Tuesday, 1 October 2013

നോവൽ.. മരുഭൂമി....


{സുഹൃത്തുക്കളെ,
ഒരു പ്രവാസ കഥ കൂടി എഴുതുകയാണ്. കാൽ നൂറ്റാണ്ട് പഴക്കമുണ്ട് ഈ കഥക്ക്.  നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം വീകെ.}

നോവൽ  മരുഭൂമി


1. അറവുമാടുകൾ...


                                         വിടെ വന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഞങ്ങൾക്കെന്താണ് ജോലിയെന്നോ, ദിവസവും ഞങ്ങളിൽ ചിലരെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ ഒരറിവും ഇല്ലായിരുന്നു.  ദിവസവും  ഞങ്ങളുടെ മുറിയുടെ മുകളിലുള്ള ഓഫീസിൽ നിന്നും ഒരു ഈജിപ്ഷ്യൻ ഇറങ്ങിവരും. അവന്റെ തടി കാരണം നടക്കാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ മുറിയുടെ  വാതിൽ നേരെ കടക്കാൻ അവനാവില്ല. അതിനാൽ ഒരു വശം ചരിഞ്ഞാണ് മുറിയിൽ കടക്കുക. അന്നേരം അവന്റെ കയ്യിൽ ഒരു പേപ്പറും ഉണ്ടാകും. വന്ന വഴി അവൻ എല്ലാവരേയും ഒന്ന് എണ്ണി നോക്കും. എന്നിട്ട് പേപ്പറിൽ നോക്കി പേരു വിളിക്കും. മൂന്നേ മൂന്നു പേരു മാത്രമെ വിളിക്കുകയുള്ളു.  എന്നിട്ടവൻ ആഞ്ജാപിക്കും.
‘ഗെറ്റ് റെഡി..!’

അതോടെ എല്ലാവർക്കും ഒരു വിറയലാണ്. അവരെ ഒരുക്കേണ്ടത് തങ്ങളുടേയും കടമയാണെന്നൊരു തോന്നൽ. നാളെ ഈ വിളി തങ്ങളുടെ പേരായിരിക്കും. കഴിഞ്ഞ കുറച്ചു  ദിവസത്തെ  പരിചയം കാരണം മറ്റുള്ളവരും ചാടി എഴുന്നേൽക്കും. എല്ലാവരും ഒത്തു ചേർന്ന് പോകുന്നവരുടെ പെട്ടികളെല്ലാം അടുക്കിക്കെട്ടി വക്കും. ഏതാണ്ടൊരു യാത്ര അയപ്പിന്റെ, വേർപിരിയലിന്റെ ഒക്കെ ഒരു ഗദ്ഗദത്തിനപ്പുറം അറക്കാനായി തെരഞ്ഞെടുത്തയക്കുന്ന അറവമാടുകളുടെ മുഖമായിരിക്കും പോകുന്ന മൂന്നുപേർക്കും. മുറിയിൽ ബാക്കി അവശേഷിക്കുന്നവർക്കും മറ്റൊരു മുഖമല്ല. നാളെ തങ്ങളുടെ ഊഴമായിരിക്കുമെന്ന തിരിച്ചറിവ് ആ ഭയം കെട്ടി നിന്ന മുഖങ്ങളിൽ പ്രകടമാണ്. ആർക്കും അധികം സംസാരമൊന്നുമില്ല.
തമാശരൂപത്തിലാണെങ്കിലും ‘അറക്കാൻ കൊണ്ടു പോകുകയാണെന്നാ’ അതിന്  ചിലർ രഹസ്യമായി പറയുന്നത്.

നാട്ടിൽ പൊറോട്ട അടിക്കാൻ നിന്നവനും ചുമട്ടു തൊഴിലാളി ആയിരുന്നവനും ഒരു പണിയുമില്ലാതെ തേരാപ്പാരാ നടന്നവനും സെയിൽ‌സ് എക്സിക്ക്യൂട്ടായിരുന്നവനും പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായിട്ട് അവിടന്ന് കേറ്റി വിട്ടവനും ഒക്കെയായ കുറെ ആളുകളെ ആടുകളെപ്പോലെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങാൻ പാടില്ല. ഒച്ചയിൽ സംസാരിക്കാൻ പാടില്ല. ഇത്യാദി നിർദ്ദേശങ്ങളും. ദിവസവും മുമ്മൂന്നു പേരെ മാത്രം ഒരു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു. പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ല. എവിടെ കൊണ്ടു പോകുന്നു, എന്തു ചെയ്യുന്നുവെന്ന് ആർക്കുമറിയില്ല.  കൊണ്ടു പോകുന്ന ഫിലിപ്പൈൻ‌കാരനെ പിറ്റെ ദിവസം അടുത്ത മൂന്നു പേരെ കൊണ്ടു പോകാൻ വരുമ്പോൾ മാത്രമെ വീണ്ടും കാണുകയുള്ളു. അവനോടെന്തെങ്കിലും ചോദിക്കാനുള്ള അവസരം ഒരിക്കലും ആർക്കും കിട്ടിയുമില്ല. ചില ദിവസങ്ങളിൽ അവൻ വരികയില്ല. അന്ന് ഞങ്ങളിലാരേയും അറക്കാനായി കൊണ്ടു പോകില്ല. അതുകാരണം ഞങ്ങൾ തന്നെ പടച്ചുണ്ടാക്കിയ ചില ഭീകരകെട്ടുകഥകളുടെ പിറകെ പോയി, വെറുതെ പേടിച്ചു വിറച്ച് കഴിച്ചു കൂട്ടും.

വാസ്തവത്തിൽ ഞങ്ങളെല്ലാം ഒരു തരം ജീവഛവങ്ങളേപ്പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. വന്ന അന്നു തന്നെ ഇതിലൊക്കെ എന്തോ പന്തികേടു തോന്നിയ സുനിലിന്റെ സമനില തന്നെ തെറ്റിയിരുന്നു. അവന്റെ കൂടെ ഡൽഹിയിൽ നിന്നും വന്ന ഒരു കൂട്ടുകാരൻ പറഞ്ഞത്, അവിടന്ന് പുറപ്പെടുമ്പോഴും സുനിൽ നോർമലായിരുന്നില്ലത്രെ. ഇവിടത്തെ ഈ രീതികളിൽ ഒന്നു കൂടി പതറിപ്പോയ  അവന്റെ സമനില പിന്നെ വീണ്ടെടുക്കാനായില്ല.  ചീത്ത പറഞ്ഞും പേടിപ്പിച്ചും പിന്നെ അടിച്ചും ഒക്കെ ആ തടിയൻ ഈജിപ്ഷ്യൻ സുനിലിനെ നേരെയാക്കാൻ നോക്കി.
പക്ഷെ, അവനേയും ഒരു ദിവസം ഒറ്റക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി. പിന്നെ ഒരു വിവരവുമില്ല. അതോടെയാണ് ഞങ്ങളിൽ ആകെ ഒരു ഭയം പിടി കൂടിയത്. അന്നത്തെ തടിയൻ ഈജിപ്ഷ്യന്റെ സുനിലിനോടുള്ള പ്രകടനവും കൂടി കണ്ടതോടെ എന്തെങ്കിലും ഒന്നു ചോദിക്കാനുള്ള കെൽ‌പ്പും ആർക്കും ഇല്ലാതായി. ഞങ്ങൾ എല്ലാവരും ആദ്യമായി ഗൾഫ് കാണുന്നവരും.

അത് കഴിഞ്ഞാണ് ഞങ്ങളിൽ നിന്നും തിരഞ്ഞെടുത്തതു പോലെ മുമ്മൂന്നു പേരെ കൊണ്ടു പോകാൻ തുടങ്ങിയത്. ഇന്നത്തെ ഊഴം ഞങ്ങൾ മൂന്നു പേർക്കാണ് നറുക്ക് വീണത്.  പെട്ടിയെല്ലാം കെട്ടിക്കഴിയുമ്പോഴേക്കും തടിയൻ ഞങ്ങളെ മൂന്നു പേരേയും ഓഫീസ്സിലേക്ക് വിളിപ്പിച്ചു. അറബിയിൽ മാത്രം എഴുതിയ ഏതെല്ലാമൊ  പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ട്  ഇരുന്നൂറു  സൌദി റിയാൽ ഓരോരുത്തർക്കും തന്നു. കൂടാതെ ‘ഇക്കാമ’ എന്ന ഒരു കുഞ്ഞു പുസ്തകവും കയ്യിൽ തന്നു.

അതിനു ശേഷം ഞങ്ങളെ കെട്ടിടത്തിന്റെ പിറകിലുള്ള ഒരു മുറിയിൽ കൊണ്ടു പോയി. അതിനു മുൻപിൽ ഞങ്ങളെ കൊണ്ടു പോകാനുള്ള പിക്കപ്പ് കിടന്നിരുന്നു. ഫിലിപ്പൈൻ‌കാരൻ ഡ്രൈവർ ഇറങ്ങി വന്ന് ആ മുറി തുറന്നപ്പോഴാണ്, അതൊരു സ്റ്റോർ മുറിയാണെന്ന് മനസ്സിലായത്. അതിനകത്തു നിന്നും മൂന്നു ഇരുമ്പിന്റെ കട്ടിൽ എടുത്ത് ഞങ്ങളെക്കൊണ്ട് വണ്ടിയിൽ വയ്പ്പിച്ചു. മൂന്നു ബെഡ്ഡും മൂന്നു തലയിണയും അതിനുള്ള ഓരോ ഷീറ്റും. പിന്നെ ചെറുതും വലുതുമായ മൂന്നു അലൂമിനിയം കലങ്ങൾ, ചപ്പാത്തി പരത്താനുള്ള ഒരു പലകയും ഒരു കോലും. പിന്നെ ചായ തിളപ്പിക്കാനുള്ള സ്വർണ്ണക്കളറടിച്ച ഒരു പാത്രം. മൂന്നു ഗ്ലാസ്സ്, മൂന്ന് സ്പൂൺ കൂടാതെ മൂന്നു വലിയ കൈലും. ചെറുതും വലുതുമായ മൂന്നു കത്തികൾ. കൂടാതെ ഒരു നിറ സിലിണ്ടറും രണ്ടു അടുപ്പിന്റെ ഒരു സ്റ്റൌവും. മാത്രമല്ല ഒരു പ്ലാസ്റ്റിക് ബക്കറ്റും ബ്രഷും. ചുരുക്കം പറഞ്ഞാൽ ഒരു മൂന്നു പേരുള്ള കുടുംബത്തിനു അത്യാവശ്യം  വേണ്ടതെല്ലാം ഉണ്ട്. എല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും അകത്തു കയറി ഇരുന്നു. ഡ്രൈവറോടൊപ്പം മുന്നിലിരുന്ന ഞാൻ പിന്നിലേക്ക് തിരിഞ്ഞ് കൂട്ടുകാരോടായി പറഞ്ഞു.
“അപ്പോ.. കൊല്ലാനല്ലാ.. അല്ലെ...?”
പിന്നിലിരുന്നവർ അന്യോന്യം നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. വണ്ടി മുന്നോട്ട് നീങ്ങിയതോടെ സുരേന്ദ്രൻ ശബ്ദം കുറച്ച് പറഞ്ഞു.
“കുറച്ചു കഴിയട്ടെ. ഇവനോട് തന്നെ നമ്മക്ക് ചോദിക്കാം..”

അതെല്ലാം കയറ്റി ഞങ്ങളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പെട്ടിയുമായി കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പെട്ടികളും കൂടി കേറ്റിയതോടെ വണ്ടി നിറഞ്ഞു. ഡ്രൈവർ അതെല്ലാം പ്ലാസ്റ്റിക് കയറുപയോഗിച്ച് വലിച്ചു കെട്ടി ഉറപ്പാക്കി. അപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ മൌന വിടപറയലോടെ കണ്ണുകൾ നിറഞ്ഞു പോയ ഞങ്ങൾക്കും അധികമൊന്നും സംസാരിക്കാനായില്ല.

കൊല്ലാനാണൊ ജീവിപ്പിക്കാനാണൊ എന്നറിയാതെ ഞങ്ങളും ഞങ്ങളെ യാത്രയയച്ചവരും ഒരു പോലെ വിഷണ്ണരായിരുന്നു. ഫിലിപ്പൈൻ‌കാരൻ വണ്ടി മുന്നോട്ടെടുത്തു. ഒരു പക്ഷെ,  ഇനിയൊരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോയെന്ന ചിന്ത ഞങ്ങളിൽ വലിയ നടുക്കമാണുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ച ഒന്നിച്ച് അരി വച്ച്, കറിയുണ്ടാക്കി ഒരുമയോടെ കഴിഞ്ഞവരാണ് എവിടെന്നൊക്കെയോ ഒരു ഫ്ലൈറ്റിൽ വന്ന് ഇവിടെ ഒത്തുചേർന്ന ഞങ്ങൾ എല്ലാവരും. മൂന്നു ഹിന്ദിക്കാരൊഴികെ എല്ലാവരും മലയാളികൾ. നിറഞ്ഞ കണ്ണുകളോടെ പുറം തിരിഞ്ഞ് നോക്കിയെങ്കിലും ഒരു വളവിൽ അവരെല്ലാം മറഞ്ഞു പോയിരുന്നു....

ബാക്കി പതിനഞ്ചാം തീയതി.

34 comments:

വിനുവേട്ടന്‍ said...

തേങ്ങ എന്റെ വക... ബാക്കി വായിച്ചിട്ട്... :)

Riyas Nechiyan said...

പതിനഞ്ചു ദിവസത്തേക്കുള്ള കാത്തിരിപ്പ് കുറച്ചു കൂടുതലാ ...

എന്തായാലും കാത്തിരിക്കും തീര്‍ച്ച ...!

ആഭിനന്ദനങ്ങള്‍

RAJESH.R said...

കഥ വളരെ നന്നാവുന്നുണ്ട്, അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

Deepu George said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...

ആഷിക്ക് തിരൂര്‍ said...

ബാക്കി പതിനഞ്ചാം തീയതി.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

Cv Thankappan said...

മുപ്പത്തിനാലു വര്‍ഷം മുമ്പുള്ള പ്രവാസജീവിതാനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് എന്നെയും കൂട്ടികൊണ്ടുപോകുകയാണല്ലോ!
എത്തിചേര്‍ന്നവരുടെ ചങ്കിടിപ്പാര്‍ന്ന
കാത്തിരിപ്പ്....
തുടക്കം നന്നായിരിക്കുന്നു
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആദ്യമായി സൌദിയില്‍ ചെന്നിറങ്ങിയപ്പോഴുണ്ടായ ചില രംഗങ്ങള്‍ ഉള്ളില്‍ തെളിഞ്ഞു. ചില അവസ്തകളൊക്കെ വീണ്ടും അനുഭവിച്ചപോലെ..
ആശംസകള്‍ ..തുടരുക.

ajith said...

തുടക്കം ഗംഭീരമായി

തുടരുക
ആശംസകള്‍

Pradeep Kumar said...

എഴുതിയിടത്തോലം നന്നായി.... വായനയുടെ തുടര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.....

വീകെ said...

വിനുവേട്ടൻ: എന്റെ ബ്ലോഗ്ഗിൽ വന്ന് ആദ്യമായിട്ടാണെന്ന് തോന്നുന്നു വായനക്കു മുൻപ് ഒരാൾ തേങ്ങ ഉടക്കുന്നത്. നന്ദി.

റിയാസ് നെച്ചിയൻ: ആദ്യമായി ഈ സന്ദേശനത്തിന് വളരെ നന്ദി. അത്രയെങ്കിലും സമയം വേണം ഒരു തുടർക്കഥ രചിക്കാൻ എന്ന് എന്റെ അനുഭവം പറയുന്നത്. നന്ദി.

രാജേഷ് ആർ.:ആദ്യമായി ഈ സന്ദശനത്തിന് നന്ദി. വായനക്കും.

ദീപു ജോർജ്ജ്: ആദ്യമായി ഈ വരവിനും വായനക്കും നന്ദി.

ആഷിക് തിരൂർ: വായനക്ക് നന്ദി.

സിവി തങ്കപ്പൻ: എന്നേപ്പോലുള്ളവർക്കൊന്നും ഗൾഫ് വിധിച്ചിട്ടില്ലെന്ന് ചിന്തിച്ചിരുന്ന,അതിനായി ശ്രമിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് തങ്കപ്പേട്ടൻ ഗൾഫിൽ എത്തിയത്. പത്തു വർഷം കഴിഞ്ഞാണ് ഞാൻ എത്തുന്നതെങ്കിലും അവിടത്തെ അന്തരീക്ഷത്തിന് വലിയ വ്യത്യാസമൊന്നും ഉണ്ടാകാൻ വഴിയില്ല. നന്ദി.

മുഹമ്മദ് ആറങ്ങോട്ടുകര: വായനക്ക് വളരെ നന്ദി.

അജിത്: നന്ദി.

പ്രദീപ് കുമാർ:വായനക്ക് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

തുടക്കത്തിലുള്ള ഈ തുടിപ്പും പകിട്ടും
എല്ലാ ദ്വൈവാരങ്ങളിലടക്കം ,ഒടുക്കം
വരെ ഭായ് ഇത് നിലനിറുത്തികൊണ്ടുപോകും
എന്നെനിക്ക് ഉറപ്പുണ്ട്...!
തുടരുക...
അഭിനന്ദനങ്ങൾക്കൊപ്പം സർവ്വ
വിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ...

വിനുവേട്ടന്‍ said...

വായിച്ചു അശോകൻ മാഷേ... ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് സൌദിയിൽ കാൽ കുത്തിയ നിമിഷം ഇപ്പോഴും കൺ‌മുന്നിലെന്ന പോലെ... പക്ഷേ, അത് ഇത്രയും കഠിനമായിരുന്നില്ലെന്ന് മാത്രം...

അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...

ബൈജു മണിയങ്കാല said...

ഒരു വിഹ്വലത
ഈ നോവൽ വണ്ടിയിൽ ഞാനും കേറിയിട്ടുണ്ട് ഇവിടെ ഈജിപ്ഷ്യനെ പോലെ വി കെ എന്ന കഥാകാരനെ പേടിയോടെ ഭയ ഭക്തി ബഹുമാനത്തോടെ നോക്കുന്നു. കഥയെ എങ്ങോട്ട് കൊണ്ട് പോകുന്നു എന്നറിയുവാൻ
നന്നായി എഴുതി ആശംസകൾ

ദിവാരേട്ടN said...

നല്ല തുടക്കം.
കുറച്ച കാലം ആയി ബ്ളോഗിൽ ഒരു നോവൽ വായിക്കാൻ കിട്ടിയിട്ട്....
ബാക്കി അധികം വൈകണ്ട ട്ടോ.

വീകെ said...

ബിലാത്തിച്ചേട്ടൻ: പഴയ സാഹചര്യങ്ങളുമായി സൌദിക്ക് ഇന്ന് ബന്ധമുണ്ടാകണമെന്നില്ല. പലതും മാറിപ്പോയിരിക്കുന്നുവെന്ന് പത്രവാർത്തകൾ സൂചിപ്പിക്കുന്നു. അഭിപ്രായത്തിന് വളരെ നന്ദി.

വിനുവേട്ടൻ: ഞാൻ ചെന്നിറങ്ങിയ കാലഘട്ടത്തിൽത്തന്നെ ആയിരിക്കുമല്ലൊ വിനുവേട്ടനും എത്തിയിരിക്കുക. അന്നത്തെ സൌദി അല്ല ഇന്നെങ്കിലും പുതിയ മാറ്റം അഭിപ്രായങ്ങളിൽ ഉണ്ടാകുമെന്നു കരുതുന്നു. നന്ദി.

ബൈജു മണിയങ്കാല: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ദിവാരേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വിനുവേട്ടന്‍ said...

1989 ൽ ആണ് ഞാൻ ദമ്മാമിൽ ഇറങ്ങുന്നത്... പ്രശസ്തമായ ഒരു കമ്പനിയിലേക്കുള്ള ഡയറക്ട് റിക്രൂട്ട്മെന്റ് ആയിരുന്നതിനാൽ ഇതുപോലുള്ള കാത്തിരിപ്പുകളോ വിഹ്വലതകളോ ഉണ്ടായിരുന്നില്ല എന്നൊരു ഭാഗ്യം ലഭിച്ചു ഞങ്ങൾക്ക്...

തീർച്ചയായും എല്ലാ ലക്കങ്ങളിലും അഭിപ്രായങ്ങൾ എഴുതുന്നതാണ് അശോകൻ മാഷേ...

വീകെ said...

വിനുവേട്ടൻ എത്തുന്നതിനും രണ്ടു വർഷം മുൻപേ ഞാനും എത്തിയിരിക്കണം. ആണ്ടും തീയതിയുമൊന്നും കൃത്യമായ ഓർമ്മയിലില്ല. ഒരു കമ്പനിയുടെ പേരിൽ തന്നെയാണ് ഞാനും വന്നത്. അവർ പറഞ്ഞ ജോലിക്ക് വേണ്ട യോഗ്യതയുള്ളവർ ഏതാനും പേർ മാത്രം. അതു കൊണ്ടാണ് ഞങ്ങൾ പറഞ്ഞ ജോലിക്കല്ലെന്ന് കരുതി പേടിക്കാൻ തുടങ്ങിയത്. നന്ദി.

മുബാറക്ക് വാഴക്കാട് said...

അടുത്ത ഭാഗത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

Echmukutty said...

അപ്പോ പുതിയ നോവല്‍ വായിക്കാന്‍ ഞാനും ഹാജര്‍ വെച്ചിട്ടുണ്ട്...

വീകെ said...

മുബാറക് വാഴക്കാട്: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
എഛ്മുക്കുട്ടി:ഹാജർ വച്ചതിന് ഒത്തിരി ഒത്തിരി നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ നന്ദി..........

keraladasanunni said...

തുടക്കം ഗംഭീരമായി. വായനക്കരൻറെ മനസ്സിലും ഭയം നിറയുന്നുണ്ട്. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

വീകെ said...

ജയരാജ് മുരുക്കുംപുഴ: നന്ദി.
കേരളദാസനുണ്ണി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തുടങ്ങി വച്ചു 
ഇനിയുള്ള കാത്തിരിപ്പാണ് പ്രശ്നം :(

ശ്രീ said...

പുതിയൊരു കഥ കൂടെ... കൂടെയുണ്ട് മാഷേ... തുടരട്ടെ

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: പണിക്കർജീ, രണ്ടാഴ്ച ദേ..പോയി ദേ വന്നു..എന്നങ്ങു വരത്തില്ലേ.. നന്ദി.
ശ്രീ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

M.K Pandikasala said...

അനുഭവങ്ങളെ സാക്ഷി....!.നന്നായിരിക്കുന്നു.
അടുത്ത ഭാഗം വരട്ടെ..

Prakash said...

വിക്കെ, വിനുവേട്ടന്റെ ബ്ലോഗിൽ നിന്നും ആണ് ലിങ്ക് കിട്ടിയത് വായിച്ചു തുടങ്ങിയതെ ഉള്ളു, തുടക്കം ഗംഭീരമായി

അഭി said...

ആശംസകള്‍

സാജന്‍ വി എസ്സ് said...

ഞാന്‍ ഇന്നാണ് ഇവിടെയ്തിയത്.നോവല്‍ ആറാം ഭാഗം എന്നു കണ്ടപ്പോഴേ ഒന്നിലേക്ക് തപ്പിയിറങ്ങി..തുടക്കം നന്നായി ,ബാക്കി വായിക്കട്ടെ

ആശംസകള്‍

Shahida Abdul Jaleel said...

തുടക്കംനന്നായിരിക്കുന്നുആശംസകള്‍ ..

സുധി അറയ്ക്കൽ said...

വീകേ ജി.
രമണികയുടെ കമന്റിൽ നിന്നാണു ഇവിടെ എത്തിയത്‌.
വരുന്ന മാസം പ്രവാസി ആകാൻ പോകുന്ന എന്റെ ഹൃദയാമിടിപ്പ്‌ കൂടുന്നു.
ആദ്യഭാഗം നന്നായിട്ടുണ്ട്‌.

വീകെ said...

വായനക്ക് വളരെ വളരെ നന്ദി സുധീ...
( ഇതോടെ ഞാൻ മറുപടി തന്നില്ലെന്നുളള പരിഭവം മാറുമല്ലൊ...! )

Geetha said...

Adyabhagangal vayichittilla.. ippol vayichu