Sunday 9 December 2018

നോവൽ

പ്രവാസ ബാക്കി.  (10)

കഥ ഇതുവരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു.

തുടർന്നു വായിക്കുക.

അടക്കിവച്ച പ്രതികാരം ..

'' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു.... " വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു.
" പറയാം...' ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു.

കഥ തുടരുന്നു...

ഞാനും അതു തന്നെ ആലോചിക്കുകയായിരുന്നു. ഇത്രയും പറഞ്ഞതിൽ ശേഖരേട്ടന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും വന്നിട്ടല്ലല്ലൊ. പിന്നെവിടെയാണ് പാളിച്ച പറ്റിയത്...?
ശേഖരേട്ടന്റെ മുഖം പിടിച്ചുയർത്തിയിട്ട് ഞാൻ ചോദിക്കാനായി തുടങ്ങിയതേയുള്ളു. ശേഖരേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് പറഞ്ഞു.
" പറയാം. അന്ന് ആസ്ട്രേലിയായിൽ നിന്നും മോള് വരാനായി മൂന്നുദിവസം അവളുടെ ബോഡി മോർച്ചറിയിൽ വക്കേണ്ടി വന്നു.  ഒരു ഹാർട്ടറ്റാക്കിൽ അവളുടെ ജീവിതം അവസാനിച്ചതായേ എല്ലാവരും കരുതിയുള്ളു   അതുകൊണ്ടാർക്കും സംശയമൊന്നും തോന്നിയില്ല, മക്കൾക്കുപോലും.

പക്ഷേ, മക്കളുടെ എല്ലാമെല്ലാമായ അവരുടെ അമ്മയുടെ എന്നന്നേക്കുമായുള്ള വിടവാങ്ങൽ വിശ്വസിക്കാനായില്ല. മക്കളുടെ സങ്കടം എനിക്കിവിടെ വിവരിക്കാൻ കഴിയില്ല. മോർച്ചറിയിൽ വച്ച മൂന്നുദിവസവും എന്റെ മോൻ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. ബന്ധുക്കളും കൂട്ടുകാരും എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല. മോൾ എത്രയും വേഗം എത്തണേയെന്നായിരുന്നു എന്റെ പ്രാർത്ഥന.

മൂന്നാം ദിവസം മോളും മരുമോനും പേരക്കുട്ടിയും കൂടി വന്നതോടെ ബോഡിയും വീട്ടിലെത്തിച്ചു.  എല്ലാവരും അവളുടെ മുഖമൊന്നു കണ്ടെന്നു മാത്രം. എത്രയും പെട്ടെന്നു വീട്ടിനു പുറകിൽത്തന്നെ സംസ്ക്കരിക്കയും ചെയ്തു. ഞാൻ ഞങ്ങളുടെ ബഡ്റൂമിൽ തളർന്നു കിടന്നപ്പോൾ മക്കളും ആശ്വാസവുമായെത്തി. എന്റെ വായിൽ നിന്ന് അരുതാത്തതൊന്നും വീഴാതിരിക്കാൻ പ്രത്യേകം കരുതലെടുത്തു.

രണ്ടാം ദിവസം തന്നെ മരുമകൻ യാത്രയായി. കാരണം അവനവിടെ ഒരു സൂപ്പർമാർക്കറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾത്തന്നെ മൂന്നുദിവസമായിട്ട് അടഞ്ഞുകിടക്കുകയാണ്. ഇനിയും തുറക്കാതിരിക്കാനാവില്ലായിരുന്നു. ഒരു മാസത്തിനുള്ളിൽ മോളെ തിരിച്ചയക്കണമെന്ന് പറഞ്ഞിട്ടായിരുന്നു അവൻ പോയത്. മാത്രമല്ല, മോളെ ഒറ്റക്ക് വിടരുതെന്നും ഞാനും മോനും കൂടെ ചെല്ലണമെന്നും വിസയൊക്കെ അവൻ റെഡിയാക്കിക്കോളാമെന്നും ഏറ്റിട്ടാണ് പോയത്. ഇനിയുള്ള കാലം അവരോടൊപ്പം കഴിയാമത്രെ. ഞാനും കണക്ക് കൂട്ടിയിരുന്നു, മോളോടൊപ്പം മോനേയും ആസ്ട്രേ ലിയായിലേക്ക് പറഞ്ഞയക്കണമെന്ന്. തൽക്കാലം ഞാൻ മാത്രമിവിടെ മതിയാകും.

പിന്നെയും ദിവസങ്ങളെടുത്തു മക്കൾ രണ്ടു പേരും നോർമലാകാൻ. എങ്കിലും പേരക്കുട്ടിയായിരുന്നു എല്ലാവരേയും നോർമലാകാൻ സഹായിച്ചത്.  പേരക്കുട്ടിയെ വേണ്ടവിധത്തിൽ താലോലിക്കാനോ കളിപ്പിക്കാനോ എനിക്കായില്ല. ആ ദിവസങ്ങളിൽ പ്രക്ഷുപ്തമായ മനസ്സുമായി നടക്കുകയായിരുന്നു ഞാൻ.

 മോൾക്ക് ഒരു മാസത്തിൽ കൂടുതൽ നിൽക്കാനാവില്ലായിരുന്നു. ഒരു കണക്കിനാണ് മകനെക്കൂട്ടി മോളേയും പേരക്കുട്ടിയേയും ആസ്ട്രേലിയായിലേക്ക് നിർബ്ബന്ധിച്ച് പറഞ്ഞയച്ചത്.

എനിക്ക് പോകാൻ കഴിയുമായിരുന്നില്ല. എന്റെ മനസ്സ് വല്ലാതെ തിളച്ചുമറിയുന്നുണ്ടായിരുന്നു. വാസ്തവത്തിൽ ഭാര്യ മരിച്ചത് ഹൈറേഞ്ചിലെ സുന്ദരമായ പൂന്തോട്ടത്തിനു മുന്നിലുള്ള ആ ഹോട്ടലിൽ വച്ചായിരുന്നില്ലേ...?
അതോർത്ത് പ്രക്ഷുപ്തമായ മനസ്സുമായിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത്. ഓരോ നിമിഷവും പല്ലുകൾ കൂട്ടിയുരുമ്മിയാണ് എന്റെ ദ്വേഷ്യം ശമിപ്പിച്ചു കൊണ്ടിരുന്നത്. ഒന്നും ആരോടും പറയാൻ കഴിയാതെ സ്വയം സഹിച്ച് ഒതുങ്ങിക്കഴിയുകയായിരുന്നു.

അമ്മ പോയി തൊഴാൻ ആഗ്രഹിച്ച ഒരുപാടു ക്ഷേത്രങ്ങളുണ്ടെന്നും, അവിടെയൊക്കെപ്പോയി അമ്മ ആഗ്രഹിച്ച പോലെ വഴിപാടുകൾ കഴിക്കണമെന്നും അതു കഴിഞ്ഞിട്ടേ ഞാൻ വരികയുള്ളുവെന്നും കട്ടായം പറഞ്ഞിട്ടാണ് മക്കളെ പറഞ്ഞയച്ചത്.

മക്കള് പോയതിന്റെ മൂന്നാം ദിവസം ചില കരുതലോടെ ഒരു ബാഗും തൂക്കി ഞാൻ വീട്ടിൽ നിന്നിറങ്ങി, തൊട്ടടുത്ത് താമസിച്ചിരുന്ന പത്രോസ് ചേട്ടന്റെ കയ്യിൽ വീടിന്റെയും കാറിന്റേയും താക്കോലേൽപ്പിച്ചാണ് ഞാനിറങ്ങിയത്. എന്നു് തിരിച്ചുവരുമെന്ന് എനിക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു.

അന്ന് ഞങ്ങളുടെ യാത്ര കഴിഞ്ഞ് വന്നതിനു ശേഷം ഞാൻ താടിയൊന്നും വടിച്ചിട്ടില്ലായിരുന്നു. മുടിയും നന്നായി വളർന്നിരുന്നു. പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. അന്ന് അവനെ അവിടെ കാണുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും, ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു. "

തുടരും.....

9 comments:

Typist | എഴുത്തുകാരി said...

ഞാനാണല്ലോ ആദ്യം. പിന്നേം സസ്പെന്‍സ്.

© Mubi said...

പെട്ടെന്നെഴുതണേ...

Sukanya said...

ശേഖരേട്ടന്റെ ജീവിതകഥയിലെ നിര്‍ണായകഭാഗം വന്നെത്തിയപോലെ.
എത്ര നന്നായാണ് എഴുതുന്നത് വീകെ.

വിനുവേട്ടന്‍ said...

അശോകേട്ടാ... എല്ലാം ഇന്നലെയെന്ന പോലെ കൺമുന്നിൽ...

അടുത്ത ലക്കം എഴുതി തുടങ്ങിയില്ലേ...?

Geetha said...

വല്ലാത്തൊരു ദുരന്തം തന്നെ ആ കുടുംബത്തിൽ സംഭവിച്ചത്. ഇനിയും പ്രതികരമാവുമോ ലക്ഷ്യം......

Areekkodan | അരീക്കോടന്‍ said...

അയ്യോ...പേടിയാവുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ശേഖരേട്ടന്റെ ജീവിതത്തിലെ മറക്കാനാവാത്ത
ഒരു കഥാപാത്രമാണ് രംഗപ്രവേശം നടത്തിയിരിക്കുന്നത്...

Cv Thankappan said...

ഇനിയും സംഭവിക്കാൻ പോകുന്നത് .......

സുധി അറയ്ക്കൽ said...

പ്രതികാരം എങ്ങനെയെന്ന് മാത്രേ ഇനി അറിയേണ്ടൂ …………