Sunday 9 December 2018

നോവൽ

പ്രവാസ ബാക്കി.  (10)

കഥ ഇതുവരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു.

തുടർന്നു വായിക്കുക.

അടക്കിവച്ച പ്രതികാരം ..

'' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു.... " വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു.
" പറയാം...' ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു.

കഥ തുടരുന്നു...

ഞാനും അതു തന്നെ ആലോചിക്കുകയായിരുന്നു. ഇത്രയും പറഞ്ഞതിൽ ശേഖരേട്ടന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും വന്നിട്ടല്ലല്ലൊ. പിന്നെവിടെയാണ് പാളിച്ച പറ്റിയത്...?
ശേഖരേട്ടന്റെ മുഖം പിടിച്ചുയർത്തിയിട്ട് ഞാൻ ചോദിക്കാനായി തുടങ്ങിയതേയുള്ളു. ശേഖരേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് പറഞ്ഞു.
" പറയാം. അന്ന് ആസ്ട്രേലിയായിൽ നിന്നും മോള് വരാനായി മൂന്നുദിവസം അവളുടെ ബോഡി മോർച്ചറിയിൽ വക്കേണ്ടി വന്നു.  ഒരു ഹാർട്ടറ്റാക്കിൽ അവളുടെ ജീവിതം അവസാനിച്ചതായേ എല്ലാവരും കരുതിയുള്ളു   അതുകൊണ്ടാർക്കും സംശയമൊന്നും തോന്നിയില്ല, മക്കൾക്കുപോലും.

പക്ഷേ, മക്കളുടെ എല്ലാമെല്ലാമായ അവരുടെ അമ്മയുടെ എന്നന്നേക്കുമായുള്ള വിടവാങ്ങൽ വിശ്വസിക്കാനായില്ല. മക്കളുടെ സങ്കടം എനിക്കിവിടെ വിവരിക്കാൻ കഴിയില്ല. മോർച്ചറിയിൽ വച്ച മൂന്നുദിവസവും എന്റെ മോൻ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. ബന്ധുക്കളും കൂട്ടുകാരും എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല. മോൾ എത്രയും വേഗം എത്തണേയെന്നായിരുന്നു എന്റെ പ്രാർത്ഥന.

മൂന്നാം ദിവസം മോളും മരുമോനും പേരക്കുട്ടിയും കൂടി വന്നതോടെ ബോഡിയും വീട്ടിലെത്തിച്ചു.  എല്ലാവരും അവളുടെ മുഖമൊന്നു കണ്ടെന്നു മാത്രം. എത്രയും പെട്ടെന്നു വീട്ടിനു പുറകിൽത്തന്നെ സംസ്ക്കരിക്കയും ചെയ്തു. ഞാൻ ഞങ്ങളുടെ ബഡ്റൂമിൽ തളർന്നു കിടന്നപ്പോൾ മക്കളും ആശ്വാസവുമായെത്തി. എന്റെ വായിൽ നിന്ന് അരുതാത്തതൊന്നും വീഴാതിരിക്കാൻ പ്രത്യേകം കരുതലെടുത്തു.

രണ്ടാം ദിവസം തന്നെ മരുമകൻ യാത്രയായി. കാരണം അവനവിടെ ഒരു സൂപ്പർമാർക്കറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾത്തന്നെ മൂന്നുദിവസമായിട്ട് അടഞ്ഞുകിടക്കുകയാണ്. ഇനിയും തുറക്കാതിരിക്കാനാവില്ലായിരുന്നു. ഒരു മാസത്തിനുള്ളിൽ മോളെ തിരിച്ചയക്കണമെന്ന് പറഞ്ഞിട്ടായിരുന്നു അവൻ പോയത്. മാത്രമല്ല, മോളെ ഒറ്റക്ക് വിടരുതെന്നും ഞാനും മോനും കൂടെ ചെല്ലണമെന്നും വിസയൊക്കെ അവൻ റെഡിയാക്കിക്കോളാമെന്നും ഏറ്റിട്ടാണ് പോയത്. ഇനിയുള്ള കാലം അവരോടൊപ്പം കഴിയാമത്രെ. ഞാനും കണക്ക് കൂട്ടിയിരുന്നു, മോളോടൊപ്പം മോനേയും ആസ്ട്രേ ലിയായിലേക്ക് പറഞ്ഞയക്കണമെന്ന്. തൽക്കാലം ഞാൻ മാത്രമിവിടെ മതിയാകും.

പിന്നെയും ദിവസങ്ങളെടുത്തു മക്കൾ രണ്ടു പേരും നോർമലാകാൻ. എങ്കിലും പേരക്കുട്ടിയായിരുന്നു എല്ലാവരേയും നോർമലാകാൻ സഹായിച്ചത്.  പേരക്കുട്ടിയെ വേണ്ടവിധത്തിൽ താലോലിക്കാനോ കളിപ്പിക്കാനോ എനിക്കായില്ല. ആ ദിവസങ്ങളിൽ പ്രക്ഷുപ്തമായ മനസ്സുമായി നടക്കുകയായിരുന്നു ഞാൻ.

 മോൾക്ക് ഒരു മാസത്തിൽ കൂടുതൽ നിൽക്കാനാവില്ലായിരുന്നു. ഒരു കണക്കിനാണ് മകനെക്കൂട്ടി മോളേയും പേരക്കുട്ടിയേയും ആസ്ട്രേലിയായിലേക്ക് നിർബ്ബന്ധിച്ച് പറഞ്ഞയച്ചത്.

എനിക്ക് പോകാൻ കഴിയുമായിരുന്നില്ല. എന്റെ മനസ്സ് വല്ലാതെ തിളച്ചുമറിയുന്നുണ്ടായിരുന്നു. വാസ്തവത്തിൽ ഭാര്യ മരിച്ചത് ഹൈറേഞ്ചിലെ സുന്ദരമായ പൂന്തോട്ടത്തിനു മുന്നിലുള്ള ആ ഹോട്ടലിൽ വച്ചായിരുന്നില്ലേ...?
അതോർത്ത് പ്രക്ഷുപ്തമായ മനസ്സുമായിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത്. ഓരോ നിമിഷവും പല്ലുകൾ കൂട്ടിയുരുമ്മിയാണ് എന്റെ ദ്വേഷ്യം ശമിപ്പിച്ചു കൊണ്ടിരുന്നത്. ഒന്നും ആരോടും പറയാൻ കഴിയാതെ സ്വയം സഹിച്ച് ഒതുങ്ങിക്കഴിയുകയായിരുന്നു.

അമ്മ പോയി തൊഴാൻ ആഗ്രഹിച്ച ഒരുപാടു ക്ഷേത്രങ്ങളുണ്ടെന്നും, അവിടെയൊക്കെപ്പോയി അമ്മ ആഗ്രഹിച്ച പോലെ വഴിപാടുകൾ കഴിക്കണമെന്നും അതു കഴിഞ്ഞിട്ടേ ഞാൻ വരികയുള്ളുവെന്നും കട്ടായം പറഞ്ഞിട്ടാണ് മക്കളെ പറഞ്ഞയച്ചത്.

മക്കള് പോയതിന്റെ മൂന്നാം ദിവസം ചില കരുതലോടെ ഒരു ബാഗും തൂക്കി ഞാൻ വീട്ടിൽ നിന്നിറങ്ങി, തൊട്ടടുത്ത് താമസിച്ചിരുന്ന പത്രോസ് ചേട്ടന്റെ കയ്യിൽ വീടിന്റെയും കാറിന്റേയും താക്കോലേൽപ്പിച്ചാണ് ഞാനിറങ്ങിയത്. എന്നു് തിരിച്ചുവരുമെന്ന് എനിക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു.

അന്ന് ഞങ്ങളുടെ യാത്ര കഴിഞ്ഞ് വന്നതിനു ശേഷം ഞാൻ താടിയൊന്നും വടിച്ചിട്ടില്ലായിരുന്നു. മുടിയും നന്നായി വളർന്നിരുന്നു. പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. അന്ന് അവനെ അവിടെ കാണുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും, ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു. "

തുടരും.....

Saturday 10 November 2018

പ്രവാസ ബാക്കി - (9 )

(പേരില്ലാക്കഥ ഈ ലക്കം മുതൽ 'പ്രവാസ ബാക്കി.. ' എന്ന പേരിൽ തുടരുന്നു.)

[ബ്ലോഗ് ചലഞ്ച് പ്രമാണിച്ച്  me-Too വിൽ ഞാൻ ഈ ലക്കം Nov. 10-ന് പോസ്റ്റ് ചെയ്യുന്നു. നന്ദി.]

കഥ തുടരുന്നു....

മഹാദുരന്തം....


മുരളിച്ചേട്ടന്റെ ചാടിയെഴുന്നേൽക്കലും ആക്രോശവും കേട്ട് ഞങ്ങളും ചാടിയെഴുന്നേറ്റു. തൊട്ടടുത്തു നിന്ന വിനുവേട്ടൻ മുരളിച്ചേട്ടന്റെ കയ്യിൽ നിന്നും  കത്ത് തട്ടിപ്പറിച്ചെടുത്ത് വായിച്ചു. കത്തു പെട്ടെന്ന് വായിച്ചു തീർത്ത വിനുവേട്ടൻ എല്ലാവരേയും മാറി മാറി നോക്കി. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

'എത്രയും പ്രിയപ്പെട്ട എന്റെ ശേഖരേട്ടന്,
ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പോയിക്കഴിഞ്ഞിരിക്കും. പോലീസിനെ അറിയിക്കുകയോ ആശുപത്രിയിൽ കൊണ്ടു പോകുകയോ ചെയ്യരുത്.

നിങ്ങളോട് ടാറ്റാ പറഞ്ഞ് മുറിയിൽ വന്ന് കിടന്ന ഞാൻ, നിങ്ങൾ വരുമ്പോഴേക്കും ഉറങ്ങിപ്പോയാലോന്ന് പേടിച്ച് വാതിൽ ചേർത്തടച്ചതേയുള്ളു. കുറച്ചു മേക്കാച്ചിൽ തോന്നിയതുകൊണ്ട് തലവഴി മൂടിപ്പുതച്ചാണ് കിടന്നത്. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ആരോ വന്നെന്നെ കയറിപ്പിടിച്ചു. പെട്ടെന്ന് കണ്ണുതുറന്നതും നിങ്ങളല്ലെന്നറിഞ്ഞതും ഞാൻ ഉറക്കെ കരഞ്ഞു. ഉടനെ അയാളെന്റെ വായ പൊത്തി. റിസപ്ഷനിലുണ്ടായിരുന്ന ആ 'ക്ലീൻഷേവു ' കാരനായിരുന്നു. പേടിച്ചരണ്ട് ശബ്ദം പോലും നഷ്ടപ്പെട്ടു പോയ, പുതപ്പിനകത്ത് അനങ്ങാൻ കഴിയാത്ത വിധം അടക്കിപ്പിടിച്ചെന്നെ നശിപ്പിച്ചു ആ ദുഷ്ടൻ.

പോകാൻ നേരം ഈ വിവരം നിന്റെ ഭർത്താവിനോടൊ മകനോടൊ പറഞ്ഞാൽ അവരുടെ ശവങ്ങൾ ഇവിടത്തെ കൊക്കയിൽ കിടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്കിനി ജീവിക്കണ്ട ശേഖരേട്ടാ. ഈ കളങ്കപ്പെട്ട ശരീരവുമായി എന്റെ ശേഖരേട്ടനോടൊപ്പം ഇനി ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. മക്കളിതൊന്നും അറിയരുത്. മുഴുവൻ ഉറക്കഗുളികയും ഞാൻ കഴിക്കുന്നു. ശേഖരേട്ടൻ എന്നെ വെറുക്കരുത്. എന്റെ ശേഖരേട്ടൻ പ്രതികാരം ചെയ്യാനായി പോയേക്കരുത്. അവരൊക്കെ ദു:ഷ്ടക്കൂട്ടങ്ങളാ. മക്കൾക്ക് തണലായി ശേഖരേട്ടൻ എന്നുമുണ്ടാവണം....'

കത്ത് വായിച്ചു കഴിഞ്ഞതും ഞാൻ മുഖമുയർത്തി എല്ലാവരേയും നോക്കി. ദ്വേഷ്യം കൊണ്ട് ആ കത്തെന്റെ കയ്യിലിരുന്ന് വിറകൊള്ളുന്നുണ്ടായിരുന്നു. ഞാൻ  ശേഖരേട്ടന്റെ താടി പിടിച്ചുയർത്തിയിട്ട് വിറപൂണ്ടശബ്ദത്തിൽ ചോദിച്ചു.
" അവനിപ്പോൾ എവ്ടേണ്ടാവും...?''
"അവനെ തീർത്തിട്ടെ ബാക്കി കാര്യമുള്ളു. " മുരളിയേട്ടൻ വന്നെന്റെ തോളിൽ പിടിച്ചിട്ടു പറഞ്ഞു. അതുകേട്ട് വിനുവേട്ടൻ ചോദിച്ചു.
" ശേഖരേട്ടൻ അവനെതിരെ ഒന്നും ചെയ്തില്ലേ..?"
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോണം ശേഖരേട്ടൻ ഇരുവശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു.
''ആറേഴുവർഷം കടന്നുപോയില്ലേ..."

ഞങ്ങൾ പരസ്പരം നോക്കിയിട്ട് ശേഖരേട്ടന്റെ ചുറ്റുമായി വീണ്ടുമിരുന്നു. മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോഴും അവൻ അവിടെത്തന്നെ ഉണ്ടോ...?"
" പറയാം..." എന്നു പറഞ്ഞ് ശേഖരേട്ടൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി.

അപ്പഴേക്കും ഞാൻ ബിയർ ഒരുകുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് പകർത്തി. ശേഖരേട്ടനായി മുരളിച്ചേട്ടൻ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗൊഴിച്ച് വെള്ളം നിറച്ചു വച്ചു. വിനുവേട്ടൻ വറുത്ത കപ്പലണ്ടി ഒരു പിടി വാരിയെടുത്തെങ്കിലും വായിലിട്ടില്ല. എന്തോ ആലോചിച്ച് ആ പാത്രത്തിലേക്ക് തന്നെയിട്ടു. ഞങ്ങളുടെ എല്ലാവരുടേയും മനസ്സ് മരവിച്ചു പോയിരുന്നു. ഞാൻ ഗ്ലാസെടുത്ത്  ഒറ്റയടിക്ക് കുടിച്ചു. ശേഖരേട്ടന്റെ കഥകേട്ട് നേരത്തെ കുടിച്ചതെല്ലാം എപ്പഴോ ആവിയായി പോയിരുന്നു. മുരളിയേട്ടൻ ഗ്ലാസ് കാലിയാക്കി താഴെവച്ചിട്ട് നാരങ്ങ അച്ചാറെടുത്ത് നാക്കിൽ തേച്ച് ചുണ്ടുകോട്ടി.

ശേഖരേട്ടൻ ഇറങ്ങിയപ്പോൾ ഞാൻ കയറി. ഞാൻ ഇറങ്ങി വരുമ്പോഴാണ് മുരളിയേട്ടന്റെ ഫോൺ ശബ്ദിച്ചത്. കുറച്ചു കഴിഞ്ഞ് പറഞ്ഞു.
" അപ്പോ അത് ഓക്കെ. ഏത്...?"
എനിക്ക് പിടികിട്ടിയിരുന്നു. ഞാൻ പറഞ്ഞു.
" ആ പെട്ടിക്കട ...!''
"അതെ. ശേഖരേട്ടന് ഇത്തിരി ഭാഗ്യോണ്ട് ട്ടോ..
ഞങ്ങള് ഒരു പെട്ടിക്കട ശേഖരേട്ടനുവേണ്ടി ശരിയാക്കിയിട്ടുണ്ട്. കാലത്ത് ചെന്നാൽ താക്കോൽ കിട്ടും."
"ഇതുവരെയുള്ള ജീവിതമൊന്നും ഇനി വേണ്ടാട്ടോ ശേഖരേട്ടാ. ചേട്ടന്റെ ഒരാളുടെ ചിലവ് കഴിഞ്ഞു പോണം. അതിന് ഈ കട മതി.. "
ഞാൻ പറഞ്ഞു. അതുകേട്ട് ശേഖരേട്ടൻ പുഞ്ചിരിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിട്ട് പറഞ്ഞു.
"എനിക്ക് പണത്തിനു ബുദ്ധിമുട്ടുവന്നിട്ടല്ല ഞാനിങ്ങനെ ജീവിച്ചത്. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാ. ഞാൻ ചെയ്ത തെറ്റുകൾക്കുള്ള പരിഹാരമായി ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കാമെന്നു കരുതി, ജീവിതം ഇങ്ങനെ എരിഞ്ഞു തീരട്ടേന്നു കരുതിയിട്ടാ.... !"
'' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു....? "
വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു.
" പറയാം..."
ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു.

തുടരും...

Friday 2 November 2018



പേരില്ലാക്കഥ. ( 8 )

കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി.

തുടർന്നു വായിക്കുക.

കാര്യമറിയാതെ...    (8)


ശേഖരേട്ടനെ സമാധാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെല്ലാം വൃഥാവിലായതേയുള്ളു. എന്തോ കാരണത്താൽ അല്ലെങ്കിൽ തന്റെ ശ്രദ്ധക്കുറവുകൊണ്ടോ മറ്റോ സംഭവിച്ച ഒരു തെറ്റിനെ സ്വയം പഴിച്ച് ചങ്കുപൊട്ടിക്കരയുന്ന ഒരാളേപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.

കുറേയേറെനേരത്തെ കരച്ചിലിനുശേഷം ഒന്നു ശാന്തമായപ്പോഴേക്കും മുരളിച്ചേട്ടൻ റൂംബോയിയോടൊപ്പം പുറത്തു നിന്നും കയറിവന്നു. കയ്യിൽ ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. ശേഖരേട്ടന് ഇപ്പോൾ ഇതാവശ്യമാണെന്ന് എനിക്കും തോന്നി. ആദ്യം തന്നെ കുപ്പി പൊട്ടിച്ച് രണ്ട് പെഗ്ഗ് ഒരുമിച്ചെടുത്ത് ഗ്ലാസ്സ് നിറച്ച് ഐസും വെള്ളവും ചേർത്ത് ശേഖരേട്ടനെ പിടിപ്പിച്ചു. ശേഖരേട്ടനത് ആളിക്കത്തുന്ന തീയിലേക്ക് ഒറ്റയടിക്ക് ഒഴിച്ചു. എന്നിട്ട് ശ്വാസമടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു. അതുകണ്ട് മുരളിച്ചേട്ടൻ ഒരു പെഗ്ഗ് ഐസിട്ട് അകത്താക്കി. ഞാനൊരു ബീയർ തുറന്ന് ഒരു ഗ്ലാസ്സിൽ നിറച്ചതേയുള്ളു. അപ്പോഴേക്കും ശേഖരേട്ടൻ പതുക്കെ തലപൊക്കി.  ചുവന്നു കലങ്ങിയ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖം ചീർത്തതു പോലെ തോന്നി.

സാവകാശം ഞാൻ ചോദിച്ചു.
"എന്നിട്ടെന്തു സംഭവിച്ചു. പോരണവഴി വല്ല അപകടവും...?"
ഞങ്ങൾ മൂവരും ഉത്തരത്തിനായി കാതും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ രണ്ടു വശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു.
"അതൊന്നുമായിരുന്നില്ല.. " ഒന്നുമിനീരിറക്കിയിട്ട് തുടർന്നു.
" അതിലും ക്രൂരമായിരുന്നു അത്. അപകടമായിരുന്നെങ്കിൽ അതോടെ ഞങ്ങൾ മൂവരും തീർന്നേനെ.  ഈ വേദനയുടെ ലോകത്തു നിന്നും ഞാനും എന്നെന്നേക്കുമായി രക്ഷപ്പെട്ടേനെ... "
 ശേഖരേട്ടൻ തന്നെ ഗ്ലാസ്സിലൊഴിച്ച് ഐസിട്ട് വീണ്ടും ഒരുപിടി പിടിച്ചു. ഞാനെന്റെ ഗ്ലാസ്സും കാലിയാക്കി. വിനുവേട്ടൻ കപ്പലണ്ടിയെടുത്ത് വായിലിട്ട് ശേഖരേട്ടന്റെ മടമടാന്നുള്ള കുടി കണ്ട് നെറ്റി ചുളിച്ച് മുഖം വക്രിച്ച് ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കി. ഞാൻ മനസ്സിൽ പറഞ്ഞു, 'കുടിക്കട്ടെ. ഉള്ളിലെ കത്തൽ ഒന്നു ശാന്തമാകുമെങ്കിൽ ആവട്ടെ...'

കുറച്ചു നേരത്തേക്ക് തലകുനിച്ചിരുന്ന ശേഖരേട്ടൻ പതുക്കെ തലയുയർത്തി. പിന്നെ ഞങ്ങളെ മൂവരേയും ഒരാവർത്തി നോക്കിയിട്ട് ഗ്ലാസ്സ് ടീപ്പോയിമേൽ വച്ചു.
"അന്നു ഞങ്ങൾ ആ പൂന്തോട്ടത്തിൽ നിന്നു തിരിച്ചുവരുന്നത് പതിനൊന്നു മണിയോടടുത്താണ്. മോന് ആ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ആദ്യമായാണ്  ഇങ്ങനെയൊരുയാത്ര അവൻ പോകുന്നത്.
ഞാൻ ഗൾഫിലായിരുന്നതുകൊണ്ടും അവരുടെ പഠിക്കുന്ന സമയവും എന്റെ വെക്കേഷനും ഒന്നും ഒത്തുവരാറില്ല.
അമ്മ ഒറ്റക്ക് അവരെ കൊണ്ടു പോകുമായിരുന്നില്ല. അങ്ങനെ എല്ലാം ഒത്തുവന്ന ഒരവസരമായിരുന്നു ഇത്.

കൂടെ മോള് കൂടി ഉണ്ടായിരുന്നെങ്കിൽ നിറഞ്ഞ സന്തോഷമായിരുന്നേനെ. അവള് ആസ്ത്രേലിയായിലായിരുന്നതുകൊണ്ട് ഭർത്താവിനൊപ്പം ദിവസവും കറങ്ങാൻ പോകുന്നുണ്ട്. അവന്റെ ആ സന്തോഷം കെടുത്തണ്ടാന്നു കരുതി ' ഇത്തിരി കൂടി കഴിഞ്ഞിട്ടു പോകാന്നു' പറഞ്ഞാണ് പതിനൊന്നുമണിയായത്.

ഞങ്ങൾ മുറിയിൽ ചെല്ലുമ്പോൾ അവൾ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. ഞാൻ ചെന്ന് നെറ്റിയിൽ തൊട്ടുനോക്കി. കുറച്ചു ചൂടു തോന്നി. ഞാൻ ചോദിച്ചു.
" പനിക്കണ് ണ്ടോ..?"
കേട്ടതും അവൾ ഞെട്ടിയുണർന്നു. ഏതോ അസുഖാവസ്ഥയുടെ മൂർത്ഥന്യത്തിൽ ബുദ്ധിമുട്ടുന്നതു പോലെയൊരു മുഖം. പെട്ടെന്ന് മുഖം മറച്ചവൾ പറഞ്ഞു.
"നമുക്ക് പോകാം. എനിക്ക് ഒട്ടും സുഖമില്ല. എനിക്കീ കാലാവസ്ഥ ഒട്ടും പിടിക്കണില്ല. എത്രയും വേഗം ഇവിടന്ന് പോണം..."

പിടിച്ച പിടിയാലെ അവിടന്ന് പോരേണ്ടി വന്നു. പോരുന്ന വഴിയിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ല. നാട്ടിൽച്ചെന്നിട്ട് മതിയെന്ന ഒറ്റ നിലപാടിൽ ഉറച്ചു നിന്നു. അവളുടെ അസുഖാവസ്ഥ എന്തോ ഗുരുതരമെന്നു തന്നെ കരുതി ഞങ്ങൾ. ഒരിടത്തും നിറുത്താതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഞങ്ങൾ പരമാവധി വേഗത്തിൽ നാട്ടിലെത്തിയപ്പോഴേക്കും കാലത്ത് പത്തു  മണിയായി.

നാട്ടിലെ കാലാവസ്ഥയിൽ പനി കുറഞ്ഞിരുന്നു. എങ്കിലും മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. എന്നിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. എന്താണ് പ്രശ്നമെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞുമില്ല. ഞങ്ങൾ ആകെ വിഷമിച്ചു. വന്നതിനു ശേഷം അവൾ അടുക്കളയിൽ കയറിയതേയില്ല. പകരം ഞാനും മോനും കൂടിയാണ് ആഹാരം പാകം ചെയ്തത്. അവൾ ആഹാരം ഞങ്ങളോടൊപ്പമിരുന്ന് പഴയതുപോലെ കഴിക്കാൻ തയ്യാറായില്ല. മൂന്നാം ദിവസം ഞാനും മോനും കൂടി ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് പരിശോധിപ്പിക്കണമെന്ന് തീരുമാനിച്ചാണ് കിടന്നത്.

പിറ്റേന്ന് വെളുപ്പിന് ഒരു ശബ്ദം കേട്ട് ഞാൻ ണെട്ടിയുണർന്നു. ഒരു ചിറകടി ശബ്ദമാണ് കേട്ടെതെന്ന് തോന്നി. മുറിയിൽ പ്രഭാതസൂര്യന്റെ ഉയർത്തെഴുന്നേൽപ്പ് ചില്ലുജാലകത്തിലൂടെ അരിച്ചുവരുന്നതേയുള്ളു. എന്റെ കണ്ണുകൾക്ക് തെളിച്ചം പോരാത്തതുകൊണ്ട് കയ്യെത്തിച്ച് ലൈറ്റിട്ടു. മുറിയിൽ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അവൾ പുതപ്പിനുള്ളിൽ പൂർണ്ണമായി മൂടിപ്പുതച്ചു തന്നെ കിടന്നിരുന്നു. അത്രക്ക് തണുപ്പൊന്നുമില്ലാത്ത മുറിയിൽ എന്തിനാണ് ഇങ്ങനെ മുഴുവൻ കൂടിപ്പുതച്ച് കിടക്കുന്നതെന്ന് ഒരുനിമിഷം ഞാൻ സംശയിച്ചു.

കുറച്ചു നേരം അവളുടെ കിടപ്പ് നോക്കിയിരുന്നു. അപ്പോഴാണത് ശ്രദ്ധിച്ചത്. അവൾ ശ്വാസോഛ്വാസം ചെയ്യുന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. പെട്ടെന്ന് എന്റെ ഉള്ളൊന്ന് കാളി. ഞാൻ പതുക്കെ മുഖത്തെ പുതപ്പൊന്നു മാറ്റാൻ നോക്കി. അവളതിന്റെ അറ്റം കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. ഞാൻ ബലമായിട്ടുതന്നെ മുഖത്തുനിന്നും പുതപ്പ് വലിച്ചുമാറ്റി. മുഖം സ്വല്പം ഇടത്തോട്ട് ചരിച്ചുള്ള ആ കിടപ്പിൽ പന്തികേട് തോന്നിയില്ലെങ്കിലും നേരെ കിടത്താനായി 'ഹേയ് ' എന്ന് വിളിച്ച് മുഖത്ത് പിടിച്ചു തിരിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്...!
ആ മുഖം തണുത്തു മരവിച്ചിരുന്നു....!
ഇടത്തെ കടവായിൽ നിന്നും ഒലിച്ചിറങ്ങിയ പത ഉണങ്ങിയിരുന്നു...!
പെട്ടെന്ന്  'അയ്യോ.. ചതിച്ചോ... ' എന്ന നിലവിളിയോടെ ഞാൻ ചാടിയെഴുന്നേറ്റു. അവളുടെ പുതപ്പ് വലിച്ചുപറിച്ചെടുത്തു. പുതപ്പിന്റെ ഒരറ്റം ഇടത്തു കൈയ്യിൽ പിടിച്ച് വലതുകൈ പൊതിഞ്ഞു പിടിച്ചിരുന്നു. വലതുകൈയ്യുടെ തള്ളവിരലിനടുത്ത് ഒരു വെളുത്ത കടലാസ്സ് ചുരുട്ടിപ്പിടിച്ചിരുന്നത് കണ്ടു. അത് വലിച്ചെടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല. കാരണം ആ മടക്കിയ കൈകൾ മരവിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. പിന്നെ ബലമായിത്തന്നെ വിരലുകൾ വിടർത്തി ആ കടലാസ് വലിച്ചെടുത്തു.
വേഗം തുറന്നു  വായിച്ചു.
എന്റെ കണ്ണിൽ ഇരുട്ടു കയറി.
കണ്ണുനീർ നിറഞ്ഞ് വായിക്കാൻ കഴിയാതായി.  എനിക്കെന്നോട് തന്നെ പുഛം തോന്നി. "

കോപം കൊണ്ടു വിറച്ചശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരയാൻ തുടങ്ങി. ശേഖരേട്ടന്റെ കഥ കേട്ട് നടുങ്ങിയിരിക്കുകയായിരുന്നു ഞങ്ങൾ.
ആ രംഗം തണുപ്പിക്കാനെന്നോണം രണ്ടു പെഗ്ലൊരുമിച്ചെടുത്ത് കുറച്ച് ഐസും സോഡയുമൊഴിച്ച് ശേഖരേട്ടനെ പിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുരളിച്ചേട്ടൻ. എനിക്കെന്റെ സമനില വീണ്ടെടുക്കാൻ കുപ്പിയിലുണ്ടായിരുന്ന ബാക്കി ബീയർ അപ്പാടെ കുപ്പിയോടെ വായിലേക്ക് കമഴ്ത്തി. ഇതെല്ലാം കണ്ട് മരവിച്ചിരുന്ന വിനുവേട്ടൻ ശേഖരേട്ടനെ താങ്ങിപ്പിടിച്ചിരുന്നു.

ഒരു വിധം ശാന്തത കൈവന്നതോടെ വിനുവേട്ടൻ ചോദിച്ചു.
"എന്തായിരുന്നു ആ കത്തിൽ ... ?"
ശേഖരേട്ടൻ അണ്ടർവെയറിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആ കത്തെടുത്ത് നീട്ടി. മുരളിച്ചേട്ടൻ ചാടിപ്പിടിച്ചെടുത്ത് നിശ്ശബ്ദമായി വായിക്കാൻ തുടങ്ങി. ശേഖരേട്ടൻ തല കുനിച്ചിരുന്നതേയുള്ളു. ഞാനും വിനുവേട്ടനും കത്തു വായിക്കുന്ന മുരളിച്ചേട്ടന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കിയിരിക്കയായിരുന്നു. വായിച്ചു തീർന്നതും മുരളിച്ചേട്ടൻ ചാടിയെഴുന്നേറ്റിട്ട് അലറി.
" ശേഖരേട്ടാ.. നമ്മൾക്കിപ്പോ പോണം...!?"

തുടരും ....

[ അടുത്ത ലക്കത്തിൽ
    'പ്രവാസ ബാക്കി ... ' 
എന്ന പേരിൽ ഈ കഥ തുടരും....]

Saturday 13 October 2018

[മഹാപ്രളയത്തിൽപ്പെട്ട് ഈ ലക്കം കുറച്ചു വൈകി. ക്ഷമിക്കുക.]

പേരില്ലാക്കഥ.  7

കഥ ഇതുവരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു.

തുടർന്നു വായിക്കുക.

അമ്പലനടകളിലൂടെ ....

പാലക്കാട് ടൗണിലേക്ക് പെട്ടെന്നെത്തി. സുകന്യാജിയെ ഇറക്കാനായി അവരുടെ ഓഫീസിനു താഴെ വണ്ടി നിറുത്തിയിറങ്ങി. സുകന്യാജിയുടെ നിർബ്ബന്ധ പ്രകാരം അവരുടെ ഓഫീസ് കണ്ടിട്ട് തിരിച്ചു പോകാമെന്നു കരുതി എല്ലാവരും അങ്ങോട്ടു കയറി.
                  സുകന്യാജിയുടെ ഓഫീസ് .


സുകന്യാജി ഒരു വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അന്നേരമാണ് വാതിലിന് മുകളിലെ വലിയ ബോർഡ് ശ്രദ്ധിക്കുന്നത്.
" ദാരിദ്ര്യ നിർമ്മാർജ്ജന വിഭാഗം "
ഒരു നിമിഷം മനസ്സിലോർത്ത തമാശ 'അച്ചിങ്ങ' പോലിരിക്കുന്ന സുകന്യാജിക്ക് ചേർന്ന വകുപ്പു തന്നെ....!
ആ ഒരു ചിന്തയിൽ അറിയാതൊരു പുഞ്ചിരിയോടെയാണ് ഓഫീസിലേക്ക് കയറിച്ചെന്നത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് അക്ഷരാർത്ഥത്തിൽ ദാരിദ്ര്യം പിടിച്ച വകുപ്പാണെന്നു് മനസ്സിലായത്.
പാവങ്ങൾക്ക് ശബളം കിട്ടിയിട്ട് തന്നെ മാസങ്ങളായത്രെ.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ  നടപ്പിലാക്കുകയാണ് ഇവരുടെ പണി. മുൻപ് റേഷൻ കാർഡിലെ ദാരിദ്ര്യക്കാരെ നിശ്ചയിക്കലായിരുന്നു ജോലി. അന്ന് പാവങ്ങളുടെ നീണ്ട ക്യൂവായിരുന്നു ദിവസം മുഴുവൻ.

ഇപ്പോൾ അതൊന്നുമില്ല.
' പ്രധാൻ മന്ത്രി ആവാസ് യോജന ' ക്ക് ഗ്രാമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി മാത്രം. പിന്നെ ശുചിത്വമിഷൻ, തൊഴിലുറപ്പു പദ്ധതി എന്നിവയുടെ ചുമതലയും.  രണ്ടു മൂന്ന് ബ്ലോക്കിന്റെ ചുമതല ഒറ്റക്ക് ഏറ്റെടുത്ത് ശബളം പോലുമില്ലാതെ പണിയെടുത്ത് പണിയെടുത്ത് സുകന്യാജി അച്ചിങ്ങാപ്പരുവത്തിലായതിൽ വലിയ അത്ഭുതമൊന്നുമില്ല.

പിന്നെ അവിടെ അധികം നിന്നില്ല. എത്രയും പെട്ടെന്ന് തൃശ്ശൂരിലെ ലോഡ്ജിൽ തങ്ങുന്ന ശേഖരേട്ടന്റടുത്തെത്തണം. ഇതിനകം ഞങ്ങളെ കാത്തിരുന്ന് മുഷിഞ്ഞ് പുള്ളിക്കാരൻ അവിടന്ന് മുങ്ങിയോന്നും അറിയില്ല.

പോരുന്ന വഴിമുഴുവൻ കേരളേട്ടന്റെ വീട് സന്ദർശ്ശനത്തിന്റേയും സദ്യയുടേയും കേമത്തെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. വഴിയിൽ ഒരു ഹോസ്പിറ്റലിന്റെ പേരു കണ്ടപ്പോൾ മുരളിയേട്ടൻ പറഞ്ഞു.
"നമുക്ക് ഇവിടെ കയറി മിസ്സിസിനെ ഒന്നു പരിശോധിപ്പിച്ചാലൊ വിനുവേട്ടാ..."
"അതിപ്പോൾ വേണ്ട മുരളിയേട്ടാ.. തൽക്കാലം കുഴപ്പമൊന്നുമില്ലല്ലൊ. തൃശ്ശൂര് ചെല്ലട്ടെ. എപ്പോഴും പോകുന്ന ഡോക്ടറുടെ അടുത്തായാൽ അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാകും. അതായിരിക്കില്ലെ നല്ലത്...?"

വിനുവേട്ടന്റ അഭിപ്രായത്തോട് ഞങ്ങളും യോജിച്ചു. പരിചയമില്ലാത്ത ഡോക്ടറുടെ അടുത്താവുമ്പോൾ നീലത്താമരയുടെ രോഗവിവരം ആദി മുതൽ വിവരിക്കേണ്ടി വരും. അതിലും ഭേദം ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് നല്ലത്.

ഏതാണ്ട് അഞ്ചു മണിയോടടുത്ത് ഞങ്ങൾ തൃശ്ശൂരെത്തി. തൃശ്ശൂർ റൌണ്ടിൽ കയറുന്നതിനുമുമ്പ് ഒരു കവലയിലെത്തിയപ്പോൾ വണ്ടി നിറുത്താൻ മുരളിച്ചേട്ടൻ ആവശ്യപ്പെട്ടു. വണ്ടി ഓരം ചേർന്ന് നിറുത്തി. മുരളിച്ചേട്ടൻ എന്ന ബിലാത്തിച്ചേട്ടൻ ഇനിയെന്തു മാന്ത്രികപ്പരിപാടിക്കാണെന്ന് ഒരു നിമിഷം ഞാൻ മനസ്സിലോർക്കാതിരുന്നില്ല.

ഇപ്പോൾ വരാമെന്ന് പറഞ്ഞിറങ്ങിയ ബിലാത്തിച്ചേട്ടൻ തൊട്ടു പുറകിൽ ഒരു വലിയ മാവിന്റെ ചുവട്ടിൽ ബുള്ളറ്റ് ബൈക്കിലിരുന്ന് ആരോടൊ  വർത്തമാനം പറഞ്ഞു നിന്ന ഒരാളുടെ അടുത്തേക്കാണ് ചെന്നത്. അയാൾ ബിലാത്തിമുരളിയേട്ടനെ കണ്ടപാടെ ബൈക്കിൽ നിന്നും ചാടിയിറങ്ങി ഷേക്ക് ഹാൻഡ് ചെയ്യുന്നു. ചിരിച്ച് കൊണ്ട് കെട്ടിപ്പിടിക്കുന്നു. അത് കണ്ട് ഞാൻ വിനുവേട്ടനോട് പറഞ്ഞു.
"അയാളുടെ പ്രകടനം കണ്ടിട്ട് ബിലാത്തിച്ചേട്ടനോട് നല്ല സ്നേഹവും ബഹുമാനവും ഉള്ളയാളാണെന്ന് തോന്നുന്നു.. "
" ങൂം ... പഴയ സുഹൃത്തുക്കൾ വല്ലവരുമാവും.. "

ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. മുരളിയേട്ടൻ വന്ന് കാറിൽ കയറി. ഞാൻ ചോദിച്ചു.
" പഴയ പരിചയക്കാരനോ മറ്റോ ആണോ..?"
"പരിചയക്കാരൻ തന്നെ. പക്ഷേ, ഇപ്പോൾ പുള്ളിക്കാരൻ ഞങ്ങളുടെ കൗൺസിലറാ. പുള്ളി വിചാരിച്ചാൽ കോർപ്പറേഷന്റെ ഒരു പെട്ടിക്കട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. അതൊന്നു ചോദിക്കാമെന്ന് കരുതിയിറങ്ങിയതാ.."
"എന്നിട്ടെന്തു പറഞ്ഞു. "
" ഒരെണ്ണം ഒഴിവുണ്ട്. അത് നടത്തിയിരുന്നയാൾ പ്രായമായതുകൊണ്ട് നിറുത്തിപ്പോയതാ. വേറാരും വന്ന് തുറന്നിട്ടില്ല. അതിന്റെ താക്കോൽ അയാളുടെ കൈവശമാണ്.
അയാൾ കോർപ്പറേഷന് വാടകയൊന്നും കൊടുക്കുന്നില്ലിപ്പോൾ. അയാളുമായി കോൺടാക്ടു ചെയ്യാൻ വഴിയുണ്ടോന്ന് നോക്കി പറയാമെന്നാണ് പറഞ്ഞേക്കുന്നത്. .. "
"ഈശ്വരാ.. ശേഖരേട്ടന്റെ ഭാഗ്യം പോലിരിക്കും... "
ഞാൻ മനസ്സിൽ ദൈവത്തിന് ഒരു വിളക്കു കത്തിച്ചു.

ഞങ്ങളെ ഹോട്ടലിന്റെ മുന്നിലിറക്കി, 'നീലത്താമരയെ ' വീട്ടിൽ കൊണ്ടാക്കിയിട്ട് വരാമെന്ന് പറഞ്ഞ് വിനുവേട്ടൻ കാറുമായിപ്പോയി. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ശേഖരേട്ടൻ നല്ല ഉറക്കത്തിലായിരുന്നു. അനക്കം കേട്ടപാടെ ശേഖരേട്ടൻ ചാടിയെഴുന്നേറ്റു. മുഖം കഴുകി വന്ന് കട്ടിലിൽ ഇരുന്നു. ഞങ്ങൾ കേരളേട്ടനെ കണ്ടതും സദ്യ കഴിച്ചതും മറ്റും പറഞ്ഞു കേൾപ്പിച്ചു. ഇതിനിടക്ക് റൂംബോയിയെ വിളിച്ച് ചായക്ക് ഓർഡർ കൊടുത്തു.

പറഞ്ഞിരിക്കെത്തന്നെ വിനുവേട്ടനെത്തി. ഞങ്ങൾ കസേര രണ്ടണ്ണമുള്ളത് കട്ടിലിനോട് ചേർത്തിട്ട് ഞാനും വിനുവേട്ടനും ഇരുന്നു. ബിലാത്തിമുരളിച്ചേട്ടൻ അതിനുമുന്നേ തന്നെ കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു.  തലയെടുത്ത് ഇടത്തേ കൈയ്യിൽ താങ്ങി ചരിഞ്ഞു കിടന്നു കൊണ്ട് കഥ കേൾക്കാൻ തയ്യാറായി.

അപ്പോഴേക്കും ചായയും പരിപ്പുവടയുമായി റൂംബോയി എത്തി. അവനെ പറഞ്ഞയച്ച് വാതിലുമടച്ച് ഞാൻ വീണ്ടും ഉപവിഷ്ടനായി.
ശേഖരേട്ടന്റെ കഥ കേൾക്കാനുള്ള ഞങ്ങളുടെ ആകാംക്ഷ കണ്ട് പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പെട്ടെന്ന് ആ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നതു പോലെ തോന്നി. ആരോടൊക്കെയോ ഉള്ള ദ്വേഷ്യം കട്ടപ്പല്ലുകൾക്കിടയിലിട്ട് കൂട്ടിയരക്കുന്നതു പോലെ താടിയെല്ല് അനങ്ങുന്നുണ്ടായിരുന്നു.

ശേഖരേട്ടൻ ഞങ്ങളെ മൂവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
" അന്ന് കാറിൽ ആദ്യയാത്ര ഗുരുവായൂരിലാവാമെന്ന് അവളും മോനും കൂടി തീരുമാനിച്ചു. ഞാൻ ഒന്നിനും എതിര് നിന്നില്ല. ഗുരുവായൂർ ചെന്നിട്ട് ബാക്കി യാത്ര എവിടേക്കാന്ന് തീരുമാനിക്കുകയുള്ളു. അങ്ങനെ ഒരു തിങ്കളാഴ്ച വെളുപ്പിന് ഞങ്ങളുടെ മാരുതി ഓൾട്ടോ NH 17 -ലൂടെ ഗുരുവായൂർക്ക് വിട്ടു. ഞാനാണ് ഡ്രൈവർ. വളരെ പതുക്കെയാണ് ഞങ്ങൾ പോകുന്നത്. ധൃതിപിടിച്ച് ഭഗവാനെ കാണേണ്ട കാര്യമില്ലല്ലൊ. ഒന്നുരണ്ടു ദിവസം വേണ്ടിവന്നാൽ താമസിക്കാനും പരിപാടിയുണ്ടായിരുന്നു.

പത്തുമണിയായപ്പോഴേക്കും അമ്പലനടക്കൽത്തന്നെയുള്ള ഒരു സത്രത്തിൽ മുറിയെടുത്ത് കുളിച്ച് പ്രാതലും കഴിച്ചിട്ട് അമ്പലത്തിൽ ഭഗവാനെ കാണാനായിട്ടുള്ളവരിയിൽ നിലയുറപ്പിച്ചു. മണിക്കൂറുകൾ നീണ്ട നില്ല്. ഭഗവാനെ ഒന്നോടിച്ച് കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു.
" ഇത്രേം നേരം വരിനിന്ന് അവശയായി ഭഗവാന്റെ മുന്നിലെത്തിയപ്പോൾ സമാധാനായി ഒന്നു നിന്നുതൊഴാനുള്ള സാവകാശം പോലും തന്നില്ല. അതിനുമുമ്പേ ഉന്തിത്തള്ളി പുറത്താക്കി... "
അവൾ ആരോടെന്നില്ലാതെ പരാതിപ്പെട്ടു.
ഞാൻ ചോദിച്ചു.
"ഭഗവാനോട് പറയാനുള്ളതൊക്കെ പറഞ്ഞില്ലെ, പിന്നെന്താ ...?''
" എവിടെ...,ഞാനൊന്നു കണ്ടതല്ലേയുള്ളു. ഒന്നും പറയാൻ സാവകാശം കിട്ടിയില്ല."
"സാരമില്ല. പുറത്ത് നടയുടെ നേരെ നിന്ന് പറയാനുള്ളതൊക്കെ പറയാം, എത്ര നേരം വേണോങ്കിലും .. ഇനി സന്ധ്യക്ക് വീണ്ടും വന്ന് മതിയാവോളം പ്രാർത്ഥിക്കാം.."
''ഭഗവാനേ... ഇനി അകത്തു കയറാൻ ഞാനില്ല..."
അകത്തു വരി നിന്നതിന്റെ ആലസ്യം അവളിൽ മാറിയിട്ടില്ലെന്ന് മനസ്സിലായി.
"എങ്കിൽ നടക്ക്. ആദ്യം പ്രസാദൂട്ട് ഉള്ളത് എവിടേണെന്ന് നോക്കാം. വിശന്നിട്ട് വയറ് കത്തിക്കാളുന്നു. അതു കഴിഞ്ഞ് മുറിയിൽ പോയി വിശ്രമിക്കാം.. "

ഊട്ടുപുര കണ്ടെത്തിയെങ്കിലും
അവിടേയും വരിനിൽക്കേണ്ടിവന്നത് വിശപ്പിന്റെ കത്തിക്കാളൽ രൂക്ഷമാക്കി.
ഒരു കണക്കിന് ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോഴേക്കും മൂന്നുമണി കഴിഞ്ഞു. മുറിയിലെത്തിയതും കിടക്കേണ്ട താമസം തളർന്നുറങ്ങിപ്പോയി.

വീണ്ടും കുളിച്ച് സന്ധ്യാപ്രാർത്ഥനക്കായി ഇറങ്ങി. അമ്പലത്തിനു പുറത്തു കൂടെ ഒരുവട്ടം പ്രദക്ഷിണം വച്ചിട്ടാണ് മുൻവാതിലിനു മുമ്പിലെത്തിയത്. അവിടെ നിന്നു തൊഴുതതേയുള്ളു. ഞാനും മോനും വരാന്തയുടെ തൂണിൽ ചാരിയിരുന്നു, അവളുടെ പ്രാർത്ഥനകളും ആവശ്യങ്ങളും എല്ലാം കഴിഞ്ഞ് തൃപ്തിയോടെ വരുന്നതുവരെ.

അതു കഴിഞ്ഞ് വഴിപാടിനുള്ള ചീട്ടെടുക്കാൻ വരിനിന്നു. മോൾക്കും മരുമോനും പേരക്കുട്ടിക്കും വേണ്ടി വഴിപാടു കഴിക്കണമായിരുന്നു. അതിന്റെ പ്രസാദം തൊട്ടടുത്ത കൗണ്ടറിൽ കിട്ടും. അതും കഴിഞ്ഞ് ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ടാണ് മുറിയിലെത്തിയത്.

പിറ്റേ ദിവസം കാലത്ത് അവിടേ നിന്നും ഹൈറേഞ്ചുകൾ ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. മോന്റെ ആവശ്യപ്രകാരം പീച്ചി ഡാം, മലമ്പുഴ ഡാം എന്നിവ കണ്ടു. മലമ്പുഴയിൽ രാത്രിയിലെ ഉദ്യാനം വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്നത് കാണണമെന്ന മോന്റെ ആഗ്രഹത്തിനും എതിരുനിന്നില്ല. അന്ന് അവിടെ തങ്ങി.

പിറ്റെ ദിവസം കാലത്ത് അവിടന്നും പുറപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കാത്ത ഒരു യാത്ര. വഴിയിൽ കാണുന്ന സ്ഥലസൂചികകൾ നോക്കിയാണ് പോകേണ്ട സ്ഥലം തീരുമാനിക്കുന്നത്.

അങ്ങനെ ഞങ്ങൾ പഴനിയിലെത്തി. ഒരു ദിവസം അവിടെ തങ്ങി. പിറ്റെദിവസം കൊടൈക്കനാൽ വഴി പോരാമെന്നു കരുതി പുറപ്പെട്ടു. വെള്ളച്ചാട്ടവും പൂന്തോട്ടവും മലഞ്ചെരുവുകളും കൊണ്ട് സമ്പന്നമായൊരിടത്ത് രാത്രിക്കു മുമ്പെത്തി. പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നിലും മുറികിട്ടിയില്ല. ഒരു താഴേക്കിട ഹോട്ടലിലാണ് മുറികിട്ടിയത്. ഒരു രാത്രിയിലെ കാര്യമല്ലെയുള്ളു. അതുകൊണ്ട് കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ അവിടെത്തന്നെ മുറിയെടുത്തു.

ഹൈറേഞ്ചിലേക്ക് കടന്നതോടെ പുള്ളിക്കാരത്തിക്ക് മൂക്കടപ്പും ജലദോഷവും പിടിച്ചു. ആ ഹോട്ടലിന്റെ മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാണ് ഞങ്ങളെത്തിയതെങ്കിലും പൂന്തോട്ടത്തിലെ ലൈറ്റുകളൊന്നും അണച്ചിരുന്നില്ല. ഒന്നാം നിലയിലെ ഞങ്ങളുടെ വാതിലിനു നേരെയായിരുന്നു പൂന്തോട്ടം. വരാന്തയിൽ നിന്നാൽ വിവിധ നിറങ്ങളിൽ  കുളിച്ചു നിൽക്കുന്ന പൂന്തോട്ടം വളരെ മനോഹരമായിരുന്നു.

ചെന്നപാടെ ബാഗ് കട്ടിലിലേക്കിട്ട് മോൻ പൂന്തോട്ടം കാണാനായി ഇറങ്ങി. ഞങ്ങളും വരുന്നെന്നു പറഞ്ഞിട്ടും അവൻ നിന്നില്ല. പിന്നാലെ നമ്മൾക്കും പോകാമെന്നു പറഞ്ഞെങ്കിലും മൂക്കടപ്പിന്റേയും ജലദോഷത്തിന്റേയും അസ്വസ്ഥത അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
"നിങ്ങൾ പൊക്കോ. ഞാനിവിടെ മൂടിപ്പുതച്ചിരുന്നോളാം."
അതു കേട്ട് ഞാനും പുറത്തിറങ്ങി. എന്റെ കൂടെ വരാന്തയിൽവരെ അവളും വന്നു. വരാന്തയിലെ ഗ്രില്ലിൽ പിടിച്ച് അവൾ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച് നിന്നു. ഒത്തിരി സന്തോഷം ആ മുഖത്തു കാണുന്നുണ്ടായിരുന്നു. പൂമ്പാറ്റകളെപ്പോലെ ഇങ്ങനെ കറങ്ങി നടക്കാനായിരുന്നു അവൾ എന്നും ആഗ്രഹിച്ചിരുന്നതെന്നു തോന്നുമായിരുന്നു അപ്പോഴത്തെ അവളുടെ മുഖഭാവം.

ഞാൻ പൂന്തോട്ടത്തിൽച്ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ ആവൾ കൈവീശിക്കാണിച്ചിട്ട് അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. ഞാനും മോനും പൂന്തോട്ടത്തിൽ വെറുതെ കറങ്ങി നടന്നു. കുറേ ഫോട്ടോയെടുത്തു. സിമന്റ് ബഞ്ചിൽ ഇരിക്കുകയും പുല്ലിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കൺകുളിർക്കെ കാണുകയും ചെയ്തു.

നേരത്തെ മുൻകൂട്ടി തീർച്ചപ്പെടുത്താതെ മുറികൾ ബുക്ക് ചെയ്യാതെയുള്ള, പ്രത്യേകിച്ച് ഒറ്റതിരിഞ്ഞുള്ള യാത്രയിലെ ചതിക്കുഴികളെ തിരിച്ചറിയാതെയുള്ള ഞങ്ങളുടെ ആ യാത്ര അവസാനിച്ചത് വലിയൊരു ട്രാജടിയിലായിരുന്നു....!

ശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരഞ്ഞു. ഞങ്ങളും വല്ലാതായി. ഞാൻ പെട്ടെന്ന് ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചോട് ചേർത്തു. എന്നിട്ടും ശേഖരേട്ടന്റെ ഏന്തിക്കരച്ചിൽ നിന്നില്ല.

തുടരും ....

Sunday 9 September 2018

കഥ.
പേരില്ലാക്കഥ.    6

കഥ ഇതുവരെ ....

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.
പിറ്റെ ദിവസം കഥ പറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു.

പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ  കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു.
" എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു.

കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി.

ലണ്ടൻ മാജിക് .

സിറ്റൗട്ടിൽ ഇരിക്കാനായി തുടങ്ങുമ്പോഴാണ് മുരളിയേട്ടന്റെ ഒരു ചോദ്യം.
" കേരളേട്ടൻ വലിയ ഭക്തനാണെന്നു തോന്നുന്നുവല്ലോ. മുറ്റത്തിനോട് ചേർന്ന് തന്നെ ഒരുപാട് ദൈവങ്ങളെ ഇരുത്തിയിരിക്കുന്നു. മാത്രമല്ല നെറ്റിയിൽ ഭസ്മക്കുറിയും ... "
"ശരിയാ... കാലത്തെ തന്നെ പൂജാദികർമ്മങ്ങൾ കഴിഞ്ഞിട്ടേ ബാക്കി പരിപാടിയുള്ളു.''
"എങ്കിൽ ആ കൈയ്യൊന്നു നീട്ടൂ കേരളേട്ടാ..."
കേരളേട്ടൻ എന്തിനെന്നറിയാതെ എല്ലാവരേയും ഒന്നു നോക്കിയിട്ട് സ്വല്പം ആകാംക്ഷയിൽ, നീട്ടിപ്പിടിച്ച മുരളിയേട്ടന്റെ വലതുകൈപ്പത്തിയിലേക്ക് തന്റെ വലതുകൈപ്പത്തി കമഴ്ത്തിവച്ചു. ഞങ്ങളെല്ലാം പെട്ടെന്ന് ആശങ്കാകുലരായി ആ കൈപ്പത്തിയിലേക്ക് കണ്ണുകൾ പായിച്ചു. മുരളിയേട്ടൻ എന്താണു് ചെയ്യാൻ പോകുന്നതെന്ന് ഒരൈഡിയായും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. ഞങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് മുരളിയേട്ടൻ കേരളട്ടന്റെ കൈ തിരിച്ച് മുകളിലേക്കാക്കി, മുകളിലേക്ക് പൊക്കിയ തന്റെ വലതുകൈയ്യുടെ തള്ളവിരലും ചൂണ്ടാണിവിരലും നടുവിരലും കൂട്ടിപ്പിടിച്ച് പരസ്പരം തിരുമ്മിക്കൂട്ടി. അത്ഭുതമെന്നു പറയട്ടെ, തിരുമ്മിക്കൊണ്ടിരുന്ന കൈക്കുള്ളിൽ നിന്നും വെളുത്ത ഭസ്മം കേരളേട്ടന്റെ കൈയ്യിലേക്ക് വീണുകൊണ്ടിരുന്നു. ഞങ്ങൾ കണ്ണുംതള്ളിയിരുന്നപ്പോഴാണ് മുരളിയേട്ടൻ എന്ന 'ലണ്ടനിലെ മണ്ടൻ മാന്ത്രിക'നെ ഞങ്ങൾക്കോർമ്മ വന്നത്. അതോടെ കൈയ്യടിച്ചും ശബ്ദമുണ്ടാക്കിയും ഞങ്ങൾ രംഗം കൊഴുപ്പിച്ചു.
ഞങ്ങളെല്ലാവരും അതിൽനിന്നും വിരൽതൊട്ട് നെറ്റിയിൽ ഭസ്മക്കുറിവരച്ചു.

ഒച്ചയും ബഹളവും കേട്ടിട്ടാവും കേരളേട്ടന്റെ പേരക്കുട്ടികളും മറ്റും ചുറ്റും കൂടി. അതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് പേരക്കുട്ടിയുടെ കയ്യിൽ ഒരു ടവ്വൽ കണ്ടത്. മുരളിയേട്ടൻ അത് വാങ്ങി. 'ഞാനൊരു സൂത്രപ്പണി കാണിച്ചു തരട്ടെ'യെന്നു പറഞ്ഞ് ടവലിന്റെ രണ്ടു എതിർമൂലയിലും പിടിച്ച് വട്ടത്തിൽ കറക്കി ഒരുവടിപോലെയാക്കിയിട്ട് നടുക്കായി ഒരു കെട്ടുമിട്ടു. എന്നിട്ടത് ഉള്ളംകൈയ്യിൽ വച്ച് എല്ലാവരേയും കാണിച്ചിട്ട് പൊതിഞ്ഞു പിടിച്ചു. 'ഒരു ടവലെടുത്ത് തന്റെ കൈക്ക് മുകളിലിടാൻ പറഞ്ഞു.'
ഞാൻ പോക്കറ്റിൽ നിന്നും ടവൽ എടുക്കുന്നതിനുംമുമ്പേ സുകന്യാജി കയ്യിലിരുന്ന ടവൽ വിടർത്തി മുരളിയേട്ടന്റെ കയ്യുടെ മുകളിലൂടെയിട്ടു. ഇപ്പോൾ കൈപ്പത്തി കാണാൻ വയ്യ. ആ കൈപ്പത്തി അനക്കുകയും വിറപ്പിക്കുകയും മറ്റും ചെയ്ത് കൂട്ടത്തിൽ ഓം.. ക്രീം ക്രേം ക്രൂ ...മുതലായ മന്ത്രങ്ങളും...!
കുട്ടികൾ കുറച്ചു ഭയപ്പാടോടെ രണ്ടടി പിറകിലോട്ട് മാറി. പിന്നെ കൈ പതുക്കെ തുറക്കുമ്പോൾ കൈക്കുള്ളിൽ ഒരു പിടച്ചിൽ. മുരളിയേട്ടൻ മുറുകെ പിടിക്കുന്നതുകണ്ടു. വീണ്ടും തുറന്നപ്പോൾ കൈക്കുള്ളിൽ സുന്ദരിയായ വെളുത്ത ഒരു കുഞ്ഞു പ്രാവ്...!!

ഞങ്ങളെല്ലാം അത്ഭുതം കൊണ്ട് വാ പൊളിച്ചിരുന്നു പോയി. കുട്ടികൾ കയ്യടിച്ച് തുള്ളിച്ചാടി. കുട്ടികളതിനെ തൊട്ടു നോക്കുന്നുണ്ടായിരുന്നു. നിലത്തു വീണ ടവലെടുത്ത് നീലത്താമര സുകന്യാജിയുടെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളവർ കയ്യടിച്ച് മുരളിയേട്ടനെ പ്രോത്സാഹിപ്പിച്ചു. കുറച്ചു കഴിഞ്ഞ് തുറന്നിട്ടിരുന്ന ജനലഴിക്കുള്ളിലൂടെ പ്രാവിനെ തുറന്നു വിട്ടു. അതെവിടേക്കോ പറന്നു പോയി. കുട്ടികൾ സങ്കടത്തോടെ മുറ്റത്തിറങ്ങി പ്രാവിനെ അന്വേഷിച്ചു നടന്നു. രസകരമായി നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.

ചായ കുടിച്ചിരിക്കുമ്പോഴാണ് ബ്ലോഗിന്റെ തകർച്ചയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചത്. എല്ലാവരും മുഖപുസ്തകത്തിൽ ചേക്കേറിയത് കാരണം ബ്ലോഗ്ഗെഴുത്ത് വളരെ കുറഞ്ഞുവെന്ന് ഞങ്ങൾ പറയുമ്പോൾ മുരളിയേട്ടൻ അതിനെയെതിർത്തു. അമേരിക്കയിലും യൂറോപ്പിലും ബ്ലോഗ് ഇപ്പോഴും സജീവമാണന്ന് വാദിച്ചു. പിന്നീട് ബ്ലോഗ് മീറ്റിംഗുകളെക്കുറിച്ചായി സംസാരം. ഇപ്പോൾ ഇത്തരം മീറ്റിംഗുകൾ ആരും നടത്താൻ മുന്നിട്ടിറങ്ങാത്തതിന്റെ കാരണം ഭാരിച്ച ചിലവുകൾ തന്നെ. വെറുതെ എന്തിനാണ് ഒരു വയ്യാവേലിയെടുത്ത് തലയിൽവക്കുന്നതെന്ന് ചിന്തിക്കുന്നു. അതിന്റെ കുറ്റവും കുറവും കണ്ടെത്തി ചീത്തവിളിക്കാൻ മറ്റൊരു കൂട്ടർ.
അങ്ങനെ സമയം ഉച്ചയോടടുത്തു.

ഊണുകഴിക്കാനായി ഡൈനിംഗ് ഹാളിലേക്ക് ഞങ്ങൾ നീങ്ങി. എല്ലാ വിഭവങ്ങളോടെ ഒരു ഗംഭീരസദ്യ തന്നെയായിരുന്നു കേരളേട്ടൻ വിളമ്പിയത്. സ്ഥലക്കുറവ് കാരണം ആദ്യം ഞങ്ങൾ വിരുന്നുകാർക്ക് വിളമ്പി. പക്ഷേ, സദ്യ കേരളേട്ടന്റെ വീട്ടിലാണെങ്കിലും 'കേരളേട്ടന്റൊപ്പമല്ലാതെ ഞങ്ങൾക്കെന്തു സദ്യ.' അതു കൊണ്ട് കേരളേട്ടനേയും ഒപ്പമിരുത്തി. അവസാനം രണ്ടു തരം പായസവും. എല്ലാം കഴിഞ്ഞ്  മധുരമായ ആലസ്യത്തോടെ വീണ്ടും ഞങ്ങൾ ഹാളിലെത്തി.

ബ്ലോഗ് ചർച്ച വീണ്ടും ആരംഭിക്കാൻ താത്പര്യമില്ലായിരുന്നു. ആകെയൊരു ആലസ്യം. മുരളിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി വായ് പൊളിച്ചു.
'ഒരു സദ്യ കഴിഞ്ഞാൽ ഒരു മയക്കം പതിവാത്രെ ..!'
ഞാൻ പറഞ്ഞു.
" പോകും വഴി കാറിലിരുന്ന് ഉറങ്ങിക്കോ...." അതിലാശാൻ വീണു.

സംഗതിയിങ്ങനെയൊക്കെ ആണെങ്കിലും കുട്ടികൾ മുരളിയേട്ടന്റെ അടുത്തു നിന്നും മാറുന്നുണ്ടായിരുന്നില്ല. കുട്ടികളെ കയ്യിലെടുക്കാൻ മാജിക്കിനോളം വേറെന്തുണ്ട് വിദ്യ. ഇതിനിടക്ക്
'നമുക്ക് ഉടനെ വിട്ടാലൊ...' ന്ന് വിനുവേട്ടൻ കണ്ണുകൊണ്ട് സംസാരിച്ചു. അപ്പോഴേക്കും കേരളേട്ടന്റെ മക്കളും ഊണുകഴിഞ്ഞെഴുന്നേറ്റു.
"എന്നാൽപ്പിന്നെ ഞങ്ങളങ്ങോട്ട് നീങ്ങ്യാലോ കേരളേട്ടാ...?"
മുരളിയേട്ടൻ നിവർന്നിരിന്ന് കൈരണ്ടും മുകളിലേക്കുയർത്തി വായ് പൊളിച്ചൊന്നു കൂട്ടിയിട്ട് അസ്പഷ്ടമായി പറഞ്ഞത് ഞാനും സപ്പോർട്ട് ചെയ്തു.
" പാലക്കാട് മുതൽ അങ്ങ് എറണാകുളം വരെ എത്തേണ്ടതാ ... "

കേട്ടതും സ്ത്രീകൾ രണ്ടു പേരും എഴുന്നേറ്റ് ഞങ്ങളൊന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു. ഞങ്ങൾ പിന്നെയും ബ്ലോഗ് മീറ്റിനെക്കുറിച്ചും ഇതുവരെ നടന്ന ബ്ലോഗ് മീറ്റിനെല്ലാം പങ്കെടുത്തതിനെക്കുറിച്ചും ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടക്ക് ബാത്ത് റൂം നോക്കി നീങ്ങിയ സ്ത്രീകൾക്ക് 'ദേ ആ നേരെ കാണുന്നതാ' ന്ന് പറഞ്ഞു കൊടുത്തത് കേരളേട്ടന്റെ ഭാര്യയാണ്. ആദ്യം നീലത്താമരയെ വിട്ടിട്ട് സുകന്യാജി അവിടെനിന്ന് അവരുമായി സംസാരിച്ചുകൊണ്ടു നിന്നു.

നീലത്താമര നേരെ നടന്ന് പറഞ്ഞ മുറിയുടെ വാതിൽ പതുക്കെ തുറന്നു. ഇടനാഴിയിൽ വെളിച്ചം നന്നേ കുറവാണ്.
അകം കൂറ്റാക്കൂറ്റിരിട്ട് .
കൈകൊണ്ട് തടവി ലൈറ്റിന്റെ സുച്ചിനായി പരതി. ഒന്നിലും കൈ തടഞ്ഞില്ല. പുറത്തേക്കുളള ഒരു ജനാലപോലുമുണ്ടായിരുന്നില്ല.
ഒരു തുള്ളി വെളിച്ചം ലവലേശം കാണാനില്ല. കുറച്ചു കഴിഞ്ഞതും എതിർ മൂലയിൽ ഒരു വെളുത്ത വാഷ്ബേസിന്റെ രൂപം തെളിഞ്ഞു തെളിഞ്ഞു വരുന്നത് നീലത്താമരക്ക് സന്തോഷം നൽകി.
ഇനി കുഴപ്പമില്ല, കയ്യെത്തിച്ച് വാഷ്ബേസിനിൽ പിടിക്കാനായി ഒരു കാൽ അകത്തേക്ക് വച്ചതും മനസ്സിലായി താഴെ നിലം അവിടെങ്ങുമില്ലെന്ന്. അത് അതുക്കും താഴെയാണെന്ന് തിരിച്ചറിഞ്ഞതും കൈയ്യിന്റേയും കാലിന്റേയും  പിടിയുമയഞ്ഞതും മുന്നോട്ട് ഏതോ കീഴ്ക്കാംതൂക്കായ കുഴിയിലേക്കു മുന്നുകുത്തിപോയതും, പോണവഴിയിൽ കണ്ട പിടിവള്ളിയിൽ കയറിപ്പിടിച്ചതും 'അമ്മേ' യെന്ന മൂലമന്ത്രം പുറത്തുചാടിയതും മാത്രം ഓർമ്മയുണ്ട്...!
ഒരു നിമിഷം ..
ഒരു വിധം തപ്പിപ്പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും കണ്ണുകൾക്ക് ഒരുവിധം കാഴ്ച്ച കിട്ടിയിരുന്നു. മാത്രമല്ല, മൂലമന്ത്രം കേട്ടാൽ ഓടിവരാത്തവരുണ്ടാകുമോ.
സുകന്യാജിയും കേരളേട്ടന്റെ ഭാര്യയും ഓടിയെത്തി. കുഴിയിലേക്ക് പോണപോക്കിന് നീട്ടിയ കൈയ്യിൽ കിട്ടിയത് വാഷ്ബേസിന്റെ ഒരു മൂലയാണ്. അത് ഭാഗ്യമായി. അതുകൊണ്ട് ഒരുമയത്തിലേ താഴെ വീണുള്ളു. മുട്ടുകാലു മാത്രം നിലത്ത് ചെറുതായി ഉരസി.

സംഭവം ഞങ്ങളിരിക്കുന്ന സ്ഥലത്ത് എത്തിയതും വിനുവേട്ടന്റെ മുഖം വിവർണ്ണമായി. ഞാനും ശരിക്കും ഞെട്ടി. ഞങ്ങളെഴുന്നേറ്റ് അകത്തേക്ക് പോകാനായി തിരിഞ്ഞതും അവർ ഇടനാഴിയിലൂടെ നടന്നു വരുന്നത്‌ കണ്ടു. വളിച്ചതെങ്കിലും ചിരിച്ചമുഖത്തോടെയുള്ള നീലത്താമരയുടെ കടന്നു വരവ് വിനുവേട്ടനു കൊടുത്ത ആശ്വാസം ചെറുതല്ല. നീലത്താമര കസേരയിലിരുന്ന് ആശ്വാസപൂർവ്വം പാഞ്ഞു. ''എനിക്ക് കുഴപ്പോന്നൂല്യാ... കുഴപ്പോന്നൂല്യ ..." ഞങ്ങളെല്ലാം ചുറ്റുകൂടി നിൽക്കുന്നുണ്ട്. വിനുവേട്ടൻ പരിഭ്രാന്ത്രിയോടെ ചോദിച്ചു.
"ഹോസ്പ്പിറ്റലിൽ പോണോ...?"
ഞാൻ പറഞ്ഞു.
"വിനുവേട്ടാ... നമ്മൾ പോണവഴി ഏതെങ്കിലും ഹോസ്പ്പിറ്റലിൽ കയറാം... "
" അതേ ... അതായിരിക്കും നല്ലത്. ഒരു സംശയം വച്ചോണ്ടിരിക്കണ്ട..."
കേരളേട്ടൻ അതുകൂടി പറഞ്ഞതോടെ പോകാൻ തന്നെ തീരുമാനിച്ചു.

നീലത്താമരയുടെ കാര്യത്തിൽ ഞങ്ങളെല്ലാം ഇത്രയേറെ പേടിക്കാൻ ഒരു കാരണമുണ്ടായിരുന്നു. നീലത്താമരയുടെ ജീവിതം നമ്മളേപ്പോലെ ആയിരുന്നില്ല. കുറേയേറെ വർഷങ്ങളായി അവരുടെ ഹൃദയം ചലിക്കുന്നത്  'പേസ്മേക്കറി' ലൂടെയായിരുന്നു. പെട്ടെന്നുണ്ടായ ഈ ആഘാതം കാരണം അതിന്റെ പ്രവർത്തനത്തിൽ വല്ലവ്യതിയാനവും സംഭവിക്കുമോയെന്ന പേടിയായിരുന്നു ഞങ്ങൾക്ക്. ഭാഗ്യവശാൽ പേസ് മേക്കറിനൊന്നാന്നും സംഭവിച്ചില്ല. ശരീരത്തിനകത്ത് ഉറപ്പിച്ചിരിക്കുന്നതുകൊണ്ട് ചെറിയ ഷേക്കൊന്നും പ്രശ്നമായിരിക്കില്ല. കേരളേട്ടന്റെ വീട്ടിൽ വച്ചായതോണ്ട് പുള്ളിക്കാരനത് വലിയ വിഷമമായി.

സദ്യ കഴിഞ്ഞൊരു ആലസ്യം കാണുന്നില്ലേ...?
ഞാൻ, വിനുവേട്ടൻ, നീലത്താമര, സുകന്യാജി,


ഞങ്ങളെല്ലാം പോകാനായി എഴുന്നേറ്റു. അപ്പഴേക്കും ചായയെത്തി. ഒരു പത്തു മിനിട്ടുകൂടി ചായക്കായിരുന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. മുറ്റത്തെത്തിയതും  കുട്ടികൾ രണ്ടും മുരളിയേട്ടനെ പൊതിഞ്ഞു. ആരുടേയോ കയ്യിലിരുന്ന ഒരു പത്തു രൂപാ പരസ്പ്പരം തട്ടിപ്പറിച്ച് കളിക്കുകയായിരുന്നു കുട്ടികൾ. മുരളിയേട്ടൻ അവരെ തടുത്തു നിറുത്തി. ആ പത്തു രൂപ വാങ്ങിച്ചെടുത്ത് ഇടതു കൈയ്യുടെ ഉള്ളം കയ്യിലിട്ട് തിരുമ്മിക്കൂട്ടി ഒരു കുഞ്ഞു പരുവത്തിലാക്കി വലത്തേക്കൈയുടെ ഉള്ളംകൈയിലേക്ക് മാറ്റി. പിന്നെ രണ്ടു കൈകൊണ്ടും കൂട്ടിത്തിരുമ്മി ചുണ്ടിനോട് ചേർത്ത് വച്ച് എന്തെക്കെയോ മന്ത്രോച്ചാരണങ്ങളുടെ ഉരുക്കഴിച്ചു.
'ഓം ഭൂ. ചാമുണ്ടീശ്വരീ.. ഓ.. ക്രാം .... ക്രീം .. ക്രേം ക്രൂം ...
വീണ്ടും ചുണ്ടോട് ചേർത്ത് വച്ച് അസ്പഷ്ട്ടമായ മന്ത്രോച്ചാരണത്തിനിടക്ക് കൈകൾ കൂട്ടിത്തിരുമ്മി തിരുമ്മി ... .. വിരലുകൾക്കിടയിൽ നിന്ന് ഒരു കടലാസ് നീണ്ടു നീണ്ടു  വരുന്നുണ്ടായിരുന്നു. ഒരു കുട്ടിയേക്കൊണ്ട് ആ കടലാസ് വലിച്ച് എടുപ്പിച്ചു.
''ഹായ്.. നൂറു രൂപാ ...!"
തൊട്ടുപിന്നാലെ ദേ വരുന്നു മറ്റൊരെണ്ണം. അടുത്ത കുട്ടിക്കും കിട്ടി നൂറു രൂപാ നോട്ട് ഒരെണ്ണം. അവരതും കൊണ്ട് അകത്തേക്ക് പാഞ്ഞു.
ഞങ്ങളെല്ലാം വട്ടം കൂടി നിന്ന് കയ്യടിച്ച് മുരളിയേട്ടനെ പ്രോൽസാഹിപ്പിച്ചു.
"എന്നാൽപ്പിന്നെ ഒരു ഫോട്ടോ കൂടിയായാലൊ..."
ഞാൻ മോബൈലെടുത്ത് നീട്ടി. മുരളിയേട്ടൻ ചാടി വാങ്ങി നീങ്ങി നിന്ന് ക്ലിക്കി. ഒരഞ്ചാറു ക്ലിക്ക് .
           കേരളേട്ടൻ, ഞാൻ, സുകന്യാജി,              നീലത്താമര, വിനുവേട്ടൻ.

ഞാൻ, വിനുവേട്ടൻ, മുരളിയേട്ടൻ.

                              കേരളേട്ടൻ.

പിന്നെ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഇനി സുകന്യാജിയെ പാലക്കാട്ടിറക്കിയിട്ട് വേണം ഞങ്ങൾക്ക് പോകാൻ ..

കഥ തുടരും ...

Thursday 2 August 2018


പേരിടാത്ത കഥ.

കഥ ഇതു വരെ

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

കഥ തുടരുന്നു.

കേരളേട്ടനെത്തേടി....

'ഒരു കാറുവാങ്ങുവാനുള്ള തീരുമാനം അവളെ പുളകം കൊള്ളിച്ചു. പിന്നെ എന്നും മുഖത്ത് സന്തോഷം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. ഞങ്ങൾ മൂന്നു പേരുംകൂടി പോയാണ് കാറ് ബുക്ക് ചെയ്തത്. മാരുതി ആൾട്ടോയാണ് ഇഷ്ടപ്പെട്ടത്. ഒരു മാസം കഴിഞ്ഞാലെ വണ്ടി കിട്ടുകയുള്ളു. അതിനുമുമ്പ് എനിക്കും മോനും ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഓടിച്ചുള്ള പരിചയം വളരെ കമ്മിയായിരുന്നു. അതിനായി ഞങ്ങളെ പഠിപ്പിച്ച ഡ്രൈവറുമായി ഉച്ചകഴിഞ്ഞ് കറങ്ങാൻ പോകും. ആ ഒരു മാസം ഏതാനും ദിവസത്തെ ഓരോ മണിക്കൂർ ഓട്ടം കൊണ്ട് ഒരു വിധം പരിചയം കൈവന്നു.'

ശേഖരേട്ടൻ ഒന്നു നിറുത്തിയിട്ട് ഞങ്ങളെ നോക്കി. അദ്ദേഹം വളരെ ക്ഷീണിതനാണെന്ന്  തോന്നി. വിനുവേട്ടൻ ഉടനെ വാച്ചിൽ നോക്കി ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു. 
" ഇനിയും ഞാൻ നിന്നാൽ ശരിയാകില്ല."
ഉടനെ ബിലാത്തിമുരളിച്ചേട്ടനും പറഞ്ഞു.
'' ബാക്കി നാളെയാക്കാം. നിങ്ങള് രണ്ടുപേരും ഈ ലോഡ്ജിൽത്തന്നെ കിടന്നുറങ്ങ്.."
അന്നേരം ഞാൻ പറഞ്ഞു.
"അല്ല വിനുവേട്ടാ, കേരളേട്ടനോട് ഇന്നു ചെല്ലാമന്നു പറഞ്ഞിട്ട് നാളെക്കാക്കിയില്ലെ. അപ്പൊ നാളെ പോകണ്ടേ...?"

ഞാനും വിനുവേട്ടനും മുരളിച്ചേട്ടനും പരസ്പ്പരം നോക്കി, അതു ശരിയാണല്ലോയെന്ന മട്ടിൽ. ഒരു നിമിഷത്തിനു ശേഷം ഞാൻ പറഞ്ഞു.
''വിനുവേട്ടാ, ആദ്യം കേരളേട്ടനെ വിളിച്ച് പുള്ളിക്കാരൻ നാളെ ഫ്രീയാണോയെന്ന് ചോദിക്ക്.  അതറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം... "

കേരളേട്ടന് നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലന്നറിഞ്ഞതോടെ  ഞങ്ങൾ ചെല്ലുമെന്നറിയിച്ചു. കാലത്ത് ഒൻപത് മണിക്ക് എത്താമെന്ന് പറഞ്ഞ് വിനുവേട്ടനും മുരളിയേട്ടനും പുറത്തിറങ്ങി. ആവശ്യമായ ഭക്ഷണമൊക്കെ ഉള്ളിലുണ്ടായതുകൊണ്ട് നേരത്തെ കിടന്ന് ഉറങ്ങിക്കളയാമെന്ന് തീരുമാനിച്ചു .

ഉറങ്ങാൻ കിടക്കാൻ തുടങ്ങുമ്പോഴാണ് പല കാര്യങ്ങളും പൊന്തി വന്നത്. ആവശ്യമായ വസ്ത്രങ്ങളൊന്നും തന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഉടനെ തന്നെ പുറത്തിറങ്ങി അത്യാവശ്യം വേണ്ടതു മാത്രം വാങ്ങി വന്നു. ഞാൻ കൊണ്ടു വന്നിരുന്നതിൽ കൂടുതൽ കരുതിയിരുന്നത് ശേഖരേട്ടനു കൊടുത്തിരുന്നതുകൊണ്ട് എനിക്കും നാളെ പോകാനായി ഒരു ഷർട്ടും കൂടി വാങ്ങി. 

ഞങ്ങൾ ഒരു കട്ടിലിൽ അടുത്തടുത്തു കിടക്കുമ്പോൾ പണ്ട് ബഹ്റിനിലെ മുറിയിൽ ഇതുപോലെ കിടന്നത് ഓർമ്മ വന്നു. അതിനെക്കുറിച്ച് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചുകൊണ്ടു കിടന്നു. രാജേട്ടനേയും വർഗ്ഗീസേട്ടനേയും മറ്റും ഞങ്ങൾ സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു.. 
അപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത് ശേഖരേട്ടന്റെ ഈ പതനത്തെക്കുറിച്ചായിരുന്നു. അത് ഞാൻ സൂചിപ്പിക്കുകയും ചെയ്തു.
"എന്നാലും ശേഖരേട്ടനെ ഇങ്ങനെ കാണേണ്ടി വന്നത്...  ഇങ്ങനെയൊരവസ്ഥയിലേക്ക് തള്ളിവിട്ടത്..."
"എല്ലാം വിധിയെന്നു മാത്രമെ പറയാനുള്ളു. ആരേയും കുറ്റപ്പെടുത്താനില്ല.''
''എന്തായാലും ബാക്കി നാളെ പറഞ്ഞാൽ മതി. അല്ലെങ്കിൽ എനിക്ക് ഒറ്റക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല..."

പിറ്റേന്ന് കാലത്ത് ശേഖരേട്ടനെ മുറിയിൽത്തന്നെ ഇരുത്തി വൈകുന്നേരം ഞങ്ങൾ തിരിച്ചു വരുമ്പോൾ കാണാമെന്നു പറഞ്ഞ് കേരളേട്ടനെ കാണാനായി യാത്ര തിരിച്ചു. ഞാനും ശേഖരേട്ടനും കൂടി കാലത്തെ തന്നെ പ്രാതൽ കഴിച്ചതായിരുന്നു. വിനുവേട്ടനും മറ്റും പ്രാതൽ കഴിക്കാതെയാണ് വന്നത്. അതുകൊണ്ട് പോകുംവഴി മുരളിയേട്ടന്റെ പരിചയക്കാരന്റെ ഹോട്ടലിൽ കയറി. ഞാനും ഒരു  മസാലദോശ കൂടി കഴിച്ചതോടെ വയറ് ഫുള്ളായി. 
അവിടെ വച്ച് ഒരു ഫോട്ടോ ഷൂട്ട് ആവാമെന്നു തോന്നി.




വിനുവേട്ടൻ, സ്വന്തം ഭാര്യയും ബ്ലോഗിണിയുമായ നീലത്താമര, ബിലാത്തി മുരളിയേട്ടൻ പിന്നെ ഞാനും മാത്രമാണ് വിനുവേട്ടന്റെ പുതിയ 'ബ്രസ്സ'യിൽ യാത്ര തിരിക്കുന്നത്.

പോകുന്നവഴി കേരളേട്ടനെ വിളിച്ച് ഞങ്ങൾ പുറപ്പെട്ട കാര്യം അറിയിച്ചു. അന്നേരം നമുക്ക് പുതിയ ഒരു ഗസ്റ്റുകൂടിയുണ്ടന്നും നമ്മുടെ പഴയ ബ്ലോഗിണിയാണെന്നും പറഞ്ഞു. ഇവിടെ വരുമ്പോൾ പരിചയപ്പെടുത്താമെന്നും കേരളേട്ടൻ പറഞ്ഞു. അതൊരു സസ്പൻസ് ആക്കി നിറുത്തിക്കളഞ്ഞു കേരളേട്ടൻ.

പിന്നീട് അതാരാണെന്ന ചിന്തയായി ഞങ്ങൾക്ക്. ഞങ്ങൾ നാലുപേരും തല ചൂടാക്കിയെങ്കിലും പറ്റിയ ഒരാളുടെ പേരു കിട്ടിയില്ല. പാലക്കാട്ടുഭാഗത്തുള്ള ഒരു ബ്ലോഗിണിയുടെ പേരും ഓർമ്മയിൽ വന്നില്ല. "ങാ... ഏതായാലും നമ്മൾ കാണാൻ പോവുകയല്ലെ, അപ്പൊക്കാണാം." മുരളിയേട്ടൻ പറഞ്ഞവസാനിപ്പിച്ചു. ഞാൻ ചോദിച്ചു. 
" വിനുവേട്ടാ, നമ്മൾക്ക് കുതിരാൻ വഴി പോയാലൊ.. ആ പുതിയ തുരങ്കത്തിന്റെടുത്തു കൂടി...''
" ഇപ്പോൾ നമ്മൾ കുറച്ചിങ്ങ്ട് പോന്നു. ഞാൻ ഷൊർണൂർ - ഒറ്റപ്പാലം വഴിയാതിരിച്ചത്. അതിനു കുഴപ്പമില്ല, തിരിച്ചു വരുമ്പോൾ പാലക്കാട് കുതിരാൻ വഴി വരാം.. പോരെ... ?"

വഴിയരികിലെ കാഴ്ചകൾ കണ്ട് പോകുമ്പോഴാണ് വിനുവേട്ടൻ ശേഖരേട്ടന്റെ കാര്യം എടുത്തിട്ടത്.
"ശേഖരേട്ടൻ വല്ലതും പറഞ്ഞോ പിന്നെ. "
ഞാൻ പറഞ്ഞു.
"ശേഖരേട്ടൻ ഒന്നും പറഞ്ഞില്ല. തന്നേമല്ല, എന്തോ കാര്യമായ ഒന്ന് സംഭവിച്ചിട്ടുണ്ട്. അത് ഒരു ദുരന്തമാണെങ്കിൽ ഒറ്റക്ക് എനിക്കത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നിങ്ങൾകൂടി കൂടെയുള്ളപ്പോൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. "
അതു കേട്ട് മുരളിയേട്ടൻ പറഞ്ഞു.
''ഞാനും അതുതന്നെയാ സംശയിച്ചത്. പുതിയ കാറ് വാങ്ങണ കാര്യം പറഞ്ഞിരുന്നല്ലൊ. അതുമായി ബന്ധപ്പെട്ട ഒരപകടമായിരിക്കാം കാരണം.. "
" ങും... ശരിയായിരിക്കും. .. " 
വിനുവേട്ടനും കൂടി അതംഗീകരിച്ചതോടെ ആ ചർച്ച അവിടെ നിന്നെങ്കിലും ഞാൻ ചോദിച്ചു.
" മുരളിയേട്ടാ, തൃശ്ശൂർ ടൗണിൽ എവിടേങ്കിലും ഒരു പെട്ടിക്കട കണ്ടെത്താൻ പറ്റോ...? ഒരു ചെറിയത് മതി..... "
" എന്തിനാ ... ശേഖരേട്ടന് കടയിട്ടു  കൊടുക്കാനാ...?''
''ങൂ.... ഇനി നാട്ടിലേക്ക്  പുള്ളി വരുമെന്നു തോന്നുന്നില്ല. കുറഞ്ഞ മുതൽ മുടക്കിൽ ഒരു വരുമാനമാർഗ്ഗം കണ്ടെത്തിക്കൊടുക്കണം. ഞാനുദ്ദേശിക്കുന്നത് കുറച്ചു ലോട്ടറി ടിക്കറ്റ് വാങ്ങിക്കൊടുക്കാം. പുള്ളീടെ ഒരാൾടെ ചിലവിന്റെ കാര്യമല്ലെയുള്ളു... "
"അത് നല്ല ഐഡിയായാണ്. പെട്ടിക്കട നമുക്ക് നോക്കാം. ഇല്ലെങ്കിൽ ഒരു കടവരാന്തയിൽ ഒരു സ്കൂളിട്ടിരിക്കാൻ സ്ഥലം കിട്ടിയാലും മതീല്ലൊ."
" മതി... അതായാലും മതി."
"അത് ഞാനേറ്റു. അപ്പൊ ആ പ്രശ്നം സോൾവ്ട്..."

ഏതാണ്ട് 11 മണിയായപ്പോഴാണ് കേരളേട്ടന്റെ ഫോൺ വന്നത്. എവിടെവരെ എത്തിയെന്നറിയാൻ വിളിച്ചതാണ്. ഞങ്ങൾ പറളി എത്താറായിയെന്നറിയിച്ചു. അപ്പോൾ കേരളേട്ടൻ പറഞ്ഞു.
"എങ്കിൽ നിങ്ങൾ ഹൈവേയിൽ നിന്ന് പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ നമ്മുടെ ഇന്നത്തെ ഗസ്റ്റ് ബ്ലോഗിണി നിൽപ്പുണ്ട്. അവരെക്കൂടി കൂട്ടാൻ വണ്ടിയിൽ സ്ഥലമുണ്ടാകോ...?"
" സ്ഥലമുണ്ട്.. ഒരാളല്ലേയുള്ളു. ?"
"അതെയതെ..  അവർ മാത്രമേയുള്ളു. "
" അവരെ എങ്ങനെയാ തിരിച്ചറിയുന്നത്.....?"
എന്റെ കയ്യിൽ നിന്നും ഫോൺ മുരളിയേട്ടൻ പിടിച്ചു വാങ്ങിയിട്ടു പറഞ്ഞു. 
"ങാ.. പറ കേരളേട്ടാ. ഞാൻ മുരളിയാ .. അവരുടെ പേരെന്താ...?"
" നിങ്ങളറിയും. നമ്മുടെ സുകന്യാജിയാ ...!"
"ഓഹോ.. ഹൊ... എനിക്കറിയാം. പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ടന്ന് ഞാൻ കുറച്ചു മുൻപ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു"
"ശരി ശരി. ഞങ്ങൾ കണ്ടെത്തിക്കോളാം.. കേരളേട്ടൻ ഫോൺ വച്ചോ ..."
"പിന്നേ... പറളി റെയിൽവേ സ്റ്റേഷന്റെ അടുത്ത് എന്റെ മോൻ നിൽപ്പുണ്ടാകും. നിങ്ങടെ കാറേതാ...?"
"ബ്രെസ്സയാ... മെറൂൺകളർ. മാരുതി ബ്രസ്സാ ...."
"ഓക്കെ...''

പിന്നെ അധികദൂരമില്ലായിരുന്നു. പറളി കവലയിലെ ബസ്റ്റോപ്പിൽ സാരിയുടുത്ത രണ്ടു സ്ത്രീകളേയുണ്ടായിരുന്നുള്ളു. ഒന്ന് ഒരു തടിച്ച സ്ത്രീയായിരുന്നു. മറ്റൊന്ന് ഒരു  അച്ചിങ്ങ പരുവത്തിൽ ഒരെണ്ണം.
ഏയ്... അതാവില്ല. ഒരു ബ്ലോഗിണിയെന്നൊക്കെ പറഞ്ഞാൽ ഒരിത്തിരി വണ്ണമൊക്കെ കാണുമെന്ന് ഞാനോർത്തു.

 അതിലാരായിരിക്കുമെന്ന് ചിന്തിച്ച് ഓരം ചേർന്ന് വണ്ടി നിറുത്തുമ്പോഴേക്കും മുരളിയേട്ടനും വിനുവേട്ടനും, ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം വച്ച് ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിന്നു. അതിനു മുന്നേ തന്നെ മെറൂൺ കളർ മാരുതി ബ്രസ്സ കണ്ട്, ആ 'അച്ചിങ്ങ പരുവം'  സ്റ്റോപ്പിൽ നിന്നും ചാടിയിറങ്ങിയിരുന്നു. 
തൊട്ടു മുന്നേ കേരളേട്ടൻ വിളിച്ചു പറഞ്ഞു കാണുമെന്ന് ഊഹിച്ചു. 

ബാക്ക് ഡോർ തുറന്നു കൊടുത്ത് ഞാൻ നീങ്ങിയിരുന്നു. അച്ചിങ്ങാജി ഡോറിൽ പിടിച്ച് കുനിഞ്ഞ് അകത്തേക്ക് നോക്കി ചിരിച്ചു. ഞങ്ങള് തന്നെയല്ലേയെന്ന് ഒരു സംശയഭാവം.  മുരളിയേട്ടൻ പറഞ്ഞു.
" സുകന്യാജീ... കേറിക്കോ... "
ഡ്രൈവർ സീറ്റിലിരുന്ന് വിനുവേട്ടനും വിളിച്ചു.
" സുകന്യാജി... ഞങ്ങള് തന്നാ..."
വാതിലടഞ്ഞതും ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. സുകന്യാജി പാഞ്ഞു.
" കേരളേട്ടൻ പറഞ്ഞിരുന്നു എല്ലാവരേയും പറ്റി. എന്നാലും നമ്മളെല്ലാവരും നല്ല പരിചയമുള്ളവർ തന്നെ. ദിവസവും മുഖപുസ്തകത്തിൽ ചാറ്റുന്നതല്ലെ. പക്ഷേ, നേരിൽ കാണുന്നത് ഇപ്പോഴല്ലെ. അതാ ഞാൻ സൂക്ഷിച്ചു നോക്കിയത്..." 

വീണ്ടും ഞങ്ങൾ വർത്തമാനം പറഞ്ഞ് യാത്ര തുടർന്നു. പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ  കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു.
" എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു.

കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി.


തുടരും...
-

Tuesday 3 July 2018

കഥ - പേരിട്ടിട്ടില്ല.


കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

സ്ത്രീധനം കൂടാതെ ഗൾഫ് കാരനായ ശേഖരേട്ടൻ വിവാഹം കഴിക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങളുമായി കടന്നുവന്ന ഭാര്യ. അവളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കഴിയാത്തതിൽ എന്നും കുറ്റപ്പെടുത്തുന്ന ഭാര്യയുടെ സ്വഭാവം ശേഖരേട്ടന്റെ ജീവിതം നരകതുല്യമാക്കുന്നു

തുടർന്നു വായിക്കുക.

                                           4

സ്വപ്ന സാക്ഷാത്ക്കാരം...

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ശേഖരേട്ടൻ പറഞ്ഞു.
' പുതിയ ഒരു വിസ കണ്ടെത്തുകയെന്നു പറഞ്ഞാൽ അത്ര ഈസിയല്ല. ഒന്നാമത് അവർ ചോദിക്കുന്ന പണം  എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമായിരുന്നു അന്ന്. നമ്മുടെ സ്വന്തക്കാരെ കൊണ്ടു വരുമ്പോൾ അവന് ചേർന്ന ജോലിയും ശമ്പളവും ഉണ്ടാകണം. അങ്ങനൊരു ജോലിയോ അതിനായുള്ള പണമോ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവിതം തന്നെ ഒരു വഴിക്കായി നിൽക്കുമ്പോൾ ഞാനാരെ സഹായിക്കാനാ..'
ശേഖരേട്ടൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.. 
"ശേഖരേട്ടന്റെ അളിയനു വേണ്ടി ഞാനും കൂട്ടുകാരും ഒത്തിരി ശ്രമിച്ചിരുന്നു. ഞങ്ങടെ വർഗ്ഗീസ് ചേട്ടൻ ഒരുരൂപ പോലും കൊടുക്കേണ്ടാത്ത വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞതാ. 
ഏതു വിസയാന്നോ...'...? 
ആടു വിസ, ഒട്ടകവിസ എന്നൊക്കെപ്പറയുന്ന കൃഷിവിസക്ക് ഒരു രൂപ പോലും കൊടുക്കണ്ട. ടിക്കറ്റ് മാത്രം നമ്മളെടുത്താൽ മതി. 
പക്ഷേ, ഞങ്ങളാരും അതിനു സമ്മതിച്ചില്ല. 
വിസ കൊടുത്തില്ലെന്ന ഒരു കുറ്റമേ ഉണ്ടാകു. ആടുവിസക്ക് വരുന്നവൻ അനുഭവിക്കുന്ന ദുരിതം നമ്മൾ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. " 
ഞാൻ പറഞ്ഞ് നിറുത്തിയതും വിനുവേട്ടൻ ചോദിച്ചു.
''എന്നിട്ട് അളിയനെ കൊണ്ടു വന്നിരുന്നോ എപ്പഴെങ്കിലും...?''
ശേഖരേട്ടൻ പറഞ്ഞു.
'എനിക്കതിനു കഴിഞ്ഞില്ല. ഫ്രീ വിസക്ക് ഒരു ലക്ഷത്തിനു മേൽ അറബിക്ക് കൊടുക്കണം. അതും ജോലിയൊന്നുമില്ല. വരുന്നവൻ കണ്ടുപിടിച്ചു കൊള്ളണം. പോലീസ് പിടിച്ചാൽ അകത്തും കിടക്കണം ഒരു കുറ്റവാളിയേപ്പോലെ നാട്ടിലേക്കും കയറ്റിവിടും. ആ സമയത്ത് ചിട്ടിയിലൊന്നും ചേർന്നിരുന്നില്ല ഞാൻ.
പിന്നെ സമയം നന്നായപ്പോൾ, ചിട്ടിയൊക്കെ ഉള്ള സമയത്ത് അളിയനോട് ചോദിച്ചിരുന്നു പോരുന്നോയെന്ന്... അവനപ്പോഴേക്കും നാട്ടിൽ കെട്ടിടങ്ങൾ പെയിന്റടിക്കുന്നതിന്റെ കോൺട്രാക്ട് എടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയിരുന്നു. അതോടൊപ്പം അവനൊരു സ്കൂട്ടറും സ്വന്തമാക്കിയിരുന്നു. 

അവൻ സ്കൂട്ടറുമായി വീട്ടിൽ വരുമ്പോൾ സ്വന്തം പെങ്ങളുടെ മുഖം മങ്ങുന്നത് അസൂയ കൊണ്ടായിരുന്നു. ഗൾഫിൽ ജോലിയുള്ള എന്നേക്കാൾ മുമ്പ് അവൻ അത് സ്വന്തമാക്കിയതിലുള്ള അസൂയ. സ്വന്തം കൂടപ്പിറപ്പാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്നത് അവൾക്ക് സന്തോഷമൊന്നും നൽകിയില്ല. 
എല്ലാം കഴിഞ്ഞ് ഒന്നും നേടാനാവാതെ ഞാൻ തിരിച്ചു വന്നത് അവളുടെ എല്ലാ മോഹങ്ങൾക്കും തിരിച്ചടിയായി.

അങ്ങനെ വളരെ നിരാശയിലും സങ്കടത്തിലും അവളുടെ പീഡനത്തിലും സഹികെട്ടു കഴിയുമ്പോഴാണ് ഞങ്ങളുടെ മകന് ജോലി കിട്ടുന്നത്. അത് അവളുടെ പ്രതീക്ഷകളെ ആളിക്കത്തിച്ചു. ഞാൻ കാരണം അടിച്ചമർത്തേണ്ടി വന്ന സ്വപ്നങ്ങൾ വീണ്ടും വിരിയാൻ തുടങ്ങി. ആദ്യം മൂന്നു മാസം ട്രെയിനിംഗ് ആയിരുന്നു.അത് കഴിഞ്ഞ് നിയമനം കിട്ടി. ആദ്യം കിട്ടിയ ശബളം അവൻ എന്റെ കയ്യിൽ വച്ചു തന്നു. എനിക്കവനെയോർത്ത് അഭിമാനം തോന്നി. ഞാനത് അവനു തന്നെ തിരിച്ചു കൊടുത്തിട്ട് പറഞ്ഞു.
"' നിന്നെ ഈ നിലയിലേക്ക് എത്തിച്ചത് അമ്മയാ. അഛന് അതിലൊരു പങ്കുമില്ല. അഛൻ ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എന്നും. "
അത് തടഞ്ഞിട്ടെന്നോണം അവന്റെ അമ്മ ഇടക്ക് കയറിപ്പറഞ്ഞു.
"എന്തിനാ അങ്ങനെയൊക്കെ പറയണെ. അച്ഛൻ അഛന്റെ കടമയും അമ്മ അമ്മയുടെ കടമയും ചെയ്തു. അല്ലാതെ അഛനാ അമ്മയാന്നൊന്നും പറയണ്ട.''
"അതല്ലടി. ഞാൻ പറഞ്ഞു വന്നത്...."
"വേണ്ട ഒന്നും പറയണ്ട. എനിക്ക് സങ്കടം വരുമ്പോൾ ഞാനെന്തെങ്കിലും ചേട്ടനെ വഴക്ക് പറഞ്ഞൂന്നല്ലാതെ എന്റെ ചേട്ടനെ ഞാനൊരിക്കലും മാറ്റി നിറുത്തിയിട്ടില്ല. നമ്മുടെ മക്കളുടെ മുന്നിൽ അവരുടെ അഛനെ ഒരിക്കലും വിലകുറച്ച് പറഞ്ഞിട്ടുമില്ല.''
"ങാ...ശരി ശരി. അതൊക്കെ എനിക്കറിയാം. അതൊക്കെ പോട്ടെ...."
കൂടുതൽ കരച്ചിലും പിഴിച്ചിലിനും ഇടം കൊടുക്കാതെ ഞാൻ ഇടക്ക് കയറിപ്പറഞ്ഞു. 

ശബളം അവൻ അമ്മയുടെ കയ്യിൽ പിടിപ്പിച്ചു. അമ്മ അത് അങ്ങനെ തന്നെ എന്റെ കയ്യിൽ തരാനായി മുന്നോട്ടുവന്നു. "ഇതേ നിങ്ങൾ തന്നെ പിടിച്ചോ . എന്നിട്ട് വേണ്ടതെന്താന്ന് വച്ചാ ചെയ്തോ..." 
ഞാൻ പറഞ്ഞു.
'' തത്കാലം അത് അലമാരയിൽ കൊണ്ടുപോയി വയ്ക്ക്."
അവൾ അതുംകൊണ്ട് അകത്തേക്ക് പോയി. ഞാൻ മോനോട് പറഞ്ഞു.
" തൽക്കാലം വീടിനായി ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ട് അത്യാവശ്യമായി വേണ്ടത് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയെന്നതാണ്. എന്താ നിന്റെ അഭിപ്രായം...?"
"അഛനെന്താ ഉദ്ദേശിക്കുന്നത് ....?"
"'അതുതന്നെ. ഒരുവണ്ടി.... അമ്മയോട് ചോദിക്ക്...?"
അവനിഛിച്ചതും കാറ്, അഛനിഛിച്ചതും കാറെന്ന സന്തോഷത്തിൽ അകത്തേക്കോടി.

'ഇനിയുള്ള കാലം അവളെ സന്തോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. ഞാനാണവളുടെ സ്വപ്നങ്ങളൊക്കെ തകർത്തു കളഞ്ഞത്. ഇനി മോനായിട്ട് അതൊക്കെ നേടിക്കൊടുക്കട്ടെ. ഞാൻ കൂടെ നിന്നാൽ മതി. 

ഞങ്ങളെടുത്ത ആ തീരുമാനം ഞങ്ങളുടെ പതനത്തിനു തന്നെ കാരണമായി. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നമ്മളെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ഗുണം ചെയ്യാറില്ല. ഓരോന്നിനും ഓരോ സമയമുണ്ട്. ആ സമയത്ത് മാത്രമെ അതു സംഭവിക്കാവൂ...''

ശേഖരേട്ടൻ പറഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ മൂവരും കണ്ണും തള്ളി പരസ്പരം നോക്കിയിരുന്നതേയുള്ളു.
എങ്കിലും ഉള്ളിന്റെയുള്ളിൽ ആ സംശയം കിടന്നു പിടക്കുന്നുണ്ടായിരുന്നു.
'എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.....?! '

തുടരും...

Sunday 27 May 2018

കഥ. പേരിട്ടിട്ടില്ല.       3

     കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

തുടർന്നു വായിക്കുക.
ഒരു വണ്ടിയെന്ന സ്വപ്നം ...

 'അവളുടെ പ്രധാന പരാതി ഗൾഫുകാരനായിട്ടും കുടുംബത്തിൽ ഒരു വണ്ടിയില്ലായിരുന്നു എന്നതാണ്. ശരിയായിരുന്നു.
ആ പരാതിക്ക് അടിസ്ഥാനമുണ്ടായിരുന്നു. ഞാൻ സ്ഥിരമായിട്ട് അന്യനാട്ടിലും മോനാണെങ്കിൽ പ്രായമായിട്ടുമില്ല. പിന്നെന്തിനാണ് വണ്ടി...?
തന്നെയുമല്ല വീടുപണി തീരാതെ അതിനൊന്നും പണം കണ്ടത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു ടൂ വീലർ പോലും സ്വന്തമാക്കിയില്ല.'

'വഴക്കുണ്ടാക്കുമ്പോൾ അവൾ എന്നെ മുട്ടുകുത്തിക്കാനായി പറയും.
"ഈ നാട്ടിൽ ഇവിടെമാത്രമെ ഒരു വണ്ടി പോലുമില്ലാത്ത വീടുള്ളു. "
അപ്പോൾ ഞാൻ തമാശക്ക് പറയും "അതിനാണല്ലൊ പൊതുവണ്ടി.  നമ്മൾക്കതു പോരെ. പെട്രോളടിക്കണ്ട, ടയർ കേടാവില്ല, ഇടക്കിടക്ക് നന്നാക്കണ്ട, അതോടിച്ച് എന്തെങ്കിലും അപകടോണ്ടാവോന്നു പേടിക്കണ്ട. ടിക്കറ്റിനും കാശ് കുറച്ചു മതി ... "
അത് കേട്ടതും അവളുടെ ചുണ്ടുകൾ വിറച്ചു. എങ്കിലും സംയമനം പാലിച്ചവൾ പറഞ്ഞു.
"ഒരു ടൂവീലർപോലും വാങ്ങാൻ കെല്പില്ലാത്തവരാ നമ്മളെന്നാ നാട്ടുകാർ പറഞ്ഞോണ്ടു നടക്കുന്നെ. അതറിയോ. നിങ്ങളെന്തോന്നു ഗൾഫുകാരനാ...?''
''നാട്ടുകാരെ ബോധിപ്പിച്ചിട്ട് നമുക്കെന്തു കിട്ടാനാ.. അവരോട് പോകാൻ പറ"
എന്റെ നിസ്സഹായാവസ്ഥയിൽ ഞാൻ അവളുടെ വാദങ്ങളെ നിഷ്ക്കരുണം തള്ളിക്കൊണ്ടിരുന്നു.'

'ആയിടക്കാണ് മോൾക്ക് നല്ലൊരു കല്യാണാലോചന വന്നത്. അതിനായി എന്റെ വീട്ടിലെ ഷെയറായി കിട്ടിയ പത്തു സെന്റ് സ്ഥലമുള്ളത് മറ്റൊന്നിനും ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്നു. വീടുപണി പണത്തിന്റെ കുറവുകൊണ്ടാണ് നീണ്ടുനീണ്ടു പോയത്. എന്നിട്ടും ഞാനതിൽ തൊട്ടില്ല. ആ സ്ഥലം കൊടുത്ത് മോളുടെ കല്യാണം ഭംഗിയായി നടത്തി. ബാക്കി കുറച്ച് മോന്റെ പഠിത്തത്തിനും മാറ്റി വച്ചിരുന്നു. അതേയുള്ളു. മറ്റൊരു വരുമാനവുമില്ല. കല്യാണം കഴിഞ്ഞ് അധികാ താമസിയാതെ മോളും ഭർത്താവും ആസ്ട്രേലിയായിലേക്ക് പോയി.
അപ്പോഴും ഒരു വണ്ടിയെന്ന സ്വപനം പൂവണിയാത്തതിലായിരുന്നു അവളുടെ വിഷമം. മോളുടെ കല്യാണം ഗംഭീരമായി നടന്നതിലൊന്നും അവൾക്ക് സന്തോഷം കിട്ടിയില്ല.'

'ഒരിക്കൽ സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു.
"ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇവിടം വരെ എത്തിയത്. നീ എപ്പോഴും മുകളിലേക്ക് മാത്രം നോക്കാതെ താഴേക്കും നോക്ക്. അപ്പോൾ മനസ്സിലാവും നമ്മളെവിടെയെന്ന്... "
"നിങ്ങടെ വേദാന്തമൊന്നും എനിക്ക് കേൾക്കണ്ട. നമ്മളെപ്പോഴും മോളിലേക്കാ നോക്കേണ്ടത്. താഴേക്കല്ല. അന്ന് നിങ്ങളെന്റെ ജോലി കളയിക്കാതിരുന്നെങ്കിൽ ഞാനിപ്പോൾ നല്ലൊരിടത്ത് കേറിപ്പറ്റിയേനെ."
അതും പറഞ്ഞവൾ മൂക്കുപിഴിഞ്ഞു. തൊണ്ടയിടറി. ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു.
''പറയണകേട്ടാൽ തോന്നും ഏതാണ്ട് കളക്ടറുദ്യോഗാ ഞാൻ കളയിപ്പിച്ചേന്ന്. ഒരു മാസം അവിടെപ്പോയി അച്ചു നിരത്തിയാ കിട്ടണത് നൂറ്റമ്പത് ഉലുവ. അതും ഒറ്റമാസവും തീർത്ത് കിട്ടാറുണ്ടോ. അച്ച് നിരത്തുമ്പോൾ വരുന്ന തെറ്റിന് നല്ലൊരു തുക കട്ടും ചെയ്യും. എന്തിനാ എന്റെ ഭാര്യ വല്ലവർക്കും വേണ്ടി കഷ്ടപ്പെടേണേന്നു കരുതി പോകണ്ടാന്നു പറഞ്ഞത് ഒരു തെറ്റായിട്ട് ഇന്നും എനിക്ക് തോന്നണില്ല."
"അന്നത് ചെറിയ തുകയായിരുന്നെങ്കിലും എനിക്ക് വല്യ തുകയായിരുന്നു. എന്റെ ആവശ്യങ്ങൾക്ക് കാർന്നോമ്മാരെ ബുദ്ധിമുട്ടിക്കാതെ നോക്കാൻ അതു മതിയായിരുന്നു."
അത്രയുമായപ്പോൾ വിനുവേട്ടൻ ചോദിച്ചു.
"എന്തായിരുന്നു പുള്ളിക്കാരത്തിയുടെ പണി...?"
ശേഖരേട്ടൻ ഒരു പുഛഭാവത്തോടെ ചുണ്ടൊന്നു കോട്ടിയിട്ട് പറഞ്ഞു.
' ഒരു പ്രസ്സിൽ അച്ചു നിരത്തണ പണിയായിരുന്നു. വല്ല നോട്ടീസും അച്ചടിക്കാൻ കിട്ടിയാൽ ഭാഗ്യം. അതും അവ്ടെ വള്ളിയിട്ടില്ല, ഇവ്ടെ പുളളിയില്ല. അവ്ടെ കുത്തില്ല ഇവ്ടെ സ്ഥലം വിട്ടില്ലെന്നും പറഞ്ഞ് നല്ലൊരു തുക അയാൾ കട്ട് ചെയ്യും. അതു കേട്ടപ്പം ഞാൻ പറഞ്ഞു. ഇനി പോകണ്ടന്ന്. അല്ലങ്കിൽത്തന്നെ അതിനു വിട്ടാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ്റുമോ. എല്ലാം കൂടി ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് തോന്നി... '

അന്നേരം ഞാൻ പറഞ്ഞു.
ശേഖരേട്ടൻ ഗൾഫിനു പോയതിനു ശേഷം ഞാൻ ഞങ്ങടെ നാട്ടിലെ ഒരു പ്രസ്സിൽ പോയി ചോദിച്ചിരുന്നു, ചേച്ചിക്കു വേണ്ടി. അയാൾ പറഞ്ഞു. ജോലി തരാം. മൂന്നു മാസത്തേക്ക് ശബളമൊന്നും തരികയില്ല. അതു കഴിഞ്ഞിട്ട് നോക്കാമെന്ന്. ചേച്ചി ആ കണ്ടീഷൻ സമ്മതിച്ചെങ്കിലും ശേഖരേട്ടന്റെ അഛനും മറ്റുള്ളവരും സമ്മതിച്ചില്ല. അതുകൊണ്ടാ അത് കിട്ടാതെ പോയത്. ..
അതു കേട്ടപ്പോൾ ശേഖരേട്ടൻ പറഞ്ഞു.
'എന്നോട് എഴുതിച്ചോദിച്ചിരുന്നു. ഏട്ടൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും. അഛൻ സമ്മതിച്ചാൽ മറ്റുള്ളവർ എതിർപ്പൊന്നും പറയില്ലെന്ന് . പക്ഷേ, എന്തോ ആ ജോലിക്ക് വിടാൻ എനിക്ക് സമ്മതമല്ലായിരുന്നു. അങ്ങനെ അന്നത് നടക്കാതെ പോയതിന്റെ ദ്വേഷ്യമാ പിന്നീടും എന്നോട് കാട്ടിക്കൊണ്ടിരുന്ന പകയുടെ ഒന്നാം ഘട്ടം.'
ശേഖരേട്ടൻ പറഞ്ഞു നിറുത്തി, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ബീയർ വായിലേക്ക് കമഴ്ത്തി ചുണ്ടുകോട്ടി.

അപ്പോഴേക്കും വിനുവേട്ടൻ വാച്ചിൽ നോക്കി കണ്ണുരുട്ടുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു.
"നീലത്താമര വിനുവേട്ടനെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും."
അതുകേട്ട് മുരളിച്ചേട്ടൻ പറഞ്ഞു.
"നമുക്ക് ലോഡ്ജിലേക്ക് പോയാലോ... ഇനി ഇവിടെയിരുന്നാൽ ശരിയാവില്ല. അപ്പഴേക്കും ഞങ്ങൾ നാലു കുപ്പി ബിയറും കടല, കപ്പലണ്ടി, പോത്ത്, അച്ചാർ ഇത്യാദിയെല്ലാം വലിച്ചുവാരി അകത്താക്കിയിരുന്നു. വിനുവേട്ടൻ മാത്രമെ ബീയർ അടിക്കാതിരുന്നുള്ളു. അതുകൂടി ഞങ്ങൾ അടിച്ചു തീർക്കേണ്ടി വന്നു. ആ ഒരു കുപ്പി തിരിച്ചു കൊടുക്കാമെന്നു പറഞ്ഞതായിരുന്നു. അപ്പഴേക്കും വാങ്ങിച്ചത് തിരിച്ചു കൊടുക്കണത് നമ്മൾക്ക് മോശമാണെന്നു് പറഞ്ഞ് മുരളിയേട്ടൻ അതങ്ങ് പൊട്ടിച്ച വച്ചു. പിന്നെ കുടിക്കാതെ നിവർത്തിയില്ലായിരുന്നു. ബാക്കി പോത്തുൾപ്പടെ എല്ലാം അകത്താക്കാൻ വിനുവേട്ടന്റെ പൂർണ്ണസഹകരണം ഉണ്ടായിരുന്നു.

 അവിടന്നിറങ്ങി തേക്കില്ലാത്ത തേക്കിൻകാട് മൈതാനത്തിന്റെ പകുതി കറങ്ങി ഞങ്ങൾ ലോഡ്ജിലെത്തി.
ഒരു മേശക്ക് ചുറ്റുമിരുന്ന് ബാക്കി കഥ കേൾക്കാൻ ഞങ്ങൾ ചെവിയും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ പറഞ്ഞു തുടങ്ങി. അതിനു മുൻപ് നീലത്താമരയെ വിളിച്ച് സ്വല്പം വൈകിയേ വരികയുള്ളുവെന്ന കാര്യം വിനുവേട്ടൻ ഓർമപ്പെടുത്തി.

" വാസ്തവത്തിൽ എന്നോടുള്ള ദ്വേഷ്യത്തിനു കാരണം ഇതൊന്നുമായിരുന്നില്ല. അവൾക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. ഒരു ഗൾഫുകാരനെ കല്യാണം കഴിച്ചാൽ തന്റെ സഹോദരിയെ തന്നെപ്പോലെ ധർമ്മക്കല്യാണം നടത്തിയയക്കാതെ നല്ല രീതിയിൽ കെട്ടിച്ചു വിടാമെന്നും സഹോദരനെ പഠിത്തം കഴിഞ്ഞാൽ ഗൾഫിലയക്കാൻ കഴിയുമെന്നും അവൾ കണക്കുകൂട്ടിയിരുന്നു. ഞാൻ ബഹ്റീനിലെത്തി ഒരു വർഷം കഴിഞ്ഞതേയുള്ളു. ശബളം പോലും കിട്ടാതെ, നിത്യച്ചെലവിനു കാശില്ലാതെ കാറ് കഴുകിക്കൊടുത്ത് കുപ്പൂസ് വാങ്ങിക്കഴിക്കുന്ന ഒരു ജീവിതത്തിൽ എങ്ങനെ സഹായിക്കും. ശരിക്കും നിസ്സഹായനായിപ്പോയ ഇതുപോലൊരു സന്ദർഭം ജീവിതത്തിലുണ്ടായിട്ടില്ല. ഒരുതരം ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.

എന്റെ സ്വഭാവമനുസരിച്ച് കല്യാണത്തിന്റെ എല്ലാ ചെലവുകളും ഞാൻ തന്നെ എടുത്ത് നടത്തിക്കൊടുക്കേണ്ടതായിരുന്നു. അപ്പോഴത്തെ പരിതസ്ഥിതിയിൽ എനിക്ക് കല്യാണത്തിന് പങ്കെടുക്കാനും കഴിയുമായിരുന്നില്ല. എന്റെ അറബിയാണെങ്കിൽ സ്ഥലത്തില്ലായിരുന്നു. അയാളെ കണ്ടിട്ട് തന്നെ മാസങ്ങളായിരുന്നു.

ഞാൻ അവൾക്കെഴുതി.
'നിന്റെ കയ്യിലുള്ള സകല ആഭരണങ്ങളും താലിമാലയിലെ താലിയൊഴിച്ച് ബാക്കി ചെയിൻ കൂടി ഊരിയെടുത്ത് അനിയത്തിക്ക് കൊടുത്തോ..'
അതിനവൾ കരച്ചിലും പിഴിച്ചിലുമായി എന്റെ ഭ്രാന്താവസ്ഥ ഇരട്ടിയാക്കി. അതെല്ലാം കൂടി പതിനഞ്ച് പവനോളം വരുമായിരുന്നു. ബാക്കി 10 പവൻകൂടി വീട്ടുകാർ കണ്ടെത്തി ഇരുപത്തഞ്ച് പവനോളം കൊടുത്ത് അവളെ ധർമ്മക്കല്ലാണം നടത്താതെ മാന്യമായിത്തന്നെ കെട്ടിച്ചയച്ചു.

അവളുടെ കയ്യിലിരുന്ന സ്വർണ്ണമാണല്ലൊ കൊടുത്തത്.  ഞാൻ നേരിട്ടൊന്നും ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അടുത്ത ബഹളം. ആ മുറുമുറുപ്പ് അവസാനിക്കുന്നതിനു മുമ്പ് അടുത്ത ബഹളത്തിന് അടിത്തറയിട്ടു. അവളുടെ  സഹോദരനെ ഗൾഫിൽ കൊണ്ടു പോകണമെന്നു പറഞ്ഞായിരുന്നു അത്..
ഗൾഫിലെ ദുരിതങ്ങൾക്ക് പുറമെ സ്വന്തം കുടുംബത്തിൽ നിന്നും മനഃസ്സമാധാനം കിട്ടാതായതോടെ എന്റെ സമനില തകരാറിലാകുമെന്ന് ഭയന്ന് ഉറക്കംപോലും നഷ്ടപ്പെട്ട് നടന്നിരുന്ന നാളുകൾ..

തുടരും.....

Sunday 15 April 2018

കഥ..

(പേരിട്ടിട്ടില്ല.)

കഥ കഴിഞ്ഞ ലക്കത്തിൽ -
പഴയ ബ്ലോഗ്ഗറായ 'കേരളേട്ടനെ' നേരിൽ കാണുന്നതിനായി  സുഹൃത് ബ്ലോഗ്ഗേർസ് ആയ വിനുവേട്ടനേയും ബിലാത്തി മുരളിച്ചേട്ടനേയും കാണുന്നതിനായി ഞാൻ ഒറ്റക്ക് തൃശ്ശൂർ സ്റ്റാന്റിൽ എത്തുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായി എനിക്ക് നല്ല പരിചയമുള്ള ഒരാളെ ഒരു വിപരീത സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. ആളെ തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. പഴയ ശേഖരേട്ടനായിരുന്നു അത്...
തുടർന്നു വായിക്കുക ....
                                       
                               2

           ശേഖരേട്ടന്റെ മൂഡ് ശരിയാക്കാനായി സന്ധ്യ കഴിഞ്ഞ നേരം ഒരു ബീയർ പാർലറിലേക്ക് വിട്ടു. അതിനകത്ത് ഒരു കുഞ്ഞു മുറിയിൽ ഞങ്ങൾ വട്ടത്തിലിരുന്നു. മുരളിച്ചേട്ടന്റെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിലായി ബാറിലെ  എല്ലാവരുമായി നല്ല പരിചയത്തിലാണെന്ന്.

ഞങ്ങൾ ഓരോ കുപ്പി പൊട്ടിച്ച് തുടങ്ങിയപ്പോൾ വിനുവേട്ടൻ അതിൽ നിന്ന് ഒഴിഞ്ഞു നിന്നു. തന്നെയുമല്ല രാത്രിയിൽ അധികനേരം ഞങ്ങളോടൊപ്പം നിൽക്കാനും കഴിയില്ല. പിന്നെ വിനുവേട്ടൻ ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലാന്ന് ആണയിട്ട് പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചില്ലെങ്കിലും നിർബ്ബന്ധിക്കാൻ പോയില്ല. കുടിയൊക്കെ ഓരോരുത്തരുടേയും ഇഷ്ടമല്ലെ.

ഒരു ഗ്ലാസ്സ് ഒറ്റ വലിക്ക് അകത്താക്കിയ ശേഖരേട്ടൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഞങ്ങളും സാവകാശം കുടിച്ച് ഓരോ ഗ്ലാസ് കാലിയാക്കി. മുരളിച്ചേട്ടൻ വീണ്ടും ഗ്ലാസ് നിറച്ചു വച്ചു. അതിനിടക്ക് ഞാൻ പറഞ്ഞു.
" ശേഖരേട്ടാ, നമ്മുടെ കൂടെയുണ്ടായിരുന്ന രാജേട്ടൻ പോയി അധികം കഴിയുന്നതിനു മുൻപു തന്നെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തത്ക്കാലം പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ചേട്ടനുമുണ്ടായിരുന്നു. അന്ന് എയർപ്പോർട്ടിൽ വച്ചാണ് നമ്മൾ അവസാനമായി കണ്ടത്.
പിന്നെ നാട്ടിൽ വന്നപ്പോഴൊക്കെ ഞാനന്വേഷിച്ചെങ്കിലും നിങ്ങൾ ഭാര്യയുടെ ഷെയറിലുള്ള സ്ഥലത്ത് വീട് വച്ച് അവിടെ താമസിക്കുകയാണെന്നാണ് അറിഞ്ഞത്. കുറഞ്ഞ ലീവിനു വരുന്ന എനിക്ക് ചേട്ടനെ അന്വേഷിച്ചുവരാനും കഴിഞ്ഞില്ല. വാസ്തവത്തിൽ അതിന്റെയൊരു കുറ്റബോധം ഇപ്പോഴുമുണ്ട്. പിന്നെന്താണ് സംഭവിച്ചത്, ഇങ്ങനെയൊരവസ്ഥയിലെത്താൻ...?"

ശേഖരേട്ടൻ അടുത്ത ഗ്ലാസ് കൂടി കാലിയാക്കി.  ഒരു കഷണം നാരങ്ങയച്ചാറെടുത്ത് നാവിൽ തേച്ചുപിടിപ്പിച്ച് ചുണ്ടൊന്ന് കോട്ടിയിട്ട് പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും മുരളിച്ചേട്ടൻ മൂന്നാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ട് തിരക്കിട്ട് കുറച്ചു കപ്പലണ്ടിയെടുത്ത് വായിൽ തിരുകിയിട്ട് പറഞ്ഞു.
''നിറുത്ത്... നിറുത്ത്... അതിനു മുൻപ് ശേഖരേട്ടനെ ഞങ്ങൾക്കെങ്ങനെയാണ് പരിചയം. ഭായി നേരത്തെ പറഞ്ഞുവല്ലൊ, നിങ്ങളും അറിയുമെന്ന്.....?"
"അത് ... ഞാൻ ഗൾഫിലുള്ളപ്പോൾ എന്നോടൊപ്പമുണ്ടായിരുന്ന ഒരു ശേഖരേട്ടൻ കല്യാണം കഴിച്ച കഥ എഴുതിയിരുന്നു, എന്റെ  'സ്വപ്നഭൂമിയിൽ ' എന്ന നോവലിൽ.

വിപ്ലവാവേശം തലക്ക് പിടിച്ച നല്ല ഒരു ചെറുപ്പക്കാരൻ. ഞങ്ങൾ ഇടതുപക്ഷത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ഈ ചെറുപ്പക്കാരനെ കണ്ടാണ്. നാട്ടിലൊരു വിശേഷമുണ്ടായാൽ, അത് കല്യാണമാവട്ടെ മരണമാവട്ടെ മറ്റെന്തു വിശേഷമായാലും ശേഖരേട്ടനുണ്ടാകും അവിടെ. നാട്ടുകാരുടെ പ്രശ്നങ്ങൾക്കിടക്ക് സ്വന്തം പ്രശ്നങ്ങളെല്ലാം കണ്ടില്ലെന്നു നടിച്ചു. കാരണം സ്വന്തം അഛന്റെ ഫുൾ സപ്പോർട്ടുണ്ടായിരുന്നു എല്ലാത്തിനും.

അന്നുമുതൽ ശേഖരേട്ടന്റെ പിന്നാലെയുണ്ടാകും ഞങ്ങൾ കുറേപ്പേർ. പക്ഷേ, രണ്ട് പെങ്ങന്മാർ പുരനിറഞ്ഞ് നിൽക്കുമ്പോൾ ഒരുപാടു രാഷ്ട്രീയം കളിക്കാൻ കഴിയുമായിരുന്നില്ല ശേഖരേട്ടന്. ഒരു വിസ ഒത്തു വന്നപ്പോൾ ഞങ്ങളൊക്കെ കൂടി നിർബന്ധിച്ചാണ് ഗൾഫിലേക്ക് കയറ്റിവിട്ടത്. ആ പോക്കിന്റെ ആദ്യത്തെ വരവിലാണ് വിവാഹം കഴിക്കുന്നത്.

ശരിക്കും ശേഖരേട്ടൻ വിപ്ലവം തലക്ക് പിടിച്ചു നടന്ന നാളുകളിൽ സ്വപ്നം കണ്ടത് പ്രാവർത്തികമാക്കിയ ആളാണ്. സത്രീധനമില്ലാതെ, നിർധനരായ ഒരു കുടുംബത്തിലെ മൂത്ത കുട്ടിയെ വിവാഹം കഴിച്ചു. "
ഇടക്കുകയറി വിനുവേട്ടൻ പറഞ്ഞു.  "ഞാനോർക്കുന്നു.... എന്നിട്ട് നാലാം ദിവസം മണവാട്ടിയുടെ വള ഊരി പണയം വച്ച കഥയല്ലെ ...? "
"ങാ... അത് ഞാനുമോർക്കുന്നുണ്ട്... " മുരളിയേട്ടനും ആ കഥ ഓർമ്മയിലെത്തിയതോടെ ഞാൻ നിറുത്തി.

ശേഖരേട്ടൻ കൈ താടിക്ക് കൊടുത്ത് കസേരയിൽ ഇരിക്കുകയായിരുന്നു. ഞങ്ങളെയെല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് കസേരയിൽ നേരെ പുറകിലോട്ട് ചാഞ്ഞിരുന്നു. ഒരു ഗ്ലാസ് ബിയർ മുരളിച്ചേട്ടൻ ശേഖരേട്ടനു നേരെ നീട്ടി. ചിരിച്ചു കൊണ്ട് അത് വാങ്ങി പകുതി കുടിച്ചിട്ട് ടീപ്പോയ് മേൽ വച്ചു. എന്നിട്ട് സാവധാനം പറഞ്ഞു.
'' അന്ന് ഞാനെടുത്ത് നടപ്പിലാക്കിയ എന്റെ സ്വപ്നങ്ങളത്രയും തകർന്ന് തരിപ്പണമാകാൻ അധികം നാൾ വേണ്ടി വന്നില്ല. ഞാൻ എന്തു സദുദ്ദേശ്യത്താലാണൊ, സ്ത്രീധനം വാങ്ങാതെ, ഒരു കഴിവുമില്ലാത്ത പാവപ്പെട്ട വീട്ടിൽ നിന്ന് അവർക്കൊരു താങ്ങും തണലുമാവണമെന്നാഗ്രഹിച്ചു വിവാഹം കഴിച്ചുവോ അതിന് നേരെ വിപരീതമായിരുന്നു അവൾ. അതിന് ഞാനവളെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവൾ സ്വപ്നം കണ്ടതുപോലെ അല്ലെങ്കിൽ മറ്റു ഗൾഫുകാരേപ്പോലെ പണം ഒഴുക്കിവിടുന്ന ഒരു ഗൾഫുകാരനാകാൻ എനിക്ക് കഴിഞ്ഞില്ല.

വിവാഹം കഴിച്ച് സൗദിയിൽ തിരിച്ചെത്തുമ്പേൾ എനിക്കെന്റെ ജോലി നഷ്ടമായിരുന്നു. ഞാൻ തിരിച്ചെത്തുന്നതിന്  രണ്ടാഴ്ച മുൻപേതന്നെ ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലികൾ മറ്റൊരു കമ്പനിക്ക് കുറഞ്ഞ നിരക്കിൽ കൈമാറിയിരുന്നു സർക്കാർ. അന്നു മുതൽ ജോലിയില്ലാതെ പട്ടിണിയിലായ ഞങ്ങൾക്ക് പിന്നൊരിക്കലും കൃത്യമായൊരു ജോലി തരാനോ കുടിശ്ശിഖയുള്ള ശബളം തരാനോപോലും കമ്പനിക്കായില്ല. എങ്കിലും ഒരു സഹോദരിയുടെ വിവാഹത്തിന് കുറച്ചെങ്കിലും സഹായിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാമത്തവളുടെ വിവാഹം വീടിരിക്കുന്ന സ്ഥലമൊഴിച്ചുള്ള ഭാഗം വിറ്റ് അഛൻ തന്നെ നടത്തി.

ഏതാണ്ട് 3 വർഷത്തിനു ശേഷം ഞാൻ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തിയത് ഞങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചു. എങ്കിലും പൊട്ടലും ചീറ്റലുമൊന്നും പുറംലോകമറിയാതെ കൊണ്ടു നടന്നു. പിന്നീടാണ് ബഹ്റിനിൽ എത്തുന്നത്..."

ശേഖരേട്ടൻ പറഞ്ഞുനിറുത്തിയിട്ട് ഗ്ലാസ് കാലിയാക്കി കുറച്ചു കപ്പലണ്ടി എടുത്ത് വായിലിട്ടു. അന്നേരം ഞാൻ പറഞ്ഞു.
" ആ സമയത്ത് ഞാൻ ബഹ്റീനിലുണ്ട്.  ചെന്നിട്ട് ഒരു വർഷമാകുന്നതേ ഉണ്ടായിരുന്നുള്ളു.. "
"അവിടം മുതൽ നിങ്ങൾ ഒരുമിച്ചായിരുന്നോ താമസം. ...? "
മുരളിച്ചേട്ടനാണത് ചോദിച്ചത്. ഞാൻ പറഞ്ഞു.
"ഹേയ്... എവ്ടെ .. ഞാനന്ന് എരിതീയിൽ നിന്ന് വറചട്ടിയിലേക്കെന്ന പോലെ ഒരു വറചട്ടിയിൽ കിടന്ന് പൊരിയണ സമയം. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ അവസരം കിട്ടിയത്. മിക്കവാറും വെള്ളിയാഴ്ചകളിൽ 'ലാൻസ് ചാൻസ്' എന്ന സൂപ്പർ മാർക്കറ്റിൽ വച്ച് ഞങ്ങൾ കാണുമായിരുന്നു."

മുരളിച്ചേട്ടൻ കിട്ടിയ ഗ്യാപ്പിന് ബീയർ ഗ്ലാസ്സുകളിൽ നിറച്ചുവച്ചു. അതുകണ്ട് എനിക്ക് ചിരിവന്നു. എന്റെ ചിരിയുടെ അർത്ഥം പിടികിട്ടിയ ശേഖരേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
'' വർഗ്ഗീസ് ചേട്ടന്റെ അതേ പതിപ്പ് ...!"
"ഏതു വർഗ്ഗീസ് ...? ഓ... സ്വപ്നഭൂമിയിലെ ... !"
മുരളിച്ചേട്ടൻ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഗ്ലാസ്സെടുത്ത് നീട്ടി എല്ലാവരുടേയും കൈകളിൽ പിടിപ്പിച്ചു.
ഞങ്ങൾ ചുണ്ടോടടുപ്പിച്ചെങ്കിലും വിനുവേട്ടനു കിട്ടിയ ഗ്ലാസ്സെടുത്ത് ടീപ്പോയ്മേൽ വച്ച് കപ്പലണ്ടി ഒരു പിടി വാരി വായിലിട്ടതേയുള്ളു. ഞങ്ങൾ ഒരു കവിൾ ഇറക്കിയ ശേഷം ശേഖരേട്ടന്റെ മുഖത്ത് കണ്ണുനട്ടു.

"ഞാനെന്തെങ്കിലും ഉണ്ടാക്കിയത് ബഹ്റീനിൻ വന്നതിനുശേഷമാ. ഒരു വീടുണ്ടാക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് ഒരു മകൾ കൂടി പിറന്നു കെട്ടോ. അതോടെ അവളുടെ ആവലാതി കൂടി. മോൾ എഴുന്നേറ്റു നടക്കാറായപ്പോൾ പറഞ്ഞു.
ദേ ... മോൾ നടക്കാൻ തുടങ്ങീട്ടോ... വല്ലതും വാങ്ങാൻ തുടങ്ങ്യോ ....?
ദേ മോള് ഓടിത്തുടങ്ങീട്ടോ.. വല്ലതും വാങ്ങാൻ തുടങ്ങിയോ..?
ദേ... മോളെ സ്കൂളിൽ ചേർക്കേണ്ട സമയമായി.. വല്ലതും നോക്കുന്നുണ്ടോ..?

ഇങ്ങനെ ഓരോ അവസരങ്ങൾ വരുമ്പോഴും എന്നെ ചൂടാക്കിക്കൊണ്ടിരുന്നു. മോൾക്ക് ആറേഴ് വയസ്സുള്ളപ്പോഴാണ് ഒരു വീട് പണിയാനുള്ള അവസരം കിട്ടിയത്. അവളുടെ ഷെയറായി നാലു സെന്റ് സ്ഥലം കിട്ടിയിരുന്നു. അത് സ്വന്തം പേരിൽ വന്നതിനു ശേഷം അവൾ പിന്നെ സ്വൈര്യം തന്നിട്ടില്ല.

ആയിടക്കാണ് ഞങ്ങൾ രാജേട്ടനോടൊപ്പം ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചത്.
അന്ന് ഞങ്ങളെല്ലാവരും കൂടി രാജേട്ടന്റെ ലീഡർഷിപ്പിൽ ചിട്ടി തുടങ്ങി. ആ ചിട്ടിയിൽ നിന്നും കിട്ടുന്ന കാശാണ് നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. "

അന്നേരം ഞാൻ പറഞ്ഞു.
" ആ ചിട്ടിയിൽ നിന്നാണ് ഞാനും നാട്ടിൽ പോകുമ്പോൾ കാര്യമായിട്ടെന്തെങ്കിലും കൊണ്ടുപോയിരുന്നത്. ഒരുപാടാൾക്കാരൊന്നുമില്ല. ഞങ്ങളുടെ ഫ്ലാറ്റിലെ 10 പേർ മാത്രം. വിളിയായതുകൊണ്ട് ഏതാണ്ട് ഏഴോ എട്ടോ മാസം മാത്രം ചിട്ടി നടത്തിയാൽ മതി. അപ്പഴേക്കും തീരും ..''
അതു കേട്ടപ്പോൾ വിനുവേട്ടനൊരു സംശയം.
"നിങ്ങൾ പത്തുപേരുണ്ടെങ്കിൽ പത്തു മാസം വേണ്ടെ ചിട്ടി തീരാൻ. അപ്പോപ്പിന്നെ ഏഴെട്ടു മാസം കൊണ്ടു് എങ്ങനെ തീരും ..?"
ഞാൻ പറഞ്ഞു.
" എല്ലാ മാസവും വിളിയാണല്ലൊ. കാശിന് ആവശ്യമുള്ളവൻ കുറച്ചു കുറച്ചു  വിളിച്ചുകൊണ്ടിരിക്കും. മുഴുവൻ ചിട്ടിത്തുകക്ക് ഒരു ലക്ഷം കിട്ടുമെങ്കിൽ എഴുപത്തഞ്ചിനും അറുപതിനുമൊക്കെ ഇറക്കിവിളിക്കും"
" അപ്പോൾ ഒരുപാട് നഷ്ടം വരില്ലേ ... ?"
'' വരും. എന്നാലും അതൊരു നഷ്ടമല്ല. നാട്ടിൽ പോണനേരത്ത് എത്ര കിട്ടിയാലും മതിയാകില്ലല്ലൊ. ആ വിളിക്കുറവൊന്നും നഷ്ടമായി കണക്കാക്കാറേയില്ല. അങ്ങനെ ചിന്തിച്ചാൽ എത്രയെത്ര നഷ്ടങ്ങൾ സഹിച്ചാണ് ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുന്നതെന്നറിയുമോ....?''
അതു കഴിഞ്ഞ് ഓരോ ഗ്ലാസ് കൂടി അകത്താക്കിയിട്ടാണ് ശേഖരേട്ടൻ തുടർന്നത് .

"അങ്ങനെയാണ് ഒരു അവധിക്കാലത്ത് വീട്പണി ആരംഭിക്കുന്നത്. അപ്പോഴും അവൾ പറഞ്ഞു, മുഴുവൻ കാശും കൈയ്യിലില്ലാതെ പണിയാൻ പോകണ്ട. ഗൾഫുകാരുടെ വീടുപണി പോലെ നമ്മുടെ വീടും പണിതീരാത്ത അസ്ഥിപഞ്ചരം മാതിരി കിടക്കണത് നാണക്കേടാ..

അവൾ പറഞ്ഞതുപോലെ നീണ്ടു നീണ്ട് പത്തുവർഷം കൊണ്ടാ വീട്പണി ഒരുവിധം തീർത്തത്. അതോടെ അവളെന്നെ ഒരുവക കൊണഞ്ഞനായി കരുതി. പക്ഷേ, ഞാൻ ബാങ്കിൽ നിന്നും കടമൊന്നും വീടുപണിക്കായി എടുത്തിരുന്നില്ല. കൈയ്യിൽ വരുന്ന കാശിനനുസരിച്ച് പണിയും. അവസാനം അവളുടെ കുറച്ചു സ്വർണ്ണം കൂടി വിറ്റിട്ടാ പെയിൻറുൾപ്പടെയുള്ള പണികൾ തീർത്തത്. അതൊക്കെ മോളുടെ കല്യാണത്തിന് കരുതിവച്ചതായിരുന്നു. എന്നിട്ടും പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടെന്ന അപഖ്യാതി മാറ്റിയെടുക്കാനാ അവളതൊക്കെ കരഞ്ഞുകൊണ്ട് ഊരിത്തന്നത്.

ശരിക്കും പറഞ്ഞാൽ ഞാനെന്ന ഗൾഫുകാരനെ അവൾ വെറുത്തിരുന്നു. ആയിടക്കാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താത്ക്കാലികമെന്നു പറഞ്ഞ് കമ്പനി എന്നെ ഇങ്ങോട്ടു കേറ്റിവിട്ടത്. പെട്ടെന്നായിരുന്നുവല്ലൊ ആ വരവ്. സത്യത്തിൽ കൈയ്യിലൊന്നുമില്ലാത്ത ആ വരവിൽ നാളെയെന്ത് ചെയ്യും, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കുമെന്ന ചിന്തയിൽ അവളുടെ മനോനില തന്നെ തെറ്റി...!

തുടരും ....

Thursday 22 March 2018

വിനുവേട്ടനോടൊപ്പം ചേരാനായിട്ടാണ് ഞാൻ കാലത്തെ തന്നെ യാത്ര തിരിക്കുന്നത്. വേണ്ടിവന്നാൽ ഒന്നു രണ്ടു ദിവസം തങ്ങേണ്ടി വന്നാൽ ആവശ്യമായ വസ്ത്രങ്ങളും കരുതിയിരുന്നു. തൃശ്ശൂർ ചെന്നിട്ട് വിനുവേട്ടനോടൊപ്പം മുരളിച്ചേട്ടനേയും കൂട്ടി കേരളേട്ടനെ കാണണം. അതിനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാമെന്നാണ് എല്ലാവരും കൂടി വാട്ട്സ്പ്പ് കൂട്ടായ്മയിലൂടെ തീരുമാനിച്ചിരുന്നത്. പത്തു മണിക്കെങ്കിലും തൃശ്ശൂർ സ്റ്റാന്റിൽ എത്താമെന്ന ചിന്തയിലാണ് ഞാൻ യാത്ര തിരിക്കുന്നത്.

കഥ.

(കഥക്ക് പേര് ഇട്ടിട്ടില്ല. സാവകാശം ആകാം ല്ലെ.
ഏതാണ്ട് രണ്ടു വർഷത്തിന് ശേഷമാണ് ഇവിടെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. പലരും മറന്നു കാണുമായിരിക്കും. ഞാനിവിടെയുണ്ട് എന്നറിയിക്കാൻ...)

അതൊരു മഴക്കാലമൊന്നുമായിരുന്നില്ലെങ്കിലും അങ്കമാലി കഴിഞ്ഞപ്പോൾ മുതൽ അന്തരീക്ഷം മേഘാവൃതമാകുന്നതായി തോന്നി. കാലാവസ്ഥാ പ്രവചനക്കാരു പറയുന്നതുപോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കുടയൊരെണ്ണമെടുത്ത് ബാഗിൽ വക്കാമായിരുന്നുവെന്ന് ചിന്തിച്ചു.

 ചാലക്കുടിയെത്തിയപ്പോൾ പെട്ടെന്ന് കലാഭവൻ മണിയെ ഓർമ്മ വന്നു. പരസ്യബോർഡുകളിൽ അധികവും നിഷ്ക്കളങ്കമായ മണിയുടെ നുണക്കുഴിയുള്ള ചിരിക്കുന്ന മുഖമാണ്. ഞാനും അറിയാതെ പുഞ്ചിരിച്ചു പോയി. ആ ചിരിക്കുന്ന മുഖം കാണുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി നമ്മുടെ മനസ്സിൽ കയറിക്കൂടുന്നുണ്ട്. എന്നാലും പാവം പോയല്ലോന്നോർത്ത് പെട്ടെന്ന് സങ്കടം മനസ്സിൽ നിറഞ്ഞു. കൊടകര എത്തിയപ്പോഴാണ് പഴയൊരു ബ്ലോഗറെ ഓർമ്മ വന്നത്. എഴുത്തുകാരി എന്ന ബ്ലോഗറായിരുന്നില്ലെ അത്. ഓർമ്മയിൽ പരതിയെങ്കിലും ഒരു വ്യക്തത വന്നില്ല. ഇപ്പോൾ ബ്ലോഗ് ഒന്നും വായിക്കാറേയില്ല. എഴുത്തുകാരിയും , മിനി ടീച്ചറും, സഞ്ചാര സാഹിത്യത്തിൽ വായനക്കാരെ ഏറെ അസൂയപ്പെടുത്തിയിട്ടുള്ള ജ്യോ ച്ചേച്ചിയും മറ്റും ഇപ്പോൾ എവിടെയാണാവൊ. അവരൊക്കെ ഇപ്പഴും ബ്ലോഗിൽ എഴുതുന്നുണ്ടാവുമോ...?
എന്റെ കമ്പ്യൂട്ടർ കേടായതിനു ശേഷം ഒന്നിനും കഴിഞ്ഞിട്ടില്ല.

ഏറെ നാളുകൾക്കു ശേഷമാണ് വിനുവേട്ടൻ തിരിച്ചു നാട്ടിലെത്തിയപ്പോൾ പഴയ ബ്ലോഗെഴുത്തുകാരെയൊക്കെ ഒന്നു പോയി കണ്ടാലൊയെന്ന് ചിന്ത തന്നെ ഉണ്ടായത്. കേട്ടപ്പോൾ സന്തോഷമായിരുന്നു. ഇനിയൊരിക്കലും ബ്ലോഗെഴുതുമെന്നോ വായിക്കുമെന്നോ ചിന്ത തന്നെ ഇല്ലാതിരുന്ന സമയത്ത് ,അപ്രതീക്ഷിതമായി പഴയ എഴുത്തുകാരെത്തേടി ഒരു യാത്ര. അത് വളരെ രസകരമായിരിക്കുമല്ലൊ. ആ ഒരു ത്രില്ലിലാണ് ഈ യാത്ര.

തൃശ്ശൂരെത്തിയത് അറിഞ്ഞതേയില്ല. സ്റ്റാന്റിൽ ബസ്സ് നിന്നപ്പോൾ അവിടെയിരുന്നു കൊണ്ടു തന്നെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇവിടെ വരുന്നത്. സ്റ്റാന്റിന് പറയത്തക്ക മാറ്റമൊന്നുമില്ല. ഗേറ്റിന് സമീപം വിനുവേട്ടന്റെ തല കണ്ടു. ഞാൻ കൈ വീശി ശ്രദ്ധ ക്ഷണിച്ചു. വിനുവേട്ടൻ എന്നെ കണ്ടതും പുറത്തേക്ക്  വരാൻ കൈ വീശിക്കാണിച്ചു. അവസാനത്തെ യാത്രക്കാരനായി ബസ്സിൽ നിന്ന് ഞാനുമിറങ്ങി. വിനുവേട്ടന്റടുത്തേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു ഞാൻ, പെട്ടെന്ന് എന്റെ കൈത്തണ്ടയിൽ ഒരാൾ കടന്നുപിടിച്ചു.
" ഒരു ചായക്കാശ് തന്നിട്ടു പോ സാറെ... "
ബലമില്ലാത്ത ആ കയ്യിന്റെ പിടുത്തം എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും, മുഖം മറഞ്ഞെന്നോണം കിടക്കുന്ന ചുരുണ്ട മുടിയും കറുത്തിരുണ്ട് മുഷിഞ്ഞു നാറിയ ഷർട്ടും വളരെ ദൈന്യതയാർന്ന മുഖവും കുഴിയിലാണ്ട കണ്ണുകളും എന്നെ മറുത്തൊന്നും പറയാൻ തോന്നിപ്പിച്ചില്ല. അയാളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചില്ലറ നോട്ടെടുക്കുമ്പോൾ, പെട്ടെന്ന് ഞാൻ അറിയാതൊന്നു ഞട്ടി. എന്റെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. അതേ നിമിഷം തന്നെ അയാളും ഒന്ന് ഞെട്ടിയതായി തോന്നി. ഈ മുഖം നല്ല പരിചയമുണ്ടല്ലോന്ന് ചിന്തിച്ച നേരത്താണ് അയാൾ എന്റെ കൈത്തണ്ടയിലെ പിടിവിട്ട് പിന്തിരിഞ്ഞ് ഒറ്റപ്പോക്ക്.
"ഹേ ... നിൽക്കു.... നിൽക്കൂ..... " എന്നും പറഞ്ഞ് ഞാൻ പിന്നിൽ നിന്നും വിളിച്ചെങ്കിലും അയാൾ നിന്നില്ല. അയാൾ ഗേറ്റിനരികിലേക്ക് ഓടുകയാണ്. ഈ കാഴ്ച കണ്ടു കൊണ്ടു വിനുവേട്ടനും മുരളിച്ചേട്ടനും അകത്തേക്കു വരുന്നുണ്ടായിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു.
" അയാളെ തടുത്തു നിറുത്ത്, വിടല്ലെ..." അപ്പോഴേക്കും അയാൾ ഗേറ്റിലെത്തിയിരുന്നു.

മുരളിച്ചേട്ടൻ ഇത്തിരി തടിയുള്ള കൂട്ടത്തിലാണ്. പുള്ളിക്കാരൻ മുന്നിൽക്കയറി നെഞ്ചു വിരിച്ചു നിന്നു. തൊട്ടടുത്തു തന്നെ വിനുവേട്ടനും. അടുത്തെത്തിയതും മുരളിച്ചേട്ടൻ അയാളുടെ കോളറിൽ കയറിപ്പിടിച്ചു. അവർ വിചാരിച്ചത് എന്റെ കയ്യിൽ നിന്നും പൈസയും തട്ടിപ്പറിച്ച് ഓടിയതായിരിക്കുമെന്നാണ്.

ഞാൻ ഓടിയെത്തിയതും അയാളുടെ മുഖത്തു നിന്നും മുടി ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാൻ ശ്രമിച്ചതും അയാൾ അത് തടഞ്ഞ് മുഖം തിരിച്ചതും ഒപ്പമായിരുന്നു.
"എന്താ സംഭവം... കാര്യം പറ ..."
വിനുവേട്ടന്റെ ചോദ്യത്തിന് പെട്ടെന്നുരത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പറഞ്ഞു.
" ഇയാളുടെ മുഖം കണ്ടതും എനിക്ക്  ആകെയൊരു ഞട്ടൽ. അതോടൊപ്പം ഞാൻ വല്ലാതെ വിറകൊള്ളുകയും ചെയ്തു. എവിടെയോ കണ്ടു മറന്ന ഒരു ഓർമ്മ വിനുവേട്ടാ..."
അത് പറയുമ്പോഴും ഞാൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഇയാളൊരു പിച്ചക്കാരനായിട്ടല്ല ഞാൻ കാണുന്നതെന്ന് തോന്നിയ മുരളിച്ചേട്ടൻ ദ്വേഷ്യമെല്ലാം കളഞ്ഞ് അയാളുടെ മുഖം ബലമായി തിരിച്ച് മുഖത്തു നിന്നും മുടി മാടിയൊതുക്കി. ഞാൻ നിർന്നിമേഷനായി അയാളുടെ മുഖത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. അയാൾ എന്റെ മുഖത്തു നോക്കിയ ആ നോട്ടം. ശരിക്കും ഭീതിപൂണ്ട മുഖമായിരുന്നു. പിടിക്കപ്പെട്ടതിലെ നിരാശയാലൊ മറ്റോ ചുവന്നു കലങ്ങിയ കണ്ണകളിൽ കണ്ണുനീർ ചൂടുറവകളായി പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയതും ഞാൻ ഭീതിയോടെ വിളിച്ചു.
" ശേഖരേട്ടാ.... !"
അതുകേട്ടതും അയാൾ മുഖം പൊത്തിക്കരയാൻ തുടങ്ങി. അതോടെ മുരളിച്ചേട്ടനും വിനുവേട്ടനും പിടി വിട്ടു. അയാൾ കുറച്ചു കരഞ്ഞതിനു ശേഷം പറഞ്ഞു. "എന്നെ തൊടണ്ട. ഇതു മുഴോൻ അഴുക്കാ...'' എന്നും പറഞ്ഞ് എന്റെ പിടുത്തം ബലമായിട്ട് വിടുവിച്ചു.

മുരളിച്ചേട്ടനും വിനുവേട്ടനും എന്താ കാര്യമെന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി കണ്ണൂ മിഴിച്ചു.
"എനിക്ക് വേണ്ടപ്പെട്ടൊരാളാ... എന്റെ നാട്ടുകാരൻ മാത്രമല്ല നിങ്ങളറിയും എന്നോടൊപ്പം ഗൾഫിൽ ജീവിച്ച ഒരു ശേഖരേട്ടനെ....''
ഒരു നിമിഷം കഴിഞ്ഞ് ഞാൻ പറഞ്ഞു.
" അതൊക്കെ പിന്നെപ്പറയാം ... ഇപ്പോൾ ഇദ്ദേഹത്തെ ഒരു മനുഷ്യനാക്കണം. അതിനെന്താ ഒരു വഴി....?"

തൃശ്ശൂർക്കാരായ വിനുവേട്ടനും മുരളിച്ചേട്ടനും അതൊരു ബുദ്ധിമുട്ടേ ആയിരുന്നില്ല. നേരെ ഒരു കംഫർട്ട് സ്റ്റേഷനിൽ കയറ്റി കുളിപ്പിച്ച് കുട്ടപ്പനാക്കി, ബാർബർഷാപ്പിൽ (ക്ഷമിക്കണം, ബാർബർഷാപ്പല്ലാട്ടൊ യൂണിസെക്സ് ബ്യൂട്ടി പാർലർ ) കയറ്റി മുടിയൊക്കെ വെട്ടിയൊതുക്കി, നരകയറിയ താടിയെല്ലാം വടിച്ചു കളഞ്ഞ്, പഴയതുപോലെ ഒരു മീശയും വയ്പ്പിച്ച് ഞാൻ കൊടുത്ത ഷർട്ടും മുണ്ടും ഇട്ട് പുറത്തിറങ്ങുമ്പോൾ ആ പഴയ ആളായിരുന്നില്ല. ചുറുചുറുക്കുള്ള ഒരു പുതിയ മനുഷ്യനായിരുന്നു. ആ കോലത്തിൽ പുറത്തിറങ്ങാൻ വലിയ നാണമായിരുന്നു. പിന്നെ പുതിയ കോലത്തിൽ ആരും തിരിച്ചറിയുന്നില്ലെന്ന് സ്വയം മനസ്സിലായപ്പോഴാണ് ആ ചളിപ്പ് മാറിക്കിട്ടിയത്.

പിന്നെ ഞങ്ങളെല്ലാവരും കൂടി മുരളിച്ചേട്ടന്റെ സ്വന്തക്കാരന്റെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇന്നിനി കേരളേട്ടന്റെ അടുത്തേക്കുള്ള പോക്ക് ശരിയാവില്ലാന്ന് തോന്നിയതുകൊണ്ട് ഒരു ലോഡ്ജിൽ മുറിയെടുത്തു. ശേഖരേട്ടന്റെ മൂടൊന്നു ശരിയായിട്ട് വേണം ആ കഥകൾ ചോദിച്ചറിയാൻ...


തുടരും.....