Friday 27 November 2020

വസന്തം..

 കഥ.

by വീകെ.


വസന്തം..


ഞങ്ങളുടെ അമ്മക്ക് ഞങ്ങൾ നാലു മക്കളായിരുന്നു. നാലും പെണ്ണായതോണ്ടാത്രേ അച്ഛൻ ഞങ്ങളെയുപേക്ഷിച്ചു പോയത്. ആദ്യത്തേത് പെണ്ണെന്നറിഞ്ഞപ്പോൾത്തന്നെ അച്ഛന് അമ്മയോട് ദ്വേഷ്യമായിരുന്നു. അതിനെയുപേക്ഷിക്കാൻ അഛൻ നിർബ്ബന്ധിച്ചിട്ടും അമ്മ സമ്മതിച്ചില്ല. 

ഒരിക്കൽ ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അഛൻ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആർക്കോ കൊടുത്തു. അമ്മ കരഞ്ഞു കരഞ്ഞു തളർന്നു. എന്നിട്ടും അഛനതിനെ തിരിച്ചുകൊടുത്തില്ല.


കാലം പോകവേ അമ്മ വീണ്ടും ഗർഭിണിയായി. അതും പെണ്ണെന്നറിഞ്ഞ അച്ഛൻ കോപാകുലനായി. പക്ഷേ, കഴിഞ്ഞതുപോലെ അഛനതിനെ അടിച്ചുമാറ്റാനായില്ല. അമ്മ ഉറക്കൊഴിച്ച് അതിനെ കാത്തുസൂക്ഷിച്ചു. അച്ഛനതിനെ കാണുമ്പോൾ ദ്വേഷ്യം കൊണ്ട് വിറകൊള്ളുന്നത് അമ്മ കാണാറുണ്ട്. അതുകൊണ്ട് അച്ഛനെ കാണാതെയാണ് അവളെ വളർത്തിയത്. ഗുരുകുലത്തിൽ ചേർക്കേണ്ട പ്രായമായപ്പോൾ ഒരു ശിശിരഗുരുകുലത്തിൽ ആക്കിപ്പോന്നതാണ്. എല്ലാവർഷവും അമ്മ മോളേ പോയി കാണുമായിരുന്നു. നല്ല മിടുമിടുക്കിയായി വളരുന്നത് കണ്ട് അമ്മ അഛനറിയാതെ സന്തോഷിച്ചു.

മൂന്നാമതും ഗർഭിണിയായപ്പോൾ അമ്മക്ക് വേവലാതികളൊന്നുമില്ലായിരുന്നു. പെണ്ണായാലും എങ്ങനേയും വളർത്താമെന്ന് നല്ല ആത്മവിശ്വാസം നേടിയെടുത്തിരുന്നു. അതും പെണ്ണെന്നറിഞ്ഞ അഛൻ ദ്വേഷ്യപ്പെട്ട് ഇറങ്ങിപ്പൊയ്ക്കളഞ്ഞു. 

പിന്നെ കുറേക്കാലത്തേക്ക് അച്ചന്റെ വരവുണ്ടായില്ല. അതുകൊണ്ട് അവൾ അതായത് ഞാൻ വസന്ത, ആടിപ്പാടി ആരേയും പേടിക്കാതെ നല്ല സുന്ദരിക്കുട്ടിയായി വളർന്നു. എല്ലാവർഷവും അമ്മയൊരുമിച്ച് ശിശിരചേച്ചിയെ കാണാൻ പോകുമായിരുന്നു. അവിടെ നല്ല തണുപ്പായതുകൊണ്ട് ഞങ്ങൾ വേഗം പോരും.. അവിടെ എനിക്ക് പഠിക്കേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞിരുന്നു.  

പഠിക്കാൻ പ്രായമായപ്പോൾ എന്നെ വസന്തഗുരുകുലത്തിൽ പഠിപ്പിക്കാനാക്കിയിട്ട് പിണങ്ങിപ്പോയ അച്ഛനെത്തേടി അമ്മ യാത്രയായി. എനിക്കും അഛനെ കാണാൻ കൊതിയായിരുന്നു. 

പിന്നീട് അമ്മയെത്തുമ്പോൾ എനിക്ക് ഒരു അനിയത്തിയെകൂടി തന്നിരുന്നു അമ്മ. നാലമത്തതും പെണ്ണാണെന്നറിഞ്ഞപ്പോൾ അഛൻ അമ്മയേയും അനിയത്തിയേയും തനിച്ചാക്കി തപസ്സു് ചെയ്യാനായി പോയി. തനിക്ക് ശേഷം കുടുംബം നിലനിർത്താൻ ഒരാൺത്തരിക്കായി. അവളും കുറേനാൾ എന്നോടൊപ്പം വളർന്നു. പിന്നീടവളെ പഠിപ്പിക്കാനായി അമ്മ കൊണ്ടുപോയി. അവളെ ഗ്രീഷ്മഗുരുകുലത്തിൽ ആക്കിയിട്ട് അമ്മ വല്യേച്ചിയെ അന്വേഷിച്ച് യാത്രയായി.

അമ്മക്ക് ആദ്യം പ്രസവിച്ച കുട്ടിയെ (എന്റെ വല്യേച്ചിയെ) കാണാഞ്ഞിട്ട് വലിയ സങ്കടമായിരുന്നു. അവളെവിടെയാണെന്ന് എത്ര ചോദിച്ചിട്ടും അച്ഛൻ പറഞ്ഞുകൊടുത്തില്ല. 

'അവൾ സുഖമായിരിക്കുന്നുവെന്ന് മാത്രം അറിയുക. മറ്റൊന്നും നീയറിയണ്ട'യെന്നു പറഞ്ഞ് അഛനത് നിഷേധിക്കും. എന്നാലും അമ്മ എല്ലായിടത്തും അന്വേഷിക്കും. പക്ഷേ, വല്യേച്ചിയെ ഒരിക്കലും അമ്മക്ക് കണ്ടെത്താനായില്ല. വല്യേച്ചിയുടെ പേരു പോലും അമ്മ മറന്നുപോയിരുന്നു. അമ്മ വളരെക്കാലം വല്യേച്ചിയെ തേടിയലഞ്ഞു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വളരെ ക്ഷീണിതയായ അമ്മ കിടപ്പിലായി. അപ്പോൾ ഞങ്ങൾ മൂന്നു മക്കളുംകൂടി ഒരു തീരുമാനത്തിലെത്തി. നമ്മൾക്ക് മൂന്നുപേർക്കും കൂടി വല്യേച്ചിയെ അന്വേഷിച്ചിറങ്ങാം. അമ്മക്ക് വല്ലാണ്ടായില്ലേ. അമ്മ ഈ വസന്തഗുരുകുലത്തിൽ വിശ്രമിക്കട്ടെ. മൂന്നുപേരും ഒരുമിച്ചിറങ്ങാതെ ഒറ്റക്കൊറ്റക്ക് പോയി മൂന്നിടത്തായി അന്വേക്ഷിക്കാം. 

അതുപ്രകാരം ആദ്യം ശിശിരമിറങ്ങി. 

മറ്റൊരു സ്ഥലത്തേക്ക് വസന്തമിറങ്ങി. മൂന്നാമതൊരിടത്തേക്ക് ഗ്രീഷ്മയുമിറങ്ങി. പക്ഷേ, അവരെ മൂന്നുപേരേയും അലട്ടിയിരുന്ന ഒരേയൊരു പ്രശ്നം വല്യേച്ചിയുടെ പേരായിരുന്നു. അതുമാത്രമാർക്കുമറിയില്ല. 

ഞങ്ങൾ മൂന്നുപേർക്കും മൂന്നു സ്വഭാവമായിരുന്നെങ്കിലും രൂപത്തിൽ ഒരുപോലെയായതുകൊണ്ട് കണ്ടാൽ തിരിച്ചറിയാനാകും. 

പക്ഷേ, വല്യേച്ചിയുടെ പേര്...?

 അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവം സഹോദരിമാരെ ഒന്നു സഹായിക്കണേ.....

                                

                                ശുഭം

Tuesday 5 May 2020

കഥ.
by വീകെ.

പെണ്ണുകാണൽ...

നല്ല ഉശിരുള്ള ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ശേഖരേട്ടൻ. വിപ്ലവ പ്രസ്ഥാനത്തിന്റെ ഉശിരുള്ള പോരാളി. എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നെങ്കിൽ അത് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാകുന്ന കാലത്ത് , ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് മാത്രം. ജാതിയും മതവും പ്രശ്നമല്ല. സൗന്ദര്യം, കണ്ടാൽ ഒരു കുറ്റവും പറയരുതാരും. ഇതൊക്കെയായിരുന്നു സങ്കല്ലക്കങ്ങൾ. പോസ്റ്ററൊട്ടിക്കാനും മതിലെഴുതാനും ഇങ്കിലാബ് വിളിക്കാനും കൂടെ നടന്നിരുന്ന ഞങ്ങൾക്കിതൊക്കെ അറിയാമായിരുന്നു.

ഇവിടെ നിന്നുകൊണ്ട് ശേഖരേട്ടന് ഒരു മേൽഗതി ഉണ്ടാവില്ലാന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗൾഫിലേക്ക് കയറ്റി വിട്ടത്. മൂന്നു വർഷം കഴിഞ്ഞുള്ള ആദ്യ വരവായിരുന്നു അന്ന്. ഈ വരവിന് പെണ്ണ് കെട്ടിച്ചിട്ടേ വിടുകയുള്ളുവെന്ന് ശേഖരേട്ടന്റെ അഛന്റെ പിടിവാശിക്ക് വഴങ്ങിയിട്ടുള്ള വരവാണ്. അതുകൊണ്ട് അഞ്ചെട്ടെടുത്ത് പോയി പെണ്ണുകണ്ടതിൽ നാലെഞ്ചെണ്ണം വീട്ടുകാർക്കും ഞങ്ങൾക്കും ബോധിച്ചത് സെലക്ട് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ഇനി ഏതുവേണമെന്ന് ശേഖരേട്ടൻ വന്നുകണ്ട് തീരുമാനിക്കട്ടെയെന്ന് കാർന്നോമ്മാർ തീരുമാനിച്ചു.

സ്ത്രീധനത്തിന്റെ കാര്യം എവിടെയെങ്കിലും മിണ്ടിപ്പോയാൽ പിന്നെ ഞാനവിടെ പെണ്ണുകാണാൻ പോകില്ലെന്ന് ശേഖരേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് ശ്രീധനക്കാര്യം പറഞ്ഞാൽ അവിടെ പെണ്ണു കാണാൻ പോയില്ലെങ്കിലോയെന്നു ഭയന്ന് മുന്നാന്മാർ അക്കാര്യം മറച്ചുവക്കും. ചോദിക്കാതെ സ്ത്രീധനം തന്നതാണെന്ന് കരുതിക്കോളും. അതോടൊപ്പം തങ്ങളുടെ കാശ് കണക്കുപറഞ്ഞു വാങ്ങുകയും ചെയ്യാം. അതിനു പറ്റിയ വീടുകളിലെ ഞങ്ങളെ കൊണ്ടു പോയുള്ളു.

‘ധർമ്മക്കല്യാണം’ നടത്തിയാൽ ഞങ്ങൾക്കെന്തു പുണ്യം കിട്ടാനെന്ന് ഒരുത്തൻ പറയുകയും ചെയ്തു.

ശേഖരേട്ടൻ വരുന്ന ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാവരുംകൂടി ഒരുജീപ്പ് വിളിച്ച് വിമാനത്താ‍വളത്തിലേക്ക് പുറപ്പെട്ടു. സൌദിയിൽ നിന്നും മുംബെ വഴിയാണ് വരുന്നത്. ശേഖരേട്ടനെ സ്വീകരിച്ച് മടങ്ങുമ്പോൾ പറഞ്ഞു.
“ആകെ ഒരു മാസത്തെ അവധിയേ കിട്ടിയുള്ളു. നാളെത്തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഒന്നു ഓക്കെ ആക്കണം. മുംബെയിൽ നിന്നുള്ള ഫ്ലൈറ്റിനാണ് ബുദ്ധിമുട്ട്.. സമീറേ... താനത് ഏറ്റോണം...”
“ഓക്കെ... അക്കര്യം ഞാനേറ്റു..”
“നീ എത്ര നാളുണ്ടെടൊ... ഇവിടെ...?”
“എനിക്കു രണ്ടു മാസമുണ്ട്....”
സമീറ് ദുബായിൽ നിന്നും വന്നിട്ട് രണ്ടാഴ്ച ആയതേയുള്ളു.

കുറേ പോന്നു കഴിഞ്ഞപ്പോൾ ഒരിടത്ത് വച്ച് സമീർ പറഞ്ഞു.
“ശേഖരേട്ടാ.. ദേ ഈവഴിയെ കുറച്ചങ്ങട് ചെല്ലുമ്പോൾ ഒരുവീടുണ്ട്... ആ വീട്ടിലൊരു കിളിയുണ്ട്... ഞാൻ കണ്ടതിൽ ശേഖരേട്ടന് ഏറ്റവും യോജിച്ചത് അതായിരിക്കും...!!”
മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
“അതെങ്ങനെ നീ ഒറ്റക്കു പോയി പെണ്ണു കണ്ടടാ സമീറെ....?”
“ഹാ..ഹാ... ഞാൻ ഒറ്റക്കുപോയി കണ്ടതല്ല. ഇന്നലെ കാലത്ത് ഒരുസ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി കണ്ടതാ.. ആ കിളിയെ കണ്ടതും എന്റെ മനസ്സിൽ ഓടിവന്ന മുഖം ശേഖരേട്ടന്റെയാ... നമ്മൾ കുറച്ചുദിവസമായിട്ട് ശേഖരേട്ടനു പെണ്ണന്വേഷിച്ചു നടക്കായിരുന്നല്ലൊ. അതുകൊണ്ടാവും അങ്ങനെ തോന്നിയത്...”
“എന്നിട്ട് നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലൊ ഇതുവരെ...”
“ഞാൻ അനേഷിച്ചപ്പോൾ.... ഞാൻതന്നെ വേണ്ടന്നു വച്ചു.....”
“അതെന്താ.. അങ്ങനെ തോന്നാൻ...?
"ശേഖരേട്ടൻ ‘ഗൾഫ് ശേഖരേട്ടനല്ലെ’ ഇപ്പോൾ പഴയ ആദർശമൊക്കെ
എത്രമാത്രം കയ്യിലുണ്ടെന്നറിയില്ലല്ലൊ....”

അതു കേട്ടതും ശേഖരേട്ടൻ സമീറിനെ തിരിഞ്ഞൊന്നു നോക്കി.
" ശേഖരേട്ടാ... അത്രക്ക് ചേരുന്ന പെണ്ണായതു കൊണ്ട് ഞാനതിന്റെ വിശദവിവരം അന്വേഷിച്ചിരുന്നു ഇന്നലെത്തന്നെ...”
“എന്താ വിവരം കേൾക്കട്ടെ...”
“അവർക്ക് ഇപ്പോൾ ഒരു കല്യാണം നടത്താനുള്ള സാഹചര്യമില്ല. "
“ബുദ്ധിമുട്ടെന്താ... പെണ്ണിനു പ്രായമായില്ലെ...?”
“അതൊക്കെ ആയി... ഒന്നുരണ്ടു കൊല്ലംകൂടി കഴിഞ്ഞിട്ടെ പറ്റുള്ളുത്രെ. പിന്നെ, അവൾക്ക് അഛനും ആങ്ങളമാരും ഇല്ല. അമ്മയും രണ്ടുസഹോദരിമാരും മാത്രം. അമ്മക്ക് വില്ലേജാഫീസിൽ പിയുൺ പണിയുണ്ട്. താഴെയുള്ളവർ രണ്ടും പുരനിറഞ്ഞു നിൽക്കാ.. അതാ ഞാനാരോടും പറയാതിരുന്നത്...."
അതു കേട്ടിട്ട് ആരുമൊന്നും മിണ്ടിയില്ല.
ആ സംഭാഷണം അവിടെ അവസാനിച്ചു.

അന്നു വൈകുന്നേരം ശേഖരേട്ടൻ നാടു കാണാനിറങ്ങി. പത്തുമുപ്പതു കൊല്ലം ജീവിച്ച കവലക്ക് മാറ്റമൊന്നുമില്ല. എന്നാലും ആദ്യമായിട്ട് കാണുന്ന ഒരു തോന്നലായിരുന്നു.
പണ്ടുകണ്ടാൽ മിണ്ടാത്തവരോട് പോലും വലിയ സ്നേഹം തോന്നി. ആരേയും ഒഴിവാക്കിയില്ല. കേറിച്ചെന്നു പരിചയം പുതുക്കി.

മമ്മുദുക്കാന്റെ കടയിൽ സമീറിനെയും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ നാളെ പെണ്ണു കാണാൻ പോകാനുള്ള ഒരു മൂന്നാമൻ അടുത്തെത്തി. മറ്റെന്നാൾ മുതൽ പെണ്ണു കാണൽ തുടങ്ങാമെന്നു തീരുമാനിച്ചു.

തിരിച്ചു പോരുന്ന വഴി സമീറിന്റടുത്ത് ആ പെൺകുട്ടിയൂടെ കാര്യം ചോദിച്ചു. എല്ലാം ഒന്നുകൂടി കേട്ടുകഴിഞ്ഞ ശേഖരേട്ടൻ പെട്ടെന്നു പറഞ്ഞു.
“നാളെ കാലത്ത് അവിടെ പോയി ആ പെൺകുട്ടിയെ ഒന്നുകണ്ടാലൊ..?”
സമിർ ശരിക്കും ഞെട്ടി.
“ങെ....! ഉറപ്പിച്ചൊ...?”
“ങൂം... എന്തായാലും നമുക്ക്പോയി ഒന്നുകാണാം....!”
“പക്ഷെ, പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ... ഒരുതരം കളിതമാശ ആക്കരുത്....”
“അതൊന്നുമില്ല... കാണാൻ പറ്റിയ ഒരുസന്ദർഭം നാളെ കാലത്തേക്ക് പറ്റുമെങ്കിൽ ശരിയാക്ക്...”
“ഓക്കെ... അത് ഞാൻ ഏർപ്പാട് ചെയ്യാം..”

പിറ്റേദിവസം കാലത്ത് തൊട്ടടുത്ത ഒന്നുരണ്ടു ബന്ധുക്കളോടൊപ്പം ഞങ്ങൾ ഒരുജീപ്പിൽ പുറപ്പെട്ടു. ഓട്ടോറിക്ഷക്കാർ പോലും പോകാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വീതി കുറഞ്ഞ വഴിയിൽ ജീപ്പ് ഇട്ടിട്ട്, കുറച്ചിട ഞങ്ങൾ നടന്നു.
ഒരിടത്തെത്തിയപ്പോൾ സമീറ് പറഞ്ഞു.
"ദാ .. ഇതാ വീട്...''

 ഓടുമേഞ്ഞ കൊച്ചു വീടായിരുന്നു അത്.
ചുറ്റുവട്ടത്തും വാർക്ക കെട്ടിടങ്ങൾ...
മതിലിനു പകരം ഓലയും മുള്ളും വച്ചു കെട്ടിമറച്ച വേലിയുടെ നടുക്കായി ഒരു ചെറിയ പടി (ഗേറ്റ്).
മുളംകോലായിരുന്നു പടിയായി ഉപയോഗിച്ചിരുന്നത്....
മുകളിലത്തെ പടി ഒരുവശത്തേക്ക് നീക്കി വച്ചാൽ കവച്ചു കടക്കാം...
ഞങ്ങൾ മുറ്റത്തേക്ക് കടന്നു....

മുറ്റം നിറയെ ചെടിച്ചട്ടിയിൽവളരുന്നതും അല്ലാത്തതുമായ ചെടികളും നിറയെ പൂക്കളും. കൂടാതെ നല്ല പൊക്കമുള്ള തെങ്ങുകളും അടയ്ക്കാമരങ്ങളും വീടിനു ഭീഷണീയായി നിൽക്കുന്നു.. പിന്നെ മാവ്, പ്ലാവ് മുതലായവ കൊണ്ട് സമൃദ്ധമാണ് ബാക്കിയുള്ള ഇച്ചിരി പറമ്പു്.

ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു കുഞ്ഞിറയം. അതു കഴിഞ്ഞ് കുഞ്ഞു സ്വീകരണമുറി. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും കഷ്ടിച്ച് ഇരുന്നു. ചായ കുടിച്ചിരിക്കുമ്പൊഴാണ് പെണ്ണിനെ കാണിച്ചത്.

പാവാടയും ലോംഗ്ബ്ലൌസ്സുമായിരുന്നു വേഷം....
പൊക്കം കുറഞ്ഞതുകൊണ്ടാകും കൊച്ചുപെണ്ണിനെപ്പോലെ തോന്നി...
ശേഖരേട്ടന്റെ മനസ്സിൽ ഒരുകൊള്ളിയാൻ മിന്നി....!
സമീറിന്റെ കണക്കു കൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് ഒരുനിമിഷം ഓർത്തു.

കൊച്ചുപെണ്ണിനെപ്പോലെ തോന്നിയതുകൊണ്ട് സാരി ഉടുത്തുകാണാൻ ബന്ധുക്കളിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു. ശേഖരേട്ടന്റെ ആഗ്രഹമാണ് ബന്ധു നിറവേറ്റിയത്.
ആ പെൺകുട്ടി സാരിയുടുത്ത് ഒന്നുകൂടി ഞങ്ങളുടെ മുൻപിൽ വന്നുനിന്നു..
ഇപ്പോഴാ ഒരുപെണ്ണായതെന്നു തോന്നി.....!

പെൺകുട്ടി അകത്തേക്കു പോയതിന്റെ പിറകെ എല്ലാവരും ശേഖരേട്ടന്റെ മുഖത്തേക്കു നോക്കി. എല്ലാവരും കൺപുരികം മുകളിലെക്ക് വെട്ടിച്ചു ചോദിച്ചു മൂകമായി ‘എങ്ങനെണ്ട്...  ? എങ്ങനേണ്ട്...?'

ഞങ്ങൾ എല്ലാവരും മുറ്റത്തിറങ്ങി നിന്നു കുശുകുശുത്തു....!
അവസാന തീരുമാനപ്രകാരം ശേഖരേട്ടന്റെ ബന്ധു പറഞ്ഞു.
“ഞങ്ങൾക്കിഷ്ടമായി...!
നിങ്ങളുടെ തീരുമാനം എത്രയും പെട്ടെന്ന് അറിയിക്കണം. പറ്റുമെങ്കിൽ നാളെത്തന്നെ.. കാരണം അവനുലീവു കുറവാണ്...”

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ അകത്തു നിന്നും മറുപടി വന്നു.
“നാളേക്കാക്കണ്ട... ഇപ്പൊത്തന്നെ പറയാം.. ഞങ്ങൾക്കുമിഷ്ടായി...!!!’
എല്ലാവരേടേയും മുഖത്ത് പൂർണ്ണചന്ദ്രൻ തിളങ്ങി.....!!

അതുകേട്ടതും ബന്ധു ഉടനെതന്നെ പറഞ്ഞു.
“എങ്കിൽ നാളെത്തന്നെ നിങ്ങൾ വേണ്ടപ്പെട്ടവരൊക്കെകൂടി അങ്ങോട്ടുവരൂ... അവിടെവച്ച് തിരുമാനിക്കാം ബാക്കി...”
“ഇത്ര പെട്ടെന്നായാലെങ്ങനാ.. ഞങ്ങൾ ഒന്നും കരുതിയിട്ടില്ലിതുവരെ. അടുത്ത വരവിനു പോരെ കല്യാണം.... അപ്പൊഴേക്കും ഞങ്ങൾ റെഡിയാക്കാം....”

ഒരുപെൺകുട്ടിയെ ഇറക്കിവിടാനുള്ള ബദ്ധപ്പാട് ആ അമ്മയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ബന്ധു പറഞ്ഞു.
 “ഞങ്ങൾക്ക് സമയം കളയാനില്ല.. മറ്റൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലൊ. ഒരു മുഹൂർത്തം നിശ്ചയിക്കുക, പെണ്ണിനെ കൈപിടിച്ചിങ്ട് തരിക. പിന്നെന്താ...?”
“എന്നാലും ഒരുപെണ്ണിനെ ഇറക്കിവിടുമ്പോൾ വെറുംകയ്യോടെ എങ്ങനാ...?”
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് എന്താന്ന്വച്ചാ അതുകൊടുത്താൽ മതി...!!”
“അതാ ഞങ്ങൾ പറഞ്ഞത്.... ഒരുകൊല്ലം കൂടി കഴിഞ്ഞിട്ടാണെങ്കിൽ.... അപ്പൊ.. ഒന്നുവരാൻ പറ്റില്ലെ....?”
ആ ചോദ്യം ശേഖരേട്ടന്റെ നേരെയായിരുന്നു..

അടുത്തു നിന്ന ഞാൻ ശേഖരേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
‘ആ പരിപാടി വേണ്ട.... അപ്പൊഴേക്കും വയസ്സ് മുപ്പത്തഞ്ചാവും... മൂക്കിൽ പല്ലുംവരും.....!!’
ശേഖരേട്ടൻ പറഞ്ഞു.
“പോയാൽപിന്നെ രണ്ടുവർഷം കഴിയാതെ വരാൻ പറ്റില്ല....”
ബന്ധു പറഞ്ഞു.
“എന്തായാലും നിങ്ങൾ നാളെ അങ്ങോട്ടുവരൂ... ബാക്കി അവിടെവച്ച് തിരുമാനിക്കാം...”
അതുസമ്മതമെന്ന നിലയിൽ പിന്നെ ആരും ഒന്നുംപറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

വീട്ടിലെത്തി വിവരം പറഞ്ഞതും ശേഖരേട്ടന്റെ അഛൻ ചൂടായി.
"ഒന്നുകൂടി ആലോചിച്ചിട്ട് പോരെടാ മോനേ.... നിനക്കോയില്ല. അവർക്കുമില്ല. താഴെയുള്ള രണ്ടനിയത്തിമാരും പുരനിറഞ്ഞു നിൽക്കയാണെന്നല്ലേ പറഞ്ഞത്. അപ്പോപ്പിന്നെ അവർക്കൊരു ആലോചന വന്നാൽ നിനക്കവരെ സഹായിക്കേണ്ട ബാദ്ധ്യതയില്ലേ. അന്നേരം നീയെന്തു ചെയ്യും. എവിടെന്നെടുത്തു കൊടുക്കും...?"
ശേഖരേട്ടൻ അത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ലായിരുന്നതുകൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല. അഛന്റെ ചിന്തകൾ അസ്താനത്തല്ല.
ആരുമൊന്നും പറയാതായപ്പോൾ ശേഖരേട്ടന്റെ അച്ഛൻ മോനേ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"നിന്റെ ഇഷ്ടത്തിന് ഞാനെതിരല്ല. അവരുടെ തലവിധിയെന്തോ അതുപോലെ വരട്ടെ..."

പിറ്റേദിവസം അവർ വന്നു.
സ്ത്രീധനമൊന്നും ആവശ്യപ്പെടാത്തതു കൊണ്ട് കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായില്ല. തൊട്ടടുത്ത മുഹൂർത്തത്തിൽ  വിവാഹം നടത്താൻ തിരുമാനിച്ചു.
തീയതി നാളെ കുറിച്ചയക്കാമെന്നു പെൺവീട്ടുകാരുടെ ഒരുകാർന്നോർ ഏറ്റു.
അതോടൊപ്പം വിരുന്നുപോലുള്ള പരിപാടികൾ സമയലാഭത്തിനായി വേണ്ടന്നുവച്ചു.
തൊട്ടടുത്ത ദിവസം തന്നെ തീയതിയുമായി ആളുവന്നു.
ഒരാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തം...!!

ഇതിനിടയിൽ  കല്യാണമുറപ്പിച്ച വിവരമറിഞ്ഞ മൂന്നാന്മാർ ബഹളം തുടങ്ങി...!
“നിങ്ങൾ കെട്ടണ്ട.... ഒന്നുവന്നു കണ്ടിട്ടു പോ... ഇഷ്ടപ്പെട്ടില്ലാന്നു ഞങ്ങൾ പറഞ്ഞോളാം.”
അതിനൊന്നും ശേഖരേട്ടൻ നിന്നുകൊടുത്തില്ല.
മറ്റൊരു പെണ്ണുകാണലിനു ശേഖരേട്ടൻ പോയില്ല. വെറുതേ ഒരുപെണ്ണിന്റെ മനസ്സു വേദനിപ്പിക്കാൻ ശേഖരേട്ടനാവില്ല.
അവർക്ക് വേണമെങ്കിൽ ചായക്കാശു കൊടുത്തുവിടാം. അപ്പൊഴത്തെ ദ്വേഷ്യത്തിൽ അതിനൊന്നും നിൽക്കാതെ അവർ സ്ഥലം വിട്ടു. ചിലരൊക്കെ പിന്നീടുവന്ന് ചായക്കാശുവാങ്ങി സന്തോഷം പുതുക്കി...!

പിറ്റെ ദിവസം കാലത്ത് മുതൽ വിവാഹത്തിന്റെ ക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, അന്നു കാലത്ത് കിട്ടിയ വാർത്ത സകലരേയും ഞെട്ടിച്ചു കളഞ്ഞു.... !!?
“ഈ കല്യാണത്തിനു പെണ്ണിനു സമ്മതമല്ലത്രേ...!!?”

വിവരമറിഞ്ഞ് ഞങ്ങളെല്ലാം ശേഖരേട്ടന്റെ വീട്ടിൽ കൂടി.
‘അന്ന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതാണല്ലൊ....!’
‘ശ്രീധനമൊന്നും നമ്മൾ ചോദിച്ചിട്ടില്ലല്ലൊ...!!’
‘ഇനി ആരെങ്കിലും നമ്മൾക്കിട്ട് പാര പണിതോ...?!’
‘ചിലപ്പോൾ മൂന്നാന്മാർ ആരെങ്കിലും....!!?’

അന്നുതന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരുകാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റുവല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചുവരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതുകൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചുതന്നെ കാര്യങ്ങൾ അറിഞ്ഞു.
‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതുമണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ചുനോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല..?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ, ആവശ്യത്തിന് ആഭരണങ്ങൾകൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് മറ്റുള്ളവരുടെ ചോദ്യത്തിനു മുമ്പിൽ തലയും താഴ്ത്തി നിൽക്കാൻ എനിക്ക് പറ്റില്ല...! എനിക്കങ്ങനെ ഒരിടത്തും പോയിപൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാമനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....

പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.
ശേഖരേട്ടൻ വന്നു പെണ്ണുകണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
                           
                                   ശുഭം.

Tuesday 3 March 2020കഥ.
ഗ്രാമവഴിയിൽ ഒരോണക്കാലത്ത്...
XX            XX           XX

നെൽകൃഷി ചെയ്തു ചെയ്ത് ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.
“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്.
“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“
“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.
“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..”
ശശിമാഷ് തീർത്തു പറഞ്ഞു.
"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?”
ശശി മാഷ്ടെ  ആ നിർദ്ദേശത്തിനു  ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു.
“എന്നാപ്പിന്നെ അങ്ങനെ തന്നെ..”
 എല്ലാവരും സമ്മതിച്ചു.


അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന്, തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷിരീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയകൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചുവളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചുവിടാനും മറ്റും ഞങ്ങൾ സദാ  സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങുകൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറുകൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തുവന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ലവലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണംവരെ ഇങ്ങനെ നിൽക്കുമൊ...?
ഏതെങ്കിലും കള്ളന്മാർ..?
അങ്ങനെ  ഒരുവർഗ്ഗം ഞങ്ങളുടെ  നാട്ടിലേ ഇല്ലായിരുന്നു. അഥവാ  അങ്ങനെ ആരെങ്കിലും പുറത്തുനിന്നും വന്നാൽ  മതിൽക്കെട്ടുകളില്ലാത്ത  പറമ്പുകളിലെ ഏതെങ്കിലും ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണുകിടപ്പുണ്ടാവും. അത്ര പെട്ടെന്നൊന്നും  ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്തുകടക്കാൻ  കഴിയില്ല.

ഇവിടെ വിശാലമായ നെൽപ്പാടമായതുകൊണ്ട്  അടുത്ത് ആളുകൾ താമസിക്കുന്നുമില്ല. എങ്കിലും കാവൽ അത്യാവശ്യമാണ്.
ആരു കാവൽ നിൽക്കും ...?
അത് പിന്നെ പറയേണ്ടല്ലൊ...
ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു  പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഉപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിൽ  മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞു . കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.
വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും.
വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.
(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ ഒരു രഹസ്യവും അതായിരുന്നു കെട്ടോ ..!)

ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിത്തിരിക്കുകയുള്ളല്ലൊ.


സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും.
‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘  മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു.
(കാർന്നോന്മാരുടെ ശല്യമില്ലാതെ രണ്ടു പെഗ്ഗടിക്കാമെന്ന സൌകര്യവും ഈ കാവൽ ഏറ്റെടുക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങിയിരുന്ന മറ്റൊരു രഹസ്യം.)

എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം രണ്ടു മണിയോടടുത്ത് ആയിട്ടുണ്ടാകും.  ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.
ആ നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല.

അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാകാണലും മറ്റുമായി പിന്നെയും കടന്നു പോയി. ഓണത്തിനു മുൻപായി തുകിലുണർത്തു പാട്ടുകളുമായി കുറവന്മാർ ഗ്രാമത്തിലെ രാത്രികളെ സജീവമാക്കിത്തുടങ്ങി. ഒരു പാതിരാത്രിയിൽ ഞങ്ങളുടെ സ്റ്റേജിലും അവർ പാടാനായി വന്നു.
ഓണം വന്നടുത്തു.

കായക്കുലകളെല്ലാം വെട്ടാൻ പാകമായി. കച്ചവടക്കാർ പലരും വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശിപിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടുപോയി.

പതിവുപോലെ അന്നും പാട്ടുംകൂത്തുമായി കഴിച്ചുകൂട്ടി.
“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസാനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്.  പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരിതാഴ്ത്തിവച്ച് കിടന്നു. വയറ്റിൽകിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നുതിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്...?

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരുവെള്ളിടി ഇടിച്ചിറങ്ങിയത്....!
പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി...!
'ചതിച്ചെടാ ....!!'

ആ ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്.
മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.
"അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു.
അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി. 
ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘കാണാനില്ലായിരുന്നു ..!?

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.
ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!!
പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നു കുലകൾ വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു.
എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്.
ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ശബ്ദംപോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്മായാണ് അവർ കാര്യം സാധിച്ചത്..?
“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല."

അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ആ വിളറി നിന്ന നേരത്തും  ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല. കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.
“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ... ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”
ഡോക്ടർ  പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.

‘ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?'
ആ ഗ്രാമത്തിലെ സകലരേയും ഞങ്ങൾക്കറിയാം.
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും  'കുറ്റിപ്പുഴ കോവാട്ട് ഭഗവതി ക്ഷേത്ര' ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ
ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു
“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”
“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.
“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...”
ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസുനായരുടെ കടയിൽ പോയി ഓരോചായ കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. പെരിയാറിന്റെ തീരത്തെ അമ്പലക്കടവിൽ പോയി കുളിച്ച് ഈറനോടെ  നടതുറക്കുന്നതും കാത്ത്നിന്നു. നടതുറന്നപ്പോൾ തൊഴുതു പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറിനിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി ഡോക്ടർ അകത്തേക്ക് കയറിപ്പോയി.
വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു
“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവർ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”

 ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു
“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...”
ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു. രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.

ദിവസം ഒന്നും രണ്ടും കഴിഞ്ഞു.
പിന്നെ കളവൊന്നും നടന്നില്ല.
കള്ളനെ ഇതുവരെയും കിട്ടിയില്ല.
കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.

മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.

നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലെന്നുള്ള ധാരണയിൽ തോട്ടത്തിനു ചുറ്റും കറങ്ങിയിരുന്നവരും വന്നു കിടന്നു. എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

പതിവുപോലെ  ശശിമാഷാണ് ആദ്യം കണ്ണു തുറന്നത്.
മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണു  പതിഞ്ഞതും ഞെട്ടിപ്പോയി...!!
"ദേ ഒരു കുല..”
മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു. വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടുപോയ കുല തിരികെ കൊണ്ടുവന്നു ചാരിവച്ചിരിക്കുന്നു....!!!
ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുരണ്ടു വാഴക്കടക്കലും ചെന്നു നോക്കി.
അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

ഈ കുലകളെല്ലാം  നല്ലതുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട്,  ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.
‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.

ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.
ഈ കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ, ‘അമ്മ'യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലുമില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..
ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.
“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”
 അർബാനും അതു ശരി വച്ചുത് കൂട്ടച്ചിരിയുണ്ടാക്കി.

ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.
“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.
“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”
ഞങ്ങൾ ആ മൂന്നുകുലകളും കൊണ്ടുവന്ന് നടക്കൽവച്ചു തൊഴുതു........


[അർബാൻ എന്ന അരവിന്ദനും ലക്ഷ്മണൻ ഡോക്ടറും ഇന്ന് ഞങ്ങളോടൊപ്പമില്ല. അവരുടെ ഓർമ്മക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു.]

Wednesday 22 January 2020

കഥ.

  അനുവിന്റെ തിരോധാനം .. ഒരു ഫ്ലാഷ്ബാക്ക്

രചന:   കേരളേട്ടൻ + വീകെ.

                                                                   1

                   ലളിത സഹസ്രനാമം ചൊല്ലിത്തീര്‍ത്ത് കല്‍പ്പൂരം കത്തിച്ചപ്പോള്‍ സമാധാനമായി. യാത്ര കാരണം പതിവ് അനുഷ്ഠാനത്തിന്ന് ഒരു മുടക്കവും വന്നില്ലല്ലോ.. പൂജാമുറിയില്‍നിന്ന് പുറത്തിറങ്ങി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറ് അമ്പത്. അഞ്ചേമുക്കാലിന് ആരംഭിച്ച നാമജപമാണ്. കേരളേട്ടൻ മനസ്സിലോർത്തു.
''എപ്പോഴാ ഇറങ്ങേണ്ടത്'' മൂത്തമകന്‍ ചോദിച്ചു.
''ഏഴേകാല് കഴിഞ്ഞതും ഇറങ്ങാം''
''എന്നാല്‍ ഭക്ഷണം കഴിച്ചോളൂ'' കേരളേട്ടന്‍റെ ഭാര്യ സുന്ദരി പറഞ്ഞു.
'' ഇത്ര നേരത്തെ വയ്യ. ഞങ്ങള് തൃശ്ശൂരില്‍ നിന്ന് കഴിച്ചോളാം''.
'' അച്ഛന് പത്തന്‍സില്‍നിന്ന് റോസ്റ്റ് കഴിക്കാന്‍ വേണ്ടിയിട്ടാണ്''
മകന്‍ കളിയാക്കി.
''അതാ മോഹംച്ചാല്‍ അങ്ങിനെ ആവട്ടെ. പക്ഷെ ഒരു ഇഡ്ഢലിയും ചായയും കഴിച്ചിട്ടു പോയാല്‍ മതി. വെറും വയറോടെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല എന്നാ പറയാറ്''.

രാവിലെ കഴിക്കേണ്ട മരുന്നുകളും അതിനു മീതെ ഭാര്യ നല്‍കിയ ആഹാരവും കഴിച്ച് അവർ നീട്ടിയ മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളേട്ടൻ ഇറങ്ങുമ്പോഴേക്കും മകന്‍ റെഡിയായി നില്‍ക്കുന്നു.
''രണ്ടാളല്ലേ ഉള്ളൂ. നാനോ പോരേ'' മകന്‍ ചോദിച്ചു.
''വലുതന്നെ എടുത്തോ. അച്ഛന്‍ ക്ഷീണിക്കണ്ടാ''  ഭാര്യ പറഞ്ഞതും അവന്‍ ഷെഡ് തുറന്ന് ടാറ്റാ സുമോ ഗ്രാന്‍ഡെ ഇറക്കി.
''ഏതു വഴിക്കാ പോവേണ്ടത്''
വലിയ വരമ്പു കഴിഞ്ഞ് റോഡില്‍ കയറിയതും മകന്‍ ചോദിച്ചു. ഷൊര്‍ണ്ണൂര്‍ വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്ക് ചെല്ലാം. ആലത്തൂര്‍ വടക്കഞ്ചേരി വഴി നാഷണല്‍ ഹൈവേയിലൂടേയും പോവാം.
''ഏതിലെയായാലും വിരോധമില്ല''
''എന്നാല്‍ ഹൈവേ വഴിക്കുതന്നെ ആവാം''.
പൊളിഞ്ഞുപോയ സിനിമാ തിയ്യേറ്റര്‍ കഴിഞ്ഞ് രണ്ടാമത്തെ പുഴയുടെ അരികിലെത്തുമ്പോഴേക്ക് മഞ്ഞ് കനത്തിരിക്കുന്നു.
''വല്ലാത്ത മഞ്ഞ്'' മകന്‍ പറഞ്ഞു
''കുപ്പിയിലെ വെളിച്ചെണ്ണ തണുത്ത് കട്ടിയായിരുന്നു. ചുടുവെള്ളത്തില്‍വെച്ച് ഉരുക്കിയിട്ടാണ് രാവിലെ ഞാന്‍ തേച്ചത്''.

കോട്ടായി എത്തുമ്പോഴേക്ക് മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ അമ്മാമന്‍റെ മകന്‍ പപ്പയാണ്.
''വിജയേട്ടാ, ഇന്നു വൈകുന്നേരം റിസപ്ഷന്ന് പോണ്ടേ''
''അഞ്ചുമണി മുതല്‍ എട്ടുമണിവരെയല്ലേ ടൈം. നമുക്ക് ആറരയോടെ പോവാം''
''അപ്പോഴേക്കും നമ്മള് വീടെത്ത്വോ'' കാള്‍ കട്ട് ചെയ്തതും മകന്‍ ചോദിച്ചു.
''നാലുമണിയോടെ നമുക്ക് അവിടെ നിന്ന് ഇറങ്ങാം''
'' രണ്ടു മണിക്കൂറു പോരെ വീടെത്താന്‍. അച്ഛന്‍ പങ്കെടുക്കുന്ന എത്രാമത്തെ മീറ്റാണ് ഇന്നത്തേത്..? ''
''തുഞ്ചന്‍പറമ്പില്‍ രണ്ടുതവണ മീറ്റിന്ന് ചെന്നിട്ടുണ്ട്. എറണാകുളത്തും കൊടുങ്ങല്ലൂരിലും ഓരോ പ്രാവശ്യവും''
അപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ കനകചന്ദ്രന്‍.
''ഉണ്ണ്യേട്ടാ, എഴുതി കഴിഞ്ഞ്വോ.?''.
ഹ്യൂമണ്‍ റൈറ്റ്സ് മിഷനുവേണ്ടി ഒരു ലേഖനം എഴുതാന്‍ അയാള്‍ ഏല്‍പ്പിച്ചിരുന്നു. അത് എഴുതിയോ എന്ന് അന്വേഷിച്ചതാണ്.
''എഴുതി കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്ന് ഞാന്‍ സ്ഥലത്തില്ല. നാളെ വന്നോളൂ''.
സംഭാഷണം അവസാനിച്ചു.
''രമേഷ് പറഞ്ഞത് എഴുതിയോ'' മകന്‍ ചോദിച്ചു.
മണപ്പുള്ളി കാവ് വേലയ്ക്കുള്ള നോട്ടീസ് എഴുതാന്‍ രമേഷ് ഏല്‍പ്പിച്ചിരുന്നു. അതാണ് ചോദിച്ചത്
''എഴുതി അലമാറയുടെ മുകളില്‍ വെച്ചിട്ടുണ്ട്''.

വാഹനം കുഴല്‍മന്ദത്തെത്തിയപ്പോള്‍ ഡീസല്‍ ഒഴിക്കണ്ടേ എന്ന് കേരളേട്ടൻ അന്വേഷിച്ചു.
''അര ടാങ്കിന്ന് മുകളിലുണ്ട്. വരുമ്പോള്‍ ഒഴിക്കാം''.
ഹൈവേയില്‍ ഒട്ടും തിരക്കില്ല. വണ്ടിയുടെ വേഗം നൂറ് കടന്നു. വീണ്ടും ഫോണ്‍ ചിലച്ചു. ഇത്തവണ സോമനാണ്.
''വിജയേട്ടാ, അമ്പലത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അവര് പണി മുടക്കും എന്ന് തോന്നുന്നു''.
''നമുക്ക് നാളെ മലബാര്‍ ദേവസ്വം ഓഫീസില്‍ചെന്ന് കാര്യം പറയാം. ഭണ്ഡാരം തുറന്നാല്‍ കൊടുക്കാനുള്ള പൈസ കിട്ടില്ലേ''.
''ഉണ്ടാവും. ആറുമാസമായി തുറന്നിട്ട്''.
''എന്നാല്‍ അങ്ങിനെയാവാം''.
''വേണ്ടാത്ത ഓരോ പുലിവാല് അല്ലേ...?” എല്ലാം കേട്ടിരുന്ന മകന്‍ ചോദിച്ചു.
''നമ്മളുടെ സ്വരൂപം വക ആറേഴ് ക്ഷേത്രങ്ങള്‍ ഉള്ളതുകൊണ്ട് ഒരു മെച്ചമുണ്ട്', മറ്റൊന്നും ഇല്ലെങ്കിലും ഇഷ്ടംപോലെ ദൈവങ്ങള്‍ ഉണ്ടല്ലോ..!''

കുതിരാനിലെത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി റോഡുവക്കത്തുള്ള ഭണ്ഡാരത്തില്‍ പണം ഇട്ടു. വടക്കഞ്ചേരി മുതല്‍ വഴി മോശമാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെയുള്ള റോഡുപണി എന്നേ തീര്‍ന്നു. കൊയമ്പത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള പണിയും ഒന്നുമായിട്ടില്ല.
''ചില കാര്യങ്ങളില്‍ നമ്മള്‍ പാലക്കാടുകാര്‍ മിടുക്കന്മാരാണ്. നമ്മുടെ ഭാഗത്തെ ജോലി എത്ര പെട്ടെന്ന് തീര്‍ന്നു''  മകന്‍ പറഞ്ഞത് കേരളേട്ടൻ ശരി വെച്ചു.

കാറു നിര്‍ത്തി അല്‍പ്പനേരം കുതിരാനില്‍ തുരങ്കങ്ങളുണ്ടാക്കുന്ന പണി നോക്കി നിന്നതിന്നു ശേഷം യാത്ര തുടര്‍ന്നു. വീണ്ടും മൊബൈലില്‍ വിളിവന്നു. ഇത്തവണ കൃഷ്ണകുമാറാണ്. കേരളേട്ടന്‍റെ ''സൌമിത്രേയം'' എന്ന നോവലിന്ന് അവതാരികയും കവര്‍ ചിത്രവും അദ്ദേഹമാണ് തയ്യാറാക്കിയത്.
''ദാസേട്ടാ, ഒരു മിസ്ഡ് കാള്‍ കണ്ടല്ലോ'' അദ്ദേഹം പറഞ്ഞു.
''ഇന്ന് തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റുണ്ട്. കെ.കെ. വരുന്നോ എന്ന് ചോദിക്കാന്‍ വിളിച്ചതാണ്''.
''സോറീട്ടോ. ഇന്ന് ഒരുപാട് തിരക്കുണ്ട്''.
''അച്ഛന് ഇന്നത്തെ മീറ്റില്‍ പങ്കെടുക്കുന്നവരെ പരിചയമുണ്ടോ''
പൊടുന്നനെ മകന്‍ ചോദിച്ചു.
''സത്യം പറഞ്ഞാല്‍ സാബു കൊട്ടോട്ടിയെ മാത്രമേ നേരിട്ടറിയൂ. നല്ലൊരു സംഘാടകനാണ് അദ്ദേഹം.  വി.കെ.അശോകനേയും സുധിയേയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. വിനുവേട്ടനുമായി മെയിലിലൂടെ വിവരങ്ങള്‍ കൈമാറാറുണ്ട്''.
''അവിടെ ചെന്ന് അബദ്ധമാവ്വോ''.
''എന്തബദ്ധം. നമ്മള്‍ എത്തിയതും ഭക്ഷണം കഴിക്കും. എന്നിട്ട് യോഗ സ്ഥലത്തേക്ക് പോവും''.
''സ്ഥലം എവിടെയാണെന്ന് ചോദിച്ചിട്ടുണ്ടോ..?''.
''സ്ഥലമൊക്കെ പറഞ്ഞിരുന്നെങ്കിലും പരിചയമുള്ള പേരല്ല കേട്ടിട്ട്. ഇന്നലെ ഞാന്‍ സുധിയെ വിളിച്ചിരുന്നു. ഒമ്പതു മണിയോടെ അയാളും വി.കെ.യും റൌണ്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്നവര്‍ക്ക് സ്ഥലമറിയില്ലെങ്കില്‍ അവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയോ കൂടെ കൂട്ടിക്കൊണ്ടു പോവുകയോ ചെയ്യാന്‍ അവര്‍ രണ്ടാളും ഉണ്ടാവും''.
''ആരാ ഈ സുധി''.
''മീറ്റിന്‍റെ സംഘാടകനാണ്. നിന്നെക്കാള്‍ പത്തു വയസ്സിന്ന് ഇളയതാണ് ആ കുട്ടി. എന്നെ സ്നേഹത്തോടെ കേരളേട്ടാ എന്നാണ് വിളിച്ചിരുന്നത്. എന്തോ എനിക്ക് അതത്ര പിടിച്ചില്ല. അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു''.
''എന്നാല്‍ ഭക്ഷണം കഴിഞ്ഞതും അവരെ വിളിച്ചോളൂ. നമ്മളുടെ കൂടെ ആരെങ്കിലും വരുന്നെങ്കില്‍ വന്നോട്ടെ. എട്ടോ ഒമ്പതോ പേര്‍ക്ക് കാറില് സുഖമായി ഇരിക്കാലോ''.
''അങ്ങിനെ ചെയ്യാം. ഏതായാലും അവരുള്ളതുകൊണ്ട് നമ്മള് സ്ഥലം അറിയാതെ ബുദ്ധിമുട്ടേണ്ടി വരില്ല''.

എന്നാല്‍ അതല്ല ഉണ്ടായത്. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം സുധിയെ വിളിച്ചു. മൊബൈല്‍ സ്വിച്ചോഫ്. അടുത്തതായി വി.കെ.യെ വിളിച്ചു
''കേരളേട്ടാ, സുധിയെ ഞാനും വിളിച്ചു. കോട്ടയത്തു നിന്ന് പുറപ്പെട്ടു എന്നു പറഞ്ഞു. പിന്നെ വിവരമൊന്നുമില്ല. വിളിച്ചു നോക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫാണ് എന്ന് പറയുന്നു. ഞാനിപ്പോള്‍ സുധിയെ കാത്ത് അങ്കമാലിയില്‍ നില്‍പ്പാണ്''.
''ഞാനെന്താ ചെയ്യേണ്ടത്..?''
''വിഷമിക്കേണ്ടാ. ഞാന്‍ വിനുവേട്ടനെ വിളിച്ചു പറയാം. അദ്ദേഹം ഉടനെ അവിടെയെത്തും''.
റൌണ്ടിലെ ഒരു ഓരത്ത് കാറുനിര്‍ത്തി അവർ വിനുവേട്ടനെ കാത്തു നിന്നു.

                                                2


“ഹല്ലോ.. സുധിയല്ലെ...?”
“അതെ.. ങാ അക്കോ,  എപ്പഴാ പുറപ്പെടാ..?”
“നിങ്ങളെപ്പഴാ കയറാ.. ആ വണ്ടിയിൽത്തന്നെ ഞാൻ അങ്കമാലിയിൽ നിന്നും കയറിക്കോളാം...”
“എങ്കിൽ ഞങ്ങൾ കോട്ടയം സ്റ്റാണ്ടിൽ നിന്നും ആറുമണിക്കുള്ള കോഴിക്കോട് ഫാസ്റ്റിന് കയറിക്കോളാം..”
“ഈ ഞങ്ങൾ ആരൊക്കെയാ...?”
“ഞാനും അനുവും. അവൾ ഒറ്റക്ക് വരൂല്ലാന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാ ഒരുമിച്ച് വരാമെന്ന് വച്ചത്..”
“അപ്പോൾ ദിവ്യയോ...?”
“അവൾ കോഴിക്കോട്ടാ. അവൾ തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ വരും. അവിടന്ന് കൂട്ടണം..”
“എങ്കിൽ ശരി... ഞാൻ അങ്കമാലിയിൽ നിന്നും നിങ്ങളുടേ വണ്ടിയിൽ കയറിക്കോളാം.. വിനുവേട്ടനും ബിലാത്തി മുരളിച്ചേട്ടനും കൂടി തൃശ്ശൂർ ബസ്സ്റ്റാന്റിൽ വാഗണറുമായി കാത്തുകിടക്കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നിട്ട് എല്ലാവർക്കും കൂടി യോഗസ്ഥലത്തേക്ക് പോകാം...”
“ശരി ..ശരി.. അപ്പോൾ പറഞ്ഞതു പോലെ... ഇനി ഞാൻ ഇവിടന്നു കയറുമ്പോൾ വിളിക്കാം...”

അക്കോ മോബൈൽ പോക്കറ്റിലിട്ട് തന്റെ ചെറിയ ബാക്ക്പാക്കും പുറകിൽ തൂക്കി വെളുപ്പിനേ വീട്ടിൽ നിന്നിറങ്ങി. കാലത്തെ ആയതുകൊണ്ട് വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരം വെളുത്തിട്ടായിരുന്നെങ്കിൽ മെട്രോക്കാരുടെ പണി നടക്കുന്നതു കൊണ്ട് എവിടേയും തടസ്സങ്ങളായിരുന്നേനെ. ഒരു മണിക്കൂർ കൊണ്ടു തന്നെ അങ്കമാലി സ്റ്റാന്റിൽ എത്തി. സുധി വരാൻ ഇനിയും സമയമുണ്ട്.

ചായയും കുടിച്ച് ഇന്നത്തെ പത്രവും വാങ്ങി ഒരു കസേരയിൽ ഇരുന്ന് പത്രവായന തുടങ്ങി. ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും അതിന്റെ അനന്തരഫലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ‌പേജുകൾ മുഴുവൻ.  നാലാളറിയുന്ന ഇത്തരം സെലിബ്രിറ്റികൾക്കു പോലും ജീവിതം സാദ്ധ്യമല്ലെങ്കിൽ, സാധാരണക്കാരുടെ ജീവിതാവസ്ഥ എന്തായിരിക്കും. പകുതി വായിച്ചു തീർന്നിട്ടും സുധിയുടെ വണ്ടി വന്നിട്ടില്ല. ഏതാണ്ട് എട്ടു മണി കഴിഞ്ഞിട്ടാണ് കോട്ടയത്തു നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് സ്റ്റാന്റിൽ വന്നു നിന്നത്. ഇറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിച്ച് ബാഗും പുറത്തു തൂക്കി അടുത്തേക്കു ചെന്നു. സുധിയെ അതിനകത്ത് കണ്ടില്ല. രണ്ടു സ്റ്റെപ്പ് അകത്തു കയറി നോക്കി. ഇല്ല.. സുധിയോ അനുവോ അതിനകത്തില്ലായിരുന്നു...?!

അക്കോ പുറത്തിറങ്ങി സുധിയെ മോബൈലിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും  എടുക്കുന്നില്ല. ബസ്സ് വന്നു, ഞാൻ കയറാൻ പോകുകയാണെന്ന് പറഞ്ഞ സുധിക്ക് എന്തുപറ്റി...?
ഇടക്കെവിടെ നിന്നോ ഈ ബസ്സിൽ കയറുമെന്നു പറഞ്ഞ അനുവിനും എന്തു പറ്റി..?
ബസ്സിനകത്ത് കയറണോ വേണ്ടയോയെന്ന് നിശ്ചയമില്ലാതെ അക്കോ ഒരു നിമിഷം പകച്ചു. വീണ്ടും സുധിയെ വിളിച്ചെങ്കിലും, എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ഫാസ്റ്റ് ഹൈവേയിലേക്ക് നീങ്ങി. അതും നോക്കി നിൽക്കാനേ അക്കോക്ക് കഴിഞ്ഞുള്ളു.

അപ്പോഴാണ് മോബൈൽ ശബ്ദിച്ചത്. പെട്ടെന്നെടുത്തു നോക്കി. സുധിയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, കേരളേട്ടനായിരുന്നു. അവർ തൃശ്ശൂരെത്തിയിരിക്കുന്നു. ഉടനെ വിനുവേട്ടനെ വിളിച്ച് കേരളേട്ടനുമായി ബന്ധപ്പെടാൻ പറഞ്ഞു.

                                                            3


അനു വണ്ടിയിൽ കയറാമെന്നു പറഞ്ഞ സ്റ്റോപ്പിൽ ബസ്സ് നിറുത്തിയെങ്കിലും അനുമാത്രം അവിടെയില്ലായിരുന്നു. പതിനഞ്ചു മിനിട്ടു മുൻപു സുധിയെ വിളിച്ച് താനിവിടെ സ്റ്റോപ്പിൽ നിൽ‌പ്പുണ്ടെന്നും സുധി വണ്ടിയിൽ കയറിയെന്നും ഉറപ്പു വരുത്തിയിരുന്നതാണ്.
പിന്നവളെവിടെപ്പോയി...?
ഒന്നും മനസ്സിലാകാത്തതു കൊണ്ട് തൃശ്ശൂർക്ക് ടിക്കറ്റെടുത്ത സുധി അവിടെയിറങ്ങി. അവിടെ കടകൾ പൊതുവേ കുറവാണ്. ഒരു ചായക്കടയും അടഞ്ഞു കിടക്കുന്ന രണ്ടു മൂന്നു കടകളും മാത്രമേയുള്ളു. റോഡിന്നിരുവശവും റെബ്ബർത്തോട്ടങ്ങളാണ്. നേരം വെളുത്തു വരുന്നതേയുള്ളെങ്കിലും ആകെ ഇരുളടഞ്ഞതു പോലെയാണ്. ചായക്കടയിൽ കയറി ചോദിക്കാമെന്നു വിചാരിച്ച് രണ്ടടി നടന്നെങ്കിലും, പെട്ടെന്നു തോന്നിയ അങ്കലാപ്പിൽ ഒന്നു നിന്നു.
എന്തു പറഞ്ഞു ചോദിക്കും..?
അനു ഇവിടെ വന്നിരുന്നോയെന്നോ..?
അതിന് അവളുടെ ശരിയായ പേര് അനുവെന്നാണെന്ന് എങ്ങനെ ഉറപ്പിക്കും...?
വാട്ട്സപ്പിൽ ശരിയായ പേരു കൊടുക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ലല്ലൊ. തന്നെയുമല്ല, ഒരു പക്കാ ഗ്രാമാന്തരീക്ഷമുള്ള അവിടെയിറങ്ങി ഒരു പെൺകുട്ടിയെപ്പറ്റി ചോദിച്ചാൽ ചിലപ്പോൾ വിവരമറിയും..!
അവിടെ അടുത്തെങ്ങും വീടുകളുമില്ല. സുധി വീണ്ടും അനുവിന് ഫോൺ ചെയ്തു നോക്കി. പഴയതു പോലെ തന്നെ, റിംഗ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല.  വീണ്ടും അനുവിനെ വിളിച്ചു നോക്കി. ഒരു ഫലവുമുണ്ടായില്ല.

സുധിയുടെ ചിന്തകൾ കാടു കയറാൻ തുടങ്ങി.
ഒറ്റപ്പെട്ടൊരു സ്ഥലത്ത് സുന്ദരിയായ പെൺകുട്ടി ഒറ്റക്ക്  വന്നുപെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തതും സുധി ഒന്നു നടുങ്ങി. കോട്ടയം സ്റ്റാന്റിലെ ടീവിയിലെ കാലത്തെയുള്ള ഞെട്ടിക്കുന്ന ന്യൂസും കണ്ടിട്ടാണ് ബസ്സിൽ കയറിയത്. ആളുകളറിയുന്ന ഒരു സിനിമാ നടിയായ പെൺ‌കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ പിന്നെ പാവപ്പെട്ടൊരു ഗ്രാമീണ പെൺകുട്ടിയുടെ കാര്യം പറയണോ...!?

താനാണവളുടെ അവസാനത്തെ കോളറായി വിളിച്ചിട്ടുണ്ടാകുക. വല്ല അന്വേഷണവും വന്നാൽ ഞാനകത്തായതു തന്നെ...!
അപ്പോഴേക്കും ശരീരം വിറക്കാനും വിയർക്കാനും തുടങ്ങി. അനുവിന്റെ നമ്പറിൽ വീണ്ടും വിളിച്ചിട്ടും റിംഗ് ചെയ്യുന്നതല്ലാതെ ഒരു മറുപടിയും ഇല്ല. അടുത്ത വണ്ടിയിൽ കയറി അങ്കമാലിയിൽ അക്കോയുടെ അടുത്തേക്ക് പോയാലോയെന്ന് ചിന്തിച്ചു. അനുവിന്റെ വിവരമറിയാതെ എങ്ങനെയാണ് പോകുക. വല്ല അത്യാപത്തും പിണഞ്ഞതാണെങ്കിലോ...?
ശ്ശെ... ആകെ ധർമ്മസങ്കടത്തിലായല്ലൊ...

ചായ കുടിക്കാനായി കാർന്നോന്മാർ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു. സുധിയും കയറിയിരുന്ന് ഒരു ചായപറഞ്ഞു. ചായക്കടക്കാരൻ ചായ കൊണ്ടു വച്ചപ്പോൾ സുധിയെ സൂക്ഷിച്ചൊന്നു നോക്കിയതും ചോദിച്ചു.
“ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ...?”  കേട്ടതും സുധി നടുങ്ങിപ്പോയി.
ശരിയാണ്, അതാണ് ഗ്രാമത്തിന്റെ പ്രത്യേകത. ഗ്രാമവാസികൾ എല്ലാവരും പരസ്പ്പരം തിരിച്ചറിയുന്നവരാണ്. അയൽ‌പക്കക്കാരെപ്പോലും പരിചയമില്ലാത്ത പട്ടണവാസികകളെപ്പോലെയല്ല. അതുകൊണ്ടു തന്നെ ചായക്കടക്കാരന്റെ ചോദ്യത്തിന് സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ പണി പാളും. സുധി ചായ ഒരിറക്ക് കുടിച്ചിട്ട് സാവധാനം പറഞ്ഞു.
“എനിക്ക് മൂന്നാറിനു പോകണമായിരുന്നു. വണ്ടി മാറിക്കയറിയത് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്...”

സംഗതിയുടെ കിടപ്പ് ചായക്കടക്കാരന് പിടികിട്ടിയെന്നു തോന്നുന്നു. അയാൾ പിന്നൊന്നും ചോദിക്കാതെ തന്റെ ജോലിയിലേക്ക് തിരിഞ്ഞത് ഒരു കണക്കിന് ഭാഗ്യമായി. ചായ കുടിച്ചിരിക്കുമ്പോഴും സുധിയുടെ ചിന്തകൾ പായുകയായിരുന്നു.
‘എന്നാലും ഈ അനു എവിടെപ്പോയി... ഇത്ര നേരമായിട്ടും വരാത്തതെന്താ...?’

റബ്ബർ തോട്ടത്തിനിടയിലൂടെ വീതി കുറഞ്ഞ വഴിത്താരകൾ റോഡിനിരുവശത്തുമുണ്ട്. അനുവിന്റെ വീട് റോഡിനപ്പുറമാണോ ഇപ്പുറമാണോ...? ദിശയറിയാതെ എങ്ങനെയാണ് അന്വേഷിച്ചു പോകുക. തന്നെയുമല്ല, ഇനിയും ഈ നാൽക്കവലയിൽ തങ്ങുന്നത് നല്ലതിനല്ല. എത്രയും വേഗം ഇവിടന്നു പോകണം. പക്ഷേ, അനുവിന്റെ ഒരു വിവരവും അറിയാതെ എങ്ങനെയാണ് പോകുക.

തൃശ്ശൂരിലെ ബ്ലോഗുമീറ്റിംഗിന് പങ്കെടുക്കണമെന്നും എല്ലാവരേയും നേരിട്ടു കാണണമെന്നും, ബാംഗ്ലൂരിനു പോകുന്ന വഴി വീട്ടുകാരറിയാതെ തൃശ്ശൂരെറങ്ങാമെന്നും , അത് കഴിഞ്ഞ് ബാംഗ്ലൂർക്ക് ട്രെയിനിന് കയറ്റിവിട്ടിട്ടേ സുധി പോകാവൂയെന്നും നേരത്തെ തന്നെ അനു  ചട്ടംകെട്ടിയിരുന്നത് ഓർമ്മയിലെത്തി.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. അനുവായിരിക്കുമെന്നു വിചാരിച്ചാണ് എടുത്തത്. വിനുവേട്ടനായിരുന്നു. സുധി നടന്ന സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തു. ‘അവൾ തിരിച്ചു വിളിക്കാത്തതു കൊണ്ടാണ് സംശയമാകുന്നത്..’ അതും പറഞ്ഞ് സുധിയുടെ ശബ്ദം വിറകൊണ്ടു.
അതോടെ സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നു തുടങ്ങിയിരുന്നു. സുധി ഫോൺ ഓഫാക്കി വച്ച നേരത്താണ് ദിവ്യയുടെ ഫോൺ വന്നത്. കാര്യങ്ങൾ മുഴുവൻ പറയാൻ ചാർജ്ജുണ്ടായില്ല. വിനുവേട്ടനെ വിളിക്കെന്നുമാത്രം പറഞ്ഞു ഫോൺ ഓഫാക്കി.

ദിവ്യ കോഴിക്കോട്ടു നിന്നും തൃശ്ശൂരെത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. റെയിൽ‌വേസ്റ്റേഷനിൽ സുധി കാത്തു നിൽക്കാമെന്നും. ദിവ്യ വിനുവേട്ടനെ വിളിച്ചപ്പോഴാണ് സുധി ഇനിയും എത്തിയിട്ടില്ലെന്ന് അറിയുന്നത്. അതോടെ ദിവ്യ കാര്യമറിയാതെ സങ്കടപ്പെടാൻ തുടങ്ങി. ബിലാത്തി മുരളിച്ചേട്ടനെ കേരളേട്ടനോടൊപ്പം നിറുത്തിയിട്ട്,  വിനുവേട്ടൻ പോയി ദിവ്യയെ റെയി‌ൽവേസ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു വന്നു. എല്ലാവർക്കും എല്ലാവരേയും അറിയാമെങ്കിലും പരസ്പ്പരം കാണുന്നത് ആദ്യമാണ്. ബ്ലോഗിൽക്കൂടിയും വാട്ട്സപ്പിൽക്കൂടിയും സുഹൃത്തുക്കളായവർ.  വിനുവേട്ടൻ, സ്വന്തം ഭാര്യ നീലത്താമര, ബിലാത്തി മുരളിച്ചേട്ടൻ, കേരളേട്ടൻ, കേരളേട്ടന്റെ മകൻ പിന്നെ സുധിയുടെ ഭാര്യ ദിവ്യ.

എല്ലാവരും കൂലങ്കുഷമായ ആലോചനയിലും ചർച്ചയിലും ആഴ്ന്നിറങ്ങി. അനുവിനെക്കുറിച്ച് ഒരു വിവരവുമില്ലാതായതാണ് പ്രശ്നമായത്. ഇപ്പോൾ സുധിയെ വിളിച്ചിട്ടും കിട്ടുന്നുമില്ല. സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നുകാണുമെന്ന് വിനുവേട്ടൻ ഓർമ്മിപ്പിച്ചു. എന്നിട്ടും ദിവ്യയുടെ സങ്കടം മാറുന്നില്ല.
“നമ്മളെ വിശ്വസിച്ച് വീട്ടിൽ നിന്നിറങ്ങിയതാണാ കുട്ടി. അപ്പോൾ അയാളെ കണ്ടെത്തേണ്ട അല്ലെങ്കിൽ എന്താണവിടെ സംഭവിച്ചതെന്നറിയേണ്ട ഒരു ഉത്തരവാദിത്വം നമ്മൾക്കുണ്ട്.”  കൂട്ടത്തിൽ കാർന്നോരായ കേരളേട്ടന്റെ വാക്കുകൾക്ക് എല്ലാവരും അടിവരയിട്ടു.
“എങ്കിൽ‌പ്പിന്നെ സംസാരിച്ച് സമയം കളയണ്ട. നേരെ കോട്ടയത്തിനു വിടാം.”
ബിലാത്തിച്ചേട്ടൻ രണ്ടും കൽ‌പ്പിച്ചിറങ്ങി.
“എന്തായാലും രണ്ടു വണ്ടി വേണ്ടല്ലൊ. സുമോയിലാവുമ്പോൾ ഒരുമിച്ച് പോകാം.” കേരളേട്ടന്റെ നിദ്ദേശം ആരും എതിർത്തില്ല. അതാണ് നല്ലതെന്ന്  എല്ലാവർക്കും തോന്നി.

അവസാനം വിനുവേട്ടന്റെ വാഗണർ റൌണ്ടിൽ ഒഴിഞ്ഞ ഒരിടത്ത് പാർക്ക് ചെയ്തിട്ട് കേരളേട്ടന്റെ ടാറ്റാ സുമോയിൽ എല്ലാവരും കൂടി അനുവിനും സുധിക്കും എന്തുപറ്റിയെന്നറിയാൻ കോട്ടയത്തിനു പോകാൻ തെയ്യാറായി. ആ വിവരം അങ്കമാലിയിൽ നിൽക്കുന്ന അക്കോയെ വിളിച്ചു പറയാനും മറന്നില്ല. അക്കോ അപ്പോൾത്തന്നെ ഈ വിവരം സുധിയുടെ ഫോണിലേക്ക് വാട്ട്സപ്പിൽ മെസ്സേജയച്ചു.
‘താൻ അവിടെത്തന്നെ നിൽക്കുക. ഞങ്ങൾ അങ്ങോട്ടു വരികയാണ്.’
അങ്കമാലിയിൽ നിന്നും അക്കോയെ കയറ്റി അവിടന്ന് ലഘുഭക്ഷണവും കഴിച്ച് വീണ്ടും കോട്ടയത്തിനു വച്ചു പിടിച്ചു

                                                       4


 ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ നേരത്താണ് സുധി പറഞ്ഞ കവലയിൽ എത്തിയത്. സുധി അവിടെ ബസ്റ്റോപ്പിലെ അടക്കാമര ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ സുധിയുടെ വിളറിവിരണ്ട മുഖം ഒന്നു തെളിഞ്ഞു. സുധിയെ എല്ലാവരും പരിചയപ്പെട്ടു. അവിടെയിറങ്ങി ചർച്ചയിൽ മുങ്ങി. ദിവ്യയുടെ ഫോൺ വാങ്ങി  സുധി അനുവിനെ വിളിച്ചു. ഇത്തവണ ഫോൺ അവൾ എടുത്തു. കിട്ടിയ വഴി ഒരു മുട്ടൻ തെറിയാണ് സുധിയുടെ വായിൽ വന്നതെങ്കിലും കടച്ചമർത്തി. പിന്നെ സംയമനം പാലിച്ച് സാവധാനം ചോദിച്ചു.
“നീയെവിടാ... നീയെന്താ വരാഞ്ഞെ... നിനക്കെന്താ പറ്റിയേ....?”
സംയമനം ചെറിയ തോതിലൊന്നുമായിരുന്നില്ല കടിച്ചമർത്തിയത്.
സുധി ശരിക്കും വിറക്കൊള്ളുകയായിരുന്നു.
“ഒന്നും പറയണ്ടാ ന്റെ.. സുധി.. വല്ലാത്ത ഒരു ആപ്പിൽ പെട്ടുപോയി. അത് ഞാൻ പിന്നെ പറയാം. ഇപ്പോ‍ൾ ഇതു പറ.. എല്ലാവരും എത്തിയോ...? എല്ലാവരേയും കണ്ടുവോ... മീറ്റിംഗ് തുടങ്ങിയോ...?”
സുധി ഫോൺ ചെവിയിൽ നിന്നും മാറ്റി അകത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ദ്വേഷ്യം ആ മുഖത്തേക്കിരച്ചു കയറി.
“അവക്കിപ്പോൾ അതറിയാഞ്ഞിട്ടാ സൂക്കേട്. ഇവിടെ മനുഷ്യൻ നിലത്ത് നിൽക്കാതെ തീപിടിച്ച് നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി...!”

ദ്വേഷ്യം വന്നാൽ എന്തുണ്ടാവുമെന്നറിയാവുന്ന ദിവ്യ, കണവന്റെ വിറപൂണ്ട കൈകളിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി സംസാരിക്കാൻ തുടങ്ങി.
സുധി മറ്റുള്ളവരോടായി പറഞ്ഞു.
“അവൾ എവിടെയാണെന്നതിനല്ല മറുപടി പറയുന്നത്. അവിടെ ബ്ലോഗ് മീറ്റിംഗ് എങ്ങനെയുണ്ട്, എല്ലാവരും എത്തിയോ, എല്ലാവരേയും പരിചയപ്പെട്ടോ.. ഇതൊക്കെയാ അറിയേണ്ടതെന്ന്....”
ബിലാത്തിച്ചേട്ടൻ പറഞ്ഞു.
“അവൾക്ക് അതിൽ പങ്കെടുക്കാൻ അത്രയേറെ ആശയുണ്ടായിരുന്നൂന്നല്ലെ അതിനർത്ഥം. നീ അവളെ അന്വേഷിച്ച് ഇവിടെയിറങ്ങിയതൊന്നും അവളറിയുന്നില്ലല്ലൊ. അവളെ കാണാതായപ്പോൾ നീ ആ വണ്ടിക്ക് തന്നെ തൃശ്ശൂർക്ക് പോയെന്നായിരിക്കും അവൾ കരുതിയിരുന്നത്...”
അതായിരിക്കാം സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായി. അതോടെ സുധിയുടെ രോഷം കുറച്ചു ശമിച്ചു.

ദിവ്യ സ്വൽ‌പ്പം മാറി നിന്ന് അനുവുമായി സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഏറെക്കഴിഞ്ഞാണ് ദിവ്യ ഫോൺ സംസാരം അവസാനിപ്പിച്ചത്. ദിവ്യ എന്താണ് പറയാൻ പോകുന്നതെന്നറിയാനായി എല്ലാവരും ചെവിയോർത്തു.
“പാവം, അവളെ ചീത്ത പറയണ്ടാട്ടൊ ആരും. അവൾ പോകാനായി ഇവിടെ വന്ന് നിന്നതാ. ബസ്സു വരാൻ അഞ്ചു മിനിട്ടു കൂടിയുള്ളപ്പോഴാ ഒരു കാർ ഇവിടെ കൊണ്ടു വന്നു നിറുത്തി. അതിലവളുടെ അമ്മാച്ചനും കുടുംബവും. അവരങ്ങു പാലായിൽ നിന്നും വരുന്നവരായിരുന്നു. അനു വെളുപ്പിനു തന്നെ പോകുമന്നറിഞ്ഞിട്ടു തന്നെയായിരുന്നു അവരുടെ വരവും. അതല്ല രസം,  അമ്മാച്ചനും കുടുംബവും ഇന്നു വരുമെന്നറിഞ്ഞിട്ടു തന്നെയായിരുന്നു അനു വെളുപ്പിനേ തന്നെ ഇവിടം വിടാൻ ശ്രമിച്ചതും...!?”
“അപ്പോ.. അമ്മാച്ചനും മരുമോളും കൂടി  ഒളിച്ചു കളിയായിരുന്നുവല്ലെ...?” വിനുവേട്ടന്റെ ചോദ്യം എല്ലാവരിലും ചിരിയുണർത്തി. ദിവ്യ വീണ്ടും പറഞ്ഞു തുടങ്ങി.
“എന്താ കാര്യംന്നു വച്ചാ... അനുവിനോട് കല്യാണം കഴിക്കാൻ പറയുമ്പോഴൊക്കെ അവളൊഴിഞ്ഞു മാറും. പറ്റുമെങ്കിൽ പെണ്ണു കാണാൻ വരുന്നതിനു മുന്നേ അവൾ ബാംഗ്ലൂർക്ക് മുങ്ങും. ഇതായിരുന്നു പതിവ്. ഇത്തവണ അവളുടെ വീട്ടുകാരും ആമ്മാച്ചനും കൂടി പറ്റിച്ച പണിയാ ഇന്നത്തേത്. ഇവിടെ വന്ന് അമ്മാച്ചനും കുടുംബവും ബലമായിട്ട് പിടിച്ചകത്തിട്ട് കൊണ്ടു പോയി. കാറിൽ കയറിയപ്പോൾത്തന്നെ അവളുടെ ഫോൺ അവർ തട്ടിപ്പറിച്ചെടുത്തു...”
സുധിയുടെ ദ്വേഷ്യമൊക്കെ എവിടെ പോയെന്നറിയില്ല. ദിവ്യ പറഞ്ഞു നിറുത്തിയപ്പോൾ തന്നെ സുധി ഫോൺ വാങ്ങി വീണ്ടും വിളിച്ചു.
“ എടീ.. ആ ബസ് സ്റ്റോപ്പിന്റെ  ഏതുവശത്താ നിന്റെ വീട്...?”
“ആ ഷെഡ്ഡില്ലെ.. അതിന്റെ നേരെ എതിർ വശത്തേക്കൊരു ചെറിയ റോഡില്ലെ.  അതിലേ വരണം എന്റെ വീട്ടിലേക്ക്. അവിടന്നു നോക്കിയാൽ കാണാം എന്റെ വീട്. ഒരു നീല പെയിന്റടിച്ച മതിലാ..”
സുധി കൈ ചൂണ്ടിക്കാണിച്ച വശത്തേക്ക് എല്ലാവരും നോക്കി. അവിടെ നീല പെയിന്റടിച്ച മതിലിന്റെ ഒരു ഭാഗം റബ്ബർത്തോട്ടങ്ങൾക്കിടയിൽ കാണാം.

എല്ലാവരും കാറിൽ കയറി ആ നീല പെയിന്റടിച്ച വീട് ലക്ഷ്യമാക്കി തിരിച്ചു. സുധി സംസാരം നിറുത്താതെ തന്നെ അനുവുമായി സംസാരിച്ചു കൊണ്ടിരുന്നു. ഗേറ്റിന്റെ മുന്നിലെത്തിയതും കണ്ടു, അനു മുൻവശത്തെ നടക്കല്ലിലിരുന്ന് ഫോണിൽ സംസാരിക്കുന്നത്. റെബ്ബർ തോട്ടങ്ങൾക്കിടയിൽ സാമാന്യം തരക്കേടില്ലാത്ത ഒരു വാർക്ക വീടായിരുന്നു അത്. പുതുതായി പെയിന്റടിച്ച് ഭംഗിയാക്കിയിരുന്നു.

ഗേറ്റിന്റെ മുന്നിൽ കാർ നിറുത്തി സുധി ആദ്യം ഇറങ്ങി.  അനു അത് കാണുന്നുണ്ടെങ്കിലും ഗൌനിക്കുന്നില്ല. ഫോണിൽ സുധിയോടുള്ള സംഭാഷണത്തിലാണ് മനസ്സ്. പിന്നാലെ ദിവ്യയിറങ്ങുന്നതു കണ്ടിട്ടും ഗൌനിക്കാതെ ഫോൺ സംഭാഷണം തുടർന്നെങ്കിലും അവൾ പതുക്കെ എഴുന്നേക്കാൻ തുടങ്ങി. അതോടെ സംസാരം നിലച്ചു. ഫോൺ ചെവിയിൽ തന്നെ പിടിച്ചു കൊണ്ടിരിക്കുകയാണ്. വണ്ടിയിൽ നിന്നും കൂടുതൽ ആളുകൾ ഇറങ്ങുന്നതു കണ്ടതോടെ അനുവിന്റെ ചങ്കൊന്നു പിടച്ചു. മുന്നോട്ടൊന്നു നീങ്ങിയതാണെങ്കിലും പെട്ടെന്ന് രണ്ടടി പിന്നോട്ടം വച്ചു. പിന്നെ തോന്നി സുധിയല്ലെ അത്...? അയ്യോ.. ദിവ്യ...!?
സുധി ഫോണിലൂടെ തന്നെ പറഞ്ഞു.
“അതേടി. ഞാൻ തന്നെ. ഞാൻ മാത്രമല്ല, ഞങ്ങളെല്ലാവരുമുണ്ട്. ഇത്രയും നേരം നീ ഞങ്ങളെയിട്ട് വട്ടം കറക്കിയതിന് നിനക്കിട്ടൊരു പണി തരാൻ കണക്കാക്കിയാ വരുന്നത്...!?”

കണ്ണൂ തള്ളി നിൽക്കുന്ന അനുവിനെ നോക്കി എല്ലാവരും ഗേറ്റ് കടക്കാൻ തുടങ്ങിയതും, അനുവിന്റെ വെപ്രാളം ചിരിക്കു വക നൽകി. അനു വെപ്രാളപ്പെട്ട് അകത്തേക്കു നോക്കും പിന്നെ പുറത്തേക്കു നോക്കും. എന്തോ കണ്ട് വല്ലാതെ ഭയപ്പെട്ടതു പോലുള്ള അനുവിന്റെ മുഖം ഏറെ നേരം കണ്ടു നിൽക്കാനായില്ല. എന്നെയിട്ട് വട്ടം കറക്കിയതിന് ഒരു പണി കൊടുക്കണമെന്നു  പറഞ്ഞു വന്ന സുധിയുടെ മനസ്സ് തന്നെ ആദ്യം അലിഞ്ഞു. അനുവിന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പിന്നാലെ വരുന്ന അപരിചിതരെ കണ്ട് മുഖം വീണ്ടും വിളറി. അപ്പോഴേക്കും വാതിൽക്കലും ജനാലക്കലും കൊച്ചു കൊച്ചു മുഖങ്ങളും വലിയ മുഖങ്ങളും നിരക്കാൻ തുടങ്ങി. അടുത്ത ഏതോ പെണ്ണുകാണൽ പാർട്ടിയാണെന്നായിരിക്കും അവരെല്ലാം ധരിച്ചത്.

എല്ലാവരും അനുവിന്റെ ചുറ്റും കൂടി വളഞ്ഞു നിന്നു. അനുവിന്റെ അമ്പരപ്പു കുറക്കുകയായിരുന്നു ഉദ്ദേശം. അപ്പഴേക്കും അനുവിന്റെ അപ്പച്ചൻ ഇറങ്ങി വന്നു. അനുവിന്റെ കൂട്ടുകാരാണെന്നറിഞ്ഞതോടെ അവരുടെ അമ്പരപ്പ് കൂടി. ഞങ്ങളെ അകത്തേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.
“ഇതാരൊക്കെയാണെന്നു പറഞ്ഞു താ മോളേ...?”
അതു കേട്ട് അനു നിന്ന് വിളറി. ഇതാരൊക്കെയാണെന്ന് തനിക്കു പോലും അറിയില്ല. ആകെ സുധിയേയും ദിവ്യയേയും മാത്രമേ ഫോട്ടോ കണ്ടെങ്കിലും പരിചയമുള്ളു. മറ്റുള്ളവരെയൊന്നും ഒരു പരിചയവും തോന്നുന്നില്ല. അനുവിന്റെ ചളിപ്പു കണ്ട് അക്കോ സഹായത്തിനെത്തി. അക്കോ കസേരയിൽ നിന്നെഴുന്നേറ്റ് നിന്നിട്ട് അനുവിന്റെ അപ്പച്ചനെ നോക്കി പറഞ്ഞു.
“ ആദ്യം തന്നെ നിങ്ങളോടെല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കാരണം, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഈ വരവിന്. സത്യത്തിൽ അനുവിനു പോലും അറിയില്ല, ഞങ്ങളിന്നു വരുമെന്ന്...!”
അനുവിന്റെ ബന്ധുക്കൾ എല്ലാവരും അനുവിനെ നോക്കി കണ്ണുരുട്ടി. അനുവിന്റെ അപ്പച്ചൻ പറഞ്ഞു.
“അതു സാരമില്ല. എന്തായാലും അനുവിനൊപ്പം ജോലി ചെയ്യുന്നവരാണല്ലൊ. നിങ്ങൾ വന്നതിൽ സന്തോഷമേയുള്ളു.”
“ക്ഷമിക്കണം, ഞങ്ങൾ അനുവിനൊപ്പം ജോലി ചെയ്യുന്നവരല്ല...!?”
എല്ലാവരും അകാംക്ഷാഭരിതരായി അക്കോയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അക്കോ തുടർന്നു.
“ഇതിൽ മറ്റൊരു അത്ഭുതവും കൂടി നിങ്ങളോട് പറയേണ്ടതുണ്ട്.”
അക്കോ എല്ലാ മുഖങ്ങളിലും ഒന്നുകൂടി നോക്കിയിട്ട് സാവധാനം തുടർന്നു.
“ഞങ്ങളല്ലാവരും പരസ്പ്പരം അറിയുന്നവരും എപ്പോഴും സംസാരിക്കുന്നവരും ദിവസേന മെസ്സേജുകൾ കൈമാറുന്നവരുമാണ്. പക്ഷേ, ഞങ്ങൾ പരസ്പ്പരം കാണുന്നത് ഇന്നാണ്...!!?”
അമ്പരപ്പാർന്ന മുഖങ്ങളിൽ കണ്ണുകൾക്ക് വികാസം കൂടി. അത്രയും നേരം നിൽക്കുകയായിരുന്ന അപ്പച്ചൻ ഒരു കസേര വിലിച്ചിട്ടിരുന്ന് വിയർത്ത മുഖമൊന്ന് അമർത്തി തുടച്ചു.

ഇനിയും ആകാംക്ഷ വേണ്ടെന്നു കരുതി അക്കോ ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി.
“ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാർന്നോർ എന്നു പറയാവുന്നത് ഞങ്ങളുടെ കേരളേട്ടനാണ്. പാലക്കാടാണ് സ്വദേശം. ഇലക്ട്രിസിറ്റി ബോഡിൽ നിന്നും റിട്ടയർ ആയി സുഖ ജീവിതം നയിക്കുന്നു. ആളു ചില്ലറക്കാരനൊന്നുമല്ലാട്ടൊ. പഴയ വള്ളുവകോനാതിരിയുടെ സാമന്തന്മാരായ ‘എടത്തറ സ്വരൂപ’ത്തിലെ അംഗമാണ്.  കഥയും നോവലുകളും മറ്റും എഴുതുന്നുണ്ട്. അത്തരം എഴുത്തിലൂടെയാണ് ഞങ്ങളുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനാണ്.
അതിനടുത്ത് ഇരിക്കുന്നത്, തൃശ്ശൂരാണ് സ്വദേശമെങ്കിലും ലണ്ടനിൽ സ്ഥിരവാസമുറപ്പിച്ച ഞങ്ങളുടെ മുരളിച്ചേട്ടനാണ്. എഴുത്ത് മാത്രമല്ല നല്ലൊരു മാന്ത്രികനുമാണ്. പിന്നെ എന്റെ മുന്നിലിരിക്കുന്നത് വിനുവേട്ടൻ. തൃശ്ശൂരാണ് വീടെങ്കിലും സൌദിയിലെ ജിദ്ദയിൽ കാൽനൂറ്റാണ്ടായി ജോലിചെയ്യുകയാണ്. നല്ലൊരു വിവർത്തകനാണ്. നോവലുകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയാണ് ഹോബി. തൊട്ടടുത്ത് അദ്ദേഹത്തിന്റെ ഭാര്യ നീലത്താമര.”

അക്കോ ഇങ്ങനെ ഓരോരുത്തരെ പരിചയപ്പെടുത്തുമ്പോൾ അനുവിന്റെ മുഖത്തെ ഭാവപ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ചില പേരുകൾ പറയുമ്പോൾ മുഖം വികസിക്കും. കണ്ണുകൾ വിടരും. ചിലപ്പോൾ താടിക്ക് രണ്ടു കയ്യും താങ്ങിപ്പിടിച്ചിരിക്കുന്നത് കാണാം. നല്ല പരിചയമാണെങ്കിലും ആദ്യമായിട്ട് കാണുന്നതിന്റെ അമ്പരപ്പ്,  കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ലൊരു വിരുന്നായിരുന്നു.

അപ്പോഴേക്കും ചായസൽക്കാരത്തിനുള്ള വട്ടങ്ങൾ അവിടെ നിരക്കുന്നുണ്ടായിരുന്നു. ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പച്ചന്റെ വക ഒരു നിർദ്ദേശം.
“എന്തായാലും ഇന്ന് ഉച്ചക്ക് ഊണു കഴിച്ചിട്ടേ എല്ലാവരും പോകാവൂ. ഏതായാലും വളരെ ആശ്ചര്യകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നിവിടെ നടന്ന പെണ്ണുകാണലും അത്തരത്തിലായിരുന്നു. എത്രയോ പേരെ ഇവിടെ വരുത്തിയെന്നറിയാമോ. ഇവൾക്ക് ഒരാളേയും ഇഷ്ടപ്പെടില്ല. ഇവളുടെ കാര്യത്തിൽ അമ്മാച്ചന്മാര് തോറ്റു കിടക്കുകയായിരുന്നു. ഇന്ന് പിടിച്ച പിടിയാലെ ഒരുത്തനെ കൊണ്ടു വന്നു കാണിച്ചു. അതും അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന്...! നല്ല യോഗ്യനായൊരു ചെറുപ്പക്കാരൻ. ഞങ്ങൾ കുടുംബപരമായി വളരെ അടുത്തറിയാവുന്നയാൾ..!”
ഇത്രയുമായപ്പോഴേക്കും കേരളേട്ടൻ ചോദിച്ചു.
“ എന്താ കുട്ടി പ്രശ്നം. ചെറുക്കൻ നല്ല യോഗ്യനും അടുത്തറിയാവുന്നവനുമാണെന്നു പറയുന്നു. അതല്ലെ വേണ്ടത്. പിന്നെന്താ പ്രശ്നം...?”
അനു നാണിച്ചു തലയും താഴ്ത്തി നിന്നതേയുള്ളു. മറ്റുള്ളവരും അതേ ചോദ്യം തന്നെ ചോദിച്ചു. കൂട്ടത്തിൽ കുറച്ച് എടീ പോടീ വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുധി പറഞ്ഞു.
“ഞാൻ  പറയാം കാര്യം. അവൾക്ക് ബാംഗ്ലൂരിൽ ആരുമായോ അടുപ്പമുണ്ടാകും. അതാ സംഗതി...!”
“ അയ്യോ,  എനിക്ക് അങ്ങനെ ആരുമായും അടുപ്പമില്ല. എന്റെ അപ്പഛനാണെ സത്യം..!”
“പിന്നെന്താ കാര്യമെന്നു പറ....?” സുധി ചൂടായി എഴുന്നേറ്റു.
“ആ ചെക്കന് ഫേസ്ബുക്കും വാട്ട്സപ്പുമൊന്നുമില്ല.  കൊറേ റബ്ബറും കൊറേ ഏലക്കായും കൊറേ കുരുമുളകും മാത്രം.... എനിക്ക് വേണ്ടാ....!!”
അതും പറഞ്ഞ് അനു നിന്ന് ചിണുങ്ങി.
അതു കേട്ടതും അവിടെ ഉണ്ടായിരുന്ന സകലമാന പേരും പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അതൊരു വലിയ കൂട്ടച്ചിരിയിലാണ് അവസാനിച്ചത്. ഇതിനിടക്കെപ്പോഴോ അനു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു....

 അവസാനിക്കുന്നു...[ബ്ലോഗ്സാപ് കൂട്ടായ്മയിൽ ചില അംഗങ്ങൾ ചേർന്നെഴുതിയ ഈ കഥ ഇവിടെ അവസാനിക്കുന്നു. ഇതിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരെല്ലാം നമ്മുടെ ‘ബ്ലോഗ്സാപ്പ് കൂട്ടായ്മ’യിലെ അംഗങ്ങൾ തന്നെ. ഇതിൽ അഭിനയിച്ചവർക്കും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നു സഹായിച്ച എല്ലാവർക്കും നന്ദി.] 1