Monday 15 June 2015

കഥ. മറക്കില്ലൊരിക്കലും.

കഥ.

മറക്കില്ലൊരിക്കലും...

[എന്റെ കഥകളിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ഈ കഥ ചെറിയൊരു എഡിറ്റിങ്ങോടെ പുനഃപ്രസിദ്ധീകരിക്കുന്നു. ഏവർക്കും ഇഷ്ടമാവുമെന്ന വിശ്വാസത്തോടെ... 
വീകെ.]

                   നാലഞ്ചു കിലോമീറ്റർ നടന്നെത്തിയതിന്റെ ക്ഷീണമുണ്ടെങ്കിലും ഇരിക്കാനുള്ള സമയമുണ്ടായില്ല സോമന്. ഇംഗ്ലീഷിന്റെ കോമ്പോസിഷൻ ബുക്കുമെടുത്ത് പുറത്തേക്ക് ഓടി. സ്കൂളിനു പുറത്തു കടന്ന് വലത്തോട്ട് തിരിഞ്ഞ് മതിലിനു പുറത്തു കാണുന്ന ഓടു മേഞ്ഞ വിട്ടിലേക്ക് ഓടിക്കയറിയത് “ലീലേച്ചിയേയ്...” എന്നു വിളിച്ചു കൊണ്ടായിരുന്നു.

നേരം വൈകിയതുകൊണ്ടുള്ള ഒരു പരിഭ്രമം ആ വിളിയിലുണ്ടായിരുന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം ലീലേച്ചി പെട്ടെന്നു തന്നെ ഇറയത്തേക്ക് ഓടിയെത്തി. അപ്പോഴേക്കും നിത്യപരിചതനെന്നോണം പുസ്തകം തുറന്ന് തിണ്ണയിൽ വച്ച് പേനയുടെ ടോപ്പ് ഊരി, എഴുതാൻ തെയ്യാറായി ഇറയത്തെ സ്റ്റൂൾ തിണ്ണയോട് ചേർത്തിട്ട് ഇരുന്നു കഴിഞ്ഞിരുന്നു സോമൻ. വേഗം നടന്നു വന്നതിന്റെ ക്ഷീണം വിയർത്തൊലിച്ച മുഖത്ത് കാണാനുണ്ട്.

കുട്ടികളുടെയെല്ലാം ‘ലീലേച്ചി’യായ ലീല വിദ്യാഭ്യാസം അത്യാവശ്യമുള്ളതൊക്കെ നേടി ഒരു ജോലിക്കായി വാതിലായ വാതിലൊക്കെ മുട്ടി നടക്കുന്നതിനിടക്കു കിട്ടുന്ന ഇത്തിരി ഒഴിവു സമയം, കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് അത്യാവശ്യം വീട്ടുകാര്യങ്ങൾ നടന്നു പോകുന്നത്. എന്നുവച്ച് തന്നെപ്പോലെ തന്നെ പാവപ്പെട്ട കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കുന്നതിന് കൂലി വേണമെന്ന് നിർബ്ബന്ധമൊന്നുമില്ല. അതുകൊണ്ടാണ് സോമനെപ്പൊലുള്ള കുട്ടികൾ അത്യാവശ്യങ്ങൾക്ക് ലീലേച്ചിയെത്തേടി മടി കൂടാതെ എത്തുന്നത്.

സോമനെ കണ്ടതും ലീല ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇന്നെന്തിനെക്കുറിച്ചാ.. നേതാജിയെക്കുറിച്ചായിരിക്കും...?”
“അതേ. വേഗം പറഞ്ഞു താ ചേച്ചി. പ്പൊ.. ബല്ലടിക്കും..”
സോമുവിന്റെ അവസ്ഥ മനസ്സിലാക്കി ലീലേച്ചി വേഗം തന്നെ പറഞ്ഞു.
“ ശരി എഴുതിക്കോ.. നേതാജി വാസ്.....”
സോമു സ്പീടിലാണെങ്കിലും സ്വൽ‌പ്പം ചരിച്ച് നല്ല ഭംഗിയായി എഴുതുന്നതും നോക്കിക്കൊണ്ട് ലീലേച്ചിയും തൊട്ടടുത്തു തന്നെ തിണ്ണയിൽ ഇരുന്നു. ഇടക്ക് ചോദിച്ചു.
“ ചേച്ചി.. സുഭാഷ് സ്പെല്ലിംഗ്...?”
“എസ് യു ബി എച്ച് എ....”
ഒരു തെറ്റു പോലും വരാതെ പത്തു വാചകം പറഞ്ഞു കൊടുത്തിട്ട് എഴുന്നേൽക്കുമ്പോൾ ലീലേച്ചി പറഞ്ഞു.
“ സോമു.. ഇനി ചേച്ചിയുടെ സഹായം ഇല്ലാതെ എഴുതിപ്പഠിക്കണം. വീട്ടിൽ നിന്നും ആലോചിച്ച് എഴുതിക്കൊണ്ടു വരണം. ഇവിടെ വരുമ്പോൾ ചേച്ചി തെറ്റു തിരുത്തിത്തരാം. ഈ വർഷം മുതൽ ഹൈസ്ക്കൂളിലാ... മറക്കണ്ട....”
അപ്പോഴേക്കും സ്കൂളിൽ ബല്ലടിക്കുന്ന ഒച്ച കേട്ടു.
“അയ്യൊ ചേച്ചി ബല്ലടിച്ചു. ഞാൻ പോട്ടെ...”
എന്നു പറഞ്ഞതും ബുക്കും മടക്കിയെടുത്ത് ഓടിയതും ഒപ്പമായിരുന്നു.

                        ആദ്യത്തെ പിരീട് ഗോപിസാറിന്റെ ഇംഗ്ലീഷാണ്. എല്ലാവരും നേതാജിയെക്കുറിച്ച് എഴുതിയ കോമ്പോസിഷൻ ബുക്ക് മേശപ്പുറത്ത് അട്ടിയായി വച്ചിട്ടുണ്ട്. അതെല്ലാം ഭംഗിയായി അടുക്കി വക്കുന്നത് ക്ലാസ്സിലെ മോണിറ്ററായ സോമൻ ആണ്.
ആദ്യ ബഞ്ചിൽ ആദ്യം സോമനാണ് ഇരിക്കുന്നത്.
ഒരു കൈപ്പാട് അകലത്തിൽ പെൺകുട്ടികളാണ് ഇരിക്കുന്നത്.
പെൺകുട്ടികളുടെ വശത്ത് ആദ്യ ബഞ്ചിൽ ആദ്യം ശ്യാമ.
വെളുത്ത് കൊലുന്നനെ ഒരു പെൺകുട്ടി...!
കാലത്തെ കുളി കഴിഞ്ഞ് നെറ്റിയിൽ ചന്ദനക്കുറിയും അഴിച്ചിട്ട മുടിത്തുമ്പിൽ തുളസിക്കതിരും ചൂടി ക്ലാസ്സിലെത്തുന്ന ശ്യാമയെ കാണുക എന്നത് ആൺകുട്ടികൾക്ക് ഒരു നിർവൃതിയായിരുന്നു.
ഒരു പുഞ്ചിരി കൂടി കിട്ടിയാൽ അന്നത്തെ ദിവസം ഓക്കെ. അതെപ്പോഴും ആ മുഖത്തുണ്ടാവുകയും ചെയ്യും.

പെൺകുട്ടികളുടെ ഭാഗത്തെ മോണിറ്റർ കൂടിയായിരുന്നു ശ്യാമ.
അതിനാൽ കോമ്പോസിഷൻ ബുക്ക് കൊണ്ടു പോയി ഓഫീസിൽ വക്കാനും തിരിച്ചു കൊണ്ടു വരാനും സോമനോടൊപ്പം ശ്യാമയാണ് പോകാറ്. അതൊക്കെ മറ്റു കുട്ടികളിൽ ഒരു തരം അസൂയ ജനിപ്പിച്ചിരുന്നു. അവർക്ക് മറ്റുള്ളവരേക്കാൾ സംസാരിക്കാൻ കൂടുതൽ അവസരങ്ങളും.
സോമന്റെ തൊട്ടടുത്ത് ഒരു കൈപ്പാടകലത്തിലിരിക്കുന്ന ശ്യാമയെ ഒരു മറയുമില്ലാതെ കാണാൻ സോമനു കഴിയുമായിരുന്നു.
ശ്യാമ നന്നായി പടം വരക്കുമായിരുന്നു.
സോമന്റെ പടം ഒരിക്കലും നന്നാവാറില്ല.

ഒരു ദിവസം കാലത്ത് നേരത്തെ വന്ന് പടം വരച്ചു കൊണ്ടിരുന്ന സോമന്റെ ബുക്ക് നോക്കിയിട്ട് ശ്യാമ അപ്രതീക്ഷിതമായി പറഞ്ഞു.
“കുട്ടീ.. ഇങ്ങു തരു.. ഞാൻ വരച്ചു തരാം...!!”
ശ്യാമയുടെ മുഖത്തേക്കു ആശ്ചര്യത്തോടെ നോക്കിയിട്ട് യാന്ത്രികമായി വരച്ചും മാച്ചും വീണ്ടും വരച്ചും പേജ് കറുത്തു തുടങ്ങിയ ബുക്ക് വിറകൊള്ളുന്ന കയ്യോടെ എടുത്ത് കൊടുത്തു.
അന്നേരം ശ്യാമയും സോമനും മാത്രമേ ക്ലാസ്സിൽ എത്തിയിട്ടുള്ളു.
ശ്യാമ ആ പേജിന്റെ കോലം കണ്ടിട്ട് സോമനെ നോക്കി മുഖമൊന്നു വക്രിച്ചു പുഞ്ചിരിച്ചു.
പിന്നെ, ആ പേജ് കീറിക്കളഞ്ഞിട്ട് പുതിയൊരു പേജിൽ ഭംഗിയായി വരക്കാൻ തുടങ്ങി.
അത് കണ്ടിരിക്കുമ്പോൾ താൻ വല്ലാതെ ചെറുതായി പോയതു പോലെ.
ശരിക്കും നാണം തോന്നി സോമന്...!
സോമൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പിന്നെ ബെല്ലടിച്ചതിനു ശേഷമാണ് ക്ലാസ്സിലെത്തിയത്.
ക്ലാസ്സിലെത്തിയതും ശ്യാമയുടെ മുഖത്തേക്ക് നോക്കി.
എന്റെ ബുക്കെവിടെ..? എന്ന ഭാവം.
ശ്യാമ കണ്ണു കൊണ്ട് ആംഗ്യം കാട്ടി പറഞ്ഞു,
‘അവിടെ വച്ചിട്ടുണ്ടെന്ന്.’
മറ്റാരും കാണാതെ തന്റെ പുസ്തകക്കെട്ടിൽ നിന്നും അതുമാത്രമെടുത്ത് പതുക്കെ തുറന്നു നോക്കി. ചിത്രം കണ്ടതും സോമുവിന്റെ വായും കണ്ണും ഒരു പോലെ വിടർന്നു...!
അത്ഭുതം വിടർന്ന ആ കണ്ണുകൾ ചിമ്മാതെ തന്നെ ശ്യാമയെ നോക്കി.
ശ്യാമ ഒരു പുഞ്ചിരിയോടെ നോക്കിയതും പിന്നെ കണ്ണടച്ചു കാണിച്ച്, ‘ആരും അറിയണ്ടാന്ന് ’ പറയാതെ പറഞ്ഞു. സോമൻ വേഗം ബുക്കടച്ചു വച്ചു.
സ്നേഹത്തോടെ നന്ദിയോടെ ഒന്നു കൂടി ശ്യാമയെ നോക്കി.
ആ നന്ദിപ്രകടനം ശ്യാമക്കു മാത്രം മനസ്സിലാകുമായിരുന്നു.

അത് പലപ്പോഴും തുടർന്നു പോന്നു.
ഇതൊന്നും ക്ലാസ്സിൽ മറ്റാരും അറിഞ്ഞിരുന്നില്ല.
പ്രേമത്തെക്കുറിച്ചൊ സ്നേഹത്തെക്കുറിച്ചൊ ഒന്നും സംസാരിക്കാതെ തന്നെ മൂകമായി ഒരു പ്രണയ ബന്ധം വളർന്നു വന്നിരുന്നത് ആരുടേയും കണ്ണിൽ പെടാതെ അവർ പവിത്രമായി കാത്തു സൂക്ഷിച്ചു.

നേതാജിയെക്കുറിച്ച് എഴുതിയ ബുക്ക് മേശപ്പുറത്ത് രണ്ടറ്റത്തായി അട്ടിയിട്ട് വച്ചിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകമായാണ് അട്ടിയായി വച്ചിരിക്കുന്നത്.
ഗോപിസാർ ക്ലാസ്സിലെത്തി ഹാജർ വിളിച്ചതിനു ശേഷം കുറച്ചു നേരം ക്ലാസ്സെടുത്തു.
പിന്നെ എല്ലാവരോടും ശബ്ദമുണ്ടാക്കാതെ ഇന്നെടുത്ത പാഠഭാഗം വായിച്ചു പഠിക്കാൻ പറഞ്ഞിട്ട് ബുക്കുകൾ നോക്കാൻ തുടങ്ങി.

ആദ്യം ആൺകുട്ടികളുടെ ബുക്കാണെടുത്തത്.
അത് തീർന്നതും പെൺകുട്ടികളുടെ ബുക്ക് ഓരോന്നായി നോക്കി നോക്കി,  ഇടക്ക് ശ്യാമയുടെ മുഖത്തേക്കും ബുക്കിലേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
പിന്നെ നോക്കി വച്ച ആൺകുട്ടികളുടെ ബുക്കിനുള്ളിൽ നിന്നും മറ്റൊരു ബുക്ക് വലിച്ചെടുത്ത് തുറന്നു നോക്കി. വീണ്ടും ശ്യാമയെ നോക്കിയിട്ട് സാർ വിളിച്ചു.
“ശ്യാമ.... കമോൺ..!?”
ശ്യാമ പരിഭ്രമത്തിൽ എഴുന്നേറ്റ് മേശയുടെ മുന്നിലേക്ക് ചെന്നു.
സാർ ശബ്ദം താഴ്ത്തി ചോദിച്ചു.
“തന്റെ ബുക്ക് ആർക്കെങ്കിലും കോപ്പി അടിക്കാൻ കൊടുത്തോ..?”
“ഇല്ല സാർ...”
“താൻ ആരുടെയെങ്കിലും കോപ്പിയടിച്ച് എഴുതിയതാണൊ..?”
“അല്ല സാർ.. ഞാൻ വീട്ടീന്ന് എഴുതിക്കൊണ്ടു വന്നതാ...”
ശ്യാമ ശരിക്കും വിറ കൊണ്ടു. സാർ ഒന്നിരുത്തി മൂളിയിട്ട് പറഞ്ഞു.
“താൻ പോയി ഓഫീസ്സിൽ നിന്നും ചൂരലെടുത്തിട്ടു വാ...!”

കേട്ടതും ശ്യാമ പേടിച്ചു വിറച്ച് ചൂരലെടുക്കാനായി ഓടി.
സാറിന്റെ മുന്നിലിരിക്കുന്ന കോപ്പി ബുക്ക് ആരുടേതേന്നറിയാതെ കുട്ടികൾ എല്ലാം വിയർത്തുകുളിച്ചു. ശ്യാമ ഒട്ടും സമയം കളയാതെ ചൂരലുമായി ഓടിയെത്തി.
മേശപ്പുറത്തു നിന്നും ചൂരലെടുത്ത് ഗോപിസാർ എഴുന്നേറ്റു.
ആരുടെ പേരാണ് വിളിക്കുന്നതെന്ന് ശ്രദ്ധിച്ച് ശ്വാസം പിടിച്ച് അക്ഷമരായി കുട്ടികൾ.
ഇരുന്ന കസേര പിറകിലേക്ക് തട്ടി മാറ്റി ഗോപിസാർ മേശയുടെ ഒരു വശത്തേക്ക് വന്ന് വിളിച്ചു.
“സോമൻ.. ഇവിടെ വാ..!?”

സോമന് അത്ര ഭയമൊന്നും തോന്നിയില്ല.
താൻ കോപ്പി അടിച്ചിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് മടിക്കാതെ സാറിന്റെ മുന്നിലെത്തി. മുന്നിലെത്തിയതും പെട്ടെന്ന് ഒന്നും പറയാതെ വലത്തുകാലിനു മുകളിൽ നിന്നും നിക്കർ പൊക്കി ശക്തിയായി ഒറ്റ അടി..!!
‘അ’ എന്നൊരു ശബ്ദം വന്നതോടൊപ്പം കണ്ണുകളിൽ നിന്നും ചുടുകണ്ണീർ തെറിച്ചു...!
അടികൊണ്ട ഇടം പെട്ടെന്നു കരുവാളിച്ചതു കണ്ട് പിന്നിലിരുന്ന പെൺ‌കുട്ടികൾ ‘ശ്ശോ’ എന്ന് പറഞ്ഞ് വായ പൊത്തി. ചിലർ അത് കാണാൻ കഴിയാതെ കുനിഞ്ഞിരുന്നു.
അപ്പൊഴാണ് രണ്ടാമത്തെ അടി ഇടത്തെ തുടയിൽ വീണത്.
അതിത്തിരി കട്ടിയായിരുന്നു.
ചൂരൽ വിണതും അവിടം പൊട്ടി ചോരയൊഴുകി...!
ശബ്ദം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ കടിച്ചുപിടിച്ചിട്ടും നിയന്ത്രിക്കാനായില്ല സോമന്.
ശരീരം വല്ലാതെ വിറകൊണ്ടു.
മുഖം ചുവന്നു തുടുത്തു.
ചുടുകണ്ണീർ പൊട്ടിയൊലിച്ചു.
അതിനേക്കാളുപരി എന്തിനാണു തന്നെ അടിച്ചതെന്നറിയാത്ത വിഷമം.

ചോര കണ്ടതും ശ്യാമ വാവിട്ടു നിലവിളിച്ചതിനൊപ്പം ബോധം കെട്ടു വീണു...!
അതു വരെ കടിച്ചുപിടിച്ചു നിന്ന കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ എല്ലാവരും വാവിട്ടു കരയാൻ തുടങ്ങി. കുറച്ചു കടന്നു പോയതു കൊണ്ടൊ, കുട്ടികൾ എല്ലാം കരയാൻ തുടങ്ങിയതു കൊണ്ടൊ എന്തോ, ചൂരൽ മേശയിലേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“മേലാൽ എന്റെ ക്ലാസ്സിൽ ഒരാളും കോപ്പിയടിക്കരുത്..”
അതും പറഞ്ഞ് സാർ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.
സങ്കടം സഹിക്കാൻ കഴിയാതെ, ബഞ്ചിൽ നേരെചൊവ്വെ ഇരിക്കാൻ കഴിയാതെ സോമൻ ഡെസ്ക്കിൽ തലവച്ച് ഏങ്ങലടിച്ച് കരഞ്ഞു.
ഒലിച്ചിറങ്ങിയ ചോര കുട്ടികൾ പുസ്തകം പൊതിഞ്ഞ കടലാസ്സ് ഇളക്കിയെടുത്ത് തുടച്ചു.
എന്നിട്ടും ചോരയൊലിച്ച പാടുകൾ കാലിൽ അവശേഷിച്ചു.
സോമന്റെ ഏന്തലും ഇടക്കിടെ കേട്ടുകൊണ്ടിരുന്നു.

പിറ്റേ ദിവസം ഗോപിസാർ വരുന്ന വഴി ലീല കാത്തുനിന്നു.
“സോമനെപ്പോലെ നന്നായി പഠിക്കുന്ന കുട്ടികൾ കോപ്പിയടിച്ചാൽ... അതുകൊണ്ടാ അടിച്ചത്... മേലാൽ അതാവർത്തിക്കരുത്.”
ലീലേച്ചി പറഞ്ഞു.
“പക്ഷെ സാറിനാ തെറ്റു പറ്റിയത്. ആ കുട്ടിക്ക് പറഞ്ഞു കൊടുത്തത് ഞാനാ. ശ്യാമക്കും ഞാൻ ഇംഗ്ലീഷിനു ട്യൂഷനെടുക്കുന്നുണ്ട്. എനിക്കൊരു മണ്ടത്തരം പറ്റി. രണ്ടുപേർക്കും ഒരുപോലെ തന്നെയാ വരികൾ പറഞ്ഞു കൊടുത്തത്...!!”
അതു കേട്ടതും ഗോപിസാർ നിന്ന നിൽ‌പ്പിൽ ഉരുകാൻ തുടങ്ങി.
ലില വീണ്ടും തുടർന്നു.
“ അതും എന്തൊരടിയാ അടിച്ചത്. ആ കുട്ടിക്കിപ്പൊ ഇരിക്കാനും വയ്യ നടക്കാനും വയ്യ. ഇനി അതിന്റെ രക്ഷകർത്താക്കൾ ചോദിക്കാൻ വരില്ലെന്നെന്താ ഉറപ്പ്...?”
സാറ് പിന്നെ സ്കൂളിലേക്ക് പോയില്ല. തിരിച്ചു നടന്നു.
രണ്ടു മൂന്നു ദിവസം പനി പിടിച്ച് കിടപ്പിലായെന്നു കേട്ടു.

മാസങ്ങളേറെ കടന്നുപോയി.
മാസങ്ങൾ വർഷങ്ങളെ ഗർഭം ധരിച്ചു പ്രസവിച്ചത് ഒന്നും രണ്ടുമല്ല.
മൂന്ന് വർഷങ്ങൾ.
പത്താം ക്ലാസ്സിലെ അവസാന ദിവസം.
എല്ലാവരും ഒരു പിരിഞ്ഞു പോകലിന്റെ വേദനയിൽ അസ്വസ്തമായ മനസ്സോടെ ഓട്ടോഗ്രാഫുമായി എല്ലാവരുടെ മുന്നിലും കറങ്ങി നടന്നു. അതുവരെ കേൾക്കാത്തതും വായിക്കാത്തതുമായ സാഹിത്യം മുഴുവൻ കുട്ടികൾ പരസ്പ്പരം വാരിവലിച്ചെഴുതി വിടവാങ്ങൽ ഭംഗിയാക്കിക്കൊണ്ടിരുന്നു.
ശ്യാമയും സോമനും ഓട്ടോഗ്രാഫിൽ എന്തെഴുതും എന്നറിയാതെ കുഴങ്ങി.
അപ്പോഴേക്കും വളരെ ധൃഢമായിക്കഴിഞ്ഞിരുന്നു അവരുടെ സ്നേഹബന്ധം.
“മറക്കില്ലൊരിക്കലും ഞാൻ നിന്നെ-
മറന്നെന്നാകിൽ നിനച്ചു കൊൾക,
ശ്വാസവും പിന്നെ എൻ ജീവനും
നിലച്ചതായ് കരുതുകെൻ പ്രിയേ..!”
തന്റെ ഓട്ടോഗ്രാഫിൽ എഴുതിയ സോമന്റെ ആത്മാർത്ഥമായ വാക്കുകൾ വായിച്ച് ശ്യാമ കോൾമയിർ കൊണ്ടു.
ആ വരികളിൽ മുഖമൊളിപ്പിച്ച് ചുംബിച്ചു ശ്യാമ.
എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു.
മറുപടിയായി ശ്യാമ ചൂടോടെ തന്നെ സോമന്റെ ബുക്കിൽ എഴുതി.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”

രണ്ടു പേരും പിന്നെ അപൂർവ്വമായിട്ടെങ്കിലും കാണുമായിരുന്നു.
ചിലപ്പോഴൊക്കെ സോമൻ സൈക്കിളെടുത്ത് ശ്യാമയുടെ വീടിന്റെ പരിസരത്തൊക്കെ കറങ്ങുമായിരുന്നു. അന്നേരം റേഷൻ കടയിൽ പോകാനെന്നോണം ശ്യാമയും പുറത്തു വരും. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്നതിനുശേഷമാണ് ഒട്ടും കാണാൻ കഴിയാതെ വന്നത്. രണ്ടുപേരും രണ്ടിടത്തായി താമസിച്ച് പഠിക്കേണ്ടി വന്നതു കൊണ്ട് പിന്നൊരിക്കലും കണ്ടതേയില്ല.

പഠിത്തം കഴിഞ്ഞ് വന്നതിനു ശേഷം സൈക്കിളുമായി കറങ്ങിയെങ്കിലും ശ്യാമയുടെ വീടിന്റെ പരിസരം തിരിച്ചറിയാൻ പറ്റാത്ത വിധം മാറ്റിമറിച്ചിരുന്നു. ആ പ്രദേശമാകെ വിമാനത്താവളത്തിനു വേണ്ടി വിട്ടു കൊടുക്കേണ്ടി വന്നതു കൊണ്ട് മതിലു കെട്ടി തിരിച്ചിരുന്നു. ശ്യാമയും കുടുംബവും എങ്ങോട്ടു പോയെന്ന് ചോദിക്കാൻ അറിയാവുന്ന നാട്ടുകാർ ആരുമില്ലായിരുന്നു.
ഉള്ളവർ പുതുതായി വന്നു താമസിക്കുന്നവരും.
പോകുന്നിടത്തെല്ലാം സോമന്റെ കണ്ണുകൾ ശ്യാമയെ തേടിക്കൊണ്ടിരുന്നു.
ബസ്റ്റാന്റുകൾ, റെയിൽ‌വേ സ്റ്റേഷൻ, പട്ടണങ്ങൾ, സിനിമാ തിയറ്ററുകൾ സകലയിടത്തും ശ്യാമയെ ഒരു നോക്കു കാണാനായി അലഞ്ഞു.

മാസങ്ങൾ പിന്നെയും കടന്നു പോയി.
ശ്യാമയെ മാത്രം ഒരിടത്തും കണ്ടെത്താനായില്ല.
ഒരോ അന്വേഷണങ്ങളും കഴിഞ്ഞ് വന്ന് നിരാശയോടെ ഓട്ടോഗ്രാഫിലെ ശ്യാമയുടെ കൈപ്പടയിലെഴുതിയ വാചകങ്ങൾ വായിക്കും.
ശ്വാസം നിലച്ച നിന്നരികെ നിന്നെയും.....’
..................................................................
പിന്നെ ആ വരികളിൽ മുഖമമർത്തി മതിയാവോളം ചുംബിച്ച്, അത് നെഞ്ചോട് ചേർത്തു വച്ച് കിടന്നുറങ്ങും.

പിന്നെ സോമു ജീവിതമാർഗ്ഗം തേടി എല്ലാവരേയും പോലെ ഗൾഫിലേക്ക്.
ഓരോ വെക്കേഷനും വരുമ്പോൾ പോകുന്നിടത്തെല്ലാം കണ്ണുകൾ ശ്യാമയെത്തെടി അലഞ്ഞു. ഇതിനിടക്ക് വിവാഹം കഴിക്കാനായി വീട്ടുകാരുടെ നിർബ്ബന്ധം കേട്ടില്ലെന്നു നടിച്ചു. ശ്യാമയെക്കുറിച്ചുള്ള വിവരമറിയാതെ ഒരു വിവാഹത്തിന് മനസ്സ് സമ്മതിച്ചില്ല.
കൂട്ടുകാർ പറഞ്ഞതു പോലെ ഈ പ്രായത്തിലും ഒരു പെണ്ണിന് പിടിച്ചു നിൽക്കാൻ കഴിയുമോ..? അങ്ങനെയെങ്കിൽ അവൾ ഇതിനകം നിന്നെ തേടി വരുമായിരുന്നു.
‘ശരിയായിരിക്കാം. എങ്കിലും ഒരു വിവരമെങ്കിലും അറിയാതെ...
ഇല്ല .. തനിക്കവളെ മറക്കാനാവില്ല.’

ഏറെ വർഷങ്ങൾക്കു ശേഷം, അങ്ങനെ ഒരു അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം ഫസ്റ്റ്ഷൊ സിനിമ കഴിഞ്ഞിട്ട് ബസ്സ് സ്റ്റാന്റിൽ  തൂണിൽ ചാരി നിൽക്കുകയായിരുന്നു. പലരും വന്ന് തമ്പടിച്ചിട്ടുണ്ട്. സ്റ്റാന്റിലെ അധിക സ്ഥലവും നാടോടിക്കൂട്ടങ്ങളായിരുന്നു അപഹരിച്ചിരുന്നത്. വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്നും എന്തെങ്കിലും കിട്ടുമോന്നറിയാൻ അവരുടെ കുട്ടികൾ ഓരോ കൈകളിലും വന്ന് തോണ്ടിക്കൊണ്ടിരുന്നു.

അത്തരം ഒരു തോണ്ടലായിട്ടെ സോമുവിനു തോന്നിയുള്ളു.
അതു കൊണ്ട് ഗൌനിക്കാൻ പോയില്ല.
പിന്നെ തോണ്ടലിന്റെ ശക്തി കൂടി.
എന്നിട്ടും സോമു നോക്കാൻ പോയില്ല.
പിന്നെ തോണ്ടലിനു പകരം വലത്തെ കയ്യിൽ ബലമായിട്ട് പിടിച്ചു വലിയായി.
അതുകാരണം ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാനായില്ല.
അഞ്ചൊ ആറൊ വയസ്സുള്ള വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടി..!
അതൊരു നാടോടിക്കുട്ടിയായി തോന്നാഞ്ഞതു കൊണ്ട് ‘എന്തെ..?’ എന്നു ചോദിച്ചതിനു മറുപടിയായി അപ്പുറത്തെ ലേഡീസ് വെയിറ്റിങ് റൂമിന്റെ നേരെ കൈ ചൂണ്ടിക്കാണിച്ചു.
തന്റെ നാട്ടിലുള്ള പരിചയക്കാർ ആരെങ്കിലുമായിരിക്കുമെന്നു കരുതിയാണ് അങ്ങോട്ടു തിരിഞ്ഞത്. അവിടെ ഗർഭിണിയായ ഒരു സ്ത്രീ മാത്രമാണ് നിന്നിരുന്നത്.
“ആരാ..?” ആ കൊച്ചു പെൺകുട്ടിയോട് ചോദിച്ചു.
“അമ്മ വിളിക്കുന്നു.. വരൂ...” എന്നു പറഞ്ഞ് കയ്യിൽ പിടിച്ചു വലിച്ചു.
ആ കുട്ടിയോടൊപ്പം രണ്ടടി നടന്നതും ഒരു ഷോക്ക് കിട്ടിയതു പോലെ സോമൻ നിന്നുപോയി...!!?
ഉള്ളിൽ ഒരാന്തൽ...!
ഒരു പരവേശം...!
കണ്ണിന്റെ കാഴ്ച മങ്ങുന്നുവോ...!
ഇതു സത്യമോ...!?
തല ഒന്നു കുടഞ്ഞിട്ട് വീണ്ടും നോക്കി...
പഴയ നാലുവരി ചങ്കിൽ കിടന്നു ശ്വാസം മുട്ടിപ്പിടഞ്ഞു.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”

അറിയാതെ തന്നെ ആ വാക്കുകൾ ഉതിർന്നു വീണു.
“ശ്യാമ..!!!”
യാന്ത്രികമായി കാലുകൾ അങ്ങോട്ടു ചലിച്ചു.
നെഞ്ചിടിപ്പിന്റെ താളം മദ്ദളമേളം കൈവരിച്ചു.
അടുത്ത് ചെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് വിളിച്ചു.
“ശ്യാമേ...!”
നിർന്നിമേഷനായി സോമുവിനെത്തന്നെ നോക്കി നിന്ന ശ്യാമയും ഒരു സ്വകാര്യം പോലെ വിളിച്ചു.
“സോമൂ...!”
പരിസരം മറന്നുള്ള രണ്ടുപേരുടേയും നിൽ‌പ്പിൽ നിന്നും പെട്ടെന്ന് സമനില വീണ്ടെടുത്ത് സോമു ചോദിച്ചു.
“ശ്യാമേ.. എവിടായിരുന്നു ഇത്രയും കാലം...?”
അമ്പരപ്പിൽ നിന്നും തിരിച്ചു വന്ന ശ്യാമ ഒരു നിമിഷം, നിറഞ്ഞുവന്ന കണ്ണുകൾ തൂവാല കൊണ്ട് തുടച്ചിട്ട് പറഞ്ഞു.
“ആ വിമാനത്താവളം വന്നതോടെ ഉള്ളതെല്ലാം നഷ്ടമായി. കിട്ടിയ കാശ് കൊടുത്ത് അഛൻ എനിക്കൊരു അദ്ധ്യാപികയുടെ ജോലി വാങ്ങിത്തന്നു. വയനാട്ടിലെ ഒരു സ്കൂളിലായിരുന്നു. ഇവിടെത്തെ വീടൊക്കെ പോയില്ലെ, എന്നാൽ പിന്നെ എന്നെ ഒറ്റക്ക് വിടണ്ടാന്നും പറഞ്ഞ് എല്ലാവരും കൂടി വയനാട്ടിൽ സ്കൂളിന്റെ അടുത്തു തന്നെ ഒരു വീട് വാടകക്കെടുത്ത് താമസിച്ചു. അതിനു ശേഷം....”
ശ്യാമ ഒന്നു നിറുത്തി. പിന്നെ മുഖം ഒന്നമർത്തി തുടച്ചിട്ട് തുടർന്നു.
“പിന്നെ... ഞാനൊരു പെണ്ണല്ലെ. എത്ര നാൾ ഞാൻ....!!?”
അതു മുഴുമിപ്പിക്കാൻ അനുവദിക്കാതെ സോമു കൈയ്യുയർത്തി തടഞ്ഞു.
ബാക്കിയെല്ലാം സോമുവിന് ഊഹിക്കാൻ കഴിയുമായിരുന്നു.

അമ്മയെ ചുറ്റിപ്പിടിച്ചു നിന്ന കൊച്ചു പെൺകുട്ടിയെ കയ്യെത്തിച്ചു പിടിച്ച് സോമു ചോദിച്ചു.
“മോളൂടെ പേരെന്താ..?”
“ലിപി.. ലിപി ദേവദാസ്..”
“ഹൈ.. നല്ല പേരാണല്ലൊ...”
സോമു ശ്യാമയുടെ മുഖത്തേക്ക് നോക്കി. ശ്യാമ പറഞ്ഞു.
“ദേവദാസ്സെന്നാ പുള്ളിക്കാരന്റെ പേര്. ഞങ്ങളൂടെ സ്കൂളിലെ മാഷ് തന്നെയാ..!”
സോമു ആ കുട്ടിയെ തന്റെ കൈകളിലെടുത്തിട്ട് പറഞ്ഞു.
“എന്റെ മോളെ ജിവിതത്തിൽ ആദ്യമായിട്ടാ കാണുന്നത്. മോൾക്ക് ഞാൻ എന്തെങ്കിലും മധുരം വാങ്ങിക്കൊടുക്കട്ടെ...”
അടുത്തു കണ്ട സ്റ്റാളിൽ നിന്നും ആവശ്യമുള്ളതിലേറെ വാങ്ങിക്കൊടുത്തിട്ടു വരുമ്പോൾ ശ്യാമ ദ്വേഷ്യപ്പെട്ടു.
“അയ്യൊ.. എന്തിനാ ഇത്രയധികം വാങ്ങിയത്..?”
“സാരമില്ല ശ്യാമെ.. ഇനിയൊരിക്കലും നമ്മൾക്ക് കാണാനായില്ലെങ്കിലോ..?”

ശ്യാമയുടെ അടുത്ത ചോദ്യം കേട്ട് സോമൻ ഒന്നു ചിരിച്ചു.
അതിനു മറുപടി പറയാതെ സോമൻ ചോദിച്ചു.
“അല്ലാ... ദേവദാസ് എവിടെ കണ്ടില്ലല്ലൊ....?”
“പുള്ളിക്കാരൻ വന്നില്ല. എന്റെ അമ്മയുടെ തറവാട് ഇവിടെ അടുത്താ. അവിടെ മുത്തശ്ശിക്ക് സുഖമില്ലാന്ന് അറിഞ്ഞിട്ട് വന്നിട്ട് തിരിച്ചു പോകാ... ഇപ്പൊ ഇവിടെന്ന് കയറിയാ നേരം വെളുക്കുമ്പൊഴേക്കും വയനാട്ടിലെത്താം...”
അപ്പൊഴേക്കും പച്ചക്കളറുള്ള ‘എക്സ്‌പ്രെസ്സ്’ വണ്ടി അവരുടെ മുന്നിൽ കൊണ്ടു വന്നു നിറുത്തി.
അതു കണ്ട് സോമൻ പറഞ്ഞു.
‘ഇതല്ലെ നിങ്ങൾക്ക് പോകേണ്ട വണ്ടി...?”
“അതെ..”
“പക്ഷേ, സമയമുണ്ട്. അവരിനി ഭക്ഷണം കഴിച്ചിട്ടേ പോകൂ...”

                  സോമൻ കുട്ടിയെ എടുത്ത് മുന്നിൽ നടന്നു. പിറകിലെ വാതിലിന്റെ നേരെയുള്ള സീറ്റ് ഒഴിഞ്ഞിരുന്നു. അതിൽ കുട്ടിയെ ഇരുത്തിയിട്ട് സോമൻ താഴെയിറങ്ങി നിന്നു. ശ്യാമയും വാതിലിലെ കമ്പിയിൽ പിടിച്ച് നിന്നിട്ട് ചോദിച്ചു.
“ഞാൻ ചോദിച്ചതിനു മറുപടി പറഞ്ഞില്ലല്ലൊ... സോമൂന്റെ കുടുംബം..?”
അങ്ങനെയൊന്നില്ലെന്ന മട്ടിൽ തലയാട്ടിയതേയുള്ളു. ഒന്നും പറഞ്ഞില്ല.
ശ്യാമയുടെ ഭാവത്തിൽ പെട്ടെന്നു വ്യത്യാസം വന്നു.
തൊണ്ട ഇടറി.
പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുകളുയർത്തി ആകാംക്ഷയോടെ ചോദിച്ചു.
“ എന്ത്.. വിവാഹം കഴിച്ചില്ലേ...?”
“ഇല്യ...! ”
ഒരു നിമിഷം കഴിഞ്ഞ്, ഉമിനീരിറക്കി തൊണ്ടയൊന്നു നനച്ചിട്ട് ശ്യാമ ചോദിച്ചു.
“ ഞാനായിരുന്നോ അതിനു കാരണം...?”
“ഹേയ്.. അങ്ങനെ പറയാനാവില്ല. പഠിത്തമൊക്കെ കഴിഞ്ഞ് ഗൾഫിലൊക്കെ പോയതുകൊണ്ട് കാലം കടന്നു പോയന്നേയുള്ളു. പിന്നെ , തന്നെ ഒരു നോക്കു കാണാനോ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയാനൊ കഴിയാത്തതു കൊണ്ട് ഒരു വിഷമംണ്ടായിരുന്നൂന്നുള്ളത് ശരിയാ.. എന്തായാലും ശ്യാമ സുഖായിരിക്കുന്നല്ലൊ... എനിക്കിപ്പൊ സന്തോഷായി... സമയായി. കേറിക്കോളൂ.. ”
“എന്നോട് ദ്വേഷ്യോണ്ടോ...?”
“ഹേയ് എന്തിന്... പത്താം ക്ലാസ്സിലെ പ്രേമത്തിന് ആരെങ്കിലും അത്ര സീരിയസ്സ് കൊടുക്കുമോ...?

അവരെ വിട്ട് തന്റെ ബസ്സിനു നേരെ നടക്കുമ്പോൾ സോമന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞൊഴുകാൻ തുടങ്ങി. എവിടെയെങ്കിലും കാണാമറയത്തിരുന്ന് ഒന്നു പൊട്ടിക്കരഞ്ഞാൽ, ചങ്കിന്റെ ഭാരം ഒന്നു കുറഞ്ഞു കിട്ടിയേനേയെന്ന് വെറുതെ മോഹിച്ചു.
ഓട്ടൊഗ്രാഫിലെ ആ നാലുവരി സോമന്റെ തലക്കു ചുറ്റും നൃത്തം വച്ചു.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”
                                                           *************