Monday 3 August 2009

സ്വപ്നഭൂമിയിലേക്ക്..... (1)

[എഴുതാൻ നല്ല വശമില്ല. ഗൂഗിൾ വെറുതെ തന്ന ഈ സംവിധാനം എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസികളുടെ നൊമ്പരങ്ങളെക്കുറിച്ചാണ് ആദ്യം ഓർമ്മയിൽ വന്നത്. എന്നാൽ പിന്നെ അത് എന്റെ കഥയിലൂടെ ആയാലെന്ത് എന്ന ചിന്തയാണ് ഇങ്ങനെ ഒന്നിനെ ഒരുക്കുന്നത്. ഇത് എന്റെ മാത്രം കഥയല്ല. എന്റെ സൌഹൃദ വലയത്തിൽ‌പ്പെട്ടവരും, കണ്ടും കേട്ടും അറിഞ്ഞ കഥകളും ഞാനിവിടെ പകർത്തുവാൻ ശ്രമിക്കുകയാണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നു തന്നെ തുടങ്ങാം. ഇപ്പോഴും ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ട്, ഒരു പക്ഷെ ഇത് മുടങ്ങിപ്പോയേക്കാം. എന്നാലും വായനാശീലം ഉള്ള ഒരു മലയാളിയും എനിക്കിട്ട് പാര വക്കാനായി കമ്പനിയിൽ ഇല്ലായെന്ന തിരിച്ചറിവിലാണ് ധൈര്യപൂർവ്വം ഇതാരംഭിക്കുന്നത്.  നന്ദി.]

 സ്വപ്നഭൂമിയിലേക്ക്...

ലിയ പ്രതീക്ഷയോടെയാണ് ബഹ്‌റീനിലേക്ക് വിമാനം കയറിയത്.

എയർപ്പോർട്ടിൽ ആരെങ്കിലും കാത്തു നിൽക്കുമൊ..?

ആരായിരിക്കും ...?

എങ്ങനെ തിരിച്ചറിയും...?

എന്തു ജോലിയായിരിക്കും കിട്ടുക...?

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നിയെങ്കിലും ആരോടാ ഒന്നു ചോദിക്കുക....?


വിമാനത്തിൽ കയറി ഇരുന്നപ്പോൾ തന്നെ ഓരൊ മിഠായി കിട്ടിയതാ..
അതു വിമാനം പുറപ്പെടുന്നതിനു മുൻപു തന്നെ കടിച്ചു ചവച്ചു തിന്നിരുന്നു. എയർ ഹോസ്റ്റസ് ഒരു ട്രേയിൽ കുറെ മിഠായിയുമായി വന്നതാണ്. ഞാൻ അതിൽ നിന്നും നമ്മുടെ ദാരിദ്ര്യം ഇപ്പൊഴേ കാട്ടണ്ടല്ലോന്നു കരുതി  വളരെ ഭവ്യത ഭാവിച്ച് ഒരെണ്ണം മാത്രമെ എടുത്തുള്ളു. ഇപ്പോഴാണ് കുറച്ചു കൂടുതൽ എടുക്കാമായിരുന്നുവെന്ന് ചിന്തിച്ചത്.


ആലോചിച്ചിരിക്കെ എയർ ഹോസ്റ്റസ് വന്ന് സീറ്റ് ബൽറ്റ് ഇട്ടത് ശരിക്കാണോന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. എന്റടുത്ത് വന്നപ്പോൾ ഇടതു കയ്യിന്റെ തള്ള വിരൽ പൊക്കി കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. അവർ എന്തൊ പറഞ്ഞിട്ടു പോയി. എനിക്കൊന്നും മനസ്സിലായില്ല.


അടുത്തിരുന്നയാൾ പറഞ്ഞു
“ ഇപ്പൊ വെള്ളം കിട്ടില്ല. വിമാനം നീങ്ങാൻ തുടങ്ങാ. പൊങ്ങിക്കഴിഞ്ഞിട്ട് തരാമെന്നാ പറഞ്ഞത്.” വിമാനം റൺ‌വേയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു.


പക്ഷെ, എയർഹോസ്റ്റസ് എനിക്കുള്ള വെള്ളവുമായി വന്നു. എന്റെ തൊണ്ടയിൽ നനവേ ഉണ്ടായിരുന്നില്ല അന്നേരം. ഒരു ചെറിയ ഗ്ലാസ്സിൽ രണ്ടു കവിൾ വെള്ളം. അത്രയേ ഉണ്ടായിരുന്നുള്ളു. എങ്കിലും അപ്പോഴത്തെ ദാഹം മാറാൻ അതു മതിയായിരുന്നു. അതും കുടിച്ച് ആശ്വാസത്തോടെ പുറത്തേക്കും നോക്കിയിരുന്നു.


പിന്നെ താമസമുണ്ടായില്ല. വിമാനം ഉയർന്നു തുടങ്ങിയിരുന്നു. അതോടൊപ്പം എന്റെ നെഞ്ചിടിപ്പും കൂടി. അകാരണമായ ഒരു ഭീതി എന്നെ പൊതിഞ്ഞു. ഞാൻ ശ്വാസം പിടിച്ചിരുന്നു. താഴെ കെട്ടിടങ്ങളും മറ്റും തീപ്പെട്ടിക്കൂടു പോലെ തോന്നിച്ചു. റോഡുകൾ വളഞ്ഞു പുളഞ്ഞു പോകുന്ന വരകളായി മാറി. തെങ്ങിൻ തോപ്പുകൾ നിബിഡ വനങ്ങളായി തോന്നി. കരയിൽ നിന്നും കടലിലേക്കിറങ്ങിയപ്പോൾ ബോട്ടുകളും വഞ്ചികളും ചെറിയ പൊട്ടുകളായും കപ്പലുകൾ തീപ്പെട്ടിക്കൂടു പോലെയും തോന്നിച്ചു. പിന്നെ കാർമേഘ പാളികൾ താഴെക്കാഴ്ചകൾ മറച്ചു. നീലാകാശം തൊട്ടടുത്തെന്ന പോലെ കണ്ടു.
ഇതിനും അപ്പുറത്തായിരിക്കും സ്വർഗ്ഗം..!
അതിനരികിലൂടെ ഈ വിമാനം പോകുമോ...?
അങ്ങകലെ ചക്രപാളം ഇത്ര ഭംഗിയായി കാണുന്നത് ആദ്യമാണ്.


പിന്നെ ഞങ്ങളുടെ വിമാനം മേഘങ്ങക്കൾക്കിടയിലൂ‍ടെയായി യാത്ര. താഴെ നിന്നു നോക്കുമ്പോൾ കാണാറുള്ള മഴ മേഘങ്ങൾ ഇത്ര അടുത്തു കണ്ടപ്പോൾ എന്തൊരു അനുഭൂതിയാണന്ന് പറഞ്ഞറിയിക്കാൻ വയ്യ. മനസ്സിനു നല്ല കുളിർമ്മ തോന്നി. ഞാൻ പുറത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഭൂമി കണ്ണിൽ നിന്നും മറഞ്ഞിരുന്നു.


അപ്പോഴാണ് ചെവി അടഞ്ഞതായി തോന്നിയത്. മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിച്ചും പുറത്തേക്കും വിട്ടു നോക്കി. ശരിയായില്ല. അന്നേരം ഞാൻ ഒന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ പെടാപ്പാട് കണ്ടിട്ടാവണം അടുത്തിരുന്ന യാത്രക്കാരൻ എനിക്കൊരു മിഠായി തന്നു.

“ഇതു വായിലിട്ടൊ”
എന്നായിരിക്കണം അയാൾ പറഞ്ഞിരിക്കുക.
ഞാൻ ഒന്നും കേട്ടില്ല. മിഠായി വാങ്ങിയിട്ട് ഞാൻ പറഞ്ഞു
“ മിഠായിക്കല്ല. എന്റെ ചെവി അടയുന്നു...”
പക്ഷെ, അയാളത് കേട്ടതായി തോന്നിയില്ല. കാരണം ഞാൻ പറഞ്ഞത് ഞാനും കേട്ടില്ല. എന്തൊ ഒരു മുരൾച്ച മാത്രമെ എനിക്കും തോന്നിയുള്ളു.


പിന്നെ ഞാൻ ആംഗ്യ ഭാഷയിൽ ചെവി തൊട്ടു കാണിച്ചു. അയാളപ്പോൾ തന്റെ കയ്യിലിരുന്ന മറ്റൊരു മിഠായിയുടെ പൊതിഞ്ഞ കടലാസ് മാറ്റി എന്റെ വായിലിട്ടു തന്നു. എന്നിട്ട് ഉമിനീരിറക്കാൻ ആംഗ്യം കാട്ടി. തൊണ്ട വരണ്ടിരുന്ന സമയത്ത് കിട്ടിയ മിഠായി നല്ല ആശ്വാസമാണ് തന്നത്. പെട്ടെന്ന് ഊറിക്കൂടിയ ഉമിനീർ ഇറക്കിയതോടെ ചെവി പെട്ടെന്നു തുറന്നു കിട്ടി. അപ്പോഴാണ് ഞാൻ ശബ്ദം കേട്ടു തുടങ്ങിയത്.


എന്റെ സന്തോഷം കണ്ടിട്ടാകും അടുത്തിരുന്ന മിഠായിച്ചേട്ടൻ പറഞ്ഞത്.

“ അതിനാ അവർ വിമാനം പുറപ്പെടുന്നതിനു മുൻപായി മിഠായി തന്നത്. വിമാനം വിടുന്നതിനു മുൻപു തന്നെ അത് കടിച്ചരച്ച്  അകത്താക്കിയല്ലെ....?”
ഞാൻ ശരിക്കും ഇളിഭ്യനായി എന്നു പറഞ്ഞാ‍ൽ മതിയല്ലൊ.
എന്റെ മുഖഭാവം കണ്ടിട്ടാകും മിഠായിച്ചേട്ടൻ കൂട്ടിച്ചേർത്തു.

“വിഷമിക്കണ്ട..ആദ്യമായിട്ട് വരുമ്പൊ അങ്ങനെയൊക്കെ പറ്റും...”
പിന്നെ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പൊ എയർ ഹോസ്റ്റസ് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു.


മിഠായിച്ചേട്ടൻ ചോദിച്ചു.
“കുടിക്കുമൊ...?’

‘ഇല്ല‘ ഞാൻ പറഞ്ഞു.
“ ബിയറായാലൊ...?” മിഠായിച്ചേട്ടൻ
“അയ്യൊ വേണ്ട...” എന്തൊ അപരാധം കേട്ടതു പോലെ എന്റെ മറപടി.
അതു കേട്ട് മിഠായിച്ചേട്ടനാണ് ഓർഡർ കൊടുത്തത്.

‘ബീയർ...’
എയർ ഹോസ്റ്റസ് ഈരണ്ട് ബീയർ വീതം ഞങ്ങൾക്ക് തന്നു.

ഞാൻ പറഞ്ഞു
“എനിക്കു വേണ്ട...ഞാൻ കുടിക്കില്ല...”

“താൻ കുടിക്കണ്ടടോ..ഞാൻ കുടിച്ചോളാം..തനിക്കെന്താ കുടിക്കാൻ വേണ്ടത്... വെള്ളം.., ജൂസ്...?”

“ജൂസ് മതി ..” ഞാൻ.
അങ്ങനെ എനിക്കു ജൂസ് വാങ്ങി തന്നു.
നാലു ബീയറും മൂപ്പിലാൻ തന്നെ അടിച്ചു...!


പിന്നെ എയർപ്പോർട്ടിനു പുറത്തിറങ്ങുന്നതു വരെയും മിഠായിച്ചേട്ടന്റെ സഹായം എനിക്കു കിട്ടിയിരുന്നു. എന്റെ പേരെഴുതിയ ഒരു ബോഡും പിടിച്ചു നിന്ന അറബിയുടെ അടുത്തേക്കു ചെന്നു. അറബി എന്റെ പേരു ചൊദിച്ചു. ഞാൻ ‘അതെ ‘ എന്നു പറഞ്ഞു. അതോടെ എന്റെ ചങ്കിടിപ്പ് കൂടി. ഇവൻ തന്നെയാണോ എന്റെ അറബി...?
എന്നെ കാത്ത് നിന്ന അറബിയോടൊപ്പം അദ്ദേഹത്തിന്റെ പിന്നാലെ ഞാനും നടന്നു. അവിടെ വിസിറ്റേഴ്സിന് ഇരിക്കാനുള്ള കസേരയിൽ പോയി അദ്ദേഹം ഇരുന്നു. എന്നോടും ഇരിക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ തൊട്ടടുത്ത കസേരയിൽ ഞാനും ഇരുന്നു. അദ്ദേഹം എന്റെ അർബാബായിരിക്കും...!
അർബാബ് എന്നൊക്കെ പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലുള്ള നല്ല പെരുമാറ്റം...!?


സാധാരണ അറബി വസ്ത്രം ആയിരുന്നില്ല അവൻ ധരിച്ചിരുന്നത്. എന്നെപ്പോലെ തന്നെ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. എന്റെ ഇരട്ടി പൊക്കവും. ഈജിപ്റ്റിൽ നിന്നും ഒരാൾ കൂടി വരാനുണ്ടെന്നു പറഞ്ഞാണ് അവിടെയെന്നെ ഇരുത്തിയത്. ഏതാണ്ട് അരമണിക്കൂറ് കഴിഞ്ഞു കാണും, അർബാബ് അവിടന്ന് എഴുന്നേറ്റുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കയ്യിൽ എനിക്കായി പെപ്സിയും ഒരു വെളുത്ത കടലാസ്സിന്റെ പൊതിയും എന്നെ ഏൽ‌പ്പിച്ചു.


ഞാൻ പൊതി അഴിച്ചു നോക്കിയപ്പോൾ വട്ടത്തിലുള്ള ബണ്ണ് ആണെന്നു തോന്നി. ഒരു ബണ്ണ് അടിയിലും ഒരു ബണ്ണ് മുകളിലും. ഇടക്ക് എന്തൊക്കെയൊ കാടും പടലും പിന്നെ തക്കാളി അരിഞ്ഞത്. കൂടാതെ കട്ടിയുള്ള എന്തൊ ഒന്ന്...!
ഇതെങ്ങനെ തിന്നുന്നതെന്നറിയാതെ ഞാൻ ചുറ്റുപാടും നോക്കി.


അപ്പോഴാണ് അർബാബ് തന്റെ കയ്യിലിരുന്ന സാധനം പൊതിഞ്ഞ കടലാസ്സിന്റെ ഒരു ഭാഗം മാറ്റിയിട്ട് അടി മുതൽ മുടി വരെ എത്തത്തക്ക വിധത്തിൽ വായ പൊളിച്ച് ഒറ്റക്കടി...!!
ആ കടിയിൽ മുകളിലത്തെ ബണ്ണൂ മുതൽ അടിയിലെ ബണ്ണു വരെ ഒരു ഭാഗം മുഴുവൻ അർബാബിന്റെ വായിൽ...!! അറിയാതെയാണെങ്കിലും “ഹൊ..” എന്നു പറഞ്ഞു പോയി ഞാൻ.


ഞാനും അതു പോലെ വായ പൊളിച്ചു നോക്കിയെങ്കിലും ആ സാധനത്തിന്റെ ഒരു മൂല മാത്രമെ എന്റെ വായിൽ കൊണ്ടുള്ളു. പിന്നെ വിചാരിച്ചു അർബാബ് തിന്നുന്നതു പോലെ തന്നെ വേണമെന്നില്ലല്ലൊ. ഞാൻ കുറേശെ കടിച്ചു തിന്നു. ഇടക്കു പെപ്സിയും കുടിച്ചു. പെപ്സിയും ഒരു ആദ്യാനുഭവമായിരുന്നു. അതങ്ങു ഇറങ്ങിപ്പോകുമ്പോൾ നാക്കിൻ തുമ്പു മുതൽ തൊണ്ട വരെ തണുപ്പു കൊണ്ട് എരിഞ്ഞു തീരുന്നതു പോലെ തോന്നി.


ഒരു മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ഈജിപ്റ്റ്കാരനും എത്തി. അർബാബ് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങൾ ഷേൿഹാന്റ് ചെയ്തു. പിന്നെ അർബാബിന്റെ വണ്ടിയിൽ പുറപ്പെട്ടു. കുറച്ചു സമയത്തിനകം ഒരു കടയുടെ മുൻപിൽ എത്തിച്ചേർന്നു. അർബാബ് താക്കോലെടുത്ത് ഷട്ടർ തുറന്നു. പിന്നെ ഗ്ലാസ് ഡോർ.


കടക്കകത്ത് സധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഷെൽഫ് കുറച്ച് ശരിയാക്കിയിരുന്നു. ബാക്കിയുള്ളത് ഒരു മൂലയിൽ അടുക്കി വച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എടുത്ത് ഷെൽഫ് ശരിയാക്കാൻ തുടങ്ങി. ഈജിപ്റ്റ്കാരനും ഞാനും കൂടിയാണ് ഫിറ്റ് ചെയ്തത്. അർബാബ് എല്ലാം അടുത്ത് നിന്ന് നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു.


ഇടക്ക് അർബാബ് പോയി ഞങ്ങൾക്ക് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു. ഓരൊ പാക്കറ്റ് വീതം കിട്ടി. കോഴിക്കാൽ അങ്ങനെ തന്നെ വറുത്തത് ഒരു നാലെണ്ണം, ഒരു കപ്പു നിറയെ ഒരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് വറുത്തത്. പിന്നെ ചുവപ്പും വെളുപ്പും നിറങ്ങളിൽ ക്രീമുകൾ കൂടാതെ രണ്ടു ‘കുപ്പൂസ്‘.


വല്ലപ്പോഴും വരുന്ന വിരുന്നുകാർക്കായി മാറ്റിവക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ വീട്ടിലെ കോഴികൾ. എന്നു പറഞ്ഞാൽ പൂവൻ കോഴികൾ. പിടക്കോഴികൾ അമ്മക്ക് മുട്ടക്കച്ചവടം നടത്താൻ മാത്രവും. അന്നും കറി വച്ചാൽ കോഴിയുടെ കാലുകൾ കണികാണാൻ പോലും കിട്ടുകയില്ല. അതെല്ലാം വിരുന്നുകാർക്കുള്ളത്. ഈ കോഴിക്കാലു കണ്ടപ്പൊ അതാണ് ഓർമ്മ വന്നത്. ഒരു കോഴിക്കാലും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാനാ ദിവാസ്വപ്നത്തിൽ മുഴുകിയത്.


മറ്റുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ ചിരപരിചിതരെപ്പോലെ കോഴിക്കാലിന്റെ എല്ല് ഊരിയെടുത്ത് കടലാസ് പാത്രത്തിൽ നിരത്തി വച്ചു തുടങ്ങി. അവർ തിന്നുന്നതു പോലെ ഞാനും കഴിച്ചു തുടങ്ങി. പക്ഷെ രണ്ടു കോഴിക്കാലിൽ കൂടുതൽ എനിക്കകത്താക്കാനായില്ല. അപ്പോഴേക്കും മടുത്തു തുടങ്ങി. ഞാൻ ബാക്കിയുള്ളത് ആ കവറിൽ തന്നെ മടക്കി പൊതിഞ്ഞു വച്ചു.


രാത്രി പത്തു മണി വരെ ഷെൽഫിന്റെ പണിയായിരുന്നു. അതു കഴിഞ്ഞ് കട പൂട്ടി എല്ലാവരും പുറപ്പെട്ടു. ഒരു വലിയ കടയിൽ കയറി ഓരൊ പ്ലെയ്റ്റ് പിസ്സയും പെപ്സിയും കഴിച്ചു. ഒരു പ്ലെയ്റ്റ് ചോറു കിട്ടിയിരുന്നെങ്കിലെന്ന് ഒരുപാട് ആശിച്ചു. പക്ഷെ അങ്ങനെ ഒരു സാധനം അവിടെങ്ങും ആരും കഴിക്കുന്നതായി കണ്ടില്ല. അതു കൊണ്ട് ചോദിക്കാനും ഒത്തില്ല. പിന്നെ ആ കടയിൽ എല്ലാവരും ഫിലിപ്പൈൻ‌കാരായിരുന്നു.

അതു കഴിഞ്ഞ് ഒരു ഫ്ലാറ്റിൽ വന്നു. അവിടെ ഫർണ്ണീച്ചർകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു കിടക്കകൾ മാത്രമെയുള്ളു. തലയിണകളും ഇല്ലായിരുന്നു. വന്ന വഴി ഒന്നു കക്കൂസിൽ പോയി. പിന്നെ കുളിച്ച് വസ്ത്രം മാറി ഞാനും അവരുടെ അടുത്ത് കിടക്കയിൽ കുത്തിയിരുന്നു. അർബാബ് എവിടേക്കൊ കുറെ നേരമായി ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അവർ കുളിക്കാനൊന്നും താല്പര്യം കാട്ടിയില്ല. വസ്ത്രം മാറുക മാത്രമെ ചെയ്തുള്ളു.


എനിക്കും ഫോൺ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഈ രാത്രിയിൽ അതിനു കഴിയില്ല. നാളെ നേരം വെളുത്തിട്ട് അർബാബിനോട് ചോദിക്കാം. അപ്പോഴാണ് നാട്ടിൽ സമയം എത്രയായെന്നറിയാനായി വാച്ചെടുത്ത് നോക്കിയത്. എന്റെ വാച്ചിന്റെ സമയം മാറ്റിയിരുന്നില്ല.

ദൈവമെ രാത്രി രണ്ടു മണി...!!!
അർബാബിന്റെ വാച്ചിൽ നോക്കി ഇവിടത്തെ സമയം 11.30 ആക്കി വച്ചിട്ട് കിടക്കയിൽ കിടന്നു.

തലയിണയില്ലാഞ്ഞിട്ട് കിടപ്പിനൊരു സുഖം തോന്നിയില്ല. കൊണ്ടു വന്ന എയർബാഗ് എടുത്ത് തോർത്ത് മുണ്ട് കൊണ്ട് പൊതിഞ്ഞ് തലയ്ക്കടിയിൽ വച്ച് കിടന്നു.
മനസ്സ് നാട്ടിലായിരുന്നു..
മോൻ എന്നെ കാണാതെ കരയുന്നുണ്ടാവുമൊ....?
അവന്റെ അമ്മ എന്നെക്കുറിച്ചുള്ള വിവരമറിയാതെ വിഷമിക്കുന്നുണ്ടാവുമൊ....?


കാലത്തെ എഴുന്നേറ്റ് പ്രാഥമിക പരിപാടികൾ കഴിഞ്ഞ് അറബി പത്രം വായിച്ചുകൊണ്ടിരുന്ന അർബാബിന്റെ അടുത്തു ചെന്ന് നാട്ടിലേക്ക് ഫോൺ ചെയ്തൊട്ടെയെന്ന് ചോദിച്ചു. വിളിച്ചോളാൻ അനുവാദവും തന്നു. വീട്ടിൽ അന്നു ഫോൺ എടുത്തിട്ടില്ലായിരുന്നു. അതു കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് എന്റെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിക്കാനും പത്തു മിനിട്ടു കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞിട്ട് ഫോൺ കട്ടാക്കി.


പിന്നെ കാത്തിരിപ്പായി. അർബാബ് ചോദിച്ചു
“ഇത്ര വേഗം കഴിഞ്ഞൊ..?”
ഞാൻ വിവരം പറഞ്ഞു. എന്റെ മുറി ഇംഗ്ലീഷ് കേട്ടിട്ടാവും അവന് ചിരിവന്നത്.  പിന്നെ അർബാബിന്റെ വിളിയായി. അർബാബ് ആരെയൊ വിളിച്ച് നിറുത്താതെ സംസാരിക്കുകയാണ്. അറബിയിലായതു കൊണ്ട് ഒരെത്തും പിടിയും കിട്ടിയില്ലെന്നു മാത്രമല്ല എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി.


ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞാണ് എനിക്ക് ഫോൺ കിട്ടിയത്. ഉടനെ വിളിച്ചു. ഭാര്യയായിരുന്നു വന്നിരുന്നത്.  ഇതുവരെ കുഴപ്പമൊന്നും ഇല്ലെന്നും നല്ല അർബാബാണെന്നും ഒരു കടയിലാണ് ജോലിയെന്നും മറ്റും പറഞ്ഞതിനോടൊപ്പം ശമ്പളം കിട്ടിയാൽ ഉടനെ അയക്കാമെന്നും അതു വരെ പിടിച്ചു നിൽക്കണമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചിട്ടാണ് ഫോൺ വച്ചത്.


അന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ കാർഗോയിൽ വന്നു കിടക്കുന്നത് എടുക്കുന്നതിനായി ഞങ്ങൾ നേരത്തെ വീട്ടിൽ നിന്നും പുറപ്പെട്ടു. അതിന്റെ പണിയെല്ലാം ഒരു ഏജന്റിനെ ഏൽ‌പ്പിച്ചിട്ട് കടയിൽ വന്ന് ബാക്കിയുള്ള പണിയെല്ലാം തീർത്തു. എല്ലാ ഷെൽഫും തുടച്ച് വൃത്തിയാക്കി. സാധനങ്ങൾ വരുന്നതും കാത്ത് ഞങ്ങൾ ഉച്ച ഭക്ഷണമെല്ലാം (കോഴിക്കാൽ)  കഴിഞ്ഞ് കടയിൽ തന്നെയിരുന്നു.


വൈകുന്നേരം സാധനങ്ങൾ വന്നത് അപ്പോൾ തന്നെ ഷെൽഫുകളിൽ നിരത്തി. നിരത്തിത്തുടങ്ങിയതും കസ്റ്റമർ ഓരോരുത്തർ വന്നു തുടങ്ങി.
ആദ്യമായിട്ട് ഒരു കസ്റ്റമർക്ക് ഒരു ക്രീം കൊടുത്ത് കാശു വാങ്ങിയത് അർബാബിന്റെ നിർദ്ദേശപ്രകാരം ഞാനായിരുന്നു...!
കടയുടെ ഉൽഘാടനത്തിനു വേണ്ട സാഹചര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും വേണമെന്നുള്ള താല്പര്യവും അർബാബിനുള്ളതായി തോന്നിയില്ല.


നാട്ടിലായിരുന്നെങ്കിൽ ഉത്ഘാടനത്തിനു സിനിമാതാരങ്ങൾ ഉൾപ്പടെ എന്തെന്തു ബഹളങ്ങൾ ഇപ്പോൾ അരങ്ങേറിയേനെ. രാത്രി പന്ത്രണ്ടു മണിയോടടുത്ത് കടപൂട്ടി ഭക്ഷണവും (പിസ്സ) കഴിഞ്ഞിട്ടാണ് മുറിയിൽ എത്തിയത്.


അന്നെനിക്ക് 20 ദിനാർ അർബാബ് അഡ്വാൻസ് തന്നു...
പിന്നെ ബഹ്‌റീന്റെ ഏറ്റവും വില കൂടിയ നോട്ടാണിതെന്നും ഇതിനു താഴെ പത്തിന്റെയും അഞ്ചിന്റെയും ഒരു ദിനാറിന്റെയും കൂടാതെ അര ദിനാറിന്റെയും നോട്ടുകളാണുള്ളതെന്നും അർബാബ് പഠിപ്പിച്ചു തന്നു. എല്ലാ നോട്ടുകളും ഓരോന്നായി കാണിച്ചു തന്നു. ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഇതിനു നാട്ടിൽ എന്തു വില കിട്ടുമെന്നു അറിയില്ലായിരുന്നു. ചില്ലറ കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും ഓർമ്മിപ്പിക്കാൻ അർബാബ് മറന്നില്ല.


പിറ്റെ ദിവസം ബാക്കിയുള്ള ഷെൽഫിൽ കൂടി സാധനങ്ങൾ നിറച്ചു. കാർട്ടണുകളിൽ പൊട്ടിക്കാത്തത് മുഴുവൻ കടയുടെ മുകളിലെ മുറിയിൽ കൊണ്ടു പോയി വച്ചു.


ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി...
ഒരാഴ്ച കഴിഞ്ഞതും അർബാബ് പെട്ടിയും മറ്റുമെടുത്ത് പോകാൻ തെയ്യാറായി...
അപ്പൊഴാണ് അദ്ദേഹത്തിന് ഇവിടെയല്ല ജോലിയെന്നും ഇതിന്റെ ഹെഡ്ഡാഫീസുള്ള ദുബായിലാണെന്നും മനസ്സിലായത്. ഇത് അവരുടെ ഒരു ബ്രാഞ്ച് ആയാണ് തുറന്നത്. കാര്യങ്ങളേല്ലാം ഈജിപ്ത്കാരനെ പറഞ്ഞേൽ‌പ്പിച്ചു.


അർബാബിനെ എയർപ്പോട്ടിൽ കൊണ്ടു ചെന്നാക്കാൻ ഞങ്ങളും പോയിരുന്നു. അദ്ദേഹം അകത്തു കടന്നു നടന്നു പോകുന്നത് കുറച്ചു വേദനയോടെയെ എനിക്കു നോക്കി നിൽക്കാനായുള്ളു. ഞാൻ വന്ന ദിവസം മുതൽ ഒരു അർബാബും തൊഴിലാളിയും എന്നതിലുപരി ഒരു നല്ല സഹപ്രവർത്തകൻ എന്ന സ്ഥാനമാണദ്ദേഹം എനിക്കു തന്നിരുന്നത്.


ഞങ്ങൾ മുറിയിൽ ഒരുമിച്ച് താമസിക്കുമ്പോഴും ഒരു ഗ്ലാസ് ചായ തിളപ്പിച്ചു കൊണ്ടു വരാൻ പോലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പകരം ചായ കുടിക്കണമെന്നു തോന്നുമ്പോൾ അദ്ദേഹം തന്നെ എല്ലാവർക്കും വേണ്ടി ചായ ഉണ്ടാക്കിക്കൊണ്ടുവരികയാണ് ചെയ്തിരുന്നത്. ആ മനുഷ്യനാണ് ഞങ്ങളോട് യാത്ര പറഞ്ഞു പോയത്.


ഇതെല്ലാം മനസ്സിൽ താലോലിച്ച് എയർപ്പോട്ടിനു പുറത്തേക്കു നടക്കുമ്പോൾ എന്റെ കണ്ണകൾ നിറഞ്ഞിരുന്നു....

പക്ഷെ , വരണ്ടുണങ്ങിയ മരുഭൂമിയിൽ പെയ്ത പുതുമഴയുടെ കുളിർമ്മ മാത്രമായിരുന്നു കഴിഞ്ഞ ഒരാഴ്ച ഞാൻ അനുഭവിച്ചതെന്ന് അപ്പോഴെനിക്കു മനസ്സിലായതേയില്ല.....!!!??.

വരാനിരിക്കുന്ന നാളുകൾ, ‘വിധി ’ എനിക്കായി കാത്തു വച്ചിരുന്നത് മറ്റൊന്നായിരുന്നു......!!?

അത് അടുത്ത പോസ്റ്റിൽ.........

31 comments:

... said...

ആദ്യത്തെ കമന്റ്‌ എന്റെ വക
നല്ല വിവരണം
ഇത് വരെ വിമാന യാത്ര ചെയ്യാത്ത എനിക്ക് അതും ഒരു പുതുമയായി കേട്ടോ
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

ശ്രീ said...

ഹൃദ്യമായ വിവരണം, മാഷേ.

പറഞ്ഞു കേട്ട കഥകളുടെ സത്യസന്ധമായ അവിഷ്കാരം... തുടരട്ടെ

കാസിം തങ്ങള്‍ said...

പ്രവാസിയായി കാലുകുത്തിയതിന്റെ ആദ്യാനുഭവങ്ങളുടെ വിവരണങ്ങള്‍ ഉഷാറാകുന്നുണ്ട്.

വരവൂരാൻ said...

എഴുത്ത്‌ ഗംഭിരം എന്നു പറയാത്തെ പോവാൻ ആവുന്നില്ലാ...ആശംസകൾ തുടരുക

Typist | എഴുത്തുകാരി said...

വളരെ നന്നായിട്ടുണ്ട്. ഇനിയത്തെ അനുഭവങ്ങള്‍ക്കായി കാത്തിരി‍ക്കുന്നു.

siva // ശിവ said...

ഈ വിവരണങ്ങള്‍ തുടര്‍ന്നും എഴുതണം....വായിക്കാന്‍ ആഗ്രഹമുണ്ട്....

ശാന്ത കാവുമ്പായി said...

ഒന്നു പരിചയപ്പെടാൻ കയറിയതാണ്‌.പക്ഷേ, സ്വപ്നഭൂമിയിലെത്തിയതുപോലെ തോന്നി.

ബിന്ദു കെ പി said...

നന്നായി. തുടർന്നും എഴുതൂ...ഗൾഫിൽ അനുഭവങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടാവില്ലല്ലോ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സ്വപ്നഭൂമിയിലേക്കുള്ള യാത്രയുടേയും, അവിടെ എത്തിയതിനു ശേഷവുമുള്ള അനുഭവങ്ങളുടേയും വിവരണം കൊള്ളാം.വളച്ചു കെട്ടലുകളില്ലാതെ നേരെ ചൊവ്വെയുള്ള ആഖ്യാന രീതി നന്നായിരിക്കുന്നു. ഇതിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ ബാക്കി ഭാഗങ്ങള്‍ വരട്ടെ.

ചാണക്യന്‍ said...

ആദ്യ വിമാനയാത്രയും അതിനെ തുടര്‍ന്നുള്ള അനുഭവങ്ങളും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...

സുഗമമായ എഴുത്ത്...അഭിനന്ദനങ്ങള്‍....

അടുത്ത പോസ്റ്റ് പോരട്ടെ....

മാഹിഷ്മതി said...

നിഷ്കളങ്കമായ അവതരണം

വീകെ said...

ഉണ്ണി,
പാതിരാ വരെ കുത്തിയിരുന്ന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ട്, വിശന്നു പൊരിയുന്ന വയറിനെ ശാന്തനാക്കി തിരിച്ചു വന്ന് എഴുതിയത് എങ്ങനെയുണ്ടെന്നറിയാൻ ബ്ലൊഗ് തുറന്നു നോക്കിയപ്പോഴാണ് ബ്ലോഗിനേക്കാൾ മുൻപു ‘ഉണ്ണി’യുടെ കമന്റ് വായിച്ചത്.


നന്ദി സുഹൃത്തെ നന്ദി..
-----------------------------------
ശ്രീ,
വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.
-----------------------------------
കാസിം തങ്ങൾ,
വന്ന് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി.
-----------------------------------
വരവൂരാൻ,
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
-----------------------------------
എഴുത്തുകാരിച്ചേച്ചി,
വളരെ നന്ദി.
-----------------------------------
ശിവ,
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
-----------------------------------
ശാന്ത കാവുമ്പായി,
വന്നതിന് ഒരുപാടു നന്ദീണ്ട് ശാന്തേടത്തി.
-----------------------------------
ബിന്ദു.കെ.പി.
ബിന്ദുച്ചേച്ചി വന്നതിനു വളരെ നന്ദി.
-----------------------------------
മോഹൻ പുത്തൻ‌ചിറ,
മോഹനേട്ടാ അഭിപ്രായത്തിനു വളരെ നന്ദി.
-----------------------------------
ചാ‍ണക്യൻ,
വന്നതിനും അഭിപ്രായത്തിനും നന്ദി.
-----------------------------------
മാഹിഷ്മതി,
അഭിപ്രായത്തിന് നന്ദി.
-----------------------------------

Devarenjini... said...

hridhaya sparshiyaaya vivaranam...nannaayiriykkunnu....:)

mini//മിനി said...

എന്താണെന്നറിയാന്‍ ഒന്ന് കയറി നോക്കിയതാ, വളരെ നന്നായിരിക്കുന്നു.

ബീരാന്‍ കുട്ടി said...

പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍നിന്ന്, കഴ്‌പ്പും മധുരവും നുണഞ്ഞിറങ്ങിയവന്റെ നേരനുഭവങ്ങള്‍.

തുടരുക.

Shinoj said...

വളരെ നന്നായിരിക്കുന്നു വിവരണം.. തുടര്‍ന്നും എഴുതുക...

വയനാടന്‍ said...

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

കാലചക്രം said...

പച്ചയായ എഴുത്ത്‌ എപ്പോഴും
ഹൃദയത്തെ തൊട്ടുണര്‍ത്തും...
ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു..
എഴുത്തിനും ജീവിതത്തിനും
ഭാവുകങ്ങള്‍ നേരുന്നു..

... said...

സ്വാഗതം സുഹൃത്തേ...
ബാക്കി കണ്ടില്ലല്ലോ...

സബിതാബാല said...

ഇതിലേതെങ്കിലുമൊക്കെ അനുഭവം എല്ലാ പ്രവാസികള്‍ക്കും ഉണ്ടായിട്ടുണ്ടാവും.തീര്‍ച്ച....

khader patteppadam said...

നേരിണ്റ്റെ എഴുത്ത്‌. നല്ല ചൂടുണ്ട്‌. അടുത്തത്‌ വൈകില്ലല്ലൊ.

raadha said...

വിവരണം അസ്സലായി...ആശംസകള്‍

വീകെ said...

devaranjini,
വന്നതിലും അഭിപ്രായത്തിനും നന്ദി.
===================================
mini//മിനി,
കയറിയതിനും അഭിപ്രായത്തിനും നന്ദി.
===================================
ബീരാൻ‌കുട്ടി,
വന്നതിന് വളരെ സന്തോഷം.
===================================
Crazy Mind | എന്റെ ലോകം,
വളരെ നന്ദി.
===================================
വയനാടൻ,
വളരെ നന്ദിയുണ്ട്.
===================================
കാലചക്രം,
വളരെ സന്തോഷം.
===================================
ഉണ്ണി,
ഉടനെ വരും.
വീണ്ടും വന്നതിനു വളരെ സന്തോഷം.
===================================
സബിതാബാല,
പ്രവാസം എന്നാൽ ‘അനുഭവങ്ങളുടെ തീച്ചൂള‘ യെന്നാണ്.ഇവിടെയെന്നല്ല എവിടെയും.എന്നാലെ പിടിച്ചു നിൽക്കാൻ പറ്റു.
വന്നതിനു നന്ദി.
===================================
khader patteppadam,
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
===================================
raadha,
വന്നതിന് വളരെ നന്ദി.
===================================

അരുണ്‍ കരിമുട്ടം said...

നന്നായിട്ടുണ്ട്
മിഠായി തന്നിട്ട് പകരം ബിയര്‍ അടിച്ച ആ ചേട്ടനെ അങ്ങ് ബോധിച്ചു:)

Anil cheleri kumaran said...

മനോഹരം.

ഭായി said...

ഇപ്പോഴാണു കാണുന്നത് നന്നായിട്ടുണ്ട് കേട്ടോ‍..
അഭിനന്ദനങള്‍..

വിജയലക്ഷ്മി said...

swappuna boomiyilethhippadunna ഒരു പ്രവാസിയുടെ അവസ്ഥയാണിത് മോനെ ...last post vaayichappol vallaathha vishamam thonni..angineyaanu thutakkathhilethhiyathu..ബാക്കി മൂന്നുഭാഗവും അടുത്തുതന്നെ വായിക്കുന്നുണ്ട് .

CKLatheef said...

നന്നായിരിക്കുന്നു. ഒരിക്കല്‍ കൂടി എന്റെ മനസ്സ് ദുബായിലേക്കൊരു യാത്രനടത്തി. താങ്കളുടെ അര്‍ബാബിന്റെ സ്ഥാനത്ത് ഈജിപ്തുകാരനായ സ്‌നേഹനിധിയായ എന്റെ മാനേജര്‍ എന്ന വ്യത്യാസം മാത്രം.

Pradeep Kumar said...

ഇതൊരു ചാക്രികഭ്രമണമാണ് - വിധി കരുതിവെച്ചത് എന്താണെന്നു തിരിച്ചറിയാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന പാവം മനുഷ്യർ.....

Geetha said...

എത്ര വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ... ല്ലേ... ഇതൊക്കെ... അശോക് ഭായിയുടെ ബ്ലോഗ് ഇടക്കൊക്കെ വന്നുപോയിട്ടുണ്ട്.. അനുഭവങ്ങൾ സത്യസന്ധമായി എഴുതിയുള്ള ഈ പോസ്റ്റുകൾ വളരെ ആകാംക്ഷയോടെയേ വായനക്കാർ വായിച്ചുപോവു... ആശംസകൾ.

വീകെ said...

വളരെ നന്ദി ഗീതേച്ചി...