“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”
കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തി ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് കുറേ കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങളുടെ രക്ഷക്കായി മാനേജരും ഫാർമസിസ്റ്റും ഓടിയെത്തി. വൈകുന്നേരമായപ്പോഴേക്കും ഒരു ജീപ്പിൽ പോലീസ് ചീഫ് പാഞ്ഞെത്തി. നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നു. താമസിയാതെ അത് ധിക്കരിച്ച് നഴ്സുമാരുടെ താമസസ്ഥലത്ത് പോയി തിരിച്ചിറങ്ങിയത് പോലീസ് ചീഫിന്റെ മുന്നിൽ. നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു അത്യാപത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. ശമ്പളം കിട്ടാതായതോടെ ഭക്ഷണത്തിനു പോലും വഴിമുട്ടിയ നേരത്ത് കൂട്ടുകാർ രക്ഷക്കെത്തി......
തുടർന്നു വായിക്കുക....
ഭാര്യയെ വിറ്റ സങ്കടം...
വളരെ കുറഞ്ഞ വരുമാനക്കാരായ ഉസ്മാനും മൊയ്തുവും ആശുപത്രിയിൽ വന്നിരുന്ന സന്ദർശകരുടെ കാറുകൾ കഴുകിക്കൊടുത്തിരുന്നു. ഞങ്ങൾ അതിനടുത്ത് പോയി നിന്ന് അതൊക്കെ കാണുകയും വാചകമടിക്കുകയും മറ്റും ചെയ്തിരുന്നു. അപ്പോഴും ഞങ്ങൾക്ക് അതൊക്കെ ചെയ്യണമെന്നോ കാശുണ്ടാക്കണമെന്നോ ചിന്തിച്ചിരുന്നില്ല. കാരണം ഒന്നാമത് രോഗികൾ വളരെ കുറവാണ്. അതു കൊണ്ട് തന്നെ വണ്ടികളും കുറവ്. മാത്രമല്ല സ്ത്രീ രോഗികളാണ് അധികവും വരാറ്. ആണുങ്ങളായി വയസ്സായവർ മാത്രവും. ഇവരെയൊക്കെ കൊണ്ടു വന്ന് ആശുപത്രിയിലിറക്കി തിരിച്ചു പോകുന്നവരാണ് മിക്കവാറും പുരുഷന്മാർ. ഏതാണ്ടൊരു പിക്നിക്കിനു വരുന്ന മൂടാണ് എല്ലാവർക്കും. കുറച്ചു സമയമെങ്കിലും അവിടെ കിടക്കുന്ന വണ്ടികൾ വളരെ കുറവാണ്.
പിന്നെ ആശുപത്രി ജീവനക്കാരുടെ വണ്ടികളാണ് ഉള്ളത്. ഞങ്ങളുടെ അവസ്ഥ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി നിർദ്ദേശിച്ച പരിഹാരം ഇതായിരുന്നു.
“നിങ്ങളുടെ മുൻവശത്ത് പാർക്ക് ചെയ്യുന്ന വണ്ടികളൊക്കെ നിങ്ങൾ കഴുകിക്കൊടുത്തോ. ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്യുന്ന വണ്ടികൾ ഞങ്ങളും കഴുകിക്കോളാം..!”
അവരുടെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിൽ നിന്നും കുറവു വരുന്ന ആ നിർദ്ദേശം വാസ്തവത്തിൽ ഞങ്ങളുടെ കണ്ണുകൾ നനയിച്ചു.
മാനേജർ ഉമ്മറിന്റേയും ഫാർമസിസ്റ്റ് അസ്സർബായിയുടേയും കാറുകൾ ഞങ്ങളുടെ മുറ്റത്താണ് കിടക്കുന്നത്. കൂടാതെ രോഗികളുടെ കാറുകളും ഇടക്കൊക്കെ കിട്ടിക്കൊണ്ടിരുന്നു. ഉമ്മറും അസ്സർബായിയും ഒരു മാസം കൂടുമ്പോഴാണ് കാശു തരുന്നത്. അപ്രാവശ്യം അവർ ആദ്യമേ തന്നെ തന്നു. അതുകൊണ്ട് ഞങ്ങൾ ഒരു ചാക്ക് മൈദയും മറ്റുള്ള സാധനങ്ങളും വാങ്ങി. ഫ്രിഡ്ജില്ലാതിരുന്നത് കൊണ്ട് ഇറച്ചിയോ മീനോ ഒന്നും സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം കോഴിയും കുപ്പൂസുമായിരുന്നു...!
ആദ്യമാദ്യം കുപ്പൂസ് തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല. കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. വന്ന ആദ്യ ദിവസങ്ങളിൽ ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല. ചെവി പരിസരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
ഇത് മൂന്നാം മാസമാണ് ഇവിടെ വന്നിട്ട്. മുറിയിൽ ഒന്നും ചെയ്യാനില്ലാതെ കിടക്കുമ്പോഴാണ് മൊയ്തുവിന്റെ ഫോൺ. കേട്ടതും എഴുന്നേറ്റ് ഓടുകയായിരുന്നു ഞങ്ങൾ. പോസ്റ്റാഫീസിന്റെ വണ്ടി വരുന്ന വിവരമായിരുന്നു ആ വാർത്ത...!
ഞങ്ങൾ മുറ്റത്ത് എത്തിയപ്പോഴേക്കും പോസ്റ്റാഫീസിന്റെ ഒരു കുഞ്ഞു മഞ്ഞ വണ്ടി അവിടം വിട്ടിരുന്നു. അത് ആശുപത്രിയെ ഒന്നു വലം വച്ച് ഗേറ്റ് കടന്നു പോകുന്നത് ഓട്ടത്തിനിടയിൽ കണ്ടിരുന്നു.
ആശുപത്രിയിലെത്തുമ്പോഴേക്കും മൊയ്തു ഞങ്ങൾക്കുള്ള കത്തുമായി പുറത്തു വന്നു. ഞങ്ങൾക്ക് ഓരോ കത്തു മാത്രം. അതു കിട്ടിയപ്പോഴേ ഉമ്മകൾ കൊണ്ട് മൂടി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതിരിക്കാനായി വേഗം മുറിയിലേക്ക് തിരിഞ്ഞോടി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കത്ത് നെഞ്ചിൽ കൂട്ടിപ്പിടിച്ച്, ഹൃദയത്തോട് ചേർത്തു വച്ച് കട്ടിലിൽ വന്നു വീണ് കമിഴ്ന്നു കിടന്ന് കരഞ്ഞു. അടക്കാനാവാത്ത സന്തോഷം, എന്തിനെന്നറിയാതെ വെറുതെ കരഞ്ഞു തീർത്തു.
ഹൃദയമിടിപ്പിന്റെ താളം ഒന്നു നേരെ ചൊവ്വെ ആയിട്ടേ കത്ത് തുറന്നുള്ളു. അഛന്റെ കത്തായിരുന്നു. മറുപുറത്തെ അഛന്റെ പേരെഴുതിയിടത്ത് ഒരു മുത്തം കൂടി കൊടുത്തിട്ടേ കത്തു തുറന്നുള്ളു. അപ്പോഴേക്കും കട്ടിലിൽ ചുമരും ചാരിയിരുന്ന് കത്ത് പൊട്ടിച്ച് വായിച്ച അബ്ദുൾ ഖാദർ കമിഴ്ന്നടിച്ച് കട്ടിലിൽ വീണ് തലയിണയിൽ തലതല്ലിക്കരയുന്നു...!
ഞാൻ വിചാരിച്ചത്, അയാളുടെ ആരെങ്കിലും വേണ്ടപ്പെട്ടവർ ഇതിനകം മരിച്ചു പോയിരിക്കുമെന്നാണ്. ഓടിച്ചെന്ന് അവനെപ്പിടിച്ചുയർത്തി കാര്യം തിരക്കി.
അവൻ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“ഹേയ് ആരും മരിച്ചതൊന്നുമല്ല. എന്റെ ഓട്ടോറിക്ഷാ... ബാപ്പ വിറ്റു...!”
ഓട്ടോറിക്ഷയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത് എന്റെ ഓർമ്മയിലെത്തി. പുതിയത് വാങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഭാര്യയുടെ പേരായിരുന്നു ഓട്ടോക്ക് പേരിട്ടത്. ഇങ്ങോട്ടു പോരാൻ പണം തികയാതെ വന്നപ്പോൾ ഒരു കൂട്ടുകാരന് പണയത്തിന് ഓടിക്കാൻ കൊടുത്തിട്ടാണ് പോന്നത്. മൂന്നു മാസത്തെ കാലാവധിയായിരുന്നു പറഞ്ഞിരുന്നത്.
അത് തീരുന്നതിനു മുൻപേ ബാപ്പ അയാൾക്ക് തന്നെ കൊടുത്ത് കിട്ടിയ കാശ് വാങ്ങിയത്രെ. കാരണം ഇതിനകം തന്നെ രണ്ടു പ്രാവശ്യം ഇടിച്ച് നാശനഷ്ടം വന്നിരുന്നു. ഇനിയും അയാളത് കൊണ്ടു നടന്നാൽ ഒന്നും കിട്ടാനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ബാപ്പയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഭാര്യയുടെ ആഭരണങ്ങൾ വിറ്റിട്ടാണ് ഓട്ടോറിക്ഷ വാങ്ങിയത്.
എന്നിട്ടിപ്പോൾ തന്റെ ഭാര്യയെ വിറ്റതു പോലെയായി...!
അതാണ് തല തല്ലിക്കരയാൻ കാരണം.
അയാളെ ആശ്വസിപ്പിച്ചെങ്കിലും എന്റെ കത്ത് തുറന്നു നോക്കാനുള്ള ധൈര്യം അതോടെ നഷ്ടമായി. ഞാനാ കത്ത് കട്ടിലിലിട്ടിട്ട് ചായയുണ്ടാക്കി. ഒരു ഗ്ലാസ് അബ്ദുൾ ഖാദറിനും കൊടുത്തു. രണ്ടു കവിൾ കുടിച്ചിട്ടാണ് കത്ത് തുറന്നത്.
ബന്ധുക്കളുടേയും കൂട്ടുകാരുടേയും മറ്റും ആഭരണങ്ങൾ വാങ്ങി പണയം വച്ചിട്ടാണ് ഞാനും പൈസ കൊടുത്തത്. കത്തിൽ പക്ഷേ, തലതല്ലിക്കരായാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധുവിന്റെ മകളുടെ കല്യാണം ശരിയായിട്ടുണ്ട്. ഉടനെ കാണുമെന്നായിരുന്നു കത്തിൽ. കല്യാണപ്പെണ്ണിന്റെ ആഭരണം പണയം വച്ച കൂട്ടത്തിലുണ്ടായിരുന്നു.
അടുത്തൊരു വാചകം ആശ്വസിപ്പിക്കാനായി അഛനെഴുതിയിരുന്നു.
‘നീയവിടെ വിഷമിക്കുകയൊന്നും വേണ്ട. ഒരു നിവർത്തിയുമില്ലാതെ വന്നാൽ നമ്മുടെ നെൽക്കണ്ടം വിറ്റ് കടങ്ങളൊക്കെ വീട്ടിക്കോളാം.’
അതും ഒരു സങ്കടം തന്നെയാണ്. മൂന്നു മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയാൽ തീർക്കാവുന്ന കടമേയുള്ളു. എങ്കിലും അതെന്നു കിട്ടുമെന്നു വിചാരിച്ചാണ് വിൽക്കരുതെന്ന് പറയുക. മറുപടിയിൽ ഞാനെഴുതി. അവസാനം മാത്രമേ വിൽക്കാവൂ. അതുവരേക്കും കാത്തിരിക്കണം...
ഈ മറുപടിക്കത്ത് അവിടെ കിട്ടാൻ ഇനിയുമൊരു രണ്ടോ മൂന്നോ മാസം വേണ്ടി വന്നാൽ...?
കത്തു മുഴുവൻ വായിച്ചപ്പോഴേക്കും വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. ഞാൻ കട്ടിലിൽ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അബ്ദുൾ ഖാദറിന്റെ കൂർക്കം വലി കേൾക്കായി. പാവം സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഉറങ്ങിപ്പോയെന്നു തോന്നുന്നു.
അതിനിടക്ക് ഒരു ദിവസം അസ്സർബായിയുടെ ഏസി കേടായി. എന്നോട് നോക്കാമോയെന്നു ചോദിച്ചു. ഒരു പരിചയവുമില്ലാത്ത സാധനമാണ്. അദ്യമായിട്ട് തൊട്ടടുത്ത് കാണുന്നതു തന്നെ ഈ മുറിയിലെ ഏസിയാണ്. ഇതുവരെ അതിന്റെ ഉള്ളൊന്നും കണ്ടിട്ടില്ല. എന്നാൽ പുസ്തകം നോക്കി പഠിച്ചിട്ടുണ്ടു താനും. ശരി, നോക്കിക്കളയാമെന്ന് തന്നെ തീരുമാനിച്ചു.
അന്നുച്ചക്ക് അസ്സർബായി ഊണു കഴിക്കാൻ പോയപ്പോൾ ഞാനും ഉസ്മാനും കൂടെപ്പോയി. ആദ്യമായിട്ടാണ് ആ ഗ്രാമത്തിൽ കാലു കുത്തുന്നത്...
കാഫറുങ്ങളെ നേരിൽ കാണാൻ തിരക്കു കൂട്ടിയ കുട്ടികളുടെ നാട്...!
അവരെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. എങ്കിലും അസ്സർബായിയുണ്ടല്ലൊ കൂട്ടിനെന്ന ധൈര്യമായിരുന്നു. പഴയ മണ്ണിഷ്ടിക വച്ച് പണിത വീടുകളായിരുന്നു അധികവും. തേച്ച് മിനുപ്പിച്ച് പെയിന്റടിച്ചതൊന്നും കണ്ടില്ല. എല്ലാം ഓടു മേഞ്ഞവ തന്നെ.
ഏതാണ്ട് ‘ഗല്ലി’കളിൽക്കൂടി സഞ്ചരിക്കുന്നതു പോലെ തോന്നി.
വളഞ്ഞും തിരിഞ്ഞും കൂറച്ചു കൂടി ചെന്നപ്പോൾ ഒന്നു രണ്ട് കോൺക്രീറ്റ് വീടുകളും കണ്ടു. നല്ല പൊക്കത്തിൽ മതിലു കെട്ടിയ, (നമ്മുടെ നാട്ടിലാണെങ്കിൽ അത്രയും പൊക്കത്തിൽ മതിലു കെട്ടിയാൽ അയൽപ്പക്കക്കാർ വായു സഞ്ചാരം മതിലു കെട്ടി തടഞ്ഞെന്നു പറഞ്ഞ് കേസു കൊടുത്തേനെ..!) മഞ്ഞച്ചായമടിച്ച, ലൈറ്റുകളൊക്കെ പിടിപ്പിച്ച ഒന്നു രണ്ടു വീടുകളും കണ്ടു. അതിലൊന്നു ചൂണ്ടിക്കാട്ടി ഉസ്മാനാണ് പറഞ്ഞത് ‘അതാണ് അമീറിന്റെ വീട്’
തൊട്ടപ്പുറത്ത് മറ്റൊന്നും കണ്ടു. മതിലുണ്ടെങ്കിലും ലൈറ്റൊന്നും പടിപ്പിച്ചിട്ടില്ല. കോൺക്രീറ്റാണെങ്കിലും പെയിന്റൊന്നും ചെയ്തിട്ടില്ല. അതാണത്രെ നമ്മുടെ അമീറിന്റെ ചേട്ടൻ ‘പോലീസ് മുഹമ്മദി’ന്റെ വീട്. അതിനടുത്തായിരുന്നു അസ്സർബായിയുടെ വീട്. പുറമേ തേക്കാത്ത വീടായിരുന്നെങ്കിലും അകത്ത് വെള്ള തേച്ചിരുന്നു. ഭാര്യയും നാലഞ്ചു കുഞ്ഞു കുട്ടികളും. എല്ലാം ഒരേ പൊക്കത്തിലുള്ള പെൺക്കുട്ടികൾ. എന്റെ സംശയം ഞാൻ ഉസ്മാന്റെ ചെവിയിൽ ചോദിച്ചു.
“ഇതെല്ലാം ഒരേ പ്രസവത്തിൽ ഉണ്ടായതാണൊ..?”
ഉസ്മാൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
“ഹേയ്... എല്ലാത്തിനും ഓരോ കൊല്ലത്തെ വ്യത്യാസമേയുള്ളു. അതുകൊണ്ടാ അങ്ങനെ തോന്നണെ..”
ഉസ്മാനോട് കുട്ടികളെല്ലാം നല്ല പരിചയഭാവം കാണിച്ചു. മൂത്ത കുട്ടി ഉസ്മാന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. എന്നേക്കുറിച്ച് എന്തോ ആണെന്ന് എനിക്ക് മനസ്സിലായി. അതിന് മറുപടിയായി ഉറുദുവിൽ ഉസ്മാൻ പറഞ്ഞു കൊടുത്തു. കുട്ടി അത് കേട്ട് ഓടിപ്പോയി.
“നീ പള്ളീൽ പോകൂല്ലേന്നാ ചോദിച്ചത്. അതെന്താ പോകാത്തെ...? ഞാൻ പറഞ്ഞു. അവരു പള്ളീൽ പോകും. പക്ഷെ, നമ്മുടെ പള്ളിലല്ല. അവരുടെ പള്ളി അവരുടെ നാട്ടിലേയുള്ളു. ഇവിടെയില്ല... അപ്പൊ അതിനു ഓർമ്മ വന്നു. എന്നിട്ട് പറയാ... ങാ... ഞങ്ങടെ കറാച്ചിയിലുണ്ട് ആ പള്ളി...”
കൂൾഡ്രിങ്സ് തന്നതിനു ശേഷമാണ് ഏസി കേടായ മുറി കാണിച്ചു തന്നത്. പക്ഷെ, അത് ആശുപത്രിയിലുള്ള തരം ഏസി ആയിരുന്നില്ല. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്ന ‘എയർ കൂളർ’ ആയിരുന്നു. അങ്ങനെയൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ മുഴുവൻ ഭാഗവും മുറിയുടെ വെളിയിലാണ് ഉറപ്പിക്കുന്നത്. സ്വിച്ചും കാറ്റ് വരാനുള്ള ദ്വാരവും മാത്രമേ അകത്തു നിന്ന് കാണാനൊക്കൂ.
പുറത്തിറങ്ങി അതിന്റെ പ്രവർത്തനം ആദ്യം തന്നെ മനസ്സിലാക്കി. എത്ര ലളിതമായ ഉപകരണമാണ് ഇത്. ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ഇവർ ഇതു കൊണ്ട് ജീവിക്കുന്നുവെങ്കിൽ, അത്രയൊന്നും ചൂടില്ലാത്ത, വെള്ളം ധാരാളമുള്ള നമ്മൾക്ക് ഏറ്റവും ചെലവു കുറഞ്ഞ ഈ ഏസി സംവിധാനം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ...?
ഫാൻ കറക്കാനായി കാൽ എച്ച്.പിയുടെ ഒരു മോട്ടോറും വെള്ളം പമ്പു ചെയ്യാൻ ഒരു കുഞ്ഞു പമ്പും മാത്രമാണ് പ്രധാനഭാഗം. നമ്മളും പണ്ട് ഉപയോഗിച്ചിരുന്നു ഈ തത്വത്തിൽ ഉപയോഗിക്കുന്ന ഒരു സാധനം. ആശാന്റെ കവിതയിൽ പറയുന്നതു പോലെ
‘രാമച്ച വിശറികൊണ്ടോമൽ കൈവള കിലുങ്ങുമാറു....’ അതെ.. രാമച്ചത്തിൽ ഉണ്ടാക്കിയ വിശറി വെള്ളത്തിൽ നനച്ചു വീശിയാൽ, എത്ര സുഖകരമായ, ആരോഗ്യകരമായ തണുത്ത കാറ്റാണ് കിട്ടുക...!
ഞാൻ ചിന്തയിൽ നിന്നുണർന്നു. കാരണം നന്നായി വിയർക്കുന്നുണ്ടായിരുന്നു. അതിന്റെ ഫാനിന്റെ വേഗത നിയന്ത്രിക്കാനുള്ള സ്വിച്ച് കേടായിരുന്നു. തൽക്കാലം നേരിട്ട് കൊടുത്ത് പ്രവർത്തിപ്പിച്ചു. എത്ര സുഖമുള്ള കാറ്റാണ് കിട്ടുന്നത്. സ്വിച്ച് വാങ്ങണമെങ്കിൽ മക്കയിൽ പോകണം. അതുവരേക്കും ഇങ്ങനെ ഓടട്ടേയെന്ന് വച്ചു.
ആ ഗ്രാമത്തിൽ കറണ്ടൊന്നുമില്ല. ഗ്രാമവാസികളെല്ലാം ചേർന്ന് ഇടത്തരം ജനറേറ്റർ വാങ്ങി വച്ചിരിക്കുകയാണ്. പകൽ ഉച്ചക്ക് മാത്രമേ ഓടിക്കൂ. രാത്രിയിൽ മുഴുവനും ഉണ്ടാകും. അത് ഓടിക്കാനായി ഒരു പാക്കിസ്ഥാനിയെ വച്ചിട്ടുണ്ട്. അയാളുടെ ശമ്പളവും ജനറേറ്ററിന്റെ ചിലവുകളും അതാതു മാസം പിരിവെട്ടെടുക്കും.
അസ്സർബായിയുടെ എയർ കൂളർ നന്നാക്കിയതോടെ ഏസി നന്നാക്കാൻ അറിയാവുന്ന ആളാണ് ആശുപത്രിയിൽ വന്ന ‘കാഫർ’ എന്ന വാർത്ത ഗ്രാമമാകെ പരന്നു...!
മുൻപ് അങ്ങനെയൊരാൾ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. ഈ പണിയെല്ലാം മക്കയിൽ നിന്നും ആളെ കൊണ്ടുവന്ന് കമ്മീഷൻ വാങ്ങി മുടിചൂടാമന്നനെപ്പോലെ ചെയ്യിച്ച്, തോന്നിയ പോലെ റിയാൽ ചോദിച്ചു വാങ്ങിയിരുന്ന പാക്കിസ്ഥാനിയുടെ നെഞ്ചിടിപ്പ് കൂട്ടിയതിൽ അത്ഭുതമില്ലല്ലൊ. പാക്കിസ്ഥാനി പാരയായി മാറിയതു കൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല.
പിന്നെ ഞാനാണെങ്കിൽ കാഫറും...!
എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു.
അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!
മുത്തവയാണ് ഗ്രാമത്തിലെ മതകാര്യങ്ങളുടെ എല്ലാം നേതാവ്. ആളുകളെ നിസ്ക്കരിപ്പിക്കാനും മതത്തിനു നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ കർശ്ശനമായി തന്നെ തടയാനും മറ്റും അധികാരമുള്ളയാളാണ്. അതിനായി അദ്ദേഹത്തിന് പോലീസിനെ വരെ സർക്കാർ കൊടുത്തിട്ടുണ്ട്.
എങ്കിലും അസ്സർബായിയുടെ പിൻബലത്തിൽ വളരെ ധൈര്യവാന്മാരായ ചില അറബികൾ എന്നെ വിളിക്കാൻ തുടങ്ങി. എങ്ങനേയും കുപ്പൂസിനുള്ള വക മുടക്കില്ലാതെ കിട്ടിപ്പോന്നു.
പിന്നേയും ഒരു മാസം കഴിഞ്ഞാണ് പോസ്റ്റ് മാൻ വരുന്നത്. അയാളെ അന്നാണ് നേരിൽ കാണുന്നത്. അന്ന് മൂന്നാല് കത്തുകൾ ഞങ്ങൾക്കുണ്ടായിരുന്നു.
എഴുതി വച്ചിരുന്ന കത്തുകളുമായി ഞങ്ങൾ ഓടിച്ചെല്ലുമ്പോഴേക്കും അവൻ വണ്ടിയെടുത്തിരുന്നു. കത്തുമായി അവന്റെ പിന്നാലെ ഓടിച്ചെല്ലുന്നത് കണ്ടിട്ട് അവൻ അമാറയുടെ ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ട് വണ്ടി ഓടിച്ച് പോയി. ഞങ്ങളെ കളിയാക്കുകയാണെന്ന് കരുതി നിരാശരായി തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് അവൻ അമാറയിലേക്കാണ് തിരിയുന്നതെന്ന് തോന്നിയത്. പിന്നെ ഞങ്ങൾ അമാറയിലേക്ക് വിട്ടു.
ഞങ്ങളുടെ പൊറോട്ടയുണ്ടാക്കുന്ന മുറിയുടെ അടുത്തായി പിറകിൽ ഒരു ‘കാരവൻ വാൻ’ മാതിരി ചക്രമൊക്കെയുള്ള മഞ്ഞപ്പെയിന്റടിച്ച ഒരു വണ്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു. വന്ന കാലം മുതൽ കാണുന്നതാണത്. ഉസ്മാനും മൊയ്തുവും അതവിടെ കിടക്കുന്നത് കാണാൻ തുടങ്ങിയിട്ട് ഒന്നു രണ്ടു കൊല്ലമായി.
പോസ്റ്റുമാൻ അതിന്റെ വാതിൽ തുറന്ന് അകത്തു കയറുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും ഓടിച്ചെന്ന് അതിനകത്തു കയറി. ചെറുപ്പക്കാരനായ അവൻ അതിന്റെ ജനലും വാതിലുമെല്ലാം തുറന്നിട്ട് അതിനകത്തിരിക്കാനുള്ള പുറപ്പാടാണ്. അപ്പോഴാണ് ഇതാണ് ഇവിടത്തെ പോസ്റ്റാഫീസെന്നും ഏസിയില്ലാത്തതു കൊണ്ടാണ് ഇവിടെ ഇരിക്കാത്തതെന്നും മറ്റും അറിയുന്നത്. ഞങ്ങൾ ഉടനെ തന്നെ ചോദിച്ചു.
“ഏസി നീ കൊണ്ടുവരാമോ... എങ്കിൽ കറണ്ടു ഞങ്ങൾ തരാം..?!”
ബാക്കി ജനുവരി 15-ന്....
24 comments:
അങ്ങനെയങ്ങനെ ചില്ലറ പുറംവരുമാനം
സ്വരൂപിക്കാന്‍ കഴിയാവുന്നതുകൊണ്ട്
കാര്യങ്ങളിപ്പോള്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.....
മനസ്സില്‍ തട്ടുന്ന വരികള്‍...
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
മുന്നിൽ കാണുന്നത് പോലെയുള്ള വിവരണം. ജീവിതം എത്ര പ്രയസ്പ്പെട്ടതാണ്
പിന്നെ കൂളർ നമ്മുടെ നാട്ടിൽ പ്രവർത്തിപ്പിച്ചിട്ട് കാര്യമില്ല. അന്തരീക്ഷത്തിലെ ജലാംശം കൂടുതൽ ആയത് കൊണ്ട് നമ്മുടെ നാട്ടിൽ ചൂട് കൂടുതൽ അനുഭവപ്പെടും. വെള്ളത്തിനെ നീരാവിയാക്കാൻ പറ്റിയാലെ തണുപ്പു വരൂ. ആവശ്യത്തിലധികം നീരാവി അന്തരീക്ഷത്തിൽ തന്നെയുള്ളപ്പോൾ അത് നടക്കില്ല
നമുക്ക് ഫാൻ മതി. അല്ലെങ്കിൽ എ സി
മരുഭൂമിയിലെ ജീവിതസന്ദര്‍ഭങ്ങള്‍ വളരെ വിസ്തരിച്ചു തന്നെ പകര്‍ത്തിയിട്ടുണ്ട്. അത് ആസ്വദിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഒരുപാടു കാലം വിവിധ മതസ്ഥര്‍ ഒന്നിച്ച് മരുഭൂമിയില്‍ ജീവിച്ച അനുഭവം ഉള്ളതുകൊണ്ടാവണം
"എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു. അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!"
തുടങ്ങിയ മട്ടില്‍ ചിലയിടങ്ങളില്‍ സൂചിപ്പിക്കുന്ന ഇതര മതസ്ഥനെന്ന നിലയില്‍ അറബികള്‍ കാണിക്കുന്നുണ്ടെന്ന് പറയുന്ന ശത്രുതയെ പൂര്‍ണ്ണമായി വിശ്വസിക്കാനും കഴിയുന്നില്ല.
എന്തൊക്കെ അനുഭവങ്ങളാണ്.. മനുഷ്യന്‍റെ കദനങ്ങള്‍ എല്ലായിടത്തും ഒരു പോലെ..
എഴുത്ത് ഉഷാറായിട്ടുണ്ട്... അടുത്ത ഭാഗം വരട്ടെ..
ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍...
ഹൃദയ സ്പര്‍ശിയായ എഴുത്ത്,
തുടരുക.............
happynew year..story intersting......
bdf.
ഞങ്ങള്‍ ഇപ്പോഴും കൂളറിന്റെ കാറ്റില്‍ തന്നെയാണ് കഴിയുന്നത്. മണലാരണ്യത്തിലെ ആദ്യാനുഭവങ്ങള്‍ നന്നായി തന്നെ വിവരിക്കുന്ന അദ്ധ്യായമായിരുന്നു ഇത്തവണത്തേത്.
പുതുവത്സരാശംസകള്‍.
വായിക്കുന്നു. നന്നാകുന്നുണ്ട്. ആശംസകള്‍
പ്രവാസ അനുഭവങ്ങളിൽ നിന്നാണോ ഈ നോവൽ കണ്ടെടുക്കുന്നത്. അതോ കേവലഭാവനയോ...
ഓരോ ലക്കം കഴിയുമ്പോഴും എഴുത്തിന്റെ മുറക്കവും,തുടർക്കഥയുടെ കെട്ടുറപ്പും കൂടുതൽ നന്നാവുന്നു
തുടരുക - പുതുവർഷാശംസകൾ
അപ്പൊ എസീ നന്നാക്കാൻ അറിയുന്ന കാഫര് ആണല്ലേ.
കല്യാണ പെണ്ണി ന്റെ സവരണം എടുത്തു കൊടുത്തോ അത് അറിയാൻ കാത്തിരിക്കുന്നു
Happy New Year
ജീവിതം പരിസരവുമായി പോരുത്തപ്പെടുന്നതിന്റെ ആശ്വാസം എന്നാലും ജീവിതം ഇനിയും എത്ര ബാക്കി
സിവി തങ്കപ്പൻ: ഏതു തരം ജോലിയും ചെയ്തു പോകുന്ന ഒരു അന്തരീക്ഷമാണ് അത്. നാട്ടിൽ നിന്നും വലിയ പഠിപ്പൊക്കെ കഴിഞ്ഞ്, നാട്ടിൽ ചെയ്യാൻ മടിക്കുന്ന പല പണികളും ഇവിടെ വന്ന് ചെയ്യാൻ തയ്യാറാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇല്ലെങ്കിൽ ഭക്ഷണം,താമസം എന്നിവ തരാൻ ആരുമുണ്ടാകില്ല. നന്ദി.
ഇൻഡ്യാഹെറിറ്റേജ്: ശരിയാണെന്നു തോന്നുന്നു ഡോക്ടർ പറഞ്ഞത്. നമ്മുടെ നാട്ടിൽ വാങ്ങാൻ കിട്ടുന്ന പോർട്ടബിൾ എയർകൂളർ വച്ചാലും തണുപ്പ് തരുന്നതായി തോന്നുന്നില്ല. ഐസ് ഇടുമ്പോൾ തണുപ്പ് കിട്ടുന്നുണ്ടെങ്കിലും മുറിയിലെ മൊത്തം ചൂടിന് കുറവ് തോന്നാത്തതും അതു കൊണ്ടായിരിക്കാം. മറിച്ചാർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയട്ടെ. ഈ പുതിയ അറിവിന് വളരെ നന്ദി
ആറങ്ങാട്ടുകര മുഹമ്മദ്: മറ്റേതൊരു ഗൾഫ് രാജ്യത്ത് താസിക്കുന്നതിനേക്കാൾ ഇത്തരം വിവേചനം സൌദിയിൽ മാത്രമേ കണ്ടിട്ടുള്ളു. ഇപ്പോഴത്തെ സാഹചര്യം അറിയില്ല. പക്ഷെ അതൊക്കെ താൽക്കാലിക പ്രതിഭാസമാണ്. തെറ്റുകൾ മനസ്സിലാകുമ്പോൾ അവർ തിരുത്തുകയും ചെയ്ത അനുഭവമാണ് എനിക്കുള്ളത്. നന്ദി.
എഛ്മുക്കുട്ടി: മനുഷ്യനും ജീവിതാനുഭവങ്ങൾക്കും സ്ഥലകാല വ്യത്യാസമില്ല. ഭാഷക്കു മാത്രമേ വ്യത്യാസമുള്ളു. നന്ദി.
സാജൻ വീ എസ്: വായനക്ക് നന്ദി.
bdf: വളരെ നന്ദി.
പട്ടേപ്പാടം റാംജി: ഇത്തരം എയർകൂളർ സൌദിയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. മറ്റൊരിടത്തും ഇത് ശ്രദ്ധയിൽ പെട്ടിട്ടില്ല. വായനക്ക് നന്ദി.
മോഹൻ പുത്തൻച്ചിറ: വായനക്ക് വളരെ നന്ദി മോഹനേട്ടാ.
പ്രദീപ് കുമാർ: ഇതിലെ ഞാൻ എന്ന കഥാപാത്രം ഞാൻ തന്നെയാണ്. മറ്റുള്ളവരുടെ പേരുകൾ മാത്രമേ മാറ്റിയിട്ടുള്ളു. അനുഭവങ്ങൾ സത്യമാണ്. എഴുത്തിലെ പൊടിപ്പും തൊങ്ങലും മാത്രമേ ഭാവനയായുള്ളു. നന്ദി.
നളിനകുമാരി: ആഭരണം എടുത്തുകൊടുക്കലല്ല തൽക്കാലം പ്രധാനം. ഓരോ ദിവസവും എങ്ങനെ തള്ളി നീക്കുമെന്നതാണ്. കാരണം അവിടന്ന് ഇതൊന്നും വേണ്ടന്നു വച്ചിട്ട് ഒരു ദിവസം ഓടിപ്പോരാനാവില്ല തന്നെ. ഇഷ്ടമില്ലെങ്കിൽ കൂടിയും എന്തും ചെയ്തു പോകും. നന്ദി.
ബൈജു മണീയങ്കാല: അതെ, ജീവിതം ഇനിയും എത്ര ബാക്കി. തങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കു വേണ്ടി ഏതു പരിസരവുമായി പൊരുത്തപ്പെട്ടേ ഒക്കൂ... നന്ദി.
വല്ലാത്തൊരു നരകയാതനയാണല്ലോ അനുഭവിച്ചത്. എല്ലാം മനസ്സിൽ തട്ടും വിധം എഴുതിയിട്ടുണ്ട്.
മരുജീവിതം അനുഭവതീവ്രതയോടെ എഴുതിയതുപോലെ ഇരിക്കുന്നു
ആ അനുഭവങ്ങള്‍ നേരില്‍ കാണും പോലെ തോന്നുന്നു...
തുടരട്ടെ മാഷേ
ആദ്യമാദ്യം കുപ്പൂസ്
തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല...
കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു..!
ആദ്യ ദിവസങ്ങളിൽ
ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു...
ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല...!
പൊരുത്തപ്പെടൽ എന്നതിന് നാാക്ക് ,മൂക്ക് കണ്ണ് ,ചെവി ,തൊലിയെന്നിവയൊക്കെ ഏത് പരിസരവുമായി ഇണങ്ങി ചേരുക എന്നൊരർത്ഥവും കൂടിയുണ്ട്...കേട്ടൊ ഭായ്
പ്രവാസി ജീവിതം തനിമയാര്‍ന്ന്. കൊള്ളാം.
കേരളദാസനുണ്ണി: ഗൾഫ് ജീവിതത്തിന്റെ ഒരംശം മാത്രമേ ആകുന്നുള്ളു ഇതൊക്കെ.നന്ദി.
അജിത്: വായനക്ക് നന്ദി.
ശ്രീ: വായനക്ക് നന്ദി.
ബിലാത്തിച്ചേട്ടൻ: ശരിയാണ്. ഭക്ഷണവും ആ പൊരുത്തപ്പെടലിന്റെ ഭാഗമാണ്. അതുകൊണ്ടല്ലെ പറയുന്നത് ‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുനുറുക്ക് തന്നെ തിന്നണമെന്ന്..’ നന്ദി.
കുസുമം ആർ പുന്നപ്ര: കുസുമേച്ചീ... കുറേക്കാലമായല്ലൊ ഈ വഴിയൊക്കെ വന്നിട്ട്. എന്തായാലും ഓർത്ത് വന്നല്ലൊ. വളരെ നന്ദി.
മരുജീവിതംഅനുഭവതീവ്രതയോടെഎഴുതിയതുപോലെ ഇരിക്കുന്നു....
ഷാഹിദ അബ്ദുൾജലീൽ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.
തിരക്ക് മൂലം ഇത്തവണ വായിക്കാൻ വൈകി...
എൺപതുകളിലെ സൌദി ജീവിതത്തിന്റെ നേർപടം... അൽപ്പം പോലും അതിഭാവുകത്വം ഇല്ലാതെ തന്നെ എഴുതിയിരിക്കുന്നു...
ഇതരമതസ്ഥരോടുള്ള വിവേചനം ചിലപ്പൊഴെങ്കിലും അനുഭവിക്കുവാൻ കഴിഞ്ഞിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ അശോകൻ മാഷ്ടെ ആ വിവരണം അവിശ്വസിക്കാൻ സാധിക്കുന്നില്ല എനിക്ക്...
പിന്നെ, പോസ്റ്റ്മാനെ വിവരിക്കുന്നയിടത്ത് “ഒരു ചെറുപ്പക്കാരനായ” എന്ന് ഒഴിവാക്കി “ചെറുപ്പക്കാരനായ” എന്ന് മാത്രം എഴുതിയാൽ വാക്യത്തിന്റെ ഘടന ശരിയാകും...
കണ്ണ് നനയിക്കുന്ന ഓർമ്മക്കുറിപ്പുകൾ മാഷേ... ആശംസകൾ...
വിനുവേട്ടൻ:പട്ടണങ്ങളിൽ ഇത്തരം വിവേചനം പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. ഗ്രാമങ്ങളിലാണെങ്കിലും വിദ്യാഭ്യാസമില്ലാത്ത ജനതയാണ് ഇത്തരം വിവേചനം കാട്ടിയിട്ടുള്ളത്. മറ്റൊന്നിനെക്കുറിച്ചും കേട്ടിട്ടു പോലുമില്ലാത്ത ജനതയിൽ നിന്നും ഇത്തരം സംഭവങ്ങൾ സ്വാഭാവികമെന്നേ പറയാനാകൂ, അത് അനുഭവിക്കുന്ന നമ്മൾക്ക് വളരെ മനോവിഷമം ഉണ്ടാക്കുമെകിലും...?
പക്ഷെ,വിദ്യാഭ്യാസവും വിവരവുമുള്ള നമ്മുടെ ആളുകളിൽ നിന്നും ഇങ്ങനെയുണ്ടായാൽ...?
ചേട്ടൻ ചൂണ്ടിക്കാണിച്ച തെറ്റ് ഉടൻ തിരുത്തുന്നു.
നന്ദി വിനുവേട്ടാ..
വായിക്കുന്നു
Post a Comment