Saturday 15 October 2011

സ്വപ്നഭുമിയിലേക്ക്...(51) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും.....

എനിക്കാ വാർത്ത സഹിക്കാനായില്ല. ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത്ബോസ്സ്കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ. പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല.
വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!


തുടരുന്നു...

ബോസ്സ് പേപ്പറുകൾ നോക്കിയിരിക്കുമ്പോഴാണ് ഞാൻ വേഗത്തിൽ കടന്നു ചെല്ലുന്നത്. അദ്ദേഹം തല ഉയർത്തി നോക്കി. എന്റെ വരവിന്റെ പന്തിയില്ലായ്മ കണ്ടിട്ടാകും തല മുകളിലേക്ക് വെട്ടിച്ച് ഒരു ചോദ്യം.
“ഊം....” ഞാൻ അവിശ്വസനിയതോടെ തന്നെ ചോദിച്ചു.
“ബോസ്സ്, ജോ ലി രാജിവച്ചോ...?”
അപ്പോൾ ആ മുഖം വളരെ ശാന്തമായിരുന്നു. കാറും കോളും ഇല്ലാത്ത പ്രസന്നമായ മുഖം..!
അതൊരു ഉറച്ച തീരുമാനമായിരുന്നുവെന്ന് വിളിച്ചോതുന്ന മുഖം..!
വളരെ ശാന്തമായിത്തന്നെ പറഞ്ഞു.
“ശരിയാണ് നീ കേട്ടത്... ഞാൻ രാജിവച്ചു....!!”
“പക്ഷേ ബോസ്സ്, എന്തിനു രാജി വക്കണം...?”
“അങ്ങനെ വേണ്ടി വന്നു...!”
“ബോസ്സ്, അങ്ങ് വരുമ്പോൾ ഇവിടെ ആകെയുണ്ടായിരുന്നത് ആ ഈജിപ്ഷ്യനും ‘ഞാനും’ പിന്നെ അടച്ചുപൂട്ടാൻ സമയവും കാത്തിരിക്കുന്ന ഈ സ്ഥാപനവും മാത്രമായിരുന്നു. അവിടെ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അങ്ങൊരുത്തനാണ്. ഇന്ന് മുപ്പതോളം സ്റ്റാഫുള്ള ഒരു വലിയ സ്ഥാപനമാക്കി മാറ്റിയ അങ്ങ് എന്തിനു രാജിവക്കണം. അതാണെനിക്ക് മനസ്സിലാകാത്തത്...?”
“ഞാൻ വന്നതിനു ശേഷം കടന്നു പോയ 15 വർഷങ്ങൾ എന്തൊക്കെ ചെയ്തെന്നു തലസ്ഥാനത്തുള്ളവർക്കും അറിയാം. അതൊന്നും മാന്യമായി ഈ സ്ഥാനത്തിരിക്കുന്നതിന്Link ന്യായീകരണമല്ല. അവർക്ക് മറ്റു പലതുമാണ് ആവശ്യം...”
“എനിക്കറിയാം ബോസ്സ്. അവരുടെ സ്വന്തക്കാരില്ലാത്ത ഒരേഒരു ബ്രാഞ്ച് ഇതു മാത്രമാണ്. ഇത് പിടിച്ചെടുക്കാൻ അവർ കളിക്കുന്ന കളികളും അറിയാം.”
“അതെ. ഈ കസേരയിൽ ഒരു ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടിരിക്കുന്നതിനേക്കാൾ ഭേദമല്ലെ സ്വയം രാജി വച്ചു പുറത്തു പോകുന്നത്...?”
“മാത്രമല്ല, നാലഞ്ചു വർഷം മുൻപ് അങ്ങേക്ക് ഇവിടത്തെ സർക്കാർ ‘ബഹ്‌റീൻ പൌരത്വം’ തന്ന് ബഹുമാനിച്ചതോടെയാവും അവരുടെ പേടി കൂടിയത്.”
“അവരെന്തിന് എന്നെ പേടിക്കണം...? എനിക്കർഹതയില്ലാത്തതൊന്നും ഞാൻ വാങ്ങാൻ പോകില്ല. എന്നു വച്ച് ഒരു ‘റബ്ബർ സ്റ്റാമ്പ്’ ആവാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ട് ഞാൻ പുറത്തു പോകുന്നു..”

ശരിയായിരുന്നു. കുറേകൊല്ലങ്ങളായി ഒരു ശീത സമരം കമ്പനിക്കുള്ളിൽ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതു കാരണം ഞങ്ങൾക്ക് കമ്പനിയിൽ നിന്നും വായ്പ്പെയൊന്നും കിട്ടിയിരുന്നില്ല. മുൻപ് ആവശ്യത്തിന് ബോസ്സ് പണം തരുമായിരുന്നു. ചോദിക്കേണ്ട താമസമേയുള്ളു. ഉടനെ ചെക്കെഴുതി തരും. കൃത്യമായി ശമ്പളത്തിൽ നിന്നും പിടിക്കുകയും ചെയ്യും. പലിശയില്ലാതെ കിട്ടുന്ന ആ പണം നാട്ടിൽ പോകുമ്പോൾ എന്തൊരു ഗുണമായിരുന്നുവെന്നോ...?

അതുപോലെ മൂന്നു മാസം കൂടുമ്പോൾ ഇരുപതോ മുപ്പതോ ദിനാർ പോക്കറ്റിൽ ഇട്ടു തരും. ചുമ്മാ...!
ആറു മാസം കൂടുമ്പോൾ ഇടക്കാലബോണസ്സായി അൻപതോ അറുപതോ ദിനാർ..!!
വർഷവസാനം നൂറോ നൂറ്റമ്പതോ വച്ച് ബാക്കി ബോണസ്സ്...!!!
എല്ലാം ഇല്ലാതായിട്ട് മൂന്നാലു വർഷമായി.
ഇന്ന് ആകെ കിട്ടുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം മാത്രം.

ഇനി ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് ഞാനവിടന്ന് എഴുന്നേറ്റു. പുറത്തേക്ക് നടക്കാൻ തുടങ്ങുന്നതിനിടക്കാണ് ഒരു ‘വെള്ളിടിയുടെ പ്രകാശം’ എന്റെ തലയിലൂടെ താഴോട്ടിറങ്ങിയ പോലൊരു തോന്നൽ...!
ഞാനവിടെ പെട്ടെന്ന് തിരിഞ്ഞു നിന്നു....
കണ്ണുകൾ വിടർന്നു....
ഒരു നിമിഷം കഴിഞ്ഞ് ബോസ്സിനെ നോക്കി....
തന്റെ ജോലികളിൽ മുഴുകാൻ തുടങ്ങുന്ന ബോസ്സിനെ ഞാൻ വിളിച്ചു.
“ബോസ്സ്, അങ്ങ് രാജിവച്ചിട്ട് എന്തു ചെയ്യാൻ പോകുന്നു...?”
“ഞാൻ..... ഒരഞ്ചാറു മാസം കഴിഞ്ഞിട്ട് ഒരു ചെറിയ കട തുടങ്ങും. ഇതുപൊലെ. ഈ പ്രോഡൊക്റ്റൊന്നുമില്ലാതെ. മറ്റു കമ്പനികളുടെ സാധനങ്ങൾ വച്ച്..”
ഒന്നു ശ്വാസം എടുക്കാനുള്ള ഇടവേളപോലുമെടുക്കാതെ ഞാൻ ചോദിച്ചു.
“ആ കടയിൽ എന്നെ നിനക്കാവശ്യമുണ്ടോ...!!?”
“തീർച്ചയായും...!!”
“എങ്കിൽ ബോസ്സ്, ഞാനും വരുന്നു നിന്നോടൊപ്പം. എന്റെ വിസ തീരാൻ ഇനിയും ആറുമാസം കൂടിയുണ്ട്. അതു കഴിഞ്ഞാൽ ഞാൻ തുടരില്ല. രാജിവക്കും...!!!”
“നിങ്ങൾക്കവിടെ തുടരാം. നിങ്ങളൂടെ ജോലിക്കവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല...”
“ഇല്ല ബോസ്സ്. ബോസ്സില്ലാത്തിടത്ത് ഞാനുമില്ല. ഞാൻ തിരുമാനിച്ചു കഴിഞ്ഞു...!!!”
“എങ്കിൽ ശരി. രാജി വച്ച് കിട്ടുന്ന കാശും വാങ്ങി നീ നാട്ടിൽ പൊക്കൊ. എന്നിട്ട് നിന്റെ വീടിന്റെ ലോൺ അടച്ചു തീർക്കാൻ നോക്ക്. നിനക്ക് എപ്പഴാ വരേണ്ടതെന്നു തിരുമാനിച്ചാൽ എന്നെ ഒന്നു വിളിച്ചാൽ മതി. പത്തു ദിവസത്തിനുള്ളിൽ വിസ നിന്റെ കയ്യിലെത്തിയിരിക്കും...!!!”
“ഈ വിവരം മറ്റാരും തൽക്കാലം അറിയരുത്. ഇനി ഞാൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കില്ല...”
“ശരി..” പറഞ്ഞ ബോസ്സിനു കൈ കൊടുത്ത് പുറത്തിറങ്ങി.

എന്റെ തലവേദനകൾക്ക് ഒരു പരിഹാരമാവുകയാണോ...?
എത്ര വേഗമാണ് ഒരു വഴിയുമില്ലാതിരുന്ന തലവേദന പെട്ടെന്ന് മാറ്റിത്തന്നത്...!!
എത്ര വേഗമാണ് അതിനുള്ള സാഹചര്യം ഒരുക്കിത്തന്നത്...!!
എത്ര പെട്ടെന്നാണ് അത്തരം ചിന്തയുടെ ഒരു മുള എന്റെ തലയിലേക്ക് ഇട്ടു തന്നത്...!!
എത്ര പെട്ടെന്നാണ് എന്നെക്കൊണ്ട് ശക്തമായ അത്തരമൊരു തീരുമാനമെടുപ്പിച്ചത്...!!?
ദൈവം തമ്പുരാന്റെ കളികൾ നമ്മൾക്കഞ്ജാതം...!!

യാന്ത്രികമായി ഞാൻ ചെന്നു നിന്നത് കണക്കപ്പിള്ളയുടെ മുന്നിലാണ്.
അദ്ദേഹവും പരിവാരങ്ങളും മലയാളികൾ തന്നെയായിരുന്നു. സീനിയർ കണക്കപ്പിള്ളച്ചേട്ടനോട് ചോദിച്ചു.
“ചേട്ടാ.. നമ്മ്ടെ കൊറെ പൈസ ഇവ്ടേണ്ടല്ലൊ...?”
“ഏതു പൈസാ... എവിടെ..?” മുഖത്തിരിക്കുന്ന വര പോലുള്ള കണ്ണടക്കു മുകളിലൂടെ എന്നെ ക്രൂദ്ധിച്ചൊന്നു നോക്കിയാണ് ചോദ്യം.
“ഹാ.. നമ്മള് നിറുത്തി പോകുമ്പം കിട്ടണ കുറെ കാശില്ലെ...?”
“ഉവ്വാ.. അത്...?”
“അല്ല ചേട്ടാ... ബാങ്കീന്നു ലോണെടുത്തിട്ടെ ഇപ്പം 13 ശതമാ പലിശ. എന്തെങ്കിലും കൊറച്ച് പെട്ടെന്നടച്ചില്ലേ... പലിശ അങ്ങു മലപോലെ പെരുകും. അതുകൊണ്ടാ ചോദിച്ചേ. ആ കാശീന്നു ലോൺ കിട്ടാനൊ, അതുമല്ലെങ്കിൽ ഇതുവരെയുള്ള കാശ് നമ്മൾക്ക് കിട്ടുവാൻ വല്ല വഴിയുമുണ്ടോന്നറിയാനാ...!!?”

കണ്ണിൽ നിന്നും ആ വര പോലത്തെ കണ്ണട ഊരി മേശമേൽ വച്ച്, ഒന്നു നിവർന്നിരുന്ന് എന്നെ അടി മുതൽ മുടി വരെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് പരിഹാസ രൂപേണ ചോദിച്ചു.
“അല്ലാ.. ഇപ്പൊ എവിടെന്നാ വരവ്...? ഒരാളും ചോദിക്കാത്ത ചോദ്യമാണല്ലൊ...?”
“ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്നു കെട്ടിട്ടില്ലേ.... അതു കൊണ്ടാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...”
“അങ്ങനെയൊരു സംഭവം നടക്കില്ല. ആ കാശ് വേണമെങ്കിൽ രാജിവച്ചു തന്നെ തീരണം...!!”
“ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ... ഞാനിപ്പോൾ രാജിവച്ചാൽ എന്തു കിട്ടും...? രാജി വക്കാനല്ല, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോന്ന് ഒന്നു മുൻ‌കൂട്ടി കാണാനാ...?”
“അതു ഞാൻ പറഞ്ഞു തരാം. പക്ഷേ ആരോടും പറയരുത്...”
ഞാൻ പറയില്ലെന്ന് ഉറപ്പു കൊടുത്തു.

പുള്ളിക്കാരൻ കണ്ണട എടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് കമ്പ്യൂട്ടറിലേക്ക് കണ്ണു നട്ടു. ഞാൻ എതിരിലെ കസേരയിൽ ഇരുപ്പുറപ്പിച്ചു.
ഇടക്കു തല ഒന്നു താഴ്ത്തി കണ്ണടക്കു പുറത്തു കൂടി നോക്കിയിട്ട് ചോദിച്ചു.
“എത്ര കൊല്ലമായി ഇവിടെ ജോയിൻ ചെയ്തിട്ട്....?
“അത്.... അത്... !?”
എനിക്ക് വലിയ പിടിയില്ലായിരുന്നു. ഏതാണ്ട് ആയിരത്തിത്തൊള്ളായിരത്തി കൊറേ കൊല്ലം മുൻ‌പാ...!
എന്റെ ഭാവം കണ്ട് പുള്ളിക്കാരന് ചിരി വന്നു.
“ഞാൻ പറയാം... അടുത്ത മേയിൽ അതായത് ആറുമാസം കൂടി കഴിഞ്ഞാൽ 16 വർഷം തികക്കും......!!”

കുറച്ചു നേരം കഴിഞ്ഞ് പുള്ളിക്കാരൻ പിച്ചും പേയും പറയുന്നതു പോലെ കാൽക്കുലേറ്ററിൽ ഞെക്കി പൊറുപൊറുക്കുന്നതു കേട്ടു. ആദ്യത്തെ മൂന്നു കൊല്ലം പകുതി വച്ച്. ബാക്കി പതിമൂന്ന് നെറ്റ് എമൌണ്ട് വച്ച്... ഇടക്ക് തല ഉയർത്തി നാലുപാടും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതൊരു ഏകദേശ കാണക്കാണട്ടൊ. ഏതാണ്ട് തന്റെ ലോണിന്റെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുള്ളു.”
എന്റെ കാര്യങ്ങളൊക്കെ ശരിക്കറിയാവുന്ന ആളാണ് കണക്കപ്പിള്ള.

“ങൂം....! അപ്പൊ ഇരുപത് ശതമാനം കൂടി കൂടീട്ട് രാജി വക്കായിരിക്കും നല്ലത് അല്ലെ....?”
ഒരു തമാശ മട്ടിൽ അതും പറഞ്ഞ് എഴുന്നേറ്റ് പുറത്ത് കടന്നു.
എൺപതെങ്കിൽ എൻപത്...!!
അത്രയും തീരുമല്ലൊ. ബാക്കി ഇരുപതിന് സമാധാനമുണ്ട്.
എന്റെ മനം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി...

‘പതിനാറു വർഷം ഇവിടെ എരിഞ്ഞു തീർന്നത്രേ...!!’
‘ഹൊ... അത്രയും കൊല്ലമായൊ ഞാനിവിടെ എത്തിയിട്ട്...!’
ഒരു മുന്നു വർഷം കുടുംബത്തോടൊപ്പം ഇവിടെ ജീവിച്ചതാണ് ആകെയുള്ള കുടുംബജീവിതം. ബാക്കിയുള്ളത് രണ്ടു വർഷത്തിനിടവേളയിൽ കിട്ടിയിരുന്ന ഓരോ മാസത്തെ ‘പരോൾ’.
കാടു കയറി ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ കിട്ടൂ..!!
ഇപ്പോൾ ആവശ്യം ഒരു വീട്...!
ഒരു ജീവിതകാല സ്വപ്നം..!! അതു സ്വന്തമാവുമല്ലൊ. അതു മതി.

വളരെ സന്തോഷത്തോടെയാണ് ഞാനന്ന് മുറിയിലേക്ക് നടന്നത്.
പോകുന്ന വഴി പഴയ ഫ്ലാറ്റിൽ കയറി വർഗ്ഗീസേട്ടനെ കണ്ട് ഒരു ഗ്ലാസ്സ് തണുത്ത ബീയർ അടിക്കണമെന്ന് പതിവില്ലാത്തൊരു മോഹം തോന്നി. അവിടെ ചെന്നപ്പോൾ വർഗ്ഗീസേട്ടന്റെ വക പാർട്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു.
"ഇന്നെന്താ പാർട്ടിക്ക് എന്തോ ഒരു പ്രത്യേകത കാണുന്നുണ്ടല്ലൊ....?”
ഞാൻ ചുമ്മാ പറഞ്ഞതായിരുന്നു. കേട്ടതും ഒരാൾ പറഞ്ഞു.
“ഇന്ന് വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയാ....!” അതു കേട്ട് ഞാനും ഒന്ന് ഞെട്ടി.
“വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയോ...?!”
“അകത്തേക്ക് ചെല്ല്.. എല്ലാവരും ഉണ്ടവിടെ....” അയാൾ അതും പറഞ്ഞ് അടുക്കളയിലേക്ക് കയറിപ്പോയി.

ഞാൻ വർഗ്ഗീസേട്ടന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. മുറി നിറയെ ആളുകളാണ്. പരിചയക്കാരും അല്ലാത്തവരും. എന്നെക്കണ്ടതും വർഗ്ഗീസേട്ടൻ എഴുന്നേറ്റ് വന്ന് കൈ തന്നിട്ട് പറഞ്ഞു.
“എടാ നിന്നെ വിളിക്കാൻ പോകായിരുണൂടാ ഞാൻ...”
“എന്താ കാര്യം...” ഞാൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് ചോദിച്ചു.
“നീയിവിടെ ഇരുന്നെ...” എന്നെപ്പിടിച്ച് കട്ടിലിൽ വർഗ്ഗീസേട്ടനോട് ചേർത്തിരുത്തി.

വർഗ്ഗീസേട്ടന്റെ ഉറ്റ കൂട്ടുകാരനും പാർട്ടികളിലെ സ്ഥിരം ക്ഷണിതാവുമായ ജോസഫേട്ടൻ പറഞ്ഞു.
“എടാ... മ്മ്ടെ വർഗ്ഗീസേട്ടൻ പോകാൻ‌ടാ...”
“എവ്ടേക്ക്.. നാട്ടിലേക്കാ...?” ഞാൻ വർഗ്ഗീസേട്ടന്റെ നേരെ തിരിഞ്ഞു.
വർഗ്ഗീസേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഹേയ് അല്ലെടാ... ഞാൻ ഇവ്ട്ന്ന് പോകാണ്ന്നാ പറഞ്ഞത്..!”
“അതെന്താ...?
“അല്ലാതെ പറ്റില്ലെടാ.. കമ്പനി ഫ്ലാറ്റൊരെണ്ണം ശരിയാക്കി തന്നൂടാ... ആഫീസിന്റെ കാമ്പൌണ്ടീ തന്നെ...”
വർത്തമാനത്തിനിടക്ക് ഒരു ഗ്ലാസ്സ് ബീയർ എന്റെ കയ്യിൽ പിടിപ്പിക്കാൻ വർഗ്ഗീസേട്ടൻ മറന്നില്ല...!

ഇവിടന്ന് വർഗ്ഗീസേട്ടൻ പോകുകാന്നു പറഞ്ഞാൽ, പിന്നെ ഈ ഫ്ലാറ്റ് ഉറങ്ങിയെന്നർത്ഥം.
മാത്രമല്ല ഞങ്ങളുടെ അടുത്തു നിന്നും മാറിത്താമസിക്കാന്നു വച്ചാൽ വർഗ്ഗീസേട്ടന്റെ സ്വഭാവം വച്ചു പറഞ്ഞാൽ അതത്ര പന്തിയല്ല താനും..?!

സഹതാപം മുതലെടുക്കുന്ന കൂട്ടുകാർ ഒത്തിരിയുണ്ട്. ഇവിടെ ഞങ്ങളോടൊപ്പം ഉള്ളപ്പോൾ പലതും ഞങ്ങൾ ഒഴിവാക്കുമായിരുന്നു. അത് ചിലപ്പോൾ ചെറിയ വഴക്കിലും സൌന്ദര്യപ്പിണക്കത്തിലുമൊക്കെ എത്താറുമുണ്ട്. പ്രധാനമായും കുടിച്ചു കഴിഞ്ഞാൽ പിന്നെ വർഗ്ഗീസേട്ടന് എല്ലാവരോടും ഭയങ്കര സഹതാപമാണ്.

സ്വന്തം സുഹൃത്തുക്കൾ വന്ന് കുടി കഴിഞ്ഞ് പോകുമ്പോൾ അവരെ വീട്ടിൽ കൊണ്ടുവിടണമെന്നത് ഒരു വല്ലാത്ത സ്നേഹമാണ്. ഇത്രയും അപകടം പിടിച്ച സ്നേഹം ഞങ്ങൾക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലൊ. ആ നേരത്ത് ചിലപ്പോൾ ആ സുഹൃത്തിന്റെ മുന്നിൽ വച്ചു തന്നെ പറയേണ്ടി വരും.
“ഈ നേരത്ത് ഇത്രയും കുടിച്ചിട്ട് വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല..”
അപ്പൊഴും വർഗ്ഗീസേട്ടൻ പറയും.
“ഇല്ലെടാ... ഞാനത്രയധികമൊന്നും കുടിച്ചിട്ടില്ല...”
അപ്പോൾ ഞങ്ങൾക്ക് അറുത്തു മുറിച്ച് പറയേണ്ടിവരും.
“ചേട്ടാ.. ഇതു നമ്മ്ടെ നാടല്ല. ഈ കണ്ടീഷനിൽ വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കണ പ്രശ്നമില്ല..”

വയറു നിറയെ ‘ഓസ്സിൽ കുടിച്ച് ’ ലവൽ തെറ്റി നിൽക്കുന്ന സ്വന്തം കൂട്ടുകാരന്റെ ‘ഓസിൽ വീട്ടിലെത്താമെന്ന’ മോഹത്തിനാണ് ഞങ്ങൾ ഒന്നടങ്കം കത്തിവച്ചിരിക്കുന്നത്. വയറ്റിൽ കിടക്കുന്ന വെള്ളത്തിന്റെ പുറത്ത് പുള്ളിക്കാരന്റെ സഹനശക്തിക്കും അപ്പുറത്താണത്. പെട്ടെന്നെഴുന്നേറ്റ് ഞങ്ങളോട് ചൂടായില്ലെങ്കിലല്ലേ അത്ഭുതമുള്ളു. പുള്ളിക്കാരൻ ചാടിയെഴുന്നേറ്റ് അലറും.
“ഡ്രൈവ് ചെയ്യണ വർഗ്ഗീസേട്ടന് കൊഴൊപ്പോല്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താടാ ചെറ്റകളെ കൊഴപ്പം....!!”
ഇതു കേട്ടതും ഞങ്ങളുടെ കൂട്ടത്തിലെ പരമ ചൂടന്മാർക്ക് സഹിക്കുമൊ...?
തൊട്ടടുത്ത നിമിഷം അവർ അയാളുടെ മേലേ ചാടിവീഴും...!!
പിന്നത്തെ പൂരം പറയണൊ....?!!

ഒരു കണക്കിന് ചൂടന്മാരെ പിടിച്ചു നിറുത്തി, കൂട്ടുകാരനെ കൊണ്ടുപോയി റോട്ടിലാക്കി, ടാക്സിയിൽ കയറ്റിവിടുന്നതു വരെയുള്ള ഞങ്ങളിൽ കുറച്ചു പേരുടെ കഷ്ടപ്പാട് പിന്നീട് പറഞ്ഞ് ചിരിക്കുമ്പോൾ കൂട്ടത്തിൽ വർഗ്ഗീസേട്ടനുമുണ്ടാകും ചിരിക്കാൻ. അതറിയാവുന്നത് കാരണമാണ് ഞാൻ ഒന്നുകൂടി എടുത്തു ചോദിച്ചത്.
“അതു വേണോ വർഗ്ഗീസേട്ടാ... മാറിത്താമസിക്കണോ...?”
“അല്ലാതെ പറ്റില്ലെടാ... ഇനി വാടകയൊന്നും തരൂല്ല കമ്പനി. അതൊക്കെ കയ്യീന്നു മുടക്കേണ്ടി വരും...!”

പിറ്റേന്ന് വ്യാഴാഴ്ച വർഗ്ഗീസേട്ടനുള്ള ഞങ്ങളുടെ വക പാർട്ടിയായിരുന്നു.
എല്ലാവരും അന്ന് കുടിച്ച് കൂത്താടി. പാട്ടും നൃത്തവും അരങ്ങു കൊഴുപ്പിച്ചു. ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു. ഇനി ഇങ്ങനെ ഒരു പാർട്ടി ഈ ഫ്ലാറ്റിൽ അരങ്ങേറില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതു കൂടി ചേർത്തുള്ള ഒരു കലാശക്കൊട്ടലായി ആ പാർട്ടി മാറി. ബീയർ ബ്ലാക്കിൽ കൊണ്ടു വരുന്ന ശ്രീലങ്കക്കാരൻ സൈക്കിൾ ചവിട്ടി ക്ഷീണിച്ച് ‘ഇനി സാധനം സ്റ്റോക്കില്ലാട്ടൊ’ന്നു പറഞ്ഞ് രക്ഷപ്പെട്ടു.

വെളൂക്കാറായപ്പോഴേക്കും എല്ലാവർക്കും കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വിശാലമായ ഹാളിൽ തലങ്ങും വിലങ്ങും വെട്ടിയിട്ട വാഴത്തടകൾ പോലെ ചലനമറ്റ കുറേ ശരീരങ്ങൾ നീണ്ടു നിവർന്നും വളഞ്ഞൊടിഞ്ഞും ഒരു യുദ്ധക്കള ത്തിന്റെ പ്രതീതി ജനിപ്പിച്ചു...!!!!
അന്നു വെള്ളിയാഴ്ച വൈകുന്നേരം വർഗ്ഗീസേട്ടൻ ആ ഫ്ലാറ്റിനോട് വിട പറഞ്ഞു.

നമ്മുടെ ചില നല്ല സ്വഭാവവിശേഷങ്ങൾ മറ്റുള്ളവർ പാടിപ്പുകഴ്ത്തിയാലും, നമ്മൾക്ക് തന്നെ പാരയായി മാറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുള്ളവരല്ലെ മിക്കവരും. പ്രത്യേകിച്ച് പ്രവാസികൾ....!
അനിവാര്യമായത് സംഭവിക്കുന്നതിനു മുൻപ് പല മുന്നറിയിപ്പുകളും നമ്മൾക്ക് കിട്ടും.
നാമത് സ്വാഭാവികതയോടെ തന്നെ അവഗണിക്കും.
പിന്നെ, എത്ര ശ്രദ്ധിച്ചാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ....!!!?’

ബാക്കി അടുത്ത പോസ്റ്റിൽ....

Saturday 1 October 2011

സ്വപ്നഭുമിയിലേക്ക്...(50) തുടരുന്നു...



കഴിഞ്ഞതിലെ ചെറിയൊരു ഓർമ്മ പുതുക്കൽ....
[ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!! കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!! സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!! ]

ബോസ്സിന്റെ രാജി....

തുടരുന്നു....

അതെ, ‘മണലായിരുന്നു അതിനകത്ത് ’...!
എത്ര വില കൊടുത്താൽ പോലും കിട്ടാനില്ലാത്ത നല്ല ആറ്റുമണൽ...!!

ആ സാധനം എങ്ങും കിട്ടാനില്ല. പുഴയുടെ അടിത്തട്ട് തുരന്നെടുക്കുന്നത് പൂഴിമണ്ണാണ്.
പുഴയുടെ രണ്ടു വശത്തെ തീരം കുഴിച്ചെടുക്കുന്നതും പൂഴിമണ്ണു തന്നെ.
അതാണ് ‘മണൽ’ എന്നും പറഞ്ഞ് വിറ്റു കാശാക്കുന്നത്.

കൃഷിക്കാരായിരുന്ന കാർന്നവന്മാർ ഫലഭൂയിഷ്ടമായിരുന്ന മണ്ണ് വെട്ടി തറയിലിടാൻ മടി കാണിച്ചിരിക്കും. പകരം വെറുതെയെന്നോണം വാരിയെടുത്ത് കൊണ്ടു പോകാൻ കഴിയുമായിരുന്ന ആറ്റുമണൽ തറയിൽ നിറച്ചിരിക്കും...!
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.

അടിക്കല്ലുകൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്ന് നിർബ്ബന്ധിച്ചാണ് വീട് പൊളിക്കാൻ കരാർ കൊടുത്തത്. ഇല്ലെങ്കിൽ അവർ അവർക്ക് ആവശ്യമുള്ളതു മാത്രം കൊണ്ടു പോകുകയും ബാക്കി നമ്മൾ ആളെ നിറുത്തി വൃത്തിയാക്കേണ്ടിവരുമെന്ന് കോൺ‌ട്രാ‍ക്ടർ പറഞ്ഞതു കൊണ്ടാണ് അങ്ങനെ ഒരു നിബന്ധന വച്ചത്.

കോൺ‌ട്രാക്ടർ ആവുന്നതും പറഞ്ഞു നോക്കിയിരുന്നു. മണലിന്റെ വില കൊടുക്കാം. ആ മണൽ തിരിച്ചു തന്നേക്കാൻ. അത് കേട്ടതായി പോലും അവർ ഭാവിച്ചില്ല. പഴയ വീട് അത്ര വലിയതൊന്നുമായിരുന്നില്ല. എങ്കിലും നമ്മുടെ പുരപണിക്കുള്ളത് കിട്ടുമായിരുന്നുവെന്ന് കോൺ‌ട്രാക്ടർ പറഞ്ഞപ്പോൾ, ശരിക്കും പറ്റിയ അബദ്ധം ആരോടും പറയാതിരിക്കുകയാണ് ബുദ്ധിയെന്നു തോന്നി. ഇങ്ങനെയൊരു സംഭവം അയൽ വക്കത്തുള്ളവർ പോലും അറിഞ്ഞില്ല. വെളുപ്പിനെ മുതൽ അവർ അത് കടത്തിക്കൊണ്ടു പോയി. ഞാൻ ബഹറീനിൽ എത്തിയ വിവരത്തിന് വിളിച്ചപ്പോഴേക്കും, പഴയ വീടിരുന്ന സ്ഥലം വെടിപ്പാക്കിയിരുന്നു...!

വീടു പണി പൂർത്തിയാക്കാൻ ആറുമാസമാണ് കാലാവധി കോൺ‌ട്രാക്ടർ പറഞ്ഞിരുന്നത്. പണി തുടങ്ങുമ്പോൾ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള പണം ലോണായിട്ട് ബാങ്കിൽ തന്നെ കിടപ്പുണ്ട്. ആവശ്യമുള്ള പണിക്കാർ കോൺ‌ട്രാക്ടറുടെ കൈവശമുണ്ട്. സിമന്റിനൊ, മണലിനോ ഒരു ക്ഷാമവുമില്ലായിരുന്നു.

പിന്നെന്തുകൊണ്ടെന്നറിയില്ല ആറു മാസമായിട്ടും പണി തീർന്നില്ല. ഒരു വർഷമായിട്ടും വീട് കേറിത്താമസിക്കാൻ പറ്റിയ പരുവത്തിൽ കിട്ടിയില്ല. അപ്പോഴേക്കും താൽക്കാലികമായി കെട്ടിയ പുര മേഞ്ഞിരുന്ന ടിൻഷീറ്റ് കാറ്റത്ത് പറക്കാൻ തുടങ്ങി.

ഉടനെ ഞാൻ നാട്ടിലെത്തി. ഉള്ള സെറ്റപ്പിൽ പുതിയ വീട്ടിലേക്ക് മാറിത്താമസിച്ചു.
പെങ്കൊച്ച് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നതാ ‘ഗൾഫുകാരുടെ മാതിരി അസ്ഥികൂടം പോലുള്ള വീട് ’ വക്കണ്ടാന്ന്.
എല്ലാമുണ്ടായിട്ടും അങ്ങനെ തന്നെയാണ് സംഭവിച്ചത്...!!

ഒരു പക്ഷെ, ഗൾഫുകാർക്കെല്ലാം എവിടെന്നോ കിട്ടിയ ഒരു ശാപമായിരിക്കാം അത്.
‘പെട്രോ ഡോളറിന്റെ അഹങ്കാരത്തിൽ നീ പണിയുന്ന പുര ഒരു കാലത്തും തീരാതെ പോകട്ടെ’യെന്ന് ’.
അങ്ങനെ ആരെങ്കിലും ശപിച്ചതായി ഒരു കെട്ടു കഥ പോലും കേട്ടിട്ടുമില്ല.
പെങ്കൊച്ച് സംശയിക്കുന്നതു പോലെ ‘വാസ്തുപുരുഷന്റെ’ കിടപ്പിന് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടാകുമോ..?

ഒരു മുറി അടച്ചുറപ്പാക്കിയാണ് മാറിത്താമസിച്ചത്.
അപ്പോഴേക്കും മണൽ, സിമന്റ് മുതലായ സാധനങ്ങൾക്ക് വില ഇരട്ടിയിലധികമായി. കൂലിച്ചിലവും ഇരട്ടിയായി. കോൺ‌ട്രാക്റ്റർ നിന്നു പരുങ്ങാൻ തുടങ്ങി. ഞാൻ പറഞ്ഞു.
“എന്റെ കുഴപ്പമല്ലല്ലൊ. പറഞ്ഞതു പോലെ ആറു മാസം കൊണ്ട് പണി തീർത്തിരുന്നെങ്കിൽ ഈ പുല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല. വെറുതെയാണൊ നമ്മുടെ രൂപക്ക് മൂല്യം കുറഞ്ഞു കുറഞ്ഞു വരുന്നെ. ഇതൊക്കെത്തന്നാ കാരണം...”

ചുരുക്കിപ്പറഞ്ഞാൽ രണ്ടു വർഷം തീർത്തും വേണ്ടി വന്നു മുഴുവൻ പണിയും തീരാൻ.
‘പുരപണിയെന്നൊക്കെ പറഞ്ഞാൽ അതൊരു യോഗമാണെന്ന് ’ പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ്.

കാലങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞില്ല.
മനാമയിലും പരിസരങ്ങളിലും അംബരചുംബികൾ എത്രയോ ഉയർന്നു പൊങ്ങി, ആകാശവുമായി കുശലം പറയാൻ തുടങ്ങിയിരുന്നു. മനാമയോട് ചേർന്ന് കിടക്കുന്ന ‘സീഫ് ’ ജില്ലയുടെ മുഖഛായ തന്നെ മാറിപ്പോയി. തലങ്ങും വിലങ്ങും പാലങ്ങളും റോഡുകളും നിമിഷ നേരമന്നോണം ഉയർന്നു വരാൻ തുടങ്ങി. ഇതിനെല്ലാം ആവശ്യമായ സ്ഥലസൌകര്യം ചെയ്തുകൊടുക്കാനായിട്ടെന്നോണം ഞങ്ങൾക്ക് ചുറ്റുമുള്ള കടൽ ഉള്ളിലേക്ക് വലിഞ്ഞ് (വലിപ്പിച്ച്..!?) കൂടുതൽ കരപ്രദേശം ഉയർന്നു വന്നുകൊണ്ടിരുന്നു.
(ഇനി എന്നാണാവോ ഇതിന്റെയൊക്കെ പ്രതികാരം സത്യമായ കടൽ ഞങ്ങളോട് തീർക്കുന്നത്.)

പുരപണി തുടങ്ങിയിട്ട് അഞ്ചുവർഷം ആയപ്പോഴാണ് ലോണിന്റെ കണക്കുകൾ ബാങ്കിൽ നിന്നും ആവശ്യപ്പെടുന്നത്. ലോൺ എടുക്കാൻ തുടങ്ങിയ മാസം തന്നെ തിരിച്ചടവും തുടങ്ങിയിരുന്നു. വായപ കാലാവധിയായ പത്തു വർഷം അത്ര ചെറിയ കാലയളവ് അല്ലല്ലൊ.
ഗൽഫിലെ ജോലി കണ്ട് മാത്രമാണ് അത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇവിടത്തെ ജോലി എത്രനാളെന്ന് ആർക്കും പറയാനാകില്ലല്ലൊ.

ബാങ്കിൽ നിന്നും സ്റ്റേറ്റ്മെന്റ് കിട്ടിയപ്പോഴാണ് ശരിക്കും കണ്ണു തള്ളുന്നത്...!
എട്ടര ശതമാനമായിരുന്നു വായ്പ്പ തരുമ്പോഴുള്ള പലിശ നിരക്ക്.
ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് പന്ത്രണ്ടര ശതമാനത്തിൽ...!!
അഞ്ചു വർഷം കഴിയുമ്പോൾ മുതൽ നേർ പകുതിയെ കാണാൻ വഴിയുള്ളു. പക്ഷെ, അറുപത്തഞ്ചു ശതമാനവും ബാക്കിയാണ്. എല്ലാ മാസവും മുടങ്ങാതെ അടക്കുന്ന തുകയിൽ നിന്നും 65% പലിശക്കു മാത്രമാ‍ണു പോകുന്നത്. ബാക്കിയുള്ള 35% ആണു മുതലിൽ അടക്കപ്പെടുന്നത്.

പണം കൂടുതലായി അടക്കാൻ കഴിയുമായിരുന്നില്ല. ബാങ്കിൽ ചോദിച്ചപ്പോൾ ‘റിപ്പോയും,’ ‘റിവേഴ്സ് റിപ്പോ ’ യും റിസർവ് ബാങ്കും മറ്റും പറഞ്ഞു ബോധം കെടുത്തി വിട്ടു...!
എന്നിട്ടൊരു ഉപദേശവും.
“ പേടിക്കേണ്ടതില്ല. പത്തു വർഷമെന്നത് രണ്ടോ മൂന്നോ വർഷം കൂടി അടക്കേണ്ടി വരും. അത്രെയുള്ളു...!! ”
എത്ര നിസ്സാരം. എന്റെ ദൈവമെ..!!
ആകാശത്തിലേക്ക് നോക്കാതിരിക്കാനായില്ല.
എവിടെന്നെങ്കിലും ഒരു രക്ഷകൻ താഴേക്കു വരുന്നുണ്ടോ...?

പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു...
എങ്ങനെ കുറച്ചു പൈസ (ലക്ഷങ്ങൾ വേണം) പെട്ടെന്ന് ഉണ്ടാക്കും...?
പെങ്കൊച്ചിനോട് പറഞ്ഞേൽ‌പ്പിച്ചു.
“മോളെ.. ഇനി ഒരൊറ്റ ലോട്ടറിയും വിടണ്ട. എല്ലാത്തിന്റെയും ഓരോന്നെടുത്തോണം.. ഓണം, വിഷു ബംമ്പറുകൾ ഒന്നും വിടണ്ട...”
“അപ്പൊ.. ഇന്നാളു ഞാൻ ഓണം ബമ്പറ് ഒരെണ്ണം എടുക്കട്ടേന്ന് ചോദിച്ചപ്പോ... വേണ്ടാന്നു പറഞ്ഞതോ...”
“ എന്റെ കൊച്ചേ.. അതിന്നാളല്ലെ. അതു പിന്നെ കോടികളൊക്കെ കിട്ടിയാൽ മനുഷ്യന്റെ ഉള്ള മനസ്സമാധാനം കൂടി ഇല്ല്യാണ്ടാവൂന്ന് പേടിച്ചിട്ടാ വേണ്ടാന്നു പറഞ്ഞത്...!!”
“അപ്പൊ ഇപ്പൊഴോ..?”
“ദേ.. കൊച്ചേ.. പറഞ്ഞതങ്ങോട്ട് കേട്ടാ മതി. ഇങ്ങോട്ടു ചോദ്യങ്ങളൊന്നും വേണ്ടാ..!”
അല്ലാതെ പിന്നെ...

ഞാനുമിവിടെ വെറുതെയിരുന്നില്ല...
ഇവിടെയുമുണ്ടായിരുന്നു ലോട്ടറികൾ...!
‘അര ദിനാർ’ കൊടുത്താൽ 200 ദിനാർ മുതൽ രണ്ടായിരമോ അതിൽ കൂടുതലോ ദിനാർ സമ്മാനം കിട്ടുന്നവ. നമ്മുടെ നാട്ടിൽ നിരോധിച്ചതും ഇന്നും പാത്തും പതുങ്ങിയുമൊക്കെ നടത്തപ്പെടുന്നതുമായ ‘ഒറ്റ നമ്പർ ലോട്ടറി’ യുടെ മറ്റൊരു പതിപ്പ്.

കുമാറിന്റെ വീഡിയോ കടയുടെ മുൻ‌പിലൂടെ പോകുമ്പോൾ പേഴ്സ് പതുക്കെ തപ്പും.
അഞ്ചു രൂപ (അര ദിനാർ) ചില്ലറയുണ്ടാകുമോ ലോട്ടറി എടുക്കാൻ..
പോക്കറ്റിൽ കാശുള്ളപ്പൊ വല്ലപ്പൊഴുമൊക്കെ ഓരോന്ന് ഞാനുമെടുക്കും.
എങ്ങാൻ കിട്ടിയാലോ...!?

അതിനായി ചെന്നപ്പോഴാണ് മലയാളികൾ മാത്രമല്ല ഫിലിപ്പിനോകളും സ്വദേശികളും വരെ ഈ ലോട്ടറിയുടെ അടിമകളാണെന്ന് തിരിച്ചറിഞ്ഞത്. അതിൽ ഫിനിപ്പിനോകളാണ് ഏറ്റവും കൂടുതൽ ഇത് ഭ്രാന്തായി കൊണ്ടു നടക്കുന്നത്. എത്രയോ ദിനാറാണ് അവർ ഓരോ ദിവസവും ഇതിനായി ചിലവഴിക്കുന്നത്. സമ്മാനം കിട്ടുന്നതും അവർക്കു തന്നെയാണധികവും. ഇതിൽ വാശി കേറി കിട്ടുന്നതു മുഴുവൻ നശിപ്പിക്കുന്ന മലയാളികളും ഉണ്ടത്രേ...!!
നാട്ടിലേപ്പൊലെ ലോട്ടറിക്കാരുടെ സ്വന്തക്കാർക്ക് മാത്രമായി ഒന്നാം സമ്മാനം ഏർപ്പെടുത്തിക്കൊടുക്കുന്ന പതിവ് ഇവിടെയില്ലെന്നു തോന്നുന്നു.

അതുപോലെ അല്ലെങ്കിലും ഇവിടത്തെ പല ബാങ്കുകളും ലോട്ടറികൾ നടത്തുന്നുണ്ട്.
അതു പിന്നെ പണമൊന്നും നഷ്ടപ്പെടുകയില്ല. നമ്മൾ നിക്ഷേപിക്കുന്ന തുക ആവശ്യപ്പെടുമ്പോൾ തിരിച്ചു കിട്ടും. പലിശയൊന്നും കിട്ടുകയില്ലെന്നു മാത്രം. ഓരൊ അൻപത് ദിനാറിനും ഒരു ചാൻസ് വീതം കിട്ടും. ഓരോ ആഴ്ചയിലും, മാസത്തിലും മാത്രമല്ല ആറുമാസം കൂടുമ്പോഴും വർഷത്തിലൊരിക്കലും മെഗാ നറുക്കെടുപ്പുമുണ്ട്. നമ്മുടെ 50 ദിനാർ അവിടെ കിടക്കുവോളം ഓരോ നറുക്കെടുപ്പിലും നമ്മളെ സമ്മാനത്തിനായി പരിഗണിക്കും. പക്ഷെ, ഭാഗ്യം വേണം...!
വലിയ സമ്മാനങ്ങളാണ് നൽകുന്നത്.

ഒരു ബാങ്കിൽ ഞാനും നിക്ഷേപിച്ചു, ഒരു നറുക്കിന്റെ വിലയായ ‘50 ദിനാർ ’.
ഇവിടെ റോഡു മുഴുവൻ വൃത്തിയാക്കുന്നവരുടെ, ചില നിർമ്മാണ തൊഴിലാളികളുടെ, ഹൌസ് മേഡുകളുടെ ഒക്കെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമാണ് ആ തുക...!

അതിൽ കൂടുതൽ തുക നിക്ഷേപിക്കാൻ കഴിഞ്ഞില്ല.
ഭാഗ്യമുണ്ടെങ്കിൽ ആ ഒരെണ്ണം ധാരാളം...!
അല്ല, ഭാഗ്യമുണ്ടെങ്കിൽ ഇങ്ങോട്ടു കെട്ടിയെടുക്കണമായിരുന്നോ...?!

പക്ഷെ, ഇതൊന്നും നല്ല ഫലം തരികയില്ലല്ലൊ. ആശ മാത്രമേ തരികയുള്ളു.
അപൂർവ്വം ഭാഗ്യവാന്മാർ ഉണ്ട്. അക്കൂട്ടത്തിലൊന്നും നമ്മൾ പെടുകയില്ല.
ലക്ഷങ്ങൾ നിക്ഷേപിക്കുന്ന സ്വദേശികൾക്കുള്ളിൽ നമ്മൾ മുടക്കുന്ന ഒരു നറുക്കിന്റെ 50 ദിനാറിന് എന്തു വില...?
ഏതു ഭാഗ്യദേവതയാണ് തിരിഞ്ഞു നോക്കുന്നത്...?
എന്നിട്ടും കിട്ടുന്ന ഇന്ത്യാക്കാരുണ്ടെങ്കിൽ, അവർ ‘അതി ഭാഗ്യവാന്മാരാണ്...!!’

കാശിന്റാവശ്യത്തിന് മറ്റു വഴികൾ നോക്കണമെന്ന് തിരിച്ചറിഞ്ഞു.
പലിശക്ക് പണം കിട്ടും.
പക്ഷേ, ‘നൂറ്റിക്ക് പത്തു’ വച്ച് മാസം കൊടുക്കണം...!
അതു വേണ്ട. എത്രയോ മലയാളികൾ അങ്ങനെ പണം വാങ്ങി നരകയാതന അനുഭവിക്കുന്നു. ചിലർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇവിടേയും നാട്ടിലും കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥ വന്നു ചേരും.

അതൊരു തലവേദനയായി കൊണ്ടു നടക്കണ നേരത്താണ് പണപ്പെരുപ്പം കുറക്കാനായി റിസർവ്വ് ബാങ്ക് യോഗം ചേരാൻ തിരുമാനിച്ചതായി ചാനലിൽ കണ്ടത്...!!
അതോടെ ഉള്ള സമാധാനം കൂടി നഷ്ടമാകുമെന്നുറപ്പായി.
ഏതു കൊച്ചു കുട്ടികൾക്കു പോലും അറിയാം അവർ എന്താ ചെയ്യാൻ പോകുന്നതെന്ന്..!
അതുപോലെ തന്നെ സംഭവിച്ചു.

പണക്കാർക്ക് ഒരു ചുക്കുമില്ല. പലിശനിരക്ക് കൂട്ടുന്ന അതേ സർക്കാരു തന്നെ ‘സബ്സിഡി‘ കൊടുക്കുകയോ എഴുതിത്തള്ളുകയോ ചെയ്ത് പണക്കാരുടെ സഹായത്തിനെത്തും. പാവപ്പെട്ടവന്റടുത്ത് ഒരാളും വരികയില്ല.

അതേ.. പലിശ 13% ആയി ഉയർത്തിയതായി അറിയിപ്പു കിട്ടി...!
ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായി....!!
ഒരു കൈ സഹായത്തിന് ദൈവത്തെയല്ലാതെ മറ്റാരെ വിളിക്കാൻ...
എന്നിട്ടും ദൈവത്തിന്റെ ഓരോ കളികളേ...!?

മനസ്സിൽ തീയുമായി ഓടിനടക്കണ നേരത്താണ് ‘കൂനിന്മേൽ കുരു’ വെന്നതു പോലെ, ഒരു വെള്ളിടിയായി ആ വാർത്ത എന്റെ മുന്നിലേക്ക് പെയ്തിറങ്ങിയത്.
“ബോസ്സ് രാജി വച്ചു..!!!!?”
അതൊരു ഇടിവെട്ടു വാർത്തയായിരുന്നു...!!

എനിക്കാ വാർത്ത വിശ്വസിക്കാനായില്ല.
ഈ ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത് ‘ബോസ്സ് ’ കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ.
പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല...!

വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!

ബാക്കി അടുത്ത പോസ്റ്റിൽ...