Sunday 27 May 2018

കഥ. പേരിട്ടിട്ടില്ല.       3

     കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

തുടർന്നു വായിക്കുക.
ഒരു വണ്ടിയെന്ന സ്വപ്നം ...

 'അവളുടെ പ്രധാന പരാതി ഗൾഫുകാരനായിട്ടും കുടുംബത്തിൽ ഒരു വണ്ടിയില്ലായിരുന്നു എന്നതാണ്. ശരിയായിരുന്നു.
ആ പരാതിക്ക് അടിസ്ഥാനമുണ്ടായിരുന്നു. ഞാൻ സ്ഥിരമായിട്ട് അന്യനാട്ടിലും മോനാണെങ്കിൽ പ്രായമായിട്ടുമില്ല. പിന്നെന്തിനാണ് വണ്ടി...?
തന്നെയുമല്ല വീടുപണി തീരാതെ അതിനൊന്നും പണം കണ്ടത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു ടൂ വീലർ പോലും സ്വന്തമാക്കിയില്ല.'

'വഴക്കുണ്ടാക്കുമ്പോൾ അവൾ എന്നെ മുട്ടുകുത്തിക്കാനായി പറയും.
"ഈ നാട്ടിൽ ഇവിടെമാത്രമെ ഒരു വണ്ടി പോലുമില്ലാത്ത വീടുള്ളു. "
അപ്പോൾ ഞാൻ തമാശക്ക് പറയും "അതിനാണല്ലൊ പൊതുവണ്ടി.  നമ്മൾക്കതു പോരെ. പെട്രോളടിക്കണ്ട, ടയർ കേടാവില്ല, ഇടക്കിടക്ക് നന്നാക്കണ്ട, അതോടിച്ച് എന്തെങ്കിലും അപകടോണ്ടാവോന്നു പേടിക്കണ്ട. ടിക്കറ്റിനും കാശ് കുറച്ചു മതി ... "
അത് കേട്ടതും അവളുടെ ചുണ്ടുകൾ വിറച്ചു. എങ്കിലും സംയമനം പാലിച്ചവൾ പറഞ്ഞു.
"ഒരു ടൂവീലർപോലും വാങ്ങാൻ കെല്പില്ലാത്തവരാ നമ്മളെന്നാ നാട്ടുകാർ പറഞ്ഞോണ്ടു നടക്കുന്നെ. അതറിയോ. നിങ്ങളെന്തോന്നു ഗൾഫുകാരനാ...?''
''നാട്ടുകാരെ ബോധിപ്പിച്ചിട്ട് നമുക്കെന്തു കിട്ടാനാ.. അവരോട് പോകാൻ പറ"
എന്റെ നിസ്സഹായാവസ്ഥയിൽ ഞാൻ അവളുടെ വാദങ്ങളെ നിഷ്ക്കരുണം തള്ളിക്കൊണ്ടിരുന്നു.'

'ആയിടക്കാണ് മോൾക്ക് നല്ലൊരു കല്യാണാലോചന വന്നത്. അതിനായി എന്റെ വീട്ടിലെ ഷെയറായി കിട്ടിയ പത്തു സെന്റ് സ്ഥലമുള്ളത് മറ്റൊന്നിനും ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്നു. വീടുപണി പണത്തിന്റെ കുറവുകൊണ്ടാണ് നീണ്ടുനീണ്ടു പോയത്. എന്നിട്ടും ഞാനതിൽ തൊട്ടില്ല. ആ സ്ഥലം കൊടുത്ത് മോളുടെ കല്യാണം ഭംഗിയായി നടത്തി. ബാക്കി കുറച്ച് മോന്റെ പഠിത്തത്തിനും മാറ്റി വച്ചിരുന്നു. അതേയുള്ളു. മറ്റൊരു വരുമാനവുമില്ല. കല്യാണം കഴിഞ്ഞ് അധികാ താമസിയാതെ മോളും ഭർത്താവും ആസ്ട്രേലിയായിലേക്ക് പോയി.
അപ്പോഴും ഒരു വണ്ടിയെന്ന സ്വപനം പൂവണിയാത്തതിലായിരുന്നു അവളുടെ വിഷമം. മോളുടെ കല്യാണം ഗംഭീരമായി നടന്നതിലൊന്നും അവൾക്ക് സന്തോഷം കിട്ടിയില്ല.'

'ഒരിക്കൽ സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു.
"ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇവിടം വരെ എത്തിയത്. നീ എപ്പോഴും മുകളിലേക്ക് മാത്രം നോക്കാതെ താഴേക്കും നോക്ക്. അപ്പോൾ മനസ്സിലാവും നമ്മളെവിടെയെന്ന്... "
"നിങ്ങടെ വേദാന്തമൊന്നും എനിക്ക് കേൾക്കണ്ട. നമ്മളെപ്പോഴും മോളിലേക്കാ നോക്കേണ്ടത്. താഴേക്കല്ല. അന്ന് നിങ്ങളെന്റെ ജോലി കളയിക്കാതിരുന്നെങ്കിൽ ഞാനിപ്പോൾ നല്ലൊരിടത്ത് കേറിപ്പറ്റിയേനെ."
അതും പറഞ്ഞവൾ മൂക്കുപിഴിഞ്ഞു. തൊണ്ടയിടറി. ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു.
''പറയണകേട്ടാൽ തോന്നും ഏതാണ്ട് കളക്ടറുദ്യോഗാ ഞാൻ കളയിപ്പിച്ചേന്ന്. ഒരു മാസം അവിടെപ്പോയി അച്ചു നിരത്തിയാ കിട്ടണത് നൂറ്റമ്പത് ഉലുവ. അതും ഒറ്റമാസവും തീർത്ത് കിട്ടാറുണ്ടോ. അച്ച് നിരത്തുമ്പോൾ വരുന്ന തെറ്റിന് നല്ലൊരു തുക കട്ടും ചെയ്യും. എന്തിനാ എന്റെ ഭാര്യ വല്ലവർക്കും വേണ്ടി കഷ്ടപ്പെടേണേന്നു കരുതി പോകണ്ടാന്നു പറഞ്ഞത് ഒരു തെറ്റായിട്ട് ഇന്നും എനിക്ക് തോന്നണില്ല."
"അന്നത് ചെറിയ തുകയായിരുന്നെങ്കിലും എനിക്ക് വല്യ തുകയായിരുന്നു. എന്റെ ആവശ്യങ്ങൾക്ക് കാർന്നോമ്മാരെ ബുദ്ധിമുട്ടിക്കാതെ നോക്കാൻ അതു മതിയായിരുന്നു."
അത്രയുമായപ്പോൾ വിനുവേട്ടൻ ചോദിച്ചു.
"എന്തായിരുന്നു പുള്ളിക്കാരത്തിയുടെ പണി...?"
ശേഖരേട്ടൻ ഒരു പുഛഭാവത്തോടെ ചുണ്ടൊന്നു കോട്ടിയിട്ട് പറഞ്ഞു.
' ഒരു പ്രസ്സിൽ അച്ചു നിരത്തണ പണിയായിരുന്നു. വല്ല നോട്ടീസും അച്ചടിക്കാൻ കിട്ടിയാൽ ഭാഗ്യം. അതും അവ്ടെ വള്ളിയിട്ടില്ല, ഇവ്ടെ പുളളിയില്ല. അവ്ടെ കുത്തില്ല ഇവ്ടെ സ്ഥലം വിട്ടില്ലെന്നും പറഞ്ഞ് നല്ലൊരു തുക അയാൾ കട്ട് ചെയ്യും. അതു കേട്ടപ്പം ഞാൻ പറഞ്ഞു. ഇനി പോകണ്ടന്ന്. അല്ലങ്കിൽത്തന്നെ അതിനു വിട്ടാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ്റുമോ. എല്ലാം കൂടി ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് തോന്നി... '

അന്നേരം ഞാൻ പറഞ്ഞു.
ശേഖരേട്ടൻ ഗൾഫിനു പോയതിനു ശേഷം ഞാൻ ഞങ്ങടെ നാട്ടിലെ ഒരു പ്രസ്സിൽ പോയി ചോദിച്ചിരുന്നു, ചേച്ചിക്കു വേണ്ടി. അയാൾ പറഞ്ഞു. ജോലി തരാം. മൂന്നു മാസത്തേക്ക് ശബളമൊന്നും തരികയില്ല. അതു കഴിഞ്ഞിട്ട് നോക്കാമെന്ന്. ചേച്ചി ആ കണ്ടീഷൻ സമ്മതിച്ചെങ്കിലും ശേഖരേട്ടന്റെ അഛനും മറ്റുള്ളവരും സമ്മതിച്ചില്ല. അതുകൊണ്ടാ അത് കിട്ടാതെ പോയത്. ..
അതു കേട്ടപ്പോൾ ശേഖരേട്ടൻ പറഞ്ഞു.
'എന്നോട് എഴുതിച്ചോദിച്ചിരുന്നു. ഏട്ടൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും. അഛൻ സമ്മതിച്ചാൽ മറ്റുള്ളവർ എതിർപ്പൊന്നും പറയില്ലെന്ന് . പക്ഷേ, എന്തോ ആ ജോലിക്ക് വിടാൻ എനിക്ക് സമ്മതമല്ലായിരുന്നു. അങ്ങനെ അന്നത് നടക്കാതെ പോയതിന്റെ ദ്വേഷ്യമാ പിന്നീടും എന്നോട് കാട്ടിക്കൊണ്ടിരുന്ന പകയുടെ ഒന്നാം ഘട്ടം.'
ശേഖരേട്ടൻ പറഞ്ഞു നിറുത്തി, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ബീയർ വായിലേക്ക് കമഴ്ത്തി ചുണ്ടുകോട്ടി.

അപ്പോഴേക്കും വിനുവേട്ടൻ വാച്ചിൽ നോക്കി കണ്ണുരുട്ടുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു.
"നീലത്താമര വിനുവേട്ടനെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും."
അതുകേട്ട് മുരളിച്ചേട്ടൻ പറഞ്ഞു.
"നമുക്ക് ലോഡ്ജിലേക്ക് പോയാലോ... ഇനി ഇവിടെയിരുന്നാൽ ശരിയാവില്ല. അപ്പഴേക്കും ഞങ്ങൾ നാലു കുപ്പി ബിയറും കടല, കപ്പലണ്ടി, പോത്ത്, അച്ചാർ ഇത്യാദിയെല്ലാം വലിച്ചുവാരി അകത്താക്കിയിരുന്നു. വിനുവേട്ടൻ മാത്രമെ ബീയർ അടിക്കാതിരുന്നുള്ളു. അതുകൂടി ഞങ്ങൾ അടിച്ചു തീർക്കേണ്ടി വന്നു. ആ ഒരു കുപ്പി തിരിച്ചു കൊടുക്കാമെന്നു പറഞ്ഞതായിരുന്നു. അപ്പഴേക്കും വാങ്ങിച്ചത് തിരിച്ചു കൊടുക്കണത് നമ്മൾക്ക് മോശമാണെന്നു് പറഞ്ഞ് മുരളിയേട്ടൻ അതങ്ങ് പൊട്ടിച്ച വച്ചു. പിന്നെ കുടിക്കാതെ നിവർത്തിയില്ലായിരുന്നു. ബാക്കി പോത്തുൾപ്പടെ എല്ലാം അകത്താക്കാൻ വിനുവേട്ടന്റെ പൂർണ്ണസഹകരണം ഉണ്ടായിരുന്നു.

 അവിടന്നിറങ്ങി തേക്കില്ലാത്ത തേക്കിൻകാട് മൈതാനത്തിന്റെ പകുതി കറങ്ങി ഞങ്ങൾ ലോഡ്ജിലെത്തി.
ഒരു മേശക്ക് ചുറ്റുമിരുന്ന് ബാക്കി കഥ കേൾക്കാൻ ഞങ്ങൾ ചെവിയും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ പറഞ്ഞു തുടങ്ങി. അതിനു മുൻപ് നീലത്താമരയെ വിളിച്ച് സ്വല്പം വൈകിയേ വരികയുള്ളുവെന്ന കാര്യം വിനുവേട്ടൻ ഓർമപ്പെടുത്തി.

" വാസ്തവത്തിൽ എന്നോടുള്ള ദ്വേഷ്യത്തിനു കാരണം ഇതൊന്നുമായിരുന്നില്ല. അവൾക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. ഒരു ഗൾഫുകാരനെ കല്യാണം കഴിച്ചാൽ തന്റെ സഹോദരിയെ തന്നെപ്പോലെ ധർമ്മക്കല്യാണം നടത്തിയയക്കാതെ നല്ല രീതിയിൽ കെട്ടിച്ചു വിടാമെന്നും സഹോദരനെ പഠിത്തം കഴിഞ്ഞാൽ ഗൾഫിലയക്കാൻ കഴിയുമെന്നും അവൾ കണക്കുകൂട്ടിയിരുന്നു. ഞാൻ ബഹ്റീനിലെത്തി ഒരു വർഷം കഴിഞ്ഞതേയുള്ളു. ശബളം പോലും കിട്ടാതെ, നിത്യച്ചെലവിനു കാശില്ലാതെ കാറ് കഴുകിക്കൊടുത്ത് കുപ്പൂസ് വാങ്ങിക്കഴിക്കുന്ന ഒരു ജീവിതത്തിൽ എങ്ങനെ സഹായിക്കും. ശരിക്കും നിസ്സഹായനായിപ്പോയ ഇതുപോലൊരു സന്ദർഭം ജീവിതത്തിലുണ്ടായിട്ടില്ല. ഒരുതരം ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.

എന്റെ സ്വഭാവമനുസരിച്ച് കല്യാണത്തിന്റെ എല്ലാ ചെലവുകളും ഞാൻ തന്നെ എടുത്ത് നടത്തിക്കൊടുക്കേണ്ടതായിരുന്നു. അപ്പോഴത്തെ പരിതസ്ഥിതിയിൽ എനിക്ക് കല്യാണത്തിന് പങ്കെടുക്കാനും കഴിയുമായിരുന്നില്ല. എന്റെ അറബിയാണെങ്കിൽ സ്ഥലത്തില്ലായിരുന്നു. അയാളെ കണ്ടിട്ട് തന്നെ മാസങ്ങളായിരുന്നു.

ഞാൻ അവൾക്കെഴുതി.
'നിന്റെ കയ്യിലുള്ള സകല ആഭരണങ്ങളും താലിമാലയിലെ താലിയൊഴിച്ച് ബാക്കി ചെയിൻ കൂടി ഊരിയെടുത്ത് അനിയത്തിക്ക് കൊടുത്തോ..'
അതിനവൾ കരച്ചിലും പിഴിച്ചിലുമായി എന്റെ ഭ്രാന്താവസ്ഥ ഇരട്ടിയാക്കി. അതെല്ലാം കൂടി പതിനഞ്ച് പവനോളം വരുമായിരുന്നു. ബാക്കി 10 പവൻകൂടി വീട്ടുകാർ കണ്ടെത്തി ഇരുപത്തഞ്ച് പവനോളം കൊടുത്ത് അവളെ ധർമ്മക്കല്ലാണം നടത്താതെ മാന്യമായിത്തന്നെ കെട്ടിച്ചയച്ചു.

അവളുടെ കയ്യിലിരുന്ന സ്വർണ്ണമാണല്ലൊ കൊടുത്തത്.  ഞാൻ നേരിട്ടൊന്നും ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അടുത്ത ബഹളം. ആ മുറുമുറുപ്പ് അവസാനിക്കുന്നതിനു മുമ്പ് അടുത്ത ബഹളത്തിന് അടിത്തറയിട്ടു. അവളുടെ  സഹോദരനെ ഗൾഫിൽ കൊണ്ടു പോകണമെന്നു പറഞ്ഞായിരുന്നു അത്..
ഗൾഫിലെ ദുരിതങ്ങൾക്ക് പുറമെ സ്വന്തം കുടുംബത്തിൽ നിന്നും മനഃസ്സമാധാനം കിട്ടാതായതോടെ എന്റെ സമനില തകരാറിലാകുമെന്ന് ഭയന്ന് ഉറക്കംപോലും നഷ്ടപ്പെട്ട് നടന്നിരുന്ന നാളുകൾ..

തുടരും.....