Tuesday, 1 April 2014

നോവൽ. മരുഭൂമി (13)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ഒരു ദിവസം ആത്മഹത്യക്കു ശ്രമിച്ച അവരെ ഇവിടെകൊണ്ടുവന്നു തള്ളി...

കഥ തുടരുന്നു.....

തംഗ്ളീഷ്......

“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”

അതോടെ രണ്ടു പേരും ഒരു പോലെ തലയുയർത്തി നോക്കി. വീണ്ടും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. അവരെയെങ്ങനെ സഹായിക്കാൻ കഴിയുമെന്ന ചിന്തയോടെ ഞാനും കിടന്നു. ഉസ്മാനും മൊയ്തുവും എഴുന്നേറ്റ് ഭക്ഷണം കഴിച്ചിട്ട് വരാമെന്നു പറഞ്ഞ് ഇറങ്ങി.

കുറേക്കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ആർക്കുമൊന്നും ഉരിയാടാനായ്ല്ല. നിശ്ശബ്ദമായി ദൈനംദിന പരിപാടി പോലെ അതങ്ങു കഴിഞ്ഞു,
പാത്രങ്ങളെല്ലാം കഴുകി വച്ചാൽ അടുത്ത പരിപാടി പുകക്കലാണ്.
ഓരോ സിഗററ്റും* കത്തിച്ച് ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ന വണ്ണം ഇരുത്തി വലിച്ച് കട്ടപ്പുക ഊതിവിട്ടു. അത് ഏസി വലിച്ചെടുത്ത് നല്ല തണുപ്പോടെ, നിറമില്ലാതെ ഞങ്ങൾക്ക് തന്നെ തിരിച്ചു തന്നുകൊണ്ടിരിന്നു.

എല്ലാവരുടെ ഉള്ളിലും ഹബീബയുടെ (ഐഷ) പൊള്ളുന്ന ജീവിതം കുത്തി നോവിച്ചിരിക്കുന്നു. ആർക്കും ഒന്നും ഉരിയാടാനാവാത്തവണ്ണം, അവർക്കായി ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയും, കഴിവുകേടും ഞങ്ങളെ നിശ്ശബ്ദരാക്കി. അതോടൊപ്പം ആരോടൊക്കെയോ ഉള്ള അമർഷം ഇടക്കിടക്ക് കിടക്കയിലിട്ടിടിച്ച് ഞങ്ങൾ തീർത്തുകൊണ്ടിരുന്നു.
സച്ചിയാണ് ആദ്യം വാ തുറന്നത്.
“അവരുടെ അയല്പക്കത്തോ നാട്ടിലോ ഒരു ഫോണെങ്കിലും ഉണ്ടാകാതിരിക്കുമോ...?”
“ഏതോ ഒരു കുഗ്രാമത്തിലാ അവരുടെ വീട്. അതും പുലികളുടെ കേന്ദ്രം. അവിടെ സർക്കാര് ഫോൺ കൊടുക്കുമോ...?”
ഞാൻ അബ്ദുളിനോടായി ചോദിച്ചു.
“താൻ മക്കയിൽ പോകുമ്പോൾ തമിഴന്മാരെ ആരെയെങ്കിലും ഒന്നു കൂട്ടിക്കൊണ്ടു വരാൻ ശ്രമിക്കാമോ...? അവർക് തൽക്കാലം ഒരു കത്തെഴുതി, താൻ ജീവിച്ചിരിക്കുന്ന കാര്യമെങ്കിലും ഒന്നറിയിക്കാൻ...!”
“എനിക്ക് പരിചയമുള്ള തമിഴന്മാരൊന്നും ഇല്ല. ചിലപ്പോൾ ഉസ്മാനൊ മൊയ്തൂനോ ഉണ്ടാകും. അവരുടെ കമ്പനിയിൽ ഉണ്ടല്ലൊ ശ്രീലങ്കക്കാർ...?”

അതൊരു ആശാവഹമായ ആശയമായി തോന്നിയതുകൊണ്ട് അതവിടെ അവസാനിപ്പിച്ചു.
അവർ വരുമ്പോൾ ചോദിക്കാനായി മനസ്സിൽ കുറിച്ചിട്ടു.
“ഇംഗ്ളീഷിൽ എഴുതിയാലോ....?”
അബ്ദുളിന്റെ ആ ചോദ്യത്തിന് മറുപടിയായി ഞങ്ങൾ പരസ്പ്പരം നോക്കിയതേയുള്ളു.
കാരണം ആരെഴുതും...?
ഇംഗ്ളീഷിൽ ഒരു കത്തെഴുതാനുള്ള പരിഞ്ജാനമൊന്നും ഞങ്ങളിലാർക്കുമില്ല.
എവിടെയെങ്കിലും ചെന്നു പെട്ടാൽ ഒരു  ഗ്ളാസ് പച്ചവെള്ളം ചോദിച്ചു വാങ്ങിക്കുടിക്കാനുള്ള അറിവേയുള്ളു.

പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ‘കൂട്ടുകാരനൊരു കത്ത്’ എഴുതാൻ പറഞ്ഞതിന് അനുഭവിച്ചു തീർത്ത വേദനയുടെ ഓർമ്മക്കായി രണ്ടടിയുടെ ചൂരൽ‌പ്പാടുകൾ ഇപ്പോഴും എന്റെ തുടയിലുണ്ട്. ഇത്തരം അനുഭവം എല്ലാവർക്കും കാണും. അതുകൊണ്ട് അതിന് മറുപടി ആരും പറഞ്ഞില്ല.
ഒരുപക്ഷെ, ഇംഗ്ളീഷിനേക്കാൾ കൂടുതൽ പദങ്ങൾ അറബിയിൽ ഞങ്ങൾ പഠിച്ചിട്ടുണ്ടാകും ഈ കുറഞ്ഞ സമയം കൊണ്ട്. അതിവിടെ ജീവിക്കാനായുള്ള പരക്കം പാച്ചിലിൽ അറിയാതെ പഠിച്ചു പോയതാണ്...!

സ്കൂളിൽ വച്ച്   ഇംഗ്ളീഷ് സാറിന്റെ കയ്യിലെ ചൂരലിന്റെ ചൂടോർത്തുള്ള പഠിത്തമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഇംഗ്ളീഷ്  ആവശ്യമായ ഈ സന്ദർഭത്തിൽ കുറ്റബോധം തോന്നിയിട്ട് കാര്യമില്ലല്ലൊ.
“ഇനിയിപ്പോൾ നമ്മൾ ഇംഗ്ളീഷിൽ എഴുതി അയച്ചുവെന്നു വക്കുക. അതവിടെ വായിച്ച് മറുപടി എഴുതുന്നവർ ഉണ്ടാകുമോ..? എന്തായാലും ഹബീബ വരട്ടെ...”
“അതെ.. അതുതന്നെ. നമ്മൾ കാടുകയറിയതുകൊണ്ട് കാര്യമില്ല...”
ഞങ്ങൾ ആ സംഭാഷണങ്ങൾ അവിടെ അവസാനിപ്പിച്ചു.

അന്നു വൈകീട്ട് ആശുപത്രിയിൽ ചെന്ന് അസ്സർബായിയോടും മെർലിനോടും ഹബീബയുടെ കഥകളൊക്കെ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് ഭംഗിയായി കേൾപ്പിച്ചു. അതോടെ ആ പാവത്തിനോടുള്ള സ്നേഹവും കാരുണ്യവും എല്ലാവരിലും ഇരട്ടിച്ചു. വൈകുന്നേരങ്ങളിൽ അധികം രോഗികളൊന്നും വരാറില്ല. എല്ലാവരും വെടി പറഞ്ഞിരിക്കുന്ന നേരമാണത്.
ഹബീബായോട് ഞങ്ങളുടെ സംശയങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി.
ഇംഗ്ളീഷ് അറിയാവുന്ന ആരും ഗ്രാമത്തിൽ ഇല്ല. സ്കൂളിൽ പോയിട്ടുള്ളവർ നാലാം ക്ളാസ്സിനപ്പുറം ആരും പഠിച്ചിട്ടില്ല. അതിനപ്പുറം പഠിക്കണമെങ്കിൽ പട്ടണത്തിൽ പോകണം. പോസ്റ്റ്മാൻ ആണ് ഇംഗ്ളീഷ് വായിക്കുന്ന ഒരാൾ. പക്ഷേ, മേൽവിലാസം തപ്പിത്തപ്പി വായിക്കുമെന്നാല്ലാതെ കത്തെഴുതാനൊന്നും അറിയില്ല.

ഹബീബയുടെ മകൾ നാലാം ക്ളാസ്സിൽ പഠിത്തം നിർത്തിയതാ. മേൽ‌വിലാസമൊക്കെ ഇംഗ്ളീഷിൽ തപ്പിത്തപ്പി എഴുതുകയും വായിക്കുകയും ചെയ്യും. അത്ര തന്നെ. കത്തയച്ചാൽ വീട്ടിൽ കിട്ടുമെന്ന് ഹബീബ തറപ്പിച്ച് പറഞ്ഞത്  ആശാവഹം തന്നെ. കാരണം സർക്കാർ കത്തുകൾ അവിടെ വരാറുണ്ട്. അവരെ സഹായിക്കാൻ പറ്റിയ ഒരു വഴിയും കണ്ടു പിടിക്കാനായില്ല. ശരിക്കും നിസ്സഹായനായിപ്പോകുന്നത് ഇത്തരം സന്ദർഭങ്ങളിലൊക്കെയാണ്.
നമ്മൾക്ക് തന്നെ നമ്മളെ പുഛം തോന്നുന്ന നിമിഷങ്ങൾ...!

പിറ്റേ ദിവസം പോസ്റ്റോഫീസ് തുറന്നപ്പോൾ പോസ്റ്റുമാന്റടുത്ത് ‘ഓഡിയോ കാസറ്റ്’ പോസ്റ്റലായി ശ്രീലങ്കയിലേക്ക് അയക്കാൻ കഴിയുമോന്ന് വെറുതെ ഒന്നു തിരക്കി. ഞങ്ങൾക്ക് വഴിയിൽ നിന്നും കിട്ടിയ ‘വാക്മാൻ’ ഉപയോഗിച്ച് ഹബീബായുടെ ശബ്ദം റെക്കാർഡ് ചെയ്യിച്ച് അയക്കാൻ കഴിഞ്ഞാൽ സംഗതി ശരിയായേനെ എന്ന അബ്ദുളിന്റെ ഇന്നലത്തെ രാത്രിയിലെ തലയിണമന്ത്രം, പക്ഷെ ഏറ്റില്ല. അത് പാഴ്സലായിട്ടേ അയക്കാൻ പറ്റൂ. മാത്രമല്ല മിനിമം ചാർജ്ജൊക്കെയുണ്ട് അയക്കുന്നതിന്. അതൊന്നും ഹബീബക്ക് താങ്ങാനാവില്ല.
വിവരം പറഞ്ഞപ്പോൾ ഹബീബയും അതിനെ എതിർത്തു. കാരണം പാഴ്സലൊക്കെ വന്നാൽ സർക്കാർ മാത്രമല്ല പുലികളും പരിശോധിച്ചിട്ടേ കിട്ടുകയുള്ളു. അതുകൊണ്ട് ആ പരിപാടി അതോടെ ഉപേക്ഷിച്ചു.
ഇനിയെന്ത്...?

അതൊരു വലിയ ഉത്തരം കിട്ടാത്ത ചോദ്യച്ചിഹ്നമായി ഞങ്ങളുടെ തലക്കു മുകളിൽ വട്ടം കറങ്ങി. ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു....
അടുത്ത വ്യാഴാഴ്ച  വൈകുന്നേരം മെർലിനും ഹബീബയും കൂടി ഞങ്ങളുടെ മുറിയിൽ വന്നു. ഹബീബയുടെ വീട്ടിൽ എങ്ങനെയെങ്കിലും വിവരം അറിയിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് വന്നത്. ഒരു വഴിയും കണ്ടെത്താത്ത ഞങ്ങൾ അക്കാര്യത്തിൽ നിസ്സഹായത പ്രകടമാക്കി. ഹബീബയുടെ ഗ്രാമത്തിൽത്തന്നെയുള്ള ആരെങ്കിലും ഇവിടെ മക്കയിലും പരിസരത്തും ഉണ്ടാകുമോന്ന് തിരക്കിയെങ്കിലും, അവരുടെ അറിവിൽ ആരുമില്ലായിരുന്നു.

വളരെ നിരാശരായി അവർ തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് മെർലിൻ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് എന്റെ കയ്യിൽ തന്നത്. തുറന്നു നോക്കിയപ്പോൾ കുറച്ചു ഫോട്ടോകളാണ്. അവളുടെ നാട്ടിൽ നിന്നും പോസ്റ്റൽ ആയി വന്നതാണ്. ഇന്നലെ പോസ്റ്റോഫീസിൽ നിന്നും അത് കൊണ്ടുക്കൊടുത്തത് ഞാനായിരുന്നു. അതിനകത്ത് ഫോട്ടോകൾ ഉണ്ടെന്ന് അപ്പോഴേ ഞാൻ സംശയം പറഞ്ഞിരുന്നു. പിന്നെ കാണിച്ചുതരാമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നെങ്കിലും ഞാനത് മറന്നുപോയിരുന്നു.

അതാണവൾ  കവർ എന്നെ ഏൽ‌പ്പിച്ചത്. അവളുടെ കുടുംബത്തിലെ എല്ലാവരുടേയും ഉണ്ട്. ഞാനത് ഒന്നു കണ്ടിട്ട് സച്ചിക്ക് കൈമാറി. കൂട്ടത്തിൽ ഒരു കത്തും ഉണ്ടായിരുന്നു. ഞാനതെടുത്ത് തുറന്നു നോക്കി. ഇംഗ്ളീഷിലാണെങ്കിലും എനിക്കത് വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ആദ്യമായിട്ടാണ് ഫിലിപ്പൈൻ അക്ഷരങ്ങൾ കാണുന്നത്. വായിക്കാൻ കഴിയുമെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയില്ല. ആദ്യത്ത വാചകം ഞാൻ വായിച്ചിട്ട് മെർലിന്റെ മുഖത്തു നോക്കി. അവൾ ഒന്നു ചിരിച്ചിട്ട് പറഞ്ഞു. “മൈ ഡിയർ സിസ്റ്റർ...”

അടുത്ത വാചകം വായിക്കുന്നതിനു മുൻപ് മനസ്സിലൂടെ മറ്റൊരു ചിന്ത ഒരു ഇടിവാളിന്റെ രൂപത്തിൽ പാഞ്ഞു  പോയി...!?  ഫിലിപ്പൈൻ ആണ് ഭാഷയെങ്കിലും ഉപയോഗിച്ചിരിക്കുന്നത് ഇംഗ്ളീഷ് അക്ഷരങ്ങളാണ്. എന്തുകൊണ്ട് അങ്ങനെയൊന്നുണ്ടാക്കിക്കൂടാ.....?
ഞാൻ പെട്ടെന്ന്  അലമാരയിൽ നിന്നും ലെറ്റർപാഡെടുത്ത്  രണ്ടു വരി എഴുതിയിട്ട് മെർലിനെത്തന്നെ വായിക്കാൻ ഏൽ‌പ്പിച്ചു.
അവൾക്ക് അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.
എന്റെ നേരെ നോക്കി ചോദിച്ചു.
“എന്തായിത്...?”
“അതൊന്നു വായിക്കാൻ പറ്റുമോന്ന് നോക്ക്...”
അവൾ അത് ഉറക്കെ വായിച്ചു.
“പ്രി യ   അ ച്ച നു.   എ നി ക്കു   സുകം   ത ന്നെ.  സം മ്പ ലം   ഇ തു വ റെ  കി റ്റി യി ല്ല. കി റ്റി യാൽ   ഉ ട നെ   അ യ കാം..ക്കാം... അയക്കാം....!!”
അവസാന വാക്കൊന്നു തറപ്പിച്ച് പറഞ്ഞിട്ട് മെർലിൻ എന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി...!

ഞാൻ അന്തം വിട്ടിരിക്കുമ്പോൾ, സച്ചി ഓടി വന്ന് ആ കടലാസ്സ് പിടിച്ചു വാങ്ങി നോക്കി.
മെർലിൻ മലയാളം, ‘വെല്ലം പോലെ മലയാലം’ വായിക്കുന്നതു കേട്ട് കണ്ണു തള്ളിയിരിക്കുകയായിരുന്നു രണ്ടു പേരും.
ഉടനെ തന്നെ ഞാൻ മറ്റൊരു കടലാസ്സിൽ എഴുതാൻ തെയ്യാറായിട്ട് ഹബീബയോട് പറഞ്ഞു.
“അമ്മാ.. മോളുടെ പേർക്ക് നമുക്ക് കത്തയക്കാം. എന്താ എഴുതണ്ടതെന്നു വച്ചാൽ പറയ്...”
“അതെങ്ങനെ..? കണ്ണന് തമിഴ് അറിയില്ലല്ലൊ എഴുതാൻ....”
“ അതൊക്കെ ഞാൻ എഴുതിക്കോളാം.... ഹബീബ എഴുതേണ്ടത് വേഗം പറയ്....”

ഹബീബ ഒന്ന് ആലോചിച്ചിട്ട് എന്തെങ്കിലുമൊന്നു പറയാൻ തുടങ്ങുന്നതിനു മുൻപേ തന്നെ, ക്ഷീണമാർന്ന ആ കണ്ണുകൾ നനയാൻ തുടങ്ങി. പെട്ടെന്ന് മക്കളെ രണ്ടുപേരേയും ഓർമ്മ വന്നിരിക്കും. തലയിലെ തട്ടത്തിന്റെ അറ്റം കൊണ്ട് വായ പൊത്തിപ്പിടിച്ച്, കണ്ണുകൾ തുടച്ചിട്ട് അവിശ്വസനീയതോടെ വീണ്ടും ചോദിച്ചു.
“ കണ്ണനു കഴിയുമോ  എഴുതാൻ...?”
“നമുക്ക് നോക്കാം.. ഹബീബക്ക് ഭാഗ്യമുണ്ടെങ്കിൽ ഇത് വിജയിക്കും... പറയ്.. എന്തെഴുതണം...?” “അത്.. ഞാൻ എന്തു പറയാനാ.. കണ്ണനു അറിയാമല്ലൊ എല്ലാ കാര്യങ്ങളും. അതെഴുതിയാ മതി..”
“അതല്ലമ്മാ... എനിക്ക് തമിഴ് ശരിക്കും അറിയില്ലല്ലൊ പറയാൻ. ഹബീബയുടെ മോൾക്ക് തമിഴ് മാത്രമല്ലെ അറിയൂ.. അതുകൊണ്ട് ഹബീബയുടെ വിവരങ്ങൾ  തമിഴിൽത്തന്നെ വേണ്ടെ വായിക്കാൻ. ആദ്യം എന്തെങ്കിലും ഒന്നു പറയ്. കേൾക്കട്ടെ...”
അവർ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“സൈനബക്ക്... ”
“അതാരാ‍.. മോൾടെ പേരാ...?”
“അതെ..”
“എന്തു സൈനബാന്ന് എഴുതണം...?”
“പ്രിയ സൈനബാന്നോ അൻപുള്ള സൈനബാന്നോ...?”
“അതൊന്നും എനിക്കറിയില്ല കണ്ണാ... വായിക്കാനറിയാത്ത ഞാൻ ഒരു കത്ത് ഇതുവരെ വായിച്ചുപോലും  കേട്ടിട്ടില്ല. വല്ല സർക്കാർ കത്ത് മാത്രമാണ് വല്ലപ്പോഴും കണ്ടിട്ടുള്ളത്. അതൊക്കെ കണ്ണൻ എങ്ങനെയെങ്കിലും എഴുതിയാ മതി... പിന്നെ, സൈനബാന്ന് മാത്രം പോരാ.. കബീർന്നും കൂടി എഴുതണം. അല്ലെങ്കിൽ എന്റെ മോന് വിഷമാവും...”

അതു ശരിയാണ്. ജീവിതത്തിൽ ഒരു കത്ത് വായിച്ചു പോലും കേട്ടിട്ടില്ലാത്ത ഒരു പാവം സ്ത്രീയുടെ നിസ്സഹായത ഇതിനപ്പുറം അവരെങ്ങനെ പ്രകടിപ്പിക്കാനാണ്.
ഞാൻ എഴുതിക്കഴിഞ്ഞ് അടുത്ത വാചകത്തിനായി തല ഉയർത്തി.  ഹബീബ കുറേശ്ശെയായി പറഞ്ഞു കൊണ്ടിരുന്നു. നാലഞ്ചുവരി ആയപ്പോൾ നിറുത്തിയിട്ട്, എഴുതിയേടത്തോളം ഒന്നു പരീക്ഷിക്കാനായി സച്ചിയെ ഏൽ‌പ്പിച്ചു.
സച്ചി ആദ്യം അതൊന്നു ഓടിച്ചു നോക്കിയിട്ട് എല്ലാവരുടേയും മുഖങ്ങളിലേ ഭാവം അളന്നു. ഞങ്ങളെല്ലാം ആകാംക്ഷയോടെ സച്ചിയുടെ മുഖത്തേക്കുറ്റു നോക്കി ഇരിക്കുകയാണ്.
സച്ചി സാവധാനം വായിച്ചു.
**“ അൻ പു ള്ള   സൈനബാ ക്കും   ക ബീ റി നും....
അ മ്മാ വു ക്ക്    ഇ ങ്കെ   ഒരു   മ രു ന്തു മ നൈ യിൽ   വേ ലൈ   കി ടൈ ത്ത ത്.   ഇങ്കെ  എ ങ്കൾ ആ ട്കൾ   ഒ രു വ രും   ഇ ല്ലൈ.   മട്രെ   യാ വ രും   ന ല്ല വർ.   കബീർ  എന്ന  പ ണ്ണി യ റായ്...?  അങ്കെ   നീ ങ്കൾ   എ ല്ലോ രും    സു ഖ മാ കെ   ഇ രി ക്കു രി ക ളാം....
ഉ ങ്കൾ  പ തി ൽ   കി ടൈ ത്ത തും  പ ണം   അ ന പ്പു കി റേ ൻ...”
“അങ്ങനെ മതി... അങ്ങനെ മതി കണ്ണാ...!!”
ഹബീബ സന്തോഷംകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

ശ്വാസം അടക്കിപ്പിടിച്ചാണ് ഞങ്ങളെല്ലാവരും കേട്ടുകൊണ്ടിരുന്നത്.
വായിച്ചു തീർന്നതും ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് തുള്ളിച്ചാടിപ്പോയി.
ഞാൻ വലിയ വായിൽ വിളിച്ചു കൂവി.
“യൂറേക്കാ..... യൂറേക്കാ...!”
ഹബീബാ എന്നെ വട്ടം പിടിച്ച് കട്ടിലിലിരുത്താൻ ശ്രമിക്കുന്നു.
സച്ചിയും അബ്ദുളും കൂടി ആ കത്തും പൊക്കിപ്പിടിച്ച് ‘അ..അ..’ എന്ന് ശബ്ദമുണ്ടാക്കി വട്ടത്തിൽ കയ്യും കാലും പൊക്കി ഡാൻസ് കളിക്കുന്നു. മെർലിൻ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. തുള്ളിച്ചാടി ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിലേക്ക്, ആവേശം മൂത്ത് പരിസരം മറന്നതുപോലെ മെർലിനും  എഴുന്നേറ്റ് ചുവടു വച്ച് നീങ്ങിയതോടെയാണ്  ഡോറിലെ ശക്തിയായ മുട്ടൽ കേട്ടത്...!
ആ മുട്ടലിന്റെ ടോൺ ഞങ്ങൾക്ക് സുപരിചിതമായിരുന്നു....!?
‘പോലീസ് മുഹമ്മദിന്റെ’ ആണെന്ന്  തിരിച്ചറിഞ്ഞതും, ഒരു നിമിഷം കൊണ്ടു തന്നെ ആവേശമെല്ലാം ആവിയായിപ്പോയി.!
നിന്ന നിൽ‌പ്പിൽ വിയർത്തുപോയി...!!
പെട്ടെന്ന് തന്നെ ഞങ്ങൾ പഴയ പടി ഇരുന്നു...

അടുത്ത മുട്ടുൽ തുടങ്ങുന്നതിനു മുൻപേ, എല്ലാം ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയതിനു ശേഷം അബ്ദുൾ  ഓടിച്ചെന്ന് വാതിൽ തുറന്നു.
പോലീസ് മുഹമ്മദ് തന്നെ...!
അവൻ കയറി വന്നതോടെ ഞങ്ങളെല്ലാവരും സലാം പറഞ്ഞ് എഴുന്നേറ്റ് ബഹുമാനം കാണിച്ചു. അത് പതിവില്ലാത്തതാണ്.
ഞങ്ങളെയെല്ലാം ഒന്നു നോക്കി അവൻ...
ഞാനവനോട് ഇരിക്കാൻ പറഞ്ഞു...
അവൻ സച്ചിയുടെ കട്ടിലിൽ ഇരുന്നു... അതിനു ശേഷമാണ് ഞങ്ങളെല്ലാവരും  ഇരുന്നത്. സച്ചിയുടെ കയ്യിൽ നിന്നും കത്തു വാങ്ങിയിട്ട് ഞാൻ പറഞ്ഞു.
“ഹബീബക്ക് എഴുതാൻ അറിയില്ല. നാട്ടിലേക്ക് അയക്കാൻ എഴുതിക്കൊടുക്കുകയാണ് ”
അവന് ഞാൻ പറഞ്ഞത് മനസ്സിലായൊ എന്നൊന്നും അറിയില്ല.
അവൻ ‘നല്ലത്.. നല്ലത്..’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
അതിനിടക്ക് അബ്ദുൾ ചായയിടാനായി എഴുന്നേറ്റു.

പോലീസ് മുഹമ്മദ് പോക്കറ്റിൽ നിന്നും കുറച്ചു റിയാലെടുത്ത് അബ്ദുളിന്റെ നേരെ നീട്ടി. അമാറയിലെ ജനറേറ്റർ ഓടിക്കുന്നതിനുള്ള ‘കിംബള’മായിരുന്നു അത്. അത് തരാനായിട്ടായിരുന്നു അവൻ വന്നത്.  ചായ കുടിച്ചിട്ട് പോകാൻ നിർബ്ബന്ധിച്ചതുകൊണ്ട് മുഹമ്മദ് പിന്നേയും ഇരുന്നു. അവനെ എങ്ങനെയെങ്കിലും സോപ്പിട്ട് ഒരു പരുവത്തിലാക്കി എടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു.  അല്ലെങ്കിൽ ഈ സ്ത്രീകൾ ഞങ്ങളുടെ മുറിയിൽ വന്നതു തന്നെ ഒരു വലിയ കുറ്റമായി അവനു വേണമെങ്കിൽ ഞങ്ങളുടെ പേരിൽ ചാർത്താം...!

ചായ കുടിച്ച് സന്തോഷത്തോടെയാണ് അവൻ പോയത്.
അവൻ പോയതിനു ശേഷമേ ഞങ്ങളുടെ ശ്വാസം നേരെ വീണുള്ളു.
അവൻ മുട്ടാതെയാണ് കതക് തുറന്നിരുന്നതെങ്കിൽ എന്താകുമായിരുന്നുവെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. അന്നേരം മെർലിൻ അവരോടൊപ്പം നൃത്തം ചെയ്യുകയും എല്ലാവരും ആർത്തുവിളിക്കുകയും ചെയ്യുന്ന കൃത്യ സമയം....!!?
എന്റെ ദൈവമേ....!!
എന്തൊക്കെ സംഭവിക്കാമെന്ന് അതിനപ്പുറത്തേക്ക് ചിന്തിക്കാൻ ധൈര്യം വന്നില്ല.

കത്തെഴുതിയത് വായിച്ചു കേട്ട ഞങ്ങളുടെ സന്തോഷം മുഴുവനാക്കാനായില്ല.
അതിനു മുൻപേ ആ പഹയൻ വന്നു കയറി എല്ലാം നശിപ്പിച്ചില്ലെ.
ഹബീബക്ക് അപ്പോഴും സംശയമായിരുന്നു. ആരിത് വായിക്കും...?
ഞാൻ പറഞ്ഞു.
“വിഷമിക്കേണ്ടതില്ല. ഹബീബയുടെ മോൾക്ക്  ഇംഗ്ളീഷിൽ അഡ്രസ്സ് വായിക്കാൻ അറിയാമല്ലൊ...?”
“അറിയാം.. അതുമാത്രമേ അറിയൂ...”
“അതു മതി. ബാക്കിയൊക്കെ അവൾ തപ്പിപ്പിടിച്ച് വായിച്ചു മനസ്സിലാക്കിക്കോളും... നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം...”

ഇംഗ്ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് തമിഴ് ഉച്ചാരണത്തിൽ കത്തെഴുതിയ ആദ്യ മലയാളി ഒരുപക്ഷെ, ഞാനായിരിക്കുമോ...?
അന്നൊന്നും മോബൈലിന്റെ സ്വപ്നം പോലും ഇല്ലായിരുന്നു ഞങ്ങൾക്ക്.
മോബൈലാണല്ലൊ ഇംഗ്‌ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുതാനായി ‘മംഗ്‌ളീഷ്’ എന്ന എഴുത്തു രീതി  സർവ്വസാധാരണമാക്കിയത്.
‘മംഗ്ളീഷിൽ’  മലയാളമെഴുതുന്ന രീതി പിന്നേയും എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണാൻ കഴിഞ്ഞത്.  അന്നെഴുതിയ ആ തമിഴ് കത്തിന്റെ എഴുത്ത് രീതിക്ക്  ‘തംഗ്ളീഷ്’ എന്നൊരു പേരുണ്ടെന്ന് അറിയുമായിരുന്നില്ല.

ഒരു കടലാസ്സിന്റെ ഒരു പുറം മാത്രമേ എഴുതിയുള്ളു.
അത് എത്രമാത്രം ഉപകാരപ്പെടുമെന്നറിയാതെ കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ.
അതിന്റെ മറുപടി വന്നിട്ട് വിശദമായി എഴുതാമെന്ന് തീരുമാനിച്ചു...
പിന്നെ അതിന്റെ മറുപടിക്കായി ഹബീബയോടൊപ്പം ഞങ്ങളും കാത്തിരുപ്പായി.....


ബാക്കി ഏപ്രിൽ 15-ന്... വിരുന്നുകാർ...

(*‌‌‌‌ = പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.)
(** എന്റെ തമിഴ് വായിച്ച് ആരും ഞെട്ടരുതേ. ഒരു തമിഴൻ പറഞ്ഞു ഇത്രയൊക്കെ മതീന്ന്.)




Saturday, 15 March 2014

നോവൽ. മരുഭൂമി. (12)


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. ആശുപത്രിയിലെത്തിയ പുതിയ ലേഡീസ് സ്റ്റാഫിനെ കാണാൻ ഞങ്ങൾ  ഇറങ്ങി. അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു. ഭകഷണം കഴിക്കാതെ അവശതയിലായ അവരെ ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്ന് ഭക്ഷണം കൊടുത്തു....

തുടർന്നു വായിക്കുക....

ചിറി നക്കികൾ...

ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വാതിലിൽ ആരോ മുട്ടിയതായി തോന്നി. ഞാൻ ചെന്ന് വാതിൽ തുറന്നതും ഒരുത്തൻ ചാടി മുറിയിൽ കയറി. ആളെ കണ്ടതും അബ്ദുളും സച്ചിയും ചാടിയെഴുന്നേറ്റു.
“പോലീസ് മുഹമ്മദ്..!”
ഞങ്ങൾ വല്ലാതെ പരിഭ്രമിച്ചു.
ആ സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം ആർത്തിയോടെ അകത്താക്കുന്നതിന്റെ തിരക്കിലായിരുന്നു.

 അകത്തു കയറിയ അവൻ ഞങ്ങളേവരേയും ഒന്നിരുത്തി നോക്കിയ ശേഷം, അവൻ ഊണുകഴിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ മുന്നിൽ വന്ന് നിന്നപ്പോഴാണ് അവർ കാണുന്നത്. അറബിയുടെ ക്രൂദ്ധമായ നോട്ടം കണ്ടിട്ടാവണം അവർ പേടിച്ചിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചത്.
ഞാൻ പറഞ്ഞു.
“എഴുന്നേൽക്കണ്ട... അവിടെയിരുന്നു കഴിച്ചോ... തീർന്നട്ടെഴുന്നേറ്റാൽ മതി.”
അപ്പോഴേക്കും പോലീസ് മുഹമ്മദ് അവരോട് ഇരുന്ന് കഴിച്ചോളാൻ ആംഗ്യം കാണിച്ചു.
അബ്ദുൾ അവനോടായി പറഞ്ഞു.
“ആശുപത്രിയിലേ പുതിയ ജോലിക്കാരിയാ... ശ്രീലങ്ക. അവര് ഭക്ഷണം കഴിച്ചിട്ടില്ല. അതാ.. ഉമ്മർ പറഞ്ഞിട്ട് ഇവിടെ...”
മുഴുവൻ പറയുന്നതിനു മുൻപേ അവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരിക്കും.
“നല്ലത്...നല്ലത്...”
അതും പറഞ്ഞ് അവൻ ഞങ്ങളെയൊക്കെ ഒന്ന് ഇരുത്തി നോക്കിയിട്ട് പുറത്തിറങ്ങുമ്പോഴേക്കും അസ്സർബായി ഓടിക്കിതച്ചെത്തി. പിന്നെ അസ്സർബായി എന്തൊക്കെയോ അറബിയിൽ അവനോട്  പറയുന്നത് കേട്ടു.
അവൻ പോയതിനുശേഷം വാതിലടച്ചിട്ട് അസ്സർബായി പറഞ്ഞു.
“അവൻ ഓടി വരണത് കണ്ടു. അതാ ഞാൻ പെട്ടെന്നെത്തിയത്. എന്തെങ്കിലും ചോദിച്ചോ അവൻ..?”
“ഹേയ്....”
“അവൻ ഇവിടെ ശ്രദ്ധിക്കാൻ പോലീസ്സിനെ ഇട്ടിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാൽ പ്രത്യേകിച്ച്. അവരുടെ ജയിലിനു മുകളിൽ ഇടക്ക് രണ്ടോ മൂന്നോ തലകൾ കാണാം.. അത് നിങ്ങള് കൂടി വന്നതിനു ശേഷമാണ്. അതുകൊണ്ട് നഴ്സുമാരുടെ ക്വാർട്ടേഴ്സിനടുത്തേക്ക് പോകുന്നത് ആവുന്നതും ഒഴിവാക്കണം...!”
അത് ഞങ്ങൾക്കൊരു പുതിയ അറിവായിരുന്നു. അവർ വിളിക്കുമ്പോഴല്ലാതെ ഞങ്ങൾക്ക് ആ വശത്തേക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അസ്സർബായി തിരിച്ചു പോയി.

ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചിട്ട് അവിടെത്തന്നെ എന്റെ കട്ടിലിന്റെ തലക്കൽ ചാരി കണ്ണടച്ച് കുറേ നേരം ഇരുന്നു. ദിവസങ്ങളോളം കിടന്ന പട്ടിണിക്ക് ശേഷം  കിട്ടിയ ഭക്ഷണം അവരെ വല്ലാതെ തളർത്തിയിരിക്കുന്നുവെന്ന് തോന്നി. കട്ടിലിൽ കയറി കിടന്നോളാൻ പറയണമെന്നുണ്ടായിരുന്നെങ്കിലും പോലീസ് മുഹമ്മദിനെ പേടിച്ചിട്ട് പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രം ഞാൻ കഴുകി വക്കാനായി എടുത്തപ്പോഴേക്കും അവർ കണ്ണൂ തുറന്ന് പാത്രം പിടിച്ചു വാങ്ങി. പിന്നെ സാവധാനം എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി പാത്രം കഴുകിക്കൊണ്ടു വന്നു. വീണ്ടും വന്ന് നിലത്തിരിക്കാൻ തുടങ്ങിയ അവരെ കട്ടിലിൽ പിടിച്ചിരുത്തി.
അവർ അപ്പോഴാണ് ഞങ്ങളെ  മൂന്നു പേരേയും ശ്രദ്ധിക്കുന്നത്.
ഞങ്ങൾ അവരെ പരിചയപ്പെടുത്തി.
അതു കഴിഞ്ഞാണ് അവർ സ്വന്തം പേരു പറഞ്ഞത്.
“ഐഷ...”
“ഹബീബ് ആരാണ്...?” ഞാൻ.
“അതെന്റെ ഹസ്ബന്റ് ആണ്. അദ്ദേഹം ഇപ്പോൾ ഇല്ല. പോയിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു...”
“കുട്ടികൾ...?”
“രണ്ടു പേര്. മൂത്തത് പെൺക്കുട്ടിയാ... കല്യാണപ്രായമായി... കല്യാണം  കഴിച്ചു വിടാൻ നിവർത്തിയില്ലാത്തോണ്ടാണ് ഇവിടെ വന്നത്.”
“ഇവിടെ വന്നിട്ടെത്ര ദിവസമായി...?”
“ഇവിടെ എത്തിയിട്ട്....”
അവർ എന്തോ ആലോചനയിൽ മുഴുകി. പിന്നെ പറഞ്ഞു.
“ആറേഴു മാസമായിട്ടുണ്ടാകും...”

ഇത്രയും പറഞ്ഞപ്പോഴേക്കും സച്ചിയും അബ്ദുളും അവർ പറഞ്ഞതെന്താണെന്നറിയാൻ ധൃതി കൂട്ടി. നീണ്ട വാചകങ്ങളൊന്നും ഒരു പിടുത്തവും കിട്ടിയ്ല്ല. അവരുടെ തമിഴ് സാധാരണ നമ്മുടെ തമിഴന്മാർ പറയുന്ന ഭാഷയല്ല. ഒരു വല്ലാത്ത നീട്ടലും കുറക്കലുമൊക്കെയുണ്ട്. ഒരു വാചകം മുഴുവൻ പറഞ്ഞാലെ, അതിലെ ഒരു വാക്കെങ്കിലും മനസ്സിലാവുകയുള്ളു. പിന്നെ ഞങ്ങളാരും തമിഴ് ശരിക്കും അറിയുന്നവരുമല്ല. അതു കൊണ്ടു തന്നെ അവർ പറയുന്നത് കുറച്ചു ശ്രദ്ധയോടെ തന്നെ കേട്ടിരിക്കണം. എനിക്ക് മനസ്സിലാകുന്നത്രപോലും കൂട്ടുകാർക്കറിയില്ല.
ഞാൻ പറഞ്ഞു.
“നിങ്ങൾ ധൃതി കൂട്ടാതെ. അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കട്ടെ ആദ്യം. അതു കഴിഞ്ഞിട്ട് വിശദമായിട്ട് ഞാൻ പറഞ്ഞു തരാം..”

അപ്പോഴേക്കും മെറിലിൻ വാതിലിൽ മുട്ടാതെ തന്നെ ധൈര്യപൂർവ്വം കടന്നു വന്നു. കയ്യിൽ ഐഷായുടെ ഇരുമ്പ് പെട്ടിയും ചുമന്നുകൊണ്ടാണ് വരവ്. കാരണം ആശുപത്രി അടച്ചു കഴിഞ്ഞു.  ഐഷയോടൊപ്പം കട്ടിലിൽ മെർലിനും ഇരുന്നു.
ഞാൻ എഴുന്നേറ്റ് സച്ചിയുടെ കട്ടിലിൽ ഇരുന്നു.
പിന്നെയാണ് ഐഷ അവിടെവരെ എത്തിയ കഥ പറഞ്ഞത്.

അവർ അവരുടെ സ്വതസിദ്ധമായ സംസാര ശൈലിയിൽ തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇടക്കവർ വല്ലാതെ സങ്കടപ്പെടുകയും, മൂക്കു ചീറ്റുകയും മറ്റും ചെയ്യുന്നുണ്ട്. അന്നേരം മെറിലിൻ ഐഷയുടെ തോളിൽ പിടിച്ച് ആശ്വസിപ്പിക്കാനായി അമർത്തുന്നുണ്ട്. ഞങ്ങൾക്ക് അതൊക്കെ ശരിക്കും  മനസ്സിലാവുന്നോണ്ടൊന്നും അവർ ചിന്തിച്ചിട്ടില്ല. എങ്കിലും പറഞ്ഞതിന്റെ ഒരു ഏകദേശം രൂപം കിട്ടി. മെറിലിന് ചെന്നിട്ടു വേണം ഭക്ഷണമുണ്ടാക്കാൻ. അതുകൊണ്ട് പിന്നെ വരാമെന്നു പറഞ്ഞ് അവർ പിരിഞ്ഞു. പിരിയാൻ നേരം മെറിലിൻ പറഞ്ഞു.
“ഹബീബായുടെ കഥ എനിക്കും പറഞ്ഞു തരണം..”
“ഹബീബായോ.. അതാര്...?”
“ഇവരുടെ പേര്.. ഉമ്മറും അസ്സറും വിളിക്കുന്നത് ഹബീബാന്നാ...”
“ഓ.. അങ്ങനെ... ഓക്കെ ഞാൻ പറഞ്ഞു തരാം...”

അവരെ വിട്ട് വാതിലുമടച്ച് ഞാൻ കട്ടിലിൽ വന്നിരിക്കുമ്പോൾ ‘എങ്ങനെ അവരെ സഹായിക്കാൻ കഴിയുമെന്ന ചിന്തയിൽ’ നിശ്ശബ്ദമായിരുന്നു. ഹബീബ പറഞ്ഞതത്രയും വള്ളിപുള്ളി വിടാതെ കേൾക്കാൻ കാത്തിരുന്ന കൂട്ടുകാരുടെ ക്ഷമ കെട്ടു. അവർ രണ്ടു പേരും എന്റെ കട്ടിലിൽ വന്നിരുന്ന്, എന്റെ പക്കിനിട്ടൊരു കുത്തു തന്നപ്പോഴാണ് പരിസരബോധം വന്നത്.
“അല്ലാ.. അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാ ഞാൻ ഓർത്തോണ്ടിരുന്നത്....”
“ആദ്യം അവരുടെ കഥ കേൾക്കട്ടെ. അതു കഴിഞ്ഞിട്ട് സഹായിക്കണ കാര്യം തീരുമാനിക്കാം... പറയ്....”

ഞാൻ പറയാൻ തുടങ്ങിയതും ഉസ്മാനും മൊയ്തുവും ഓടിയെത്തി.
അതോടെ ഞങ്ങളുടെ കോറം തികഞ്ഞു.  കേട്ട കഥ കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് അവതരിപ്പിച്ചു.
“അവരിവിടെ വന്നിട്ട് ആറേഴു മാസമായി. വന്നതിന്റെ പിറ്റേ ദിവസം തന്നെ മക്കയിൽ തന്നെയുള്ള ഒരു ആശുപത്രിയിലാക്കി. അവിടെ സുഖമായിരുന്നു. ആദ്യത്തെ രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത് നാട്ടിലേക്കയക്കാനായി ഒരു ശ്രീലങ്കക്കാരനെ തന്നെ ഏൽ‌പ്പിച്ചു. അവനതുംകൊണ്ട് മുങ്ങി. പിന്നെ പൊങ്ങിയില്ല. കമ്പനിയിലും വന്നില്ല.
അത് കഴിഞ്ഞ് കിട്ടിയ ശമ്പളം ആരേയും ഏൽ‌പ്പിച്ചില്ല. കയ്യിൽത്തന്നെ സൂക്ഷിച്ചതേയുള്ളു. മെറിലിൻ കൊണ്ടു വന്ന ആ ഇരുമ്പുപെട്ടി കണ്ടില്ലെ. അതിനകത്താ അവർ കാശ് വക്കുന്നത്. അതിന് പൂട്ടൊന്നുമില്ല. നാട്ടിലേക്ക് സുരക്ഷിതമായി അയക്കാൻ ഒരു വഴിയും അവരുടെ മുന്നിൽ തെളിഞ്ഞുമില്ല.

പിന്നേയും നാലുമാസമായിട്ടും കാശയക്കാൻ കഴിയാത്തതിൽ വല്ലാതെ സങ്കടപ്പെട്ടു നടക്കുമ്പോഴാണ് ഒരു ദിവസം മുറിയിൽ വരുമ്പോൾ, പെട്ടി തുറന്ന് തുണികളോക്കെ വാരിവലിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അവരുടെ ചങ്കിടിച്ചു പോയി. അവർ നെഞ്ചത്തടിച്ച് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. അതു കേട്ട് നഴ്സുമാരും മറ്റു ശ്രീലങ്കൻ ജോലിക്കാരത്തികളും ഓടിയെത്തി. തുണികളൊക്കെ വാരിക്കൂട്ടിയിട്ട് പെട്ടിയിൽ വച്ചിരുന്ന കാശ് നോക്കിയപ്പോൾ അതിന് കുഴപ്പമൊന്നുമില്ലായിരുന്നു. അവരത് ഒരു പാവാടയുടെ അടിവശം കൂട്ടിക്കെട്ടിയിട്ട് അതിനുള്ളിൽ വച്ച് മടക്കി മടക്കി ചെറുതാക്കിയാണ് സൂക്ഷിച്ചിരുന്നത്. അത് കണ്ടെത്താനാവാത്തതു കൊണ്ടാവും നഷ്ടപ്പെടാഞ്ഞത്. എല്ലാവരും നോക്കിനിൽക്കേ ആ പണം എണ്ണി നോക്കാൻ ഒരു ഫിലിപ്പൈനി നഴ്സിന്റെ കയ്യിൽ  കൊടുത്തു. കൃത്യമായി നാലുമാസത്തെ ശമ്പളവും നഴ്സുമാരെ ക്വാർട്ടേഴ്സിൽ സഹായിക്കുന്നതിന് അവർ കൊടുത്ത ചില്ലറകളും ഒക്കെ ചേർത്ത് ഭദ്രമായിരുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതോടൊപ്പം എല്ലാവരുടേയും മുന്നിൽ വച്ചായതു കൊണ്ട് പണം  സുക്ഷിച്ച രഹസ്യം പുറത്തായി. അവരത് മാറ്റാതെ അതുപോലെ തന്നെ വച്ച് പെട്ടിയടച്ച് കട്ടിലിന്നടിയിൽ വച്ചു.

പിറ്റേ ദിവസം ആ ഫിലിപ്പൈനി നഴ്സ് പണം നാട്ടിലയക്കാൻ സഹായിക്കാമെന്ന് ഏറ്റിരുന്നു. അതുപ്രകാരം ഭക്ഷണം കഴിഞ്ഞ്  അയക്കാനായി പണമെടുക്കാൻ പെട്ടി തുറന്നപ്പോഴാണ്, പണം ചുരുട്ടി വച്ച ആ പാവാട മാത്രം പെട്ടിക്കകത്തുണ്ടായിരുന്നില്ല...!!?
പെട്ടി കുഴച്ചു മറിച്ചിട്ടും അതു മാത്രം കിട്ടിയില്ല...
ഹബീബായുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി.
ഇല നക്കിപ്പട്ടികളുടെ ചിറിനക്കികൾ...!
ആരോ അത് അടിച്ചു മാറ്റി.
അവർ നെഞ്ചത്തടിയും കരച്ചിലും ബഹളവും.
ആരൊക്കെ പിടിച്ചിട്ടും അവർ നിൽക്കുന്നില്ല. ഭ്രാന്തു പിടിച്ചതുപോലെ അവർ അലറി. അവരുടെ ഭാഷ ശ്രീലങ്കക്കാരികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. കൂടെയുള്ള ശ്രീലങ്കക്കാരികളാണ് പണമെടുത്തതെന്നും പറഞ്ഞ് അവരുമായി പിടിവലിയായി.
അതിനിടക്കാണ് ഒരു ശ്രീലങ്കക്കാരി ഓടി വന്നു പറയുന്നത്.
“ഇന്ന് അടുക്കളയിൽ ചോറൊന്നും വച്ചിട്ടില്ല. അവളെവിടെപ്പോയി മുനീറ....?”  

എന്നും ആശുപത്രിയിലെ കാലത്തെ തിരക്കൊഴിയുമ്പോൾ ശ്രീലങ്കക്കാരികളിൽ ഒരാളെ ക്വാർട്ടേഴ്സിലേക്ക് പറഞ്ഞയക്കും. അവരാണ് എല്ലാവർക്കുമുള്ള ഭക്ഷണം തെയ്യാറാക്കുന്നത്. അതിനവർക്ക് സൌജന്യമായി ഭക്ഷണവും മാസാവസാനം പൈസയും കൊടുക്കും. അന്നത്തെ ഡ്യൂട്ടി ചെയ്യേണ്ടിയിരുന്നത് മുനീറയായിരുന്നു. അവളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്തായാലും അവൾ ക്വാർട്ടേഴ്സിലോ ആശുപത്രിയിലോ പിന്നെ കണ്ടവരില്ല. ക്വാർട്ടേഴ്സിൽ ചോറും വച്ചിട്ടില്ല. അതോടെ എല്ലാം വ്യക്തമായി.

എല്ലാം നഷടപ്പെട്ടെന്നറിഞ്ഞ ഹബീബയുടെ സമനില തെറ്റിയതുപോലെയായി. വിവരം അറിഞ്ഞ് മാനേജർ സ്ഥലത്തെത്തി. അവർക്ക് ഇതൊന്നും വലിയ കാര്യമല്ലല്ലൊ. ക്വാർട്ടേഴ്സിൽ കുഴപ്പമുണ്ടാക്കിയതിന് അവരുടെ കമ്പനിയിൽ വിളിച്ചു പറഞ്ഞു. അവർ പകരം ആളെ കൊണ്ടുവന്നിട്ട്  ഹബീബയെ  ഓഫീസ്സിലേക്ക് കൊണ്ടു പോയി.

അവിടെ ഒരാഴ്ച വെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ട് മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചു. എല്ലാം നഷ്ടപ്പെട്ട, ഭക്ഷണം പോലും കിട്ടാതെ അവശയായ ഹബീബക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഇന്നലെ ഓഫീസ്സിലെ മാനേജരുമായി ശക്തമായി വഴക്കു കൂടി, ആറാം നിലയിലെ  ഓഫീസിലെ ജനാല തുറന്ന്  പുറത്തു ചാടിച്ചാവാൻ ശ്രമിച്ചത്  കോളിളക്കമുണ്ടാക്കി...! പിടിച്ചു വലിച്ച് അവരെ നിലത്തിട്ട്  എല്ലാവരും കൂടി ചവിട്ടിക്കൂട്ടി. അവശതയായപ്പോൾ  ജനാലയോ ഏസിയോ പോലുമില്ലാത്ത ഒരു മുറിയിലിട്ടടച്ചു. ഇന്നു നേരം വെളുത്ത് ഇവിടെ കൊണ്ടിറക്കി.”

ഞാൻ പറഞ്ഞു നിറുത്തിയതും ഒരാളും ഒന്നും സംസാരിക്കാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഞാൻ വീണ്ടും പറഞ്ഞു.
“ഇനി പറയ്... നമ്മൾക്കെങ്ങിനെ അവരെ സഹായിക്കാൻ കഴിയും....?”
അപ്പോഴും അവരൊന്നും മിണ്ടുന്നില്ല.
ഞാൻ വീണ്ടും പറഞ്ഞു.
“ഇനി ദയനീയമായ മറ്റൊന്നുള്ളത്, അവർക്ക് എഴുതാനോ വായിക്കാനോ അറിയില്ല. എണ്ണാനുമറിയില്ല. നാട്ടിൽ നിന്നും പോന്നതിൽ‌പ്പിന്നെ ഒരു വിവരം പോലും അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇവർ എവിടെയെത്തിയെന്നോ, ജീവിച്ചിരുപ്പുണ്ടെന്നോ പോലും നാട്ടിലാർക്കുമറിയില്ല....!!”
“ഹോ... ഇതൊരു വല്ലാത്ത അവസ്ഥ തന്നെ...!”
അത്രയുമേ സച്ചി പറഞ്ഞുള്ളു.
അബ്ദുൾ ഒന്നും പറയാതെ തന്നെ കട്ടിലിലേക്ക് ചാഞ്ഞു.

ഞാനും ഒരു ഗ്ളാസ് വെള്ളമെടുത്തു കുടിച്ച് കട്ടിലിൽ കിടന്നു.
പെട്ടെന്നെഴുന്നേറ്റിട്ട് മറന്നു പോയ  മറ്റൊരു കാര്യം കൂടി പറഞ്ഞു.
“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”

ബാക്കി  ഏപ്രിൽ 1-ന്..... തംഗ്‌ളീഷ്...

Saturday, 1 March 2014

നോവൽ. മരുഭൂമി. (11)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറേലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.

തുടർന്നു വായിക്കുക.

വിശപ്പിന്റെ വിളി....

"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...

ഞങ്ങൾ ചെല്ലുമ്പോൾ അസ്സർബായിയുടെ മുറിയിലായിരുന്നു അബ്ദുൾ.
നഴ്സിങ് മുറിയിലായിരുന്ന ആ സ്ത്രീയെ അബ്ദുൾ കണ്ടിരുന്നില്ല. അസ്സർബായിക്ക് കിട്ടിയ വിശേഷം ഞങ്ങൾക്ക് കൈമാറി. ആള്  ശ്രീലങ്കക്കാരിയാണ്. അതു കാരണം ഭാഷ പ്രശ്നമാണ്. ഞാൻ പറഞ്ഞു.
“അവിടെ പ്രധാനമായും രണ്ടു ഭാഷകളാണ്. സിംഹളയും മറ്റൊന്ന് തമിഴും. തമിഴാണെങ്കിൽ ഒരു വിധം നമുക്ക് കൈകാര്യം ചെയ്യാം. മറിച്ച് സിംഹളയാണെങ്കിൽ ഇതുവരെ കേട്ടിട്ടുപോലുമില്ല. അതുകൊണ്ട് ഒരു രക്ഷയുമില്ല...”
“അവരൊന്നും പറയുന്നില്ലല്ലൊ. ഒന്നുകിൽ നമ്മൾ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല, അല്ലെങ്കിൽ...”
“അവരെവിടെ.. നമ്മൾക്ക് കാണാമോ...?”
“നിൽക്ക്.. അവരിപ്പോൾ നഴ്സിംഗ് റൂമിലാണ്. അവിടെ രോഗികളുണ്ട്. അവര് പുറത്തു പോയിട്ട് പോകാം..”

അറബി സ്ത്രീകൾ അകത്തുണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. ഫിലിപ്പൈനി സിസ്റ്റർ മെർലിന്റടുത്ത് രോഗികൾ പോയിക്കഴിഞ്ഞിട്ട് വിളിക്കണമെന്ന് അസ്സർബായി ഫോൺ വഴി  പറഞ്ഞേൽ‌പ്പിച്ചു.  അപ്പോഴാണ് അസ്സർബായി ആശുപത്രിയുടെ പുരോഗമനത്തെക്കുറിച്ച് സൂചിപ്പിച്ചത്.
“പുതിയതായി ഒരു ദന്ത ഡോക്ടറും ഒരു എക്സറേ യൂണിറ്റും പിന്നെ ലാബോറട്ടറിക്കും അനുവാദം  കിട്ടിയിട്ടുണ്ട്. എക്സറേക്ക് മുറി ശരിയാക്കാനുള്ള കമ്പനിക്കാർ നാളെ വരും...!”
ഞാൻ തലയുയർത്തി മീശയൊന്നു പിരിച്ച് അഭിമാനത്തോടെ പറഞ്ഞു.
“ഞങ്ങളാ ഇതിനൊക്കെ കാരണം....മറക്കണ്ട...!”
“അതെങ്ങനെ..?”
“ഞങ്ങടെ കറണ്ട്...!”
“ഹ.. ഹാ...ഹാ...”
ആ കൂട്ടച്ചിരിയുടെ  ശബ്ദം കേട്ടാണ് മാനേജർ ഉമ്മർ എഴുന്നേറ്റു വന്നത്. ഉമ്മർ ഞങ്ങളുമായി നല്ല സൌഹൃദത്തിലായിരുന്നു. തികച്ചും സുഹൃത്തുക്കളേപ്പോലെ തോളിൽ കയ്യിട്ട് സംസാരിക്കാനും തമാശ പറയാനും മനസ്സുള്ളയാൾ. ഞങ്ങളെ കണ്ടതോടെ ഉമ്മർ പറഞ്ഞു.
“നിങ്ങൾക്ക് ഞാനൊരു പണി തരാം. ..”
“എന്തു പണി...?”
“നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുണ്ടല്ലൊ. ഈ തൊട്ടു പിറകിലെ. അതെല്ലാം തുടച്ചു വൃത്തിയാക്കൽ  ഉസ്മാനും മൊയ്തുവും ചെയ്തോളും. അതിനകത്തെ ലൈറ്റും ഏസിയും എല്ലാം കണ്ടീഷനാക്കണം. ഒരാഴ്ചക്കുള്ളിൽ ചെയ്യണം. അതു കഴിഞ്ഞ് താമസക്കാർ എത്തിത്തുടങ്ങും...”

അതെല്ലാം സന്തോഷത്തോടെ ഞങ്ങളേറ്റു. ഞങ്ങൾക്ക് ആശുപത്രിയിൽ നിന്നും ശമ്പളമൊന്നും തരുന്നില്ല. ആശുപത്രിയുടെ സ്റ്റാഫുമല്ല. എന്നാലും മറ്റു സ്റ്റാഫുകളോടെന്ന പോലെയാണ് ഞങ്ങളോടും പെരുമാറുന്നത്. അതിന് ഞങ്ങൾക്ക്  കാര്യമായിട്ടൊന്നും ഉമ്മർ തരാറില്ല. വല്ലപ്പോഴും എന്തെങ്കിലും ശമ്പളം കിട്ടുമ്പോൾ തരുമെന്ന് മാത്രം. എന്നാലും ഞങ്ങൾ ചോദിക്കാറില്ല, പരിഭവവുമില്ല. എല്ലാത്തിനും ഞങ്ങളും കൂടുകയും ചെയ്യും.

അപ്പോഴേക്കും മെറിലിൻ ഓടിപ്പാഞ്ഞെത്തി, രോഗികൾ പോയെന്നറിയിച്ചു. അസ്സർബായിയും കൂടെയിറങ്ങി വന്നു. നടക്കാൻ തുടങ്ങിയതും മെറിലിൻ എന്റെ കയ്യിൽ കയറിപ്പിടിച്ച് നിറുത്തിയിട്ട്  പറഞ്ഞു.
“അവർ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായി. അതാ.. അവരൊന്നും സംസാരിക്കാത്തെ... അവർക്ക് ചോറ് വേണം. നിങ്ങൾ ചോറുണ്ടാക്കിയോ...?
ഞാനിനി ചെന്നിട്ടു വേണം ഉണ്ടാക്കാൻ...”
“ചോറ് ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്. നോക്കട്ടെ എന്താന്ന്....”
അതും പറഞ്ഞ് ഞങ്ങൾ വേഗം നടന്നു. നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഇതൊക്കെ എങ്ങനെ മനസ്സിലായി...?”
“ഹി.. ഹി.. അതൊക്കെ ഞാൻ മനസ്സിലാക്കി...!”
ഇവൾ ആള് മിടുക്കിയാണല്ലൊന്ന് ഞാൻ മനസ്സിലോർത്തു.

വാതിൽക്കൽ എത്തിയതും അസ്സർബായി എന്നേയും വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഈജിപ്ഷ്യൻ സിസ്റ്ററിന്റെ അടുത്ത് ഒരു സ്റ്റൂളിൽ ഒടിഞ്ഞു മടങ്ങിയ പോലെ അവർ ഇരുപ്പുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ട് അവർ വിഷമിച്ച് എഴുന്നേറ്റു നിന്നു. തലയും ശരീരവും പർദ്ദയിൽ പൊതിഞ്ഞിരുന്നു. മുഖം മാത്രം പുറത്തു കാണാം. നല്ല ക്ഷീണിത ഭാവം. പ്രായവും തോന്നും.

ഞങ്ങൾ അടുത്തു ചെന്ന് നിന്നു. അസ്സർബായി ആംഗ്യം കാട്ടി എന്നോട് ചോദിക്കാൻ പറഞ്ഞു. ഉമ്മറുൾപ്പടെ മറ്റുള്ളവരെല്ലാം വാതിൽക്കൽ തന്നെ ഞങ്ങളുടെ പ്രകടനവും കാത്തു നിൽക്കുന്നു. ആകാംക്ഷയോടെയുള്ള അവരുടെ നിൽ‌പ്പ് കണ്ടതോടെ എന്റെ വായിലെ വെള്ളം വറ്റി. ഞാൻ തൊണ്ടയനക്കി നോക്കി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കഷ്ടപ്പെട്ട് കുറച്ച് ഉമിനീരുണ്ടാക്കിയെടുത്ത് ചുണ്ടൊന്നു നനച്ചിട്ട് സാവധാനം ഞാൻ വിളിച്ചു.
“അമ്മാ.... ശ്രീലങ്കാവാ...?”
“ആമാങ്കണ്ണാ...!!”
‘ആമാ’ എന്ന് പറഞ്ഞതോടെ അവർ തമിഴത്തിയാണെന്ന് മനസ്സിലായി. എന്നാലും അവർ എന്നെ ‘കണ്ണാ’ന്നു വിളിക്കാൻ എന്താണ് കാരണമെന്ന് മനസ്സിലായില്ല. ഞാൻ ചോദിച്ചു.
“തമിഴാ...?”
“ആമാങ്കണ്ണ...!”
“ഏ... ഇപ്പടി...ഉ.. ഇ..അ...ഏയ്..?” കരയുന്നതിന് എന്താണ് തമിഴിൽ പറയുകയെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട്  ഞാൻ രണ്ടു കൈയ്യുടേയും ചൂണ്ടാണി വിരൽ നീട്ടി കണ്ണിനു താഴേക്ക് ആംഗ്യം കാട്ടി ചോദ്യം പൂരിപ്പിച്ചു.
അവർ അതിനു മറുപടി പറയാൻ കഴിയാതെ തലയും കുമ്പിട്ട് കരയാൻ തുടങ്ങി.
ഞാൻ അസ്സർബായിയുടെ മുഖത്തേക്ക് നോക്കി.
‘ചോദിക്ക്.. ചോദിക്ക്’ ന്ന് അസ്സർബായി വീണ്ടും ആംഗ്യം കാട്ടി.
ഞാൻ ധൈര്യം സംഭരിച്ച് അവരുടെ തോളിൽ പിടിച്ച് തിരിച്ചിട്ട് ചോദിച്ചു.
“എതാവത് ശൊല്ലമ്മാ...  എതുക്ക്.. ഇന്ത മാതിരി... ശൊല്ല്...ശൊല്ല്..?  ഇങ്കെ ആരും ഉങ്കളെ തൊന്തരവൊന്നും പണ്ണമാട്ടാ.. എല്ലാവരും നല്ലവങ്കളാമ്മാ.... എതാവത് കഷ്ടമിരുന്താൽ ശൊല്ല്.....?”
അവർ പതുക്കെ കണ്ണീരോടെ മുഖമുയർത്തി.
പെട്ടെന്ന്  എന്റെ കൈകളിൽ പിടിച്ചിട്ട് ഒരു വിതുമ്പലോടെ ചോദിച്ചു.
“കൊഞ്ചം ചോറു കിടക്കുമാ കണ്ണാ....!!?”
ചോദിച്ചതും, ചോദിക്കാൻ പാടില്ലാത്ത എന്തോ ചോദിച്ചതു പോലെ അവർ മുഖം പൊത്തിപ്പിടിച്ച് വാവിട്ട് കരയാൻ തുടങ്ങി.
കേട്ടതും എന്റെ  ചങ്കിടിച്ചു...!
പെട്ടെന്നൊരു ഗദ്ഗതം എന്റെ തൊണ്ടയിൽ നിന്നും പുറത്തു ചാടി.
കണ്ണുകൾ നിറഞ്ഞു.

മനഷ്യന്റെ തനതു ഭക്ഷണം ദിവസങ്ങളോളം കിട്ടാതെ വന്നാൽ, യാചനാപൂർവ്വം അത് ചോദിക്കാൻ മനസ്സില്ലാതെ വന്നാൽ, മനസ്സുണ്ടായാലും ഭാഷ അറിയാതെ വന്നാൽ, ജീവിതത്തിൽ ഞാനും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞതും, അതും ഇവർ ഒരു സ്ത്രീകൂടിയാവുമ്പോഴുള്ള നിസ്സഹായാവസ്ഥ... നിറഞ്ഞു വന്ന കണ്ണുകൾ എനിക്ക് തടുത്തു നിറുത്താനായില്ല. അത് അസ്സർബായി കാണാതിരിക്കാൻ ഞാൻ തല തിരിച്ചില്ല. എങ്കിലും മെർലിൻ കണ്ടു.

അവരെ ആ സ്റ്റൂളിൽ തന്നെ പിടിച്ചിരുത്താൻ മെർലിൻ സഹായിച്ചു.
എന്നിട്ടവൾ താൻ പറഞ്ഞത് ശരിയല്ലെ  എന്ന മട്ടിൽ ‘റൈസ്...?’ എന്ന് എന്നെ നോക്കി ചോദിച്ചു. ഞാൻ തലയാട്ടുമ്പോൾ അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി. അവൾ അവരെ പിടിച്ചുകൊണ്ട് മറ്റാർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് കണ്ണുകൾ തുടച്ചിട്ട് അസ്സർബായിയോട് പറഞ്ഞു.
“അവര് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ്.... കുറച്ചു ചോറു തരുമോന്നാ ചോദിച്ചത്...”
“ങൂം... എനിക്ക് അപ്പഴേ സംശയമുണ്ടായിരുന്നു... ഒരഞ്ചു മിനിട്ട് സമയം മതി. വീട്ടിൽ എല്ലാം ബാബി ശരിയാക്കിയിട്ടുണ്ടാകും. ഞാൻ ഉടനെ എടുത്തിട്ടു വരാം...”
അതും പറഞ്ഞ് അസ്സർബായ് പോകാൻ തിരിഞ്ഞതും ഞാൻ പിടിച്ചു നിറുത്തി.
“അതു വേണ്ട അസ്സർബായി. ഞങ്ങളുടെ മുറിയിൽ എല്ലാം റെഡിയാക്കിയിട്ടാ ഞങ്ങൾ വന്നത്. ഞങ്ങൾ കൊടുത്തോളാം... ഉമ്മറിന്റടുത്ത് പറഞ്ഞിട്ട് കൊണ്ടു പോകാം...”

വാതിൽക്കൽ തന്നെ ഉമ്മർ നിന്നിരുന്നു.
അസ്സർബായി ഉമ്മറിന്റടുത്ത് കാര്യങ്ങൾ വിശദീകരിച്ചു. ഉമ്മർ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തോളാൻ സമ്മതിച്ചു.
ഞാൻ അവരുടെ അടുത്തു ചെന്ന് പറഞ്ഞു.
“അമ്മാ... നമ്മൾക്ക് ഞങ്ങളുടെ മുറിയിലേക്ക് പോകാം. അവിടെ ചോറെല്ലാം റെഡിയാ.. എഴുന്നേൽക്കൂ...”
അവർ പതുക്കെ എഴുന്നേറ്റ് വിറക്കുന്ന പാദങ്ങളോടെ നടക്കാൻ തുടങ്ങി.
വയസ്സായവർ വേച്ചുവേച്ച് നടക്കുന്നതു പോലെയുള്ള നടത്തം കണ്ടിട്ട് വീഴാതിരിക്കാനായി ഒരു തോളിൽ ഞാൻ പിടിച്ചു. അപ്പോഴേക്കും മെർലിൻ എത്തി അവരെ താങ്ങി.
മെർലിൻ പറഞ്ഞു.
“ഞാനും വരാം...”
മുറ്റത്തെത്തിയതോടെ അവർ പറഞ്ഞു.
“ഞാൻ നടന്നോളാം.. വീഴില്ല....”
“അത് സാരമില്ല. അവരും വന്നോട്ടെ. ദേ.. ആ കാണുന്നതാ ഞങ്ങളുടെ മുറി...”
ഞാൻ  ചൂണ്ടിക്കാണിച്ച് കൊടുത്തു.

ഞങ്ങളോടൊപ്പം സച്ചിയും അബ്ദുളും ഉസ്മാനും മൊയ്തുവും അസ്സർബായിയും ഉണ്ട്. ഞങ്ങളുടെ മുറിയിൽ കയറി ബാത്ത് റൂം കാണിച്ചു കൊടുത്ത്, കൈ കഴുകിയിട്ട് വരാൻ പറഞ്ഞു. അവർ അതിനകത്ത് കയറി വാതിലടച്ചു.

മെർലിൻ ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ മുറിയിൽ വരുന്നത്. ഒരു മുറിക്കുള്ളിലെ മൂന്നു കട്ടിലും അടുക്കളയും മറ്റും കണ്ട് അവൾ അന്തം വിട്ടു. നിലത്ത് പേപ്പർ വിരിച്ച് ചോറും ചൂടൻ കോഴിക്കറിയും വിളമ്പി വച്ചപ്പോഴേക്കും അവർ കൈ കഴുകി എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മെർലിൻ വീണ്ടും അവരെ പിടിച്ചു. നിലത്തിരുന്ന് പതുക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അതോടെ അസ്സർബായിയും മെർലിനും തിരിച്ചു പോയി.

കഴിച്ചു കൊണ്ടിരിക്കെ അവർ മൂക്കു ചീറ്റുകയും മുഖം തുടക്കുകയും മറ്റും ചെയ്യുന്നുണ്ട്. അപ്പോഴും ഒഴുകുന്ന കണ്ണുനീരിന് ശമനമുണ്ടാകുന്നില്ല. കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ ഒന്നും സംസാരിക്കാൻ പോയില്ല. ആർത്തിയോടെയുള്ള അവരുടെ ഭക്ഷണം കഴിക്കൽ കണ്ടു കൊണ്ടിരിക്കേ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ടു.
ഞാൻ ചെന്ന് വാതിൽ തുറന്നതും തള്ളിക്കയറി വരുന്നു അയാൾ...!
ആളെക്കണ്ടതും  അബ്ദുളും സച്ചിയും ഞെട്ടിയെഴുന്നേറ്റു...!!
“പോലീസ് മുഹമ്മദ്..!?”
ഞാനും വിളറി നിന്നു.
ആ പാവം സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ഭക്ഷണം അകത്താക്കുന്നതിന്റെ ആർത്തിയിലായിരുന്നു....


അടുത്ത ഭാഗം  മാർച്ച്- 15ന്............

Saturday, 15 February 2014

നോവൽ. മരുഭൂമി. (10)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്ക്  ഉത്തേചകമായി....

തുടർന്നു വായിക്കുക....

പുതുമുഖം.

ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സംഗതി അറിഞ്ഞ അബ്ദുൾ പറഞ്ഞു.
“ദൈവം നമ്മുടെ കൂടെയുണ്ട്...”
അതും പറഞ്ഞ് ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ചു.
“ഇനി ഏതായാലും നമ്മുടെ കാറ് കഴുകൽ പരിപാടി അവർക്കു തന്നെ തിരിച്ച് കൊടുത്തേക്കാം അല്ലേ....?”
“ഏതായാലും ഈ മാസം ഇങ്ങനെ പോകട്ടെ. അപ്പോഴേക്കും അമാറേലെ കാശ് കിട്ടിത്തുടങ്ങും. അത് കഴിഞ്ഞിട്ട് തിരിച്ചു കൊടുക്കാം. അതല്ലേ നല്ലത്...?”

ദിവസങ്ങൾ കഴിഞ്ഞൊരു വ്യാഴാഴ്ച വൈകുന്നേരം ഞങ്ങൾ പുറത്തു പോയി. അബ്ദുളിനെ മാത്രം ജനറേറ്റർ ഡ്യൂട്ടിക്കിട്ടു. സാധനങ്ങൾ വാങ്ങണമെങ്കിൽ മൂന്നു കിലോമീറ്ററെങ്കിലും നടക്കണം. സാധാരണ ഞങ്ങൾ രണ്ടുപേരേ ഉണ്ടാകാറുള്ളു. അന്ന് ഉസ്മാനും മൊയ്തുവും കൂടെയെത്തി. പുറകിലെ വലിയൊരു മല കടന്നുവേണം പോകാൻ. ആ മലയുടെ ചരിവിൽ തന്നെ ഒരു പള്ളിയുണ്ട്. ഒരു പഴയ പള്ളി. അവിടെ മനുഷ്യവാസമൊന്നുമില്ല.

അതിനപ്പുറത്തു കാണുന്ന മലയിൽ നിന്നും പണ്ടെങ്ങോ വെള്ളമൊലിച്ചിറങ്ങിയ പാടുകൾ തെളിഞ്ഞു കാണാം. ആ അരുവി ഈ പള്ളിയുടെ മുന്നിലൂടെയാണ് ഒഴുകിയിരുന്നതെന്നതിന് തെളിവായി ഒരു ചെറിയ കലുങ്കും ഉണ്ട്. അതിനടിയിലൂടെ വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങിയ പാറ പൊടിഞ്ഞ നല്ല ആറ്റുമണൽ തെളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടതും പെരിയാർ പുഴയിലെ മണപ്പുറം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഞങ്ങൾ അവിടെ ഇറങ്ങി മണൽ വാരി തൂവിയെറിഞ്ഞ് കാറ്റിൽ പറത്തിക്കളിച്ചു. എന്തുകൊണ്ടോ കുറച്ചു നേരം കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു ഞങ്ങൾക്കെല്ലാവർക്കും.  മനസ്സിൽ  അന്നേരമനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ചിലപ്പോഴെങ്കിലും കുട്ടികളാകാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ...? മറ്റാരുമില്ലാത്ത, ഞങ്ങൾ മാത്രമായ ഒരു ലോകത്ത്  കുറച്ചു നേരം നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ എല്ലാം മറന്ന് മണലിൽ കളിച്ച് തിമിർത്തു...!

പിന്നെയും ഞങ്ങൾ നടന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന വഴിയിലെത്തി. ഗ്രാമവാസികളുടെ എല്ലാ വീട്ടാവശിഷ്ടങ്ങളും കൊണ്ടു തള്ളുന്ന ഒരു കുഴിയിൽ ഞങ്ങൾ എത്തിനോക്കി. വീട്ടുപകരണങ്ങൾ ധാരാളം കിടപ്പുണ്ട്. ഞങ്ങൾ കുഴിയിലിറങ്ങി നല്ലതെന്നു തോന്നിയ ഒരു ടേപ് റിക്കാറ്ഡറും ഒരു വാക്ക് മാനും മറ്റും എടുത്ത് മുകളിൽ കൊണ്ടു വന്ന് വച്ചു. ഒരു ടീവി  ആന്റ്റിനയും കൂട്ടത്തിൽ കിട്ടി. ഉസ്മാൻ പറഞ്ഞു.
“ ആന്റിനയുണ്ടെങ്കിൽ ടീവി പരിപാടികൾ കാണാം കഴിയും..”
“ടീവിയില്ലാതെ എങ്ങനെ കാണാൻ കഴിയും..?”
“നമുക്ക് ആശുപത്രിയിലെ ടീവി എടുക്കാം..”
“അതിന് ഉമ്മർ സമ്മതിക്കുമോ..”
“ ആശുപത്രിയില്ലാത്ത വ്യാഴവും വെള്ളിയും മാത്രം  ടീവി എടുത്ത് കാണാം...!”
അതും ശരിയാണല്ലൊയെന്ന് ഞങ്ങൾക്ക് തോന്നി. ഒന്നുമില്ലാത്തതിലും ഭേദമല്ലെ ഒന്നരദിവസമെങ്കിലും പുറം ലോകവുമായുള്ള ബന്ധം കിട്ടുന്നത്. ആ ഏരിയലും ഞങ്ങൾ എടുത്ത് മുകളിൽ കൊണ്ടു വന്നു. അതെല്ലാം അവിടെ വച്ചിട്ട് വീണ്ടും കടയിലേക്ക് നടന്നു.

അതൊരു പെട്രോൾ പമ്പ് ആയിരുന്നു. അതിനോട് ചേർന്നായിരുന്നു ഒരു കുഞ്ഞു പലചരക്ക് കടയും. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു വരുന്ന വഴിയിൽ ഞങ്ങൾ എടുത്തു വച്ച സാധനങ്ങളും കൂട്ടത്തിൽ എടുത്തു. പണ്ടെങ്ങോ പെയ്ത മഴവെള്ളത്തിൽ മണ്ണൊലിച്ചു കയറിയ ടേപ്പ് റിക്കാർഡർ ഞങ്ങൾ നന്നാക്കിയെടുത്തു. വാക്ക്മാനും നന്നാക്കിയെടുത്തു.

വിരസമായ ഞങ്ങളുടെ  സമയം ചിലവഴിക്കാൻ  അതുപകരിച്ചു. ഇത്തരം സാധനങ്ങൾ കേടുവന്നാൽ ഇവിടെ ആരും നന്നാക്കാൻ ശ്രമിക്കാറില്ല. കാരണം ആ ഗ്രാമത്തിൽ നന്നാക്കുന്നവരാരും ഉണ്ടായിരുന്നില്ല. എല്ലാം വലിച്ചെറിയുകയായിരുന്നു പതിവ്.  ആ വ്യാഴാഴ്ച ഉമ്മറിന്റെ അനുവാദത്തോടെ ടീവി എടുത്ത് ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്നു. ഏരിയൽ പിടിപ്പിച്ച് സൌദി പരിപാടികൾ കാണാൻ തുടങ്ങി. മാസങ്ങൾക്ക് ശേഷം പുറം ലോകത്തെ വാർത്തകൾ ഞങ്ങളറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

അധികവും യൂറോപ്പ്യൻ വാർത്തകളായിരുന്നു. ഇൻഡ്യൻ വാർത്തകൾ നാട്ടിൽ എന്തെങ്കിലും വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രവും. ഓരോ ദിവസം അവസാനിക്കുമ്പോഴും ഞങ്ങൾ പറയും.
“നാട്ടിൽ ഇന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. അത്രയും ആശ്വാസം....!”

വ്യാഴവും വെള്ളിയും ഞങ്ങളുടെ നിറമുള്ള നാളുകളായി മാറി. മക്കയിൽ നിന്നും ഉസ്മാൻ കൊണ്ടു വരുന്ന പഴയ മലയാളം, ഹിന്ദി, തമിഴ് സിനിമകളും ഞങ്ങളുടെ വിരസമായ ദിവസങ്ങളെ ജീവസ്സുറ്റതാക്കി. അതിനായി ആശുപത്രിയിലെ സ്റ്റോറിൽ നിന്നും പൊടിപിടിച്ചു കിടന്ന വീഡിയോ പ്ലേയറും ഉമ്മറിന്റെ അനുവാദത്തോടെ ഞങ്ങൾ മുറിയിൽ കൊണ്ടുവച്ചു.

മാസത്തിലൊരിക്കൽ ഒരു ഹിന്ദിപ്പടം ടീവിയിൽ വരും. അത് കാണാനായി ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ. ശമ്പളമില്ലെന്ന ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.

അന്നൊരു വ്യാഴാഴ്ച രാത്രിയിൽ പത്തു മണി കഴിഞ്ഞ നേരത്താണ് ഉസ്മാന്റെ ഫോൺ വന്നത്. സാധാരണ ആ സമയം വരെ ആശുപത്രി മുറ്റത്ത് ഞങ്ങൾ നിലാവെളിച്ചത്തിൽ വർത്തമാനം പറഞ്ഞിരിക്കൽ പതിവുള്ളതായിരുന്നു. അന്നു ഞങ്ങൾ സിനിമ കാണാനായി നേരത്തെ പിരിഞ്ഞു. മൊയ്തുവും അബ്ദുളും കൂടി അന്ന് മക്കയിൽ പോയിരിക്കുകയായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ഗേറ്റിൽ ഒരു കാർ വന്ന് ഹെഡ്ലൈറ്റ് തെളിയിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഉസ്മാൻ ഗേറ്റ് തുറന്നു കൊടുത്ത് അവരെ അകത്തേക്ക് കയറ്റി. അവർ നേരെ ആശുപത്രിയുടെ മുൻപിൽ ചെന്നു നിന്നു. തൊട്ടടുത്ത നിമിഷം ഈജിപ്ഷ്യൻ നഴ്സും ക്വാർട്ടേഴ്സിൽ നിന്നും  ഇറങ്ങി വന്നു. നഴ്സ് എത്തിയതോടെ കാറിൽ നിന്നും ഒരു ഗർഭിണി തനിയെ ഇറങ്ങി നടകൾ കയറി ആശുപത്രിക്കകത്തേക്ക് കയറിപ്പോയി. അവരുടെ ഭർത്താവ് ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ കാറിൽത്തന്നെ ഇരുന്നതേയുള്ളു.

ഞങ്ങൾ ആ വരാന്തയിലെ തിണ്ണയിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു.  കിഴക്കൻ ചക്രവാളത്തിലെ  ഒരേ നിരയിലെ ആ‍ മൂന്നു നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോൾ, നാട്ടിൽ നിന്നും നോക്കുമ്പോഴും അതിനെ കാണാനാകുന്നല്ലോർത്തപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. ഞാൻ ഉടനെ നാട്ടിലേക്ക് പറന്നു. ഞാനവിടെ എത്തുന്നതിനു മുൻപേ തന്നെ ഉസ്മാൻ പറഞ്ഞു.
“ഞങ്ങടെ വീട്ടിലെ മുറ്റത്ത് മണൽ കൂട്ടിയിട്ടുണ്ട്. നല്ല നിലാവത്ത് ഞങ്ങൾ അത്താഴവും കഴിഞ്ഞ് മെടഞ്ഞ ഓല വിരിച്ച്  ആ മണൽക്കൂനയിൽ  നക്ഷത്രങ്ങളെ നോക്കിക്കിടക്കും. അന്നേരം എന്റെ മോള് പറയും. ‘ബാപ്പച്ചീ... ദേ ആ നക്ഷത്രങ്ങളെ നോക്കിയേ... ബാപ്പച്ചീം ഉമ്മച്ചീം നടുക്ക് ഞാനും...!’
“ഞാനും ആ നക്ഷത്രങ്ങളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒരു മഹാത്ഭുതം പോലെയാ എനിക്ക് തോന്നുന്നത്. നാട്ടിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് ഞങ്ങൾ. എന്നിട്ടും ഒരു മാറ്റവുമില്ലാതെ, ഇവിടെ നിന്നു നോക്കിയാലും അത് കാണാം..”

ഞങ്ങളങ്ങനെ നാട്ടിലെ കാര്യങ്ങൾ പങ്കുവച്ച് കിടക്കുമ്പോഴാണ് ആശുപത്രിയുടെ ഗ്ലാസ് ഡോർ തുറക്കപ്പെട്ടത്.  ഈജിപ്ഷ്യൻ നഴ്സ് വാതിൽ തുറന്നു പിടിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ കുഞ്ഞു കുട്ടിയേയും എടുത്ത് ആദ്യം കയറിപ്പോയ ഗർഭിണി ഇറങ്ങി വരുന്നു. ഞങ്ങളത് കണ്ട് അത്ഭുതം കൂറി. അവർ സാവധാനം സ്റ്റെപ്പുകളിറങ്ങി വന്ന്, ഭർത്താവ് തുറന്നു കൊടുത്ത കാറിൽ കയറി ഇരുന്നതും വണ്ടി വിട്ടു.  അവർ ആശുപത്രിയെ വലയം വച്ച് പുറത്തേക്ക് പോയി. പിന്നാലെ വന്ന നഴ്സും ഞങ്ങളോട് സലാം പറഞ്ഞ് തിരിച്ചു പോയി.  ഞാനും സച്ചിയും വായും പൊളിച്ച് സ്തപ്തരായിരിക്കുകയാണ്.
“ഇതെന്തരൊത്ഭുതം... അതിനും വേണ്ടും നേരമായോ അവർ അകത്തേക്ക് പോയിട്ട്....?”
ഞാനും സച്ചിയും പരസ്പ്പരം ചോദിച്ചു.
വാതിലടച്ചു പൂട്ടിക്കൊണ്ട് ഉസ്മാൻ പറഞ്ഞു.
“ഹ..ഹാ...ഹാ... ഇതിലൊന്നും ഒരത്ഭുതോല്ലെടാ... ഇതൊക്കെ ഇവിടെ സാധാരണ സംഭവാ... ആ വണ്ടീലിരുന്നവൻ അവരുടെ കെട്ടിയോൻ, കൂടെയിറങ്ങി ഒന്നു പിടിച്ചോ, എന്തെങ്കിലുമൊരു സഹായം ചെയ്തോ... ആ വണ്ടീന്നവൻ ഇറങ്ങീല്ല. അതു പോട്ടെ,  ആ കൊച്ചിനേയും എടുത്തുകൊണ്ട് വന്നിട്ട് ആ കൊച്ച് ആണാണോ പെണ്ണാണോന്നു പോലും ചോദിച്ചോ...? ഇത്രേള്ളു.. ഇവിടത്തെ കാര്യങ്ങൾ...!!?”

ഞാനോലിചിക്കുകയായിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ഇങ്ങനെ ആരെങ്കിലും ഒറ്റക്ക് വരുമോ..? എത്രപേരുണ്ടാകും  താങ്ങിപ്പിടിക്കാൻ...?
പ്രസവമുറിയുടെ പുറത്ത് ആകാംക്ഷയോടെ ഇരിക്കപ്പൊറുതിയില്ലാതെ വരാന്ത മുഴുവൻ ഉലാത്തുന്ന ഭർത്താവ്...!
ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധു മിത്രാദികൾ...!
ഇവിടെ ദേ... ആ കുഞ്ഞു പോലും ഒന്നു കരഞ്ഞതായി കേട്ടില്ല.
പിന്നീട് അതിനെപ്പറ്റി പറഞ്ഞ് ഞങ്ങൾ അത്ഭുതം കൂറി.

ഗ്രാമവാസികളുടെ ചില  സ്വഭാവവിശേഷണങ്ങളും ഉസ്മാൻ പറഞ്ഞു തന്നു.
"കൂടുതൽ മരുന്നുകൾ കൊടുത്തുവിടുന്ന ഡോക്ടറോടാണ് അവർക്ക് ഏറെ ഇഷ്ടം. ആ സമയത്ത് രോഗികളുടെ എണ്ണം കൂടും. മുൻപൊരിക്കൽ ഒരു ഇൻഡ്യൻ ഡോക്ടറുണ്ടായിരുന്നു, മലയാളിയാ. പുള്ളിക്കാരൻ അധികം മരുന്നൊന്നും  കുറിക്കുന്ന കൂട്ടത്തിലായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഗ്രാമവാസികളുടെ ഫയലുകളിൽ  പഠനം നടത്തിയപ്പോൾ വ്യായാമക്കുറവാണ് അസുഖങ്ങളുടെ പ്രധാന കാരണം എന്ന് കണ്ടെത്തി.

ദിവസവും വ്യായാമം ചെയ്യണമെന്നു പറഞ്ഞാലൊന്നും അവർ അനുസരിക്കുകയില്ലല്ലൊ. അതുകൊണ്ട് ഡോക്ടർ ഒരു പരിഷ്ക്കാരം നടപ്പിലാക്കി. വണ്ടികൾ ഗേറ്റിനു വെളിയിൽ ഇട്ടിട്ട് എല്ലാവരും നടന്നു വന്നാൽ മതിയെന്ന്. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരു നൂറുമീറ്ററെ നടക്കേണ്ടതുള്ളു.  ആ ഡോക്ടർ ഒരു മാസം കൂടിയേ അവിടെ തുടർന്നുള്ളു. നമ്മുടെ മാനേജർ ഉമ്മർ ഉൾപ്പടെ എല്ലാ അറബി സ്റ്റാഫുകളും സകല ഗ്രാമവാസികളും ചേർന്ന്  സർക്കാരിലേക്ക് പരാതി അയച്ച് അദ്ദേഹത്തെ ഇവിടന്ന് കെട്ടുകെട്ടിച്ചു.”
“ഹാ...ഹാ...ഹാ....!”
ഞങ്ങൾക്ക് പൊട്ടിപ്പൊട്ടി ചിരിക്കാതിരിക്കാനായില്ല.

രണ്ട് ദിവസം കഴിഞ്ഞ്, ഉച്ചക്കുള്ള ഭക്ഷണമൊക്കെ ശരിയാക്കി വെറുതെ ആശുപത്രിയിലേക്ക് ഇറങ്ങാമെന്നു കരുതി ഡ്രെസ്സ് ചെയ്യുമ്പോഴാണ് മൊയ്തു ഓടിക്കിതച്ചെത്തിയത്.
“ഞങ്ങടെ കമ്പനീടെ ഒരു ലേഡീസ് സ്റ്റാഫിനെ കൊണ്ടന്നിട്ട്ണ്ട്. അവരൊന്നും മിണ്ടുന്നില്ല. ചുമ്മാ നിന്ന് കരയണതേള്ളു....  ഇക്കാമേല് സ്രീലങ്കക്കാരിയാന്ന് എഴുതീട്ടുണ്ട്. ഞങ്ങള് ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല. ഉമ്മറ് പറഞ്ഞു നിങ്ങളോടൊന്ന് വന്ന് ചോദിക്കാൻ...?!”
ഞങ്ങൾ എല്ലാവരും എന്തോ ഒരതിശയം കേട്ടതുപോലെ മൊയ്തുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കാണ്.
"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...


അടുത്ത ഭാഗം  മാർച്ച്- 1ന്............

Saturday, 1 February 2014

നോവൽ. മരുഭൂമി. (9)




കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....

മക്കീന......

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കയറ്.. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

അമാറയിലെ ഗേറ്റിലേക്ക് എത്തിയതും  ഞാൻ പിറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആശുപത്രിയും ഗേറ്റും, ഞങ്ങളുടെ ജനറേറ്ററും പിന്നെ  ഉസ്മാനും മൊയ്തുവും എല്ലാം ഇതോടെ അന്യമാവുകയാണോ...? ഉദിച്ചുയരുന്ന സൂര്യനു പോലും ഒരു ദയയുമില്ല. ടെൻഷൻ കാരണം  വിറയലും, വിയർക്കലും. ആകെയൊരു അസ്വസ്ഥത.

വണ്ടി  അമാറയുടെ മെയിൻ ഗേറ്റും കടന്ന് പ്രധാന കെട്ടിടത്തിന്റെ മുൻപിൽ നിന്നു.
പോലീസ്സുകാരൻ, തന്റെ പിന്നാലെ വരാൻ  ആംഗ്യം കാട്ടിക്കൊണ്ട് അകത്തേക്കു കയറി. അയാളിൽ ഒരു പോലീസ്സുകാരന്റെ ഭാവമല്ല. അറക്കുന്നതിനു മുൻപുള്ള ദയയാണൊ ആ മുഖത്ത്...?
ഒന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. അയാളുടെ ഊഷ്മള സ്വാഗതം കണ്ട് ഞാനും സച്ചിയും സംശയത്തോടെ പരസ്പ്പരം നോക്കി.
“കേറ്റിവിടാൻ കൊണ്ടു പോകുന്നത് ഇങ്ങനെയാണൊ...?”
എന്റെ സംശയം ആംഗ്യഭാഷയിൽ സച്ചിയോട് ചോദിച്ചു. സച്ചിക്കും ആ സംശയം ഉണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ മുഖത്തിന് പഴയ പ്രസരിപ്പില്ലാത്തത് ഞാൻ ശ്രദ്ധിച്ചു.

അതിനകത്ത് ഇടവഴികൾ പോലെ  വളഞ്ഞു പുളഞ്ഞു പോകുന്ന ഇടനാഴികകൾ ധാരാളം ഉണ്ടായിരുന്നു. എല്ലായിടവും ചുവന്ന പരവതാനി വിരിച്ചിരുന്നു. പതുപതുത്ത ചുവന്ന പരവതാനിക്ക് യോജിച്ചതായിരുന്നില്ല ഞങ്ങളുടെ ചെരുപ്പുകൾ.  ഇതറിഞ്ഞിരുന്നെങ്കിൽ  ഷൂ ഇടാമായിരുന്നു. ഇവിടെ എത്തിയതിനുശേഷം ഷൂ കൈകൊണ്ട് തൊട്ടിട്ടില്ല. കട്ടിലിന്റെ അടിയിലെവിടെയോ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും.
അല്ല, കേറ്റിവിടാൻ കൊണ്ടു പോകുന്നവനെന്തിനാ ഷൂ...?

എന്തിനാണ് ഇത്രയും ചുറ്റി വളഞ്ഞ് പോകുന്നതെന്ന് മനസ്സിലായില്ല. അവസാനം തുറന്നു കിടന്ന ഒരു വാതിലിനു മുൻപിൽ പോലീസ്സുകാരൻ പെട്ടെന്നു നിന്നു...
ധൃതി പിടിച്ചെന്നോണം അയാളുടെ ഒപ്പമെത്താൻ ഓടി നടന്ന ഞങ്ങൾ അയാൾക്കു പിന്നിൽ ഒരു കൂട്ടിയിടിയിൽ ഇടിച്ചു നിന്നു. അയാൾ കൈ കൊണ്ട് ‘ഇവിടെ നിൽക്കാൻ ’ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് കടന്നു.

അതൊരു വിശാലമായ ചുവന്ന പരവതാനി വിരിച്ച ഹാൾ ആയിരുന്നു. ഒരു വശത്ത് നടുക്കായി ഒരു അറബി എബണ്ടൻ കസേരയിൽ ഇരിക്കുന്നുണ്ട്. അയാൾക്കു മുന്നിൽ ഒരു സുന്ദരൻ വിരിയിട്ട മേശ. പിന്നെ ഹാളിൽ നിറയെ രാജകീയ കസേരകൾ നിരത്തിയിരിക്കുകയാണ്. അതിൽ മുൻപിലുള്ള ഒന്നു രണ്ടു നിരയിൽ മാത്രം അറബികൾ നിരന്നിരുപ്പുണ്ട്.
ഞങ്ങൾ വല്ലാത്ത ചങ്കിടിപ്പോടെ വാതിൽക്കൽ പതുങ്ങിയെന്നോണം നിന്നു.
അവരുമായി താരതമ്യം ചെയ്താൽ വെറും പുഴുക്കളായിരുന്നു ഞങ്ങൾ. സാധുക്കളായ രണ്ടു പഞ്ചപാവങ്ങളായി ‘ഞങ്ങളെ കേറ്റിവിടല്ലെ സാ..റേ...!’ എന്ന ഭാവം മുഖത്ത് വരുത്താൻ ഞങ്ങൾ അല്ല ഞാൻ പാടുപെടുകയായിരുന്നു.

പോലീസ്സുകാരൻ ചെന്ന് കസേരയിലിരിക്കുന്ന അറബിയോട് ഭവ്യതയോടെ എന്തോ പറഞ്ഞതും, കയ്യിലിരുന്ന ഫയൽ മടക്കി വച്ചിട്ട് ഞങ്ങളെ നോക്കി കയ്യാട്ടി വിളിച്ചു. ഞങ്ങൾ വല്ലാത്തൊരു നെഞ്ചിടിപ്പിൽ അദ്ദേഹത്തിന്റടുത്തേക്ക് നടന്നടുത്തു. ഹാളിൽ പൊതുവേ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു. അടുത്തെത്തിയതും ഞങ്ങൾ സലാം പറഞ്ഞെങ്കിലും, വറ്റിയ തൊണ്ടയിൽ നിന്നും ശബ്ദം  പുറത്തു വരാത്തതു കൊണ്ട് അറബി കേട്ടോയെന്തോ... എങ്കിലും അദ്ദേഹം സലാം മടക്കിയിട്ട് ഞങ്ങൾക്കു നേരെ കൈ നീട്ടി ‘ഷേൿഹാന്റ്’ തന്നു...!
അതോടെ എന്റെ നെഞ്ചിടിപ്പ് നിന്നു....
വിറയൽ മാറി. അദ്ദേഹം ചോദിച്ചു.
“നിങ്ങളാണോ ആശുപത്രിയിലെ മക്കീന(ജനറേറ്റർ) ഓടിക്കുന്നവർ...?”
“അതെ...”
“ഇലക്ട്രിക്കിന്റെ പണികളൊക്കെ അറിയാമല്ലെ, ഏസിയൊക്കെ...?”
“അറിയാം...”
“ങൂം... ഗ്രാമത്തിൽ ഇലക്ട്രിക് പണി അറിയാവുന്നവർ ആരുമില്ല. മക്കയിൽ നിന്നു കൊണ്ടുവരികയാണ് പതിവ്. ഏതായാലും അത് നന്നായി...!”

അറബി വാക്കിനേക്കാൾ ഇംഗ്ലീഷുണ്ടായിരുന്നു സംസാരത്തിൽ. അതു കൊണ്ട് തന്നെ പറഞ്ഞതത്രയും വ്യക്തമായി. പുറത്തു പോയി പണിയെടുക്കുന്നതിൽ അമീറിനു വിരോധമില്ലെന്ന് ഉറപ്പായതോടെ കേറ്റിവിടില്ലെന്നും ഉറപ്പായി..!.

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അതിനകത്ത് കറണ്ടില്ല. എല്ലാവരും അമീർ ഉൾപ്പടെ വിയർത്തൊലിച്ചാണിരിക്കുന്നത്. കയ്യിലിരിക്കുന്ന പേപ്പർ കൊണ്ട് ചിലരൊക്കെ വീശുന്നുണ്ട്. ഞങ്ങളും വിയർക്കുന്നുണ്ടായിരുന്നു. അത് പിന്നെ പേടിച്ചിട്ടായിരുന്നു.
അമീറിന്റെ വാക്കുകൾ കേട്ട്  ഞങ്ങളുടെ മനം സന്തോഷം കൊണ്ട് തുടിച്ചു. എന്നാലും അമീർ ഇതു ചോദിക്കാനാണോ വിളിച്ചത്...? ആ ചിന്തയുടെ  മറുപടി അമീറിൽ നിന്നും ഉടൻ കിട്ടി.
“ഞങ്ങൾക്ക് ഇവിടെ ഒരു  മക്കീന  ഉണ്ട്. ഒരാഴ്ചയായിട്ട് അതോടുന്നില്ല. ഒന്നു നോക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ മതി...”
“ശരി. ഞങ്ങൾ നോക്കാം...”

ജനറേറ്റർ നന്നാക്കാനൊന്നും ഞങ്ങൾക്കറിയില്ല. എന്നാലും അത് തുറന്നു പറയുന്നതെങ്ങനെ..? ഞങ്ങൾ പിന്തിരിഞ്ഞ് കൂടെ വന്ന പോലീസ്സുകാരനോടൊപ്പം നടന്നു. കെട്ടിടത്തിനു പിറകിലായി മതിലിനോട് ചേർന്ന് ഒരു ഇടത്തരം ജനറേറ്റർ കരിയും ഓയിലും പിടിച്ച് കിടന്നിരുന്നു. അത്തരം ഒരെണ്ണം ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും പൊതുവായിട്ട് ജനറേറ്ററുകൾക്കെല്ലാം ഒരേ അംഗഭംഗങ്ങളും സ്വഭാവവുമാണല്ലൊ.

അതിൽ തൊടാൻ തന്നെ അറയ്ക്കും. ചുറ്റുപാടിലും ഓയിലും ഡീസലും വീണ് ചവിട്ടാനും ഒക്കില്ല. എങ്കിലും അമീറിന്റെ ഉത്തരവല്ലെ. ഞങ്ങൾക്ക് പുറത്ത് പോയി പണിയെടുത്താലല്ലെ ചാക്കരി വാങ്ങാൻ പറ്റൂ...!
ടാങ്കിൽ ഡീസൽ നിറച്ചു വച്ചിട്ടുണ്ട്. ടാങ്കിൽ നിന്നും ഡീസൽ വരുന്നുണ്ടായിരുന്നില്ല. ആ പൈപ്പ് അഴിച്ച് ‘എയർ’ കളയുകയേ വേണ്ടിയിരുന്നുള്ളു.  ഓയിൽ അശേഷം അകത്ത് കാണുന്നില്ല. അടുത്തു കിടന്ന വീപ്പയിൽ ഓയിലിരുപ്പുണ്ട്. അത് കൈപ്പമ്പു വഴി അടിച്ച് ആവശ്യത്തിന് ഒഴിച്ചു. ബാറ്ററിക്ക് ചാർജ്ജില്ലായിരുന്നു.  ചരടു വലിച്ച് സ്റ്റാർട്ടാക്കാനായി പോലീസ്സുകാരൻ സഹായിച്ചു. കാരണം ഞങ്ങൾ മുട്ടിപ്പായി ഒറ്റക്കും തെറ്റക്കും ഒക്കെ ശ്രമിച്ചിട്ടും മൂപ്പിലാൻ ഒന്നനങ്ങുകപോലും ചെയ്തില്ല. പോലീസ്സുകാരൻ രണ്ടു പ്രാവശ്യം വലിച്ചപ്പോഴാണ്  സ്റ്റാർട്ടായത്.
പിന്നെ മെയിൻ‌സ്വിച്ച് ഓണാക്കി...
അമാറക്കകത്ത് ബൾബുകൾ കത്തുന്നതു കണ്ട്  ഞങ്ങൾ ആശ്വാസം കൊണ്ടു.
അമീറിനേപ്പോലെ ഒരാൾ വിയർത്തൊലിച്ചിരിക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നിയിരുന്നു. അമീറിന് വലിയ സന്തോഷമായിരിക്കുമെന്നോർത്ത് ഞങ്ങളുടെ മനം അഭിമാനം കൊണ്ടു. ഒന്നും വേണ്ട, ഗ്രാമത്തിൽ പണിയെടുക്കുമ്പോൾ വന്ന്  ഞങ്ങളെ  പിടിക്കാതിരുന്നാൽ മാത്രം മതി.

അതു കഴിഞ്ഞ് പോലീസ്സുകാരനോടൊപ്പം വീണ്ടും അമീറിന്റെ മുറിയിലേക്ക്. ഞങ്ങളുടെ ചപ്പൽ പുറത്ത് അഴിച്ചു വച്ചിട്ടാണ് കയറിയത്. ഇനിയത് കഴുകിയെടുക്കണമെങ്കിൽ പെടാപ്പാടു പെടണം.
ഏസിയുടെ തണുപ്പ് തന്ന ആശ്വാസം അവിടിരിക്കുന്ന മുഖങ്ങളിൽ കാണാമായിരുന്നു.  അമീറ് സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റത് ഒരമ്പത് റിയാലിന്റെ നോട്ടും നീട്ടിപ്പിടിച്ചാണ്...!
ഞങ്ങൾ അത് വാങ്ങാൻ മടിച്ചു.
നന്ദിപൂർവ്വം നിരസിച്ചു.
പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. അമ്പത് റിയാലിന്റെ ആ നോട്ട് എന്റെ കയ്യിൽ പിടിപ്പിച്ചിട്ട് ചോദിച്ചു.
“എന്തൊക്കെയാ വേണ്ടത് അതിന്...”
ഞങ്ങൾ ബാറ്ററി ഉൾപ്പടെ അത്യാവശ്യം വേണ്ടതൊക്കെ പറഞ്ഞു. അത് അന്നു തന്നെ ശരിയാക്കാൻ ‘പോലീസ് മുഹമ്മദിനെ’ ശട്ടം കെട്ടി. അത് കഴിഞ്ഞ് അമീർ ചോദിച്ചു.
“ദിവസവും ഉച്ചക്ക്  രണ്ടു മണിക്കൂറ്, വൈകീട്ട് നാലു മണിക്കൂറ്. ഇവിടെ വന്ന് ജനറേറ്റർ ഓടിക്കണം. എന്തു തരണം നിങ്ങൾക്കതിന്...?”
അമീറിന്റെ ആ ഇടിവെട്ട് ചോദ്യത്തിന് മറുപടി പറയാതെ ഞങ്ങൾ പരുങ്ങി.
‘ഒന്നും വേണ്ട ഞങ്ങൾ ചെയ്തോളാം..’ എന്നു പറയാനായി നാവെടുത്തതാ. അപ്പോഴേക്കും അമീറിന്റെ അടുത്ത ചോദ്യം വന്നു.
“നിങ്ങൾ എത്ര പേരുണ്ട് ജോലിക്ക്...?”
“മൂന്നു പേർ..”
അമീർ എന്തോ കണക്കു കൂട്ടിയിട്ട് പറഞ്ഞു.
“ ഒരാൾക്ക് നൂറ്റമ്പത് റിയാൽ വച്ച് നാനൂറ്റമ്പത് റിയാൽ തരാം. നിങ്ങൾ മൂന്നു പേരും മാറിമാറി വന്ന് ചെയ്താൽ മതി. സമയമൊക്കെ മുഹമ്മദ് പറഞ്ഞു തരും...”
“ശരി സാർ... വളരെ നന്ദി സാർ..”
ഞങ്ങൾ സലാം പറഞ്ഞ് പിരിഞ്ഞു.
സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഒന്ന് തുള്ളണമെന്നുണ്ടായിരുന്നെങ്കിലും അമീറാഫീസ്സായതു കൊണ്ട് മാത്രം വളരെ കഷ്ടപ്പെട്ട് ഞങ്ങൾ സന്തോഷത്തിരത്തള്ളൽ അടക്കി.

 ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


ബാക്കി ഫെബ്രുവരി -15ന്.......

Wednesday, 15 January 2014

നോവൽ. മരുഭൂമി. (8)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....


വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല....

                             പോസ്റ്റുമാൻ ആ വണ്ടിയിൽ കയറി ജനലും വാതിലും എല്ലാം തുറന്നു വച്ച് കാറ്റും വെളിച്ചവും കടക്കാൻ സൌകര്യമൊരുക്കി. അന്നേരമാണ് ഞങ്ങൾ കുറേ കത്തുകളുമായി ഓടിക്കയറി ചെല്ലുന്നത്.  അവന്റെ കയ്യിൽ കത്തുകൾ കൊടുത്തപ്പോൾ ചിരിച്ചു കൊണ്ടതു വാങ്ങി ഒരു ഫയലിനുള്ളിൽ വച്ചു. ഞാൻ ചോദിച്ചു.
“ ഇത് പോസ്റ്റാഫീസാണോ...?”
“ങൂം.. അതെ.. ”
“എന്നിട്ടിതുവരെ തുറക്കുന്നത് കണ്ടിട്ടില്ലല്ലൊ...?”
“ഇവിടെ എങ്ങനെ ഇരിക്കും.. കണ്ടില്ലേ.. ഈ ചൂടത്ത് എങ്ങനെ ഇവിടെ ഇരിക്കും.. ?”
ശരിയായിരുന്നു. ഇതിനകത്ത് ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. അതുകാരണം
അവൻ പോകാനായി തെയ്യാറെടുത്തു. അന്നേരമാണ് അതിനകമെല്ലാം തുറന്നു കാണുന്നത്.
ഏസി ഫിറ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം അതിനകത്തുണ്ട്.
ഞാൻ ചോദിച്ചു
“ നീ ഏസി കൊണ്ടു വരാമോ...?”
“എന്നിട്ടെന്തിനാ...?”
“എങ്കിൽ അതോടിക്കാനുള്ള കറണ്ട് ഞങ്ങൾ തരാം...!”
അതു കേട്ട് അവൻ ഞങ്ങളെ മാറിമാറി നോക്കി. എന്നിട്ട് ചോദിച്ചു.
“നിങ്ങളെവിടെന്ന് കറണ്ട് തരും....?”
“ഞങ്ങളാ.. ആശുപത്രിയിൽ കറണ്ടുണ്ടാക്കുന്നവർ...!”
“അതിന് മുഴുവൻ സമയവും കറണ്ടുണ്ടോ...?”
“ങൂം... ഇരുപത്തിനാലു മണിക്കൂറും ഉണ്ട്..!”
അതും പറഞ്ഞ് ഞങ്ങൾ ഒന്ന് ഞെളിഞ്ഞു നിന്നു. അവനതിനെക്കുറിച്ച് അറിവില്ലായിരുന്നു.
ഞാൻ വീണ്ടും ചൊദിച്ചു.
“ഏസിയുടെ കാര്യം നീ ഏറ്റോ...?”
അവിശ്വസിനീയതോടെ ആണെങ്കിലും അവൻ ശരിയാക്കാമെന്നേറ്റു.
“എങ്കിൽ നീ കുറച്ചു നേരം കൂടി നിൽക്കുമോ...? ഞങ്ങൾ മാനേജർ ഉമ്മറിന്റെ അനുവാദം കിട്ടുമോന്നു നോക്കട്ടെ....”
“ശരി.. ഞാൻ കാറിനകത്തിരിക്കാം. നിങ്ങൾ ചോദിച്ചിട്ട് വാ...”

ഞങ്ങൾ പറന്നു...
നടക്കാനുള്ള ഒരു മൂടായിരുന്നില്ല....
സെയ്മയിൽ ഒരു പോസ്റ്റാഫീസുണ്ടാകുന്നത് ചില്ലറക്കാര്യമാണോ....?
ഓടി ഉമ്മറിന്റെ മുറിയിൽ കയറിയപ്പോഴേക്കും ഞങ്ങൾ നന്നായി അണച്ച്, വിയർത്ത് കുളിച്ചിരുന്നു. വേഗം തന്നെ ഉമ്മറിനോട് കാര്യങ്ങളുടെ കിടപ്പൊന്നു മനസ്സിലാക്കിക്കൊടുത്തു.
കത്തു കിട്ടാത്ത ഞങ്ങളുടെ അവസ്ഥയൊന്നും അവനു മനസ്സിലാവില്ലെങ്കിലും, കറണ്ടു കൊടുക്കാൻ വിരോധമില്ലെന്നവൻ പറഞ്ഞു.
“പക്ഷെ, ഈ മതിൽക്കെട്ടിനകത്തു മാത്രമേ എനിക്കധികാരമുള്ളു. ഇതിനു പുറത്തു കറണ്ടു കൊടുക്കണമെങ്കിൽ 'അമീറിന്റെ' അനുവാദം വേണം. അവരുടെ ഗേറ്റിന്റെ മുൻപിൽ തന്നെ ആയതു കൊണ്ട് ഒളിച്ചും മറ്റും കൊടുക്കാനാവില്ല. അമീറിനോട് ഞാൻ ചോദിക്കില്ല...”
അതും പറഞ്ഞ് ഉമ്മർ കൈമലർത്തി.

ഇതുവരെ ഒരു പരിചയവുമില്ലാത്ത അമീറിന്റടുത്ത് ആരു പോയി ചോദിക്കും.
അതും കളക്റ്ററല്ലെ അദ്ദേഹം.. അങ്ങനെ നേരെ ചൊവ്വെ അങ്ങ് കയറിച്ചെല്ലാനൊക്കുമോ...? സ്വദേശിയായ  ഉമ്മർ വരെ ഭയത്തോടെ നോക്കുന്ന ഒരാളെ....!?

നാട്ടിലായിരുന്നെങ്കിൽ എന്തുമാത്രം നൂലാമാലകളായിരിക്കും ഇങ്ങനെയൊന്നു സാധിച്ചെടുക്കാൻ. എത്രയോ ദിവസം അതിനായി കഷ്ടപ്പെടണം. ഇതിനായി നാട്ടുകാരുടെ ഒരു സംഘടന തന്നെ രൂപീകരിക്കേണ്ടി വരും. പിന്നെ അതിന്റെ പിരിവ്. നേതാക്കളാകാൻ രാഷ്ട്രീയക്കാർ തന്നെ വേണം. ഇല്ലെങ്കിൽ കാര്യം നടക്കില്ല. അവര് പാര വക്കും. എന്റെ ചിന്തകൾ കാടു കയറുമ്പോൾ അബ്ദുൾ ധൃതി കൂട്ടി.
“ഏതായാലും ആ പോസ്റ്റ്മാന്റടുത്ത് നമുക്ക് വിവരം പറയാം..”
അതാണ് നല്ലതെന്ന് എനിക്കും തോന്നി.
ഞങ്ങൾ ഓടിച്ചെന്ന് അവന്റടുത്ത് വിവരം പറഞ്ഞു. അവൻ ഒന്നാലോചിച്ചു.
“അമീറവിടെ ഉണ്ടാവുമോ...?”
ഞങ്ങൾ കൈ മലർത്തിക്കാണിച്ചു.
അവൻ വണ്ടിയിൽ പരതി ഒരു കത്തെടുത്ത് കയ്യിൽ പിടിച്ചിട്ട് വണ്ടിയെടുത്തു. പോണവഴി അവൻ പറഞ്ഞു.
“ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ...”
അതുകേട്ട് ഞങ്ങൾ വണ്ടി തടഞ്ഞിട്ട് പറഞ്ഞു.
“സമ്മതിച്ചാൽ ഉമ്മറിന്റടുത്ത് ഫോൺ ചെയ്ത് പറയാൻ പറയണം...”
അവൻ തല കുലുക്കിയിട്ട് വണ്ടി വിട്ടു....

അവൻ തിരിച്ചു വരുന്നതും കാത്ത് ആ പെരും വെയിലും കൊണ്ട് ഞങ്ങൾ വിയർത്ത് കുളിച്ചു നിന്നു. അര മണിക്കൂറെങ്കിലും ആ വെയിൽ ഞങ്ങൾ കൊണ്ടിരിക്കണം. അമാറയിൽ നിന്നും അവന്റെ വണ്ടി ഗേറ്റ് കടക്കുന്ന നേരത്താണ് ആശുപത്രിക്കകത്തു നിന്നും ഉസ്മാന്റെ വിളി വന്നത്.
“എടാ.. അമീറ് സമ്മതിച്ചു....!!”
കേട്ടതും ഞങ്ങൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെ പരസ്പ്പരം കെട്ടിപ്പിടിച്ചു...
അപ്പോഴേക്കും പോസ്റ്റുമാൻ അടുത്തെത്തിയതും സന്തോഷ സൂചകമായി ഞങ്ങൾക്ക് കൈ തന്നു. നാളെ ഏസിയുമായിട്ട് വരുമ്പോൾ  കൂടെ ഒരു അമ്പതു മീറ്റർ വയറും കൊണ്ടു വരണമെന്നും ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ ആ സന്തോഷത്തിനു പകരം വക്കാൻ മറ്റൊന്നില്ല....!
മറ്റൊരു രാജ്യത്തു ചെന്ന് അവിടെ ഒരു പോസ്റ്റാഫീസ് ഉണ്ടാക്കുകയെന്നു പറഞ്ഞാൽ, അല്ലെങ്കിൽ ഒരു പോസ്റ്റാഫീസിന് ജീവൻ കൊടുക്കാൻ ഞങ്ങൾ കാരണമാകുകയെന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ..?
അതു പോലും ഞങ്ങളുടെ ജീവൽ പ്രശ്നമാകുമ്പോൾ...!

പിറ്റേ ദിവസം അവൻ സർവ്വ സന്നാഹങ്ങളുമായി വന്നു. ആദ്യം ഏസി ഫിറ്റാക്കി. അപ്പോഴേക്കും കൂട്ടുകാർ വയർ വലിച്ചിട്ടു. പിന്നെ കണക്ഷൻ കൊടുത്തു. ഏസി ഓണാക്കിയതിനു ശേഷം ഞങ്ങൾ പോസ്റ്റാഫീസിനകത്തെ മുഴുവൻ പൊടിയും തുടച്ച് വൃത്തിയാക്കിക്കൊടുത്തു. അതിനിടക്ക് അവൻ ഫ്ലാസ്ക്കിൽ കൊണ്ടു വന്നിരുന്ന ചായ ഞങ്ങൾക്ക് തരുന്നുണ്ടായിരുന്നു. അത് തീർന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ചു വച്ചു.
പറഞ്ഞ നേരം കൊണ്ട് എല്ലാം റെഡിയായപ്പോഴേക്കും ഉച്ചയായി.
പിന്നെ ഞങ്ങൾ പിരിഞ്ഞു.

പോസ്റ്റാഫീസിന്റെ പ്രവർത്തനം മുടങ്ങാതെ നടന്നപ്പോൾ  ഞങ്ങൾ അവനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.
ഫോൺ ചെയ്യാനൊരു സൌകര്യം...?
നമ്മുടെ നാട്ടിലൊക്കെ  പോസ്റ്റാഫീസിലാണല്ലൊ ഫോൺ സൌകര്യം ആദ്യം വന്നത്. അത് ഓർമ്മിച്ചിട്ടാണ് ഞങ്ങൾ പറഞ്ഞത്.
“പോസ്റ്റാഫീസ്  അധിക സമയവും പ്രവർത്തിക്കാത്തതു കൊണ്ട് ഇതിനകത്ത് കിട്ടില്ല. പകരം നിങ്ങൾക്ക് അതിനുള്ള സൌകര്യം ഉടനെ വരുന്നുണ്ട്. ഇവിടെ എവിടെയാണെന്നറിയില്ല, ഈ സ്ഥലത്ത് ഹൈവേയിൽ ഒരു പബ്ലിക് ഫോണിനുള്ള ചാൻസ് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ചിലപ്പോൾ ആ പള്ളിയുടെ മുന്നിലാകാം..!”

ഞങ്ങൾക്ക് ആർക്കും വീട്ടിലോ നാട്ടിലോ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു തന്നെ അകലെ ഒരു വീട്ടിലാണ്. അവിടെ വിളിച്ചു പറഞ്ഞ്, അവിടന്നാരെങ്കിലും പോയി വിളിച്ചു കൊണ്ടു വന്നിട്ടു വേണം സംസാരിക്കാൻ. അതൊക്കെ വല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രമേ വിളിക്കാൻ പറ്റൂ. ഞങ്ങളുടെ നാട്ടുകാർ പലരും സൌദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞാൽ നാട്ടു വിശേഷങ്ങൾ അറിയാൻ കഴിയും. അതായിരുന്നു ഒരു പ്രതീക്ഷ...

പോസ്റ്റാഫീസ് ദിനവും തുറന്നെങ്കിലും ഞങ്ങൾക്കാർക്കും കത്തുകൾ ഒന്നും വരികയുണ്ടായില്ല. കത്തയച്ചാൽ ഒരാഴ്ചക്കുള്ളിൽ നാട്ടിൽ നിന്നും മക്കയിൽ എത്തുമെങ്കിലും, മക്കയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലമുള്ള ഞങ്ങൾക്കെത്താൻ പതിനഞ്ചു ദിവസം പിന്നേയും പിടിക്കും. ഇംഗ്ലീഷിലെഴുതിയ കത്തുകൾ വായിക്കാൻ മക്കയിലെ ഓഫീസിൽ ആരുമില്ലാത്തതാണ് കാരണമെന്നാണ് ഇവൻ പറയുന്നത്. കത്തു കിട്ടാൻ പഴയതു പോലെ രണ്ടും മൂന്നും മാസത്തിൽ നിന്നും ഒരു മാസത്തിലേക്ക് ചുരുങ്ങിയതും ഇവന്റെ കൂടി സഹായം കൊണ്ടാണ്. അതും ചില്ലറക്കാര്യമല്ലല്ലൊ.

കാറ് കഴുകിക്കൊടുത്ത് കിട്ടുന്നതും, ഇടക്കിടക്ക് ഗ്രാമത്തിലെ ചെറിയ പണികൾ ചെയ്തും പട്ടിണിയില്ലാതെ കഴിയുമ്പോഴാണ് ആ മൂന്നാമന്റെ വരവ്. സ്ഥലം മാറിപ്പോയ സുരേന്ദ്രനു പകരം കൊണ്ടു വന്ന സച്ചിദാനന്ദൻ എന്ന സച്ചി.
അവനെ കൊണ്ടു വന്ന ഫിലിപ്പൈനി എൻ‌ജിനീയർ റോജർ റോത്ത ഞങ്ങൾക്കുള്ള ഒരു മാസത്തെ ശമ്പളവുമായാണ് വന്നത്...!
ശമ്പളത്തിൽ നിന്നും ആ ദുഷ്ടന്മാർ നല്ലൊരു തുക കട്ട് ചെയ്തിരുന്നു. കാരണം ഞങ്ങൾ വന്നപ്പോൾ തന്ന കട്ടിൽ,ബെഡ്,ഗ്യാസ്, പാത്രങ്ങൾ മുതലായ സ്ഥാവരജംഗമസ്വത്തുക്കളുടെ വില ഞങ്ങളിൽ നിന്നും ഈടാക്കാൻ തുടങ്ങി. അതും ആദ്യ ശമ്പളത്തിൽ രണ്ടു ഗഡു ഒന്നിച്ച്  വെട്ടിക്കുറച്ചതാണ് സങ്കടമായത്.
പരാതി പറയാൻ തൊട്ടടുത്ത് മുതലാളിമാരില്ലല്ലൊ. ഫോണിൽ പറയുന്ന പരാതിക്ക് എന്തു വില..?
“എന്തായാലും ഈ ദാരിദ്ര്യക്കടലിലേക്ക് എന്തിനാടാ മോനേ നീയും കടന്നു വന്നേ...?”
എന്ന് പുതിയ ഞങ്ങളുടെ പങ്കാളിയോട് ചോദിക്കാതിരിക്കാനായില്ല.
കിടക്കട്ടെ... അവനും കിടക്കട്ടെ...
ഇതൊക്കെ അനുഭവിക്കാൻ യോഗമുള്ളവരാണല്ലൊ നമ്മൾ പ്രവാസികൾ...!

അത് കഴിഞ്ഞൊരു ദിവസം എന്നേയും സച്ചിയേയും ആ  ഗ്രാമത്തിലെ ഒരു അറബി വന്ന് നിർബ്ബന്ധപൂർവ്വം രാത്രിയിൽ കൂട്ടിക്കൊണ്ടു പോയതാണ്.  അവന്റെ വീടിന്റെ പുറത്ത് നിന്ന്, ടോർച്ചിന്റെ വെളിച്ചത്തിൽ ഏസി നന്നാക്കിക്കൊണ്ടിരിക്കേ ഒരു വണ്ടി ഞങ്ങളുടെ തൊട്ടടുത്ത് സഡൻ ബ്രേക്കിട്ട് നിറുത്തുന്നതിന്റെ ശബ്ദം കേട്ടു.  പെട്ടെന്ന് ഞങ്ങൾ തിരിഞ്ഞതും അതൊരു പോലീസ് വണ്ടിയാണെന്നു കണ്ട് ഞെട്ടി...!
ഭാഗ്യത്തിന് വീട്ടുടമസ്ഥൻ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് ചെന്നു. അവരുടെ സംഭാഷണം ഞങ്ങൾക്ക് കേൾക്കാമായിരുന്നെങ്കിലും അറബിയല്ലാതെ മറ്റൊന്നും പറയാത്തതു കൊണ്ട് ഒന്നും പിടി കിട്ടിയില്ല.
ഇടക്ക്  പോലീസ്സുകാരനും അറബിയും ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നതു കൊണ്ട് സംഗതി ഞങ്ങളെക്കുറിച്ചാണെന്ന് ഉറപ്പായി. ഞാൻ പറഞ്ഞു.
“എടോ... നമ്മളെക്കുറിച്ചാണല്ലൊ... പുറത്തു പോയി ജോലി ചെയ്യാൻ പാടില്ലാത്തതാ....!”
“നമ്മളെ പിടിക്കാൻ വന്നതാവുമോ....?”
“പിടിച്ചാൽ കേറ്റിവിടില്ലേ...?”
“കേറ്റിവിട്ടാലും കുഴപ്പമില്ല...!”
“അതെന്താ.. തനിക്ക് ജോലി വേണ്ടേ...?”
“ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മതിയായി...! എങ്ങനെയെങ്കിലും തിരിച്ചു പോണോന്നാ എനിക്ക്... അതിങ്ങനെയാകുന്നെങ്കിൽ അങ്ങനെയാകട്ടെ....!?”
“എടാ.. ദുഷ്ടാ... എന്റഛൻ സ്ഥല വിറ്റ് കടം വീട്ടാൻ തെയ്യാറെടുക്കാ... അതിനുള്ളിൽ ഞാൻ വെറും കയ്യോടെ കേറിച്ചെന്നാൽ...?”
“നാട്ടിൽ ചെന്ന് ആത്മഹത്യ ചെയ്താലും വേണ്ടില്ല.. ഈ നാട്ടിലെ പണി വേണ്ടാ...!”
അപ്പോഴേക്കും ജീപ്പു വിടുന്ന ശബ്ദം കേട്ടു. തിരിച്ചു വന്ന അറബിയുടെ മുഖത്തേക്ക് ഞങ്ങൾ ദയനീയമായി നോക്കി.
“നിങ്ങൾ പേടിക്കണ്ടാ.... അവർ മക്കയിൽ നിന്നുള്ള പോലീസ്സുകാരാ... ഞാൻ പറഞ്ഞിട്ടുണ്ട്, കുഴപ്പക്കാരല്ല ആശുപത്രിയിലേ ജോലിക്കാരാന്ന്...”
എങ്കിലും ഞങ്ങളുടെ പേടി മാറിയില്ല.

ഏസി ഓടിച്ചു കൊടുത്ത് കാശും തന്ന് ആശുപത്രിയിൽ കൊണ്ടുവന്നാക്കി അവൻ.
വിവരം അറിഞ്ഞപ്പോൾ അബ്ദുൾ ഖാദറും പറഞ്ഞു  കുഴപ്പമാണെന്ന്. ഉസ്മാനും മൊയ്തുവും അതൊന്നും കാര്യമാക്കണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കാരണം പിടിക്കണമായിരുന്നെങ്കിൽ അപ്പോൾ തന്നെ ഞങ്ങളെ പിടിച്ചേനേ. അതുണ്ടായില്ലല്ലൊ. അതുകൊണ്ട് ഇനി പേടിക്കാനില്ല. ഞങ്ങളും അത് വിശ്വസിച്ച് കിടന്നുറങ്ങി....
വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലൊ...!?

നേരം വെളുത്ത് പത്തു മണിവരെ കിടന്നുറങ്ങുന്നതാ ഞങ്ങളുടെ സ്വഭാവം. നേരത്തെ എഴുന്നേറ്റിട്ടും മലയൊന്നും മറിക്കാനില്ലല്ലൊ. എങ്ങും പോയി ‘ഹാജർ ബുക്കിൽ’ ഒപ്പിടുകയും വേണ്ട. അബ്ദുൾഖാദർ നേരത്തെ എഴുന്നേൽക്കും. എന്നിട്ട് ആശുപത്രിയിൽ പോയി കൂട്ടുകാരോടും അസ്സർബായിയോടും സൊറപറഞ്ഞിരിക്കും. അന്നെഴുന്നേറ്റതും അബ്ദുൾ ഓടിയെത്തിയിട്ട് പറഞ്ഞു.
“നിങ്ങളോട് രണ്ടാളോടും ഉടൻ അമാറയിലേക്ക് ചെല്ലാൻ ഒരു പോലീസ്സുകാരൻ വന്ന് പറഞ്ഞു....?!”
കേട്ടതും ഞാൻ വിറച്ചു പോയി...
സച്ചി അതുകേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായി...!”
എനിക്ക് ഭയങ്കര ദ്വേഷ്യമാണ് വന്നത്. ഓടിച്ചെന്ന് ആ കിടക്കയിലിട്ട് തന്നെ അവനെ  ചവിട്ടിക്കൊല്ലാനാണ് തോന്നിയത്. അതു കടിച്ചമർത്തി ഞാൻ ചോദിച്ചു.
“ആരാ.. എന്തിനാ... വിളിച്ചേ..?”
“അമീറ് പറഞ്ഞിട്ടാന്നു പറഞ്ഞു ...!?”
 എന്റെ നല്ല ശ്വാസം അതോടെ പോയി....

ഇന്നലത്തെ സംഭവം പോലീസ്സുകാര് റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും.
കയറ്റിവിടാനായിരിക്കും....!?
ഞങ്ങൾ ഉറപ്പിച്ചു. സച്ചി ഉടൻ ചാടിയെഴുന്നേറ്റ് ബാത്ത്‌റൂമിൽ കയറി. ‘കേറ്റി വിട്ടാലും ഞാൻ റെഡി’യെന്നും പറഞ്ഞാണ് കയറിയത്. ഞാൻ നല്ലവണ്ണം വിറക്കാൻ തുടങ്ങി. എനിക്ക് തിരിച്ചു പോകാൻ വയ്യ....
“അയാൾ ആരോടാ പറഞ്ഞത്, തന്നോടാ...?”
ഞാൻ അബ്ദുൾഖാദറിനോട് ചോദിച്ചു.
“ഇല്ലല്ല.. ഉമ്മറാ എന്റടുത്ത് പറഞ്ഞത്... അന്നേരം ഒരു പോലീസ്സുകാരൻ അവിടന്നിറങ്ങി പോകുന്നത് കണ്ടിരുന്നു..”
എന്റെ ഭയം നിറഞ്ഞ മുഖഭാവം കണ്ടിട്ടാകും അബ്ദുൾ പറഞ്ഞു.
“പേടിക്കാനൊന്നുമില്ലെന്നാ എന്റെ മനസ്സ് പറയുന്നത്. അല്ലെങ്കിൽ ഉമ്മർ അതിനേക്കുറിച്ച് എന്തെങ്കിലും പറഞ്ഞേനേ.... തന്നെയുമല്ല, കേസുകൾ വല്ലതുമാണെങ്കിൽ ഉമ്മറിനോട് പറയാതെ ഒന്നും ചെയ്യില്ലല്ലൊ. നമ്മളും ഇവിടത്തെ സ്റ്റാഫുകളല്ലെ...?”
അത് ശരിയാണെന്ന് എനിക്കും തോന്നി. എങ്കിലും പിന്നെന്തിനായിരിക്കും ഞങ്ങളെ രണ്ടാളെ മാത്രം വിളിച്ചത്...?
“അല്ല, അപ്പൊ തന്നെയെന്താ വിളിക്കാഞ്ഞത്....?”
“അതെനിക്കും അറിയില്ല....! അതോണ്ടാ എനിക്ക് ചെറിയൊരു സന്ദേഹം...?
എന്തായാലും വിളിച്ചാൽ ചെല്ലാതിരിക്കാനാവില്ലല്ലൊ... ചെന്നു നോക്ക്.. എന്താണെന്നറിയാമല്ലൊ...”

സച്ചി ഇറങ്ങിയപ്പോൾ ഞാനും ബാത്ത്‌റൂമിൽ കയറി പ്രാഥമിക പരിപാടികളെല്ലാം കഴിച്ചു. പിന്നെ ഇന്നലത്തെ ചോറെടുത്ത് ചൂടാക്കി മോരും അച്ചാറും കലക്കി അടിച്ചിട്ടാണ് ഞങ്ങൾ പോകുന്നത്. ഇനി ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലോ..?

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കേറ്. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

ബാക്കി  ഫെബ്രുവരി 1-ന് തുടരും........

Wednesday, 1 January 2014

നോവൽ. മരുഭൂമി (7)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തി ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് കുറേ കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങളുടെ രക്ഷക്കായി മാനേജരും ഫാർമസിസ്റ്റും ഓടിയെത്തി. വൈകുന്നേരമായപ്പോഴേക്കും ഒരു ജീപ്പിൽ പോലീസ് ചീഫ് പാഞ്ഞെത്തി. നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നു. താമസിയാതെ അത് ധിക്കരിച്ച് നഴ്സുമാരുടെ താമസസ്ഥലത്ത് പോയി തിരിച്ചിറങ്ങിയത് പോലീസ് ചീഫിന്റെ മുന്നിൽ. നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു അത്യാപത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. ശമ്പളം കിട്ടാതായതോടെ ഭക്ഷണത്തിനു പോലും വഴിമുട്ടിയ നേരത്ത് കൂട്ടുകാർ രക്ഷക്കെത്തി......

തുടർന്നു വായിക്കുക....

                                           ഭാര്യയെ വിറ്റ സങ്കടം...

                                        വളരെ കുറഞ്ഞ വരുമാനക്കാരായ ഉസ്മാനും മൊയ്തുവും ആശുപത്രിയിൽ വന്നിരുന്ന സന്ദർശകരുടെ കാറുകൾ കഴുകിക്കൊടുത്തിരുന്നു. ഞങ്ങൾ അതിനടുത്ത് പോയി നിന്ന് അതൊക്കെ കാണുകയും വാചകമടിക്കുകയും മറ്റും ചെയ്തിരുന്നു. അപ്പോഴും ഞങ്ങൾക്ക് അതൊക്കെ ചെയ്യണമെന്നോ കാശുണ്ടാക്കണമെന്നോ ചിന്തിച്ചിരുന്നില്ല. കാരണം ഒന്നാമത് രോഗികൾ വളരെ കുറവാണ്. അതു കൊണ്ട് തന്നെ വണ്ടികളും കുറവ്. മാത്രമല്ല സ്ത്രീ രോഗികളാണ് അധികവും വരാറ്. ആണുങ്ങളായി വയസ്സായവർ മാത്രവും. ഇവരെയൊക്കെ കൊണ്ടു വന്ന് ആശുപത്രിയിലിറക്കി തിരിച്ചു പോകുന്നവരാണ് മിക്കവാറും പുരുഷന്മാർ. ഏതാണ്ടൊരു പിക്നിക്കിനു വരുന്ന മൂടാണ് എല്ലാവർക്കും. കുറച്ചു സമയമെങ്കിലും അവിടെ കിടക്കുന്ന വണ്ടികൾ വളരെ കുറവാണ്.

പിന്നെ ആശുപത്രി ജീവനക്കാരുടെ വണ്ടികളാണ് ഉള്ളത്. ഞങ്ങളുടെ അവസ്ഥ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി നിർദ്ദേശിച്ച പരിഹാരം ഇതായിരുന്നു.
“നിങ്ങളുടെ മുൻവശത്ത് പാർക്ക് ചെയ്യുന്ന വണ്ടികളൊക്കെ നിങ്ങൾ കഴുകിക്കൊടുത്തോ. ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്യുന്ന വണ്ടികൾ ഞങ്ങളും കഴുകിക്കോളാം..!”
അവരുടെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിൽ നിന്നും കുറവു വരുന്ന ആ നിർദ്ദേശം വാസ്തവത്തിൽ ഞങ്ങളുടെ കണ്ണുകൾ നനയിച്ചു.

മാനേജർ ഉമ്മറിന്റേയും ഫാർമസിസ്റ്റ് അസ്സർബായിയുടേയും കാറുകൾ ഞങ്ങളുടെ മുറ്റത്താണ് കിടക്കുന്നത്. കൂടാതെ രോഗികളുടെ കാറുകളും ഇടക്കൊക്കെ കിട്ടിക്കൊണ്ടിരുന്നു. ഉമ്മറും അസ്സർബായിയും ഒരു മാസം കൂടുമ്പോഴാണ് കാശു തരുന്നത്. അപ്രാവശ്യം അവർ ആദ്യമേ തന്നെ തന്നു. അതുകൊണ്ട് ഞങ്ങൾ ഒരു ചാക്ക് മൈദയും മറ്റുള്ള സാധനങ്ങളും വാങ്ങി. ഫ്രിഡ്ജില്ലാതിരുന്നത് കൊണ്ട് ഇറച്ചിയോ മീനോ ഒന്നും സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം കോഴിയും കുപ്പൂസുമായിരുന്നു...!

ആദ്യമാദ്യം കുപ്പൂസ് തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല. കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. വന്ന ആദ്യ ദിവസങ്ങളിൽ ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല. ചെവി പരിസരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഇത് മൂന്നാം മാസമാണ് ഇവിടെ വന്നിട്ട്. മുറിയിൽ ഒന്നും ചെയ്യാനില്ലാതെ കിടക്കുമ്പോഴാണ് മൊയ്തുവിന്റെ ഫോൺ. കേട്ടതും എഴുന്നേറ്റ് ഓടുകയായിരുന്നു ഞങ്ങൾ. പോസ്റ്റാഫീസിന്റെ വണ്ടി വരുന്ന വിവരമായിരുന്നു ആ വാർത്ത...!
ഞങ്ങൾ മുറ്റത്ത് എത്തിയപ്പോഴേക്കും പോസ്റ്റാഫീസിന്റെ ഒരു കുഞ്ഞു മഞ്ഞ വണ്ടി അവിടം വിട്ടിരുന്നു. അത് ആശുപത്രിയെ ഒന്നു വലം വച്ച് ഗേറ്റ് കടന്നു പോകുന്നത് ഓട്ടത്തിനിടയിൽ കണ്ടിരുന്നു.

ആശുപത്രിയിലെത്തുമ്പോഴേക്കും മൊയ്തു ഞങ്ങൾക്കുള്ള കത്തുമായി പുറത്തു വന്നു. ഞങ്ങൾക്ക് ഓരോ കത്തു മാത്രം. അതു കിട്ടിയപ്പോഴേ ഉമ്മകൾ കൊണ്ട് മൂടി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതിരിക്കാനായി വേഗം മുറിയിലേക്ക് തിരിഞ്ഞോടി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കത്ത് നെഞ്ചിൽ കൂട്ടിപ്പിടിച്ച്, ഹൃദയത്തോട് ചേർത്തു വച്ച് കട്ടിലിൽ വന്നു വീണ് കമിഴ്ന്നു കിടന്ന് കരഞ്ഞു. അടക്കാനാവാത്ത സന്തോഷം, എന്തിനെന്നറിയാതെ വെറുതെ കരഞ്ഞു തീർത്തു.

ഹൃദയമിടിപ്പിന്റെ താളം ഒന്നു നേരെ ചൊവ്വെ ആയിട്ടേ കത്ത് തുറന്നുള്ളു. അഛന്റെ കത്തായിരുന്നു. മറുപുറത്തെ അഛന്റെ പേരെഴുതിയിടത്ത് ഒരു മുത്തം കൂടി കൊടുത്തിട്ടേ കത്തു തുറന്നുള്ളു. അപ്പോഴേക്കും കട്ടിലിൽ ചുമരും ചാരിയിരുന്ന് കത്ത് പൊട്ടിച്ച് വായിച്ച അബ്ദുൾ ഖാദർ കമിഴ്ന്നടിച്ച് കട്ടിലിൽ വീണ് തലയിണയിൽ തലതല്ലിക്കരയുന്നു...!

ഞാൻ വിചാരിച്ചത്, അയാളുടെ ആരെങ്കിലും വേണ്ടപ്പെട്ടവർ ഇതിനകം മരിച്ചു പോയിരിക്കുമെന്നാണ്. ഓടിച്ചെന്ന് അവനെപ്പിടിച്ചുയർത്തി കാര്യം തിരക്കി.
അവൻ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“ഹേയ് ആരും മരിച്ചതൊന്നുമല്ല. എന്റെ ഓട്ടോറിക്ഷാ... ബാപ്പ വിറ്റു...!”

ഓട്ടോറിക്ഷയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത് എന്റെ ഓർമ്മയിലെത്തി. പുതിയത് വാങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഭാര്യയുടെ പേരായിരുന്നു ഓട്ടോക്ക് പേരിട്ടത്. ഇങ്ങോട്ടു പോരാൻ പണം തികയാതെ വന്നപ്പോൾ ഒരു കൂട്ടുകാരന് പണയത്തിന് ഓടിക്കാൻ കൊടുത്തിട്ടാണ് പോന്നത്. മൂന്നു മാസത്തെ കാലാവധിയായിരുന്നു പറഞ്ഞിരുന്നത്.
അത് തീരുന്നതിനു മുൻപേ ബാപ്പ അയാൾക്ക് തന്നെ കൊടുത്ത് കിട്ടിയ കാശ് വാങ്ങിയത്രെ. കാരണം ഇതിനകം തന്നെ രണ്ടു പ്രാവശ്യം ഇടിച്ച് നാശനഷ്ടം വന്നിരുന്നു. ഇനിയും അയാളത് കൊണ്ടു നടന്നാൽ ഒന്നും കിട്ടാനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ബാപ്പയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഭാര്യയുടെ ആഭരണങ്ങൾ വിറ്റിട്ടാണ് ഓട്ടോറിക്ഷ വാങ്ങിയത്.
എന്നിട്ടിപ്പോൾ തന്റെ ഭാര്യയെ വിറ്റതു പോലെയായി...!
അതാണ് തല തല്ലിക്കരയാൻ കാരണം.

അയാളെ ആശ്വസിപ്പിച്ചെങ്കിലും എന്റെ കത്ത് തുറന്നു നോക്കാനുള്ള ധൈര്യം അതോടെ നഷ്ടമായി. ഞാനാ കത്ത് കട്ടിലിലിട്ടിട്ട് ചായയുണ്ടാക്കി. ഒരു ഗ്ലാസ് അബ്ദുൾ ഖാദറിനും കൊടുത്തു. രണ്ടു കവിൾ കുടിച്ചിട്ടാണ് കത്ത് തുറന്നത്.
ബന്ധുക്കളുടേയും കൂട്ടുകാരുടേയും മറ്റും ആഭരണങ്ങൾ വാങ്ങി പണയം വച്ചിട്ടാണ് ഞാനും പൈസ കൊടുത്തത്. കത്തിൽ പക്ഷേ, തലതല്ലിക്കരായാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധുവിന്റെ മകളുടെ കല്യാണം ശരിയായിട്ടുണ്ട്. ഉടനെ കാണുമെന്നായിരുന്നു കത്തിൽ. കല്യാണപ്പെണ്ണിന്റെ ആഭരണം പണയം വച്ച കൂട്ടത്തിലുണ്ടായിരുന്നു.

അടുത്തൊരു വാചകം ആശ്വസിപ്പിക്കാനായി അഛനെഴുതിയിരുന്നു.
‘നീയവിടെ വിഷമിക്കുകയൊന്നും വേണ്ട. ഒരു നിവർത്തിയുമില്ലാതെ വന്നാൽ നമ്മുടെ നെൽക്കണ്ടം വിറ്റ് കടങ്ങളൊക്കെ വീട്ടിക്കോളാം.’
അതും ഒരു സങ്കടം തന്നെയാണ്. മൂന്നു മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയാൽ തീർക്കാവുന്ന കടമേയുള്ളു. എങ്കിലും അതെന്നു കിട്ടുമെന്നു വിചാരിച്ചാണ് വിൽക്കരുതെന്ന് പറയുക. മറുപടിയിൽ ഞാനെഴുതി. അവസാനം മാത്രമേ വിൽക്കാവൂ. അതുവരേക്കും കാത്തിരിക്കണം...
ഈ മറുപടിക്കത്ത് അവിടെ കിട്ടാൻ ഇനിയുമൊരു രണ്ടോ മൂന്നോ മാസം വേണ്ടി വന്നാൽ...?

കത്തു മുഴുവൻ വായിച്ചപ്പോഴേക്കും വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. ഞാൻ കട്ടിലിൽ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അബ്ദുൾ ഖാദറിന്റെ കൂർക്കം വലി കേൾക്കായി. പാവം സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഉറങ്ങിപ്പോയെന്നു തോന്നുന്നു.

അതിനിടക്ക് ഒരു ദിവസം അസ്സർബായിയുടെ ഏസി കേടായി. എന്നോട് നോക്കാമോയെന്നു ചോദിച്ചു. ഒരു പരിചയവുമില്ലാത്ത സാധനമാണ്. അദ്യമായിട്ട് തൊട്ടടുത്ത് കാണുന്നതു തന്നെ ഈ മുറിയിലെ ഏസിയാണ്. ഇതുവരെ അതിന്റെ ഉള്ളൊന്നും കണ്ടിട്ടില്ല. എന്നാൽ പുസ്തകം നോക്കി പഠിച്ചിട്ടുണ്ടു താനും. ശരി, നോക്കിക്കളയാമെന്ന് തന്നെ തീരുമാനിച്ചു.

അന്നുച്ചക്ക് അസ്സർബായി ഊണു കഴിക്കാൻ പോയപ്പോൾ ഞാനും ഉസ്മാനും കൂടെപ്പോയി. ആദ്യമായിട്ടാണ് ആ ഗ്രാമത്തിൽ കാലു കുത്തുന്നത്...
കാഫറുങ്ങളെ നേരിൽ കാണാൻ തിരക്കു കൂട്ടിയ കുട്ടികളുടെ നാട്...!
അവരെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. എങ്കിലും അസ്സർബായിയുണ്ടല്ലൊ കൂട്ടിനെന്ന ധൈര്യമായിരുന്നു.  പഴയ മണ്ണിഷ്ടിക വച്ച് പണിത വീടുകളായിരുന്നു അധികവും. തേച്ച് മിനുപ്പിച്ച് പെയിന്റടിച്ചതൊന്നും കണ്ടില്ല. എല്ലാം ഓടു മേഞ്ഞവ തന്നെ.
ഏതാണ്ട് ‘ഗല്ലി’കളിൽക്കൂടി സഞ്ചരിക്കുന്നതു പോലെ തോന്നി.

വളഞ്ഞും തിരിഞ്ഞും കൂറച്ചു കൂടി ചെന്നപ്പോൾ ഒന്നു രണ്ട് കോൺക്രീറ്റ് വീടുകളും കണ്ടു. നല്ല പൊക്കത്തിൽ മതിലു കെട്ടിയ, (നമ്മുടെ നാട്ടിലാണെങ്കിൽ അത്രയും പൊക്കത്തിൽ മതിലു കെട്ടിയാൽ അയൽ‌പ്പക്കക്കാർ വായു സഞ്ചാരം മതിലു കെട്ടി തടഞ്ഞെന്നു പറഞ്ഞ് കേസു കൊടുത്തേനെ..!) മഞ്ഞച്ചായമടിച്ച, ലൈറ്റുകളൊക്കെ പിടിപ്പിച്ച ഒന്നു രണ്ടു വീടുകളും കണ്ടു. അതിലൊന്നു ചൂണ്ടിക്കാട്ടി ഉസ്മാനാണ് പറഞ്ഞത് ‘അതാണ് അമീറിന്റെ വീട്’

തൊട്ടപ്പുറത്ത് മറ്റൊന്നും കണ്ടു. മതിലുണ്ടെങ്കിലും ലൈറ്റൊന്നും പടിപ്പിച്ചിട്ടില്ല. കോൺക്രീറ്റാണെങ്കിലും പെയിന്റൊന്നും ചെയ്തിട്ടില്ല. അതാണത്രെ നമ്മുടെ അമീറിന്റെ ചേട്ടൻ  ‘പോലീസ് മുഹമ്മദി’ന്റെ വീട്. അതിനടുത്തായിരുന്നു അസ്സർബായിയുടെ വീട്. പുറമേ  തേക്കാത്ത വീടായിരുന്നെങ്കിലും അകത്ത് വെള്ള തേച്ചിരുന്നു. ഭാര്യയും നാലഞ്ചു കുഞ്ഞു കുട്ടികളും. എല്ലാം ഒരേ പൊക്കത്തിലുള്ള പെൺക്കുട്ടികൾ. എന്റെ സംശയം ഞാൻ ഉസ്മാന്റെ ചെവിയിൽ ചോദിച്ചു.
“ഇതെല്ലാം ഒരേ പ്രസവത്തിൽ ഉണ്ടായതാണൊ..?”
ഉസ്മാൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
“ഹേയ്... എല്ലാത്തിനും ഓരോ കൊല്ലത്തെ വ്യത്യാസമേയുള്ളു. അതുകൊണ്ടാ അങ്ങനെ തോന്നണെ..”

ഉസ്മാനോട് കുട്ടികളെല്ലാം നല്ല പരിചയഭാവം കാണിച്ചു. മൂത്ത കുട്ടി ഉസ്മാന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. എന്നിട്ട്  എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. എന്നേക്കുറിച്ച് എന്തോ ആണെന്ന് എനിക്ക് മനസ്സിലായി. അതിന് മറുപടിയായി ഉറുദുവിൽ ഉസ്മാൻ പറഞ്ഞു കൊടുത്തു. കുട്ടി അത് കേട്ട് ഓടിപ്പോയി.
“നീ പള്ളീൽ പോകൂല്ലേന്നാ ചോദിച്ചത്. അതെന്താ പോകാത്തെ...?  ഞാൻ പറഞ്ഞു. അവരു പള്ളീൽ പോകും. പക്ഷെ, നമ്മുടെ പള്ളിലല്ല. അവരുടെ പള്ളി അവരുടെ നാട്ടിലേയുള്ളു. ഇവിടെയില്ല... അപ്പൊ അതിനു ഓർമ്മ വന്നു. എന്നിട്ട് പറയാ... ങാ... ഞങ്ങടെ കറാച്ചിയിലുണ്ട് ആ പള്ളി...”

കൂൾഡ്രിങ്സ് തന്നതിനു ശേഷമാണ് ഏസി കേടായ മുറി കാണിച്ചു തന്നത്. പക്ഷെ, അത് ആശുപത്രിയിലുള്ള തരം ഏസി ആയിരുന്നില്ല. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്ന ‘എയർ കൂളർ’ ആയിരുന്നു. അങ്ങനെയൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ മുഴുവൻ ഭാഗവും മുറിയുടെ വെളിയിലാണ് ഉറപ്പിക്കുന്നത്. സ്വിച്ചും കാറ്റ് വരാനുള്ള ദ്വാരവും മാത്രമേ അകത്തു നിന്ന് കാണാനൊക്കൂ.

പുറത്തിറങ്ങി അതിന്റെ പ്രവർത്തനം ആദ്യം തന്നെ മനസ്സിലാക്കി. എത്ര ലളിതമായ ഉപകരണമാണ് ഇത്. ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ഇവർ ഇതു കൊണ്ട് ജീവിക്കുന്നുവെങ്കിൽ, അത്രയൊന്നും ചൂടില്ലാത്ത, വെള്ളം ധാരാളമുള്ള നമ്മൾക്ക് ഏറ്റവും ചെലവു കുറഞ്ഞ ഈ ഏസി സംവിധാനം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ...?

ഫാൻ കറക്കാനായി കാൽ എച്ച്.പിയുടെ ഒരു മോട്ടോറും വെള്ളം പമ്പു ചെയ്യാൻ ഒരു കുഞ്ഞു പമ്പും മാത്രമാണ് പ്രധാനഭാഗം. നമ്മളും പണ്ട് ഉപയോഗിച്ചിരുന്നു ഈ തത്വത്തിൽ ഉപയോഗിക്കുന്ന ഒരു സാധനം. ആശാന്റെ കവിതയിൽ പറയുന്നതു പോലെ
‘രാമച്ച വിശറികൊണ്ടോമൽ കൈവള കിലുങ്ങുമാറു....’ അതെ.. രാമച്ചത്തിൽ ഉണ്ടാക്കിയ വിശറി വെള്ളത്തിൽ നനച്ചു വീശിയാൽ, എത്ര സുഖകരമായ, ആരോഗ്യകരമായ തണുത്ത കാറ്റാണ് കിട്ടുക...!

ഞാൻ ചിന്തയിൽ നിന്നുണർന്നു. കാരണം നന്നായി വിയർക്കുന്നുണ്ടായിരുന്നു. അതിന്റെ ഫാനിന്റെ വേഗത നിയന്ത്രിക്കാനുള്ള സ്വിച്ച് കേടായിരുന്നു. തൽക്കാലം നേരിട്ട് കൊടുത്ത്  പ്രവർത്തിപ്പിച്ചു. എത്ര സുഖമുള്ള കാറ്റാണ് കിട്ടുന്നത്. സ്വിച്ച് വാങ്ങണമെങ്കിൽ മക്കയിൽ പോകണം. അതുവരേക്കും ഇങ്ങനെ ഓടട്ടേയെന്ന് വച്ചു.

ആ ഗ്രാമത്തിൽ കറണ്ടൊന്നുമില്ല. ഗ്രാമവാസികളെല്ലാം ചേർന്ന് ഇടത്തരം ജനറേറ്റർ വാങ്ങി വച്ചിരിക്കുകയാണ്. പകൽ ഉച്ചക്ക് മാത്രമേ ഓടിക്കൂ. രാത്രിയിൽ മുഴുവനും ഉണ്ടാകും. അത് ഓടിക്കാനായി ഒരു പാക്കിസ്ഥാനിയെ വച്ചിട്ടുണ്ട്. അയാളുടെ ശമ്പളവും ജനറേറ്ററിന്റെ ചിലവുകളും അതാതു മാസം പിരിവെട്ടെടുക്കും.

അസ്സർബായിയുടെ എയർ കൂളർ നന്നാക്കിയതോടെ ഏസി നന്നാക്കാൻ അറിയാവുന്ന ആളാണ് ആശുപത്രിയിൽ വന്ന ‘കാഫർ’ എന്ന വാർത്ത ഗ്രാമമാകെ പരന്നു...!
മുൻപ് അങ്ങനെയൊരാൾ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. ഈ പണിയെല്ലാം മക്കയിൽ നിന്നും ആളെ കൊണ്ടുവന്ന് കമ്മീഷൻ വാങ്ങി മുടിചൂടാമന്നനെപ്പോലെ ചെയ്യിച്ച്, തോന്നിയ പോലെ റിയാൽ ചോദിച്ചു വാങ്ങിയിരുന്ന പാക്കിസ്ഥാനിയുടെ നെഞ്ചിടിപ്പ് കൂട്ടിയതിൽ അത്ഭുതമില്ലല്ലൊ. പാക്കിസ്ഥാനി പാരയായി മാറിയതു കൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല.
പിന്നെ ഞാനാണെങ്കിൽ കാഫറും...!
എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു.
അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!

മുത്തവയാണ് ഗ്രാമത്തിലെ മതകാര്യങ്ങളുടെ എല്ലാം നേതാവ്. ആളുകളെ നിസ്ക്കരിപ്പിക്കാനും മതത്തിനു നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ കർശ്ശനമായി തന്നെ തടയാനും മറ്റും അധികാരമുള്ളയാളാണ്. അതിനായി അദ്ദേഹത്തിന് പോലീസിനെ വരെ സർക്കാർ കൊടുത്തിട്ടുണ്ട്.

എങ്കിലും അസ്സർബായിയുടെ പിൻബലത്തിൽ വളരെ ധൈര്യവാന്മാരായ ചില അറബികൾ എന്നെ വിളിക്കാൻ തുടങ്ങി.  എങ്ങനേയും കുപ്പൂസിനുള്ള വക മുടക്കില്ലാതെ കിട്ടിപ്പോന്നു.
പിന്നേയും ഒരു മാസം കഴിഞ്ഞാണ് പോസ്റ്റ് മാൻ വരുന്നത്. അയാളെ അന്നാണ് നേരിൽ കാണുന്നത്. അന്ന് മൂന്നാല് കത്തുകൾ ഞങ്ങൾക്കുണ്ടായിരുന്നു.

എഴുതി വച്ചിരുന്ന കത്തുകളുമായി  ഞങ്ങൾ  ഓടിച്ചെല്ലുമ്പോഴേക്കും അവൻ വണ്ടിയെടുത്തിരുന്നു. കത്തുമായി അവന്റെ പിന്നാലെ ഓടിച്ചെല്ലുന്നത് കണ്ടിട്ട് അവൻ അമാറയുടെ ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ട് വണ്ടി ഓടിച്ച് പോയി. ഞങ്ങളെ കളിയാക്കുകയാണെന്ന് കരുതി നിരാശരായി തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് അവൻ അമാറയിലേക്കാണ് തിരിയുന്നതെന്ന് തോന്നിയത്. പിന്നെ ഞങ്ങൾ അമാറയിലേക്ക് വിട്ടു.

ഞങ്ങളുടെ പൊറോട്ടയുണ്ടാക്കുന്ന മുറിയുടെ അടുത്തായി പിറകിൽ ഒരു ‘കാരവൻ വാൻ’ മാതിരി ചക്രമൊക്കെയുള്ള മഞ്ഞപ്പെയിന്റടിച്ച  ഒരു വണ്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു. വന്ന കാലം മുതൽ കാണുന്നതാണത്. ഉസ്മാനും മൊയ്തുവും അതവിടെ കിടക്കുന്നത് കാണാൻ തുടങ്ങിയിട്ട് ഒന്നു രണ്ടു കൊല്ലമായി.

പോസ്റ്റുമാൻ അതിന്റെ വാതിൽ തുറന്ന് അകത്തു കയറുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും ഓടിച്ചെന്ന് അതിനകത്തു കയറി. ചെറുപ്പക്കാരനായ അവൻ അതിന്റെ ജനലും വാതിലുമെല്ലാം തുറന്നിട്ട് അതിനകത്തിരിക്കാനുള്ള പുറപ്പാടാണ്. അപ്പോഴാണ് ഇതാണ് ഇവിടത്തെ പോസ്റ്റാഫീസെന്നും ഏസിയില്ലാത്തതു കൊണ്ടാണ് ഇവിടെ ഇരിക്കാത്തതെന്നും മറ്റും അറിയുന്നത്. ഞങ്ങൾ ഉടനെ തന്നെ ചോദിച്ചു.
“ഏസി നീ കൊണ്ടുവരാമോ... എങ്കിൽ കറണ്ടു ഞങ്ങൾ തരാം..?!”


ബാക്കി ജനുവരി 15-ന്....