Thursday 1 January 2009

പാവം പ്രവാസി ( 4 )


രണ്ടുവർഷത്തെ
കാത്തിരിപ്പിനു ശേഷം കഴിഞ്ഞ നവംബർ അവസാനം അനുവദിച്ചുകിട്ടിയ “പരോൾ” 36ദിവസത്തേക്കായിരുന്നു.

കാലത്ത് എഴുന്നേൽക്കുന്നതു മുതൽ ആരംഭിക്കുന്ന ദിനചര്യ ,
രാത്രി വളരെ വൈകി കിടക്കുന്നതുവരെ തുടരും,
യാതൊരു മാറ്റവും ഇല്ലാതെ ,
എല്ലാ ദിവസവും ഒരുപോലെ.
വെള്ളിയാഴ്ചകൾ മാത്രം കുറച്ചാശ്വാസം.

ഇതിനിടക്കാണ്, ഒരുപാട് കാത്തിരിപ്പിനു ശേഷം വീണുകിട്ടുന്ന ഒരു അവധിക്കാലം. ഈ തുറന്ന ജയിലിലെ ജീവിതത്തിൽ അതിന് ഒരു പരോളിന്റെ മധുരമുണ്ട്.

കാലത്ത് വിളിച്ചുണർത്തി ഒരു കപ്പു ചായ തരാൻ ഒരാളുണ്ടാകുക. ഓടിവന്നു കെട്ടിപ്പിക്കാൻ മക്കൾ തൊട്ടടുത്തുണ്ടാകുക.അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയൂക. ഇതിനൊന്നും കഴിയാതെ എല്ലാം ഭംഗിയായി നടക്കുന്നതായി സങ്കല്പിച്ച് ഒരുതരം യാന്ത്രികജീവിതം.

അതുകൊണ്ടു തന്നെ ഓരൊ പരോളും ഓരോ അനുഭവമാണ്. അതുകഴിഞ്ഞുള്ള രണ്ടുവർഷം ഇവിടെ ഒറ്റക്കു കഴിയാനുള്ള ഊർജ്ജം. എന്റെ മക്കളോടോത്ത് കഴിയാനുള്ള മോഹവുമായി ഞാൻ നാട്ടിലേക്കു തിരിച്ചു.

കൊച്ചുവെളുപ്പാൻ കാലത്താണ് വിമാനമിറങ്ങിയത്. എന്റെ മക്കൾ രണ്ടുപേരും വന്നിരുന്നു. മൂത്തവൻ അപരിചിതത്തമൊന്നും കാട്ടിയില്ല.പക്ഷെ ഇളയവൻ അടുക്കാൻ കൂട്ടാക്കിയില്ല. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും ഇത്തിരി അകലം സൂക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു.

അവനെ ഒന്നു വാരിയെടുക്കാനും ഉമ്മ കൊടുക്കാനും എന്റെ മനം വല്ലാതെ തുടിച്ചു. പക്ഷെ ബലമായിട്ട് അത് വേണ്ടന്ന് തീരുമാനിച്ചൂ. കാറിലിരിക്കുമ്പോൾ പലവട്ടം അവനെന്നെ ഒളിഞ്ഞു നോക്കുന്നത് കണ്ടു. വീട്ടിലെത്തിയപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടിത്തം കിട്ടിയത്.

വീട്ടിലെത്തിയതൂം അവൻ അമ്മയുടെ അടുത്തേക്കോടി. അമ്മയോട് രഹസ്യമായി ചോദിച്ചു.
“അമ്മെ... ഇതാണൊ ബഹ് റീനിലെ എന്റെ അച്ചൻ ”
“ഊം...അമ്മേടെ...ചക്കരേടെ അച്ചൻ തന്ന്യാത് ’
അതു കേട്ടതൂം അവന്റെ മൂഖം പ്രകാശമാനമായി. ഞാൻ അവനെ തലയാട്ടി വിളിച്ചൂ. ഇത്തവണ മടിക്കാതെ ഓടിവന്നു. ഞാൻ എന്റെ കവിൾ തൊട്ടൂകാണിച്ചു. അവൻ എന്റെ കവിളിൽ ഒരൊ ഉമ്മ തന്നു.

പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു. തുരുതുരാ ഉമ്മകൾകൊണ്ടു പൊതിഞ്ഞു. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൂപോയി.....
പിന്നെയും രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടെ എന്റെ കൂടെ ഒറ്റക്കു പുറത്തേക്കുവരാൻ “ഗൌതം ലാൽ” എന്ന `ചിന്നു ` എന്നു വിളിക്കുന്ന എന്റെ മകൻ തെയ്യാറായുള്ളു.

എന്നോടൊപ്പം താമസിച്ചിരുന്ന രാജേട്ടൻ നാ‍ട്ടിൽ പോയിട്ട് നാലഞ്ച് വർഷമായി. ഒരു ദിവസം പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അങ്ങനെ പെട്ടെന്ന് പോകാൻ എന്താണു കാരണമെന്നു അന്നുമിന്നും ഞങ്ങൾക്കറിയില്ല. ഫോണിൽ ഒരുപാടു ശ്രമിച്ചു. കത്തുകൾ അയച്ചു, പക്ഷെ ഒന്നിനും മറുപടിയുണ്ടായില്ല. ഇത്തവണത്തെ ഈ അവധിക്ക് രാജേട്ടനെ കണ്ടെത്തുകയെന്ന ഒരുദ്ദ്യേശവും കൂടിയുണ്ട്.

അതങ്ങനെയാണല്ലൊ.നല്ല മനുഷ്യരെ നാം എപ്പോഴും ഓർമ്മിക്കും. അവരിപ്പോൾ എന്തു ചെയ്യുകയാണെന്ന് അറിയാൻ ആഗ്രഹിക്കും. അതുപോലൊരാളാണ് രാജേട്ടൻ..
അതീനായി ഒരു ദിവസം ഞാൻ പുറപ്പെട്ടു.
വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയായിക്കാണും ഞാനവിടെ എത്തുമ്പോൾ..

ഒരു ചെറിയ ഗേറ്റ് കടന്ന് ചെന്നതും,ഞാൻ ഞെട്ടി നിന്നു പോയി..!!?
വലതുവശത്ത് തെങ്ങിഞ്ചുവട്ടിൽ ഒരു പ്രാ‍യമായ മനുഷ്യൻ....?
തലനരച്ച് ,കുഴിഞ്ഞ കണ്ണുകളും,എല്ലുന്തിയ ശരീരവുമായി ഒരു പാവം മനുഷ്യൻ...
രാജേട്ടൻ...!!!??
രാജേട്ടന്റ ജീവിതം-തുടരുന്നു.

5 comments:

വീകെ said...

തന്റെ കുഞ്ഞുങ്ങളെ കാണാൻ ഓടിച്ചെല്ലുന്ന പ്രവാസി അച്ചന്മാർക്ക്,അടുക്കാൻ മടിക്കുന്ന തന്റെ കുഞ്ഞുങ്ങൾ...ഒരു വല്ലാത്ത വേദനയാണ്.
അവർ ഒന്നടുത്ത് വരുംബോഴേക്കും പരോൾ അവസാനിച്ചിരിക്കും.
പിന്നെ,വന്നതിനേക്കാൾ വലിയ വേദനയോടെ ഒരു തിരിച്ചു പോക്ക്.....

കുഞ്ഞന്‍ said...

വീകെ മാഷെ,

പ്രവാസികള്‍,ഭൂരിപക്ഷത്തിനും ഉണ്ടാകുന്ന വേദന..എന്നാലും ചോദ്യങ്ങള്‍ ഉണ്ടാകും എന്തിനിങ്ങനെ വേദന സഹിക്കുന്നു? നാട്ടില്‍ നിന്നാല്‍പ്പോരെ? ഉത്തരം സിമ്പിള്‍ ഈ വേദനയിലും വീട്ടുകാരുടെ മെച്ചപ്പെട്ട ജീവിതം ( ഭക്ഷണം, വസ്ത്രം, വിദ്യഭ്യാസം ) കാണുമ്പോഴുള്ള ആ സന്തോഷം...അതു മതി പ്രവാസിക്ക് അതു മാത്രം..

വീകെ ഭായി, അവധിയില്‍ ചെല്ലുമ്പോള്‍ മകനെ ഇണക്കത്തോടെ(ബാല്യകാലത്ത്) ഒന്നു ലാളിക്കാനാവാതെ വരുമ്പോഴുള്ള ആ നൊമ്പരം, അതു വായിച്ചപ്പോള്‍ എന്റെ കണ്ണും നിറഞ്ഞുപോയി..

കാസിം തങ്ങള്‍ said...

പ്രവാസികളാ‍യ നാം അനുഭവിച്ച് തീര്‍ക്കുന്ന വേദനയുടെ തീഷ്ണത വല്ലാതെ നിഴലിക്കുന്നു ഈ എഴുത്തില്‍ . ശരിക്കും കണ്ണ് നനഞ്ഞു.

OAB/ഒഎബി said...

“---വിട് ബലാലേ....ന്റെ പ്പ ജ്ജല്ല. ന്റെ പ്പ മക്കത്താ...”സൌദിയിലെ മക്കയിൽ നിന്നും നാട്ടിൽ വന്ന ഒരുപ്പ മോനെ സ്നേഹത്തോടെ അടുത്ത് വിളിച്ച് ലാളിച്ചപ്പോൾ, “അവന്റെ ഉപ്പ മക്കത്താ, അവന്റെ ഉപ്പ മക്കത്താ...” എന്ന് മാത്രം കേട്ട് ശീലിച്ച മോന്റെ മറുപടി ഇതായിരുന്നു.
ഇത് കണ്ട് ഞാനടക്കമുള്ളവറ് ചിരിച്ചെങ്കിലും ആ പ്രവാസിയുടെ മനസ്സ് എനിക്ക് കാണാമായിരുന്നു.

പ്രവാസി ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതായ കാര്യങ്ങൾ അതൊന്നും കൂടെ ഓറ്ക്കാൻ പറ്റി...

വീകെ said...

അഭിപ്രായങ്ങൾ അറിയിച്ചവർക്കും,
ഇതു വായിക്കാൻ മനസ്സു കാട്ടിയവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ് നേഹവും അറിയിക്കട്ടെ.