Monday 15 August 2011

സ്വപ്നഭുമിയിലേക്ക്...(47) തുടരുന്നു...


എല്ലാ ഭാരതീയർക്കും
‘സ്വാതന്ത്ര്യദിനാശംസകൾ’

കഥ തുടരുന്നു...

ഇങ്ങനേയും ചില ജന്മങ്ങൾ....

ബഹ്‌റീനിൽ എത്തിയതും ആദ്യം കയറിയത് എന്റെ പഴയ ഫ്ലാറ്റിലാണ്. കാരണം അവിടെ കാർന്നോരെ കണ്ടിട്ട് വേണമായിരുന്നു എന്റെ ഫ്ലാറ്റിലോട്ട് പോകാൻ.
കാർന്നോരെ നിങ്ങൾക്ക് ഓർമ്മയിലുണ്ടാകും.
നമ്മുടെ വർഗ്ഗീസേട്ടൻ..!

നാട്ടിൽ നിന്നും വരുന്നവർ ‘ഡ്യുട്ടി ഫ്രീ’ യിൽ നിന്നും വർഗ്ഗീസേട്ടനുള്ള കാണിക്ക വാങ്ങിയിട്ടേ വരികയുള്ളു. അതും കാണിക്കയിട്ട്, അല്ലറ ചില്ലറ വറപൊരി സാധനങ്ങൾ വിതരണവും നടത്തിയിട്ടേ അവിടന്നിറങ്ങിയുള്ളു.

എന്റെ ഫ്ലാറ്റിലെത്തിയതും താഴത്തെ നിലയിലെ മുകുന്ദൻ ഓടിവന്നു.
നാട്ടുവിശേഷങ്ങൾക്കൊടുവിൽ പറഞ്ഞു.
“ഇന്ന് രാത്രി താഴേക്കു വരണം. ഒരു പാർട്ടിയുണ്ട്...”
“അയ്യോ.. ഇന്ന് വർഗ്ഗീസേട്ടന്റെ കൂടെയാ... ” ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
“വർഗ്ഗീസേട്ടന്റെ പാർട്ടി എന്നുമുള്ളതല്ലെ. ഇതങ്ങനെയല്ല. ഇതൊരു സ്പെഷ്യൽ പാർട്ടിയാ..!
നീ വാ..”
അവൻ താഴേക്കിറങ്ങിപ്പോയി.

രാത്രിയിൽ മുകുന്ദന്റെ വിളി കേട്ടാണ് ഇറങ്ങിച്ചെന്നത്. അധികം ആളുകളൊന്നുമില്ല. ഒരഞ്ചാറു പേർ. അത്രയേ ഉള്ളൂ. മുറിയിൽ കയറി കട്ടിലിലും നിലത്തും ഒക്കെയായി ഞങ്ങൾ സ്ഥലം പിടിച്ചു. അപ്പൊഴാണ് പുറത്തു നിന്നും ഇന്നത്തെ പാർട്ടിക്ക് കാരണഭൂതനായവന്റെ എഴുന്നള്ളത്ത്. എനിക്കവനെ വലിയ പരിചയം തോന്നുന്നില്ല. എങ്കിലും കണ്ടിട്ടുണ്ടല്ലൊ എന്നൊരു തോന്നലുമുണ്ട്. മുകുന്ദനാണ് പരിചയപ്പെടുത്തിയത്.

അവന്റെ പേരും നാടും പറഞ്ഞതും ആളെ പിടുത്തം കിട്ടി. ഞാൻ ചോദിച്ചു.
“ താൻ നാട്ടീന്നു വന്നിട്ട് മുന്നു മാസം പോലും ആയില്ലല്ലൊ...?”
“ഇല്ലന്നേ..” എന്നു മറുപടി പറഞ്ഞത് മുകുന്ദനാണ്.
“പിന്നെന്തിനാ ഇപ്പോൾ നാട്ടിൽ പോകുന്നത്..?”
“അവന് ഇവിടെ പറ്റണില്ലാന്ന്... ഉടനെ പോകണോത്രെ..!” മുകുന്ദൻ.
“അങ്ങനെ പോകാൻ അറബി സമ്മതിക്കോ...?”
“അവന്റെ വിസയൊന്നും അറബി ഇതുവരെ അടിപ്പിച്ചിട്ടില്ല...”
“അതെന്താ ഇതുവരെ വിസ അടിക്കാഞ്ഞത്...”
“മൂന്നു മാസത്തിനുള്ളിൽ അടിച്ചാൽ മതിയല്ലൊ. അറബി നല്ലവനാ...”

എന്തോ കുഴഞ്ഞു മറിഞ്ഞ സംഗതി കിടപ്പുണ്ടെന്ന് എനിക്കു മനസ്സിലായി. അപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചോദിക്കാൻ കഴിയില്ല. ഞങ്ങളും ബീയർ ഓരോന്നെടുത്ത് പൊട്ടിച്ചു. എല്ലാവരുമായുള്ള സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, തിരിച്ചു പോകുന്ന ആള് ദരിദ്രവാസിയൊന്നുമല്ല. നാട്ടിൽ നല്ല സെറ്റപ്പൊക്കെ ഉള്ള ആളാണ്. സാധാരണ ഗൽഫിലേക്ക് വരുന്നവർ പറയുന്നതു പോലെ ‘ഭാര്യയുടെ കെട്ടു താലി പണയം വച്ച കഥയോ, ബ്ലേഡിൽ നിന്നും കാശു പലിശക്കെടുത്തെന്നൊ ഒന്നുമല്ല പറയുന്നത്. ഇതൊരു ‘ഡെയ്ലി ചിട്ടിക്കാരന്റടുത്തു നിന്നും വാങ്ങിയാണ് ഏജന്റിനു കൊടുത്തത്.’
ഏജന്റ് മറ്റാരുമല്ല.
മുകുന്ദൻ തന്നെ...!

മുട്ട ചിക്കിവറുക്കാനായി മുകുന്ദനോടൊപ്പം അടുക്കളയിലേക്ക് ഞാനും നടന്നു. ഇത്തരം പാർട്ടികളിൽ ഈ വക അടുക്കളപ്പണികൾ വീട്ടുകാർ തന്നെ ചെയ്യണം. ഓരൊന്നും തീരുന്നതിനനുസരിച്ച് വീണ്ടും ഉണ്ടാക്കിക്കൊണ്ടിരിക്കണം. പണിയെടുത്ത് മടുക്കുമ്പോൾ ചിലപ്പൊഴൊക്കെ മുളക് പൊടി ആവശ്യത്തിലധികം ചേർത്ത് പ്രതികാരവും ചെയ്യാറുണ്ട് കെട്ടൊ. ചിലരൊക്കെ ചൂടാകും. ഇത്തിരി വെള്ളം അകത്തു ചെന്നാൽ തനി സ്വഭാവം കാണിക്കുന്നവരുമായി ഉന്തും തള്ളുമൊക്കെ പ്രതീക്ഷിക്കാം. അവരൊടൊക്കെ പറയുന്ന ഒരു സ്ഥിരം മറുപടിയുണ്ട്.
‘ ഞാനും പൂസ്സായിപ്പോയടാ.. മുളകു പൊടി കണ്ടിട്ട് തിരിച്ചറിഞ്ഞില്ല.., ഇട്ടത് കൂടിപ്പൊയി..! എന്നൊക്കെ. ’ അതു കേട്ടാൽ ദ്വേഷ്യം വന്നവരും ചിരിച്ചു പോകും..

അടുക്കളയിൽ വച്ചാണ് അവന്റെ കഥ മുകുന്ദൻ പറയുന്നത്.
വിസ ചോദിച്ച് ശല്യപ്പെടുത്തിയപ്പോൾ മുകുന്ദൻ അയാളോട് പറഞ്ഞിരുന്നത് ഏജന്റിന് ഒന്നര ലക്ഷം കൊടുക്കണം. പിന്നെ പോരാനുള്ള ടിക്കറ്റ് നീ എടുത്തോളണം. എല്ലാം അയാൾ സമ്മതിച്ചു.
വിമാനം കയറുന്നതിനു മുൻപു തന്നെ ഒന്നര ലക്ഷം മുകുന്ദന്റെ വീട്ടിൽ കൊടുത്തു.
ഇതിൽ അറബിക്ക് ഒരു ലക്ഷത്തിനു തുല്യമായ ദിനാർ കൊടുത്താൽ മതി.
അര ലക്ഷം മുകുന്ദന്റെ കമ്മീഷനാണ്...!
ഞാൻ ചോദിച്ചു.
“ എടാ ദുഷ്ടാ.... അര ലക്ഷം നീ കമ്മീഷനടിച്ചോ...?!”
വിശ്വസിക്കാനാകാതെ ഞാൻ തലയിൽ കൈ വച്ചു പോയി.
“എടാ നിനക്കറിയാഞ്ഞിട്ടാ അവനെ... അവന്റെ ഉദ്ദേശം അറിഞ്ഞാൽ നീ തന്നെ പറയും അതു പോരായിരുന്നുവെന്ന്..!?”
“അതെന്തു കുന്തമാടാ...?”
“പറയാം.. ഇതവന്മാരുടെ മുൻപിലെത്തിച്ചിട്ടു വരട്ടെ..”
ചിക്കി വറുത്തെടുത്ത മുട്ട പ്ലേറ്റിലാക്കി കൊണ്ടു പോകുന്നതിനിടെ മുകുന്ദൻ പറഞ്ഞു.

മുട്ട വറുത്തത് അങ്ങോട്ട് കൊണ്ടു ചെന്നതേ കണ്ടുള്ളു. എല്ലാവരും കൂടി ഇടിയിട്ടു വാരി അകത്താക്കി.
രണ്ടാമത്തെ സ്റ്റെപ്പാണ് ‘കോഴിക്കാൽ.’
മുകുന്ദൻ പോയതോടെ കോഴിക്കാലുകൾ മസ്സാല പുരട്ടി വച്ചിരുന്നത് എടുത്ത് ചട്ടിയിലിട്ട് ഞാൻ ഇളക്കി മറിച്ചിട്ടുകൊണ്ടിരുന്നു. ഇവിടന്നു പോയാൽ പിന്നെ ഇവിടെത്തന്നെ വരണം ഇതു പോലെ കോഴിക്കാൽ വറുത്തു തിന്നണമെങ്കിൽ. നാട്ടിൽ കോഴി വാങ്ങിച്ചാൽ ഒരു കാൽ എത്ര കഷണമാക്കേണ്ടി വരും...?

അപ്പൊഴേക്കും മുകുന്ദൻ തിരിച്ചെത്തി. കഥയുടെ ബാക്കി പറയാനായി അവനെ നിർബ്ബന്ധിച്ചു.
“എന്നിട്ട്.. അവനെന്തു വിസക്കാ വന്നത്..? ”
“ഹാ ഹാ.. ഹാ.. ഇന്നുവരെ ഒരാളും വരാത്ത ജോലിക്കാ അവൻ വന്നത്...!?”
“ഹാ. നീ വളച്ചു കെട്ടാതെ കാര്യം പറ മുകുന്ദാ...” എനിക്ക് ദ്വേഷ്യം വരാൻ തുടങ്ങി.
“അവൻ വന്നത് ‘നിറങ്ങളും കളറുകളും’ തേടി...!’
“ നിറങ്ങളും കളറുകളുമോ...?” ഞാൻ ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി.
“ എടാ ചെല്ലക്കിളികൾ....!?” ഞാൻ പിന്നെയും വായ് പൊളിച്ചു നിന്നു.
ചട്ടിയിൽ കിടന്നു പൊരിയുന്ന ചിക്കൻ കാലുകൾ ഒന്നു കൂടി മറിച്ചിട്ടുകൊണ്ടാണ് മുകുന്ദൻ തമാശ മട്ടിൽ പറയുന്നത്.

എന്റെ ആകാംക്ഷ കണ്ട് മുകുന്ദൻ വിശദമായി പറഞ്ഞു.
“ ഇവനു നാട്ടിൽ മൂന്നാലു കടകളുണ്ട്. അതിൽ തന്നെ രണ്ടെണ്ണം ഇവൻ നേരിട്ടു നടത്തിക്കൊണ്ടിരുന്നതാ. ഗൾഫിൽ നിന്നും വരുന്ന സുഹൃത്തുക്കളുമായി കമ്പനി കൂടുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞിവനെ പിരി കേറ്റും. ഇവന് പെണ്ണുങ്ങളെന്നു പറഞ്ഞാൽ ഭ്രാന്താ..!
അതിനു വേണ്ടി എത്ര പണം ചിലവാക്കാനും മടിയില്ല. നാട്ടിൽ ഇന്ത്യക്കാരെ മാത്രമല്ലെ കിട്ടുകയുള്ളു. ഇവിടെയാകുമ്പോൾ ലോകത്തുള്ള സകല നാട്ടിലെയും പെണ്ണുങ്ങളേയും കിട്ടും...!?
അതു പോലെ തന്നെയാണ് വെള്ളമടിയും. നാട്ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യമല്ലെ കിട്ടുകയുള്ളൂ. ഇവിടെ എല്ലാത്തിന്റേയും ഒറിജിനൽ തന്നെ കിട്ടില്ലെ.

അവർ പറഞ്ഞ് പറഞ്ഞ് ഇവനെ പിരി കേറ്റി. എന്തു വന്നാലും വേണ്ടില്ല ഗൽഫിലൊന്നെത്തിയാൽ മതിയെന്നായി. അങ്ങനെയാണ് ഇപ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഇവനെന്നെ വിടാതെ പിടികൂടിയത്. ഇവൻ പോരാതിരിക്കാൻ വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതാ വിസക്ക് ഒന്നര ലക്ഷം രൂപയാകുമെന്ന്..! അതവൻ എടുത്തപടി സമ്മതിച്ചു. അങ്ങനെയാണ് ഞാനവന് ഈ വിസ സംഘടിപ്പിച്ച് കൊടുത്തത്.”

അപ്പൊഴേക്കും അകത്തു നിന്നും വിളി വന്നു. മുകുന്ദൻ കോരിയെടുത്ത കോഴിക്കാലുകളുമായി അകത്തേക്കു പോയി. ഞങ്ങൾക്കായി മാറ്റിവച്ചിരുന്നതിൽ ഒരു കോഴിക്കാലെടുത്ത് ഞാനും കടിച്ചു പറിക്കാൻ തുടങ്ങി. പുതിയ സെറ്റ് കോഴിക്കാലുകൾ ചട്ടിയിലേക്ക് പൊരിക്കാനായി എടുത്തിട്ടു.

ഞാൻ ഓർക്കുകയായിരുന്നു. ഇങ്ങനേയും ഉണ്ടൊ മനുഷ്യർ...?!
വ്യഭിചരിക്കാനും വെള്ളമടിക്കാനും വേണ്ടി മാത്രം ഇങ്ങോട്ടു കയറി വരികയോ...?
പക്ഷെ, ഇവിടെയുണ്ടല്ലൊ അതിനു പറ്റിയവർ...?
പിന്നെന്തേ ഇത്ര പെട്ടെന്ന് തിരിച്ചു പോകുന്നു....?
വെള്ളമാണെങ്കിൽ പല കളറിൽ, പല നാട്ടിലെ ഓറിജിനൽ തന്നെ ഇവിടെ സുലഭമാണല്ലൊ...?
പിന്നെന്തേ...?

എന്റെ തല ചൂടുപിടിക്കുന്നതിനു മുൻപേ മുകുന്ദൻ തിരിച്ചെത്തി.
കടിച്ചു പറിച്ചു കൊണ്ടിരുന്ന പൊരിച്ച കോഴിക്കാലിന്റെ എല്ലിന്മേലുള്ള പിടി വിട്ട് മറ്റൊന്നു കയ്യിലെടുത്ത് ഞാൻ ചോദിച്ചു.
“ഇവിടെ അവന്റെ ആവശ്യങ്ങളെല്ലാം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നല്ലൊ..? പിന്നെന്തുകൊണ്ടാ അവൻ തിരിച്ചു പോണേ...?”
“അതല്ലെ പറയണെ. അവന്റെ കഷ്ടകാലത്തിന് അർബാബ് ഒരു നല്ലവനായിപ്പോയി. അതവന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയുമായി...!?”
“ശ്ശെടാ... അർബാബ് നല്ലവനായിപ്പോയത് നല്ലതല്ലെ... ഇവിടെ നമ്മളൊക്കെ ആഗ്രഹിക്കുന്നതും അതല്ലെ..? എന്നിട്ടും എത്ര പേർക്ക് അങ്ങനൊന്നു കിട്ടുന്നുണ്ട്. വളരെ അപൂർവ്വമായി ചിലർക്ക് മാത്രമല്ലെ സംഭവിക്കുന്നുള്ളു.”
"ഹാ.. ഹാ.. ചിലർക്ക് അത് പാരയായും മാറാറുണ്ട്. അതിലൊന്നാ ഇത്...!”
“നീയതൊന്ന് തെളിച്ചു പറ. എനിക്ക് ശ്വാസം മുട്ടുന്നു...!”
“ഇവനെ ഞാൻ അർബാബിന്റെ അടുത്ത് കൊണ്ടു ചെന്നാക്കി. ഇവനെ കൂടാതെ മറ്റൊരുത്തൻ കൂടിയുണ്ടായിരുന്നു അന്നവിടെ. അന്നവനോട് അറബി ചോദിച്ചു.
നിനക്കെന്തെങ്കിലും തൊഴിലറിയാമൊ...?
ഇവൻ പറഞ്ഞു. എനിക്ക് ‘മുടിവെട്ടാനറിയാം’.
മറ്റവന് ഒരു പണിയും അറിയില്ല.

അറബി ഒന്നാലോചിച്ചിട്ട് പറഞ്ഞു.
“ശരി. ഞാൻ നിങ്ങൾക്ക് ഒരു കടയിട്ടു തരാം. ഒരു സലൂൺ. നിങ്ങൾ രണ്ടാളും കൂടി ആ കട നോക്കി നടത്തിക്കോ. നിനക്ക് തൊഴിലറിയാമെങ്കിൽ നല്ല പണി കിട്ടും. കിട്ടണത് കടയുടെ വാടകയും മറ്റു ചിലവുകളും കഴിച്ച് മിച്ചമുള്ളത് നിങ്ങൾ രണ്ടാളും കൂടി വീതിച്ചെടുത്തോ. തൽക്കാലം എനിക്കൊന്നും തരണ്ട. നിങ്ങൾ മലബാറികള് പാവങ്ങളാ...!”

അയാൾ പറഞ്ഞതു പോലെ തന്നെ രണ്ടാഴ്ചക്കുള്ളിൽ അയാളുടെ വീടിന്റടുത്ത് തന്നെ ഒരു ‘സലൂൺ’ തുറന്നു. ആ സ്ഥലത്ത് അങ്ങൊനൊരു കട വേറെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വെളുപ്പിന് ആറുമണിക്ക് മുൻപേ ആളുകൾ കടയിലെത്തും. പിന്നെ രാത്രി പതിനൊന്നു മണി കഴിയാതെ പൂട്ടി വീട്ടിൽ പോകാനൊക്കില്ല. അവന്റെ വർക്കത്തുള്ള പണിയും നാട്ടുകാർക്കിഷ്ടമായി.

ഗൾഫിൽ കിട്ടുമായിരുന്ന വെള്ളിയാഴ്ചയിൽ പോലും ഒരൊഴിവു കിട്ടിയില്ല...!
ഏതെങ്കിലും കാരണവശാൽ കട അടച്ചിടാൻ അറബിയും സമ്മതിക്കുമായിരുന്നില്ല.
കിട്ടുന്ന കാശ് ചിലവ് കഴിഞ്ഞുള്ളത് അതേ ദിവസം തന്നെ ഇവർ വീതിച്ചെടുക്കും.

പല ദിവസങ്ങളിലും ഉച്ചക്കുള്ള ഭക്ഷണം അറബി വീട്ടിൽ നിന്നും കൊണ്ടു വന്നു കൊടുക്കും.
‘ഹിന്ദികൾ പാവങ്ങൾ’ എന്ന് അപ്പോഴും അറബി പിറുപിറുക്കും...!
അറബി കൊടുക്കുന്നതിൽ കോഴിയും മട്ടനും ഒഴികെ മറ്റൊന്നും ഇവർ കഴിക്കുമായിരുന്നില്ല. കൂട്ടത്തിൽ ഉള്ള ‘കുപ്പൂസ്’ തൊണ്ടയിൽ നിന്നും ഇറങ്ങിയിട്ടുവേണ്ടെ...!

ദിവസങ്ങൾ കഴിയവെ ഒരു കാര്യം മനസ്സിലായി. തന്റെ സ്വപ്നങ്ങൾ ഇവിടം കൊണ്ട് നടക്കാൻ പോകുന്നില്ല. ഒന്നിനും സമയമില്ല. വേണമെങ്കിൽ നാലു പുത്തനുണ്ടാക്കാൻ പറ്റിയ സമയം. പക്ഷെ, അതാർക്കു വേണം...?!

നേരെ ചൊവ്വെ ‘കളർ വെള്ളം’ പോലും കൊതി തീരുവോളം കുടിക്കാനായില്ല.
പിന്നെയല്ലെ ‘ചെല്ലക്കിളികൾ...!’
അതിനെല്ലാം പട്ടണത്തിൽ പോകണം.

അവനാകെ നിരാശനായി. രണ്ടു മാസം കടിച്ചു പിടിച്ചു നിന്നു.
പിന്നെ മുകുന്ദനെ വിളിയോട് വിളി.
‘എന്നെ ഒന്ന് രക്ഷപ്പെടുത്തടാ..’ എന്നായിരുന്നു ആ വിളിയുടെയെല്ലാം അർത്ഥം..!

മുകുന്ദൻ അവിടെ പോയി കുറേ ഉപദേശിച്ചു.
ഇതൊരു ചാൻസ് അല്ലേടാ...?
ഭാര്യയുടെ കെട്ടു താലി വരെ പണയം വച്ചും വിറ്റു പെറുക്കിയും ഇവിടെ വന്നിട്ട് ഒരു ഗതിയും പിടിക്കാത്തവർ എത്രയോ പേരുണ്ട്. അവർക്കാർക്കും കിട്ടാത്ത ഒരു മഹാഭാഗ്യമാണ് നിനക്ക് കിട്ടിയത്.

ഇതൊന്നും സുഹൃത്തിന്റെ തലയിലോട്ട് കേറിയില്ല. അവന് ഒരേ നിർബ്ബന്ധം തിരിച്ചു പോണം.
മുകുന്ദൻ അറബിയെ കണ്ടു. അവന്റെ അമ്മക്ക് സുഖമില്ലന്ന് നുണ പറഞ്ഞു. അവനെപ്പൊലെ ഒരു നല്ല പണിക്കാരനെ വിടാൻ അറബിക്ക് ഇഷ്ടമില്ലായിരുന്നു. എങ്കിലും അമ്മക്ക് ഇവൻ ഒരേയൊരു മകൻ മാത്രമേയുള്ളുവെന്നു പറഞ്ഞപ്പോൾ അറബിയുടെ മനസ്സലിഞ്ഞു. അവന് തിരിച്ചു പോകാനുള്ള ടിക്കറ്റും കൊടുത്തു. പകരം കടയിൽ നിൽക്കാൻ പറ്റിയ ഒരാളെ മുകുന്ദൻ തന്നെ ഇവിടെ നിന്നും കണ്ടെത്തിക്കൊടുത്ത് കട പൂട്ടാതിരിക്കാൻ ഇടയാക്കിയതു കൊണ്ടാണ് അറബി സമ്മതിച്ചത്.

ഇവൻ പോയിക്കഴിഞ്ഞാൽ അറബിക്ക് വീണ്ടും വിസകിട്ടും.
അവൻ പിന്നെയും കാശുണ്ടാക്കും. അതു വേറെ കാര്യം.
എങ്കിലും ഒരു മനഷ്യപ്പറ്റുള്ള അറബിയാണെന്ന് പറയാതിരിക്കാൻ വയ്യ.

അങ്ങനെ നാളെ രാത്രിയിൽ അയാൾ തിരിച്ചു പോകും. അതിനു മുൻപുള്ള അവസാന കൂട്ടവെടിയാ മുറിയിൽ നടന്നുകൊണ്ടിരിക്കുന്നത്. വിസക്കായി കൊടുത്ത ഒന്നര ലക്ഷം പോയതൊന്നും അയാൾക്കൊരു പ്രശ്നമേയല്ല...!

ഈ സ്വപ്നഭൂമിയിലേക്ക് വരുന്നവർക്കൊക്കെ ഒരേ തരത്തിലുള്ള സ്വപ്നങ്ങളായിരിക്കുമെന്നാണ് ഞാനും ഇതുവരെ കരുതിയിരുന്നത്. ഒരു കുടുംബമുണ്ടാക്കുക, സഹോദരിമാരെ കെട്ടിച്ചയക്കുക, ഒരു വീടുണ്ടാക്കുക എന്നുള്ള മിനിമം ഡിമാന്റുകൾ മാത്രമായിരിക്കുമെല്ലാവർക്കും ഉണ്ടാവുക.

പക്ഷേ, ഇവിടെ പുതിയ സ്വപ്നങ്ങളുമായി ഇതാ ഒരുത്തൻ...!!
നാട്ടിലുമുണ്ടല്ലൊ ഈ മാതിരി കുറേ ജന്മങ്ങൾ ...!
ഒരു കമ്പിൽ തൂണി ചുറ്റിക്കാട്ടിയാൽ മതി, എൻ‌ജിനിയർ, ഡോക്ടർ, പ്രൊഫസർ, മന്ത്രിമാർ, എമ്മെല്ലേമാർ മുതലായ കഷ്ടപ്പെട്ടു സമ്പാദിച്ചതൊക്കെ ഒരു നിമിഷം കൊണ്ടു മറക്കുന്നവർ...!!
അവനവന്റെ സ്വന്തം കുടുംബത്തെപ്പോലും മറക്കുന്നവർ...!!!


ബാക്കി അടുത്ത പോസ്റ്റിൽ...

Monday 1 August 2011

സ്വപ്നഭുമിയിലേക്ക്...(46) തുടരുന്നു...


 കഥ തുടരുന്നു....


 ഹൌസിങ് ലോൺ...

 
പിറ്റെ ദിവസം കാലത്ത് രാജേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പുള്ളിക്കാരനും എന്നോടൊപ്പം ഇറങ്ങി. ബസ് സ്റ്റാന്റ് വരെ എന്നൊടൊപ്പം വന്ന് എന്നെ ബസ്സിൽ കയറ്റി ഇരുത്തി. ഞാൻ പൊയ്ക്കോളാൻ പറഞ്ഞിട്ടും പോകാതെ പിന്നെയും 'തന്റെ വണ്ടി വിട്ടിട്ടേ’ പോകുന്നുള്ളുവെന്ന് പറഞ്ഞ് എന്റടുത്ത് കുത്തിയിരുന്നു.

അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടെ വണ്ടി വിട്ടുള്ളു. അതുവരേക്കും ബഹറീനിലെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. പ്രത്യേകിച്ച് വർഗ്ഗീസേട്ടന്റെ വെള്ളമടിയും ഞങ്ങളെ നിർബ്ബന്ധിച്ച് കുടിപ്പിക്കലും മറ്റും ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നവയായിരുന്നുവല്ലൊ. ഞാനും അതെല്ലാം പറഞ്ഞ് വെറുതെ കുറേ വിഡ്ഡിച്ചിരി ചിരിച്ചു.

ഇപ്പോൾ ഈ ചിരിക്കുന്നതല്ലാതെ ഇവിടന്ന് തിരിച്ചു വീട്ടിലെത്തിയാൽ രാജേട്ടന് പിന്നെന്തുണ്ട് ഓർക്കാൻ....?
പിന്നെന്തുണ്ട് ഒരു സന്തോഷം....?
അതറിയാവുന്നതു കൊണ്ട് ഞാനും ആ തമാശയിൽ ആത്മാർത്ഥമായും പങ്കു ചേർന്നു. വണ്ടി വിടാൻ നേരമാണ് പുള്ളിക്കാരൻ ഇറങ്ങിയത്. പുറത്തിറങ്ങിയിട്ടും ബസ്സിനു പുറത്തിട്ട എന്റെ കൈ വിടാൻ മനസ്സില്ലാതെ...
അവസാനം വണ്ടി പതുക്കെ നീങ്ങും നേരം വണ്ടിയോടൊപ്പം നടന്ന്...
‘ശരി ഞാൻ പോയി വരാം ചേട്ടാ..’ ന്നു പറയണമെന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി കണ്ണുകൾ നിറയാൻ തുടങ്ങി.

എന്റെ കൈ വിട്ടതും രാജേട്ടൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് മുഖം പൊത്തി നിൽക്കുന്നത് ഈറനണിഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായെങ്കിലും ഞാൻ കാണ്ടു.
കരയുകയായിരിക്കും പാവം...!
ഞാനും മുഖം തിരിച്ചു കളഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല. വഴി വക്കിലെ തെങ്ങിൻ തോപ്പുകളും കൃഷിത്തോട്ടങ്ങളും പിന്നിലേക്ക് ഓടി പൊയ്ക്കൊണ്ടിരുന്നെങ്കിലും ഞാനതൊന്നും കാണുന്നുണ്ടായിരുന്നില്ല. പുറത്തേക്കു നോക്കിയാണിരിക്കുന്നതെങ്കിലും അതൊന്നും കണ്ടാസ്വദിക്കാനുള്ള മാനസ്സികാവസ്ഥയിലായിരുന്നില്ല. മനസ്സ് നിറയെ രാജേട്ടനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
പാവം ഇതുവരെ ജീവിച്ചതത്രയും വൃഥാവിലായില്ലേ...?
രണ്ടാമതൊന്നു തുടങ്ങാൻ ഇനിയൊരു യൌവ്വനം ബാക്കിയില്ലാതാനും....!!
ഇനി എന്താണ് പാവത്തിന് കാത്തിരിക്കാനുള്ളത്...?
അമ്മയുടെ മരണമോ...?

*** *** *** ***

വീട്ടിലെത്തിയതും പെങ്കൊച്ചിന്റെ ആദ്യത്തെ പരാതിക്കെട്ടഴിച്ചു.
“ഇത്തവണ വരുമ്പോൾ വീടിന്റെ തറയെങ്കിലും കെട്ടിയിട്ടേ പോകുള്ളൂന്ന് വാശിയിൽ പറയണ കേട്ടല്ലൊ ഇവ്ടൊരാള്..” എങ്ങും തൊടാതെയുള്ള ഒരു പറച്ചിൽ. കളിയാക്കുകാ... !
ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല. ശരിയായിരുന്നു. ബഹറീൻ വിടുന്നതിനു മുൻപേ വിളിച്ചു പറഞ്ഞിരുന്നതാ. ഇതുവരേയും അതിനെക്കുറിച്ചന്വേഷിക്കാൻ നേരം കിട്ടിയില്ല. നാളെത്തന്നെ ബാങ്കിൽ ചെന്ന് വീടു പണിയാൻ ‘ലോൺ’ തരുമോന്നു ചോദിക്കണം.

പിറ്റേ ദിവസം ഞങ്ങൾ രണ്ടു പേരും കൂടി ബാങ്കിൽ ചെന്നു. എന്നാറൈ (NRI) ക്കാരനായതു കൊണ്ട് നമ്മളെ അവര് വേഗം പരിഗണിക്കും. നാട്ടിന് വിദേശനാണ്യം നേടിക്കൊടുക്കണോരല്ലെ ഞങ്ങൾ. അതു കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ല. പോരാത്തതിന് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സർക്കാർ ബാങ്കും. ഇമ്മിണി വല്യ പ്രതീക്ഷയുമായി മാനേജരുടെ മുൻ‌പിലെത്തി.

ആജാനുബാഹുവായ ഒരു കറുത്ത ദേഹം കസേരയിൽ കുടുങ്ങിയിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ട് ഇരിക്കാമെന്നു കരുതി തൊഴുതു പിടിച്ചു നിന്നു. അദ്ദേഹം മെല്ലെ തല ഉയർത്തി ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി. എന്നിട്ട് കനപ്പിച്ചൊരു മൂളലും.
“ഊം...?” പാറപ്പുറത്തിട്ട് ആരോ ചിരട്ട കൊണ്ട് ഒന്നുരസിയതു പോലെ തോന്നി.

അന്നേരത്തെന്തിനാ എന്റെ തൊണ്ടയിലെ വെള്ളം വറ്റിയതെന്നറിയില്ല. ഒരു മറുപടി പറയുന്നതിനു മുൻപ് നാക്കൊന്നു നനക്കാനായി, നാക്ക് വായായ വായ മുഴുവൻ പരതി നടന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം പെങ്കൊച്ച് ചാടിക്കയറിപ്പറഞ്ഞ് എന്നെ രക്ഷപ്പെടുത്തി.
“ഞങ്ങൾ ലോൺ എടുക്കാനായി വന്നതാ...”
“എന്തു ലോൺ...? മേശക്കപ്പുറത്തു നിന്നും വീണ്ടും മുരണ്ടു.
അപ്പൊഴേക്കും ഇച്ചിരി ഉമിനീർ എവിടെന്നൊ ഓടിക്കയറി എത്തി. നാക്കൊന്നു നനഞ്ഞു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.
“ഒരു ഹൌസിങ് ലോണാ..”
“പ്ലാൻ കൊണ്ടു വന്നിട്ടുണ്ടോ...?”
“പ്ലാനോ...?
അങ്ങനെ ഒരു കുന്ത്രാണ്ടം വേണമെന്ന് അതുവരെ ചിന്തിച്ചിരുന്നില്ല. എന്റെ മുഖഭാവം കണ്ടിട്ടാവും പുള്ളിക്കാരൻ മേശവലിപ്പ് തുറന്ന് ഒരു കടലാസ്സ് എടുത്തു നീട്ടി. ഞാനതു വേഗം വാങ്ങി. ‘ഇവനോടൊന്നും പറഞ്ഞിട്ടു കാര്യമില്ല. പോയി പഠിച്ചോണ്ടു വാടാ’ ന്ന് പണ്ടു സ്കൂളിൽ രാമൻപിള്ള സാർ പറയാറുള്ളതു പോലെ തോന്നി.

അതിലെന്താണെന്നറിയാൻ ഒന്നു നോക്കിയതേയുള്ളു.
“അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഒപ്പിച്ചോണ്ടു വാ...! എന്നിട്ട് ലോൺ തരണൊ വേണ്ടയോയെന്ന് ആലോചിക്കാം...!!” ഇത്തവണ ശബ്ദം ഒന്നു മയപ്പെടുത്തി അദ്ദേഹം. എങ്കിലും മുരളൽ തന്നെ. ഞാൻ പിന്നെയും ഒന്നു വായിച്ചു നോക്കാൻ ഒരു ശ്രമം നടത്തി. അതു മനസ്സിലാക്കിയിട്ടെന്നോണം മാനേജർ പിന്നെയും മുരണ്ടു.
“ശരി.. ശരി.. അപ്പൊ പോയിട്ട് പിന്നെ വാ..”

ഞങ്ങളെ എത്രയും വേഗം ഒഴിവാക്കണമെന്ന് വാശിയുള്ളതു പോലെയുള്ള മുരളൽ കേട്ട് വേഗം ചാടി പുറത്തിറങ്ങി. ഞാൻ ശരിക്കും വിയർത്തു കുളിച്ചിരുന്നു. അതു കണ്ട് പെങ്കൊച്ചിന് രസം തോന്നി.
“ചേട്ടനെന്തിനാ അയാളുടെ മുന്നിൽ നിന്ന് വിയർത്തു കുളിച്ചെ...?”
“അതു പിന്നെ മോളെ.... അയാക്കടെ രൂപം കണ്ടപ്പൊ തന്നെ എന്റെ വായിലെ വെള്ളം വറ്റി...”
അതു കേട്ടതും നല്ലപാതി വായ നിറച്ച് ചിരിക്കാൻ തുടങ്ങി.
“അയാൾ ബാങ്കിന്റെ മാനേജരാണെന്നല്ലെയുള്ളു. പൊലീസ്സൊന്നുമല്ലല്ലൊ. അയാൾ നമ്മളെ തിന്നുകയൊന്നുമില്ലല്ലൊ. ചെന്ന് കാര്യം പറയണതിനു വിയർക്കാൻ പോയേക്കണു...!”
“ശരിയാണല്ലൊ... എന്തിനാ ഞാൻ അയാളൂടെ മുന്നിൽ നിന്നു വിയർക്കാൻ പോയ്യേ...?”
പറ്റിയ ജാള്യത മറച്ചു വക്കാനായി മൂപ്പിലാത്തിയോട് ദ്വേഷ്യപ്പെട്ട് കയ്യിലെ പേപ്പറെടുത്ത് ഒന്നു വായിച്ചു നോക്കി.
‘പൊസ്സഷൻ സർട്ടിഫിക്കറ്റ്, സാലറി സർട്ടിഫിക്കറ്റ്, പോക്കുവരത്ത് സർട്ടിഫിക്കറ്റ്, ലൊക്കേഷൻ , ആധാരം, മുന്നാധാരം പിന്നാധാരം എന്റെ ദൈവമേ...!!’

പലതും ആദ്യമായിട്ടു കേൾക്കുന്ന പേരുകളാണു താനും. ഇതു വരെ ഒരു ലോൺ എടുക്കാനൊ, ആധാരം ചെയ്യാനോ ഒന്നും പോയിട്ടില്ലാത്തതു കൊണ്ട് എല്ലാം പുതിയ അറിവുകളായിരുന്നു. ഇതൊന്നും ഈ നൂറ്റാണ്ടിൽ നടക്കണ കാര്യമാല്ലെന്നുള്ള തോന്നലിൽ ആ ബസ് സ്റ്റോപ്പിൽ വച്ചു തന്നെ അതു വലിച്ചു കീറി ഓടയിലൊഴുക്കി. പെങ്കൊച്ചു കണ്ണുമിഴിച്ച് നോക്കി. ഞാൻ പറഞ്ഞു.
“ ചെന്നിട്ട് ഒന്നിരിക്കാൻ പോലും പറയാത്ത ആ മൂർക്കന്റെ ലോൺ ഇനി വേണ്ടാ... അവന്റെ ബാങ്കിലെ അക്കൌണ്ട് ഉടനെ തന്നെ അവസാനിപ്പിക്കണം.”
“ഓ... പറയണ കേട്ടാൽ തോന്നും അതിനകത്ത് കോടികളാ കെടക്കണെതെന്ന്...”
എന്നിട്ട് ആക്കി ഒരു ചിരിയും....!
പെങ്കൊച്ചിന്റെ കളിയാക്കൽ എനിക്കത്ര പിടിച്ചില്ല. എങ്കിലും വഴിവക്കായതു കൊണ്ട് സംയമനം പാലിച്ചു.
“നമുക്ക് എന്റെ അക്കൌണ്ടുള്ള ബാങ്കിൽ ഈ വഴി പോയാലോ...?”
പെങ്കൊച്ചിന്റെ ആ നിർദ്ദേശം നല്ലതായി തോന്നി. നേരെ അങ്ങോട്ടു വിട്ടു.

അതൊരു പ്രൈവറ്റ് ബാങ്കായിരുന്നു. ചെന്നപ്പോൾ തിരക്കൊക്കെ കുറഞ്ഞ ഒരു സമയമായിരുന്നു.
ചില്ലു കൂട്ടിനകത്തിരിക്കുന്ന മാനേജർ സാറിനെ അകത്തു കയറിയപ്പോൾ തന്നെ കണ്ടു. എന്നെ ആദ്യമായിട്ടു കണ്ടതു കൊണ്ടാകും അദ്ദേഹം കയ്യാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്കു തന്നെ ഒരു ചന്തമുണ്ടായിരുന്നു. ഞങ്ങൾ അകത്തു ചെന്നതും അദ്ദേഹം സിറ്റിൽ നിന്നും എഴുന്നേറ്റ് ‘ഹലോ’ന്നു പറഞ്ഞ് ഷേക്കഹാന്റ് തന്നു. വളരെ വളരെ സന്തോഷം തോന്നി അപ്പോൾ. അന്നേരം മറ്റേ ബാങ്കിലെ ആ കാർക്കോടകന്റെ മുഖവും മുരളലും ആയിരുന്നു മനസ്സിൽ തെളിഞ്ഞു വന്നത്.

പിന്നെ ഞാൻ എന്നെ പരിചയപ്പെടുത്തി. ഞങ്ങൾ വന്ന വിവരം പറഞ്ഞു. ക്ഷമയോടെ എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു.
“ഇത്തവണ എന്തായാലും ലോൺ ശരിയാക്കലും തറ കെട്ടലും നടക്കില്ല. ഇനി പത്തുപതിമൂന്നു ദിവസമല്ലെയുള്ളു തിരിച്ചു പോകാൻ. ലോൺ അനുവദിക്കുന്നതിനു മുൻപ് കുറച്ചു പേപ്പറുകൾ ശരിയാക്കാനുണ്ട്. അതത്ര വിഷമമുള്ള കാര്യമല്ലെങ്കിലും സമയം ആവശ്യമാണ്. അതോടൊപ്പം അവിടന്നുള്ള താങ്കളുടെ സാലറി സർട്ടിഫിക്കറ്റും വേണം.”

മാനേജർ വിശദമാക്കിയതെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്ന എനിക്ക് സാലറി സർട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞപ്പോൾ ചിരി വന്നു. അതേ മൂടിൽ തന്നെ ഞാൻ ചോദിച്ചു.
“ഗൾഫിലെ സാലറി സർട്ടിഫിക്കറ്റ് ഇവിടെ കിട്ടിയിട്ട് എന്തു ചെയ്യാനാണെന്നു മനസ്സിലായില്ല. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ജോലിയാണ് ഞങ്ങളുടേത്. ഒരു തീപിടിത്തമോ, ആക്സിഡന്റോ, നിയമ മാറ്റമോ, എന്തിനേറെ അർബ്ബാബിനു ചെറിയൊരു ഇഷ്ടക്കുറവു വന്നാൽ പോലും നഷ്ടപ്പെടാവുന്നതാണ് ഞങ്ങളുടെ ജോലി...!!”
മാനേജർ അതു കേട്ട് പുഞ്ചിരിയോടെ പറഞ്ഞു.
“ അത് ഞങ്ങൾക്കും അറിയാം. ലോൺ തരുന്നത് നിങ്ങൾ തരുന്ന സ്ഥലത്തിന്റെ ഈടിന്മേലാണ്. പക്ഷെ, നിങ്ങൾ ആവശ്യപ്പെടുന്ന ലോൺ തരുമ്പോൾ അത് തിരിച്ചടക്കാനുള്ള വരുമാനം നിങ്ങൾക്കുണ്ടോന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതിന് നിങ്ങളുടെ സാലറി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. അതോടൊപ്പം നിങ്ങളുടെ ജോലിയുടെ സ്വഭാവം. നിയമപരമായാണൊ ജോലി ചെയ്യുന്നത് എന്നൊക്കെ അതിലൂടെ അറിയാൻ പറ്റും. ഈ സാലറി സർട്ടിഫിക്കറ്റ് ‘ഇൻഡ്യൻ എംബസ്സി’ യിൽ നിന്നും അറ്റസ്റ്റ് ചെയ്യിച്ചിട്ടു വേണം കൊണ്ടുവരാൻ. മറ്റൊന്നുള്ളത് എത്ര തുകയാണ് ലോൺ വേണ്ടത് അതിന്റെ പതിനഞ്ച് ശതമാനം എങ്കിലും നിങ്ങളുടെ NRI അക്കൌണ്ടിൽ ഉണ്ടായിരിക്കണം”

എത്ര വ്യക്തമായാണ് അദ്ദേഹം എല്ലാം മനസ്സിലാക്കിത്തന്നത്. അതോടെ ലോണെടുപ്പിനുള്ള പ്രാഥമിക പാഠങ്ങൾ ഒരു വിധം തെളിഞ്ഞു കിട്ടി. കാര്യങ്ങൾക്കെല്ലാം ഒരു വ്യക്തത കൈ വന്നു. നന്ദി പറഞ്ഞ് ബാങ്കിൽ നിന്നിറങ്ങുമ്പോൾ മനസ്സിനൊരാശ്വാസം തോന്നി. ലോൺ എടുത്ത് ഒരു വീട് അതത്ര ബുദ്ധിമുട്ടുള്ളതല്ല. തിരിച്ചു നടക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

ഇനിയൊരു പ്ലാനാണാവശ്യം...
അതിനൊരു എളുപ്പ വഴി കൊള്ളാവുന്നൊരു കോൺ‌ട്രാക്ടറെ കണ്ടെത്തിയാൽ അയാൾ തന്നെ പ്ലാൻ വരപ്പിച്ച് അധികാരികളുടെ അനുവാദവും വാങ്ങിത്തരുമെന്നല്ലെ മാനേജർ പറഞ്ഞത്..
എന്തായാലും ഇനി അടുത്ത വരവിനെ പറ്റൂ. അതുവരേക്കും ആവശ്യത്തിനു സമയമുണ്ടല്ലൊ.

ലീവ് തീർന്നത് അറിഞ്ഞില്ല. എത്ര പെട്ടെന്നാണ് ഒരു മാസം പറന്നു പോയത്...!
കുഞ്ഞുങ്ങളെ കണ്ട് കൊതി തീരുന്നതിനു മുൻപെ വീണ്ടും തിരിച്ചു പറന്നു.


ബാക്കി അടുത്ത പോസ്റ്റില്‍...