Saturday, 15 September 2012

നീണ്ട കഥ... മഴയിലൊരു വിരുന്നുകാരൻ... (10)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. തുടർന്നു വായിക്കുക...


ഒരു കല്യാണലോചന...

“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ അതു കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

ചില്ലറ കൊണ്ടു വച്ചിരുന്നത് എടുക്കാനായി അകത്തേക്കു പോയ മാമൻ വൈകുന്നതു കാരണം നിമ്മി വീട്ടിനകത്തേക്ക് ഓടിക്കയറി വരുമ്പോഴാണ് മാധവൻ അകത്ത് സംശയിച്ചു നിൽക്കുന്നത് കണ്ടത്. 
മാധവന്റെ അടുത്തു വന്നിട്ട് ചോദിച്ചു. 
“മാമാ... എന്തു പറ്റി...? എന്തേ അവിടെ നിന്നു കളഞ്ഞത്..?”
മാധവൻ ഒന്നും പറഞ്ഞില്ല...
നിമ്മിയുടെ മുഖത്തേക്കു നോക്കി, ആ കവിളിൽ സ്നേഹപുരസ്വരം ഒന്നു തലോടിയിട്ട് അയാൾ പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിപ്പോയി....

എന്തോ ഒരു മനോവിഷമം മാമനെ അലട്ടുന്നുണ്ടെന്ന് നിമ്മി ഊഹിച്ചെടുത്തു....
അലമാരയിൽ നിന്നും ചില്ലറപ്പൊതിയെടുത്ത് പുറത്തെ വരാന്തയിലിറങ്ങിയപ്പോഴാണ് ഗൌരിയും അമ്മയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടത്. നിമ്മിയുടെ ഉള്ളൊന്നു കാളി. ഇവിടെന്തൊ സംഭവിച്ചിട്ടുണ്ടല്ലൊ...?
“എന്തുപറ്റി... നിങ്ങളെന്തിനാ കരയണെ...? മാമനും ചില്ലറയെടുക്കാൻ വന്നിട്ട്, എടുക്കാതെ തിരിച്ചു പോണു... ”
അതു കേട്ടതും ലക്ഷ്മിയും ഗൌരിയും വെപ്രാളത്തോടെ പരസ്പ്പരം ഒന്നു നോക്കി.
മാമനും കേട്ടുവോ അതെല്ലാം...!
“എന്റീശ്വരാ.....” എന്നും പറഞ്ഞ് ലക്ഷ്മി വീണ്ടും വിങ്ങിപ്പൊട്ടി.
നിമ്മിയുടെ വേവലാതി കൂടിയത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
“എന്താ നിങ്ങളൊന്നും പറയാത്തെ...? മാമനെ വല്ലതും പറഞ്ഞോ നിങ്ങൾ....?”

ഗൌരി നിമ്മിയുടെ കൈത്തലം പിടിച്ച് സ്വന്തം കവിളിൽ വച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാമനെ  നമ്മൾ ആരെങ്കിലും എന്തെങ്കിലും പറയോ മോളെ.... നാട്ടുകാരാ പറയാൻ തുടങ്ങിയേ...!”
“നാട്ടുകാരോ...? എന്തു പറയാൻ...”
“നമ്മളിൽ ആരാ മാമന്റെ കൂടെ പൊറുതിയെന്ന്....!!?”
ഒരു നിമിഷം നിമ്മി ഇടിവെട്ടേറ്റതു പോലെ നിന്നു പോയി...
പിന്നെ പതുക്കെ എഴുന്നേറ്റ് ചില്ലറയുമായി പുറത്തു കടന്നു. ഹോട്ടലിൽ കൌണ്ടറിൽ മാധവനുണ്ടായിരുന്നു.
മാധവന്റെ കയ്യിൽ ചില്ലറ എൽ‌പ്പിച്ച് നിമ്മി വീട്ടിനകത്തേക്ക് തന്നെ കയറിപ്പോയി.

ഹോട്ടലിൽ ആളൊഴിഞ്ഞ നേരം ഗൌരിയെ വണ്ടിയിലിരുത്തി തള്ളിക്കൊണ്ട് നിമ്മി കയറി വന്നു.
മാധവൻ ഡെസ്ക്കിൽ വെറുതെ കിടക്കുകയായിരുന്നു.
ജോലിക്കാർ എല്ലാവരും ഇനി വൈകുന്നേരത്തെ ചായ സമയത്തെ വരികയുള്ളു.
മാധവന്റെ കിടപ്പു കണ്ട് ഗൌരി പറഞ്ഞു.
“മാമാ... മാമൻ ഭക്ഷണമൊന്നും കഴിച്ചില്ലല്ലൊ..”

അവസാനം എല്ലാവരും കൂടിയാണ് ഭക്ഷണത്തിന് ഇരിക്കാറ്. ഇന്നെന്തൊ ആ പതിവ് തെറ്റി. മാധവനും ലക്ഷ്മിയും ഒന്നും കഴിച്ചില്ല. വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു. നാരായണി വല്ലിമ്മയുടെ പാര വയ്ക്കലായിരുന്നു കാരണമെന്ന് എല്ലാവർക്കുമറിയാം.
മാധവൻ നിശ്ശബ്ദനായി കിടന്നതേയുള്ളു. മാധവനെ കുലുക്കി വിളിച്ചു കൊണ്ട് നിമ്മി പറഞ്ഞു.
“എഴുന്നേറ്റ് വരൂ മാമാ... ദേ അപ്പുറത്ത് അമ്മയും ഒന്നും കഴിക്കാതെ ആ തൂണും ചാരി ഇരിപ്പുണ്ട്. നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാ...” ബാക്കി പറഞ്ഞത് ഗൌരിയാണ്.
“നാരായണി വല്ലിമ്മ പറഞ്ഞത് ഇല്ലാണ്ടാവോ...? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... നമ്മൾക്കറിയാല്ലൊ നമ്മളെ...”
മാധവൻ പതുക്കെ എഴുന്നേറ്റു.
“നമ്മൾക്ക് നമ്മളെ അറിയാമെന്നതൊന്നും ഒരു സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ന്യായീകരണങ്ങളല്ല....”മാധവൻ.
“പിന്നെ നമ്മളെന്താ ചെയ്യേണ്ടെ... ഇതൊക്കെ കേട്ട് മരിക്കണോ..?” ഗൌരി കുറച്ച് ദ്വേഷ്യത്തിലാണ്.
“നാട്ടുകാർ ഓരോ വേണ്ടാതീനങ്ങൾ വിളിച്ചു പറഞ്ഞതിന് നമ്മൾക്കെന്തു ചെയ്യാനൊക്കും...?” നിമ്മി.
“നമ്മൾ ജീവിക്കുന്നത് നാട്ടുകാരെക്കൂടി കണക്കിലെടുത്താവണം. അവർക്കു കൂടി ബോദ്ധ്യമാവുന്ന രീതിയിലെ നമ്മൾക്കും ജീവിക്കാനാവൂ... ഇല്ലെങ്കിൽ ഇതുപോലുള്ള കഥകൾ അവർ മെനഞ്ഞുണ്ടാക്കും...”
“ഞങ്ങളിവിടെ  ആത്മഹത്യയുടെ വക്കിലെത്തിയിട്ടും ആരുമുണ്ടായില്ലല്ലൊ മാമാ ഒരു കൈ സഹായത്തിന്...”
“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ലക്ഷ്മി കരഞ്ഞു തളർന്ന കണ്ണുകളുമായി സാവധാനം അവിടേക്ക് വരുന്നുണ്ടായിരുന്നു.
ദിവസവും വൃത്തിയായി നടന്നിരുന്ന ആൾ ഇപ്പോൾ പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും മറ്റുമായി ഒരു ഭ്രാന്തിയേപ്പോലെ....!
“ഞങ്ങളൊരു കാര്യം പറയട്ടെ മാമാ... ”
അമ്മയെ കണ്ടതും ഗൌരിയുടെ മുഖത്തൊന്നു നോക്കിയിട്ട്, അവളുടെ സമ്മതത്തോടെ എന്നവണ്ണം നിമ്മി കരുതലോടെ പറഞ്ഞു.
“ഞങ്ങടമ്മയെ മാമനു കല്യാണം കഴിക്കരുതോ...!!!”
മാധവൻ ഒന്നു ഞെട്ടിയോ...?
പെട്ടെന്ന് അടുത്തുവന്ന ലക്ഷ്മിയുടെ മുഖത്തേക്കാണ് മാധവന്റെ നോട്ടം വീണത്.
അടുത്തു വന്ന് തല കുനിച്ചു നിന്ന് ലക്ഷ്മി അതിനെ പിന്താങ്ങിയത് മാധവനിൽ മറ്റൊരു ഞെട്ടലുണ്ടാക്കി.
“ഇനി ഒരു കുടുംബജീവിതം മോഹിച്ചിട്ടല്ല മക്കളോട് ഞാൻ സമ്മതിച്ചത്. എന്റെ കുട്ടികളുടെ ഭാവി...?!!”

ഒരു നിമിഷം മാധവന്റെ മനസ്സിൽ ദേവുവിന്റെ ചിത്രം തെളിഞ്ഞു വന്നു. മൂന്നു മക്കളെ കൊടുത്തതല്ലാതെ ഒരു കുടുംബ ജീവിതം കൊടുക്കാനായില്ല. അതായിരുന്നു ആകെയുള്ള ഒരേയൊരു പരാതി. ‘എന്നെങ്കിലും ഒരുമിച്ചൊരു ജിവിതം...’ ഒരിക്കലും അതിനു കഴിഞ്ഞില്ല. ദേവുവിന്റെ കരയുന്ന ആ മുഖം മാധവന്റെ മനോമുകുരത്തിൽ വല്ലാത്തൊരു നീറ്റലായി എന്നും കൂടെയുണ്ടായിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് ഞെട്ടലിൽ നിന്നും മോചിതനായ മാധവൻ പറഞ്ഞു.
“അതുകൊണ്ടും ഈ നാട്ടുകാരുടെ പരാതി തീരുമോ..? അവർക്കാവശ്യം ഈ ഹോട്ടൽ പൂട്ടിക്കുകയെന്നതാണ്. മുൻപു ബഷീർ ചോറു വാങ്ങിക്കൊടുത്തിരുന്ന ആ ഹോട്ടലുകാരാണ് നാട്ടുകാരുടെ ലേബലിൽ പടച്ചു വിടുന്ന ഈ അപവാദങ്ങൾക്ക് പിറകിൽ. സെയ്തും കണാരനും നേരത്തെ കേട്ടിരുന്നൂത്രെ അത്. അവരത് അവഗണിക്കുകയായിരുന്നു. അതുപോലെ തൽക്കാലം നമ്മളും അവഗണിക്കുക...”
“എന്നാലും മാമാ...”നിമ്മി എന്തോ പറയാൻ തുടങ്ങിയതും മാധവൻ കയ്യുയർത്തി തടഞ്ഞു.
“ഞാൻ നിങ്ങടമ്മയെ കല്യാണം കഴിച്ചാലും, അവർ മറ്റൊരു ആരോപണവുമായി വരും.. അതിനും നമ്മൾ മറുപടി കൊടുക്കേണ്ടതായി വരും... നിങ്ങൾ വിഷമിക്കാതെ.. നമ്മുടെ കൂടെയും ആളുകളില്ലെ ഇപ്പോൾ... കണാരൻ.. സെയ്തു.. ഇവിടെ ഊണു കഴിക്കാൻ വരുന്ന എത്രയോ പേർ... ഇവരെല്ലാം സത്യമറിയാവുന്നവരല്ലെ..? ”

തങ്ങളുടെ അമ്മയെ കല്യാണം കഴിക്കാൻ തെയ്യാറാവാത്ത മാമനോട് ദ്വേഷ്യമല്ല തോന്നിയത്. മറിച്ച് ഒരുപാടൊരുപാട് സ്നേഹമാണ് . അതെങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ രണ്ടു പേരും കുഴങ്ങി. തന്റെ വണ്ടിയിലിരുന്നു കൊണ്ടു തന്നെ ഗൌരി ഡെസ്ക്കിലിരിക്കുന്ന മാമന്റെ അരയിൽ വട്ടം ചുറ്റിപ്പിടിച്ച് മാധവന്റെ മടിയിൽ തലവച്ച് കിടന്നു. ഗൌരിയുടെ തലമുടിയിൽ വിരൽ കോർത്തുകോണ്ട് മാധവനും. അമ്മയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് മറ്റെ കൈ മാധവന്റെ തോളിലും പിടിച്ച് നിമ്മിയും.

മാധവൻ നിഷേധിച്ചതിൽ ലക്ഷ്മിക്ക് നിരാശയൊന്നും തോന്നിയില്ലെങ്കിലും ഒരു സന്തോഷക്കുറവ് ആ മുഖത്തുണ്ടായിരുന്നില്ലെ....?
മാധവൻ പറഞ്ഞു.
“ഇനിയുമുണ്ട് ആരോപണങ്ങൾ.. തോമസ്സ് കോൺ‌ട്രാക്ടർ എന്താ പിന്നീടൊരിക്കലും ഇതുവഴി വരാതിരുന്നത്.....?”
അപ്പോഴാണ് അതിനെക്കുറിച്ച് അവർ മൂവരും ചിന്തിച്ചത്. അന്ന് വന്നതിനു ശേഷം തോമസ്സ് ഒരിക്കലും ഇവിടെ വന്നിട്ടില്ല. ശരിയാണല്ലൊ...
എല്ലാം ബഷീർ വഴിയായിരുന്നു ഇടപാടുകൾ മുഴുവൻ.
“എന്താ മാമാ...” അതിന്റെ പിന്നിലെ രഹസ്യം അവർക്കറിയില്ലായിരുന്നു.
“തോമസ്സിന്റെ കാന്റീൻ നടത്തിപ്പുകാരായിരുന്നു നിങ്ങൾ അമ്മയും മക്കളുമെന്നായിരുന്നു നാട്ടിൽ പ്രചരിപ്പിച്ച വാർത്തകൾ. തോമസ്സാണത്രെ നിങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ടാ നിങ്ങൾക്കൊരു ചീത്തപ്പേരുണ്ടാകാതിരിക്കാൻ ആ നല്ല മനുഷ്യൻ ഇതു വഴി പിന്നെ വരാതിരുന്നത്. അത്  ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്നെ ചേർത്ത് കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അതൊക്കെ അങ്ങനെ കിടക്കും...!!”
തങ്ങളെപ്രതി ഇങ്ങനേയും കഥകൾ പ്രചരിക്കുന്നുവെന്നത് പുതിയ അറിവുകളായിരുന്നു.

             പിന്നേയും നാളുകൾ കടന്നു പോയി. പാലത്തിന്റെ പണി ഏതാണ്ട് തീരാറായി. അതോടൊപ്പം രണ്ടു വശത്തുമുള്ള  റോഡുകളുടെ പണിയും നടന്നിരുന്നു. ഗൌരി ഹോട്ടലിന്റെ മുന്നിലെ പുല്ലു റോഡ് ടാറ് ചെയ്യുന്നതിന്റെ ഭാഗമായി നെൽ‌പ്പാടത്തിനോട് ചേർന്ന വശം കരിങ്കല്ലിട്ട് കെട്ടാൻ തുടങ്ങിയിരുന്നു. അതോടെ സ്ഥലത്തിന്റെ വിലയും വാണം പോലെ കുതിച്ചുയർന്നു. പല പാവങ്ങളും ഇരട്ടി വില കിട്ടിയപ്പോൾ വിറ്റു തുലച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോയി. കുറച്ചു കൂടി കാത്താൽ ഇതിന്റെ പത്തിരട്ടി വില കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പാവങ്ങളെ പറ്റിക്കാൻ വലിയ വിരുതൊന്നും ആവശ്യമില്ലല്ലൊ. അതറിയാവുന്നവർ ചെറിയ വിലക്ക് സ്ഥലങ്ങൾ തക്കം പാത്തു നടന്ന് പ്രലോഭിപ്പിച്ച് കൈക്കലാക്കി.

ഗൌരീ ഹോട്ടലും വില ചോദിച്ച് വന്നിരുന്നു.
തങ്ങളെ നാണം കെടുത്തിയ ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് അമ്മയും മക്കളും ചിന്തിച്ചെങ്കിലും മാധവൻ സമ്മതിച്ചില്ല. നിങ്ങൾ ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും. ചെല്ലുന്നിടത്ത് നിങ്ങൾ ഒരു രണ്ടാം തരക്കാരായി മാത്രമേ അവിടത്തുകാർ പരിഗണിക്കൂ. ‘വരുത്തന്മാർ’ എന്ന പേരും...!
മാധവന്റെ ഉപദേശങ്ങളിൽ അവർ നാടു വിടുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...?

തുടരും....

11 comments:

ramanika said...

ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും.......
കഥ നന്നായി തുടരുന്നു തുടരട്ടെ !!!

Echmukutty said...

കഥ ഉഷാറായി വരുന്നുണ്ടല്ലോ...അടുത്ത ഭാഗം വരട്ടെ....

Akbar said...

ചിന്നുവിന്റെ നാട്ടില്‍ എന്തുണ്ട് വിശേഷങ്ങള്‍ എന്നറിയാന്‍ വന്നതാ വി കെ.
തുടര്‍ക്കഥ ആയതു കൊണ്ട് പിന്നീട് വായിച്ചു പറയാം. ഈ നല്ല ശ്രമത്തിനു എല്ലാ ആശംസകളും

African Mallu said...

തുടരട്ടെ !!!

പി. വിജയകുമാർ said...

കഥ മുന്നോട്ടു പോകട്ടെ.നന്നാവുന്നുണ്ട്‌.
ഇനിയും വരാം

വീകെ said...

രമണിക,
എഛ്മുക്കുട്ടി,
അക്ബർ,
ആഫ്രിക്കൻ മല്ലൂ,
പി.വിജയകുമാർ -വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വെള്ളിക്കുളങ്ങരക്കാരന്‍ said...

നന്നായിരിക്കുന്നു..യാത്ര തുടരട്ടെ..

ശ്രീ said...

തുടരട്ടെ

പഥികൻ said...

പുതിയ വഴിത്തിരിവാണോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തവണ പിൻ വായനയാണ് നടത്തിയത് കേട്ടൊ ഭായ്

ajith said...

“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ശരിയാണ്. എന്നാലും ആത്യന്തികമായ വിജയം നന്മക്കായിരിക്കുമല്ലോ