Monday 15 March 2010

സ്വപ്നഭുമിയിലേക്ക്.... ( 16 )


തുടരുന്നു...
(16 )

സായിപ്പും മദാമ്മയും...



പിന്നീട് ഞാനും ബോസും മാത്രമായി കടയിൽ..
ഒരു ദിവസം രാത്രിയിൽ ഞങ്ങൾ കട പൂട്ടാനുള്ള തെയ്യാറെടുപ്പിലായിരുന്നു..
അന്നേരമാണ് ആ പുതിയ മദാമ്മയുടെ വരവ്. തോളു വരെ മുടി വെട്ടി നിറുത്തി, അറ്റം നല്ല സ്റ്റൈലായിട്ട് പുറത്തേക്ക് ചുരുട്ടിയിട്ടിരിക്കുന്നു. ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകൾ. ആഭരണങ്ങൾ ഒന്നും തന്നെയില്ല. നിറം ഇരു നിറമാണെങ്കിലും മുഖം മേക്കപ്പിട്ട് വെളുപ്പിച്ചിട്ടുണ്ട്. കൈത്തണ്ട വെളുപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇരു നിറത്തിൽ തന്നെ.

മദാമ്മമാർ പൊതുവെ നല്ല കളർ ഉള്ളവരാണ്. പക്ഷെ, ഈ മദാമ്മയെന്താണാവൊ ഈ കളറിൽ എന്നു ചിന്തിക്കുകയായിരുന്നു ഞാൻ.... അടുത്തേക്ക് ചെന്ന് ‘സഹായിക്കണൊ മാഡം..?’ എന്നു ചോദിച്ചു. മദാമ്മ എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവരുടെ ഭാവം കണ്ടപ്പൊൾ , എന്നെ അത്രക്കു പിടിച്ചില്ലാന്നു തോന്നി. എന്നാൽ പിന്നെ മദാമ്മയുടെ പിറകെ നടക്കേണ്ട
കാര്യമില്ലല്ലൊ.

ഞങ്ങളുടെ കടയിൽ വരുന്നവരോട്, ഓരോ സാധനങ്ങളും അതിന്റെ ഉപയോഗം,എങ്ങിനെ ഉപയോഗിക്കണം, അതിന്റെ വില, ഒന്നിൽ കൂടുതൽ എടുത്താലുള്ള ഗുണം, ഇത്യാതി കാര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊടുക്കുക ഞങ്ങളുടെ ഒരു സ്വഭാവമാണ്. അതു കൊണ്ടാണ് ഞാൻ അടുത്തേക്ക് ചെന്നത്.

മദാമ്മ എന്നോട് ഒരു താല്പര്യമില്ലായ്മ കാണിച്ചതു കൊണ്ട്, തിരിച്ചു വന്ന് കസേരയിൽ ഇരുന്നു. മദാമ്മ ഷെൽഫുകൾ മുഴുവൻ പരതി നടക്കുന്നുണ്ട്. എന്താണെന്നു പറഞ്ഞിരുന്നെങ്കിൽ ഞാനത് പെട്ടെന്നു എടുത്തു കൊടുത്തേനെ. അവർ പോയിട്ടു വേണം ഞങ്ങൾക്കു കട പൂട്ടി വീട്ടിൽ പോകാ‍ൻ. അതിനിടക്ക്
കണക്കു നോക്കിയിരുന്ന ബോസ് പണമെല്ലാം എണ്ണിയെടുത്ത് മുകളിലെ ഓഫീസ് മുറിയിലേക്ക് പോയി.

മദാമ്മ കടയിൽ കയറിയിട്ടു കാണാത്തതു കൊണ്ടാകും പിന്നാലെ സായിപ്പും കയറി വന്നു. മൂപ്പിലാനും മദാമ്മയെപ്പോലെ തന്നെ ആറടിയോളം പൊക്കമുണ്ട്. മൂപ്പിലാൻ വന്ന പടി രണ്ടു വശത്തുമുള്ള ഷെൽഫിൽ കൈ നീട്ടിപ്പിടിച്ച് ഒറ്റ നിൽ‌പ്പ്....!

സായിപ്പിന്റെ നിൽ‌പ്പത്ര പന്തിയല്ല....!! കൈ വിട്ടാൽ താഴെ വീഴുമെന്നുറപ്പ്. സായിപ്പ് സ്റ്റെഡി ആയി നിൽക്കാൻ കുറച്ചു പണിപ്പെടുന്നുണ്ട്. കുടിച്ച് നല്ല ലെവലിലാണ്....!!!

മദാമ്മ മൂന്നാലു സാധനങ്ങൾ എടുത്ത് മേശപ്പുറത്തു കൊണ്ടു വച്ചു. ഞാൻ അതിന്റെ വില കാൽക്കുലേറ്ററിൽ കൂട്ടി പതിനഞ്ചു ശതമാനം ഡിസ്കൌണ്ടും കുറച്ച് ബാക്കി തുക പറഞ്ഞു.
മദാമ്മക്ക് അതു പോര.

സാധാരണ മദാമ്മമാര് ഇങ്ങനെ തർക്കിക്കാനൊന്നും നിൽക്കാറില്ല. അതുകാരണം പരമാവധി
കുറച്ചുള്ള വില ആദ്യമേ തന്നെ പറയും. മദാമ്മയുടെ ഇം‌ഗ്ലീഷിന് വല്ലാത്തൊരു വഴു വഴുപ്പ്...!
തൊട്ടടുത്തു വന്നപ്പോഴാണ് സായിപ്പിന്റെ കൂടെ ഒരു കമ്പനിക്ക് മദാമ്മയും ഒന്നു വീശിയിട്ടാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായത്..!

സായിപ്പ് അവിടെ നിന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മദാമ്മ മൂന്നു ദിനാർ കുറച്ചു തന്നിട്ട് , വാങ്ങിയ
സാധനങ്ങൾ ഇട്ടു വച്ചിരുന്ന പ്ലാസ്റ്റിക് ബാഗ് എടുക്കാൻ തുനിഞ്ഞപ്പോൾ ഞാനത് തടഞ്ഞു.
‘ ബാക്കി കൂടി തന്നിട്ട് എടുത്താൽ മതി‘യെന്നു പറഞ്ഞ് ഞാൻ ബാഗിൽ പിടിയിട്ടു. മദാമ്മ ബലമായി ബാഗിൽ പിടിച്ച് വലിച്ചു. ഞാനും വിട്ടു കൊടുത്തില്ല. മദാമ്മ കൊഴ കൊഴാന്നു എന്തൊക്കെയൊ ഇംഗ്ലീഷിൽ പുലമ്പുന്നുണ്ട്.

സംഗതി ഗൌരവത്തിലേക്കാണു നീങ്ങുന്നതെന്നു തോന്നിയപ്പോൾ ഞാൻ ഉറക്കെ ബോസ്സിനെ വിളിച്ചു. അപ്പോഴേക്കും ഈ പിടി വലി കണ്ട് സായിപ്പ് നീ എന്റെ ഭാര്യയെ കേറി പിടിച്ചോടാന്നു പറഞ്ഞു മുന്നോട്ട് വന്നു....!

ഞാനും അന്തം വിട്ടു....!!
സായിപ്പിന്റെ പറച്ചിൽ കേട്ടപ്പോൾ എന്റെ പിടി അയഞ്ഞു.
' ഹേയ് എന്നെക്കേറി പിടിച്ചൊന്നൂല്ല’ എന്ന് മദാമ്മ പറഞ്ഞെങ്കിലും സായിപ്പ് സമ്മതിച്ചില്ല....!!
ഈ ഒച്ചയും ബഹളവും കേട്ട് ബോസ്സ് അവിടന്നു ഓടി വന്നു. ഞാൻ കാര്യം പറഞ്ഞു.

സായിപ്പിനതായിരുന്നില്ല വിഷയം. ഭാര്യയെ കേറി പിടിച്ചതിനു സമാധാനം പറയണം. തന്നെ പിടിച്ചില്ലാന്നു സ്വന്തം ഭാര്യ പറഞ്ഞാലും സായിപ്പ് സമ്മതിക്കൂല്ല.

ബാഗ് വാങ്ങി ബോസ് മാറ്റിവച്ചു.
" ബ്ലഡി ഇൻഡ്യൻ എന്റെ ഭാര്യയെ കേറി പിടിച്ചു. അവനെ പുറത്താക്കണം. " സായിപ്പ് ഒച്ച വച്ചു.
പിന്നെ എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു.
നാളെ നേരം വെളുക്കുമ്പൊ നിന്നെ ഞാൻ ബോംബെയിൽ എത്തിച്ചിരിക്കും...” അവന്റെ കൊഴഞ്ഞ ഇംഗ്ലീഷ് ഒന്നും പിടികിട്ടിയില്ലെങ്കിലും, ‘ബോംബെ‘ എന്നൊക്കെ പറഞ്ഞത് മനസ്സിലായി..
ബോസ്സിന്റെ ഒച്ചയും പൊങ്ങിത്തുടങ്ങി.

സായിപ്പ് ബോസ്സിനോടയി പറഞ്ഞു.
ഞാനാരാണെന്നു നിനക്കറിയില്ല....! ഇവനെ ഇപ്പൊത്തന്നെ കടയിൽ നിന്നും പുറത്താക്കണം..!!”

സംഗതി തീരട്ടേന്നു വച്ച് എന്നോട് കുറച്ചുനേരം പുറത്തു നിൽക്കാൻ പറഞ്ഞു. എന്തു വന്നാലും ബാക്കിയുള്ളവന്റെ നെഞ്ചത്തേക്കാണല്ലൊ എല്ലാവർക്കും കുതിര കേറാനുള്ളു. ഞാൻ മനമില്ലാ മനസ്സോടെ പുറകിലത്തെ വാതിൽ തുറന്നതും സായിപ്പ് കൊഴഞ്ഞ മറ്റിംഗ്ലീഷിൽ വീണ്ടും വിളിച്ചു പറഞ്ഞു.
നിന്നെ ഞാൻ നാളെ ബോംബെയിൽ എത്തിച്ചിരിക്കും.. നീ നോക്കിക്കൊ...”

എനിക്കും ദ്വേഷ്യം വന്നു. ഞാനും പറഞ്ഞു.
പോടാ..! ബഹറീൻ മുഴുവൻ നിന്റെ തന്തേടെ വകയല്ലെ...!! എന്നെ കേറ്റി വിടാൻ..!!
പോടാ കള്ള സായിപ്പെ...!!”
പക്ഷെ, ഞാൻ പറഞ്ഞത് പച്ചമലയാളത്തിലായിരുന്നൂന്നു മാത്രം....!

ഞാൻ എന്തൊ ചീത്തയാണ് പറഞ്ഞതെന്നു സായിപ്പിനു മനസ്സിലായി. അവൻ എന്നെ തല്ലാനായി
അലമാരയിലെ പിടി വിട്ടതും ‘ദേ.. കിടക്കുന്നു താഴേക്ക്..!!’
നിലത്ത് വീഴുന്നതിനു മുൻപെ തന്നെ മദാമ്മ താങ്ങി.
അതോടൊപ്പം ഷെൽഫിലിരുന്ന പല സാധനങ്ങളും താഴേക്കു പതിച്ചു. പിന്നെ അവൻ ഷെൽഫിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഷെൽഫ് കുലുങ്ങി ബാക്കിയുള്ളതും കൂടി താഴെ വീണു.

ഇതു കണ്ട ബോസ്സിനു ദ്വേഷ്യം വന്നു. അദ്ദേഹം പറഞ്ഞു.
നിങ്ങൾ മര്യാദക്കു പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും..!!”
പറയുക മാത്രമല്ല, റസീവർ കയ്യിലെടുത്ത് ഡയൽ ചെയ്യാൻ തുടങ്ങി.

അതു കണ്ട് മദാമ്മ സായിപ്പിനെ അവിടെ ഇട്ട് ഓടി വന്ന് ബോസ്സിന്റെ കയ്യിൽ കയറിപ്പിടിച്ചു.
ചതിക്കല്ലെ സാറെ.. അതിയാൻ കുടിച്ചിരിക്കാ.... പോലീസ്സു വന്നാൽ അതിയാനെ പൊക്കും. പിന്നെ ഫൈൻ മാത്രമല്ല, കേറ്റിയും വിടും.. ഇതു പോലെ രണ്ടു കേസ്സു കഴിഞ്ഞിരിക്കാ... ഇനി ഫൈൻ ഉണ്ടാവില്ലാന്നാ പറഞ്ഞിരിക്കുന്നെ...”
പറയുക മാത്രമല്ല, മദാമ്മ കരയാനും തുടങ്ങി.

പക്ഷെ, ബോസ്സിനൊന്നും മനസ്സിലായില്ല. അവൻ അന്തം വിട്ട് എന്നെ നോക്കി....!!
ഞാനും അതു കേട്ട് കുന്തം വിഴുങ്ങിയ പോലെ കണ്ണും തള്ളി നിൽപ്പാണ്....!!
പെട്ടെന്ന് ബോസ്സിനെ വിട്ട് ഓടി വന്ന മദാമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു പറയാൻ തുടങ്ങി.
എടാ പൊന്നു മോനെ , നിന്റെ മൊതലാളിയോട് പറയടാ.. പോലീസ്സിനു ഫോൺ ചെയ്യല്ലേന്നു... നീ ഒരു തെറ്റും ചെയ്തിട്ടില്ല.”

ഞാൻ അവരെ ഒന്നു തൊടുക പോലും ചെയ്യാത്ത കാര്യത്തിനാണ് ഈ കുഴപ്പമത്രയും ഉണ്ടാക്കിയത്. അതിനിടക്ക് ഇവരെന്നെ കെട്ടിപ്പിടിച്ചിരിക്കുന്നത് സായിപ്പ് കണ്ടാലുള്ള കഥ പറയണൊ...!!?

ഞാൻ അമ്പരപ്പിൽ നിന്നും പെട്ടെന്നുണർന്ന് അവരെ തള്ളി മാറ്റി. സായിപ്പ് വീണിടത്തു നിന്നും എഴുന്നേൽക്കാ‍ൻ തുടങ്ങുന്നതേയുള്ളു. ബോസ് എന്റെ മുഖത്തു നോക്കി ചോദിച്ചു
ഇവര് നിന്റെ ആൾക്കാരാ...?”
ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു വിയർത്തു...!!
ഇവരെന്റെ ആൾക്കാരാണെന്നു പറയാൻ തന്നെ ലജ്ജ തോന്നി...!
ഇത്രയും നാണം കെട്ട രീതിയിൽ പെരുമാറിയ ഇവരെന്റെ നാട്ടുകാരാണെന്നെങ്ങനെ പറയും..., എങ്ങനെ പറയാതിരിക്കും...?

പറഞ്ഞില്ലെങ്കിൽ ബോസ് പോലീസിനെ വിളിക്കും. ഏതായാലും അതു വേണ്ടന്നു കരുതി ഞാൻ തല കുലുക്കി....!

എന്താണു സംഭവിച്ചതെന്നു വച്ചാൽ,

പോലീസിനു ഫോൺ ചെയ്യാനായി ബോസ് റസീവറെടുക്കുന്നതു കണ്ടതോടെ മദാമ്മക്ക് പെട്ടെന്ന് അപകടം മണത്തു....! പിന്നെ ഓടി വന്ന് ബോസിന്റെ കയ്യിൽ കയറിപ്പിടിച്ച് പറഞ്ഞതൊന്നും അതു വരെ പറഞ്ഞ വഴു വഴുപ്പൻ ഇംഗ്ലീഷായിരുന്നില്ല.
വന്നതു മുഴുവൻ തന്റെ മാതൃഭാഷ... !!
പച്ചമലയാളം...!!!
ഒരത്യാപത്ത് വരുമ്പോൾ ഇംഗ്ലീഷു കൊണ്ട് കാര്യമില്ലാന്ന് മദാമ്മക്ക് തോന്നിക്കാണൂം...!!
ഇംഗ്ലീഷ് ഒരു നിമിഷം മദാമ്മ മറന്നു പോയി....!!
ആ പച്ചമലയാളം ആണ് അപ്പോഴത്തെ വെപ്രാളത്തിനിടക്ക് എന്റെ ബോസ്സിന്റടുത്ത് വച്ചു കാച്ചിയതും ബോസ്സ് അന്തം വിട്ടതും......!!
ഇതൊന്നുമറിയാതെ സായിപ്പ് എഴുന്നേറ്റ് എന്റടുത്ത് വീണ്ടും ചൂടായി.

ബോസ് മദാമ്മയോട് സ്വൽ‌പ്പം ചൂടായിട്ട് തന്നെ പറഞ്ഞു.
ഇയാളെയും കൊണ്ട് നിങ്ങൾ പോയില്ലെങ്കിൽ... ” അത്രയുമേ പറഞ്ഞുള്ളു.
അപ്പോഴേക്കും കള്ളമദാമ്മ, കള്ളസായിപ്പിനെ താങ്ങി പിടിച്ചു വലിച്ചു കൊണ്ട് പുറത്തിറങ്ങിയെങ്കിലും വാതിലിൽ നിന്നും സായിപ്പ് പിടി വിട്ടില്ല..
അതും പിടിച്ചു കൊണ്ട് കള്ള സായിപ്പ് എന്നെ വെല്ലു വിളിക്കാണ്. സായിപ്പും പിന്നെ ഇംഗ്ലിഷ് മറന്നു പോയി....!!
നീ എണ്ണിക്കോടാ... ഞാനാരാണെന്ന് നിന്നെ കാണിച്ചു തരാമെടാ...!! നീ എന്റെ അഛനു കേറി വിളിച്ചോടാ റാസ്ക്കൽ.... നീ നോക്കിക്കൊ... നാളെ നേരം വെളുക്കുമ്പൊ നിന്നെ ഞാൻ
ബോംബെയിലെത്തിച്ചിരിക്കും....!!”

ഒരു ‘മലയാളി’ ആയ അവന്റെ പറച്ചിലു കേട്ടപ്പൊൾ വന്ന ദ്വേഷ്യത്തിന് ഞാൻ ഓടി വാതിൽക്കൽ ചെന്നു. മദാമ്മ അവന്റെ മറ്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് പുറത്തിറങ്ങി നിൽ‌പ്പുണ്ട്. അടുത്തുള്ള കടക്കാരും, വഴിയാത്രക്കാരും ഈ പൂരം കാണാനായി കൂടിയിട്ടുണ്ട്.

വാതിലിൽ നിന്നും പിടിവിട്ടിട്ടു വേണം അയാളേയും കൊണ്ടു പോകാൻ..
കള്ള മദാമ്മ എന്നോട് കെഞ്ചി.
എടാ മോനെ അതിയാന്റെ കയ്യൊന്നു വിടീച്ചു തന്നെ...”
ഞാ‍ൻ അവന്റെ കയ്യ് വിടീക്കാൻ പരമാവധി നോക്കി. അവൻ ബലമായിട്ടു തന്നെ പിടിച്ചിരിക്കാണ്. എത്ര ശ്രമിച്ചിട്ടും എനിക്കതിനു കഴിഞ്ഞില്ല. അപ്പോൾ തോന്നി അവന്റെ കൈക്കിട്ട് കരാട്ടെ മോഡലിൽ ഒരു വെട്ടു കൊടുക്കാമെന്ന്.

അതിനായി ഞാൻ കുറച്ചു പുറകോട്ടു മാറി കൈ നിവർത്തി വലതു കൈപ്പത്തി കൊണ്ട് ശക്തിയിൽ ഒരൊറ്റ വെട്ടു വെട്ടി....!!
അവന്റെ കയ്യും വാതിലിന്റെ മൂലയും ഒരുമിച്ച് വരുന്നിടത്തായിരുന്നു വെട്ട്...!
പക്ഷെ, അവനത് ഏറ്റില്ലെന്നു മാത്രമല്ല കൂടുതൽ കോപാകുലനായി.
എടാ.. നീയെന്നെ തല്ലിയോടാ റാസ്ക്ക...”എന്നു പറഞ്ഞായിരുന്നു പിന്നത്തെ ചീത്ത.
പിന്നെ കാലു പൊക്കി എന്നെ അടിക്കാനായി നോക്കി. പക്ഷെ, കള്ളമദാമ്മ കയ്യിൽ നിന്നും പിടി വിടാത്തതു കൊണ്ട് എന്റെ അടുത്ത് അവന്റെ കാലെത്തിയില്ല.

എന്നാ പിന്നെ നേരേ ചൊവ്വെ ഒരെണ്ണം കൊടുത്തു കളയാമെന്നു ഞാനും കരുതി.
കരാട്ടെ മോഡലിൽ തന്നെ ആയിക്കോട്ടെ....
വലതു കൈപ്പത്തി ഇടതു കയ്യുടെ ഉള്ളം കയ്യിലിട്ട്, കത്തി മൂർച്ച കൂട്ടുന്നതു പോലെ മൂർച്ച കൂട്ടി ചൂടാക്കി. അവന്റെ പിടുത്തം കാരണം ഗ്ലാസ്സ് ഫ്രെയിം കിടന്നുലയാൻ തുടങ്ങി. ഈ വലിയ ഗ്ലാസ്സ് ഉടഞ്ഞു വീഴുമെന്നു ഞാൻ ഭയന്നു.

അതിനു മുൻപു തന്നെ ശക്തിയിൽ ശ്വാസം അകത്തേക്കിടത്ത്,
രണ്ടടി പുറകോട്ടു മാറി വലതു കൈ നിവർത്തി അതി ശക്തിയിൽ തന്നെ,
കൊണ്ടാൽ അവന്റെ വിരലുകൾ അറ്റു പോകുന്ന തരത്തിൽ ഒരൊറ്റ വെട്ട്...!!!

“ങാ....” എന്നൊരലർച്ച ഞാൻ കേട്ടു....!
ആ ശബ്ദം എന്റെ തന്നെ ആയിരുന്നുവെന്നു തിരിച്ചറിയാൻ കുറച്ചു നേരമെടുത്തു....!!
ആകെ ഒരു മരവിപ്പായിരുന്നു....!!
അതോടൊപ്പം കണ്ണുകൾ നിറഞ്ഞു...!!!
കണ്ണിൽ നിന്നും പൊന്നീച്ചകൾ പറക്കുന്നതു അന്നാദ്യമായ് ഞാൻ കണ്ടു...!!!!
വലതു കൈ, ഇടതു കൈ കൊണ്ട് പൊത്തിപ്പിടിച്ച് ഞാനവിടെത്തന്നെ ഇരുന്നു പോയി...!!!

എന്റെ വെട്ടു കൊള്ളുന്ന നേരം നോക്കി ആ ദുഷ്ടൻ, കള്ള സായിപ്പ് കൈ വലിച്ചു കളഞ്ഞു....!!!!


ബാക്കി അടുത്ത പോസ്റ്റിൽ.....

27 comments:

ദിവാരേട്ടN said...

'തറ' യില്‍ തലതൊട്ടപ്പന്‍ മലയാളി തന്നെ ....
നല്ല എഴുത്ത്. ആശംസകള്‍ ..

ശ്രീ said...

മലയാളികള്‍ തന്നെ ആണല്ലോ എപ്പോഴും മലയാളികള്‍ക്ക് പണി തരുന്നത്...

krishnakumar513 said...

ബാക്കി വേഗം എഴുതൂ,വീ കെ, ടെന്‍ഷനില്‍ നിര്‍ത്താതെ

OAB/ഒഎബി said...

ഇപ്രാവശ്യം ശരിക്കും ചിരിച്ച് പോയി...

പട്ടേപ്പാടം റാംജി said...

അവര്‍ക്കൊക്കെ ഇന്ത്യക്കാരെന്ന് വെച്ചാല്‍ വെറും ഒരു ഒരു ഇതാണ്. ഒന്നും അറിയാത്ത സാധനങ്ങള്‍ എന്ന ധാരണയും.
പിന്നെ സ്വന്തം കാര്യത്തിനായി പാര പണിയുന്നവര്‍ ധാരാളവും ഇവിടെ കാണാം. ഒരു കാര്യമില്ലെന്കിലും പാര പണിയും...മലയാളികളുടെ കാര്യം അതില്‍ എടുത്തു പറയേണ്ടതുതന്നെ....

jyo.mds said...

കുറെ ചിരിച്ചു അവസാനഭാഗം വായിച്ച്-അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ramanika said...

കള്ള മദാമ്മയും സായിപ്പും ചിരിപ്പിച്ചു
പക്ഷെ ജീവിതം കേട്ടിപെടുത്താന്‍ അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ ഒരു തരം വേദനയും തരുന്നു
ബാക്കി............. കാത്തിരിക്കുന്നു

വീകെ said...

ദിവാരേട്ടൻ: ആദ്യമായി ഇതുവഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി...

ശ്രീ: പണി തരുന്ന കൂട്ടത്തിൽ മലയാളികളും മോശക്കാരല്ലന്നേയുള്ളു... മറ്റുള്ളവരും കണക്കാ..
വന്നതിനു വളരെ നന്ദി ശ്രീ..

കൃഷ്ണകുമാർ513:വളരെ സന്തോഷം...

ഒഎബി:വളരെ നന്ദി.

പട്ടേപ്പാടം റാംജി:അഭിപ്രായത്തിന് വളരെ നന്ദി.

ജ്യോ:വളരെ നന്ദി.

രമണിക: ജീവിതമെന്നാൽ അങ്ങനെയൊക്കെയല്ലെ...
വന്നതിന് വളരെ നന്ദി.

jayanEvoor said...

കൊള്ളാം!

കലക്കൻ പൊസ്റ്റ്!

മലയാളി തന്നെ മലയാളിക്കു പാരയായ കഥ് കൊള്ളാം!

(മലയാളി മലയാളിയെ രക്ഷിച്ച കഥകൾ കൂടി ഉണ്ടാവുമല്ലോ!? അല്ലേ?)

ഗീത said...

മലയാളി മദാമ്മയും മലയാളി സായിപ്പും കൊള്ളാല്ലോ. മലയാളിക്ക് മറ്റൊരു മലയാളിയെ അന്യനാട്ടില്‍ വച്ചു കണ്ടാല്‍ വലിയ സ്നേഹമാണെന്നൊക്കെയാ കേട്ടിരിക്കുന്നത്. ഇതതിന് നേരേ വിപരീതമാണല്ലോ.

Ashly said...

അടുത്ത തവണ കരാട്ടെ മോഡലിൽ കൈ ഉപയോഗിക്കരുത്. തല ഉപയോഗിക്കു ഹുമര്‍ കൊള്ളാം, ട്ടാ.

seema said...

orupadu santhoshavum, othiri sankadavum thonnunnu..
God Bless you

വീകെ said...

jayanEvoor: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഗീത: മലയാളിയെ അന്യ നാട്ടിൽ വച്ചു കണ്ടാൽ മലയാളം മറന്നു പോകുന്നവരാണ് മലയാളികൾ. പിന്നെ നാം അങ്ങോട്ടു ചോദിച്ചാലും മലയാളം പറയില്ല.അതാണ് അനുഭവം.
അഭിപ്രായത്തിന് വളരെ നന്ദി.

Captain Haddock:
അഭിപ്രായത്തിന് വളരെ നന്ദി ക്യാപ്റ്റൻ‌ജീ..

seema: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഹംസ said...

എന്താ പറയാ….. !! എനിക്ക് വയ്യ..! ഞാന്‍ ചിരിയോട് ചിരിയാ.. ഈ ചിരി ഒന്നു നില്‍ക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാം……!

അതാ അപ്പോഴേക്കും കടയിലേക്ക് ആരോ കയറി വരുന്നു .ഒരു മദാമയും സായിപ്പും തന്നെയാ… ദൈവമേ അവര്‍ ? അവര്‍ തന്നെയാവുമോ ഇതും ഞാന്‍ ഒന്നു നോക്കട്ടെ …. കുറച്ചു കരാട്ടേ ചെറുപ്പത്തില്‍ പടിച്ചതുകൊണ്ട് എനിക്ക് പേടിയില്ല. . എന്നാലും …. !!

ഹംസ said...

എന്താ പറയാ….. !! എനിക്ക് വയ്യ..! ഞാന്‍ ചിരിയോട് ചിരിയാ.. ഈ ചിരി ഒന്നു നില്‍ക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാം……!

അതാ അപ്പോഴേക്കും കടയിലേക്ക് ആരോ കയറി വരുന്നു .ഒരു മദാമയും സായിപ്പും തന്നെയാ… ദൈവമേ അവര്‍ ? അവര്‍ തന്നെയാവുമോ ഇതും ഞാന്‍ ഒന്നു നോക്കട്ടെ …. കുറച്ചു കരാട്ടേ ചെറുപ്പത്തില്‍ പടിച്ചതുകൊണ്ട് എനിക്ക് പേടിയില്ല. . എന്നാലും …. !!

കുഞ്ഞൻ said...

വീകെ മാഷെ ..

മാഷിന്റെയുള്ളിലെ കലാകാരനെകൂടി ബൂലോഗം പുറത്തുകൊണ്ടുവരുന്നു...ഹാസ്യവും നന്നായി വഴങ്ങുമെന്ന് വീകെ സായ്ബ് തെളിയിച്ചിരിക്കുന്നു.

മലയാളി മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും കാണാം ഉത്തരവാധിത്വ ബോധമില്ലാതെ, കുടിച്ച് വഴക്കുണ്ടാക്കി തന്റെ കുടുംബം കുട്ടിച്ചോറാക്കുന്നത്.

അരുണ്‍ കരിമുട്ടം said...

എന്റെ വെട്ടു കൊള്ളുന്ന നേരം നോക്കി ആ ദുഷ്ടൻ, കള്ള സായിപ്പ് കൈ വലിച്ചു കളഞ്ഞു....!!!!

ഗുണപാഠം:

ഇനിയെങ്കിലും കൈ വച്ച് വെട്ടരുത് (വാക്കത്തിയാ നല്ലത്)

ഗള്‍ഫ് ജയിലില്‍ ഗോതമ്പ് ഉണ്ട ഉണ്ടോ എന്തോ?
:)

വീകെ said...

ഹംസ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.

കുഞ്ഞൻ: വളരെ നന്ദി.

അരുൺ കായം‌കുളം: എന്തിനാ മാഷെ വാക്കത്തിയെ കുറിച്ചൊക്കെ പറയുന്നെ...?എന്നെ പേടിപ്പിക്കല്ലെ....!!

ഇവിടെ ഗോതമ്പുണ്ട ഉണ്ടോന്നറിയില്ല. ആഴ്ചയിലൊരിക്കൽ മട്ടനുണ്ട്. രണ്ടു ദിവസം ചിക്കൻ,ഒരു ദിവസം പച്ചക്കറി, പിന്നെ രണ്ടു ദിവസം മുട്ട,ഇനി ഒരു ദിവസം കൂടി ഉണ്ട്. അന്നത്തെ മെനു എന്താന്നറിയില്ല. അതാരും പറഞ്ഞിട്ടില്ലിതുവരെ. കൂടാതെ ഫുൾ ടൈം ഏസിയുണ്ട് പോരെ..!!?

ശാന്ത കാവുമ്പായി said...

എനിക്ക് അസൂയ തോന്നുന്നല്ലോ ഈ കരാട്ടെക്കാരനോട്.ഇത്തിരി ആരാധനയും.

ഞാന്നൂരാന്‍ said...

എന്‍റെ വീകെ :

സായിപ്പിന്‍റെയും മദാമ്മയുടെയും കഥാ തന്ദു നല്ലതാണ്.പക്ഷെ മലയാളി വെളുത്താല്‍ സായിപ്പകുമോ ?.സ്വന്തം ജാതിയെ കണ്ടിട്ട് മനസിലായില്ലെങ്ങില്‍ മോശമായിപ്പോയി. കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? വീണ്ടും എഴുതുക

പരേതന്‍

വീകെ said...

ഉമേഷ് പീലിക്കോഡ്: വന്നതിന് വളരെ നന്ദി.

ശാന്ത കവും‌മ്പായി: എന്റെ ശാന്തേച്ചി, എനിക്ക് കരാട്ടേയൊന്നും അറിയില്ല. അതൊരു ‘ഷൊ’ കാണിച്ചതല്ലെ.പക്ഷെ,കൊക്കിനു വച്ചത് ചങ്കിനു കൊണ്ടുവന്നു മാത്രം...!!
വന്നതിനു വളരെ നന്ദി.

Sasidharan Nair: ശ്രീമാൻ പരേതാ.. തൊലി വെളുത്ത സായിപ്പുമാരെ അങ്ങു കണ്ടിട്ടുള്ളു. എന്നാൽ എല്ലാ സായിപ്പുമാരും തൊലി വെളുത്തവരല്ല.

മലയാളികളെ കണ്ടാൽ പെട്ടെന്നു മറ്റൊരു മലയാളിക്ക് തിരിച്ചറിയാൻ കഴിയുമെന്നത് പകുതിയെ സത്യമുള്ളു. അതുപോലെ മറ്റു നാട്ടുകാരെ കാണുമ്പോൾ ‘ഇവൻ മലയാളി’അല്ലെ എന്നു സംശയം തോന്നുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്.

ആദ്യമായി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

പാച്ചു said...

വീകെ - ജീ...എന്നാലും ഇവളുമാരെ മദാമ്മമാരെ പോലെ ആരണിയിച്ചൊരുക്കി....

എത്ര ഒരുങ്ങിയാലും ഒടുവിൽ തനി സ്വഭാവം കാണിക്കുമല്ലോ..:)

വീകെ said...

പാച്ചു: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതിലെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

കറുത്ത സായിപ്പും ,മലയാളി മദാമ്മയും..
നല്ലയവതരണം..കേട്ടൊ..വീ.കെ.

വിജയലക്ഷ്മി said...

nalla thudarkkatha pole thonnunnu...manassu thurannezhuthuka

അഭി said...

എന്റെ വെട്ടു കൊള്ളുന്ന നേരം നോക്കി ആ ദുഷ്ടൻ, കള്ള സായിപ്പ് കൈ വലിച്ചു കളഞ്ഞു....!!!!

ഹ ഹ അത് കൊള്ളാം

മലയാളിക്ക് എവിടെ പോയാലും മലയാളീസ് തന്നെ ആയിരിക്കും പാര എന്ന് തോനുന്നു

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.കൈക്ക്‌ മൂർച്ച കൂട്ടുന്ന രംഗം.!!!!!