Saturday 13 October 2018

[മഹാപ്രളയത്തിൽപ്പെട്ട് ഈ ലക്കം കുറച്ചു വൈകി. ക്ഷമിക്കുക.]

പേരില്ലാക്കഥ.  7

കഥ ഇതുവരെ.

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു.

തുടർന്നു വായിക്കുക.

അമ്പലനടകളിലൂടെ ....

പാലക്കാട് ടൗണിലേക്ക് പെട്ടെന്നെത്തി. സുകന്യാജിയെ ഇറക്കാനായി അവരുടെ ഓഫീസിനു താഴെ വണ്ടി നിറുത്തിയിറങ്ങി. സുകന്യാജിയുടെ നിർബ്ബന്ധ പ്രകാരം അവരുടെ ഓഫീസ് കണ്ടിട്ട് തിരിച്ചു പോകാമെന്നു കരുതി എല്ലാവരും അങ്ങോട്ടു കയറി.
                  സുകന്യാജിയുടെ ഓഫീസ് .


സുകന്യാജി ഒരു വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അന്നേരമാണ് വാതിലിന് മുകളിലെ വലിയ ബോർഡ് ശ്രദ്ധിക്കുന്നത്.
" ദാരിദ്ര്യ നിർമ്മാർജ്ജന വിഭാഗം "
ഒരു നിമിഷം മനസ്സിലോർത്ത തമാശ 'അച്ചിങ്ങ' പോലിരിക്കുന്ന സുകന്യാജിക്ക് ചേർന്ന വകുപ്പു തന്നെ....!
ആ ഒരു ചിന്തയിൽ അറിയാതൊരു പുഞ്ചിരിയോടെയാണ് ഓഫീസിലേക്ക് കയറിച്ചെന്നത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് അക്ഷരാർത്ഥത്തിൽ ദാരിദ്ര്യം പിടിച്ച വകുപ്പാണെന്നു് മനസ്സിലായത്.
പാവങ്ങൾക്ക് ശബളം കിട്ടിയിട്ട് തന്നെ മാസങ്ങളായത്രെ.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ  നടപ്പിലാക്കുകയാണ് ഇവരുടെ പണി. മുൻപ് റേഷൻ കാർഡിലെ ദാരിദ്ര്യക്കാരെ നിശ്ചയിക്കലായിരുന്നു ജോലി. അന്ന് പാവങ്ങളുടെ നീണ്ട ക്യൂവായിരുന്നു ദിവസം മുഴുവൻ.

ഇപ്പോൾ അതൊന്നുമില്ല.
' പ്രധാൻ മന്ത്രി ആവാസ് യോജന ' ക്ക് ഗ്രാമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി മാത്രം. പിന്നെ ശുചിത്വമിഷൻ, തൊഴിലുറപ്പു പദ്ധതി എന്നിവയുടെ ചുമതലയും.  രണ്ടു മൂന്ന് ബ്ലോക്കിന്റെ ചുമതല ഒറ്റക്ക് ഏറ്റെടുത്ത് ശബളം പോലുമില്ലാതെ പണിയെടുത്ത് പണിയെടുത്ത് സുകന്യാജി അച്ചിങ്ങാപ്പരുവത്തിലായതിൽ വലിയ അത്ഭുതമൊന്നുമില്ല.

പിന്നെ അവിടെ അധികം നിന്നില്ല. എത്രയും പെട്ടെന്ന് തൃശ്ശൂരിലെ ലോഡ്ജിൽ തങ്ങുന്ന ശേഖരേട്ടന്റടുത്തെത്തണം. ഇതിനകം ഞങ്ങളെ കാത്തിരുന്ന് മുഷിഞ്ഞ് പുള്ളിക്കാരൻ അവിടന്ന് മുങ്ങിയോന്നും അറിയില്ല.

പോരുന്ന വഴിമുഴുവൻ കേരളേട്ടന്റെ വീട് സന്ദർശ്ശനത്തിന്റേയും സദ്യയുടേയും കേമത്തെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. വഴിയിൽ ഒരു ഹോസ്പിറ്റലിന്റെ പേരു കണ്ടപ്പോൾ മുരളിയേട്ടൻ പറഞ്ഞു.
"നമുക്ക് ഇവിടെ കയറി മിസ്സിസിനെ ഒന്നു പരിശോധിപ്പിച്ചാലൊ വിനുവേട്ടാ..."
"അതിപ്പോൾ വേണ്ട മുരളിയേട്ടാ.. തൽക്കാലം കുഴപ്പമൊന്നുമില്ലല്ലൊ. തൃശ്ശൂര് ചെല്ലട്ടെ. എപ്പോഴും പോകുന്ന ഡോക്ടറുടെ അടുത്തായാൽ അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാകും. അതായിരിക്കില്ലെ നല്ലത്...?"

വിനുവേട്ടന്റ അഭിപ്രായത്തോട് ഞങ്ങളും യോജിച്ചു. പരിചയമില്ലാത്ത ഡോക്ടറുടെ അടുത്താവുമ്പോൾ നീലത്താമരയുടെ രോഗവിവരം ആദി മുതൽ വിവരിക്കേണ്ടി വരും. അതിലും ഭേദം ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് നല്ലത്.

ഏതാണ്ട് അഞ്ചു മണിയോടടുത്ത് ഞങ്ങൾ തൃശ്ശൂരെത്തി. തൃശ്ശൂർ റൌണ്ടിൽ കയറുന്നതിനുമുമ്പ് ഒരു കവലയിലെത്തിയപ്പോൾ വണ്ടി നിറുത്താൻ മുരളിച്ചേട്ടൻ ആവശ്യപ്പെട്ടു. വണ്ടി ഓരം ചേർന്ന് നിറുത്തി. മുരളിച്ചേട്ടൻ എന്ന ബിലാത്തിച്ചേട്ടൻ ഇനിയെന്തു മാന്ത്രികപ്പരിപാടിക്കാണെന്ന് ഒരു നിമിഷം ഞാൻ മനസ്സിലോർക്കാതിരുന്നില്ല.

ഇപ്പോൾ വരാമെന്ന് പറഞ്ഞിറങ്ങിയ ബിലാത്തിച്ചേട്ടൻ തൊട്ടു പുറകിൽ ഒരു വലിയ മാവിന്റെ ചുവട്ടിൽ ബുള്ളറ്റ് ബൈക്കിലിരുന്ന് ആരോടൊ  വർത്തമാനം പറഞ്ഞു നിന്ന ഒരാളുടെ അടുത്തേക്കാണ് ചെന്നത്. അയാൾ ബിലാത്തിമുരളിയേട്ടനെ കണ്ടപാടെ ബൈക്കിൽ നിന്നും ചാടിയിറങ്ങി ഷേക്ക് ഹാൻഡ് ചെയ്യുന്നു. ചിരിച്ച് കൊണ്ട് കെട്ടിപ്പിടിക്കുന്നു. അത് കണ്ട് ഞാൻ വിനുവേട്ടനോട് പറഞ്ഞു.
"അയാളുടെ പ്രകടനം കണ്ടിട്ട് ബിലാത്തിച്ചേട്ടനോട് നല്ല സ്നേഹവും ബഹുമാനവും ഉള്ളയാളാണെന്ന് തോന്നുന്നു.. "
" ങൂം ... പഴയ സുഹൃത്തുക്കൾ വല്ലവരുമാവും.. "

ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. മുരളിയേട്ടൻ വന്ന് കാറിൽ കയറി. ഞാൻ ചോദിച്ചു.
" പഴയ പരിചയക്കാരനോ മറ്റോ ആണോ..?"
"പരിചയക്കാരൻ തന്നെ. പക്ഷേ, ഇപ്പോൾ പുള്ളിക്കാരൻ ഞങ്ങളുടെ കൗൺസിലറാ. പുള്ളി വിചാരിച്ചാൽ കോർപ്പറേഷന്റെ ഒരു പെട്ടിക്കട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. അതൊന്നു ചോദിക്കാമെന്ന് കരുതിയിറങ്ങിയതാ.."
"എന്നിട്ടെന്തു പറഞ്ഞു. "
" ഒരെണ്ണം ഒഴിവുണ്ട്. അത് നടത്തിയിരുന്നയാൾ പ്രായമായതുകൊണ്ട് നിറുത്തിപ്പോയതാ. വേറാരും വന്ന് തുറന്നിട്ടില്ല. അതിന്റെ താക്കോൽ അയാളുടെ കൈവശമാണ്.
അയാൾ കോർപ്പറേഷന് വാടകയൊന്നും കൊടുക്കുന്നില്ലിപ്പോൾ. അയാളുമായി കോൺടാക്ടു ചെയ്യാൻ വഴിയുണ്ടോന്ന് നോക്കി പറയാമെന്നാണ് പറഞ്ഞേക്കുന്നത്. .. "
"ഈശ്വരാ.. ശേഖരേട്ടന്റെ ഭാഗ്യം പോലിരിക്കും... "
ഞാൻ മനസ്സിൽ ദൈവത്തിന് ഒരു വിളക്കു കത്തിച്ചു.

ഞങ്ങളെ ഹോട്ടലിന്റെ മുന്നിലിറക്കി, 'നീലത്താമരയെ ' വീട്ടിൽ കൊണ്ടാക്കിയിട്ട് വരാമെന്ന് പറഞ്ഞ് വിനുവേട്ടൻ കാറുമായിപ്പോയി. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ശേഖരേട്ടൻ നല്ല ഉറക്കത്തിലായിരുന്നു. അനക്കം കേട്ടപാടെ ശേഖരേട്ടൻ ചാടിയെഴുന്നേറ്റു. മുഖം കഴുകി വന്ന് കട്ടിലിൽ ഇരുന്നു. ഞങ്ങൾ കേരളേട്ടനെ കണ്ടതും സദ്യ കഴിച്ചതും മറ്റും പറഞ്ഞു കേൾപ്പിച്ചു. ഇതിനിടക്ക് റൂംബോയിയെ വിളിച്ച് ചായക്ക് ഓർഡർ കൊടുത്തു.

പറഞ്ഞിരിക്കെത്തന്നെ വിനുവേട്ടനെത്തി. ഞങ്ങൾ കസേര രണ്ടണ്ണമുള്ളത് കട്ടിലിനോട് ചേർത്തിട്ട് ഞാനും വിനുവേട്ടനും ഇരുന്നു. ബിലാത്തിമുരളിച്ചേട്ടൻ അതിനുമുന്നേ തന്നെ കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു.  തലയെടുത്ത് ഇടത്തേ കൈയ്യിൽ താങ്ങി ചരിഞ്ഞു കിടന്നു കൊണ്ട് കഥ കേൾക്കാൻ തയ്യാറായി.

അപ്പോഴേക്കും ചായയും പരിപ്പുവടയുമായി റൂംബോയി എത്തി. അവനെ പറഞ്ഞയച്ച് വാതിലുമടച്ച് ഞാൻ വീണ്ടും ഉപവിഷ്ടനായി.
ശേഖരേട്ടന്റെ കഥ കേൾക്കാനുള്ള ഞങ്ങളുടെ ആകാംക്ഷ കണ്ട് പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പെട്ടെന്ന് ആ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നതു പോലെ തോന്നി. ആരോടൊക്കെയോ ഉള്ള ദ്വേഷ്യം കട്ടപ്പല്ലുകൾക്കിടയിലിട്ട് കൂട്ടിയരക്കുന്നതു പോലെ താടിയെല്ല് അനങ്ങുന്നുണ്ടായിരുന്നു.

ശേഖരേട്ടൻ ഞങ്ങളെ മൂവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
" അന്ന് കാറിൽ ആദ്യയാത്ര ഗുരുവായൂരിലാവാമെന്ന് അവളും മോനും കൂടി തീരുമാനിച്ചു. ഞാൻ ഒന്നിനും എതിര് നിന്നില്ല. ഗുരുവായൂർ ചെന്നിട്ട് ബാക്കി യാത്ര എവിടേക്കാന്ന് തീരുമാനിക്കുകയുള്ളു. അങ്ങനെ ഒരു തിങ്കളാഴ്ച വെളുപ്പിന് ഞങ്ങളുടെ മാരുതി ഓൾട്ടോ NH 17 -ലൂടെ ഗുരുവായൂർക്ക് വിട്ടു. ഞാനാണ് ഡ്രൈവർ. വളരെ പതുക്കെയാണ് ഞങ്ങൾ പോകുന്നത്. ധൃതിപിടിച്ച് ഭഗവാനെ കാണേണ്ട കാര്യമില്ലല്ലൊ. ഒന്നുരണ്ടു ദിവസം വേണ്ടിവന്നാൽ താമസിക്കാനും പരിപാടിയുണ്ടായിരുന്നു.

പത്തുമണിയായപ്പോഴേക്കും അമ്പലനടക്കൽത്തന്നെയുള്ള ഒരു സത്രത്തിൽ മുറിയെടുത്ത് കുളിച്ച് പ്രാതലും കഴിച്ചിട്ട് അമ്പലത്തിൽ ഭഗവാനെ കാണാനായിട്ടുള്ളവരിയിൽ നിലയുറപ്പിച്ചു. മണിക്കൂറുകൾ നീണ്ട നില്ല്. ഭഗവാനെ ഒന്നോടിച്ച് കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു.
" ഇത്രേം നേരം വരിനിന്ന് അവശയായി ഭഗവാന്റെ മുന്നിലെത്തിയപ്പോൾ സമാധാനായി ഒന്നു നിന്നുതൊഴാനുള്ള സാവകാശം പോലും തന്നില്ല. അതിനുമുമ്പേ ഉന്തിത്തള്ളി പുറത്താക്കി... "
അവൾ ആരോടെന്നില്ലാതെ പരാതിപ്പെട്ടു.
ഞാൻ ചോദിച്ചു.
"ഭഗവാനോട് പറയാനുള്ളതൊക്കെ പറഞ്ഞില്ലെ, പിന്നെന്താ ...?''
" എവിടെ...,ഞാനൊന്നു കണ്ടതല്ലേയുള്ളു. ഒന്നും പറയാൻ സാവകാശം കിട്ടിയില്ല."
"സാരമില്ല. പുറത്ത് നടയുടെ നേരെ നിന്ന് പറയാനുള്ളതൊക്കെ പറയാം, എത്ര നേരം വേണോങ്കിലും .. ഇനി സന്ധ്യക്ക് വീണ്ടും വന്ന് മതിയാവോളം പ്രാർത്ഥിക്കാം.."
''ഭഗവാനേ... ഇനി അകത്തു കയറാൻ ഞാനില്ല..."
അകത്തു വരി നിന്നതിന്റെ ആലസ്യം അവളിൽ മാറിയിട്ടില്ലെന്ന് മനസ്സിലായി.
"എങ്കിൽ നടക്ക്. ആദ്യം പ്രസാദൂട്ട് ഉള്ളത് എവിടേണെന്ന് നോക്കാം. വിശന്നിട്ട് വയറ് കത്തിക്കാളുന്നു. അതു കഴിഞ്ഞ് മുറിയിൽ പോയി വിശ്രമിക്കാം.. "

ഊട്ടുപുര കണ്ടെത്തിയെങ്കിലും
അവിടേയും വരിനിൽക്കേണ്ടിവന്നത് വിശപ്പിന്റെ കത്തിക്കാളൽ രൂക്ഷമാക്കി.
ഒരു കണക്കിന് ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോഴേക്കും മൂന്നുമണി കഴിഞ്ഞു. മുറിയിലെത്തിയതും കിടക്കേണ്ട താമസം തളർന്നുറങ്ങിപ്പോയി.

വീണ്ടും കുളിച്ച് സന്ധ്യാപ്രാർത്ഥനക്കായി ഇറങ്ങി. അമ്പലത്തിനു പുറത്തു കൂടെ ഒരുവട്ടം പ്രദക്ഷിണം വച്ചിട്ടാണ് മുൻവാതിലിനു മുമ്പിലെത്തിയത്. അവിടെ നിന്നു തൊഴുതതേയുള്ളു. ഞാനും മോനും വരാന്തയുടെ തൂണിൽ ചാരിയിരുന്നു, അവളുടെ പ്രാർത്ഥനകളും ആവശ്യങ്ങളും എല്ലാം കഴിഞ്ഞ് തൃപ്തിയോടെ വരുന്നതുവരെ.

അതു കഴിഞ്ഞ് വഴിപാടിനുള്ള ചീട്ടെടുക്കാൻ വരിനിന്നു. മോൾക്കും മരുമോനും പേരക്കുട്ടിക്കും വേണ്ടി വഴിപാടു കഴിക്കണമായിരുന്നു. അതിന്റെ പ്രസാദം തൊട്ടടുത്ത കൗണ്ടറിൽ കിട്ടും. അതും കഴിഞ്ഞ് ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ടാണ് മുറിയിലെത്തിയത്.

പിറ്റേ ദിവസം കാലത്ത് അവിടേ നിന്നും ഹൈറേഞ്ചുകൾ ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. മോന്റെ ആവശ്യപ്രകാരം പീച്ചി ഡാം, മലമ്പുഴ ഡാം എന്നിവ കണ്ടു. മലമ്പുഴയിൽ രാത്രിയിലെ ഉദ്യാനം വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്നത് കാണണമെന്ന മോന്റെ ആഗ്രഹത്തിനും എതിരുനിന്നില്ല. അന്ന് അവിടെ തങ്ങി.

പിറ്റെ ദിവസം കാലത്ത് അവിടന്നും പുറപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കാത്ത ഒരു യാത്ര. വഴിയിൽ കാണുന്ന സ്ഥലസൂചികകൾ നോക്കിയാണ് പോകേണ്ട സ്ഥലം തീരുമാനിക്കുന്നത്.

അങ്ങനെ ഞങ്ങൾ പഴനിയിലെത്തി. ഒരു ദിവസം അവിടെ തങ്ങി. പിറ്റെദിവസം കൊടൈക്കനാൽ വഴി പോരാമെന്നു കരുതി പുറപ്പെട്ടു. വെള്ളച്ചാട്ടവും പൂന്തോട്ടവും മലഞ്ചെരുവുകളും കൊണ്ട് സമ്പന്നമായൊരിടത്ത് രാത്രിക്കു മുമ്പെത്തി. പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നിലും മുറികിട്ടിയില്ല. ഒരു താഴേക്കിട ഹോട്ടലിലാണ് മുറികിട്ടിയത്. ഒരു രാത്രിയിലെ കാര്യമല്ലെയുള്ളു. അതുകൊണ്ട് കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ അവിടെത്തന്നെ മുറിയെടുത്തു.

ഹൈറേഞ്ചിലേക്ക് കടന്നതോടെ പുള്ളിക്കാരത്തിക്ക് മൂക്കടപ്പും ജലദോഷവും പിടിച്ചു. ആ ഹോട്ടലിന്റെ മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാണ് ഞങ്ങളെത്തിയതെങ്കിലും പൂന്തോട്ടത്തിലെ ലൈറ്റുകളൊന്നും അണച്ചിരുന്നില്ല. ഒന്നാം നിലയിലെ ഞങ്ങളുടെ വാതിലിനു നേരെയായിരുന്നു പൂന്തോട്ടം. വരാന്തയിൽ നിന്നാൽ വിവിധ നിറങ്ങളിൽ  കുളിച്ചു നിൽക്കുന്ന പൂന്തോട്ടം വളരെ മനോഹരമായിരുന്നു.

ചെന്നപാടെ ബാഗ് കട്ടിലിലേക്കിട്ട് മോൻ പൂന്തോട്ടം കാണാനായി ഇറങ്ങി. ഞങ്ങളും വരുന്നെന്നു പറഞ്ഞിട്ടും അവൻ നിന്നില്ല. പിന്നാലെ നമ്മൾക്കും പോകാമെന്നു പറഞ്ഞെങ്കിലും മൂക്കടപ്പിന്റേയും ജലദോഷത്തിന്റേയും അസ്വസ്ഥത അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
"നിങ്ങൾ പൊക്കോ. ഞാനിവിടെ മൂടിപ്പുതച്ചിരുന്നോളാം."
അതു കേട്ട് ഞാനും പുറത്തിറങ്ങി. എന്റെ കൂടെ വരാന്തയിൽവരെ അവളും വന്നു. വരാന്തയിലെ ഗ്രില്ലിൽ പിടിച്ച് അവൾ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച് നിന്നു. ഒത്തിരി സന്തോഷം ആ മുഖത്തു കാണുന്നുണ്ടായിരുന്നു. പൂമ്പാറ്റകളെപ്പോലെ ഇങ്ങനെ കറങ്ങി നടക്കാനായിരുന്നു അവൾ എന്നും ആഗ്രഹിച്ചിരുന്നതെന്നു തോന്നുമായിരുന്നു അപ്പോഴത്തെ അവളുടെ മുഖഭാവം.

ഞാൻ പൂന്തോട്ടത്തിൽച്ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ ആവൾ കൈവീശിക്കാണിച്ചിട്ട് അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. ഞാനും മോനും പൂന്തോട്ടത്തിൽ വെറുതെ കറങ്ങി നടന്നു. കുറേ ഫോട്ടോയെടുത്തു. സിമന്റ് ബഞ്ചിൽ ഇരിക്കുകയും പുല്ലിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കൺകുളിർക്കെ കാണുകയും ചെയ്തു.

നേരത്തെ മുൻകൂട്ടി തീർച്ചപ്പെടുത്താതെ മുറികൾ ബുക്ക് ചെയ്യാതെയുള്ള, പ്രത്യേകിച്ച് ഒറ്റതിരിഞ്ഞുള്ള യാത്രയിലെ ചതിക്കുഴികളെ തിരിച്ചറിയാതെയുള്ള ഞങ്ങളുടെ ആ യാത്ര അവസാനിച്ചത് വലിയൊരു ട്രാജടിയിലായിരുന്നു....!

ശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരഞ്ഞു. ഞങ്ങളും വല്ലാതായി. ഞാൻ പെട്ടെന്ന് ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചോട് ചേർത്തു. എന്നിട്ടും ശേഖരേട്ടന്റെ ഏന്തിക്കരച്ചിൽ നിന്നില്ല.

തുടരും ....

12 comments:

വീകെ. said...

ഈ ലക്കം മലവെള്ളപ്പാച്ചിലിൽപ്പെട്ട് കുറച്ചു വൈകിയതിൽ ക്ഷമിക്കുമല്ലൊ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തോ ഒരു ദാരുണരംഗത്തിന് സാക്ഷിയാകാൻ പോകുന്ന അസ്വസ്ഥതയോടെ അടുത്ത ഭാഗത്തിന് കാക്കുന്നു..

വിനുവേട്ടന്‍ said...

അശോകേട്ടാ... എന്താ ഞാനിപ്പം പറയുക... പാവം ശേഖരേട്ടൻ.... :(

keraladasanunni said...

ആപത്ത് മണക്കുന്നു


Sukanya said...

ശേഖരേട്ടന്റെ കുടുംബത്തിന്‌ എന്തു ട്രാജഡിയായിരിക്കും സംഭവിച്ചത്‌. സങ്കടം തന്നെ. എഴുത്തിന്റെ ഒരു മാസ്മരികത പറയാതെ വയ്യ.
ഞങ്ങളുടെ പ്രവർത്തനങ്ങൾ ഒക്കെ വിവരിച്ചതിന്‌ നന്ദി.

ശ്രീ said...

എന്തായിരുന്നു പറ്റിയത്... അറിയാൻ കാത്തിരിയ്ക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴും തുടരുന്ന ആ കൗൺസിലറുടെ
മിസ്സ്ഡ് കോളുകൾക്ക് ഞാനെന്താണ് പറയേണ്ടത് ...?
പിന്നെ
എന്നും ചില യഥാർത്ഥ അനുഭവ കഥകൾ തീവ്രമായത്
തന്നെയാണെന്ന് തെളിയിക്കുന്നതാണ് ശേഖരേട്ടന്റെ സ്വന്തം
അനുഭവങ്ങളും അല്ലെ ഭായ്...!

Typist | എഴുത്തുകാരി said...

വല്ലാത്ത സസ്പെന്സിലാണല്ലോ നിര്‍ത്തിയത്. ഇനി കാത്ത്തിരിക്കണ്ടേ.

Geetha said...

വളരെ നാളുകൾക്കു ശേഷം ചിന്നുവിന്റെ നാട്ടിലേയ്ക്ക് വന്നത്. നീണ്ടകഥയും വിശേഷങ്ങളും ബ്ലോഗ്ഗർസംഗമവും ഒന്നും മനസ്സിലായില്ല. കേരളേട്ടൻ വിനുവേട്ടൻ ബിലാത്തിച്ചേട്ടൻ നീലത്താമര സുകന്യജീ ഇവരെയൊക്കെ കഥയിൽ കഥാപാത്രങ്ങളാക്കിയതു എനിക്ക് ഒന്നും പിടികിട്ടിയില്ല അതിനാൽ പുറകോട്ടു ഒന്ന് കണ്ണോടിച്ചു വന്നു.
ഞാനും വായനയിൽ കൂടിയിട്ടുണ്ട്.

© Mubi said...

എന്താണ്ടയത്?

സുധി അറയ്ക്കൽ said...

ഹോ..............എന്താണാവോ?

Cv Thankappan said...

ദുരന്തംവരുന്ന വഴികൾ ....
ആശംസകൾ