല്ലാത്തൊരു ഭീകരത സൃഷ്ടിച്ചിരുന്നു. അന്നേരം ഞാൻ ഒറ്റക്കേ ഉള്ളുവെങ്കിലും പേടിയൊന്നും തോന്നിയില്ല. അതിനുള്ളിൽ പരതിയപ്പോൾ രണ്ടു മൂന്നെണ്ണം കൂടി കിട്ടി.

പിന്നെയും സർപ്പക്കാടിനുള്ളിൽ പരതുമ്പോൾ ഒരു സീൽക്കാരം കേട്ടു തിരിഞ്ഞു നോക്കി.
അതാ നിൽക്കുന്നു ഒരു മൂർഖൻ..!! പത്തിയും വിടർത്തി....!! ഞാൻ വിറച്ചു പോയി...!! പേടിച്ച് അനങ്ങാതെ നിന്നു. എന്റെ കയ്യിൽ ഒരു തേങ്ങയുമുണ്ട്. അതുകൊണ്ടെന്തു ചെയ്യാൻ. എന്റെ കാലിന്റെ അടുത്തു തന്നെ ഉണങ്ങിയ ഒരു തെങ്ങിൻ പട്ടയും ഉണ്ടായിരുന്നു. പത്തി വിടർത്തിയ പാമ്പ് പോകാൻ കൂട്ടാക്കുന്നില്ല.

ഞാൻ
‘ശൂ..ശൂ..’ ന്നൊക്കെ ഒച്ചയെടുത്തിട്ടും മൂപ്പിലാൻ അനങ്ങാൻ കൂട്ടാക്കുന്നില്ല.
എന്റെ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ശല്യമുണ്ടാക്കിയ ഇവനാരെടാ...’എന്ന ഭാവം. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഇത്തിരി നീളം കൂടിയ ഇനമാണെന്നു തോന്നി. അതോടെ എന്റെ ധൈര്യമെല്ലാം പതുക്കെ ചോർന്നു തുടങ്ങി. ശരീരം വിയർക്കാനും തുടങ്ങി. ഞാൻ പതുക്കെ കുനിയാതെ, എന്റെ നോട്ടം മാറ്റാതെ നിലത്തിരുന്ന് തേങ്ങ താഴെയിട്ടിട്ട് അടുത്തു കിടന്ന ഉണക്കമടൽ എടുത്ത് എന്തിനും തെയ്യാറായി നിന്നു. ഇവിടെങ്ങാനും വച്ച് പാമ്പു കടിയേറ്റാൽ ഒരു മനുഷ്യനും അറിയില്ല. ഇവിടെ കിടന്ന് ചത്തു പോകത്തേയുള്ളു. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഉണക്ക മടലിന്റെ അറ്റം പാമ്പിന്റടുത്തേക്കു പതുക്കെ നീട്ടിയതും മൂപ്പിലാൻ പത്തി താഴ്ത്തി. പിന്നെ പതുക്കെ പിന്നോട്ട് വലിഞ്ഞു. എന്റെ ശ്വാസം നേരെ വീണു.

ഇനി തേങ്ങാന്വേഷണം മതിയാക്കാമെന്നു തീരുമാനിച്ചു. ശരീരത്തിന്റെ വിറയൽ ഇതുവരെയും നിലച്ചിട്ടില്ല. കിട്ടിയ തേങ്ങയുമായി കുളിക്കടവിനടുത്ത് വന്നിരുന്നു. ഇനി ഇതെല്ലാം പൊതിച്ചെടുക്കണം.
തറവാടിന്റെ തെക്കെ മുറ്റത്ത് തൊഴുത്തിനോട് ചേർന്ന് കുഴിച്ചിട്ടിരുന്ന തേങ്ങ പൊതിക്കാനുള്ള മരക്കുറ്റി(തേങ്ങാ പാര) പിഴുതെടുത്ത് കുളിക്കടവിൽ അടിച്ചു താഴ്ത്തി. ഒരു കണക്കിന് തേങ്ങയെല്ലാം പൊതിച്ചെടുത്തു. മരക്കുറ്റി പഴയതു പോലെ ഇരുന്നിടത്ത് തന്നെ കൊണ്ടുപോയി കുഴിച്ചിട്ടു.

ഒരു ചാക്കുസഞ്ചിയിൽ തേങ്ങയെല്ലാം എടുത്തിട്ട് കാളത്തി തോട്ടിലൂടെ നടന്ന് മനക്കലെ പറമ്പ് കേറിയിറങ്ങി ബണ്ടുങ്ങലെ മാധവൻ ചേട്ടന്റെ കടയിൽ കൊടുത്ത് കാശും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും വയറ് കത്തിക്കാളുന്നുണ്ടായിരുന്നു.

പിന്നെ വൈകുന്നേരമാവാൻ കാത്തിരുന്നു. അത്താഴം നേരത്തെ കഴിച്ച് അഛൻ വരുന്നതിനു മുൻപ് വീട്ടിൽ നിന്നിറങ്ങി. ഇല്ലെങ്കിൽ ചിലപ്പോൾ സിനിമക്ക് പോക്ക് അതോടെ തീരും. കവലയിൽ ചെന്നതും മാധവനും രാജുവും കലുങ്കിൽ ഇരുപ്പുണ്ട്. പട അച്ചൻ ഉറങ്ങുന്നതും കാത്തിരിക്കുന്നു പുറത്തിറങ്ങാൻ. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ശ്രീധരൻ പതുങ്ങി പതുങ്ങി വരുന്നു.

അങ്ങനെ അഞ്ചു പേരുടെ കോറം തികഞ്ഞതും കുടിൽ‌പ്പടിയിൽ നിന്നും നേരെ വടക്കോട്ട് പാട വരമ്പിലൂടെ നടന്നു. ആരുടെ കയ്യിലും ഒരു ടോർച്ച് പോലും ഇല്ല. ഒരു ചെറിയ നാട്ടു വെളിച്ചം മാത്രം. മഴ വരാനുള്ള എല്ലാ ലക്ഷണവുമുണ്ട്. മാനം മൂടിക്കെട്ടിത്തുടങ്ങി. തണുത്ത കാറ്റും വീ്ശുന്നുണ്ട്. കിഴക്കൻ മലയിൽ എവിടെയോ മഴ പെയ്യുന്നുണ്ടാവണം.

നെൽ‌പ്പാടത്തിനു
നടുവിലൂടെ ‘കുളക്കരത്തോടു ’ കടന്നു പോകുന്നു. അതിന്റെ ഇരു വശത്തുമായി ഇടതൂർന്ന് കൈതക്കാടുകളാണ്. അവിടെത്തിയപ്പോൾ പടനായർ മുങ്ങി.
ഇവനെവിടെപ്പോയ്..?” ഞങ്ങൾ അവിടെ ചുറ്റുപാടും നോക്കി. അപ്പോഴുണ്ട് തോട്ടിൽ കൂടി നടന്നു വരുന്ന അവന്റെ കയ്യിൽ രണ്ടു താറാമുട്ട. പകൽ തോട്ടിൽ താറാവിനെ ഇറക്കിയിരുന്നു. ഇനിയും നോക്കിയാൽ കിട്ടും . പക്ഷെ സമയമില്ല.

‘കുളക്കരത്തോട് ’ ചാടിക്കടന്നു മലായിക്കുന്നു കയറിയിറങ്ങി വടക്കെ പാടത്തെ ‘മറുതാ‘ കുളത്തിന്റെ വക്കത്ത് കൂടി അരണ്ട വെളിച്ചത്തിൽ ഞങ്ങൾ വർത്തമാനം പറഞ്ഞ് നടന്നു. മറുത കുളത്തിന്റെ വക്കത്ത് വന്നപ്പോൾ നടത്തത്തിന്റെ വേഗത ഒന്നു കുറഞ്ഞു. പട്ടാപ്പകൽ പോലും അതിലെ വഴി നടക്കാൻ പേടിയാണ്. മറുതയുണ്ടെന്നു കേട്ടറിവെയുള്ളു. കണ്ടവരില്ല. തീപ്പന്തം പാഞ്ഞുവന്ന് കുളത്തിൽ ചാടുമത്രെ. അതുകൊണ്ട് ആ ഭാഗം കടന്നു പോകാൻ ഭയമാണ്. ഈ കുളത്തിന് നല്ല ആഴവും വലിയ മീനുകളും ധാരാളമുണ്ട്.

വീണ്ടും അവിടന്ന് നെൽ‌പ്പാടങ്ങൾക്ക് നടുവിലൂടെ നടന്ന് വടക്കെ അറ്റത്ത് ചാലക്കുടിപ്പുഴയുടെ തീരത്തെത്തി. ഈ പുഴ ഇവിടെ വരുമ്പോൾ ഒരു തോടിന്റത്രയെ വലുപ്പമുള്ളു. മുൻപു നല്ല വീതിയുണ്ടായിരുന്നുവെന്ന് പരിസരം കണ്ടാലറിയാം. എല്ലാവരും നികത്തി നികത്തിയാണ് ഇപ്പോൾ ഇങ്ങനെയായത്.

ആഴം കുറഞ്ഞ വശത്തിറങ്ങി നടന്നു. മുന്നോട്ട് നീങ്ങുന്തോറും മടക്കി കുത്തിയ മുണ്ടിന്റെ അടിവശം നനഞ്ഞു കുതിർന്നു. നടുക്കലേക്ക് ചെല്ലുന്തോറും വെള്ളം കൂടുതലാണെന്ന് മനസ്സിലായി. എന്നിട്ടും നനഞ്ഞു തന്നെ അക്കരെ ചെന്നു പറ്റി. നനഞ്ഞ മുണ്ട് അവിടെ വച്ച് പിഴിഞ്ഞുടുത്ത് വീണ്ടും നടന്നു. അപ്പോഴേക്കും തീയറ്ററിൽ സെക്കന്റ് ഷോക്കുള്ള പാട്ടു വച്ചത് കേട്ടു.

തീയറ്ററിൽ എത്തിയിട്ടും റോഡിൽ തന്നെ നിന്നു. മുറ്റത്ത് ആരൊക്കെയുണ്ടെന്ന് നോക്കി. ഞങ്ങളെ പോലെയുള്ള പിള്ളേർ മാത്രമല്ല, ഞങ്ങൾക്ക് പരിചയമുള്ളവരുടെ കൂട്ടത്തിൽ നാട്ടിലെ മാന്യന്മാരും സ്കൂട്ടറിനും മറ്റും വന്ന് നേരത്തെ അകത്തു കയറി സീറ്റ് പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പൊഴെ അകത്തു കയറാൻ പറ്റില്ല. കാരണം 'A' പടമല്ലെ. പ്രായപൂർത്തിയായവർക്കു മാത്രമെന്ന് പ്രത്യേകം എഴുതിവച്ചിട്ടുണ്ട്...!

ലൈറ്റ് ഓഫാക്കിയിട്ട് കയറിയാ മതിയെന്ന് തീരുമാനിച്ചതിനാൽ പടം തുടങ്ങാ‍നായി പുറത്ത് കാത്തിരുന്നു. പടനായരുടെ കയ്യിലുള്ള താറാമുട്ട കൊടുത്ത് കപ്പലണ്ടിയും ഒരു പാട്ടു പുസ്തകവും വാങ്ങി. പട ഇന്നേവരെ ഒരു മൂളിപ്പാട്ടു പോലും മൂളുന്നത് കേട്ടിട്ടില്ല. എന്നാലും ഏതു പടത്തിനു പോയാലും അതിന്റെ പാട്ടു പുസ്തകം അവൻ വാങ്ങിക്കും. ഓരോരുത്തർക്കും ഓരോ തരം ഭ്രാന്തുകളാണല്ലൊ. അപ്പൊഴേക്കും മൂടിക്കെട്ടിയ ആകാശം പതുക്കെ പെയ്തൊഴിയാൻ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ശക്തിയായ മഴയാണ്. അടുത്തുള്ള പെട്ടിക്കടയുടെ സൈഡിലേക്ക് മാറി നിന്നു. ലൈറ്റ് ഓഫായതും ഞങ്ങൾ ഓടി ബഞ്ചിന്റെ ആദ്യത്തെ നിരയിൽ തന്നെ ഇരുന്നു.

തല കുനിച്ച് പിടിച്ച് തിരിഞ്ഞു നോക്കി. പരിചയക്കാർ ആരെങ്കിലും കണ്ടുവൊ..?
ചില മാന്യന്മാർ കച്ചമുണ്ടു കൊണ്ടു മുഖവും തലയും മറച്ചിരുന്നാണ് കാണുന്നത്. മറ്റു ചിലർ തല നന്നെ താത്തിപ്പിടിച്ച് മുൻപിലെ കസേരയിൽ താടി മുട്ടിച്ച് വച്ചാണ് ഇരിക്കുന്നത്. പടം കാണുകയും വേണം, എന്നാൽ തങ്ങളെ മറ്റാരും കാണാനും പാടില്ല. എങ്ങനെ ചിരിക്കും, ചിരിക്കാതിരിക്കും..

പ്രതീക്ഷിച്ചതു പോലെ അവിടവിടയായി ചില സീനുകൾ കാണിച്ചിരുന്നു. അത്തരം സീനുകൾ വരുമ്പോൾ ജനം കൂവി ആർത്തു വിളിച്ചു. സിനിമ തീരുന്നതിനും മുൻപു തന്നെ ഞങ്ങൾ എഴുന്നേറ്റു പുറത്തു കടന്നു. അകത്തിരിക്കുന്ന പകൽ മാന്യന്മാർ പുറത്തിറങ്ങി ഞങ്ങളെ കാണുന്നതിനു മുൻപു തന്നെ. അല്ലെങ്കിൽ നാളെ ഞങ്ങളെ കാണുമ്പോൾ അവർ തല കുനിച്ച് പോകേണ്ടി വരുന്നത് ഒഴിവാക്കി കൊടുക്കണമല്ലൊന്നോർത്തിട്ടാണെ...!

സിനിമ തുടങ്ങുന്നതിനു മുൻപു തുടങ്ങിയ മഴ നിന്നിട്ടില്ല. മഴ നനഞ്ഞു തന്നെ ഞങ്ങൾ ഓടി. റോഡിൽ നിന്നും പാട വരമ്പിലേക്കിറങ്ങുന്നതു വരെ ഓട്ടം തുടർന്നു. പുഴയുടെ തീരത്തെത്തിയപ്പോൾ കണ്ണു തള്ളിപ്പോയി. വെള്ളം ഏറെ പൊങ്ങിയിരിക്കുന്നു. നിറുത്താതെ പെയ്യുന്ന മഴ മലകളിൽ നേരത്തെ തുടങ്ങിയിരിക്കണം. നല്ല ഒഴുക്കുമുണ്ട്. ‘എന്തു ചെയ്യുമടാ...’എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. വിശാലമായ നെൽ‌പ്പാടങ്ങളാണ് ചുറ്റിലും. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ചെറിയൊരു നാട്ടു വെളിച്ചം മാത്രം കൂട്ടിനുണ്ട്. പടനായർ പറഞ്ഞു.
ദാ.. കാണുന്ന മുരിങ്ങ മരത്തിന്റെ ചുവട്ടിൽ എത്തണം.”
“ ശരിയാണ്, ഇങ്ങോട്ടു വന്നപ്പോൾ ആ മരത്തെ ചൂറ്റിപ്പിടിച്ചാണ് താഴേക്കിറങ്ങിയത്..” ഞാൻ പറഞ്ഞു.
അവിടെ എത്തണമെങ്കിൽ നമ്മൾ കുറച്ചു കൂടി കിഴക്കോട്ട് പോയിട്ട് വേണം നീന്താൻ.. അല്ലെങ്കിൽ ഒഴുക്കു കാരണം അവിടെ എത്തില്ല. വേറെ പടിഞ്ഞാറ് എവിടെയെങ്കിലും ആകും എത്തുക.‘

അങ്ങനെ ഞങ്ങൾ കുറച്ചു കിഴക്കോട്ട് മുട്ടിനു വെള്ളത്തിൽ നടന്നു. കുറച്ചകലെ എത്തിയപ്പോൾ ഞങ്ങൽ പുഴയിലേക്ക് ഇറങ്ങി. മുണ്ടഴിച്ച് എല്ലാവരും തലയിൽ കെട്ടി. രാജു മാത്രം മുണ്ടു മടക്കിക്കുത്തിയതേയുള്ളു. ഞാൻ പറഞ്ഞു.
എടാ മുണ്ടഴിച്ച് തലയിൽ കെട്ട്. ഇല്ലെങ്കിൽ നീന്തുന്നതിനിടയിൽ മടക്കി കുത്തിയത് അഴിഞ്ഞു പോയാൽ, നിനക്കു മുണ്ടു തടഞ്ഞിട്ട് നീന്താൻ പറ്റില്ല. മുണ്ടെങ്ങാനും അഴിഞ്ഞു പോയാൽ പിന്നെ വീട്ടിലും തുണിയില്ലാതെ ... അയ്യേ...!!!”
അതു കേട്ടതും ഈ പുഴ നീന്തുന്നതിലെ പരിഭ്രാന്തിയും പേടിയും ഒക്കെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെങ്കിലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
എടാ എനിക്കറിയാടാ...അതൊക്കെ, പക്ഷെ അടിയിലു വല്ലതും വേണ്ടെ.....?”
ചിരിക്കിടയിൽ രാജു പറഞ്ഞു തീർന്നതും ചിരി പൊട്ടിച്ചിരിയായി മാറി.
“പിശാശ്.....!! ഒരു സ്ഥലത്തു പോകുമ്പോഴെങ്കിലും ജെട്ടി ഇട്ടാലെന്താ...” ശ്രീധരൻ.

പിന്നെ ചിരി അവസാനിപ്പിച്ച് ഞങ്ങൾ നീന്താൻ തുടങ്ങി. ശ്രീധരനും രാജുവും ആദ്യം. പിന്നെ പടനായരും മാധവനും അവസാനം ഞാനും. ഒഴുക്കിനൊപ്പം ഞങ്ങളും നീങ്ങി. പതുക്കെ പതുക്കെ തീരത്തോട് അടുത്തു കൊണ്ടിരുന്നു. കൃത്യമായിത്തന്നെ വിചാരിച്ച മുരിങ്ങമരത്തിന്റെ കടക്കൽ തന്നെ എത്തി. എല്ലാവരും ഉണ്ടോന്ന് ഉറപ്പു വരുത്തിയിട്ട് കരക്ക് കയറി മുണ്ടു പിഴിഞ്ഞുടുത്ത് വീണ്ടും നടപ്പു തുടർന്നു.

മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞിരിക്കുന്നതിനാൽ തണുത്തു വിറക്കാനും തുടങ്ങിയിരുന്നു.
നടന്നു നടന്ന് പഴയമറുതകുളത്തിന്റെ അടുത്തെത്തിയതും ഞങ്ങളുടെ സംഭാഷണം നിലച്ചു. തണുപ്പുകൊണ്ട് പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങിയിരുന്നു. ഒരു ഭയം ഞങ്ങളെ പൊതിഞ്ഞു. ഞങ്ങൾ കൈകൾ പരസ്പരം കോർത്ത് പിടിച്ച് കുളത്തിന്റെ തിട്ടയിലൂടെ വരിവരിയായി സാവധാനം നടന്നു.

മുൻപെ പോയ രാജു പെട്ടെന്നു ഒരു അലർച്ചയോടെ പിറകോട്ട് മലച്ചതും കുളത്തിലെക്ക് എന്തൊ ഒന്നു എടുത്തു ചാടിയതും രാജുവിന്റെ പിന്നിലുണ്ടായിരുന്ന ഞങ്ങൾ നെൽക്കണ്ടത്തിലേക്ക് വീണതും ഒപ്പമായിരുന്നു...!!?
എല്ലാവരും പേടിച്ചു വിറച്ചു...!! എങ്ങും ഓടാൻ നിവൃത്തിയില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ തന്നെ നിന്നു. കുളത്തിലെ ഓളം അപ്പോഴും നിലച്ചിട്ടില്ല.
എന്തായിരിക്കും ആ വീണത്...?
ആർക്കും
ഒരുത്തരവും കിട്ടിയില്ല. ഞങ്ങൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ്. സ്വകാര്യം പറയുന്നതു പോലെയാണ് സംസാരിക്കുന്നത്.
ഇനിമറുതയായിരിക്കുമൊ...?”
“നീ വല്ലതും കണ്ടൊ..?”
ഞാൻ കണ്ടില്ല.. എന്റെ മുൻപിൽ കൂടി എന്തൊ ഒന്നു പൊങ്ങി ചാടിയതാ കണ്ടത്...അപ്പഴാ ഞാൻ ഒച്ചയെടുത്തത്.... ഇരുട്ടത്തായതു കൊണ്ട് വ്യക്തമായി കാണാനും പറ്റിയില്ല.”
“ ഇനി നിൽക്കണ്ട പോകാം..”
ഞങ്ങൾ
പതുക്കെ അടിവച്ചടിച്ച് നടന്നു. വരമ്പിൽ നിന്നും നെൽക്കണ്ടത്തിലിറങ്ങിയാണ് നടക്കുന്നത്. ഓരൊ കാൽ വെപ്പും സൂക്ഷിച്ചാണ് വച്ചത്. കൂടാതെ കൈകൾ തമ്മിൽ പരസ്പരം കൂട്ടിപ്പിടിച്ചാണ് നടന്നിരുന്നത്.

കുളത്തിന്റെ പകുതി കഴിയുന്നതു വരെ ഒരനക്കവും കേട്ടില്ല. മഴ അപ്പോഴും ഇടമുറിയാതെ പെയ്യുന്നുണ്ട്. മുന്നിൽ നടന്ന രാജു കാലെടുത്തു വച്ചതും നെൽച്ചെടികൾക്കിടയിൽ നിന്നും ഒരു അനക്കം കണ്ടു. ഞങ്ങൾ പെട്ടെന്നു നിന്നു. സാവധാനം ഒച്ചയുണ്ടാക്കാതെ നെൽക്കണ്ടത്തിൽ നിന്നും വരമ്പിലേക്ക് കയറി. പിന്നീട് അനക്കമൊന്നും കണ്ടില്ല. എന്നാലും അതെന്താണെന്നറിയാതെ എങ്ങനെ മുന്നോട്ടു പോകും..?

മാധവൻ വരമ്പിൽ നിന്നും കുറച്ചു ചെളി വാരി അനക്കം കണ്ടിടത്തേക്ക് എറിഞ്ഞതും, അവിടെ നിന്നും ചക്ക പോലത്തെ ഒരു തവള പൊങ്ങിച്ചാടിയതും ഒരുമിച്ചായിരുന്നു...! ഒറ്റച്ചാട്ടത്തിനു തന്നെ തവള കുളത്തിലെത്തി. ഒരു കല്ലു കുളത്തിൽ വീണ പോലെ ശബ്ദം കേട്ടു. ഇത്രയും വലിയ തവളയെ അതിനു മുൻപു കണ്ടിട്ടില്ല.

ഞങ്ങളുടെ ശ്വാസം നേരെ വീണു. വിറയൽ മാറി. കുറച്ചു നേരം കൂടി അവിടെ നിന്നു.
അപ്പോൾ ഇതായിരുന്നല്ലെ മനുഷ്യരെ പേടിപ്പിച്ചിരുന്ന മറുതാ..!!?”
രാജുവിന്റെ പറച്ചിൽ കേട്ട് എല്ലാവരും ആശ്വാസത്തോടെ ചിരിച്ചു.
“ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ..തീപ്പന്തം പാഞ്ഞുവന്ന് കുളത്തിൽ ചാടുമത്രെ..!?“
ഇതാരും കണ്ടോരില്ലാതാനും..” അഭിപ്രായങ്ങൽ ഓരോന്നായി പറഞ്ഞ് ഞങ്ങൾ കുടിൽ‌പ്പടിയിൽ എത്തി.

മഴ ചാറലായി മാറിയിരുന്നു. കലുങ്കിൽ കുറച്ചു നേരം കൂടി മറുതയുടെ കഥ പറഞ്ഞിരുന്നു ചിരിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. ഞാനും ശ്രീധരനും കൂടി ഇടവഴിയെ കയറി കൂരിരുട്ടത്ത് തപ്പിത്തടഞ്ഞ് നടന്നു. ഇരുവശത്തുമുള്ള മുളങ്കാടുകളും വലിയ മരങ്ങളും കാരണം വെളിച്ചം തീരെയില്ലായിരുന്നു. മുകളിലേക്ക് നോക്കി വൃക്ഷത്തലപ്പുകൾക്ക് മുകളിലെ വിടവിൽ കൂടി കാണുന്ന ആകാശമായിരുന്നു ഞങ്ങളുടെ വഴിത്താര. അതുകൊണ്ട് മുകളിലേക്ക് നോക്കി നടന്നു. എന്റെ വീടിന്റെ പടി എത്തിയതും ഞാൻ യാത്ര പറഞ്ഞു.

ശ്രീധരൻ ഒറ്റക്കു മുന്നോട്ടു നടന്നു. അവൻ പോകുന്നതും നോക്കി പടിക്കലെ മുളങ്കാടുകൾക്കരികെ ഞാൻ മാറി നിന്നു. അടുത്ത വീടിന്റെ പടി വരെയെ പോയുള്ളു. അവൻ പോയ പോലെ തന്നെ പുറകൊട്ട് നടന്നു വന്നു. എനിക്ക് ചിരിയടക്കാനായില്ല.
എടാ..എന്നെ ഒന്നു കൊണ്ടാക്കടാ...” ശ്രീധരന്റെ ദയനീയ ശബ്ദം.
“ശരി..നടക്ക്... ദാ. കുഞ്ഞൻ നായരുടെ പടി വരെ വരൂള്ളു. അതു കഴിഞ്ഞാ നീ തന്നെ പൊക്കോളണം..”
അതു
സമ്മതിച്ചിട്ടാണ് ഞങ്ങൾ നടന്നത്. കുഞ്ഞൻ നയരുടെ പടിയെത്തിയിട്ടും അവൻ പോകാൻ കൂട്ടാക്കിയില്ല.

അവന്റെ വീടിന്റെ പടിയെത്തിയിട്ടും ഇരുളടഞ്ഞ പറമ്പിലെ ഭീകരത അവനെ ഭയപ്പെടുത്തി.എനിക്ക് ചിരിയും സങ്കടവും വന്നു. മുന്നോട്ട് നോക്കിയപ്പോൾ പറമ്പിൽ കണ്ട ഇരുട്ട് എന്നെയും പേടിപ്പിച്ചു. ഞാനും അവനോടൊപ്പം നടന്നു. വീടിന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ അടുത്തെത്തിയതും ഞങ്ങൾ പെട്ടെന്നു നിന്നു പോയി...!?

ഇറയത്ത് ആരൊ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു
കഴിഞ്ഞപ്പോൾ അയാൾ ഉലാത്താൻ തുടങ്ങി. അപ്പോഴാണ് ആളെ പിടിത്തം കിട്ടിയത്. ശ്രീധരന്റെ അഛനാണ്.
ഞാൻ പതുക്കെ മാവിന്റെ മറവിലേക്ക് മാറി. ഇന്നു ശ്രീധരന്റെ തുട പൊട്ടിയതു തന്നെ. ശ്രീധരൻ എന്തും വരട്ടെയെന്നു കരുതി മുറ്റം കടന്ന് ഇറയത്തേക്കു കയറി. അഛൻ ഓടിവന്നു. ഒന്നും മിണ്ടിയില്ല. തലയിലും ഷർട്ടിലും തൊട്ടു നോക്കി. മകനെ കെട്ടിപ്പിടിച്ച് അകത്തേക്കു കടന്ന് വാതിൽ വലിച്ചടച്ച് സാക്ഷയിടുന്ന ഒച്ച കേട്ടു. പിന്നെ ശബ്ദമൊന്നും കേട്ടില്ല.

‘എന്തൊരു നല്ല അച്ചൻ..’ ഞാൻ മനസ്സിലോർത്തു. പിന്നെ ആ കൂരിരുട്ടിൽ തിരിഞ്ഞു നടന്നു. പടിക്കലെത്തിയപ്പോഴുണ്ട് ശ്രീധരൻ വിളിക്കുന്ന ഒച്ച കേട്ടു.
എടാ..ടോർച്ചു കൊണ്ടോക്കോടാ...”
ഞാൻ
കൂടെയുണ്ടായിരുന്നെന്നു പറഞ്ഞു കാണും.അതുകൊണ്ട് ടോർച്ചു കൊടുത്തുവിടാൻ അഛൻ പറഞ്ഞിട്ട് പുറത്തിറങ്ങിയതാവും. പക്ഷെ ഞാൻ മിണ്ടിയില്ല. അവൻ അവിടെയൊക്കെ ടോർച്ചടിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നെ കാണാത്തതു കൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

നേരം വെളുക്കാറായിട്ടുണ്ടാകും. മഴ മാറിയിരിക്കുന്നു. വൃക്ഷങ്ങളുടെ ഇലകളിൽ നിന്നുമുള്ള വെള്ളത്തുള്ളികൾ നനഞ്ഞു കുതിർന്ന ഷർട്ടിൽ വീണുടയുന്ന ശബ്ദം കേൾക്കാം. ചീവീടുകൾ ചെവി പൊട്ടും വിധം ശബ്ദമുണ്ടാക്കുന്നു. തവളകൾ ഇനിയും മഴ വരുന്നതായി വിളിച്ചറിയിക്കുന്നു. ഞാൻ മുൻപിലും പുറകിലും നോക്കി. എവിടേയും ഇരുട്ടു തന്നെ.
ഞാൻ ഓടി. വീടെത്തുന്നതു വരെ തിരിഞ്ഞു നോക്കാതെ ഓടി.

നടക്കല്ലിൽ
നിന്ന് മുണ്ടും ഷർട്ടും ഊരിപ്പിഴിഞ്ഞിട്ട് മുൻ വാതിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്ന് അകത്തു കയറിയതും അഛന്റെ ചുമ കേട്ടു. അതൊരു ഉണ്ടാക്കിച്ചുമ ആയിരുന്നില്ലെ...?.
‘നീ വന്നത് ഞാനറിഞ്ഞടാ‘എന്നായിരുന്നില്ലെ അതിനർത്ഥം...?
എന്നും ഞാൻ വൈകി വരുമ്പോൾ കേൾക്കാറുള്ളതാണ് ഈ ചുമ.
എന്റഛനും ഉറങ്ങാതെ എന്നെയും കാത്തിരിക്കയായിരുന്നൊ...?
അതോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി...
പാവം അഛൻ...
മുറിയുടെ
വാതിൽ തുറന്നതും ക്ലോക്കിൽ സമയം മൂന്നടിച്ചു..

ഒരു പാതിരാപ്പടം കാണാൻ പെട്ട പാട്....!
ഇന്നിപ്പോൾ കാലമേറെ കടന്നു പോയിരിക്കുന്നു. നാട് ഒരുപാട് പുരോഗമിച്ചിരിക്കുന്നു...
ഈ കൊച്ചു കുട്ടികളുടെ കയ്യിലിരിക്കുന്ന മോബൈൽ ഫോണിൽ‌പ്പോലും പാതിരാപ്പടങ്ങൾ ലോഡ് ചെയ്ത് കൊണ്ടു നടന്ന് പട്ടാപ്പകൽ കണ്ട് രസിക്കുന്നു.....
കാലം പോയ പോക്കെ.......!!!?
നാം ഇത്ര ധൃതി പിടിച്ച് എങ്ങോട്ടാണ്.........?

{ഇതൊരു പഴയകാല പോസ്റ്റ്. ഒരിക്കൽ കൂടി. കുറച്ചു വ്യത്യാസപ്പെടുത്തി വീണ്ടും... നന്ദി.}

Sunday 1 January 2012

തിരക്കഥ... ( 2)


“സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു പുതുവർഷം എല്ലാ വായനക്കാർക്കും നേരുന്നു.”


തിരക്കഥ ക്ലൈമാക്സിലേക്ക്....സീൻ 2.
Exterior.
പകൽ.
സമയം: കാലത്ത് പത്തേപത്ത്.
സ്ഥലം: പണി നടന്നുകൊണ്ടിരിക്കുന്ന ഒരു ആറുനില കെട്ടിടത്തിന്റെ മുൻ‌വശം.

അവിടെ അടുത്തടുത്തായി മറ്റു പല കെട്ടിടങ്ങളുടേയും പണികൾ നടക്കുന്നുണ്ട്.
ആശാ‍നും കൂട്ടരും കൂടി ഒരു ആറു നില കെട്ടിടത്തിന്റെ പണികൾക്കിടയിലാണ് നാം കാണുന്നത്...
മുറ്റത്ത് അവിടവിടെയായി താഴെ വിരിക്കാനുള്ള ടൈലുകളുടെ പാക്കറ്റുകൾ, സിമന്റിഷ്ടികകൾ, മറ്റു കെട്ടിടം പണിയാനുള്ള സാമഗ്രികകൾ ഒക്കെ അടുക്കി വച്ചിരിക്കുന്നു. ചുറ്റും കെട്ടിയിട്ടുള്ള സ്കെല്ലയിൽ കയറി നിന്ന് ചിലർ ഭിത്തി തേക്കുന്നു. ചിലർ തേക്കാനുള്ള സിമന്റ്കൂട്ട് കോരി ബക്കറ്റിൽ പൊക്കിക്കൊടുക്കുന്നു. പണി കഴിഞ്ഞ വശത്തെ സ്കെല്ലയുടെ പലകകൾ അഴിച്ചെടുത്ത് താഴേക്ക് കൈ മാറുന്നു. ആശാൻ താഴേ നിന്നു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു.

ഇടക്ക് ആശാൻ മുകളിലേക്ക് നോക്കി വിളിച്ചു പറയുന്നുണ്ട്.
പതുക്കെ..” താഴേ ആളുണ്ടോന്ന് നോക്കി ഇടടാ...”

മൊയ്തുക്കായും തങ്കപ്പേട്ടനും കൂടി അകത്തു നിന്നും പുറത്തേക്കു വരുന്നു. തങ്കപ്പേട്ടൻ മോബൈലിൽ ആരോടൊ സംസാരിച്ചു കൊണ്ടാണ് വരുന്നത്. ആശാന്റടുത്തെത്തിയതും ഫോൺ ചെവിയിൽ നിന്നും മാറ്റിയിട്ട്,

ആശാനോടായി തങ്കപ്പേട്ടൻ പറഞ്ഞു.
ആശാനെ.. അർബാബായിരുന്നു ലൈനിൽ. എന്റെ നാട്ടിൽ‌പ്പോക്കിന്റെ കാര്യത്തിനാ വിളിച്ചത്...”

ആശാൻ ചോദിച്ചു.
എന്തു പറഞ്ഞു....”

തങ്കപ്പെട്ടൻ പറഞ്ഞു.
അവൻ അതിനല്ല മറുപടി പറയുന്നത്. അവന്റെ അനിയന്റെ സൈറ്റിൽ ഇന്നലെ ചെക്കിങ്ങിന് ആളുകൾ ചെന്നിരുന്നുവത്രെ. നിങ്ങളും സൂക്ഷിക്കണമെന്നാ പറഞ്ഞത്.”

ഉടനെ മൊയ്തുക്ക പറഞ്ഞു.
ശരിയാ... ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. അവരുടെ മുറിയിലെ രണ്ടുപേരെ പണിസ്ഥലത്ത് വച്ച് പിടിച്ച് കൊണ്ടോയി അകത്തിട്ടെന്ന്.”

ആശാൻ പറഞ്ഞു.
കേൾക്കുമ്പൊ.. പേട്യാവാ.... ”

പിന്നെ, അവിടെ പണിയെടുക്കുന്നവരെ ചൂണ്ടിയിട്ട് വീണ്ടും തുടർന്നു.
ഇതുങ്ങളൊക്കെ എത്ര കൊടുത്തിട്ടാ ഇങ്ങോട്ടു വന്നത്. അതിന്റെ ഒരു മുക്കും മൂലയും പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല."
തങ്കപ്പേട്ടൻ പറഞ്ഞു.
പൊരിയണ വെയിലത്താണെങ്കിലും ജോലി ചെയ്ത് ജീവിക്കാന്നു വച്ചാലും ഇവന്മാര് സമ്മതിക്കില്ല.”
അതുകേട്ടിട്ട് മൊയ്തുക്ക നാലു വശവും നോക്കിയിട്ട് പറഞ്ഞു.
പണിസ്ഥലത്ത് നിൽക്കുമ്പൊ അപ്പുറത്തെ റോട്ടീക്കൂടി ഒരു പോലീസ് വണ്ടി പോണ കണ്ടാൽ മതി. പിന്നെ എക്കേത്തിന്റേം ഉള്ളില് തീയ്യാ....”

അന്നേരമാണ് മോഹനനും ആശന്റെ മകൻ സന്തോഷും കൂടി മുകളിലേക്ക് കയറിപ്പോകാനായി വരുന്നത് കാണുന്നത്.
അവരെ കണ്ടപ്പോൾ മൊയ്തുക്ക വിളിച്ചു.
എടാ മോഹനാ.. ”

അതു കേട്ടതും അവർ തിരിഞ്ഞു നിന്നു. അപ്പോൾ മൊയ്തുക്ക പറഞ്ഞു.
നിങ്ങളെ കറണ്ടുതോമ അന്വേഷിക്കുന്നുണ്ടായിരുന്നു. അവൻ ഇന്ന് ഒറ്റക്കുള്ളു. വേഗം ചെല്ല്..”

മറുപടിയായി സന്തോഷ് പറഞ്ഞു.
ഞങ്ങൾ തോമേട്ടന്റെ അടുത്തേക്കാ പോണെ..”

അതും പറഞ്ഞവർ മുകളിലേക്ക് കയറിപ്പോകാനായി സ്റ്റെപ്പുകൾ കയറാൻ തുടങ്ങി.
ആശാനും തങ്കപ്പേട്ടനും മൊയ്തുക്കായും കൂടി അവിടെ നിന്നു സംസാരിക്കട്ടെ.

സീൻ (3)
നമുക്ക് മോഹനന്റേയും സന്തോഷിന്റേയും ഒപ്പം മുകളിലേക്ക് പോകാം.
പൊടി പിടിച്ച സ്റ്റെപ്പുകളിൽ ചവിട്ടി രണ്ടു പേരും സന്തോഷത്തോടെയാണ് ഒപ്പം നടന്നു നീങ്ങുന്നത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കിലാണ് മോഹനന്റെ സംഭാഷണങ്ങളത്രയും. ഇടക്ക് താഴേക്ക് വരുന്നവർക്കായി അവർ വഴി ഒഴിഞ്ഞ് നിൽക്കുമ്പോളാണ് മോഹനൻ സംഭാഷണം ഒന്നു നിറുത്തുന്നത്. മുന്നാം നിലയിൽ കറണ്ടു തോമയുടെ അടുത്തെത്തുന്നതുവരെയും സന്തോഷിനെ മിണ്ടിച്ചിട്ടില്ല. പോകുന്ന വഴിയിൽ കാണുന്ന വാതിലുകൾക്കും ജനലുകൾക്കും കട്ടിള പൊലുള്ള ഒന്നും തന്നെ പിടിപ്പിച്ചിട്ടില്ല. പട്ടികക്കഷണം കൊണ്ട് ഗുണനച്ചിഹ്നം പോലെ അടിച്ചിരിക്കുകയാണ് പുറത്തേക്കുള്ള ജനലുകളെല്ലാം.

തോമസ്സേട്ടന്റെ അടുത്ത് ചെന്നപാടെ സന്തോഷ് ചോദിച്ചു.
തോമസ്സേട്ടന്റെ എർത്ത്കളൊക്കെ ഇന്നെവിടെപ്പോയി...?”

തോമസ്സ് തല തിരിച്ച് അവരെ നോക്കിയിട്ട് പറഞ്ഞു.
അവരെ നമ്മ്ടെ പഴേ സൈറ്റില് വാട്ടർ ഹീറ്റർ ഫിറ്റ് ചെയ്യാനായിട്ട് സൂപ്പർവൈസർ കൊണ്ടുപോയി.”
അതു കഴിഞ്ഞു പറഞ്ഞു.
നിങ്ങളൊരു കാര്യം ചെയ്യ്. സ്വിച്ച് ബോർഡിലേക്കുള്ള വയറൊക്കെ ഒന്നു വലിച്ചിട്.”

മോഹനൻ തോമസ്സേട്ടൻ നിന്നതിനു പിറകിലെ മുറിയിൽ പോയി ഒരു സ്റ്റീൽ കമ്പി(കേബിൾ പുള്ളർ)യുമായി വന്നിട്ട് സന്തോഷിനോട്, സ്റ്റെപ്പിനോട് ചേർന്നുള്ള ഒരു ഭിത്തിയുടെ അത്രയും പൊക്കമുള്ള ഒരു വലിയ ജനൽ ചൂണ്ടിക്കാണിച്ചിട്ട്
മോഹനൻ പറഞ്ഞു.
ജനലിന്റെ അടുത്തുള്ള ബോക്സിൽ കൂടി കമ്പി ഇറക്കി താ.. അപ്പോഴേക്കും ഞാൻ കേബിളെടുത്തിട്ടു വരാം.”

സന്തോഷ് സ്റ്റീൽ കമ്പിയും വാങ്ങി മൂന്നുനാലു സ്റ്റെപ്പുകളിറങ്ങി ജനലിന്റെ അടുത്തേക്ക് നീങ്ങി. മോഹനൻ വയറെടുക്കാനായി അകത്തേക്ക് കയറാനായി തിരിഞ്ഞു. ജനലിന്റെ അടുത്തു ചെന്ന സന്തോഷ് ചേർന്ന് നിന്ന് പുറത്തേക്ക് നോക്കി നിന്നു. പുറത്തുള്ള സ്കെല്ലകൾ അഴിച്ചെടുത്തതിനാൽ അപ്പുറം വിശാലമായി കാണാമായിരുന്നു. ചുടുകാറ്റ് വീശുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് കാണുന്ന കടലിന്റെ ഭംഗി കണ്ട് ഒരു നിമിഷം നിന്നു.

അഴികളൊ ഗ്ലാസൊ പിടിപ്പിക്കാത്ത ജനലിനു കുറുകെ ഗുണനച്ചിഹ്നം മാതിരി മരത്തിന്റെ പട്ടികക്കഷണം മാത്രമെ അടിച്ചിട്ടുണ്ടായിരുന്നുള്ളു. ഇടത്തെ കയ്യിൽ സ്റ്റീൽ കമ്പിച്ചുരുളും പിടിച്ചു അശ്രദ്ധയോടെ പുറത്തേക്കു നോ‍ക്കിക്കൊണ്ട് വലതു കൈ പട്ടികക്കഷണത്തിൽ പിടിച്ചതും, പട്ടിക തെന്നി പുറത്തേക്ക് തെറിച്ചു വീണു. അന്നേരം സ്വൽ‌പ്പം മുന്നോട്ടാഞ്ഞ് ബാലൻസ് തെറ്റിപ്പോയ സന്തോഷിന് മറ്റെവിടേയും പിടിക്കാൻ അവസരം കിട്ടിയില്ല.

ഒരു ശബ്ദം കേട്ടിട്ടെന്നോണം പെട്ടെന്ന് തിരിഞ്ഞ് നോക്കിയ മോഹനൻ പെട്ടെന്നാണാ കാഴ്ച കണ്ടത്. ഉള്ളൊന്നാന്തിയ മോഹനൻ. അയ്യോ.. സന്തോഷേ... ” എന്നൊരലർച്ചയോടെ സ്റ്റെപ്പുകൾ വട്ടം ചാടി എത്തിയെങ്കിലും, തന്റെ കയ്യെത്താവുന്ന ദൂരത്തിനും അപ്പുറത്തേക്ക് സന്തോഷ് വീണിരുന്നു.

സന്തോഷിന്റെ അച്ഛാ‍..” എന്ന നിലവിളിയും മോഹനന്റെ സന്തോഷേ..” എന്ന അലർച്ചയും താഴേ നിന്നവരുടേയും കാതുകളിലെത്തി.

സീൻ (4) ഇനി നമുക്ക് പെട്ടെന്ന് താഴേക്കെത്താം.

എന്തോ ഒരലർച്ച കേട്ടെങ്കിലും, എന്താ സംഭവിച്ചതെന്നറിയാതെ മുകളിലേക്ക് നോക്കിയവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ വന്ന് വീണ ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും പാഞ്ഞു.

ആരോ മോളീന്ന് വീണേ..” എന്ന് ഒരുത്തൻ വിളിച്ചു കൂവിയതും ഒരു വല്ലാത്ത അലർച്ചയോടെയാണ് എല്ലാവരും ഓടി അടുത്തത്. ഒരു വശം ചരിഞ്ഞു കിടക്കുന്ന ആളെ ആദ്യം ആർക്കും മനസ്സിലായില്ല. ആദ്യം ഓടിയെത്തിയ തങ്കപ്പേട്ടനാണ് ഒന്നു നോക്കിയ ശേഷം പെട്ടെന്ന് ആളെ തിരിച്ചു കിടത്തിയത്.

ആളെ തിരിച്ചറിഞ്ഞതും ഒരു ഷോക്കിലായിപ്പോയ തങ്കപ്പേട്ടൻ,
അയ്യോ.. ആശാനേ.. ചതിച്ചൂല്ലൊ..” ന്നു പറഞ്ഞപ്പോഴേക്കും ആശാനും ഓടിയെത്തിയിരുന്നു.
ആശാൻ ഒന്നു നോക്കിയതും, ഞെട്ടി വിറച്ചു പോയി. എന്റെ മോനേ..” എന്നു മാത്രമേ വിളിക്കാനായുള്ളു.
അപ്പോഴേക്കും ബോധമറ്റ് താഴെ വീഴാൻ തുടങ്ങിയ ആശാനെ തങ്ങളുടെ കൈകളിൽ താങ്ങി, അടുത്തു നിന്ന മൊയ്തുക്കായും കൂട്ടരും. ആശാനെ സന്തോഷിന്റെ ശരീരത്തിലേക്ക് വീഴാതെ താങ്ങി അപ്പുറത്ത് കിടത്തി. അപ്പോഴേക്കും ഒരാൾ സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചിരുന്ന, കുടിക്കാനെടുത്ത കുപ്പിയിൽ നിന്നും വെള്ളം സന്തോഷിന്റേയും ആശാന്റേയും മുഖത്ത് തളിച്ച് ആശാനെ..” “ സന്തോഷെ എന്നു പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.
ആരും അനങ്ങുന്നുണ്ടായിരുന്നില്ല. വരുന്നവർ വരുന്നവർ രംഗം കണ്ട് വലിയ വായിൽ നിലവിളിച്ചു.

സീൻ (5) ഇനി നമുക്ക് കുറച്ച് മാറി ഇരുന്ന് ശ്രദ്ധിക്കാം.

ഇതേ സമയം കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്ന ജോലിക്കാർ ഓടി താഴെയിറങ്ങുന്നുണ്ടായിരുന്നു. തോമസ്സേട്ടൻ ഉൾപ്പടെ നാലുപേർ ചേർന്ന് ഒരുത്തനെ പൊക്കിയെടുത്ത് കൊണ്ടു വന്ന് ഇവരുടെ അടുത്ത് കിടത്തി. അത് മോഹനനായിരുന്നു. മോഹനന്റെ മുഖത്ത് വെള്ളം വീണപ്പോഴേക്കും കണ്ണു തുറന്നു. എഴുന്നേറ്റ് സന്തോഷിന്റെ കിടപ്പ് കണ്ട് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. മുകളിൽ നിന്നും വന്ന ജോലിക്കാർ ആശന്റേയും മകന്റേയും കിടപ്പ് കണ്ട് സഹിക്കാൻ കഴിയാതെ വാവിട്ട് കരയാൻ തുടങ്ങി. പിന്നെ നാലു പാടും നോക്കിയിട്ട് എവിടേക്കൊ പിൻവലിഞ്ഞു.

സീൻ (6) ഇനി നമുക്ക് തങ്കപ്പേട്ടനോടൊപ്പം കൂടാം.

അപ്പോഴേക്കും തങ്കപ്പേട്ടൻ വെപ്രാളപ്പെട്ട് എഴുന്നേറ്റ് നാലുപാടും നോക്കി. പിന്നെ മോബൈലെടുത്ത് ആരേയോ വിളിക്കാനായി തുടങ്ങിയതും പെട്ടെന്ന് മടിച്ചിട്ട് നാലുപാടും ഒന്നു കൂടി നോക്കി. അങ്ങകലെ മറ്റൊരു കെട്ടിടം പണി നടക്കുന്നിടത്ത് ഒരു കറുത്ത ബൻസ് കാറ് കിടക്കുന്നത് കണ്ണിൽ‌പ്പെട്ടു. പിന്നെ താമസിച്ചില്ല. ഒറ്റ ഓട്ടമായിരുന്നു അവിടേക്ക്. അവിടെ എത്തിയതും ആദ്യം കാറിനുള്ളിൽ നോക്കി, പിന്നെ കെട്ടിടത്തിനകത്തേക്ക് ഓടാൻ തുടങ്ങിയതും ഒരു അറബി കെട്ടിടത്തിനകത്ത് നിന്നും പുറത്തേക്ക് വരുന്നതു കണ്ട് അയാളുടെ മുൻപിൽ ചെന്നു നിന്നു.

സീൻ (7) ഇനി നമുക്ക് അറബിയുടെ മുന്നിലേക്ക് ചെല്ലാം.
അറബിയോട് സലാം പറഞ്ഞതിനുശേഷം തങ്കപ്പേട്ടൻ പറഞ്ഞു.
ഒരാൾക്ക് താഴെ വിണ് അപകടം പറ്റി. ഞങ്ങളെല്ലാം ഫ്രീ വിസക്കാരാ. പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ സഹായിക്കണം.”

അറബി ഉടനെ തന്നെ ആംബുലൻസിനു ഫോൺ ചെയ്തു.
എന്നിട്ട് തങ്കപ്പേട്ടനോട് പറഞ്ഞു.
അവരിപ്പൊൾ എത്തും. അതിനു മുൻപ് ഫ്രീ വിസക്കാരോടെല്ലാം എവിടേക്കെങ്കിലും മാറിക്കോളാൻ പറ..”

അതു കഴിഞ്ഞ് അവിടെ കണ്ട തന്റെ പണിക്കാരെ വിളിച്ച് പറഞ്ഞു.
നമ്മുടെ കൂടെയുള്ളവരോടും പെട്ടെന്ന് മാറിക്കോളാൻ പറ.. പോലീസ്സ് ഇവിടെയും വരാം...”

സീൻ (8) ഇനി നമുക്ക് ആശന്റേയും മകന്റേയും അടുത്തേക്ക് വരാം.

തങ്കപ്പേട്ടൻ തിരിച്ചോടിയെത്തിയപ്പോഴേക്കും സംഗതിയുടെ ഗൌരവം മനസ്സിലായ പലരും അവിടെ നിന്നും പലായനം ചെയ്തിരുന്നു. ബാക്കിയൂണ്ടായിരുന്നവരോടും തങ്കപ്പേട്ടൻ പറഞ്ഞു.
നിങ്ങളെവിടെയെങ്കിലും പോയി ഒളിച്ചോ..”

അപ്പോഴേക്കും ആശാന് ബോധം വീണിരുന്നു. അതോടെ ആശാൻ എണ്ണിപ്പെറുക്കി കരയാൻ തുടങ്ങി.
അഛനെ കാണാൻ വന്നതാ... ന്റെ പൊന്നുമോൻ... അവളോട് ഞാൻ ന്തു സമാധാനം പറയൂന്റിശ്വരാ...”

അകലെ നിന്നും ആംബുലൻസിന്റെ ശബ്ദം കേട്ടു തുടങ്ങി. എന്നിട്ടും പോകാൻ മടിച്ച് കരഞ്ഞു നിന്ന ഒരാളോട് തങ്കപ്പേട്ടൻ ദ്വേഷ്യപ്പെട്ടു.
നീയെന്താ.. പോണില്ലെ...? വേഗം എവിടേങ്കിലും പോയൊളിക്ക്..”

അതും പറഞ്ഞവനെ ഉന്തിത്തള്ളി അവിടന്ന് പറഞ്ഞു വിടാൻ നോക്കി. അയാൾ അതിനു കൂട്ടാക്കാതെ കരഞ്ഞു കൊണ്ടു തന്നെ പറഞ്ഞു.
ഞാനെങ്ങും പോണില്ല. പോലീസ്സ് പിടിക്കണങ്കിൽ പിടിക്കട്ടെ. എനിക്കിങ്ങനെ പേടിച്ചോടി ജീവിക്കാൻ വയ്യ...”

തങ്കപ്പേട്ടൻ അവനെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു. എന്നിട്ട് അടുത്തു നിന്നവരോടായി പറഞ്ഞു.
ഇവനേം കൊണ്ടു വേഗം പോ...”

കേട്ടു നിന്നവർ ഉടനെ അയാളെ ബലമായി പിടിച്ച് കൊണ്ടുപോയി. അപ്പുറത്തെ അറബിയും തന്റെ കാറിൽ അവിടെ വന്നിറങ്ങി.
അദ്ദേഹം വന്ന് ഒന്നു നോക്കിയിട്ട് എല്ലാവരോടുമായി പറഞ്ഞു.
ദാ വണ്ടി ഇങ്ങെത്തി. വിസക്കാരു മാത്രം ഇവിടെ നിന്നാൽ മതി. ഞാനുണ്ടിവിടെ. മറ്റുള്ളവർ പൊക്കൊ പൊക്കൊ..”

ബാക്കിയുണ്ടായിരുന്നവരിൽ നാലഞ്ചു പേരൊഴികെ ഉള്ളവർ സ്ഥലം വിട്ടു. അപ്പോഴേക്കും പോലീസ്സ് വണ്ടിയും ആംബുലൻസും വരുന്നത് അവർക്ക് കാണായി.

തങ്കപ്പേട്ടനും മൊയ്തുക്കായും മുഖത്തൊടു മുഖം ഒന്നു നോക്കി. മടിയിലിരുന്ന ആശാന്റെ തലയെടുത്ത് താഴെയിറക്കി കിടത്തി എഴുന്നേറ്റിട്ട് മൊയ്തുക്ക പറഞ്ഞു.
ആശാനെ പൊക്കിക്കൊ...”

സീൻ (9) ഇനി നമുക്ക് ആശാനോടൊപ്പം പോകാം.

നിലത്തു കിടന്നുരുണ്ട് എണ്ണിപ്പെറുക്കി പറഞ്ഞ് കരയുന്ന ആശാനെ രണ്ടു പേരും കൂടി പൊക്കിയെടുത്ത് കെട്ടിടത്തിന്റെ മറ പറ്റി പാഞ്ഞു. പോകുന്ന വഴി ആശാൻ കുതറുകയും മറ്റും ചെയ്തിട്ട് പറയുന്നുണ്ട്.
എന്നെ വിടടാ... എനിക്കെന്റെ മോനേം കൊണ്ടാശോത്രീ പോണോടാ... എന്നെ വിടടാ....”

അവർ അതിനു മറുപടി ഒന്നും പറയാതെ ആശാനേയും കൊണ്ട് അപ്പുറത്തെ അറബിയുടെ കെട്ടിടത്തിന്റെ മറുവശത്തേക്ക് ഓടി മറഞ്ഞു. അവിടെ സിമന്റ് അട്ടിയിട്ട് നീല ടർപ്പായ കൊണ്ടു മൂടിയിട്ടിരുന്നതിന്റെ അടിയിൽ അവർ ആശാനെ കിടത്തി.
അപ്പോഴും ആശാൻ പറഞ്ഞു കൊണ്ടിരുന്നു.
എന്നെ വിടടാ.. എനിക്കെന്റെ മോനേം കൊണ്ടു ആശോത്രീ പോണോടാ..”
സിമന്റ് അട്ടികൾക്കിടയിലൂടെ അപ്പുറത്ത് ആംബുലൻസ് വന്ന് നിൽക്കുന്നതും പുറകു വശം തുറക്കുന്നതും രണ്ടു പേരിറങ്ങി സന്തോഷിനെ പരിശോധിക്കുന്നതും, സ്ട്രെച്ചർ ഇറക്കി അതിൽ കിടത്തുന്നതും ആംബുലൻസിലേക്ക് കയറ്റുന്നതും മറ്റും വിയർപ്പിലും, നിറഞ്ഞവന്ന കണ്ണുനീരിനുമിടയിലൂടെ അവ്യക്തമായി മൂന്നുപേർക്കും കാണാമയിരുന്നു.

ആംബുലൻസ് സൈറൻ മുഴക്കി അകന്നു പോകുന്നതോടെ ആശാന്റെ നിയന്ത്രണം വിട്ടു. അവരുടെ കയ്യിൽ കിടന്നു കുതറിയിട്ട് പറഞ്ഞു.
എന്റെ മോനേ.. നിന്നെ ഒരനാഥനെപ്പോലെ കൊണ്ടോണത് കാണേണ്ടി വന്നല്ലൊടാ... അഛനോട് ക്ഷമിക്കടാ... അവനെ പൊന്നുപോലെ വളർത്തിയ അവന്റെ അമ്മയോട് ഞാനെന്തു പറയൂടാ മൊയ്തീനേ..."

അതുകേട്ട് മൊയ്തുക്കായും തങ്കപ്പേട്ടനും ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ മുഖത്തോടു മുഖം നോക്കിയിട്ട് കുനിഞ്ഞിരുന്നതേയുള്ളു. ഭ്രാന്തു പിടിച്ചതു പോലെ ആക്രോശിച്ച് ആശാൻ എഴുന്നേറ്റോടാൻ ശ്രമിച്ചെങ്കിലും, ബലമായിട്ട് പിടിച്ച കൂട്ടുകാരുടെ കൈകളിലേക്ക് ആശാൻ തളർന്നു വീഴുന്നു.

ആശാനെ... ആശാനേ...” എന്ന കൂട്ടുകാരുടെ വിളികൾക്കൊപ്പം അകന്നകന്നു പോകുന്ന ആംബുലൻസും സൈറനും കൂടിക്കുഴഞ്ഞ അന്തരീക്ഷത്തിൽ തിരക്കഥ അവസാനിക്കുന്നു.

@@@@@@@@ @@@@@@@@ @@@@@@@@

ഇതിൽ ‘നമ്മൾ’ എന്ന കഥാപാത്രം ഈ ഞാനും നിങ്ങളും ആണ്. എന്നു പറഞ്ഞാൽ പ്രേക്ഷകർ. അതായത് ‘ക്യാമറ’ എന്നർത്ഥം.

ഈ കഥയും കഥാപാത്രങ്ങളും എന്റെ സൃഷ്ടിയാണ്. ഇങ്ങനെ ഒരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോന്ന് അറിയില്ല. അഥവാ എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതെന്റെ കുറ്റമല്ല. തീർച്ചയായും അത് ‘ഫ്രീ വിസ’യുടെ മാത്രം കുറ്റമാണെന്നു കണ്ട് എന്നെ വെറുതെ വിടുക.

ഇതിൽ തുടക്കത്തിലൊഴികെ മറ്റെങ്ങും cut, സ്ഥലം. സമയം എന്നീ പദങ്ങൾ ഉപയോഗിക്കാത്തതിനാൽ ‘തിരക്കഥ’യെന്നു പറയാനാവുമൊ എന്നും അറിയില്ല. ഒരേ ലൊക്കേഷനിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളായതുകൊണ്ടാണ് cut ഒഴിവാക്കിയത്. സീനുകളുടെ മാറ്റം തിരിച്ചറിയാൻ നീലക്കളർ ഉപയോഗിച്ചിരിക്കുന്നു. നമ്പറും കൊടുത്തിട്ടുണ്ട്.

സംഭാഷണം പേജിന്റെ വലതു വശത്താണ് എഴുതാറ്. ഇവിടെ അതിനുള്ള സാങ്കേതികവിദ്യ എനിക്കു വശമില്ലാത്തതിനാൽ കട്ടികൂട്ടിയ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും. നന്ദി.