Friday, 1 August 2014

നോവൽ. മരുഭൂമി (21)

‘സ്വപ്നഭൂമിയോട് ’

...വിട പറയട്ടെ ഞാൻ....

[ജന്മനാടിനോളം സ്നേഹിച്ച 'ബഹ്‌റീൻ’ എന്ന ഈ വളർത്തു നാടിനോട് വിടപറയാനുള്ള സമയമായിരിക്കുന്നു. 
ജാതിമത ഭേദങ്ങളില്ലാതെ, സ്വദേശി വിദേശിയെന്ന വ്യത്യാസമില്ലാതെ, ജന്മനാട്ടിൽ കിട്ടാതെപോയ ജീവിതം തന്ന, ഏവരേയും ഒരുപോലെ സ്നേഹിച്ചു വളരാനുള്ള തണൽ നൽകിയ ഈ ‘ഗൾഫ് മുത്തി ’ന്റെ ഭരണാധികാരികളോടും സ്നേഹസമ്പന്നരായ ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. 
കഴിഞ്ഞ 20 വർഷങ്ങളിലെ എന്റെ യൌവ്വനം ഈ നാട്ടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷത്തോടെ, സ്വദേശികളും എന്റെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളും നൽകിയ സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട്, ജീവിതാനുഭവങ്ങൾ എന്നെ ഒരു കുഞ്ഞു എഴുത്തുകാരൻ  കൂടിയാക്കിയ, അതിലൂടെ കൈ വന്ന ലോകമാനമുള്ള ഇനിയും നേരിൽ കാണാത്ത ഒരു പറ്റം നല്ല സുഹൃത്തുക്കളെ തന്ന  ഈ ‘സ്വപ്നഭൂമിയോട് ’ വിടപറയുന്നു. 
ഇത് നിങ്ങൾ വായിക്കുമ്പോഴേക്കും ഞാൻ ഈ നാടിനോട് വിട പറഞ്ഞ് മാതൃഭൂമിയുടെ മണ്ണിൽ എത്തിയിരിക്കും. അവസാനമായി ഒരിക്കൽ കൂടി  ഹൃദയം നിറഞ്ഞ 
നന്ദി... നന്ദി.... നന്ദി...]
“എല്ലാ വായനക്കാർക്കും ഈദ് ആശംസകൾ......”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്.
തുടർന്നു വായിക്കുക....

ഹബീബയുടെ ദുരിത പർവ്വം...

“ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവർക്കാർക്കും അവനെ ഇഷ്ടമല്ല....”
“അവൻ പറയാ.. നിന്റെ സദീക്കിന്റടുത്ത് പറയ്. അമീറിന്റടുത്ത് പറയല്ലേന്ന്, ഞാനവനോട് മാപ്പു ചോദിക്കാമെന്നു...!!”
“അവൻ ആ നാലു പോലീസ്സുകാരേയും തട്ടിമാറ്റിക്കൊണ്ട് പറഞ്ഞതത്രയും ഞാൻ സഹിക്കണോ...?”

ഞാൻ ഡ്രെസ്സ് മാറ്റി പുറത്തേക്കിറങ്ങി വണ്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ വാതിലും തുറന്നിട്ട്  കരുണാമയനായി എന്നെയും കാത്തിരിക്കുകയാണ്. എന്നോടൊപ്പം അബ്ദുളും സച്ചിയും ഉണ്ടായിരുന്നു. ഇന്നലത്തെ വിറളി പിടിച്ച മുഖമായിരുന്നില്ല അവന്റേത്.
ഞാൻ അടുത്തേക്ക് ചെന്നതും അവൻ പറഞ്ഞു.
“സദീഖ്... മാ‍ലീസ്...മാലീസ്....”
അതു കേട്ടതും അബ്ദുൾ വണ്ടിയുടെ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു. എന്നിട്ട് പറഞ്ഞു.
“നിന്റെ വണ്ടിയിൽ ഞങ്ങൾ കേറില്ലടാ.. പട്ടിപ്പുണ്ടാച്ചി മോനേ...!!”
പച്ച മലയാളത്തിലായതോണ്ട് അറബിക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ അവനെ ധിക്കരിച്ച് ഗേറ്റിനടുത്തേക്ക് നടന്നു. പിന്നാലെ വണ്ടിയുമായി അവൻ പിന്തുടർന്നു വന്നു. അവൻ വണ്ടിയിലിരുന്നു കൊണ്ട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഞാൻ നിന്നോട് മാപ്പു ചോദിക്കുന്നു. നിങ്ങൾ അമീറിനോട് പറയരുത്. അമീറെന്നെ വീണ്ടൂം മക്കയിലേക്ക് തന്നെ പറഞ്ഞയക്കും. സുഖമില്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. കൂട്ടുകാരാ... നീ അമീറിനോട് പറയരുത്...പ്‌ലീസ്.. പ്‌ലീസ്..... നീ നല്ലവനാണെന്ന് എനിക്കറിയാം.. എന്റെ കൂട്ടുകാരു പറഞ്ഞപ്പോഴാ  മനസ്സിലായത്...!”
ഞങ്ങൾ അവന്റെ ജൽ‌പ്പനങ്ങൾ കേട്ടതായിപ്പോലും നടിച്ചില്ല.

അമാറയുടെ പടിഞ്ഞാറെ ഗേറ്റിലൂടെ നൂണ്ട് കടക്കാനായി ഞങ്ങൾ നിന്നു. അപ്പോഴേക്കും വണ്ടിയവൻ മെയിൻ ഗേറ്റിൽ കൊണ്ടിട്ട് അകത്തൂടെ ഓടിയണച്ചെത്തി.
എന്നെയവൻ വട്ടം കയറിപ്പിടിച്ചിട്ട് കെഞ്ചാൻ തുടങ്ങി. ഇന്നലത്തെ അവന്റെ വീറും വാശിയും നിറഞ്ഞ പ്രകടനം ഒരു നിമിഷം എന്റെ കൺ‌മുന്നിൽ നിറഞ്ഞു നിന്നു. അപ്പോൾ തോന്നിയ വികാരത്തിന് അവന്റെ കൈ തട്ടിമാറ്റി മുന്നോട്ട് തന്നെ നടന്നു.
കുറച്ചു പിന്നാലെ വന്നെങ്കിലും
“സദീക്.... സദീക്.... മാലീസ്.. മാലീസ്...” എന്നും പറഞ്ഞ് അവൻ നിന്നു.
ദയനീയമായിരുന്നു അപ്പോളവന്റെ ശബ്ദം.
ഞങ്ങൾ അനുസരിക്കാത്തതിന്റെ നിരാശയിൽ അവൻ പിന്തിരിഞ്ഞിരിക്കണം.
ഞങ്ങളും പിന്തിരിഞ്ഞു നോക്കിയില്ല.

അമാറയുടെ പിറകിലെത്തി ആദ്യം തന്നെ ജനറേറ്റർ ഓടിച്ചു.
അമീറും പരിവാരങ്ങളും വിയർത്തൊലിച്ച് ഇരിക്കുകയാവും.
അതു കഴിഞ്ഞിട്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്..
വാതിൽക്കൽ ഞങ്ങളെ കണ്ടതും അമീർ അകത്തേക്ക് വിളിച്ചു.
ഞങ്ങൾ സലാം പറഞ്ഞ് കയറിച്ചെന്നു.
ആ വലിയ കസേരയിൽ ഇരുന്നിട്ടും ഞങ്ങൾക്ക് കൈ തരാൻ മനസ്സുണ്ടായി.
കറണ്ട് വന്നതേയുള്ളായിരുന്നല്ലൊ. ഏസിയുടെ തണൂപ്പു വരാൻ ഇനിയും സമയം പിടിക്കും. ചൂടു കാരണം അമീറുൾപ്പടെയുള്ള പരിവാരങ്ങൾ  സ്വയം വീശിക്കൊണ്ടാണ് ഇരുന്നിരുന്നത്.

അദ്ദേഹം ഞങ്ങളെ വിളിച്ചത് എന്തിനാണെന്നറിഞ്ഞിട്ടാവാം ഞങ്ങളുടെ പരാതിക്കെട്ടഴിക്കാൻ. ഞങ്ങൾ സംശയിക്കുന്നതു പോലെതന്നെയാണെങ്കിൽ പരാതി പറയാതെ തന്നെ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതും ഞങ്ങളുടെ പരാതിയും ഒന്നായിരിക്കും.
അദ്ദേഹം സമയം കളയാതെ തന്നെ പറഞ്ഞു.
“ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്. നമ്മുടെ ഈ പള്ളിയുണ്ടല്ലൊ. ഹൈവേ പള്ളി. അതിനകത്ത് ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്തതു കൊണ്ട് വലിയ തലവേദനയാണ്. ഇവിടന്ന് കറണ്ടു കൊണ്ടു പോയാൽ പള്ളിയിലെ ആവശ്യങ്ങൾക്ക് പറ്റുമോ...?”
അതിനുള്ള മറുപടി പെട്ടെന്നു തന്നെ പറയാൻ കഴിയുന്നതായിരുന്നു.
ഉടൻ തന്നെ ഞാൻ പറഞ്ഞു.
“ഈ അമാറയിലെ തന്നെ മറ്റു രണ്ടു മുറികളിലെ ഏസി ഓണാക്കിയാൽ പോലും മക്കീന തനിയെ  നിന്നു പോകും. പിന്നെ അവിടെ എട്ടുപത്ത് ഏസിയും ലൈറ്റും ഫാനും മോട്ടോറും ഒന്നും ഇതു കൊണ്ട് ഓടിക്കാൻ പറ്റില്ല. അതിന് വലിയ സൈസ് മക്കീന തന്നെ വേണ്ടി വരും...”
അമീറ് കുറച്ചു നേരം തലയിൽ തഴുകിക്കൊണ്ടിരുന്നു.

പണച്ചാക്കിന്റെ മുകളിൽ കിടന്നുറങ്ങുന്ന സൌദികൾക്കാണൊ ഒരു ജനറേറ്റർ വാങ്ങി വക്കാൻ പഞ്ഞം.  അമീറിന്റെ ആലോചന കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“പള്ളിയിലെ വെള്ളത്തിന്റെ മോട്ടറും ലൈറ്റും മാത്രം വേണമെങ്കിൽ ഇവിടന്ന് കറണ്ട് കൊണ്ടു പോയി ഓടിക്കാം....!”
കേൾക്കേണ്ട താമസം അമീറിന്റെ മുഖം തെളിഞ്ഞു.
“പുതിയ മക്കീന ഉടനെ തന്നെ ശരിയാക്കാം. അതുവരേക്കും വെള്ളവും വെളിച്ചവും കിട്ടുമല്ലൊ..?” അതു ശരിയാക്കാമെന്ന് ഏറ്റതോടെ മുഹമ്മദിനെ വിളിയായി.
പോലീസ് മുഹമ്മദ് സ്വന്തം ചേട്ടനാണെങ്കിലും പേരാണ് വിളിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ പോലീസ് മുഹമ്മദിനെ ശട്ടം കെട്ടി. അതു കഴിഞ്ഞ് മുഹമ്മദിനോടൊപ്പം ഞങ്ങൾ പുറത്തു കടന്നു. ഇതിനിടക്ക് ഞങ്ങളുടെ പരാതിയുടെ കാര്യം മറന്നു പോയതല്ല. ആ നല്ല മനുഷ്യന്റെ മുഖത്ത് നോക്കി തന്റെ കീഴ്ജീവനക്കാരന്റെ  വൃത്തികെട്ട പ്രകടനത്തെക്കുറിച്ച് പറയാൻ ഞങ്ങൾക്കൊരു മടി.
പുറത്ത് വന്നപ്പോൾ പോലീസ് മുഹമ്മദ് പറഞ്ഞു.
“അമീർ പോയിട്ട് ഞാൻ വന്ന് നിങ്ങളെ വിളിക്കാം. എന്നിട്ട് പള്ളിയിലേക്ക് പോകാം....”
അവൻ അകത്തേക്ക് തന്നെ പോയി.

ഞങ്ങൾ പുറത്തിറങ്ങി ജയിലിന്നടുത്തു കൂടി പടിഞ്ഞാറെ ഗേറ്റിനടുത്ത് എത്തിയതും സെക്യൂരിറ്റി പോലീസ്സുകാരൻ പാഞ്ഞെത്തി. മുഖത്ത് ചോര വറ്റിയ  ഭാവം. ഞങ്ങൾ ചെന്ന് പരാതി പറയുമെന്നും അമീർ ഉടനെ അവനെ വിളിപ്പിക്കുമെന്നും മറ്റും വിചാരിച്ച് പേടിച്ചിരിക്കുകയായിരുന്നു. “പറഞ്ഞോ...?”
അവനെ അടിമുടി ഒന്നു നോക്കിയിട്ട് ഞാൻ പറഞ്ഞു.
“ഇല്ല.”
കേട്ടതും എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചവൻ പറഞ്ഞു.
“നീ നല്ലവനാ... നല്ലവനാ... എനിക്കാ തെറ്റു പറ്റിയേ... നന്ദി നന്ദി ഒരുപാട് നന്ദി...” എനിക്കവനോട് യാതൊരു സഹതാപവും തോന്നിയില്ല.
പേടിച്ചിട്ടാണെങ്കിലും അവന്റെ തെറ്റവൻ മനസ്സിലാക്കിയല്ലൊ. ഇത്തരം ചെയ്തികൾ അധികാരികൾ അറിഞ്ഞാൽ ശിക്ഷ കിട്ടുമെന്ന് അവന് നല്ല ഉറപ്പുണ്ട്. ഇല്ലെങ്കിൽ അവനിത്രക്ക് പേടിക്കേണ്ട കാര്യമില്ലായിരുന്നു. അമീറിനെപ്പോലെയുള്ള ഉന്നത അധികാരസ്ഥാനത്തിരിക്കുന്നവരോട് നേരിട്ട് പറയാൻ സ്വാതന്ത്ര്യമുള്ളതാവാം അവനെ പേടിപ്പിച്ചത്.

അന്നു വൈകുന്നേരം ഞങ്ങൾ മൂവരും കൂടി പള്ളിയിലേക്ക് ചെന്നു. താമസിയാതെ പോലീസ് മുഹമ്മദും എന്നെ അവഹേളിച്ച പോലീസ്സുകാരനും കൂടി ജീപ്പിൽ വന്നിറങ്ങി. അവർ വന്ന വഴി ഞങ്ങളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. നടക്കല്ലിൽ എത്തിയതും ഞാനും സച്ചിയും പെട്ടെന്ന് നിന്നു. അവർ അങ്ങ് പോയപോലെ തന്നെ തിരിച്ചു വന്നു. പോലീസ് മുഹമ്മദ് ചോദിച്ചു.
“ എന്തിനാ അവിടെ നിൽക്കണെ.. കയറി വാ...!?”
ഒന്നു പരുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പള്ളിക്കകത്തേക്കോ...? ങൂം.... ഞങ്ങളില്ല....!?”
അതും പറഞ്ഞ് രണ്ടടി പുറകോട്ട് മാറി നിന്നു. പോലീസ് മുഹമ്മദ് ചിരിച്ചു കണ്ട് പുറത്തിറങ്ങി അപ്പുറത്തു കണ്ട വാതിൽ തള്ളിത്തുറന്നു. എന്നിട്ട് ഞങ്ങളെ വിളിച്ച് കാണിച്ചിട്ട് പറഞ്ഞു.
“ദേ അതാ‍ണ് പ്രാർത്ഥനാ ഹാൾ... അവിടേക്ക് നിങ്ങൾ പോകേണ്ടതില്ല...”

അകത്ത് വഴിയാത്രക്കാരായ സഞ്ചാരികൾ സ്ത്രീകളടക്കം നിലത്തിരിക്കുന്നത് കണ്ടു. മറുവശത്തെ വാതിലുകൾ എല്ലാം തുറന്നിട്ടുണ്ട്. പോലീസ് മുഹമ്മദ് ആദ്യം കയറിയ വാതിലിന്റടുത്തേക്ക് വീണ്ടും ഞങ്ങളെ വിളിച്ചു കൊണ്ട് വന്നു. അകത്തു കയറി നിന്നിട്ട് പറഞ്ഞു.
“ഇവിടെ നിങ്ങൾക്ക് കയറാം. ഇവിടെയാണ് അംഗശുദ്ധി വരുത്തുന്നത്. ദേ വെള്ളം കിടക്കുന്നത് കണ്ടില്ലേ...?”
അപ്പോഴേക്കും അബ്ദുൾ പറഞ്ഞു.
“ഇവിടെയാണ് പ്രാർത്ഥിക്കുവാൻ വരുന്നവർ ‘ഒതു’ എടുക്കുന്നത്. ഇതിനകത്ത് നിങ്ങൾ കയറുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. തന്നേയുമല്ല അമാറേലെ ഉത്തരവാദപ്പെട്ട പോലീസ്സല്ലെ പറയുന്നത്. നിങ്ങൾ കയറിക്കോ...”
ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി. സച്ചിക്കൊരു ധൈര്യം. അവൻ പറഞ്ഞു.
“വാ... കയറ്....”

സച്ചിക്ക് പിന്നാലെ ഞാനും അകത്തു കടന്നു. വെള്ളത്തിന്റെ മോട്ടോറും മെയിൻ സ്വിച്ചും ഒക്കെ അതിനകത്തുണ്ട്. അവിടെ നിന്നും പള്ളിക്കകത്തേക്ക് കടക്കാൻ വലിയൊരു വാതിലും. ഒരു പള്ളിയുടെ അകം ഞങ്ങൾ ആദ്യമായിട്ട് കാണുന്നത് അന്നാണ്.

വേണ്ട സാധനങ്ങൾ എഴുതി പോലീസ് മുഹമ്മദിനെ ഏൽ‌പ്പിച്ചു.
അപ്പോഴേക്കും ബാങ്ക് വിളിക്കുന്ന ശബ്ദം അകലങ്ങളിൽ നിന്നും കേട്ടുതുടങ്ങി.
എന്നെ അവഹേളിച്ച പോലീസ്സുകാരൻ ഇതിനകം ഹാളിൽ കയറി നിന്ന് ബാങ്ക് വിളിക്കാൻ തുടങ്ങി. അതും കണ്ട് ഞങ്ങൾ തിരിച്ചു നടന്നു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇതിനിടയിൽ ആശുപത്രിയുടെ പുരോഗമനം വേഗത്തിൽത്തന്നെ നടപ്പായിരുന്നു. എക്സ്‌റേ യൂണിറ്റ്, ഡെന്റൽ ഡോക്ടർ, ജനറൽ വിഭാഗത്തിൽ ഒരു ഡോക്ടർ കൂടി. കൂടാതെ ലാ‍ബോറട്ടറിയും. ഒരു ഡോക്ടർ സ്ഥിരമായി ആശുപത്രിയിൽ താമസിക്കണം. രാത്രിയിൽ പ്രസവങ്ങൾ അറ്റന്റു ചെയ്യാൻ ഡോക്ടർ ഉണ്ടായിരുന്നില്ല. നഴ്സുമാർ മാത്രമായിരുന്നു അതൊക്കെ കൈകാര്യം ചെയ്തിരുന്നത്.  ഇത്രയൊക്കെ സൌകര്യങ്ങൾ സർക്കാർ ഉണ്ടാക്കിയെങ്കിലും രോഗികളായി എത്തുന്നവർ പതിവനുസരിച്ച് മാത്രം. ജീവനക്കാർ എല്ലാവരും വെടിപറഞ്ഞും കട്ട കളിച്ചും നേരം കളഞ്ഞു.

രണ്ടു നഴ്സുമാർ കൂടി വന്നതോടെ ഹബീബയുടെ നടുവൊടിഞ്ഞു. ആശുപത്രിയിലെ പണിയായിരുന്നില്ല തലവേദന ഉണ്ടാക്കിയത്. പുതുതായി വന്ന രണ്ടു നഴ്സുമാരായിരുന്നു പ്രശ്നക്കാർ. രണ്ടു പേരും ഈജിപ്ത്കാരായിരുന്നു. അൻപത് വയസ്സോളം പ്രായം വന്നവർ.

അവരുടെ അടുക്കളപ്പണി, അടിച്ചു വാരൽ, വസ്ത്രമലക്കൽ, ആഹാരം ഇത്യാദിയൊക്കെ ഹബീബയുടെ ഡ്യൂട്ടിയാണത്രെ...!
അതിനായിട്ടാണ് ഹബീബയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരിക്കുന്നതത്രേ...!!
എത്ര സമയം ഹബീബയുടെ കദനകഥ കേട്ടിരിക്കും.
അവരുടെ കണ്ണീർ എങ്ങനെ കണ്ടിരിക്കും.
ഞങ്ങൾ ഹബീബക്ക് വേണ്ടി മാനേജർ ഉമ്മറിന്റടുത്ത് പരാതി പറഞ്ഞു.
ഉമ്മർ അവരോട്  പറയാമെന്നേറ്റു.

അവളിലൊരുത്തി ആരേയും കൂസാത്ത താപ്പാന ആയിരുന്നു. ഹബീബയ്ക്കു വേണ്ടി പറയാൻ ചെന്ന ഉമ്മറിന്റെ ചെവിക്കല്ലു പൊട്ടുന്ന മുട്ടൻ തെറി പറഞ്ഞോടിച്ചുവെന്ന്  ഫാർമസിയിലെ ഹസ്സർബായി പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവരോട് ഏറ്റുമുട്ടാൻ ആരും തെയ്യാറല്ലായിരുന്നു. നഴ്സുമ്മാരിൽ സീനിയർ ആ താപ്പാന ആയതു കൊണ്ട് മറ്റുള്ളവരും നിസ്സഹായരായി. സഹിക്കുകയും നരകയാതന അനുഭവിക്കുകയും അല്ലാതെ ഹബീബക്ക് നിവൃത്തിയില്ലായിരുന്നു. പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

ബാക്കി  ആഗസ്റ്റ് 15-ന്.... “കണ്ണാ..എന്റെ കണ്ണാ....!”

17 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബാക്കി ജൂലൈ 15-ന്.... “കണ്ണാ..എന്റെ കണ്ണാ....!”

ജൂലയ് കഴിഞ്ഞില്ലെ മാാഷെ ? അപ്പൊ നേരത്തെ എഴുതി വച്ചിട്ട് ഞങ്ങളെ വെള്ളം കുടിപ്പിക്കാനുള്ള വേലയാ അല്ലെ കൊച്ച് കള്ളൻ :)

ajith said...

അപ്പോ ആ ഇഫ്താര്‍ പാര്‍ട്ടി യാത്രയയപ്പ് പാര്‍ട്ടികൂടെ ആയിരുന്നു അല്ലേ?

ആശംസകള്‍. അടുത്ത പദ്ധതി എന്തായാലും വിജയകരമാകട്ടെ.

© Mubi said...

ഹബീബ അവരോട് എങ്ങിനെയാവും പ്രതികരിച്ചിട്ടുണ്ടാവുക??

ശ്രീ said...

അതു ശരി, അപ്പോ തിരിച്ചു നാട്ടിലെത്തി, അല്ലേ മാഷേ... വെല്‍കം ബാക് :)

അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

Cv Thankappan said...

അങ്ങനെ നാട്ടിലെത്തി അല്ലെ?
ഇപ്പോള്‍ തിരക്കായിരിക്കും.
ഇനി ആസൂത്രണം ചെയ്യുന്ന ഭാവിപരിപാടികള്‍ വിജയകരവും,സുശോഭനവുമാവട്ടേയെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

പട്ടേപ്പാടം റാംജി said...

ആദ്യമായി പള്ളിക്കകം കണ്ടല്ലോ. അതുമതി.

വിനുവേട്ടന്‍ said...

അശോകൻ മാഷേ... പോവ്വാണല്ലേ?... നാട്ടിൽ വേരുകളുറപ്പിക്കുവാൻ തീരുമാനിച്ചുവോ?...

നാട്ടിൽ ചെന്നാലും എഴുത്ത് തുടരണം‌ട്ടോ... പ്രവാസി എഴുത്തുകാർ പലരും നാട്ടിലെത്തുന്നതോടെ ഈ രംഗത്ത് നിന്നും മാറി നിൽക്കുന്നതായാണ് കണ്ടുവരുന്നത്...

നാട്ടിൽ നിന്നുമുള്ള അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

എല്ലാ വിധ മംഗളാശംസകളും...

Pradeep Kumar said...

നാട്ടിലെ തിരക്കുകൾക്കിടയിലും കൃത്യമായ ഇടവേളകളിൽ കഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങൾ - നോവലിനും,നോവലിസ്റ്റിന്റെ ജീവിതത്തിലെ പുതിയ അദ്ധ്യായത്തിനും.....

ബൈജു മണിയങ്കാല said...

നാട്ടിൽ തുടങ്ങുന്ന പുതിയ അദ്ധ്യായത്തിനു ആദ്യം ആശംസകൾ
എഴുത്തിനു മറ്റൊരു ആശംസകൾ പച്ചയായുള്ള എഴുത്ത്
നേരേവ നേരെ പോ ജാടകൾ ഇല്ലാത്ത ലളിതമായ ശൈലി ആണ്
ഇതിൽ പറഞ്ഞിരിക്കുന്ന പച്ച മനുഷ്യരുടെ ജീവിതവും

Echmukutty said...

അപ്പോള്‍ നാട്ടില്‍ നിന്നും ഈ നല്ല നോവല്‍ തുടരുമെന്ന പ്രതീക്ഷയോടെ..

എഴുത്ത് നന്നാവുന്നുണ്ട്.. അഭിനന്ദനങ്ങള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഭായ് കെട്ടും
പൂട്ടി നാട്ടിലെത്തിയ ഒരു ഭാഗ്യവാൻ
കൂടിയായ പ്രവാസിയായി മാറി അല്ലേ.
അപ്പോൾ മ്മ്ക്ക് നാട്ടിൽ വെച്ച് മീറ്റാം കേട്ടൊ ഭായ്...മീറ്റണം.നമ്പർ പോസ്റ്റിയിട്ടുണ്ട്ട്ടാ

ഫൈസല്‍ ബാബു said...

നാട്ടില്‍ സുഖമായി എത്തി അല്ലെ .. എല്ലാ ഭാവുകങ്ങളും,, എഴുത്ത് നിര്‍ത്തരുതെ എന്നൊരു അപേക്ഷ മാത്രം ,, ഹബീബയുടെ ബാക്കി കഥയ്ക്കായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . ആശംസകള്‍ .

വീകെ said...

ഇൻഡ്യാഹെറിറ്റേജ്:ചൂണ്ടിക്കാണിച്ച തെറ്റ് കയ്യോടെ തന്നെ തിരുത്തിയിട്ടുണ്ട് കെട്ടോ മാഷെ.വായനക്ക് നന്ദി.
അജിത്: അങ്ങനേയും പറയാം. വായനക്ക് നന്ദി.
മൂബി: വായനക്കും പ്രോത്സാഹനത്തിനും നന്ദി.
ശ്രീ: നാട്ടിലെത്തി മാഷേ... വായനക്ക് നന്ദി.
സിവി തങ്കപ്പൻ:വായനക്ക് നന്ദി.
പട്ടേപ്പാടം റാംജി: ആദ്യമായി പള്ളിക്കകം കണ്ടതങ്ങനെയാണ്. വായനക്ക് നന്ദി.
വിനുവേട്ടൻ: തൽക്കാലം നാട്ടിലെത്തി. ഇനി അങ്ങോട്ട് എന്ത്..? ഒരു തീരുമാനവും എടുത്തിട്ടില്ല. വരുന്നതു പോലെ കാണാം.. വായനക്ക് നന്ദി.
പ്രദീപ് കുമാർ:വായനക്കും ഈ പ്രോത്സാഹനത്തിനും നന്ദി.
ബൈജു മണിയങ്കാല:പ്രാത്സാഹനത്തിന് വളരെ നന്ദി.
എച്മുക്കുട്ടി: വായനക്കും പ്രോത്സാഹനത്തിനും നന്ദി.
ബിലാത്തിച്ചേട്ടൻ:അതെ.പ്രവാസം ഇതോടെ അവസാനിച്ചു.ഇനി നല്ല പുള്ളയായി ജീവിക്കണം. പറ്റിയാൽ തീർച്ചയായും കാണാം,മീറ്റാം.
ഫൈസൽ ബാബു:ഈ പ്രോത്സാഹനത്തിന് വളരെ നന്ദി.

keraladasanunni said...

സഹിക്കാന്‍ കഴിയുന്നതിന്ന് ഒരു പരിധിയുണ്ട്. അതു കഴിഞ്ഞാല്‍ ....

ബാക്കിക്കായി കാത്തിരിക്കുന്നു.

വീകെ said...

കേരളദാസനുണ്ണി: അതു കഴിഞ്ഞാൽ.... നാളെ....? നന്ദി.

ചിന്താക്രാന്തൻ said...

പൊന്ന് വിളയുന്ന മരുഭൂമിയില്‍ വസിക്കുന്നവരുടെ കഥകള്‍ കൂടുതലും യാതനകളുടെയാണല്ലോ .കഥ തുടരട്ടെ ആശംസകള്‍

സുധി അറയ്ക്കൽ said...

ശ്ശൊ!!!!