Saturday 10 November 2018

പ്രവാസ ബാക്കി - (9 )

(പേരില്ലാക്കഥ ഈ ലക്കം മുതൽ 'പ്രവാസ ബാക്കി.. ' എന്ന പേരിൽ തുടരുന്നു.)

[ബ്ലോഗ് ചലഞ്ച് പ്രമാണിച്ച്  me-Too വിൽ ഞാൻ ഈ ലക്കം Nov. 10-ന് പോസ്റ്റ് ചെയ്യുന്നു. നന്ദി.]

കഥ തുടരുന്നു....

മഹാദുരന്തം....


മുരളിച്ചേട്ടന്റെ ചാടിയെഴുന്നേൽക്കലും ആക്രോശവും കേട്ട് ഞങ്ങളും ചാടിയെഴുന്നേറ്റു. തൊട്ടടുത്തു നിന്ന വിനുവേട്ടൻ മുരളിച്ചേട്ടന്റെ കയ്യിൽ നിന്നും  കത്ത് തട്ടിപ്പറിച്ചെടുത്ത് വായിച്ചു. കത്തു പെട്ടെന്ന് വായിച്ചു തീർത്ത വിനുവേട്ടൻ എല്ലാവരേയും മാറി മാറി നോക്കി. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

'എത്രയും പ്രിയപ്പെട്ട എന്റെ ശേഖരേട്ടന്,
ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പോയിക്കഴിഞ്ഞിരിക്കും. പോലീസിനെ അറിയിക്കുകയോ ആശുപത്രിയിൽ കൊണ്ടു പോകുകയോ ചെയ്യരുത്.

നിങ്ങളോട് ടാറ്റാ പറഞ്ഞ് മുറിയിൽ വന്ന് കിടന്ന ഞാൻ, നിങ്ങൾ വരുമ്പോഴേക്കും ഉറങ്ങിപ്പോയാലോന്ന് പേടിച്ച് വാതിൽ ചേർത്തടച്ചതേയുള്ളു. കുറച്ചു മേക്കാച്ചിൽ തോന്നിയതുകൊണ്ട് തലവഴി മൂടിപ്പുതച്ചാണ് കിടന്നത്. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ആരോ വന്നെന്നെ കയറിപ്പിടിച്ചു. പെട്ടെന്ന് കണ്ണുതുറന്നതും നിങ്ങളല്ലെന്നറിഞ്ഞതും ഞാൻ ഉറക്കെ കരഞ്ഞു. ഉടനെ അയാളെന്റെ വായ പൊത്തി. റിസപ്ഷനിലുണ്ടായിരുന്ന ആ 'ക്ലീൻഷേവു ' കാരനായിരുന്നു. പേടിച്ചരണ്ട് ശബ്ദം പോലും നഷ്ടപ്പെട്ടു പോയ, പുതപ്പിനകത്ത് അനങ്ങാൻ കഴിയാത്ത വിധം അടക്കിപ്പിടിച്ചെന്നെ നശിപ്പിച്ചു ആ ദുഷ്ടൻ.

പോകാൻ നേരം ഈ വിവരം നിന്റെ ഭർത്താവിനോടൊ മകനോടൊ പറഞ്ഞാൽ അവരുടെ ശവങ്ങൾ ഇവിടത്തെ കൊക്കയിൽ കിടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്കിനി ജീവിക്കണ്ട ശേഖരേട്ടാ. ഈ കളങ്കപ്പെട്ട ശരീരവുമായി എന്റെ ശേഖരേട്ടനോടൊപ്പം ഇനി ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. മക്കളിതൊന്നും അറിയരുത്. മുഴുവൻ ഉറക്കഗുളികയും ഞാൻ കഴിക്കുന്നു. ശേഖരേട്ടൻ എന്നെ വെറുക്കരുത്. എന്റെ ശേഖരേട്ടൻ പ്രതികാരം ചെയ്യാനായി പോയേക്കരുത്. അവരൊക്കെ ദു:ഷ്ടക്കൂട്ടങ്ങളാ. മക്കൾക്ക് തണലായി ശേഖരേട്ടൻ എന്നുമുണ്ടാവണം....'

കത്ത് വായിച്ചു കഴിഞ്ഞതും ഞാൻ മുഖമുയർത്തി എല്ലാവരേയും നോക്കി. ദ്വേഷ്യം കൊണ്ട് ആ കത്തെന്റെ കയ്യിലിരുന്ന് വിറകൊള്ളുന്നുണ്ടായിരുന്നു. ഞാൻ  ശേഖരേട്ടന്റെ താടി പിടിച്ചുയർത്തിയിട്ട് വിറപൂണ്ടശബ്ദത്തിൽ ചോദിച്ചു.
" അവനിപ്പോൾ എവ്ടേണ്ടാവും...?''
"അവനെ തീർത്തിട്ടെ ബാക്കി കാര്യമുള്ളു. " മുരളിയേട്ടൻ വന്നെന്റെ തോളിൽ പിടിച്ചിട്ടു പറഞ്ഞു. അതുകേട്ട് വിനുവേട്ടൻ ചോദിച്ചു.
" ശേഖരേട്ടൻ അവനെതിരെ ഒന്നും ചെയ്തില്ലേ..?"
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോണം ശേഖരേട്ടൻ ഇരുവശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു.
''ആറേഴുവർഷം കടന്നുപോയില്ലേ..."

ഞങ്ങൾ പരസ്പരം നോക്കിയിട്ട് ശേഖരേട്ടന്റെ ചുറ്റുമായി വീണ്ടുമിരുന്നു. മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോഴും അവൻ അവിടെത്തന്നെ ഉണ്ടോ...?"
" പറയാം..." എന്നു പറഞ്ഞ് ശേഖരേട്ടൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി.

അപ്പഴേക്കും ഞാൻ ബിയർ ഒരുകുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് പകർത്തി. ശേഖരേട്ടനായി മുരളിച്ചേട്ടൻ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗൊഴിച്ച് വെള്ളം നിറച്ചു വച്ചു. വിനുവേട്ടൻ വറുത്ത കപ്പലണ്ടി ഒരു പിടി വാരിയെടുത്തെങ്കിലും വായിലിട്ടില്ല. എന്തോ ആലോചിച്ച് ആ പാത്രത്തിലേക്ക് തന്നെയിട്ടു. ഞങ്ങളുടെ എല്ലാവരുടേയും മനസ്സ് മരവിച്ചു പോയിരുന്നു. ഞാൻ ഗ്ലാസെടുത്ത്  ഒറ്റയടിക്ക് കുടിച്ചു. ശേഖരേട്ടന്റെ കഥകേട്ട് നേരത്തെ കുടിച്ചതെല്ലാം എപ്പഴോ ആവിയായി പോയിരുന്നു. മുരളിയേട്ടൻ ഗ്ലാസ് കാലിയാക്കി താഴെവച്ചിട്ട് നാരങ്ങ അച്ചാറെടുത്ത് നാക്കിൽ തേച്ച് ചുണ്ടുകോട്ടി.

ശേഖരേട്ടൻ ഇറങ്ങിയപ്പോൾ ഞാൻ കയറി. ഞാൻ ഇറങ്ങി വരുമ്പോഴാണ് മുരളിയേട്ടന്റെ ഫോൺ ശബ്ദിച്ചത്. കുറച്ചു കഴിഞ്ഞ് പറഞ്ഞു.
" അപ്പോ അത് ഓക്കെ. ഏത്...?"
എനിക്ക് പിടികിട്ടിയിരുന്നു. ഞാൻ പറഞ്ഞു.
" ആ പെട്ടിക്കട ...!''
"അതെ. ശേഖരേട്ടന് ഇത്തിരി ഭാഗ്യോണ്ട് ട്ടോ..
ഞങ്ങള് ഒരു പെട്ടിക്കട ശേഖരേട്ടനുവേണ്ടി ശരിയാക്കിയിട്ടുണ്ട്. കാലത്ത് ചെന്നാൽ താക്കോൽ കിട്ടും."
"ഇതുവരെയുള്ള ജീവിതമൊന്നും ഇനി വേണ്ടാട്ടോ ശേഖരേട്ടാ. ചേട്ടന്റെ ഒരാളുടെ ചിലവ് കഴിഞ്ഞു പോണം. അതിന് ഈ കട മതി.. "
ഞാൻ പറഞ്ഞു. അതുകേട്ട് ശേഖരേട്ടൻ പുഞ്ചിരിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിട്ട് പറഞ്ഞു.
"എനിക്ക് പണത്തിനു ബുദ്ധിമുട്ടുവന്നിട്ടല്ല ഞാനിങ്ങനെ ജീവിച്ചത്. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാ. ഞാൻ ചെയ്ത തെറ്റുകൾക്കുള്ള പരിഹാരമായി ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കാമെന്നു കരുതി, ജീവിതം ഇങ്ങനെ എരിഞ്ഞു തീരട്ടേന്നു കരുതിയിട്ടാ.... !"
'' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു....? "
വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു.
" പറയാം..."
ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു.

തുടരും...

Friday 2 November 2018



പേരില്ലാക്കഥ. ( 8 )

കഥ ഇതു വരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി.

തുടർന്നു വായിക്കുക.

കാര്യമറിയാതെ...    (8)


ശേഖരേട്ടനെ സമാധാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെല്ലാം വൃഥാവിലായതേയുള്ളു. എന്തോ കാരണത്താൽ അല്ലെങ്കിൽ തന്റെ ശ്രദ്ധക്കുറവുകൊണ്ടോ മറ്റോ സംഭവിച്ച ഒരു തെറ്റിനെ സ്വയം പഴിച്ച് ചങ്കുപൊട്ടിക്കരയുന്ന ഒരാളേപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.

കുറേയേറെനേരത്തെ കരച്ചിലിനുശേഷം ഒന്നു ശാന്തമായപ്പോഴേക്കും മുരളിച്ചേട്ടൻ റൂംബോയിയോടൊപ്പം പുറത്തു നിന്നും കയറിവന്നു. കയ്യിൽ ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. ശേഖരേട്ടന് ഇപ്പോൾ ഇതാവശ്യമാണെന്ന് എനിക്കും തോന്നി. ആദ്യം തന്നെ കുപ്പി പൊട്ടിച്ച് രണ്ട് പെഗ്ഗ് ഒരുമിച്ചെടുത്ത് ഗ്ലാസ്സ് നിറച്ച് ഐസും വെള്ളവും ചേർത്ത് ശേഖരേട്ടനെ പിടിപ്പിച്ചു. ശേഖരേട്ടനത് ആളിക്കത്തുന്ന തീയിലേക്ക് ഒറ്റയടിക്ക് ഒഴിച്ചു. എന്നിട്ട് ശ്വാസമടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു. അതുകണ്ട് മുരളിച്ചേട്ടൻ ഒരു പെഗ്ഗ് ഐസിട്ട് അകത്താക്കി. ഞാനൊരു ബീയർ തുറന്ന് ഒരു ഗ്ലാസ്സിൽ നിറച്ചതേയുള്ളു. അപ്പോഴേക്കും ശേഖരേട്ടൻ പതുക്കെ തലപൊക്കി.  ചുവന്നു കലങ്ങിയ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖം ചീർത്തതു പോലെ തോന്നി.

സാവകാശം ഞാൻ ചോദിച്ചു.
"എന്നിട്ടെന്തു സംഭവിച്ചു. പോരണവഴി വല്ല അപകടവും...?"
ഞങ്ങൾ മൂവരും ഉത്തരത്തിനായി കാതും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ രണ്ടു വശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു.
"അതൊന്നുമായിരുന്നില്ല.. " ഒന്നുമിനീരിറക്കിയിട്ട് തുടർന്നു.
" അതിലും ക്രൂരമായിരുന്നു അത്. അപകടമായിരുന്നെങ്കിൽ അതോടെ ഞങ്ങൾ മൂവരും തീർന്നേനെ.  ഈ വേദനയുടെ ലോകത്തു നിന്നും ഞാനും എന്നെന്നേക്കുമായി രക്ഷപ്പെട്ടേനെ... "
 ശേഖരേട്ടൻ തന്നെ ഗ്ലാസ്സിലൊഴിച്ച് ഐസിട്ട് വീണ്ടും ഒരുപിടി പിടിച്ചു. ഞാനെന്റെ ഗ്ലാസ്സും കാലിയാക്കി. വിനുവേട്ടൻ കപ്പലണ്ടിയെടുത്ത് വായിലിട്ട് ശേഖരേട്ടന്റെ മടമടാന്നുള്ള കുടി കണ്ട് നെറ്റി ചുളിച്ച് മുഖം വക്രിച്ച് ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കി. ഞാൻ മനസ്സിൽ പറഞ്ഞു, 'കുടിക്കട്ടെ. ഉള്ളിലെ കത്തൽ ഒന്നു ശാന്തമാകുമെങ്കിൽ ആവട്ടെ...'

കുറച്ചു നേരത്തേക്ക് തലകുനിച്ചിരുന്ന ശേഖരേട്ടൻ പതുക്കെ തലയുയർത്തി. പിന്നെ ഞങ്ങളെ മൂവരേയും ഒരാവർത്തി നോക്കിയിട്ട് ഗ്ലാസ്സ് ടീപ്പോയിമേൽ വച്ചു.
"അന്നു ഞങ്ങൾ ആ പൂന്തോട്ടത്തിൽ നിന്നു തിരിച്ചുവരുന്നത് പതിനൊന്നു മണിയോടടുത്താണ്. മോന് ആ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ആദ്യമായാണ്  ഇങ്ങനെയൊരുയാത്ര അവൻ പോകുന്നത്.
ഞാൻ ഗൾഫിലായിരുന്നതുകൊണ്ടും അവരുടെ പഠിക്കുന്ന സമയവും എന്റെ വെക്കേഷനും ഒന്നും ഒത്തുവരാറില്ല.
അമ്മ ഒറ്റക്ക് അവരെ കൊണ്ടു പോകുമായിരുന്നില്ല. അങ്ങനെ എല്ലാം ഒത്തുവന്ന ഒരവസരമായിരുന്നു ഇത്.

കൂടെ മോള് കൂടി ഉണ്ടായിരുന്നെങ്കിൽ നിറഞ്ഞ സന്തോഷമായിരുന്നേനെ. അവള് ആസ്ത്രേലിയായിലായിരുന്നതുകൊണ്ട് ഭർത്താവിനൊപ്പം ദിവസവും കറങ്ങാൻ പോകുന്നുണ്ട്. അവന്റെ ആ സന്തോഷം കെടുത്തണ്ടാന്നു കരുതി ' ഇത്തിരി കൂടി കഴിഞ്ഞിട്ടു പോകാന്നു' പറഞ്ഞാണ് പതിനൊന്നുമണിയായത്.

ഞങ്ങൾ മുറിയിൽ ചെല്ലുമ്പോൾ അവൾ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. ഞാൻ ചെന്ന് നെറ്റിയിൽ തൊട്ടുനോക്കി. കുറച്ചു ചൂടു തോന്നി. ഞാൻ ചോദിച്ചു.
" പനിക്കണ് ണ്ടോ..?"
കേട്ടതും അവൾ ഞെട്ടിയുണർന്നു. ഏതോ അസുഖാവസ്ഥയുടെ മൂർത്ഥന്യത്തിൽ ബുദ്ധിമുട്ടുന്നതു പോലെയൊരു മുഖം. പെട്ടെന്ന് മുഖം മറച്ചവൾ പറഞ്ഞു.
"നമുക്ക് പോകാം. എനിക്ക് ഒട്ടും സുഖമില്ല. എനിക്കീ കാലാവസ്ഥ ഒട്ടും പിടിക്കണില്ല. എത്രയും വേഗം ഇവിടന്ന് പോണം..."

പിടിച്ച പിടിയാലെ അവിടന്ന് പോരേണ്ടി വന്നു. പോരുന്ന വഴിയിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ല. നാട്ടിൽച്ചെന്നിട്ട് മതിയെന്ന ഒറ്റ നിലപാടിൽ ഉറച്ചു നിന്നു. അവളുടെ അസുഖാവസ്ഥ എന്തോ ഗുരുതരമെന്നു തന്നെ കരുതി ഞങ്ങൾ. ഒരിടത്തും നിറുത്താതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഞങ്ങൾ പരമാവധി വേഗത്തിൽ നാട്ടിലെത്തിയപ്പോഴേക്കും കാലത്ത് പത്തു  മണിയായി.

നാട്ടിലെ കാലാവസ്ഥയിൽ പനി കുറഞ്ഞിരുന്നു. എങ്കിലും മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. എന്നിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. എന്താണ് പ്രശ്നമെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞുമില്ല. ഞങ്ങൾ ആകെ വിഷമിച്ചു. വന്നതിനു ശേഷം അവൾ അടുക്കളയിൽ കയറിയതേയില്ല. പകരം ഞാനും മോനും കൂടിയാണ് ആഹാരം പാകം ചെയ്തത്. അവൾ ആഹാരം ഞങ്ങളോടൊപ്പമിരുന്ന് പഴയതുപോലെ കഴിക്കാൻ തയ്യാറായില്ല. മൂന്നാം ദിവസം ഞാനും മോനും കൂടി ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് പരിശോധിപ്പിക്കണമെന്ന് തീരുമാനിച്ചാണ് കിടന്നത്.

പിറ്റേന്ന് വെളുപ്പിന് ഒരു ശബ്ദം കേട്ട് ഞാൻ ണെട്ടിയുണർന്നു. ഒരു ചിറകടി ശബ്ദമാണ് കേട്ടെതെന്ന് തോന്നി. മുറിയിൽ പ്രഭാതസൂര്യന്റെ ഉയർത്തെഴുന്നേൽപ്പ് ചില്ലുജാലകത്തിലൂടെ അരിച്ചുവരുന്നതേയുള്ളു. എന്റെ കണ്ണുകൾക്ക് തെളിച്ചം പോരാത്തതുകൊണ്ട് കയ്യെത്തിച്ച് ലൈറ്റിട്ടു. മുറിയിൽ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അവൾ പുതപ്പിനുള്ളിൽ പൂർണ്ണമായി മൂടിപ്പുതച്ചു തന്നെ കിടന്നിരുന്നു. അത്രക്ക് തണുപ്പൊന്നുമില്ലാത്ത മുറിയിൽ എന്തിനാണ് ഇങ്ങനെ മുഴുവൻ കൂടിപ്പുതച്ച് കിടക്കുന്നതെന്ന് ഒരുനിമിഷം ഞാൻ സംശയിച്ചു.

കുറച്ചു നേരം അവളുടെ കിടപ്പ് നോക്കിയിരുന്നു. അപ്പോഴാണത് ശ്രദ്ധിച്ചത്. അവൾ ശ്വാസോഛ്വാസം ചെയ്യുന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. പെട്ടെന്ന് എന്റെ ഉള്ളൊന്ന് കാളി. ഞാൻ പതുക്കെ മുഖത്തെ പുതപ്പൊന്നു മാറ്റാൻ നോക്കി. അവളതിന്റെ അറ്റം കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. ഞാൻ ബലമായിട്ടുതന്നെ മുഖത്തുനിന്നും പുതപ്പ് വലിച്ചുമാറ്റി. മുഖം സ്വല്പം ഇടത്തോട്ട് ചരിച്ചുള്ള ആ കിടപ്പിൽ പന്തികേട് തോന്നിയില്ലെങ്കിലും നേരെ കിടത്താനായി 'ഹേയ് ' എന്ന് വിളിച്ച് മുഖത്ത് പിടിച്ചു തിരിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്...!
ആ മുഖം തണുത്തു മരവിച്ചിരുന്നു....!
ഇടത്തെ കടവായിൽ നിന്നും ഒലിച്ചിറങ്ങിയ പത ഉണങ്ങിയിരുന്നു...!
പെട്ടെന്ന്  'അയ്യോ.. ചതിച്ചോ... ' എന്ന നിലവിളിയോടെ ഞാൻ ചാടിയെഴുന്നേറ്റു. അവളുടെ പുതപ്പ് വലിച്ചുപറിച്ചെടുത്തു. പുതപ്പിന്റെ ഒരറ്റം ഇടത്തു കൈയ്യിൽ പിടിച്ച് വലതുകൈ പൊതിഞ്ഞു പിടിച്ചിരുന്നു. വലതുകൈയ്യുടെ തള്ളവിരലിനടുത്ത് ഒരു വെളുത്ത കടലാസ്സ് ചുരുട്ടിപ്പിടിച്ചിരുന്നത് കണ്ടു. അത് വലിച്ചെടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല. കാരണം ആ മടക്കിയ കൈകൾ മരവിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. പിന്നെ ബലമായിത്തന്നെ വിരലുകൾ വിടർത്തി ആ കടലാസ് വലിച്ചെടുത്തു.
വേഗം തുറന്നു  വായിച്ചു.
എന്റെ കണ്ണിൽ ഇരുട്ടു കയറി.
കണ്ണുനീർ നിറഞ്ഞ് വായിക്കാൻ കഴിയാതായി.  എനിക്കെന്നോട് തന്നെ പുഛം തോന്നി. "

കോപം കൊണ്ടു വിറച്ചശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരയാൻ തുടങ്ങി. ശേഖരേട്ടന്റെ കഥ കേട്ട് നടുങ്ങിയിരിക്കുകയായിരുന്നു ഞങ്ങൾ.
ആ രംഗം തണുപ്പിക്കാനെന്നോണം രണ്ടു പെഗ്ലൊരുമിച്ചെടുത്ത് കുറച്ച് ഐസും സോഡയുമൊഴിച്ച് ശേഖരേട്ടനെ പിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുരളിച്ചേട്ടൻ. എനിക്കെന്റെ സമനില വീണ്ടെടുക്കാൻ കുപ്പിയിലുണ്ടായിരുന്ന ബാക്കി ബീയർ അപ്പാടെ കുപ്പിയോടെ വായിലേക്ക് കമഴ്ത്തി. ഇതെല്ലാം കണ്ട് മരവിച്ചിരുന്ന വിനുവേട്ടൻ ശേഖരേട്ടനെ താങ്ങിപ്പിടിച്ചിരുന്നു.

ഒരു വിധം ശാന്തത കൈവന്നതോടെ വിനുവേട്ടൻ ചോദിച്ചു.
"എന്തായിരുന്നു ആ കത്തിൽ ... ?"
ശേഖരേട്ടൻ അണ്ടർവെയറിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആ കത്തെടുത്ത് നീട്ടി. മുരളിച്ചേട്ടൻ ചാടിപ്പിടിച്ചെടുത്ത് നിശ്ശബ്ദമായി വായിക്കാൻ തുടങ്ങി. ശേഖരേട്ടൻ തല കുനിച്ചിരുന്നതേയുള്ളു. ഞാനും വിനുവേട്ടനും കത്തു വായിക്കുന്ന മുരളിച്ചേട്ടന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കിയിരിക്കയായിരുന്നു. വായിച്ചു തീർന്നതും മുരളിച്ചേട്ടൻ ചാടിയെഴുന്നേറ്റിട്ട് അലറി.
" ശേഖരേട്ടാ.. നമ്മൾക്കിപ്പോ പോണം...!?"

തുടരും ....

[ അടുത്ത ലക്കത്തിൽ
    'പ്രവാസ ബാക്കി ... ' 
എന്ന പേരിൽ ഈ കഥ തുടരും....]