Tuesday 15 February 2011

സ്വപ്നഭുമിയിലേക്ക്...( 35 )

കഴിഞ്ഞതിൽ..


[“ഇന്നലെ പറഞ്ഞതു തന്നെ....! ഞാനും ചേട്ടനുമല്ലാതെ ഒരാളും അറിയരുത്...!! ഇവിടെ അടുത്തെങ്ങും കൊടുക്കണ്ട....!! പണയം വച്ചാൽ ആവശ്യത്തിനുള്ള കാശ് കിട്ടില്ല. വിൽക്കാ നല്ലത്....!!”
നല്ലപാതി എല്ലാം തിരുമാനിച്ചിരുന്നു....!
ശേഖരേട്ടൻ പെങ്കൊച്ചിന്റെ മുഖത്തെക്കു തന്നെ നോക്കിയിരുന്നു.....
ഒരു തീരുമാനം എടുക്കാൻ കഴിയാതെ....!!
നല്ലപാതിയെ നിഷേധിക്കാനും കഴിയാതെ...!!
എന്തു ചെയ്യണം...? ]

തുടരുന്നു....

അഛന്റെ സങ്കടം...

പുറത്തിറങ്ങുമ്പോൾ വളകൾ രണ്ടും കടലാസ്സിൽ പൊതിഞ്ഞ് ശേഖരേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒരാളോടും കടമൊന്നും ചോദിക്കണ്ടാട്ടൊ....!”
തലയും കുലുക്കി നടന്നു പോകുന്ന പതിയെ, ഇടവഴിയിൽ മറയുന്നതു വരെ നോക്കി നിന്നു.
പിന്നെ ഒരു നെടുവീർപ്പോടെ പിന്തിരിഞ്ഞ് അടുക്കളയിൽ മറ്റുള്ളവരോടൊപ്പം അലിഞ്ഞു ചേർന്നു.

കവലയിലെത്തിയ ശേഖരേട്ടൻ കലുങ്കിനോട് ചേർന്ന ഷെഡ്ഡിൽ ഇരുന്ന് കുറച്ചു നേരം ചിന്തയിൽ മുഴുകി. ഇപ്പൊഴും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല. ആരും ഒരു സഹായത്തിനില്ലെന്നുള്ള തിരിച്ചറിവിൽ എഴുന്നേറ്റ് പടിഞ്ഞാട്ടു നടന്നു. സമീറിനെയാണ് അന്നേരം ഓർമ്മയിൽ വന്നത്. അവന്റെ കയ്യിൽ കാശ് കാണും. ചോദിച്ചാൽ തരികയും ചെയ്യും. പെങ്കൊച്ചിന്റെ ‘ആരോടും കടം ചോദിക്കരുതെന്ന ‘ഓർമ്മപ്പെടുത്തൽ ആ ചിന്ത പാതി വഴിക്ക് ഉപേക്ഷിച്ചു.

വിശാലമായ നെൽപ്പാടത്തിനെ വകഞ്ഞു മാറ്റിയാണ് റോഡ് കടന്നു പോകുന്നത്. കൊയ്ത്തെല്ലാം കഴിഞ്ഞ് അടുത്ത കൃഷിപ്പണിക്കായി കാത്തിരിക്കുന്നു. വലതു വശത്ത് കാണുന്ന പാടത്തിന്റെ കിഴക്കു വശത്തായി നിറഞ്ഞു കവിഞ്ഞ കുളം. കുളത്തിനരികെ നിറയെ കൊക്കുകൾ നിരന്നിരിക്കുന്നു. ആ കാഴ്ച കണ്ട് ശേഖരേട്ടൻ ഒരു നിമിഷം തിരിഞ്ഞു നിന്നു. കൊക്കുകൾ നിരനിരയായി ഇരിക്കുന്നതു കാണാൻ എന്തു രസമാണ്. കുളത്തിന്റെ പടിഞ്ഞാറു വശത്ത് കണ്ടത്തിൽ ആരുടേയോ താറാവിൻ കൂട്ടം മേഞ്ഞു നടക്കുന്നു. അതിനപ്പുറം രണ്ടു വശത്തേക്കും കൈതക്കാടുകൾ നിറഞ്ഞ ചെറിയ കൈത്തോടുകളാണ്. ഈ കൈതക്കാടുകൾ മുഴുവൻ കൂട്ടുകാരോടൊപ്പം ‘താറാവിൻ മുട്ട‘ തേടി പണ്ടു സ്കൂളിൽ പഠിക്കുന്ന കാലത്ത് അലഞ്ഞു നടന്നിരുന്നത് ഒരു നിമിഷം ശേഖരേട്ടന്റെ മനസ്സിലൂടെ കടന്നു പോയി.

വീണ്ടും നടക്കാൻ തുടങ്ങുമ്പോഴാണ് എന്റെ വിളി കേട്ട് ശേഖരേട്ടൻ തിരിഞ്ഞു നോക്കിയത്. അടുത്തെത്തിയതും ഞാൻ ചോദിച്ചു.
“എവിടേക്കാ..?”
“ ചുമ്മാ.. ഒന്നു നടക്കാമെന്നു കരുതി..”
“എന്നാ വാ ഞാനും വരാം...” ഞങ്ങൾ പതുക്കെ നടന്നു.
“ഞാൻ വരുന്ന വഴി സമീറിനെ കണ്ടിരുന്നു. ശേഖരേട്ടന്റെ പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കിയിട്ടുണ്ട്...“
“എന്നേക്കാ കിട്ടിയത്....”
“അതു ഞാൻ ചോദിച്ചില്ല. അവൻ വൈകുന്നേരം വരാമെന്നാ പറഞ്ഞത്..”
ഞങ്ങൾ വർത്തമാനം പറഞ്ഞ് നടന്നു നടന്ന് പാടത്തിനക്കരെയുള്ള ‘പള്ളിസ്കൂളി’ന്റെ അടുത്തെത്തിയിരുന്നു.
ഞാൻ പറഞ്ഞു.“ ഇനി നമുക്ക് തിരിച്ചു നടക്കാം...?”
“വരട്ടെ. കുറച്ചു കൂടി നടക്കാം...”

പിന്നെയും നടന്ന് ‘മലയാള സ്കൂളിന്റെ’ അടുത്തെത്തി.
ഞങ്ങൾ എല്ലാവരും നാലാം ക്ലാസ്സ് വരെ ഇവിടെയാണ് പഠിച്ചത്.
ആദ്യമായി ‘തറ’യും ‘പറ’യും പഠിച്ച കലാലയം ഒരു മാറ്റവുമില്ലാതെ നിൽക്കുന്നു.
ഒരു നിമിഷം അവിടെ നിന്നു.
ഇവിടം കഴിഞ്ഞാൽ അപ്പുറത്തെ പള്ളിസ്കൂളിലാണ് അഞ്ചു മുതൽ ഏഴു വരെ.

ശേഖരേട്ടൻ പിന്നെയും നടന്നു തുടങ്ങിയപ്പോൾ ഞാൻ പിടിച്ചു നിറുത്തി.
“ഇതെവിടേക്കാ...?”
“ദേ ഈ തട്ടാന്റടുത്ത് വരെ...!”
“തട്ടാന്റെ അടുത്തോ....?”
ശേഖരേട്ടൻ പോക്കറ്റിൽ നിന്നും വളയുടെ പൊതിയെടുത്ത് കാണിച്ചു.
ഞാൻ വാങ്ങി തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി..... !
“അയ്യൊ.. ഇത് മണവാട്ടിയുടെ അല്ലെ...?!!”
ശേഖരേട്ടൻ തലകുലുക്കി. ഞാൻ വീണ്ടും ചോദിച്ചു
“ഇതിപ്പൊ.. എന്തു ചെയ്യാൻ പോണു...?”
“ആരോടും പറയരുത്...! ഇതൊന്നു വിൽക്കണം..!”
“ഇത്രക്ക് ദാരിദ്ര്യമുണ്ടൊ പൈസക്ക്...?”

പിന്നെയാണ് കാര്യങ്ങളുടെ സത്യാവസ്ത അറിഞ്ഞത്. എനിക്കും സഹായിക്കാൻ പറ്റാത്ത ചുറ്റുപാടായിരുന്നു. തട്ടാന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞപ്പൊൾ ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി. ഗൾഫീന്നു കൊണ്ടു വന്ന സ്വർണ്ണമെന്നു പറഞ്ഞാണ് കൊടുത്തത്. അയാൾ അത് വിശ്വസിച്ചതായി തോന്നിയില്ല.

എങ്കിലും അതെടുത്ത് കല്ലിൽ ഉരച്ച്, തൂക്കം നോക്കി, കണക്കുകൂട്ടി കാശ് തന്നു. ഞങ്ങളെ പരിചയമുള്ള ആളായതുകൊണ്ട് ‘ഇതാരോടും പറയല്ലെ ചേട്ടാ...’ ന്നു പ്രത്യേകം പറഞ്ഞിട്ടാണ് തിരിച്ച് പോന്നത്.

ശേഖരേട്ടനും ഭാര്യയും കൂടി സാധനങ്ങൾ വാങ്ങാനായി പട്ടണത്തിലേക്ക് പോയി. സാധനങ്ങളെല്ലാം വാങ്ങി, ഉച്ചക്ക് ഹോട്ടലിൽ കയറി ഊണും കഴിച്ച്, ഒരു ഉച്ചപ്പടവും കണ്ടിട്ടാണ് രണ്ടാളും തിരിച്ചെത്തിയത്. ഭാര്യയെ വീട്ടിൽ വിട്ടിട്ട് സമീറിന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാ‍നായി പുറത്തേക്കിറങ്ങി.

ഇടവഴിയിൽ വച്ച് ധൃതിയിൽ വരുന്ന അച്ചനെ കണ്ടു. അച്ചന്റെ മുഖം കടന്നൽ കുത്തിയ മാതിരി വീർത്തിരുന്നു. ശേഖരേട്ടനെ കണ്ടതും പൊട്ടിത്തെറിച്ചു.
“നീയെന്തു പോക്രിത്തരമാടാ കാണിച്ചത്.... പറയടാ..?”
വിവരം മനസ്സിലാകാതെ വായും പൊളിച്ചു നിന്ന ശേഖരേട്ടന്റെ ഷർട്ടിൽ കയറിപ്പിടിച്ച് അലറി.
“പറയെടാ നീ.. എന്തിനാ അത് ചെയ്തത്...”

അത്രയും ദ്വേഷ്യത്തിൽ ഇതുവരെ അഛനെ കണ്ടിട്ടില്ലായിരുന്നു. ഒരു നിമിഷം കൊണ്ട് വായിലെ ഉമിനീരു വരെ വറ്റിപ്പോയിരുന്നു. ഒരു കണക്കിനാണ് അത്രയും ചോദിച്ചത്.
“അഛൻ... എന്തിന്റെ കാര്യാ പറയണത്....?”
“എന്തിന്റെ കാര്യാന്നൊ..? ആ തട്ടാനെ ഞാനിപ്പോൾ കണ്ടതേയുള്ളു...!! അവനതു പറയുമ്പൊ.. എന്റെ തൊലി ഉരിഞ്ഞുപോയി...!!!”
ശേഖരേട്ടൻ നിന്ന നിൽ‌പ്പിൽ മഞ്ഞളരച്ചു. വളരെ വിഷമിച്ച് കുറച്ച് ഉമിനീര് എങ്ങനെയോ ഉണ്ടാക്കിയെടുത്ത് വിഴുങ്ങി...
പിന്നെ ശബ്ദം വീണ്ടുകിട്ടിയപ്പോൾ പറഞ്ഞു.
“അഛൻ വിഷമിക്കണ്ട...”
“വിഷമിക്കണ്ടന്നൊ... ഒന്നുമില്ലെങ്കിലും ആ വന്ന പെങ്കൊച്ചെന്തു വിചാരിക്കൂടാ...”
“ അഛാ.. അവൾ പറഞ്ഞിട്ടാ.. അവളാ ഊരിത്തന്നെ... ആരോടും കടം ചോദിക്കണ്ടാന്നും പറഞ്ഞ്..”
“ അവൾ പറഞ്ഞാലും നീയതെടുക്കാമോ...? നീ അവിടത്തെ കഥകളും കാശിന്റെ കാര്യമൊക്കെ പറഞ്ഞപ്പൊ ഇത്രക്ക് അരി വറുത്തിരിക്കാന്ന് ഞാൻ കരുതീല്യ...”
ശേഖരേട്ടന് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. അഛൻ പറഞ്ഞു.
“എന്നാ പിന്നെ നിനക്ക് ആ കൊടകരേന്ന് വന്ന കല്യാണം നടത്തിയാൽ പോരായിരുന്നോ. അവര് പത്തറുപതു പവനും പത്തിരുപത്തയ്യായിരം രൂപേം തരാന്ന് ഇങ്ങൊട്ടു പറഞ്ഞതല്ലെ. നീയൊന്നവിടെ പോയി കാ‍ണുകപോലും ചെയ്തില്ലല്ലൊ.”
“ ആ കാശൊന്നും നമുക്കു വേണ്ടാ....!!”
“ ഞാനാ തേങ്ങാക്കാരനെ ഒന്നു പോയി കാണട്ടെ... അയാളോട് കുറച്ചു കാശുകൂടി ചോദിക്കാം. തട്ടാന്റടുത്ത് സ്വർണ്ണം ഉരുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്...!”
അതും പറഞ്ഞ് അഛൻ വസ്ത്രം മാറാനായി വീട്ടിലേക്ക് തിരക്കിട്ട് പോയി.

അഛന്റെ പോക്കു നോക്കി ശേഖരേട്ടൻ നിർന്നിമേഷനായി നിന്നു. കവലയിലെത്തി അധികം കഴിയാതെ തന്നെ ‘ആനവണ്ടി’ വരുന്ന ശബ്ദം കേട്ടു. അകലെ നിന്നും ബസ്സിന്റെ ശബ്ദം കേട്ടിട്ട് അഛൻ ഓടിവരുന്നുണ്ടായിരുന്നു. ശേഖരേട്ടൻ കൈ കാണിച്ച് ബസ്സ് നിറുത്തിച്ച് അഛനെ ആ ബസ്സിൽ കയറ്റിവിട്ടു.

സമീറിനെ കണ്ടപ്പോഴാണ് ഒരു മാസം മുഴുവൻ നിൽക്കാനാകില്ലാന്ന് മനസ്സിലായത്.
മൂന്നു ദിവസം മുൻ‌പേ പോകേണ്ടി വരും.
ആകെ കൂടി ഇരുപത്തേഴു ദിവസം മാത്രം.

അഛൻ വരുന്നതുവരെ കവലയിൽ ചുറ്റിക്കറങ്ങി നിന്നു.
അഛൻ എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. അഛന്റെ മ്ലാനമായ മുഖം കണ്ടാലറിയാം സംഗതി നടന്നില്ലാന്ന്. അഛനോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ പതിയെ ചോദിച്ചു.
“ എന്തായഛാ പോയിട്ട്...?” ആദ്യം ഒന്നും മിണ്ടിയില്ല. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു.
“അതു നടക്കില്ല. അയാള് സുഖോല്യാതെ ആശുപത്രീലാ...”
അഛന്റെ വ്യസനം കണ്ട് ശേഖരേട്ടൻ പറഞ്ഞു.
“സാരോല്യാഛാ... അഛൻ വിഷമിക്കണ്ട... ഞാൻ വരുമ്പോൾ രണ്ടെണ്ണത്തിനു പകരം നാലെണ്ണം കൊടുത്താൽ പോരേ...?”
“അതാണോടാ അതിന്റെ ശരി...? എന്നാലും നാലാം ദിവസം അഴിച്ചെടുത്തു വിറ്റു തുലച്ചവനെന്ന ചീത്തപ്പേരു പോകുമോ...?”
ശേഖരെട്ടന് ഒന്നും പറയാനുണ്ടായില്ല. അഛനോടൊപ്പം ഒന്നും മിണ്ടാതെ നടന്നു. പോകുന്ന വഴിക്ക് അഛൻ പിറുപിറുക്കുന്നതു കേട്ടു. ദ്വേഷ്യവും സങ്കടവുമൊക്കെ വരുമ്പോൾ അങ്ങനെയാണ്. വെറുതെ പിറുപിറുത്തുകൊണ്ടു നടക്കും.

വീടെത്താറായപ്പോൾ ശേഖരേട്ടൻ പതുക്കെ ചോദിച്ചു.
“അഛാ.. വീട്ടിലാരോടെങ്കിലും പറഞ്ഞൊ ഇക്കാര്യം...?”
“ ഹേയ്... ഇതാരോടെങ്കിലും പറയാൻ കൊള്ളാമോ...!!”
“ നമ്മൾ മാത്രം അറിഞ്ഞാൽ മതി.. വീട്ടിലാരോടും പറയണ്ട...”
അതിനു മറുപടി ഒന്നും പറഞ്ഞില്ല.

ഇത്രയും ഒന്നും കണക്കു കൂട്ടിയിരുന്നില്ല. അഛന്റെ സങ്കടം കണ്ടപ്പോൾ ചെയ്തു പോയ തെറ്റിനു വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു ശേഖരേട്ടന്.
‘മധുവിധു‘ എത്ര പെട്ടെന്നാണ് കഴിഞ്ഞത്...
വിവാഹ ശേഷം കിട്ടിയത് പതിനാറ് ദിവസം മാത്രം...
പതിനേഴാം ദിവസം യാത്രയാകണം.

ഇന്ന് ഭാര്യ വിട്ടിലാണ്. ഇവിടത്തെ അവസാന ദിവസം. നാളെ ശേഖരേട്ടന്റെ വിട്ടിൽ. മറ്റെന്നാൾ കാലത്ത് കൊച്ചിയിൽ നിന്നും ബോംബേയിലേക്ക് പറക്കണം. അന്നു രാത്രിയിൽ തന്നെ സൌദിയിലേക്ക്.

ഭാര്യവീട്ടിലെ അവസാന അത്താഴം കഴിഞ്ഞിരിക്കുമ്പോഴാണ് നല്ലപാതിയെ അരികിലേക്ക് വിളിപ്പിച്ചത്.
പിന്നെ കാര്യഗൌരവത്തൊടെ പറഞ്ഞു.
“ആ ആഭരണങ്ങാളൊക്കെ എവിടെ.. ഇങ്ങോട്ടു കൊണ്ടുവന്നോ..?”
“എന്റെ ബാഗിൽ ഇരുപ്പുണ്ട്. എടുക്കണൊ...?”
“വേണ്ടാ... ഞാനില്ലാതെ ഇനി അതൊന്നും ഇട്ടുകൊണ്ടു ഒറ്റക്കു നടക്കണ്ട. തന്നെയുമല്ല, ഇതൊന്നും സൂക്ഷിച്ചു വയ്ക്കാനുള്ള അടച്ചുറപ്പും ഇതിനില്ല. വെറുതെ നിങ്ങ്ടെയെല്ലാം ഉറക്കം നഷ്ടപ്പെടുത്തും...”
“പിന്നെ എന്തു ചെയ്യും...?”
“അതാ ഞാൻ പറയാൻ വന്നത്... എങ്ങനെയാണ് ഇതെല്ലാം സംഘടിപ്പിച്ചതെന്ന് അന്നെന്നോട് പറഞ്ഞതാണല്ലൊ. ഇതൊന്നും നമുക്ക് ആവശ്യമില്ല. ഇതിൽ, ആഭരണങ്ങൾ ബന്ധുക്കളുടെ അടുത്തുനിന്നും വായ്പ്പയായി വാങ്ങിയത് അവർക്കു തന്നെ തിരിച്ചു കൊടുക്കുക. കടം വാങ്ങിയ കാശ് തിരിച്ചു കൊടുക്കാനായിട്ട് ബാക്കിയുള്ള ആഭരണങ്ങൾ വിറ്റിട്ട് കൊടുക്കുക. നമ്മുടെ കല്യാണവുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങൾ എല്ലാം ഇതോടെ തീരുമെങ്കിൽ എനിക്ക് സംതൃപ്തിയോടെ തിരിച്ചു പോകാം. ഞാൻ കൊണ്ടുവന്ന ഈ താലിമാല മാത്രം മതി നമുക്ക്. തന്റെ ആവശ്യത്തിനുള്ളത് ഞാൻ വരുമ്പോൾ കൊണ്ടുവന്നാൽ മതിയല്ലൊ....”

നല്ലപാതി എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു....
പുള്ളിക്കാരി എതിരഭിപ്രായം എന്തൊ പറയാൻ വന്നതാണ്...
ഉടനെ വായ പൊത്തി ശേഖരേട്ടൻ പറഞ്ഞു.
“ഒന്നും ഇങ്ങോട്ടു പറയണ്ട... ഞാൻ പറയുന്നത് കെട്ടാൽ മതി...”
അതൊടൊപ്പം തന്റെ കഴുത്തിൽ കിടക്കുന്ന മാലയും ഊരി ഭാര്യയെ ഏൽ‌പ്പിച്ചുവെങ്കിലും, വിമാനത്താവളത്തിൽ വച്ച് ഊരിത്തന്നാൽ മതിയെന്നു പറഞ്ഞ് വിണ്ടും ശേഖരേട്ടന്റെ കഴുത്തിൽ അണിയിച്ചു...

കുറച്ചു കുണ്ഠിതത്തോടെയാണെങ്കിലും പറഞ്ഞു.
“പിന്നെ ആ വളകൾ രണ്ടും....?”
“അതോർത്തു ചേട്ടൻ വിഷമിക്കണ്ടാ... അതു രണ്ടും എന്റെ സ്വന്താ... കഴിഞ്ഞേന്റെ മുമ്പത്തെ ഓണത്തിനു ‘ഓണച്ചിട്ടി’ കിട്ടിയപ്പോൾ അമ്മ വാങ്ങിത്തന്നതാ....”
കുറച്ചൊരു കുറ്റബോധം ശേഖരേട്ടനെ അലട്ടി...

വിവാഹം കഴിഞ്ഞതിന്റെ പതിനേഴാം ദിവസം താൽക്കാലികമായെങ്കിലും തന്റെ ‘നല്ലപാതി’യേയും മറ്റു ബന്ധുക്കളേയും ഉപേക്ഷിച്ച് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ‘സ്വപ്നഭുമിയിലേക്ക്‘ ഏതൊക്കെയോ ലോകം വെട്ടിപ്പിടിക്കാനായി ശേഖരേട്ടൻ പറന്നു....

ബാക്കി അടുത്ത പോസ്റ്റിൽ....

17 comments:

രമേശ്‌ അരൂര്‍ said...

വി .കെ .പച്ചയായ ജീവിതം അറിഞ്ഞു തന്ന അനുഭവങ്ങള്‍ കരുവാളിച്ചു കിടക്കുന്നുണ്ട് ഈ കുറിപ്പില്‍ ...കേള്‍ക്കാം ഇനിയും ..പകരുമ്പോള്‍ ലഘൂകരിക്കപ്പെടുന്ന ഇത്തിരി ആശ്വാസത്തിനായി ..:)

jyo.mds said...

ഈ കഷ്ടപ്പാടിനിടയിലും ,സ്ത്രീധനം നോക്കാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ശേഖരേട്ടനോട് ആദരവ് തോന്നുന്നുണ്ട്.

ajith said...

വി.കെ പതിവുപോലെ ഹൃദ്യമായി എഴുതി. ശേഖരേട്ടന്‍ മനസ്സില്‍ നിന്ന് ഉടനെയൊന്നും മായുകയില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ശേഖരേട്ടനോടുള്ള ആ‍ദരവ് കൂടിക്കൂടി വരുന്നൂ...പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ തനി പകർപ്പുകൾ തന്നേയിത്...
എല്ലാം തന്മയത്വമായി വർണ്ണീച്ചിരിക്കുന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ മഹിമ കേട്ടൊ അശൊക് ഭായ്

ദിവാരേട്ടN said...

വീ. കേ
എഴുത്ത് നന്നായിട്ടുണ്ട്.
അവര്‍ ഭാര്യയും, ഭര്‍ത്താവും കൂടി ഒരു സിനിമ കണ്ടത് "ഉച്ചപ്പടം" ആക്കിയത് ശരിയാണോ.... ☺
[ഹേയ്. വെറുതെ...]

A said...

നന്നായി തന്നെ എഴുതി. കഥാപാത്രങ്ങള്‍ ഹൃദ്യമായി

jiya | ജിയാസു. said...

സ്ത്രീ തന്നെയാണ് ധനം എന്നറിഞ്ഞയാളാവും ശേഖരേട്ടൻ... നല്ല എഴുത്ത്..

വീകെ said...

രമേശ്‌അരൂർ: അഭിപ്രായത്തിനു വളരെ നന്ദി.
ജ്യൊ: ശേഖരേട്ടനെപ്പോലെയുള്ളവർ വളരെ കുറവാണെങ്കിലും, അങ്ങനെയും ചിലർ ഉണ്ടെന്നറിവ് സന്തോഷം തരുന്നു. വളരെ നന്ദി.
അജിത്: അഭിപ്രായത്തിനു വളരെ നന്ദി.
ബിലാത്തിപ്പട്ടണം: അഭിപ്രായത്തിനു നന്ദി.
ദിവാരേട്ടൻ: അക്കാലത്ത് ഉച്ചപ്പടങ്ങൾ എന്നാൽ ഇന്നത്തെപ്പോലെയുള്ള പടങ്ങൾ അല്ലായിരുന്നു. അവാർഡ് പടങ്ങൾക്കു മാത്രമായിരുന്നു ആ സമയം. സ്വയംവരം,എലിപ്പത്തായം മുതലായ ചിത്രങ്ങൾ ആ സമയത്താണ് ഞാനും കണ്ടിട്ടുള്ളത്. വളരെ നന്ദി.
സലാം: വന്നതിനു നന്ദി.
ജിയ: അങ്ങനെയുള്ളവരും കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട്. വന്നതിനു വളരെ നന്ദി.

ramanika said...

ശേഖരേട്ടന്‍ ഈസ്‌ ഗ്രേറ്റ്‌

കുഞ്ഞന്‍ said...

ശേഖരേട്ടനിൽ നിന്നും ഒരു പരകായ പ്രവേശം ലേഖകന്റെ എഴുത്തിൽ പ്രതിഫലിക്കുന്നുണ്ട് ചില സ്ഥലങ്ങളിൽ... ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ..സൌദിയിലേക്ക് പോകുന്നുവെന്ന് പറയുന്നു ശേഖരേട്ടൻ, കഥ തുടങ്ങുമ്പോൾ പവിഴദ്വീപാണല്ലൊ പശ്ചാത്തലം പിന്നെ സൌദി എങ്ങിനെവന്നു..

വീകെ said...

രമണിക: വന്നതിനു വളരെ നന്ദി മാഷെ...
കുഞ്ഞൻ: പ്രവാസം തുടങ്ങുന്ന കാലത്ത് നേരെ ഇങ്ങോട്ടു പോരുകയായിരുന്നില്ല. മിക്കാവാറും എല്ലാവരേയും പോലെ ആദ്യം സൌദിയിലായിരുന്നു തുടക്കം. അവിടത്തെ അനുഭവപാഠങ്ങളുമായി എവിടെയൊക്കെ കറങ്ങിയിട്ടായിരിക്കും ‘പച്ച’പിടിക്കുമെന്നു തോന്നുന്ന ഒരിടത്ത് പറ്റിക്കൂടുക. അങ്ങനെ ഒരു ‘പച്ചത്തുരുത്താ‘യി കരുതുന്ന ഈ പവിഴ ദ്വീപിലെ സ്വാതന്ത്ര്യത്തിലിരുന്നാണ് ഈ കഥ പറയുന്നത്.
ആ സ്വാതന്ത്ര്യവും നഷ്ടപ്പെടുകയാണൊ.?!!

വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

Gopika said...

വിശാലമായ നെൽപ്പാടത്തിനെ വകഞ്ഞു മാറ്റിയാണ് റോഡ് കടന്നു പോകുന്നത്. കൊയ്ത്തെല്ലാം കഴിഞ്ഞ് അടുത്ത കൃഷിപ്പണിക്കായി കാത്തിരിക്കുന്നു.........

nannayittundu....:)evadeyo oru nalla maatam kananundu ezhuthil...
seghrettane pole sthreedhanam vedikkathe vivaham kazhikkan ellarkum manassundahatte.....

baki kadhakkayi kathirikkunnu...

ഗീത said...

ശേഖരേട്ടനെ പോലായിരുന്നെങ്കിൽ എല്ലാവരും...
വി.കെ. കഥ നന്നായി പറയുന്നു.

seema said...

ellam nannayittundu, adutha postinaye kathirikkunnuu

ella weekilum oro postu ettalenthanne
love

ബെഞ്ചാലി said...

നല്ല കഥ.. ഹൃദ്യമായി അവതരിപ്പിച്ചു. നാടും വീടും കുടുംബത്തെയും പിന്നെ നല്ലപാതിയേയും പിരിഞ്ഞുള്ള വരവ്!!

വീകെ said...

കുസുമം:എഴുത്തിൽ മാറ്റം കാണുന്നുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഗീത:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

സീമ:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.ആഴ്ചയിൽ ഒന്നു വച്ചെഴുതിയാൽ കഥ വേഗം തീർന്നു പോവില്ലെ..?

ബെഞ്ചാലി:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ, ഒരു വാക്കു പോലും എഴുതാതെ ‘ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ‘ എന്ന മട്ടിൽ പിൻ തിരിഞ്ഞു പോയവർക്കും എന്റെ സ്നേഹോഷ്മളമായ നന്ദിയും സന്തോഷവും അറിയിക്കുന്നു..

ശാന്ത കാവുമ്പായി said...

പാവങ്ങൾ