Thursday 2 August 2018


പേരിടാത്ത കഥ.

കഥ ഇതു വരെ

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.

കഥ തുടരുന്നു.

കേരളേട്ടനെത്തേടി....

'ഒരു കാറുവാങ്ങുവാനുള്ള തീരുമാനം അവളെ പുളകം കൊള്ളിച്ചു. പിന്നെ എന്നും മുഖത്ത് സന്തോഷം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. ഞങ്ങൾ മൂന്നു പേരുംകൂടി പോയാണ് കാറ് ബുക്ക് ചെയ്തത്. മാരുതി ആൾട്ടോയാണ് ഇഷ്ടപ്പെട്ടത്. ഒരു മാസം കഴിഞ്ഞാലെ വണ്ടി കിട്ടുകയുള്ളു. അതിനുമുമ്പ് എനിക്കും മോനും ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഓടിച്ചുള്ള പരിചയം വളരെ കമ്മിയായിരുന്നു. അതിനായി ഞങ്ങളെ പഠിപ്പിച്ച ഡ്രൈവറുമായി ഉച്ചകഴിഞ്ഞ് കറങ്ങാൻ പോകും. ആ ഒരു മാസം ഏതാനും ദിവസത്തെ ഓരോ മണിക്കൂർ ഓട്ടം കൊണ്ട് ഒരു വിധം പരിചയം കൈവന്നു.'

ശേഖരേട്ടൻ ഒന്നു നിറുത്തിയിട്ട് ഞങ്ങളെ നോക്കി. അദ്ദേഹം വളരെ ക്ഷീണിതനാണെന്ന്  തോന്നി. വിനുവേട്ടൻ ഉടനെ വാച്ചിൽ നോക്കി ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു. 
" ഇനിയും ഞാൻ നിന്നാൽ ശരിയാകില്ല."
ഉടനെ ബിലാത്തിമുരളിച്ചേട്ടനും പറഞ്ഞു.
'' ബാക്കി നാളെയാക്കാം. നിങ്ങള് രണ്ടുപേരും ഈ ലോഡ്ജിൽത്തന്നെ കിടന്നുറങ്ങ്.."
അന്നേരം ഞാൻ പറഞ്ഞു.
"അല്ല വിനുവേട്ടാ, കേരളേട്ടനോട് ഇന്നു ചെല്ലാമന്നു പറഞ്ഞിട്ട് നാളെക്കാക്കിയില്ലെ. അപ്പൊ നാളെ പോകണ്ടേ...?"

ഞാനും വിനുവേട്ടനും മുരളിച്ചേട്ടനും പരസ്പ്പരം നോക്കി, അതു ശരിയാണല്ലോയെന്ന മട്ടിൽ. ഒരു നിമിഷത്തിനു ശേഷം ഞാൻ പറഞ്ഞു.
''വിനുവേട്ടാ, ആദ്യം കേരളേട്ടനെ വിളിച്ച് പുള്ളിക്കാരൻ നാളെ ഫ്രീയാണോയെന്ന് ചോദിക്ക്.  അതറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം... "

കേരളേട്ടന് നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലന്നറിഞ്ഞതോടെ  ഞങ്ങൾ ചെല്ലുമെന്നറിയിച്ചു. കാലത്ത് ഒൻപത് മണിക്ക് എത്താമെന്ന് പറഞ്ഞ് വിനുവേട്ടനും മുരളിയേട്ടനും പുറത്തിറങ്ങി. ആവശ്യമായ ഭക്ഷണമൊക്കെ ഉള്ളിലുണ്ടായതുകൊണ്ട് നേരത്തെ കിടന്ന് ഉറങ്ങിക്കളയാമെന്ന് തീരുമാനിച്ചു .

ഉറങ്ങാൻ കിടക്കാൻ തുടങ്ങുമ്പോഴാണ് പല കാര്യങ്ങളും പൊന്തി വന്നത്. ആവശ്യമായ വസ്ത്രങ്ങളൊന്നും തന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഉടനെ തന്നെ പുറത്തിറങ്ങി അത്യാവശ്യം വേണ്ടതു മാത്രം വാങ്ങി വന്നു. ഞാൻ കൊണ്ടു വന്നിരുന്നതിൽ കൂടുതൽ കരുതിയിരുന്നത് ശേഖരേട്ടനു കൊടുത്തിരുന്നതുകൊണ്ട് എനിക്കും നാളെ പോകാനായി ഒരു ഷർട്ടും കൂടി വാങ്ങി. 

ഞങ്ങൾ ഒരു കട്ടിലിൽ അടുത്തടുത്തു കിടക്കുമ്പോൾ പണ്ട് ബഹ്റിനിലെ മുറിയിൽ ഇതുപോലെ കിടന്നത് ഓർമ്മ വന്നു. അതിനെക്കുറിച്ച് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചുകൊണ്ടു കിടന്നു. രാജേട്ടനേയും വർഗ്ഗീസേട്ടനേയും മറ്റും ഞങ്ങൾ സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു.. 
അപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത് ശേഖരേട്ടന്റെ ഈ പതനത്തെക്കുറിച്ചായിരുന്നു. അത് ഞാൻ സൂചിപ്പിക്കുകയും ചെയ്തു.
"എന്നാലും ശേഖരേട്ടനെ ഇങ്ങനെ കാണേണ്ടി വന്നത്...  ഇങ്ങനെയൊരവസ്ഥയിലേക്ക് തള്ളിവിട്ടത്..."
"എല്ലാം വിധിയെന്നു മാത്രമെ പറയാനുള്ളു. ആരേയും കുറ്റപ്പെടുത്താനില്ല.''
''എന്തായാലും ബാക്കി നാളെ പറഞ്ഞാൽ മതി. അല്ലെങ്കിൽ എനിക്ക് ഒറ്റക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല..."

പിറ്റേന്ന് കാലത്ത് ശേഖരേട്ടനെ മുറിയിൽത്തന്നെ ഇരുത്തി വൈകുന്നേരം ഞങ്ങൾ തിരിച്ചു വരുമ്പോൾ കാണാമെന്നു പറഞ്ഞ് കേരളേട്ടനെ കാണാനായി യാത്ര തിരിച്ചു. ഞാനും ശേഖരേട്ടനും കൂടി കാലത്തെ തന്നെ പ്രാതൽ കഴിച്ചതായിരുന്നു. വിനുവേട്ടനും മറ്റും പ്രാതൽ കഴിക്കാതെയാണ് വന്നത്. അതുകൊണ്ട് പോകുംവഴി മുരളിയേട്ടന്റെ പരിചയക്കാരന്റെ ഹോട്ടലിൽ കയറി. ഞാനും ഒരു  മസാലദോശ കൂടി കഴിച്ചതോടെ വയറ് ഫുള്ളായി. 
അവിടെ വച്ച് ഒരു ഫോട്ടോ ഷൂട്ട് ആവാമെന്നു തോന്നി.




വിനുവേട്ടൻ, സ്വന്തം ഭാര്യയും ബ്ലോഗിണിയുമായ നീലത്താമര, ബിലാത്തി മുരളിയേട്ടൻ പിന്നെ ഞാനും മാത്രമാണ് വിനുവേട്ടന്റെ പുതിയ 'ബ്രസ്സ'യിൽ യാത്ര തിരിക്കുന്നത്.

പോകുന്നവഴി കേരളേട്ടനെ വിളിച്ച് ഞങ്ങൾ പുറപ്പെട്ട കാര്യം അറിയിച്ചു. അന്നേരം നമുക്ക് പുതിയ ഒരു ഗസ്റ്റുകൂടിയുണ്ടന്നും നമ്മുടെ പഴയ ബ്ലോഗിണിയാണെന്നും പറഞ്ഞു. ഇവിടെ വരുമ്പോൾ പരിചയപ്പെടുത്താമെന്നും കേരളേട്ടൻ പറഞ്ഞു. അതൊരു സസ്പൻസ് ആക്കി നിറുത്തിക്കളഞ്ഞു കേരളേട്ടൻ.

പിന്നീട് അതാരാണെന്ന ചിന്തയായി ഞങ്ങൾക്ക്. ഞങ്ങൾ നാലുപേരും തല ചൂടാക്കിയെങ്കിലും പറ്റിയ ഒരാളുടെ പേരു കിട്ടിയില്ല. പാലക്കാട്ടുഭാഗത്തുള്ള ഒരു ബ്ലോഗിണിയുടെ പേരും ഓർമ്മയിൽ വന്നില്ല. "ങാ... ഏതായാലും നമ്മൾ കാണാൻ പോവുകയല്ലെ, അപ്പൊക്കാണാം." മുരളിയേട്ടൻ പറഞ്ഞവസാനിപ്പിച്ചു. ഞാൻ ചോദിച്ചു. 
" വിനുവേട്ടാ, നമ്മൾക്ക് കുതിരാൻ വഴി പോയാലൊ.. ആ പുതിയ തുരങ്കത്തിന്റെടുത്തു കൂടി...''
" ഇപ്പോൾ നമ്മൾ കുറച്ചിങ്ങ്ട് പോന്നു. ഞാൻ ഷൊർണൂർ - ഒറ്റപ്പാലം വഴിയാതിരിച്ചത്. അതിനു കുഴപ്പമില്ല, തിരിച്ചു വരുമ്പോൾ പാലക്കാട് കുതിരാൻ വഴി വരാം.. പോരെ... ?"

വഴിയരികിലെ കാഴ്ചകൾ കണ്ട് പോകുമ്പോഴാണ് വിനുവേട്ടൻ ശേഖരേട്ടന്റെ കാര്യം എടുത്തിട്ടത്.
"ശേഖരേട്ടൻ വല്ലതും പറഞ്ഞോ പിന്നെ. "
ഞാൻ പറഞ്ഞു.
"ശേഖരേട്ടൻ ഒന്നും പറഞ്ഞില്ല. തന്നേമല്ല, എന്തോ കാര്യമായ ഒന്ന് സംഭവിച്ചിട്ടുണ്ട്. അത് ഒരു ദുരന്തമാണെങ്കിൽ ഒറ്റക്ക് എനിക്കത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നിങ്ങൾകൂടി കൂടെയുള്ളപ്പോൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. "
അതു കേട്ട് മുരളിയേട്ടൻ പറഞ്ഞു.
''ഞാനും അതുതന്നെയാ സംശയിച്ചത്. പുതിയ കാറ് വാങ്ങണ കാര്യം പറഞ്ഞിരുന്നല്ലൊ. അതുമായി ബന്ധപ്പെട്ട ഒരപകടമായിരിക്കാം കാരണം.. "
" ങും... ശരിയായിരിക്കും. .. " 
വിനുവേട്ടനും കൂടി അതംഗീകരിച്ചതോടെ ആ ചർച്ച അവിടെ നിന്നെങ്കിലും ഞാൻ ചോദിച്ചു.
" മുരളിയേട്ടാ, തൃശ്ശൂർ ടൗണിൽ എവിടേങ്കിലും ഒരു പെട്ടിക്കട കണ്ടെത്താൻ പറ്റോ...? ഒരു ചെറിയത് മതി..... "
" എന്തിനാ ... ശേഖരേട്ടന് കടയിട്ടു  കൊടുക്കാനാ...?''
''ങൂ.... ഇനി നാട്ടിലേക്ക്  പുള്ളി വരുമെന്നു തോന്നുന്നില്ല. കുറഞ്ഞ മുതൽ മുടക്കിൽ ഒരു വരുമാനമാർഗ്ഗം കണ്ടെത്തിക്കൊടുക്കണം. ഞാനുദ്ദേശിക്കുന്നത് കുറച്ചു ലോട്ടറി ടിക്കറ്റ് വാങ്ങിക്കൊടുക്കാം. പുള്ളീടെ ഒരാൾടെ ചിലവിന്റെ കാര്യമല്ലെയുള്ളു... "
"അത് നല്ല ഐഡിയായാണ്. പെട്ടിക്കട നമുക്ക് നോക്കാം. ഇല്ലെങ്കിൽ ഒരു കടവരാന്തയിൽ ഒരു സ്കൂളിട്ടിരിക്കാൻ സ്ഥലം കിട്ടിയാലും മതീല്ലൊ."
" മതി... അതായാലും മതി."
"അത് ഞാനേറ്റു. അപ്പൊ ആ പ്രശ്നം സോൾവ്ട്..."

ഏതാണ്ട് 11 മണിയായപ്പോഴാണ് കേരളേട്ടന്റെ ഫോൺ വന്നത്. എവിടെവരെ എത്തിയെന്നറിയാൻ വിളിച്ചതാണ്. ഞങ്ങൾ പറളി എത്താറായിയെന്നറിയിച്ചു. അപ്പോൾ കേരളേട്ടൻ പറഞ്ഞു.
"എങ്കിൽ നിങ്ങൾ ഹൈവേയിൽ നിന്ന് പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ നമ്മുടെ ഇന്നത്തെ ഗസ്റ്റ് ബ്ലോഗിണി നിൽപ്പുണ്ട്. അവരെക്കൂടി കൂട്ടാൻ വണ്ടിയിൽ സ്ഥലമുണ്ടാകോ...?"
" സ്ഥലമുണ്ട്.. ഒരാളല്ലേയുള്ളു. ?"
"അതെയതെ..  അവർ മാത്രമേയുള്ളു. "
" അവരെ എങ്ങനെയാ തിരിച്ചറിയുന്നത്.....?"
എന്റെ കയ്യിൽ നിന്നും ഫോൺ മുരളിയേട്ടൻ പിടിച്ചു വാങ്ങിയിട്ടു പറഞ്ഞു. 
"ങാ.. പറ കേരളേട്ടാ. ഞാൻ മുരളിയാ .. അവരുടെ പേരെന്താ...?"
" നിങ്ങളറിയും. നമ്മുടെ സുകന്യാജിയാ ...!"
"ഓഹോ.. ഹൊ... എനിക്കറിയാം. പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ടന്ന് ഞാൻ കുറച്ചു മുൻപ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു"
"ശരി ശരി. ഞങ്ങൾ കണ്ടെത്തിക്കോളാം.. കേരളേട്ടൻ ഫോൺ വച്ചോ ..."
"പിന്നേ... പറളി റെയിൽവേ സ്റ്റേഷന്റെ അടുത്ത് എന്റെ മോൻ നിൽപ്പുണ്ടാകും. നിങ്ങടെ കാറേതാ...?"
"ബ്രെസ്സയാ... മെറൂൺകളർ. മാരുതി ബ്രസ്സാ ...."
"ഓക്കെ...''

പിന്നെ അധികദൂരമില്ലായിരുന്നു. പറളി കവലയിലെ ബസ്റ്റോപ്പിൽ സാരിയുടുത്ത രണ്ടു സ്ത്രീകളേയുണ്ടായിരുന്നുള്ളു. ഒന്ന് ഒരു തടിച്ച സ്ത്രീയായിരുന്നു. മറ്റൊന്ന് ഒരു  അച്ചിങ്ങ പരുവത്തിൽ ഒരെണ്ണം.
ഏയ്... അതാവില്ല. ഒരു ബ്ലോഗിണിയെന്നൊക്കെ പറഞ്ഞാൽ ഒരിത്തിരി വണ്ണമൊക്കെ കാണുമെന്ന് ഞാനോർത്തു.

 അതിലാരായിരിക്കുമെന്ന് ചിന്തിച്ച് ഓരം ചേർന്ന് വണ്ടി നിറുത്തുമ്പോഴേക്കും മുരളിയേട്ടനും വിനുവേട്ടനും, ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം വച്ച് ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിന്നു. അതിനു മുന്നേ തന്നെ മെറൂൺ കളർ മാരുതി ബ്രസ്സ കണ്ട്, ആ 'അച്ചിങ്ങ പരുവം'  സ്റ്റോപ്പിൽ നിന്നും ചാടിയിറങ്ങിയിരുന്നു. 
തൊട്ടു മുന്നേ കേരളേട്ടൻ വിളിച്ചു പറഞ്ഞു കാണുമെന്ന് ഊഹിച്ചു. 

ബാക്ക് ഡോർ തുറന്നു കൊടുത്ത് ഞാൻ നീങ്ങിയിരുന്നു. അച്ചിങ്ങാജി ഡോറിൽ പിടിച്ച് കുനിഞ്ഞ് അകത്തേക്ക് നോക്കി ചിരിച്ചു. ഞങ്ങള് തന്നെയല്ലേയെന്ന് ഒരു സംശയഭാവം.  മുരളിയേട്ടൻ പറഞ്ഞു.
" സുകന്യാജീ... കേറിക്കോ... "
ഡ്രൈവർ സീറ്റിലിരുന്ന് വിനുവേട്ടനും വിളിച്ചു.
" സുകന്യാജി... ഞങ്ങള് തന്നാ..."
വാതിലടഞ്ഞതും ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. സുകന്യാജി പാഞ്ഞു.
" കേരളേട്ടൻ പറഞ്ഞിരുന്നു എല്ലാവരേയും പറ്റി. എന്നാലും നമ്മളെല്ലാവരും നല്ല പരിചയമുള്ളവർ തന്നെ. ദിവസവും മുഖപുസ്തകത്തിൽ ചാറ്റുന്നതല്ലെ. പക്ഷേ, നേരിൽ കാണുന്നത് ഇപ്പോഴല്ലെ. അതാ ഞാൻ സൂക്ഷിച്ചു നോക്കിയത്..." 

വീണ്ടും ഞങ്ങൾ വർത്തമാനം പറഞ്ഞ് യാത്ര തുടർന്നു. പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ  കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു.
" എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു.

കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി.


തുടരും...
-