Saturday 1 February 2014

നോവൽ. മരുഭൂമി. (9)




കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....

മക്കീന......

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കയറ്.. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

അമാറയിലെ ഗേറ്റിലേക്ക് എത്തിയതും  ഞാൻ പിറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആശുപത്രിയും ഗേറ്റും, ഞങ്ങളുടെ ജനറേറ്ററും പിന്നെ  ഉസ്മാനും മൊയ്തുവും എല്ലാം ഇതോടെ അന്യമാവുകയാണോ...? ഉദിച്ചുയരുന്ന സൂര്യനു പോലും ഒരു ദയയുമില്ല. ടെൻഷൻ കാരണം  വിറയലും, വിയർക്കലും. ആകെയൊരു അസ്വസ്ഥത.

വണ്ടി  അമാറയുടെ മെയിൻ ഗേറ്റും കടന്ന് പ്രധാന കെട്ടിടത്തിന്റെ മുൻപിൽ നിന്നു.
പോലീസ്സുകാരൻ, തന്റെ പിന്നാലെ വരാൻ  ആംഗ്യം കാട്ടിക്കൊണ്ട് അകത്തേക്കു കയറി. അയാളിൽ ഒരു പോലീസ്സുകാരന്റെ ഭാവമല്ല. അറക്കുന്നതിനു മുൻപുള്ള ദയയാണൊ ആ മുഖത്ത്...?
ഒന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. അയാളുടെ ഊഷ്മള സ്വാഗതം കണ്ട് ഞാനും സച്ചിയും സംശയത്തോടെ പരസ്പ്പരം നോക്കി.
“കേറ്റിവിടാൻ കൊണ്ടു പോകുന്നത് ഇങ്ങനെയാണൊ...?”
എന്റെ സംശയം ആംഗ്യഭാഷയിൽ സച്ചിയോട് ചോദിച്ചു. സച്ചിക്കും ആ സംശയം ഉണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ മുഖത്തിന് പഴയ പ്രസരിപ്പില്ലാത്തത് ഞാൻ ശ്രദ്ധിച്ചു.

അതിനകത്ത് ഇടവഴികൾ പോലെ  വളഞ്ഞു പുളഞ്ഞു പോകുന്ന ഇടനാഴികകൾ ധാരാളം ഉണ്ടായിരുന്നു. എല്ലായിടവും ചുവന്ന പരവതാനി വിരിച്ചിരുന്നു. പതുപതുത്ത ചുവന്ന പരവതാനിക്ക് യോജിച്ചതായിരുന്നില്ല ഞങ്ങളുടെ ചെരുപ്പുകൾ.  ഇതറിഞ്ഞിരുന്നെങ്കിൽ  ഷൂ ഇടാമായിരുന്നു. ഇവിടെ എത്തിയതിനുശേഷം ഷൂ കൈകൊണ്ട് തൊട്ടിട്ടില്ല. കട്ടിലിന്റെ അടിയിലെവിടെയോ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും.
അല്ല, കേറ്റിവിടാൻ കൊണ്ടു പോകുന്നവനെന്തിനാ ഷൂ...?

എന്തിനാണ് ഇത്രയും ചുറ്റി വളഞ്ഞ് പോകുന്നതെന്ന് മനസ്സിലായില്ല. അവസാനം തുറന്നു കിടന്ന ഒരു വാതിലിനു മുൻപിൽ പോലീസ്സുകാരൻ പെട്ടെന്നു നിന്നു...
ധൃതി പിടിച്ചെന്നോണം അയാളുടെ ഒപ്പമെത്താൻ ഓടി നടന്ന ഞങ്ങൾ അയാൾക്കു പിന്നിൽ ഒരു കൂട്ടിയിടിയിൽ ഇടിച്ചു നിന്നു. അയാൾ കൈ കൊണ്ട് ‘ഇവിടെ നിൽക്കാൻ ’ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് കടന്നു.

അതൊരു വിശാലമായ ചുവന്ന പരവതാനി വിരിച്ച ഹാൾ ആയിരുന്നു. ഒരു വശത്ത് നടുക്കായി ഒരു അറബി എബണ്ടൻ കസേരയിൽ ഇരിക്കുന്നുണ്ട്. അയാൾക്കു മുന്നിൽ ഒരു സുന്ദരൻ വിരിയിട്ട മേശ. പിന്നെ ഹാളിൽ നിറയെ രാജകീയ കസേരകൾ നിരത്തിയിരിക്കുകയാണ്. അതിൽ മുൻപിലുള്ള ഒന്നു രണ്ടു നിരയിൽ മാത്രം അറബികൾ നിരന്നിരുപ്പുണ്ട്.
ഞങ്ങൾ വല്ലാത്ത ചങ്കിടിപ്പോടെ വാതിൽക്കൽ പതുങ്ങിയെന്നോണം നിന്നു.
അവരുമായി താരതമ്യം ചെയ്താൽ വെറും പുഴുക്കളായിരുന്നു ഞങ്ങൾ. സാധുക്കളായ രണ്ടു പഞ്ചപാവങ്ങളായി ‘ഞങ്ങളെ കേറ്റിവിടല്ലെ സാ..റേ...!’ എന്ന ഭാവം മുഖത്ത് വരുത്താൻ ഞങ്ങൾ അല്ല ഞാൻ പാടുപെടുകയായിരുന്നു.

പോലീസ്സുകാരൻ ചെന്ന് കസേരയിലിരിക്കുന്ന അറബിയോട് ഭവ്യതയോടെ എന്തോ പറഞ്ഞതും, കയ്യിലിരുന്ന ഫയൽ മടക്കി വച്ചിട്ട് ഞങ്ങളെ നോക്കി കയ്യാട്ടി വിളിച്ചു. ഞങ്ങൾ വല്ലാത്തൊരു നെഞ്ചിടിപ്പിൽ അദ്ദേഹത്തിന്റടുത്തേക്ക് നടന്നടുത്തു. ഹാളിൽ പൊതുവേ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു. അടുത്തെത്തിയതും ഞങ്ങൾ സലാം പറഞ്ഞെങ്കിലും, വറ്റിയ തൊണ്ടയിൽ നിന്നും ശബ്ദം  പുറത്തു വരാത്തതു കൊണ്ട് അറബി കേട്ടോയെന്തോ... എങ്കിലും അദ്ദേഹം സലാം മടക്കിയിട്ട് ഞങ്ങൾക്കു നേരെ കൈ നീട്ടി ‘ഷേൿഹാന്റ്’ തന്നു...!
അതോടെ എന്റെ നെഞ്ചിടിപ്പ് നിന്നു....
വിറയൽ മാറി. അദ്ദേഹം ചോദിച്ചു.
“നിങ്ങളാണോ ആശുപത്രിയിലെ മക്കീന(ജനറേറ്റർ) ഓടിക്കുന്നവർ...?”
“അതെ...”
“ഇലക്ട്രിക്കിന്റെ പണികളൊക്കെ അറിയാമല്ലെ, ഏസിയൊക്കെ...?”
“അറിയാം...”
“ങൂം... ഗ്രാമത്തിൽ ഇലക്ട്രിക് പണി അറിയാവുന്നവർ ആരുമില്ല. മക്കയിൽ നിന്നു കൊണ്ടുവരികയാണ് പതിവ്. ഏതായാലും അത് നന്നായി...!”

അറബി വാക്കിനേക്കാൾ ഇംഗ്ലീഷുണ്ടായിരുന്നു സംസാരത്തിൽ. അതു കൊണ്ട് തന്നെ പറഞ്ഞതത്രയും വ്യക്തമായി. പുറത്തു പോയി പണിയെടുക്കുന്നതിൽ അമീറിനു വിരോധമില്ലെന്ന് ഉറപ്പായതോടെ കേറ്റിവിടില്ലെന്നും ഉറപ്പായി..!.

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അതിനകത്ത് കറണ്ടില്ല. എല്ലാവരും അമീർ ഉൾപ്പടെ വിയർത്തൊലിച്ചാണിരിക്കുന്നത്. കയ്യിലിരിക്കുന്ന പേപ്പർ കൊണ്ട് ചിലരൊക്കെ വീശുന്നുണ്ട്. ഞങ്ങളും വിയർക്കുന്നുണ്ടായിരുന്നു. അത് പിന്നെ പേടിച്ചിട്ടായിരുന്നു.
അമീറിന്റെ വാക്കുകൾ കേട്ട്  ഞങ്ങളുടെ മനം സന്തോഷം കൊണ്ട് തുടിച്ചു. എന്നാലും അമീർ ഇതു ചോദിക്കാനാണോ വിളിച്ചത്...? ആ ചിന്തയുടെ  മറുപടി അമീറിൽ നിന്നും ഉടൻ കിട്ടി.
“ഞങ്ങൾക്ക് ഇവിടെ ഒരു  മക്കീന  ഉണ്ട്. ഒരാഴ്ചയായിട്ട് അതോടുന്നില്ല. ഒന്നു നോക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ മതി...”
“ശരി. ഞങ്ങൾ നോക്കാം...”

ജനറേറ്റർ നന്നാക്കാനൊന്നും ഞങ്ങൾക്കറിയില്ല. എന്നാലും അത് തുറന്നു പറയുന്നതെങ്ങനെ..? ഞങ്ങൾ പിന്തിരിഞ്ഞ് കൂടെ വന്ന പോലീസ്സുകാരനോടൊപ്പം നടന്നു. കെട്ടിടത്തിനു പിറകിലായി മതിലിനോട് ചേർന്ന് ഒരു ഇടത്തരം ജനറേറ്റർ കരിയും ഓയിലും പിടിച്ച് കിടന്നിരുന്നു. അത്തരം ഒരെണ്ണം ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും പൊതുവായിട്ട് ജനറേറ്ററുകൾക്കെല്ലാം ഒരേ അംഗഭംഗങ്ങളും സ്വഭാവവുമാണല്ലൊ.

അതിൽ തൊടാൻ തന്നെ അറയ്ക്കും. ചുറ്റുപാടിലും ഓയിലും ഡീസലും വീണ് ചവിട്ടാനും ഒക്കില്ല. എങ്കിലും അമീറിന്റെ ഉത്തരവല്ലെ. ഞങ്ങൾക്ക് പുറത്ത് പോയി പണിയെടുത്താലല്ലെ ചാക്കരി വാങ്ങാൻ പറ്റൂ...!
ടാങ്കിൽ ഡീസൽ നിറച്ചു വച്ചിട്ടുണ്ട്. ടാങ്കിൽ നിന്നും ഡീസൽ വരുന്നുണ്ടായിരുന്നില്ല. ആ പൈപ്പ് അഴിച്ച് ‘എയർ’ കളയുകയേ വേണ്ടിയിരുന്നുള്ളു.  ഓയിൽ അശേഷം അകത്ത് കാണുന്നില്ല. അടുത്തു കിടന്ന വീപ്പയിൽ ഓയിലിരുപ്പുണ്ട്. അത് കൈപ്പമ്പു വഴി അടിച്ച് ആവശ്യത്തിന് ഒഴിച്ചു. ബാറ്ററിക്ക് ചാർജ്ജില്ലായിരുന്നു.  ചരടു വലിച്ച് സ്റ്റാർട്ടാക്കാനായി പോലീസ്സുകാരൻ സഹായിച്ചു. കാരണം ഞങ്ങൾ മുട്ടിപ്പായി ഒറ്റക്കും തെറ്റക്കും ഒക്കെ ശ്രമിച്ചിട്ടും മൂപ്പിലാൻ ഒന്നനങ്ങുകപോലും ചെയ്തില്ല. പോലീസ്സുകാരൻ രണ്ടു പ്രാവശ്യം വലിച്ചപ്പോഴാണ്  സ്റ്റാർട്ടായത്.
പിന്നെ മെയിൻ‌സ്വിച്ച് ഓണാക്കി...
അമാറക്കകത്ത് ബൾബുകൾ കത്തുന്നതു കണ്ട്  ഞങ്ങൾ ആശ്വാസം കൊണ്ടു.
അമീറിനേപ്പോലെ ഒരാൾ വിയർത്തൊലിച്ചിരിക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നിയിരുന്നു. അമീറിന് വലിയ സന്തോഷമായിരിക്കുമെന്നോർത്ത് ഞങ്ങളുടെ മനം അഭിമാനം കൊണ്ടു. ഒന്നും വേണ്ട, ഗ്രാമത്തിൽ പണിയെടുക്കുമ്പോൾ വന്ന്  ഞങ്ങളെ  പിടിക്കാതിരുന്നാൽ മാത്രം മതി.

അതു കഴിഞ്ഞ് പോലീസ്സുകാരനോടൊപ്പം വീണ്ടും അമീറിന്റെ മുറിയിലേക്ക്. ഞങ്ങളുടെ ചപ്പൽ പുറത്ത് അഴിച്ചു വച്ചിട്ടാണ് കയറിയത്. ഇനിയത് കഴുകിയെടുക്കണമെങ്കിൽ പെടാപ്പാടു പെടണം.
ഏസിയുടെ തണുപ്പ് തന്ന ആശ്വാസം അവിടിരിക്കുന്ന മുഖങ്ങളിൽ കാണാമായിരുന്നു.  അമീറ് സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റത് ഒരമ്പത് റിയാലിന്റെ നോട്ടും നീട്ടിപ്പിടിച്ചാണ്...!
ഞങ്ങൾ അത് വാങ്ങാൻ മടിച്ചു.
നന്ദിപൂർവ്വം നിരസിച്ചു.
പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. അമ്പത് റിയാലിന്റെ ആ നോട്ട് എന്റെ കയ്യിൽ പിടിപ്പിച്ചിട്ട് ചോദിച്ചു.
“എന്തൊക്കെയാ വേണ്ടത് അതിന്...”
ഞങ്ങൾ ബാറ്ററി ഉൾപ്പടെ അത്യാവശ്യം വേണ്ടതൊക്കെ പറഞ്ഞു. അത് അന്നു തന്നെ ശരിയാക്കാൻ ‘പോലീസ് മുഹമ്മദിനെ’ ശട്ടം കെട്ടി. അത് കഴിഞ്ഞ് അമീർ ചോദിച്ചു.
“ദിവസവും ഉച്ചക്ക്  രണ്ടു മണിക്കൂറ്, വൈകീട്ട് നാലു മണിക്കൂറ്. ഇവിടെ വന്ന് ജനറേറ്റർ ഓടിക്കണം. എന്തു തരണം നിങ്ങൾക്കതിന്...?”
അമീറിന്റെ ആ ഇടിവെട്ട് ചോദ്യത്തിന് മറുപടി പറയാതെ ഞങ്ങൾ പരുങ്ങി.
‘ഒന്നും വേണ്ട ഞങ്ങൾ ചെയ്തോളാം..’ എന്നു പറയാനായി നാവെടുത്തതാ. അപ്പോഴേക്കും അമീറിന്റെ അടുത്ത ചോദ്യം വന്നു.
“നിങ്ങൾ എത്ര പേരുണ്ട് ജോലിക്ക്...?”
“മൂന്നു പേർ..”
അമീർ എന്തോ കണക്കു കൂട്ടിയിട്ട് പറഞ്ഞു.
“ ഒരാൾക്ക് നൂറ്റമ്പത് റിയാൽ വച്ച് നാനൂറ്റമ്പത് റിയാൽ തരാം. നിങ്ങൾ മൂന്നു പേരും മാറിമാറി വന്ന് ചെയ്താൽ മതി. സമയമൊക്കെ മുഹമ്മദ് പറഞ്ഞു തരും...”
“ശരി സാർ... വളരെ നന്ദി സാർ..”
ഞങ്ങൾ സലാം പറഞ്ഞ് പിരിഞ്ഞു.
സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഒന്ന് തുള്ളണമെന്നുണ്ടായിരുന്നെങ്കിലും അമീറാഫീസ്സായതു കൊണ്ട് മാത്രം വളരെ കഷ്ടപ്പെട്ട് ഞങ്ങൾ സന്തോഷത്തിരത്തള്ളൽ അടക്കി.

 ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


ബാക്കി ഫെബ്രുവരി -15ന്.......

20 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാൻ അപ്പൊഴെ പറഞ്ഞില്ലെ ഞാൻ പേടിച്ചില്ല എന്ന്

സന്തോഷമായി ഹൊ എന്തൊരാശ്വാസം

പട്ടേപ്പാടം റാംജി said...

അനുഭവ വിവരണങ്ങള്‍ പോലെ ജനറേറ്ററും മനസ്സിലെ ആശങ്കകളും ഒഴുകി ഈ ഭാഗത്തില്‍. ഗഫുകാര്‍ക്ക് ഷൂ എന്നത് നാട്ടില്‍ നിന്ന് വരാനും നാട്ടിലേക്ക് പോകാനും മാത്രം ഉള്ളതാണെന്ന് തോന്നിയിട്ടുണ്ട്.
തുടരട്ടെ.

Cv Thankappan said...

സച്ചിയുടെ ദയ അപകടം വരുത്തിയേനെ.
വിലക്കിയത് ഏറ്റവും ഉചിതമായി.
അല്ലെങ്കില്‍.....
ആശംസകള്‍

ajith said...

നന്മ വരുന്ന വഴികള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഴിഞ്ഞ പോസ്റ്റില്‍ തന്നെ ഇങ്ങിനെയെന്തെങ്കിലും ആണ് സംഭവിക്കുക എന്നറിയാമായിരുന്നു...എന്നിട്ടും അവസാനമായപ്പോള്‍ തുള്ളിച്ചാടാന്‍ തോന്നി..

Pradeep Kumar said...

കുറച്ചുനേരം കഥയോടൊപ്പം സഞ്ചരിച്ചു....ഇനി അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു....

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: ഹാ...ഹാ.. സന്തോഷം പണിക്കർജീ...
പട്ടേപ്പാടം റാംജി: അവിടത്തെ ആ ജോലിക്ക് ചപ്പൽ മാത്രമേ വേണ്ടു. നാട്ടിൽ നിന്നും കൊണ്ടു പോയ ഷൂ ഉപയോഗിക്കാതെ തന്നെ നശിച്ചു പോയി. വായനക്ക് നന്ദി മാഷേ..
സിവി തങ്കപ്പൻ: ശരിയാണ്. എപ്പോഴാണ് അറബികളുടെ സ്വഭാവം മാറുന്നതെന്ന് പറയാനാവില്ല. വായനക്ക് നന്ദി മാഷേ.
അജിത്: വായനക്ക് നന്ദി മാഷേ.
മുഹമ്മദ് ആറങ്ങോട്ടുകര: ഹാ..ഹാ... വായനക്ക് വളരെ നന്ദി മാഷേ.
പ്രദീപ് കുമാർ: വായനക്ക് വളരെ നന്ദി മാഷേ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഭയത്തെ നന്മയാകിയതിൽ
സന്തോഷം കേട്ടോ ഭായ്
പിന്നെ അന്നത്തെ കാലത്തെ അറബി
നാട്ടിലകപ്പെട്ടവന്റെ ഉഷ്ണവും പേടിയും വിയർപ്പ്
പൊടിയിക്കുന്നവ തന്നെയാണല്ലോ അല്ലേ

ശ്രീ said...

ഇങ്ങനെന്തെങ്കിലും ആയിരിയ്ക്കുമെന്ന സമാധാനത്തിലാണ് കഴിഞ്ഞ അദ്ധ്യായം വായിച്ചു നിര്‍ത്തിയത്...

ആശ്വാസമായി :)

Echmukutty said...

നല്ലത് വരുമെന്ന് വിചാരിച്ചെങ്കിലും എനിക്ക് നല്ല പേടീം ഉണ്ടായിരുന്നു... അടുത്തലക്കം വരട്ടെ... വേഗം വരട്ടെ..

ബൈജു മണിയങ്കാല said...

നല്ല മനുഷ്യർക്ക്‌ ഭൂമിയിൽ സമാധാനം മരുഭൂമിയിലും അങ്ങിനെ തന്നെ
ഇത്തവണ ആ സ്ഥിരം കൊണ്ട് നിർത്താറുള്ള സസ്പെനസ് കണ്ടില്ല അതെന്തു പറ്റി എന്തായാലും ഇഷ്ടം പണ്ട് കാലത്തേ ഗൾഫിൽ നിന്ന് വരുന്ന എഴുത്ത് വായിക്കുന്ന ആകാംഷ ഓരോ അധ്യായത്തിലും

keraladasanunni said...

ഈ സച്ചിക്ക്ഈന്തിൻറെ കുഴപ്പമാണ്. ആഫ്രിക്കകാരന്ന് സിഗററ്റ് കൊടുത്തിട്ട് വേറൊരു പുലിവാലിൽ കൂടി പിടിക്കണോ.

BDF. said...

good go ahead congrtulation,,,BDF.

വീകെ said...

ശ്രീ: വായനക്ക് നന്ദി ശ്രീ
ബിലാത്തിച്ചേട്ടൻ:അന്നത്തെ സാഹചര്യം ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. വായനക്ക് വളരെ നന്ദി ബിലാത്തിച്ചേട്ടാ.
എഛ്മുക്കുട്ടി: വായനക്കും അഭിപ്രായത്തിനും നന്ദി.
ബൈജു മണിയങ്കാല: ഇത്തവണ ടെൻഷൻ ഇല്ലാത്ത ലക്കമായിക്കോട്ടേന്ന് കരുതീട്ടാ. വായനക്ക് വളരെ നന്ദി.
കേരളദാസനുണ്ണി: സച്ചിക്ക് എങ്ങനെയെങ്കിലും അവിടന്ന് കേറിപ്പോരണം എന്ന ചിന്തയായിരുന്നു. അതിന് എന്തു ചെയ്യാനും തെയ്യാറാണ്. ഇന്നും അങ്ങനെ തന്നെയായിരിക്കും, ആദ്യമായി വരുന്നവർക്ക്. അതൊരു പൊരുത്തപ്പെടാൻ കഴിയാത്ത രാജ്യമായി ആദ്യമാദ്യം തോന്നുകയും പിന്നീട് കിട്ടുന്നതൊക്കെയും സമ്പാദിക്കാൻ കഴിയുമെന്ന തിരിച്ചറിവിൽ, കഷ്ടപ്പാടുകൾ ഒക്കെ മനഃപ്പൂർവ്വം മറക്കുകയും അവിടന്ന് തിരിച്ചു വരാൻ മനസ്സില്ലാതെ പോകുകയും ചെയ്യും. വായനക്ക് നന്ദി മാഷേ.

വിനുവേട്ടന്‍ said...

അങ്ങനെ ഈ ലക്കം വായിച്ച് കഴിഞ്ഞതും ടെൻഷൻ ഇല്ലാതെ ഇരിക്കാൻ സാധിച്ചു.

ഇനി അടുത്തതിനായി കാത്തിരിക്കുക തന്നെ...

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

ജോലിയുടെ ഭാഗമായി ഇത് പോലെ ഒരുള്‍ഗ്രാമത്തില്‍ അമീര്‍ ഓഫീസില്‍ പോയിരുന്നു , കഥാ പശ്ചാത്തലം അന്നത്തെ ആ ഓര്‍മ്മയിലേക്ക് കൂട്ടി കൊണ്ട് പോയി , ഇനി ഫെബ്രു:15 ആവണം അല്ലെ ...കാത്തിരിക്കുന്നു .
( ആ കഥഇത് വരെ എന്ന് എഴുതിയത് തീരെ ചെറുതായിരിക്കുന്നു , കുറച്ച് കൂടി ഫോണ്ട് വലുതാക്കിയിരുന്നു എങ്കില്‍ പുതുതായി വരുന്നവര്‍ക്ക് വായിക്കാന്‍ സുഖമുണ്ടാവും എന്ന് തോന്നുന്നു.

അനശ്വര said...

ഒരു നോവലാണ് വായിക്കുന്നത് എന്ന് തോന്നിയില്ല. ഒരു അനുഭ്വക്കുരിപ്പ് എഴുതും പോലെ തോന്നിക്കുന്നു. കാര്യം അറിയും വരെ ടെന്‍ഷനടിച്ച് വായിച്ചു...

വീകെ said...

വിനുവേട്ടൻ: വായനക്ക് നന്ദി.
ഫൈസൽ ബാബു: കഥ ഇതുവരെ-യിലെ അക്ഷരങ്ങൾ വലുതാക്കുന്നത് അടുത്ത ലക്കം ശരിയാക്കാം. വായനക്കും നിർദ്ദേശത്തിനും വളരെ നന്ദി.
അനശ്വര: ആദ്യമായ വരവിനും വായനക്കും വളരെ നന്ദി.

അഭി said...

വായിക്കുന്നു