Wednesday 15 October 2014

നോവൽ. മരുഭൂമി (26)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

(26) തുടർന്നു വായിക്കുക...

ഓസിലൊരു ഫ്രിഡ്ജ്...
വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ ഞാൻ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കാണാൻ കൊതിച്ചുവെന്നത് നേരാ...
പക്ഷേ, ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!

എന്റെ ആ പ്രകടനം അവളിൽ ചിരിയാണ് സമ്മാനിച്ചത്.
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ കണ്ണു തുറക്കാതായതോടെ അവൾ എന്റെ താടിയിൽ പിടിച്ച് പൊക്കാൻ തുടങ്ങി. അതോടെ എന്റെ പേടി ഒന്നുകൂടി വർദ്ധിച്ചു.
പിന്നേയും അവൾ അത് തുടർന്നപ്പോൾ എനിക്ക് കണ്ണു തുറന്നു നോക്കാതിരിക്കാനായില്ല.
അവളെയല്ല...
അവളുടെ കെട്ടിയോൻ യൂസഫ് ഇതെങ്ങാൻ കണ്ടു കൊണ്ടു വന്നാലുള്ള അവസ്ഥ ഓർത്താണ് കണ്ണു തുറന്നത്.
അവനെവിടെയെന്നാണ് ഞാൻ പരതിയത്.
അവൻ അപ്പോഴും ആടുകളുമായി മലമുകളിൽ തന്നെ ആയിരുന്നു.
അതോടെ എന്റെ ശ്വാസം മുട്ടൽ മാറിയെങ്കിലും വിറയൽ മാറിയില്ല.
അവളെ ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയിട്ടാവും ഒരു ഈന്തപ്പഴം എന്റെ വായിലേക്ക് തിരുകി വച്ചു.
“നീ നോക്ക്.... നീ ഇവിടെ നോക്ക്...”
നിവർത്തിയില്ലാതെ അവളുടെ ശരീരത്തിലേക്ക് ഞാൻ നോക്കുന്നത് അപ്പോഴാണ്.
നോക്കിയതും ഞാനൊന്ന് ഞെട്ടി...!
അത്രക്ക് ബീഭത്സമായിരുന്നു അവളുടെ ശരീരം...!
ചൂടുകുരു പൊങ്ങിയ ശരീരം.
ആസകലം മാന്തിപ്പൊട്ടിച്ച് ഒരു തരം ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ചിരിക്കുന്നു. വെളുത്ത് ചുകന്നിരിക്കേണ്ട ശരീരമാണ് അറപ്പു തോന്നുന്ന മാതിരി ഇരിക്കുന്നത്. ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ച ശരീരത്തിന് നല്ല തിളക്കം. ആ കുട്ടി മുട്ടു കാലിൽ നീന്തിയെത്തി അമ്മയുടെ മുല വായിലിട്ട് ചപ്പാൻ തുടങ്ങി.
അപ്പോഴാണ് അവൾ ദ്വേഷ്യത്തോടെ പറയുന്നത്.
“ആ ദുഷ്ടനോട് ഞാൻ എത്ര ദിവസായീന്നറിയോ.. നിന്നെ വിളിച്ചുകൊണ്ടു വരാൻ പറയുന്നു.  എന്നും പറയും അവൻ ഇന്നു കൊണ്ടുവരാം ഇന്നു കൊണ്ടു വരാമെന്ന്. പകൽ മുഴുവനും ഞാനും ഈ കൊച്ചും ചൂടിൽ കുത്തിയിരുന്ന് മാന്തി മാന്തി, ഉരുകിത്തീരുകയാ... ഒരു സ്നേഹോമില്ലാത്തോനാ ആ ദുഷ്ടൻ....!”

ഞാൻ ആലോചിക്കുകയായിരുന്നു.
അവൻ രണ്ടാഴ്ച മുമ്പെങ്കിലും എന്നോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചതാണ്.
പിന്നെ അവന്റെ ഭാഗത്തു നിന്നും അനക്കമൊന്നുമുണ്ടായില്ല.
വീണ്ടും ഒരാഴ്ചയായിട്ടുണ്ടാകും പോകാമെന്ന് പറഞ്ഞിട്ട്.
വേറൊരു പണിയും ഇല്ലാത്തതു കൊണ്ട് അവനവിടെ കൂട്ടുകാരുമായി ‘കട്ട’ കളിച്ചിരിക്കും. വൈകുന്നേരം മാത്രമേ വീട്ടിൽ പോകൂ...
അന്നേരം എന്നെ എടുത്താൽ തിരിച്ചു വരുമ്പോൾ രാത്രിയാകുമെന്ന് പറഞ്ഞ് കൊണ്ടു പോകില്ല. ഇതായിരുന്നു അവന്റെ സ്ഥിരം പരിപാടി.
ഞാനത് അവളുടെ അടുത്ത് തുറന്നു തന്നെ പറഞ്ഞു.
അപ്പോൾ അവൾ തുടർന്നു.
“ഇന്നു ഞാൻ കട്ടായം പറഞ്ഞു. ഇന്നും നീ പതിവു പോലെ നിന്നെ കൊണ്ടു വരാതെ വന്നാൽ, പിന്നെ എന്റെ കൂടെക്കിടക്കാന്ന് നീ വിചാരിക്കണ്ട...!!”
“അതിലവൻ വീണൂല്ലേ....!”
“ഹാ.. ഹാ...”
ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“ഒരു ദിവസം പോലും ഒരു റസ്റ്റ് അവൻ തരൂല്ല. അത്രക്ക് ദുഷ്ടനാ.... ഒരു സ്നേഹോല്ലാത്തോനാ... ആ പട്ടീ !”

അവൾ ഇതിനകം വസ്ത്രം ഏതാണ്ട് മുഴുവനായി അരയിലേക്ക് ഊർത്തിയിരുന്നു.
അരക്കു മുകളിൽ നൂൽമറയില്ല.
ശരീരം മുഴുവൻ ചൊറിഞ്ഞുപൊട്ടിയ പാടുകളാൽ വൃത്തികേടാണ്.
അവളോടെനിക്ക് സഹതാപമാണ് തോന്നിയത്.
കാരണം ദിവസങ്ങളായി അവളുടെ ശരീരം തണുത്ത കാറ്റേറ്റിട്ട്...!
ഇപ്പോൾ ഏസിയിൽ നിന്നും വരുന്ന തണുത്ത കാറ്റ് ശരീരം മുഴുവൻ കൊള്ളിക്കാനാണവൾ എല്ലാം ഊരിയെറിഞ്ഞത്...!

സാധാരണ ഞങ്ങൾ കടയിൽ പോയിട്ട് വിയർത്തൊലിച്ച് കയറി വരുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞാണ് ഇരിക്കാറ്. അന്നേരം ഏസിയുടെ തണുപ്പു തരുന്ന സുഖം എത്ര ആശ്വാസകരമെന്ന് അനുഭവമുള്ളതു കൊണ്ട്, അരക്കു മുകളിൽ പൂർണ്ണമായും നഗ്നമായ അവളുടെ ആ അവസ്ഥ എനിക്ക് മനസ്സിലാകുമായിരുന്നു.
എന്നാൽ അന്യനൊരാളുടെ മുന്നിലാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നതും അവളെ തെല്ലും അലോസരപ്പെടുത്തിയില്ല...!
പിന്നീടവളെ ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ കണ്ണുകൾ അപ്പോഴും യൂസഫിനെ തിരയുകയായിരുന്നു.
അവനെങ്ങാനും പെട്ടെന്നു വന്നു പെട്ടാൽ...!?
അതോർക്കുമ്പോൾ തന്നെ എന്റെ ചങ്കിടിപ്പിന്റെ താളം ചിതറിപ്പോകുന്നുണ്ട്.

ഇതിനിടയിൽ അവൾ എന്നേക്കുറിച്ചൊക്കെ ചോദിച്ചുറിഞ്ഞു.
അവളുടെ മടിയിൽ നിന്നും കുഞ്ഞ് ചാടിയിറങ്ങി എന്തൊക്കെയോ ബഹളമുണ്ടാക്കി വാതിലിന് നേരെ മുട്ടു കുത്തി നീങ്ങി...!
ഞാൻ ഒരപകടം മണത്തു...!
യൂസഫ് വരുന്ന വണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ലെങ്കിലും ആ കുഞ്ഞ് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. ഞാനും  പെട്ടെന്നെഴുന്നേറ്റ് പുറത്തിറങ്ങാൻ തെയ്യാറായെങ്കിലും, അവളവിടെത്തന്നെ എന്നെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു.
“നീയെവിടെ പോകുന്നു. അവനിനി വന്ന് ആടിനെയൊക്കെ കൂട്ടീക്കേറ്റി വെള്ളവും മറ്റും കൊടുത്തിട്ടേ വരൂ... നീയവിടെ ഇരിക്ക്..”

അവൾ സാവധാനം മാക്സി വലിച്ച് പൊക്കി നേരെയാക്കി സിബ്ബ് വലിച്ചിട്ടു.
പിന്നെ പർദ്ദയെടുത്തണിഞ്ഞ്, തലയും മറച്ചു. മുഖം മാത്രം മറക്കാതെ ധൈര്യപൂർവ്വം ഇരുന്നു. അപ്പോഴാണ് എന്റെ വിറയലിന് ഒരു ശമനം കിട്ടിയത്. എന്റെ മുന്നിൽ മുഖം മറക്കാതെ ഇരുന്നതിന് അവളെ യൂസഫ് വഴക്കൊന്നും പറഞ്ഞതായി തോന്നിയില്ല.

ഞാനും പുറത്തിറങ്ങി.
ആടിന്റെ ടെന്റിനരികെ ചെന്നു.
പത്തൻപത് ആടുകൾ കാണുമായിരിക്കും.
വളരെ കുഞ്ഞ് ആട്ടിൻ കുട്ടി മുതൽ മുട്ടനാടു വരെയുണ്ട്.
അതിനെ ചുറ്റിപ്പറ്റി നടക്കുമ്പോഴാണ് മണലിൽ കുളിച്ച് അനാഥമായി ഒരു ഫ്രിഡ്ജ്...!
ഞാനത് തുറന്നു നോക്കി. വലിയ പഴക്കമൊന്നും തോന്നിയില്ല.
ഞാൻ ചോദിച്ചു.
“ഇതെന്താ പുറത്തിട്ടിരിക്കുന്നേ.., കൊള്ളില്ലേ...?”
“അത് ഗ്യാസിൽ ഓടുന്നതാ...  കേടായിട്ട് കളഞ്ഞതാ...”
“ഇത് ഞാനെടുത്തോട്ടേ...?”
“ നിനക്ക് വേണമെങ്കിൽ എടുത്തോ...”
“എനിക്ക് നന്നാക്കാൻ പറ്റിയാൽ ഭാഗ്യം....”
ഞാനും യൂസഫും കൂടി അതെടുത്ത് പിക്കപ്പിൽ വച്ചു.

 ആശുപത്രിയിൽ വന്ന് പരിശോധിച്ചപ്പോൾ അത് ഇലക്ട്രിക്കിലും ഓടുമെന്ന് മനസ്സിലായി. അതിനുള്ളിൽ ചുരുട്ടി വച്ചിരുന്ന വയർ പ്‌ളഗ്ഗിൽ കുത്തി ഒന്ന് ഓടിച്ചു നോക്കി.
പ്രത്യേകിച്ച് ശബ്ദമൊന്നും വരുന്നുണ്ടായിരുന്നില്ല. കംബ്രസ്സർ പോലുള്ള ഒന്നും അതിനകത്തില്ലായിരുന്നു.

ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അതിനകത്ത് തണുപ്പ് വരാൻ തുടങ്ങി...!
അതോടെ ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി.
ബാത്ത് റൂമിൽ കൊണ്ടു പോയി നന്നായി കഴുകി വൃത്തിയാക്കി.
ചുവന്ന കളറായിരുന്നു അതിന്.
ഒരു പുതു പുത്തൻ എന്നേ തോന്നൂ.
അന്നു മുതൽ ഞങ്ങളുടെ ആവശ്യത്തിനുള്ള ഫ്രിഡ്ജ് ആയി.
അന്നു മുതൽ പഴയതുപോലെ അന്നന്നു തന്നെ കറികൾ തിന്നു  തീർക്കേണ്ടി വന്നില്ല.
എല്ലാം അടുത്തനേരത്തേക്കായി ഫ്രിഡ്ജിൽ എടുത്തു വക്കും.
അതോടെ ഓരോ നേരവും കഴിക്കുന്ന കറിയുടെ അളവിലും കുറവു വരുത്തി.
അത് ചിലവ് കുറക്കാൻ സഹായകമായി.
ഇതൊന്നും സീക്കുവിന് ദഹിച്ചില്ല.
ഇതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഞങ്ങൾ തുറന്നു പറഞ്ഞു.
ഇവിടെ പിടിച്ചു നിൽക്കണ്ടെ ഞങ്ങൾക്ക്...
സീക്കുവിന് അത് വേണ്ട.
വെറുതെ കിട്ടുന്ന കാശാണ്. അവനത് തിന്നും വലിച്ചും തീർത്താൽ മതി.

അവൻ വന്നിട്ട് എത്രയോ മാസമായി.
ഒരു മാസത്തെ പോലും ശമ്പളം അവരുടെ കമ്പനി കൊടുത്തില്ല.
ആ കമ്പനി സീക്കുവിനെ തിരിഞ്ഞു നോക്കിയതേയില്ല...!

പള്ളിയിൽ നിന്നും  കൈ നീട്ടി ഇരന്നും അല്ലാതെയും കിട്ടുന്നത്  കൂട്ടി വച്ച് ആദ്യമായി നാട്ടിലേക്കവൻ അയ്യായിരം രൂപയുടെ ഡ്രാഫ്റ്റെടുത്തയച്ചു...!
അതും തിന്നും വലിച്ചും തീർക്കാതിരിക്കാൻ ഞങ്ങൾ വളരെ നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം.
അബ്ദുൾ ആണ് എല്ലാ സഹായവും ചെയ്തു കൊടുത്തത്.

പിന്നീടവൻ കിട്ടുന്ന കാശിന്റെ കണക്ക് ഞങ്ങളോട് പറയാറില്ല.
മാസാവസാനം ഭക്ഷണ വകയിൽ തരാനുള്ളത് മാത്രം തരും.
അവന്റെ സ്വഭാവം മനസ്സിലായതോണ്ട് ഞങ്ങളൊന്നിനും നിർബ്ബന്ധിക്കാറുമില്ല.

എങ്ങനെയൊക്കെയോ ഞങ്ങൾ മൂന്നു വർഷം കടത്തി വിട്ടു.
ആകെ കൂടി കിട്ടിയത് ഒരു കൊല്ലത്തെ ശമ്പളം മാത്രം.
ബാക്കി രണ്ടു കൊല്ലത്തെ ശമ്പളം കുടിശ്ശികയായിത്തന്നെ കിടന്നു.
അബ്ദുൾ മാത്രമായിരുന്നു ഞങ്ങളിൽ വിവാഹിതൻ.
ഭാര്യയുടെ മുഖം പോലും മറന്നു പോയെന്നു പറഞ്ഞ് കിടന്ന് സങ്കടപ്പെടുന്നതു കാണാം.

ഒരു ദിവസം അബ്ദുൾ മക്കയിൽ നിന്നും കൊണ്ടു വന്നത് ചിരിക്കാൻ വക നൽകിയ ഒരു ലുങ്കി ന്യൂസ് ആയിരുന്നു.
“സദ്ദാം ഹുസ്സൈൻ കുവൈറ്റ് ഒരു രാത്രി കൊണ്ട് പിടിച്ചടക്കിയത്രെ...!!!”
ഞങ്ങൾ അത് വിശ്വസിച്ചില്ല. ചിരിച്ചു തള്ളി.
ഈ മലബാറികൾക്ക് വേറെ ഒരു പണിയുമില്ലെ...?
അതിനു മുമ്പിറങ്ങിയ മറ്റൊരു ലുങ്കി ന്യൂസും ഞങ്ങൾ ചിരിച്ചു തള്ളിയിരുന്നു.
ജിദ്ദയിലോ മറ്റോ വച്ച് കൂടിയ ഗൾഫ് എണ്ണരാജാക്കന്മാരുടെ യോഗത്തിൽ വച്ച് കുവൈറ്റിന്റെ എണ്ണപ്പാടത്തിന്റെ ഉടമാവകാശം ഉന്നയച്ചതിന് സദ്ദാം ഹുസ്സൈന്റെ മുഖത്തേക്ക് കുവൈറ്റ് രാജാവ് കാർപ്പിച്ചു തുപ്പിയത്രെ..!
ഈ ലുങ്കിക്കാർക്ക് തിന്നട്ട് ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ട് പടച്ചുണ്ടാക്കി വിടുന്നതാ ഇതൊക്കെ....
ഇതിലൊന്നും ഒരു കാര്യോണ്ടാവില്ല.
അന്നന്നു വാർത്തകളറിയാൻ നിവർത്തിയില്ലാത്തോരെ ഈ ലുങ്കി ന്യൂസ്സുകാര് എത്രയാ പറ്റിച്ചേക്കണേന്നറിയോ...?

പിറ്റേ ദിവസം എഞ്ചിനീയർ ‘റോത്ത’ വന്നപ്പോൾ പറഞ്ഞു.
“നാട്ടിൽ പോകണമെങ്കിൽ കമ്പനി ടിക്കറ്റ് കൊടുക്കുന്നുണ്ട്. പക്ഷേ, കുടിശ്ശികയൊന്നും തരില്ല. അത് ഇപ്പോൾ വേണ്ടാന്നുള്ളവർക്ക് പോയിട്ടു വരാം. ഒരു മാസത്തിൽ കൂടുതൽ ലീവ് കിട്ടുകയുമില്ല. ഒരു സൈറ്റിൽ നിന്നും ഒരാളെ മാത്രമേ വിടുകയുള്ളു. അയാൾ തിരിച്ചു വന്നിട്ട് അടുത്തയാൾ...!!”
അതുകേട്ട് ഞങ്ങൾ തുള്ളിച്ചാടി...!!!

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

   ബാക്കി നവംബർ  1-ന്.  ആദ്യ പരോൾ.....

Wednesday 1 October 2014

നോവൽ. മരുഭൂമി.(25)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

തുടർന്നു വായിക്കുക...

പുതിയ മക്കീന...

ആ ജീപ്പുകാരൻ ഈ ഗ്രാമത്തിന്റെ പ്രധാന ‘മുത്തവ’ ആയിരുന്നു...!!!
നിസ്ക്കാര സമയങ്ങളിൽ രണ്ടോ മൂന്നോ പോലിസ്സുകാർ അകമ്പടി ആയി ഉണ്ടാകും കൂടെ.
‘അമീർ’ കഴിഞ്ഞാൽ ഒരു പക്ഷെ, ഗ്രാമത്തിലെ അധികാരി ഇദ്ദേഹമായിരിക്കും.
‘മുത്തവ’ ആശുപത്രിയിൽ വരുമ്പോൾ മാനേജർ ഉമ്മറും ഡോക്ടർമാരും വളരെ ഭവ്യതയോടേയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരേയൊരു വ്യക്തി...!
സീക്കുവിന്റെ പള്ളിയുടെ പ്രധാനിയും ഈ മുത്തവ തന്നെ..!!
മുത്തവയെക്കുറിച്ച് കേട്ട സീക്കു ഞെട്ടി വിറച്ചു....!!!
വാങ്ങിക്കൊണ്ടു വന്ന സിഗററ്റിൽ ഒരു പായ്ക്കറ്റ് ഇരുന്നയിരുപ്പിൽ വലിച്ചു തീർത്തു...!!!

വൈകുന്നേരം ആശുപത്രിയിൽ ചെന്ന് അസ്സർബായിയെ കണ്ടു.
സീക്കുവിനു പറ്റിയ അബദ്ധം ഞങ്ങൾ ഏകസ്വരത്തിൽ വിവരിച്ചു കൊടുത്തു.
ചുരുങ്ങിയ ദിവസത്തെ പരിചയം കൊണ്ട് സീക്കുവിൽ ഒരു സ്വൽ‌പ്പം വട്ടിന്റെ ലക്ഷണം അസ്സർബായിയും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്  മുത്തവയോട് പറഞ്ഞ് വല്ല പ്രതികാര നടപടിക്കും തുനിയാതിരിക്കാൻ വേണ്ട മുൻ‌കരുതൽ എടുത്തോളാമെന്ന് അസ്സർബായി ഏറ്റു. അസ്സർബായിയുടെ അയൽ‌പക്കത്താണ് മുത്തവയുടെ വീട്.
മുത്തവയുടെ അടുത്ത ആളാണു താനും.

അമീർ പറഞ്ഞതു പോലെ തന്നെ ചെയ്തു.
ഒരു പുതിയ മക്കീന- ജനറേറ്റർ അമാറക്കും പള്ളിക്കും ഇടക്കായി പുറം‌പോക്കിൽ ഒരു ഷെഡ് കെട്ടി ഉറപ്പിച്ചു.  അമാറയിലും പള്ളിയിലും ഏസി ഉൾപ്പടെ സകലതും ഓടിക്കാൻ ഈയൊരെണ്ണം മതി. പക്ഷേ, അപ്പോഴും അമീർ പഴയ പിച്ചത്തരം വിട്ടില്ല.

കാലത്ത് പത്തു മുതൽ പന്ത്രണ്ട് വരേയും വൈകീട്ട് ഇരുട്ടുന്നതിന് മുൻപ് മുതൽ രാത്രി ഒൻപത് മണി വരെയും മാത്രം...!
വ്യാഴവും വെള്ളിയും വൈകുന്നേരം മാത്രവും.
സീക്കുവിന്റെ കിടപ്പ് പള്ളിയിലേക്ക് മാറ്റാൻ അതുകാരണം കഴിഞ്ഞില്ല.
രാത്രിയിൽ ഏസിയില്ലാതെ എങ്ങനെ കഴിഞ്ഞു കൂടും..?

മുത്തവ സീക്കുവിനെ തിരിച്ചറിഞ്ഞെങ്കിലും കുഴപ്പമൊന്നും ഉണ്ടാക്കിയില്ല.
അസ്സർബായിയുടെ പിൻബലം അത്രക്ക് ശക്തമായിരുന്നു.
അതിനു പകരം ഒരു ശിക്ഷ കൊടുത്തു.
അഞ്ചു നേരം മുടക്കമില്ലാതെ കൃത്യമായി പള്ളിയിൽ ബാങ്ക് വിളിക്കുക...!
പള്ളിയിൽ ബാങ്കു വിളിയും നിസ്കാരവും കഴിഞ്ഞിട്ടുള്ള സമയം മാത്രം ഓടി ഞങ്ങളുടെ മുറിയിൽ വരും. വെളുപ്പിന് എഴുന്നേറ്റ് പോകാൻ മാത്രം മടി. ഞങ്ങൾ അലാറം വച്ച് കുത്തിയെഴുന്നേൽ‌പ്പിച്ച് വിടും.

ഒരു ദിവസം വൈകുന്നേരം ഞാൻ ജനറേറ്റർ ഓടിക്കാൻ വെള്ളമെടുക്കാനായി പള്ളിയിൽ ചെല്ലുമ്പോൾ മഗ്‌രീബ് നിസ്കാരത്തിനായുള്ള ബാങ്കു വിളിയിലാണ് സീക്കു.
നല്ല ഈണത്തിൽ ആവുന്നത്ര ഉച്ചത്തിൽ, ആ ഹാളിലെ മുഴക്കവും കൂടി ആവുമ്പോൾ കേൾക്കാൻ നല്ല ഇമ്പം. ഞാൻ സ്വൽ‌പ്പ നേരം അത് നോക്കി നിന്നു.
ഒരു മൈക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ....?
മൈക്ക് ഒക്കെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. കറന്റ് മാത്രം മതി.
പക്ഷെ, അത്ര നേരത്തെ ജനറേറ്റർ ഓടിക്കാൻ അനുവാദമില്ല. പിന്നെന്തു ചെയ്യും...? വൈകുന്നേരം കൃത്യമായൊരു സമയം അമീറ് പറഞ്ഞിട്ടില്ല.
ഇരുട്ടിയിട്ട് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ ഒതു എടുക്കുന്ന മുറിയിൽ കയറി ജനറേറ്ററിൽ ഒഴിക്കാനുള്ള വെള്ളമെടുത്തു കൊണ്ടിരിക്കുമ്പോൾ സീക്കുവിന്റെ ബാങ്കു വിളി അവസാനിച്ചിരുന്നു.
തിരിഞ്ഞു നടക്കുന്ന സീക്കുവിന്റെ കയ്യിൽ നേരത്തെ വന്ന് നിസ്ക്കാരത്തിനായി കാത്തിരിക്കുന്നവരിൽ ചില പെണ്ണുങ്ങൾ റിയാലുകൾ വച്ചു കൊടുക്കുന്നു...!
സീക്കു അത് ചിരിച്ചു കൊണ്ട് വാങ്ങി പോക്കറ്റിലിടുന്നു, ചിരപരിചിതനെപ്പോലെ...!

ആശുപത്രിയിൽ വന്ന് കൂട്ടുകാരോട് ഈ വിവരം പറഞ്ഞു.
തൽക്കാലം നമ്മൾ അറിഞ്ഞതായി ഭാവിക്കേണ്ടെന്ന് തീരുമാനിച്ചു.
അതുകൊണ്ട്  ഞങ്ങൾ ആരും അതിനേക്കുറിച്ച് സംസാരിച്ചതുമില്ല.

ദിവസങ്ങൾ പിന്നേയും കടന്നുപോയി.
ഒരു വ്യാഴാഴ്ച വൈകുന്നേരം അമീർ ഉണ്ടാവില്ലെന്ന ധൈര്യത്തിൽ സന്ധ്യയാകുന്നതിനു മുൻപേ തന്നെ ജനറേറ്റർ സ്റ്റാർട്ടാക്കി. സീക്കു പറയാതെ തന്നെ ഞാൻ സ്വയം ചെയ്തു കൊടുത്തതാണ്.
മൈക്കിൽ  കൂടി ഒഴുകി വരുന്ന അവന്റെ ബാങ്ക് വിളി കേൾക്കാൻ വേണ്ടി മാത്രം.
വളരെ ഇമ്പമായിരുന്നു അത് കേൾക്കാൻ...!
പലയിടത്തും വയസ്സന്മാരായ മുത്തവമാരാണ്, ശ്വാസം കിട്ടാത്തതുകൊണ്ട് ഒരു ആചാരം പോലെയേ ബാങ്ക് വിളി തോന്നാറുള്ളു..
അവന്റെ തൊണ്ടയുടെ വിറയലും അതിനകത്തെ മുഴക്കവും കൂടിച്ചേർന്ന് കേട്ട് നിൽക്കാൻ തോന്നിപ്പോകുമായിരുന്നു. ബാങ്ക് വിളി അവസാനിച്ചതും ഞാൻ തിരിഞ്ഞു നടന്നു. ഞാൻ ബാങ്കു വിളി റോഡിൽ നിന്ന് കേൾക്കുന്നതും അത് കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നതും അമാറയിലെ പോലീസ്സുകാർ കാണുന്നുണ്ടായിരുന്നു. അവരും പുറത്തിറങ്ങി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആ പുതുശബ്ദം.
ഞാൻ പറഞ്ഞു.
“എന്റെ കൂട്ടുകാരനാ അത്....!”

അബ്ദുൾ പോകുന്ന ദിവസങ്ങളിൽ നിസ്ക്കാരത്തിലും പങ്കെടുത്തിട്ടേ വരികയുള്ളു.
സീക്കുവിന്റെ ബാങ്കു വിളി കേൾക്കുന്ന അറബികൾ പ്രത്യേകിച്ച് പെണ്ണുങ്ങൾ അവന് കാശ് നീട്ടുന്നത് കൂടാതെ അവനും മറ്റുള്ളവരുടെ നേരെ കാശിനായി കൈ നീട്ടുന്നത് അബ്ദുൾ കണ്ടു പിടിച്ചു. അന്ന് രാത്രിയിൽ ഞങ്ങളവനെ ചോദ്യം ചെയ്തു.
നിവൃത്തിയില്ലാതെ അവന് സമ്മതിക്കേണ്ടി വന്നു.

അവന്റെ പോക്കറ്റിൽ നോട്ടുകൾ മടക്കിച്ചുരുട്ടി സിഗററ്റ് പാക്കറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങൾ കൊടുക്കുന്ന ലണ്ടൻ സിഗററ്റാണ് അവൻ ഞങ്ങളുടെ മുന്നിൽ വച്ച് വലിച്ചുകൊണ്ടിരുന്നത്. അപ്പോഴൊന്നും അവന്റെ കയ്യിൽ  ചില്ലിക്കാശുള്ളതായി ഭാവിച്ചിരുന്നില്ല.
പണം സൂക്ഷിക്കുന്ന ലണ്ടൻ സിഗററ്റിന്റെ പാക്കറ്റിൽ അവനുമാത്രമായി 555-ന്റെ സിഗററ്റും സൂക്ഷിച്ചിരുന്നു...!
എന്നിട്ടും ഞങ്ങൾ നീരസത്തിനൊന്നും പോയില്ല.
കണക്കെഴുതി വച്ചിരുന്ന, ഞങ്ങൾക്ക് തരേണ്ടിയിരുന്നത് മാത്രം പിടിച്ചു വാങ്ങി.
ഭക്ഷണത്തിന് കാശ് തരാൻ തുടങ്ങിയതോടെ അവന്റെ സ്വഭാവത്തിലും മാറ്റം വന്നു.
ദിവസവും ചിക്കനായാലെന്താ കുഴപ്പം...?
ഈ മോരും അച്ചാറുമല്ലാതെ മറ്റൊന്നും നിങ്ങൾക്കുണ്ടാക്കാനറിയില്ലേ....?
ഞങ്ങൾ സ്വയം കടിച്ചമർത്തിയതേ ഉള്ളു.

വന്ന കാലം മുതൽ താങ്ങും തണലുമായിരുന്ന ഉസ്മാനും മൊയ്തുവും ഇതിനകം അവിടന്ന് പോകേണ്ടി വന്നത് ശരിക്കും ഇരുട്ടടിയായി. അവരുടെ കമ്പനിക്ക് ആ വർഷം പുതിയ കോൺ‌ട്രാക്റ്റ് കിട്ടിയില്ല. അവരെ നാട്ടിലേക്ക് കയറ്റി വിടാനായിരുന്നു കമ്പനി തെയ്യാറായത്.
അതറിഞ്ഞ മൊയ്തുവിന്റെ പാർട്ടൈം പണിയുടെ അറബി- ഞങ്ങൾക്ക് എപ്പോഴും ഒട്ടക ഇറച്ചി കൊണ്ടുത്തരുന്ന, അവർക്ക് രണ്ടു പേർക്കും പുതിയ വിസ അടിച്ചു കൊടുത്തു...!

ഉസ്മാന് അറബിയുടെ മെക്കയിലെ വീട്ടിലും മൊയ്തുവിന് ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടിലുമായിരുന്നു പണി. ഗ്രാമത്തിലെ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല.
അതിനാൽ പത്ത് ആടിനെ വാങ്ങി മൊയ്തുവിനെ ഏൽ‌പ്പിച്ചു. അതിന്റെ പിന്നാലെ നടക്കേണ്ടി വന്നാൽ മാത്രം ഉപയോഗിക്കാനായി ഒരു ജോടി നല്ല ചെരുപ്പും വാങ്ങിക്കൊടുത്തു.
എന്നിട്ട് പറഞ്ഞു.
“നീ ഇത്ങ്ങടെ പിന്നാലെയൊന്നും ആ മലകൾ കയറി പോകേണ്ട. ഇവിടിരുന്നാൽ മതി. ആടുകൾ വൈകുന്നേരമാവുമ്പോൾ തനിയേ വന്നോളും. മലയിലെ മുള്ളുകൾ കാലേൽ കയറിയാൽ പിന്നെ ആ മുറിവ് പൊറുക്കില്ല...! ഏതെങ്കിലും കാരണവശാൽ മലയിലേക്ക് പോകേണ്ടി വന്നാൽ ഈ ചെരിപ്പിടാൻ മറക്കരുത്...!!”
അതായിരുന്നു ആ നല്ലവനായ അറബി...!
അദ്ദേഹവും മക്കയിലേത്തന്നെ ഒരു പള്ളിയിലെ മുത്തവയായിരുന്നു.

മൊയ്തു ആശുപത്രിയിൽ നിന്ന് പോയിട്ടും ഞങ്ങൾക്കുള്ള ഒട്ടകയിറച്ചിയുമായി ഇടക്കൊക്കെ ഞങ്ങളേത്തേടി വരുമായിരുന്നു. അന്ന് വെള്ളിയാഴ്ച അബ്ദുൾ മൊയ്തുവിനൊപ്പം മക്കയിൽ പോയിരുന്നു. ഉച്ച കഴിഞ്ഞ നേരത്താണ് ആമ്പുലൻസ് ഡ്രൈവർ യൂസഫ് വന്നത്. രണ്ടാഴ്ച മുൻപേ അവൻ പറഞ്ഞിരുന്നതാണ്, അവന്റെ വീട്ടിലെ ഏസി ഒന്നും ഓടുന്നില്ലെന്ന്. ഞാൻ വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതാണ്. അബ്ദുൾ ഇല്ലാത്തതു കൊണ്ട് സച്ചിയെ ഡ്യൂട്ടിക്കിട്ട് ഞാൻ ഒറ്റക്ക് യൂസഫിനോടൊപ്പം പോയി.

അവൻ ശരിക്കും ഒരു ‘ബദു’വായിരുന്നു.
അവിടത്തെ ആദിവാസി ജനതയിൽ‌പ്പെട്ട ഒരുവൻ എന്നു വേണമെങ്കിൽ പറയാം. ആടും ഒട്ടകവും വളർത്തി മലമടക്കുകളിലും മരുഭൂമികളിലുമാണ് താമസം. ‘അട്ടയെ പിടിച്ച് മെത്തയിലിട്ടാൽ കിടക്കുമോ’ യെന്ന് ചോദിക്കുന്നതുപോലെയാണ്, നമ്മുടെ ആദിവാസികളെപ്പോലെ തന്നെയാണ് അവർ. നല്ല വീടും സൌകര്യങ്ങളും വെറുതെ കൊടുത്താലും അതൊന്നും ഉപയോഗിക്കാതെ മലയിലും മരുഭൂമിയിലും താമസിക്കാൻ ഇഷ്ടപ്പെടുന്നവരത്രെ ഈ ബദുക്കൾ.

മെയിൻ റോഡിൽ നിന്നും മലമടക്കുകൾ താണ്ടി താഴ്‌വാരത്തിലൂടെ വളഞ്ഞ് പുളഞ്ഞ് വണ്ടി പൊയ്ക്കോണ്ടിരുന്നു. പ്രത്യേകിച്ച് റോഡുകളൊന്നുമില്ല. ഇടക്കൊക്കെ മറ്റു അറബികളുടെ ടെന്റുകൾ കാണുന്നുണ്ട്.

ഞാൻ വിചാരിച്ചിരുന്നതു പോലെ സുഖലോലുപത നിറഞ്ഞതായിരുന്നില്ല അവരുടെ ജീവിതം.
മേൽക്കൂര ടിൻ ഷീറ്റുകൊണ്ട് പൊതിഞ്ഞതായിരുന്നു. ഈ പൊരിയണ ചൂടിൽ എങ്ങനെയാണവർ കഴിച്ചു കൂട്ടുന്നതെന്ന് ആലോചിക്കാതിരുന്നില്ല. ഗൾഫിനെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സമ്പന്നതയുടെ  ഒരു മറുവശമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്.

കറങ്ങിയും ഇറങ്ങിയും അവസാനം അവന്റെ വീടിന്റടുത്ത് വണ്ടി നിറുത്തി.
നാലു ചുറ്റും മലകളാണ്. പിന്നോട്ട് തിരിഞ്ഞാൽ വന്ന വഴിപോലും ഓർമ്മിക്കാനായില്ല. അവന്റെ സഹായമില്ലാതെ ഒരിക്കലും പുറത്തു കടക്കാനാവില്ല. ഏതു ദിശയിലാണ് ആശുപത്രിയെന്നോ, എത്ര ദൂരമുണ്ടെന്നോ ഒരെത്തും പിടിയും കിട്ടിയില്ല. അതോടെ ഒരു ഭയം എന്നെ പൊതിയാൻ തുടങ്ങി. അവൻ ആശുപത്രിയിലെ സ്റ്റാഫാണല്ലൊ എന്നതും, സച്ചിയുടെ മുന്നിൽ നിന്നുമാണല്ലൊ എന്നെ കയറ്റിക്കൊണ്ടു പോന്നതെന്നതുമാണ് ആകെ ഒരാശ്വാസം...!
അവിടെ മറ്റു വീടുകളൊന്നുമില്ല.
ഒരു ഒറ്റപ്പെട്ട വീടെന്നു പറയാം.
വീടിനോട് ചേർന്ന് തന്നെ ആടിന്റെ വളച്ചു കെട്ടിയ ടെന്റുമുണ്ട്.

ഞങ്ങൾ ചെന്ന ഉടനെ പർദ്ദയണിഞ്ഞ് ഒരു സ്ത്രീ ഒരു കുട്ടിയേയും ഒക്കത്തിരുത്തി അകത്തു നിന്നും പുറത്തേക്കിറങ്ങി. കണ്ണുകളൊഴികെ ആസകലം പർദ്ദയിൽ മുങ്ങിയിരുന്നു. ഈ ചൂടിലും ഇതും ധരിച്ച് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഒരു നിമിഷം ഞാൻ അത്ഭുതപ്പെട്ടു. അവരെ നോക്കി സലാം പറഞ്ഞ് യൂസഫിനൊപ്പം അകത്തു കയറി.

ചുമരൊന്നും തേച്ചട്ടില്ല.
സിമന്റിഷ്ടികയാണ് ഭിത്തി.
അകത്ത് വെന്തുരുകുന്ന ചൂടാണ്.
അതിനകത്തെ ഏക ഫാനാണ്  ചൂടിനൊരു ശമനം.
പക്ഷേ, കറന്റില്ലാതെ എന്തു ഗുണം...?
യൂസഫ് വന്ന വഴി പുറത്തിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ ഫാൻ കറങ്ങാൻ തുടങ്ങി.
ചൂടുകാറ്റ് കണ്ണിലടിച്ചിട്ട് പുകച്ചിലെടുക്കാനും തുറക്കാനും വയ്യാതായി.
ഞാൻ ഏയർ കൂളർ ഒന്ന് ഓടിച്ചു നോക്കിയിട്ട് പുറത്തിറങ്ങി.
വീടിനു പിറകു വശത്തേക്ക് ചെന്നു.
അരമണിക്കൂറെങ്കിലും ആ പൊരിവെയിലത്ത് നിന്നിട്ടാണ് ഒരു വിധം ശരിയാക്കിയത്.
വീണ്ടും ഞാൻ അകത്തെത്തി കൂളർ ഓണാക്കി.
ഒരിത്തിരി നേരം പിടിച്ചു തണുത്ത കാറ്റ് വരാൻ.
കാറ്റ് വന്നതോടെ യൂസഫ് പുറത്തിറങ്ങിയിട്ട് അവളോടായി പറഞ്ഞു.
“അവന് ചായ കൊടുക്ക്. ഞാനപ്പോഴേക്കും ആടുകളെ കൂട്ടി വരാം...”

അവൾ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞ് ഒരു ചെറിയ കാർപ്പെറ്റ് വിരിച്ചു തന്നു. അടിയിൽ കിടക്കുന്ന കാർപ്പെറ്റ് വളരെ മുഷിഞ്ഞതായിരുന്നു. ഞാൻ കാർപ്പറ്റിന്റെ ഒരറ്റത്ത് കൂളറിന്റെ നേരെ താഴെ പുറത്തേക്ക് നോക്കി ചുമരിൽ ചാരി ഇരുന്നു. നേരെ മുന്നിലെ വാതിലിൽ കൂടി യൂസഫ് മലമുകളിലേക്ക് പോകുന്നത് കാണാമായിരുന്നു. മുട്ടുകാലിൽ ഇഴയുന്ന ഒരു കൊച്ചു കുട്ടി വാതിലിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് ബാപ്പയെ നോക്കിക്കൊണ്ട് അവ്യക്തമായി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഫ്‌ളാസ്ക് നിറയെ ചായയും ഒരു പ്‌ളേറ്റിൽ കുറേ ഈന്തപ്പഴവുമായി എന്റെ മുന്നിൽ വന്നിരുന്നു.
പുറത്തു കാണാവുന്ന ആ കണ്ണുകളുടെ നിറം മങ്ങിയിരുന്നു...
ആ കണ്ണുകൾ വളരെ ആകർഷകമായിരുന്നു....
വാലിട്ട് സുറുമ എഴുതിയ കണ്ണുകളായിരുന്നു.....
എന്റെ നേരെ നോക്കി ചിരിച്ചതുകൊണ്ടാകും ആ കണ്ണുകൾ വല്ലാതെ കുറുകിപ്പോയിരുന്നു. ചിലപ്പോൾ എന്റെ തോന്നലാകാം.
അധിക നേരം അത് കണ്ട് നിൽക്കാൻ വയ്യാ.

കണ്ണുകൾ ഇത്ര ആകർഷകമെങ്കിൽ മുഖമെങ്ങിനെയിരിക്കുമെന്ന് ഒരു നിമിഷം ആലോചിക്കാതിരുന്ന്ല്ല. കാണാൻ കൊതിയും തോന്നിയെന്നുള്ളത് സത്യം.
അങ്ങനെ ഞാൻ ചിന്തിച്ചതിൽ തെറ്റുണ്ടോ...?
അവൾ പകർന്നു തന്ന ചായ വാങ്ങിയിട്ട് ഞാൻ മുഖം മാറ്റി, അങ്ങകലെ യൂസഫ് എവിടേയെന്ന് പരതി.  മല മുകളിൽ ആടുകളുമായി ഒളിച്ചു കളിയിലായിരുന്നു യൂസഫ്.

അവൾ പിറകിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട് വാതിൽക്കൽ നിന്ന കുട്ടിയെ എന്തോ പറഞ്ഞ് വിളിച്ചു. കുട്ടി മുട്ടു കുത്തി വരവേ അവൾ ഒരു ഈന്തപ്പഴമെടുത്ത് ഏന്റെ നേരെ നീട്ടി.
ഞാൻ വേണ്ടെന്നു പറഞ്ഞു.
പക്ഷെ, അവൾ എന്റെ കൈ ബലമായി പിടിച്ചെടുത്ത് ഈന്തപ്പഴം കയ്യിൽ വച്ചു തന്നു...!
ആ കൈ ഒരു സ്ത്രീയുടെ കയ്യായിരുന്നില്ല. നല്ല തഴമ്പുള്ള ഒരു പുരുഷന്റെ കയ്യിനു സമം.
ഇതുകൊണ്ട് ഒരെണ്ണം കിട്ടിയാൽ കണ്ണിൽ നിന്നും പൊന്നീച്ച പറന്നതു തന്നെ...!
ആ മുഖമൊന്നു കാണണമെന്നാഗ്രഹിച്ചത് ഞാൻ അപ്പോഴേ മാച്ചുകളഞ്ഞു.
മാത്രമല്ല എന്റെ മനോഗതം അറിഞ്ഞപോലെ അവൾ തന്റെ മൂടുപടം മുകളിലേക്ക് മാറ്റി മുഖം മുഴുവൻ തുറന്നു കാട്ടിയിട്ട് ഒരു ചിരി...!!
വെളുത്ത് സുന്ദരമാകേണ്ടിയിരുന്ന ആ മുഖം മുഴുവൻ മുഖക്കുരു നിറഞ്ഞ് വികൃതമായിരുന്നു.
എനിക്ക് സങ്കടം തോന്നി.
എങ്കിലും, വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ, വെളുത്തു ചുമന്ന പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കണാനാഗ്രഹിച്ചത് നേരാ...!
പക്ഷേ,  ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!


ബാക്കി  ഒക്ടോബർ 15-ന്.   ഓസ്സിലൊരു ഫ്രിഡ്ജ്...