സമ്പാദ്യം.
“ഹലോ.. മാനോജെ ഞാനാ...”
“എന്തേയ്...? ങാ.. ഇന്നലെ പറഞ്ഞോടത്ത് പോകാനാ..”
“അതേ.. മറന്നു പോയോ...?”
“ഓർമ്മിപ്പിച്ചത് നന്നായി. ഞാനിതാ എത്തിക്കഴിഞ്ഞു. റെഡിയായിക്കോ..”
ഞാൻ റെഡിയായപ്പോഴേക്കും മനോജ് വണ്ടിയുമായി എത്തി.
ഇന്നു വെള്ളിയാഴ്ച ആയതുകൊണ്ട് ഒഴിവാണ്. തോമസ്സ് അച്ചായൻ താമസം മാറ്റുന്നുവെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ആണെങ്കിൽ ഞാനും സാധനങ്ങൾ മാറ്റാൻ കൂടാമെന്നു പറഞ്ഞിരുന്നതാ.
ഓടിക്കൊണ്ടിരിക്കുമ്പോൾ മനോജ് ചോദിച്ചു.
“ആരുടെ അടുത്തേക്കാ പോണത്..?”
“എന്റെ നാട്ടുകാരൻ ഒരു അച്ചായനില്ലെ.. അന്നന്നെ എയർപ്പോർട്ടിൽ നിന്നും എടുത്തോണ്ടു വന്നില്ലേ...”
“ആ... മനസ്സിലായി.. തോമസ്സ്.”
“അതേ...തോമസ്സച്ചായൻ. അച്ചായൻ അവിടന്ന് താമസം മാറ്റാണെന്ന് പറഞ്ഞിരുന്നു. ഈ മാസത്തെ അവസാന വെള്ളിയാഴ്ച ആയതു കൊണ്ട് ഇന്നു മാറുമെന്നാ പറഞ്ഞത്. അറിഞ്ഞ സ്ഥിതിക്ക് ഒന്നു ചെന്ന് നോക്കേണ്ടതല്ലെ...”
കാറിലിരിക്കുമ്പോൾ തോമസ്സച്ചായനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.
എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്. സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാനായി വീട്ടുകാരെയെല്ലാം വെറുപ്പിച്ചു. വിവാഹശേഷം ഒറ്റപ്പെട്ടു പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടി. രണ്ടു പേരുടേയും ബന്ധുക്കളൊക്കെ മുഖം തിരിച്ചു നിന്നപ്പോഴും കൂട്ടുകാരുടെ സഹായത്തോടെ നാട്ടിൽ തന്നെ ഒരു വീടിന്റെ മുറി വാടകക്കെടുത്ത് ജീവിതം തുടങ്ങി.
ജീവിതം തുടങ്ങി അധികം താമസിയാതെ തന്നെ മനസ്സിലായി വിചാരിച്ചതു പോലെ അതത്ര എളൂപ്പമല്ലന്ന്.
പിന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി മാത്രമല്ല സാമ്പത്തികമായി വളരെ ഉയർന്ന ഭാര്യാവീട്ടുകാരോടൊപ്പം നിൽക്കാനുള്ള വാശിയാണ് അച്ചായനെ ഇവിടെ എത്തിച്ചത്.
ആദ്യത്തെ കുറച്ചു വർഷം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പിന്നെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി. കഷ്ടപ്പാടുകൾ നിറഞ്ഞ ആ ജീവിതകാലത്താണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും കുറച്ചു കാലം ഒരുമിച്ച് ജീവിക്കുന്നതും. പിന്നെയാണ് ഭാര്യയെ കൊണ്ടു വരുന്നതിനായി ഞങ്ങൾ തമ്മിൽ പിരിഞ്ഞത്. പിന്നെയും വളരെ കാലം ഞങ്ങൾ ബന്ധപ്പെട്ടിരുന്നെങ്കിലും പരസ്പ്പരമുള്ള പോക്കു വരവുകൾ കുറവായിരുന്നു. ഇന്നിപ്പോൾ ഏഴും നാലും വയസ്സുള്ള രണ്ടു പെൺകുട്ടികളൂടെ തന്തയും.
അവിടെ ചെല്ലുമ്പോൾ ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു അച്ചായൻ. വളരെ കാലം കാണാതിരുന്ന സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയതു പോലായിരുന്നു. ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആശംസകൾ കൈ മാറി. പുള്ളിക്കാരന്റെ ഭാര്യ ‘എൽസി’ നേഴ്സ് ആണ്. അവർ ഡ്യുട്ടിക്ക് പോയിരുന്നതു കൊണ്ട് കാണാനായില്ല. കുട്ടികൾ രണ്ടു പേരും ഉണ്ടായിരുന്നു. അവർക്കായി ചോക്ലേറ്റും മറ്റും ഞങ്ങളുടെ കൈ വശം കരുതിയിരുന്നു. വീട്ടു സാധനങ്ങളൊന്നും അടുക്കിക്കെട്ടി വക്കാനുള്ള പുറപ്പാടൊന്നും കാണാത്തതു കൊണ്ട് ഞാൻ ചോദിച്ചു.
“വീട് മാറുന്നുവെന്ന് പറഞ്ഞിട്ട്....”
“മാറുന്നുണ്ട്. സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു മാറ്റാനായി കോൺട്രാക്റ്റിങ് കമ്പനിക്കാരെ ഏൽപ്പിച്ചു. അവർ നാളെ വന്ന് എല്ലാം ചെയ്തോളും.”
ഞാൻ പറഞ്ഞു.
“ഈ വീട് മാറ്റമെന്നു പറഞ്ഞാൽ, ഇത്രേം പൊല്ലാപ്പു പിടിച്ച ഒരു പണിയില്ല.”
“അതുകൊണ്ട് തന്നെയാ അവരെ ഏൽപ്പിക്കാമെന്നു വച്ചത്.”
സംസാരിച്ചിരിക്കുമ്പോഴാണ് ഞാനാ വീടൊന്ന് ശ്രദ്ധിച്ചത്.
സ്വീകരണമുറി ശരിക്കും ഒരു അറബിക് സ്റ്റൈൽ എന്നു പറയാനാവില്ലെങ്കിലും അതിന്റെ ധാരാളിത്തം വിളിച്ചോതുന്നുണ്ടായിരുന്നു. വില കൂടിയ സെറ്റി. മറ്റ് അലങ്കാര വസ്തുക്കൾ. 40 ഇഞ്ചിന്റെ എൽസീഡി ടീവി.
എന്റെ ഒരു സംശയം തീർക്കാനായിട്ടാണ് അങ്ങനെ ഒരു ചോദ്യം എടുത്തിട്ടത്.
“അച്ചായാ... ഇത് കമ്പനി ഫ്ലാറ്റാ..?”
“ഹേയ്.. കമ്പനി ഇതിന്റെ പാതി തരും. ബാക്കി കയ്യീന്നെടുക്കണം..”
ഞാനവിടന്നെഴുന്നേറ്റ് അവിടമാകെ ഒന്നു കറങ്ങി. പിന്നെ ഓരോ മുറിയിലേക്കും കടന്നു. കുട്ടികളുടെ മുറിയിലെ ചുമരിൽ തുക്കിയ മുപ്പത്തിരണ്ടിഞ്ച് ടീവിയിൽ കാർട്ടൂൺ കണ്ടിരിക്കുകയാണ് കുട്ടികൾ. അച്ചായനെ നേരത്തെ അറിയാമായിരുന്നതു കൊണ്ട് എനിക്കാ സെറ്റപ്പ് വിശ്വസിക്കാനായില്ല. അത്രയും ആർഭാടം നിറച്ച ഒരു വീടായിട്ടാ എനിക്കു തോന്നിയത്. എന്നേപ്പോലുള്ളവർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല. എല്ലാം കണ്ടതിനു ശേഷം ഞാൻ വീണ്ടും വന്നിരുന്നു.
സ്വീകരണമുറിയിലെ ചുമരിൽ തൂക്കിയ നാൽപ്പത് ഇഞ്ചിന്റെ എൽസിഡി ടീവിയിൽ സീപീയെമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ്സിന്റെ ലൈവ് പൊടിപൊടിക്കുന്നു. ചുമരാകെ ചുമപ്പു മയം. ഞങ്ങൾ അതും നോക്കിയിരിക്കേ അച്ചായൻ ചായയും പലഹാരങ്ങളുമായി വന്നു. സ്ക്രീനിൽ നോക്കിയിരുന്ന ഞങ്ങളുടെ സംഭാഷണം സ്വാഭാവികമായും രാഷ്ട്രീയത്തിലേക്ക് വീണു. പഴയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അച്ചായന്, വീയെസ്സിനോട് പാർട്ടി നീതി കാണിച്ചില്ലെന്ന് പറഞ്ഞ് ഒരു ചൂട്.
‘ക്യാപ്പിറ്റൽ പണിഷ്മെന്റ്, പുറത്താക്കണം എന്നൊക്കെ കേട്ടപ്പോൾ അച്ചായന് കലി കയറി.
“ഇന്നലത്തെ മഴയിൽ കൊരുത്തവന്മാരാ ഈ കിടന്നു കൂവുന്നത്...”
വീയെസ്സ് നടന്നു വരുമ്പോൾ ഗ്യാലറിയിൽ നിന്നുയർന്ന ആരവം കേട്ടിട്ട് മനോജ് പറഞ്ഞു.
“അച്ചായാ.. തീയ്യിൽ കൊരുത്തതാ, അതീ കുഞ്ഞു വെയിലത്തൊന്നും വാടൂല്ല...”
ഞങ്ങൾ പോരാനായി എഴുന്നേറ്റപ്പോളാണ് അച്ചായനോട് ഞാനാ അസുയ നിറഞ്ഞ ചോദ്യം ചോദിച്ചത്.
“അച്ചായാ.. ഞാനൊരു അസൂയ പറയട്ടെ... വിഷമാവൂല്ലല്ലൊ...?”
അച്ചായനത് തമാശയായി തോന്നിക്കാണും. ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
“ങൂം.. പറയ്... നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടൊ..?”
“എങ്കിൽ പറയട്ടെ.. ഇത്രയും ആർഭാടത്തിന്റെ ആവശ്യമുണ്ടൊ...? ഇവിടെ വരുന്നതിനു മുൻപുള്ള ആ പഴയ കാലം മറന്നു പോയോ..?”
ഒരു നിമിഷം കഴിഞ്ഞിട്ടാണ് അച്ചായൻ മറുപടി പറഞ്ഞത്.
“അത്.. എല്ലാവരോടുമുള്ള ഒരു പ്രതികാരമാണ്. ഞാൻ വിവാഹം കഴിച്ച സാഹചര്യം അറിയാല്ലൊ. ബന്ധുക്കളായി ഒരാളുമുണ്ടായില്ല ഒരു കൈ സഹായത്തിന്. അവളിവിടെ എന്നോടൊപ്പം ഒരു രാജകുമാരിയേപ്പോലെ ജീവിക്കണം.”
“ശരി. തന്റെ ആഗ്രഹങ്ങളോട് എനിക്കെതിർപ്പില്ല. പക്ഷേ, ഇതു കാണാൻ പണക്കാരായ തന്റെ ഭാര്യാവീട്ടുകാര്‍ ഇവിടെയില്ലല്ലൊ. പിന്നെ ആരെക്കാണിക്കാനാ..? ഇതു നാട്ടിൽ ഒരു വീടു വാങ്ങിയിട്ടാണ് കാട്ടിക്കൂട്ടുന്നതെങ്കിൽ താൻ പറഞ്ഞത് ശരി. അല്ല, ഞാൻ ചോദിക്കാൻ മറന്നു. നാട്ടിൽ വീട് വാങ്ങണമെന്നു പറഞ്ഞിട്ടെന്തായി...?”
“ഈ വെക്കേഷന് പോകുമ്പോൾ ഒരെണ്ണം നോക്കണം..”
“താനിതു പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി...”
“അങ്ങനെയല്ല. ഇപ്രാവശ്യം ഞാൻ വാങ്ങിയിരിക്കും...”
“ഈ ഫ്ലാറ്റ് നല്ല സൌകര്യമുള്ളതാണല്ലൊ. പിന്നെ മാറുന്നതെന്തിന്..?”
“ഇവിടത്തെ പ്രശ്നങ്ങളറിയില്ലെ..? റോട്ടിൽ മുഴുവൻ തടസ്സങ്ങളുണ്ടാക്കി, തീയിട്ട്... എവിടെയൊക്കെയോ നമ്മളെ ആക്രമിക്കാനും തുടങ്ങിയെന്നു കേൾക്കുന്നു.”
“അക്കാര്യത്തിൽ ഞങ്ങളും അങ്കലാപ്പിലാണ്....”
“ഈ ഏരിയായിൽ സന്ധ്യ മയങ്ങിയാൽ പിന്നെ റോഡിൽ പോലും ഒരാളില്ല. എന്തോ ഒരു പേടിയാ... അതുകൊണ്ടാ കുറച്ചു സെയ്ഫായ ഒരിടത്തേക്ക് മാറാമെന്ന് കരുതിയത്..”
“എവിടെയാണീ സേഫ്..? അവിടേയും പ്രശ്നങ്ങളുണ്ടാവില്ലെന്നെന്താ ഉറപ്പ്..?”
“ഇവിടത്തെ ഈ അവസ്ഥകൂടി മനസ്സിൽ വച്ചിട്ടാ തന്റെ ഈ ആർഭാടത്തെക്കുറിച്ച് പറഞ്ഞത്. എപ്പൊഴാ എന്താ സംഭവിക്കാന്ന് പറയാനാവില്ല.”
“നീ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പേടിപ്പിക്കല്ലെ...!”
“ഞാൻ പേടിപ്പിച്ചതല്ല. അനുഭവങ്ങൾ നമ്മുടെ മുൻപിലില്ലെ. കുവൈറ്റ്..!
എല്ലാ സൌകര്യങ്ങളോടെയും ഉറങ്ങാൻ കിടന്ന ജനതയാ നേരം വെളുത്തപ്പോൾ ഒന്നുമില്ലാത്തവരായത്...! ഉടുതുണിക്ക് മറുതുണി പോലുമില്ലാതെയാ നാളുകൾക്ക് ശേഷം ജീവഛവങ്ങളായി നമ്മുടെ ആളുകൾ നാട്ടിൽ വന്നിറങ്ങിയത്...!
പിന്നെയും സർക്കാരിന്റേതുൾപ്പടെ എത്രയോ പേരുടെ സഹായങ്ങൾ വേണ്ടിവന്നു വീട്ടിലെത്താൻ...!
പിന്നെയുമില്ലെ ഉദാഹരണങ്ങൾ... ഇറാക്ക്. ലിബിയ, ടുണീഷ്യ, ഈജിപ്ത്...!!
അച്ചായൻ കുറച്ചു നേരം ഞങ്ങളെ നോക്കി മൂകമായിരുന്നു. പിന്നെ ചോദിച്ചു.
“അങ്ങനെ ഇവിടെ സംഭവിക്കുമോ....?”
“അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ...
എനിക്കൊന്നേ പറയാനുള്ളു. നമ്മൾ എവിടെ ജീവിച്ചാലും ‘സമ്പാദ്യം’, അത് നാട്ടിൽ മാത്രം.”
ഉത്തര- ഉത്തരാധുനികത - 14 /എം.കെ.ഹരികുമാർ
-
*ഭാവുകത്വത്തിൻ്റെ അദൃശ്യത *
ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും വൈകാരികക്ഷമതയ്ക്കോ
ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും...
15 hours ago
25 comments:
നമ്മൾ എവിടെ ജീവിച്ചാലും ‘സമ്പാദ്യം’, അത് നാട്ടിൽ മാത്രം.”
ഇതു കഥയല്ല കാര്യമല്ലെ?
നമ്മുടെ ഇവിടത്തെ അവസ്ഥയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കഥയില്‍ കാര്യമുണ്ട് വീകെ.
നന്നായി പറഞ്ഞു.
അതെ ..സത്യം
ഇപ്പോഴുള്ള അവസ്ഥാവിശേഷങ്ങളിൽ നമ്മുടെ നാടീനെയല്ലാതെ മറ്റൊരു നാടിനേയും നമ്പിക്കൂടാ..
നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ അശോക്
എനിക്കെന്താണാവോ എല്ലാക്കാര്യങ്ങളിലും വിരുദ്ധാഭിപ്രായം....ഒരു പക്ഷേ അല്പം കൂടി തിരിച്ചറിവാകുമ്പോൾ അഭിപ്രായവും മാറുമായിരിക്കും അല്ലേ....
സസ്നേഹം,
പഥികൻ
മനസ്സ് പലപ്പോഴും ആര്‍ഭാടത്തിന് പുറകെ ഓടും എന്നിട്ട് ആര്‍ഭാടം കാണിക്കുന്നവരെ എതിര്‍ക്കും. പിടിച്ചാല്‍ പിടി തരാതെ ഓടുന്ന മനസ്സാണ് ഇന്ന് എല്ലായിടത്തും, അതിന് സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും.
കാര്യം മാത്രമുള്ള കഥ !
“എവിടെയാണീ സേഫ്..? അവിടേയും പ്രശ്നങ്ങളുണ്ടാവില്ലെന്നെന്താ ഉറപ്പ്..?”
ഇൻഡ്യാഹെറിറ്റേജ്: മൺസൂർ ചെറുവാടി:
ബിലാത്തിച്ചേട്ടൻ: പഥികൻ: പട്ടേപ്പാടം റാംജി: രമണിക: എല്ലാവർക്കും നന്ദി.
കാര്യം തന്നെ! :-)
കഥയില്ലായ്മകള്‍..!!
ഒരു പരിധി വരെ സത്യം തന്നെ ..
പിന്നെ എവിടെയായാലും എല്ലാം ദൈവ നിശ്ചയം പോലെ വന്നു ഭവിക്കും ..
പരിപ്പുവടയില്‍ നിന്ന് ചിക്കന്‍ ബിരിയാണിയി ലേക്കുള്ള പരിണാമം തോമസ്സച്ചായന്റെ മാത്രമല്ല, പാര്‍ട്ടി നേതാക്കളുടെ കൂടിയല്ലേ.
ന്യായീകരണങ്ങള്‍ എങ്ങിനെയും കണ്ടെത്താം. പറയുന്ന നമ്മളായാലും അങ്ങിനെയൊക്കെ തന്നെയാവും.
നന്നായി അവതരിപ്പിച്ചു.
ഞാൻ ഗന്ധർവ്വൻ:
സഹയാത്രികൻ:
അജിത്:
വേണുഗോപാൽ: താൻ പാതി ദൈവം പാതി എന്നാണല്ലൊ. നമ്മൾ ചെയ്യാനുള്ളത് ചെയ്യുക. ബാക്കി ദൈവത്തിനു വിടുക.
സലാം: പണ്ടത്തെ മുറിബീഡിക്കാർക്ക് ഒന്നുമില്ലായ്മയിൽ നിന്നും ഒരു പ്രസ്ഥാനത്തെ കെട്ടിപ്പെടുക്കണമായിരുന്നു. ഇന്നത്തെ ബിരിയാണിക്കാർക്ക് നേതാവായി നയിക്കൽ മാത്രം.
എല്ലാവർക്കും വളരെ നന്ദി.
അശോകൻ മാഷേ... എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെയാണിത്... യൂറോപ്പിലോ അമേരിക്കൻ ഭൂഖണ്ഡത്തിലോ ഉള്ളവർക്ക് ചിലപ്പോൾ ഇതിന്റെ ഗൌരവം അത്ര തന്നെ മനസ്സിലായി എന്ന് വരില്ല... മദ്ധ്യപൂർവ്വേഷ്യയിലെ പ്രവാസികൾക്ക് ഒരു കരുതൽ എന്തുകൊണ്ടും നല്ലതാണ്...
kadhayalla pachayaya yadarthyangal........ bhavukangal.... pinne blogil puthiya post ... PRITHVIRAJINE PRANAYIKKUNNA PENKUTTY.......... vayikkane.........
ഉവ്വ് കഥയല്ലിത്. നേരു,അല്ലെങ്കിലും അനുഭവമാണല്ലൊ കഥയാകുന്നത്.
അതേ...ശരിയാണ് ..സമ്പാദ്യം ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെയാകണം..
എവിടെ പോയാലും ഇവിടെ തിരിച്ചെത്തണമല്ലോ, അല്ലേ!
പറഞ്ഞത് അത്രയും കാര്യം പക്ഷെ ..നാട്ടിലും എന്ത് സേഫ്ടി ആണ് ഉള്ളത് ...
വിനുവേട്ടൻ: അങ്ങനെ നമ്മൾക്ക് ഇപ്പോൾ ചിന്തിക്കാം. അവിടങ്ങളിൽ ഒക്കെ പൌരന്മാരാക്കി മാറ്റിയാണ് വിദേശികളെ സംരക്ഷിക്കുന്നത്. അവിടത്തെ സാധാരണ ജനങ്ങൾ ഇതെല്ലാം അംഗീകരിക്കുന്നുവെന്ന് എത്രമാത്രം വിശ്വസിക്കാം..? അവരുടെ അവസരങ്ങൾ തട്ടിയെടുക്കാൻ വന്നവരായി ഒരു ദിവസം നമ്മളെ ചിത്രീകരിക്കുകയില്ലെന്ന് എന്താണ് ഉറപ്പ്...?
സമാധാനപ്രിയരായ ബ്രിട്ടീഷുകാർ പോലും മൃഗങ്ങളായി മാറിയത് ഈയിടെ നമ്മൾ കണ്ടതല്ലെ.
ഒരു പ്രശ്നം വരുമ്പോൾ ഇൻഡ്യാമഹാരാജ്യത്തിനകത്തും പരസ്പ്പരം തിരിയുമെന്ന് ഈയിടെ തമിഴ്നാട് മുല്ലപ്പെരിയാർ വിഷയത്തിൽ നമ്മളെ മനസ്സിലാക്കിത്തന്നില്ലെ.
അതുകൊണ്ട് ഒരു പിടി മണ്ണെങ്കിലും നമ്മുടേതായി, നമ്മുടെ സമ്പാദ്യമായി, നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് അവസാന നിമിഷം ഒന്നോടി അണയാൻ ഉപകരിക്കില്ലെ..? നന്ദി.
ജയറാം മുരുക്കുംപുഴ: നന്ദി.
മുല്ല: നന്ദി.
രഘുനാഥൻ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.
എഴുത്തുകാരി: നന്ദി.
ആഫ്രിക്കൻ മല്ലു: സ്വർണ്ണമായി സൂക്ഷിക്കുമ്പോളല്ലെ പേടിക്കേണ്ടതുള്ളു. ഒരു പിടി മണ്ണായോ, കടയായൊ, വീടായൊ ഒക്കെ സമ്പാദിക്കാമല്ലൊ. നന്ദി.
വളരെ വിവേകപൂര്‍ണ്ണമായ കാഴ്ചപ്പാടാണിത് വീകെ.എല്ലാ ആശംസകളും...
യഥാര്‍ത്ഥ ജീവിതം തന്നെ വരച്ചു കാട്ടിയത്. എവിടെ ജീവിച്ചാലും സമ്പാദ്യം, അത് നാട്ടില്‍ മാത്രം. എന്ന വാക്യം കലക്കി.
കൃഷ്ണകുമാർ:
ഷുക്കൂർ: രണ്ടു പേർക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ഒന്നും പറയാതെ പോയവർക്കും ഒത്തിരി ഒത്തിരി നന്ദി.
ഭൂരിഭാഗം പ്രവാസികളും ജീവിക്കുന്നത് തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണു.സ്വന്തം സ്വപ്നങ്ങളും, സുഖങ്ങളും ത്യജിച്ച് കുടുംബത്തിന് വേണ്ടി അവര്‍ ജീവിക്കുന്നു.നാളെ കയ്യില്‍ ഒന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന അവസ്ഥയെക്കുറിച്ച് ആരും ബോധവന്മാരല്ല.ഇല്ലാത്ത കാശ് ഉണ്ടാക്കി മണിമാളികകള്‍ പണിയുന്ന പലരും പിന്നീട് കുറേക്കാലം ജോലി ചെയുന്നത് ആ കടം വീട്ടാന്‍ വേണ്ടി മാത്രമായിരിക്കും. അവസാനം ചിലപ്പോള്‍ ആ മണിമാളിക മാത്രം ബാക്കിയാകും! അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി; നാട്ടില്പോയാലും ജീവിച്ചു പോകാന്‍ കഴിയുന്ന ഓരു വരുമാന മാര്‍ഗം തുറക്കുന്ന എന്തിലെകിലും നമ്മുടെ കാശ് നിക്ഷേപിക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഖേദിക്കേണ്ടി വരും.
Post a Comment