Friday 1 November 2013

നോവൽ. മരുഭൂമി. [3]

“എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ...”


നോവൽ ഇതുവരെ....

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായി. പല വഴി കറങ്ങി ഞങ്ങൾക്ക് ജോലി ചെയ്യേണ്ട സ്ഥലത്ത് എത്തി. ജനറേറ്റർ ഓൺ ചെയ്തു.

തുടർന്നു വായിക്കുക...

[3]  കല്ലുകളോടെ ആദ്യ സുപ്രഭാതം....

വെളിച്ചം വന്നതോടെ വല്ലാത്തൊരു പ്രകാശം ഞങ്ങളുടെ മുഖങ്ങളിലും തെളിഞ്ഞു. കൂനാക്കൂന ഇരുട്ടിൽ പെട്ടെന്ന് സൂര്യനുദിച്ചതു പോലെ പ്രകാശം പരന്നപ്പോൾ ഞങ്ങൾ ചുറ്റുപാടും ഒന്നു കറങ്ങി നോക്കി. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ സിമന്റ് ചെയ്ത വഴിത്താരകൾ. വഴിയിൽ നിറയെ സ്ട്രീറ്റ് ലൈറ്റുകൾ. ആ ലൈറ്റുകളെല്ലാം പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം.

പ്രധാന കെട്ടിടത്തിന്റെ മറവിൽ നിന്നും ലുങ്കി ഉടുത്ത രണ്ടുപേർ ഓടി വരുന്നു.  പിറകിലെ കെട്ടിടത്തിന്റെ  ജനാലകളിൽ പ്രകാശം തെളിഞ്ഞു തെളിഞ്ഞു വരുന്നതു കണ്ടു. അപ്പോഴാണ് ഈ കെട്ടിടങ്ങളിലൊക്കെ മനുഷ്യവാസമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓടി വന്ന രണ്ടുപേരും മലയാളികൾ തന്നെയായിരുന്നു...!
അവരുമായി പരിചയപ്പെട്ടു. അപ്പോഴേക്കും പിറകിലെ കെട്ടിടത്തിൽ നിന്നും പർദ്ദ ധരിച്ച രണ്ടുമൂന്നു സ്ത്രീകളും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്നു. അവരുമായി പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ഇനിയെന്നും കറണ്ടുണ്ടാകുമോയെന്നാണ്. ഉണ്ടാകുമെന്ന് ഫിലിപ്പൈനി വാക്കു കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു...!

ഫിലിപ്പൈനി ഞങ്ങളുടെ മുറിയുടെ താക്കോൽ എവിടെയെന്ന് ഓടി വന്ന മലയാളികളോട് ചോദിച്ചു. അവരിൽ ഒരാൾ പോയി ഗേറ്റിലെ സെക്യൂരിറ്റി കാബിനിൽ നിന്നും  താക്കോൽ എടുത്ത് ജനറേറ്റർ മുറിയോട് ചേർന്നുള്ള ഒരു മുറി തുറന്നു. വണ്ടിയിൽ നിന്നും ഞങ്ങളുടെ ലഗ്ഗേജുകളൊക്കെ എടുക്കാൻ പുതിയ കൂട്ടുകാരും മുന്നിട്ടിറങ്ങി. അവർക്കും സന്തോഷം സഹിക്കാവുന്നതിനപ്പുറം. അതവരുടെ പെരുമാറ്റങ്ങളിൽ നിന്നും നമ്മൾക്ക് വായിച്ചെടുക്കാം. ഒന്നാമത് സ്ഥിരമായി കറണ്ട് ഉണ്ടാകുന്നത്. രണ്ടാമത് ഒന്നു ‘മിണ്ടാനും പറയാനും’ ഞങ്ങൾ കൂടി ഉണ്ടാകുമല്ലൊയെന്ന തിരിച്ചറിവ്...!

അപ്പോഴാണ് ഈ പ്രദേശത്ത് മനുഷ്യവാസം തീരെയില്ലെന്ന് തിരിച്ചറിഞ്ഞത്...!?
അത് വല്ലാത്തൊരു ഷോക്കായിരുന്നു ഞങ്ങൾക്ക്...!
രണ്ടു കിലോമീറ്റർ എങ്കിലും പോയാലെ മലകളുടെ അപ്പുറത്തെ താഴ്വാരത്തിൽ ജനങ്ങൾ വസിക്കുന്ന ഗ്രാമമുള്ളു. അവർക്ക് വേണ്ടിയുള്ള ‘ഡിസ്പ്പെൻസറി’ ആണത്രെ ഈ കെട്ടിടങ്ങൾ.... മൂന്നു കിലോമീറ്റർ എങ്കിലും നടന്നാലെ തൊട്ടടുത്ത കടയിൽ എത്താനാവൂ..!

മലയാളികൾ രണ്ടു പേരും ആശുപത്രിയിലെ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരാണ്. പിന്നെ മൂന്നു നഴ്സുമാരും അവിടെ താമസിക്കുന്നുണ്ട്.  അന്നത്തെ ഭക്ഷണം ഞങ്ങളുടെ പുതിയ കൂട്ടുകാരായ ഉസ്മാന്റേയും മൊയ്തൂന്റേയും വകയായിരുന്നു...
പൊറോട്ടയും കോഴിക്കറിയും...!
മാത്രമോ പെപ്സിയും ആപ്പിൾ, മുന്തിരി പോലുള്ളവ നഴ്സുമാരുടെ വകയും...!

മുറി ശരിയാക്കലായിരുന്നു ആദ്യ പടി. ആരും താമസിക്കാതിരുന്നതു കൊണ്ട് ആകെ പൊടി പിടിച്ച് വൃത്തികേടായിരുന്നു. ആശുപത്രിക്കാരുടെ വക എയർക്കണ്ടീഷണർ മുറിയിലുണ്ടായിരുന്നതുകൊണ്ട് ചൂടിൽ നിന്നും രക്ഷയായി. കറണ്ടു വന്നതോടെ ഒരാൾ പോയി വെള്ളത്തിന്റെ മോട്ടോർ ഓണാക്കി. അതു കാരണം ബാത്ത്‌റൂമിൽ വെള്ളമെത്തി. മുറി ഒന്നു കഴുകിത്തുടച്ചു. ഒരു ചെറിയ മുറിയാണ്. ആകെ നാലു കട്ടിലിടാം. പിന്നെ നടുക്ക് ഒരിത്തിരി സ്ഥലമേ ബാക്കിയുള്ളു. വാതിലിനോട് ചേർന്നു തന്നെ ബാത്ത്‌റൂമും. തീർന്നു ഞങ്ങളുടെ പുതിയ സാമ്രാജ്യം. ഞങ്ങൾ മൂന്നു പേർ ഇനിയുള്ള കാലം ഇതിനകത്ത് ഒതുങ്ങിക്കൂടണം.

കട്ടിലുകൾ ശരിയാക്കി മൂന്നു സൈഡിൽ ആയി ഇട്ടു. ഒരു വശത്ത് സ്റ്റൌവും പാത്രങ്ങളും മറ്റും വക്കാനായി ഒരു ഡെസ്ക്ക് ആശുപത്രിയുടെ പുറത്ത് കാല് ഒടിഞ്ഞതിനാൽ മാറ്റിയിട്ടിരുന്നത്, ഉസ്മാനും മൊയ്തുവും കൂടി എടുത്ത് കൊണ്ടു വന്ന് മുറിയിൽ ഇട്ടു. അതിനു മുകളിൽ സ്റ്റൌ വച്ച് ഗ്യാസ് കണക്ടു ചെയ്തു...

പുതിയ നാട്ടിൽ ഒരു പുതിയ ജീവിതം തുടങ്ങുകയല്ലെ. പാലു കാച്ചിയിട്ട് തുടങ്ങാമെന്നായി പുതിയ കൂട്ടുകാർ. ഈ പാതിരാവിൽ തന്നെ വേണോയെന്ന എന്റെ ചോദ്യത്തിന് ആരും വില കൊടുത്തില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്നായിരുന്നു എനിക്ക്. അത്രക്കും ക്ഷീണമുണ്ടായിരുന്നു. ഞങ്ങളുടെ കൈവശം പാലും ഇല്ലായിരുന്നു....
അതിനും അവർ തന്നെ പരിഹാരം കണ്ടെത്തി. ആശുപത്രി തുറന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന അവരുടെ പാൽ എടുത്തു കൊണ്ടു വന്നു തന്നു. അവിടെ മരുന്നുകൾ സൂക്ഷിക്കാനായി ഗ്യാസിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ഉണ്ടായിരുന്നു. അങ്ങനെ ഗ്യാസ്സിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ആദ്യമായാണ് കാണുന്നത്. എന്നാൽ പിന്നെ ഒന്നു കുളിച്ചിട്ടാകാമെന്ന് ഞങ്ങളും തീരുമാനിച്ചു.

ഞങ്ങൾ കുളി കഴിഞ്ഞു വന്നു പാൽ അടുപ്പത്തു വച്ച് തിളപ്പിച്ചു.
തിളച്ചു തൂവാൻ തുടങ്ങിയപ്പോൾ ചായപ്പൊടിയിട്ട് ചായയുണ്ടാക്കി എല്ലാവർക്കും വിളമ്പി. അതൊന്നും കുടിക്കാൻ ഞങ്ങളുടെ ഫിലിപ്പൈനി എഞ്ചിനീയർ ‘റോജർ റോത്ത’ നിന്നില്ല. അവൻ നടുക്കുള്ള സ്ഥലത്ത് ബെഡ്ഡിട്ട് ഉറക്കമാരംഭിച്ചിരുന്നു.  നാളെ കാലത്ത് ഡ്യൂട്ടിയുള്ളതാണെന്നും പറഞ്ഞ് കൂട്ടുകാർ പോയതോടെ ഞങ്ങളും ഉറങ്ങാനുള്ള വട്ടം കൂട്ടി.

കിടന്നിട്ടും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും, നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം മാത്രം ഞങ്ങളെ കനിഞ്ഞില്ല... ജീവിതത്തിൽ ആദ്യമായാണ് ഒരു ഏസി മുറിയിൽ കിടക്കുന്നത്. ഏസിയുടെ സുഖമായ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം മാത്രം കിട്ടിയില്ല...

സുരേന്ദ്രൻ എഴുന്നേറ്റിരുന്ന് ഒരു സിഗററ്റ് കത്തിച്ചു...
അതു കണ്ട് ഞാനും എഴുന്നേറ്റ് ഒരെണ്ണം കത്തിച്ചു...
അബ്ദുൾഖാദർ ഇതു കണ്ടിട്ടും കാണാത്തതു പോലെ കുറച്ചു നേരം കൂടി കിടന്നു നോക്കി. രക്ഷയില്ലെന്നു കണ്ടപ്പോൾ എഴുന്നേറ്റിരുന്ന് ഒരെണ്ണം കത്തിച്ച് ഒരു കവിൾ പുക ഇരുത്തി വലിച്ച് വിട്ടിട്ട് പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട് വന്നു പെട്ടു പോയില്ലെ...?!”
അപ്പോഴാണ് സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഫിലിപ്പൈനിയെ ശ്രദ്ധിച്ചത്.
“ഈ മൈ.. കിടപ്പ് നോക്ക്യേ...”
ഉറങ്ങാൻ കഴിയാത്ത ദ്വേഷ്യം മുഴുവൻ മേമ്പൊടിയായി ചേർത്ത് ഫിലിപ്പൈനിയെ ചൂണ്ടിപ്പറഞ്ഞത് ഞങ്ങളിൽ ചിരി ഉണർത്തി. ഫിലിപ്പൈനി ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലായിരുന്നു. അവന്റെ ഉറക്കം അസൂയയും ദ്വേഷ്യവും ഒക്കെ ഞങ്ങളിൽ ഉണ്ടാക്കിയെങ്കിലും  അവനെങ്കിലും സുഖമായുറങ്ങട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.

സുരേന്ദ്രൻ ഒരു നിർദ്ദേശം വച്ചു.
“നമ്മൾക്ക് ജനറേറ്റർ തൽക്കാലം ഒന്നു നിറുത്തിയാലോ... നേരം വെളുക്കുന്നതിനു മുൻപേ ഓടിക്കാം....”
“എങ്കിൽ തീർന്നു. ഇവൻ ആ നഴ്സുമാർക്ക് വാക്ക് കൊടുത്തേക്കണതാ ജനറേറ്റർ നിറുത്തില്ലെന്ന്.” “തന്നേയുമല്ല, ഇതു നിറുത്തിയാൽ പിന്നെ കറണ്ടുണ്ടാകില്ല. ഏസിയില്ലാതെ നമ്മളെങ്ങനെ ഇതിനകത്ത് കിടന്നുറങ്ങും...?”
“ഇതു വല്യ പാമ്പായല്ലൊ ന്റെ റബ്ബേ...”
“കിടന്നുറങ്ങാൻ നോക്ക്. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല...”
ഞങ്ങൾ വീണ്ടും കിടന്നു.

ഉറക്കം വരാതെ കിടക്കുമ്പോഴാണ് അങ്ങനെ ഒരു ചിന്ത തോന്നിയത്. പേടിച്ചു വിറച്ച് കഴിഞ്ഞു കൂടുന്ന ഓഫീസ്സിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു കത്തെഴുതിയാലൊ...?
ഉടനെ എഴുന്നേറ്റ് അവർക്കായി ഞങ്ങൾ അനുഭവിച്ചതെല്ലാം വിവരിച്ച് കത്തെഴുതി. എന്നിട്ട് എല്ലാവരേയും വായിച്ചു കേൾപ്പിച്ചു. പിന്നെ മടക്കി തലയിണക്കീഴിൽ വച്ച് ഉറക്കം വരാനായി കിടന്നു....

ഒരു ചുമരിനു തൊട്ടപ്പുറത്തെ കൂറ്റൻ ജനറേറ്ററിന്റെ   ചെകിടടപ്പിക്കുന്ന ശബ്ദവും കറങ്ങുമ്പോഴുള്ള മുറിയുടെ പ്രകമ്പനവും, വിറകൊള്ളുന്ന കട്ടിലും കൂടിച്ചേർന്ന് ഞങ്ങളുടെ രാത്രിയെ നിദ്രാവിഹീനമാക്കി. കണ്ണടച്ച് ഉറങ്ങാതെ കിടന്നപ്പോഴാണ് ഞങ്ങൾ ഇതുവരെ സംസാരിച്ചത് സാധാരണ ശബ്ദത്തിലല്ലെന്ന് പെട്ടെന്നോർമ്മ വന്നത്. വളരെ ഉയർന്ന ശബ്ദത്തിലാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അല്ലെങ്കിൽ ജനറേറ്ററിന്റെ ശബ്ദം കാരണം ഞങ്ങൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല.

ചെവി പതമുള്ളവർ ഉറക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടിങ്ങനെ സ്ഥിരമായാൽ  ഭാവിയിൽ ഞങ്ങളും അവരെപ്പോലെ ആകുമോയെന്നൊരു ഭയവും പിടി കൂടി. എങ്ങനേയോ ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്. സുരേന്ദ്രൻ എത്ര പാക്കറ്റ് സിഗററ്റാണ് പുകച്ചു തള്ളിയത്. ഞങ്ങളും മോശമല്ലായിരുന്നു...

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടിട്ടാണ് ഞാൻ വാതിൽ തുറന്നു നോക്കിയത്.
അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. പുതിയ കൂട്ടുകാർ ആയിരിക്കുമെന്നായിരുന്നു കരുതിയത്. തുറന്നപ്പോൾ കുറേ കുട്ടികളായിരുന്നു...!
അറബി ഡ്രെസിൽ അൽ‌പ്പം മുതിർന്ന കുട്ടികളും ഉണ്ടായിരുന്നു കൂട്ടത്തിൽ...
ഞാൻ വാതിൽ തുറന്നതും അവർ പെട്ടെന്ന് ഓടിമാറി...!
അതു കണ്ട് ഞാൻ പകച്ച് അകത്തേക്ക് നോക്കിയതും കൂട്ടുകാരും ഓടി വന്നു...
ഇനി ജനറേറ്ററിന് എന്തെങ്കിലും കുഴപ്പം പറ്റിയോന്ന് സംശയിച്ചു.
ഉടനെ ഞങ്ങൾ പുറത്തിറങ്ങി നോക്കി...
അതിനൊന്നും ഒരു കുഴപ്പവുമില്ല.

അപ്പോഴേക്കും ചില കുട്ടികൾ കുറച്ച് ധൈര്യത്തോടെ അടുത്തു വന്ന് ഞങ്ങളെ തൊടാനും പിച്ചാനും മറ്റും തുടങ്ങിയത് വീണ്ടും പരിഭ്രാന്തിയിലാക്കി....!
ഞങ്ങളെ തൊട്ടു നോക്കിയ കുട്ടികൾ മറ്റുള്ള കുട്ടികളുമായി എന്തൊക്കെയോ രഹസ്യം പറയുന്നുമുണ്ട്...!
ചെറിയ ഭയത്തോടെയാണെങ്കിലും “പോടാ പിള്ളേരേ...” എന്നു പറഞ്ഞ് സുരേന്ദ്രൻ കൈ വീശി അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പത്തിലാക്കി...
ഞങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കിലും ആംഗ്യത്തിന്റെ അർത്ഥം ആർക്കും മനസ്സിലാകുമല്ലൊ.
‘ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളെ ആട്ടിപ്പായിക്കുന്നോടാ വരുത്തന്മാരെ’ എന്ന മനോഭാവത്തോടെയാവും, അവർ  മുറ്റത്തിനു പുറത്തെ തിട്ടയിൽ നിന്നും ചെറിയ കല്ലുകളെടുത്ത് കയ്യിൽ പിടിച്ചതോടെ ഞങ്ങൾ ഓടി അകത്തു കയറി വാതിലടച്ചു...!?
അതോടെ അവർ വാതിലിൽ ഇടിക്കാനും കല്ലുകൾ വലിച്ചെറിയാനും തുടങ്ങി....!
പരിഭ്രാന്തിയോടെ, ഒന്നും മനസ്സിലാകാതെ ഞങ്ങൾ പരസ്പ്പരം നോക്കി.....!

ബാക്കി നവംബർ 15-ന്......

20 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആകാംക്ഷയോടെ വായിച്ചു പോകുന്നുണ്ട്.അറബിക്കുട്ടികളുടെ പിടിയില്‍ പെട്ട് പിടയുന്ന പൂച്ചകളെ കണ്ടിട്ടുണ്ട്.അതുപോലായല്ലോ ഈ അവസ്ഥ..
അടുത്തഭാഗത്തിന് കാത്തിരിക്കുന്നു.

ബൈജു മണിയങ്കാല said...

എന്തെല്ലാം അനുഭവങ്ങൾ അത് അനുഭവിച്ച തീവ്രതയോടെ എഴുതുവാൻ കഴിയുന്നത്‌ അനുഗ്രഹം ആണ്

Cv Thankappan said...

അവിടത്തെ പിള്ളേര്‍ അല്പം പിശക് തന്ന്യാ.....
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെ അറബിനാട്ടിലെ
ആദ്യാനുഭങ്ങളായ കെട്ടുകൾ ഇഴപിരിച്ച്
അഴിച്ചിടുമ്പോഴാണല്ലോ ഒരു സാധാ പ്രവാസിയുടെ
പ്രയാസങ്ങളുടെ പകിട്ടില്ലായ്മയൊക്കെ വായനക്കാർക്കൊക്കെ
മനസ്സിലാക്കുവാൻ സാധിക്കുന്നത്...

ഇതെല്ലാം അശോക് ഭായ് നന്നായ് കൺവേയ് ചെയ്തിരിക്കുന്നൂ ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കഥ തുടക്കം മുതലെ ടെൻഷൻ അടീപ്പിക്കലല്ലെ. അതു കൊണ്ട് അത് വിട്--

"അപ്പോഴാണ് സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഫിലിപ്പൈനിയെ ശ്രദ്ധിച്ചത്.
“ഈ മൈ.. കിടപ്പ് നോക്ക്യേ...”"
--

ഞങ്ങൾ പഠിക്കുന്ന കാലത്ത് സ്റ്റഡി ലീവു കഴിഞ്ഞ് വീട്ടിൽ നിന്നും വന്ന സദാനന്ദൻ ഹോസ്റ്റലിലേക്ക് കയറി ബാഗ് താഴെ വച്ചതും ഉറക്കെ ഒരലർച്ച "മൈ--" 
പിന്നൊരു വട്ടം കൂടി

അതു കഴിഞ്ഞ് ആത്മഗതം

"ഹൊ ഇപ്പൊ എന്തൊരു സമാധാനം"

ഒരു മാസം വീട്ടിൽ ആ വാക് പറയാൻ ഒക്കാതിരുന്നതിന്റെ വീർപ്പുമുട്ടൽ

Pradeep Kumar said...

വെളിച്ചം വന്നതോടെ വല്ലാത്തൊരു പ്രകാശം ഞങ്ങളുടെ മുഖങ്ങളിലും തെളിഞ്ഞു - ഈ വരിയിൽ എന്തോ പ്രശ്നമുള്ളതായി എന്റെ അപക്വമായ വായനയിൽ തോന്നി എന്ന് പറഞ്ഞുകൊള്ളട്ടെ..... തുടർന്നങ്ങോട്ട് നന്നായി എഴുതിയ ഈ ലക്കത്തിൽ ആ വരിമാത്രം കുറച്ച് അരോചകമായി എനിക്ക് തോന്നിയതുകൊണ്ടാണ് ഇതു സൂചിപ്പിക്കുന്നത്...

നന്നായി തുടരുന്നു....
തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു....

ajith said...

പുതിയ ഒരു വായനാനുഭവമായിര്യ്ക്കും ഈ കുറിപ്പുകള്‍. തീര്‍ച്ച

വീകെ said...

മുഹമ്മദ് ആറങ്ങോട്ടുകര: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. തുടക്കത്തിൽ നമ്മളും പൂച്ചകളായി മാറേണ്ടി വരും. നന്ദി.

ബൈജു മണിയങ്കാല: വായനക്ക് വളരെ നന്ദി.

സിവി തങ്കപ്പൻ: ആദ്യമായതു കൊണ്ട് നമ്മൾ ഒന്നന്താളിച്ചു പോകുമെന്നതു സത്യം. പിന്നെപ്പിന്നെ ശീലമായിക്കോളും. നന്ദി.

ബിലാത്തിച്ചേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇൻഡ്യാഹെറിറ്റേജ്: വായനക്കും അഭിപ്രായത്തിനും നന്ദി. ഇത്തരം ചില ശ്വാസം മുട്ടലുകൾ മിക്കവർക്കും കാണും.

പ്രദീപ് കുമാർ: ആ വെളിച്ചം വീണപ്പോൾ ഞങ്ങളുടെ മുഖം തെളിയാനുള്ള കാരണം അടുത്തൊരു ഭാഗത്ത് പറയുന്നുണ്ട്. ഒരു കാര്യത്തിൽ അതുവരെ അനുഭവിച്ച ടെൻഷനിൽ നിന്നുള്ള മോചനമായിരുന്നു അത്. ശ്രദ്ധയോടെയുള്ള വായനക്ക് വളരെ നന്ദി പ്രദീപ്ജി.

ശ്രീ said...

അതെന്താ ആ പിള്ളേര്‍ അങ്ങനെ...?

അടുത്ത ഭാഗത്തില്‍ നോക്കാം ല്ലേ?

വിനുവേട്ടന്‍ said...

സൌദി പിള്ളേരല്ലേ... കാഞ്ഞ വിത്തുകളാ.. സൂക്ഷിച്ച് നടന്നില്ലെങ്കിൽ എതിരെ വന്ന് മുഖത്ത് തുപ്പിക്കളയും... ശരിയല്ലേ അശോകൻ മാഷേ?

keraladasanunni said...

എന്തെല്ലാം ദുരിതങ്ങളാണ് ഒന്നിനുപിന്നാലെ ഒന്നായി വരുന്നത്. അന്യ നാട്ടിൽ ചെന്ന് അവിടത്തെ പിള്ളരോട് കലഹിക്കാൻ പോയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാവും. അവരുടെ നാട്ടിൽ അവർ ചെയ്യുന്നതും പറയുന്നതുമാണല്ലോ ന്യായം.

വീകെ said...

ശ്രീ: അതങ്ങനെയാ ശ്രീ.. നമ്മുടെ നാടു പോലെ നമ്മുടെ നാടു മാത്രം...! അടുത്ത ലക്കം അതാവരണം ചെയ്യും. നന്ദി.

വിനുവേട്ടൻ: ശരിയാണ് വിനുവേട്ടാ. നമ്മളൊക്കെ അവരുടെ നാട്ടിൽ അരിഷ്ടിക്ക് വക തേടി ചെന്നിരിക്കുന്ന ദരിദ്രനാരായണന്മാരാണെന്ന് ആ പിള്ളേർക്ക് വരെ നന്നായറിയാം. എന്തു ചെയ്താലും ഒരാളും ചോദിക്കാൻ വരില്ലെന്ന് നല്ലുറപ്പും..! നന്ദി.

കേരളദാസനുണ്ണി: വിനുവേട്ടനോട് പറഞ്ഞ മറുപടി തന്നെ പറയാനുള്ളു. നന്ദി മാഷെ.

African Mallu said...

ഇപ്പൊ ഒരു ആകംഷയോക്കെ വരുന്നുണ്ട് .വീണ്ടും വരാം

ഫൈസല്‍ ബാബു said...

ഇടക്കൊക്കെ വായിക്കാറുണ്ട് , ചിലഭാഗങ്ങള്‍ വായിക്കാന്‍ വിട്ടു പോയിരുന്നു,അവയൊക്കെ വായിച്ചു തീര്‍ക്കട്ടെ

Mukesh M said...

സൗദി പിള്ളാരോട് കളിച്ചാല്‍, പിള്ളേര് കളി പഠിപ്പിക്കും !! എന്നിട്ട് പിള്ളേരേ എങ്ങനെ ശാന്തരാക്കി? ആകാംഷയായല്ലോ ബാകി വായിക്കാന്‍ !!

വീകെ said...

ആഫ്രിക്കൻ മല്ലു: വായനക്കും അഭിപ്രായത്തിനും നന്ദി.
ഫൈസൽ ബാബു: ആദ്യമായിട്ടുള്ള ഈ വരവിനും വായനക്കും വളരെ നന്ദി മാഷെ.
ധ്വനി: സൌദിപ്പിള്ളേര് രണ്ടും കൽ‌പ്പിച്ചാ... വായനക്ക് നന്ദി.

നളിനകുമാരി said...

ഞാന്‍ ആദ്യമായാണ്‌ ഇവിടെ. എന്തിനാ അറബി പിള്ളേര് കല്ലെറിയുന്നത്‌?
ഈ ശൈലി ഇഷ്ടമായി.

വീകെ said...

നളിനകുമാരി: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇതിലെ വന്നിട്ടും ഒന്നും മിണ്ടാതെ പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദി.

അഭി said...

ആശംസകള്‍

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌.ബാക്കി വായിക്കട്ടെ.