Thursday 15 January 2015

നോവൽ. മരുഭൂമി. (32)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....


തുടർന്നു വായിക്കുക...

3 ടയർ.....

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച് തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു പോയത്രെ രാവിലെ തന്നെ....!

സമരം കുറച്ചു നേരം കൂടി തുടർന്നു...
അകത്തു കയറാൻ നിവർത്തിയില്ലാത്തതു കൊണ്ട് പുറത്തു തന്നെ നിന്നു.
സൂപ്പർവൈസറെ കണ്ടിട്ട് വേണം അകത്തു കയറാൻ.
അതിനു മുൻപ് കക്കൂസ് മണം മാറണം.
അതിന് കറണ്ട് വരണം.
ഏതായാലും പുറത്ത് മതിലിന്റെ മറവിൽ വെയിലും കൊണ്ട് നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഏതാനും വിലകൂടിയ അറബികൾ മുറ്റത്തെത്തി...!
അവർ ഫ്യൂസ് ഊരിയെടുത്ത ഭാഗം നോക്കിയിട്ട് വേഗം മൂക്കും പൊത്തി സ്ഥലം വിട്ടു.
ആശുപത്രി മാനേജ്മെന്റിലെ ആളുകളായിരുന്നു. വസ്ത്രത്തിനു മുകളിൽ പുതച്ചിരുന്ന വസ്ത്രത്തിന്റെ സ്വർണ്ണ അരികുകൾ കണ്ടാലറിയാം വളരെ വിലകൂടിയ വർഗ്ഗമാണെന്ന്.
അവർ വരുമ്പോഴും പോയതിനു ശേഷവും ഇങ്കിലാബ് വിളി ഉണ്ടായില്ല. വളരെ നിശ്ശബ്ദം...
പിന്നേയും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം, ഇലക്ട്രിസിറ്റിക്കാർ വന്ന്  ഊരിക്കൊണ്ടു പോയ ഫ്യൂസ് വീണ്ടും കുത്തി...!
കറണ്ടു വന്നതോടെ അവിടെ ആരവം ഉയർന്നു...
കൂവലും ബഹളവും.
ഇങ്കിലാബ് എല്ലാവരും മറന്നു.

വളരെ പെട്ടെന്ന് തന്നെ എല്ലാവരും അകത്തു കയറി.
രാത്രി ഷിഫ്റ്റ് കാർ ഇതുവരേയും ജോലി കഴിഞ്ഞ് എത്തിയിട്ടില്ല.
കറണ്ടില്ലാത്തതു കൊണ്ട് കാലത്തു പോകേണ്ടവർ ആരും ജോലിക്കു പോയില്ല.
അക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
അതായിരുന്നു ‘ഇങ്കിലാബിന്റെ’ ശക്തി.
അതു  കൊണ്ടാണ് സമരം വേഗം തീർന്നത്.
രാത്രി ഷിഫ്റ്റ്കാർ രണ്ടു ഡ്യൂട്ടി ഒരുമിച്ച് ചെയ്യേണ്ടി വന്നു.

എനിക്കുള്ള മുറി ഏതെന്നറിയാത്തതു കൊണ്ട് എന്റെ പെട്ടിയും കിടക്കയുമായി പുറത്ത് വരാന്തയിൽ തന്നെ നിന്നതേയുള്ളു.  കുറച്ചു കഴിഞ്ഞപ്പോൾ സൂപ്പർവൈസർ എത്തി. എന്നേയും കൊണ്ട് താഴത്തെ നിലയിൽ തന്നെയുള്ള ഒരു മുറിയിൽ ഒരു  കട്ടിൽ കണ്ടെത്തി തന്നു...!
എന്റെ മുറി കണ്ട് ഞാനവിടെ തന്നെ  തളർന്ന്  ഇരുന്നു പോയി...!
ഒരന്തവും കുന്തവും ഇല്ല...!

ആ മുറിയിൽ റെയിൽ‌വേയിലേപ്പോലെ ‘3 ടയർ’ സെറ്റപ്പായിരുന്നു.
ഒന്നിനു മുകളിൽ ഒന്നായി മൂന്നു കട്ടിൽ.
അങ്ങനെ ആറു നിര.
മൊത്തം 18 കട്ടിൽ...!!
എനിക്ക് ഏറ്റവും താഴത്തെ തന്നെ കിട്ടി.
അതു കൊണ്ട് കോവണി കയറി പോകേണ്ടതില്ല.
എല്ലാവരും ഒരുമിച്ചെത്തിയാൽ ഒരു ഉത്സവം കൂടാനുള്ള ആളുണ്ട്.
വിവിധ ദേശക്കാർ.
വിവിധ ഭാഷക്കാർ.
വിവിധ രാജ്യക്കാർ.
മലയാളികളായിരുന്നു കൂടുതലും.

പിറ്റേദിവസം കാലത്ത് ജോലിക്കു പോകുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്.
കാലത്ത് എന്തെങ്കിലും കഴിച്ചിട്ടു പോകുന്ന പതിവ് ആർക്കുമില്ല.
ആശുപത്രിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കുപ്പൂസ് വാങ്ങിക്കഴിക്കാം.
അതിന് ആദ്യം വേണ്ടത് പണമാണ്.
ഇവർക്ക് നാലുമാസത്തെ ശമ്പളക്കുടിശ്ശിക മാത്രമേയുള്ളു.
എനിക്കാണെങ്കിൽ ഒന്നരക്കൊല്ലത്തെ ശമ്പളം കുടിശ്ശികയാണ്.
കയ്യിലെ കാശിന്റെ അളവ് വളരെ തുഛം.
കാരണം നാട്ടിൽ പോയി വന്നതല്ലേയുള്ളു.

മുറിയിൽ മലയാളികൾ എല്ലാവരും കൂടി ഒരു മെസ്സ് ആണ്.
അതുകൊണ്ട് ഉച്ചക്കും രാത്രിയിലും ബുദ്ധിമുട്ടില്ല.
കയ്യിലെ കാശ് തീരുന്നത് വരെ കാലത്ത് കുപ്പൂസും വെള്ളവുമായി കഴിഞ്ഞുകൂടി.
പിന്നെപ്പിന്നെ കുറച്ചു ദിവസം പട്ടിണി കിടന്നു നോക്കി.
വൈകുന്നേരം മൂന്നു മണിയെങ്കിലും ആവും ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്താൻ.
അതുവരേക്കും പിടിച്ചു നിൽക്കുക ബുദ്ധിമുട്ടായി.
എന്റെ ജോലിസ്ഥലമാണെങ്കിൽ ആശുപത്രിയിൽ നിന്നും കുറച്ചു ദൂരെയാണ്.
വിവരം പറഞ്ഞപ്പോൾ മുറിയിലെ അയ്യപ്പൻകുട്ടിച്ചേട്ടനാണ് ഒരു പത്തു മണിയാവുമ്പോൾ എന്നെ വന്ന് കണ്ടാൽ മതി. കുപ്പൂസ് ശരിയാക്കിത്തരാമെന്ന് പറഞ്ഞത്.

പിറ്റേ ദിവസം പത്തു മണിയായപ്പോൾ  സൂപ്പർവൈസർ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ആശുപത്രിയിലേക്ക് നടന്നു. ലോണ്ടറിയുടെ വാതിൽക്കൽ വച്ച് അയപ്പൻകുട്ടിച്ചേട്ടനെ കണ്ടു. അപ്പോഴാണ്  എന്റെ കുപ്പൂസ്സിന്റെ കാര്യം പുള്ളിക്കാരന് ഓർമ്മ വന്നത്. എടുത്തു വച്ചതെല്ലാം ഓരോരുത്തർ കൊണ്ടു പോയിരുന്നു.
എന്നോട് അവിടെയുള്ള ബഞ്ച് ചൂണ്ടിക്കാട്ടി പറഞ്ഞു.
“ ഇവിടെ ഇരിക്ക്. ഞാനൊന്നു കൂടി കറങ്ങിയിട്ട് വരാം..”
അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. സൂപ്പർമാർക്കറ്റിൽ നിന്നും കാശുമുടക്കി വാങ്ങി തരാനായിരിക്കുമെന്ന് ഊഹിച്ച് ഞാൻ പറഞ്ഞു.
“എന്നാൽ വേണ്ട ചേട്ടാ.. ഞാൻ പൊയ്ക്കോളാം...”
“ഹേയ് അവിടെയിരിക്ക്. ഞാനിപ്പോൾ വരാം..”
എന്റെ മറുപടിക്കായ് കാക്കാതെ പുള്ളിക്കാരൻ നടന്നു നീങ്ങി.
ഞാനവിടെ പതുങ്ങി ഇരുന്നു.
സൂപ്പർവൈസർ എങ്ങാനും ഈ നേരത്ത് എന്നെ ഇവിടെ കണ്ടാൽ കുഴപ്പമാണ്.
വിശന്ന് വയറ് കത്തിയിട്ടാണെന്ന് അവന് ചിന്തിക്കേണ്ട കാര്യമില്ല.
മലിനജല പ്ലാന്റിലെ സൂപ്പർവൈസറാണെങ്കിൽ ഒരു ഫിലിപ്പൈനിയും.

കുറച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തിരിച്ചെത്തി.
ഒരു പാക്കറ്റ് കുപ്പൂസ്  നീട്ടിയിട്ട് പറഞ്ഞു.
“ഇത് അവർ പൊട്ടിച്ചതാ... പക്ഷേ,ഒന്നും എടുത്തിട്ടില്ല..”
ഞാനത് തിരിച്ചും മറിച്ചും നോക്കിയപ്പോൾ, ശരിയാണ്.
ഒരു മൂല കുറച്ച് പൊട്ടിയിട്ടുണ്ട്. പാക്കറ്റിൽ നാലെണ്ണമുണ്ടായിരുന്നു.
വിശപ്പിന്റെ കത്തിക്കാളലിൽ ഞാൻ പറഞ്ഞു.
“അതുകൊണ്ടെന്താ. സാരമില്ല. ഞാൻ കഴിച്ചോളാം...”
ഞാനത് പോക്കറ്റിൽ തിരുകി.
പെട്ടെന്ന്  അയ്യപ്പൻ‌കുട്ടിച്ചേട്ടൻ എന്റെ പോക്കറ്റിൽ നിന്നും അത് പിടിച്ചു വാങ്ങി ആ ബെഞ്ചിലേക്ക് വലിച്ചെറിഞ്ഞു.
“അത് കഴിക്കണ്ട. ഞാനപ്പുറത്തെ മുറിയിൽ നോക്കട്ടെ.”
എനിക്കൊന്നും മനസ്സിലായില്ല.
പാക്കറ്റ് ഇത്തിരി പൊട്ടിയെന്ന് വച്ച് എന്താ കുഴപ്പം...?
അപ്പുറത്തെ മുറിയിൽ നിന്നും അയ്യപ്പൻ‌കുട്ടിച്ചേട്ടൻ വേഗം തിരിച്ചെത്തിയിട്ട് പറഞ്ഞു.
“ഇന്ന് ഒരാളുടെ കയ്യിലും ബാക്കിയില്ല. അല്ലെങ്കിൽ അവർ രാത്രി കഴിക്കാനായി മാറ്റി വക്കുന്നതാ...” എങ്കിൽ പിന്നെ ആ പൊട്ടിയതു തന്നെ കഴിക്കാമെന്ന് വച്ച് ബഞ്ചിലേക്ക് നോക്കിയപ്പോൾ, അവിടം കാലിയായിരുന്നു...!?

തിരിഞ്ഞു നോക്കുമ്പോൾ സ്വിമ്മിങ് പൂളിലെ  ഷംസുദ്ദീൻ അതെടുത്ത് പോക്കറ്റിൽ തിരുകി കൂളായി നടന്നു പോകുന്നു.
ഞാൻ ചോദിച്ചു.
“ആ പൊട്ടിയതിന് എന്തായിരുന്നു കുഴപ്പം...?”
“അത് പൊട്ടിച്ചത് ഏതോ ഒരു മഹാരോഗിയാ. പക്ഷേ, അവൻ കഴിച്ചിട്ടില്ല...!”
“രോഗിയോ..?”
“ങൂം.. രോഗികൾക്ക് കഴിക്കാനായി സർക്കാർ വെറുതെ കൊടുക്കുന്നതാ ഈ കുപ്പൂസും, ക്രീമും, ഏതെങ്കിലും ഒരു ജ്യൂസും... ! അവർ കഴിച്ചില്ലെങ്കിൽ നമ്മളത് എടുക്കും. നമ്മളവിടം ക്ലീൻ ചെയ്യുന്ന കൂട്ടത്തിൽ എടുത്തു മാറ്റുന്നത് വേസ്റ്റ് ബാഗിൽ ഇടാനാ. പക്ഷെ, നല്ലതാണെങ്കിൽ കഴിക്കാമല്ലൊ...!” ഞാനുമൊന്നു ഞെട്ടി.
പൊട്ടിച്ച പാക്കറ്റ് കഴിക്കണ്ടെന്ന് പറഞ്ഞതിന്റെ ഗുട്ടൻസ് അപ്പോഴാണ് പിടുത്തം കിട്ടിയത്.
അത് കഴിക്കാഞ്ഞത് നന്നായി.
ഏതു രോഗം ബാധിച്ച മഹാരോഗിയാണാവോ...?
ഇവിടെ പകർച്ചവ്യാധികൾ ഒന്നും ഇല്ലെങ്കിലും മാരകരോഗങ്ങളൊക്കെ ഉണ്ടാകാം. അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തന്ന ഒരു ആപിൾ ജ്യൂസും രണ്ടു മൂന്നു മധുരമുള്ള ക്രീമുമായി ഞാൻ നിരാശയോടെ തിരിഞ്ഞു നടന്നു.

നാട്ടിൽ വച്ച് വഴിവക്കിൽ ഭക്ഷണാവശിഷ്ടങ്ങൾക്കായി കടിപിടി കൂടുന്ന ദരിദ്രമനുഷ്യരെ കണ്ടിട്ടുണ്ട്. ഇത്രയും വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ വെറുപ്പ് തോന്നിയിട്ടുണ്ട്. വിശപ്പ് എന്ന വികാരത്തിനു മുമ്പിൽ വൃത്തിയും വെടിപ്പും മഹാരോഗങ്ങളും ഒന്നുമില്ല.
ആ സമയത്ത് ഏതു സാഹചര്യത്തിലും എന്തു കിട്ടിയാലും കഴിച്ചു പോകും...!

സ്വിമ്മിങ് പൂളിലെ ഷംസുദ്ദീനെ പോകുന്ന വഴി കണ്ടു.
ഒരു മരച്ചുവട്ടിലിരുന്ന് കുപ്പിയിലെ വെള്ളത്തിൽ കുറേശ്ശെ കുപ്പൂസ്  നനച്ച് സ്വാദോടെ കഴിക്കുന്ന ഷംസുദ്ദീനോട് ഞാൻ പറഞ്ഞു.
“താൻ എടുത്തുകൊണ്ടു വന്ന കുപ്പൂസ് ഏതോ രോഗി പൊട്ടിച്ചതായിരുന്നു....”
“അതിനെന്താ... ഹ..ഹാ...! ഞാൻ കഴിക്കുന്നതിനു മുൻപ് അത് അറിഞ്ഞില്ല. ഇനീപ്പോ അറിഞ്ഞിട്ടും കാര്യമില്ല. അത് മുഴുവനായി അകത്തെത്തിക്കഴിഞ്ഞു...!!”
അതും പറഞ്ഞ് അവസാനത്തെ കഷണവും നനച്ച് അകത്താക്കി ഷംസുദ്ദീൻ വീണ്ടും ചിരിച്ചു.
പിന്നെ അവിടെത്തന്നെ ആ മരച്ചുവട്ടിലെ നിഴലിൽ മലർന്നു കിടന്നു.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി.
അയ്യപ്പൻകുട്ടിച്ചേട്ടൻ ദിവസവും രാവിലെ ഒരു പാക്കറ്റ് പൊട്ടിക്കാത്ത കുപ്പൂസും മധുരക്രീമും എനിക്കായി കരുതി വച്ചു. കിട്ടാത്ത ദിവസങ്ങളിൽ ഞാൻ നിശ്ശബ്ദം പട്ടിണി കിടന്നു, ആരോടും പരിഭവമില്ലാതെ.  രാവിലത്തെ ഭക്ഷണത്തിനായി ഒരു പാർട്ട് ടൈം പണി കിട്ടുമോന്ന് തിരക്കി. കാറു കഴുകലാണ് ആകെയുള്ള പണി. അതിനാണെങ്കിൽ വരുന്ന ഓരോ കാറിനും രണ്ടും മൂന്നും പേർ വഴക്കിടുന്നതാണ് നിത്യവും കാണുന്നത്. എല്ലാവരും ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാർ തന്നെ.

എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന ചിന്ത കലശലായി.
പട്ടിണിയും പരിവട്ടവുമായി രണ്ടു മാസം കഴിച്ചുകൂട്ടി.
ഇതിനിടക്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് മറ്റുള്ളവർക്ക് കൊടുത്തെങ്കിലും, പേപ്പറുകൾ ശരിയായിട്ടില്ലെന്നു പറഞ്ഞ് എന്നെ മാത്രം ഒഴിവാക്കിയത് സഹിക്കാനായില്ല.
അവസാനത്തെ പ്രതീക്ഷയും ഉണങ്ങിക്കരിഞ്ഞതായി തോന്നി.
മാനേജരുടെ മുന്നിൽ നിന്ന നിൽ‌പ്പിൽ ഞാൻ കരഞ്ഞുപോയി.
നിരാശയോടെ ഇവിടുന്ന് രക്ഷപ്പെടാനൊരു വഴി തേടിയിരിക്കുമ്പോഴാണ് അതിനായൊരവസരം ദൈവം‌തമ്പുരാൻ ഒരുക്കിത്തന്നത്...!?
 
ബാക്കി  ഫെബ്രുവരി 1-ന്..
(ഈ 3 ടയർ മുറിയെ ആധാരമാക്കി ഞാൻ ‘തിരക്കഥ’ പോലൊന്ന് എഴുതിയിരുന്നു. അതിവിടെ  ക്ലിക്കിയാൽ താൽ‌പ്പര്യമുള്ളവർക്ക് വായിക്കാം.) 

16 comments:

Cv Thankappan said...

യോഗമില്ലാത്തവര്‍ക്ക് എന്തൊക്കെ സഹിക്കണം!!!
ആശംസകള്‍

© Mubi said...

രാവിലെ ജോലിക്ക് പോകുമ്പോള്‍ കാറിലെ ഏ സിക്ക് തണുപ്പ് പോരാന്നു പറഞ്ഞ് ബഹളം വെക്കുന്നവരാണ് അധികവും. പുറത്തേക്കു നോക്കിയാല്‍ കത്തുന്ന ചൂടില്‍ ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് കുബൂസുമായി ഭക്ഷണം കഴിക്കുന്ന കെട്ടിടം പണിക്കാരെ കാണാം...ഈ വായന ആ കാഴ്ചകളെ ഓര്‍മ്മിപ്പിച്ചു. :( :(

പട്ടേപ്പാടം റാംജി said...

വിശപ്പിന്റെ വിളി കഠിനമായാല്‍ അവിടെ മറ്റൊന്നിനും സ്ഥാനമില്ല. തിന്നാന്‍ കിട്ടാതെയും ശബളം കിട്ടാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും എത്രയോ ജന്മങ്ങള്‍ ഇങ്ങനെ ഇവിടെ...
മരുഭൂമിയിലെ നേര്‍ക്കാഴ്ച്ചകളുടെ സത്യസന്ധമായ വിവരണം.
കഥ തുടരട്ടെ.

ramanika said...

3 ടയർ ബെഡ് റൂമിൽ ഞങ്ങൾ ആറു പേർ കഴിഞ്ഞിട്ടുണ്ട് ബോംബയിൽ എണ്‍പതുകളിൽ അതെല്ലാം ഓർമിപ്പിച്ചു
കഥ തുടരട്ടെ
ആശംസകൾ !

വിനുവേട്ടന്‍ said...

അശോകൻ മാഷ്ടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്റെയും ഓർമ്മകൾ ഒരു ഇരുപത്തിയഞ്ച് വർഷങ്ങൾ പിറകിലേക്ക് പോയി... രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞ് വെറും വയറോടെ ഡ്യൂട്ടിക്ക് പോയിരുന്ന കാലം... ബ്രേക്ക് ഫാസ്റ്റ് എന്ന് പറയുന്നത് ഉച്ചയ്ക്ക് ഹോട്ടലിൽ നിന്നും എത്തിക്കുന്ന ഉച്ചഭക്ഷണമായിരുന്നു...

എന്തെല്ലാം അനുഭവിച്ചിട്ടാണല്ലേ അശോകൻ മാഷേ...

Echmukutty said...

എന്തെല്ലാം നൊമ്പരങ്ങള്‍..
എഴുത്ത് വളരെ ഭംഗിയാവുന്നുണ്ട്. അഭിനന്ദനങ്ങള്‍

വീകെ said...

സിവി തങ്കപ്പൻ: ഇതൊക്കെ സഹിക്കാനും ഒരു യോഗം വേണ്ടെ...? നന്ദി.

മൂബി: അത്തരം കഠിനജോലികൾ ഒന്നും അല്ലെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ഏതാണ്ട് തുല്യ ദുഃഖിതർ തന്നെ. അവിടെ മനുഷ്യാവകാശങ്ങളൊന്നും അന്ന് ഇല്ല. കാരണം നമ്മളെ മനുഷ്യരായി അവർ കൂട്ടുന്നില്ല. നന്ദി.

പട്ടേപ്പാടം റാംജി: ‘തിന്നാന്‍ കിട്ടാതെയും ശബളം കിട്ടാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും എത്രയോ ജന്മങ്ങള്‍ ഇങ്ങനെ ഇവിടെ...’ സൌദിയെ സംബന്ധിച്ച് വളരെ വാസ്തവം തന്നെ. നന്ദി.

രമണിക: ഗൾഫിൽ പ്രത്യേകിച്ച് ദുബായിൽ ഈ മാതിരി ഒരു കട്ടിൽ രണ്ടു പേർ ഷെയർ ചെയ്യുന്നതും കട്ടിലിന്റെ അടിയിൽ രണ്ടു പേർ ഷെയർ ചെയ്യുന്നതും എനിക്കും അനുഭവമുണ്ട്. നന്ദി.

വിനുവേട്ടൻ: അതേ വിനുവേട്ടാ.. എന്തെല്ലാം അനുഭവിച്ചിട്ടാണ് ഇവിടം വരെ എത്തിയത് അല്ലേ..?
പ്രതികരണശേഷിയുള്ള ഇങ്ങനെയൊരു ബ്ലോഗ് സംവിധാനം ഇല്ലായിരുന്നുവെങ്കിൽ ഇതെല്ലാം ആരുടെയൊക്കെയോ കെട്ടുകഥകളൊ ഭാവനകളൊ മാത്രമായി കണ്ടേനെ. നന്ദി.

എച്മുക്കുട്ടി: അനുഭവങ്ങളില്ലാതെ ആർക്കെങ്കിലും എന്തെങ്കിലും എഴുതാനാവുമോ. വായനക്ക് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

മരുഭൂമിയിലെ ഭൂരിപക്ഷം
പ്രവാസികളുടേയും , നൊമ്പരമുണർത്തുന്ന
കഠിനമായ കാഴ്ച്ചകൾ അനുഭവാഷ്കാരങ്ങളായി
പങ്കുവെക്കാനുള്ള അശോക് ഭായിയുടെ ഈ എഴുത്തുകളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല....

അതുപോലെയാണ്
അവിടത്തെ കൊച്ച് കൊച്ച്
കാര്യങ്ങൾ പോലും ഉള്ളീൽ തട്ടും
വിധം വരികളാൽ വരച്ച് വെച്ചിരിക്കുന്നത്....!

വീകെ said...

ബിലാത്തിച്ചേട്ടൻ: മറ്റു പ്രവാസ സമൂഹങ്ങളെപ്പോലെയല്ല ഗൾഫ് സമൂഹം. പീഡനം ശരിയായ അർത്ഥത്തിൽ അനുഭവിക്കുന്നവർ അവരാണ്. നന്ദി.

Pradeep Kumar said...

ഈ ലക്കം വായിക്കാൻ വൈകിപ്പോയി... മരുഭൂമിയിലെത്തുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതം മനസ്സിലാക്കുന്നു... തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു....

വീകെ said...

പ്രദീപ് കുമാർ: വായനക്ക് വളരെ നന്ദി.

keraladasanunni said...

കഠിനമായ പരീക്ഷണങ്ങള്‍ ഓരോ തവണയും 
കാത്തിരിക്കുകയാണെന്ന് തോന്നുന്നു. ഇനിയെങ്കിലും നല്ല കാലം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ കഴിയൂ.

വീകെ said...

കേരളദാസനുണ്ണി: എല്ലാവർക്കും നല്ലതു മാത്രം വരട്ടെയെന്നു പ്രാർത്ഥിക്കാം.. വായനക്ക് നന്ദി.

Pradeep Kumar said...

മനുഷ്യൻ എത്ര നിസ്സാരനാണ്...

ശ്രീ said...

വിശപ്പിന്റെ വിളി...

കുറച്ചൊരു ഗ്യാപ്പിനു ശേഷമാണ് ഇപ്പോഴത്തെ വരവ്. പഴയതും വായിയ്ക്കട്ടെ

ajith said...

ഇവിടെ മുതല്‍ വായിക്കാന്‍ ബാക്കിയുണ്ട്. ശബ്ദതാരാവലി പ്രോജക്റ്റുമായി അല്പം ബിസിയാരുന്നു. ഇനി വായിക്കട്ടെ