Wednesday 28 October 2015

കഥ. ഫേസ്ബുക്കിലൂടെ....


 കഥ.
ഫേസ്ബുക്കിലൂടെ.....


ആരതി വേഗം കമ്പ്യൂട്ടർ തുറന്നു.
പതിവു പോലെ തന്നെ ഫേസ്ബുക്കിലാണ് ചെന്നു നിന്നത്.
പുതിയ ഫ്രണ്ട് റിക്വസ്റ്റിൽ പരതി നടന്നു. ഒത്തിരി പേരുടെ റിക്വസ്റ്റ് ഉണ്ടെങ്കിലും  താൻ അന്വേഷിക്കുന്ന ആ ഒരു മുഖം മാത്രം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പരിചയമുള്ളവരും അല്ലാത്തതുമായ പലരുടേയും ഫോട്ടോ ഗ്രൂപ്പിൽ ആ ഒരു മുഖം തേടി അലഞ്ഞു നടന്നു. എന്നേത്തേയും പോലെ അന്നും നിരാശയായിരുന്നു ഫലം.

സന്ധ്യയായതോടെ കൂട്ടുകാർ ഓരോരുത്തരായി മുറിയിലെത്തിക്കൊണ്ടിരുന്നു. ആരതിയുടെ എംബിയെ ഹോസ്റ്റലിലെ മുറിയിൽ നാലു പേരായിരുന്നു താമസം. രമ്യയാണ് ഏറ്റവും അടുത്ത കൂട്ടുകാരി. അവളുമായി എല്ലാം തുറന്നു പറയും. മറ്റുള്ളവരുമായി അടുത്ത ബന്ധമുണ്ടെങ്കിലും രമ്യയുമായിട്ടുള്ളത്ര തുറന്നു പറച്ചിൽ പതിവില്ല. എന്നാൽ നാലു പേരും ഒരേ മനസ്സോടെയാണ് കഴിയുന്നത്. നാലുപേരുടേയും അവസാനവർഷമാണ്.

ആദ്യം വന്ന രമ്യ കയറി വന്നപാടെ ആരതിയുടെ മുഖത്തെ നിരാശ കണ്ട് ചോദിച്ചു.
“ ഇന്നും കണ്ടു കിട്ടിയില്ലാല്ലെ...?”
ആരതി നിരാശയോടെ തലയാട്ടിയതേയുള്ളു.
അവളെ ആശ്വസിപ്പിക്കാനെന്നോണം ആരതിയുടെ കഴുത്തിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“നീ വിഷമിക്കേണ്ടടി. ഒരു ദിവസം അദ്ദേഹം നിന്നെത്തേടി വരും. ഉറപ്പ്.. നിന്റെ ഈ കണ്ണുനീരും പ്രാർത്ഥനയും ദൈവം കാണാതിരിക്കുമോ...?”
ഇതും കണ്ടു കൊണ്ടാണ് സൂസനും അജ്നയും കയറി വന്നത്.
കെട്ടിപ്പിടിച്ചു നിൽക്കുന്ന രമ്യയും ആരതിയുടെ നിറഞ്ഞ കണ്ണുകളും രണ്ടു പേരിലും തെല്ലൊരു ഉൽക്കണ്ഠ പരത്തി. ഓടിയെത്തിയ അജ്ന ചോദിച്ചു.
“എന്തേടി.. എന്തു പറ്റി...?”
ആരതിയോടായി സൂസൻ ചോദിച്ചു.
“നീയെന്തിനാ കരയണെ...?”
രമ്യ പറഞ്ഞു.
“ ഹേയ് ഒന്നൂല്ലാടി... “
“പിന്നേ... ഒന്നൂല്ലാഞ്ഞിട്ടാണൊ ഇവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്...”
“ഇവൾ ഒരാളെ അന്വേഷിച്ചു നടക്കാൻ  തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരേയും കാണാനൊത്തില്ല. അതിന്റെ വിഷമത്തിലാ കരഞ്ഞത്.”
അവർ രണ്ടു പേരും  ആരതിയുടെ അടുത്ത് കട്ടിലിൽ ഇരുന്നു.
“പറയടി.. ആരെയാ നീ അന്വേഷിക്കുന്നത്...?”
“ഞങ്ങളും സഹായിക്കാടി നിന്നെ. വിവരം അറിഞ്ഞാലല്ലെ അതിനു കഴിയൂ...”
രമ്യ, ആരതിയെ വിട്ട് മറ്റുള്ളവരോടൊപ്പം കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു.
“എനിക്കറിയാവുന്നത് ഞാൻ പറയാം. അവളോട് ചോദിക്കണ്ട...”

ആരതി പിന്നേയും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.
രമ്യ തനിക്കറിയാവുന്നത് കൂട്ടുകാരുമായി പങ്കിട്ടു.
“അവളുടെ അഛനെയാ തിരയുന്നത്..! ഇവൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാ അഛനെ നഷ്ടപ്പെടുന്നത്. അതിനു ശേഷം ഇവൾ അഛനെ കണ്ടിട്ടേയില്ല... ”
“എങ്ങനെയാ നഷ്ടപ്പെടുന്നത്...?”
“അവർ അമ്മയും അഛനും വേർപിരിഞ്ഞു”
സൂസനും അജ്നയും ആരതിയെ ദൈന്യതയോടെ നോക്കി.
ആരതിയോടായിത്തന്നെ അജ്ന ചോദിച്ചു.
“അവർ വേർപിരിയാൻ എന്തായിരുന്നു കാരണം...?
ആരതി  തിരിഞ്ഞിരുന്നിട്ട് മൂന്നു പേരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“അതൊന്നും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ട് അമ്മ പറഞ്ഞിട്ടുമില്ല. വലുതാവുമ്പോൾ മനസ്സിലായിക്കോളുമെന്നാ അമ്മ പറഞ്ഞത്...”

ഒരു നിമിഷം കുനിഞ്ഞിരുന്ന് ഏതൊക്കെയോ ചിന്താലോകത്തേക്ക് ആരതി പറന്നു നടന്നു.
പിന്നെ സാവകാശം പറഞ്ഞു.
“ അഛൻ എന്നും ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എനിക്ക്. രണ്ടു വർഷത്തിലൊരിക്കൽ ഒന്നൊന്നര മാസം മാത്രം എന്നെ കളിപ്പിക്കുന്ന, കൊഞ്ചിക്കുന്ന,നിറയെ കളിപ്പാട്ടങ്ങളുമായി വരുന്ന, കൈ നിറയെ ചോക്ക്ലേറ്റുകളുമായി വരുന്ന ഒരാളായിരുന്നു എനിക്കഛൻ. അതിനപ്പുറത്തേക്ക് ഒന്നുമായിരുന്നില്ല എനിക്ക് അഛൻ. എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു. പിന്നെ എന്റെ  അഛമ്മയും...”
ആരതി കണ്ണുകൾ തുടക്കാനായി ഒരു നിമിഷം നിറുത്തി.
പിന്നെ നിവർന്നിരുന്നിട്ട് തുടർന്നു.
” അഛന്റെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ഞാനും അമ്മയും അഛമ്മയും മാത്രമായിരുന്നു താമസം. ഞാൻ മൂന്നാം ക്ലാസ്സിൽ  പഠിക്കുമ്പോഴാണ് അഛൻ വന്ന്, എടുത്തു കൊണ്ടു നടന്ന്, കൈ നിറയെ ചോക്ലേറ്റുകൾ തന്ന്, എന്നെ സന്തോഷിപ്പിച്ചിട്ട് തിരിച്ചു പോയത്. ആ ഓർമ്മ വെറും ഒരു നിഴൽ പോലെയേ ഇപ്പോൾ എന്റെ മനസ്സിലുള്ളു....”
പിന്നെ ഏറെ നേരം ആരതി ഒന്നും മിണ്ടിയില്ല.
അഛൻ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും കണ്മുന്നിൽ കാണുകയായിരുന്നിരിക്കണം.
“ഈ കമ്പ്യൂട്ടറിൽ പരതിയാൽ നിനക്കെങ്ങനെ അഛനെ കിട്ടും....?
സൂസന്റെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് രമ്യയാണ്.
“ഞാനാണ് പറഞ്ഞത് ആരതിയോട്, ഇക്കാലത്ത് കമ്പ്യൂട്ടറില്ലെങ്കിൽ വേണ്ട ഒരു മോബൈൽ ഫോണെങ്കിലും ഇല്ലാത്തവർ ഉണ്ടാവുമോ. പ്രത്യേകിച്ച് ഗൾഫിൽ പണിയെടുക്കുന്നവർ...?” “ശരിയാണ്, അവർക്ക് ഫേസ്ബുക്കിൽ അക്കൌണ്ടും കാണാൻ വഴിയുണ്ട്...”
“ അതുകൊണ്ടാ അവൾ അഛന്റെ മുഖം തേടിയുള്ള ഈ പരക്കം പാച്ചിൽ...!”
“നിന്റഛന്റെ ഫോട്ടോയുണ്ടൊ കയ്യിൽ...?”
“ഇല്ല...”
“മുഖം ഓർമ്മയുണ്ടോ...?”
“നിഴൽ പോലെ... ഒരോർമ്മയുണ്ട്...!”
“നിന്റഛന്റെ ഫോട്ടോയൊന്നും വീട്ടിലില്ലെ...?”
“ഉണ്ടായിരുന്നു. അതവിടെ അഛന്റെ വീട്ടിലായിരുന്നു. അവിടന്ന് പോരുമ്പോൾ അതൊന്നും എടുക്കാൻ സമയം കിട്ടിയില്ല...!?”
“അതെന്താ അങ്ങനെയൊരു പോക്ക്....?”
“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു,  ഒരു ദിവസം വെളുപ്പിന് അഛൻ ധൃതിയിൽ വീട്ടിലെത്തി. എന്റെ കയ്യിൽ ഒരു ചോക്ലേറ്റ് പെട്ടി  തന്നു. പിന്നെ എന്നേയും അമ്മയേയും ഒരു കാറിൽ കയറ്റി അമ്മയുടെ വീട്ടിൽ കൊണ്ടാക്കി. അഛൻ അഛഛനോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞ് വഴക്കുണ്ടാക്കി. അമ്മയും അമ്മമ്മയും മറ്റും നെഞ്ചത്തടിച്ച് കരഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. അതുകണ്ട് ഞാന്നും കിടന്ന് കരഞ്ഞു. അന്ന് ദ്വേഷ്യത്തോടെ ഇറങ്ങിപ്പോയ അഛനെ പിന്നെ കാണുന്നത് കുറേ മാസങ്ങൾക്കു ശേഷം കോടതിയിൽ വച്ചാ...!!”


ഇനിയും തുടരാനാകാതെ ആരതി വിങ്ങിപ്പൊട്ടി.
രമ്യയും സൂസനും അജ്നയും അവളെ അടക്കിപ്പിടിച്ചു.
കുറച്ചു കഴിഞ്ഞ് ഒന്നു ശാന്തമായ ശേഷം ആരതി തുടർന്നു.
“ അന്ന് ജഡ്ജി എന്നോട് ചോദിച്ചു.  കുട്ടിക്ക് ആരുടെ കൂടെപ്പോകാനാ ഇഷ്ടംന്ന്.. ഞാൻ അഛനേയും അമ്മയേയും മാറിമാറി നോക്കി. അഛൻ എന്നും ഒരു വിരുന്നുകാരൻ മാത്രമായിരുന്നുവല്ലൊ എനിക്ക്. അമ്മയാണ് എനിക്കെന്നും കൂട്ടുണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ പറഞ്ഞു അമ്മയുടെ കൂടെപ്പോകാനാ ഇഷ്ടംന്ന്...!
അന്ന് അവിടെ വച്ചാ, അഛനെ അവസാനമായി കണ്ടത്....!!”


നിറഞ്ഞ കണ്ണുകൾ തുടച്ച് ആരതി മേശമേൽ കമിഴ്ന്നു കിടന്ന് ഏങ്ങലടിച്ചു.
എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കൂട്ടുകാരും.
ഏറെ നേരം കഴിഞ്ഞ് അജ്ന ചോദിച്ചു.
“പിന്നീട് നിന്റഛൻ നിന്നെ കാണാൻ വന്നതേയില്ലെ...?”
“ആഴ്ചയിലൊരിക്കൽ എന്നെ വന്നു കൊണ്ടുപോകാൻ അഛനെ അനുവദിച്ചിരുന്നു കോടതി. പക്ഷേ, അഛൻ ഒരിക്കലും വന്നില്ല...!”
“നിന്റഛൻ വേറെ വിവാഹം കഴിച്ചോന്നറിയോ...?”
“അറിയില്ല..”
“നിന്റഛൻ നീയറിയാതെ എവിടെയെങ്കിലും വച്ച് നിന്നെ രഹസ്യമായി കാണുന്നുണ്ടാകും...?!“ “അഛനുമായിട്ടുള്ള കേസ് തീർക്കാൻ വേണ്ടി അഛഛൻ സ്വന്തം പേരിലുണ്ടായിരുന്ന തറവാട് വിറ്റിരുന്നു. പിന്നെ ഞങ്ങൾ ഒരുൾഗ്രാമത്തിലാ താമസിച്ചിരുന്നത്. എന്നെ പഠിപ്പിക്കാനും മറ്റും ഇളയമ്മമാരാണ് സഹായിച്ചത്. അവരുടെ വീട്ടിൽ നിന്നാണ് ഞാൻ പഠിച്ചത്. ഇപ്പോഴും അവർ തന്നെയാണ് പഠിപ്പിക്കുന്നത്. പിന്നെ അഛൻ എന്റെ ചിലവുകൾക്കായി  ബാങ്കിൽ ഇട്ടിരുന്ന പണത്തിന്റെ പലിശയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഇതിനിടക്ക് അഛനെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല...!”

ദിവസങ്ങൾ പിന്നേയും കടന്നു പോയി.
ഒരു ദിവസം പതിവുപോലെ ഫേസ്ബുക്കിൽ പരതി നടക്കുന്ന സമയം.
ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ട് അക്സപ്റ്റടിചു.
പിന്നെ അവരുടെ ഫോട്ടോ ഗ്രൂപ്പിൽ നോക്കുമ്പോഴാണ് നെഞ്ചിനുള്ളിൽ ഒരിടിവാൾ മിന്നിയത്..!! രണ്ടു കയ്യും കൊണ്ട് വായ് പൊത്തിപ്പിടിച്ചിരുന്നു പോയി ആരതി.
പിന്നേയും പിന്നേയും ആ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി.
ആ കണ്ണ്, ആ  മൂക്ക്, ആ നെറ്റി, സ്വൽ‌പ്പം കഷണ്ടി കയറിയ തല, ആ ചിരി... ദൈവമേ...!!! പിന്നെയാണ് ചിത്രത്തിന്റെ അടിയിൽ നോക്കുന്നത്. ആ പേര് ആരതി ഉറക്കെ വായിച്ചു.
“രാജൻ മാധവൻ...”
അതെ... അതു തന്നെ...!!
ഈശ്വരാ എന്റഛൻ....!!!
പിന്നെ വേഗം പ്രൊഫൈലിൽ പരതി.
അഛൻ പഠിച്ച സ്കൂൾ.
അതെ, താനും അഞ്ചാം ക്ലാസുവരെ അവിടെത്തന്നെയാണ് പഠിച്ചത്.
ആരതിയുടെ ശരീരം വല്ലാതെ വിറകൊണ്ടു.
ഈശ്വരാ ഇതു സത്യമോ...?

അഛന് ‘ഫ്രണ്ട് റിക്വസ്റ്റ്’ അയക്കാനായി ക്ലിക്കാൻ പോയതാണെങ്കിലും, പിന്നീട് ആലോചിച്ചു. ഇപ്പോഴത്തെ തന്നെ അഛൻ തിരിച്ചറിയില്ല. പഴയ അഞ്ചാം ക്ലാസുകാരിയല്ലല്ലൊ താനിപ്പോൾ. എംബിയേക്കു പഠിക്കുന്ന ഒരു മുതിർന്ന കുട്ടിയല്ലെ. പെട്ടെന്നവൾക്ക് ഓർമ്മ വന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ പഴയ കുറേ ഫോട്ടോകൾ മോബൈൽ ക്യാമറയിൽ പകർത്തിയിരുന്നത്.   അവൾ മോബൈലിൽ പരതി, തന്റെ നാലം ക്ലാസിലെ സ്കൂൾ ഗ്രൂപ്പ്ഫോട്ടോ കമ്പ്യൂട്ടറിലേക്ക് പകർത്തി. അതിൽ നിന്നും തന്റെ ഫോട്ടോ വേർതിരിച്ചെടുത്ത് ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചറായി ചേർത്തു.
എന്നിട്ട് അഛന് ‘ഫ്രണ്ട് റിക്വസ്റ്റ് ’ അയച്ചു.
വല്ലാത്ത ഒരു വിറയലോടെയാണ് ആ ക്ലിക്ക് ചെയ്തത്.
കുറച്ചു നേരം ആരതി അതും നോക്കി ഒറ്റയിരിപ്പിരിന്നു.
അഛൻ ഇപ്പോഴും ഗൾഫിൽ തന്നെയാണ്.
അഛൻ വേറെ വിവാഹം കഴിച്ചിട്ടുണ്ടാകുമോ...?
തന്നെ മറന്നിരിക്കുമോ...?

**********                                     ***************                            ****************          

ഗൾഫിലൊരിടത്തിരുന്ന് തന്റെ ഫേസ്ബുക്ക് പേജുകളിൽ സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ പരതി മെസ്സേജ് അയച്ചും  വാട്ട്സ്സപ്പിൽ കൂടി സല്ലപിച്ചും കാലം കഴിക്കുകയായിരുന്നു രാജൻ മാധവൻ എന്ന രാജേട്ടൻ. അമ്മയുടെ മരണശേഷം ഒറ്റയ്ക്കായിപ്പോയ രാജേട്ടനെ തിരികെ വിളിച്ചത് തന്റെ പഴയ കൂട്ടുകാർ തന്നെയായിരുന്നു. അങ്ങനെയാണ് തന്റെ പഴയ സങ്കേതത്തിൽ തന്നെ തിരിച്ചെത്തുന്നത്.

ഒറ്റക്കായിപ്പോയ രാജേട്ടന്റെ മുന്നിൽ ജീവിതം ഒരു ചോദ്യച്ചിഹ്നമായി നിലകൊണ്ടു.
ഇനി ആർക്ക് എന്തിനു വേണ്ടി ജീവിക്കണമെന്ന ചിന്തയോടെ തേരാപാരാ നടക്കുമ്പോഴാണ് പഴയ സുഹൃത്തുക്കളിൽ നിന്നും വിളി വരുന്നത്. വീട്ടു സാധനങ്ങളെല്ലാം വാരിവലിച്ച് ഒരു മുറിക്കകത്താക്കി പൂട്ടി. ബാക്കിയുള്ള സ്ഥലം ഒരു ഫാമിലിക്ക് വാടകക്ക് കൊടുത്ത് നാടു വിട്ടതായിരുന്നു രാജേട്ടൻ. പിന്നെ നാട്ടിലേക്ക് പോയിട്ടില്ലിതുവരെ. ‘അവിടെ ആരിരിക്കുന്നു തന്നെക്കാത്ത് ’ എന്ന ചിന്തയാണ് വർഷങ്ങളായി ഇവിടെത്തന്നെ കഴിയാൻ രാജേട്ടനെ പ്രേരിപ്പിച്ചത്. ഇനിയൊരു വിവാഹത്തിനു തയ്യാറായിക്കൂടെയെന്ന ചോദ്യത്തിന്, ‘ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് താൽ‌പ്പര്യമില്ലെന്നു’ പറഞ്ഞൊഴിയും.

മോണിംങ് ഡ്യൂട്ടി കഴിഞ്ഞു വന്ന് കുളിച്ച് പതിവുപോലെ ഒരു ഗ്ലാസ് ബീയർ കാലിയാക്കി, ചിക്കന്റെ ഒരു കഷണം വായിലേക്കിട്ട നേരത്താണ് ആ ഫ്രണ്ട് റിക്വസ്റ്റ് കണ്ണിൽ‌പ്പെട്ടത്...!
ഒരു നിമിഷം കണ്ണുകളടഞ്ഞു പോയി...!!
വീണ്ടും കണ്ണു തുറന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടാ പേര് സാവധാനം വായിച്ചു.
‘ആരതി രാജൻ...!!!’
ആ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി.
വീണ്ടൂം വീണ്ടും സൂക്ഷിച്ചു നോക്കി.
താൻ അവസാനമായി കാണുമ്പോഴുള്ള തന്റെ മോളുടെ ചിത്രം തന്നെയല്ലെ ഇത്...?
ഒരു നിമിഷം കൊണ്ട് ശരീരം വിയർത്തു കുളിച്ചു.
ഏസിയുടെ കുളിർമ്മയിലും കുടിച്ച ബീയറത്രയും വിയർപ്പായി പുറത്തെത്തി...
വീണ്ടും ഒരു ഗ്ലാസ് ബീയറെടുത്ത് ഒറ്റവലിക്കകത്താക്കി.
പിന്നെ അവളുടെ ‘ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ്’ ചെയ്തു.
അവളുടെ പ്രൊഫൈൽ പരിശോധിച്ചു.
പക്ഷേ, അതൊരു ബാംഗ്ലൂർ മേൽ‌വിലാസമായിരുന്നു.

പിന്നേയും കുപ്പികൾ ഒഴിഞ്ഞുകൊണ്ടിരുന്നു.
ഈ വിവരം ഉടനെ തന്നെ നാട്ടിലുള്ള തന്റെ അനിയനേയും ചേട്ടനേയുമൊക്കെ അറിയിച്ചു.
അവരും ഉടനെതന്നെ പരിശോധിച്ച് ഉറപ്പു വരുത്തി.
രാജേട്ടൻ മെസ്സേജ് കോളത്തിലെഴുതി.
“ മോളെ.. ആരൂ... ”
അത്രമാത്രം...!!!

‘മോളേ ആരൂ..’ എന്ന മെസ്സേജ് കണ്ട് ആരതിക്ക് ബോധക്കേടായിപ്പോയി...!!
‘ആരൂ‘ എന്ന് അഛനും അമ്മയും മാത്രമെ വിളിക്കുമായിരുന്നുള്ളു.
പ്രതീക്ഷിച്ചു കാത്തിരുന്നതാണെങ്കിലും, ഇനിയൊരു സംശയത്തിന് ഇടമില്ലാത്തതു കൊണ്ടാണ് ആരതി പതറിപ്പോയത്.
തന്റെ അഛൻ തന്നെ...!!
ഉടനെയൊരു മറുപടി കൊടുക്കാൻ പിന്നേയും മടിച്ചു. അഛാന്നു വിളിക്കാൻ ഒരു വൈക്ലബ്യം. എത്രയോ വർഷമായി അങ്ങനെയൊരു വാക്കുച്ചരിച്ചിട്ട്. ഈ വിവരം അമ്മയെ വിളിച്ചറിയിച്ചാലോ...?
അല്ലെങ്കിൽ വേണ്ട. അഛനോട് സംസാരിച്ചിട്ടാകാം...

അന്നു രാത്രിയിൽ ആരതിക്ക് ഉറങ്ങാനായില്ല.
അഛനെത്തന്നെ മനസ്സിൽ കൊണ്ടു നടന്നു.
തന്റെ മോളാണതെന്ന് ഉറപ്പാക്കാനാകാതെ രാജേട്ടൻ കിടന്ന് ഞെളിപിരി കൊണ്ടു.
എന്താണ് മറുപടി എഴുതാത്തത്.
അതോ, താൻ വിചാരിച്ചതു പോലെ തന്റെ മോളല്ലാതിരിക്കുമോ...?
ഫേസ്ബുക്കിലെ ആ പേജ് ഇനിയും അടച്ചിട്ടില്ല രാജേട്ടൻ.
തുറന്നു തന്നെ കിടക്കുകയാണ്.
ഒരു മറുപടിക്കായി, ‘അഛാ..’ എന്ന വിളിക്കായി കാതോർത്ത് രാജേട്ടൻ ഉറങ്ങാതിരുന്നു.
കുപ്പികൾ നിരവധി കാലിയായിക്കഴിഞ്ഞിരുന്നു.
നേരം വെളുപ്പിനെപ്പോഴോ ആണ് ഒന്നു കണ്ണടഞ്ഞു പോയത്.
എന്നിട്ടും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് കമ്പ്യൂട്ടറിൽ നോക്കി.
അതെപ്പോഴൊ ഓഫായ്പ്പോയിരുന്നു.
മൌസൊന്നു അനക്കേണ്ട താമസം സ്ക്രീൻ തെളിഞ്ഞു തെളിഞ്ഞു വന്നു.
അതാ സ്ക്രീനിൽ ‘അഛാ...’എന്ന ഒരു വിളി മാത്രം കിടക്കുന്നു.
അത് മുഴുവൻ വായിക്കാനായില്ല രാജേട്ടന്.
അതിനു മുൻപേ കണ്ണുനീർ വന്ന് കാഴ്ചയെ മറച്ചിരുന്നു.
കണ്ണുകൾ തുടച്ചിട്ട് വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തി.
ഒരു നിമിഷം കഴിഞ്ഞ് രാജേട്ടൻ എഴുതി.
“ മോളേ.. നീയെവിടാ.. ബാംഗ്ലൂർ അഡ്രെസ്സാണല്ലൊ കാണുന്നത്.... മോളുടെ ഫോൺ നമ്പറെത്രയാ.. ഇതാണ് അഛന്റെ നമ്പർ....**********”
എല്ലാം കൂടി ഒറ്റശ്വാസത്തിൽ പറയുന്നതു പോലെയാണ് എഴുത്ത്.


അതെഴുതിക്കഴിഞ്ഞതും രാജേട്ടന്റെ ശ്വാസഗതി താളം തെറ്റി.
വല്ലാതെ വിയർക്കാൻ തുടങ്ങി.
അവശനായതുപോലെ ബഡ്ഡിലേക്ക് മലർന്നു.
ഏസിയുടെ തണുപ്പിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുന്ന കൂട്ടുകാർ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. തെല്ലൊരാശ്വാസം തോന്നിയപ്പോൾ വീണ്ടും എഴുന്നേറ്റിരുന്നു.
അപ്പോഴേക്കും ആരതിയുടെ ഫോൺ നമ്പർ സ്ക്രീനിൽ തെളിഞ്ഞിരുന്നു.
അത് മോബൈലിലേക്ക് പകർത്താനായി തുടങ്ങിയതേയുള്ളായിരുന്നു.
അതിനുള്ളിൽ രാജേട്ടന്റെ ഫോൺ റിംഗ്  ചെയ്തു.
നാട്ടിൽ നിന്നുള്ള നമ്പറാണ്....!
സുഖമായുറങ്ങുന്ന കൂട്ടുകാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനായി ഫോണുമായി പുറത്തിറങ്ങി അടുക്കളയിലേക്കോടി. അവിടെ വച്ച് ആ കോൾ അറ്റന്റു ചെയ്തു.
“ഹലോ...!?” രാജേട്ടന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
അങ്ങേത്തലക്കൽ നിശ്ശബ്ദത മാത്രം.
വീണ്ടും സമനില വീണ്ടെടുത്ത് രാജേട്ടൻ പറഞ്ഞു.
“ഹലോ...”
ഒരു നിമിഷം കഴിഞ്ഞ് അങ്ങേത്തലയ്ക്കലിൽ നിന്നും പതിഞ്ഞൊരു ശബ്ദം
“അഛാ.... !!!”
പിന്നെ ഒരു പൊട്ടിക്കരച്ചിലും....
ആരതിയെ താങ്ങിപ്പിടിച്ച് രമ്യയും കൂട്ടുകാരും ചുറ്റും നിന്നിരുന്നു.
അവളെ ആശ്വസിപ്പിക്കാൻ അവർ നന്നേ പാടുപെട്ടു.

എന്താണ് രാജേട്ടന് സംഭവിച്ചത്...?
എന്തിനാണവർ പിരിഞ്ഞത്....?
അതിനായി പതിവുപോലെ അടുത്ത പോസ്റ്റ് വരുന്നതു വരെ കാത്തിരിക്കേണ്ട കൂട്ടുകാരെ.
ഇതിലേ പോയാൽ ആ സംഭവ കഥ വായിച്ചു മടങ്ങാം...