Friday 23 October 2009

സ്വപ്നഭൂമിയിലേക്ക്.... തുടരുന്നു.... ( 6 )എല്ലാം മറക്കാൻ...

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?
അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു
കൊണ്ട്.....?!!!


അതു മറ്റാരുമായിരുന്നില്ല....!

മുൻപൊരിക്കൽ നേരത്തെ പോകാനായി എന്നെ ഉപദേശിച്ച ആ ഈജിപ്ഷ്യൻ....!!
അവന്റെ കൂട്ടുകാരൻ...
അവൻ അത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

“ ഇതിന്റെ മണം എന്റെ വൈഫിന് ഇഷ്ടപ്പെട്ടില്ല. നല്ല മണമുള്ളത് ഒരെണ്ണം താ..”

അത് തലയിൽ പുരട്ടാനുള്ള ഒരു ക്രീമായിരുന്നു. ഞാൻ ചോദിച്ചു.

“ നിനക്കിതെവിടെന്ന് കിട്ടി...?”

“മിനിഞ്ഞാന്നു രാത്രിയിൽ ഞങ്ങൾ വന്നപ്പോൾ അവൻ ഗിഫ്റ്റ് തന്നതാ..!!?”

“വേറെന്തൊക്കെ തന്നു... ?”
ഗിഫ്റ്റായിട്ട് കിട്ടിയത് മുഴുവൻ അവൻ കാണിച്ചു തന്നു. മൊത്തം ആറ് സാധനങ്ങൾ
ഉണ്ടായിരുന്നു. ഞാനത് കടലാസ്സിൽ എഴുതിയിട്ടു. അതെല്ലാമാണു കാണാതെ
പോയതും...!!?
അവന് ഇഷ്ടപ്പെട്ടത് കൊടുത്ത് പറഞ്ഞു വിട്ടു. അവൻ പോയതിനു
ശേഷം രണ്ടും കയ്യും മുകളിലേക്കുയർത്തി പറഞ്ഞു.

“ ദൈവമേ...നിനക്കു സ്തുതി...!!

നീ തന്നെ പരീക്ഷ നടത്തുന്നു...!!

നീ തന്നെ അതിന്റെ ഉത്തരവും കാണിച്ചു തരുന്നു....!!!?

എന്നാ പിന്നെ ഇതിനിടക്കു നിന്നും എന്നെ ഒന്ന് ഒഴിവാക്കിക്കൂടെ...?

ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. ഇതെങ്ങനെ നഷ്ടപ്പെട്ടെന്നറിയാതെ, ഞാനെത്ര വിഷമിച്ചുവെന്നറിയോ....

എന്റെ കാശാ ആ അടുക്കളച്ചുമരിൽ കിടക്കുന്നത്...?!!”

അതു പറഞ്ഞപ്പൊ സത്യമായിട്ടും എനിക്ക് കരച്ചിൽ വന്നു.

ഞാൻ അടുക്കളച്ചുമരിൽ പോയി നോക്കി. അതിൽ വിരലോടിച്ചു.

ഇത്രയും കാശ് ഒറ്റ ദിവസം കൊണ്ട് അവൻ അടിച്ചുമാറ്റി...!!

ഇനി അവനെ എങ്ങനെ വിശ്വസിക്കും..?

ഒരിക്കലും വിശ്വസിക്കരുത്...? അതായിരുന്നു അതിലൂടെ പഠിച്ച പഠം..

അപ്പൊത്തന്നെ അലമാരയിലിരിക്കുന്ന എല്ലാസാധനങ്ങളും പന്ത്രണ്ട് എണ്ണം
മാത്രമാക്കി ചുരുക്കി. വലിയ സാധനങ്ങൾ ആറെണ്ണെവുമാക്കി. കസ്റ്റമർ വന്നു
പോയാൽ വിൽക്കുന്ന സാധനങ്ങൾക്ക് പകരമായി പുതിയത് വീണ്ടും കൊണ്ടു വന്നു
വക്കും. എവിടെയെങ്കിലും ഒരെണ്ണം കുറവു വന്നാൽ അപ്പോൾ തന്നെ ഞാനത്
കണ്ടെത്തും.

അന്നു രാത്രിയിൽ ഈജിപ്ഷ്യൻ വന്നപ്പോൾ ഞാനവനെ ചോദ്യം ചെയ്തു. അന്നേരം
എനിക്ക് അവനെ പേടിയൊന്നും തോന്നിയില്ല. അവനത് മറന്നു പോയതാണെന്ന്
പറഞ്ഞ് തടി തപ്പി.

അടുക്കളച്ചുമരിലെ കണക്കിൽ കാണാതെ പോയ സാധനങ്ങളുടെ വില എന്റെ പറ്റിൽ എഴുതിയിട്ടിരുന്നത് അവന്റെ മുൻപിൽ വച്ച് തന്നെ ഒരു മാർക്കർ പേന കൊണ്ട് വലിയ അക്ഷരത്തിൽ തന്നെ വെട്ടി....!!

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ഞങ്ങളുടെ താമസ സ്ഥലം പൊളിച്ചു
പണിയാൻ പോകുന്നതു കൊണ്ട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. മറ്റൊരു മുറിയിൽ
രണ്ടു മാസം താമസിച്ചപ്പോഴേക്കും കറണ്ടു ബിൽ വാടകയേക്കാൾ കൂടുതൽ വരാൻ
തുടങ്ങി.

അപ്പോഴേക്കും ഒരാൾക്ക് കുവൈറ്റിലേ അവരുടെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി.
മറ്റൊരാൾക്ക് , ‘ആപ്പിൾ ചോറ് ‘ കാരന് ഒരു കമ്പനിയിൽ അക്കൌണ്ടന്റായി ജോലി
കിട്ടി. ഇതുവരെയും പലപല ജോലികളാണ് ചെയ്തുകൊണ്ടിരുന്നത്.

അക്കൌണ്ടന്റായത് കൊണ്ട്, ശമ്പളത്തിനനുസരിച്ച് നല്ല മുറി ഒരെണ്ണമെടുത്ത് അദ്ദേഹം മാറി. എനിക്ക്  അതിന്റെ വാടക ഷെയറ് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ പിന്നെയും മുറി
അന്വേഷിച്ച് നടപ്പായി.

അവസാനം ഒരു ഫ്ലാറ്റിൽ ഒരു ബെഡ്ഡിനുള്ള ഇടം കിട്ടി. വാടക പത്ത് ദിനാറും
കറണ്ട് കാശും. ഞാനും കൂടി ചേർന്നതോടെ മൊത്തം പത്തു പേർ...!!

ആകെ കൂടി ഒരു കുളിമുറിയും....!!


മുറി മാറിയതിന്റെ പിറ്റേന്ന് കാലത്ത് എട്ടു മണി വരെ സുഖമായി കിടന്നുറങ്ങി . ഒൻപതു മണിക്ക് ജോലിക്ക് പോയാ മതി. എഴുന്നേറ്റ പാടെ മൂത്രമൊഴിക്കാനായി ബാത് റൂമിന്റെ വാതിൽക്കൽ ചെന്നതും ഹാളിലിരുന്നിരുന്ന ഒരാൾ പറഞ്ഞു.

“ അകത്ത് ആളുണ്ട്..”

ഞാൻ കുറച്ചു നേരം ഹാളിലെ ബഞ്ചിൽ ഇരുന്നു. അകത്തു കയറിയ ആൾ ഇറങ്ങുന്ന ലക്ഷണമില്ല.
അപ്പോഴാണ് എന്നോട് സംസാരിച്ച ആളുടെ കയ്യിൽ പല്ലു തെക്കാനുള്ള ബ്രഷും,
സോപ്പും കണ്ടത്.

മുറിയിൽ താമസം തുടങ്ങിയെങ്കിലും എല്ലാവരുമായി പരിചയപ്പെട്ടിട്ടില്ലായിരുന്നു.
അയാളുമായി സംസാരിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്.

അവിടെ ഒരു നോട്ടീസ് ബോർഡ് ഉണ്ടായിരുന്നു. അത് പരിശോധിച്ചപ്പോഴാണ്
എന്റെ ബാത്ത് റൂം സമയം ഏഴു മുതൽ ഏഴര വരെയായിരുന്നുവെന്ന്
മനസ്സിലായത്...!


എനിക്കു മുൻപുണ്ടായിരുന്ന ആളു പോയപ്പോൾ ഒഴിവു വന്നതു കൊണ്ടാണ് എനിക്ക്
ബെഡ് കിട്ടിയത്. പോയ ആളുടെ പേരു വെട്ടി എന്റെ പേര് എഴുതിയിരിക്കുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്.

ഞാൻ എഴുന്നേറ്റതു തന്നെ എട്ടു മണിക്കാണ്. എന്റെ ബാത് റൂം സമയം
കഴിഞ്ഞിരിക്കുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനിയും രണ്ടു പേർ കൂടി ക്യൂ വിലുണ്ട്.

മറ്റു നിവൃത്തിയില്ലാത്തതിനാൽ മുഖം പോലും കഴുകാതെ വസ്ത്രം മാറി എന്റെ കടയുടെ
പുറകിലുള്ള ബാത്ത് റൂമിൽ പോയി കാര്യം സാധിച്ചു.

പിന്നെ ചായക്കടയിൽ പോയി ഉപ്പുമാവ് മാത്രം കഴിച്ച് വന്ന് കട തുറന്നു.

ചായ കടയിൽ നിന്നും ഉണ്ടാക്കി കുടിച്ചു.

അന്നു രാത്രി മുതലാണ് പുതിയ താമസസ്ഥലത്തെ കൂട്ടുകാരെയൊക്കെ
പരിചയപ്പെടുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവർ അവിടെ
ഉണ്ട്. ചിലർ ഷിഫ്റ്റ് ഡ്യൂട്ടിലുള്ളവരാണ്. മറ്റുള്ളവർ സാധാരണ പോലെ പകൽ
ഡ്യൂട്ടിക്കാരും.


ആഹാരം പാകം ചെയ്യുന്നത് പലരും വെവ്വേറെയാണ്. മൂന്നു പേരുള്ള ഒരു
ഗാങ്ങിലേക്ക് നാലാമനായി ഞാനും മെസ്സിൽ ചേർന്നു.

അന്ന് ഞാൻ പുതിയതായി ചെന്നതിന് വർഗ്ഗീസ് ചേട്ടന്റെ വക പാർട്ടിയായിരുന്നു.
വയറു നിറച്ച് ‘കള്ള്’ അതായിരുന്നു പാർട്ടിയെന്നു പറഞ്ഞാൽ...!

“ അയ്യൊ.. ഞാൻ കുടിക്കില്ല..” ഞാൻ പറഞ്ഞു.

“ അതിന് നിന്നോടാരു പറഞ്ഞു കുടിക്കാൻ...? വർഗ്ഗീസ് ചേട്ടൻ.

പറച്ചിലിന് ഒരു ഈണവും താളവുമൊക്കെ ഉണ്ട്. പുള്ളിക്കാരൻ വീണ്ടും തുടർന്നു.

“ എടാ ഞങ്ങളു കുടിച്ചോളാടാ..... നീ അത് നോക്കി രസിച്ചിരുന്നാ മതി...”


അവരെല്ലാം കുടി തുടങ്ങിയിരുന്നു. വർഗ്ഗീസ് ചേട്ടന്റെ കട്ടിലിനടിയിൽ
സ്റ്റോക്കുണ്ടായിരുന്നതാണ് കുടിച്ചത്. അതു തീർന്നപ്പോൾ എവിടേക്കൊ ഫോൺ ചെയ്തു.
" ഹലൊ... എടാ ശ്രീലങ്കെ..... നീ എവിടെയാ...?  എടാ നീ ഒരു കാർട്ടൺ ബീയറുമായിട്ടിങ്ങു വന്നേ... ‘ഫോസ്റ്ററു ‘ മതി... എപ്പൊ വരും...? സമയം വൈകരുത്..”


കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. ശ്രീലങ്കക്കാരനായിരുന്നു.

വർഗ്ഗീസ് ചേട്ടൻ പോയി വാതിൽ തുറന്ന് വാങ്ങിക്കൊണ്ടു വന്നു.

പിന്നെ ബിയറ് പാട്ടകൾ പൊട്ടിക്കുന്ന ഒച്ചകൾ മുറികളിലാകെ മുഴങ്ങി.

ഞാൻ ഇതെല്ലാം കണ്ട് ഹാളിലിരിക്കുന്ന ടെലിവിഷനിലും കണ്ണു നട്ട്
വെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് വർഗ്ഗീസേട്ടൻ ഒരു ഗ്ലാസ്സിൽ നിറച്ച
ബീയറുമായി എന്റടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു.

“ എടാ... ഇന്നിപ്പൊ ഈ പാർട്ടി ആർക്കു വേണ്ട്യാ...?” ഞാൻ ഒന്നും മിണ്ടാതിരുന്നു.
എന്റെ തോളത്ത് പിടിച്ച് കുലുക്കിയിട്ട് വീണ്ടും പറഞ്ഞു.

”എടാ.. പറടാ...” ഞാനൊന്നു പുഞ്ചിരിച്ചു.

“ എടാ നിന്നോട് ചിരിക്കാനല്ല പറഞ്ഞെ... ഉത്തരം പറ..? ”

“ ഞാൻ പുതിയതായി ഇവിടെ വന്നതിന്..” ഞാൻ പറഞ്ഞു.

“ സമ്മതിച്ചല്ലൊ.... !! അപ്പൊപ്പിന്നെ ഒരു കമ്പനിക്കെങ്കിലും നീ ഈയൊരു
ഗ്ലാസ്സെങ്കിലും കുടിച്ചില്ലെങ്കി.. ഞങ്ങൾക്കല്ലേടെ അതിന്റെ നാണക്കേട്.....?”

അപ്പോഴെനിക്ക് നന്നായി ചിരി പൊട്ടി. മൂപ്പിലാൻ എന്നെ കുടിപ്പിച്ചിട്ടെ അടങ്ങൂള്ളൂന്ന്
മനസ്സിലായി. എന്നാലും അരുതെന്നെന്റെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു.

ബീയർ ഞാൻ കുടിക്കാത്തതൊന്നുമല്ല. കുറേ വർഷങ്ങളായിട്ട് ഇതൊന്നും
ഉപയോഗിക്കാറില്ലായിരുന്നു. ഇനി പുതിയൊരു തുടക്കം വേണ്ടല്ലോന്നു കരുതിയാണ്
മാറി നിന്നത്.

വർഗ്ഗീസേട്ടൻ മാത്രമല്ല, ഫ്ലാറ്റിലെ മറ്റുള്ളവരും തങ്ങളുടെ ബീയറ് നിറച്ച
ഗ്ലാസ്സുകളുമായി എന്റെ ചുറ്റും കൂടി. ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടാനാവില്ലാന്നു
മനസ്സിലായി.

ഞാൻ ബീയർ ഗ്ലസ്സ് പതുക്കെ കയ്യിലെടുത്തു. കുടിക്കാനായി ചുണ്ടോടുപ്പിച്ചതും
എല്ലാവരും അവരവരുടെ ബീയറ് ഗ്ലാസ്സുകൾ എന്റെ ഗ്ലാസ്സുമായി മുട്ടിച്ച് ചിയേഴ്സ്
പറഞ്ഞു.

തണുത്തുറയാറായ ബീയറ് ഒരു കവിൾ ഞാനകത്താക്കി.

അതിറങ്ങി പോയിടം മുഴുവൻ മരവിച്ചതു പോലെ തോന്നി.

അതോടൊപ്പം എന്നെ കുടിപ്പിച്ച സന്തോഷത്തിൽ എല്ലാവരും പാട്ടും നൃത്തവും തുടങ്ങി. ..!

ഒഴിഞ്ഞ ഗ്ലാസ്സുകൾ കയ്യോടെ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു.

ഒരു ഗ്ലാസ്സെന്നു പറഞ്ഞെന്നെ കുടിപ്പിച്ച വർഗ്ഗീസേട്ടൻ, അതിൽ ആരുമറിയാതെ ഒരു പെഗ്ഗു വിസ്കി കൂടി ചേർത്തത് ഞാനുമറിഞ്ഞില്ല...!!

ഒരു പാട്ട (550മി.) ബീയറെ ഞാനകത്താക്കിയുള്ളെങ്കിലും എന്റെ ബാലൻസ്
തെറ്റിത്തുടങ്ങിയിരുന്നു. ആ പാട്ടിലും നൃത്തത്തിലും എനിക്കും
പങ്കെടുക്കാതിരിക്കാനായില്ല. ഞാനുമെഴുന്നേറ്റ് അവരോടൊപ്പം ചേർന്നു.

എന്നോട് പാട്ടു പാടാൻ ആവശ്യപ്പെട്ടു. എന്റെ വായിൽ വന്നതു മരണത്തിന്റെ
പാട്ടായിരുന്നു.

” ഒരിടത്തു ജനനം.. ഒരിടത്തു മരണം...”

“ ഹാ... നിറുത്തടാ...” വർഗ്ഗീസേട്ടൻ അട്ടഹസിച്ചു.

“എടാ.. സന്തോഷത്തിന്റെ പാട്ടു പാടടാ.. ”

“ എന്നാ പിടിച്ചൊ... ഓ.. തിത്തിത്താരാ...തിത്തിത്താരാ തിത്തൈ തിത്തൈതകതോം..”

അതോടൊപ്പം എല്ലാവരുടേയും നൃത്തച്ചുവടിന്റെ ഗതിയും മാറി.

എല്ലാവരും വട്ടത്തിൽ നിന്നു കൈ കൊട്ടി പാട്ട് ഏറ്റ് പാടി..
“തിത്തിത്താരാ... തിത്തിത്താരാ.. തിത്തൈ.......”
ചിലർ പാട്ടിനോടൊപ്പം വഞ്ചിവലിയും ആരംഭിച്ചു.

“ കുട്ടാനാടൻ .. പുഞ്ചയിലെ....” പിന്നെ അങ്ങോട്ട് ഒരു മേളമായിരുന്നു.....!

 അന്നേരം ആരും തങ്ങളുടെ കുടുംബങ്ങളെ ഓർത്തില്ല...!

പൊരിയണ വെയിലത്തു കിടന്നു പണയെടുക്കണ കാര്യമോർത്തില്ല....!!

ഇനിയും കൊച്ചു വെളുപ്പാം കാലത്ത് എഴുന്നേറ്റ് ജോലിക്ക് പോകണമെന്നോർത്തില്ല....!!

തങ്ങളുടെ സ്വകാര്യ ദു:ഖങ്ങളെല്ലാം അവിടെ മറന്നു....!!

എല്ലാവരും ഏതോ ഉന്മാദാവസ്ഥയിലായിരുന്നു...!!

എല്ലാം കഴിഞ്ഞപ്പോൾ ചിലർ ഹാളിൽ തന്നെ തലങ്ങും വിലങ്ങും കിടന്നു.

ഞാൻ ആടിയാടി ഒരു കണക്കിന് ബെഡ്ഡിൽ ചെന്നു വീണു...!

എപ്പൊഴോ ഉറങ്ങിപ്പോയി...

ബാക്കി അടുത്ത പോസ്റ്റിൽ.....

Friday 9 October 2009

സ്വപ്നഭൂമിയിലേക്ക് ...തുടരുന്നു.. ( 5 )

  കഥ തുടരുന്നു....
അടുക്കള ചുമരിലെ കണക്ക് പുസ്തകം........


ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ......

അവൻ കസേരയിൽ ചരിഞ്ഞു കിടപ്പുണ്ട്...!

മേശക്കു മുകളിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും ചെന്നു വീണത് നേരത്തെ ചവിട്ടി തള്ളി നീക്കിയിട്ട കസേരയിലായിരുന്നു...!!

വീണതു പോലെ തന്നെ കിടന്നു.....!

അനങ്ങാതെ...!!

എന്നെത്തന്നെ നോക്കിക്കൊണ്ട്....!!?


ഞാൻ വേഗം ചെന്ന് ഫോണിന്റെ റസീവറെടുത്ത് അവന്റെ നേരെ നീട്ടിക്കൊണ്ട് ആക്രോശിച്ചു"വിളിക്കടാ പോലീസിനെ...!

ഇവിടെ നീയും ഞാനുമൊക്കെ വിദേശികളാ... !

എനിക്കും നിനക്കും ഒരേ നിയമം. വിളിക്ക് പോലീസിനെ...!

എനിക്കും പറയാനുണ്ട് കാര്യങ്ങൾ... !

എത്ര നാളായി നീയെന്നെ ഷോറൂമിൽ പൂട്ടിയിട്ടിട്ട് പോകുന്നു....?

ഒന്നു മൂത്രമൊഴിക്കാൻ പോലും നിവൃത്തിയില്ലാത ഞാൻ കുപ്പിക്കകത്താ ഒഴിക്കുന്നത്."


അപ്പോഴാണ് ഇന്നലെത്തെ മൂത്രം നിറഞ്ഞ കുപ്പി അടുക്കളയിലിരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഇന്നലത്തെ ഓട്ടത്തിനിടയിൽ അതു പുറത്തു കളയുന്ന കാര്യം മറന്നിരുന്നു. റസീവർ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിൽ നിന്നും രണ്ടു കുപ്പി നിറഞ്ഞ മൂത്രക്കുപ്പി കൊണ്ടു വന്ന് മേശപ്പുറത്ത് വച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.
കാണ്... കണ്ണു തുറന്ന് കാണ്....!

ഇതും പോലീസിനെ കാണിച്ചു കൊടുക്കാനുള്ളതാണ്.. !

നീ വിളിക്ക് പോലീസിനെ....!

ഞാൻ ഇവിടെ വന്നതിനു ശേഷം ശമ്പളം പോലും തന്നട്ടില്ല... എത്ര മാസമായി...?

ഇനിയുമുണ്ട് പറയാൻ... ദുബായിക്കാരു വരട്ടെ... !

നീ എന്നെ പൂട്ടിയിട്ടിട്ട് അവിടെ മുറിയിലിരുന്ന് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്ക്യാണെന്ന് എനിക്കറിയാം. അതും പറയണം... !!

ഇനി ദുബായീന്നു ഫോൺ വരുമ്പോൾ ഞാൻ സത്യം പറയും.....!!”


ഞാൻ ശ്വാസം പിടിക്കാനായി ഒന്നു നിറുത്തി.
വല്ലാതെ അണക്കുന്നുണ്ടായിരുന്നു.
റസീവർ അപ്പോഴും കയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു.
അവൻ കസേരയിൽ നേരെ ഇരുന്നിട്ട് എന്റെ കയ്യിൽ നിന്നും റസീവർ വാങ്ങി ക്രാഡിലിൽ വച്ചു.


നേരത്തെ എന്റെ നേരെ ചാടി വരുമ്പോൾ ദ്വേഷ്യം കൊണ്ടു ചുമന്നിരുന്ന അവന്റെ മുഖത്ത് ഇപ്പോൾ രക്തമയമില്ല...!

വിളറി വെളുത്തിരിക്കുന്നു....!!

അവൻ താക്കോൽ കൂട്ടത്തിൽ നിന്നും രണ്ടു താക്കോൽ എടുത്തിട്ട് പറഞ്ഞു.

നിനക്കിപ്പൊ എന്താ വേണ്ടത്...? മൂത്രമൊഴിക്കാൻ പുറത്തു പോകണം. ഇന്നാ. ഇതിലൊന്നു പുറകിലത്തെ വാതിലിന്റെ താക്കോൽ. മറ്റൊന്നു ബാത്‌റൂമിന്റെ താക്കോൽ... ”

അതും പറഞ്ഞവൻ താക്കോൽ എന്റെ നേരെ നീട്ടി.

പക്ഷെ, ഒരു കാരണവശാലും കസ്റ്റമറെ അകത്ത് കയറ്റരുത്...! ഒന്നും വിൽക്കരുത്....!! ”

അവന്റെ താക്കീത്. താക്കോൽ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.


പിന്നെ അവന്റെ പോക്കറ്റിൽ നിന്നും കുറെ നോട്ടുകൾ എടുത്തിട്ട്, അതിൽ നിന്നും അൻപത് ദിനാർ തന്നിട്ട് പറഞ്ഞു.

ഇതു നിന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതിയിട്ടേരെ...”

വിറക്കുന്ന കൈകൊണ്ടാണ് ഞാനെന്റെ ആദ്യ ശമ്പളം വാങ്ങുന്നത്......!!

പണവുമായി ഞാൻ എന്റെ പറ്റെഴുതുന്ന ബുക്കിൽ അന്നത്തെ തീയതി വച്ച് അൻപതു ദിനാർ കുറിച്ചു. പണവും കയ്യിൽ ചുരുട്ടിപ്പിടിച്ച് വലതു കയ്യിൽ പേനയുമായി പറ്റുബുക്കിൽ തല മുട്ടിച്ച് ഇത്തിരി നേരം നിന്നു. സന്തോഷം കൊണ്ടൊയിരിക്കും, കണ്ണുകൾ നിറഞ്ഞു വന്നു....

പറ്റുബുക്കിലെ പെയിന്റിന്റെ പൊടി നെറ്റിയിൽ പുരണ്ടു....!!

എന്റെ പറ്റുബുക്ക് അടുക്കള ചുമരായിരുന്നു....!? ’


ഒരിക്കൽ ഒരു കസ്റ്റമർ‌ക്കു പെപ്സി വാങ്ങിക്കൊടുത്തപ്പോൾ എനിക്കു തന്ന ഒരു പെപ്സിയുടെ വിലയായ നൂറു ഫിൽ‌സ് വരെ എഴുതിയിട്ടിട്ടുണ്ട്. കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
നീയെന്തിനാ അതു കുടിച്ചത്. അത് കമ്പനിയുടെ കാശാ.. സ്റ്റാഫ് അതു കുടിക്കാൻ പാടില്ല...!! ”

അത്രയേ അവൻ പറഞ്ഞുള്ളു. ഞാൻ അതിന്റെ വിലയായ നൂറു ഫിൽ‌സ് കണക്കു ബുക്കിൽ അപ്പൊ തന്നെ എഴുതിയിട്ടു.
അൻപതു ദിനാർ അപ്പോഴത്തെ കടം വീട്ടാൻ മാത്രമെ തികയുമായിരുന്നുള്ളു.

ഭക്ഷണം കഴിച്ച വകയിലും വാടകയിനത്തിലും കൂട്ടുകാർക്ക് കൊടുക്കാനുള്ളതായിരുന്നു.

പിന്നെ കൂട്ടുകാരുമായി ഒരു സമവായത്തിലെത്തിയതിനാൽ ഇരുപത്തഞ്ചു ദിനാർ നാട്ടിലയക്കാൻ കഴിഞ്ഞു. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അയക്കുന്നത്....!!

അതിനു ശേഷം രണ്ടു മൂന്നു ദിവസം കൃത്യമായി കട തുറന്നെങ്കിലും വീണ്ടും അവൻ പഴയതുപോലെ വരാതായി.

ഒരു ദിവസം അവൻ എന്നെ അകത്താക്കി കട പൂ‍ട്ടി പൂട്ടിക്കൊണ്ടു പൊയതിനു ശേഷം ഞാൻ പുറകു വശത്തെ വാതിൽ തുറന്ന് പുറത്തെക്കും നോക്കിയിരിക്കുമ്പോൾ ഒരു കാർ വാതിലിനോട് ചേർന്ന് കൊണ്ടു വന്നു നിറുത്തി. അതിൽ നിന്നു ഇറങ്ങിയ അറബി ചോദിച്ചു.

കാറൊന്നു കഴുകാമോ...? പുറം മാത്രം മതി....”

അതു കേട്ടതും ഞാനെഴുന്നേറ്റു. വീണ്ടും അവൻ പറഞ്ഞു.

ഞാനപ്പോഴേക്കും ഭക്ഷണം കഴിച്ചിട്ടു വരാം..”
അതും പറഞ്ഞവൻ എതിർവശത്തെ വല്ല്യപ്പന്റെ കടയിലേക്കു കയറിപ്പോയി.


പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. അടുക്കളയിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് മേശ തുടക്കുന്ന ടവൽ നനച്ച് കാറു തുടക്കാൻ തുടങ്ങി. പുറത്തിരിക്കുമ്പോൾ ഫോൺ വന്നാലറിയില്ല.

വാതിൽ കുറച്ചു തുറന്നു വച്ചു. വാതിൽ വിടവിലൂടെ അകത്തെ തണുപ്പ് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു....

തുടച്ചു തീർന്നതും അറബി ഇറങ്ങിവന്നു. അവൻ ചുറ്റുപാടും നടന്നു നോക്കി.

എന്നിട്ട് തൃപ്തിയായ പോലെ തല കുലുക്കി.

അവൻഅരദിനാറിന്റെ നോട്ടെടുത്തു തന്നു...!!

നോട്ടിന് ഒരുപാട് നീളവും വീതിയും ഉള്ളതു പോലെ തോന്നി...!!

പേഴ്‌സിനകത്ത് ഒരു പ്രത്യേക അറയിൽ തന്നെ ഞാനതു സൂക്ഷിച്ചു....!

[എത്രയൊ കാലം ഞാനതു ചിലവാക്കാതെ കൊണ്ടു നടന്നുവെന്നറിയുമോ...?

ഒരു രാശിയായ നോട്ടു പോലെ...!!!]


രണ്ടു കാറുകൾ ഒരു ദിവസം കിട്ടിയാൽ അന്നത്തെ വട്ടച്ചിലവുകൾ നടന്നു പോകുമായിരുന്നു.

പന്ന ഈജിപ്ഷ്യന്റെ മുൻപിൽ അതിനായി കയ്യും നീട്ടി നിൽക്കുന്നതിനേക്കാൾ എത്രയോ അന്തസ്സായിരുന്നു...!!!


പക്ഷെ , അധിക കാലം ജോലി തുടരാനായില്ല.

വാതിലിന്റെ തൊട്ടടുത്തു നിറുത്തുന്ന വാഹനങ്ങൾ മാത്രമെ കഴുകാൻ കഴിഞ്ഞിരുന്നുള്ളു.

പുറകു വശത്തെ വാതിലിന്റെ താക്കോൽ തന്നതിനു ശേഷം അവൻ ഫോൺ ചെയ്യും.

ഞാൻഹലൊഎന്നു പറഞ്ഞാലും മറുപടി ഉണ്ടാവില്ല. കുറച്ചു കഴിയുമ്പോൾ മറ്റെ തലക്കൽ ഫോൺ വക്കുന്ന ശബ്ദം കേൾക്കാം. ഇതിങ്ങനെ ഓരൊ മണിക്കൂർ ഇടവിട്ട് തുടർന്നപ്പോൾ മനസ്സിലായി , ഈജിപ്ഷ്യന്റെ ടെസ്റ്റിങ് പരിപാടിയാണെന്ന്.

ഞാൻ കടയും പൂട്ടി എങ്ങോട്ടെങ്കിലും പോയോന്നറിയാനായിരുന്നു അത്. ....!

അതു കൊണ്ട് പുറത്ത് അധിക സമയം തങ്ങാൻ കഴിയുമായിരുന്നില്ല.

വാതിലിനു പുറത്തേക്ക് ഞാൻ പോയതുമില്ല.  
ഇവിടെ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നിൽക്കണമല്ലൊ..?


ഇതിനിടക്കാണ് അവന്റെ ഭാര്യ ഇവിടെയെത്തിയത്.

ഈജിപ്ത്കാരി ആയിരുന്നില്ല. മറ്റൊരു ആഫ്രിക്കൻ രാജ്യക്കാരിയായിരുന്നു.

അവന് സ്വന്തമായിട്ട് ഒരു ഭാര്യയും മകളും ഈജിപ്തിലുണ്ട്. അതു കൂടാതെയാണ് പുതിയൊരു സെറ്റപ്. ഭാര്യ വന്നതിനു ശേഷം ഒരാഴ്ചയോളം കടയിൽ കൃത്യമായി വന്നു കൊണ്ടിരുന്നു.

പിന്നെ അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു പോയാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി.

പക്ഷെ, മുൻ‌വശത്തെ വാതിൽ പൂട്ടാതെ താക്കോൽ മേശക്കകത്ത് വച്ചിട്ടാണ് പോകാറ്.

വേണമെങ്കിൽ നീ വല്ലതുമൊക്കെ വിറ്റൊ...എന്ന ഒരു മട്ട്


അങ്ങനെ പതുക്കെ പതുക്കെ കടയിലെ ജോലി മുഴുവൻ എന്റെ തലയിലായി.

എന്നും രാത്രിയിൽ വന്ന് അന്നത്തെ പിരിവും വാങ്ങിക്കൊണ്ടു പോകും.

ചില നിബന്ധനകൾ ഉണ്ടായിരുന്നു. ..

ആർക്കും കടം കൊടുക്കരുത്....!

ഡിസ്ക്കൌണ്ട് ഒരു കാരണവശാലും കൊടുക്കരുത്....!!

എല്ലാത്തിനും ബില്ലെഴുതണം. ....!!!

ഒരു ദിവസം ഒരു സൌദിക്കാരൻ തടിയൻ വന്ന് സാധനങ്ങൾ വാങ്ങിയ വകയിൽ നൂറ് ഫിൽ‌സ് കുറച്ചാണ് തന്നത്. അതു പറ്റില്ലാന്ന് തർക്കിച്ചെങ്കിലും അവനതു തരാതെ പോയി.
അന്ന് ഈജിപ്ത്യന്റെ അടുത്ത് നൂറു ഫിൽ‌സിന്റെ കാര്യം പറഞ്ഞെങ്കിലും,

അവനത് എന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതാനാണ് പറഞ്ഞത്....!!

നൂറു ഫിൽ‌സും അടുക്കളച്ചുമരിലെ എന്റെ പറ്റുകണക്കിൽ എഴുതിച്ചേർത്തു.....!!


ഒരാഴ്ച കഴിഞ്ഞപ്പോൾ സൌദിക്കാരൻ വീണ്ടും വന്നു.

ഈജിപ്ത്യനും ഉണ്ടായിരുന്നു കടയിൽ. ഞാൻ പറഞ്ഞു

ഇയാളാണ് അന്നു നൂറു ഫിൽ‌സ് തരാതെ പോയത്..”
ഈജിപ്ത്യൻ എഴുന്നേറ്റ് അയാളോട് അറബിയിൽ അതിനെക്കുറിച്ച് ചോദിച്ചു.


സത്യം പറഞ്ഞാൽ ഒരു നൂറു ഫിൽ‌സിനു വേണ്ടി സൌദിക്കാരനുമായി അടിയൊഴിച്ച് ബാക്കിയൊക്കെ നടത്തി. അവസാനം നൂറു ഫിൽ‌സ് ഈജിപ്ത്യന്റെ മുഖത്ത് വലിച്ചെറിഞ്ഞ്,

ഇനി നിന്റെ കടയിൽ വരികയില്ലെന്നും പറഞ്ഞാണവൻ പോയത്.

അന്ന് അടുക്കളച്ചുമരിലെ കണക്കിൽ നൂറ് ഫിൽ‌സ് ഞാ‍ൻ വെട്ടി...!!


പിറ്റെ ദിവസം ഭാര്യാസമേതമാണവൻ എഴുന്നുള്ളിയിരുന്നത്.

അവൻ കുറച്ചു കഴിഞ്ഞെ പോകുന്നുള്ളുവെന്ന് പറഞ്ഞതിനാൽ ഞാൻ നേരത്തെ തന്നെ സ്ഥലം വിട്ടു.
പിറ്റേന്നു വരുമ്പോൾ അലമാരയിൽ ചില സാധനങ്ങൾ കുറവു കണ്ടു....!?

അവൻ വന്നപ്പോൾ ചോദിച്ചെങ്കിലും അവനതറിയില്ലെന്നു മാത്രമല്ല,

അതെല്ലാം ഞാൻ വിറ്റിട്ട് ബില്ലെഴുതാത്തതാണെന്നു കൂടി പറഞ്ഞു കളഞ്ഞു ദുഷ്ടൻ...?!


എനിക്ക് ശരിക്കും സങ്കടം വന്നു....!

ഇത്രയും സത്യസന്ധമായി ഇടപെട്ടിട്ടും ഇവനെന്നെ സംശയിക്കുന്നല്ലൊന്നോർത്തിട്ട്,

എന്റെ കണ്ണുകൾ നിറഞ്ഞു....!!

കാണാതായ സാധനങ്ങളുടെ തുക അന്നു രാത്രിയിൽ തന്നെ അടുക്കളച്ചുമരിലെ എന്റെ അക്കൌണ്ടിൽ കയറി.. ..!!

ഈശ്വരാ... ഇനിയും നീ എന്നെ പരീക്ഷിക്കുകയാണൊ... ?  നിനക്കു മതിയായില്ലെ....?”


രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?

അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു കൊണ്ട്.....?!!!


ബാക്കി അടുത്ത പോസ്റ്റിൽ.....