Tuesday, 15 May 2012

നീണ്ട കഥ... (2) മഴയിലൊരു വിരുന്നുകാരൻ...




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
തുടർന്നു വായിക്കുക...

പാതിരാവിലെ കഞ്ഞി...

വാതിൽക്കൽ ഓടിയെത്തിയ നിമ്മി വാതിൽ തുറക്കുന്നതിനു മുൻപ് ഒരു നിമിഷം തിരിഞ്ഞു നിന്നു. ആകാംക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന അമ്മയും ചേച്ചിയും..!
കുറച്ചൊരു പരിഭ്രാന്തിയിൽ തന്നെയാണ് ഇരുവരും...!
വാതിൽ തുറക്കാനുള്ള നിമ്മിയുടെ ശ്രമത്തെ അവർ തടഞ്ഞില്ല.
കാറ്റു പിടിച്ച മഴയുടെ ഇരമ്പൽ ശക്തമായി...
അവൾ ധൈര്യത്തോടെ തന്നെ വാതിൽ തുറന്നു.
ഇരുട്ടിലേക്കവൾ ഒരു നിമിഷം ശ്രദ്ധിച്ചിട്ടാണ് കയ്യെത്തിച്ച് പുറത്തെ വരാന്തയിലെ ലൈറ്റിട്ടത്. ലൈറ്റ് വീണതും നടക്കല്ലിനോട് ചേർന്ന തൂണിൽ ചാരിയിരുന്ന ആൾ പെട്ടെന്നു തിരിഞ്ഞു നോക്കി. നിമ്മിയെ കണ്ടതും അയാൾ എഴുന്നേറ്റു.
“മഴ മാറിയാൽ ഞാൻ പൊയ്ക്കോളാം മോളെ... നിങ്ങൾ കിടന്നോളു...”
അതും പറഞ്ഞയാൾ സാവധാനം അവിടെത്തന്നെ ഇരുന്നു. അയാൾ സ്വൽ‌പ്പം അവശനാണെന്ന് അയാളുടെ പ്രകൃതത്തിൽ നിന്നും നിമ്മി ഊഹിച്ചു.

അവൾ വാതിൽ തുറന്നിട്ടു തന്നെ അമ്മയുടെ അടുത്തേക്കു വന്നു. കുനിഞ്ഞിരുന്നിട്ട് പറഞ്ഞു.
“ അയാളെ അകത്തേക്ക് വിളിക്കട്ടെ അമ്മേ... വയസ്സായ ആളാ...”
അതുവരെ അമ്മയുടെ മടിയിൽ തലവച്ച് കിടന്ന് കരഞ്ഞിരുന്ന നിമ്മിയായിരുന്നില്ല അപ്പോൾ...!
മുഖം പ്രസന്നമായിരുന്നു...!
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും നിമ്മി എഴുന്നേറ്റ് വീണ്ടും വാതിലിനടുത്തെത്തി. തിണ്ണയിൽ തലയും ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന അയാളെ നിമ്മി വിളിച്ചു.
“അമ്മാവാ... അകത്തേക്കു വരൂ... പുറത്തെ കാറ്റടി കൊള്ളണ്ട...”
“വേണ്ട മോളെ.. ഞാൻ വന്നിരുന്ന് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തണ്ട. നിങ്ങൾ കിടന്നോളു... മഴ മാറിയാൽ ഞാനങ്ങു പോകും...”
“ ഇതിലേ എവിടെപ്പോകാനാ...?”
അങ്ങനെയൊരു ചോദ്യം മനസ്സിലുണ്ടായിരുന്നില്ല.
അറിയാതെ ചോദിച്ചു പോയതാണ്. കാരണം അതിലെ ആരും ഇപ്പോൾ വഴി നടക്കാറില്ല. കുറച്ചപ്പുറത്ത് കുളിക്കടവിൽ പാലം‌പണി നടക്കുന്നതുകൊണ്ട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പഴയതു പോലെ കടത്തുകാരൻ കണാരേട്ടനും ഈ നേരത്ത് അവിടെ കാണില്ല.

നിമ്മിയുടെ ചോദ്യം ഒരു നിമിഷം അയാളെ സ്തപ്തനാക്കി...!
താൻ എങ്ങോട്ടാണ് പോകുന്നത്...?
നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അയാളിൽ നിന്നും മറുപടിയില്ലാത്തതുകൊണ്ട് അവൾ വീണ്ടും ക്ഷണിച്ചു.
“വരൂ.. അകത്തേക്കു വരൂ... ഈ കാറ്റടികൊണ്ട് വല്ല പനിയും പിടിക്കണ്ട..”
തന്റെ ആരുമല്ലെങ്കിൽ പോലും ഹൃദയ തന്ത്രികളിൽ എവിടെയോ കൊളുത്തിയിരിക്കുന്നു ആ വാക്കുകൾ...!
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇത്ര സ്നേഹത്തോടെയുള്ള നിമ്മിയുടെ ആ വിളി അമ്മയേയും ഗൌരിയേയും ഒരു നിമിഷം പരസ്പ്പരം നോക്കാൻ പ്രേരിപ്പിച്ചു. പരിചയമുള്ളവരോട് പോലും ഒരകലം സൂക്ഷിച്ച് പെരുമാറാറുള്ള നിമ്മിക്കെന്തു പറ്റിയെന്ന് രണ്ടു പേരും ഒരുപോലെ ചിന്തിച്ചു.

അവൾ വീണ്ടും അയാളെ ക്ഷണിച്ചു. ഇത്തവണ അയാൽ എഴുന്നേറ്റ് രണ്ടടി വച്ചിട്ട് ഒന്നു സംശയിച്ചു നിന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം അവൾ വീണ്ടൂം പറഞ്ഞു.
“കാറ്റടി അകത്തേക്കു കേറണു... വേഗം വരൂ....”
അയാൾ സാവധാനം അകത്തേക്കു കയറിയതും നിമ്മി വാതിൽ ചേർത്തടച്ച് സാക്ഷയിട്ടു. പിന്നെ തിരിഞ്ഞു നടന്ന് പഴയ സ്ഥലത്തു വന്നിരുന്നു. അയാൾ പരിസരം ഒന്നു വീക്ഷിച്ചിട്ട് അവരുടെ അടുത്തു വന്ന് അവരോടൊപ്പം നിലത്തിരുന്നു. അപ്പോഴേക്കും മൂക്കിൽ ഒരു വാട അടിച്ചത് അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അയാൾ നാലു പാടും നോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും നിമ്മി അമ്മയേയും ചേച്ചിയേയും ചൂണ്ടി പറഞ്ഞു.
“ ഇത് അമ്മ., ഇത്.. ന്റെ ചേച്ചി..”
അയാൾ രണ്ടു പേരേയും നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് യാതൊരു തിളക്കവുമില്ലായിരുന്നു.

എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
നടന്നു ക്ഷീണിച്ച, ഏറെ നാളായി പട്ടിണി കിടന്ന ഒരു പാവം വയസ്സനെപ്പോലെ തോന്നി. താടി വടിച്ചിട്ട് മാസങ്ങളായിക്കാണും. മുഷിഞ്ഞ വസ്ത്രങ്ങൾ. നല്ല വണ്ണം നനഞ്ഞിരിക്കുന്നു. പത്തറുപത്തഞ്ചു വയസ്സു കാണുമായിരിക്കും. അമ്മ മനസ്സിൽ കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മ ചോദിച്ചു.
“എവിടേക്കാ പോണേ...? ഇവിടെ ഇതിനു മുൻപൊന്നും കണ്ടിട്ടില്ലല്ലൊ...?”
അയാൾ ഇത്തിരി ഉമിനീരിനായി ഒരു നിമിഷമെടുത്തിട്ട് പറഞ്ഞു.
“ഞാൻ ഇവിടത്തുകാരനല്ല... ജീവിത വഴിയിൽ ഒറ്റപ്പെട്ടു പോയതു കൊണ്ട്...!?”
പിന്നെ അയാൾക്ക് തൊണ്ടയിൽ സങ്കടം വന്നു  മുട്ടിയ പോലെ ഒന്നു നിറുത്തി. സ്വൽ‌പ്പ സമയത്തിനു ശേഷം അയാൾ തുടർന്നു.
“ഇന്ന് ഒത്തിരി നടന്നു. എവിടേക്കെന്നറിയാതെ നടന്നു... പട്ടണത്തിലായിരുന്നു ഇന്നലെവരെ... ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ല. വീടുകളിൽ കയറി ചോദിക്കാൻ മെനക്കെട്ടില്ല.
ഇന്നത്തെ ദിവസം എനിക്ക് മറക്കാനാവില്ല....!
എന്തിനെന്നറിയാതെ വല്ലാത്തൊരു ശ്വാസം മുട്ടൽ...!
എന്തിനോടൊക്കെയോ, ആരോടൊക്കെയോ, അതോ എന്നോടു തന്നെയോ   ഉള്ള ദ്വേഷ്യം ഇന്നെന്റെ കൂടെ ഉണ്ടായിരുന്നു...”
പിന്നെ അയാൾ തല കുനിച്ചു പിടിച്ചിരുന്നു....

അയാൾ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ് മൂന്നു പേർക്കും സങ്കടമായി. അമ്മക്കു പിറകിലെ വിഷച്ചോറ് നിറച്ച പാത്രത്തിലേക്ക് മൂന്നു പേരും നോക്കി. അയാളുടെ കൺ‌വെട്ടത്തു നിന്നും അമ്മ അതെടുത്ത് കട്ടിലിന്റെ അടിയിലേക്ക് മാറ്റിവച്ചു. അയാൾ വീണ്ടും തല ഉയർത്തി മണം പിടിക്കുന്നതു പോലെ അവിടെയാകെ പരുതി. അപ്പോഴാണ് കട്ടിലിന്റെ അടിയിലിരിക്കുന്ന ചോറ് പാത്രം കണ്ണിൽ പെട്ടത്. അയാൾ ചോദിച്ചു.
“നിങ്ങൾ ഊണു കഴിക്കായിരുന്നൂല്ലെ...? ഞാൻ വന്നതു കൊണ്ട് നിറുത്തിയതായിരിക്കും... ” അതും പറഞ്ഞ് അയൾ മൂന്നു പേരേയും മാറി മാറി നോക്കി. പിന്നെ ചോദിച്ചു.
“ഒരു പിടി എനിക്കൂടെ തരോ....? ഇന്ന് ഒരു പിടി ചോറ് കഴിച്ചിട്ടില്ല...! പിന്നെ എവിടേക്കെന്നില്ലാത്ത ധൃതി പിടിച്ച നടപ്പും...!? ”
അതും പറഞ്ഞയാൾ ആ ചോറുപാത്രത്തിലേക്ക് ആർത്തിയോടെ നോക്കി.  ഗൌരി അതെടുത്ത്    തന്റെ പിറകിലേക്ക് മാറ്റി വച്ചത് അയാൾ കണ്ടു. അത് മനസ്സിലാക്കിയ ഗൌരി ഒരു ഭീതിയോടെ എല്ലാവരേയും നോക്കി. പെട്ടെന്ന് അമ്മ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ കുറച്ച് കഞ്ഞിയുണ്ടാക്കാം... ആ ചോറ് കഴിക്കണ്ട...”
അപ്പോഴേക്കും ചോറു പാത്രമെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഗൌരി.

തന്റെ തലക്കു മുകളിലൂടെ ആ ചോറുപാത്രം ഗൌരി അമ്മക്കു കൈമാറിയപ്പോൾ അനുഭവപ്പെട്ട ഗന്ധം അയാൾ തിരിച്ചറിഞ്ഞിട്ടെന്നോണം, പെട്ടെന്ന് ആ പാത്രത്തിൽ കയറിപ്പിടിച്ചു. പാത്രം മൂക്കിന്റെ തുമ്പിൽ കൊണ്ടുവന്ന് മണപ്പിച്ചിട്ട് ഒരു ഭീതിയോടെ മൂന്നു പേരേയും മാറി മാറി നോക്കി. അമ്മയിരുന്നതിന്റെ പിറകിലിരുന്ന വിഷക്കുപ്പി അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത്. അതെടുത്ത് അതിന്റെ പേരു വായിച്ചിട്ട് അവരെ ഒന്നു കൂടി നോക്കി.  മൂവരും ഒന്നും ശബ്ദിക്കാൻ കഴിയാതെ, എന്തോ കഠിനമായ തെറ്റു ചെയ്ത, ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കിയിരുന്നു....!
എല്ലാം അയാൾ ഊഹിച്ചു കഴിഞ്ഞിരുന്നു....!

അയാൾ ഒന്നും ശബ്ദിച്ചില്ല. എഴുന്നേറ്റ് വാതിൽ തുറന്ന് മുൻ‌വശത്തെ വരാന്തയിലേക്ക് ഇറങ്ങി. എന്നിട്ട് മുറ്റത്തിറങ്ങി  മഴ നനഞ്ഞ് റോഡിന്റെ അപ്പുറത്ത് ചെന്ന് കയ്യിലിരുന്ന പാത്രത്തിലെ ചോറ് നെൽക്കണ്ടത്തിലേക്ക് തൂവിയെറിഞ്ഞു. അതോടോപ്പം വിഷക്കുപ്പിയും കണ്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ച് ഇറയത്ത് കയറി നിന്ന് ഓടിൻ പുറത്തു നിന്നും ഒഴുകി വരുന്ന എറവെള്ളത്തിൽ പാത്രം കഴുകി. അകത്ത് വാതിൽക്കൽ നിമ്മി നിന്നിരുന്നു....
കരയാൻ വിങ്ങി നിന്ന മുഖത്തോടെ നിമ്മി പാത്രം വാങ്ങി തിരിഞ്ഞു നടന്നു.

അയാൾ പഴയ സ്ഥലത്തു തന്നെ പോയി  നിലത്തിരുന്നു.  ഗൌരി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അടുക്കളയിലേക്ക് പോയിരുന്നു ഇതിനകം. അയാൾ ചോദിച്ചു.
“മോളുടെ പേരെന്താ..?”
“ഗൌരി..”
അപ്പോഴേക്കും നിമ്മി അടുക്കളയിൽ നിന്നും വന്ന് ഗൌരിയുടെ അടുത്തിരുന്നു. നിമ്മിയോടായി
ചോദിച്ചു.
“മോളുടെ പേരോ..?”
“ഞാൻ  നിമ്മി..”
“അമ്മാവന്റെ പേരോ...?” ഗൌരിയാണത് ചോദിച്ചത്.
“ ഞാൻ മാധവൻ..”
പിന്നെ ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തതു പോലെ നിശ്ശബ്ദമായിരുന്നു. കാലുകൾ നിവർത്തി വച്ച് മുട്ടുകാൽ തടവിക്കൊണ്ടിരുന്നു മാധവൻ. ഇന്നത്തെ നീണ്ട നടപ്പിൽ കാൽ തളർന്നു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ ധരിച്ചിരിക്കുന്നത് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുകയാണല്ലോന്ന് രണ്ടു പേരും ശ്രദ്ധിച്ചത്. അഛന്റെ പഴയ ഷർട്ടും ലുങ്കിയുമെടുത്ത് കൊടുത്തിട്ട് നിമ്മി പറഞ്ഞു.
“ആ ഉടുപ്പൊക്കെ മാറിക്കോളൂ... ദ്  ഞങ്ങടെ അഛന്റെയാ...”

അയാൾ അതും വാങ്ങി ഇറയത്തിറങ്ങി. നനഞ്ഞത് പിഴിഞ്ഞ് വരാന്തയിൽ തന്നെ ഉണങ്ങാനിട്ടു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ കഞ്ഞിയുമായി വന്നു....
നാലു പാത്രങ്ങളും മുന്നിൽ നിരത്തി.... 
തൊട്ടടുത്ത് വന്നിരുന്ന് പാത്രങ്ങളിൽ കഞ്ഞി വിളമ്പി...
കഞ്ഞിയിൽ മോരും അച്ചാറും കലക്കിയിരുന്നു...
ആരും ഒന്നും ശബ്ദിച്ചില്ല. മൂകമായിരുന്ന് എല്ലാവരും കഞ്ഞി കഴിച്ചു. ആ കഞ്ഞിക്ക് അതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാദുണ്ടായിരുന്നുവെന്ന് മാധവൻ പറഞ്ഞത് മൂവരും തലകുലുക്കി സമ്മതിച്ചു...!!.

മഴ അപ്പോഴും ശക്തമായി പെയ്യുന്നുണ്ടായിരുന്നു...
പാത്രങ്ങളൊക്കെ കഴുകി വച്ച് നിമ്മിയും അമ്മയും കട്ടിലിന്റെ അടുത്ത് പഴയതു പോലെ വന്നിരുന്നു. ഗൌരിക്ക്  മുഖം കഴുകാനും മറ്റും നിമ്മി സഹായിക്കുന്നതു കണ്ടപ്പോൾ മാധവന് എന്തോ ഒരു സംശയം തോന്നാതിരുന്നില്ല. എങ്കിലും ചോദിച്ചില്ല. എല്ലാവരും വന്ന് വട്ടത്തിലിരിക്കുമ്പോഴാണ് മാധവൻ ഗൌരിയേ ചൂണ്ടി ചോദിക്കുന്നത്.
“ഈ കുട്ടിയ്ക്ക്...?”
അത്രയുമായപ്പോൾ നിറുത്തി. എന്നിട്ട് മറ്റുള്ളവരുടെ മുഖങ്ങളിൽ നിന്നും ഉത്തരം വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. അതു കണ്ട് ഇടക്കു കയറി നിമ്മിയാണ് പറഞ്ഞത്.
“ചേച്ചിക്ക് രണ്ടു കാലിനും സ്വാധീനമില്ല. ഒൻ‌പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തളർന്നതാ....”
അവിടന്നു തുടങ്ങിയ ആ സംഭാഷണം ഇതു വരെയുള്ള അവരുടെ ജീവിതകഥയായിരുന്നു. ആത്മഹത്യയിൽ അഭയം തേടാൻ തുടങ്ങിയിടത്ത് മാധവൻ വന്ന കാരണം, അത്  പരാജയപ്പെട്ടിടം വരെ അമ്മയും നിമ്മിയും ഗൌരിയും കൂടി പറഞ്ഞവസാനിപ്പിച്ചു....

അപ്പോഴേക്കും മുജ്ജന്മ ബന്ധം പോലെ ഒരടുപ്പം മാധവനുമായി അവർക്ക് തോന്നിത്തുടങ്ങിയിരുന്നു...
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാളായി മാധവനെ അവർ കണ്ടെങ്കിൽ, മുങ്ങിത്താഴാൻ പോകുന്ന  ഈ വീട്ടിലേക്ക് എത്തിപ്പെടാനായിരുന്നോ താനും ഇന്നത്തെ ദിവസം ഈ നടപ്പത്രയും നടന്നതെന്നത് മാധവനേയും അത്ഭുതപ്പെടുത്തി....!!!
നര കയറിയ തന്റെ താടിയിൽ തടവിക്കൊണ്ടിരുന്ന മാധവന്റെ മനസ്സിൽ അപ്പോൾ എന്തായിരുന്നുവെന്ന് ആർക്കറിയാം.....!!??

തുടരും....

Tuesday, 1 May 2012

നീണ്ട കഥ.



മഴയിലൊരു വിരുന്നുകാരൻ



“എനിക്ക് സങ്കടോന്നൂല്ല അമ്മെ...”
കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി അത് പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്.
“പിന്നെ നീ കരയുന്നതെന്തിന്...?” താഴെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട്  കരഞ്ഞു വീർത്ത മുഖവുമായിരിക്കുന്ന അമ്മ അതും പറഞ്ഞ് വിങ്ങിപ്പൊട്ടി.
“ആ പണ്ടാറക്കാലന്മാര് നശിച്ചു പോകത്തേയുള്ളു.” അനിയത്തി നിർമ്മലയുടെ ദ്വേഷ്യം മുഴുവൻ ബാങ്കുകാരോടായിരുന്നു.
“നീ അവരെ എന്തിനാ പറയണെ..? മേടിച്ചാ കൊടുക്കാത്തേന് നമ്മളെത്തന്നെ പറഞ്ഞാ മതി..”
ഗൌരിക്ക് എല്ലാത്തിനോടും ഒരു മിതവാദി സമീപനമാണ്. ശത്രുക്കളോടു പോലും അവൾക്ക് വിദ്വേഷമില്ല. അനിയത്തി നിർമ്മലയെന്ന  ‘നിമ്മി’യെ ജിവനാണ്. വണ്ടിയിലിരുത്തി  മുറ്റത്തൊക്കെ കൊണ്ടു നടക്കുന്നത് അവളാണ്.
“എങ്ങനെ കൊടുത്തുതീർക്കാനാ... ഇക്കാലമത്രയും ചിലവു മാത്രമല്ലെ ഉണ്ടായുള്ളു. കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവു ചെയ്തിട്ടും എന്റെ മോള് രക്ഷപ്പെട്ടതുമില്ല.”
ഗൌരിയുടെ  സ്വാധീനമില്ലാത്ത കാലുകൾ തടവിക്കൊണ്ട് അമ്മ ആരോടെന്നില്ലാതെ പറഞ്ഞ്  മൌനം പൂണ്ടു.
ആ മനസ്സ് പഴയ സംഭവങ്ങളെല്ലാം ഒരു സിനിമാക്കഥ പോലെ നേരിൽ ഒന്നു കൂടി കണ്ടു.

പത്തു വർഷം മുൻപ്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൌരിയുടെ  കാലിന് അസുഖം വന്നത്. അന്ന് സ്കൂളിൽ നിന്നും എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പിന്നീടിന്നുവരെ ആ കാലുകൾ കൊണ്ട് നടക്കാൻ ഗൌരിക്ക് കഴിഞ്ഞില്ല. അവളുടെ അഛൻ ആശുപത്രികളായ ആശുപത്രികൾ മുഴുവൻ മകളേയും കൊണ്ട് നടന്നു. കയ്യിലുണ്ടായിരുന്നതും വിറ്റുപെറുക്കിയും ഒക്കെ ചികിത്സിച്ചിട്ടും മതിയാകാതെയാണ് വീടും പറമ്പും പണയപ്പെടുത്തിയത്. എന്നിട്ടും ഗുണമൊന്നും ഉണ്ടായില്ല. വായ്പ്പയെടുത്തതിനു ശേഷം ഒരു മാസത്തവണ പോലും തിരിച്ചടക്കാൻ കഴിഞ്ഞില്ല. മകളേയും കൊണ്ട് നടന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ ഒരു കടയിലെ കണക്കെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ ജോലിയും   നഷ്ടപ്പെട്ടിരുന്നു.  നിരാശനായ അദ്ദേഹം അവസാന അഭയമെന്ന നിലയിലാണ് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കൊണ്ടു നടന്നത്. പിന്നെ  മന്ത്രവാദം. ഒന്നിനും മോളെ എഴുന്നേറ്റു നടത്തിക്കാനായില്ല. തന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ്  ജ്യോത്സ്യന്റെ അടുത്തു പോയത്. അയാളാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളിയിട്ടത്.

ഗൌരിക്ക് ചൊവ്വാ ദോഷമുണ്ടെന്നും വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിധവയാകുമെന്ന ജ്യോത്സ്യവിധി അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു. അതിനു ശേഷമാണ് കുനിന്മേൽ കുരുവെന്ന പോലെ ബാങ്കിന്റെ ജപ്തി നോട്ടീസ്സ് വന്നത്. അതോടെ പൂർണ്ണമായും തകർന്നു പോയ അദ്ദേഹം ഒറ്റക്കു രക്ഷപ്പെട്ടത് കുടുംബത്തിന്റെ നട്ടെല്ലു തകർത്തു...!!
അതൊരു ആത്മഹത്യയായിരുന്നില്ല. ഹൃദയ സ്തംഭനമായിരുന്നു. അതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. 

രണ്ടു കാലും തളർന്ന ഗൌരിയേയും, സാമ്പത്തിക പരാധീനത കാരണം പഠിത്തം അവസാനിപ്പിച്ച  നിർമ്മലയേയും  കൊണ്ട്  ഈ അമ്മ എന്തു ചെയ്യാൻ...?
ഒരു തേങ്ങിക്കരച്ചിലിലാണ് ആ ചിന്തകൾ അവസാനിച്ചത്..
അമ്മയെ ആശ്വസിപ്പിക്കാനായി മക്കൾ രണ്ടു പേരും അമ്മയെ ചേർത്തു പിടിച്ചെങ്കിലും, അവർക്കും അമ്മയോടൊപ്പം കൂടാനെ കഴിഞ്ഞുള്ളു.

പട്ടിണി കിടക്കാതിരിക്കാൻ നിമ്മി  ഒരു ജോലിക്ക് ശ്രമിച്ചിരുന്നു. അടുത്ത പട്ടണത്തിലെ തുണിക്കടയിൽ സെയിത്സ് ഗേൾ ആയി പോയിരുന്നു. കിട്ടുന്ന കാശ് വണ്ടിക്കാശിനു പോലും തികയില്ല. പട്ടണത്തിൽ താമസിക്കാൻ അമ്മ സമ്മതിച്ചതുമില്ല. 
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ  കിടക്കുന്ന ഗൌരിക്ക് ഏതു  കാര്യത്തിനും അമ്മയില്ലാതെ പറ്റില്ല. അതുകൊണ്ട് ആരുടെയെങ്കിലും അടുക്കളപ്പണിക്കു പോലും പോകാൻ അമ്മക്കും കഴിഞ്ഞില്ല.

ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഒരാഴ്ച്ചുക്കുള്ളിൽ ജപ്തിയുണ്ടാകുമെന്നും, ജപ്തി കൂടാതെ കഴിക്കണമെങ്കിൽ എത്രയും വേഗം കുറച്ചു രൂപ ബാങ്കിലടച്ചേ തീരുവെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അതിനും നിവർത്തിയില്ലാതെ വന്നപ്പോഴാണ് സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോടു തന്നെ ചോദിച്ചത്. ഇതു വിറ്റാലും പലിശയും പലിശയുടെ പലിശയുമായിക്കഴിഞ്ഞ കടം തീർക്കാനുള്ള വക കിട്ടില്ലെന്നു തിർത്തു പറഞ്ഞത് അവരെ  തളർത്തി.

എല്ലാ വഴികളും അടഞ്ഞുവെന്നു തോന്നിയ ആ രാത്രിയിലാണ് അവർ ആ തീരുമാനമെടുത്തത്. അമ്മ പറഞ്ഞു.
“ഇനീപ്പൊ.. ഇതു വിറ്റ് കടം വീട്ടിയാലും നമ്മളെങ്ങോട്ടു പോകും മക്കളെ...?”
“ഇതു വിറ്റാലും കടം തീരില്ലെന്നല്ലെ അവരു പറഞ്ഞത്...?”
നിർമ്മല അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട് പറഞ്ഞു.
“എന്താമ്മെ നമ്മടെ ജീവിതം ഇങ്ങനെ ആയിപ്പോയത്...?”
കട്ടിലിൽ  ചാരിയിരിക്കുന്ന അമ്മയുടെ തലമുടിയിൽ വിരലുകൾ കോർത്തു കൊണ്ട് ഗൌരി പറഞ്ഞു. അമ്മയുടെ പനങ്കുല പോലത്തെ ഈ മുടി കണ്ടിട്ടാണത്രെ അഛൻ കെട്ടിയതെന്ന് ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി.
“എന്തെങ്കിലും അടുക്കളപ്പണിയെടുത്ത് ജീവിക്കാന്നു വച്ചാലും ഗൌരിമോളെ എന്തു ചെയ്യും...?”
 അത് ഗൌരിക്കും അറിയാം. താൻ കാരണമാണ് കുടുംബത്തിന് ഈ ഗതി വന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തന്റേത് ഒരു നാശം പിടിച്ച ജന്മമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും തന്റെ കുടുംബത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്നും പലപ്പൊഴും അവൾ ചിന്തിച്ചിട്ടുണ്ട്. അതിനും മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്ന അവസ്ഥ അവളെ നിസ്സഹായനാക്കി.

അതു കൊണ്ടാണ് അമ്മയുടെ ആ നിർദ്ദേശം വന്നപ്പോൾ രണ്ടും കയ്യും നിട്ടി സ്വീകരിച്ചത്.
“എന്റെ മക്കളെ... അമ്മക്കിനി ജിവിക്കണോന്നില്ല. പക്ഷെ, നിങ്ങളെ തനിച്ചാക്കി അമ്മക്ക് പോകാനും വയ്യ....!” 
ഹൃദയം തകർന്നു പറഞ്ഞ അമ്മയുടെ വാക്കുകൾ നിമ്മിയെ സ്തപ്തയാക്കിയെങ്കിലും  ഗൌരി പറഞ്ഞു.
“ഞാൻ റെഡിയാ അമ്മെ...! എന്നേ ഞാനതിനു തെയ്യാറായതാ.. ഒറ്റക്കു ഒന്നിനും കഴിയാത്തോണ്ടാ.. !!”  
ഗൌരിയുടെ മറുപടി കേട്ട് അമ്മയും ഞെട്ടി. ഒരു മരണം അവളും  ആഗ്രഹിച്ചിരുന്നോ..?
ഗൌരി തുടർന്നു. 
“പക്ഷെ, നിമ്മീനെ വേണ്ടാമ്മെ... അവളെങ്കിലും രക്ഷപ്പെടണം...!”
അതു കേട്ട് ചാടി എഴുന്നേറ്റ നിമ്മി പറഞ്ഞു.
“ വേണ്ടാ... നിങ്ങളില്ലാതെ എനിക്ക് ജീവിക്കണ്ടാ.. എനിക്കു ജീവിക്കണ്ടാ...!”
വളരെ ആവേശത്തോടെ നിമ്മി അതും പറഞ്ഞ് അമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതു കേട്ട് അമ്മ പറഞ്ഞു.
“ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മളൊരുമിച്ചെയുള്ളു...! മറ്റുള്ളോർക്ക് കടിച്ചു കീറാനായി എന്റെ മക്കളെ വിട്ടുകൊടുക്കില്ല ഞാൻ..!”
അമ്മയുടെ കൈ പിടിച്ച് മുത്തം കൊടുത്ത് ഗൌരി വിങ്ങിവിങ്ങിക്കരഞ്ഞു. മടിയിൽ കിടക്കുന്ന നിമ്മിയുടെ തലയിൽ വെറുതെ കോതിക്കൊണ്ട് അമ്മ കണ്ണീരൊഴുക്കി....
ആർക്കും ആരേയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ....
ഒരു രക്ഷാകവചം അവരുടെ മുന്നിൽ തുറന്നില്ല....

പിറ്റേദിവസം അമ്മ നെൽ‌പ്പാടത്തിന്റെ അരികിലെ വരമ്പിലൂടെ അന്വേഷിച്ചു നടന്നു. അമ്മക്കറിയാമായിരുന്നു കർഷകർ നെല്ലിനടിക്കുന്ന മരുന്ന് കൈതക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വക്കാറുള്ളത്.  അന്വേഷണത്തിലൊടുവിൽ രണ്ടു കുപ്പികൾ കിട്ടി.  പൊട്ടിക്കാത്ത ഒരു കുപ്പിയും, പൊട്ടിച്ച് വളരെ കുറച്ച് മാത്രമെടുത്ത ഒരു കുപ്പിയും. രണ്ടുമെടുത്ത് സാരിയിൽ ഒളിപ്പിച്ച് വീട്ടിലെത്തി. അടുക്കളയിൽ കൊണ്ടുവച്ച നേരം നിമ്മിയെടുത്ത് നോക്കി. പിന്നെ ഒന്നു മണത്തു നോക്കി മൂക്കു ചുളിച്ചു. 

പിന്നെ രാത്രിയാവാൻ കാത്തിരുന്നു....
സന്ധ്യ ആയതോടെ ആകാശം മേഘാവൃതമായിത്തുടങ്ങി....
ഇരുട്ടു വീണതും പതുക്കെ മഴ ചാറാൻ തുടങ്ങി.  ഇന്ന് തങ്ങളുടെ അവസാനദിവസമാണെന്ന് മൂന്നു പേരും മനസ്സാൽ തന്നെ തീരുമാനമെടുത്തിരുന്നതു കൊണ്ട് ആർക്കും വേവലാതിയൊന്നും ഇല്ലായിരുന്നു....
പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തുവക്കേണ്ടതുണ്ടോന്ന് മൂന്നു പേരും ആലോചിച്ചു നോക്കി. തങ്ങൾ ജീവിച്ചാലും മരിച്ചാലും ഇതെല്ലാം ബാങ്കുകാരു കൊണ്ടു പോകും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. അഛൻ മരിച്ചതിനു ശേഷം ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾക്ക്...? 
അടുത്തു  ഇടപഴകിപ്പോയാൽ എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമെന്നു പേടിച്ച് തിരിഞ്ഞു നോക്കാത്തവരെക്കുറിച്ച് എന്തു ചിന്തിക്കാൻ... ?
ഇല്ല ഒരാളു പോലുമില്ല ആശ്വാസത്തോടെ ഒന്നോർക്കാൻ...!

അയൽവക്കത്തെ കുസുമേച്ചിയേയും നാരായണി വല്ലിമ്മയേയും ഒർമ്മ വന്നു നിമ്മിയുടെ മനസ്സിൽ.  വല്ലപ്പോഴും പുറം ലോകവുമായുള്ള ബന്ധം അവരിലൂടെയായിരുന്നു.  തങ്ങളുടെ മരണത്തെക്കുറിച്ച് അറിയുമ്പോൾ നാരായണി വല്ലിമ്മ കുശുമ്പി ആണെങ്കിലും വാവിട്ട് കരഞ്ഞേക്കാം. പക്ഷേ കുസുമേച്ചി കരയില്ല..! ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളുടെ മുന്നിൽ ഇല്ലാന്ന്, ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന കുസുമേച്ചിക്ക് മനസ്സിലാകും.... 
വീണ്ടും മഴ ശക്തമാകാൻ  തുടങ്ങി. ആരും അത്താഴമൊന്നും കഴിച്ചില്ല. വിശപ്പെല്ലാം കെട്ടുപോയിരുന്നു...

അത്താഴത്തിനുള്ള ചോറ് ഒരു പ്ലേറ്റിലാക്കി അമ്മ കട്ടിലിന്റെ അടുത്ത് കൊണ്ടു വച്ചു....
ഗൌരിയെ കട്ടിലിൽ നിന്നും താഴെയിറക്കി കട്ടിലിന്റെ കാലിൽ ചാരിയിരുത്തി....
അമ്മയുടെ മറുവശത്തായി നിമ്മിയും വന്നിരുന്നു..
എന്തൊ.. നിമ്മിയുടെ മുഖം ആ നിമിഷം വരെ സ്വസ്തമായിരുന്നെങ്കിലും ഇപ്പോൾ വല്ലാതെ വലിഞ്ഞു മുറുകിയതു പോലെ.. അമ്മയും ഗൌരിയും അത് ശ്രദ്ധിച്ചതു കൊണ്ട് അവൾ മുഖം തിരിച്ചു കളഞ്ഞു....
അമ്മയും ഗൌരിയും പരസ്പ്പരം നോക്കി....
പിന്നെ അമ്മ നിമ്മിയുടെ മുഖം തന്നിലേക്ക് ബലമായി തിരിച്ചിട്ട് സാവധാനം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഗൌരി കയറി ചോദിച്ചു.
“നിമ്മി മോളെ... മോൾക്കെന്തെങ്കിലും ധൈര്യക്കുറവുണ്ടോ...?” 
“ഹേയ് ഇല്ല... !” 
“പിന്നെന്താ മോളുടെ മുഖത്തിനൊരു മാറ്റം പോലെ...?” അമ്മയാണ്  ചോദിച്ചത്.
“ഒന്നൂല്ലാമ്മെ... ഒരു നിമിഷം ഞാനൊന്നു പതറീന്നുള്ളത് നേരാ...!
ഈ സുന്ദരഭൂമി കണ്ടു കൊതി തീർന്നില്ല. അതിനു മുൻപേ നമ്മുടെ മുന്നിൽ ആ കാഴ്ചകൾ കൊട്ടി അടക്കപ്പെടുന്നതെന്തെന്നു ഒരു നിമിഷം ചിന്തിച്ചു പോയി...! അതിനും വേണ്ടും എന്തു തെറ്റാ നമ്മളു ചെയ്തേ...!!?” 
അതും പറഞ്ഞ് അമ്മയുടെ തോളിലേക്ക് ചാഞ്ഞ നിമ്മിയെ അമ്മ ചേർത്തു പിടിച്ചു.
ആശ്വസിപ്പിക്കാനായി അമ്മ പറയാൻ തുടങ്ങിയതാ....
“ഇനിയൊരു ജന്മമുണ്ടെങ്കിൽ.....”
“ വേണ്ട.. ഇനി ഇങ്ങനെയൊരു ജന്മം വേണ്ടാ..!!”
ഗൌരിയാണ് പൊട്ടിത്തെറിച്ചത്.... 

അപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി. അമ്മ രണ്ടു പേരേയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമുക്ക് ഒന്നു പ്രാർത്ഥിക്കാം...”
നിമ്മിക്കത് തമാശയായാണ് തോന്നിയത്. അതു കൊണ്ടാണ്. ‘എന്തിനാ...?” എന്ന ചോദ്യം വന്നത്.
അതിനു മറുപടി ആരും പറഞ്ഞില്ല. എല്ലാവരും കണ്ണടച്ച് തൊഴുതു പിടിച്ചു....
ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറന്ന് മൂന്നു പേരും പരസ്പ്പരം നോക്കി....
അമ്മ വിഷക്കുപ്പിയിൽ നിന്നും പകുതിയോളം ഒഴിച്ച് ചോറ് കുഴക്കാൻ തുടങ്ങി....
അതോടൊപ്പം രൂക്ഷഗന്ധം മുറിയാകെ നിറഞ്ഞു.
ഗൌരി നിമ്മിയോടായി ചോദിച്ചു.
“നിമ്മീ.. മോളെന്താ പ്രാർത്ഥിച്ചെ...?”
“ ഞാൻ...  ഈ സീരിയലിലൊക്കെ കാണണപോലെ അവസാന നിമിഷം അമ്മേടെ കൃഷ്ണഭഗവാനോ, ചേച്ചീടെ ചോറ്റാനിക്കരമ്മയോ ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെട്ട് നമ്മളെ രക്ഷിക്കണേന്ന്...!!”
അതും പറഞ്ഞ് നിമ്മി അമ്മയുടെ തോളിൽ ചാഞ്ഞ് ഉറക്കെ കരഞ്ഞു.
അവൾക്ക് പിന്നെ ആ കരച്ചിൽ പിടിച്ചു നിർത്താനായില്ല....
അനിയത്തിയുടെ കരച്ചിൽ ചേച്ചിയുടെ ധൈര്യവും ചോർത്തി...
അവളും കരയാൻ തുടങ്ങിയതോടെ അമ്മ ചോറ് കുഴക്കുന്നത് ഒരു നിമിഷം നിറുത്തി രണ്ടു പേരേയും മാറി മാറി നോക്കിയെങ്കിലും ആ മുഖത്തിന് ഭാവമാറ്റം ഒന്നുമുണ്ടായില്ല....
തികച്ചും ഗൌരവം പൂണ്ടിരുന്നു....!

കാറ്റു പിടിച്ച മഴയുടെ ആരവം പുറത്ത് ശക്തി പ്രാപിക്കുന്ന നേരത്ത്, ഉരുട്ടിയ ചോറുരുള രണ്ടു പേരുടേയും കൈകളിൽ പിടിപ്പിച്ച നേരത്ത്, രണ്ടു പേരുടേയും കരച്ചിലിനിടയിൽ അവർ ആ ശബ്ദം വ്യക്തമായി കേട്ടു....!
പുറത്ത് വരാന്തയിൽ ആരോ ഓടിക്കയറിയ പോലെ..! 
"വീട്ടുകാരെ...” എന്നു വിളിച്ച പോലെ...!!
നിമ്മിയും ഗൌരിയും ഞെട്ടി, മുൻ‌വശത്തെ വാതിലിനു നേരെ കണ്ണു നട്ടു....!
വീണ്ടും ആ ശബ്ദം അവർ വ്യക്തമായി കേട്ടു.
“വീട്ടുകാരെ... പേടിക്കണ്ടാട്ടൊ.. ഒരു വഴിപോക്കനാ.... മഴ കാരണം കേറീതാ...!!?”
ആ ശബ്ദം തീരുന്നതിനു മുൻപേ നിമ്മി കയ്യിലെ ചോറ് പാത്രത്തിലേക്ക് ഇട്ട് എഴുന്നേറ്റ് വാതിക്കലേക്ക് ഓടി....!!?
  
തുടരും....

Sunday, 15 April 2012

കഥ...

കാലം തെറ്റിയ മഴ.



മാറൈൻ ഡ്രൈവിലെ ചാരു ബഞ്ചിലിരുന്ന് കായലിലെ ഓളങ്ങളെ ശ്രദ്ധിച്ചിരിക്കാൻ എന്തു രസമാണ്. സമയം പോകുന്നത് അറിയില്ല. യാത്രാ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കായലിലൂടെ ലക്ഷ്യസ്ഥാനം തേടി അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു. സന്ദർശകരേയും കൊണ്ട് ഒഴുകി നടക്കുന്ന യാനങ്ങൾ വേറേയും മുന്നിൽ കൂടി പോയ്ക്കൊണ്ടിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധാരാളമായി നടപ്പാതയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്.

കായൽ മുഖത്തേക്ക് തിരിച്ചിട്ടിരുന്ന ചാരുബെഞ്ചിൽ അമ്മയുടെ മടിയിൽ കയറിയിരുന്ന് ഐസ്ക്രീമിനു വേണ്ടി ബഹളം വക്കുകയാണ് ഇളയവൻ ചിഞ്ചു. അവൻ ഇത്തരം യാത്രകൾക്കു വേണ്ടി ബഹളം വക്കുന്നതും വരുന്നതും തന്നെ വഴിയിൽ കാണുന്ന എന്തും വാങ്ങിക്കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ്. കാഴ്ചകൾ കാണുന്നതൊന്നും അവനൊരു പ്രശ്നമേയല്ല. മൂത്തവൾ തൊട്ടുമുൻപിൽ തന്നെ കായലിലേക്ക് കാലുമിട്ട് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നുണ്ട്. അവളേക്കൊണ്ട് യാതൊരു ശല്യങ്ങളുമില്ല. അനിയന്റെ ആവശ്യമില്ലാത്ത തീറ്റഭ്രാന്തിന് തടയിടാൻ അവൾ വിചാരിച്ചാലെ പറ്റു. അനിയന് ചേച്ചിയെ അത്രക്കിഷ്ടമാണ്.

അമ്മയും അച്ഛനും ജോലിക്കു പോയിക്കഴിഞ്ഞാൽ അനിയനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സ്കൂൾ വണ്ടിയിൽ കയറ്റി വിടുന്നതും മറ്റും ചേച്ചി ‘ഇച്ചേയി’യുടെ ജോലിയാണ്. അങ്ങനെയാണ് ചിഞ്ചു ചേച്ചിയെ വിളിക്കുക.
‘ഇച്ചേയീ..’ എന്ന അനിയന്റെ ഒറ്റ വിളി മതി, എന്തു മലമറിക്കണ പണിയാണെങ്കിൽ പോലും അതെല്ലാം ഇട്ടെറിഞ്ഞിട്ടോടി വരാൻ. കാരണം ഇച്ചേയിക്ക് അത്രക്കിഷ്ടമാ തന്റെ ഒരേയൊരു പൊന്നനിയനെ.

ഇനി ആരെങ്കിലും അവനെ കളിയാക്കാനായി ‘ഇച്ചേയിയോ.. അതാരാ...?’ എന്നു ചോദിച്ചാൽ ചിഞ്ചു അയാളെ ഒന്നു ക്രൂദ്ധിച്ചു നോക്കും. തൽക്കാലം മറുപടി അർഹിക്കുന്നില്ലെന്ന പോലെ പിന്മാറിക്കളയും. വീണ്ടും ചോദിച്ചാൽ അവൻ പറയും.
“ന്റെ അമ്മ..!!”
തന്റെ ഇച്ചേയിയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവന് സഹിക്കില്ല. അത് അഛനോ അമ്മയോ ആയാൽ പോലും.. പുറത്ത് പോകുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ വാങ്ങാൻ ബഹളം വക്കുമ്പോൾ അഛനൊ അമ്മയൊ ഇച്ചേയിയുടെ നേരെ ഒന്നു കണ്ണു കാണിക്കും. ഉടനെ ശാഢ്യം പിടിച്ചു കരയുന്ന അനിയനെ ചേർത്തു പിടിച്ച് പറയും.
“ഇച്ചേയീടെ കുട്ടായിയല്ലെ... കുട്ടായി കരഞ്ഞാൽ ഇച്ചേയിക്കും കരച്ചിൽ വരും...!”
അതു കേട്ടതും ഒരു ഞെട്ടലാണ് കുട്ടൻ...!
ഉടനെ വാശിയും കരച്ചിലും നിറുത്തി നല്ല കുട്ടിയാകും. പിന്നെ വീട്ടിലെത്തുന്നതു വരെ ഒരു കുഴപ്പവുമില്ലാതെ ഇച്ചേയിയുടെ കയ്യും പിടിച്ച് നടന്നോളും.

രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇച്ചേയി മറ്റു കൂട്ടുകാരോടൊപ്പം നടന്നാണ് സ്കൂളിൽ പോകുക. ഇച്ചേയി സ്കൂളിൽ എത്തിയിട്ടേ ചിഞ്ചുവിന്റെ സ്കൂൾ വണ്ടി പട്ടണമൊക്കെ കറങ്ങിക്കറങ്ങി എത്തുകയുള്ളു. സ്കൂൾ വിടുമ്പോഴും ചിഞ്ചുവിനെ സ്കൂൾ ബസ്സിൽ കയറ്റിയിരുത്തിയിട്ടെ ഇച്ചേയി നടപ്പു തുടങ്ങു. ഇച്ചേയി വിട്ടിലെത്തി കുളി കഴിയുമ്പോഴേക്കും അനിയനും എത്തും. പിന്നെ അനിയനെ കുളിപ്പിച്ച് ചായയും പലഹാരങ്ങളും കൊടുത്ത്, രണ്ടു പേരുടെയും ഹോം വർക്കും കഴിയുമ്പോഴേക്കും അമ്മയെത്തും. അതു കഴിഞ്ഞിട്ടാണ് രണ്ടു പേരും കൂടി ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടിലേക്ക് പോകുക. ഒരേ വീട്ടിൽ തന്നെയാണ് അതും. ട്യൂഷൻ കഴിയുമ്പോഴേക്കും നന്നായി ഇരുട്ടിയിട്ടുണ്ടാവും. പടിക്കൽ അഛൻ കാത്തു നിൽക്കു മെന്നുറപ്പുണ്ട് ‘ഇച്ചേയിയുടെ കുട്ടായി’ക്ക്. അഛനെ കണ്ടു കഴിഞ്ഞാൽ പിന്നെ ചിഞ്ചുവിന് ഒരടി നടക്കാൻ പറ്റില്ല. ചിഞ്ചു കൊഞ്ചിക്കൊണ്ടു പറയും.
“അവ്ടെ കുത്തീരുന്ന് പട്ച്ച് പട്ച്ച് ന്റെ കാലൊക്കെ വേദ്നിക്കനുഛാ...!”
ദിവസവും ഇതു കേൾക്കുന്ന അഛന് ചിരി പൊട്ടും. പിന്നെ താമസമില്ല.
‘അമ്പടാ.. കള്ളക്കുട്ടാ...’ ന്നും പറഞ്ഞ് അവനെ എടുത്ത് തോളത്തിടും. ചിഞ്ചുക്കുട്ടൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് വീട്ടിൽ ചെല്ലുമ്പൊഴാ അഛനു മനസ്സിലാകുക. ചിഞ്ചു വീട്ടിലെത്തുമ്പോഴേക്കും തോളിൽ കിടന്ന് ഉറങ്ങിയിരിക്കും.

പിന്നെ ഉറക്കത്തിൽ തന്നെ മടിയിൽ ചാരിയിരുത്തി ചോറ് കൊടുക്കേണ്ട ചുമതല ഇച്ചേയിക്കാണ്. അമ്മയാണ് ചോറ് കൊടുക്കുന്നതെങ്കിൽ അന്ന് ഇടിയും ബഹളത്തിലുമായിരിക്കും അവസാനിക്കുക. കാരണം അവന്റെ ടൈംടേബിൾ അനുസരിച്ചായിരിക്കില്ല അമ്മയുടെ ചോറ് കൊടുക്കൽ.

ഉരുളയാക്കിയ ചോറ് കൂട്ടാന്റെ ചാറിൽ നന്നായി മുക്കി വായിൽ വയ്ക്കണം. എന്നാലും ചിഞ്ചു വായ കൂട്ടില്ല. അതിനു പിന്നാലെ വറുത്ത മീൻ ഒരു കഷണം കൂടി അകത്തു വച്ചാലെ ചിഞ്ചു വായടച്ച് തിന്നാൻ തുടങ്ങു. ഈ ടൈംടേബിൾ അമ്മ പാലിക്കില്ല. അന്നേരം ചിഞ്ചൂനു ദ്വേഷ്യം വരും. വായിൽ കിടന്നത് അമ്മയുടെ മേത്തേക്കു തന്നെ തുപ്പും. പിന്നെ വേണ്ടാത്ത പുകിലൊക്കെ ഉണ്ടാക്കും. അടി, ഇടി, ചവിട്ട്, കുത്ത് കൂടാതെ അമ്മയുടേയും മോന്റേയും അത്താഴപ്പട്ടിണിയിലേ അതവസാനിക്കൂ.

ഇച്ചേയി ഇതൊക്കെ കൃത്യമായി പാലിച്ചേ ചോറു കൊടുക്കൂ. അതുകൊണ്ട് ചിഞ്ചുവിന് ഇച്ചേയി ചോറു വായിൽ വച്ചു തരുന്നതാ ഇഷ്ടം. അതിലേറെ ഇഷ്ടമെന്തെന്നാൽ, ഈ നേരത്തൊന്നും ചിഞ്ചുവിനു കണ്ണു തുറക്കേണ്ട ആവശ്യം വരുന്നേയില്ല. വയറു നിറച്ചിട്ടേ ഇച്ചേയി നിറുത്തു. അതു കഴിഞ്ഞാൽ ചിഞ്ചുവിനെ എടുത്തു കിടത്തണം. ഇച്ചേയി എടുത്താൽ പൊങ്ങില്ല. പിന്നെ അഛനാണ് എടുത്തു ബഡ്ഡിൽ കിടത്തുക.

സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നു പൊയ്ക്കോണ്ടിരുന്നത്.
ദുഷ്ടനെ പന പോലെ വളർത്തുമെങ്കിലും സാധാരണക്കാർക്ക് കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും വളരെ നേരത്തെ തന്നെ തല്ലിക്കെടുത്തും...!
അല്ലെങ്കിൽ ആകാശത്ത് ഒരു കഷണം കാർമേഘം പോലും ഇല്ലാത്ത, അതും ചൂടുകൊണ്ട് മനുഷ്യൻ ഉരുകിയൊലിക്കുന്ന ഈ നടു വേനലിന്റെ സമയത്ത് അങ്ങനെ ഒരു മഴ പെയ്യേണ്ട ഒരു സാദ്ധ്യതയുമുണ്ടായിരുന്നില്ല..!
പെട്ടെന്നെഴുന്നെള്ളിയെത്തിയ മഴയത്ത് നനഞ്ഞൊലിച്ച് അയാൾ അവിടെ ഒരു വാഴയില തരുമൊന്ന് ചോദിച്ച് കയറി വരേണ്ട ഒരു കാര്യവുമില്ല. റോഡിൽ നിന്നും കയ്യെത്തിച്ച് ഒടിച്ചെടുക്കാവുന്ന രീതിയിൽ വാഴയില നിന്നിട്ടും, അല്ലെങ്കിൽ പടിക്കൽ തന്നെയുള്ള ഭാസ്ക്കരേട്ടന്റെ മുറുക്കാൻ കടയിൽ കയറി നിൽക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. നേരെ ഇറയത്തേക്ക് ഓടിക്കയറി വന്നിട്ടാണ് മഴ നനയാതിരിക്കാൻ ഒരു വാഴയില വെട്ടിയെടുത്തോട്ടേന്ന് ചോദിച്ചത്.

ഇച്ചേയി ഇറങ്ങിച്ചെന്നതും അയാൾ സൂക്ഷിച്ചൊന്നു നോക്കി. പെണ്ണെന്നു പറയാറായിട്ടില്ല. എന്നാലും..?! പിന്നെ അകത്തേക്കും ഒന്നെത്തി നോക്കി. ചിഞ്ചു നിലത്തിരുന്ന് എഴുത്തു പലകയുടെ മുകളിൽ വച്ച ബുക്കിൽ എന്തൊ എഴുതിക്കൊണ്ടിരിക്കുന്നു. അകത്ത് മുതിർന്നവർ ആരുമില്ലെന്ന് ഉറപ്പു വരുത്താനായിരിക്കും അയാൾ ചോദിച്ചത്.
“മോളെ... കുടിക്കാനിത്തിരി വെള്ളം തരാമൊ..”
അവൾ തലയൊന്നാട്ടിയിട്ട് അകത്തേക്ക് തിരിഞ്ഞതും ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് അയാളോടായി ചോദിച്ചു.
“ഒരു ഗ്ലാസ് പായസം തരട്ടെ, കുടിക്കാമോ...”
“ഇന്നെന്താ വിശേഷം...?” ഒരു പരിചയക്കാരനെന്ന പോലെ അയാൾ വിശേഷം ചോദിച്ചു.
“ ഇന്ന് ചിഞ്ചൂന്റെ പിറന്നാളാ...” ചിഞ്ചുവിനെ ചുണ്ടി അതു പറഞ്ഞപ്പോൾ, കുട്ടായി തല ഉയർത്തി അഭിമാനപൂർവ്വം ഒന്നു പുഞ്ചിരിച്ചു.

ഇച്ചേയി അകത്തേക്കു പോയ തക്കത്തിന് പുറത്തൊക്കെ ഒന്നു നിരീക്ഷിച്ചിട്ട് അയാൾ അകത്തേക്കു കയറി. ചിഞ്ചു തന്റെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ഇച്ചേയി ഒരു ഗ്ലാസ്സിൽ വെള്ളവും ഒരു ഗ്ലാസ്സിൽ പായസ്സവുമായി വന്നു. ആദ്യം വെള്ളം വാങ്ങിക്കുടിച്ച അയാൾ ആ ഗ്ലാസ് തിരിച്ചു കൊടുത്തിട്ട് പായസ്സ ഗ്ലാസ് വാങ്ങി. പായസ്സം ഒന്നു മൊത്തിയ അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയ ഇച്ചേയിയുടെ കഴുത്തിൽ തന്നെ കയറിപ്പിടിച്ചു...!
പെട്ടെന്നു തിരിഞ്ഞ ഇച്ചേയി അയാളുടെ വന്യമായ മുഖം കണ്ട് ഞെട്ടി...!
പേടിച്ചു പോയ ഇച്ചേയി “ചിഞ്ചൂ...” എന്നുറക്കെ വിളിച്ചു...
ആ വിളി മുഴുവനാക്കുന്നതിനു മുൻപു തന്നെ അയാൾ പായസ്സ ഗ്ലാസ് താഴെയിട്ടിട്ട് അവളുടെ വായ പൊത്തി. പെട്ടെന്നതു കണ്ട് ഞെട്ടി എഴുന്നേറ്റ ചിഞ്ചു ഓടിച്ചെന്ന് അയാളെ തള്ളിമാറ്റാൻ ഒരു ശ്രമം നടത്തി.
“വിടെടാ.. പട്ടി.. ന്റെ ച്ചേയിയേ...” ന്നൊക്കെ പറഞ്ഞെങ്കിലും അയാൾ അതൊന്നും ഗൌനിക്കാതെ അപ്രതീക്ഷിത ആക്രമണത്തിൽ തളർന്നു പോയ ഇച്ചേയിയുടെ ശരീരം താഴെ കിടത്താനായിരുന്നു നോക്കിയത്.

ശബ്ദിക്കാൻ പോലും കഴിയാതെ കണ്ണു മിഴിച്ച ഇച്ചേയിയെ കണ്ട് ചിഞ്ചുവിന്റെ രക്തം തിളച്ചു. ശരീരം വിറകൊണ്ടു. അവൻ അയാളുടെ കൈത്തണ്ടയിൽ തന്നെ ശക്തമായൊരു കടി കൊടുത്തു. ആരെങ്കിലും വഴക്കിനു വന്നാൽ അവന്റെ അവസാന ആയുധമായിരുന്നു കടി. നന്നായി വേദനിച്ച അയാൾ അവനെ ശക്തമായി കുടഞ്ഞെറിഞ്ഞു. അവൻ അപ്പുറത്തെ ചുമരിലെ ഷോകേസ്സിന്റെ ഗ്ലാസ്സിൽ തലയടിച്ച് താഴെ വീണു...!

കണ്ണിൽക്കൂടി എന്തോക്കെയോ പറക്കുന്നത് ഒരു നിമിഷം ചിഞ്ചു ആദ്യമായി കണ്ടു. ഒരു നിമിഷ നേരത്തെ മന്ദതക്കു ശേഷം വേദനിച്ച തലയിൽ കൈ തടവിയിട്ട്, എവിടെയാണ് തന്റെ തല ഇടിച്ചതെന്നു നോക്കി. അപ്പോഴാണ് ഷോകേസ്സിനകത്ത് വച്ചിരുന്ന ആ കുപ്പി കണ്ണിൽ പെട്ടത്...!

മുമ്പൊരിക്കൽ കന്യാകുമാരിയിൽ പോയപ്പോൾ വാങ്ങിയതാണ്. ആ ചതുരക്കുപ്പിക്കകത്ത് ഒരു ‘പായ്ക്കപ്പൽ’ കടത്തി വച്ചിട്ടുണ്ടായിരുന്നു. അതെങ്ങനെയാണ് ആ പായ്ക്കപ്പൽ ഇത്തിരിപ്പോന്ന വായയിൽകൂടി അകത്തു കടത്തി വച്ചതെന്ന് ഇച്ചേയിക്കു പോലും അറിയില്ല...!

മന്ദത മാറിയതോടെ അവൻ ചാടിയെഴുന്നേറ്റു. ഇച്ചേയിയുടെ ശക്തി കുറഞ്ഞ ഞരക്കം നേർത്തു വരുന്നത് അവൻ കണ്ടു. ഷോകേസ്സിന്റെ ഗ്ലാസ്സ് ഒരു വശത്തേക്കു മാറ്റി ആ കുപ്പി പുറത്തെടുത്തു.
നല്ല കനമുണ്ടായിരുന്നതു കൊണ്ട്, താഴെ വീണ് പൊട്ടിപ്പോകുമെന്നു പറഞ്ഞ് ഇച്ചേയി എടുക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോഴവനു മനസ്സിലായി ഇച്ചേയി പറഞ്ഞ പോലെ നല്ല കനമുണ്ട്.
കുപ്പിയുടെ കഴുത്തിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് തലക്കു മുകളിൽ പൊക്കി സർവ്വശക്തിയുമെടുത്ത്, ഇച്ചേയിയുടെ വായ പൊത്തിപ്പിടിച്ച് മുകളിൽ കിടക്കാൻ ശ്രമിക്കുന്ന ആ ദുഷ്ടന്റെ തലമണ്ടക്കു തന്നെ ഒറ്റയടി...!
അയാളിൽ നിന്നും ഒരു മുരൾച്ച ഉയർന്നു...
വീണ്ടും കുപ്പി പൊക്കി കുഞ്ചിക്കഴുത്തിനു തന്നെ ഒന്നു കൂടി കൊടുത്തു...!!
ഇത്തവണ ‘ക്ടിം..’ ന്നൊരു ശബ്ദം കേട്ടു...
അതൊടെ ചിഞ്ചുവിന്റെ കയ്യിൽ നിന്നും കുപ്പി തെറിച്ചു പോയി. ഇരിക്കക്കുത്തായി ചിഞ്ചു പിറകിലേക്ക് വീണു...
പേടിച്ചരണ്ട് അനങ്ങാൻ കഴിയാതെ ശ്വാസം മുട്ടിക്കിടന്ന ഇച്ചേയിയുടെ മേലുള്ള അയാളുടെ പിടി അയയുന്നത് അവൾ തിരിച്ചറിഞ്ഞു....
ഒരു കണക്കിന് അയാളെ തള്ളി മറിച്ചിട്ടു...
എഴുത്തു മേശയിലേക്ക് തലയടിച്ചു വീണ അയാൾ അനക്കമില്ലാതെ കിടന്നു...
ചാടി എഴുന്നേറ്റ ചിഞ്ചു ചേച്ചിയെ പിടിച്ചെഴുന്നേൽ‌പ്പിച്ചു.
അയാൾക്ക് അനക്കമൊന്നുമില്ലെന്ന് കണ്ട് അവൾ ആശ്വസിച്ചു...
വേഗം ചിഞ്ചുവിനെ കെട്ടിപ്പിടിച്ച് പരിഭ്രാന്തിയിൽ തന്നെ ചോദിച്ചു.
“കുട്ടനെന്താ ചെയ്തെ അയാളെ...?”
അപ്പുറത്ത് കിടക്കുന്ന കുപ്പി ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.
“ ആ കുപ്പിക്ക് അവ്ന്റെ തലമണ്ടക്കിട്ട് കൊട്ത്തു ഞാൻ...!”

ഇച്ചേയി ആ കുപ്പിയെടുത്ത് നോക്കി. അതിനു പൊട്ടലൊന്നുമുണ്ടായിരുന്നില്ല. ഉള്ളിലെ പായ്ക്കപ്പലിനു ഒരു കേടും കുടാതെ അതിനകത്തുണ്ടായിരുന്നു. കുപ്പിയെടുത്ത് ഷോകേസ്സിൽ തന്നെ വച്ച നേരത്താണ് അയാൾ ഒന്നു ഞെരങ്ങിയത്...!
അതു കണ്ട് പേടിച്ച ഇച്ചേയി - അതുവരേയും ചിഞ്ചുവിനെ എടുത്തു പൊക്കാൻ കഴിയാതിരുന്ന ഇച്ചേയി, അവനെ പുഷ്പ്പം പോലെ പൊക്കി നെഞ്ചൊട് ചേർത്ത് തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു പാഞ്ഞു....!
പടിക്കലെത്തിയിട്ടേ ചിഞ്ചുവിനെ താഴെ നിറുത്തിയുള്ളു.

ഓടിച്ചെന്ന് പടിക്കൽ തന്നെ മുറുക്കാൻ കടയുള്ള ഭാസ്ക്കരേട്ടനോട് വിവരം പറഞ്ഞു. കേട്ടതും ഭാസ്ക്കരേട്ടൻ ഒരു അഞ്ചു കിലോത്തിന്റെ കട്ടിയും കയ്യിലേന്തി വീട്ടിലേക്കോടി. ആ നേരം ഇച്ചേയി കടയിൽ നിന്നും ഫോൺ ചെയ്ത് അഛനോട് വിവരം പറഞ്ഞു. അഛൻ പിറന്നാളിനുള്ള കേക്ക് വാങ്ങി നേരത്തെ എത്താമെന്ന് പറഞ്ഞിരുന്നതാ. വീട്ടിലേക്കോടിയ ഭാസ്ക്കരേട്ടൻ അതുപോലെ തന്നെ തിരിച്ചോടിയെത്തിയിട്ട് പറഞ്ഞു.
“അയാൾ അനങ്ങുന്നില്ലല്ലൊ മോളെ..!”

ഭാസ്ക്കരേട്ടൻ ഫോൺ ചെയ്യാനായി തുനിഞ്ഞതും “അഛനോട് ഞാൻ പറഞ്ഞു..” എന്ന ഇച്ചേയിയുടെ പറച്ചിലിൽ റസീവർ ക്രാഡിലിൽ വച്ച് കടയിൽ നിന്നും പുറത്തിറങ്ങി. പിന്നെ ഇച്ചേയിയെ അടുത്തു വിളിച്ച് നടന്ന സംഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അവസാനം ചിഞ്ചുവിനെ അടുത്തുവിളിച്ച് കെട്ടിപ്പിടിച്ച് ഒരുമ്മം കൊടുത്തു. പിന്നെ രണ്ടു പേരോടുമായി പറഞ്ഞു.
“അഛൻ വരുന്നതു വരെ ആരോടും ഒന്നും പറയണ്ടാട്ടൊ..” രണ്ടു പേരും തല കുലുക്കി.

കടയിൽ വരുന്നവർ വിവരം അറിഞ്ഞ് വാതിൽക്കൽ വരെ വന്ന് എത്തി നോക്കുന്നുണ്ട്. ഭാസ്ക്കരേട്ടൻ ആരേയും അകത്തു കയറ്റിയില്ല. അഛനും അമ്മയും വന്നതോടെ കാര്യങ്ങൾക്ക് ഒരുശാറായി.
ഉടനെ പോലീസ്സെത്തി. അയാളെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം അതിന്റെ വഴിക്ക് നടന്നു.
‘പായസ്സം വീണ തറയിൽ കാലു തെന്നി എഴുത്തു പലകയുടെ മുകളിലേക്ക് തലയടിച്ചു വീണാണ് പരിക്കു പറ്റിയത്...!’
ഇടക്ക് ബോധം വീണപ്പോൾ പോലീസ്സിന്റെ ‘എസ് ഓർ നോ’ ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂട്ടി യോജിപ്പിച്ചപ്പോൾ കിട്ടിയ വലിയ സത്യവും അതിന് അടിവരയിടുന്ന തരത്തിലായത് രണ്ടു കൂട്ടരുടേയും ഭാഗ്യം....!
ആ ദുഷ്ടന് അങ്ങനെ ഒരു ഭാഗ്യം കിട്ടരുതായിരുന്നുവെന്ന് ഭാസ്ക്കരേട്ടനെപ്പോലുള്ളവർ രഹസ്യമായി പറഞ്ഞത് ദൈവം കേട്ടു കാണും..!!

അമ്മയുടെ ജോലി സൌകര്യം കണക്കിലെടുത്താണ് അവിടെ വാടകക്ക് താമസിച്ചു കൊണ്ടിരുന്നത്. മക്കളുടെ മാനസ്സികനില വീണ്ടെടുക്കാനും അവർ ഒറ്റപ്പെടാതിരിക്കാനും അമ്മ ജോലി രാജി വച്ച്, താമസിയാതെ ചിഞ്ചുവിനേയും ഇച്ചേയിയേയും കൊണ്ട് തറവാട്ടിലെത്തി താമസം തുടങ്ങി.
അല്ലെങ്കിലും ഒരു ദുർമ്മരണം നടന്നതു പോലെ നാട്ടുകാർ കരുതുന്ന വീട്ടിൽ എങ്ങനെ സമാധാനത്തോടെ മുന്നോട്ടു പോകും...?

Sunday, 1 April 2012

മറക്കാനാകാതെ...


കഥ


‘തോലാ.... നിനക്ക് മരണമില്ല...’

                          സ്കൂൾ വിട്ടു വന്നാലുടനെ ചായ പോലും കഴിക്കാതെ തറവാട്ടിലേക്കോടും. അഛന്റെ തറവാട്ട് വീടിനു പിന്നിലെ വിശാലമായ തെങ്ങിൻ തോപ്പിനരികിലൂടൊഴുകുന്ന പെരിയാറിന്റെ തീ‍രത്തെ ‘തോലൻ മാവിന്റെ’ ചുവട്ടിലായിരുന്നു ഓട്ടം ചെന്നു നിൽക്കുക. അടക്കാമരത്തോട്ടം, പ്ലാവ്, മാവ് മുതലായ വൃക്ഷലതാതികളെല്ലാം സമൃദ്ധമായി വളരുന്ന പ്രദേശമായിരുന്നു തറവാട് നിന്നിരുന്ന പെരിയാറിന്റെ തീരപ്രദേശം.

ഇടവഴികൾ കഴിഞ്ഞാൽ പിന്നെ പ്രത്യേക വഴികളൊന്നും ഉണ്ടായിരുന്നില്ല. പറമ്പുകളിൽ നിന്നും പറമ്പുകളിലേക്ക് എല്ലാവരും നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഞങ്ങളൂടെ ഉറ്റ കൂട്ടുകാരൻ ശ്രീധരന്റെ വീടിന്റെ കിഴക്കു വശത്ത് കൂടിയായിരുന്നു ഞങ്ങളുടെ തറവാട്ടിലേക്കുള്ള വഴിത്താര. ശ്രീധരന്റെ കുടുംബത്തിന്റേതായിരുന്നു പുഴയോരവും തോലൻമാവുമെല്ലാം.

ഒറ്റത്തടിയിൽ ശാഖകളൊന്നും ഇല്ലാതെ അങ്ങു ആകാശം മുട്ടെ വളർന്ന് തെങ്ങിൻ തലപ്പുകൾക്ക് മുകളിൽ തലയുയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു ഞങ്ങളുടെ തോലൻ മാവ്. നൂറ്റാണ്ടുകൾ പഴക്കമുണ്ടത്രെ തോലന്. ശ്രീധരന്റെ മുത്തശ്ശിയുടെ ചെറുപ്പകാലത്തും തോലൻ‌മാവിൽ നിന്നും പഴമാങ്ങ തോട്ടി കെട്ടി പറിക്കാറുണ്ടായിരുന്നത്രേ.
ഇന്നു പക്ഷെ, ആകാശം മുട്ടണ തോട്ടി വേണ്ടിവരും. അത്രക്കും പൊക്കാ.
തോലന്റെ മാമ്പഴം എന്നു പറഞ്ഞാൽ തേനാണ്. അതോ അമൃതോ..!
കുഞ്ഞ് മാങ്ങയാ. ഞങ്ങളുടെ കുഞ്ഞിക്കൈയ്യിൽ ഒതുങ്ങിയിരിക്കും. അത്രേം ചെറുതാ. നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ങ്നെ ഒന്നു ഞെക്കി ഉരുട്ടി, ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു  ഞെക്കിയൽ അതാ ഊറി വരുന്നു, നല്ല മധുരമുള്ള സ്വാദുള്ള അമൃത് സമാനമായ തേൻ....!! ഒറ്റയടിക്കു കുടിച്ചുതീർക്കാൻ കൊതി തോന്നുന്ന പഴച്ചാർ. പക്ഷെ ചെറിയ മാങ്ങയായതു കൊണ്ട് പഴച്ചാർ വേഗം തീർന്നു പോകും.

അതുകൊണ്ട് ഒറ്റയടിക്കു കുടിച്ചു തീർക്കില്ല ഞങ്ങൾ. ഊറി വരുന്ന പഴച്ചാറ് നക്കിയെടുത്ത് പതുക്കെ പതുക്കെ നുണഞ്ഞിറക്കും. അതിനായിരുന്നു കൂടുതൽ രസം. അടുത്ത മാങ്ങ കിട്ടുന്നതു വരെയും ആ ഒരു മാങ്ങ കൊണ്ടു നടന്നു ചപ്പിക്കുടിക്കും. അവസാനം അതിൽ നിന്നും ഒന്നും ഊറിവരാനുണ്ടാകില്ല. എന്നാലും കളയാൻ തോന്നില്ല. പിന്നെ അതിന്റെ തൊണ്ടു തിന്നു തുടങ്ങും. തൊണ്ട് തിന്നാൻ ഒരു രസവുമില്ല. ഭയങ്കര കട്ടിയാ തോലിന്. അതുകൊണ്ടാത്രെ ‘തോലൻ’ന്ന് പേരു വന്നത്. വാസ്തവത്തിൽ നൂറ്റാണ്ടിനപ്പുറം പ്രായമുള്ള മാവിനു തലമുറകളായി വിളിച്ചു വന്ന പേരായിരുന്നു അത്.

ഒരു ചെറു കാറ്റോ, അണ്ണാറക്കണ്ണന്മാരോ ഉന്തിത്തള്ളി താഴെയിടുന്ന മാമ്പഴവും കാത്ത് മുകളിലേക്കും നോക്കി കഴുത്തിന്റെ പിടലി കഴച്ചു നിൽക്കണ നേരത്താവും ആ മുഴക്കമുള്ള ശബ്ദം വരുന്നത്.
“ ആരടാവിടെ..”
“അയ്യോ മുത്തശ്ശി...!
ശ്രീധരന്റെ മുത്തശ്ശിയാ...!
മാറു മറയ്ക്കാതെ വെളുത്ത മുണ്ട് താറായിട്ടുടുക്കുന്ന, അയിത്തം ആചരിക്കുന്ന പഴഞ്ചൻ ജീവിതരീതിയിൽ ജീവിക്കുന്ന മുത്തശ്ശി. ഞങ്ങളെ ഏഴയലത്തുപോലും അടിപ്പിക്കുമായിരുന്നില്ല. ശ്രീധരനെ ഞങ്ങൾ തൊടാൻ പാടില്ല. തൊട്ടാൽ പിന്നെ കുളിച്ചിട്ടെ വീട്ടിനകത്തേക്കു കയറ്റുമായിരുന്നുള്ളു. മുത്തശ്ശി ഒഴിച്ച് മറ്റാർക്കും അയിത്തം ഒന്നും ഉണ്ടായിരുന്നില്ല. അവരെല്ലാവരുമായി ഞങ്ങൾക്ക് നല്ല ബന്ധമായിരുന്നു. മുത്തശ്ശിയുടെ മുൻപിൽ എല്ലാവരും അയിത്തക്കാരാവും.
മുത്തശ്ശിയുടെ ഒച്ച കേൾക്കുമ്പോഴേക്കും ഞങ്ങൾ ഓടി ഒളിക്കും. പിന്നെ മുത്തശ്ശി പോകുന്നതു വരെ ഞങ്ങൾ ഏതെങ്കിലും മരത്തിന്റെ പുറകിലൊ കാട്ടുചെടികൾക്കിടക്കൊ പതുങ്ങിയിരിക്കും. മാങ്ങയൊന്നുംകിട്ടാതെ വരുമ്പോൾ, അതെങ്ങനാ... മാവിൻ‌ചുവട് മുഴുവൻ തുത്തു തുടച്ച് ഒരുണക്കില പോലുമില്ലാതെ വൃത്തിയാക്കി ഞങ്ങളിട്ടിരിക്കയല്ലെ...! പിറുപിറുത്തു കൊണ്ട് (ഞങ്ങളെ പ്‌രാകിയതായിരിക്കും) മുത്തശ്ശി വേഗം തിരിച്ചു പോകും. പതുങ്ങിയിരിക്കുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കും.
'ദൈവമേ.. മുത്തശ്ശി പോകുന്നതു വരേക്കും ഒരു കൊച്ചു കാറ്റു പോലും വീശല്ലെ..’

മുത്തശ്ശി ചിലപ്പോൾ പതുങ്ങി വരും. തൊട്ടടുത്തെത്തുമ്പോഴായിരിക്കും അറിയുക. പിന്നെ ഓടി ഒളിക്കാൻ സമയം കിട്ടില്ല. ഉടനെ ഞങ്ങൾ ഓടി പുഴയിൽ ചാടും. പിന്നെ മുത്തശ്ശി പോയതിനു ശേഷമെ പുഴയിൽ നിന്നും കയറുകയുള്ളു. അതുവരേക്കും പുഴയിൽ കിടന്ന് ചാടിത്തിമർക്കും.
വീണ്ടും മാവിൻ ചുവട്ടിൽ എത്തും.
കാറ്റോ വീശുന്നില്ല, ഒരു അണ്ണാറക്കണ്ണനെങ്കിലും വന്നിരുന്നെങ്കിൽ...!
ഞങ്ങൾ പ്രതീക്ഷയോടെ മുകളിലേക്കും നോക്കി നിൽക്കും..
ഏതെങ്കിലും തെങ്ങിന്റെ മണ്ടയിൽ നിന്നും ഒരു അണ്ണാറക്കണ്ണൻ ചാടി വരുന്നുണ്ടൊ...?
അഥവാ അണ്ണാൻ വന്നാൽ... ഞങ്ങൾ അതിനെ നോക്കി നിൽക്കും. ഏതു കൊമ്പിലാ കയറുന്നതെന്നറിയാൻ... കിഴക്കെ കൊമ്പിൽ കയറിയാൽ, അണ്ണാൻ തള്ളി താഴെയിടുന്ന മാങ്ങ എനിക്കുള്ളതാ.. ആ മാങ്ങ മറ്റാരും എടുക്കാൻ പാടില്ല. അതുപോലെ ഓരൊ കൊമ്പിലെ മാങ്ങക്കും ഓരോരുത്തരുണ്ടായിരുന്നു. അങ്ങനെയായിരുന്നു അണ്ണാറക്കണ്ണൻ കയറി മാമ്പഴം താഴെയിട്ടാൽ ഞങ്ങൾ വീതം വച്ചിരുന്നത്.

പക്ഷെ കാറ്റത്ത് വീഴുന്ന മാങ്ങക്ക് ഇതു ബാധകമല്ല. അണ്ണാറക്കണ്ണൻ കയറിയാൽ അതിനെ അവിടന്ന് ഓടിച്ച് തങ്ങളുടെ വശത്തേക്കു മാറ്റാൻ വേണ്ടി ഞങ്ങൾ കല്ലെടുത്തെറിയാൻ ശ്രമിക്കാറുണ്ട്. പക്ഷെ കല്ല് മാവിന്റെ പകുതി പൊക്കം പോലും പൊങ്ങുകയില്ല. അത്രക്കും പൊക്കമായിരുന്നു തോലൻ മാവിന്.

മാങ്ങയൊന്നും കിട്ടാതെ ബോ‍റടിക്കുമ്പോൾ കീശയിൽ നിന്നും കശുവണ്ടി എടുക്കും. പിന്നെ കുഴികുത്തി അതാവും കളി. ‘വക്കനു’ വേണ്ടി ഏറ്റവും വലിയ കശുവണ്ടിയുടെ മൂട് ചെത്തി, ഉള്ളിലെ കാമ്പെല്ലാം കളഞ്ഞിട്ട് അതിൽ ഈയം ഉരുക്കി ഒഴിച്ച് നല്ല കട്ടിയിൽ കീശയിൽ കാണും. വലിയ വക്കനുള്ളവനായിരിക്കും മിക്കവാറും ജയം. കശുവണ്ടി സ്വന്തമായില്ലാത്തവർ രാശിക്കായ കളിക്കും. ഇതൊന്നുമില്ലാത്തവർ എരുക്കിൻ പൂവ് പറിച്ചെടുത്ത്, അത് നിലത്ത് എറിഞ്ഞ് കളിക്കും. നിലത്തിടുമ്പോൾ നിവർന്നു നിൽക്കുന്ന പുവിന്റെ എണ്ണം നോക്കിയാണ് ജയം തീരുമാനിക്കുക. അല്ലെങ്കിൽ ചെറിയ കല്ലുകൾ പെറുക്കിക്കൂട്ടി ‘പാള ’ കളിക്കും. ഇനിയുമുണ്ട് ധാരാളം കളികൾ...

ഒരു ദിവസം ഞങ്ങൾ നോക്കി നിൽക്കേ, തൊട്ടപ്പുറത്തു നിൽക്കുന്ന തെങ്ങിന്റെ പടിഞ്ഞാറേ ഓലമടലിന്റെ തുഞ്ചത്തു നിന്നും ഒരു അണ്ണാങ്കുഞ്ഞ് തോലന്റെ കിഴക്കേ ശിഖരത്തിലേക്ക് ഒറ്റ ചാട്ടം..!
പെട്ടെന്നാണ് അത് ഞങ്ങളുടെ കണ്ണിൽ‌ പെട്ടത്. അതോടെ ഞങ്ങളെല്ലാം ജാഗരൂകരായി...! എങ്കിലും കിഴക്കേ കൊമ്പിലായതു കൊണ്ട് വീഴുന്ന മാമ്പഴം എനിക്കുള്ളതാണെന്നറിയാമായിരുന്നതു കൊണ്ട് കൂട്ടുകാരൊക്കെ വെള്ളമിറക്കി നോക്കിയിരുന്നതേയുള്ളു.
നോക്കി നോക്കിയിരിക്കെ രവിയുടെ കൊതി പുറത്തു ചാടി.
“എടാ.. ഒന്നു ചപ്പാൻ തന്നോട്ടോടാ...”
എന്റെ കൊതി അത് ചുട്ടക്കു സമ്മതിച്ചില്ല.
“ആവ്വുടാ മോനെ... ഞാനെത്ര ദിവസായീന്നറിയ്യോ അതുമ്മെ കണ്ണും നട്ടിരിക്ക്ണു..!”
എങ്കിലും ഞങ്ങളുടെ കണ്ണുകൾ അണ്ണാൻ കുഞ്ഞിൽ നിന്നും മാറ്റിയിരുന്നില്ല.

മാവിന്റെ കൊമ്പിലൂടെ അണ്ണാറക്കണ്ണൻ പോകുന്നതും നോക്കി ഞങ്ങൾ അതിന്റെ പിന്നാലെ നടന്നു. കിഴക്കേ കൊമ്പിൽ തുഞ്ചത്ത് ഒരു മാങ്ങാക്കുലയിൽ ഒരെണ്ണം പഴുത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. അതു കാറ്റത്തു വീഴുന്നുമില്ല. അതിനെ നോട്ടമിട്ടായിരുന്നു ഞങ്ങളുടെ കൊതിയും...!

അപ്പോഴാണ് അണ്ണാറക്കുഞ്ഞ് ആ കുടല മാമ്പഴമുള്ള കൊമ്പിലേക്ക് കയറിയത്. ഞങ്ങൾ ശ്വാസം പിടിച്ച് താഴെ നോക്കി നിന്നു. അണ്ണാങ്കുഞ്ഞ് ആ പഴുത്തു തുടുത്ത മാമ്പഴം കണ്ടു കഴിഞ്ഞു...! കണ്ടതും ആ കൊമ്പിലേക്ക് അണ്ണാൻ പാഞ്ഞടുത്തു. സമയം ഏറെ കടന്നു പോയിട്ടും പല വഴി ശ്രമിച്ചിട്ടും അണ്ണാങ്കുഞ്ഞിന് ആ മാങ്ങയുടെ അടുത്തേക്ക് മാത്രം എത്താൻ പറ്റുന്നില്ല. കാരണം പഴുത്തു തുടുത്തു കിടക്കുന്ന മാങ്ങ ഒരു കുടല മാമ്പഴത്തിന്റെ പുറത്തു ഭാഗത്തായിരുന്നു. കൊമ്പിൽ നിന്നും കയ്യെത്തിപ്പിടിക്കാൻ പറ്റുമായിരുന്നില്ല. മറ്റു മാങ്ങകളുടെ പുറത്തു കൂടെ കയറിയിട്ടു വേണമായിരുന്നു കയ്യെത്തിക്കാൻ. അതൊരു ജീവന്മരണ കളിയാണെന്ന് അണ്ണാങ്കുഞ്ഞിന് തോന്നിക്കാണും. അനുഭവമാണല്ലൊ ഗുരു...!

അണ്ണാങ്കുഞ്ഞ് ശ്രമം ഒരുപാടു നടത്തുന്നുണ്ട്. അപ്പുറത്തെക്കു മാറിയും ഇപ്പുറത്തെക്കു മാറിയും ഒക്കെ നോക്കുന്നുണ്ട്. പക്ഷെ മാങ്ങയുടെ പഴുപ്പു നിറം കണ്ടിട്ട് ഉപേക്ഷിച്ചു പോകാനും വയ്യ. ഇതും നോക്കി നിന്ന് നിന്ന് ഞങ്ങളുടെ പിടലി കഴച്ചു വേദനിച്ചു തുടങ്ങി. ഞങ്ങളെപ്പോലെ തന്നെ ക്ഷമ കെട്ട അണ്ണാങ്കുഞ്ഞ് എന്തും വരട്ടെയെന്നു കരുതി, മറ്റു മാങ്ങകളുടെ പുറത്തുകൂടി വന്ന് ഒന്നു നീണ്ടു നിവർന്നു കിടന്ന് കയ്യെത്തിച്ച് ഒറ്റ പിടിത്തം...!
ശ്ശൊ.. ആ പഴമാങ്ങ അണ്ണാങ്കുഞ്ഞിന്റെ കയ്യിൽ.!!

അണ്ണാൻ ഒന്നു തൊട്ടാൽ പഴമാങ്ങ താഴെ പോരുമെന്നു കരുതി കാത്തിരുന്ന ഞങ്ങൾ സത്യത്തിൽ കരഞ്ഞുപോയി..!!
ഈ നേരമത്രയും മേലോട്ടും നോക്കി നിന്നു പിടലി വേദനിച്ചതു മാത്രം മിച്ചം.
പക്ഷെ, അണ്ണാങ്കുഞ്ഞ് പഴുത്ത മാങ്ങ കയ്യെത്തിച്ചു പിടിച്ചെങ്കിലും കാലിന്റെ പിടി വിട്ടുപോയി.!!!
അണ്ണാങ്കുഞ്ഞും മാങ്ങയും കൂടി ദേ.. താഴേക്ക്...!!
ഞങ്ങൾ ‘ഓടിക്കോടാ...’ന്നും പറഞ്ഞ അകലേക്കു മാറി.
രണ്ടും കൂടി പൊത്തോന്ന് താഴെ വീണു.
മാമ്പഴം എവിടേക്കൊ ഉരുണ്ടുപോയി.

ഞങ്ങളുടെ ശ്രദ്ധ താഴെ വീണ് ഓടിപ്പോകാൻ കഴിയാതെ മന്ദിച്ചു കിടക്കുന്ന അണ്ണാറക്കണ്ണനിലായിരുന്നു...
ചെറിയൊരു പേടിയോടെ പതുക്കെ അടുത്തു ചെന്നു. ഞങ്ങൾ നാലു വശവും വളഞ്ഞു നിന്ന് ‘ശ്..ശ് ..ശ് ’ എന്നൊക്കെ ഒച്ച വച്ചു നോക്കി. അണ്ണാങ്കുഞ്ഞ് അനങ്ങുന്ന ലക്ഷണമില്ല. ഞങ്ങൾ അടുത്തിരുന്നു. അപ്പോഴാണ് അതു ശ്രദ്ധിച്ചത്.
അണ്ണാൻ കുഞ്ഞിന്റെ പുറത്തേക്കു ചൂണ്ടി ജോഷി പറഞ്ഞു.
“ഹായ്.. ദേ മൂന്നു വര...!”
“ഹായ്..... ശ്രീരാമൻ തടവിയ വരയാ അത്...!” മുത്തശ്ശി പറഞ്ഞു കൊടുത്ത കഥ ഓർമ്മിച്ചിട്ട് ശ്രീധരൻ പറഞ്ഞു.
ഞങ്ങൾ അണ്ണാറക്കണ്ണന്റെ മുതുകിലെ വരയുടെ മുകളിൽക്കൂടി കൈ വച്ചു നോക്കി.
“ഹൈ ശരിക്കും അതുപോലെ തന്നെ..”
ഞങ്ങൾ അതിന്റെ വാലിൽ പിടിച്ചു പതുക്കെ പൊക്കി നോക്കി.
“ ദേ...പഞ്ഞി പഞ്ഞി പോലെ..ഇതിന്റെ വാല്...”
“അയ്യൊടാ.. എന്തു രസാല്ലെ...”
“പാവം ചത്തു പോയല്ലൊ...”
“നമുക്കാ പാണച്ചെടിയുടെ കടക്കൽ കുഴിച്ചിട്ടാലൊ....”
“നമുക്കു വീട്ടിൽ കൊണ്ടോയി വറുത്തു തിന്നാം...”
“പിന്നെ ഇതിനെ ആരും തിന്നൂല്ല..”
“ഹൌ..ഔസേപ്പുട്ടി ഇന്നാള് ഒരെണ്ണത്തിനെ പിടിച്ചു കൊണ്ടുപോയി വറുത്തു തിന്നതാ...” “ശൊ..ചത്തില്ലായിരുന്നെങ്കിൽ നമുക്ക് ഇതിനെ വീട്ടിൽ കൊണ്ടോയി വളർത്തായിരുന്നു...”
“എന്നിട്ട് ഇതിനെ പഠിപ്പിച്ച് മാവിൽ കയറ്റി, മുത്തശ്ശി വരുന്നേനു മുൻപെ പഴുത്ത മാങ്ങയെല്ലാം പറപ്പിക്കാമായിരുന്നു...!!”
“ഒന്നു പോടാ അണ്ണാങ്കുഞ്ഞിനെയല്ലെ അവൻ മരങ്കേറ്റം പഠിപ്പിക്കണെ..”
“ഹാ.. ഹാ... ഹാ....” അതെല്ലാവരിലും ചിരി പടർത്തി.

അങ്ങനെ അഭിപ്രായങ്ങൾ ഓരോന്നു വന്നു കൊണ്ടിരിക്കെ അണ്ണാറക്കണ്ണൻ പതുക്കെ കണ്ണു തുറന്നു....!
തനിക്കു ചുറ്റും നാലഞ്ചു ഭൂതഗണങ്ങൾ കാവലിരിക്കുന്നതു കണ്ട് ഒന്നു ഞെട്ടിച്ചിലച്ചു....
വാലു പൊക്കി വീണ്ടും ചിലച്ചു. രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിന്നു. ഒന്നുരണ്ടു തവണ വട്ടം കറങ്ങി. ആ ഭാവം കണ്ട് ഞങ്ങൾ പേടിച്ച് അകന്നു മാറി....
ആ തക്കം നോക്കി അവൻ ഒറ്റ ചാട്ടം ജോഷിയുടെ തലയിലേക്ക്...!
ജോഷി പേടിച്ച് തലയൊന്നു കുടഞ്ഞു....
പേടിച്ചരണ്ട അണ്ണാങ്കുഞ്ഞ് അവിടന്നു വീണ്ടും ഒറ്റ ചാട്ടത്തിനു തോലൻ മാവിന്റെ തടിയിൽ കയറിപ്പറ്റി...
അവിടെ കയറിപ്പറ്റിയപ്പോൾ അവന്റെ ശൌര്യം കൂടി...
പിന്നെ വാലും പൊക്കിപ്പിടിച്ച് ചിലയൊട് ചില...
ശരീരം മുഴുവൻ ഇളക്കിമറിച്ചുള്ള ചിലക്കൽ..! അതും തല കീഴായി നിന്ന്, ഞങ്ങളേയും നോക്കി...!
അവനെ മുകളിൽ നിന്നും ഞങ്ങളാണ് തള്ളി താഴെയിട്ടതെന്ന മട്ടിൽ ഞങ്ങളെ മുട്ടം ചീത്ത പറയാണന്ന് തോന്നും വിധമായിരുന്നു മൂപ്പിലാന്റെ പ്രകൃതം...
‘ങ്ഹാ...അത്രക്കായൊ.
.’ എന്നു പറഞ്ഞ് ഞങ്ങൾ കല്ലെടുത്തെറിഞ്ഞു. അണ്ണാറക്കണ്ണൻ ജീവനും കൊണ്ട് മാവിന്റെ മുകളിലേക്കു പാഞ്ഞു. പിന്നെ അവനെ കണ്ടില്ല.

അപ്പോഴാണ് അണ്ണാറക്കണ്ണനോടൊപ്പം വീണ മാങ്ങയെക്കുറിച്ചോർത്തത്. പിന്നെ അതിനെ തിരക്കലായി. പക്ഷെ അതു ഏതൊ കാട്ടിനകത്തേക്ക് തെറിച്ചു പോയിരുന്നു. അല്ലെങ്കിൽ തൊട്ടടുത്തു തന്നെയുള്ള കാളത്തി തോട്ടിലൂടെ അതു പെരിയാർ പുഴയിലേക്ക് ഒഴുകി പോയിരിക്കാം.

ദിവസങ്ങൾ അങ്ങനെ മതിവരാതെ കടന്നുപോയി...
മാമ്പഴക്കാലം ആർത്തുല്ലസിക്കാൻ പറ്റിയ കാലമാണ്. (പണ്ട്)
പ്രത്യേകിച്ച് ഒഴിവുകാലം കൂടിയാവുമ്പോൾ....
അങ്ങനെ ഒഴിവുകൾ തീരുകയാണ്...
സ്കൂൾ തുറക്കാനുള്ള സമയമായി..
മഴക്കാറുകൾ ആകാശത്ത് അടിഞ്ഞുകൂടി..
ചിലപ്പോൾ അതു പടിഞ്ഞാറോട്ട് ഓടിയകലുന്നത് കാണാം. ഇപ്പോൾ മഴ പെയ്യും എന്ന തോന്നലുണ്ടാക്കി ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു വന്നു...
ഇതു കണ്ടിട്ടാകാം, ഇത്തവണ ശക്തമായ മഴയിലായിരിക്കും തുടക്കമെന്നു കരുതി സർക്കാർ, സ്കൂൾ തുറക്കൽ ജൂൺ ഒന്നാം തീയതിയിൽ നിന്നും മൂന്നാം തീയതിയിലേക്കു മാറ്റിയത്.
പക്ഷെ, പ്രകൃതി സർക്കാരിനെ ഒന്നു കളിയാക്കാൻ തന്നെ തീരുമാനിച്ചു.
ഒന്നാം തീയതിയിലെ മഴ മൂന്നാം തീയതിയിലേക്ക് മാറ്റിയത് സർക്കാർ അറിഞ്ഞതേയില്ല...!
പിറ്റെ ദിവസം ശക്തമായ മഴക്കു മുൻപൊന്നു പുണ്യാഹം തളിച്ച പോലെ ഒന്നു ചാറി അത്രതന്നെ.

നാളെ മുതൽ പുതിയ സ്കൂളിൽ പോണം.
ഞാൻ അവസാനമായി പ്രിയ തോലൻ മാവിന്റെ ചുവട്ടിൽ ചെന്നു.
ആകാശം ഇരുളടഞ്ഞു നിന്നിരുന്നു. ഒരു ചെറു കാറ്റു പോലും വീശുന്നുണ്ടായിരുന്നില്ല . ഒറ്റ അണ്ണാറക്കണ്ണനും മാവിൽ കണ്ടില്ല. തോലൻ മാവ് ഒന്നനങ്ങുകപോലും ചെയ്യാതെ നിശ്ചലം നിന്നിരുന്നു. ഞാൻ തോലൻ മാവിനു ചുറ്റും ഒന്നു വട്ടം ചുറ്റി. പിന്നെ മുകളിലേക്കു നോക്കി തോലനെ ചുറ്റിപ്പിടിച്ച് മൂകമായി പറഞ്ഞു.
“തോലാ..ഇനിയെനിക്ക് പഴയതു പോലെ വരാനാവില്ല... എന്നെ പുതിയ സ്കൂളിൽ ചേർത്തു.
നാളെ മുതൽ ഞാൻ പുതിയ സ്കൂളിൽ പോകും. കാലത്തെ പോണം. പിന്നെ വൈകി രാത്രിയാകും വരുമ്പോൾ. ഒരുപാട് ദൂരം നടന്നു വേണം പോകാൻ... അതുകൊണ്ടാ നിന്റടുത്ത് വരാനാവാത്തെ...”
ഞാൻ ഒന്നുകൂടി തോലനെ കെട്ടിപ്പിടിച്ചു.
 “ശരി...ഞാൻ പോട്ടെ.”

ഞാൻ തിരിഞ്ഞുനടന്നു. നടന്നു തുടങ്ങിയതും എന്റെ മുൻപിൽ ഒരു പഴുത്ത മാങ്ങ വന്നു വീണു.
നന്നായി പഴുത്ത ഒരു മാങ്ങ. ഞാനതെടുത്ത് ഒന്നു മണത്തുനോക്കി. നല്ല മണം..!
നിറഞ്ഞ മനസ്സോടെ നന്ദിപുർവ്വം മുകളിലേക്ക് നോക്കുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം എന്റെ മുഖത്തു വീണു. ഇന്നലെ പെയ്ത ചാറ്റൽ മഴയിൽ തങ്ങി നിന്നതാവാം. അറിയാതെ ഞാനും കണ്ണുകൾ തുടച്ചു. കരയുകയായിരുന്നൊ..!!?

അകലെ ചെന്ന് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഇരുൾ വീണു തുടങ്ങിയെങ്കിലും ആകാശത്ത് തല ഉയർത്തി പടർന്നു പന്തലിച്ച് നിശ്ശബ്ദം നിൽക്കുന്നു തോലൻമാവ്.


പിന്നെയും കാലമേറെ കടന്നു പോയി. തോലൻ മാവു മായുള്ള എന്റെ ബന്ധം ഏതാണ്ട് അവസാനിച്ചിരുന്നു. ഞായറാഴ്ച മാത്രം കിട്ടുന്ന ഒഴിവിലായിരുന്നു വല്ലപ്പോഴും വന്നിരുന്നത്. ഇതിനിടക്ക് മുത്തശ്ശി കാലയവനികക്കുള്ളിൽ മറഞ്ഞു. പുതിയ തലമുറക്ക് തോലന്റെ ആ തലയെടുപ്പ് അത്രക്കു രസിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഒറ്റത്തടിയിൽ ഒരു പോടുപോലുമില്ലാതെ നിന്ന തോലന്റെ വ്യാപാരമൂല്യം തിരിച്ചറിഞ്ഞിരിക്കും.
കുറെ നാളുകൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ കേട്ടു.
“എടാ..മ്മ്ടെ തോലൻ മാവ് വെട്ടി...!!!?”
“ങേ...!!!?” കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. എനിക്കതു പെട്ടെന്നു ഉൾക്കൊള്ളാനായില്ല. ഞാൻ തോലന്റടുത്തേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച...!!!

നൂറ്റാണ്ടുകൾക്കപ്പുറം മുതൽ എത്രയൊ തലമുറകൾക്ക് കളിത്തൊട്ടിലായിരുന്ന ഞങ്ങളുടെ തോലൻ മാവ്, ആ വലിയ പറമ്പു നിറയെ വെട്ടിയിട്ട വലുതും ചെറുതുമായ കഷണങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുന്നു. തോലൻ നിന്നിടത്ത് മണ്ണിനടിയിലെ കട മാത്രം ബാക്കി. ഒരു ചെറിയ പോടു പോലുമില്ലാതെ ഉള്ളു മുഴുവൻ കാതലോടെ..
വീണിതല്ലൊ കിടക്കുന്നു ധരണിയിൽ... ഞങ്ങളൂടെ തോലൻ ’

എന്റെ കണ്ണുകൾ നിറഞ്ഞുവന്നു....
ഞാനാ വെട്ടിയിട്ട കടക്കുറ്റിയിൽ തളർന്നിരുന്നു പോയി...
കടക്കുറ്റിയിൽ നിന്നും ഊറി വന്ന പശ, ഹൃദയം ഉരുകിയൊലിച്ചിറിങ്ങിയ രക്തം കട്ട പിടിച്ചതു പോലെ...
ഞാനതിൽ തൊട്ടു നോക്കി.
ഇനിയും ഉണങ്ങാറായിട്ടില്ലാത്ത പശ എന്റെ കയ്യിലും പറ്റിപ്പിടിച്ചു.
തൊണ്ടയിൽ ഒരു കൊട്ട സങ്കടം തളം കെട്ടി നിന്നു. വായ വറ്റി വരണ്ടു. ഞാൻ മുകളിലേക്കു നോക്കി. തോലൻ പടർന്നു പന്തലിച്ചു നിന്നിടം ശൂന്യം. ആകാശം വളരെ വിശാലമായിത്തന്നെ കാണാം. നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഞാൻ എഴുന്നേറ്റ് തിരിഞ്ഞു .
പുറകിലായി എന്റെ സുഹൃത്തുക്കൾ ശ്രീധരൻ, രവി, ജോഷി, അശോകൻ, നാരായണൻ,ശശി....
എല്ലാവരുടേയും മുഖത്ത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ....

തൊണ്ടയോളം വന്ന് നിന്നു പോയ സങ്കടവുമായി...
ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാനാകാതെ...
തിരിഞ്ഞു നടന്നു.
തോലാ നിനക്ക് മരണമില്ല....!
ഞങ്ങളുടെ മനസ്സുകളിൽ നീ ഇന്നും ജീവിക്കുന്നു....!’

[ മുൻപൊരിക്കൽ ഇട്ടതായിരുന്നു ഈ പോസ്റ്റ്. ഒന്നു കൂടി വെട്ടി വെടിപ്പാക്കി വീണ്ടും ഇത് പോസ്റ്റുന്നു. നേരത്തെ വായിച്ചിട്ടുള്ളവർ ക്ഷമിക്കുമല്ലൊ.]

Thursday, 15 March 2012

കഥ..




[‘ഇരിപ്പിടംനടത്തിയ കഥാമത്സരത്തിൽ അയക്കാനായി എഴുതിയതായിരുന്നു. പിന്നീട് നോക്കിയപ്പോൾ മത്സരാർഹമായ ഒരു രചനയായി എനിക്കു തന്നെ തോന്നാത്തതുകൊണ്ട് പണിക്കു പോയില്ല. ഇപ്പോൾ കഥാമത്സരം കഴിയുകയും സമ്മാനാർഹരുടെ രചനകൾ പുറത്തുവരികയും ചെയ്തതുകൊണ്ട്, പാടുപെട്ടിരുന്ന് എഴുതിക്കൂട്ടിയതല്ലേന്നു കരുതി ഞാനീക്കഥ ബ്ലോഗിൽ ഇടുന്നു. ‘ഇരിപ്പിടംടീമിനു ഇതിൽ എതിർപ്പുണ്ടാകില്ലെന്നു കരുതുന്നു. എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഉടനെ പിൻ‌വലിക്കുന്നതായിരിക്കും. നന്ദി.]


ഉണ്ണാവൃതം
.


‘അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............’

അദ്ദേഹം ഒരു നിമിഷം പാതയിൽ നിന്നുമൊഴിഞ്ഞ് തന്റെ ഊന്നുവടിയൂന്നി വലത്തെ കാൽ നിലത്തുറപ്പിച്ച് കൃത്രിമക്കാലിനു വിശ്രമം കൊടുക്കാനെന്നോണം ഒരു നിമിഷം നിന്നു. കൃത്രിമക്കാൽ പിടിപ്പിച്ച ഇടത്തെ തുടയിൽ വേദനയെടുത്തതുപോലെ അദ്ദേഹം സാവധാനം തിരുമ്മിക്കൊണ്ടിരുന്നു. അതോടൊപ്പം അക്ഷമനായി നാലു വശവും നോക്കുന്നുമുണ്ട്.
'ഇല്ല. ഇനിയും നിന്നാൽ ശരിയാവില്ല’ ന്നു സ്വയം പറഞ്ഞുകൊണ്ട് അദ്ദേഹം ധൃതിയിൽ വീണ്ടും നടക്കാൻ തുടങ്ങി.

കൃത്രിമക്കാൽ പിടിപ്പിച്ച കാൽ നിലത്തു കുത്തുന്നതിനൊപ്പം കയ്യിലെ ഊന്നു വാടിയും കൃത്യമായിത്തന്നെ ഒരു താങ്ങായി നിലത്തൂന്നുന്നുണ്ട്. അക്ഷമ നിറഞ്ഞ ആ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. കാലത്ത് പഠിക്കാനായി സ്കൂളിലേക്ക് പോയ തന്റെ മകൾ ഈ നേരമായിട്ടും എന്തേ തിരിച്ചു വന്നില്ല...?
ഇനി അവർ വല്ലതും..!

അങ്ങനെയൊരു ചിന്ത ആദ്യമായാണ് മനസ്സിൽ ഉദിച്ചത്. അതോടെ അദ്ദേഹത്തിന്റെ നടത്തം പെട്ടെന്നു നിന്നു. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പിന്നെ എന്തൊ ഓർത്തിട്ടെന്ന പോലെ വേഗം മുന്നോട്ടു തന്നെ നടന്നു. റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മകൾ സാധാരണ നടന്നു വരാറുള്ള എളുപ്പ വഴിയിലൂടെ നടക്കാൻ തുടങ്ങി. എതിരെ വന്ന തന്റെ ജോലിക്കാരനായ കറുപ്പയ്യ അദ്ദേഹത്തെ കണ്ട് വണങ്ങി വഴി മാറി നിന്നു. അദ്ദേഹത്തിന്റെ രൂക്ഷമായ നോട്ടം സഹിക്കാൻ കഴിയാതെ കറുപ്പയ്യ മുഖം താഴ്ത്തി. ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
“അയ്യാ.. എന്നെ മന്നിച്ചിടുങ്കയ്യാ... ഉങ്കളെ എനക്ക് തെരിയുമയ്യ...”
“ഊം...” അദ്ദേഹം ഒന്നു മൂളുക മാത്രമെ ചെയ്തുള്ളു. ഇവൻ നിരപരാധി ആണെങ്കിലും, ഇവന്റെ മകന്റെ നേതൃത്വത്തിലാണ് വീട്ടിൽ വന്ന് നാശം വിതച്ചത്. പിന്നെയും നടത്തം തുടർന്നു. ഇപ്പോൾ അവനോട് സംസാരിക്കാൻ പറ്റിയ സമയമല്ല.

ധൃതി പിടിച്ച നടത്തത്തിനിടയിലും കാലത്തു നടന്ന അനിഷ്ട സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തി. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്ദേഹം വെറുപ്പോടെ തലയൊന്നു കുടഞ്ഞ് ‘നന്ദിയില്ലാത്ത വർഗ്ഗം’ എന്നു പറയും. അപ്പോൾ ആ മുഖം കണ്ടാലറിയാം ആ സംഭവം അദ്ദേഹത്തിന്റെ ബോധമനസ്സിനെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന്.

അങ്ങകലേക്ക് നോക്കി തല ഉയർത്തിപ്പിടിച്ചുള്ള ആ പോക്കിൽ പരിചയമുള്ള ഗ്രാമീണർ ബഹുമാനപൂർവ്വം അദ്ദേഹത്തെ വണങ്ങുന്നുമുണ്ട്. അതിനെല്ലാത്തിനും അദ്ദേഹം തലയാട്ടുകയും ചെയ്തുകൊണ്ടാണ് നടപ്പ്.

അപ്പോഴാണ് കേരള സമാജം സെക്രട്ടറി കൃഷ്ണക്കൈമൾ എതിരെ വരുന്നത്. അദ്ദേഹത്തിന്റെ അടുത്തു വന്നതും കൈമൾ സൈക്കിളിൽ നിന്നും ഇറങ്ങി. അദ്ദേഹത്തിനു കൈകൊടുത്തിട്ട് പറഞ്ഞു.
“ഞാനിപ്പൊഴാ വിവരമറിയുന്നത്.. എന്നിട്ടെന്താ സംഭവിച്ചത്...?”
കൈമൾ അദ്ദേഹത്തിന്റെ മുഖത്തേക്കുറ്റു നോക്കി നിന്നു. അദ്ദേഹം കാലത്തു നടന്ന സംഭവങ്ങൾ മുഴുവൻ മനസ്സിൽ കാണുകയായിരിക്കണം. ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു.
“അവർക്കിപ്പോൾ ഞാനിവിടം വിട്ട് പോകണമെന്ന്..! ഞാനെന്തിനു പോകണം...?
ഞാൻ ജനിച്ചു വളർന്ന മണ്ണാണിത്. എന്റെ അഛനും അമ്മയും വിശ്രമിക്കുന്ന മണ്ണ്. എന്റെ ഭാര്യ വിശ്രമിക്കുന്ന മണ്ണ്...”
ഒറ്റ ശ്വാസത്തിലെന്നോണം പറഞ്ഞു തീർത്തപ്പോഴേക്കും വികാരം കൊണ്ടാകും അദ്ദേഹം വല്ലാതെ കിതച്ചു. കൈമൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേട്ടാ.. ഇതൊന്നും ഇവിടത്തെ സാധാരണക്കാരുടെ വികാരമല്ല. ഇതിന്റെ പേരിൽ ചില രാഷ്ട്രീയപ്പാർട്ടികൾ മുതലെടുപ്പു നടത്തുന്നതാണ്. കൂട്ടത്തിൽ ചില തീവ്രവാദ സംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ട്. അവരാണ് ഇതിന്റെ പിന്നിൽ...”
“ആയിരിക്കാം. മുല്ലപ്പെരിയാറിലെ വെള്ളം കിട്ടിയില്ലെങ്കിൽ അവരുടെ കൃഷിഭൂമി മാത്രമാണൊ നശിക്കുന്നത്. കൃഷി ചെയ്തു ജീവിക്കുന്ന എന്റെ ജീവിതമാർഗ്ഗവും മുട്ടില്ലെ...?”
“ചേട്ടാ.... ഇതൊന്നും ചിന്തിക്കാവുന്ന മാനസ്സികാവസ്ഥയിലല്ല അവർ. ഇതെങ്ങനെയെങ്കിലും ഒന്നാളിക്കത്തിച്ച് മുതലെടുക്കണം. എന്റെ കട തന്നെ നോക്ക്. എല്ലാം തല്ലിത്തകർത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അവന്മാർ തന്നെ കടത്തിക്കൊണ്ടു പോയി...”
“എന്റെ കൃഷിസ്ഥലത്ത് ഞാൻ ഒറ്റ മലയാളിയെപ്പോലും ജോലിക്കു വച്ചട്ടില്ല. എല്ലാം ഇവിടെ ഉള്ളവർ തന്നെയാ... എന്നിട്ടും വീറോടെ പറയാ മലയാളത്താന്മാരൊക്കെ ഇവിടം വിടണമെന്ന്...”
ദ്വേഷ്യം മുഴുവൻ അദ്ദേഹത്തിന്റെ മുഖത്തേക്കിരച്ചു കയറി. ഊന്നുവടിയിൽ മുറുകെ പിടിച്ച കൈ രണ്ടും വല്ലാതെ വിറകൊണ്ടൂ.

ഒരു നിമിഷം കഴിഞ്ഞിട്ട് കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ നടന്നെങ്ങടാ.. അങ്ങനെ നടക്കൽ പതിവില്ലല്ലൊ..?”
“കാലത്ത് അവന്മാർ വന്ന് വണ്ടീം മറ്റും തല്ലിത്തകർത്തില്ലെ.. ജനൽച്ചില്ലുകളൊക്കെ കല്ലെറിഞ്ഞുടച്ച് നശിപ്പിച്ചിട്ടല്ലെ അലറുന്നത് ‘മലയാളത്താന്മാരൊക്കെ’ ഇവിടം വിട്ടു പോകണമെന്ന്..! ”
ഒരു നിമിഷം ഒന്നു നിർത്തിയിട്ട് തുടർന്നു.
“ശത്രുക്കൾ കാർഗ്ഗിൽ യുദ്ധഭൂമിയിൽ വച്ച് എന്റെ ഈ കാലെടുത്തപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ലടോ... അവന്മാരിലെ മൂന്നാലെണ്ണത്തിനെ വെടിവച്ചിട്ടിട്ടേ ഞാൻ താഴെ വീണൊള്ളു...” ഊന്നുവടിയിൽ നിന്നും ഒന്നു തെന്നിപ്പോയ അദ്ദേഹത്തെ കൈമൾ താങ്ങിപ്പിടിച്ചു. തല ഉയർത്തിപ്പിടിച്ച് നേരെ നിന്നിട്ട് അദ്ദേഹം തുടർന്നു.
“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്തത്. ഭാരതാംബക്കു വേണ്ടിയാ ജയ് വിളിച്ചത്. ഒരു തമിഴനൊ മലയാളിക്കു വേണ്ടിയോ ആയിരുന്നില്ല....”

ആരോഗ്യവാനും ധൈര്യവാനുമാണെങ്കിലും ഇന്നത്തെ സംഭവം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരിക്കുന്നുവെന്ന് നിറഞ്ഞു വന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അദ്ദേഹം തുടർന്നു.
“ഇന്നെനിക്ക് ബോദ്ധ്യമായടോ... ഞാൻ ഇൻഡ്യാക്കാരനല്ല..! വെറുമൊരു മലയാളി മാത്രമാണെന്ന്...! ഇവരെല്ലാം കൂടി എന്നെ അങ്ങനെ ബോദ്ധ്യപ്പെടുത്തിത്തന്നു..!”

കൈമൾ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി. വിഷയം മാറ്റാനായിട്ടെന്നോണം കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ ഇപ്പോഴെങ്ങോട്ടാ..?”
അദ്ദേഹം ടവ്വലെടുത്ത് മുഖമൊന്നമർത്തി തുടച്ചിട്ട് തല ഉയർത്തി മുന്നിലെ വഴിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“മോളിന്ന് സ്കൂളിൽ നിന്നും തിരിച്ചെത്തിയിട്ടില്ല. ഇത്രയും വൈകാറില്ല ഒരിക്കലും. കാലത്ത് വന്ന് ബഹളമുണ്ടാക്കിയവരുടെ കൂട്ടത്തിൽ ആ കറുപ്പയ്യയുടെ മോനും ഉണ്ടായിരുന്നു. അവനാ അവരുടെ നേതാവ്. ഏതോ തീവ്രവാദ ഗ്രൂപ്പിൽ പെട്ടവനാ അവനും. എന്നോടുള്ള വൈരാഗ്യത്തിന് ഇനി.....”
അതും പറഞ്ഞദ്ദേഹം കൈമളിന്റെ മുഖത്തേക്ക് നോക്കി.
“എന്നാൽ ഞാനും വരാം സ്കൂളിലേക്ക്..”
രണ്ടു പേരും സ്കൂളിലേക്ക് നടന്നു. നടക്കുന്നതിനിടെ അദ്ദേഹം പിറുപിറുക്കുന്നതു പോലെ പറയുന്നുണ്ടായിരുന്നു.
“ഇവരിങ്ങനെ തുടങ്ങിയാൽ നമ്മളെന്തു ചെയ്യുമെടൊ..? നമ്മുടെ നാടിന്റെ അവസ്ഥ എന്താകുമെടോ..?”
“ഇത്തരം ചിന്താശകലം ഇട്ടുകൊടുത്ത് ജനങ്ങളെ ഇളക്കി വിടുന്നവന്മാരെ ആ സ്പോട്ടിൽത്തന്നെ വെടിവച്ചു കൊല്ലണം...” കൈമൾ വല്ലാതെ വികാരാധീനനായി പറഞ്ഞു.

പിന്നെയും ഒന്നും രണ്ടുമൊക്കെ പറഞ്ഞ് രണ്ടുപേരും കൂടി നടന്ന് സ്കൂളിനടുത്ത് എത്താറായപ്പോഴാണ് കൈമൾ ആ ചോദ്യം എടുത്തിട്ടത്.
“അല്ല ചേട്ടാ, ചേട്ടന്റെ അഛന്റെ വിഹിതം കുറച്ച് ഭൂമി ഇപ്പൊഴും നാട്ടിൽ കിടപ്പുണ്ടെന്ന് അന്നൊരിക്കൽ പറഞ്ഞിരുന്നല്ലൊ... ഇപ്പൊഴുമുണ്ടൊ അതവിടെ...?”
അതു കേട്ടതും അദ്ദേഹം പെട്ടെന്ന് നിന്നു. ഊന്നു വടിയിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് മുന്നിൽ കുത്തി നിവർന്നു നിന്നിട്ട് പറഞ്ഞു.
“എനിക്കൊരു അബദ്ധം പറ്റിയെടൊ കൈമളേ... ഇപ്പൊഴാണ് എനിക്കത് ബോദ്ധ്യമാവുന്നത്. അവിടെ ഉണ്ടായിരുന്നത് ഞാനെന്റെ ഇളയഛന്റെ മക്കൾക്ക് വെറുതെ എഴുതിക്കൊടുത്തു. അതവിടെ കിടന്ന് ആരും നോക്കാനാളില്ലാതെ കരക്കാരു കേറി നിരങ്ങണ്ടല്ലോന്ന് കരുതിയാ ചെയ്തത്..”
“അതവിടെ ഇപ്പൊഴും കിടന്നിരുന്നെങ്കിൽ..?"
കൈമൾ പറയാൻ വന്നത് ഇടക്കു നിർത്തിയിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
“എന്റെ മോളെങ്കിലും സമാധാനമായി...”
പറയാൻ വന്നതു മുഴുവനാക്കാതെ അദ്ദേഹം മുന്നോട്ടു നടന്നു. പിന്നാലെ കൈമളും.

സ്കൂൾ ഗേറ്റിലെത്തുമ്പോഴേക്കും ഒന്നു രണ്ടു സ്കൂൾ ബസ്സ് നിറയെ കുട്ടികളുമായി അവിടെ ഓടി വന്നു നിന്നു. ഹർഷാരവത്തോടെ ഇറങ്ങി വരുന്ന കുട്ടികൾ. എവിടെയെങ്കിലും കാഴ്ചകൾ കാണാൻ പോയിട്ടു വരികയായിരിക്കുമെന്നു കരുതി ഒരിടത്തേക്ക് മാറി നിന്നു രണ്ടു പേരും.

“അപ്പാ..” എന്ന വിളി കേട്ടാണ് പിറകിലെ ബസ്സിനടുത്തേക്ക് കണ്ണുകൾ പാഞ്ഞത്.
തന്റെ മകൾ ‘ഒഷീൻ’ അതിൽ നിന്നിറങ്ങി ഓടി വരുന്നതാണ് അദ്ദേഹം കണ്ടത്.
ഒഷീൻ ഓടി അടുത്തു വന്നതും അപ്പയെ കെട്ടിപ്പിടിച്ചു.
അദ്ദേഹം സ്വൽ‌പ്പം പരിഭവത്തിൽ ചോദിച്ചു.
ഇന്നേക്ക് പിക്നിക്ക് പോറത് ഏൻ അപ്പാക്കെട്ടെ ശൊല്ലല്ലൈ...?”
( പിക്നിക്കിനു പോകണ കാര്യം അപ്പന്റടുത്തു പറഞ്ഞിരുന്നില്ലല്ലൊ..?)
നാങ്ക പിക്നിക്കിന് പോകവേയില്ലിയേ..”
(ഞങ്ങൾ പിക്നിക്കിനു പോയില്ലല്ലൊ..)
“അപ്പുറം ഏൻ ഇന്ത ബസ്സില് വറെ..?”
(പിന്നെ എന്തിനാ ഈ ബസ്സിൽ വന്നത്..?)
അതോ.. അത് നാങ്കെളെല്ലാംഉണ്ണാവൃതം’ ഇരിക്കതിക്ക് പോറത്...!”
(അതോ.. അത് ഞങ്ങളെല്ലാം നിരാഹാരം ഇരിക്കാൻ പോയതാ...!)
ഉണ്ണാവൃതമാ... എതുക്ക്..?”
(നിരാഹാരമോ... എന്തിന്..?)
അതു വന്ത് അപ്പാ... അന്ത മലയാളത്താന്മാരില്ലൈ... നാങ്കെ തണ്ണി കെടക്കണ മുല്ലപ്പെരിയാർ അണൈയില്ലവാ... അവങ്ക നമ്മ അണൈ ഒടക്കപ്പോറാങ്ക. കുടിക്കറുതുക്ക് തണ്ണി കെടക്കാമെ, തണ്ണിയില്ലാമൽ അപ്പ എപ്പടി വ്യവസായം പണ്ണർത്...? അതിനാല് നമ്മഗാന്ധിജിശൊന്ന മാതിരി ഉണ്ണാവൃത പോരാട്ടത്തുക്ക് താൻ അങ്കെ അണൈ പക്കത്തിലേ പോറത്...!!”
(അത് പിന്നെ അപ്പാ... ആ മലയാളികളില്ലേ... നമ്മൾക്ക് വെള്ളം തരുന്ന മുല്ലപ്പെരിയാർ ഡാമില്ലേ... അവർ നമ്മുടെ ഡാം തകർക്കാൻ പോണെന്ന്. കുടിക്കാൻ വെള്ളമില്ലാതെ, വെള്ളമില്ലാതെ അപ്പ എങ്ങനെ കൃഷി ചെയ്യും...? അതിനാൽ ‘ഗാന്ധിജി’ കാട്ടിത്തന്ന മാതിരി നിരാഹാര സമരത്തിനു ആ ഡാമിന്റടുത്ത് പോയതാ...!!)
മോളെ ചേർത്തു പിടിച്ച് അദ്ദേഹവും കൈമളും മുഖത്തോടുമുഖം നോക്കി നിർന്നിമേഷനായി നിന്നു പോയി... !!

Thursday, 1 March 2012

കഥ.

കഥമാത്രം....

(ഇതൊരു സാങ്കൽ‌പ്പിക കഥയാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാതൊരു ബന്ധമില്ല.)


സരിതയുടെ മോബൈലിൽ അങ്ങനെ ഒരു മിസ്കാൾ വന്നപ്പോൾ അത്ര ഗൌനിക്കാൻ പോയില്ല. അഛനും അമ്മയും മോബൈൽ വാങ്ങിത്തന്നപ്പോൾ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പരിചയമില്ലാത്ത നമ്പറാണെങ്കിൽ അറ്റെന്റ് ചെയ്യരുതെന്ന്. അതു കൊണ്ടു തന്നെ അത്തരം കാളുകൾ അവഗണിക്കുകയായിരുന്നു പതിവ്. ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ അത്തരം കാളുകൾ ഉണ്ടാവാറില്ല.

പക്ഷേ, ഇത് കുറച്ചു ദിവസമായിട്ട് ഒരേ നമ്പറിൽ നിന്നു തന്നെ കാൾ വന്നു കൊണ്ടിരുന്നത് വല്യ ശല്യമായി തോന്നിയെങ്കിലും പിന്നീട് അതിനോട് എന്തോ ഒരിത് തോന്നി. കാരണം ആ നമ്പർ തന്റെ മനസ്സിൽ കാണാപ്പാഠമായിരിക്കുന്നു. ആദ്യം ഒന്നോ രണ്ടോ റിങ്ങിലവസാനിച്ച മിസ്കാളുകളായിരുന്നു. പിന്നെപ്പിന്നെ റിങ്ങിന്റെ നീളം കൂടിക്കൂടി വന്നു..
ആരായിരിക്കും...?
ഒരു പക്ഷെ,തന്റെ കൂട്ടുകാരികളിൽ ആരെങ്കിലും ആയിരിക്കുമോ...?
ഒന്നെടുത്തു നോക്കിയാലോ...?
എന്നിട്ടും സരിത മടിച്ചുനിന്നു.

മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം പൊടുന്നനെ ആ കാൾ വരാതായി. ആ കാൾ വരാതായതോടെ സരിതക്ക് എന്തൊ ഒരു അസ്വസ്തത അനുഭവപ്പെട്ടു. ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ആകെ ഒരു വിർപ്പുമുട്ടൽ. ഇടക്കിടക്ക് പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് സ്ക്രീനിലേക്ക് സുക്ഷിച്ചു നോക്കും. വീണ്ടും പോക്കറ്റിലിടും. ഇതുവരെ എടുക്കാത്ത ആ നമ്പറിനോട് എന്തൊ ഒരു ആകർഷിണിയത സരിതക്ക് തോന്നിത്തുടങ്ങിയിരുന്നു. വിളി വരാത്ത ആ രണ്ടു ദിവസം സരിത വല്ലാത്ത ശ്വാസം മുട്ടലിലായിരുന്നു. അങ്ങോട്ടു തിരിച്ചു വിളിച്ചാലോന്ന് പലവട്ടം ആലോചിച്ചതാണ്. അന്നേരം അമ്മയുടെ ഉപദേശം ഒർമ്മയിൽ വരും. പിന്നെ വേണ്ടെന്ന് വക്കും.

അന്നു രാത്രി കിടക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു സരിത. അഛനും അമ്മയും മുറിയിൽ നിന്നും പോയതേയുള്ളു. എന്നും അതാണ് പതിവ്. കിടക്കാൻ നേരം അഛനും അമ്മയും കൂടി സരിതയുടെ മുറിയിൽ വരും. കിടക്കയെല്ലാം കുടഞ്ഞ് വിരിച്ച് മകളെ കിടത്തി പുതപ്പിച്ചിട്ടെ അവർ പുറത്തിറങ്ങൂ. ആകെയൊരു മോളേയുള്ളു. ഇനിയൊരെണ്ണം മനപ്പൂർവ്വം വേണ്ടന്നു വച്ചിട്ടു തന്നെ. ഉള്ളതിനെ ആവശ്യമായതൊക്കെ കൊടുത്ത് നല്ല സൌകര്യത്തോടെ വളർത്തണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് കൊടുത്ത സ്വാതന്ത്ര്യം സരിത ഒരിക്കലും ദുരുപയോഗപ്പെടുത്തിയിട്ടുമില്ല. നല്ല ആത്മവിശ്വാസത്തോടെ ബുദ്ധിമതിയായി വളരുന്ന മകളെ ഓർത്ത് അഭിമാനിച്ചിരുന്നു അവർ.

അഛനും അമ്മയും പുറത്തു കടന്ന സമയത്തായിരുന്നു വീണ്ടും ആ ഫോൺകാൾ. സരിത തലയിണക്കടിയിൽ നിന്നും ഫോൺ പെട്ടെന്നെടുത്തു നോക്കി. അതേ നമ്പർ..!
ഒരു നിമിഷം ഒന്നു പകച്ചുവെങ്കിലും എടുക്കാൻ തന്നെ തീരുമാനിച്ചു. അതാരാണെന്നറിയാനുള്ള കാത്തിരിപ്പ് ഇനി വയ്യ. ആകാംക്ഷയും ചെറിയൊരു വിറയലും കാരണം ശരിരം പെട്ടെന്നു വിയർത്തു. അവൾ കാൾ ബട്ടണിൽ അമർത്തി പറഞ്ഞു.
“ഹലോ...” വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
“ഹലൊ... സരിതയല്ലെ...?”
അതൊരു പുരുഷശബ്ദമായിരുന്നു. പെട്ടെന്നു തന്നെ ഉത്തരവും കൊടുത്തു.
“അതെ..!” ഒന്നുമിനീരിറക്കിയിട്ട് സരിത ചോദിച്ചു.
“ആരാ...?”
“ഇപ്പോൾ ഉറങ്ങാൻ പോകാല്ലേ. കിടന്നോളു. ഞാൻ നാളെ വിളിക്കാം.”
“നിങ്ങൾ ആരാന്നു പറയൂ... പ്ലീസ്...”
അതിനു മറുപടി ഉണ്ടായില്ല. ഫോൺ കട്ടാകുകയും ചെയ്തു. ശ്വാസം കിട്ടാത്തതു പോലെ സരിത കിതച്ചു. പിന്നെ സരിതക്ക് ഉറങ്ങാനായില്ല. താൻ ഉറങ്ങാൻ പോകാണെന്നൊക്കെ എങ്ങനെ മനസ്സിലാക്കി. തന്നെ ശരിക്കും അറിയുന്ന ആളായിരിക്കുമോ..?

ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായി ദിവസവും കാണുന്നതും മുൻ‌പു കണ്ടിട്ടുള്ളവരുമായ സകല യുവകോമളന്മാരും കണ്ണുകൾക്കു മുൻപിൽ വരുത്തി നോക്കി. തനിക്ക് ഇഷ്ടപ്പെട്ട പല മുഖങ്ങളും മുന്നിൽ വന്നെങ്കിലും, ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായില്ല. ആ ശബ്ദത്തിനുടമയെ ചുറ്റിപ്പറ്റി മധുരമുള്ള ദിവാസ്വപ്നങ്ങൾ അന്നു രാത്രി സരിതയെ ഉറങ്ങാൻ സമ്മതിച്ചില്ല.

നേരം വെളുത്ത് പ്രാഥമിക കാര്യങ്ങൾ ചെയ്യുമ്പോഴും മോബൈൽ കയ്യിൽ നിന്നും താഴെ വച്ചില്ല. ഒരു വിളിയ്ക്കായി അവൾ വല്ലാതെ ദാഹിച്ചു. അന്നു കോളേജിൽ പോയപ്പോൾ കണ്ട എല്ലാ മുഖങ്ങളിലും ഒരു കുസൃതിച്ചിരി ഒളിപ്പിച്ച് ആരെങ്കിലും തന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാവരും സാധാരണ പോലെയാണ് പെരുമാറിയത്. അന്നവന്റെ വിളി വരികയുണ്ടായില്ല. അവൾക്ക് ഭയങ്കര നിരാശ തോന്നി. സരിതക്ക് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. കോളേജിൽ നിന്നും വന്നതും അമ്മയോടുൾപ്പടെ സകലരോടും കാരണമില്ലാതെ തന്നെ ദ്വേഷ്യപ്പെടുന്നുണ്ടായിരുന്നു.

ഇനി വിളിച്ചാൽ മിണ്ടില്ലെന്നു വരെ തീർച്ചപ്പെടുത്തിയതാ. എന്നിട്ടും രാത്രിയിൽ കിടക്കുന്നതിനു മുൻപായി ആ വിളി വന്നപ്പോൾ ഒറ്റ റിങ്ങേ മുഴങ്ങാൻ സമ്മതിച്ചുള്ളു. അതിനുള്ളിൽ ഫോണെടുത്ത് ‘ഹലൊ..’ പറഞ്ഞു കഴിഞ്ഞിരുന്നു.

പിന്നെ എന്തു മറിമായമാ നടന്നതെന്നറിയില്ല. അവൾ വളരെ സന്തോഷവതിയായി. അന്നു മാത്രമല്ല പിന്നീടങ്ങോട്ട് ഏറ്റവും സന്തോഷവതിയായിട്ടേ അഛനും അമ്മയും അവളെ കണ്ടിട്ടുള്ളു. അവൾ കാണിക്കുന്ന അമിത സന്തോഷത്തിന്റെ കാരണമൊന്നും അഛനും അമ്മക്കും മനസ്സിലായതുമില്ല. അവളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം. അതിനുവേണ്ടിയാണ് തങ്ങൾ ജീവിക്കുന്നതും. അതിനാൽ മകളെ സംശയിക്കേണ്ട കാര്യമൊന്നും രണ്ടാൾക്കും തോന്നിയില്ല.

മുന്നു മാസം കടന്നു പോയി. കോളേജിൽ പോയ മകൾ വൈകിയിട്ടും കാണാതായപ്പോഴാണ് കൂട്ടുകാരുടെ വീടുകളിൽ വിളിച്ചു ചോദിക്കാൻ തുടങ്ങിയത്. എന്നിട്ടും ബുദ്ധിമതിയായ മകൾ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് അഛനും അമ്മയും ചിന്തിച്ചില്ല. രാത്രിയായപ്പോൾ വിവരമറിഞ്ഞ് ബന്ധുക്കളും മറ്റും വന്നതോടെയാണ് കാര്യത്തിന്റെ ഗൌരവം അഛനും അമ്മക്കും ബോദ്ധ്യം വരുന്നത്. അവളുടെ ഒരു കൂട്ടുകാരി പറഞ്ഞത് ഇന്ന് കോളേജിൽ വന്നിട്ടേയില്ലെന്നാണ്.

പിന്നെ സംശയിച്ചു നിന്നില്ല. നേരെ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. ജീവിതത്തിൽ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കയറുന്നത്. തന്റെ പ്രായപൂർത്തിയായ മകളെ കാണാനില്ലെന്നു പറഞ്ഞ് പരാതി കൊടുത്തത് വല്ലാത്ത ഒരു കുറച്ചിലായി മനസ്സിൽ തട്ടി. ആ നിമിഷം മുതൽ അഛൻ വളരെ തളർന്നു പോയിരുന്നു. ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് സ്റ്റേഷൻ വരാന്തയിൽ നിന്നും കാറിൽ കയറ്റിയത്. വീട്ടിൽ നിന്നും ഫോൺ വന്നത് എടുക്കാൻ കഴിയാതെ അറ്റന്റ് ചെയ്യാനായി ബന്ധുവിന്റെ കയ്യിലേക്ക് കൊടുത്തു. അത് അറ്റന്റ് ചെയ്ത ബന്ധു പറഞ്ഞു.
“ സംഗതി നമ്മൾ സംശയിച്ചതു പോലെ തന്നെ. അവളുടെ പുസ്തകത്തിന്റെ അകത്തു നിന്നും ഒരു കത്തു കിട്ടിയിട്ടുണ്ടെന്നാ പറഞ്ഞത്. കത്തിൽ...”
അതു മുഴുവനാക്കാൻ അഛൻ സമ്മതിച്ചില്ല. കയ്യുയർത്തി തടഞ്ഞു. പിന്നെ ആരും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയതും അഛനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ടുപോയി കിടത്തി. കത്തിലെ വിവരമറിഞ്ഞ അമ്മ അന്നേരം തന്നെ ബോധം കെട്ട് വീണിരുന്നു. ആരൊക്കെയോ ചേർന്ന് ശീഘ്രം കറങ്ങുന്ന പങ്ക തരുന്ന കാറ്റു കൂടാതെ അവരെ വീശികൊടുക്കുന്നുമുണ്ടായിരുന്നു.

രാത്രി ഏറെ വൈകിയാണ് ഒന്നു രണ്ട് ബന്ധുക്കളഴിച്ച് എല്ലാവരും പിരിഞ്ഞത്. നേരം വെളുത്തിട്ടേ ആ കിടന്ന കിടപ്പിൽ നിന്നും അഛനും അമ്മയും എഴുന്നേറ്റുള്ളു. അപ്പോഴും മകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. കണ്ടെടുത്ത കത്ത് ഇന്നലെ രാത്രി തന്നെ പോലീസ്സുകാരു വന്ന് കൊണ്ടു പോയത്രെ. ആദ്യം കത്ത് കണ്ടെടുത്തു വായിച്ച അമ്മയാണ് പറഞ്ഞത്.
‘അവൾ ഇഷ്ടപ്പെടുന്ന ആളോടൊപ്പം പോകുന്നു. ആരും അന്വേഷിക്കണ്ടാന്ന്. ’
അഛൻ ഒന്നും മിണ്ടിയില്ല.
‘കൂട്ടത്തിൽ അവൾക്കായി കരുതി വച്ചിരുന്ന ആഭരണങ്ങളും എടുത്തോണ്ടാ പോയത്.’
അമ്മ അതും പറഞ്ഞ് സെറ്റിയിലേക്ക് തളർന്നു വീണു.

എല്ലാവരും വീടൊഴിഞ്ഞ നേരത്ത് അഛൻ ചോദിച്ചു.
“നമ്മൾ അവൾക്ക് വേണ്ടി ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?”
“എന്താണ് അങ്ങനെ ചോദിച്ചത്..?”
“നമ്മൾ അവളെ സ്നേഹിച്ചിട്ടില്ലേ..?
ഇനിയൊരു കുട്ടി കൂടി വേണ്ടന്നു വച്ചത് അവൾക്ക് കിട്ടുന്ന സ്നേഹം കുറഞ്ഞു പോ‍കരുതെന്നു കരുതിയല്ലെ...?
അവളുടെ വിദ്യാഭ്യാസത്തിലോ വളർച്ചയിലോ ഒരു അലംഭാവം നമ്മൾ കാണിച്ചിട്ടുണ്ടോ..?
അവളുടെ ആഗ്രഹങ്ങൾ ഒക്കെ ഒരു നിമിഷം പോലും വൈകാതെ സാധിച്ചു കൊടുത്തിട്ടില്ലേ..?”
പിന്നെ കുറച്ചു നേരം നിശ്ശബ്ദമായിരുന്ന അഛൻ വലിഞ്ഞു മുറുകിയ മുഖവുമായി അമ്മയുടെ അടുത്ത് പോയിരുന്നു. ഏങ്ങലടിച്ച് കരഞ്ഞ് കണ്ണീരൊഴുക്കുന്ന അവരെ ചേർത്തിരുത്തിയിട്ട് തറപ്പിച്ചു തന്നെ പറഞ്ഞു.
“ഇത്രയും കാലം അവൾക്ക് വേണ്ടി ജീവിച്ച നമ്മളെ അവൾ വിശ്വാസത്തിലെടുത്തില്ലല്ലൊ..?
നമ്മൾ ഇനി ആർക്കുവേണ്ടി ജീവിക്കണം...?
എന്തിനു വേണ്ടി ജീവിക്കണം...?
നീ വിഷമിക്കണ്ട... അതങ്ങു മറന്നു കള... നമ്മൾക്കങ്ങനെ ഒരു മകളില്ല...!!”
അഛൻ അവരെ വിട്ട് പുറത്തിറങ്ങി പോയി. അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു. തല കട്ടിളപ്പടിയിൽ ഇടിച്ച് പരിക്കേൽ‌പ്പിച്ചു. തളർന്നിരുന്നു പോയ അവർ നെറ്റി പൊട്ടി ഒലിക്കുന്ന ചോരയുമായി അവിടെത്തന്നെ കിടന്നു.

ദിവസങ്ങൾ കടന്നു പോയിട്ടും സരിതയെക്കുറിച്ച് ഒരു വിവരവും പോലീസ്സുകാർക്കും കിട്ടിയില്ല. അഛനും അമ്മയും അതന്വേഷിക്കാനും പോയില്ല. രണ്ടു പേരും പരസ്പ്പരം സംസാരിക്കുന്നത് തന്നെ വിരളം. ഭക്ഷണം കഴിക്കുന്നതും ചുരുക്കം. ഇടക്ക് അമ്മ വിഭവസമൃദ്ധമായ സദ്യ ഒരുക്കും. പിന്നെ ദിവസങ്ങളോളം ഒന്നും വക്കില്ല. പട്ടിണി തന്നെ. അയൽവക്കത്തുകാരോ ബന്ധുക്കളോ വന്നാൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കും. അതുകാരണം ബന്ധുക്കളാരും വരാതായി. അപൂർവ്വം ചില അയൽ വീട്ടുകാർ സമയവും സന്ദർഭവും നോക്കി ഭക്ഷണം കൊണ്ടുപോയി നിർബ്ബന്ധിച്ച് കഴിപ്പിക്കും. ഇടക്കിടക്ക് രണ്ടു പേരുടേയും മനോനില തരാറിലാകും. അന്നേരം മുന്നിൽ നടക്കുന്നതൊന്നും അവർ കാണുന്നുണ്ടാവില്ല. നിശ്ശബ്ദമായി തുറിച്ചു നോക്കിയിരിക്കും.

മാസങ്ങൾ ഏറെ കടന്നു പോയി. നാട്ടുകാരും അതെല്ലാം മറന്നു തുടങ്ങിയിരുന്നു. ഒരു ദിവസം രാത്രിയിൽ എല്ലും തോലും മാത്രമായി ജീവിക്കുന്ന അവരുടെ ഇടയിലേക്ക് കൈക്കുഞ്ഞുമായി അസ്തികൂടം പോലെ ഒരു പേക്കോലം കയറിവന്നു.
സരിതയായിരുന്നു...!
അമ്മയുടേയും അഛന്റേയും രൂപം കണ്ടവൾ സ്തംഭിച്ചു നിന്നു.... !
അഛനും അമ്മക്കും മകളെ മനസ്സിലായതുമില്ല...
ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നെങ്കിലും, അതെന്നേ കൈമോശം വന്നിരുന്നു....!
അഛന്റേയും അമ്മയുടേയും മുന്നിൽ ഒരിത്തിരി കണ്ണീർ വീഴ്ത്താനവൾ കൊതിച്ചെങ്കിലും അതവൾക്കായിത്തന്നെ എന്നേ തേവി വറ്റിച്ചിരുന്നു....!
താൻ കാരണമാണല്ലൊ ഈ ഗതി തന്റെ കുടുംബത്തിനെന്നൊർത്തപ്പോൾ സരിതക്ക് സഹിക്കാനായില്ല. അവൾ സ്വന്തം മുടി പിടിച്ച് വലിച്ച് പറിച്ചു. തലയിട്ട് ഭിത്തിയിലിടിച്ചു കരഞ്ഞു....

അന്ന് കാമുകനൊപ്പം പോകാനെടുത്ത തീരുമാനം പോലെ, മുൻപിൻ നോക്കാതെ ശക്തമായൊരു തീരുമാനം സരിത എടുത്തു.
പിറ്റേ ദിവസത്തെ ദൃശ്യ മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കി ആ വാർത്ത ഉണ്ടായിരുന്നു.
‘കൃഷിക്കെടുത്ത വായ്പ്പയെടുത്ത് മകളുടെ വിവാഹം നടത്തിയ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തു.’
കർഷക ആത്മഹത്യകൾ തുടരുന്ന നാട്ടിൽ അതൊരു സാധാരണ വാർത്ത മാത്രം....!!

Wednesday, 15 February 2012

കഥയല്ലിത് .....

സമ്പാദ്യം.


“ഹലോ.. മാനോജെ ഞാനാ...”
“എന്തേയ്...? ങാ.. ഇന്നലെ പറഞ്ഞോടത്ത് പോകാനാ..”
“അതേ.. മറന്നു പോയോ...?”
“ഓർമ്മിപ്പിച്ചത് നന്നായി. ഞാനിതാ എത്തിക്കഴിഞ്ഞു. റെഡിയായിക്കോ..”
ഞാൻ റെഡിയായപ്പോഴേക്കും മനോജ് വണ്ടിയുമായി എത്തി.
ഇന്നു വെള്ളിയാഴ്ച ആയതുകൊണ്ട് ഒഴിവാണ്. തോമസ്സ് അച്ചായൻ താമസം മാറ്റുന്നുവെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ആണെങ്കിൽ ഞാനും സാധനങ്ങൾ മാറ്റാൻ കൂടാമെന്നു പറഞ്ഞിരുന്നതാ.

ഓടിക്കൊണ്ടിരിക്കുമ്പോൾ മനോജ് ചോദിച്ചു.
“ആരുടെ അടുത്തേക്കാ പോണത്..?”
“എന്റെ നാട്ടുകാരൻ ഒരു അച്ചായനില്ലെ.. അന്നന്നെ എയർപ്പോർട്ടിൽ നിന്നും എടുത്തോണ്ടു വന്നില്ലേ...”
“ആ... മനസ്സിലായി.. തോമസ്സ്.”
“അതേ...തോമസ്സച്ചായൻ. അച്ചായൻ അവിടന്ന് താമസം മാറ്റാണെന്ന് പറഞ്ഞിരുന്നു. ഈ മാസത്തെ അവസാന വെള്ളിയാഴ്ച ആയതു കൊണ്ട് ഇന്നു മാറുമെന്നാ പറഞ്ഞത്. അറിഞ്ഞ സ്ഥിതിക്ക് ഒന്നു ചെന്ന് നോക്കേണ്ടതല്ലെ...”

കാറിലിരിക്കുമ്പോൾ തോമസ്സച്ചായനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.
എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്. സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാനായി വീട്ടുകാരെയെല്ലാം വെറുപ്പിച്ചു. വിവാഹശേഷം ഒറ്റപ്പെട്ടു പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടി. രണ്ടു പേരുടേയും ബന്ധുക്കളൊക്കെ മുഖം തിരിച്ചു നിന്നപ്പോഴും കൂട്ടുകാരുടെ സഹായത്തോടെ നാട്ടിൽ തന്നെ ഒരു വീടിന്റെ മുറി വാടകക്കെടുത്ത് ജീവിതം തുടങ്ങി.
ജീവിതം തുടങ്ങി അധികം താമസിയാതെ തന്നെ മനസ്സിലായി വിചാരിച്ചതു പോലെ അതത്ര എളൂപ്പമല്ലന്ന്.

പിന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി മാത്രമല്ല സാമ്പത്തികമായി വളരെ ഉയർന്ന ഭാര്യാവീട്ടുകാരോടൊപ്പം നിൽക്കാനുള്ള വാശിയാണ് അച്ചായനെ ഇവിടെ എത്തിച്ചത്.
ആദ്യത്തെ കുറച്ചു വർഷം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പിന്നെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി. കഷ്ടപ്പാടുകൾ നിറഞ്ഞ ആ ജീവിതകാലത്താണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും കുറച്ചു കാലം ഒരുമിച്ച് ജീവിക്കുന്നതും. പിന്നെയാണ് ഭാര്യയെ കൊണ്ടു വരുന്നതിനായി ഞങ്ങൾ തമ്മിൽ പിരിഞ്ഞത്. പിന്നെയും വളരെ കാലം ഞങ്ങൾ ബന്ധപ്പെട്ടിരുന്നെങ്കിലും പരസ്പ്പരമുള്ള പോക്കു വരവുകൾ കുറവായിരുന്നു. ഇന്നിപ്പോൾ ഏഴും നാലും വയസ്സുള്ള രണ്ടു പെൺകുട്ടികളൂടെ തന്തയും.

അവിടെ ചെല്ലുമ്പോൾ ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു അച്ചായൻ. വളരെ കാലം കാണാതിരുന്ന സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയതു പോലായിരുന്നു. ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആശംസകൾ കൈ മാറി. പുള്ളിക്കാരന്റെ ഭാര്യ ‘എൽ‌സി’ നേഴ്സ് ആണ്. അവർ ഡ്യുട്ടിക്ക് പോയിരുന്നതു കൊണ്ട് കാണാനായില്ല. കുട്ടികൾ രണ്ടു പേരും ഉണ്ടായിരുന്നു. അവർക്കായി ചോക്ലേറ്റും മറ്റും ഞങ്ങളുടെ കൈ വശം കരുതിയിരുന്നു. വീട്ടു സാധനങ്ങളൊന്നും അടുക്കിക്കെട്ടി വക്കാനുള്ള പുറപ്പാടൊന്നും കാണാത്തതു കൊണ്ട് ഞാൻ ചോദിച്ചു.
“വീട് മാറുന്നുവെന്ന് പറഞ്ഞിട്ട്....”
“മാറുന്നുണ്ട്. സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു മാറ്റാനായി കോൺ‌ട്രാക്റ്റിങ് കമ്പനിക്കാരെ ഏൽ‌പ്പിച്ചു. അവർ നാളെ വന്ന് എല്ലാം ചെയ്തോളും.”
ഞാൻ പറഞ്ഞു.
“ഈ വീട് മാറ്റമെന്നു പറഞ്ഞാൽ, ഇത്രേം പൊല്ലാപ്പു പിടിച്ച ഒരു പണിയില്ല.”
“അതുകൊണ്ട് തന്നെയാ അവരെ ഏൽ‌പ്പിക്കാമെന്നു വച്ചത്.”

സംസാരിച്ചിരിക്കുമ്പോഴാണ് ഞാനാ വീടൊന്ന് ശ്രദ്ധിച്ചത്.
സ്വീകരണമുറി ശരിക്കും ഒരു അറബിക് സ്റ്റൈൽ എന്നു പറയാനാവില്ലെങ്കിലും അതിന്റെ ധാരാളിത്തം വിളിച്ചോതുന്നുണ്ടായിരുന്നു. വില കൂടിയ സെറ്റി. മറ്റ് അലങ്കാര വസ്തുക്കൾ. 40 ഇഞ്ചിന്റെ എൽ‌സീഡി ടീവി.
എന്റെ ഒരു സംശയം തീർക്കാനായിട്ടാണ് അങ്ങനെ ഒരു ചോദ്യം എടുത്തിട്ടത്.
“അച്ചായാ... ഇത് കമ്പനി ഫ്ലാറ്റാ..?”
“ഹേയ്.. കമ്പനി ഇതിന്റെ പാതി തരും. ബാക്കി കയ്യീന്നെടുക്കണം..”

ഞാനവിടന്നെഴുന്നേറ്റ് അവിടമാകെ ഒന്നു കറങ്ങി. പിന്നെ ഓരോ മുറിയിലേക്കും കടന്നു. കുട്ടികളുടെ മുറിയിലെ ചുമരിൽ തുക്കിയ മുപ്പത്തിരണ്ടിഞ്ച് ടീവിയിൽ കാർട്ടൂൺ കണ്ടിരിക്കുകയാണ് കുട്ടികൾ. അച്ചായനെ നേരത്തെ അറിയാമായിരുന്നതു കൊണ്ട് എനിക്കാ സെറ്റപ്പ് വിശ്വസിക്കാനായില്ല. അത്രയും ആർഭാടം നിറച്ച ഒരു വീടായിട്ടാ എനിക്കു തോന്നിയത്. എന്നേപ്പോലുള്ളവർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല. എല്ലാം കണ്ടതിനു ശേഷം ഞാൻ വീണ്ടും വന്നിരുന്നു.

സ്വീകരണമുറിയിലെ ചുമരിൽ തൂക്കിയ നാൽ‌പ്പത് ഇഞ്ചിന്റെ എൽസിഡി ടീവിയിൽ സീപീയെമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ്സിന്റെ ലൈവ് പൊടിപൊടിക്കുന്നു. ചുമരാകെ ചുമപ്പു മയം. ഞങ്ങൾ അതും നോക്കിയിരിക്കേ അച്ചായൻ ചാ‍യയും പലഹാരങ്ങളുമായി വന്നു. സ്ക്രീനിൽ നോക്കിയിരുന്ന ഞങ്ങളുടെ സംഭാഷണം സ്വാഭാവികമായും രാഷ്ട്രീയത്തിലേക്ക് വീണു. പഴയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അച്ചായന്, വീയെസ്സിനോട് പാർട്ടി നീതി കാണിച്ചില്ലെന്ന് പറഞ്ഞ് ഒരു ചൂട്.
‘ക്യാപ്പിറ്റൽ പണിഷ്മെന്റ്, പുറത്താക്കണം എന്നൊക്കെ കേട്ടപ്പോൾ അച്ചായന് കലി കയറി.
“ഇന്നലത്തെ മഴയിൽ കൊരുത്തവന്മാരാ ഈ കിടന്നു കൂവുന്നത്...”
വീയെസ്സ് നടന്നു വരുമ്പോൾ ഗ്യാലറിയിൽ നിന്നുയർന്ന ആരവം കേട്ടിട്ട് മനോജ് പറഞ്ഞു.
“അച്ചായാ.. തീയ്യിൽ കൊരുത്തതാ, അതീ കുഞ്ഞു വെയിലത്തൊന്നും വാടൂല്ല...”

ഞങ്ങൾ പോരാനായി എഴുന്നേറ്റപ്പോളാണ് അച്ചായനോട് ഞാനാ അസുയ നിറഞ്ഞ ചോദ്യം ചോദിച്ചത്.
“അച്ചായാ.. ഞാനൊരു അസൂയ പറയട്ടെ... വിഷമാവൂല്ലല്ലൊ...?”
അച്ചായനത് തമാശയായി തോന്നിക്കാണും. ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
“ങൂം.. പറയ്... നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടൊ..?”
“എങ്കിൽ പറയട്ടെ.. ഇത്രയും ആർഭാടത്തിന്റെ ആവശ്യമുണ്ടൊ...? ഇവിടെ വരുന്നതിനു മുൻപുള്ള ആ പഴയ കാലം മറന്നു പോയോ..?”
ഒരു നിമിഷം കഴിഞ്ഞിട്ടാണ് അച്ചായൻ മറുപടി പറഞ്ഞത്.
“അത്.. എല്ലാവരോടുമുള്ള ഒരു പ്രതികാരമാണ്. ഞാൻ വിവാഹം കഴിച്ച സാഹചര്യം അറിയാല്ലൊ. ബന്ധുക്കളായി ഒരാളുമുണ്ടായില്ല ഒരു കൈ സഹായത്തിന്. അവളിവിടെ എന്നോടൊപ്പം ഒരു രാജകുമാരിയേപ്പോലെ ജീവിക്കണം.”
“ശരി. തന്റെ ആഗ്രഹങ്ങളോട് എനിക്കെതിർപ്പില്ല. പക്ഷേ, ഇതു കാണാൻ പണക്കാരായ തന്റെ ഭാര്യാവീട്ടുകാര് ഇവിടെയില്ലല്ലൊ. പിന്നെ ആരെക്കാണിക്കാനാ..? ഇതു നാട്ടിൽ ഒരു വീടു വാങ്ങിയിട്ടാണ് കാട്ടിക്കൂട്ടുന്നതെങ്കിൽ താൻ പറഞ്ഞത് ശരി. അല്ല, ഞാൻ ചോദിക്കാൻ മറന്നു. നാട്ടിൽ വീട് വാങ്ങണമെന്നു പറഞ്ഞിട്ടെന്തായി...?”
“ഈ വെക്കേഷന് പോകുമ്പോൾ ഒരെണ്ണം നോക്കണം..”
“താനിതു പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി...”
“അങ്ങനെയല്ല. ഇപ്രാവശ്യം ഞാൻ വാങ്ങിയിരിക്കും...”
“ഈ ഫ്ലാറ്റ് നല്ല സൌകര്യമുള്ളതാണല്ലൊ. പിന്നെ മാറുന്നതെന്തിന്..?”
“ഇവിടത്തെ പ്രശ്നങ്ങളറിയില്ലെ..? റോട്ടിൽ മുഴുവൻ തടസ്സങ്ങളുണ്ടാക്കി, തീയിട്ട്... എവിടെയൊക്കെയോ നമ്മളെ ആക്രമിക്കാനും തുടങ്ങിയെന്നു കേൾക്കുന്നു.”
“അക്കാര്യത്തിൽ ഞങ്ങളും അങ്കലാപ്പിലാണ്....”
“ഈ ഏരിയായിൽ സന്ധ്യ മയങ്ങിയാൽ പിന്നെ റോഡിൽ പോലും ഒരാളില്ല. എന്തോ ഒരു പേടിയാ... അതുകൊണ്ടാ കുറച്ചു സെയ്ഫായ ഒരിടത്തേക്ക് മാറാമെന്ന് കരുതിയത്..”
“എവിടെയാണീ സേഫ്..? അവിടേയും പ്രശ്നങ്ങളുണ്ടാവില്ലെന്നെന്താ ഉറപ്പ്..?”
“ഇവിടത്തെ ഈ അവസ്ഥകൂടി മനസ്സിൽ വച്ചിട്ടാ തന്റെ ഈ ആർഭാടത്തെക്കുറിച്ച് പറഞ്ഞത്. എപ്പൊഴാ എന്താ സംഭവിക്കാന്ന് പറയാനാവില്ല.”
“നീ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പേടിപ്പിക്കല്ലെ...!”
“ഞാൻ പേടിപ്പിച്ചതല്ല. അനുഭവങ്ങൾ നമ്മുടെ മുൻപിലില്ലെ. കുവൈറ്റ്..!
എല്ലാ സൌകര്യങ്ങളോടെയും ഉറങ്ങാൻ കിടന്ന ജനതയാ നേരം വെളുത്തപ്പോൾ ഒന്നുമില്ലാത്തവരായത്...! ഉടുതുണിക്ക് മറുതുണി പോലുമില്ലാതെയാ നാളുകൾക്ക് ശേഷം ജീവഛവങ്ങളായി നമ്മുടെ ആളുകൾ നാട്ടിൽ വന്നിറങ്ങിയത്...!
പിന്നെയും സർക്കാരിന്റേതുൾപ്പടെ എത്രയോ പേരുടെ സഹായങ്ങൾ വേണ്ടിവന്നു വീട്ടിലെത്താൻ...!
പിന്നെയുമില്ലെ ഉദാഹരണങ്ങൾ... ഇറാക്ക്. ലിബിയ, ടുണീഷ്യ, ഈജിപ്ത്...!!
അച്ചായൻ കുറച്ചു നേരം ഞങ്ങളെ നോക്കി മൂകമായിരുന്നു. പിന്നെ ചോദിച്ചു.
“അങ്ങനെ ഇവിടെ സംഭവിക്കുമോ....?”
“അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ...
എനിക്കൊന്നേ പറയാനുള്ളു. നമ്മൾ എവിടെ ജീവിച്ചാലും ‘സമ്പാദ്യം’, അത് നാട്ടിൽ മാത്രം.”