Tuesday 21 September 2021

 കഥ.

by വീകെ.

മൂന്നാം നാൾ ..

അച്ഛനും അമ്മയും മരിക്കുമ്പോൾ ചന്ദ്രത്തിൽ തറവാട്ടിൽ അവശേഷിച്ചത് മൂന്നു പെൺമക്കളും മുത്തച്ഛനും മാത്രം. മുത്തച്ഛൻ്റെ ജീവനായിരുന്നു പഠിക്കാൻ മിടുക്കരായ മൂന്നു പേരക്കുട്ടികളും. ഡിഗ്രിക്കും പ്ലസ് ടുവിനും എട്ടിലും പഠിക്കുന്നവരാണ് കുട്ടികൾ. പെൺകുട്ടികളായതുകൊണ്ട് മുത്തച്ഛൻ അവരെ പുറത്തെങ്ങും അയക്കുമായിരുന്നില്ല. ആകെയുള്ള വരുമാനം മുത്തച്ഛൻ്റെ പെൻഷൻ മാത്രമായിരുന്നു. പിന്നെ, പറമ്പിലെ കൃഷിയിൽ നിന്നു വല്ലപ്പോഴും വല്ലതും കിട്ടിയാലായി.

വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുകൂടുമ്പോഴാണ് ചൈനയിൽ നിന്നും ആ വാർത്ത വരുന്നത്. അവിടെ നിന്നും ഒരു ഭീകരൻ ലോകം കീഴടക്കാനായി എത്തുമെന്ന വിവരം. ഒരു സോപ്പു കുമിളയിൽ അലിഞ്ഞു പോകുന്നത്ര ശരീരമുള്ളവൻ ആണെങ്കിലും ഈ ലോകം അവൻ വിറപ്പിക്കുമത്രേ...! എങ്കിലും നമ്മുടെ നാട്ടിലൊന്നും ഒരിക്കലും അവന് എത്തിപ്പെടാൻ കഴിയില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ, കരുതിയത് പോലൊന്നുമല്ല സംഭവിച്ചത്. വിമാനവേഗത്തിൽത്തന്നെ ലോകമാകമാനം അവൻ പറന്നുകളിച്ചു. ലോകപോലീസായ അമേരിക്കയെ വരെ വിറപ്പിച്ചു. നന്മുടെ കൊച്ചുകേരളവും അവൻ അടക്കിവാണു.

അതോടെ മുത്തച്ഛൻ ഒന്നുകൂടെ കരുതലിലായി. മുത്തച്ഛൻ കുട്ടികളെ ഒരു കാരണവശാലും അയൽപക്കത്തുപോലും വിടാതായി. അതോടെ അയൽപക്കവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു. മാത്രമോ, നാടു മുഴുവൻ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഒന്നും ഓടാതായി. റോഡുകൾ എല്ലാം വിജനം. അഥവാ ആരെങ്കിലും ഓടിയെത്തിയാൽ അവരെ പോലീസ് പിടിക്കും. സത്യം പറഞ്ഞാൽ നാട് നിശ്ചലം. 

സ്വന്തം വീട്ടിനകത്തിരുന്ന് ശ്വാസം മുട്ടിത്തുടങ്ങി ജനങ്ങൾക്ക്. ജനൽവഴി പോലും പുറത്തേക്ക് നോക്കാൻ മടിക്കുന്ന കാലം. സ്വന്തം മുറ്റത്തിറങ്ങണമെങ്കിൽപ്പോലും മൂക്കും വായയും മറയ്ക്കുന്ന മസ്ക്ക് വേണം. മാസ്ക്കില്ലാതെ പുറത്തിറങ്ങിയാൽ പോലീസ് ഓടിച്ചിട്ട് പിടിച്ച് ഫൈനടപ്പിക്കുന്ന അതിഭീകരകാലം.. !

അരി തീരെയില്ലെന്നു കണ്ടാണ് മുത്തച്ഛൻ പുറത്തിറങ്ങാൻ ധൈര്യം കാട്ടിയത്. റേഷൻകടമാത്രമേ തുറക്കുകയുള്ളു. അവിടെ സാഹചര്യം മനസ്സിലാക്കി സർക്കാർവക പലവ്യഞ്ജനങ്ങളടങ്ങിയ സൗജന്യകിറ്റും കൊടുക്കുന്നുണ്ടത്രേ.

പക്ഷേ, പേരക്കുട്ടികളാരും മുത്തച്ഛനെ പുറത്തുപോകാൻ സമ്മതിച്ചില്ല. അങ്ങനെയെങ്കിൽ താൻ പോയി വരാമെന്നായി മൂത്തവൾ മീര. അത് മുത്തച്ഛൻ ഒട്ടും സമ്മതിച്ചില്ല. മുത്തച്ഛൻ പറഞ്ഞു.

"മോളേ മീരാ... നീയ്യാ മൂത്തത്. ഇവരെ നോക്കേണ്ടത് നീയ്യാ.. മാത്രമല്ല, നമ്മൾ രണ്ടാളുംകൂടി മുൻപൊരിക്കൽ ചെന്നപ്പോൾ നിൻ്റെ വിരലടയാളം സമ്മതിച്ചില്ലല്ലോ ആ മെഷീൻ. പിന്നെ, എൻ്റെ വിരലടയാളമല്ലേ എടുത്തത്.... " അത് കേട്ടതോടെ മീരയുടെ വായടഞ്ഞു. 

എന്നാലും പ്രായമായ മുത്തച്ഛനെ പറഞ്ഞയക്കാൻ മീരക്ക് മനസ്സ് വന്നില്ല. തങ്ങൾക്ക് ആകെയുള്ള ഒരേയൊരു തുണയാണ് മുത്തച്ഛൻ...!

' എൻ്റീശ്വരാ..' 

കുട്ടികൾ മൂവരും സങ്കടത്തിലായി. എങ്കിലും അരിയില്ലാതെ എന്തു ചെയ്യും. മറ്റു കടകളൊന്നും തുറന്നിട്ടുമില്ല.

അവസാനം മനഃമില്ലാമനസ്സോടെ മുത്തച്ഛൻ റേഷൻ കാർഡും സഞ്ചിയുമെടുത്ത് റോട്ടിലിറങ്ങി. കുട്ടികൾ മൂവരും മുത്തച്ഛൻ്റെ പോക്കും നോക്കി തൊഴുകൈയ്യോടെ, പ്രാർത്ഥനയോടെ നിന്നു. 

മുത്തച്ഛൻ ചെല്ലുമ്പോൾ റേഷൻകടയുടെ മുന്നിലെ വരിനിൽപ്പിന് നല്ല നീളമുണ്ട്. ഇക്കണക്കിന് അരി കിട്ടിയിട്ട് ഉച്ചക്ക് ചേറുണ്ണില്ല ആരും. റേഷൻ കടക്ക് മുന്നിലൊരു ചെറിയ പലവ്യഞ്ജനക്കടയുണ്ട്. അത് പാതി തുറന്നുവച്ചിട്ടുണ്ട്. അവിടന്ന് അരി വാങ്ങി വീട്ടിലെത്തിക്കാം. 

പരിചയക്കാർ ആരെങ്കിലുമുണ്ടോന്ന് നോക്കിയപ്പോൾ സുരഭി റോട്ടിലെ പീതാംബരനെ കണ്ടു. പീതാംബരനെപ്പിടിച്ച് വരിയിൽ നിുത്തിയിട്ട് മുത്തഛൻ പുറത്തിറങ്ങി. എതിർവശത്തെ കടയിൽ നിന്നും രണ്ടുകിലോ അരിവാങ്ങി വേഗം നടന്നു. അരി കുട്ടികളെ ഏൽപ്പിച്ചിട്ട് വേഗം തിരിച്ചുവന്നു. വരിക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. കുറ്റിയടിച്ചതുപോലെ അവിടെത്തന്നെ നിൽക്കുന്നു എല്ലാവരും.

ഉച്ചകഴിഞ്ഞിട്ടേ കാർഡ് കൊടുക്കാൻ കഴിഞ്ഞുള്ളു. വെള്ളം പോലും കുടിക്കാതുള്ള ആ നില്പ് കുറച്ചുകട്ടിയായിരുന്നു. തന്നെയുമല്ല, അകലം വിട്ടുനിൽക്കാൻ പറഞ്ഞിട്ടൊന്നും അധികം പേരും കേൾക്കുന്നുണ്ടായിരുന്നില്ല. അത് സർക്കാരിൻ്റെ എതോ 'ഇല്ലാഭ്രാന്ത് ' പറയുന്നതാണന്നേ പലരും കരുതുന്നുള്ളു. അതിലൊന്നും ഒരർത്ഥവുമില്ലത്രേ. വരാനുള്ളത് വഴിയിൽ തങ്ങില്ലാന്നും.

അരിയും കിറ്റും താങ്ങി വീട്ടിലെത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞ് രണ്ടുമണി കഴിഞ്ഞിരുന്നു. അത് മുൻവശത്തെ നടക്കല്ലിൽ വച്ചിട്ട്, പിന്നാമ്പുറത്ത് ചെന്ന് ഷർട്ടും തുണിയും സോപ്പു വെള്ളത്തിൽ മുക്കിവച്ചു. അതുകഴിഞ്ഞ് സോപ്പുതേച്ച് നന്നായിട്ടൊന്നു കുളിച്ചു. അപ്പോഴേക്കും മുത്തഛൻ്റെ വസ്ത്രങ്ങളുമായി മീരയെത്തി.

രാത്രിയിൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ബാത്റൂമിൽ പോയി വരുമ്പോഴാണ് ഒരു കുളിർമ്മ തോന്നിയത്. 

മാത്രമല്ല, തൊണ്ടയിൽ ഒരു കുരുകുരുപ്പ്...!

കുറച്ച് വെള്ളം കുടിച്ചുനോക്കിയെങ്കിലും കുരുകുരുപ്പ് മാറിയില്ല. മുത്തഛൻ എന്തോ ഒരു പന്തികേട് മണത്തു.  തന്നെയുമല്ല, കുളിർമ്മ കൂടിക്കൂടി വരുന്നു. പനിയുടെ ലക്ഷണമാണോ....?

റേഷൻകടക്കു മുന്നിൽ വരി നിൽക്കുമ്പോൾ പീതാംബരൻ മഹാമാരിയെക്കുറിച്ച് പറഞ്ഞത് ഓർമ്മയിലെത്തി. 

" തൊണ്ടയിൽ കുരുകുരുപ്പ്, ശ്വാസംമുട്ടൽ, പനി ഇവ വന്നാൽ സൂക്ഷിക്കണം. അങ്ങനെയെന്തെങ്കിലുമുണ്ടങ്കിൽ ഉടനെ എന്നെ അറിയിക്കണം കേട്ടോ. ഞാനിവിടത്തെ വാളൻ്റിയർ സേനയിലുള്ളതാ. അറിയിച്ചാൽ മാത്രം മതി. ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളാം. അതുപോലെ ചേട്ടൻ ഇതുപോലെ കടയിലൊന്നും പോകരുത്. പ്രായമായവര് കടയിൽ പോകുന്നതിന് വിലക്കുണ്ട്.... "

മുത്തഛൻ കുറച്ചുനേരം കൂടി കാത്തിരുന്നു. ശ്വാസം മുട്ടലും സാവകാശം കയറിവരുന്നുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. എൻ്റെ കുട്ടികളെ കുരുതി കൊടുക്കാൻ വയ്യ. കുട്ടികൾ നല്ല ഉറക്കത്തിലായിരിക്കും. അവരെ ഉണർത്തിയാൽ എൻ്റടുത്തോട്ടു പാഞ്ഞുവരും.

മുത്തഛൻ ഫോണെടുത്ത് പീതാംബരനെ വിളിച്ചു. കാത്തിരുന്നപോലെ ഒറ്റ റിംഗിനു തന്നെ ഫോണെടുത്തു. വിവരമറിഞ്ഞ പീതാംബരൻ ഉടൻ തന്നെ പറഞ്ഞു. 

"സംഗതി അതുതന്നെ. കുട്ടികളെ ഒരാളേം അടുപ്പിക്കണ്ട. ഞാനുടനെ വണ്ടിയുമായിട്ട് എത്താം. ഗേറ്റിൽ വന്ന്  നിന്നോളു... "

അതും പറഞ്ഞു പീതാംബരൻ ഫോൺ കട്ടാക്കി.

മുത്തഛൻ ഒരു കുഞ്ഞു കടലാസ് എടുത്ത് ഒരു കത്തെഴുതി.

പ്രിയ മക്കളെ ...

എനിക്ക് തൊണ്ടയിൽ കുരുകുരുപ്പും പനിയും തോന്നുന്നുണ്ട്. മഹാമാരിയുടെ ലക്ഷണമാണെന്ന് തോന്നുന്നു. പീതാംബരൻ്റെ കൂടെ മുത്തച്ഛൻ പോകുന്നു. ടെസ്റ്റ് ചെയ്തിട്ട് മുത്തച്ഛൻ ഉടനെ വരാം. മുത്തച്ഛൻ്റെ ഫോൺ ഇവിടെ വച്ചിട്ട് പോകാണ്. മോളേ മീരേ, നീ വേണം രണ്ടുപേരേം സമാധാനിപ്പിക്കാൻ. ഒരു കാരണവശാലും പുറത്തുപോകരുത്. എന്ത് ആവശ്യത്തിനും പീതാംബരനെ വിളിച്ചാൽ മതി. അവർ എല്ലാ സഹായങ്ങളും ചെയ്തു തരും.

എന്ന് സ്വന്തം മുത്തച്ഛൻ.

തലയിണയുടെ മുകളിൽ കത്തും അതിനു മുകളിൽ ഫോണും വച്ചിട്ട് മുത്തച്ഛൻ വാതിൽ ചാരി പുറത്തിറങ്ങി. ഗേറ്റിന് പുറത്തിറങ്ങി നിൽക്കുമ്പോഴേക്കും ആംബുലൻസ് വരുന്നത് കാണായി. വണ്ടിയിൽ നിന്നും ശരീരം മുഴുവൻ മറച്ച ഒരു രൂപം പുറത്തിറങ്ങി. ശബ്ദം കേട്ടിട്ടാണ് പീതാംബരനാണെന്ന് മനസ്സിലായത്. 

ആളെ മനസ്സിലായതും മുത്തച്ഛൻ പറഞ്ഞു.

" പീതാംബരാ.. ആ ഫോണിൽ എൻ്റെ നമ്പറിലേക്ക് ഒന്നു വിളിക്കൂ .. ഞാൻ കുട്ടികളോട് പറഞ്ഞിട്ടില്ല. അറിഞ്ഞാൽ എൻ്റടുത്തോട്ടു ഓടിവരും. അതാ പറയാഞ്ഞെ ... "

"അത് നന്നായി...'' എന്നും പറഞ്ഞ് പീതാംബരൻ മുത്തച്ഛൻ്റെ ഫോണിലേക്ക് വിളിച്ചു. ഉറക്കത്തിൽ ഫോണടി കേട്ടാണ് മീര ഞെട്ടിയുണർന്നത്. 'മുത്തച്ഛനെന്താ ഇത്ര നേരായിട്ടും ഫോണെടുക്കാത്തെ.... '

സംശയത്തോടെ എഴുന്നേറ്റ് മുത്തച്ഛൻ്റെ മുറിയിലേക്കോടി. ചാരിയിട്ടിരുന്ന മുത്തച്ഛൻ്റെ മുറിയിൽ ലൈറ്റുണ്ടായിരുന്നു. 

പക്ഷേ, മുത്തച്ഛനില്ലായിരുന്നു...! 

മീരയുടെ ഉള്ളൊന്നു കാളി...!? 

മുറിയിൽ ഒന്നു കണ്ണോടിച്ചിട്ട് ഫോണെടുത്തതും അടിയിലിരുന്ന കാലാസ് താഴെ വീണു. പെട്ടെന്ന് കാലാസ് തുറന്ന് വായിച്ചതും മീര ഞെട്ടി..!

അപ്പോഴും അടിച്ചു കൊണ്ടിരുന്ന ഫൊണെടുത്ത്: "ഹലോ.. " എന്നു പറഞ്ഞു. മീരയുടെ ശബ്ദം പതറിപ്പോയിരുന്നു. അപ്പുറത്തു നിന്നും മുത്തച്ഛൻ്റെ ശബ്ദം കേട്ടതും മീരക്ക് ആശ്വാസം തോന്നി.

"മോളേ മീരാ ... ഇത് മുത്തച്ഛനാ.. മുത്തച്ഛൻ നമ്മുടെ ഗേറ്റിൽത്തന്നെയുണ്ട്. എന്തോ ഒരസ്വസ്തത തോന്നുന്നുണ്ട്. മഹാ മരിയാണോന്നറിയില്ല. പീതാംബരൻ്റെ കൂടെ ആശുപത്രിയിലോട്ട് പോകാണ്. മക്കള് വിഷമിക്കണ്ട. റിസൽട്ടറിഞ്ഞിട്ട് പീതാംബരൻ വിളിക്കും... "

പറഞ്ഞു തീർന്നതും "മുത്തച്ഛാ... ൻ്റെ  മുത്തച്ഛാ.. " എന്ന് പറഞ്ഞു നിലവിളിച്ചുകൊണ്ട് ഓടി മുൻവശത്തെ വാതിൽ തുറന്ന് ഇറയത്തേക്കിറങ്ങിയതും, അതുകേട്ട് കുട്ടികളും കാര്യമറിയാതെ നിലവിളിച്ചുകൊണ്ടോടിയെത്തി. എല്ലാവരും മുറ്റത്തേക്കിറങ്ങിയതും ഗേറ്റിൽ നിന്നും ആംബുലസ് വിട്ടകന്നതും ഒപ്പമായിരുന്നു.

മീര തലയിൽ കൈവച്ച്  " മുത്തഛാ...ൻ്റെ മുത്തഛാ..." എന്ന് കരയാൻ തുടങ്ങി. കുട്ടികളുംകൂടി അതേറ്റെടുത്തതോടെ അയൽവക്കത്തെ ലൈറ്റുകൾ തെളിഞ്ഞു.

തെക്കേലെ സൗദാമിനി വിളിച്ചു ചോദിച്ചു. "എന്തു പറ്റി മീരേ ...? "

മീര കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതും തെക്കേലെയും വടക്കേലെയും ലൈറ്റുകളെല്ലാം പെട്ടെന്നണഞ്ഞു. പിന്നെ ആരും ഒന്നും വിളിച്ചുചോദിച്ചില്ല. തനിച്ചായ മൂവർക്കും പേടിയായി. പെട്ടെന്ന് അകത്തു കയറി വാതിലടച്ചു.

പിറ്റേ ദിവസം പീതാംബരൻ്റെ ഫോൺ വന്നു.

" മീരേ .. മുത്തഛന് പോസിറ്റീവാ... ഞങ്ങളുടനെ വരും. നിങ്ങളുടെ സിറ മെടുക്കാൻ ."

രണ്ടാം ദിവസം. 

" മീരേ ... നിങ്ങൾ മൂവരും നെഗറ്റീവാ... കുഴപ്പമില്ല. പുറത്തൊന്നും പോകരുത്. പിന്നെ, മുത്തഛന് കിഡ്നി പ്രോബ്ളം ഉണ്ടായിരുന്നൂ ല്ലേ...''

മൂന്നാം ദിവസം.

" മീരേ ... ക്ഷമയോടെ കേൾക്കണം. മുത്തച്ഛൻ പോയി. ബോഡി അങ്ങോട്ട് കൊണ്ടുവരില്ല ... !!"

                     ശുഭം.

വീകെ.അശോകൻ.


6 comments:

സുധി അറയ്ക്കൽ said...

കൊള്ളാം... 😜😜

എന്തൊരു കാലമാണ് കഴിഞ്ഞു പൊക്കൊണ്ടിരിക്കുന്നത് അല്ലേ അക്കോസേട്ടാ...... 🥵

വിനുവേട്ടന്‍ said...

ഒരു കാലഘട്ടത്തിന്റെ നേർചിത്രം...

Geetha said...

ഹോ ... ഒരു വല്ലാത്ത കാലം തന്നെയായിരുന്നു . ഇന്നും തീർത്തും മാറി എന്ന് പറയാറായിട്ടില്ല .

വീകെ. said...

നമ്മുടെ കാലഘട്ടത്തിലെ ഒരു അസുലഭ കാലം തന്നെ...!

വീകെ. said...

ആശംസകൾ...

വീകെ. said...

അതേ.. ഒരു വല്ലാത്ത കാലം തന്നെ..
അതുവരെ ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാതിരുന്ന എത്രയോ കാര്യങ്ങൾക്കാണ് മറുപടി കിട്ടിയത്...!!