കഥ ഇതുവരെ.
അമ്മ
ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന
നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ
മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ
കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ
തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
തുടർന്നു വായിക്കുക...
മാധവൻ ഒരു പ്രവാസി. (3)
ഒന്നും പറയാതെ താടിയിൽ തടവി ചിന്താമഗ്നനായിരിക്കുന്ന മാധവനെ അവർ മൂന്നു പേരുംശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടക്ക് അവർ മൂന്നു പേരും പരസ്പ്പരം നോക്കുന്നുമുണ്ട്. അപ്പോഴത്തെ നിശ്ശബ്ദതയെ തോൽപ്പിച്ചു കൊണ്ട് പെട്ടെന്നൊരു മിന്നലും ഇടിയും ഉണ്ടായത് എല്ലാവരേയും ഒന്നു നടുക്കി. തൊട്ടടുത്തെവിടെയോ ആണ് ഇടിവെട്ടിയതെന്ന് എല്ലാവർക്കും തോന്നി. ആ തോന്നൽ മാധവൻ തുറന്നു പറഞ്ഞു.
“അടുത്ത് എവിടേങ്കിലും ഏറ്റിട്ടുണ്ടാകും...”
അത് മതിയായിരുന്നു ആ നിശ്ശബ്ദതയെ മറി കടക്കാൻ.
ഗൌരി കട്ടിലിൽ പിടിച്ച് ഒന്നു നേരെ ഇരുന്നിട്ട് പറഞ്ഞു.
“ മാമൻ പറഞ്ഞില്ലേ, ഇന്നത്തെ ദിവസം മറക്കാനാവില്ലാന്ന്... ഇന്നെന്താ പ്രത്യേകത...?”
അതു കേട്ട് മാമൻ ഗൌരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തൊക്കെയോ ആലോചനയുടെ പുറത്ത് മാധവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. കണ്ണുകളിലെ തിളക്കം ഗൌരിയെ ഭയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൾ ‘മാമാ..’ എന്നു വിളിച്ചു. അതു കേട്ട് മാധവൻ ഒന്നു ഞെട്ടുകയും പരിസര ബോധം വീണ്ടെടുക്കുകയും ചെയ്തു. പിന്നെ എല്ലാവരേയും ഒന്നു മാറി മാറി നോക്കിയിട്ട് തല കുനിച്ചിരുന്നു.
വീണ്ടും ആലോചനയിലേക്ക് മാധവൻ വഴുതി വീണത് എല്ലാവർക്കും മനസ്സിലായി. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഇടയ്ക്കെപ്പോഴോ തല ഉയർത്തി മാധവൻ ചോദിച്ചു.
“ഉറങ്ങണ്ടെ നിങ്ങൾക്ക്...?”
ഗൌരി പറഞ്ഞു.
“ഇല്യ മാമാ.. ഇന്നു ഞങ്ങൾക്ക് ഉറക്കമില്ല. ഈ ലോകം മുഴുവൻ ഉറങ്ങിയാലും ഞങ്ങൾക്ക് മാത്രം ഇന്നുറക്കമില്ല. മാമൻ വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഞങ്ങൾ എല്ലാവരും നിത്യമായ ഉറക്കത്തിലേക്ക് പിടഞ്ഞു പിടഞ്ഞ് വീണിട്ടുണ്ടാകും...!!”
അതും പറഞ്ഞവൾ മൂവരേയും നോക്കി.
അമ്മയുടെ മുഖത്ത് ഒരു കുറ്റബോധം നിഴലിട്ടത് ഗൌരി കണ്ടു പിടിച്ചു...
അമ്മയെ തന്നോട് ചേർത്തു പിടിച്ച്, തികട്ടി വന്ന അമ്മയുടെ ഗദ്ഗതം തന്നിലേക്കു കൂടി ആവാഹിച്ചെടുത്തു ഗൌരി. അതു കണ്ട് നിമ്മി തന്റെ രണ്ടു കൈകളും വിടർത്തി അമ്മയേയും ചേച്ചിയേയും മുറുകെ പിടിച്ചു. അതു കണ്ട് മാധവന്റെ കണ്ണുകൾ ഈറനണിഞ്ഞു...
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം നിമ്മി ചോദിച്ചു.
“മാമാ... എന്തായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..?”
മാമൻ തല ഉയർത്തി നിമ്മിയെ നോക്കി. കണ്ണുകൾ തുടച്ച് ഗൌരിയും നിർബ്ബന്ധിച്ചു.
“പറയൂ.. ഉറക്കമില്ലാത്ത ഈ രാത്രിയിൽ മാമന്റെ കഥ കൂടി കേൾക്കട്ടെ. എങ്ങനെ മാമൻ ഒറ്റപ്പെട്ടു പോയി...?”
മാമൻ എല്ലാവരേയും ഒന്നു കൂടി നോക്കിയിട്ട് പറഞ്ഞു.
“ഞാൻ ഒറ്റപ്പെട്ടൊന്നും പോയവനായിരുന്നില്ല. എല്ലാവരുമുണ്ടായിരുന്നു എനിക്ക്.. ഭാര്യ, മക്കൾ എല്ലാവരും...”
ഒരു നിമിഷം മാധവന്റെ ചുണ്ടുകൾ വിറകൊണ്ടു. കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുവന്നതുകൊണ്ട് സംഭാഷണം മുറിഞ്ഞു.
പിന്നെ ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“മക്കളെല്ലാവരും നല്ല നിലയിൽ കഴിയുന്നു...!”
ഗൌരി ഇടക്കു കയറി ചോദിച്ചു.
“പിന്നെന്തു പറ്റി മാമന്...?”
മാധവൻ ഗൌരിയുടെ മുഖത്ത് പുഛഭാവത്തിൽ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു.
“നമ്മൾ വിചാരിക്കുന്നതും ചിന്തിക്കുന്നതുപോലൊന്നും ഈ ലോകം തിരിയില്യ മക്കളെ..!!”
അതും പറഞ്ഞ് മൂകമായിപ്പോയ മാധവനെ ഉണർത്താനായി ഗൌരി ചോദിച്ചു.
“എത്ര മക്കളാ മാമന്...?”
മാധവൻ തല ഉയർത്തി പറഞ്ഞു.
“മൂന്നു മക്കൾ.. രണ്ടാണും ഒരു പെണ്ണും. എളേതാ പെണ്ണ്...”
പിന്നെയും ചിന്തയിൽ മുഴുകി മൂകമായിരുന്ന മാധവന്റെ തോളത്ത് കൈ വച്ച് നിമ്മി പറഞ്ഞു.
“പറയൂ മാമാ... ഇനി ഞങ്ങള് കേട്ടാ വെഷ്മാണെങ്കി പറയണ്ടാട്ടോ...”
“അതോണ്ടല്ലാ മോളേ.... ഇതൊന്നും ആരും അറിയരുതെന്നു കരുതി ജീവിക്കുന്നവനാ ഞാൻ. വെറുതെ പല്ലിട കുത്തി നാറ്റിക്കണ്ടല്ലൊ...!”
അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ടോ മറ്റോ നിമ്മി അമ്മയേയും ഗൌരിയേയും മാറി മാറി നോക്കിയിട്ട് മാമന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് ചോദിച്ചു.
“പല്ലിട കുത്തി നാറ്റിക്കാന്നു വച്ചാൽ ന്താ..?”
“എന്നു വച്ചാൽ അവനോനു തന്നെ നാറുമെന്ന്..” ആ പറഞ്ഞത് അമ്മയായിരുന്നു.
മാമൻ അമ്മ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞാൻ വളരെ കാലമായിട്ട് ഗൾഫിലായിരുന്നു. എന്നു പറഞ്ഞാൽ പ്രവാസി...
വിവാഹത്തിനു മുൻപേ തന്നെ ഗൾഫിലെത്തി. പിന്നീടാണ് വിവാഹം കഴിച്ചത്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഞാൻ നാട്ടിൽ വരും. അന്നൊക്കെ അതൊരു ഉത്സവമായിരുന്നു. കാലം അതിന്റെ എല്ലാ നിറപ്പകിട്ടോടെയും ആർത്തുല്ലസിച്ചു കടന്നു പോകവേ പൂമ്പാറ്റകളെപ്പോലെ മൂന്നു മക്കളേയും തന്നു. നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ചോക്ലേറ്റുകളുമായി വരുന്ന എന്റെ വരവും കാത്ത് അമ്മയും മക്കളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും.
എത്രയും വേഗം രണ്ടു വർഷമാകാനും കൈ നിറയെ സാധനങ്ങൾ വാങ്ങാനും ഞാനും എല്ലാം മറന്ന് എല്ലു മുറിയെ പണിയെടുക്കും. ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി ഒരു ഹരമായിരുന്നു...!
അതിലൊരു വിഷമമോ, മടുപ്പോ, ക്ഷീണമോ ഒരിക്കലും തോന്നിയിരുന്നില്ല...!
മറിച്ച് അതൊരു സുഖമായിരുന്നു....!!
എന്റെ ‘ദേവൂ’നേയും മക്കളേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ദേവു സ്നേഹത്തിന്റെ നിറകുടമായിരുന്നു. തനിക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ഗൾഫിൽ ഒറ്റക്കു കിടന്ന് കഷ്ടപ്പെടുന്നതെന്ന് ഓരോ കത്തിലും അവൾ എഴുതും. എന്നിട്ട് ഉപദേശിക്കും.
‘ദേഹം നോക്കണോട്ടോ... ഞാൻ അടുത്തില്ലാത്തോണ്ട് എങ്ങന്യാ അവിടെ കഴിയണേന്ന് ഒരു രൂപോല്യെനിക്ക്..”
അതു വായിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും...
ഞാൻ ഒറ്റക്കാണെന്നുള്ള ബോധം എന്നെ അലട്ടാറേയില്ല. ഏതു നേരവും ദേവൂം മക്കളും എന്റെ കൂടെയുണ്ടെന്നുള്ള തോന്നലായിരുന്നു. അതു കൊണ്ട് തന്നെ മറ്റു കൂട്ടുകാരേപ്പോലെ കിട്ടുന്ന സന്ദർഭങ്ങളിൽ പോലും ആർത്തുല്ലസിച്ചു നടക്കാൻ എനിക്ക് കഴിയാറില്ല. യാതൊരു ദുശ്ശീലങ്ങൾക്കും അടിമപ്പെടാതെ എന്റെ മക്കൾക്കു വേണ്ടി ഓരോ പൈസയും ഞാൻ ചിലവാക്കി.
മക്കളുടെ ആഗ്രഹങ്ങളായിരുന്നു ഞങ്ങൾക്കും.
ദേവൂന്റെ ശിക്ഷണത്തിൽ മക്കൾ എല്ലാവരും നല്ല നിലയിൽ തന്നെ വളർന്നു...
മൂത്തവൻ സിവിൽ എഞ്ചിനീയറായപ്പോൾ ഞങ്ങൾ വളരെ ആശ്വസിച്ചു. പെട്ടെന്നു തന്നെ അവന് ജോലിയും ലഭിച്ചു. അന്ന് ഗൾഫിലെ ജോലി അവസാനിപ്പിച്ച് തിരിച്ചു വരാൻ ദേവു വല്ലാതെ നിർബ്ബന്ധിച്ചിരുന്നു. ഇനി നമ്മളുടെ മക്കൾ നോക്കിക്കോളുമെന്നു പറഞ്ഞായിരുന്നു അത്. എന്നാലും ഞാൻ മടിച്ചു. ഇളയവളുടെ കല്യാണത്തിനുള്ളതു കൂടി സംഘടിപ്പിച്ചിട്ട് വരാമെന്നായിരുന്നു എന്റെ പിടിവാശിയോടെയുള്ള തീരുമാനം...
കാലം കഴിയവേ അവളുടെ കല്യാണവും അതിഗംഭീരമായിത്തന്നെ നടത്തി...
അതോടെ കാൽ നൂറ്റാണ്ട് ഗൾഫിൽ നിന്ന് സമ്പാദിച്ചത് മുഴുവൻ, മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി മോളുടെ കല്യാണത്തിനും കൂടി ചിലവഴിച്ചതോടെ അസ്തമിച്ചിരുന്നു. രണ്ടാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി കിട്ടിയപ്പോൾ ഞാനും ദേവൂം ഒരുപാടു സന്തോഷിച്ചു. ഗൾഫിൽ കിടന്ന് ഒറ്റക്കു കഷ്ടപ്പെട്ടതിനു ഫലമുണ്ടായല്ലോന്നോർത്ത്, എന്റെ മക്കളൊന്നും പാഴായിപ്പോയില്ലല്ലോന്നോർത്ത് ദൈവത്തിനു നന്ദി പറഞ്ഞു.
ഇനിയെങ്കിലും തിരിച്ചു വന്ന് ഒരുമിച്ച് ജീവിക്കാമെന്ന ദേവൂന്റെ പരിദേവനങ്ങൾക്ക് ചെവി കൊടുക്കാനായില്ല...
മോളുടെ കല്യാണത്തിനായി വാങ്ങിയ കുറച്ചു കടം കൂടിയുണ്ടായിരുന്നു വീട്ടിത്തീർക്കാൻ...
അപ്പോഴേക്കും ദേവു കിടപ്പിലായി...
അത് എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു...
ആയ കാലത്ത് ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...
ഇനിയുള്ള കാലം നമ്മൾക്കൊരുമിച്ച് ജീവിക്കണമെന്ന എന്റെ ദേവൂന്റെ നിർബ്ബന്ധപ്രകാരം ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി...
അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!
തുടരും...
13 comments:
"ഞാനും എല്ലാം മറന്ന് എല്ലു മുറിയെ പണിയെടുക്കും. ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി ഒരു ഹരമായിരുന്നു...!
അതിലൊരു വിഷമമോ, മടുപ്പോ, ക്ഷീണമോ ഒരിക്കലും തോന്നിയിരുന്നില്ല...!
മറിച്ച് അതൊരു സുഖമായിരുന്നു....!!
എന്റെ ‘ദേവൂ’നേയും മക്കളേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ദേവു സ്നേഹത്തിന്റെ നിറകുടമായിരുന്നു. തനിക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ഗൾഫിൽ ഒറ്റക്കു കിടന്ന് കഷ്ടപ്പെടുന്നതെന്ന് ഓരോ കത്തിലും അവൾ എഴുതും."
ജീവിതം അങ്ങനെയാണ്.
അടുത്തില്ലെങ്കിലും അവര്‍ അടുത്താണ്. അടൂത്തിരുന്ന് അകലേ ജീവിക്കുന്നതിലും എത്രയോ സുഖം?
മനസില്‍ തട്ടുന്ന കഥ
ഏതൊരു പ്രവാസിയേയും പോലെ മാധവനും അയാളുടെ കഥ പറയുന്നു അല്ലെ?
മെഴുകുതിരികളുടെ അവസാനിക്കാത്ത കഥ..
ഭാര്യക്കും മക്കൾക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ജോലി, അവസാനം ജീവിതം കൈവിട്ടു പോകുന്ന അവസ്ഥ ....
ബാക്കി കാത്തിരിക്കുന്നു
കടമ നിര്‍വഹിച്ച് സായൂജ്യമടയുന്നവരുടെ
കഥ!
ആശംസകള്‍
ഇൻഡ്യാഹെറിറ്റേജ്: അകന്നിരിക്കുമ്പോഴാണ് ബന്ധത്തിന്റെ തീവൃത ശരിക്കും ബോദ്ധ്യപ്പെടുക.
വളരെ നന്ദി പണിക്കർജീ..
പട്ടേപ്പാടം റാംജി: വളരെ നന്ദി.
അജിത്: പൊതുവേ പ്രവാസികളെ മെഴുകുതിരിയോടാണ് ഉപമിക്കാറ്. നന്ദി
രമണിക: ശരിയാണ്. അവസാനം ജീവിതം മറ്റാരൊക്കെയോ തട്ടിപ്പറിക്കുന്നു. നിസ്സഹായനായി പ്രവാസിയും.
സി.വി.തങ്കപ്പൻ: പൊതുവെ പ്രവാസികൾ ഒന്നും നേടാതെ മറ്റുള്ളവർക്ക് നേടിക്കൊടുത്ത് സായൂജ്യമടയുന്നു. വളരെ നന്ദി മാഷേ..
തീവ്രത നന്നായി അനുഭവപ്പെടുന്നു വീ കേ..
ബാക്കിക്ക് കാത്തിരിക്കുന്നു.
ആശംസകൾ!!!
കഥ തുടരട്ടെ....
കഥ പ്രവാസത്തിന്റെ കനലുകളിലേക്ക് നീങ്ങുകയാണല്ലോ ...കാത്തിരിക്കുന്നു .
കൃഷ്ണകുമാർ513: വളരെ നന്ദി മാഷെ.
ഞാൻ ഗന്ധർവ്വൻ: വളരെ നന്ദി.
പഥികൻ: നന്ദി മാഷെ.
ആഫ്രിക്കൻ മല്ലൂ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഇന്നാ..വായിച്ചേ കേട്ടൊ ഭായ്
ഉം.വായിച്ചു!
Post a Comment