Saturday, 15 October 2011

സ്വപ്നഭുമിയിലേക്ക്...(51) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും.....

എനിക്കാ വാർത്ത സഹിക്കാനായില്ല. ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത്ബോസ്സ്കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ. പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല.
വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!


തുടരുന്നു...

ബോസ്സ് പേപ്പറുകൾ നോക്കിയിരിക്കുമ്പോഴാണ് ഞാൻ വേഗത്തിൽ കടന്നു ചെല്ലുന്നത്. അദ്ദേഹം തല ഉയർത്തി നോക്കി. എന്റെ വരവിന്റെ പന്തിയില്ലായ്മ കണ്ടിട്ടാകും തല മുകളിലേക്ക് വെട്ടിച്ച് ഒരു ചോദ്യം.
“ഊം....” ഞാൻ അവിശ്വസനിയതോടെ തന്നെ ചോദിച്ചു.
“ബോസ്സ്, ജോ ലി രാജിവച്ചോ...?”
അപ്പോൾ ആ മുഖം വളരെ ശാന്തമായിരുന്നു. കാറും കോളും ഇല്ലാത്ത പ്രസന്നമായ മുഖം..!
അതൊരു ഉറച്ച തീരുമാനമായിരുന്നുവെന്ന് വിളിച്ചോതുന്ന മുഖം..!
വളരെ ശാന്തമായിത്തന്നെ പറഞ്ഞു.
“ശരിയാണ് നീ കേട്ടത്... ഞാൻ രാജിവച്ചു....!!”
“പക്ഷേ ബോസ്സ്, എന്തിനു രാജി വക്കണം...?”
“അങ്ങനെ വേണ്ടി വന്നു...!”
“ബോസ്സ്, അങ്ങ് വരുമ്പോൾ ഇവിടെ ആകെയുണ്ടായിരുന്നത് ആ ഈജിപ്ഷ്യനും ‘ഞാനും’ പിന്നെ അടച്ചുപൂട്ടാൻ സമയവും കാത്തിരിക്കുന്ന ഈ സ്ഥാപനവും മാത്രമായിരുന്നു. അവിടെ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അങ്ങൊരുത്തനാണ്. ഇന്ന് മുപ്പതോളം സ്റ്റാഫുള്ള ഒരു വലിയ സ്ഥാപനമാക്കി മാറ്റിയ അങ്ങ് എന്തിനു രാജിവക്കണം. അതാണെനിക്ക് മനസ്സിലാകാത്തത്...?”
“ഞാൻ വന്നതിനു ശേഷം കടന്നു പോയ 15 വർഷങ്ങൾ എന്തൊക്കെ ചെയ്തെന്നു തലസ്ഥാനത്തുള്ളവർക്കും അറിയാം. അതൊന്നും മാന്യമായി ഈ സ്ഥാനത്തിരിക്കുന്നതിന്Link ന്യായീകരണമല്ല. അവർക്ക് മറ്റു പലതുമാണ് ആവശ്യം...”
“എനിക്കറിയാം ബോസ്സ്. അവരുടെ സ്വന്തക്കാരില്ലാത്ത ഒരേഒരു ബ്രാഞ്ച് ഇതു മാത്രമാണ്. ഇത് പിടിച്ചെടുക്കാൻ അവർ കളിക്കുന്ന കളികളും അറിയാം.”
“അതെ. ഈ കസേരയിൽ ഒരു ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടിരിക്കുന്നതിനേക്കാൾ ഭേദമല്ലെ സ്വയം രാജി വച്ചു പുറത്തു പോകുന്നത്...?”
“മാത്രമല്ല, നാലഞ്ചു വർഷം മുൻപ് അങ്ങേക്ക് ഇവിടത്തെ സർക്കാർ ‘ബഹ്‌റീൻ പൌരത്വം’ തന്ന് ബഹുമാനിച്ചതോടെയാവും അവരുടെ പേടി കൂടിയത്.”
“അവരെന്തിന് എന്നെ പേടിക്കണം...? എനിക്കർഹതയില്ലാത്തതൊന്നും ഞാൻ വാങ്ങാൻ പോകില്ല. എന്നു വച്ച് ഒരു ‘റബ്ബർ സ്റ്റാമ്പ്’ ആവാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ട് ഞാൻ പുറത്തു പോകുന്നു..”

ശരിയായിരുന്നു. കുറേകൊല്ലങ്ങളായി ഒരു ശീത സമരം കമ്പനിക്കുള്ളിൽ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതു കാരണം ഞങ്ങൾക്ക് കമ്പനിയിൽ നിന്നും വായ്പ്പെയൊന്നും കിട്ടിയിരുന്നില്ല. മുൻപ് ആവശ്യത്തിന് ബോസ്സ് പണം തരുമായിരുന്നു. ചോദിക്കേണ്ട താമസമേയുള്ളു. ഉടനെ ചെക്കെഴുതി തരും. കൃത്യമായി ശമ്പളത്തിൽ നിന്നും പിടിക്കുകയും ചെയ്യും. പലിശയില്ലാതെ കിട്ടുന്ന ആ പണം നാട്ടിൽ പോകുമ്പോൾ എന്തൊരു ഗുണമായിരുന്നുവെന്നോ...?

അതുപോലെ മൂന്നു മാസം കൂടുമ്പോൾ ഇരുപതോ മുപ്പതോ ദിനാർ പോക്കറ്റിൽ ഇട്ടു തരും. ചുമ്മാ...!
ആറു മാസം കൂടുമ്പോൾ ഇടക്കാലബോണസ്സായി അൻപതോ അറുപതോ ദിനാർ..!!
വർഷവസാനം നൂറോ നൂറ്റമ്പതോ വച്ച് ബാക്കി ബോണസ്സ്...!!!
എല്ലാം ഇല്ലാതായിട്ട് മൂന്നാലു വർഷമായി.
ഇന്ന് ആകെ കിട്ടുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം മാത്രം.

ഇനി ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് ഞാനവിടന്ന് എഴുന്നേറ്റു. പുറത്തേക്ക് നടക്കാൻ തുടങ്ങുന്നതിനിടക്കാണ് ഒരു ‘വെള്ളിടിയുടെ പ്രകാശം’ എന്റെ തലയിലൂടെ താഴോട്ടിറങ്ങിയ പോലൊരു തോന്നൽ...!
ഞാനവിടെ പെട്ടെന്ന് തിരിഞ്ഞു നിന്നു....
കണ്ണുകൾ വിടർന്നു....
ഒരു നിമിഷം കഴിഞ്ഞ് ബോസ്സിനെ നോക്കി....
തന്റെ ജോലികളിൽ മുഴുകാൻ തുടങ്ങുന്ന ബോസ്സിനെ ഞാൻ വിളിച്ചു.
“ബോസ്സ്, അങ്ങ് രാജിവച്ചിട്ട് എന്തു ചെയ്യാൻ പോകുന്നു...?”
“ഞാൻ..... ഒരഞ്ചാറു മാസം കഴിഞ്ഞിട്ട് ഒരു ചെറിയ കട തുടങ്ങും. ഇതുപൊലെ. ഈ പ്രോഡൊക്റ്റൊന്നുമില്ലാതെ. മറ്റു കമ്പനികളുടെ സാധനങ്ങൾ വച്ച്..”
ഒന്നു ശ്വാസം എടുക്കാനുള്ള ഇടവേളപോലുമെടുക്കാതെ ഞാൻ ചോദിച്ചു.
“ആ കടയിൽ എന്നെ നിനക്കാവശ്യമുണ്ടോ...!!?”
“തീർച്ചയായും...!!”
“എങ്കിൽ ബോസ്സ്, ഞാനും വരുന്നു നിന്നോടൊപ്പം. എന്റെ വിസ തീരാൻ ഇനിയും ആറുമാസം കൂടിയുണ്ട്. അതു കഴിഞ്ഞാൽ ഞാൻ തുടരില്ല. രാജിവക്കും...!!!”
“നിങ്ങൾക്കവിടെ തുടരാം. നിങ്ങളൂടെ ജോലിക്കവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല...”
“ഇല്ല ബോസ്സ്. ബോസ്സില്ലാത്തിടത്ത് ഞാനുമില്ല. ഞാൻ തിരുമാനിച്ചു കഴിഞ്ഞു...!!!”
“എങ്കിൽ ശരി. രാജി വച്ച് കിട്ടുന്ന കാശും വാങ്ങി നീ നാട്ടിൽ പൊക്കൊ. എന്നിട്ട് നിന്റെ വീടിന്റെ ലോൺ അടച്ചു തീർക്കാൻ നോക്ക്. നിനക്ക് എപ്പഴാ വരേണ്ടതെന്നു തിരുമാനിച്ചാൽ എന്നെ ഒന്നു വിളിച്ചാൽ മതി. പത്തു ദിവസത്തിനുള്ളിൽ വിസ നിന്റെ കയ്യിലെത്തിയിരിക്കും...!!!”
“ഈ വിവരം മറ്റാരും തൽക്കാലം അറിയരുത്. ഇനി ഞാൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കില്ല...”
“ശരി..” പറഞ്ഞ ബോസ്സിനു കൈ കൊടുത്ത് പുറത്തിറങ്ങി.

എന്റെ തലവേദനകൾക്ക് ഒരു പരിഹാരമാവുകയാണോ...?
എത്ര വേഗമാണ് ഒരു വഴിയുമില്ലാതിരുന്ന തലവേദന പെട്ടെന്ന് മാറ്റിത്തന്നത്...!!
എത്ര വേഗമാണ് അതിനുള്ള സാഹചര്യം ഒരുക്കിത്തന്നത്...!!
എത്ര പെട്ടെന്നാണ് അത്തരം ചിന്തയുടെ ഒരു മുള എന്റെ തലയിലേക്ക് ഇട്ടു തന്നത്...!!
എത്ര പെട്ടെന്നാണ് എന്നെക്കൊണ്ട് ശക്തമായ അത്തരമൊരു തീരുമാനമെടുപ്പിച്ചത്...!!?
ദൈവം തമ്പുരാന്റെ കളികൾ നമ്മൾക്കഞ്ജാതം...!!

യാന്ത്രികമായി ഞാൻ ചെന്നു നിന്നത് കണക്കപ്പിള്ളയുടെ മുന്നിലാണ്.
അദ്ദേഹവും പരിവാരങ്ങളും മലയാളികൾ തന്നെയായിരുന്നു. സീനിയർ കണക്കപ്പിള്ളച്ചേട്ടനോട് ചോദിച്ചു.
“ചേട്ടാ.. നമ്മ്ടെ കൊറെ പൈസ ഇവ്ടേണ്ടല്ലൊ...?”
“ഏതു പൈസാ... എവിടെ..?” മുഖത്തിരിക്കുന്ന വര പോലുള്ള കണ്ണടക്കു മുകളിലൂടെ എന്നെ ക്രൂദ്ധിച്ചൊന്നു നോക്കിയാണ് ചോദ്യം.
“ഹാ.. നമ്മള് നിറുത്തി പോകുമ്പം കിട്ടണ കുറെ കാശില്ലെ...?”
“ഉവ്വാ.. അത്...?”
“അല്ല ചേട്ടാ... ബാങ്കീന്നു ലോണെടുത്തിട്ടെ ഇപ്പം 13 ശതമാ പലിശ. എന്തെങ്കിലും കൊറച്ച് പെട്ടെന്നടച്ചില്ലേ... പലിശ അങ്ങു മലപോലെ പെരുകും. അതുകൊണ്ടാ ചോദിച്ചേ. ആ കാശീന്നു ലോൺ കിട്ടാനൊ, അതുമല്ലെങ്കിൽ ഇതുവരെയുള്ള കാശ് നമ്മൾക്ക് കിട്ടുവാൻ വല്ല വഴിയുമുണ്ടോന്നറിയാനാ...!!?”

കണ്ണിൽ നിന്നും ആ വര പോലത്തെ കണ്ണട ഊരി മേശമേൽ വച്ച്, ഒന്നു നിവർന്നിരുന്ന് എന്നെ അടി മുതൽ മുടി വരെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് പരിഹാസ രൂപേണ ചോദിച്ചു.
“അല്ലാ.. ഇപ്പൊ എവിടെന്നാ വരവ്...? ഒരാളും ചോദിക്കാത്ത ചോദ്യമാണല്ലൊ...?”
“ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്നു കെട്ടിട്ടില്ലേ.... അതു കൊണ്ടാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...”
“അങ്ങനെയൊരു സംഭവം നടക്കില്ല. ആ കാശ് വേണമെങ്കിൽ രാജിവച്ചു തന്നെ തീരണം...!!”
“ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ... ഞാനിപ്പോൾ രാജിവച്ചാൽ എന്തു കിട്ടും...? രാജി വക്കാനല്ല, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോന്ന് ഒന്നു മുൻ‌കൂട്ടി കാണാനാ...?”
“അതു ഞാൻ പറഞ്ഞു തരാം. പക്ഷേ ആരോടും പറയരുത്...”
ഞാൻ പറയില്ലെന്ന് ഉറപ്പു കൊടുത്തു.

പുള്ളിക്കാരൻ കണ്ണട എടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് കമ്പ്യൂട്ടറിലേക്ക് കണ്ണു നട്ടു. ഞാൻ എതിരിലെ കസേരയിൽ ഇരുപ്പുറപ്പിച്ചു.
ഇടക്കു തല ഒന്നു താഴ്ത്തി കണ്ണടക്കു പുറത്തു കൂടി നോക്കിയിട്ട് ചോദിച്ചു.
“എത്ര കൊല്ലമായി ഇവിടെ ജോയിൻ ചെയ്തിട്ട്....?
“അത്.... അത്... !?”
എനിക്ക് വലിയ പിടിയില്ലായിരുന്നു. ഏതാണ്ട് ആയിരത്തിത്തൊള്ളായിരത്തി കൊറേ കൊല്ലം മുൻ‌പാ...!
എന്റെ ഭാവം കണ്ട് പുള്ളിക്കാരന് ചിരി വന്നു.
“ഞാൻ പറയാം... അടുത്ത മേയിൽ അതായത് ആറുമാസം കൂടി കഴിഞ്ഞാൽ 16 വർഷം തികക്കും......!!”

കുറച്ചു നേരം കഴിഞ്ഞ് പുള്ളിക്കാരൻ പിച്ചും പേയും പറയുന്നതു പോലെ കാൽക്കുലേറ്ററിൽ ഞെക്കി പൊറുപൊറുക്കുന്നതു കേട്ടു. ആദ്യത്തെ മൂന്നു കൊല്ലം പകുതി വച്ച്. ബാക്കി പതിമൂന്ന് നെറ്റ് എമൌണ്ട് വച്ച്... ഇടക്ക് തല ഉയർത്തി നാലുപാടും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതൊരു ഏകദേശ കാണക്കാണട്ടൊ. ഏതാണ്ട് തന്റെ ലോണിന്റെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുള്ളു.”
എന്റെ കാര്യങ്ങളൊക്കെ ശരിക്കറിയാവുന്ന ആളാണ് കണക്കപ്പിള്ള.

“ങൂം....! അപ്പൊ ഇരുപത് ശതമാനം കൂടി കൂടീട്ട് രാജി വക്കായിരിക്കും നല്ലത് അല്ലെ....?”
ഒരു തമാശ മട്ടിൽ അതും പറഞ്ഞ് എഴുന്നേറ്റ് പുറത്ത് കടന്നു.
എൺപതെങ്കിൽ എൻപത്...!!
അത്രയും തീരുമല്ലൊ. ബാക്കി ഇരുപതിന് സമാധാനമുണ്ട്.
എന്റെ മനം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി...

‘പതിനാറു വർഷം ഇവിടെ എരിഞ്ഞു തീർന്നത്രേ...!!’
‘ഹൊ... അത്രയും കൊല്ലമായൊ ഞാനിവിടെ എത്തിയിട്ട്...!’
ഒരു മുന്നു വർഷം കുടുംബത്തോടൊപ്പം ഇവിടെ ജീവിച്ചതാണ് ആകെയുള്ള കുടുംബജീവിതം. ബാക്കിയുള്ളത് രണ്ടു വർഷത്തിനിടവേളയിൽ കിട്ടിയിരുന്ന ഓരോ മാസത്തെ ‘പരോൾ’.
കാടു കയറി ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. നഷ്ടങ്ങളുടെ കണക്കു മാത്രമേ കിട്ടൂ..!!
ഇപ്പോൾ ആവശ്യം ഒരു വീട്...!
ഒരു ജീവിതകാല സ്വപ്നം..!! അതു സ്വന്തമാവുമല്ലൊ. അതു മതി.

വളരെ സന്തോഷത്തോടെയാണ് ഞാനന്ന് മുറിയിലേക്ക് നടന്നത്.
പോകുന്ന വഴി പഴയ ഫ്ലാറ്റിൽ കയറി വർഗ്ഗീസേട്ടനെ കണ്ട് ഒരു ഗ്ലാസ്സ് തണുത്ത ബീയർ അടിക്കണമെന്ന് പതിവില്ലാത്തൊരു മോഹം തോന്നി. അവിടെ ചെന്നപ്പോൾ വർഗ്ഗീസേട്ടന്റെ വക പാർട്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു.
"ഇന്നെന്താ പാർട്ടിക്ക് എന്തോ ഒരു പ്രത്യേകത കാണുന്നുണ്ടല്ലൊ....?”
ഞാൻ ചുമ്മാ പറഞ്ഞതായിരുന്നു. കേട്ടതും ഒരാൾ പറഞ്ഞു.
“ഇന്ന് വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയാ....!” അതു കേട്ട് ഞാനും ഒന്ന് ഞെട്ടി.
“വർഗ്ഗീസേട്ടന്റെ വക അവസാനത്തെ പാർട്ടിയോ...?!”
“അകത്തേക്ക് ചെല്ല്.. എല്ലാവരും ഉണ്ടവിടെ....” അയാൾ അതും പറഞ്ഞ് അടുക്കളയിലേക്ക് കയറിപ്പോയി.

ഞാൻ വർഗ്ഗീസേട്ടന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. മുറി നിറയെ ആളുകളാണ്. പരിചയക്കാരും അല്ലാത്തവരും. എന്നെക്കണ്ടതും വർഗ്ഗീസേട്ടൻ എഴുന്നേറ്റ് വന്ന് കൈ തന്നിട്ട് പറഞ്ഞു.
“എടാ നിന്നെ വിളിക്കാൻ പോകായിരുണൂടാ ഞാൻ...”
“എന്താ കാര്യം...” ഞാൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് ചോദിച്ചു.
“നീയിവിടെ ഇരുന്നെ...” എന്നെപ്പിടിച്ച് കട്ടിലിൽ വർഗ്ഗീസേട്ടനോട് ചേർത്തിരുത്തി.

വർഗ്ഗീസേട്ടന്റെ ഉറ്റ കൂട്ടുകാരനും പാർട്ടികളിലെ സ്ഥിരം ക്ഷണിതാവുമായ ജോസഫേട്ടൻ പറഞ്ഞു.
“എടാ... മ്മ്ടെ വർഗ്ഗീസേട്ടൻ പോകാൻ‌ടാ...”
“എവ്ടേക്ക്.. നാട്ടിലേക്കാ...?” ഞാൻ വർഗ്ഗീസേട്ടന്റെ നേരെ തിരിഞ്ഞു.
വർഗ്ഗീസേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഹേയ് അല്ലെടാ... ഞാൻ ഇവ്ട്ന്ന് പോകാണ്ന്നാ പറഞ്ഞത്..!”
“അതെന്താ...?
“അല്ലാതെ പറ്റില്ലെടാ.. കമ്പനി ഫ്ലാറ്റൊരെണ്ണം ശരിയാക്കി തന്നൂടാ... ആഫീസിന്റെ കാമ്പൌണ്ടീ തന്നെ...”
വർത്തമാനത്തിനിടക്ക് ഒരു ഗ്ലാസ്സ് ബീയർ എന്റെ കയ്യിൽ പിടിപ്പിക്കാൻ വർഗ്ഗീസേട്ടൻ മറന്നില്ല...!

ഇവിടന്ന് വർഗ്ഗീസേട്ടൻ പോകുകാന്നു പറഞ്ഞാൽ, പിന്നെ ഈ ഫ്ലാറ്റ് ഉറങ്ങിയെന്നർത്ഥം.
മാത്രമല്ല ഞങ്ങളുടെ അടുത്തു നിന്നും മാറിത്താമസിക്കാന്നു വച്ചാൽ വർഗ്ഗീസേട്ടന്റെ സ്വഭാവം വച്ചു പറഞ്ഞാൽ അതത്ര പന്തിയല്ല താനും..?!

സഹതാപം മുതലെടുക്കുന്ന കൂട്ടുകാർ ഒത്തിരിയുണ്ട്. ഇവിടെ ഞങ്ങളോടൊപ്പം ഉള്ളപ്പോൾ പലതും ഞങ്ങൾ ഒഴിവാക്കുമായിരുന്നു. അത് ചിലപ്പോൾ ചെറിയ വഴക്കിലും സൌന്ദര്യപ്പിണക്കത്തിലുമൊക്കെ എത്താറുമുണ്ട്. പ്രധാനമായും കുടിച്ചു കഴിഞ്ഞാൽ പിന്നെ വർഗ്ഗീസേട്ടന് എല്ലാവരോടും ഭയങ്കര സഹതാപമാണ്.

സ്വന്തം സുഹൃത്തുക്കൾ വന്ന് കുടി കഴിഞ്ഞ് പോകുമ്പോൾ അവരെ വീട്ടിൽ കൊണ്ടുവിടണമെന്നത് ഒരു വല്ലാത്ത സ്നേഹമാണ്. ഇത്രയും അപകടം പിടിച്ച സ്നേഹം ഞങ്ങൾക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലൊ. ആ നേരത്ത് ചിലപ്പോൾ ആ സുഹൃത്തിന്റെ മുന്നിൽ വച്ചു തന്നെ പറയേണ്ടി വരും.
“ഈ നേരത്ത് ഇത്രയും കുടിച്ചിട്ട് വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല..”
അപ്പൊഴും വർഗ്ഗീസേട്ടൻ പറയും.
“ഇല്ലെടാ... ഞാനത്രയധികമൊന്നും കുടിച്ചിട്ടില്ല...”
അപ്പോൾ ഞങ്ങൾക്ക് അറുത്തു മുറിച്ച് പറയേണ്ടിവരും.
“ചേട്ടാ.. ഇതു നമ്മ്ടെ നാടല്ല. ഈ കണ്ടീഷനിൽ വണ്ടിയെടുക്കാൻ ഞങ്ങൾ സമ്മതിക്കണ പ്രശ്നമില്ല..”

വയറു നിറയെ ‘ഓസ്സിൽ കുടിച്ച് ’ ലവൽ തെറ്റി നിൽക്കുന്ന സ്വന്തം കൂട്ടുകാരന്റെ ‘ഓസിൽ വീട്ടിലെത്താമെന്ന’ മോഹത്തിനാണ് ഞങ്ങൾ ഒന്നടങ്കം കത്തിവച്ചിരിക്കുന്നത്. വയറ്റിൽ കിടക്കുന്ന വെള്ളത്തിന്റെ പുറത്ത് പുള്ളിക്കാരന്റെ സഹനശക്തിക്കും അപ്പുറത്താണത്. പെട്ടെന്നെഴുന്നേറ്റ് ഞങ്ങളോട് ചൂടായില്ലെങ്കിലല്ലേ അത്ഭുതമുള്ളു. പുള്ളിക്കാരൻ ചാടിയെഴുന്നേറ്റ് അലറും.
“ഡ്രൈവ് ചെയ്യണ വർഗ്ഗീസേട്ടന് കൊഴൊപ്പോല്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താടാ ചെറ്റകളെ കൊഴപ്പം....!!”
ഇതു കേട്ടതും ഞങ്ങളുടെ കൂട്ടത്തിലെ പരമ ചൂടന്മാർക്ക് സഹിക്കുമൊ...?
തൊട്ടടുത്ത നിമിഷം അവർ അയാളുടെ മേലേ ചാടിവീഴും...!!
പിന്നത്തെ പൂരം പറയണൊ....?!!

ഒരു കണക്കിന് ചൂടന്മാരെ പിടിച്ചു നിറുത്തി, കൂട്ടുകാരനെ കൊണ്ടുപോയി റോട്ടിലാക്കി, ടാക്സിയിൽ കയറ്റിവിടുന്നതു വരെയുള്ള ഞങ്ങളിൽ കുറച്ചു പേരുടെ കഷ്ടപ്പാട് പിന്നീട് പറഞ്ഞ് ചിരിക്കുമ്പോൾ കൂട്ടത്തിൽ വർഗ്ഗീസേട്ടനുമുണ്ടാകും ചിരിക്കാൻ. അതറിയാവുന്നത് കാരണമാണ് ഞാൻ ഒന്നുകൂടി എടുത്തു ചോദിച്ചത്.
“അതു വേണോ വർഗ്ഗീസേട്ടാ... മാറിത്താമസിക്കണോ...?”
“അല്ലാതെ പറ്റില്ലെടാ... ഇനി വാടകയൊന്നും തരൂല്ല കമ്പനി. അതൊക്കെ കയ്യീന്നു മുടക്കേണ്ടി വരും...!”

പിറ്റേന്ന് വ്യാഴാഴ്ച വർഗ്ഗീസേട്ടനുള്ള ഞങ്ങളുടെ വക പാർട്ടിയായിരുന്നു.
എല്ലാവരും അന്ന് കുടിച്ച് കൂത്താടി. പാട്ടും നൃത്തവും അരങ്ങു കൊഴുപ്പിച്ചു. ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു. ഇനി ഇങ്ങനെ ഒരു പാർട്ടി ഈ ഫ്ലാറ്റിൽ അരങ്ങേറില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതു കൂടി ചേർത്തുള്ള ഒരു കലാശക്കൊട്ടലായി ആ പാർട്ടി മാറി. ബീയർ ബ്ലാക്കിൽ കൊണ്ടു വരുന്ന ശ്രീലങ്കക്കാരൻ സൈക്കിൾ ചവിട്ടി ക്ഷീണിച്ച് ‘ഇനി സാധനം സ്റ്റോക്കില്ലാട്ടൊ’ന്നു പറഞ്ഞ് രക്ഷപ്പെട്ടു.

വെളൂക്കാറായപ്പോഴേക്കും എല്ലാവർക്കും കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വിശാലമായ ഹാളിൽ തലങ്ങും വിലങ്ങും വെട്ടിയിട്ട വാഴത്തടകൾ പോലെ ചലനമറ്റ കുറേ ശരീരങ്ങൾ നീണ്ടു നിവർന്നും വളഞ്ഞൊടിഞ്ഞും ഒരു യുദ്ധക്കള ത്തിന്റെ പ്രതീതി ജനിപ്പിച്ചു...!!!!
അന്നു വെള്ളിയാഴ്ച വൈകുന്നേരം വർഗ്ഗീസേട്ടൻ ആ ഫ്ലാറ്റിനോട് വിട പറഞ്ഞു.

നമ്മുടെ ചില നല്ല സ്വഭാവവിശേഷങ്ങൾ മറ്റുള്ളവർ പാടിപ്പുകഴ്ത്തിയാലും, നമ്മൾക്ക് തന്നെ പാരയായി മാറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുള്ളവരല്ലെ മിക്കവരും. പ്രത്യേകിച്ച് പ്രവാസികൾ....!
അനിവാര്യമായത് സംഭവിക്കുന്നതിനു മുൻപ് പല മുന്നറിയിപ്പുകളും നമ്മൾക്ക് കിട്ടും.
നാമത് സ്വാഭാവികതയോടെ തന്നെ അവഗണിക്കും.
പിന്നെ, എത്ര ശ്രദ്ധിച്ചാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ....!!!?’

ബാക്കി അടുത്ത പോസ്റ്റിൽ....

23 comments:

രമേശ്‌ അരൂര്‍ said...

ആദ്യ പകുതിയില്‍ രാജിവയ്ക്കാനുള്ള തീരുമാനവും രണ്ടാം പകുതിയില്‍ വര്‍ഗീസ്‌ ചേട്ടന്റെ വീട് മാറല്‍ പാര്‍ട്ടിയും ..രണ്ടും അങ്ങോട്ട്‌ അറ്റം വരെ എത്തിക്കാതെ നിര്‍ത്തിക്കളഞ്ഞല്ലോ (എന്തായി എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണേ ..:)

മൻസൂർ അബ്ദു ചെറുവാടി said...

പ്രവാസ ചിത്രങ്ങള്‍ വീകെ വരക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ് .

keraladasanunni said...

നല്ല ഒഴുക്കുള്ള എഴുത്ത്. ഇഷ്ടപ്പെട്ടു.

ദിവാരേട്ടN said...

"പിന്നെ അടച്ചുപൂട്ടാൻ സമയവും കാത്തിരിക്കുന്ന ഈ സ്ഥാപനവും"

നല്ല വിലയിരുത്തല്‍ .
എന്തായാലും മുന്നോട്ട് പോട്ടെ.....

African Mallu said...

നല്ല വിവരണം .ഓഫീസ് വിശേഷങ്ങളും സുഹൃദ് ബന്ധങ്ങളും എല്ലാം നിറഞ്ഞ പോസ്റ്റ്‌

വിനുവേട്ടന്‍ said...

രമേശ്‌ജി പറഞ്ഞത് പോലെ രണ്ട് സംഭവങ്ങളും എവിടെയുമെത്തിയില്ലല്ലോ മാഷേ... എന്തായാലും പ്രീയപ്പെട്ട ബോസ് സ്ഥാനം മാറിപ്പോകുന്നത് ഒരു ഇരുട്ടടി തന്നെയാണ്... അനുഭവമുള്ളത് കൊണ്ട് ഞാനത് പൂർണ്ണമായും അംഗീകരിക്കുന്നു...

അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നുട്ടോ...

ajith said...

ഇതെല്ലാം കൂടി ഒരു പുസ്തകമാക്കാന്‍ വല്ല സാദ്ധ്യതയുമുണ്ടോ...?

വി കെ. said...

രമേശ് അരൂർ: അത് ഒരു ദിവസത്തെ കഥയല്ലെ. അപ്പോൾ അങ്ങനെയല്ലെ പറയാനാവൂ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ചെറുവാടി:വായനക്ക് വളരെ നന്ദി.
കേരളദാസനുണ്ണി:വായനക്ക് നന്ദി.

ദിവാരേട്ടൻ: ബോസ്സ് വന്ന് ചാർജ്ജ് എടുക്കുന്ന നേരത്തുള്ള അവസ്ഥ അതായിരുന്നു മാഷേ. വായനക്കും അഭിപ്രായത്തിനും നന്ദി.

ആഫ്രിക്കൻ മല്ലു: ഘാനേന്ന് ഇവിടം വരെ വന്നൂല്ലൊ. പെരുത്ത് സന്തോഷം. നന്ദി.

വിനുവേട്ടൻ: നമ്മുടെ കയ്യിണക്കിന് ഒത്തു കിട്ടുന്ന ഏതു സാധനവും നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന വളരെ വലുതായിരിക്കില്ലെ. ഏതാണ്ട് അതു പോലെ തന്നെയാണ് ഇതെന്നും എനിക്കു തോന്നുന്നു. ഇനി പുതിയതായി വരുന്നവൻ നമ്മളെ മറ്റൊരു രീതിയിലായിരിക്കും കൈകാര്യം ചെയ്യുക.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

അജിത്: അതൊക്കെ വല്യ വല്യ കാര്യങ്ങളല്ലെ മാഷെ. അതിനു തക്ക സംഗതികളൊക്കെ എന്റെ എഴുത്തിലുണ്ടോന്നു സംശയമാണ്. അഭിപ്രായത്തിനു വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തവണ ഡബ്ബിൾ ആകാംക്ഷയാക്കിയിട്ടാണ് പിൻ വലിയൽ അല്ലേ...ഭായ്

പഥികൻ said...

സസ്പെന്‍സ് ..സസ്പെന്‍സ്..
പതിവ് പോലെ നന്നായി ...ലളിതമായ ഭാഷ...
സസ്നേഹം,
പഥികൻ

Lipi Ranju said...

'വഴിയില്‍ തങ്ങാതെ വന്നത്' എന്തായിരുന്നൂന്നറിയാന്‍ ആകാംഷയായിട്ടോ...

jyo.mds said...

വരാനുള്ളത് നന്മയാവട്ടെ എന്ന് ആശംസിക്കുന്നു.

mini//മിനി said...

അനുഭവങ്ങൾ പകരുന്ന കഥ വല്ലരെ നന്നായിരിക്കുന്നു, വായിക്കാൻ സുഖമുണ്ട്.

krishnakumar513 said...

ഡബിള്‍ സസ്പെന്‍സ് ആണല്ലോ വീ കെ

വീകെ said...

ബിലാത്തിച്ചേട്ടൻ:
പഥികൻ:
ലിപി രഞ്ജൂ:
ജ്യൊ:
മിനി ടീച്ചർ
കൃഷ്ണകുമാർ : നിങ്ങളുടെ എല്ലാവരുടേയും വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി.

Unknown said...

വായിക്കാറുണ്ട്.... അഭിപ്രായം പറയാറില്ല... ആരോടും...
ഇന്ന് വീണ്ടും തോന്നി അജ്ഞാതവാസം അവസാനിപ്പിക്കാന്‍.................
പ്രവാസ ജീവിതത്തിന്റെ ചിത്രങ്ങള്‍ വരച്ചുകാട്ടിത്തരുന്ന ഈ തൂലിക (ക്ഷമിക്കണം.. കീ ബോര്‍ഡ്) ഇനിയും മുന്നോട്ടുപോവട്ടെ.... അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ അശോക്

ദേ ഇവിടെ നോക്കുമല്ലൊ
Current Issue Oct 14-21(WEEK 42)

https://sites.google.com/site/bilathi/vaarandhyam

കുസുമം ആര്‍ പുന്നപ്ര said...

ഉള്ളതു പറയാമല്ലോ മാഷേ... ഒരു കഥപോലെ നല്ല ഒഴുക്കോടെ വായിച്ചു. കഥയെക്കാളും ഒക്കെ എന്തു രസം ഈ പച്ചയായ ജീവിതത്തിന്‍റ ഒരു പറച്ചില്‍. പോസ്റ്റിടുമ്പോളൊരു മെയിലു തരാന്‍ മറക്കരുത്.

Akbar said...

നല്ല അവതരണം, മുന്‍ പോസ്റ്റുകള്‍ വായിച്ചില്ല. ഇനി പിന്തുടരാം.

Pradeep Kumar said...

രസകരമായ വായന. ഒരു ദിവസം നടന്ന സംഭവമാണ് രണ്ടും എന്ന് അറിഞ്ഞതുകൊണ്ട് ആശയക്കുഴപ്പം ഉണ്ടായില്ല.ഇനിയും തുടരുക.

Anonymous said...

Thanks a lot for writing such an interesting blog. You must publish this as book...

വീകെ said...

രജനീഗന്ധി: ആദ്യമായിട്ടുള്ള ഈ വരവിനു വളരെ നന്ദി അറിയിക്കട്ടെ. എഴുതാൻ കഴിയുന്നവർക്ക് എത്രകാലം ഒളിച്ചിരിക്കാനാകും...?
ഒരിക്കൽ കൂടി നന്ദി.

ബിലാത്തിച്ചെട്ടൻ: ‘ബിലാത്തി മലയാളി’യിൽ എന്റെ ബ്ലോഗിന്റെ ലിങ്കക്കൊടുത്തതിന് വളരെ വളരെ നന്ദിയുണ്ട്.
എന്റെ സന്തോഷവും അറിയിക്കുന്നു.

കുസുമം ആർ പുന്നപ്ര: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

അക്ബർ: ഇവിടെ വരാൻ തോന്നിയ നല്ല മനസ്സിന് നന്ദി.

പ്രദീപ് കുമാർ: ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

അനോണി: കാണാമറയത്താണെങ്കിലും ഇവിടെ വന്ന് വായിക്കാനും അഭിപ്രായം പറയാനും മനസ്സു കാണിച്ചതിന് വളരെ നന്ദി.

Typist | എഴുത്തുകാരി said...

വായിച്ചു. അടുത്തതിനായി കാത്തിരിക്കുന്നു.