Monday, 15 December 2014

നോവൽ.മരുഭൂമി (30)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.


തുടർന്നു വായിക്കുക...

വിചിത്രമായ നാട്...

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു. ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നിരുന്നു. പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

അന്നു ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു.
സദ്ദാം ഹുസ്സൈനെന്ന ഒറ്റയാനെ സീഎൻ‌എൻ‌ചാനൽ എപ്പോഴും കാണിച്ചുകൊണ്ടിരുന്നു. അതിനായി ഏരിയൽ ശക്തികൂടിയ ഒരെണ്ണം ഞങ്ങൾ സംഘടിപ്പിച്ചു. അതുകാരണം ബിബിസിയും മറ്റും നല്ല നിലയിൽ കിട്ടാൻ തുടങ്ങി.
പക്ഷെ, യുദ്ധവാർത്തകൾ രോഗികളെ കാണിക്കാനായി ടെലിവിഷൻ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഞങ്ങളുടെ ആ പരിപാടിയും അവസാനിച്ചു.

അബ്ദുൾ വന്നുകഴിഞ്ഞാൽ എന്നെ നാട്ടിൽ വിടാമെന്നായിരുന്നു മാനേജർ പറഞ്ഞിരുന്നത്. പക്ഷേ, ഇറാക്കിനെ ഓടിക്കാൻ അമേരിക്ക വരും വരും എന്ന്  പേടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. അതും പറഞ്ഞ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ആകെ താറുമാറായി. അതിനാൽ വിമാനത്തിന്റെ  ഷെഡ്യൂളുകളെല്ലാം തെറ്റിക്കഴിഞ്ഞിരുന്നു. ആകെ അനിശ്ചിതത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.

പിന്നേയുമൊരു മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്.
ആഫീസിൽ  വച്ച് ടിക്കറ്റ് കയ്യിൽ തന്നു.
ബോംബേക്ക് മാത്രം...!
ഇൻഡ്യയുടെ ഏതെങ്കിലും ഒരു മൂലക്ക് ഇറക്കി വിട്ടാൽ മതിയെന്നാ ഇവന്മാരുടെ വിചാരം. ഇൻഡ്യയെന്നാൽ എന്താന്നാ ഇവന്മാരുടെ വിചാരം. ഒരു ‘ഠ’ വട്ടത്തിൽ കിടക്കുന്ന രാജ്യമോ..? അവിടന്ന് വീട്ടിലെത്താൻ മൂന്നു ദിവസം തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് പറഞ്ഞപ്പോൾ ഈജിപ്ഷ്യനായ മാനേജരുടെ കണ്ണു തള്ളി. അവന്റെ മിണ്ടാട്ടം മുട്ടി. എങ്കിലും ഫലമൊന്നും ഉണ്ടായില്ല.
അത് പിന്നെ കൊച്ചിയിലേക്ക് നീട്ടി വാങ്ങി.
ആ കാശ് എന്റെ കയ്യീന്ന് പോയി...!
അങ്ങനെ ഒരു മാസത്തെ ലീവിന്റെ ആദ്യ രണ്ടു ദിവസം ഇവിടെത്തന്നെ തീർന്നു.
പിന്നെ ബോംബേക്ക്, അവിടന്ന് കൊച്ചിക്ക്.

കൊച്ചിയിൽ വച്ച് നമ്മുടെ നാട് കണ്ടപ്പോൾ സങ്കടം തോന്നി. ആകെ നനഞ്ഞു കുതിർന്ന്...! എങ്കിലും പച്ചപ്പ് കണ്ടപ്പോൾ മനസ്സ് കുളിർന്നു.
നമ്മുടെ  അഭിമാനമായിരുന്ന ‘അംബാസ്സഡർ കാർ’ കണ്ടപ്പോഴും സങ്കടം തോന്നി.
ആകെ വളഞ്ഞു കുത്തി, ചൊട്ടി, ഒരു പട്ടിണിക്കോലം...!
മനുഷ്യരത്രയും അതേ പട്ടിണി കോലങ്ങൾ...!!
പിന്നേയും, രണ്ടു ദിവസം വേണ്ടി വന്നു എല്ലാം ഒന്നു നേരെയായി തോന്നാൻ...!!

നാട്ടിലെത്തിയാൽ കല്യാണം കഴിപ്പിച്ചിട്ടേ വിടുകയുള്ളുവെന്ന് നേരത്തെതന്നെ ഓർമ്മപ്പെടുത്തിയിരുന്നു. ജോലിയുണ്ടെങ്കിലും, ശമ്പളമില്ലാത്ത ജോലിയാണെന്ന് വീട്ടുകാർക്കറിയാമെങ്കിലും നാട്ടുകാർക്കറിയില്ലല്ലൊ...!?

വന്ന ദിവസം തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കി.
അവിടേയും ഒരു ദിവസം നേരത്തെ പോകണം.
പിന്നെയുള്ളത് 27ദിവസം മാത്രം.
ദിവസം വളരെ കുറവ്.
പെണ്ണ് കണ്ട് നടന്നുനടന്ന് പുട്ടടിക്കാനുള്ള സമയമൊന്നും  ഇല്ല.

പിറ്റേ ദിവസം ചുമ്മാ ഒരു പെണ്ണുകാണൽ.
ഒരു സാമ്പിൾ. ആദ്യമായിട്ടല്ലെ.
കൊള്ളാമല്ലൊ...!
വേറൊന്നിനെ കാണാൻ പോകാൻ സമയമില്ല.
വിരുന്നും, മോതിരം മാറൽ പോലുള്ള പരിപാടികളും വേണ്ടെന്നു വച്ചു.
പത്താം ദിവസം അതിനെത്തന്നെ കെട്ടി.
പതിനേഴാം ദിവസം, തന്നെ  കെട്ടിയത് എന്തിനായിരുന്നെന്നറിയാതെ, കരയാൻ പോലും കഴിയാതെ പതച്ചു നിൽക്കുന്ന പാവം പെണ്ണിനോട് മൌനയാത്രയും ചൊല്ലി കൊച്ചിയിൽ നിന്നും പറന്നു പൊങ്ങി...!

ജിദ്ദയിൽ വിമാനമിറങ്ങി.
എഞ്ചിനീയർ റോത്തയോടൊപ്പം ഞങ്ങളുടെ ആശുപത്രിയിൽ എത്തുമ്പോൾ മുറിയിൽ അബ്ദുൾ ഇല്ലായിരുന്നു..!
അബ്ദുളിനെ കമ്പനി രണ്ടാഴ്ച മുൻപ് എവിടേക്കൊ കൊണ്ടു പോയി...!
എഞ്ചിനീയർ റോത്തക്കും അറിയില്ല അബ്ദുൾ എവിടെയെന്ന്...!
വല്ലാത്തൊരു നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.
“എന്താ കാരണം അബ്ദുളിനെ കൊണ്ടുപോകാൻ...?”
“നമ്മുടെ ഇവിടത്തെ ജോലി അവസാനിക്കുകയാ..”
സച്ചി പറഞ്ഞു കേട്ടതും ഞാൻ ഞെട്ടി.
“എന്നു പറഞ്ഞാൽ..?”
“വീണ്ടും നമ്മുടെ കമ്പനിക്ക് സർക്കാർ കോൺ‌ട്രാക്റ്റ് കൊടുത്തില്ല. വേറെ ഏതോ ഫിലിപ്പൈനി കമ്പനിക്കാ കിട്ടിയിരിക്കുന്നത്....”
"അപ്പോൾ നമ്മൾ തിരിച്ചു പോണോ...? ദൈവമേ...ഗൾഫിലാണെന്നും പറഞ്ഞ് പെണ്ണ് കെട്ടീം പോയല്ലൊ....!!”

അതും പറഞ്ഞ് ഞാൻ മുകളിലേക്കു നോക്കി.
സത്യത്തിൽ ഒരു നിമിഷം എന്റെ കണ്ണുകൾ നനയാൻ തുടങ്ങി.
ഇനിയെങ്ങാനും തിരിച്ചു ചെല്ലേണ്ടി വന്നാൽ, അതിന്റെ പഴി മുഴുവൻ കെട്ടിയ പെണ്ണിന്റെ തലയിൽ കെട്ടിവക്കില്ലേ സമൂഹം മുഴുവൻ..!
നിന്നെ കെട്ടിയപ്പോഴേ അവന്റെ ഉണ്ടായിരുന്ന ജോലി കൂടി പോയി...!!?
ഹോ എന്റെ ദൈവമേ ഇതൊന്നും എനിക്ക് കേൾക്കാൻ വയ്യേ.
ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുമെന്ന് തോന്നി.

എന്റെ അവസ്ഥ കണ്ടിട്ടാവും സച്ചി പറഞ്ഞു.
“നമ്മുടെ അടുത്ത വർക്ക് കിട്ടിയിരിക്കുന്നത് ‘അൽ ഗസ്സിം’ റീജയണിൽ ആണത്രെ. അവിടേം ഇതേ വർക്ക് തന്നെയാ..”
അതൊരു ആശ്വാസമായി തോന്നി...!
എന്നാലും നാട്ടിൽ പോകേണ്ടി വരില്ലല്ലൊ.
“അപ്പോൾ അബ്ദുൾ അങ്ങോട്ടേക്കാണൊ പോയിരിക്കുന്നത്...?”
“അതറിയില്ല. ഇതുപോലെ വല്ല ഓണം കേറാമൂലയിലാണ് ചെന്നു പെട്ടിരിക്കുന്നതെങ്കിലോ. അല്ലെങ്കിൽ വിളിക്കേണ്ടതാണ്, ഇതുവരെ വിളിച്ചില്ലല്ലൊ. രണ്ടാഴ്ചയോളമായില്ലേ...?”

ഉത്തരം മുട്ടിയതു പോലെ ഞാൻ തളർന്ന് കട്ടിലിൽ ഇരുന്നു.
ഇതിനിടയിൽ എഞ്ചിനീയർ റോത്ത പോയിക്കഴിഞ്ഞിരുന്നു.
ഞാൻ ചോദിച്ചു.
“സീക്കു....?”
“ആ....ഞാൻ കാണാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇന്നാള് ബംഗ്ലാദേശികളുടെ അടുത്ത് കരഞ്ഞ് കാൽ പിടിച്ച് ഇത്തിരി ചോറ് പിടിച്ച് പറിച്ചതു പോലെ വാങ്ങി കഴിച്ചത്രെ. എന്നിട്ട് പോകാൻ നേരം പത്തു റിയാൽ കൊടുത്തിട്ടു പോയി. അവർ അത് അവന്റെ കയ്യിൽ തന്നെ കൊടുത്തിട്ട്, ഇനി മേലാൽ ഇങ്ങോട്ടു വരരുതെന്ന് പറഞ്ഞു വിട്ടു...!”

പിന്നെ കുറച്ചു നേരം അബ്ദുളിന്റെ വീട്ടിലും സച്ചിയുടെ വീട്ടിലും പോയ വിശേഷങ്ങൾ പറഞ്ഞിരുന്നു. അതു കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“അല്ല, നമ്മളെ ഇനി എന്നാ കൊണ്ടു പോണെ..?”
“നമ്മളെ രണ്ടാളേം ഒരുമിച്ച് കൊണ്ടു പോകില്ലെന്നാ റോത്ത പറഞ്ഞത്...!”
“പിന്നെങ്ങനെ..?”
“അടുത്ത ചാൻസ് ഞാനായിരിക്കുമെന്നാ പറഞ്ഞത്. തനിക്ക് മറ്റെ കമ്പനിക്കാരു വന്ന് ചാർജ്ജ് ഏൽ‌പ്പിച്ചിട്ടേ പോകാനൊക്കൂ...”
“ഈശ്വരാ, ഇതു വരെയുള്ള നമ്മുടെ സൌഹൃദങ്ങളെല്ലാം തകർത്തെറിയാണല്ലൊ ഈ മുടിഞ്ഞ കമ്പനിക്കാര്....”

എനിക്ക് എന്തെന്നില്ലാത്ത വിമ്മിഷ്ടം തോന്നി.
എവിടെന്നൊക്കെയോ വന്ന് ഒത്തു കൂടിയവർ.
ഈ ഓണം കേറാമൂലയിൽ ഏകോദരസഹോദരങ്ങളെപ്പോലെ ഉള്ളത് കഴിച്ച് വിശപ്പടക്കി കഴിച്ചുകൂട്ടിയവർ.
ഒരു മുന്നറിയിപ്പുമില്ലാതെ ഒത്തു കൂടിയവർ, ഇപ്പോഴിതാ ഒരു മുന്നറിയിപ്പോ എവിടേക്കെന്നോ അറിയാതെ വേർപിരിയാൻ പോകുന്നു.
ഈ നാടും ഇവിടത്തെ ജീവിത രീതികളും എത്ര വിചിത്രം...!

ഒരാഴ്ച കഴിഞ്ഞതേയുള്ളു, സച്ചിയെ കൊണ്ടു പോകാൻ എഞ്ചിനീയർ റോത്ത എത്തി. എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് റോത്തക്കും അറിയില്ല.
ഓഫീസ്സിൽ നിന്നും ഒരു വണ്ടി ആളാകുമ്പോൾ  അൽ ഖസ്സീമിനയക്കും.
അവിടെ കമ്പനിയുടെ ഓഫീസ്സുണ്ട്.
പിന്നെ അവരാണ് കൈകാര്യം ചെയ്യുക.
കെട്ടിപ്പിടിച്ച് സങ്കടപ്പെടാനല്ലാതെ ഞങ്ങൾക്കെന്തു കഴിയും.
മൂന്നു വർഷത്തോളം നീണ്ട ആ ബന്ധം അവിടെ അവസാനിക്കുകയാണോ...?

അന്നു മുതൽ ഞാൻ ഒറ്റക്കായി.  
ഇരുപത്തിനാലു മണിക്കൂറും എനിക്ക് തന്നെ ഡ്യൂട്ടി.
ഒന്നു കടയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ഹസ്സർ ബായിയും, മാനേജർ സൌദിക്കാരനായ ഉമ്മറും എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി എനിക്ക് കടയിൽ പോകേണ്ട എന്ത് ആവശ്യത്തിനും കാറുമായി വരും. അതുകൊണ്ട് പെട്ടെന്ന് പോയി വരാം.

ഒരു ദിവസം ഉമ്മർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.
“ശനിയാഴ്ച വരെയെ നീ ഉണ്ടാകൂ. ഇവിടെ അന്നു മുതൽ പുതിയ കമ്പനിക്കാർ വരും. നിങ്ങളെ എവിടേക്കാ കൊണ്ടുപോകുന്നതെന്ന് വല്ല അറിവുമുണ്ടോ..?”
“ഒരു വിവരവുമില്ല. ആദ്യം പോയ അബ്ദുളിന്റെ ഒരു വിവരവുമില്ല...”
ഞാനാകെ സങ്കടത്തോടെയാണ് പറഞ്ഞത്.
അവനെന്നെ അടുത്ത കസേരയിൽ പിടിച്ചിരുത്തി.
എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് അവൻ പതിയെ ചോദിച്ചു.
“നിനക്ക് ഇവിടന്ന് പോകണമെന്നുണ്ടോ...?”

ആ ചോദ്യത്തിന് പെട്ടെന്നുരുത്തരം പറയാൻ പറ്റിയില്ല.
ഞങ്ങൾ വന്ന കാലം മുതൽ ഇവിടന്ന് ഒന്ന് സ്ഥലം മാറ്റം കിട്ടാൻ എത്രയോ പ്രാവശ്യം ദൈവത്തെ വിളിച്ച് കരഞ്ഞിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോഴാണ് സച്ചി ആ സത്യം കണ്ടെത്തിയത്. “നമ്മുടെ ദൈവങ്ങൾക്കൊന്നും ഇവിടെ പ്രവേശനമില്ലെന്ന് അറിയില്ലേ. പിന്നെങ്ങനെ കേൾക്കാനാ നമ്മുടെ പ്രാർത്ഥന...!”

പത്രമാസികകളിൽ അച്ചടിച്ചു വരുന്ന വല്ല പള്ളിയോ, കുരിശോ അല്ലെങ്കിൽ വല്ല ബിംബങ്ങളോ ഒക്കെ കരിവാരിത്തേച്ച് മറച്ച് പുറത്തു വിടുന്ന സർക്കാരിന്റെ  പ്രവർത്തിയാണ് സച്ചിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
“ങാ...അത് ശരിയാണല്ലൊ. ഞാനക്കാര്യം മറന്നുപോയി. എന്നാപ്പിന്നെ അബ്ദുളിനേയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ അവരുടെ ദൈവത്തിന്..!!?”
നാട്ടിലുള്ള പെൺകൊച്ചിനെ ദിവാസ്വപ്നവും കണ്ടു കിടക്കുകയായിരുന്ന അബ്ദുൾ അത് കേട്ട് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“നമ്മൾ ഇൻഡ്യക്കാരുടെ കാര്യത്തിൽ ഒരു ദൈവവും ഇടപെടില്ല. അതിൽ ജാതീം മതോന്നുമില്ല. അവസാനം വേണമെങ്കിൽ എല്ലാവരും കൂടി ഒന്നു കരഞ്ഞാൽ നമ്മുടെ ശവം കേറ്റാൻ വിമാനത്തിൽ ഇത്തിരി സ്ഥലമുണ്ടാക്കിത്തരും നമ്മുടെ സർക്കാര്..!!”

ഉമ്മറിന്റെ ചോദ്യം പെട്ടെന്ന് ഓർമ്മിപ്പിച്ചത് അതായിരുന്നു.
എന്നിട്ടും ഞാൻ ഉമ്മറിനോട് നുണ പറഞ്ഞു.                                            
“ഇല്ല...!”
“നീ ചെന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത  സ്ഥലത്താണ് എത്തിപ്പെടുന്നതെങ്കിൽ, അല്ലെങ്കിൽ ഈ ജോലി വേണ്ടായെന്നാണ് തോന്നുന്നതെങ്കിൽ നീ എന്നെ വിളിക്ക്...!”
“എന്തിന്..?”
“ഞാൻ നിനക്ക് വിസ തരാം...!!”
അതൊരു അപൂർവ്വ അവസരമായിരുന്നു.
ശരിക്കും എന്റെ കണ്ണു തള്ളി.
എന്നാലും ഞാൻ ചോദിച്ചു.
“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു...!! ബാക്കി ജനുവരി 1-ന് .   

Monday, 1 December 2014

നോവൽ. മരുഭൂമി (29)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.


തുടർന്നു വായിക്കുക...

ഉത്തരമില്ലാത്ത ചോദ്യം..

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

സീക്കുവിന് ഭക്ഷണം പാകം ചെയ്യാൻ ഗ്യാസുണ്ടായിരുന്നില്ല.
കാലി സിലിണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു.
അത് മക്കയിൽ കൊണ്ടു പോയാലെ നിറച്ചു കിട്ടൂ.
ഞങ്ങൾക്ക്  ആശുപത്രിയിലെ സിലിണ്ടർ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു.
അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതു കൊണ്ട് ചോറ് കിട്ടാനും ഒരു വഴിയുമില്ലായിരുന്നു.

ഒരുമാസം എങ്ങനെ കടന്നു പോയതെന്നറിയില്ല.
അബ്ദുൾ തിരിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്...!
ഇത്ര വേഗം ഒരു മാസം തീർന്നോ...?
അബ്ദുൾ തിരിച്ചു വന്നപ്പോൾ കുറെ ദിവസത്തെ പത്രങ്ങളും കൊണ്ടു വന്നിരുന്നു.
അതിൽ നിന്നാണ് ഇറാക്ക് കുവൈറ്റ് പിടിച്ചടക്കിയ കഥകളൊക്കെ കുറച്ചു വിശദമായി ഞങ്ങൾ അറിയുന്നത്. അതിനു മുൻപ് പലതും ലുങ്കിക്കഥകളായി കിടന്നതു കൊണ്ട് ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കാതിരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നെയുള്ള കഥകൾ നാട്ടിൽ നിന്നും കേട്ടറിഞ്ഞ ‘നാട്ടുകഥ’കളായും അബ്ദുൾ പറഞ്ഞു തന്നു.

ഒരു കുഞ്ഞു രാജ്യത്തെ ഇറാക്ക് പിടിച്ചടക്കിയിട്ടും അതിനെതിരെ ഒന്നും പറയാത്ത ഇൻഡ്യയുടെ മൌനത്തെയായിരുന്നു മറ്റുള്ളവർ വിമർശിച്ചിരുന്നതത്രെ. അതെന്തു കൊണ്ടാണെന്ന് ഞങ്ങളും ആലോചിച്ചിരുന്നു.
അന്ന് ഞങ്ങളുടെ ചില സൈറ്റുകളിൽ ഇറാക്കിൽ പോയി ജോലി ചെയ്തിട്ടുള്ളവർ ഉണ്ടായിരുന്നു.
അവർ പറഞ്ഞ കഥകളിലൂടെ ഇറാക്കി പ്രസിഡണ്ട് സദ്ദാം ഹുസ്സൈനെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീരനായകനായിരുന്നു...!!

ചില വൈകുന്നേരങ്ങളിൽ പൊടുന്നനെ പട്ടാളക്കാർ ബാഗ്ദാദിലെ റോഡിൽ അണി നിരക്കും.
ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന പട്ടാള ജീപ്പിൽ നിന്നും ആജാനബാഹുവായ ഒരാൾ പട്ടാളയൂണിഫോമിൽ ഇറങ്ങി വരുന്നു.
സദ്ദാം....!?
അതെ, ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസ്സൈൻ...!!
റോഡിലുള്ള ആളുകൾ ആകാംക്ഷയും ബഹുമാനവും ഭയവും ചേർന്ന മനോഭാവത്തിൽ ഉറ്റു നോക്കുന്നു. പരിചയമുള്ളവരുടെ നേരെ നോക്കി അദ്ദേഹം കൈ പൊക്കുന്നു. ചിലരൊക്കെ ചെന്ന് അദ്ദേഹത്തിന് മുത്തം കൊടുക്കുന്നു. മറ്റു ചിലർ അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കുന്നു. ഒരിടത്ത് ഒതുങ്ങിമാറി കൂട്ടം കൂടി നിന്ന് കണ്ണും തള്ളി  ശ്രദ്ധിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇൻഡ്യാക്കാരെ  കണ്ടതും അദ്ദേഹം കൈ പൊക്കി “ഹിന്ദീ!!?”
എന്നൊരു ചോദ്യം.
കോരിത്തരിച്ചുപോകുന്ന ഇൻഡ്യക്കാർ കൈ പൊക്കി വാ പൊളിച്ചു നിൽക്കും...!
ആകെക്കൂടി ഒരു പട്ടാളച്ചന്തം....!!
അതെ, ഒരു ഒറ്റയാൻ കൊമ്പനാനച്ചന്തം...!!!

ഇത്തരം ബഡായികൾ കേട്ട് കോരിത്തരിച്ചു നിന്നിട്ടുള്ള ഞങ്ങൾക്ക് കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ സദ്ദാം കീഴടക്കിയത് അംഗീകരിക്കാനായില്ലെങ്കിലും അദ്ദേഹത്തെ വെറുക്കാനായില്ല. സൌദിയുടെ ഒരു ചെറിയഭാഗം കൂടി സദ്ദാം പിടിച്ചിട്ടുണ്ടെന്ന്  കേട്ടപ്പോൾ വാസ്തവത്തിൽ ഞങ്ങൾക്ക് സന്തോഷമാണുണ്ടായത്.

സദ്ദാം കേറിക്കേറി വന്ന് ഞങ്ങൾക്ക് ശമ്പളം തരാത്ത കമ്പനിയേയും അതിനു കൂട്ടു നിൽക്കുന്ന സർക്കാരിനേയും ഒരുപാഠം പഠിപ്പിക്കാൻ സദ്ദാം  വിചാരിച്ചാലെ സാധിക്കൂ എന്ന് ഞങ്ങൾ കരുതി. വല്ലപ്പോഴും ആശുപത്രിയിൽ നിന്നും  എടുത്തു കൊണ്ടു വരുന്ന ടീവിയിൽ യുദ്ധവാർത്തകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ലാത്ത സൌദികൾ യുദ്ധം ചെയ്യുന്ന സീനുകൾ കാട്ടി ജനങ്ങളുടെ മനസ്സിൽ നിന്നും  ഭീതിയകറ്റി മാതൃരാജ്യത്തോട്  കൂറു  പ്രഖ്യാപിക്കുന്ന പ്രക്രിയ ആയിരുന്നു അതെല്ലാം.

ഞങ്ങളുടെ മനസ്സിൽ സദ്ദാമിന്റെ പ്രവർത്തിയോട് പ്രതികരിക്കാത്ത ഇൻഡ്യയുടെ മനോഭാവത്തിലുള്ള പ്രതിഷേധം ഒരു കുറ്റബോധമായി അങ്ങനെ കിടക്കുമ്പോഴാണ്, ഞങ്ങൾക്ക് വാഴത്തോട്ടത്തിലെ ആ പണി കിട്ടുന്നത്.
പത്തൻപത് വാഴകളുണ്ടായിരുന്നു.
അതിന്റെ കളകളെല്ലാം പറിച്ചു കളഞ്ഞ് തടമെടുക്കലായിരുന്നു പണി.
ദിവസവും മാറിമാറി ഞങ്ങൾ പോയിക്കൊണ്ടിരുന്നു.
അന്ന് പോകുമ്പോൾ ഞാനും സച്ചിയുമായിരുന്നു കൂട്ട്.
കൂട്ടത്തിൽ ഒരു പഴയ റേഡിയോയും കയ്യിലെടുത്തു.
അതിൽ ഷോർട്ട് വേവ് സ്റ്റേഷൻ കിട്ടുമായിരുന്നു.

ചില ദിവസങ്ങളിൽ ഡെൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും കിട്ടുമായിരുന്നു. ഒരു വാർത്തയുടെ തുടക്കം കേട്ടാൽ ബാക്കി മുങ്ങിപ്പോകും. ചിലതിന്റെ അവസാനം മാത്രം പൊന്തിവരും. ഒരു വാർത്തയും നേരെ ചൊവ്വെ മുഴുവനായി കേട്ടിരുന്നില്ല.
പക്ഷേ, നാ‍ട്ടിൽ നിന്നും പറന്നു വരുന്ന ആ മലയാളം വാക്കുകൾ ഞങ്ങളുടെ സിരകളെ വല്ലാതെ ഉത്തേചിപ്പിച്ചിരുന്നു. വാർത്തകൾ വായിക്കുന്ന ഗോപന്റെ ശബ്ദം കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നു നിൽക്കും...!
അതൊരു സുഖമായിരുന്നു...!
ഒരു വികാരമായിരുന്നു...!

പണിക്ക് മമ്മട്ടി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഒരാൾ കിളക്കുമ്പോൾ മറ്റെയാൾ വെറുതെ ഇരിക്കും. എന്റെ വിശ്രമ സമയം വരുമ്പോൾ ഞാൻ റേഡിയോയിൽ പുതിയ വല്ല സ്റ്റേഷനും കണ്ടെത്താൻ കഴിയുമോന്നറിയാൻ തിരിച്ചു കൊണ്ടിരിക്കും. അങ്ങനെ തിരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു തമിഴ് സ്റ്റേഷൻ പെട്ടെന്ന് ക്ലിയറായി കയറി വന്നു.
ലണ്ടനിൽ നിന്നുമുള്ള ഒരു പ്രക്ഷേപണമാണ്.
തമിഴാണെങ്കിലും ‘ഹബീബ’ യിലൂടെ കുറച്ചൊക്കെ മനസ്സിലാകുമായിരുന്നു.
ചോദ്യോത്തര പംക്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നമ്മുടെ  അയലോക്കത്തെ ഭാഷയല്ലെ. കുറച്ചെങ്കിലും മനസ്സിലാകുന്നതു കൊണ്ട് സച്ചി പണി നിറുത്തി അത് കേൾക്കാനായി അടുത്ത് വന്നിരുന്നു.
വിഷയം സദ്ദാമിന്റെ കുവൈറ്റ് പിടുത്തം.
അക്കാലത്ത് ഇറാക്കും കുവൈറ്റുമായിരുന്നു എവിടേയും സംസാര വിഷയം.
ഒരു സ്ത്രീശബ്ദം  ചോദിക്കുന്നു.
“കുവൈറ്റെന്ന ഒരു കൊച്ചു രാജ്യത്തെ ഒരു കാരണവും ഇല്ലാതെ നിഷക്കരുണം കീഴടക്കിയിട്ടും ഇറാക്കിനെ  ഭാരത സർക്കാർ എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല...?”
അതു കേട്ട് ഞങ്ങൾ ജാഗരൂകരായി കാതും കൂർപ്പിച്ചിരുന്നു. ഞങ്ങളും കുറേ ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന ഉത്തരം.
അതിനു മറുപടിയായി ഒരു പുരുഷശബ്ദം.
“അതിന് ഒരു കാരണമുണ്ട്. ഇൻഡ്യാ പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോൾ നമ്മുടെ ഭാഗത്ത് സഹായത്തിനായി റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകരാഷ്ട്രങ്ങളോടൊപ്പം പല ഗൾഫ് രാഷ്ട്രങ്ങളും നിഷ്പ്പക്ഷത പാലിച്ചെങ്കിലും, പലരുടേയും മനസ്സും സാമ്പത്തിക സഹായവും അടിയൊഴുക്കുകളായി പാക്കിസ്ഥാനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഇറാക്ക്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ഫോണിൽ വിളിച്ച് സദ്ദാം പറഞ്ഞുവത്രെ. “മാഡം.. ഈ യുദ്ധത്തിൽ ഞങ്ങളേക്കൂടി പങ്കാളികളാക്കൂ. അറേബ്യൻ കടലിലോ കരയിലോ നിങ്ങളോടൊപ്പം യുദ്ധം ചെയ്യാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തയ്യാറായിരിക്കുന്നു..!!”
ഇന്ദിരാഗാന്ധി മറുപടിയായി പറഞ്ഞുവത്രെ.
“ പ്രിയ സദ്ദാം... നിങ്ങളുടെ ഈ ആഗ്രഹത്തോട് ഇൻഡ്യൻ ജനത എന്നും നന്ദിയുള്ളവരായിരിക്കും. പക്ഷേ, ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഈ യുദ്ധം വിജയിപ്പിക്കാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തന്നെ ധാരാളം. ഞാനും എന്റെ ജനതയും നിങ്ങളോടും അവിടത്തെ ജനതയോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു...!!
പിന്നെങ്ങനെയാണ് നാം ഇറാക്കിനെ അപലപിക്കുക....!!?”

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു.
ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

ബാക്കി ഡിസംബർ  15-ന് .   

*റേഡിയോ സംഭാഷണം സത്യമായിരുന്നെങ്കിലും ഉള്ളടക്കത്തിലെ സത്യാവസ്ഥക്ക് തെളിവൊന്നും പിന്നീട് വായനയിൽ ഒരിടത്തും കണ്ടെത്തിയതായി ഓർക്കുന്നില്ല.