കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. ആശുപത്രിയിലെത്തിയ പുതിയ ലേഡീസ് സ്റ്റാഫിനെ കാണാൻ ഞങ്ങൾ ഇറങ്ങി. അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു. ഭകഷണം കഴിക്കാതെ അവശതയിലായ അവരെ ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്ന് ഭക്ഷണം കൊടുത്തു....
തുടർന്നു വായിക്കുക....
ചിറി നക്കികൾ...
ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വാതിലിൽ ആരോ മുട്ടിയതായി തോന്നി. ഞാൻ ചെന്ന് വാതിൽ തുറന്നതും ഒരുത്തൻ ചാടി മുറിയിൽ കയറി. ആളെ കണ്ടതും അബ്ദുളും സച്ചിയും ചാടിയെഴുന്നേറ്റു.
“പോലീസ് മുഹമ്മദ്..!”
ഞങ്ങൾ വല്ലാതെ പരിഭ്രമിച്ചു.
ആ സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം ആർത്തിയോടെ അകത്താക്കുന്നതിന്റെ തിരക്കിലായിരുന്നു.
അകത്തു കയറിയ അവൻ ഞങ്ങളേവരേയും ഒന്നിരുത്തി നോക്കിയ ശേഷം, അവൻ ഊണുകഴിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ മുന്നിൽ വന്ന് നിന്നപ്പോഴാണ് അവർ കാണുന്നത്. അറബിയുടെ ക്രൂദ്ധമായ നോട്ടം കണ്ടിട്ടാവണം അവർ പേടിച്ചിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചത്.
ഞാൻ പറഞ്ഞു.
“എഴുന്നേൽക്കണ്ട... അവിടെയിരുന്നു കഴിച്ചോ... തീർന്നട്ടെഴുന്നേറ്റാൽ മതി.”
അപ്പോഴേക്കും പോലീസ് മുഹമ്മദ് അവരോട് ഇരുന്ന് കഴിച്ചോളാൻ ആംഗ്യം കാണിച്ചു.
അബ്ദുൾ അവനോടായി പറഞ്ഞു.
“ആശുപത്രിയിലേ പുതിയ ജോലിക്കാരിയാ... ശ്രീലങ്ക. അവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. അതാ.. ഉമ്മർ പറഞ്ഞിട്ട് ഇവിടെ...”
മുഴുവൻ പറയുന്നതിനു മുൻപേ അവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരിക്കും.
“നല്ലത്...നല്ലത്...”
അതും പറഞ്ഞ് അവൻ ഞങ്ങളെയൊക്കെ ഒന്ന് ഇരുത്തി നോക്കിയിട്ട് പുറത്തിറങ്ങുമ്പോഴേക്കും അസ്സർബായി ഓടിക്കിതച്ചെത്തി. പിന്നെ അസ്സർബായി എന്തൊക്കെയോ അറബിയിൽ അവനോട് പറയുന്നത് കേട്ടു.
അവൻ പോയതിനുശേഷം വാതിലടച്ചിട്ട് അസ്സർബായി പറഞ്ഞു.
“അവൻ ഓടി വരണത് കണ്ടു. അതാ ഞാൻ പെട്ടെന്നെത്തിയത്. എന്തെങ്കിലും ചോദിച്ചോ അവൻ..?”
“ഹേയ്....”
“അവൻ ഇവിടെ ശ്രദ്ധിക്കാൻ പോലീസ്സിനെ ഇട്ടിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാൽ പ്രത്യേകിച്ച്. അവരുടെ ജയിലിനു മുകളിൽ ഇടക്ക് രണ്ടോ മൂന്നോ തലകൾ കാണാം.. അത് നിങ്ങള്‍ കൂടി വന്നതിനു ശേഷമാണ്. അതുകൊണ്ട് നഴ്സുമാരുടെ ക്വാർട്ടേഴ്സിനടുത്തേക്ക് പോകുന്നത് ആവുന്നതും ഒഴിവാക്കണം...!”
അത് ഞങ്ങൾക്കൊരു പുതിയ അറിവായിരുന്നു. അവർ വിളിക്കുമ്പോഴല്ലാതെ ഞങ്ങൾക്ക് ആ വശത്തേക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അസ്സർബായി തിരിച്ചു പോയി.
ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചിട്ട് അവിടെത്തന്നെ എന്റെ കട്ടിലിന്റെ തലക്കൽ ചാരി കണ്ണടച്ച് കുറേ നേരം ഇരുന്നു. ദിവസങ്ങളോളം കിടന്ന പട്ടിണിക്ക് ശേഷം കിട്ടിയ ഭക്ഷണം അവരെ വല്ലാതെ തളർത്തിയിരിക്കുന്നുവെന്ന് തോന്നി. കട്ടിലിൽ കയറി കിടന്നോളാൻ പറയണമെന്നുണ്ടായിരുന്നെങ്കിലും പോലീസ് മുഹമ്മദിനെ പേടിച്ചിട്ട് പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രം ഞാൻ കഴുകി വക്കാനായി എടുത്തപ്പോഴേക്കും അവർ കണ്ണൂ തുറന്ന് പാത്രം പിടിച്ചു വാങ്ങി. പിന്നെ സാവധാനം എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി പാത്രം കഴുകിക്കൊണ്ടു വന്നു. വീണ്ടും വന്ന് നിലത്തിരിക്കാൻ തുടങ്ങിയ അവരെ കട്ടിലിൽ പിടിച്ചിരുത്തി.
അവർ അപ്പോഴാണ് ഞങ്ങളെ മൂന്നു പേരേയും ശ്രദ്ധിക്കുന്നത്.
ഞങ്ങൾ അവരെ പരിചയപ്പെടുത്തി.
അതു കഴിഞ്ഞാണ് അവർ സ്വന്തം പേരു പറഞ്ഞത്.
“ഐഷ...”
“ഹബീബ് ആരാണ്...?” ഞാൻ.
“അതെന്റെ ഹസ്ബന്റ് ആണ്. അദ്ദേഹം ഇപ്പോൾ ഇല്ല. പോയിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു...”
“കുട്ടികൾ...?”
“രണ്ടു പേര്. മൂത്തത് പെൺക്കുട്ടിയാ... കല്യാണപ്രായമായി... കല്യാണം കഴിച്ചു വിടാൻ നിവർത്തിയില്ലാത്തോണ്ടാണ് ഇവിടെ വന്നത്.”
“ഇവിടെ വന്നിട്ടെത്ര ദിവസമായി...?”
“ഇവിടെ എത്തിയിട്ട്....”
അവർ എന്തോ ആലോചനയിൽ മുഴുകി. പിന്നെ പറഞ്ഞു.
“ആറേഴു മാസമായിട്ടുണ്ടാകും...”
ഇത്രയും പറഞ്ഞപ്പോഴേക്കും സച്ചിയും അബ്ദുളും അവർ പറഞ്ഞതെന്താണെന്നറിയാൻ ധൃതി കൂട്ടി. നീണ്ട വാചകങ്ങളൊന്നും ഒരു പിടുത്തവും കിട്ടിയ്ല്ല. അവരുടെ തമിഴ് സാധാരണ നമ്മുടെ തമിഴന്മാർ പറയുന്ന ഭാഷയല്ല. ഒരു വല്ലാത്ത നീട്ടലും കുറക്കലുമൊക്കെയുണ്ട്. ഒരു വാചകം മുഴുവൻ പറഞ്ഞാലെ, അതിലെ ഒരു വാക്കെങ്കിലും മനസ്സിലാവുകയുള്ളു. പിന്നെ ഞങ്ങളാരും തമിഴ് ശരിക്കും അറിയുന്നവരുമല്ല. അതു കൊണ്ടു തന്നെ അവർ പറയുന്നത് കുറച്ചു ശ്രദ്ധയോടെ തന്നെ കേട്ടിരിക്കണം. എനിക്ക് മനസ്സിലാകുന്നത്രപോലും കൂട്ടുകാർക്കറിയില്ല.
ഞാൻ പറഞ്ഞു.
“നിങ്ങൾ ധൃതി കൂട്ടാതെ. അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കട്ടെ ആദ്യം. അതു കഴിഞ്ഞിട്ട് വിശദമായിട്ട് ഞാൻ പറഞ്ഞു തരാം..”
അപ്പോഴേക്കും മെറിലിൻ വാതിലിൽ മുട്ടാതെ തന്നെ ധൈര്യപൂർവ്വം കടന്നു വന്നു. കയ്യിൽ ഐഷായുടെ ഇരുമ്പ് പെട്ടിയും ചുമന്നുകൊണ്ടാണ് വരവ്. കാരണം ആശുപത്രി അടച്ചു കഴിഞ്ഞു. ഐഷയോടൊപ്പം കട്ടിലിൽ മെർലിനും ഇരുന്നു.
ഞാൻ എഴുന്നേറ്റ് സച്ചിയുടെ കട്ടിലിൽ ഇരുന്നു.
പിന്നെയാണ് ഐഷ അവിടെവരെ എത്തിയ കഥ പറഞ്ഞത്.
അവർ അവരുടെ സ്വതസിദ്ധമായ സംസാര ശൈലിയിൽ തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇടക്കവർ വല്ലാതെ സങ്കടപ്പെടുകയും, മൂക്കു ചീറ്റുകയും മറ്റും ചെയ്യുന്നുണ്ട്. അന്നേരം മെറിലിൻ ഐഷയുടെ തോളിൽ പിടിച്ച് ആശ്വസിപ്പിക്കാനായി അമർത്തുന്നുണ്ട്. ഞങ്ങൾക്ക് അതൊക്കെ ശരിക്കും മനസ്സിലാവുന്നോണ്ടൊന്നും അവർ ചിന്തിച്ചിട്ടില്ല. എങ്കിലും പറഞ്ഞതിന്റെ ഒരു ഏകദേശം രൂപം കിട്ടി. മെറിലിന് ചെന്നിട്ടു വേണം ഭക്ഷണമുണ്ടാക്കാൻ. അതുകൊണ്ട് പിന്നെ വരാമെന്നു പറഞ്ഞ് അവർ പിരിഞ്ഞു. പിരിയാൻ നേരം മെറിലിൻ പറഞ്ഞു.
“ഹബീബായുടെ കഥ എനിക്കും പറഞ്ഞു തരണം..”
“ഹബീബായോ.. അതാര്...?”
“ഇവരുടെ പേര്.. ഉമ്മറും അസ്സറും വിളിക്കുന്നത് ഹബീബാന്നാ...”
“ഓ.. അങ്ങനെ... ഓക്കെ ഞാൻ പറഞ്ഞു തരാം...”
അവരെ വിട്ട് വാതിലുമടച്ച് ഞാൻ കട്ടിലിൽ വന്നിരിക്കുമ്പോൾ ‘എങ്ങനെ അവരെ സഹായിക്കാൻ കഴിയുമെന്ന ചിന്തയിൽ’ നിശ്ശബ്ദമായിരുന്നു. ഹബീബ പറഞ്ഞതത്രയും വള്ളിപുള്ളി വിടാതെ കേൾക്കാൻ കാത്തിരുന്ന കൂട്ടുകാരുടെ ക്ഷമ കെട്ടു. അവർ രണ്ടു പേരും എന്റെ കട്ടിലിൽ വന്നിരുന്ന്, എന്റെ പക്കിനിട്ടൊരു കുത്തു തന്നപ്പോഴാണ് പരിസരബോധം വന്നത്.
“അല്ലാ.. അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാ ഞാൻ ഓർത്തോണ്ടിരുന്നത്....”
“ആദ്യം അവരുടെ കഥ കേൾക്കട്ടെ. അതു കഴിഞ്ഞിട്ട് സഹായിക്കണ കാര്യം തീരുമാനിക്കാം... പറയ്....”
ഞാൻ പറയാൻ തുടങ്ങിയതും ഉസ്മാനും മൊയ്തുവും ഓടിയെത്തി.
അതോടെ ഞങ്ങളുടെ കോറം തികഞ്ഞു. കേട്ട കഥ കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് അവതരിപ്പിച്ചു.
“അവരിവിടെ വന്നിട്ട് ആറേഴു മാസമായി. വന്നതിന്റെ പിറ്റേ ദിവസം തന്നെ മക്കയിൽ തന്നെയുള്ള ഒരു ആശുപത്രിയിലാക്കി. അവിടെ സുഖമായിരുന്നു. ആദ്യത്തെ രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത് നാട്ടിലേക്കയക്കാനായി ഒരു ശ്രീലങ്കക്കാരനെ തന്നെ ഏൽപ്പിച്ചു. അവനതുംകൊണ്ട് മുങ്ങി. പിന്നെ പൊങ്ങിയില്ല. കമ്പനിയിലും വന്നില്ല.
അത് കഴിഞ്ഞ് കിട്ടിയ ശമ്പളം ആരേയും ഏൽപ്പിച്ചില്ല. കയ്യിൽത്തന്നെ സൂക്ഷിച്ചതേയുള്ളു. മെറിലിൻ കൊണ്ടു വന്ന ആ ഇരുമ്പുപെട്ടി കണ്ടില്ലെ. അതിനകത്താ അവർ കാശ് വക്കുന്നത്. അതിന് പൂട്ടൊന്നുമില്ല. നാട്ടിലേക്ക് സുരക്ഷിതമായി അയക്കാൻ ഒരു വഴിയും അവരുടെ മുന്നിൽ തെളിഞ്ഞുമില്ല.
പിന്നേയും നാലുമാസമായിട്ടും കാശയക്കാൻ കഴിയാത്തതിൽ വല്ലാതെ സങ്കടപ്പെട്ടു നടക്കുമ്പോഴാണ് ഒരു ദിവസം മുറിയിൽ വരുമ്പോൾ, പെട്ടി തുറന്ന് തുണികളോക്കെ വാരിവലിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അവരുടെ ചങ്കിടിച്ചു പോയി. അവർ നെഞ്ചത്തടിച്ച് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. അതു കേട്ട് നഴ്സുമാരും മറ്റു ശ്രീലങ്കൻ ജോലിക്കാരത്തികളും ഓടിയെത്തി. തുണികളൊക്കെ വാരിക്കൂട്ടിയിട്ട് പെട്ടിയിൽ വച്ചിരുന്ന കാശ് നോക്കിയപ്പോൾ അതിന് കുഴപ്പമൊന്നുമില്ലായിരുന്നു. അവരത് ഒരു പാവാടയുടെ അടിവശം കൂട്ടിക്കെട്ടിയിട്ട് അതിനുള്ളിൽ വച്ച് മടക്കി മടക്കി ചെറുതാക്കിയാണ് സൂക്ഷിച്ചിരുന്നത്. അത് കണ്ടെത്താനാവാത്തതു കൊണ്ടാവും നഷ്ടപ്പെടാഞ്ഞത്. എല്ലാവരും നോക്കിനിൽക്കേ ആ പണം എണ്ണി നോക്കാൻ ഒരു ഫിലിപ്പൈനി നഴ്സിന്റെ കയ്യിൽ കൊടുത്തു. കൃത്യമായി നാലുമാസത്തെ ശമ്പളവും നഴ്സുമാരെ ക്വാർട്ടേഴ്സിൽ സഹായിക്കുന്നതിന് അവർ കൊടുത്ത ചില്ലറകളും ഒക്കെ ചേർത്ത് ഭദ്രമായിരുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതോടൊപ്പം എല്ലാവരുടേയും മുന്നിൽ വച്ചായതു കൊണ്ട് പണം സുക്ഷിച്ച രഹസ്യം പുറത്തായി. അവരത് മാറ്റാതെ അതുപോലെ തന്നെ വച്ച് പെട്ടിയടച്ച് കട്ടിലിന്നടിയിൽ വച്ചു.
പിറ്റേ ദിവസം ആ ഫിലിപ്പൈനി നഴ്സ് പണം നാട്ടിലയക്കാൻ സഹായിക്കാമെന്ന് ഏറ്റിരുന്നു. അതുപ്രകാരം ഭക്ഷണം കഴിഞ്ഞ് അയക്കാനായി പണമെടുക്കാൻ പെട്ടി തുറന്നപ്പോഴാണ്, പണം ചുരുട്ടി വച്ച ആ പാവാട മാത്രം പെട്ടിക്കകത്തുണ്ടായിരുന്നില്ല...!!?
പെട്ടി കുഴച്ചു മറിച്ചിട്ടും അതു മാത്രം കിട്ടിയില്ല...
ഹബീബായുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി.
ഇല നക്കിപ്പട്ടികളുടെ ചിറിനക്കികൾ...!
ആരോ അത് അടിച്ചു മാറ്റി.
അവർ നെഞ്ചത്തടിയും കരച്ചിലും ബഹളവും.
ആരൊക്കെ പിടിച്ചിട്ടും അവർ നിൽക്കുന്നില്ല. ഭ്രാന്തു പിടിച്ചതുപോലെ അവർ അലറി. അവരുടെ ഭാഷ ശ്രീലങ്കക്കാരികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. കൂടെയുള്ള ശ്രീലങ്കക്കാരികളാണ് പണമെടുത്തതെന്നും പറഞ്ഞ് അവരുമായി പിടിവലിയായി.
അതിനിടക്കാണ് ഒരു ശ്രീലങ്കക്കാരി ഓടി വന്നു പറയുന്നത്.
“ഇന്ന് അടുക്കളയിൽ ചോറൊന്നും വച്ചിട്ടില്ല. അവളെവിടെപ്പോയി മുനീറ....?”
എന്നും ആശുപത്രിയിലെ കാലത്തെ തിരക്കൊഴിയുമ്പോൾ ശ്രീലങ്കക്കാരികളിൽ ഒരാളെ ക്വാർട്ടേഴ്സിലേക്ക് പറഞ്ഞയക്കും. അവരാണ് എല്ലാവർക്കുമുള്ള ഭക്ഷണം തെയ്യാറാക്കുന്നത്. അതിനവർക്ക് സൌജന്യമായി ഭക്ഷണവും മാസാവസാനം പൈസയും കൊടുക്കും. അന്നത്തെ ഡ്യൂട്ടി ചെയ്യേണ്ടിയിരുന്നത് മുനീറയായിരുന്നു. അവളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്തായാലും അവൾ ക്വാർട്ടേഴ്സിലോ ആശുപത്രിയിലോ പിന്നെ കണ്ടവരില്ല. ക്വാർട്ടേഴ്സിൽ ചോറും വച്ചിട്ടില്ല. അതോടെ എല്ലാം വ്യക്തമായി.
എല്ലാം നഷടപ്പെട്ടെന്നറിഞ്ഞ ഹബീബയുടെ സമനില തെറ്റിയതുപോലെയായി. വിവരം അറിഞ്ഞ് മാനേജർ സ്ഥലത്തെത്തി. അവർക്ക് ഇതൊന്നും വലിയ കാര്യമല്ലല്ലൊ. ക്വാർട്ടേഴ്സിൽ കുഴപ്പമുണ്ടാക്കിയതിന് അവരുടെ കമ്പനിയിൽ വിളിച്ചു പറഞ്ഞു. അവർ പകരം ആളെ കൊണ്ടുവന്നിട്ട് ഹബീബയെ ഓഫീസ്സിലേക്ക് കൊണ്ടു പോയി.
അവിടെ ഒരാഴ്ച വെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ട് മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചു. എല്ലാം നഷ്ടപ്പെട്ട, ഭക്ഷണം പോലും കിട്ടാതെ അവശയായ ഹബീബക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഇന്നലെ ഓഫീസ്സിലെ മാനേജരുമായി ശക്തമായി വഴക്കു കൂടി, ആറാം നിലയിലെ ഓഫീസിലെ ജനാല തുറന്ന് പുറത്തു ചാടിച്ചാവാൻ ശ്രമിച്ചത് കോളിളക്കമുണ്ടാക്കി...! പിടിച്ചു വലിച്ച് അവരെ നിലത്തിട്ട് എല്ലാവരും കൂടി ചവിട്ടിക്കൂട്ടി. അവശതയായപ്പോൾ ജനാലയോ ഏസിയോ പോലുമില്ലാത്ത ഒരു മുറിയിലിട്ടടച്ചു. ഇന്നു നേരം വെളുത്ത് ഇവിടെ കൊണ്ടിറക്കി.”
ഞാൻ പറഞ്ഞു നിറുത്തിയതും ഒരാളും ഒന്നും സംസാരിക്കാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഞാൻ വീണ്ടും പറഞ്ഞു.
“ഇനി പറയ്... നമ്മൾക്കെങ്ങിനെ അവരെ സഹായിക്കാൻ കഴിയും....?”
അപ്പോഴും അവരൊന്നും മിണ്ടുന്നില്ല.
ഞാൻ വീണ്ടും പറഞ്ഞു.
“ഇനി ദയനീയമായ മറ്റൊന്നുള്ളത്, അവർക്ക് എഴുതാനോ വായിക്കാനോ അറിയില്ല. എണ്ണാനുമറിയില്ല. നാട്ടിൽ നിന്നും പോന്നതിൽപ്പിന്നെ ഒരു വിവരം പോലും അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇവർ എവിടെയെത്തിയെന്നോ, ജീവിച്ചിരുപ്പുണ്ടെന്നോ പോലും നാട്ടിലാർക്കുമറിയില്ല....!!”
“ഹോ... ഇതൊരു വല്ലാത്ത അവസ്ഥ തന്നെ...!”
അത്രയുമേ സച്ചി പറഞ്ഞുള്ളു.
അബ്ദുൾ ഒന്നും പറയാതെ തന്നെ കട്ടിലിലേക്ക് ചാഞ്ഞു.
ഞാനും ഒരു ഗ്ളാസ് വെള്ളമെടുത്തു കുടിച്ച് കട്ടിലിൽ കിടന്നു.
പെട്ടെന്നെഴുന്നേറ്റിട്ട് മറന്നു പോയ മറ്റൊരു കാര്യം കൂടി പറഞ്ഞു.
“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”
ബാക്കി ഏപ്രിൽ 1-ന്..... തംഗ്ളീഷ്...
25 comments:
"ആറാം നിലയിലെ ഓഫീസിലെ ജനാല തുറന്ന് പുറത്തു ചാടിച്ചാവാൻ ശ്രമിച്ചത് കോളിളക്കമുണ്ടാക്കി...! പിടിച്ചു വലിച്ച് അവരെ നിലത്തിട്ട് എല്ലാവരും കൂടി ചവിട്ടിക്കൂട്ടി. അവശതയായപ്പോൾ ജനാലയോ ഏസിയോ പോലുമില്ലാത്ത ഒരു മുറിയിലിട്ടടച്ചു. ഇന്നു നേരം വെളുത്ത് ഇവിടെ കൊണ്ടിറക്കി.”
നിസഹായായ ഒരമ്മയുടെ വേദനകള്‍.....
മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആശംസകള്‍
ഇത്തരം ധാരാളം കാഴ്ചകളാണ് നിത്യേന പ്രവാസികള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തരം കിട്ടിയാല്‍ ആരായാലും വളരെ വിശ്വസിക്കുന്നവര്‍ പോലും വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലേക്ക് അവരുടെ പ്രവൃത്തികള്‍ മാറുന്നത് കാണുമ്പോള്‍ എന്താണ് ഇങ്ങിനെയൊക്കെ എന്ന് അത്ഭുതം കൂറാറുണ്ട്. യാതൊരു പര്ഗണനയും കൂടാതെ ക്രൂരമായ ശിക്ഷകള്‍ക്ക് അര്ഹാരാകേണ്ട ഗതികേട് വരുന്നത് ഒരു തെറ്റും ചെയ്യാത്തവര്‍ക്കാണ് എന്നുകൂടി വരുമ്പോള്‍ കണ്ടു നില്ക്കുന്നവര് കൂടി നിസ്സഹായരാകുകയെ നിവര്ത്തിയുള്ളു. ഒരു കുടുമ്പത്തിന്റെ മുഴുവന്‍ വേദനയും ഉള്ളിലോതുക്കി ജീവന് നിലനിര്‍ത്താന്‍ മാത്രം എന്തെങ്കിലും എന്ന രൂപത്തില്‍ മാത്രം കഴിച്ച് സ്വരുക്കൂട്ടുന്ന സമ്പാദ്യം അതെ അവസ്ഥയിലുള്ള മറ്റൊരാള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ എന്തൊക്കെയാണ് മനുഷ്യന്റെ അവസ്ഥകള്‍ എന്ന് തോന്നിപ്പോകുന്നു.
യാഥനകള്‍ മാത്രം സൃഷ്ടിക്കപ്പെടുന്ന പ്രവാസത്തിലെ ഇത്തരം ജീവിതങ്ങളിലേക്കുള്ള യാത്രകള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
തുടരട്ടെ.
വായിക്കത്തില്ല എന്ന് വിചാരിച്ചു എങ്കിലും വായിച്ചു പോയി
അതെങ്ങനാ ഒടുക്കത്തെ സൗന്ദര്യമല്ലെ എഴുത്തിന്
പക്ഷെ കഥ വായിച്ചാൽ ഒരു ദിവസം പോയിക്കിട്ടും
ഡാഷ് ബോര്‍ഡില്‍ മരുഭൂമി കണ്ടാല്‍ ആദ്യം അതാണ് വായിക്കാനെടുക്കുന്നത്. വളരെ നന്നായി മുന്നേറുന്നു എഴുത്ത്
ഒരുപാട് ഐഷമാർ അല്ലെങ്കിൽ ഹബീബമാർ മരൂഭൂമിയിൽ ഇതുപോലെ എത്തിപ്പെട്ടിട്ടുണ്ടാവില്ലെ - അവരുടെ ദുഃഖം അറിയവെ നമ്മുടെയൊക്കെ നിസ്സാരപ്രശ്നങ്ങൾ ഒന്നുമല്ല എന്നു തോന്നുന്നു. കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം എന്ന് എഴുത്തുകാരൻ പറഞ്ഞേക്കാം, എന്നാലും ഇതിന്റെയൊക്കെ പ്രോട്ടോടൈപ്പ് എവിടെയോ ഉണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു
ഓരോ ലക്കവും നന്നായി മുന്നേറുന്നു
ഇനി ഏപ്രിൽ ഒന്നിന്റെ ലക്കത്തിനുള്ള കാത്തിരിപ്പ് ....
സിവി തങ്കപ്പൻ: ആദ്യവായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജി: പുരോഗതി പ്രാപിക്കുന്ന മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ദയ. അക്കാര്യത്തിൽ ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ല. വായനക്കും അഭിപ്രായത്തിനും നന്ദി.
ഇൻഡ്യാഹെറിറ്റേജ്: ഞാൻ വിചാരിച്ചത് പണിക്കർജി പറഞ്ഞതു പോലെ പറ്റിച്ചു കളയുമെന്നാണ്. എന്തായാലും വന്ന് ധൈര്യപൂർവ്വം വായിച്ചല്ലൊ...! വളരെ സന്തോഷം ട്ടോ. അടുത്ത ലക്കം പണിക്കർജിക്ക് സന്തോഷത്തോടെ വായിക്കാൻ എഴുതുന്നുണ്ട്. വായനക്കും അഭിപ്രായത്തിനും നന്ദി.
അജിത്: വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി.
പ്രദീപ് കുമാർ: ആദ്യപ്രവാസം അനുഭവിച്ചു തീർത്തത് ഇത്തരത്തിലാണ്. ഹബീബ ഐഷുമ്മയായിത്തന്നെ ജീവിച്ചിരിപ്പുണ്ടാകും ശ്രിലങ്കയിലെവിടെയെങ്കിലും. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
okay go ahead......bdf.
അവരിൽ ഒരാളായി കുറച്ചു വൈകി എന്നാലും കൂടെ ഉണ്ട് മനോഹരം പ്രവാസികള്‍ക്ക് ഒരു ആശ്വാസം ആണ് ഇത്തരം എഴുത്ത് ഹൃദയത്തിൽ പതിഞ്ഞത് മറ്റൊരു ഹൃദയത്തിലേയ്ക്ക് നോവാതെ
ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ അല്ലേ..? ഒന്നുമില്ലാത്തവന്റെ പിച്ചച്ചട്ടിയിലും കൈയിട്ട് വാരുവാൻ മനഃസാക്ഷിക്കുത്തിന്റെ കണിക പോലും ഇല്ലാത്തവർ... പാവം ...
വിനുവേട്ടന് പറഞ്ഞതു പോലെ പിച്ചച്ചട്ടിയിലും കയ്യിട്ട് വാരുന്നവര്‍!!!
കഷ്ടം തന്നെ
bdf: വരവിനും വായനക്കും വളരെ നന്ദി.
ബൈജു മണിയങ്കാല: വായനക്ക് വളരെ നന്ദി.
വിനുവേട്ടൻ:ഇത്തരക്കാർക്ക് ഇരകളായി വരുന്നവർ പാവപ്പെട്ടവരെന്നോന്നും നോട്ടമില്ല. ആരെ കൊന്നാലും വേണ്ടില്ല പണമുണ്ടാക്കണം എന്ന ചിന്ത മാത്രം. നന്ദി വിനുവേട്ടാ.
ശ്രീ: അതെ. അത്തരക്കാർക്ക് സഹജീവിയുടെ കഷ്ടത്തിൽ ഒരു സങ്കടവും തോന്നില്ല. വായനക്ക് വളരെ നന്ദി ശ്രീ.
പ്രവാസത്തിന്റെ കൊടും പ്രയാസങ്ങൾ ചുമക്കുന്ന ഹബീബ,ഐഷ,..,..,..,അങ്ങിനെ എത്രയെത്ര ദയനീയമായ ഒറിജിനൽ കഥാപാത്രങ്ങളാണ് ഈ മരുഭൂമിയിൽ ഗതികിട്ടാതെ അലഞ്ഞ് കൊണ്ടിരിക്കുന്നത് അല്ലേ
എന്തൊരു ദയനീയമായ ജീവിതം. എഴുത്തും വായനയും അറിയില്ല. സഹായിക്കാൻ ആളില്ല, മക്കളെക്കുറിച്ചുള്ള വേവലാതി. അതിനിടയിലാണ് സമ്പാദ്യം കൊള്ളയടിക്കപ്പെട്ടുവെന്ന് അറിയുന്നത്. കളവിന്ന് കഠിന ശിക്ഷ നൽകുന്ന രാജ്യത്ത് ഒരു പാവം സ്ത്രീയുടെ പരാതിക്ക് ഒരു വിലയുമില്ല. കഷ്ടം എന്നല്ലാതെ എന്താ പറയുക.
നാടു മാറ്റവും വീടു മാറ്റവും ഒക്കെയായി ഞാന്‍ മുടങ്ങി.. എന്നാലും എല്ലാം ഒന്നിച്ച് വായിച്ച് എത്തിച്ചു..
മനസ്സ് വല്ലാതെ പതറി.. ഞാന്‍ കുറെ സ്ത്രീകളെ ഇങ്ങനെ കണ്ടിട്ടുണ്ട്.. വി കെ മാഷെ.. നമ്മുടെ ഇന്ത്യയില്‍.. ഒരു ചായ മേടിച്ചു തരുമോ ..
ഒരു കഷണം തുണി തരുമോ.. ഒരു പിടിച്ചോറു തരുമോ എന്നൊക്കെ ചോദിക്കുമ്പോള്‍ നമ്മൂടെ ഹൃദയം നിന്നു പോകും..
എഴുതുമ്പോള്‍ പോലും കണ്ണ് നിറഞ്ഞു പോകുന്നു..
വി കെ മാഷ് എഴുത്തില്‍ ഗംഭീരമായി മുന്നേറുന്നുണ്ട്..നല്ലൊരു നോവലിസ്റ്റായി മാറട്ടെ..
ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍..
ഈ തവണ നെഞ്ചിടിപ്പോടെയാണ് വായിച്ചുപോയത് , യാതൊരു കണ്ണില്‍ ചോരയുമില്ലാതെ ഇത് പോലെ എത്ര ഹബീബമാര്‍ വഞ്ചിക്കപെട്ടിരിക്കുന്നു? ,, അടുത്ത ഭാഗത്തിനായി ഇനി കാത്തിരിക്കുന്നു.
ബിലാത്തിച്ചേട്ടൻ:ഗതികെട്ട് അലയുന്നവർ ധാരാളം അവിടെ കാണാം. വായനക്ക് നന്ദി.
കേരളദാസനുണ്ണി: ഇത്തരത്തിൽ നമ്മുടെ ആളുകളേയും അവിടെ കാണാം. സ്വന്തം ഭാര്യക്ക് കത്തെഴുതാൻ വരെ അന്യരെ ആശ്രയിക്കുന്നവരെ കണ്ടിട്ടുണ്ട്. അതിനെത്തുടർന്നുണ്ടായ പൊല്ലാപ്പുകളും കേട്ടിട്ടുണ്ട്. വായനക്ക് നന്ദി.
എച്മുക്കുട്ടി: വഴിവക്കിൽ നിന്ന് ഇങ്ങനെ പറയുന്നവരെ വിശ്വസിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ അതൊരു തൊഴിലായി കൊണ്ടു നടക്കുന്ന മുതലാളി തൊഴിലാളി ബന്ധമായിരിക്കും ഒളിവിൽ കാണുക. സത്യത്തിൽ ആവശ്യമുള്ളവരെ കണ്ടെത്തുക ദുഷ്ക്കരമാണ്. വായനക്ക് വളരെ നന്ദി.
ചിന്നുവിന്റെ നാട് രണ്ടുമൂന്നു ദിവസമായി വായിച്ചു വരുന്നു ..
നൊമ്പരപ്പെടുത്തുന്ന കഥ ..!
ഈ അധ്യായം വല്ലാതെ നൊമ്പരപ്പെടുത്തീട്ടൊ. ജീവിതങ്ങള്‍ പല വിധം..
ഫൈസൽ ബാബു: ഹബീബമാർ മാത്രമല്ല പുരുഷന്മാരും ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട് ഇന്നും ജീവിക്കുന്നുണ്ട്. ഉദാഹരണം, ചിട്ടി നടത്തി വഞ്ചിക്കപ്പെട്ടവർ എത്രയോ പേരുണ്ട്. വായനക്ക് വളരെ നന്ദി.
‘വരികൾക്കിടയിൽ’: എന്റെ ബ്ലോഗിനെക്കുറിച്ച് എഴുതിയതിന് വളരെ നന്ദി.
കൊച്ചുമോൾ(കുങ്കുമം): വരവിനും വായനക്കും വളരെ നന്ദി.
അനശ്വര: വായനക്ക് വളരെ നന്ദി.
വായിച്ചു...മുന്‍ ഭാഗങ്ങള്‍ ഇനി വായിക്കണം...കൈപിടിച്ച് നടത്തുന്ന എഴുത്ത്...സ്നേഹം...
മനോജ് വെങ്ങോല: ഈ വരവിനും വായനക്കും വളരെ നന്ദി.
ഇനിയും ഇതിലേ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.
നാളെ കാലത്ത് പുതിയ ലക്കം തുറന്നു തരും. വായിക്കുക.. പ്രോത്സാഹിപ്പിക്കുക.. നന്ദി.
വായന തുടരുന്നു
Post a Comment