Friday 15 July 2011

സ്വപ്നഭുമിയിലേക്ക്...(45) തുടരുന്നു...


കഴിഞ്ഞതിൽ നിന്നും....
 

ഞാനൊന്നു മുരടനക്കിയതും പെട്ടെന്നയാൾ തിരിഞ്ഞു നോക്കി. തല നരച്ച്, കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ശരീരവുമായി ഒരു പാവം മനുഷ്യൻ...! രാജേട്ടൻ...!! ആ രൂപം കണ്ടതും ഞാൻ അവിടെത്തന്നെ വാപൊളിച്ച് നിന്നു പോയി...! പഴയ രാജേട്ടന്റെ ഒരു പ്രേതം മാത്രമായിരുന്നു അത്....!!

തുടരുന്നു
.

ഒരു ചതി..
.
രാജേട്ടന്റെ രൂപം..!!?
ഇത്രക്കു മാറ്റം വരാൻ എന്താ നടന്നത്...?
രാജേട്ടന്റെ രൂപം കണ്ട് ഞാൻ അന്തം വിട്ട് നിൽക്കുമ്പോഴേക്കും, ഒരു സംശയഭാവത്തിൽ അദ്ദേഹം പതുക്കെ നടന്ന് എന്റടുത്തെത്തിയിരുന്നു. എന്റെ മുഖത്തേക്ക് സുക്ഷിച്ചൊന്നു നോക്കിയതും ഞെട്ടിയോ എന്നൊരു സംശയം. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടുത്തത്തിനു ഒരു ബലവുമില്ലന്നു തോന്നി.

പിന്നെ സാവധാനം ശബ്ദം താഴ്ത്തിയെന്നോണം പറഞ്ഞു.
“ഒട്ടും പ്രതീക്ഷിച്ചില്ല...”
എത്രയോ കാലം ഒരുമിച്ച് ജീവിച്ച രണ്ടു സുഹൃത്തുക്കൾ അപ്രതീക്ഷിതമായി കാണുമ്പോഴുള്ള സന്തോഷക്കണ്ണീരായിട്ടെ ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ തോന്നിയുള്ളു. എന്റെ കണ്ണുകളും മറിച്ചായിരുന്നില്ല.
വാ അകത്തേക്കു കേറ്...അദ്ദേഹം എന്നെയും പിടിച്ചുകൊണ്ട് അകത്തേക്കു കയറി. മുറിയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ രാജേട്ടൻ വീണ്ടും പറഞ്ഞു.
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...”
" എന്നാലും, ഈ കോലം.. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ..രാജേട്ടാ..?”
എന്റെ ആകാംക്ഷ പിടിച്ചു നിറുത്താനായില്ല.
ഇനി ഒന്നും ഒളിച്ചുവച്ചിട്ടു കാര്യമില്ലല്ലൊ. ഞാൻ എല്ലാം പറയാം.”
എനിക്കായി ഒരു കസേര നിക്കിയിട്ടു തന്നിട്ട് രാജേട്ടൻ തുടർന്നു.
ഇങ്ങനെയൊന്നും അവസാനിക്കുമെന്നുകരുതിയില്ല. ഇതൊക്കെ നിങ്ങളൊന്നും അറിയരുതെന്നു ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് എന്റെ ഫോൺ വരെ കട്ടാക്കിയത്..”
രാജേട്ടൻ
അത് പറയുമ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്കൊരൂഹവുമില്ലായിരുന്നു.

ഞങ്ങൾ..എത്രയൊ ഫോൺ ചെയ്തു...ചേട്ടന്റെ e-mail- ഞാൻ കത്തയച്ചിരുന്നു. പക്ഷെ ഒന്നിനും മറുപടിയുണ്ടായില്ല. എന്തു പറ്റിയെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത്തവണ ചേട്ടനെ പോയി കാണണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചത്.” അവിടന്നു പോന്നതിനുശേഷം ഞാൻ മെയിൽ തുറക്കാറേയില്ല. അതിനൊന്നും പറ്റിയ ഒരു സാഹചര്യമല്ല വന്നു പെട്ടത്..”

അപ്പോഴേക്കും
അകത്തു നിന്നും ആരുടേയൊ ഒരു ഞരക്കം കേട്ടു. ‘ഞാൻ ഇപ്പൊ വരാംഎന്നു പറഞ്ഞു രാജേട്ടൻ അകത്തേക്കു പോയി. ഞാൻ മുറിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോകൾ നോക്കിനടന്നു. ഗൾഫിൽ ഞങ്ങളൊരുമിച്ചെടുത്ത ഫോട്ടോകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. രജേട്ടൻ തിരിച്ചെത്തി പറഞ്ഞു.
അമ്മയാ...കുറച്ചു നാളായിട്ട് ഒരേ കിടപ്പാ...ഇടക്കു പിച്ചും പേയും പറയും.. സുബോധമുള്ള സമയം വളരെ കുറവാ..”

ഞാനും എഴുന്നേറ്റ് അകത്തേക്കു നടന്നു. ഒരു കട്ടിലിൽ അനങ്ങാതെ കിടക്കുന്നുറങ്ങുന്ന വയസ്സായ
എല്ലും തോലുമായ അമ്മ. കണ്ടുനിൽക്കാൻ തന്നെ പ്രയാസം.
ഒരു ഹോം നഴ്സിനെ നിർത്തിയിട്ടുണ്ട്. അവർ എല്ലാം നോക്കിക്കൊള്ളും. രാത്രിയാവുമ്പോൾ അവരു പോകും.”
രജേട്ടൻ
അമ്മയുടെ പുതപ്പ് നേരെയിട്ടുകൊണ്ട് പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി

അപ്പോഴാണ്
രാജേട്ടന്റെ ഭാര്യയേയും കുട്ടിയേയും ഇതുവരെ കണ്ടില്ലല്ലോന്നോർത്തത്. ഞാൻ ചോദിച്ചു.
ചേച്ചിയും കുട്ടിയും...?”
അവർ... ഇവിടില്ല..” ഒരു നിമിഷം ഒന്നു മടിച്ചിട്ടാണ് പറഞ്ഞത്.
അവർ വീട്ടിൽ പോയതാ..? ” ഞാൻ.
വീട്ടിൽ തന്നെ. പക്ഷെ ഒരിക്കലും.. ഇനി ഇങ്ങോട്ടു വരികയില്ല...!!?”
ങേ....!!?” ഞെട്ടാതിരിക്കാനായില്ല.
ഞാൻ..ചായ ഉണ്ടാക്കിയിട്ട് വരാം.”
രാജേട്ടൻ
അടുക്കളയിലേക്ക് നടന്നു. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നുവെന്ന ഒരു ഭീതി എന്നെ പൊതിഞ്ഞു. ഞാനും കൂടെ ചെന്നു.
എന്താ അങ്ങനെ പറഞ്ഞത്. അവർക്കെന്തു സംഭവിച്ചു..? ഞാൻ അതേ ഭീതിയോടെ തന്നെ ചോദിച്ചു.
ചായപ്പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അടുപ്പത്ത് വച്ചിട്ട് പറഞ്ഞു.
ഞാനന്ന് പോന്നത്, നിങ്ങളോടെല്ലാം പറഞ്ഞതു പോലെ അമ്മക്ക് അസുഖം കൂടുതലായിട്ടായിരുന്നില്ല. എന്റെ അനിയൻ വിളിച്ചു പറഞ്ഞ ഒരു വാർത്ത കേട്ടിട്ടായിരുന്നു. അവൻ ഇവിടെ അമ്മയെ കാണാൻ വന്നപ്പോൾ ഹോം നഴ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. സമയത്താണ് പോസ്റ്റ്മാൻ ഒരു കത്തുമായി വന്നത്. അനിയൻ അത് ഒപ്പിട്ടു വാങ്ങി. എന്റെ പേരിലായിരുന്നെങ്കിലും ഒരു ബാങ്കിനുവെണ്ടി വക്കീലയച്ച നോട്ടീസായതു കൊണ്ട് അവൻ അത് പൊട്ടിച്ചു വായിച്ചു.”

ചായ രണ്ടു ഗ്ലാസ്സിൽ പകർന്ന് പഞ്ചസാര ചേർത്തിളക്കിയിട്ട് പറഞ്ഞു നിർത്തി.
നിറച്ചു വച്ച ഗ്ലസ്സിൽ ഒന്നു എനിക്ക് നീട്ടി. മറ്റെ ഗ്ലാസ്സുമാ‍യി രാജേട്ടൻ പുറത്തേക്കിറങ്ങി.

ഞങ്ങൾ
മുറ്റത്ത് ഒരു തെങ്ങിൻ ചുവട്ടിൽ ഓരോ കസേരയിൽ ഇരുന്നു. ചെറിയൊരു നാട്ടുവെളിച്ചം വീണുകിടക്കുന്ന മുറ്റവും പറമ്പും വളരെ ഭംഗിയുള്ളതായി തോന്നി. കുറച്ചപ്പുറത്തുള്ള വാഴത്തോട്ടത്തിൽ ഇരുട്ട് കട്ടപിടിച്ച് കിടന്നു. രാജേട്ടൻ ബാക്കി പറയാൻ തുടങ്ങി..
അത് വായിച്ചിട്ട്, അവൻ ശരിക്കും സ്തംഭിച്ചു നിന്നുപോയി. അവൻ അടുത്ത ഫോൺ ബൂത്തിൽ വന്ന് എനിക്കു വിളിച്ചു.
ചേട്ടൻ..എവിടെന്നെങ്കിലും വീടും പറമ്പും പണയപ്പെടുത്തി ലോണെടുത്തിട്ടുണ്ടായിരുന്നൊഎന്നാണ് ചോദ്യം.
ഞാൻ ഇല്ലന്ന് പറഞ്ഞപ്പൊ അവൻ പറയാ, ‘ഇതാ ചേട്ടന്റ് വീടും പറമ്പും ജപ്തി ചെയ്യുമെന്ന’ നോട്ടീസു വന്നിരിക്കുന്നുവെന്ന്...!?
അതെങ്ങനെയെന്നു എനിക്കറിയില്ലായിരുന്നു. അതു കേട്ട് ഞാ‍നും ഷോക്കിലായി.

പിന്നെ
ആലോചിച്ചപ്പൊൾ, എത്രയും വേഗം നാട്ടിലെത്തുകയാണ് നല്ലതെന്നു തോന്നി. നോട്ടീസ് ആരെയും കാണിക്കരുതെന്നു അനിയനെ ശട്ടം കെട്ടി. അന്നു തന്നെ കമ്പനിയിൽ രണ്ടു മാസത്തെ ലീവിനു നോക്കി. അമ്മയുടെ അവസ്ഥ വരെ പറഞ്ഞു നോക്കി. ലീവു തരാൻ കൂട്ടാക്കിയില്ല. അവസാനം ഞാൻ നിറുത്തിപ്പോകാണന്ന് തീർത്തു പറഞ്ഞു. അപ്പൊൾ ആനുകൂല്യങ്ങളൊന്നും തരില്ലാന്നായി. ഒന്നും വേണ്ടാ. എനിക്ക് ടിക്കറ്റ് മാത്രം മതിയെന്നായി ഞാൻ. അങ്ങനെയാണ് ഒരാഴ്ചക്കുള്ളിൽ എല്ലാം ഉപേക്ഷിച്ച് അവിടന്നു തിരിക്കുന്നത്.”

ചാ‍യ കുടിച്ചു കഴിഞ്ഞ ഗ്ലാസ് രണ്ടും വീടിന്റെ തിണ്ണയിൽ വച്ചിട്ട് രാജേട്ടൻ തുടർന്നു.
ഇവിടെ വന്നിട്ട് ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ അനിയന്റെ വീട്ടിൽ ചെന്ന് വക്കീൽ നോട്ടീസ് വായിച്ചു നോക്കി. അതുമായി ഞാനും അനിയനും കൂടി ബാ‍ങ്കിലേക്കു ചെന്നു. മാനേജരെ കണ്ടു പറഞ്ഞു.
“ഈ മേൽ‌വിലാസക്കാരൻ ഞാനാണ്. ഞാൻ നിങ്ങളുടെ ബാങ്കിൽ നിന്നും യാതൊരു വായ്പയും എടുത്തിട്ടില്ല. മാത്രമല്ല നിങ്ങൾ വായ്പ്പ് തന്ന സമയത്ത് ഞാൻ ഗൾഫിലുമാണ്.”

അമ്മ കിടക്കുന്ന മുറിയുടെ ജനലിന്റെ അടുത്തായിട്ടാണ് ഞങ്ങൾ ഇരുന്നിരുന്നത്. ഒരു ഞരുക്കം കേട്ടതുകൊണ്ട് രാജേട്ടൻ മുറിയിലേക്ക് ഒന്നെത്തി നോക്കി. വീണ്ടും വന്നിരുന്നിട്ട് തുടർന്നു.
“ബാങ്കു മാനേജർക്ക് വാർത്ത ഒട്ടും വിശ്വസിക്കാനായില്ല. അപ്പോൾ തന്നെ ഫയൽ എടുത്ത് പരിശോധിച്ചു.
എന്റെ പേരിൽ തന്നെയാണ് വായ്പ എടുത്തിരിക്കുന്നത്. എന്റെ പേരും ഒപ്പും എല്ലാം അതു തന്നെ, പക്ഷെ ഫോട്ടൊ മാത്രം എന്റേതല്ല...!
സ്ഥലം എന്റെ അമ്മയുടെ കാലശേഷം മാത്രമെ എനിക്കു ക്രയവിക്രയ സ്വാതന്ത്ര്യം കിട്ടുകയുള്ളു. അതു കൊണ്ട് വായ്പ്പയെടുക്കുമ്പോൾ അമ്മയുടെ അനുവാദം ആവശ്യമാണ്. അതിനായി അമ്മയുടെ കയ്യൊപ്പും പേരും എല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ ഫോട്ടൊ അമ്മയുടേതല്ല...!!
സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്റെ സ്വന്തം ഭാര്യയും....!! അവളുടെ ചേട്ടനും...!!
ഞാൻ ശരിക്കും ഞെട്ടിപ്പോയി...!!
എല്ലാവരും
കൂടി നടത്തിയിട്ടുള്ള ഒരു കൊടും ചതി.....!!!”

“അപ്പൊ.. പെങ്ങളെ വച്ച് അളിയന്മാർ ചേട്ടനിട്ട് പാര പണിയായിരുന്നോ...?”
കേട്ടതു വിശ്വസിക്കാനാകാതെ ഞാൻ ചോദിച്ചു. ചായ കുടിച്ചുകഴിഞ്ഞ ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയി കഴുകി വച്ചിട്ട്, അമ്മയുടെ മുറിയിൽ ഒന്നു കൂടി നോക്കിയിട്ട് വീണ്ടും തുടർന്നു.

പിന്നെ മാനേജരുമായി ആലോചിച്ചിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. അവിടെ ഒരു പരാതി കൊടുത്തു. അതു കഴിഞ്ഞ് വീട്ടിൽ വന്നു. ഭാര്യയോട് ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ ഒരു പക്ഷെ എന്റെ സമനില തെറ്റിപ്പോകുമെന്ന് ഞാൻ ഭയന്നു. അവരോട്എത്രയും വേഗം ഡ്രസ് ചെയ്യ്, ഒരിടത്ത് പോകാനുണ്ടെന്ന്മാത്രമെ പറഞ്ഞുള്ളു. ഞാൻ ബാത് റൂമിൽ കയറി കുറച്ചു നേരം തണുത്ത വെള്ളം തലയിലൊഴിച്ച് എന്റെ തല ഒന്നു തണുപ്പിച്ചു.”

“എനിക്ക് വിശ്വസിക്കാനാവുന്നില്ല ചേട്ടാ..! അവരെന്തെങ്കിലും ചതിയിൽ‌പ്പെട്ടതായിരിക്കും..” ഞാൻ പറഞ്ഞു.
“ഏതോ ഒരുത്തനെ കാട്ടി, ഞാനാണെന്ന് സാക്ഷി പറഞ്ഞ എന്റെ ഭാര്യ ചതിയിൽ പെടുന്നതെങ്ങനെ...?”
രാജേട്ടന്റെ മുഖം ദ്വേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തുടർന്നു.

“ഒരു
ടാക്സി കാറിൽ അവരേയും കൂട്ടി അവളുടെ വീട്ടിലേക്കു വിട്ടു. അച്ചനും അമ്മയും ഓടിവന്ന് വിശേഷങ്ങൾ ചോദിച്ചു. പോക്കറ്റിൽ നിന്ന് ജപ്തി നോട്ടീസ് എടുത്ത് അച്ചന്റെ കയ്യിലേക്കു കൊടുത്തു. എന്നിട്ട് പറഞ്ഞു.
എന്റെ വീടിന്റെ ജപ്തി നോട്ടീസ് ആണ്. ഇതിൽ നിങ്ങടെ പങ്കെന്താ..? ’
അവർ അഞ്ജത നടിച്ചു. അത്ഭുതം കൂറി. ഇതിനെക്കുറിച്ച് ഒന്നും അറിയില്ലന്നു പറഞ്ഞു.
എങ്കിൽ എന്റെ വീടിന്റെ ആധാരവുമായി ഇനി മോള് തിരിച്ചു വന്നാ മതി. അതുവരേക്കും അവളിവിടെ നിൽക്കട്ടെ.’ എന്നു പറഞ്ഞ് ജപ്തിനോട്ടീസും വാങ്ങി ഞാൻ തിരിച്ചു നടന്നു.
പിന്നിൽ ഇടിയും നിലവിളിയും ഒച്ചയും ബഹളവും ഒക്കെ കേട്ടു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.

ഒരു
വക്കീലിനെ കണ്ടു. വിവരങ്ങളെല്ലാം പറഞ്ഞു. അദ്ദേഹത്തിന്റെ നീദ്ദേശപ്രകാരം ബാങ്കിനെതിരെ കേസു കൊടുത്തു.
അതു കഴിഞ്ഞാണു എന്റെ അമ്മയെ ഒന്നു ശ്രദ്ധിക്കാനായത്. അപ്പോഴേക്കും വിവരം അറിഞ്ഞ് ബന്ധുക്കളും മറ്റും വരാൻ തുടങ്ങി.

ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് എന്റെ പരാതി മുന്നോട്ട് നീക്കിയില്ല. തട്ടിപ്പ് നടത്തിയവർ പ്രബലന്മാരായിരുന്നു. ഞാൻ എന്റെ കൂടെ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന ഒരു പുതു രാഷ്ട്രീയ നേതാവിനെ ചെന്നു കണ്ടു. അയാൾ എന്തു സഹായവും ചെയ്തു തരാമെന്നേറ്റു. പിന്നീടാണ് പോലീസിനു ജീവൻ വച്ചത്.

അതിനെത്തുടർന്ന് എന്റെ ഭാര്യ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. എനിക്ക് പകരം ഹാജരായി ഒപ്പിട്ടത് ഒരു ക്രിമിനൽ ആയിരുന്നു. അവന് ആൾമാറാട്ടം നടത്തിയതിന് കിട്ടിയത് അൻപതിനായിരം രൂപയാണ്. എന്റെ അമ്മക്ക് പകരം ഹാജരായത് ഒരു പാവം തള്ളയായിരുന്നു. അവർക്ക് ആയിരം രൂപ കിട്ടി. പിന്നെ ബാങ്കിലെ രണ്ടുദ്യോഗസ്തരും.

അങ്ങനെ പിന്നെ കോടതിയും കേസും മറ്റുമായി മാസങ്ങൾ. ഇതിനിടക്ക് ഭാര്യയെ ഇവിടെ തിരിച്ചു കൊണ്ടുവരാനായി അവളുടെ ബന്ധുക്കളും പൌരപ്രമുഖരും ഒക്കെ ഇടപെട്ടു. ഞാൻ ഒറ്റക്കാര്യത്തിൽ മാത്രം ഉറച്ചുനിന്നു. എന്റെ വീടിന്റെ ആധാരവുമായിട്ടല്ലാതെ ഇനിവൾ ഇവിടെ കേറണ്ട. അതു മാത്രം അവർ ചെവിക്കൊണ്ടില്ല.

ഇത്രവരെ
കാര്യങ്ങൾ എത്തിയിട്ടും ഒരു വാക്ക്... ഒരെ ഒരു വാക്ക് എന്നോടവൾക്ക് പറയാമായിരുന്നു. സ്ഥലം എനിക്കും അമ്മക്കും കൂടിയുള്ളതാണ്. വീടാണ് എന്റെ ഗൾഫ് സമ്പാദ്യം. ഒരു സുപ്രഭാതത്തിൽ അതു നഷ്ടപ്പെടാന്ന് വന്നാ..അതും പിടിപ്പു കേടുകൊണ്ട്... !

അവസാനം എല്ലാവർക്കും ശിക്ഷ കിട്ടുമെന്ന് വന്നപ്പോൾ, അവർ വക്കീലന്മാർ വഴി ഒരു സന്ധി സംഭാഷണത്തിനു തെയ്യാറായി. എന്റെ ബന്ധുക്കളും അതു മതിയെന്നു പറഞ്ഞപ്പൊ, ഞാനും പിന്നെ കേസുമായിട്ട് മുന്നോട്ട് പോകണ്ടാന്ന് വച്ചു. എന്റെ ഭാര്യയെ ശിക്ഷിച്ചാൽ കുട്ടിയുടെ ഭാവി അപകടത്തിലാവും.

അതു പ്രകാരം വീടിന്റെ ആധാരം എല്ലാ ബാദ്ധ്യതകളും തീർത്ത് തിരിച്ചു തരാനും പകരം കേസു പിൻവലിക്കാനും ആയിരുന്നു ഒത്തുതീർപ്പ്. ഇതവർക്ക് കേസിന്റെ തുടക്കത്തിൽ തന്നെ ആവാമായിരുന്നു. കൂടാതെ, അതിൽ ഭാര്യയെ തിരിച്ചു കൊണ്ടു വരുന്നതും ഉൾപ്പെടുത്തിയിരുന്നെങ്കിലും ഞാനത് സമ്മതിച്ചില്ല. അതൊഴിച്ച് ബാക്കി ഞാൻ സമ്മതിച്ചു. ഗത്യന്തരമില്ലാതെ അവർക്കതിനു സമ്മതിക്കേണ്ടി വന്നു.

ആധാരം തിരിച്ചു കിട്ടി. കേസ് ഞാൻ പിൻവലിച്ചു. അതിനുശേഷം കുടുംബക്കോടതിയിൽ ഞങ്ങളുടെ ബന്ധം വേർപെടുത്താൻ കേസു കൊടുത്തു. ഇവിടെ അവൾക്ക് ഒന്നിനും ഒരു മുട്ടും വരുത്തിയിട്ടില്ല. അവർക്കു വേണ്ട എല്ലാ സൌകര്യങ്ങളും ഞാനിവിടെ ഒരുക്കിക്കൊടുത്തിരുന്നു. എന്നിട്ടും സ്വന്തക്കാർ വന്നു പറഞ്ഞപ്പൊ, അവനവന്റെ കുടുംബത്തിന്റെ അസ്തിവാരം ഇളക്കാൻ കൂട്ടു നിന്നത് ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല. ‘ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും‘ എന്ന പോലെ അവളുമായി ഇനിയൊരു കുടുംബജീവിതം വേണ്ടന്ന് തീരുമാനിച്ചു.

പലപ്രാവശ്യം ഞാൻ നാട്ടിൽ വന്നിരുന്നു. അന്നൊന്നും ഈ ആധാരം സൂക്ഷിച്ചിരുന്ന അമ്മയുടെ പഴയ ഒരു മരത്തിന്റെ പെട്ടി ഞാൻ തുറന്നു നോക്കാറില്ല. ഞാൻ നാട്ടിൽ വന്നപ്പോഴെങ്കിലും ഇതിനെക്കുറിച്ച് അവൾക്ക് പറയാമായിരുന്നു. എനിക്ക് ഒറ്റ പരാതിയേയുള്ളു. ആധാരം കൊടുക്കുന്നതിനു മുൻപ് എന്തുകൊണ്ട് എന്നോട് ഒരു വാക്ക് ചോദിച്ചില്ല. അതല്ലെ ഇതിനെല്ലാം കാരണം ? അപ്പോൾ എന്നേക്കാൾ സ്നേഹവും കൂറും അവൾക്ക് അവരുടെ വീട്ടുകാരോടായിരുന്നു.

അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു. കോടതി നിർദ്ദേശിച്ചതു പോലെ അവർക്കു ചിലവിനു വേണ്ട തുക കോടതിയിൽ കെട്ടിവച്ചു. അതോടെ എന്റെ കയ്യിലെ സമ്പാദ്യങ്ങളെല്ലാം തീർന്നിരുന്നു. ഗൾഫിലുണ്ടായിരുന്ന കാലത്ത് സമ്പാദിച്ച ഇരുപത്തഞ്ചു സെന്റ് സ്ഥലമുണ്ടായിരുന്നു. അതും കേസു കഴിഞ്ഞപ്പോഴേക്കും തീർന്നു കിട്ടി. കുട്ടിയെ അമ്മയുടെ കൂടെ നിർത്തി. പ്രായപൂർത്തിയായാൽ എന്നെത്തേടി വരാം.

കഴിഞ്ഞുപോയ കുറച്ച് വർഷങ്ങൾ സമ്മാനിച്ചതാണ് എന്റെ രൂപം. അന്ന് അനുഭവിച്ച മനോവേദന എത്രയെന്നു പറയാനാവില്ല. ഞാനൊറ്റക്കല്ലെ ഉണ്ടായിരുന്നുള്ളു. ഇതൊന്നുമറിയാതെ അമ്മ . അമ്മയെ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. സുബോധം വരുമ്പോൾ ഇപ്പഴും അമ്മ ‍അവളുടെ പേരു പറഞ്ഞു വിളിക്കും.
സത്യം പറഞ്ഞാൽ ഇനി ഒരു നിമിഷം പോലും നാട്ടിൽ നിൽക്കാൻ താല്പര്യമില്ല. പക്ഷെ അമ്മ......?
ഇന്ന് ചിലവിന് നാളികേരം കുറച്ചു കിട്ടും. പിന്നെ കുറച്ച് വാഴകൃഷിയുണ്ട്. അങ്ങനെയൊക്കെ പോകുന്നു.”

ഒരു സിനിമാക്കഥ പോലെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാനില്ലായിരുന്നു.
ഒരു ആശ്വാസവാക്കു പോലും...
ഇങ്ങനെയൊക്കെ വന്നു പോയതിൽ ആരാണ് ഉത്തരവാദി....?
പ്രവാസികളായ നമ്മൾതന്നെയല്ലെ....?

ഇവിടെ ചൂടിലും തണുപ്പിലും ഒരു ദിവസം പോലും ലീവെടുക്കാതെ, രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ, ഉറ്റവരും ഉടയവരും ഇല്ലാതെ, പണിയെടുത്ത് കിട്ടുന്നതത്രയും നാട്ടിലയച്ച് അവിടെയെല്ലാം ഭംഗിയായി നടക്കുന്നതായി നാം കരുതുന്നു....?
വല്ലപ്പോഴും ഒന്നന്വേഷിക്കാൻ മനസ്സു വച്ചാൽ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ കഴിയില്ലേ...?
അതിനും നമുക്കെവിടെ..നേരം.....?


ബാക്കി അടുത്ത പോസ്റ്റിൽ...

Friday 1 July 2011

സ്വപ്നഭുമിയിലെക്ക്...(44) തുടരുന്നു...


കഴിഞ്ഞതിൽ നിന്നും....


നാട്ടിൽ പോകുമ്പോൾ പണ്ടു കൂടെ താമസിച്ചിരുന്ന രാജേട്ടനേയും പോയി കാണണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് സുഖമില്ലാത്ത അമ്മയെ നോക്കാൻ നാട്ടിൽ പോയ രജേട്ടനെ ഒന്നു രണ്ടു പ്രാവശ്യം ഫോൺ വഴി സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ നിലവിലില്ലെന്നായിരുന്നു പറഞ്ഞിരുന്നത്...
എന്തു പറ്റിയിരിക്കും..?!

തുടരുന്നു....

നീണ്ട ആറു വർഷത്തിനു ശേഷമാണ് ഒരു നവംബർ അവസാനം നാട്ടിലേക്കു തിരിക്കുന്നത്.
36 ദിവസത്തേക്കായിരുന്നു ആ ‘പരോൾ’ കാലാവധി.

കാലത്ത് എഴുന്നേൽക്കുന്നതു മുതൽ ആരംഭിക്കുന്ന കൃത്യമായ ദിനചര്യ, രാത്രി വളരെ വൈകി കിടക്കുന്നതുവരെ തുടരും. യാതൊരു മാറ്റവും ഇല്ലാതെ , എല്ലാ ദിവസവും ഒരുപോലെ.
വെള്ളിയാഴ്ചകൾ മാത്രം കുറച്ചാശ്വാസം. പോത്തു പോലെ കിടന്നുറങ്ങി എല്ലാത്തിനും ഞങ്ങൾ പകരം വീട്ടും.

ഇതിനിടക്കാണ്, ഒരുപാട് കാത്തിരിപ്പിനു ശേഷം വീണുകിട്ടുന്ന ഒരു അവധിക്കാലം. ഈ തുറന്ന ജയിലിലെ ജീവിതത്തിൽ അതിന് ഒരു പരോളിന്റെ മധുരമുണ്ട്. ആ മധുരം മുഴുവൻ മധുര പലഹാരങ്ങളായും, തുണികളായും മറ്റ് ഇലക്ട്രോണിക് സാധനങ്ങളായും എടുക്കാവുന്നത്ര കെട്ടുകളുമായി ഒരു പരോൾ യാത്ര. കൂട്ടുകാരൊക്കെ കൂടി ചവിട്ടി പിടിച്ചാണ് പെട്ടിയൊക്കെ അടച്ചു കെട്ടുക....!

‘പെട്ടികെട്ടെ‘ന്ന ഒരു ചടങ്ങു തന്നെ ഉണ്ട്. അന്നു പിന്നെ പറയണ്ടല്ലൊ...!
ആ ചടങ്ങിന്റെ ആഘോഷത്തിമിർപ്പിൽ എല്ലാവരും അടിച്ചു പൂക്കുറ്റിയാവും....!!
ഒരാൾ നാട്ടിൽ പോണെന്നു പറഞ്ഞാൽ, സ്വന്തം വീട്ടിലെക്കെന്നാണ് ഓരോ പ്രവാസിയും വിചാരിക്കുക. വരുന്നവർ എല്ലാം ധാരാളം കത്തുകളും കൊണ്ടു വന്നു തരും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ഇതാണ് പൊതുവിൽ പ്രവാസികൾക്കിടയിൽ കണ്ടു വരുന്നത്. എനിക്കും അതിൽ നിന്നും മാറി നിൽക്കാനാവില്ലല്ലൊ....
ഞാനുമൊരു ഗൾഫനല്ലെ..?

കാലത്ത് വിളിച്ചുണർത്തി ഒരു കപ്പു ചായ തരാൻ സഹധർമ്മിണീ അടുത്തൂണ്ടാകുക. ഓടിവന്നു കെട്ടിപ്പിടിക്കാൻ മക്കൾ തൊട്ടടുത്തുണ്ടാകുക. അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയൂക. ഇതിനൊന്നും കഴിയാതെ എല്ലാം ഭംഗിയായി നടക്കുന്നതായി സങ്കല്പിച്ച് ഒരുതരം യാന്ത്രികജീവിതം. അതുകൊണ്ടു തന്നെ ഓരോ പരോളും ഓരോ അനുഭവമാണ്....!
അതുകഴിഞ്ഞുള്ള രണ്ടുവർഷം ഇവിടെ ഒറ്റക്കു കഴിയാനുള്ള ഊർജ്ജം സംഭരിക്കുന്നത് ആ യാത്രകളിലാണ്.

കുടുംബം ചുരുങ്ങിയ കാലം എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും വീണ്ടും അവരോടൊപ്പം കഴിയാനുള്ള മോഹവുമായി ഞാൻ നാട്ടിലേക്കു തിരിച്ചു. കൊണ്ടുപോകുന്ന സാധനങ്ങൾക്ക് നാട്ടിലെ വിമാനത്താവളത്തിൽ കൊടുക്കേണ്ടി വരുന്ന അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ പിടിച്ചു പറിയെക്കുറിച്ചുള്ള ഒരു ഭീതിമാത്രമായിരുന്നു ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയിരുന്നത്. ആ ഭീതി ഓരോ യാത്രക്കാരന്റേയും മുഖത്ത് നിന്നും വായിച്ചെടുക്കാം. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്നതു വരെയ്ക്കും അതിൽ നിന്നും മോചനം കിട്ടില്ല.

കൊച്ചുവെളുപ്പാൻ കാലത്താണ് വിമാനമിറങ്ങിയത്. അടുത്ത ബന്ധുക്കളോടൊപ്പം മക്കൾ രണ്ടുപേരും വന്നിരുന്നു. മൂത്തവൻ അപരിചിതത്വമൊന്നും കാട്ടിയില്ല. പക്ഷെ ഇളയവൻ അടുക്കാൻ കൂട്ടാക്കിയില്ല...!
ചേട്ടനെ കെട്ടിപ്പിടിച്ചു നിന്നതെയുള്ളു.

രണ്ടു വർഷത്തിലധികം എന്റെ കൈകളിൽ കിടന്ന് വളർന്നതാണ്. പുറത്തു പോകുമ്പോൾ അഛന്റെ കൈ പിടിച്ചാലെ അവന് സമാധാനമാകുകയുള്ളു. വീട്ടിൽ വരുമ്പോൾ മാത്രമെ അമ്മയെ വേണ്ടു. അന്ന് അമ്മയോടൊപ്പം തിരിച്ചു പോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് എന്റെ തോളിൽ കിടന്ന് പിടിവിടാതെ ‘അഛാ..അഛാ..’ എന്ന് അലറിക്കരഞ്ഞവനാണ്.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ അഛനെ മറന്നിരിക്കുമോ...?
എന്റെ പൊന്നുമോനെ ഒന്നെടുത്തുമ്മ വക്കാനുള്ള ഹൃദയത്തിന്റെ വിങ്ങൽ അവന്റെ പരുങ്ങൽ കണ്ട് ഞാനടക്കിവച്ചു.

എന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും ഇത്തിരി അകലം സൂക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു.
അവനെ ഒന്നു വാരിയെടുക്കാനും ഉമ്മ കൊടുക്കാനും വീണ്ടും വീണ്ടും എന്റെ മനം വല്ലാതെ തുടിച്ചു. പക്ഷെ, ബലമായിട്ട് ഒന്നും വേണ്ടന്ന് വച്ചു. കാറിലിരിക്കുമ്പോൾ പലവട്ടം അവനെന്നെ ചേട്ടന്റെ മറവിൽ ഒളിഞ്ഞു നോക്കുന്നത് കണ്ടു. വീട്ടിലെത്തിയതും അവനിറങ്ങി ആദ്യം ഓടി...!
കുറച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടിത്തം കിട്ടിയത്.

കാറിൽ നിന്നിറങ്ങിയതും അവൻ അമ്മയുടെ അടുത്തേക്കോടി. അമ്മയോട് രഹസ്യമായി ചോദിച്ചു.
“അമ്മെ... ഇതാണൊ ബഹ്റീനിലെ എന്റെ അച്ചൻ...? ”
“ഊം... ചക്കരേടെ അച്ചൻ തന്ന്യാത് ’
അതു കേട്ടതും അവന്റെ മൂഖം പ്രകാശമാനമായി....!
വിടർന്ന കണ്ണുകളോടെ അവനെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
ഞാൻ അവനെ തലയാട്ടി വിളിച്ചൂ....
ഇത്തവണ മടിക്കാതെ ഓടിവന്നു.....
ഞാൻ എന്റെ കവിൾ തൊട്ടുകാണിച്ചു....
അവൻ എന്റെ കവിളിൽ ഓരോ ഉമ്മ തന്നു.....!

പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു...
തുരുതുരാ ഉമ്മകൾകൊണ്ടു പൊതിഞ്ഞു....
എന്റെ വിങ്ങൽ മാറുന്നതു വരെ നെഞ്ചോട് ചേർത്ത് പിടിച്ചു.....
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.....!
ഓരോ പ്രവാസിക്കും ചെന്നു കയറുമ്പോഴുള്ള തന്റെ മക്കളുടെ അകൽച്ച മാറാൻ എത്ര സമയം വേണ്ടിവരും....?
പിന്നെയും രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടെ എന്റെ കൂടെ ഒറ്റക്കു പുറത്തു പോകാൻ
ഗൌതം ലാൽ
എന്ന `ചിന്നു ` തെയ്യാറായുള്ളു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം...രാജേട്ടനെ പോയി കാണാൻ ഞാൻ വീട്ടിൽ നിന്നിറങ്ങി. ഒട്ടും പരിചയമില്ലാത്ത സ്ഥലത്തേക്കായതു കൊണ്ട് കുടുംബത്തെ കൂടെ കൂട്ടിയില്ല. പണ്ട് രാജേട്ടനു ഭാര്യ അയച്ച ഒരു കവറിലെ ‘ ഫ്രം അഡ്രസ്സ്’ മാത്രമാണ് ആകെയുള്ളത്. കയ്യിലുള്ള ടെലിഫോൺ നമ്പർ ‘നിലവിലില്ലാ’ത്തതും.

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയായിക്കാണും രാജേട്ടന്റെ ഗ്രാമത്തിനടുത്തുള്ള പട്ടണത്തിൽ ബസ്സിറങ്ങുമ്പോൾ. ഒന്നു രണ്ടു ഓട്ടോറിക്ഷക്കാരോട് ചോദിച്ചിട്ടാണ് സ്ഥലം മനസ്സിലാക്കിയത്. അതിലൊരാളാണ് ആ പഴയ മരം കൊണ്ടുണ്ടാക്കിയ ഗേറ്റിനു മുൻ‌പിൽ എന്നെ കൊണ്ടുവന്നാക്കിയത്.

നേരം സന്ധ്യയാവാനുള്ള തെയ്യാറെടുപ്പിലായിരുന്നു. വേണ്ട ചായക്കൂട്ടുകളെല്ലാം പടിഞ്ഞാറൻ ചക്രവാളത്തിൽ കോരിയൊഴിച്ച് സൂര്യഭഗവാനെ യാത്രയാക്കാനായി പ്രകൃതി അണിഞ്ഞൊരുങ്ങി നിന്നു. തെങ്ങിൻ തലപ്പുകളിൽ പതുങ്ങി നിന്ന ഇരുട്ട് പതിയെ താഴേക്കിറങ്ങുന്ന നേരത്ത് പാതി തുറന്നു കിടന്ന ഗേറ്റിനകത്തേക്ക് ഞാൻ കാൽ വച്ചു.

വർഷങ്ങളായി വെള്ള തേച്ചിട്ടില്ലാത്ത ചുമരുകൾ നിറം മങ്ങി വൃത്തികേടായിരുന്നു. എങ്കിലും വലിയ പഴക്കമില്ലാത്ത ഒരു വീടായിരുന്നു അത്. വീടിനു ചുറ്റും കായ്ഫലമുള്ള തെങ്ങുകളേക്കാൾ തല പോയ തെങ്ങുകളായിരുന്നു അധികവും. ഗേറ്റ് കടന്നതും വലത്തെ മൂലയിലെ തെങ്ങിൻ‌ചുവട്ടിൽ പുറം തിരിഞ്ഞിരുന്ന് പശുവിന്റെ കാടിപ്പാത്രത്തിൽ കൈകൊണ്ടിളക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ കണ്ടു....
ഉച്ചിത്തലയിലെ കഷണ്ടി കണ്ടപ്പോൾ തന്നെ മനസ്സിലായി....
ഇതു തന്നെ ആള്...

ഞാനൊന്നു മുരടനക്കിയതും പെട്ടെന്നയാൾ തിരിഞ്ഞു നോക്കി.
തലനരച്ച് , കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ശരീരവുമായി ഒരു പാവം മനുഷ്യൻ...!
രാജേട്ടൻ...!?
ആ രൂപം കണ്ടതും ഞാൻ അവിടെത്തന്നെ വാ പൊളിച്ച് നിന്നു പോയി...!!?
പഴയ രാജേട്ടന്റെ ഒരു പ്രേതം മാത്രമായിരുന്നു അത്....!!

ബാക്കി അടുത്ത പോസ്റ്റിൽ.....