കാലം തെറ്റിയ മഴ.
മാറൈൻ ഡ്രൈവിലെ ചാരു ബഞ്ചിലിരുന്ന് കായലിലെ ഓളങ്ങളെ ശ്രദ്ധിച്ചിരിക്കാൻ എന്തു രസമാണ്. സമയം പോകുന്നത് അറിയില്ല. യാത്രാ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കായലിലൂടെ ലക്ഷ്യസ്ഥാനം തേടി അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു. സന്ദർശകരേയും കൊണ്ട് ഒഴുകി നടക്കുന്ന യാനങ്ങൾ വേറേയും മുന്നിൽ കൂടി പോയ്ക്കൊണ്ടിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധാരാളമായി നടപ്പാതയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്.
കായൽ മുഖത്തേക്ക് തിരിച്ചിട്ടിരുന്ന ചാരുബെഞ്ചിൽ അമ്മയുടെ മടിയിൽ കയറിയിരുന്ന് ഐസ്ക്രീമിനു വേണ്ടി ബഹളം വക്കുകയാണ് ഇളയവൻ ചിഞ്ചു. അവൻ ഇത്തരം യാത്രകൾക്കു വേണ്ടി ബഹളം വക്കുന്നതും വരുന്നതും തന്നെ വഴിയിൽ കാണുന്ന എന്തും വാങ്ങിക്കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ്. കാഴ്ചകൾ കാണുന്നതൊന്നും അവനൊരു പ്രശ്നമേയല്ല. മൂത്തവൾ തൊട്ടുമുൻപിൽ തന്നെ കായലിലേക്ക് കാലുമിട്ട് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നുണ്ട്. അവളേക്കൊണ്ട് യാതൊരു ശല്യങ്ങളുമില്ല. അനിയന്റെ ആവശ്യമില്ലാത്ത തീറ്റഭ്രാന്തിന് തടയിടാൻ അവൾ വിചാരിച്ചാലെ പറ്റു. അനിയന് ചേച്ചിയെ അത്രക്കിഷ്ടമാണ്.
അമ്മയും അച്ഛനും ജോലിക്കു പോയിക്കഴിഞ്ഞാൽ അനിയനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സ്കൂൾ വണ്ടിയിൽ കയറ്റി വിടുന്നതും മറ്റും ചേച്ചി ‘ഇച്ചേയി’യുടെ ജോലിയാണ്. അങ്ങനെയാണ് ചിഞ്ചു ചേച്ചിയെ വിളിക്കുക.
‘ഇച്ചേയീ..’ എന്ന അനിയന്റെ ഒറ്റ വിളി മതി, എന്തു മലമറിക്കണ പണിയാണെങ്കിൽ പോലും അതെല്ലാം ഇട്ടെറിഞ്ഞിട്ടോടി വരാൻ. കാരണം ഇച്ചേയിക്ക് അത്രക്കിഷ്ടമാ തന്റെ ഒരേയൊരു പൊന്നനിയനെ.
ഇനി ആരെങ്കിലും അവനെ കളിയാക്കാനായി ‘ഇച്ചേയിയോ.. അതാരാ...?’ എന്നു ചോദിച്ചാൽ ചിഞ്ചു അയാളെ ഒന്നു ക്രൂദ്ധിച്ചു നോക്കും. തൽക്കാലം മറുപടി അർഹിക്കുന്നില്ലെന്ന പോലെ പിന്മാറിക്കളയും. വീണ്ടും ചോദിച്ചാൽ അവൻ പറയും.
“ന്റെ അമ്മ..!!”
തന്റെ ഇച്ചേയിയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവന് സഹിക്കില്ല. അത് അഛനോ അമ്മയോ ആയാൽ പോലും.. പുറത്ത് പോകുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ വാങ്ങാൻ ബഹളം വക്കുമ്പോൾ അഛനൊ അമ്മയൊ ഇച്ചേയിയുടെ നേരെ ഒന്നു കണ്ണു കാണിക്കും. ഉടനെ ശാഢ്യം പിടിച്ചു കരയുന്ന അനിയനെ ചേർത്തു പിടിച്ച് പറയും.
“ഇച്ചേയീടെ കുട്ടായിയല്ലെ... കുട്ടായി കരഞ്ഞാൽ ഇച്ചേയിക്കും കരച്ചിൽ വരും...!”
അതു കേട്ടതും ഒരു ഞെട്ടലാണ് കുട്ടൻ...!
ഉടനെ വാശിയും കരച്ചിലും നിറുത്തി നല്ല കുട്ടിയാകും. പിന്നെ വീട്ടിലെത്തുന്നതു വരെ ഒരു കുഴപ്പവുമില്ലാതെ ഇച്ചേയിയുടെ കയ്യും പിടിച്ച് നടന്നോളും.
രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇച്ചേയി മറ്റു കൂട്ടുകാരോടൊപ്പം നടന്നാണ് സ്കൂളിൽ പോകുക. ഇച്ചേയി സ്കൂളിൽ എത്തിയിട്ടേ ചിഞ്ചുവിന്റെ സ്കൂൾ വണ്ടി പട്ടണമൊക്കെ കറങ്ങിക്കറങ്ങി എത്തുകയുള്ളു. സ്കൂൾ വിടുമ്പോഴും ചിഞ്ചുവിനെ സ്കൂൾ ബസ്സിൽ കയറ്റിയിരുത്തിയിട്ടെ ഇച്ചേയി നടപ്പു തുടങ്ങു. ഇച്ചേയി വിട്ടിലെത്തി കുളി കഴിയുമ്പോഴേക്കും അനിയനും എത്തും. പിന്നെ അനിയനെ കുളിപ്പിച്ച് ചായയും പലഹാരങ്ങളും കൊടുത്ത്, രണ്ടു പേരുടെയും ഹോം വർക്കും കഴിയുമ്പോഴേക്കും അമ്മയെത്തും. അതു കഴിഞ്ഞിട്ടാണ് രണ്ടു പേരും കൂടി ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടിലേക്ക് പോകുക. ഒരേ വീട്ടിൽ തന്നെയാണ് അതും. ട്യൂഷൻ കഴിയുമ്പോഴേക്കും നന്നായി ഇരുട്ടിയിട്ടുണ്ടാവും. പടിക്കൽ അഛൻ കാത്തു നിൽക്കു മെന്നുറപ്പുണ്ട് ‘ഇച്ചേയിയുടെ കുട്ടായി’ക്ക്. അഛനെ കണ്ടു കഴിഞ്ഞാൽ പിന്നെ ചിഞ്ചുവിന് ഒരടി നടക്കാൻ പറ്റില്ല. ചിഞ്ചു കൊഞ്ചിക്കൊണ്ടു പറയും.
“അവ്ടെ കുത്തീരുന്ന് പട്ച്ച് പട്ച്ച് ന്റെ കാലൊക്കെ വേദ്നിക്കനുഛാ...!”
ദിവസവും ഇതു കേൾക്കുന്ന അഛന് ചിരി പൊട്ടും. പിന്നെ താമസമില്ല.
‘അമ്പടാ.. കള്ളക്കുട്ടാ...’ ന്നും പറഞ്ഞ് അവനെ എടുത്ത് തോളത്തിടും. ചിഞ്ചുക്കുട്ടൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് വീട്ടിൽ ചെല്ലുമ്പൊഴാ അഛനു മനസ്സിലാകുക. ചിഞ്ചു വീട്ടിലെത്തുമ്പോഴേക്കും തോളിൽ കിടന്ന് ഉറങ്ങിയിരിക്കും.
പിന്നെ ഉറക്കത്തിൽ തന്നെ മടിയിൽ ചാരിയിരുത്തി ചോറ് കൊടുക്കേണ്ട ചുമതല ഇച്ചേയിക്കാണ്. അമ്മയാണ് ചോറ് കൊടുക്കുന്നതെങ്കിൽ അന്ന് ഇടിയും ബഹളത്തിലുമായിരിക്കും അവസാനിക്കുക. കാരണം അവന്റെ ടൈംടേബിൾ അനുസരിച്ചായിരിക്കില്ല അമ്മയുടെ ചോറ് കൊടുക്കൽ.
ഉരുളയാക്കിയ ചോറ് കൂട്ടാന്റെ ചാറിൽ നന്നായി മുക്കി വായിൽ വയ്ക്കണം. എന്നാലും ചിഞ്ചു വായ കൂട്ടില്ല. അതിനു പിന്നാലെ വറുത്ത മീൻ ഒരു കഷണം കൂടി അകത്തു വച്ചാലെ ചിഞ്ചു വായടച്ച് തിന്നാൻ തുടങ്ങു. ഈ ടൈംടേബിൾ അമ്മ പാലിക്കില്ല. അന്നേരം ചിഞ്ചൂനു ദ്വേഷ്യം വരും. വായിൽ കിടന്നത് അമ്മയുടെ മേത്തേക്കു തന്നെ തുപ്പും. പിന്നെ വേണ്ടാത്ത പുകിലൊക്കെ ഉണ്ടാക്കും. അടി, ഇടി, ചവിട്ട്, കുത്ത് കൂടാതെ അമ്മയുടേയും മോന്റേയും അത്താഴപ്പട്ടിണിയിലേ അതവസാനിക്കൂ.
ഇച്ചേയി ഇതൊക്കെ കൃത്യമായി പാലിച്ചേ ചോറു കൊടുക്കൂ. അതുകൊണ്ട് ചിഞ്ചുവിന് ഇച്ചേയി ചോറു വായിൽ വച്ചു തരുന്നതാ ഇഷ്ടം. അതിലേറെ ഇഷ്ടമെന്തെന്നാൽ, ഈ നേരത്തൊന്നും ചിഞ്ചുവിനു കണ്ണു തുറക്കേണ്ട ആവശ്യം വരുന്നേയില്ല. വയറു നിറച്ചിട്ടേ ഇച്ചേയി നിറുത്തു. അതു കഴിഞ്ഞാൽ ചിഞ്ചുവിനെ എടുത്തു കിടത്തണം. ഇച്ചേയി എടുത്താൽ പൊങ്ങില്ല. പിന്നെ അഛനാണ് എടുത്തു ബഡ്ഡിൽ കിടത്തുക.
സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നു പൊയ്ക്കോണ്ടിരുന്നത്.
ദുഷ്ടനെ പന പോലെ വളർത്തുമെങ്കിലും സാധാരണക്കാർക്ക് കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും വളരെ നേരത്തെ തന്നെ തല്ലിക്കെടുത്തും...!
അല്ലെങ്കിൽ ആകാശത്ത് ഒരു കഷണം കാർമേഘം പോലും ഇല്ലാത്ത, അതും ചൂടുകൊണ്ട് മനുഷ്യൻ ഉരുകിയൊലിക്കുന്ന ഈ നടു വേനലിന്റെ സമയത്ത് അങ്ങനെ ഒരു മഴ പെയ്യേണ്ട ഒരു സാദ്ധ്യതയുമുണ്ടായിരുന്നില്ല..!
പെട്ടെന്നെഴുന്നെള്ളിയെത്തിയ മഴയത്ത് നനഞ്ഞൊലിച്ച് അയാൾ അവിടെ ഒരു വാഴയില തരുമൊന്ന് ചോദിച്ച് കയറി വരേണ്ട ഒരു കാര്യവുമില്ല. റോഡിൽ നിന്നും കയ്യെത്തിച്ച് ഒടിച്ചെടുക്കാവുന്ന രീതിയിൽ വാഴയില നിന്നിട്ടും, അല്ലെങ്കിൽ പടിക്കൽ തന്നെയുള്ള ഭാസ്ക്കരേട്ടന്റെ മുറുക്കാൻ കടയിൽ കയറി നിൽക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. നേരെ ഇറയത്തേക്ക് ഓടിക്കയറി വന്നിട്ടാണ് മഴ നനയാതിരിക്കാൻ ഒരു വാഴയില വെട്ടിയെടുത്തോട്ടേന്ന് ചോദിച്ചത്.
ഇച്ചേയി ഇറങ്ങിച്ചെന്നതും അയാൾ സൂക്ഷിച്ചൊന്നു നോക്കി. പെണ്ണെന്നു പറയാറായിട്ടില്ല. എന്നാലും..?! പിന്നെ അകത്തേക്കും ഒന്നെത്തി നോക്കി. ചിഞ്ചു നിലത്തിരുന്ന് എഴുത്തു പലകയുടെ മുകളിൽ വച്ച ബുക്കിൽ എന്തൊ എഴുതിക്കൊണ്ടിരിക്കുന്നു. അകത്ത് മുതിർന്നവർ ആരുമില്ലെന്ന് ഉറപ്പു വരുത്താനായിരിക്കും അയാൾ ചോദിച്ചത്.
“മോളെ... കുടിക്കാനിത്തിരി വെള്ളം തരാമൊ..”
അവൾ തലയൊന്നാട്ടിയിട്ട് അകത്തേക്ക് തിരിഞ്ഞതും ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് അയാളോടായി ചോദിച്ചു.
“ഒരു ഗ്ലാസ് പായസം തരട്ടെ, കുടിക്കാമോ...”
“ഇന്നെന്താ വിശേഷം...?” ഒരു പരിചയക്കാരനെന്ന പോലെ അയാൾ വിശേഷം ചോദിച്ചു.
“ ഇന്ന് ചിഞ്ചൂന്റെ പിറന്നാളാ...” ചിഞ്ചുവിനെ ചുണ്ടി അതു പറഞ്ഞപ്പോൾ, കുട്ടായി തല ഉയർത്തി അഭിമാനപൂർവ്വം ഒന്നു പുഞ്ചിരിച്ചു.
ഇച്ചേയി അകത്തേക്കു പോയ തക്കത്തിന് പുറത്തൊക്കെ ഒന്നു നിരീക്ഷിച്ചിട്ട് അയാൾ അകത്തേക്കു കയറി. ചിഞ്ചു തന്റെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ഇച്ചേയി ഒരു ഗ്ലാസ്സിൽ വെള്ളവും ഒരു ഗ്ലാസ്സിൽ പായസ്സവുമായി വന്നു. ആദ്യം വെള്ളം വാങ്ങിക്കുടിച്ച അയാൾ ആ ഗ്ലാസ് തിരിച്ചു കൊടുത്തിട്ട് പായസ്സ ഗ്ലാസ് വാങ്ങി. പായസ്സം ഒന്നു മൊത്തിയ അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയ ഇച്ചേയിയുടെ കഴുത്തിൽ തന്നെ കയറിപ്പിടിച്ചു...!
പെട്ടെന്നു തിരിഞ്ഞ ഇച്ചേയി അയാളുടെ വന്യമായ മുഖം കണ്ട് ഞെട്ടി...!
പേടിച്ചു പോയ ഇച്ചേയി “ചിഞ്ചൂ...” എന്നുറക്കെ വിളിച്ചു...
ആ വിളി മുഴുവനാക്കുന്നതിനു മുൻപു തന്നെ അയാൾ പായസ്സ ഗ്ലാസ് താഴെയിട്ടിട്ട് അവളുടെ വായ പൊത്തി. പെട്ടെന്നതു കണ്ട് ഞെട്ടി എഴുന്നേറ്റ ചിഞ്ചു ഓടിച്ചെന്ന് അയാളെ തള്ളിമാറ്റാൻ ഒരു ശ്രമം നടത്തി.
“വിടെടാ.. പട്ടി.. ന്റെ ച്ചേയിയേ...” ന്നൊക്കെ പറഞ്ഞെങ്കിലും അയാൾ അതൊന്നും ഗൌനിക്കാതെ അപ്രതീക്ഷിത ആക്രമണത്തിൽ തളർന്നു പോയ ഇച്ചേയിയുടെ ശരീരം താഴെ കിടത്താനായിരുന്നു നോക്കിയത്.
ശബ്ദിക്കാൻ പോലും കഴിയാതെ കണ്ണു മിഴിച്ച ഇച്ചേയിയെ കണ്ട് ചിഞ്ചുവിന്റെ രക്തം തിളച്ചു. ശരീരം വിറകൊണ്ടു. അവൻ അയാളുടെ കൈത്തണ്ടയിൽ തന്നെ ശക്തമായൊരു കടി കൊടുത്തു. ആരെങ്കിലും വഴക്കിനു വന്നാൽ അവന്റെ അവസാന ആയുധമായിരുന്നു കടി. നന്നായി വേദനിച്ച അയാൾ അവനെ ശക്തമായി കുടഞ്ഞെറിഞ്ഞു. അവൻ അപ്പുറത്തെ ചുമരിലെ ഷോകേസ്സിന്റെ ഗ്ലാസ്സിൽ തലയടിച്ച് താഴെ വീണു...!
കണ്ണിൽക്കൂടി എന്തോക്കെയോ പറക്കുന്നത് ഒരു നിമിഷം ചിഞ്ചു ആദ്യമായി കണ്ടു. ഒരു നിമിഷ നേരത്തെ മന്ദതക്കു ശേഷം വേദനിച്ച തലയിൽ കൈ തടവിയിട്ട്, എവിടെയാണ് തന്റെ തല ഇടിച്ചതെന്നു നോക്കി. അപ്പോഴാണ് ഷോകേസ്സിനകത്ത് വച്ചിരുന്ന ആ കുപ്പി കണ്ണിൽ പെട്ടത്...!
മുമ്പൊരിക്കൽ കന്യാകുമാരിയിൽ പോയപ്പോൾ വാങ്ങിയതാണ്. ആ ചതുരക്കുപ്പിക്കകത്ത് ഒരു ‘പായ്ക്കപ്പൽ’ കടത്തി വച്ചിട്ടുണ്ടായിരുന്നു. അതെങ്ങനെയാണ് ആ പായ്ക്കപ്പൽ ഇത്തിരിപ്പോന്ന വായയിൽകൂടി അകത്തു കടത്തി വച്ചതെന്ന് ഇച്ചേയിക്കു പോലും അറിയില്ല...!
മന്ദത മാറിയതോടെ അവൻ ചാടിയെഴുന്നേറ്റു. ഇച്ചേയിയുടെ ശക്തി കുറഞ്ഞ ഞരക്കം നേർത്തു വരുന്നത് അവൻ കണ്ടു. ഷോകേസ്സിന്റെ ഗ്ലാസ്സ് ഒരു വശത്തേക്കു മാറ്റി ആ കുപ്പി പുറത്തെടുത്തു.
നല്ല കനമുണ്ടായിരുന്നതു കൊണ്ട്, താഴെ വീണ് പൊട്ടിപ്പോകുമെന്നു പറഞ്ഞ് ഇച്ചേയി എടുക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോഴവനു മനസ്സിലായി ഇച്ചേയി പറഞ്ഞ പോലെ നല്ല കനമുണ്ട്.
കുപ്പിയുടെ കഴുത്തിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് തലക്കു മുകളിൽ പൊക്കി സർവ്വശക്തിയുമെടുത്ത്, ഇച്ചേയിയുടെ വായ പൊത്തിപ്പിടിച്ച് മുകളിൽ കിടക്കാൻ ശ്രമിക്കുന്ന ആ ദുഷ്ടന്റെ തലമണ്ടക്കു തന്നെ ഒറ്റയടി...!
അയാളിൽ നിന്നും ഒരു മുരൾച്ച ഉയർന്നു...
വീണ്ടും കുപ്പി പൊക്കി കുഞ്ചിക്കഴുത്തിനു തന്നെ ഒന്നു കൂടി കൊടുത്തു...!!
ഇത്തവണ ‘ക്ടിം..’ ന്നൊരു ശബ്ദം കേട്ടു...
അതൊടെ ചിഞ്ചുവിന്റെ കയ്യിൽ നിന്നും കുപ്പി തെറിച്ചു പോയി. ഇരിക്കക്കുത്തായി ചിഞ്ചു പിറകിലേക്ക് വീണു...
പേടിച്ചരണ്ട് അനങ്ങാൻ കഴിയാതെ ശ്വാസം മുട്ടിക്കിടന്ന ഇച്ചേയിയുടെ മേലുള്ള അയാളുടെ പിടി അയയുന്നത് അവൾ തിരിച്ചറിഞ്ഞു....
ഒരു കണക്കിന് അയാളെ തള്ളി മറിച്ചിട്ടു...
എഴുത്തു മേശയിലേക്ക് തലയടിച്ചു വീണ അയാൾ അനക്കമില്ലാതെ കിടന്നു...
ചാടി എഴുന്നേറ്റ ചിഞ്ചു ചേച്ചിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
അയാൾക്ക് അനക്കമൊന്നുമില്ലെന്ന് കണ്ട് അവൾ ആശ്വസിച്ചു...
വേഗം ചിഞ്ചുവിനെ കെട്ടിപ്പിടിച്ച് പരിഭ്രാന്തിയിൽ തന്നെ ചോദിച്ചു.
“കുട്ടനെന്താ ചെയ്തെ അയാളെ...?”
അപ്പുറത്ത് കിടക്കുന്ന കുപ്പി ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.
“ ആ കുപ്പിക്ക് അവ്ന്റെ തലമണ്ടക്കിട്ട് കൊട്ത്തു ഞാൻ...!”
ഇച്ചേയി ആ കുപ്പിയെടുത്ത് നോക്കി. അതിനു പൊട്ടലൊന്നുമുണ്ടായിരുന്നില്ല. ഉള്ളിലെ പായ്ക്കപ്പലിനു ഒരു കേടും കുടാതെ അതിനകത്തുണ്ടായിരുന്നു. കുപ്പിയെടുത്ത് ഷോകേസ്സിൽ തന്നെ വച്ച നേരത്താണ് അയാൾ ഒന്നു ഞെരങ്ങിയത്...!
അതു കണ്ട് പേടിച്ച ഇച്ചേയി - അതുവരേയും ചിഞ്ചുവിനെ എടുത്തു പൊക്കാൻ കഴിയാതിരുന്ന ഇച്ചേയി, അവനെ പുഷ്പ്പം പോലെ പൊക്കി നെഞ്ചൊട് ചേർത്ത് തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു പാഞ്ഞു....!
പടിക്കലെത്തിയിട്ടേ ചിഞ്ചുവിനെ താഴെ നിറുത്തിയുള്ളു.
ഓടിച്ചെന്ന് പടിക്കൽ തന്നെ മുറുക്കാൻ കടയുള്ള ഭാസ്ക്കരേട്ടനോട് വിവരം പറഞ്ഞു. കേട്ടതും ഭാസ്ക്കരേട്ടൻ ഒരു അഞ്ചു കിലോത്തിന്റെ കട്ടിയും കയ്യിലേന്തി വീട്ടിലേക്കോടി. ആ നേരം ഇച്ചേയി കടയിൽ നിന്നും ഫോൺ ചെയ്ത് അഛനോട് വിവരം പറഞ്ഞു. അഛൻ പിറന്നാളിനുള്ള കേക്ക് വാങ്ങി നേരത്തെ എത്താമെന്ന് പറഞ്ഞിരുന്നതാ. വീട്ടിലേക്കോടിയ ഭാസ്ക്കരേട്ടൻ അതുപോലെ തന്നെ തിരിച്ചോടിയെത്തിയിട്ട് പറഞ്ഞു.
“അയാൾ അനങ്ങുന്നില്ലല്ലൊ മോളെ..!”
ഭാസ്ക്കരേട്ടൻ ഫോൺ ചെയ്യാനായി തുനിഞ്ഞതും “അഛനോട് ഞാൻ പറഞ്ഞു..” എന്ന ഇച്ചേയിയുടെ പറച്ചിലിൽ റസീവർ ക്രാഡിലിൽ വച്ച് കടയിൽ നിന്നും പുറത്തിറങ്ങി. പിന്നെ ഇച്ചേയിയെ അടുത്തു വിളിച്ച് നടന്ന സംഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അവസാനം ചിഞ്ചുവിനെ അടുത്തുവിളിച്ച് കെട്ടിപ്പിടിച്ച് ഒരുമ്മം കൊടുത്തു. പിന്നെ രണ്ടു പേരോടുമായി പറഞ്ഞു.
“അഛൻ വരുന്നതു വരെ ആരോടും ഒന്നും പറയണ്ടാട്ടൊ..” രണ്ടു പേരും തല കുലുക്കി.
കടയിൽ വരുന്നവർ വിവരം അറിഞ്ഞ് വാതിൽക്കൽ വരെ വന്ന് എത്തി നോക്കുന്നുണ്ട്. ഭാസ്ക്കരേട്ടൻ ആരേയും അകത്തു കയറ്റിയില്ല. അഛനും അമ്മയും വന്നതോടെ കാര്യങ്ങൾക്ക് ഒരുശാറായി.
ഉടനെ പോലീസ്സെത്തി. അയാളെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം അതിന്റെ വഴിക്ക് നടന്നു.
‘പായസ്സം വീണ തറയിൽ കാലു തെന്നി എഴുത്തു പലകയുടെ മുകളിലേക്ക് തലയടിച്ചു വീണാണ് പരിക്കു പറ്റിയത്...!’
ഇടക്ക് ബോധം വീണപ്പോൾ പോലീസ്സിന്റെ ‘എസ് ഓർ നോ’ ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂട്ടി യോജിപ്പിച്ചപ്പോൾ കിട്ടിയ വലിയ സത്യവും അതിന് അടിവരയിടുന്ന തരത്തിലായത് രണ്ടു കൂട്ടരുടേയും ഭാഗ്യം....!
ആ ദുഷ്ടന് അങ്ങനെ ഒരു ഭാഗ്യം കിട്ടരുതായിരുന്നുവെന്ന് ഭാസ്ക്കരേട്ടനെപ്പോലുള്ളവർ രഹസ്യമായി പറഞ്ഞത് ദൈവം കേട്ടു കാണും..!!
അമ്മയുടെ ജോലി സൌകര്യം കണക്കിലെടുത്താണ് അവിടെ വാടകക്ക് താമസിച്ചു കൊണ്ടിരുന്നത്. മക്കളുടെ മാനസ്സികനില വീണ്ടെടുക്കാനും അവർ ഒറ്റപ്പെടാതിരിക്കാനും അമ്മ ജോലി രാജി വച്ച്, താമസിയാതെ ചിഞ്ചുവിനേയും ഇച്ചേയിയേയും കൊണ്ട് തറവാട്ടിലെത്തി താമസം തുടങ്ങി.
അല്ലെങ്കിലും ഒരു ദുർമ്മരണം നടന്നതു പോലെ നാട്ടുകാർ കരുതുന്ന വീട്ടിൽ എങ്ങനെ സമാധാനത്തോടെ മുന്നോട്ടു പോകും...?