നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ...(6)
കഥ ഇതുവരെ.
അമ്മ
ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന
നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ
മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ
കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ
തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
അതിനു ശേഷം മൂവരുടേയും
നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ കാൽ
നൂറ്റാണ്ടിലേറെക്കാലം തന്റെ കുടുംബത്തിന്റെ രക്ഷക്കായി ഒറ്റക്ക് ഗൾഫിൽ
കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്
തിരിക്കുന്നു. വീട്ടിലെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് ദേവൂനെ വീണ്ടും
ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ
നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും മക്കളുമായുള്ള ബന്ധത്തിൽ കാതലായ
വിള്ളൽ വീണു. മക്കളുടെ
അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു.
അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ
പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ
നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി
വന്നു....ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
തുടർന്നു വായിക്കുക...
ഭാഗ്യം കെട്ട മക്കൾ..
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?
“അങ്ങനെ മക്കൾ തീരുമാനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു.
അന്നത്തെ നാട്ടുകാരറിഞ്ഞ വഴക്കിനു ശേഷം സ്വന്തക്കാരും അയൽപക്കക്കാരും മറ്റും എന്റെ മക്കളെ വഴിവക്കിലും മറ്റും തടഞ്ഞു നിറുത്തി കാര്യം തിരക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. അതൊക്കെ വലിയ നാണക്കേടാണ് അവർക്ക് വരുത്തി വച്ചത്. ഏതൊ ഒരു അയൽക്കാരനാണ് മൈസൂറിൽ പോയാൽ നടുവേദന മാറ്റാൻ കഴിയുമെന്ന് ഉപദേശിച്ചത്. ഞാനും അതംഗീകരിച്ചു. കാരണം ഞാനും കേട്ടിരുന്നു ഗൽഫിൽ വച്ച്. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ മൈസൂറിൽ പോയി ആയൂർവേദ വൈദ്യന്റെ അടുത്ത് നിന്നും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അസുഖം ഭേദമായത് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു സിദ്ധനോ മറ്റൊ ആയിരുന്നു. നാട്ടിലെത്തിയാൽ എന്റെ നടുവേദനക്ക് അവിടെ പോകണമെന്ന് തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, ഓരോ വരവിനും അതൊന്നും നടന്നില്ല. മക്കളുടേയും വീടിന്റേയും ഒരോരൊ കാര്യങ്ങൾക്കായി കാശൊക്കെ ചിലവാകും. എന്റെ കാര്യം അടുത്ത വരവിലേക്ക് മാറ്റിവക്കും. ഇപ്പോൾ അക്കാര്യം മക്കൾ ഇങ്ങോട്ടു പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. മാത്രമല്ല ഒരു വെടിക്ക് രണ്ട് പക്ഷി എന്നതുപോലെ മറ്റൊരു കാര്യവും അതിലടങ്ങിയിരുന്നു.”
“അതെന്തു കാര്യമാ മാമാ...?”
ഒരു നിമിഷം പോലും വൈകാതെയുള്ള ചോദ്യം നിമ്മിയുടേതായിരുന്നു.
“പറയാം... അവസാന വഴക്കിനു ശേഷം ഞാനൊരു തീരുമാനമെടുത്തിരുന്നു. അത് നടപ്പിലാക്കാൻ പറ്റിയ സന്ദർഭം ഒത്തുവന്നതിലാണ് ആ യാത്ര എനിക്ക് സന്തോഷം തന്നത്.
മക്കളുടെ ഒഴിവുകൾ ഒത്തു വന്ന ഒരു ദിവസം മൂത്തവന്റെ വണ്ടിയിൽ രണ്ടു മക്കളും അവരുടെ ഭാര്യമാരും കൂടി ഒരുച്ച കഴിഞ്ഞ നേരത്ത് പുറപ്പെടാൻ നേരം ‘ഞാനിപ്പൊ വരാം..’
എന്നു പറഞ്ഞ് വീടിന്റെ പിറകിലെ ദേവുവിനെ സംസ്കരിച്ച സ്ഥലത്തെ മൺകൂനയ്ക്കടുത്ത് പോയി ഒരു നിമിഷം കണ്ണടച്ചു നിന്നു. പിന്നെ മനസ്സിൽ പറഞ്ഞു.
‘ദേവു... ഞാനിന്ന് നമ്മുടെ വീട്ടിൽ നിന്നും വിട പറയുകയാണ്. നിനക്കോ ഒരു ജീവിതം തരാൻ എനിക്കായില്ല. നമ്മുടെ മക്കൾക്കും നല്ലൊരു ജീവിതം കൊടുക്കാൻ കഴിയുന്നില്ല. എന്റെ സ്വഭാവം എനിക്ക് തന്നെ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല ദേവൂ. നാളിതുവരെയായിട്ടും മക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിയുന്നില്ല. അവരോടൊപ്പം ജീവിച്ച് നിനക്കല്ലെ പരിചയം. ഞാനിവിടന്ന് പോയാലെങ്കിലും നമ്മുടെ മക്കൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായി ജീവിച്ചോട്ടെ. ഞാനൊന്നിനും ഒരു തടസ്സമാവില്ല. അസുഖം ഭേദമായാലും ഇല്ലെങ്കിലും ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല. പഴയ നെഞ്ചെരിച്ചിലും മറ്റും കൂടെക്കൂടെ വരുന്നതു കൊണ്ട് എത്രയും വേഗം നിന്റടുത്തെത്തും ഞാൻ. ഇനി ഞാൻ പോകട്ടെ...’ പിന്നെ രണ്ടു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു.”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഗൌരിയും നിമ്മിയും മാധവന്റെ രണ്ടു വശത്തുമായി തോളിൽ പിടിച്ചമർത്തി ഒന്നും മിണ്ടാതെ. നേരെ എതിർ വശത്ത് കട്ടിലിൽ തല വച്ച് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ലക്ഷ്മി...
കുറച്ചു നേരം നിശ്ശബ്ദമായിരുന്ന മാധവൻ വീണ്ടും തുടർന്നു.
“ അന്ന് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഇടക്ക് വണ്ടി നിറുത്തി ചായ കുടിക്കുകയും മറ്റും ചെയ്തിരുന്നു. ഏതാണ്ട് സന്ധ്യ ആയ നേരത്താണ് ഞങ്ങൾ കേരള അതിർത്തിയിൽ എത്തുന്നത്. രാത്രിയിൽ കാട്ടിനുള്ളിൽ കൂടിയുള്ള യാത്രയിൽ ഭക്ഷണം കിട്ടാൻ വഴിയില്ലെന്നു മനസ്സിലായതോടെ കേരള അതിർത്തിയിൽ തന്നെയുള്ള ഒരു ഇടത്തരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടാണ് യാത്ര തുടർന്നത്. നേരം വെളുക്കുമ്പോഴേക്കും മൈസൂറിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
സന്ധ്യ കഴിഞ്ഞതുകൊണ്ട് കാട്ടിനുള്ളിൽ ഇരുട്ട് കട്ട പിടിച്ചിരുന്നു. കോടമഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. അകലേക്കുള്ള കാഴ്ചകൾ ദൃശ്യമല്ലായിരുന്നു. കാട് പണ്ടും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ തറവാട്ടിൽ രണ്ടുമൂന്ന് സർപ്പക്കാട് എങ്കിലും ഉണ്ടായിരുന്നു. അതിനകത്തായിരുന്നു ഞങ്ങളുടെ കളികൾ അധികവും. തൂങ്ങിക്കിടക്കുന്ന വള്ളികളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നതായിരുന്നു മറ്റൊന്ന്.
ഞാനിങ്ങനെ എന്റെ ചിന്തകളെ സർപ്പക്കാട്ടിൽ അലയാൻ വിട്ട് രസിച്ചിരിക്കുമ്പോഴാണ് എന്റെ മരുമക്കളിൽ ആരോ ഒരു കപ്പ് ഐസ്ക്രീം നീട്ടിയത്. സാധാരണ ഞാനിതൊന്നും കഴിക്കാറില്ല. അപ്പോഴത്തെ ഒരു മൂടിന് ഞാനത് വാങ്ങിക്കഴിച്ചു. വണ്ടിയുടെ വെളിച്ചത്തിൽ വളുവുകൾ തിരിയുമ്പോൾ റോഡിനോട് ചേർന്നുള്ള വന്മരങ്ങളും കാട്ടു വള്ളികളും മറ്റും കാണാൻ കഴിയുമായിരുന്നു. ചെറിയതായി മയങ്ങിപ്പോകുന്നതിനിടക്കും എന്റെ ചിന്തകൾ പഴയ സർപ്പക്കാട്ടിലെത്തി.
എല്ലാ വർഷവും നൂറും പാലും കൊടുക്കും. അതിനായി പ്രത്യേകം ഒരു നമ്പൂതിരി വരുമായിരുന്നു. ഞങ്ങൾ കളിച്ചു നടക്കണ സ്ഥലമായതുകൊണ്ട് അവിടമാകെ വൃത്തിയായിരുന്നു. അതു കാണുമ്പൊഴേ നമ്പൂതിരി പറയും സർപ്പക്കാവാണ്, അത് അശുദ്ധമാക്കിയിടരുത് ഒരിക്കലും. കാർന്നോന്മാർ ഉടനെ ഞങ്ങളെ ചീത്ത പറയും. അതുകേട്ട് ഞങ്ങൾ ഓടും. എന്നാലും അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ കളികൾ അതിനകത്തു തന്നെ.
എത്രയോ തരം കിളികളായിരുന്നുവെന്നോ അതിനകത്ത് കൂടു കൂട്ടി വസിച്ചിരുന്നത്. പാമ്പിൻ പുറ്റുകൾ അനവധി ഉണ്ടായിരുന്നു അതിനകത്ത്. അതിനൊന്നും ഞങ്ങൾ ഒരു ശല്യവും ഉണ്ടാക്കിയിരുന്നില്ല. സർപ്പാക്കാവിലെ പാമ്പുകൾ ഉപദ്രവിക്കില്ലാന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പാമ്പുകളേയോ പാമ്പ് ഞങ്ങളേയോ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ പലപ്പോഴും തൊട്ടടുത്ത് കണ്ടിട്ടുമുണ്ട്. അപ്പോൾ ഞങ്ങൾ അനങ്ങാതെ നിന്നാൽ മതി. അത് അതിന്റെ വഴിക്ക് പൊക്കോളും...
ഒരിക്കൽ കിളിക്കൂട്ടിൽ നിന്നും മുട്ട എടുക്കാനായി ഞങ്ങൾ വള്ളിയിൽ തൂങ്ങിപ്പിടിച്ച് പിന്നാലെ പിന്നാലെയായി മുകളിലേക്ക് കയറുകയായിരുന്നു. ഏറ്റവും മുകളിലെത്തിയവൻ വള്ളിയാണെന്നു കരുതി കയറിപ്പിടിച്ചത് ഒരു വലിയ പാമ്പിന്റെ ശരീരത്തിലായിരുന്നു. ‘അയ്യോ.. പാമ്പ്..’ ന്നും പറഞ്ഞവൻ പിടിവിട്ട് താഴേക്ക് ഊർന്നിറങ്ങി. അതോടൊപ്പം തൊട്ടു പിന്നാലെയുണ്ടായിരുന്നവരും പിടിവിട്ടു. ഏറ്റവും ചെറിയവനായ ഞാൻ എറ്റവും പിറകിലായി കയറുന്നതേ ഉണ്ടായിരുന്നുള്ളു. എല്ലാം കൂടി ഇരിക്കക്കുത്തായി മീതേക്കു മീതെയായി താഴെയെത്തിയത് എന്റെ മുകളിലായിരുന്നു...!!
എല്ലാവരും കൂടി എന്നെ എടുത്ത് സർപ്പക്കാവിനു പുറത്തേക്ക് ഓടി.
അതെന്റെ ഓർമ്മയിൽ വന്നതും ഞാനറിയാതെ ചിരിച്ചു പോയി...
പെട്ടെന്നാരൊ വിളിച്ചതു പോലെ....
എന്റെ കണ്ണുകൾക്ക് വല്ലാത്ത ഭാരം തോന്നി...
എന്റെ ചിരി കണ്ട് മക്കളാരെങ്കിലും വിളിച്ചതായിരിക്കുമെന്നു കരുതി ഞാനെന്തോ പറഞ്ഞു.
പക്ഷെ, ശബ്ദം പുറത്തു വന്നില്ല...
നാക്കിനു വല്ലാത്ത കട്ടിയോ കുഴച്ചിലോ തോന്നി...
പറയുന്നതൊന്നും തിരിയുന്നില്ലെന്ന തോന്നൽ....
ഞാൻ കണ്ണു തുറക്കാനും അനങ്ങാനുമൊക്കെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒന്നിനും കഴിയുന്നില്ല. പിന്നെയും ഞാനതിനു ശ്രമിച്ചിട്ടും നടക്കാതെ വന്ന നേരത്താണ് പെട്ടെന്ന് മുഖത്ത് തണുത്ത വെള്ളം വന്നു വീണത്...
അതോടെ ഞാൻ കണ്ണു തുറന്നു...
വെപ്രാളപ്പെട്ടു നോക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ ഒന്നും ആയിരുന്നില്ല എന്റെ ചുറ്റും നിന്നിരുന്നത്....
വെറും മണ്ണിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കാൻ പിന്നെയും കുറച്ചു സമയമെടുത്തു...
ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ തല നേരെ നിൽക്കുന്നില്ലെന്നു തോന്നിയിട്ടാവും ആരൊക്കെയോ കൂടി താങ്ങിപ്പിടിച്ചിരുത്തിയത്....
അപ്പോഴാണ് വലിയൊരു മരത്തിന്റെ ചുവട്ടിലാണ് കിടക്കുന്നതെന്നും എന്റെ മക്കളോ, അവരുടെ കാറൊ അവിടെയെങ്ങുമില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്....!!”
അതു കേട്ടതും നിമ്മിയും ഗൌരിയും ‘അയ്യൊ മാമാ..’ന്നു പറഞ്ഞ് കണ്ണൂമിഴിച്ച് സ്വന്തം വായ തന്നെ പൊത്തിപ്പിടിച്ചു. അവരെ സമ്പന്ധിച്ചിടത്തോളം അവിശ്വസിനീയമായ ഒരു വാർത്തയായിരുന്നു അത്. കുറച്ചു നേരത്തേക്ക് മാധവനും കഥ തുടരാൻ കഴിഞ്ഞില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ അടിവശം പൊക്കി തുടച്ചു കൊണ്ടിരുന്നു. എത്ര തുടച്ചിട്ടും വറ്റുന്നതായിരുന്നില്ല ആ കണ്ണുനീർ. മനസ്സിലെ സംഘർഷം അത്ര ശക്തമായിരുന്നതിന്റെ തെളിവാണാ കണ്ണുനീരെങ്കിലും മാധവൻ പക്ഷെ കരയുന്നുണ്ടായിരുന്നില്ല.
പിടിച്ചിട്ടും നിൽക്കാതെ ഗൌരി വാവിട്ടു കരയാൻ തുടങ്ങി...
അതുകേട്ട് നിമ്മിയ്ക്കും പിടിച്ചു നിൽക്കാനായില്ല...
“സ്വന്തം മക്കൾ അഛനെ...! അതും ആ കൊടും കാട്ടിൽ...!!?”
അതും പറഞ്ഞ് അവളും ഉറക്കെ കരയാൻ തുടങ്ങിയതോടെ ലക്ഷ്മി എഴുന്നേറ്റ് അകത്തേക്ക് പാഞ്ഞു...
അവർ കട്ടിലിൽ ചെന്നു വീണു...
എല്ലാം ഒന്നടങ്ങിയതോടെ ഗൌരി പറഞ്ഞു.
“നമ്മുടെ പ്രശ്നങ്ങൾ ഒന്നുമല്ല നിമ്മി.. ”
എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
“ഈ ലോകത്ത് എന്തൊക്കയാ ഈശ്വരാ നടക്കണത്..!”
മാധവന്റെ തോളിൽ കൈ വച്ചമർത്തി നിമ്മി പതുക്കെ പറഞ്ഞു.
“പാവം മാമൻ..”
പിന്നെ നിമ്മി എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ ചായ ഇട്ടിട്ടു വരാം..”
അവൾ അടുക്കളയിലേക്ക് പോകുന്നതിനു മുൻപ് അകത്തു പോയി അമ്മയെ എഴുന്നേൽപ്പിച്ചിട്ടാണ് പോയത്...
നിമ്മി ചായയുമായി വന്നപ്പോഴേക്കും കോഴി കൂവുന്നതു കേട്ടു...
കരച്ചിലിനൊടുവിൽ എല്ലാവരും ഫ്രഷായിക്കഴിഞ്ഞിരുന്നു.
ഓരോ ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടിരിക്കെ ഗൌരി ചോദിച്ചു.
“എന്നിട്ട് മാമന് നല്ല വെഷമായില്ലെ...? എങ്ങനെ സഹിച്ചു അത്..?”
ഒരു കവിൾ ചായകൂടി ഇറക്കിയിട്ട് മാധവൻ പറഞ്ഞു തുടങ്ങി.
“ചുറ്റും നിൽക്കുന്നവർ പലതും ചോദിക്കുന്നുണ്ടെങ്കിലും ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വളരെ കുറച്ച് ആളുകളെയുള്ളു ചുറ്റിനും.
‘ഇന്നലെ രാത്രിയിൽ എന്തായാലും ഇതുവഴി ആനയും പുലിയുമൊന്നും ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ ഈ കാർന്നോരുടെ മുടി മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു.’
‘എന്നാലും ന്റെ കാർന്നൊരെ ഇവിടെയല്ലാതെ മറ്റൊരിടവും കണ്ടില്ലെ ചാവാൻ..’
‘ആരാ കണ്ടെ ഇയാളെ...?’
‘ഞങ്ങൾ വെളുപ്പിന് വെളിക്കിരിക്കാനാ ഇവിടെ വണ്ടി നിറുത്തിയത്. ഈ തോടിന്റെ അടുത്തായിട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാ ഇവൻ പറഞ്ഞത് അവിടെ ഒരാള് കിടക്കുന്നുണ്ടല്ലോന്ന്. ഞങ്ങൾ വന്നു നോക്കുമ്പോൾ ആൾക്ക് ജീവനുണ്ട്. പരിക്കൊന്നും കാണാനില്ല...’
ഇങ്ങനെ അവിടെ കൂടിയവരൊക്കെ ഓരോന്ന് പറയുന്നുണ്ടായിരുന്നു. മോള് ചോദിച്ചില്ലെ.. മാമനു വെഷമായോന്ന്. എനിക്ക് വെഷ്മായത്.. ഒരു ദിവസം കൂടി അവർക്ക് ഈ അഛനെ സഹിക്കാമായിരുന്നു. ആ യാത്രയിൽ അവരോടൊപ്പം ഞാൻ തിരിച്ചു പോകില്ലായിരുന്നു. അഛനെ കൊല്ലിച്ചവർ അല്ലെങ്കിൽ അഛനെ കാട്ടിലുപേക്ഷിച്ചവർ എന്ന ദുഷ്പ്പേരും പേറി ഇനിയുള്ള കാലം ജീവിക്കണമായിരുന്നോ..? ഇതാരും അറിഞ്ഞില്ലെങ്കിൽപ്പോലും അവരുടെ മനസ്സാക്ഷിയുടെ മുൻപിൽ നിന്നും അവർക്ക് രക്ഷപ്പെടാനാവുമോ..? എന്റെ മക്കൾ തീർച്ചയായിട്ടും ഇത്ര ഭാഗ്യം കെട്ടവരായിപ്പോയല്ലൊ..”
ചായ ഗ്ലാസ്സിലെ അവസാന കവിൾ ചായയും വലിച്ചു കുടിച്ച് ഗ്ലാസ് താഴെ വക്കവെ മാധവൻ നിവർന്നിരുന്നിട്ട് പറഞ്ഞു. “എന്തായാലും ആ അദ്ധ്യായം അവിടെ അവസാനിച്ചു. എന്തെങ്കിലും പണത്തിനാവശ്യം വന്നാൽ ഞാനറിയുന്നതിനു മുൻപു തന്നെ വളയോ മാലയോ ഊരി മക്കൾ പോലുമറിയാതെ പണയം വച്ച് കാര്യം കണ്ട്, നമ്മുടെ കഷ്ടപ്പാടുകളൊന്നും മക്കളെ അറിയിക്കരുതെന്ന എന്റെ നിർബ്ബന്ധത്തിനു വഴങ്ങി അക്ഷരംപ്രതി അനുസരിച്ചു ജീവിച്ച എന്റെ ഭാര്യയോ, ഞാനോ, എന്റെ മക്കളോ തെറ്റുകാരെന്ന് എനിക്കറിയില്ല. ഇന്നലേക്ക് ഒരു വർഷം തികഞ്ഞു. അതുകൊണ്ട് ഒരു വക കഴിച്ചില്ല. എവിടേയും നിന്നില്ല. നടപ്പോടു നടപ്പ്. എവിടേങ്കിലും തളർന്നു വീഴുന്നെങ്കിൽ വീഴട്ടേന്നു കരുതി. അവസാനം ഇന്നലെ ആ മഴയത്ത് ഈ ഇറയത്ത് ഓടിക്കയറുന്നതുവരെ..”
മാധവൻ എല്ലാവരേയും മാറിമാറി നോക്കി...
ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, ഒരു കൊട്ട സങ്കടങ്ങൾ തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല.... പകരം ഒരു നെടുവീർപ്പുമാത്രം.
തുടരും....