Sunday, 28 February 2010

സ്വപ്നഭുമിയിലേക്ക്... ( 15 )

കഴിഞ്ഞ പോസ്റ്റിൽ വായിച്ചു നിറുത്തിയത്......

ഞാൻ മേലോട്ടു നോക്കി കൈ ഉയർത്തി...
ദൈവമേ നീ തന്നെ ഒരു വഴി കാണിച്ചു താ....!!”സ്വപ്നഭൂമിയിലേക്ക് തുടരുന്നു.....

ഈജിപ്ഷ്യന്റെ പതനം...

ഇനി മൂന്നാമതൊരാൾ നോക്കിയാലെ ഈ കണക്ക് ശരിയാകുകയുള്ളു....
അപ്പോഴാണ് എന്റെ സുഹൃത്ത് ബോബിയെ ഓർമ്മ വന്നത്. മുടങ്ങാതെ വായിക്കുന്നവർക്ക്
ഓർമ്മയുണ്ടാകും ബോബിയെ. അന്നു അവന്റെ പേരു ഞാൻ പറഞ്ഞിരുന്നില്ല. ഊണു
കഴിക്കാൻ കറിയില്ലാതിരുന്നതു കൊണ്ട്, കറിക്കു പകരം ആപ്പിൾ മുറിച്ച് പങ്കു വച്ച
‘ആപ്പിൾ ചോറു‘കാരനെ....!!?

അവനന്ന് ഒരു നല്ല കമ്പനിയിൽ ‘അക്കൌണ്ടന്റായി’ ജോലി ചെയ്യുകയായിരുന്നു.
ഫ്രീ വിസയിൽ(?) വന്ന് പല സ്ഥലത്തും ഇന്റർവ്യൂവിനു പോയി കൊള്ളാവുന്ന ഒരു കമ്പനിയിലെ ജോലി സ്വീകരിച്ച്, ഒറ്റക്കൊരു ഫ്ലാറ്റെടുത്ത് അടിപൊളിയായി കഴിയുകയായിരുന്നു ബോബി.

പക്ഷെ, അവൻ പഴയ അർബാബിന്റെ അടുത്തു നിന്നും പുതിയ കമ്പനിയിലേക്ക് വിസ മാറ്റിയിരുന്നില്ല.

അവനെ വിളിച്ച് കാര്യം പറഞ്ഞു..
പിറ്റെ ദിവസം അവൻ കടയിൽ വന്നു. കണക്കെഴുതിയ കടലാസ്സുകൾ ഞാൻ അവനെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു .
ഇത് കം‌മ്പൂട്ടറിൽ കയറ്റി ഇതിന്റെ റിസൽട്ട് നിന്റെ കയ്യൊപ്പോടെ എനിക്ക് കിട്ടണം...”
ഈജിപ്ഷ്യനുമായുള്ള എന്റെ തർക്കം ഞാനവനെ പറഞ്ഞു കേൾപ്പിച്ചു. അവനതും വാങ്ങിപ്പോയി.

പിറ്റെ ദിവസം തന്നെ ബോബി അതിന്റെ പ്രിന്റ് എനിക്ക് തന്നു. അവന്റെ ഒപ്പ് മാത്രമല്ല, അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ സീലും അതിലുണ്ടായിരുന്നു. എന്നിട്ടവൻ പറഞ്ഞു
ഇതവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറ, ഇനിയും സംശയമുണ്ടെങ്കിൽ കൊണ്ടു പോയി കേസു കൊടുത്തോളാൻ...!!”

അന്നു തന്നെ ഞാനത് ഈജിപ്ഷ്യന്റെ മുൻപിലേക്ക് വലിച്ചെറിയാനൊന്നും പോയില്ലെങ്കിലും, ബോബി തന്ന ധൈര്യത്തിൽ തന്നെ പറഞ്ഞു.
ഇനിയും നിനക്ക് സംശയമുണ്ടെങ്കിൽ, നീ കൊണ്ടു പോയി കേസു കൊട്...!!”
എന്റെ ഭാവത്തിലും സ്വരത്തിലും കുറച്ചു ഗൌരവം വരുത്തിയിരുന്നു.
അവനെന്റെ മുഖത്തെക്കു നോക്കി.....!?

ഞാൻ ഗൌരവം വിടാതെ, ശ്വാസം പിടിച്ചു തന്നെ നിന്നു.....!!
പാവത്താന്റെ വേഷം ഞാൻ തൽക്കാലം അഴിച്ചു വച്ചു.
‘ഇവനെന്തൊ തീരുമാനിച്ചുറപ്പിച്ചിട്ടാണല്ലൊ വരവെന്ന് ’ അവനു തോന്നിക്കാണണം. ബോബിയുടെ  ഒപ്പും സീലുമാണവൻ നോക്കിയതെന്ന് മനസ്സിലായി. ബോബിയുടെ ഒപ്പിന്റെ നീളവും സ്റ്റൈലും കണ്ടാൽ തന്നെ ഏതൊരുത്തനും ഒന്നു ഞെട്ടും.
ഇവനേതാ...?” തല പൊക്കാതെ തന്നെ എന്നോടൊരു ചോദ്യം.
കമ്പനിയുടെ ചീഫ് അക്കൌണ്ടന്റാ...”
ഞാൻ തറപ്പിച്ചു തന്നെ പറഞ്ഞു. അവനു സംശയം തോന്നരുതല്ലൊ ബോബി എന്റെ കൂട്ടുകാരനാണെന്ന്.
“ ഇവൻ... നിന്റെ ആരാ...?”
ഹേയ് .. എന്റെ ആരുമല്ല. യൂറോപ്യനാ... ബോബി ആന്റപ്പൻ... !!”
അതു പറഞ്ഞതും ഞാനാകെ ചമ്മി...!!
‘ഛെ... പേരു പറയണ്ടായിരുന്നു... ആന്റപ്പനെന്നു യൂറോപ്പ്യന്മാർക്കു പേരുണ്ടാകുമോ...? മണ്ടത്തരമായിപ്പോയി അങ്ങനെ പറഞ്ഞത്..’

പക്ഷെ, എന്റെ ഭാഗ്യത്തിന് അവനതു ശ്രദ്ധിച്ചില്ല. ബോബിയുടെ ഒപ്പു കണ്ടപ്പൊഴേ അവൻ
വിരണ്ടിരുന്നു.
ഇരുപത്തഞ്ചു ദിനാറാ അയാളുടെ ഫീസ്....!!”
ഞാനതു കൂടി പറഞ്ഞതോടെ, അവനതു മറിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ എനിക്ക് തന്നെ തിരിച്ചു തന്നു....!!!
അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു....!!!

ഞാൻ നന്നായിട്ടൊരു ദീർഘശ്വാസം വിട്ടു....!!
ദൈവത്തിനൊരു സ്തുതിയും...!!

പിന്നെ ഞാൻ പോയി നന്നായിട്ടൊരു ചായ ഉണ്ടാക്കി അവനു കൊടുത്തു. ഒന്നു ഞാനും
കുടിച്ചു. ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമാണിരിക്കുന്നതെങ്കിലും ഞങ്ങൾക്കിടയിൽ
ഒന്നും മിണ്ടാനില്ലായിരുന്നു. അവൻ എന്റെ മുഖത്ത് പിന്നെ നോക്കിയതേയില്ല....!

പിന്നെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു നീങ്ങി. ചോദിക്കാനും പറയാനും പെട്ടെന്നു തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള‘ ബോസ് ‘ കൂടെയുണ്ടല്ലൊ. ഡിസ്കൌണ്ട് കൊടുക്കാതെ ഇവിടത്തെ കച്ചവടം നേരെ ചൊവ്വെ നടക്കില്ല.

അതിനുള്ള അനുവാദം ബോസ് തന്നപ്പോൾ ഞാനേറെ സന്തോഷിച്ചു. കാരണം ഈജിപ്ഷ്യൻ ഉണ്ടായിരുന്നപ്പോൾ ഡിസ്ക്കൌണ്ട് കൊടുക്കാത്തതു കൊണ്ട് എന്നോട് തർക്കിച്ച്, വഴക്കുണ്ടാക്കി പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ബിസിനസ്സും കൂടി.

എന്റെ ശമ്പളക്കുടിശ്ശിക ഒറ്റയടിക്കു തരാൻ ബോസിനു കഴിയുമായിരുന്നില്ല. കടയിലെ വിറ്റുവരവിനനുസരിച്ചിട്ടെ കിട്ടുമായിരുന്നുള്ളു. ഓരൊ മാസവും രണ്ടു മാസത്തെ ശമ്പളം വീതം തന്ന് തീർക്കുകയായിരുന്നു.
പതുക്കെ പതുക്കെ ഞാനെന്റെ കടങ്ങളും വീട്ടിക്കൊണ്ടിരുന്നു...
അതെ, പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നൂട്ടൊ.....!!(?)

ഈജിപ്ഷ്യനെ കമ്പനിക്ക് പിരിച്ചുവിടാൻ കഴിയുമായിരുന്നില്ല. വലിയൊരു തുക അവൻ കമ്പനിക്ക് നഷ്ടം വരുത്തിയിരുന്നു. അത് ഈടാക്കുന്നതു വരെ സെയിൽ‌സ്മാനായി ജോലി ചെയ്യേണ്ടി
വന്നു. അതും ഭക്ഷണത്തിനും താമസത്തിനും ഉള്ള വക മാത്രം പറ്റിക്കൊണ്ട്....

ഭാര്യക്ക് മട്ടുപ്പാവിലിരുന്ന് കാറ്റുകൊള്ളാനുള്ള സൌകര്യത്തിനായി കടൽത്തീരത്തെടുത്ത വില്ലയിൽ നിന്ന് ഒരു കൊച്ചു ഫ്ലാറ്റിലേക്ക് മാറി. എന്നേപ്പോലെ മറ്റുള്ളവരോടൊപ്പം അവനും കഴിയേണ്ടിവന്നു.
മാസങ്ങൾ മുന്നോട്ടു നീങ്ങവെ ഒരു ദിവസം വൈകീട്ട് എന്റടുത്ത് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. എനിക്ക് അഞ്ചു ദിനാർ നീ തരണം. നീയെഴുതി വച്ചേരെ... ശമ്പളം കിട്ടുമ്പോൾ ഞാൻ തരാം...”
ഞാൻ പറഞ്ഞു.
എന്റെ കയ്യിൽ കാശില്ല. കടയിലെ കാശേയുള്ളു...”
നീ പെട്ടിക്കാശീന്നു തന്നാ മതി....?”

ഒരു ദിനാറിന്റേയും അര ദിനാറിന്റേയും നോട്ടുകളും, പിന്നെ ചില്ലറകളും മറ്റും പെട്ടിക്കാശായി സൂക്ഷിക്കാറാണ് പതിവ്. അവനതറിയാം. അവനുള്ളപ്പോൾ ഞാനത് എന്റെ പോക്കറ്റിൽ തന്നെ വക്കും. അവനെ എനിക്ക് അത്രക്ക് വിശ്വാസം പോരായിരുന്നു......!!

ഞാൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും കാശെടുത്ത് അഞ്ചിന്റെ ദിനാർ ഉണ്ടായിരുന്നില്ല.
പത്തു ദിനാർ എടുത്തു കൊടുത്തു. അതു കണക്കിലെഴുതി ഒപ്പിട്ടു വാങ്ങാൻ ഞാൻ മറന്നില്ല. അവനതും വാങ്ങി പുറത്തേക്ക് പോയി.

ആ പോക്ക് ഞാൻ നോക്കി നിന്നു. എനിക്കവനോട് സഹതാപമാണ് അപ്പോൾ തോന്നിയത്.
നമ്മളോട് എത്ര ക്രൂരത കാണിച്ചവരാണെങ്കിലും ചില സന്ദർഭങ്ങളിൽ സഹതാപം
തോന്നുന്ന അവസ്ഥയിൽ ചിലരെ കാണേണ്ടി വരാറില്ലെ...?!!
എങ്ങനെ ജീവിച്ച മനുഷ്യനാണ്....!!
എനിക്ക് ശമ്പളം പോലും തരാതെ കഷ്ടപ്പെടുത്തിയവൻ....!!
കസ്റ്റമർക്ക് വേണ്ടി വാങ്ങിയ പെപ്സിയിൽ ബാക്കി വന്ന ഒന്നെടുത്തു കുടിച്ചതിന് അതിന്റെ വിലയായ നൂറു ഫിത്സ് എന്റെ പറ്റുപടിയിൽ എഴുതാൻ പറഞ്ഞവൻ...!!
എന്നെ ഈ കടയിൽ പൂട്ടിയിട്ടിട്ടു പോയവൻ....!!
ഞാനാണ് ഈ കടയുടെ മുതലാളിയെന്നു പറഞ്ഞു നടന്നവൻ....!!

എന്റെ ബോസ് മുൻപ് സന്ദർശനത്തിനു വന്നിരുന്ന സമയത്ത്, ഒരു മാസാവസാനം അവന്റെ ചിലവിനായി 50 ദിനാർ എന്റടുത്തു നിന്നും വാങ്ങിയിരുന്നു. ഞാനത് ഈജിപ്ഷ്യന്റടുത്ത് അന്നു തന്നെ പറയുകയും ചെയ്തു. പക്ഷെ, ഈജിപ്ഷ്യൻ സമ്മതിച്ചില്ല.
നീയെന്തിനതു കൊടുത്തു...? നിന്നോടാരു പറഞ്ഞു കൊടുക്കാൻ...? എനിക്കതറിയേണ്ട കാര്യമില്ല.എനിക്കിന്നു തന്നെ കാശ് കിട്ടണം...?!!”
അവൻ നമ്മുടെ കമ്പനിയുടെ സ്റ്റാഫ് അല്ലെ...?” ഞാൻ.
കമ്പനിയുടെ സ്റ്റാഫ് ആണെങ്കിൽ അതൊക്കെ അവിടന്നു വരുമ്പോൾ കൊണ്ടു വന്നോളണം... ഇവിടന്നു മേടിക്കണ്ട.....”

എനിക്ക് അതു കേട്ടപ്പോൾ ഭയങ്കരമായിട്ട് ദ്വേഷ്യം വന്നു. ആ ദ്വേഷ്യത്തിൽ തന്നെ പറഞ്ഞു. എന്നാലത് എന്റെ ശമ്പളമിനത്തിൽ ഞാൻ പറ്റിയതായിട്ട് എഴുതിയേക്കാം... !!”
ശമ്പളം എന്ന സാധനം എനിക്കില്ലായിരുന്നു.....!!
അതൊന്നും പറ്റില്ല. കട പൂട്ടുന്നതിനു മുൻപ് എനിക്ക് കാശ് കിട്ടണം...!!”
അവൻ തറപ്പിച്ചു തന്നെ പറഞ്ഞിട്ടു മുകളിലേക്ക് കയറിപ്പോയി.

ഞാനാകെ വിഷമിച്ചു.....
കാശു കൊടുത്തും പോയി......
ശരിക്കും തൃശ്ശങ്കു സ്വർഗ്ഗത്തിലായീന്നു പറഞ്ഞാൽ മതിയല്ലൊ. ബോസ് വന്നപ്പോൾ ഞാൻ ഈ
വിവരം പറഞ്ഞു.
നീ പേടിക്കണ്ട, ഞാൻ വഴിയുണ്ടാക്കാം...”
എന്നും പറഞ്ഞിട്ട് അവൻ പുറത്തേക്കു തന്നെ പോയി.

അന്നു രാത്രിയിൽ തലസ്ഥാനത്തുനിന്നും ഒറിജിനൽ മുതലാളി ഈജിപ്ഷ്യനെ വിളിച്ചു പറഞ്ഞു.
മാസത്തെ ശമ്പളം അഡ്വാൻസായി 150 ദിനാർ അവനു കൊടുക്കണം.. ഇപ്പൊൾ തന്നെ...!!”

അതു കേട്ടതും വിവരം ഈജിപ്ഷ്യൻ എന്നെ വിളിച്ചു പറഞ്ഞു.
ബാക്കി നൂറു ദിനാർ കൂടി ഞാനപ്പോൾ തന്നെ ബോസിനു കൊടുത്തു.

( അങ്ങനെ, ആരുമല്ലാത്ത എന്റെ കയ്യിൽ നിന്നും ബോസ് ശമ്പളം വാങ്ങി ഒപ്പിട്ടു തന്നു. പിന്നിട് അവൻ എന്റെ ‘ബോസ് ’ ആയി വരികയും എനിക്ക് ശമ്പളം തരികയും ചെയ്തത് ബാക്കി പത്രം..!!)

ഈ സംഭവം കൊണ്ട് ഈജിപ്ഷ്യൻ ബോസിന്റടുത്ത് കാശു കടം ചോദിക്കില്ല...
ഞാനപ്പോൾ അതാണോർത്തത്.
എങ്ങനെ ജീവിച്ച മനുഷ്യനാ..!!

ഇന്നിപ്പോൾ എന്റടുത്തു നിന്നു പോലും കാശു കടം ചോദിക്കേണ്ട അവസ്ഥ...!!?
ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ....!!!

ഒരു വർഷം കഴിഞ്ഞപ്പോൾ അവനെ പിരിച്ചു വിട്ടു. തുക മുഴുവൻ ഈടായിരുന്നില്ല. ഇനിയും അവനെ കൊണ്ടു നടക്കാൻ കമ്പനിക്ക് കഴിയുമായിരുന്നില്ല. കാരണം ഒരു ജോലിയും ചെയ്യാതെ ഉറക്കം  മാത്രമായിരുന്നു അവന്റെ ജീവിതചര്യ....

ബാക്കി അടുത്ത പോസ്റ്റിൽ....

Monday, 15 February 2010

സ്വപ്നഭൂമിയിലേക്ക്.... ( 14 )

നിങ്ങൾ വായിച്ചു നിറുത്തിയത്...

ഞാൻ ഇരുന്ന ഇരിപ്പിൽ രണ്ടു കയ്യും എന്റെ നെഞ്ചോടു ചേർത്ത്, നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ കണ്ണുകൾ അടച്ച് മൂകമായി പ്രാർത്ഥിച്ചു.
“ ദൈവമേ.. നീ കാത്തു...!!! നിനക്ക് നൂറ് നൂറ് സ്തുതി...!! നൂറു നൂറു സ്തുതി....!!!
സത്യം, ഞാൻ കരഞ്ഞു പോയി...
മുഖം പൊത്തി കുനിഞ്ഞിരുന്ന് വിമ്മി വിമ്മി കരഞ്ഞു.....

തുടർന്നു വായിക്കുക.....

പിടിച്ചുപറി....


ആ സന്തോഷം എനിക്ക് തടുത്ത് നിറുത്താനായില്ല....
വലിയ സന്തോഷം വന്നാലും കരയുമെന്ന് അന്ന് ഞാനദ്യമായറിഞ്ഞു..... !
ഇനി ഇവനാണു എന്റെ ബോസ്...!!
അതെ, ഇനി അവനെ അങ്ങനെ വിളിക്കാം.
ബോസ്...!‘
എസ് ബോസ്...!!‘
ഞാൻ പിന്നെയും പിന്നെയും അതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.....

ദിവസങ്ങൾ കഴിയവെ കണക്കുകൾ ഏറെക്കുറെ വെളിപ്പെട്ടു തുടങ്ങി. ഈജിപ്ഷ്യന്റെ കണക്കുമായി പൊരുത്തപ്പെടുന്നതല്ല കണക്കപ്പിള്ളയുടെ കണക്കുകൾ. കിട്ടിയ കാശിൽ തന്നെ നല്ലൊരു തുക അവന്റെ കൈവശമില്ല....!

എവിടെപ്പോയിയെന്ന് അവനറിയില്ല. അപ്പോഴാണ്, എവിടെ പോയെന്നുള്ള വിവരത്തിന് അവൻ  കാർഗ്ഗോ അയച്ചതിന്റെ രസീതിന്റെ കോപ്പി ഞാൻ ബോസ്സിന് കൈമാറിയത്.

എന്റെ കയ്യിൽ നിന്നും അവൻ വാങ്ങിയതിന്റെ കണക്കുകൾ ഞാൻ കൊടുത്തിരുന്നു..
ഒരു കോപ്പി ഞാനും സൂക്ഷിച്ചു. ഓരോ പ്രാവശ്യവും പൈസ കൊടുക്കുമ്പോൾ അവനെക്കൊണ്ട് ഒപ്പിടീക്കുമായിരുന്നു. അതു കൊണ്ട് എന്റെ കയ്യിൽ വന്നതിന്റെ ബില്ലു സഹിതമുള്ള രേഖകൾ തെളിവായുണ്ട്.

അവസാനം എന്റെ ശമ്പളക്കണക്കിലെത്തി. ഞാൻ പറ്റിയ ശമ്പളത്തിന് ഈജിപ്ഷ്യന്റെ കയ്യിൽ ഒരു രേഖയുമില്ല. എന്റെ ശമ്പളം ‘അടുക്കളച്ചുമരി‘ലുണ്ടെന്ന് അറിയാവുന്ന ബോസ് അത് തെറ്റാതെ എഴുതിക്കൊടുക്കുവാൻ പറഞ്ഞു. ഞാനത് വളരെ സൂക്ഷിച്ച് ഓരോന്നായി എഴുതിയെടുത്തു.

ഈജിപ്ഷ്യൻ വന്ന് ഒരു തവണയല്ല, പല പ്രാവശ്യം അതുമായി ഒത്തു നോക്കി. ഇതുവരെയായിട്ടും ഞാനത് കൂട്ടി നോക്കിയിരുന്നില്ല...!!
കൂട്ടി നോക്കിയാൽ എനിക്കത് വലിയ വിഷമമുണ്ടാക്കുമായിരുന്നു.

ഇപ്പോൾ അതു നോക്കുമ്പോൾ എന്റെയും കണ്ണു തള്ളി....!!

കടന്നു പോയത് ഇരുപതോളം മാസങ്ങൾ....!
നൂറു ഫിൽ‌സ് മുതൽ ഒന്നും രണ്ടും അഞ്ചും മറ്റുമായി തന്നു തീർത്തത് അഞ്ചു മാസത്തെ ശമ്പളം...!!!
(1 Bahrain Dinar = 1000 fils.)
ഇനിയും തരാനുള്ളത് പതിനഞ്ചു മാസത്തെ ശമ്പളം....!!!!

അപ്പോൾ ഞാനീ ‘സ്വപ്നഭൂമിയിൽ‘ എങ്ങനെ ജീവിച്ചിട്ടുണ്ടാകും.....?!!!
എന്റെ കുടുംബം നാട്ടിൽ എങ്ങനെ ജീവിച്ചിട്ടുണ്ടാകും....?!!!

എനിക്ക് വേണമെങ്കിൽ മറ്റെല്ലാവരേയും പോലെ ഇവിടെന്നു ചാടാമായിരുന്നു. അന്നു ജോലി തരാമെന്നു പറഞ്ഞവരുണ്ടായിരുന്നു. അങ്ങനെ തൽക്കാല ലാഭം നോക്കി ചാടിയിരുന്നെങ്കിൽ ഇപ്പോൾ ഇതെഴുതാൻ ഞാനിവിടെ കാണുമായിരുന്നില്ല.

എത്രയോ മുൻപെ സുനിലിനെപ്പോലെ, തമ്പിയെപ്പോലെ, കണ്ണനെപ്പോലെ ഏതെങ്കിലുമൊരു പൊതുമാപ്പു സമയത്ത് ഒരു കുറ്റവാളിയെപ്പോലെ, പാസ്പ്പോർട്ടില്ലാതെ, മറ്റു യാതൊരു രേഖകളുമില്ലാതെ, മറ്റുള്ളവരുടെ കയ്യിൽ നിന്നും പിരിവെടുത്ത് ഇവിടന്ന് പോകേണ്ടി വന്നേനെ, ഇനിയൊരിക്കലും തിരിച്ചു വരാൻ കഴിയാത്തവണ്ണം....!!

ഇതിനെക്കുറിച്ചെല്ലാം ഒരു ഏകദേശരൂപം ഉള്ളതു കൊണ്ട് ആദ്യം മുതലേ ഇവിടെത്തന്നെ ഒന്നു പിടിച്ചു നിൽക്കാനായിരുന്നു എന്റെ ശ്രമം.
ഒരു കുഴിക്ക് സമീപം ഒരു കുന്നില്ലാതിരിക്കുമോ....?!!
അതുകൊണ്ടാണ് കാറു കഴുകിയിട്ടാണെങ്കിൽ പോലും എന്റെ മാത്രം ചിലവുനുള്ളത് കണ്ടെത്തിയിരുന്നത്....!!

എന്റെ കയ്യിലിരുന്ന കടലാസ്സിലെ തുക കണ്ട് ബോസ് അന്തം വിട്ടു....!!
പിന്നെ എന്റെ തോളത്ത് തട്ടി അവൻ ആശ്വസിപ്പിച്ചു
സാരമില്ല.... നിനക്ക് കിട്ടാനുള്ളത് മുഴുവൻ ഞാൻ തന്നിരിക്കും.”
ഞാൻ തലയാട്ടിയതേയുള്ളു. ഇങ്ങനെ ഒരു നല്ല വാക്ക് പറയാനെങ്കിലും നിനക്ക് തോന്നിയല്ലൊ. ഞാനവനോട് മനസ്സിൽ നന്ദി പറഞ്ഞു.

വിവാഹ പരസ്യം പോലെ, ‘തന്റേതല്ലാത്ത കാരണത്താൽ ‘ ഒഴിവാക്കാനാവാത്ത ചില പിടിപ്പുകേടുകൾ എനിക്കും പറ്റിയിരുന്നു. കടയിൽ വരുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ അടിച്ചു മാറ്റാൻ കണക്കാക്കി വരുന്നവർ ഉണ്ട്. ചെറിയ സാധനങ്ങൾ അവരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച് പുറത്തു കടത്തും. കടയിൽ ഞാൻ ഒറ്റക്കായതു കൊണ്ട് വരുന്നവരെയെല്ലാം ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ശ്രദ്ധിച്ചതു കൊണ്ടും ഫലമൊന്നുമില്ലാ...

എത്രയോ പ്രാവശ്യം ഞാൻ നേരിൽ കണ്ടിരിക്കുന്നു. എന്നാലും ചോദിക്കാൻ പറ്റാത്ത സ്തിതിയാണ്. കാരണം വാദി പ്രതിയാവാൻ അധികം നേരം വേണ്ടിവരില്ല.
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ...
മുള്ളു വന്ന് ഇലയിൽ വീണാലും, ഇല വന്നു മുള്ളിൽ വീണാലും ഇലക്കാ കേട്..”

പക്ഷെ, ഇവിടെ അത് നേരേ മറിച്ചാണെന്നു മാത്രമല്ല ചിലപ്പോൾ മുള്ളിന്റെ മുനയും പോകും...!!!
അതുകൊണ്ട് കക്കുന്നത് കണ്ടാലും മിണ്ടില്ല. ആ വകയിൽ കുറച്ചു സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു.

പിന്നെ, ഈജിപഷ്യൻ അവന്റെ സ്വന്തക്കാർക്കും നാട്ടുകാർക്കും വലിയ ആളാവാൻ വേണ്ടി വാരിക്കൊടുക്കുന്ന സാധനങ്ങൾ....!!
അവന്റെ സ്വന്തം കടയാണെന്ന് പറഞ്ഞാണ് എടുത്തു കൊടുക്കുന്നത്. ഇതെല്ലാം ഞാനുള്ളപ്പോൾ കൊടുത്താൽ എല്ലാം എഴുതി അവനേക്കൊണ്ട് ഒപ്പിടിച്ചു വാങ്ങിക്കും. ഞാനില്ലാത്തപ്പോൾ കൊടുത്തതിന് ഒരു കണക്കുമില്ല....?!!

പക്ഷെ, ഇതെല്ലാം എന്നെങ്കിലും എന്റെ പെടലിക്ക് വച്ചുകെട്ടാൻ മുതിരുമെന്ന് ഞാൻ കരുതിയില്ല....!!?
അവൻ ഇവിടെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്റെ ഉത്തരവാദിത്വത്തിലാണ്. നീയായിരുന്നു അത് നോക്കേണ്ടിയിരുന്നത്.”
അക്കാര്യത്തിൽ ബോസ് കർക്കശ നിലപാടെടുത്തു.

എല്ലാം കൂടി എന്റെ തലയിൽ കെട്ടിവക്കാൻ ബോസ് സമ്മതിച്ചില്ല. അവന്റെ ആ ശ്രമം ബോസ് പരാജയപ്പെടുത്തി. അതിനുവേണ്ടി ബോസുമായി ഈജിപ്ഷ്യൻ വഴക്കിട്ടു. എന്നിട്ടും,
അവസാനം ഗത്യന്തരമില്ലാതെ മൂന്നു മാസത്തെ ശമ്പളം എന്നിൽ നിന്നും അവൻ പിടിച്ചു വാങ്ങി....!!

ഞാനത് സമ്മതിച്ചില്ലായിരുന്നു. പിന്നെ ബോസ് പറഞ്ഞു
നീ അതവന് കൊടുത്തേരെ. പകരം ഞാൻ നിനക്ക് വേറെ തന്നോളാം. പ്രശ്നം ഇതോടെ തീരട്ടെ...” നിവൃത്തിയില്ലാത്തതുകൊണ്ട് എനിക്ക് സമ്മതിക്കേണ്ടി വന്നു.

എന്നിട്ടും മതി വരാഞ്ഞ് ദൈനംദിന കണക്കുകൾ ഞാൻ എഴുതിക്കൊടുത്തിരുന്നത് വീണ്ടും എന്റെ കയ്യിൽ തന്നിട്ട് അവൻ പറഞ്ഞു.
കണക്കിൽ പിശകുണ്ട്.. നീ ഒന്നു കൂടി കൂട്ടി നോക്ക്. രണ്ടു മാസത്തെ ശമ്പളം കൂടി നീയെനിക്ക് തരണം...”
ഞാനവന്റെ മുഖത്തേക്ക് നോക്കി...?!
ഇതൊരു നൂറു പ്രാവശ്യമെങ്കിലും ഞാൻ കൂട്ടിയിട്ടുള്ളതാണ്. ഒരു ഫിൽ‌സ് പോലും വ്യത്യാസമില്ലെന്ന് എനിക്കറിയാം.
എങ്കിലും ഞാനത് വാങ്ങി വീണ്ടും കൂട്ടി നോക്കി. ഒരു വ്യത്യാസവും കണ്ടില്ല.
വീണ്ടും ഞാനത് അവനെ ഏൽ‌പ്പിച്ചു. അവൻ സമ്മതിച്ചില്ല.
തെറ്റുണ്ടെന്നു തന്നെ അവൻ....!!!

കാർഗ്ഗൊ അയച്ച രസീത് ബോസിനെ ഏൽ‌പ്പിച്ചത് ഞാനാണെന്ന് ഇതിനകം അവൻ അറിഞ്ഞിരുന്നു. അതിന്റെ ദ്വേഷ്യത്തിലായിരുന്നു ഈജിപ്ഷ്യൻ.

ഞാൻ ബോസിന്റടുത്ത് പരാതി പറഞ്ഞു.
ഇതിനകത്ത് ഒരു തെറ്റുമില്ലെന്ന് എനിക്കറിയാം. ഞാൻ കൂട്ടി നോക്കിയതാ.. നീ ഇനി ഒറ്റ ഫിൽ‌സ് പോലും അവന് കൊടുക്കണ്ട...”
ബോസ് അതിനെക്കുറിച്ച് അവനോട് തർക്കിച്ചു.
നീ ഇതിൽ ഇടപെടണ്ട... ! ഇത് ഞാനും അവനുമായിട്ടുള്ള ഇടപാടാ....!!”
എന്നു പറഞ്ഞവൻ ബോസിന്റെ വായടപ്പിച്ചു...!!

ഇവൻ എന്റെ രണ്ടു മാസത്തെ ശമ്പളവും കൂടി അടിച്ചു മാറ്റുമെന്ന് എനിക്കുറപ്പായി.
ഇനിയെന്ത് ....?!
എനിക്ക് ഉത്തരമില്ലായിരുന്നു....
ഇവനിൽ നിന്ന് എങ്ങനെ ഒന്നു രക്ഷപ്പെടും....?!!
ഇവന്റെ ഈ പിടിച്ചുപറി അവസാനിപ്പിക്കാൻ....?!
എന്തെങ്കിലും ചെയ്തില്ലെങ്കിൽ രണ്ടു മാസത്തെ ശമ്പളം കൂടി പോയതു തന്നെ....!!!
ഞാനാകെ വിഷമിച്ചു....
വിയർത്തൊലിച്ചു......
ഞാൻ മേലോട്ടു നോക്കി .....
ദൈവമേ നീ തന്നെ ഒരു വഴി കാണിച്ചു താ....!!”

ബാക്കി അടുത്ത പോസ്റ്റിൽ.......

Monday, 1 February 2010

സ്വപ്നഭുമിയിലേക്ക്.....( 13 )

കഥ തുടരുന്നു...

അവൻ വരുന്നു....!!


അങ്ങനെ കാത്ത് കാത്തിരുന്ന ആ ദിവസം വരാറായെന്ന് ഈജിപ്ഷ്യന്റെ പ്രകടനം എന്നെ ഓർമ്മപ്പെടുത്തി.
‘മാനേജർ‘ എന്ന തന്റെ സ്വപ്നം പൊലിഞ്ഞു പോയെന്ന് അവന് മനസ്സിലായി. അതിന്റെ നിരാശ അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.

സ്വന്തം പിടിപ്പുകേടു കൊണ്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം അവനില്ലായിരുന്നു. അവന്റെ ഒടുക്കത്തെ ഉറക്കവും, ഭാര്യാ പ്രീണനവും ഈ ഗതിയിലെത്തിച്ചു.

രണ്ടും മൂന്നും ദിവസം കൂടുമ്പോൾ എന്റെ കയ്യിൽ നിന്നും അതുവരെയുള്ള പൈസയും വാങ്ങിക്കൊണ്ടു പോയിരുന്നവൻ, ഭാര്യ വന്നതിനു ശേഷം ആഴ്ചയിലൊരിക്കലും പിന്നെ മാസത്തിലൊരിക്കലും മറ്റുമായി വരവ്. ഭാര്യയുടെ ആഗ്രഹപ്രകാരം കടൽ തീരത്തുള്ള ഒരു വില്ല തന്നെ വാടകക്കെടുത്ത് താമസം തുടങ്ങി.

പുതിയ മാനേജർ വരുന്നതിനു മുൻപ് വരവും ചിലവും തമ്മിൽ പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു മൂപ്പിലാൻ..
എത്രയൊക്കെ ശ്രമിച്ചിട്ടും അവർ തമ്മിൽ പൊരുത്തപ്പെട്ടില്ല....!!
ഭാര്യയുടെ സുഖ സൌകര്യങ്ങൾക്കായി ചിലവഴിച്ചത് എങ്ങനെ തിരിച്ചെടുക്കും....?

എല്ലാം പിടിവിട്ടു പോയിയെന്നു തോന്നിയതു കൊണ്ടായിരിക്കും, അവസാന നിമിഷത്തിൽ അവൻ ഭാര്യയെ അവളുടെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. വെറും കയ്യോടെയല്ല. അഞ്ഞൂറു കിലോയോളം വരുന്ന ഒരു കാർഗ്ഗോ സഹിതം. ഇവിടത്തെ കല്ലും മണ്ണും ഒന്നുമല്ലല്ലൊ അയച്ചത്.

കാർഗ്ഗൊ അയച്ചതിന്റെ രസീത് അവന്റെ കയ്യിൽ നിന്നും താഴെ വീണത് എനിക്ക് കിട്ടിയിരുന്നു. അവനറിയാതെ അതിന്റെ ഒരു കൊപ്പി എടുത്തുവച്ചിട്ടാണ് ഞാനത് അവന്റെ കയ്യിൽ കൊടുത്തത്.
ഒരു മുൻ‌കരുതൽ.....

അവർ വരുന്ന ദിവസം നേരത്തെ കടയിലെത്തി എല്ലാം തൂത്തു തുടച്ച് വൃത്തിയാക്കിയിട്ടു. അലമാരയിൽ സാധനങ്ങളെല്ലാം ഭംഗിയായി അടുക്കിവച്ചു. എല്ലാം ഒന്നു കൂടി പരിശോധിച്ച് ഉറപ്പു വരുത്തി.

എന്നാലും എന്റെ ഉള്ളിൽ ഒരു പെടപെടപ്പ് കുറച്ചു ദിവസമായിട്ട് കൂട്ടിനുണ്ടായിരുന്നു.
ഇന്നത് ഇരട്ടിച്ചു. നെഞ്ചിടിപ്പ് എനിക്കു തന്നെ വ്യക്തമായി കേൾക്കാം.
വരുന്നവൻ ആരായിരിക്കും...?
അതായിരുന്നു എന്റെ നെഞ്ചിടിപ്പിന്റെ മുഖ്യ കാരണം.
പിന്നെ കിട്ടാനുള്ള എന്റെ ശമ്പള ബാക്കി....

പത്തു മണിയായപ്പോൾ ഈജിപ്ഷ്യൻ കാറുമായി വിമാനത്താവളത്തിലേക്ക് പോയി. ഞാൻ അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. ഒരിടത്ത് ഒന്നിരിക്കാനൊ നിൽക്കാനൊ വയ്യാത്ത അവസ്ഥയിലായി. മുൻ‌വശത്തെ വാതിൽക്കൽ വന്ന് പുറത്തേക്കും നോക്കി
നിൽ‌പ്പായി....

മുൻ‌വശത്ത് കാർ പാർക്കിങ് അനുവദിച്ചിരുന്നില്ല. അതെല്ലാം പിൻ‌വശത്തെ റോഡിലായിരുന്നു.
ഇനി അവർ അതിലേ വന്നാലൊ..? ഞാൻ അവിടെ പോയി നിന്നു..
ഞാനെന്തിനാണ് ഇത്രക്ക് ടെൻഷനടിക്കുന്നതെന്ന് ഇടക്ക് ചിന്തിക്കുന്നുണ്ടെങ്കിലും അതിൽ നിന്നും ഒരു മോചനം കിട്ടിയില്ല.

വരുന്നവൻ ആരായാലും എന്റെ ഭാവി അവന്റെ കയ്യിലാണല്ലൊ എന്ന ചിന്ത എന്നെ വല്ലാതെ അക്ഷമനാക്കിത്തീർത്തു....!? ഏസിയുടെ തണുപ്പിലും ഞാൻ കുറേശ്ശെ വിയർക്കുന്നുണ്ടായിരുന്നു...
നിമിഷങ്ങൾ ഇഴഞ്ഞിഞ്ഞെ നീങ്ങിയിരുന്നുള്ളു. ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചിരിക്കുമ്പോഴാണ് അവരുടെ വരവ്.

പിൻ‌വശത്തെ റോഡിൽ, കിളവന്റെ കടയുടെ മുൻപിൽ തന്നെ കാറ് നിറുത്തി അവർ താഴെയിറങ്ങി. ആദ്യമിറങ്ങിയ ആറടിയോളം പൊക്കമുള്ള ആളെ എനിക്ക് പരിചയമുള്ളതാണ്. പല പ്രാവശ്യം അവനിവിടെ വന്നിട്ടുണ്ട്. അവനാണ് എന്നിൽ നിന്നും ഈജിപ്ഷ്യനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോർത്തിയെടുത്ത് തലസ്ഥാനത്തെത്തിച്ചത്.
അവനെ എനിക്കിഷ്ടമാണ്....
നല്ലവനാണ്......
കമ്പനി മുതലാളിയുടെ നാട്ടുകാരനാണ്......
അവൻ പുതിയ ആളെ ചാർജ്ജ് ഏൽ‌പ്പിക്കാൻ വന്നതായിരിക്കും.

രണ്ടാമതിറങ്ങിയ ആളെ പരിചയമില്ല... ആളു കിളവനാണ്... ഒരു കഷണ്ടിക്കാരൻ.... മുഖത്ത് ഒരു സോഡാക്കുപ്പി ഗ്ലാസ്സും... അവനായിരിക്കുമൊ... ?
ഹേയ്... ഒരു മാനേജരെന്നൊക്കെ പറഞ്ഞാ... ഒരു.. ഒരു.. ഗുമ്മൊക്കെ വേണ്ടെ...!!? ഇവനതൊന്നുമില്ല.... ഒരു മണുങ്ങൂസൻ...!! എങ്കിലും ഒരു പാവത്താനെപ്പോലെയാണ് ഇരിക്കുന്നത്.

മൂന്നാമതിറങ്ങിയത് നമ്മുടെ ഈജിപ്ഷ്യനാണ്.
പുതിയതായി അവർ രണ്ടാൾ മാത്രമേയുള്ളു.
അപ്പോൾ ആ കിളവൻ തന്നെ മാനേജർ....!!!

സത്യം പറഞ്ഞാൽ എന്റെ മനസ്സു മടുത്തു.... എന്റെ ഉത്സാഹമൊക്കെ അസ്തമിച്ചു.
അവർ അടുത്തു വന്നതോടെ ഞാൻ വാതിൽ തുറന്നു കൊടുത്തു. അവർ അകത്ത് കയറിയതും പൊക്കം കൂടിയ ആൾ ’ ഹായ്..” പറഞ്ഞു.
ഞാൻ തിരിച്ചും ഹായ് പറഞ്ഞു.
സുഖമാണോന്ന് ചോദിച്ചു.
ഞാൻ സുഖമെന്നു പറഞ്ഞു.

ഈജിപ്ഷ്യനും കഷണ്ടിക്കാരനും എന്നെ ഒന്നു ഗൌനിക്ക കൂടി ചെയ്യാതെ, ഇങ്ങനെ ഒരു മനുഷ്യജീവി അവർക്കായി വാതിലും തുറന്നു പിടിച്ച് നിൽ‌പ്പുണ്ടെന്ന ഒരു തോന്നൽ പോലു മില്ലാതെ മുകളിലേക്ക് കയറിപ്പോയി....!!

എനിക്ക് പരിചയമുള്ള ആൾ കടക്കകത്ത് ഒന്നു ചുറ്റിക്കറങ്ങി. അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കി കൊടുത്തു. മറ്റു രണ്ടു പേരുടെ ചാ‍യയുമായി മുകളിൽ പോയി. പുതിയ ആളിന്റടുത്ത് ഈജിപ്ഷ്യൻ എന്നെ പരിചയപ്പെടുത്തി.
അപ്പോഴാണ് അവൻ ‘ഹലോ’ പറഞ്ഞ് എനിക്ക് ‘കൈ‘ തന്നത്.

അവർ രണ്ടു പേരുടേയും സംസാരം കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി....!!
നമ്മുടെ മന്ത്രിമാരു ഞെട്ടുന്നതു പോലെ വെറുതെ മൈക്കിനു മുൻപിൽ നിന്നുള്ള ഒരു ഞെട്ടലല്ല....
ഇത്തിരി ഭീകരമായി തന്നെ ഞേട്ടി...!!!
എങ്ങനെ ഞെട്ടാതിരിക്കും...!!?
ഇവനും ലവന്റെ നാട്ടുകാരൻ തന്നെ....!!?
ഏതൊരുത്തൻ വരരുതെന്നാഗ്രഹിച്ചുവൊ അവൻ തന്നെ....!!?
തനി ഈജിപ്ഷ്യൻ....!!!
“ എന്റെ ദൈവമേ... നീ എന്നെ ചതിച്ചോ...!!!?”
ഞാൻ തലയിൽ കൈ വച്ചു നിന്നു പോയി.

തിരിഞ്ഞ് താഴേക്കിറങ്ങിയത് വളരെ നിരാശനായാണ്....
എല്ലാ പ്രതീക്ഷകളും അസ്തമിച്ച് വാടിത്തളർന്നതു പോലെയായി ഞാൻ...

താഴെ വന്ന് പൊക്കം കൂടിയ ആളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവൻ അവിടെയെല്ലാം ചുറ്റി നടന്ന് കണ്ടതിനുശേഷം കസേരയിൽ വന്നിരുന്നു.
എതിർ വശത്തെ കസേരയിൽ എന്നോടും ഇരിക്കാൻ പറഞ്ഞു.

“അടുത്തമാസം നമുക്ക് പുതിയ ഒരു കണ്ടെയ്നർ കൂടി വരുന്നുണ്ട്. ഈ പ്രോഡക്റ്റൊന്നും പോരാ... അതവിടെ ദുബായിൽ നിന്നും കേറ്റിക്കൊണ്ടിരിക്കാ... അതിനു മുൻപ് ഈജിപ്ഷ്യനെ ഇവിടന്ന് കെട്ടു കെട്ടിക്കണം...”

അവനത് പറഞ്ഞു തീർന്നതും ഒരു മഹാത്ഭുതം കേട്ടതു പോലെ എന്റെ കണ്ണുകൾ വിടർന്നു.... !! “ഹേയ്... എന്താ നീ പറഞ്ഞത്...?”
ഞാൻ ചോദിച്ചെങ്കിലും പെട്ടെന്നു വറ്റി വരണ്ട തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്കു വന്നില്ല. എന്തൊ ഒരു മുരൾച്ച മാത്രമെ വന്നുള്ളു.

ഞാനൊന്നുമീരിറക്കി തൊണ്ടയൊന്നു നനച്ചിട്ട് വീണ്ടും ചോദിച്ചു.
“ അപ്പൊ പുതിയ മാനേജർ....?”
അവൻ തല ഉയർത്തി കസേരയിൽ ചാരി നിവർന്നിരിന്നിട്ട് പറഞ്ഞു
“ ഞാനാണ് ഇനി മുതൽ ഇവിടത്തെ മാനേജർ.. മാനേജർ മാത്രമല്ല.. ഇതിന്റെ ഒരു പാർട്ണർ കൂടിയാണ്...!!”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ,  ഇടിവെട്ടേറ്റതു പോലെ ഇരുന്നു പോയി...!!!
ഞാൻ മുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു.
“ അപ്പോ..ലവൻ. ആ പുതിയവൻ..?“
അവൻ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ടു പറഞ്ഞു
“അവൻ ഇനി മുതൽ ഇവിടത്തെ കണക്കപിള്ളയാ... അവനും കാണും നമ്മളോടൊപ്പം....!”
അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

അപ്രതീക്ഷിത സന്തോഷം എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുമോന്ന് ഞാൻ ഭയന്നു...!!
ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു കാര്യം... !!
അതു സത്യമായിരിക്കുന്നു....!!!
ഞാൻ ഇരുന്ന ഇരിപ്പിൽ രണ്ടു കയ്യും നെഞ്ചോടു ചേർത്ത്, നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ കണ്ണുകൾ അടച്ച് മൂകമായി പ്രാർത്ഥിച്ചു.
“ ദൈവമേ.. നീ കാത്തു...!!! നിനക്ക് നൂറ് നൂറ് സ്തുതി...!! നൂറു നൂറു സ്തുതി....!!!
സത്യം, ഞാൻ കരഞ്ഞു പോയി...
മുഖം പൊത്തി കുനിഞ്ഞിരുന്ന് വിമ്മി വിമ്മി കരഞ്ഞു.....


ബാക്കി അടുത്ത പോസ്റ്റിൽ....