കഥമാത്രം....
(ഇതൊരു സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാതൊരു ബന്ധമില്ല.)
സരിതയുടെ മോബൈലിൽ അങ്ങനെ ഒരു മിസ്കാൾ വന്നപ്പോൾ അത്ര ഗൌനിക്കാൻ പോയില്ല. അഛനും അമ്മയും മോബൈൽ വാങ്ങിത്തന്നപ്പോൾ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പരിചയമില്ലാത്ത നമ്പറാണെങ്കിൽ അറ്റെന്റ് ചെയ്യരുതെന്ന്. അതു കൊണ്ടു തന്നെ അത്തരം കാളുകൾ അവഗണിക്കുകയായിരുന്നു പതിവ്. ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ അത്തരം കാളുകൾ ഉണ്ടാവാറില്ല.
പക്ഷേ, ഇത് കുറച്ചു ദിവസമായിട്ട് ഒരേ നമ്പറിൽ നിന്നു തന്നെ കാൾ വന്നു കൊണ്ടിരുന്നത് വല്യ ശല്യമായി തോന്നിയെങ്കിലും പിന്നീട് അതിനോട് എന്തോ ഒരിത് തോന്നി. കാരണം ആ നമ്പർ തന്റെ മനസ്സിൽ കാണാപ്പാഠമായിരിക്കുന്നു. ആദ്യം ഒന്നോ രണ്ടോ റിങ്ങിലവസാനിച്ച മിസ്കാളുകളായിരുന്നു. പിന്നെപ്പിന്നെ റിങ്ങിന്റെ നീളം കൂടിക്കൂടി വന്നു..
ആരായിരിക്കും...?
ഒരു പക്ഷെ,തന്റെ കൂട്ടുകാരികളിൽ ആരെങ്കിലും ആയിരിക്കുമോ...?
ഒന്നെടുത്തു നോക്കിയാലോ...?
എന്നിട്ടും സരിത മടിച്ചുനിന്നു.
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം പൊടുന്നനെ ആ കാൾ വരാതായി. ആ കാൾ വരാതായതോടെ സരിതക്ക് എന്തൊ ഒരു അസ്വസ്തത അനുഭവപ്പെട്ടു. ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ആകെ ഒരു വിർപ്പുമുട്ടൽ. ഇടക്കിടക്ക് പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് സ്ക്രീനിലേക്ക് സുക്ഷിച്ചു നോക്കും. വീണ്ടും പോക്കറ്റിലിടും. ഇതുവരെ എടുക്കാത്ത ആ നമ്പറിനോട് എന്തൊ ഒരു ആകർഷിണിയത സരിതക്ക് തോന്നിത്തുടങ്ങിയിരുന്നു. വിളി വരാത്ത ആ രണ്ടു ദിവസം സരിത വല്ലാത്ത ശ്വാസം മുട്ടലിലായിരുന്നു. അങ്ങോട്ടു തിരിച്ചു വിളിച്ചാലോന്ന് പലവട്ടം ആലോചിച്ചതാണ്. അന്നേരം അമ്മയുടെ ഉപദേശം ഒർമ്മയിൽ വരും. പിന്നെ വേണ്ടെന്ന് വക്കും.
അന്നു രാത്രി കിടക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു സരിത. അഛനും അമ്മയും മുറിയിൽ നിന്നും പോയതേയുള്ളു. എന്നും അതാണ് പതിവ്. കിടക്കാൻ നേരം അഛനും അമ്മയും കൂടി സരിതയുടെ മുറിയിൽ വരും. കിടക്കയെല്ലാം കുടഞ്ഞ് വിരിച്ച് മകളെ കിടത്തി പുതപ്പിച്ചിട്ടെ അവർ പുറത്തിറങ്ങൂ. ആകെയൊരു മോളേയുള്ളു. ഇനിയൊരെണ്ണം മനപ്പൂർവ്വം വേണ്ടന്നു വച്ചിട്ടു തന്നെ. ഉള്ളതിനെ ആവശ്യമായതൊക്കെ കൊടുത്ത് നല്ല സൌകര്യത്തോടെ വളർത്തണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് കൊടുത്ത സ്വാതന്ത്ര്യം സരിത ഒരിക്കലും ദുരുപയോഗപ്പെടുത്തിയിട്ടുമില്ല. നല്ല ആത്മവിശ്വാസത്തോടെ ബുദ്ധിമതിയായി വളരുന്ന മകളെ ഓർത്ത് അഭിമാനിച്ചിരുന്നു അവർ.
അഛനും അമ്മയും പുറത്തു കടന്ന സമയത്തായിരുന്നു വീണ്ടും ആ ഫോൺകാൾ. സരിത തലയിണക്കടിയിൽ നിന്നും ഫോൺ പെട്ടെന്നെടുത്തു നോക്കി. അതേ നമ്പർ..!
ഒരു നിമിഷം ഒന്നു പകച്ചുവെങ്കിലും എടുക്കാൻ തന്നെ തീരുമാനിച്ചു. അതാരാണെന്നറിയാനുള്ള കാത്തിരിപ്പ് ഇനി വയ്യ. ആകാംക്ഷയും ചെറിയൊരു വിറയലും കാരണം ശരിരം പെട്ടെന്നു വിയർത്തു. അവൾ കാൾ ബട്ടണിൽ അമർത്തി പറഞ്ഞു.
“ഹലോ...” വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
“ഹലൊ... സരിതയല്ലെ...?”
അതൊരു പുരുഷശബ്ദമായിരുന്നു. പെട്ടെന്നു തന്നെ ഉത്തരവും കൊടുത്തു.
“അതെ..!” ഒന്നുമിനീരിറക്കിയിട്ട് സരിത ചോദിച്ചു.
“ആരാ...?”
“ഇപ്പോൾ ഉറങ്ങാൻ പോകാല്ലേ. കിടന്നോളു. ഞാൻ നാളെ വിളിക്കാം.”
“നിങ്ങൾ ആരാന്നു പറയൂ... പ്ലീസ്...”
അതിനു മറുപടി ഉണ്ടായില്ല. ഫോൺ കട്ടാകുകയും ചെയ്തു. ശ്വാസം കിട്ടാത്തതു പോലെ സരിത കിതച്ചു. പിന്നെ സരിതക്ക് ഉറങ്ങാനായില്ല. താൻ ഉറങ്ങാൻ പോകാണെന്നൊക്കെ എങ്ങനെ മനസ്സിലാക്കി. തന്നെ ശരിക്കും അറിയുന്ന ആളായിരിക്കുമോ..?
ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായി ദിവസവും കാണുന്നതും മുൻപു കണ്ടിട്ടുള്ളവരുമായ സകല യുവകോമളന്മാരും കണ്ണുകൾക്കു മുൻപിൽ വരുത്തി നോക്കി. തനിക്ക് ഇഷ്ടപ്പെട്ട പല മുഖങ്ങളും മുന്നിൽ വന്നെങ്കിലും, ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായില്ല. ആ ശബ്ദത്തിനുടമയെ ചുറ്റിപ്പറ്റി മധുരമുള്ള ദിവാസ്വപ്നങ്ങൾ അന്നു രാത്രി സരിതയെ ഉറങ്ങാൻ സമ്മതിച്ചില്ല.
നേരം വെളുത്ത് പ്രാഥമിക കാര്യങ്ങൾ ചെയ്യുമ്പോഴും മോബൈൽ കയ്യിൽ നിന്നും താഴെ വച്ചില്ല. ഒരു വിളിയ്ക്കായി അവൾ വല്ലാതെ ദാഹിച്ചു. അന്നു കോളേജിൽ പോയപ്പോൾ കണ്ട എല്ലാ മുഖങ്ങളിലും ഒരു കുസൃതിച്ചിരി ഒളിപ്പിച്ച് ആരെങ്കിലും തന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാവരും സാധാരണ പോലെയാണ് പെരുമാറിയത്. അന്നവന്റെ വിളി വരികയുണ്ടായില്ല. അവൾക്ക് ഭയങ്കര നിരാശ തോന്നി. സരിതക്ക് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. കോളേജിൽ നിന്നും വന്നതും അമ്മയോടുൾപ്പടെ സകലരോടും കാരണമില്ലാതെ തന്നെ ദ്വേഷ്യപ്പെടുന്നുണ്ടായിരുന്നു.
ഇനി വിളിച്ചാൽ മിണ്ടില്ലെന്നു വരെ തീർച്ചപ്പെടുത്തിയതാ. എന്നിട്ടും രാത്രിയിൽ കിടക്കുന്നതിനു മുൻപായി ആ വിളി വന്നപ്പോൾ ഒറ്റ റിങ്ങേ മുഴങ്ങാൻ സമ്മതിച്ചുള്ളു. അതിനുള്ളിൽ ഫോണെടുത്ത് ‘ഹലൊ..’ പറഞ്ഞു കഴിഞ്ഞിരുന്നു.
പിന്നെ എന്തു മറിമായമാ നടന്നതെന്നറിയില്ല. അവൾ വളരെ സന്തോഷവതിയായി. അന്നു മാത്രമല്ല പിന്നീടങ്ങോട്ട് ഏറ്റവും സന്തോഷവതിയായിട്ടേ അഛനും അമ്മയും അവളെ കണ്ടിട്ടുള്ളു. അവൾ കാണിക്കുന്ന അമിത സന്തോഷത്തിന്റെ കാരണമൊന്നും അഛനും അമ്മക്കും മനസ്സിലായതുമില്ല. അവളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം. അതിനുവേണ്ടിയാണ് തങ്ങൾ ജീവിക്കുന്നതും. അതിനാൽ മകളെ സംശയിക്കേണ്ട കാര്യമൊന്നും രണ്ടാൾക്കും തോന്നിയില്ല.
മുന്നു മാസം കടന്നു പോയി. കോളേജിൽ പോയ മകൾ വൈകിയിട്ടും കാണാതായപ്പോഴാണ് കൂട്ടുകാരുടെ വീടുകളിൽ വിളിച്ചു ചോദിക്കാൻ തുടങ്ങിയത്. എന്നിട്ടും ബുദ്ധിമതിയായ മകൾ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് അഛനും അമ്മയും ചിന്തിച്ചില്ല. രാത്രിയായപ്പോൾ വിവരമറിഞ്ഞ് ബന്ധുക്കളും മറ്റും വന്നതോടെയാണ് കാര്യത്തിന്റെ ഗൌരവം അഛനും അമ്മക്കും ബോദ്ധ്യം വരുന്നത്. അവളുടെ ഒരു കൂട്ടുകാരി പറഞ്ഞത് ഇന്ന് കോളേജിൽ വന്നിട്ടേയില്ലെന്നാണ്.
പിന്നെ സംശയിച്ചു നിന്നില്ല. നേരെ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. ജീവിതത്തിൽ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കയറുന്നത്. തന്റെ പ്രായപൂർത്തിയായ മകളെ കാണാനില്ലെന്നു പറഞ്ഞ് പരാതി കൊടുത്തത് വല്ലാത്ത ഒരു കുറച്ചിലായി മനസ്സിൽ തട്ടി. ആ നിമിഷം മുതൽ അഛൻ വളരെ തളർന്നു പോയിരുന്നു. ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് സ്റ്റേഷൻ വരാന്തയിൽ നിന്നും കാറിൽ കയറ്റിയത്. വീട്ടിൽ നിന്നും ഫോൺ വന്നത് എടുക്കാൻ കഴിയാതെ അറ്റന്റ് ചെയ്യാനായി ബന്ധുവിന്റെ കയ്യിലേക്ക് കൊടുത്തു. അത് അറ്റന്റ് ചെയ്ത ബന്ധു പറഞ്ഞു.
“ സംഗതി നമ്മൾ സംശയിച്ചതു പോലെ തന്നെ. അവളുടെ പുസ്തകത്തിന്റെ അകത്തു നിന്നും ഒരു കത്തു കിട്ടിയിട്ടുണ്ടെന്നാ പറഞ്ഞത്. കത്തിൽ...”
അതു മുഴുവനാക്കാൻ അഛൻ സമ്മതിച്ചില്ല. കയ്യുയർത്തി തടഞ്ഞു. പിന്നെ ആരും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയതും അഛനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ടുപോയി കിടത്തി. കത്തിലെ വിവരമറിഞ്ഞ അമ്മ അന്നേരം തന്നെ ബോധം കെട്ട് വീണിരുന്നു. ആരൊക്കെയോ ചേർന്ന് ശീഘ്രം കറങ്ങുന്ന പങ്ക തരുന്ന കാറ്റു കൂടാതെ അവരെ വീശികൊടുക്കുന്നുമുണ്ടായിരുന്നു.
രാത്രി ഏറെ വൈകിയാണ് ഒന്നു രണ്ട് ബന്ധുക്കളഴിച്ച് എല്ലാവരും പിരിഞ്ഞത്. നേരം വെളുത്തിട്ടേ ആ കിടന്ന കിടപ്പിൽ നിന്നും അഛനും അമ്മയും എഴുന്നേറ്റുള്ളു. അപ്പോഴും മകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. കണ്ടെടുത്ത കത്ത് ഇന്നലെ രാത്രി തന്നെ പോലീസ്സുകാരു വന്ന് കൊണ്ടു പോയത്രെ. ആദ്യം കത്ത് കണ്ടെടുത്തു വായിച്ച അമ്മയാണ് പറഞ്ഞത്.
‘അവൾ ഇഷ്ടപ്പെടുന്ന ആളോടൊപ്പം പോകുന്നു. ആരും അന്വേഷിക്കണ്ടാന്ന്. ’
അഛൻ ഒന്നും മിണ്ടിയില്ല.
‘കൂട്ടത്തിൽ അവൾക്കായി കരുതി വച്ചിരുന്ന ആഭരണങ്ങളും എടുത്തോണ്ടാ പോയത്.’
അമ്മ അതും പറഞ്ഞ് സെറ്റിയിലേക്ക് തളർന്നു വീണു.
എല്ലാവരും വീടൊഴിഞ്ഞ നേരത്ത് അഛൻ ചോദിച്ചു.
“നമ്മൾ അവൾക്ക് വേണ്ടി ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?”
“എന്താണ് അങ്ങനെ ചോദിച്ചത്..?”
“നമ്മൾ അവളെ സ്നേഹിച്ചിട്ടില്ലേ..?
ഇനിയൊരു കുട്ടി കൂടി വേണ്ടന്നു വച്ചത് അവൾക്ക് കിട്ടുന്ന സ്നേഹം കുറഞ്ഞു പോകരുതെന്നു കരുതിയല്ലെ...?
അവളുടെ വിദ്യാഭ്യാസത്തിലോ വളർച്ചയിലോ ഒരു അലംഭാവം നമ്മൾ കാണിച്ചിട്ടുണ്ടോ..?
അവളുടെ ആഗ്രഹങ്ങൾ ഒക്കെ ഒരു നിമിഷം പോലും വൈകാതെ സാധിച്ചു കൊടുത്തിട്ടില്ലേ..?”
പിന്നെ കുറച്ചു നേരം നിശ്ശബ്ദമായിരുന്ന അഛൻ വലിഞ്ഞു മുറുകിയ മുഖവുമായി അമ്മയുടെ അടുത്ത് പോയിരുന്നു. ഏങ്ങലടിച്ച് കരഞ്ഞ് കണ്ണീരൊഴുക്കുന്ന അവരെ ചേർത്തിരുത്തിയിട്ട് തറപ്പിച്ചു തന്നെ പറഞ്ഞു.
“ഇത്രയും കാലം അവൾക്ക് വേണ്ടി ജീവിച്ച നമ്മളെ അവൾ വിശ്വാസത്തിലെടുത്തില്ലല്ലൊ..?
നമ്മൾ ഇനി ആർക്കുവേണ്ടി ജീവിക്കണം...?
എന്തിനു വേണ്ടി ജീവിക്കണം...?
നീ വിഷമിക്കണ്ട... അതങ്ങു മറന്നു കള... നമ്മൾക്കങ്ങനെ ഒരു മകളില്ല...!!”
അഛൻ അവരെ വിട്ട് പുറത്തിറങ്ങി പോയി. അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു. തല കട്ടിളപ്പടിയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. തളർന്നിരുന്നു പോയ അവർ നെറ്റി പൊട്ടി ഒലിക്കുന്ന ചോരയുമായി അവിടെത്തന്നെ കിടന്നു.
ദിവസങ്ങൾ കടന്നു പോയിട്ടും സരിതയെക്കുറിച്ച് ഒരു വിവരവും പോലീസ്സുകാർക്കും കിട്ടിയില്ല. അഛനും അമ്മയും അതന്വേഷിക്കാനും പോയില്ല. രണ്ടു പേരും പരസ്പ്പരം സംസാരിക്കുന്നത് തന്നെ വിരളം. ഭക്ഷണം കഴിക്കുന്നതും ചുരുക്കം. ഇടക്ക് അമ്മ വിഭവസമൃദ്ധമായ സദ്യ ഒരുക്കും. പിന്നെ ദിവസങ്ങളോളം ഒന്നും വക്കില്ല. പട്ടിണി തന്നെ. അയൽവക്കത്തുകാരോ ബന്ധുക്കളോ വന്നാൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കും. അതുകാരണം ബന്ധുക്കളാരും വരാതായി. അപൂർവ്വം ചില അയൽ വീട്ടുകാർ സമയവും സന്ദർഭവും നോക്കി ഭക്ഷണം കൊണ്ടുപോയി നിർബ്ബന്ധിച്ച് കഴിപ്പിക്കും. ഇടക്കിടക്ക് രണ്ടു പേരുടേയും മനോനില തരാറിലാകും. അന്നേരം മുന്നിൽ നടക്കുന്നതൊന്നും അവർ കാണുന്നുണ്ടാവില്ല. നിശ്ശബ്ദമായി തുറിച്ചു നോക്കിയിരിക്കും.
മാസങ്ങൾ ഏറെ കടന്നു പോയി. നാട്ടുകാരും അതെല്ലാം മറന്നു തുടങ്ങിയിരുന്നു. ഒരു ദിവസം രാത്രിയിൽ എല്ലും തോലും മാത്രമായി ജീവിക്കുന്ന അവരുടെ ഇടയിലേക്ക് കൈക്കുഞ്ഞുമായി അസ്തികൂടം പോലെ ഒരു പേക്കോലം കയറിവന്നു.
സരിതയായിരുന്നു...!
അമ്മയുടേയും അഛന്റേയും രൂപം കണ്ടവൾ സ്തംഭിച്ചു നിന്നു.... !
അഛനും അമ്മക്കും മകളെ മനസ്സിലായതുമില്ല...
ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നെങ്കിലും, അതെന്നേ കൈമോശം വന്നിരുന്നു....!
അഛന്റേയും അമ്മയുടേയും മുന്നിൽ ഒരിത്തിരി കണ്ണീർ വീഴ്ത്താനവൾ കൊതിച്ചെങ്കിലും അതവൾക്കായിത്തന്നെ എന്നേ തേവി വറ്റിച്ചിരുന്നു....!
താൻ കാരണമാണല്ലൊ ഈ ഗതി തന്റെ കുടുംബത്തിനെന്നൊർത്തപ്പോൾ സരിതക്ക് സഹിക്കാനായില്ല. അവൾ സ്വന്തം മുടി പിടിച്ച് വലിച്ച് പറിച്ചു. തലയിട്ട് ഭിത്തിയിലിടിച്ചു കരഞ്ഞു....
അന്ന് കാമുകനൊപ്പം പോകാനെടുത്ത തീരുമാനം പോലെ, മുൻപിൻ നോക്കാതെ ശക്തമായൊരു തീരുമാനം സരിത എടുത്തു.
പിറ്റേ ദിവസത്തെ ദൃശ്യ മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കി ആ വാർത്ത ഉണ്ടായിരുന്നു.
‘കൃഷിക്കെടുത്ത വായ്പ്പയെടുത്ത് മകളുടെ വിവാഹം നടത്തിയ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തു.’
കർഷക ആത്മഹത്യകൾ തുടരുന്ന നാട്ടിൽ അതൊരു സാധാരണ വാർത്ത മാത്രം....!!
ഉത്തര- ഉത്തരാധുനികത - 14 /എം.കെ.ഹരികുമാർ
-
*ഭാവുകത്വത്തിൻ്റെ അദൃശ്യത *
ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും വൈകാരികക്ഷമതയ്ക്കോ
ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും...
20 hours ago
25 comments:
പ്രായത്തിന്റെ വികാരങ്ങള്‍ വരുത്തിവെക്കുന്ന സ്വപ്‌നങ്ങള്‍ ജീവിതവുമായി പൊരുത്തപ്പെടാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശ.
ജീവതം ഇങ്ങനെയാണ് തീരുമാനം തെറ്റിയാല്‍ പതനം തീര്‍ച്ച
മനസ്സില്‍ ചെറിയൊരു വേദന തോന്നുന്നു
ഇതൊരു യഥാര്‍ത്ഥ കഥ അല്ലായിരിക്കട്ടെ....
ഇങ്ങനെയും ആവുമായിരിയ്ക്കും അച്ഛനും അമ്മയും മകളും .......
കഥയല്ലിത് ചിലരുടെ ജീവിതം തന്നെ. നാം പത്രങ്ങളില്‍ വായിക്കാറുണ്ടല്ലോ
ഇതു ജീവിതം തന്നെ.!!
ഇതു പോലെ എത്ര എത്ര ജീവിതങ്ങൾ ചുറ്റിലും...
പട്ടേപ്പാടം റാംജീ: ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാർ അധികവും വിഷാദരോഗികളായി മാറുമെന്ന ഒരു വായനയിൽ നിന്നാണ് ഈ കഥയുടെ ബീജം. നന്ദി.
രമണിക: തീർച്ചയായും മാഷെ. അത്ര വരെ ആക്കിയ രക്ഷകർത്താക്കളെ വിശ്വാസത്തിലെടുക്കാത്തതിനെക്കുറിച്ച് എന്തു പറയും...? നന്ദി.
കൃഷ്ണകുമാർ: ഇങ്ങനെ ഒരു കഥ എങ്ങും നടക്കാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. നന്ദി.
എച്ച്മുക്കുട്ടി: ഇങ്ങനെ ഒരു അഛനും അമ്മയും മകളും ഒരിടത്തും ഉണ്ടാവാതിരിക്കട്ടെ എച്ച്മുക്കുട്ടിയേയ് നന്ദീട്ടോ..
അജിത്: ശരിയാണ് അജിത് മാഷേ. കൂട്ട ആത്മഹത്യകളുടെ പിന്നിലെ യഥാർത്ഥ കാരണം പലപ്പോഴും നാം അറിയുന്ന പോലാവണമെന്നില്ല. നന്ദി.
പഥികൻ: നന്ദി മാഷെ.
കഥയല്ലല്ലോ ഇതു്. നമുക്കു ചുറ്റും നടക്കുന്ന ഇതുപോലുള്ള എത്രയോ ജീവിതങ്ങളിൽ ഒന്നല്ലേ.
കഥയല്ലിത് വെറും ജീവിതം... !
ഇതൊരു സാങ്കൽപ്പിക കഥയല്ല...
ജീവിച്ചിരിന്ന പിന്നീട് മരണം വരിച്ച ചിലരുമായിട്ട് ഈ കഥക്ക് ബന്ധമുണ്ട്...
ചില ചില്ലറ വത്യാസങ്ങളുണ്ടെന്ന് മാത്രം...!
നമ്മുടെ ചുറ്റും നാം കാണുന്ന കാര്യം തന്നെയല്ലിത് ?
ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനസിക നില വരെ
തകരുന്നത് സ്വാഭാവികം
കഥയ്ക്ക് പുതുമയില്ലെങ്കിലും ഇപ്പോഴും നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവമായതിനാല്‍ പ്രസക്തമായ വിഷയം തന്നെ.
എഴുത്തുകാരിച്ചേച്ചി:
ബിലാത്തിച്ചേട്ടൻ:
വേണുഗോപാൽ:
ശ്രീ: ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി.
എഴുത്ത് നന്നായി!
ആശംസകള്‍!
നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങൾ, ഇതു കഥയല്ല..
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന നിലക്കൊരൂ സന്ദേശം കൂടി നൽകാമായിരുന്നു.
കഥയുടെ തീമിനെ പറ്റി ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ .. എനിക്ക് പറയാനുള്ളത് അവതരണത്തെ കുറിച്ചാണ് .. മൂന്നു രീതിയില്‍ കഥ മുന്നിലേക്ക് പോയത് പോലെ തോന്നി .. ആദ്യം സരിത പറയുന്നതിലൂടെ .. പിന്നെ അച്ഛന്‍ പറയുന്നതിലൂടെ . ഒടുവില്‍ ഇത് രണ്ടും വിട്ടു കഥാകൃത്ത് പറയുന്ന പോലെ ...
ആദ്യ ഭാഗങ്ങളില്‍ ആകാംക്ഷ വളര്‍ത്തിയെടുത്തത് പെട്ടെന്ന് തന്നെ മാറി യാഥാര്‍ത്ഥ്യത്തിലേക്ക് വന്നു ..അവിടെ കഥയുടെ വേഗത ഒരല്പം കൂടിയ പോലെ തോന്നി ... "അന്ന് കാമുകനൊപ്പം പോകാനെടുത്ത തീരുമാനം പോലെ, മുൻപിൻ നോക്കാതെ ശക്തമായൊരു തീരുമാനം സരിത എടുത്തു." ഇരുതല മൂര്‍ച്ചയുള്ള ഈ വാക്കുകള്‍ സന്ദര്‍ഭത്തിനു പറ്റിയതായി ..
ഇഷ്ടപ്പെട്ടു .. ചിന്നുവിന്റെ നാട്ടിലേക്ക് യാത്രക്കാരന്‍ വന്നത് വെറുതെ ആയില്ല....ആശംസകള്‍ ..:)
പ്രിയപ്പെട്ട സുഹൃത്തെ,
സമകാലീന സംഭവങ്ങളെ ഓര്‍മിപ്പിച്ച പോസ്റ്റ്..!മനുഷ്യമനസ്സ് ഇങ്ങിനെയാണ്! എടുത്തു ചാടും!
വളരെ നന്നായി അവതരിപ്പിച്ച പോസ്റ്റ് ഇഷ്ടായി!
സസ്നേഹം,
അനു
ഞാൻ ഗന്ധർവ്വൻ:
ബഞ്ചാലി:
യാത്രക്കാരൻ:
അനുപമ: നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ വളരെ നന്ദി.
ഇനിയും അഭിപ്രായങ്ങളൊന്നും പറയാതെ മൂകമായി നടന്നു നീങ്ങിയവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചുകൊള്ളുന്നു.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാതൊരു ബന്ധമില്ല; ജനിക്കാനിരിക്കുന്നവർ ഉൾപ്പെട്ടുകൂടെന്നുമില്ല! കഥയുടെയും കഥയെഴുത്തിന്റെയും വിവിധ വഴികളിലൂടെ യാത്ര ചെയ്തു... ഭാവുകങ്ങൾ.
അതെ എച്ചുമിക്കുട്ടി പറഞ്ഞപോലെഇങ്ങനെയും ആവുമായിരിയ്ക്കും അച്ഛനും അമ്മയും മകളും ....... കഥ മൻസ്സിനെ സ്പർശിച്ചൂ ഭാവുകങ്ങൾ
കഥ വായിച്ചു ..."നേരിലേക്കൊരുനേര്‍കാഴ്ച "എന്ന് പറഞ്ഞോട്ടെ ഞാനിതിനെ ..
കൂടുതല്‍ എഴുതാനുള്ള ശക്തി ദൈവം നല്‍കുന്നതിനോടൊപ്പം ഇങ്ങനെയുള്ള നേരുകളെ തടുക്കാനുള്ള കരുത്തുംഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന .
കഥ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ .ഈ കഥ എന്‍റെയും നിങ്ങളുടേയും ഗ്രാമങ്ങളില്‍ നടക്കുന്നതാണ് കഥയില്‍ പറഞ്ഞ പോലെ കൂട്ട ആത്മഹത്യ നടക്കുന്നത് വിരളം .എന്‍റെ ഗ്രാമത്തില്‍ ഒരു പാട് സംഭവങ്ങള്‍ (ഒളിച്ചോട്ടം)എനിക്ക് ചൂണ്ടി കാണിക്കുവാന്‍ കഴിയും .ഒരു പാട് സ്നേഹം നല്‍കി വളര്‍ത്തുന്ന ചില പെണ്‍ മക്കള്‍ ഏതാനും മാസങ്ങള്‍ മാത്രം പരിചയം ഉള്ള ഒരുവന്‍റെ കൂടെ ഒളിച്ചോടുന്നു അതും പെണ്‍ കുട്ടിയുടെ കുടുംബവുമായി ഒരു തരത്തിലും യോചികാന്‍ കഴിയാത്തവനുമായി.
യാത്രക്കാരൻ പറഞ്ഞു...
അജിത്കെസി: ഇനി ജനിക്കാനിരിക്കുന്നവർക്കും അങ്ങനെ ഒന്ന് സംഭവിക്കരുതേ... നന്ദി.
ചന്തു നായർ: ഒരേയൊരു ജീവിതമേയുള്ളു ഈ ഭൂമിയിൽ. നാളെ എന്നത് സ്വപ്നങ്ങൾ മാത്രമാണ്. ആ സ്വപ്നത്തകർച്ചയിൽ നിന്നും പൂർണ്ണമായും രക്ഷ നേടുന്നവർ വിരളമാണ്. സ്ഥലകാലബോധം നഷ്ടപ്പെടുന്നവരാണ് അധികവും. വളരെ നന്ദി മാഷെ.
സോണറ്റ്: അഭിപ്രായത്തിനു വളരെ നന്ദി.
റഷീദ് തൊഴിയൂർ: പ്രണയത്തിന്റെ ശക്തി നമുക്കൂഹിക്കാൻ പോലും കഴിയില്ല. ഈയിടെ വായിച്ചതല്ലെ നാം, ഭർത്താവിനെ കാമുകനുമായിച്ചേർന്ന് കൊലപ്പെടുത്തിയത്. കാരണം പ്രണയം..!! പ്രായപൂർത്തിയാകുന്നതുവരെ എല്ലാം കൊടുത്തു വളർത്തുന്ന രക്ഷകർത്താക്കളെ ഉപേക്ഷിക്കാൻ പ്രണയത്തിന് എത്ര നേരം വേണം..? നന്ദി.
വിഢിമാൻ: നന്ദി.
കുട്ടികള്‍ വഴിത്തെറ്റുന്നത് എത്ര വേഗമാണ്!സൂത്രത്തില്‍ കെണിയൊരുക്കുന്ന മനുഷ്യത്തം
തീണ്ടിയിട്ടില്ലാത്ത വേട്ടക്കാരും!!
അതിനിടയില്‍.,......
നൊമ്പരപ്പെടുത്തുന്ന രചന.
ആശംസകള്‍
എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
നന്മകള്‍ നേരുന്നു...
Post a Comment