Friday, 1 August 2014

നോവൽ. മരുഭൂമി (21)

‘സ്വപ്നഭൂമിയോട് ’

...വിട പറയട്ടെ ഞാൻ....

[ജന്മനാടിനോളം സ്നേഹിച്ച 'ബഹ്‌റീൻ’ എന്ന ഈ വളർത്തു നാടിനോട് വിടപറയാനുള്ള സമയമായിരിക്കുന്നു. 
ജാതിമത ഭേദങ്ങളില്ലാതെ, സ്വദേശി വിദേശിയെന്ന വ്യത്യാസമില്ലാതെ, ജന്മനാട്ടിൽ കിട്ടാതെപോയ ജീവിതം തന്ന, ഏവരേയും ഒരുപോലെ സ്നേഹിച്ചു വളരാനുള്ള തണൽ നൽകിയ ഈ ‘ഗൾഫ് മുത്തി ’ന്റെ ഭരണാധികാരികളോടും സ്നേഹസമ്പന്നരായ ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. 
കഴിഞ്ഞ 20 വർഷങ്ങളിലെ എന്റെ യൌവ്വനം ഈ നാട്ടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷത്തോടെ, സ്വദേശികളും എന്റെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളും നൽകിയ സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട്, ജീവിതാനുഭവങ്ങൾ എന്നെ ഒരു കുഞ്ഞു എഴുത്തുകാരൻ  കൂടിയാക്കിയ, അതിലൂടെ കൈ വന്ന ലോകമാനമുള്ള ഇനിയും നേരിൽ കാണാത്ത ഒരു പറ്റം നല്ല സുഹൃത്തുക്കളെ തന്ന  ഈ ‘സ്വപ്നഭൂമിയോട് ’ വിടപറയുന്നു. 
ഇത് നിങ്ങൾ വായിക്കുമ്പോഴേക്കും ഞാൻ ഈ നാടിനോട് വിട പറഞ്ഞ് മാതൃഭൂമിയുടെ മണ്ണിൽ എത്തിയിരിക്കും. അവസാനമായി ഒരിക്കൽ കൂടി  ഹൃദയം നിറഞ്ഞ 
നന്ദി... നന്ദി.... നന്ദി...]
“എല്ലാ വായനക്കാർക്കും ഈദ് ആശംസകൾ......”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്.
തുടർന്നു വായിക്കുക....

ഹബീബയുടെ ദുരിത പർവ്വം...

“ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവർക്കാർക്കും അവനെ ഇഷ്ടമല്ല....”
“അവൻ പറയാ.. നിന്റെ സദീക്കിന്റടുത്ത് പറയ്. അമീറിന്റടുത്ത് പറയല്ലേന്ന്, ഞാനവനോട് മാപ്പു ചോദിക്കാമെന്നു...!!”
“അവൻ ആ നാലു പോലീസ്സുകാരേയും തട്ടിമാറ്റിക്കൊണ്ട് പറഞ്ഞതത്രയും ഞാൻ സഹിക്കണോ...?”

ഞാൻ ഡ്രെസ്സ് മാറ്റി പുറത്തേക്കിറങ്ങി വണ്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ വാതിലും തുറന്നിട്ട്  കരുണാമയനായി എന്നെയും കാത്തിരിക്കുകയാണ്. എന്നോടൊപ്പം അബ്ദുളും സച്ചിയും ഉണ്ടായിരുന്നു. ഇന്നലത്തെ വിറളി പിടിച്ച മുഖമായിരുന്നില്ല അവന്റേത്.
ഞാൻ അടുത്തേക്ക് ചെന്നതും അവൻ പറഞ്ഞു.
“സദീഖ്... മാ‍ലീസ്...മാലീസ്....”
അതു കേട്ടതും അബ്ദുൾ വണ്ടിയുടെ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു. എന്നിട്ട് പറഞ്ഞു.
“നിന്റെ വണ്ടിയിൽ ഞങ്ങൾ കേറില്ലടാ.. പട്ടിപ്പുണ്ടാച്ചി മോനേ...!!”
പച്ച മലയാളത്തിലായതോണ്ട് അറബിക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ അവനെ ധിക്കരിച്ച് ഗേറ്റിനടുത്തേക്ക് നടന്നു. പിന്നാലെ വണ്ടിയുമായി അവൻ പിന്തുടർന്നു വന്നു. അവൻ വണ്ടിയിലിരുന്നു കൊണ്ട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഞാൻ നിന്നോട് മാപ്പു ചോദിക്കുന്നു. നിങ്ങൾ അമീറിനോട് പറയരുത്. അമീറെന്നെ വീണ്ടൂം മക്കയിലേക്ക് തന്നെ പറഞ്ഞയക്കും. സുഖമില്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. കൂട്ടുകാരാ... നീ അമീറിനോട് പറയരുത്...പ്‌ലീസ്.. പ്‌ലീസ്..... നീ നല്ലവനാണെന്ന് എനിക്കറിയാം.. എന്റെ കൂട്ടുകാരു പറഞ്ഞപ്പോഴാ  മനസ്സിലായത്...!”
ഞങ്ങൾ അവന്റെ ജൽ‌പ്പനങ്ങൾ കേട്ടതായിപ്പോലും നടിച്ചില്ല.

അമാറയുടെ പടിഞ്ഞാറെ ഗേറ്റിലൂടെ നൂണ്ട് കടക്കാനായി ഞങ്ങൾ നിന്നു. അപ്പോഴേക്കും വണ്ടിയവൻ മെയിൻ ഗേറ്റിൽ കൊണ്ടിട്ട് അകത്തൂടെ ഓടിയണച്ചെത്തി.
എന്നെയവൻ വട്ടം കയറിപ്പിടിച്ചിട്ട് കെഞ്ചാൻ തുടങ്ങി. ഇന്നലത്തെ അവന്റെ വീറും വാശിയും നിറഞ്ഞ പ്രകടനം ഒരു നിമിഷം എന്റെ കൺ‌മുന്നിൽ നിറഞ്ഞു നിന്നു. അപ്പോൾ തോന്നിയ വികാരത്തിന് അവന്റെ കൈ തട്ടിമാറ്റി മുന്നോട്ട് തന്നെ നടന്നു.
കുറച്ചു പിന്നാലെ വന്നെങ്കിലും
“സദീക്.... സദീക്.... മാലീസ്.. മാലീസ്...” എന്നും പറഞ്ഞ് അവൻ നിന്നു.
ദയനീയമായിരുന്നു അപ്പോളവന്റെ ശബ്ദം.
ഞങ്ങൾ അനുസരിക്കാത്തതിന്റെ നിരാശയിൽ അവൻ പിന്തിരിഞ്ഞിരിക്കണം.
ഞങ്ങളും പിന്തിരിഞ്ഞു നോക്കിയില്ല.

അമാറയുടെ പിറകിലെത്തി ആദ്യം തന്നെ ജനറേറ്റർ ഓടിച്ചു.
അമീറും പരിവാരങ്ങളും വിയർത്തൊലിച്ച് ഇരിക്കുകയാവും.
അതു കഴിഞ്ഞിട്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്..
വാതിൽക്കൽ ഞങ്ങളെ കണ്ടതും അമീർ അകത്തേക്ക് വിളിച്ചു.
ഞങ്ങൾ സലാം പറഞ്ഞ് കയറിച്ചെന്നു.
ആ വലിയ കസേരയിൽ ഇരുന്നിട്ടും ഞങ്ങൾക്ക് കൈ തരാൻ മനസ്സുണ്ടായി.
കറണ്ട് വന്നതേയുള്ളായിരുന്നല്ലൊ. ഏസിയുടെ തണൂപ്പു വരാൻ ഇനിയും സമയം പിടിക്കും. ചൂടു കാരണം അമീറുൾപ്പടെയുള്ള പരിവാരങ്ങൾ  സ്വയം വീശിക്കൊണ്ടാണ് ഇരുന്നിരുന്നത്.

അദ്ദേഹം ഞങ്ങളെ വിളിച്ചത് എന്തിനാണെന്നറിഞ്ഞിട്ടാവാം ഞങ്ങളുടെ പരാതിക്കെട്ടഴിക്കാൻ. ഞങ്ങൾ സംശയിക്കുന്നതു പോലെതന്നെയാണെങ്കിൽ പരാതി പറയാതെ തന്നെ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതും ഞങ്ങളുടെ പരാതിയും ഒന്നായിരിക്കും.
അദ്ദേഹം സമയം കളയാതെ തന്നെ പറഞ്ഞു.
“ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്. നമ്മുടെ ഈ പള്ളിയുണ്ടല്ലൊ. ഹൈവേ പള്ളി. അതിനകത്ത് ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്തതു കൊണ്ട് വലിയ തലവേദനയാണ്. ഇവിടന്ന് കറണ്ടു കൊണ്ടു പോയാൽ പള്ളിയിലെ ആവശ്യങ്ങൾക്ക് പറ്റുമോ...?”
അതിനുള്ള മറുപടി പെട്ടെന്നു തന്നെ പറയാൻ കഴിയുന്നതായിരുന്നു.
ഉടൻ തന്നെ ഞാൻ പറഞ്ഞു.
“ഈ അമാറയിലെ തന്നെ മറ്റു രണ്ടു മുറികളിലെ ഏസി ഓണാക്കിയാൽ പോലും മക്കീന തനിയെ  നിന്നു പോകും. പിന്നെ അവിടെ എട്ടുപത്ത് ഏസിയും ലൈറ്റും ഫാനും മോട്ടോറും ഒന്നും ഇതു കൊണ്ട് ഓടിക്കാൻ പറ്റില്ല. അതിന് വലിയ സൈസ് മക്കീന തന്നെ വേണ്ടി വരും...”
അമീറ് കുറച്ചു നേരം തലയിൽ തഴുകിക്കൊണ്ടിരുന്നു.

പണച്ചാക്കിന്റെ മുകളിൽ കിടന്നുറങ്ങുന്ന സൌദികൾക്കാണൊ ഒരു ജനറേറ്റർ വാങ്ങി വക്കാൻ പഞ്ഞം.  അമീറിന്റെ ആലോചന കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“പള്ളിയിലെ വെള്ളത്തിന്റെ മോട്ടറും ലൈറ്റും മാത്രം വേണമെങ്കിൽ ഇവിടന്ന് കറണ്ട് കൊണ്ടു പോയി ഓടിക്കാം....!”
കേൾക്കേണ്ട താമസം അമീറിന്റെ മുഖം തെളിഞ്ഞു.
“പുതിയ മക്കീന ഉടനെ തന്നെ ശരിയാക്കാം. അതുവരേക്കും വെള്ളവും വെളിച്ചവും കിട്ടുമല്ലൊ..?” അതു ശരിയാക്കാമെന്ന് ഏറ്റതോടെ മുഹമ്മദിനെ വിളിയായി.
പോലീസ് മുഹമ്മദ് സ്വന്തം ചേട്ടനാണെങ്കിലും പേരാണ് വിളിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ പോലീസ് മുഹമ്മദിനെ ശട്ടം കെട്ടി. അതു കഴിഞ്ഞ് മുഹമ്മദിനോടൊപ്പം ഞങ്ങൾ പുറത്തു കടന്നു. ഇതിനിടക്ക് ഞങ്ങളുടെ പരാതിയുടെ കാര്യം മറന്നു പോയതല്ല. ആ നല്ല മനുഷ്യന്റെ മുഖത്ത് നോക്കി തന്റെ കീഴ്ജീവനക്കാരന്റെ  വൃത്തികെട്ട പ്രകടനത്തെക്കുറിച്ച് പറയാൻ ഞങ്ങൾക്കൊരു മടി.
പുറത്ത് വന്നപ്പോൾ പോലീസ് മുഹമ്മദ് പറഞ്ഞു.
“അമീർ പോയിട്ട് ഞാൻ വന്ന് നിങ്ങളെ വിളിക്കാം. എന്നിട്ട് പള്ളിയിലേക്ക് പോകാം....”
അവൻ അകത്തേക്ക് തന്നെ പോയി.

ഞങ്ങൾ പുറത്തിറങ്ങി ജയിലിന്നടുത്തു കൂടി പടിഞ്ഞാറെ ഗേറ്റിനടുത്ത് എത്തിയതും സെക്യൂരിറ്റി പോലീസ്സുകാരൻ പാഞ്ഞെത്തി. മുഖത്ത് ചോര വറ്റിയ  ഭാവം. ഞങ്ങൾ ചെന്ന് പരാതി പറയുമെന്നും അമീർ ഉടനെ അവനെ വിളിപ്പിക്കുമെന്നും മറ്റും വിചാരിച്ച് പേടിച്ചിരിക്കുകയായിരുന്നു. “പറഞ്ഞോ...?”
അവനെ അടിമുടി ഒന്നു നോക്കിയിട്ട് ഞാൻ പറഞ്ഞു.
“ഇല്ല.”
കേട്ടതും എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചവൻ പറഞ്ഞു.
“നീ നല്ലവനാ... നല്ലവനാ... എനിക്കാ തെറ്റു പറ്റിയേ... നന്ദി നന്ദി ഒരുപാട് നന്ദി...” എനിക്കവനോട് യാതൊരു സഹതാപവും തോന്നിയില്ല.
പേടിച്ചിട്ടാണെങ്കിലും അവന്റെ തെറ്റവൻ മനസ്സിലാക്കിയല്ലൊ. ഇത്തരം ചെയ്തികൾ അധികാരികൾ അറിഞ്ഞാൽ ശിക്ഷ കിട്ടുമെന്ന് അവന് നല്ല ഉറപ്പുണ്ട്. ഇല്ലെങ്കിൽ അവനിത്രക്ക് പേടിക്കേണ്ട കാര്യമില്ലായിരുന്നു. അമീറിനെപ്പോലെയുള്ള ഉന്നത അധികാരസ്ഥാനത്തിരിക്കുന്നവരോട് നേരിട്ട് പറയാൻ സ്വാതന്ത്ര്യമുള്ളതാവാം അവനെ പേടിപ്പിച്ചത്.

അന്നു വൈകുന്നേരം ഞങ്ങൾ മൂവരും കൂടി പള്ളിയിലേക്ക് ചെന്നു. താമസിയാതെ പോലീസ് മുഹമ്മദും എന്നെ അവഹേളിച്ച പോലീസ്സുകാരനും കൂടി ജീപ്പിൽ വന്നിറങ്ങി. അവർ വന്ന വഴി ഞങ്ങളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. നടക്കല്ലിൽ എത്തിയതും ഞാനും സച്ചിയും പെട്ടെന്ന് നിന്നു. അവർ അങ്ങ് പോയപോലെ തന്നെ തിരിച്ചു വന്നു. പോലീസ് മുഹമ്മദ് ചോദിച്ചു.
“ എന്തിനാ അവിടെ നിൽക്കണെ.. കയറി വാ...!?”
ഒന്നു പരുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പള്ളിക്കകത്തേക്കോ...? ങൂം.... ഞങ്ങളില്ല....!?”
അതും പറഞ്ഞ് രണ്ടടി പുറകോട്ട് മാറി നിന്നു. പോലീസ് മുഹമ്മദ് ചിരിച്ചു കണ്ട് പുറത്തിറങ്ങി അപ്പുറത്തു കണ്ട വാതിൽ തള്ളിത്തുറന്നു. എന്നിട്ട് ഞങ്ങളെ വിളിച്ച് കാണിച്ചിട്ട് പറഞ്ഞു.
“ദേ അതാ‍ണ് പ്രാർത്ഥനാ ഹാൾ... അവിടേക്ക് നിങ്ങൾ പോകേണ്ടതില്ല...”

അകത്ത് വഴിയാത്രക്കാരായ സഞ്ചാരികൾ സ്ത്രീകളടക്കം നിലത്തിരിക്കുന്നത് കണ്ടു. മറുവശത്തെ വാതിലുകൾ എല്ലാം തുറന്നിട്ടുണ്ട്. പോലീസ് മുഹമ്മദ് ആദ്യം കയറിയ വാതിലിന്റടുത്തേക്ക് വീണ്ടും ഞങ്ങളെ വിളിച്ചു കൊണ്ട് വന്നു. അകത്തു കയറി നിന്നിട്ട് പറഞ്ഞു.
“ഇവിടെ നിങ്ങൾക്ക് കയറാം. ഇവിടെയാണ് അംഗശുദ്ധി വരുത്തുന്നത്. ദേ വെള്ളം കിടക്കുന്നത് കണ്ടില്ലേ...?”
അപ്പോഴേക്കും അബ്ദുൾ പറഞ്ഞു.
“ഇവിടെയാണ് പ്രാർത്ഥിക്കുവാൻ വരുന്നവർ ‘ഒതു’ എടുക്കുന്നത്. ഇതിനകത്ത് നിങ്ങൾ കയറുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. തന്നേയുമല്ല അമാറേലെ ഉത്തരവാദപ്പെട്ട പോലീസ്സല്ലെ പറയുന്നത്. നിങ്ങൾ കയറിക്കോ...”
ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി. സച്ചിക്കൊരു ധൈര്യം. അവൻ പറഞ്ഞു.
“വാ... കയറ്....”

സച്ചിക്ക് പിന്നാലെ ഞാനും അകത്തു കടന്നു. വെള്ളത്തിന്റെ മോട്ടോറും മെയിൻ സ്വിച്ചും ഒക്കെ അതിനകത്തുണ്ട്. അവിടെ നിന്നും പള്ളിക്കകത്തേക്ക് കടക്കാൻ വലിയൊരു വാതിലും. ഒരു പള്ളിയുടെ അകം ഞങ്ങൾ ആദ്യമായിട്ട് കാണുന്നത് അന്നാണ്.

വേണ്ട സാധനങ്ങൾ എഴുതി പോലീസ് മുഹമ്മദിനെ ഏൽ‌പ്പിച്ചു.
അപ്പോഴേക്കും ബാങ്ക് വിളിക്കുന്ന ശബ്ദം അകലങ്ങളിൽ നിന്നും കേട്ടുതുടങ്ങി.
എന്നെ അവഹേളിച്ച പോലീസ്സുകാരൻ ഇതിനകം ഹാളിൽ കയറി നിന്ന് ബാങ്ക് വിളിക്കാൻ തുടങ്ങി. അതും കണ്ട് ഞങ്ങൾ തിരിച്ചു നടന്നു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇതിനിടയിൽ ആശുപത്രിയുടെ പുരോഗമനം വേഗത്തിൽത്തന്നെ നടപ്പായിരുന്നു. എക്സ്‌റേ യൂണിറ്റ്, ഡെന്റൽ ഡോക്ടർ, ജനറൽ വിഭാഗത്തിൽ ഒരു ഡോക്ടർ കൂടി. കൂടാതെ ലാ‍ബോറട്ടറിയും. ഒരു ഡോക്ടർ സ്ഥിരമായി ആശുപത്രിയിൽ താമസിക്കണം. രാത്രിയിൽ പ്രസവങ്ങൾ അറ്റന്റു ചെയ്യാൻ ഡോക്ടർ ഉണ്ടായിരുന്നില്ല. നഴ്സുമാർ മാത്രമായിരുന്നു അതൊക്കെ കൈകാര്യം ചെയ്തിരുന്നത്.  ഇത്രയൊക്കെ സൌകര്യങ്ങൾ സർക്കാർ ഉണ്ടാക്കിയെങ്കിലും രോഗികളായി എത്തുന്നവർ പതിവനുസരിച്ച് മാത്രം. ജീവനക്കാർ എല്ലാവരും വെടിപറഞ്ഞും കട്ട കളിച്ചും നേരം കളഞ്ഞു.

രണ്ടു നഴ്സുമാർ കൂടി വന്നതോടെ ഹബീബയുടെ നടുവൊടിഞ്ഞു. ആശുപത്രിയിലെ പണിയായിരുന്നില്ല തലവേദന ഉണ്ടാക്കിയത്. പുതുതായി വന്ന രണ്ടു നഴ്സുമാരായിരുന്നു പ്രശ്നക്കാർ. രണ്ടു പേരും ഈജിപ്ത്കാരായിരുന്നു. അൻപത് വയസ്സോളം പ്രായം വന്നവർ.

അവരുടെ അടുക്കളപ്പണി, അടിച്ചു വാരൽ, വസ്ത്രമലക്കൽ, ആഹാരം ഇത്യാദിയൊക്കെ ഹബീബയുടെ ഡ്യൂട്ടിയാണത്രെ...!
അതിനായിട്ടാണ് ഹബീബയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരിക്കുന്നതത്രേ...!!
എത്ര സമയം ഹബീബയുടെ കദനകഥ കേട്ടിരിക്കും.
അവരുടെ കണ്ണീർ എങ്ങനെ കണ്ടിരിക്കും.
ഞങ്ങൾ ഹബീബക്ക് വേണ്ടി മാനേജർ ഉമ്മറിന്റടുത്ത് പരാതി പറഞ്ഞു.
ഉമ്മർ അവരോട്  പറയാമെന്നേറ്റു.

അവളിലൊരുത്തി ആരേയും കൂസാത്ത താപ്പാന ആയിരുന്നു. ഹബീബയ്ക്കു വേണ്ടി പറയാൻ ചെന്ന ഉമ്മറിന്റെ ചെവിക്കല്ലു പൊട്ടുന്ന മുട്ടൻ തെറി പറഞ്ഞോടിച്ചുവെന്ന്  ഫാർമസിയിലെ ഹസ്സർബായി പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവരോട് ഏറ്റുമുട്ടാൻ ആരും തെയ്യാറല്ലായിരുന്നു. നഴ്സുമ്മാരിൽ സീനിയർ ആ താപ്പാന ആയതു കൊണ്ട് മറ്റുള്ളവരും നിസ്സഹായരായി. സഹിക്കുകയും നരകയാതന അനുഭവിക്കുകയും അല്ലാതെ ഹബീബക്ക് നിവൃത്തിയില്ലായിരുന്നു. പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

ബാക്കി  ആഗസ്റ്റ് 15-ന്.... “കണ്ണാ..എന്റെ കണ്ണാ....!”

Tuesday, 15 July 2014

നോവൽ. മരുഭൂമി.(20)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി.

തുടർന്നു വായിക്കുക....

സെൻസേഡ്...

അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത് മുറിച്ച് ഒരു കഷണം ആദ്യമായി എന്റെ നേരെ നീട്ടി....!!

അത് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു നിമിഷമെടുത്തു.
ഒരു കൈ സഹായത്തിനായി സച്ചിയെ നോക്കുമ്പോഴുണ്ട് അവൻ ശവം പോലെ ഒറ്റയിരിപ്പ്.
ഈ മനുഷ്യൻ തരുന്നത് വാങ്ങാതിരിക്കുന്നത് എങ്ങനെ. അറിയാതെ തന്നെ കൈ നീണ്ടു. ഒരു കുഞ്ഞു ബിസ്ക്കറ്റ് പോലൊരു കഷണം നാക്ക് എന്റെ ഉള്ളൻ‌കയ്യിലിരുന്ന് വിറച്ചു...!
അറബി മറ്റൊരു കഷണം സച്ചിക്കും നീട്ടി.
പിന്നെ കുഞ്ഞു കഷണങ്ങൾ മറ്റുള്ളവർക്കും കൊടുത്തു.
കിട്ടിയവർ സ്വാദോടെ വായിലിട്ട് ചവക്കുന്നു.
എനിക്കതിന് മനസ്സ് വന്നില്ല. ഞാനത് വായിലേക്കിടുന്നതു പോലെ  ആംഗ്യം കാണിച്ചിട്ട് ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു. എന്നിട്ട് വായ ചവക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.

സച്ചിയത് കിട്ടിയപാടെ ഇരുന്ന കാർപ്പറ്റിന്റെ അടിയിൽ പൂഴ്ത്തി...!
അറബി അടുത്ത പരിപാടിയായി ആടിന്റെ ഒരു കാലിൽ പിടുത്തമിട്ടു.
ആ കാൽ  മുകളിലേക്കൊരു പൊക്കു പൊക്കി പിന്നെ സൈഡിലേക്കൊരു വെട്ടിക്കൽ....!
ആ കാൽ അറബിയുടെ കയ്യിൽ...
അവൻ അത് ഒരു കടിക്ക് കുറച്ചു മാംസം എടുത്തിട്ട് അടുത്തിരുന്ന ഭാര്യക്ക് കൊടുത്തു. അത്ഭുതത്തോടെയും അതിലേറെ ഹാസ്യത്തോടെയും ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ...

അപ്പോഴാണ് എന്റെ ഇടതു വശത്തിരുന്ന മൂക്കുട്ടപ്പയ്യന് ആവേശം കയറിയത്.
അവൻ ആടിന്റെ കൈ ഒരെണ്ണം അറബി ചെയ്തതു പോലെ ഒരു പൊക്കും ഒരു വലിയും...!
ദാ.. ആ കൈ  അവന്റെ കയ്യിൽ...!
പിന്നെ ആ മൂക്കട്ട മുട്ടിച്ച് അതിലൊരു കടിയും....
പക്ഷെ, അവന്റെ വായിൽ ഒരു കുഞ്ഞു കഷണം പോലും തടഞ്ഞില്ല.
എത്ര കടി കടിച്ചിട്ടും ഒരു കഷണം പോലും വായിൽ കിട്ടിയില്ല.
ആ മൂക്കട്ട മുഴുവൻ ഇറച്ചിയിലായത് മിച്ചം..!

പിന്നെ ദ്വേഷ്യത്തിന് അമർത്തി ഒരു കടി. അതോടെ ഒരു കുഞ്ഞു കഷണം അവന്റെ വായിൽ കിട്ടി. അതിനുശേഷം ആ കൈ എന്റെ നേരെ നീട്ടി...!
അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല....
ഞാൻ ചമ്മി അറബിയെ നോക്കുമ്പോൾ, അത് വാങ്ങിച്ചോളാൻ ആംഗ്യം കാണിക്കുന്നു. എനിക്കത് വാങ്ങാതിരിക്കാനായില്ല. അതു വാങ്ങി മറുപുറത്തു നിന്നും ഒരു കഷണം ഞാനും കടിച്ചെടുത്തു. മാംസം ഒരു പാളി പോലെ പൊളിഞ്ഞിങ്ങു പോന്നു. അത് വായിൽ കടിച്ചു പിടിച്ചു കൊണ്ട് ബാക്കി ആട്ടിൻ കാൽ സച്ചിക്ക് കൊടുത്തു...!
സച്ചി കിട്ടിയ പാടെ തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ കടിക്കാത്ത മറുവശം നോക്കി ഒറ്റ കടി...! ഇതിലൊക്കെ താൻ വലിയ വിരുതനാണെന്ന മട്ടിലായിരുന്നു പ്രകടനം..!
അവിടം ആ പയ്യന്റെ മൂക്കട്ട പുരണ്ടതാണെന്ന് പറയാനുള്ള സാവകാശമൊന്നും എനിക്ക് കിട്ടിയില്ല. അതിനു മുൻപേ തന്നെ ബാക്കി അടുത്തയാൾക്ക് കൈ മാറികഴിഞ്ഞിരുന്നു.

സച്ചിയുടെ വായിലിരിക്കുന്ന ആ കഷണത്തിൽ പുരണ്ടിരിക്കുന്ന മൂക്കട്ടയുടെ കഥ ഇനി പറഞ്ഞാൽ അവൻ ചിലപ്പോൾ ഓക്കാനിക്കാനോ ശർദ്ദിക്കാനോ സാദ്ധ്യതയുള്ളതു കൊണ്ട് ഞാനും അതങ്ങമക്കി..!
അപ്പോഴേക്കും ആടിന്റെ അവയവങ്ങൾ എല്ലാം ഓരോരുത്തരുടെ കൈവശം ആയിക്കഴിഞ്ഞിരുന്നു.
എത്ര പെട്ടെന്നാണ് ഒരാട് വെറും അസ്ഥിപഞ്ചരമായത്...!
ആദ്യം ചോറ് കണ്ടപ്പോൾ ഇതു മുഴുവൻ ആരു തിന്നു തീർക്കുമെന്നായിരുന്നു ഓർത്തത്.
ഈ നേരം കൊണ്ട് ബിരിയാണിത്തളിക അത്രയും ഒഴിഞ്ഞിരുന്നു...
രസകരമായിരുന്നു ആ ഭക്ഷണ വിരുന്ന്.
ആദ്യാനുഭവവും...
വളരെയധികം  നേരം അതുമായി ഞങ്ങളവിടെ ഇരുന്നു.
ചുറ്റും വിശാലമായ നീലാകാശവും  താഴെ മലകളും ഇരുണ്ട ഭൂമിയും സാക്ഷി...

എല്ലാം മടക്കിക്കെട്ടി  അവിടന്ന് തിരിക്കുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ആശുപത്രിപ്പടിക്കൽ ഞങ്ങളെ ഇറക്കുമ്പോൾ വല്ലാത്തൊരു വിഷമമായിരുന്നു അവരെ വിട്ടുപിരിയാൻ. അറബി ഇറങ്ങി വന്ന് ഞങ്ങൾക്കുള്ള പ്രതിഫലം നീട്ടുമ്പോൾ ഞങ്ങളൊന്നു പരുങ്ങി. വേണ്ടെന്ന് പറയാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും  ഞങ്ങളുടെ ദാരിദ്ര്യം അതിനനുവദിച്ചില്ല. എങ്കിലും ആ പണം വാങ്ങിയത് വളരെ വേദനയോടെ ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പിക്നിക് സമ്മാനിച്ച ആ നല്ല കുടുംബത്തോട്  പണം വാങ്ങിയത് തെറ്റായിപ്പോയെന്ന കുറ്റബോധമായിരുന്നു പിന്നീട് ഞങ്ങൾക്ക്.
ഈ അനുഭവങ്ങൾ അബ്ദുളുമായി പങ്കു വച്ച് അന്നു രാത്രിയിൽ ഞങ്ങൾ  ഉറങ്ങിയില്ല....

പിറ്റേ ദിവസം അമാറയിലെ ജനറേറ്റർ വൈകുന്നേരം ആറുമണിക്ക് ഓൺ ചെയ്യേണ്ടത് എന്റെ  ഡ്യൂട്ടി ആയിരുന്നു. ഞങ്ങൾ ഊഴം വച്ചാണ് ചെയ്യാറ്. ഒരാൾ ഓൺ ചെയ്താൽ അടുത്ത ആൾ പോയി രാത്രി പത്തു മണിക്ക് ഓഫാക്കും. അതു പോലെ തന്നെയാണ് പകലും. അന്നും ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോൾ ഞാൻ അമാറയിലേക്ക് ചെന്നു.

ആശുപത്രി മതിലിനോട് ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക് നൂണ്ട് കടക്കാം. അതിനു പാകമാണ് ദാരിദ്ര്യം ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!
മുഷിഞ്ഞ ഷർട്ടാണെങ്കിൽ മാത്രമേ അതിലേ പോകൂ. അലക്കിത്തേച്ചതാണെങ്കിൽ പൊടി പറ്റാനുള്ള സാദ്ധ്യത കാരണം പ്രധാന ഗേറ്റ്, പോലീസ്സുകാർ പാറാവ് നോക്കുന്ന വഴിയിലൂടെയേ പോകാറുള്ളു.

ഞാൻ കടന്നു ചെല്ലുമ്പോൾ പോലീസ്സുകാർ വട്ടമിട്ടിരുന്ന് ‘കട്ട കളി’ക്കുകയാണ്.
ഒരാളൊഴികെ എല്ലാവരും നല്ല പരിചയമുള്ളവരാണ്. ചെന്ന വഴി ഞാൻ സലാം പറഞ്ഞ് സാധാരണ പോലെ അകത്തേക്ക് കടന്നു പോയി. അന്ന് ജനറേറ്ററിന്റെ ഓയിലൊക്കെ മാറ്റി, ഡീസൽ അടിച്ചു കയറ്റി വന്നപ്പോഴേക്കും അരമണിക്കൂറിലധികം കഴിഞ്ഞിരുന്നു. തിരിച്ചു വരുമ്പോഴേക്കും പോലീസ്സുകാർ കളി നിറുത്തി വൈകുന്നേരത്തെ ചായ കുടിയുടെ വട്ടത്തിലായിരുന്നു.

സാധാരണപോലെ അന്നും അവരെന്നെ അതിൽ പങ്കെടുക്കാനായി ക്ഷണിച്ചു. സ്നേഹപൂർവ്വം ഞാനത്  നിരസിച്ച് നന്ദി പറഞ്ഞ് നടന്നു. സാധാരണ ഗതിയിൽ പിന്നെയും നിർബ്ബന്ധിച്ചാൽ എന്തെങ്കിലും ഒന്നെടുത്ത്, ചിലപ്പോൾ വറപൊരി സാധനങ്ങളാകും- മിക്കവാറും സമൂസ ആയിരിക്കും നന്ദി പറഞ്ഞ് നടക്കുകയാണ് പതിവ്. അന്നവർ വീണ്ടും നിർബ്ബന്ധിച്ച് ബലമായി അവിടെ പിടിച്ചിരുത്തി. അവരുടെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ എനിക്കിരിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇന്നലത്തെ പിക്നിക്കിന്റെ ഹാങ്ങോവറും വിട്ടിട്ടില്ലായിരുന്നുവല്ലൊ.

വറപൊരിയൊന്നും കണ്ടില്ല. പകരം നമ്മുടെ നാട്ടിലെ അമ്മമാർ കോഴിക്ക് തീറ്റ കൊടുക്കാനായി തവിട് നനച്ചു വച്ചിരിക്കുന്നതു പോലെ എന്തോ ഒന്ന് ഒരു പാത്രത്തിൽ നനച്ചു വച്ചിട്ടുണ്ട്. അവർ അതിൽ നിന്നും കുറേശ്ശെ എടുത്ത് കഴിക്കുന്നുണ്ട്. ഞാൻ എല്ലാവരേയും നോക്കുമ്പോൾ പുതുതായി വന്ന ഒരാളൊഴികെ എല്ലാവരും എടുത്തു കഴിക്കാൻ പറഞ്ഞ് നിർബ്ബന്ധിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ ഞാൻ കൈ നീട്ടി തവിട് നനച്ച പാത്രത്തിൽ തൊട്ടതും പുതുതായി വന്നവൻ ചാടി എഴുന്നേൽക്കലും ഒരാക്രോശവും.......
“തൊട്ടു പോകരുത്. ................!?
......................................................
......................................................
 സെ    ൻ     സേ       ഡ്
C   E    N     S      O     R    E     D
......................................................
......................................................

ഞാൻ ഓടി അണച്ച് മുറിയിലെത്തി, കട്ടിലിൽ കമിഴ്ന്ന് വീണുകിടന്ന് കരഞ്ഞു.
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
പന്തികേട് തോന്നി സച്ചിയും അബ്ദുളും എന്നെ  മറിച്ചു കിടത്താൻ ശ്രമിക്കുന്നുണ്ട്. എന്തു പറ്റിയെന്നു ചോദിക്കുന്നുണ്ട്. എനിക്കെന്റെ സങ്കടം കാരണം ഒന്നും പറയാൻ കഴിയുന്നില്ല. എന്റെ ശ്വാസഗതി ഒരു വിധം നേരെയായതിനുശേഷമാണ് വിവരം ഞാൻ അവരോട് പറയുന്നത്.
കേട്ടതും അബ്ദുൾ എഴുന്നേറ്റ് ഡ്രെസ്സ് മാറി.
“അവനോട് ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം.”
എന്നും പറഞ്ഞ് ചാടിയിറങ്ങാൻ പോയി. ഞങ്ങളവനെ തടഞ്ഞു.
“ആവശ്യമില്ലാതെ പോലീസ്സുകാരോട് വഴക്കിനു പോകേണ്ട. അവന് വിവരമില്ലാത്തോണ്ടാ...”
“അവന്റെ ഇഷ്ടത്തിനല്ലല്ലൊ നമ്മളവിടെ പോകുന്നത്. അമീറ് പറഞ്ഞിരിക്കുന്ന ജോലി ചെയ്യാനാണ്. അതവന് ഇഷ്ടമല്ലെങ്കിൽ അമീറിനോട് പറഞ്ഞ് നമ്മളെ മാറ്റിക്കട്ടെ. അല്ലാതെ ഇതൊക്കെ പറഞ്ഞ് വിറച്ച് തുള്ളാൻ അവനാരാ...?”
“അതുകൊണ്ടാ വഴക്കിന് പോകണ്ടാന്ന് പറഞ്ഞത്. നമ്മുടെ കിട്ടിക്കൊണ്ടിരിക്കുന്ന കാശു കൂടി ഇല്ലാതായാൽ...?”
“ അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ. എന്നിട്ട് നമ്മൾക്ക് പട്ടിണി കിടക്കാം. എന്നാലും അവനോടൊന്നു ചോദിച്ചിട്ടു തന്നെ കാര്യം...!”
അബ്ദുൾ ചൂടോടെ ഇറങ്ങിക്കഴിഞ്ഞു.
പിന്നാലെ കൂട്ടിനായി സച്ചിയും ഇറങ്ങിയെങ്കിലും ഞാൻ ബലമായിത്തന്നെ തടഞ്ഞു.
പുറത്തിറങ്ങി നോക്കുമ്പോഴേക്കും ഗേറ്റും കടന്ന് അബ്ദുൾ വച്ചു പിടിക്കുന്നുണ്ട് അമാറയിലേക്ക്..

മതപരമോ ജാതീയമോ ആയ വിവേചനമോ, അവഹേളനമോ  തരുന്ന മനോവേദന    സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അതെത്ര  ഭീകരമായിരിക്കുമെന്ന് അന്ന് ഞാനാദ്യമായി അനുഭവിച്ചറിയുകയായിരുന്നു.

കൂടെയുള്ള നാലു പോലീസ്സുകാരും ചേർന്ന് അവനെ ചീത്ത പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്നു അബ്ദുൾ ചെല്ലുമ്പോൾ. അമീർ വരുമ്പോൾ ഈ വിവരം പറയുമെന്ന് പറഞ്ഞ് അവനെ അബ്ദുൾ ഭീഷണിപ്പെടുത്തി.  വളരെ ജനത്തിരക്കേറിയ  മക്കയിലെ പൊരി വെയിലത്തു നിന്നുകൊണ്ടുള്ള ജോലിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് വാങ്ങിച്ചെടുത്തതായിരുന്നു അവൻ  ഈ സ്ഥലം മറ്റം. ഇവിടെയാകുമ്പോൾ ചുമ്മാ ഇരുന്ന് കാവ കുടിച്ചും ചായ കുടിച്ചും കട്ട കളിച്ചും സമയം കളയാം. മറ്റൊരു പണിയുമില്ല.

വില കൂടിയ ഒട്ടക ഇറച്ചി തന്ന് ഞങ്ങളേക്കൊണ്ട് കറി വയ്പ്പിച്ച് സ്വാദോടെ കഴിക്കുന്ന അറബിയും, കഴിഞ്ഞ ദിവസം ഞങ്ങളെ പിക്നിക്കിനു കൊണ്ടു പോയി, സ്വന്തം കുടുംബത്തോടൊപ്പം ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച അറബിക്കുടുംബവും, ഇപ്പോൾ എന്നെ അവഹേളിച്ച അറബിയും ഒരേ വിശ്വാസത്തിന്റെ കാവലാളർ. ഇക്കാമയുടെ നിറം നോക്കി മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന പോലീസ്സുകാരനും ഇതേ വിശ്വാസത്തിന്റെ കാവലാളർ തന്നെ. ഒരേ രാജ്യത്തിന്റെ ജനത.

പിറ്റേ ദിവസം കാലത്ത് പത്തു മണിയോടടുത്ത് അബ്ദുൾ ആശുപത്രിയിൽ നിന്നും ഓടിക്കിതച്ചെത്തി. പുള്ളിക്കാരൻ വലിയ സന്തോഷത്തിലായിരുന്നു.  കയറി വന്ന വഴി പറഞ്ഞു. “ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...!?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവന്മാർക്കും അവനെ ഇഷ്ടമല്ല....!”


ബാക്കി  ആഗസ്റ്റ് 1-ന്....  ‘ഹബീബയുടെ ദുരിതപർവ്വം...’

Tuesday, 1 July 2014

നോവൽ. മരുഭൂമി (19)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. ഞങ്ങൾ അറബി കുടുംബത്തോടൊപ്പം പിക്നിക്കിന് പുറപ്പെട്ടു.

തുടർന്നു വായിക്കുക....

നാക്ക് നീട്ടി കണ്ണു തുറിച്ച്....

താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട്  ഭീതിയിൽ വിറക്കാൻ തുടങ്ങി.......!?
'പണ്ടാ‍റടങ്ങാനായിട്ട് താനിതെന്തു ഭാവിച്ചാ...?”
“ഒന്നും പേടിക്കാനില്ല. അവളും നല്ല രസത്തിലാ....!”
പറഞ്ഞു തീർന്നില്ല ഒരു ‘ഠേ’ ശബ്ദവും ഒരു കുലുക്കവും പിന്നെ വണ്ടി ഒരു പാളലും എല്ലാം കൂടി ജഗപൊക. ആദ്യം ഒന്നും മനസ്സിലായില്ല. വണ്ടി നിന്നതും ഞങ്ങൾ ചാടിയിറങ്ങി. ഞാൻ ഇരുന്ന വശത്തെ പിറകിലെ ടയർ വെടി തീർന്നത് ആയിരുന്നു പ്രശ്നം.

വയസ്സായ ഒരു  സ്ത്രീയുണ്ടായിരുന്നു വണ്ടിയിൽ.
അറബിയുടെ അമ്മയായിരിക്കും.
അവർ മുഖം മാത്രമല്ല കണ്ണുകളും കൂടി മറച്ചിരുന്നു. കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് പോലത്തെ തുണിയിട്ടിരുന്നു. അവരെ മാത്രം അവിടെയിരുത്തി ബാക്കി എല്ലാവരേയും പുറത്തിറക്കി ജാക്കി വച്ച് ടയർ പൊക്കി നിറുത്തി. അപ്പോഴേക്കും സ്റ്റെപ്പിനി ടയറുമായി അറബിയെത്തി. ജാക്കി വക്കാനും നട്ട് ഊരാനും മറ്റും ഞങ്ങൾ മുൻപ്പന്തിയിൽ തന്നെ നിന്നു. അറബിയുടെ മക്കളും നല്ല ഉത്സാഹശാലികളായിരുന്നു.

ടയർ മാറ്റിയിടൽ നടന്നുകൊണ്ടിരിക്കെ തന്നെ ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായയുമായി അറബിച്ചികളും എത്തി. ഞങ്ങൾക്ക് പിറകിൽ ഇരുന്നവരായിരുന്നു ആ പെൺകുട്ടികൾ. അവർ മുഖത്തെ മൂടുപടം മാറ്റിയിരുന്നു. അറബി അത് കണ്ടിട്ടും അവരെ നിരുത്സാഹപ്പെടുത്തുന്നതായി കണ്ടില്ല. അമ്മൂമ്മ കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് ഇട്ടിരുന്നു. അമ്മമാർ രണ്ടു പേരും കണ്ണുകൾ മാത്രം മറച്ചിരുന്നില്ല. അവരുടെ പെൺ‌മക്കൾ രണ്ടു പേരും മുഖം മുഴുവനായി പുറത്തു കാണിക്കാൻ തെയ്യാറായിരുന്നു. മൂന്നു തലമുറയിലെ ആ വ്യത്യാസം ഒരുമിച്ച് കാണുന്നത് ആദ്യമായിരുന്നു.

ടയർ മാറ്റിക്കഴിഞ്ഞിട്ടും എല്ലാവരും ചായ കുടിച്ചു കഴിയാനായിരിക്കും കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അന്നേരം അടുത്തിരുന്ന ഒരു പയ്യൻ  ഞങ്ങളോടായി ചോദിച്ചു.
“നിങ്ങള് പള്ളിയിൽ പോകൂല്ലെ...?”
“ങൂം.. പോകൂല്ലോ...”
സ്വാഭാവികതയോടെ ഞാൻ പറഞ്ഞു.
“ബാബ പറഞ്ഞൂല്ലൊ.. നിങ്ങൾ പള്ളിയിൽ പോകൂല്ലാന്ന്..!”
“ഞങ്ങളുടെ പള്ളി ഇവിടെയില്ലാത്തോണ്ടാ പോകാത്തത്...”
“അതെന്താ ഇവിടെ ഇല്ലാത്തത്....?”
അതിന്റെ ഉത്തരം പറഞ്ഞു ഫലിപ്പിക്കാനുള്ള അറബി വാക്കുകൾക്കായി പരതി നടക്കുമ്പോഴേക്കും അറബി സഹായത്തിനെത്തി. അവൻ അവരുടെ നാടൻ ഭാഷയിൽ എന്തോ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ അറബി ഭാഷ ഒരു ചുക്കും ചുണ്ണാമ്പും പിടികിട്ടിയില്ല. നമ്മുടെ കാസർക്കോട്കാര് മലയാളം പറയുന്നതു പോലെ. അതു കേട്ടതും അവരെല്ലാം തല കുലുക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നു മനസ്സിലായി. അയാൾ പറഞ്ഞത് ‘ഈശാനബി’യുമായി ബന്ധപ്പെട്ട എന്തോ കാര്യമാണെന്ന് പിടി കിട്ടിയിരുന്നു.

പിന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും പോകാനായി എല്ലാവരും വണ്ടിയിൽ കയറി. കുട്ടികളുടെ ഒച്ചപ്പാടും ബഹളവുമായി നല്ലൊരു മൂടിൽ വീണ്ടും യാത്ര തുടർന്നു. മുൻപിലിരുന്നിരുന്ന കുട്ടികളിൽ ഒരുത്തൻ എന്നോട് സൌഹൃദം കൂടി എന്റടുത്ത് വന്നിരുന്നത് ഒരാശ്വാസമായിരുന്നു. എനിക്ക് പിറകിലിരുന്നിരുന്ന പെൺകുട്ടിയുടെ ഇടിയിൽ നിന്നും രക്ഷ നേടി. പക്ഷെ, അത് അധിക നേരം നീണ്ടു നിന്നില്ല. വണ്ടി ഒരു കല്ലിന്റെ പുറത്തു കൂടി കേറിയിറങ്ങുന്നതിനിടെ ചേച്ചിയുടെ മടിയിലിരുന്നിരുന്ന പയ്യൻ പിടിവിട്ട് തെറിച്ചു വീണത് ഞങ്ങൾക്ക് തടുക്കാനായില്ല. അതോടെ അവനെ പിടിച്ച് അമ്മയുടെ കയ്യിലേക്ക് കൈമാറി. ആ പയ്യനും കൂടി സീറ്റിലിരുന്നതോടെ എന്റെ ഇരിപ്പിടം പകുതി പുറത്തായിക്കഴിഞ്ഞിരുന്നു. ഒരു കാൽ പുറത്ത്  ബം‌മ്പറിൽ ചവിട്ടി പകുതി അകത്തും പകുതി പുറത്തുമായിട്ടാണ് ഇരുന്നത്.
അപ്പോഴും അവൾ എന്നോട് ചേർന്ന് തന്നെ ഇരുന്നു. സ്ഥല ലഭ്യതക്കുറവ് കാരണം അതിനേ കഴിയുമായിരുന്നുള്ളു. ആ ടയർ മാറ്റിയിടലിനു ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചിതത്വം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഞങ്ങളോട് മുട്ടിയിരുന്നിരുന്ന പെൺകുട്ടികൾ സംസാരിക്കാൻ തയ്യാറായി.
“നിങ്ങൾ ഇൻഡ്യക്കാരാ...”
“അതേ..”
“മലബാറി...?”
“അതേ...!!”
അതേയെന്ന് പറഞ്ഞെങ്കിലും ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇവർക്കെങ്ങനെ മലബാറികളെ അറിയാം...?
ആ സംശയം തീർക്കാനായി ചോദിച്ചു.
“മലബാറികളെ എങ്ങനെ അറിയാം... മുൻപ് കണ്ടിട്ടുണ്ടോ...?”
“ങൂം... മലബാറികൾ നല്ലവരാ...”
അതോടെ ആ പെൺകുട്ടിയുടെ മുഖത്ത് കൃതഞ്ജതയോടെ നോക്കാതിരിക്കാനായില്ല. ഒരു പുഞ്ചിരിയോടെയിരിക്കുന്ന ആ മുഖത്ത് നോക്കി പറഞ്ഞു.
“ശുക്രാൻ...”(നന്ദി.)

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരെ അപ്പോഴാണ് മനസ്സിലായത്.
വയസ്സായ സ്ത്രീ അവരുടെ അമ്മൂമ്മ തന്നെയാണ്. പിന്നെ അറബിയുടെ രണ്ടു ഭാര്യമാർ.
ഇവരും മറ്റു കുട്ടികളുമൊക്കെ അയാളുടെ ഈ രണ്ടു ഭാര്യമാരിലുള്ള മക്കളും. എന്നാലും അവരുടെ ഒത്തൊരുമയും സ്നേഹവും തലമുറകളുടെ സംഗമത്തിൽ യാതൊരു വിള്ളലും കാട്ടാതെയുള്ള പെരുമാറ്റവും ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തിയെന്ന് പറയാം.

ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഒരു കുഴിയിൽ ഇറങ്ങാതിരിക്കാനായി പെട്ടെന്ന് വണ്ടിയൊന്നു വെട്ടിച്ചത്, വണ്ടിയിലുണ്ടായിരുന്ന എന്റെ ഒരുകൈകൊണ്ടുള്ള  പിടുത്തം വിട്ടുപോയി. പെട്ടെന്ന് പുറത്തേക്ക് തെറിച്ചു പോയ എന്നെ, വയറിൽ ചുറ്റിപ്പിടിച്ച ഒരു കൈയ്യാണ് തടഞ്ഞു നിറുത്തിയത്...!
നന്ദിപൂർവ്വം ഞാനതിനെ നോക്കി പതുക്കെ ഒരു ‘താങ്ക്സ്’ പറഞ്ഞു.
പിന്നെ അവൾ ആ കൈ എന്റെ വയറിൽ നിന്നും എടുത്തില്ല. ചുറ്റിപ്പിടിച്ചു കൊണ്ടു തന്നെ ഇരുന്നു. മറ്റാർക്കും എന്നെ ചുറ്റിപ്പിടിച്ചത് കാണാൻ കഴിയുമായിരുന്നില്ല. എനിക്ക് വാസ്തവത്തിൽ ആ കുട്ടിയോട് ഒരു ‘ഇത്’ തോന്നിത്തുടങ്ങിയിരുന്നു.

അധികം താമസിയാതെ തന്നെ ഒരു മലമുകളിൽ വണ്ടി നിന്നു.
ഞങ്ങൾ ഇറങ്ങി നോക്കുമ്പോഴുണ്ട് ഇനിയും മുന്നോട്ടു പോകാൻ ഇടമില്ല.
കുത്തനെയുള്ള ഇറക്കമാണ് മുന്നിൽ.
അതിനപ്പുറം വലിയ മലകളുണ്ട്. വണ്ടി നിന്നയിടം കുറച്ച് വിശാലമാണ്.  വണ്ടിക്കു മുകളിൽ നിന്നും ടർപ്പായക്കെട്ടുകൾ താഴെയിറക്കിയപ്പോഴാണ് ഇവരൊരു പിക്നിക്കിന്റെ മൂഡിലാണെന്ന് മനസ്സിലാവുന്നത്.

ആദ്യം തന്നെ ഒരു ടെന്റ് വലിച്ചു കെട്ടി.
അതിനകത്ത് ഒരു സ്വർണ്ണപ്പരവതാനി വിരിച്ച് അമ്മൂമ്മയെ പിടിച്ചിറക്കി സുരക്ഷിതമായി കൊണ്ടു പോയി അതിനകത്തിരുത്തി.
ഞങ്ങൾ ആന്റിന അടിച്ചു താഴ്ത്തി മൂന്നു വശവും പ്‌ളാസ്റ്റിക് കയർ കൊണ്ട് കുറ്റിയടിച്ച് ആടാതെ വലിച്ച് കെട്ടി. ടെന്റിനകത്തും പുറത്തും  വിരിച്ച പരവതാനിക്ക് ചുറ്റുമായി ട്യൂബ് ലൈറ്റുകൾ കാലുകളിൽ കെട്ടി വച്ചു. ചെറിയ ജനറേറ്റർ താഴെയിറക്കി സ്റ്റാർട്ടാക്കി.  ടീവി ഒരു സ്റ്റൂളിൽ കയറ്റി വച്ച് ട്യ്യൂൺ ചെയ്ത് ചാനലുകൾ  ക്ളിയറാക്കി. ടാപ്പൊക്കെ പിടിപ്പിച്ച വലിയ ടയറിന്റെ ട്യൂബിൽ  വെള്ളം നിറച്ച് കൊണ്ടു വന്നത് ഒരു മൺ‌തിട്ടയിൽ കൊണ്ടു പോയി വച്ചത് ഞാനും സച്ചിയും അറബിയും കൂടിയാണ്. അതോടെ ഞങ്ങളുടെ പണികൾ കഴിഞ്ഞു.
പെണ്ണുങ്ങൾ എല്ലാവരും ടെന്റിനു പുറത്തായി വിരിച്ച പരവതാനിയിൽ വട്ടമിട്ടിരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ ആ മലമുകൾ മുഴുവൻ ഓടി നടന്ന് അവിടെമാകെ ചവിട്ടി കിളച്ച് മറിക്കുന്നുണ്ടായിരുന്നു.

ഐസിട്ട കുടിക്കാനുള്ള വെള്ളം ഒരു കൂളറിൽ സ്ത്രീകൾക്ക് മുന്നിൽ ഇരുപ്പുണ്ട്. വലിയൊരു ഫ്ലാസ്ക്കിൽ ചൂടു ചായയും. അതിനിടക്ക് അമ്മമാർ രണ്ടു പേരും എഴുന്നേറ്റ് പോയി അമ്മൂമ്മയെ താങ്ങിപ്പിടിച്ച് മറ്റുള്ളവരോടൊപ്പം ഇരുത്തി. നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരം അമ്മൂമ്മമാരെ പിക്നിക്കിന് പോകുമ്പോൾ കൊണ്ടു പോകുമോ...? ഇവർ എല്ലാ സജ്ജീകരണങ്ങളോടെയാണ് പുറപ്പെട്ടിരിക്കുന്നത്.


നമ്മുടെ നാട്ടിലെ ചില കുടുംബങ്ങൾ  പൂരപ്പറമ്പിലോ തൊട്ടടുത്ത ബീച്ചിലോ അല്ലെങ്കിൽ കായൽ തീരത്തോ ഒക്കെ ഒരു വൈകുന്നേരം കറങ്ങാൻ പോകുന്നതു പോലെയേ ഉള്ളു ഇവരുടെ ഈ പിക്ക്നിക്ക്.

ഞങ്ങൾ ടീവിയോട് ചേർന്ന് തന്നെ ഇരുപ്പുറപ്പിച്ചു. അറബിച്ചാനൽ മാത്രമേ അവർ വക്കുന്നുണ്ടായിരുന്നുള്ളു. അതുകണ്ട് ഞങ്ങൾക്ക് ബോറഡിച്ചു. ഞങ്ങളുടെ എതിർവശത്തായി അറബിയും വന്നിരുന്നു. ഞാനും സച്ചിയും ടീവി കാണാതെ വണ്ടിയിലിരുന്നപ്പോഴുള്ള കസർത്തുക്കളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

ഇടക്ക് ആ പെൺകുട്ടികൾ കട്ടൻ ചായയും ഈന്തപ്പഴവും കൊണ്ടു വന്നു തന്നു.
താഴ്‌വാരം പതുക്കെ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എങ്കിലും മലമുകളിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. എരിഞ്ഞു  തീർന്ന പകൽ വൈകുന്നേരം ആകാൻ കച്ചകെട്ടിയിറങ്ങി.  അകലെ എവിടെയോ നിന്നും ബാങ്കു വിളിക്കുന്ന ശബ്ദം ഒന്നിനു പിറകെ ഒന്നായി കേൾക്കാൻ തുടങ്ങി. അതോടെ അറബി എഴുന്നേറ്റിട്ട് പറഞ്ഞു.
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ നിസ്ക്കരിച്ചിട്ട് വരാം. അതു കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാം..”  കുട്ടികളും മറ്റുള്ളവരും കയ്യും കാലും കഴുകി നിസ്ക്കരിക്കാനായി പരവതാനിയിൽ നിരയായി നിന്നു. അറബി മുന്നിലും മറ്റുള്ളവർ പിന്നിലും.  അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് തിരിയാതിരിക്കാനായി വണ്ടിയുടെ മറവിലേക്ക് മാറിയിരുന്നു.
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇനി ഭക്ഷണമുണ്ടെന്ന്. ബിരിയാണിയാവും..?”
“കോഴിയോ ആടോ ചിലപ്പോൾ ഒട്ടകമോ ആകും.....”
“എന്തായാലും മൂക്കുമുട്ടെ തിന്നണം..!”

നിസ്ക്കാരം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് വന്ന് വണ്ടിയിൽ നിന്ന് പാത്രങ്ങളും മറ്റും എടുത്ത് കാർപ്പറ്റിൽ നിരത്താൻ തുടങ്ങി. ഞങ്ങൾ കാഴ്ചക്കാരായി നിന്നതേയുള്ളു. ഇടക്ക് അറബി ഞങ്ങളെ വിളിച്ച് വലിയ അലൂമിനിയപ്പാത്രം താഴെയിറക്കിച്ച് കാർപ്പറ്റിനടുത്ത് കൊണ്ടു വയ്പ്പിച്ചു. കാർപ്പറ്റിന് നടുക്ക് ഒരു  വലിയ അലൂമിനിയ പാത്രം. അതിന് പാത്രമെന്ന് പറയാൻ പറ്റില്ല. ഒരു വലിയ തളികയെന്ന് പറയണം...!
അതിനു ചുറ്റും ഞങ്ങൾ അത്രയും പേർക്കും ഒരുമിച്ചിരിക്കാൻ പറ്റും.
ആ പാത്രത്തിന്റെ നടുക്ക് ഒരു ആടിനെ അങ്ങിനെ തന്നെ വേവിച്ചതും അതിന് മീതേയും ചുറ്റിലുമായി ബിരിയാണിച്ചോറും കോരിയിട്ടു...!
ചോറിന് ഒരു തരം ചെമ്മണ്ണു കലർന്ന നിറം.
ഇതുവരെ കാണാത്ത ആ കഴ്ചയിൽ ഞങ്ങൾക്ക് കണ്ണു തള്ളിയിരിക്കാനേ കഴിഞ്ഞുള്ളു. മസാലയുടെ മണം അവിടെയാകെ പരന്നു.

അവരവർക്ക് ആവശ്യമുള്ളത് എടുത്ത് ചെറിയ പാത്രത്തിലാക്കി കഴിക്കാനായിരിക്കും.
പക്ഷേ, അത്തരം പാത്രങ്ങളൊന്നും അവിടെ കണ്ടില്ല. അമ്മൂമ്മയെ ബിരിയാണിത്തളികയുടെ
ഒരു മൂലയ്ക്കിരുത്തി. കുട്ടികൾ അതിനു മുൻപേ ഇരിക്കാൻ തുടങ്ങിയിരുന്നു.  ശേഷം മറ്റു സ്ത്രീകളും അമ്മൂമ്മയോടൊപ്പം ഇരുന്നു.
ഇതൊക്കെ കണ്ട് ഞങ്ങളുടെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉടലെടുത്തു...!
“നമ്മുടെ വിഹിതം പൊതിഞ്ഞു വാങ്ങിക്കാം. വീട്ടിൽ കൊണ്ടു പോയി അബ്ദുളിനേം കൂട്ടി ഒരുമിച്ചിരുന്ന് കഴിക്കാലോ....”
ഞാനത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അറബി ഞങ്ങളുടെ കൈപിടിച്ച് വലിച്ച് അവിടെ ചെന്ന് ഇരിക്കാൻ പറഞ്ഞു.
വളരെ ഭവ്യതയോടെ  തന്നെ ഞാൻ പറഞ്ഞു.
“ ഞങ്ങൾ ഇവിടെ മാറിയിരുന്ന് കഴിച്ചോളാം. നിങ്ങള് കുടുംബക്കാര് ഒരുമിച്ചിരിക്ക്....”
“ ഹേയ് .. അതൊന്നും പറ്റില്ല... നിങ്ങളും ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കണം. നിങ്ങളും ഞങ്ങളും എന്നൊന്നുമില്ല. നമ്മളെല്ലാം, (രണ്ടു കയ്യും മുകളിലേക്കുയർത്തി) അള്ളാവിന്റെ സൃഷ്ടികളാ....  ഒരേയൊരു ദൈവത്തിന്റെ മക്കൾ.....!”
ഈ മനുഷ്യനോട് മറിച്ചൊന്നും പറയാൻ കഴിയില്ല...
ഈ നാട്ടിലും ഇങ്ങനെ ഒരു മനുഷ്യനോ....?!!
അയാളോടൊത്ത് അവിടേക്ക് നടക്കുമ്പോൾ, ശരിക്കും അത്ഭുതമായിരുന്നു ആ മനുഷ്യൻ...!!

സ്ത്രീകളോടൊപ്പമാണ് അറബി ഇരുന്നത്. നേരെ എതിർ വശത്ത് ഞങ്ങളും.
ഇരുന്ന ഉടനെ അടച്ചു വച്ച ഒരു പാത്രത്തിൽ നിന്നും തൊലി ഉരിഞ്ഞ് കളഞ്ഞ് വേവിച്ച  ആടിന്റെ തലയെടുത്ത് ചോറിന്റെ നടുക്കായി കിടത്തിയിട്ടു.
ഒരു പയ്യനതെടുത്ത് ചോറിന്റെ മുകളിൽ കുത്തി നിറുത്തി...!
അതു കണ്ട് തലയുടെ നേരെ മുൻ‌വശത്തിരിക്കുന്ന മൂക്കട്ട ഒലിച്ച ഒരു കൊച്ചു പയ്യൻ പേടിച്ച് ഒറ്റ നിലവിളി...!
അതോടെ അവരെല്ലാവരും കൂടി ചിരിയായി....?!
ആ നിലവിളിച്ച കുട്ടി അവിടന്നെഴുന്നേറ്റ് എന്റെ തൊട്ടടുത്ത് വന്നിരുന്നു.

ഞങ്ങൾക്ക് എന്താണ് സംഭവമെന്ന് പിടുത്തം കിട്ടിയില്ല.
അയാളുടെ മകൾ ഉടനെ ആ ആട്ടിൻതല ഞങ്ങളുടെ നേരെ തിരിച്ചു വച്ചു.
അപ്പോഴാണ് ആ തലയുടെ ഭീകരത ഞങ്ങൾക്ക് ഗോചരമായത്.
ഇതു കണ്ടാൽ‌പ്പിന്നെങ്ങനെ ആ കൊച്ച് പേടിച്ച് കരയാണ്ടിരിക്കും...!
‘കണ്ണു രണ്ടും പുറത്തേക്ക് തള്ളി, വായ സ്വൽ‌പ്പം തുറന്ന് നാക്ക് ഒരു വശത്തേക്ക് നീട്ടി പുറത്തിട്ടിരിക്കുന്ന ആട്ടിൻ തല’ കണ്ടതും ഞങ്ങളും ഒന്നു ഞെട്ടി...!
അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ വീണ്ടും പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത്, മുറിച്ച് ആദ്യ കഷണം എന്റെ നേരെ നീട്ടി....!!

ബാക്കി ജൂലൈ 15-ന്.....  ‘സെൻസേഡ്....’

Sunday, 15 June 2014

നോവൽ. മരുഭൂമി (18)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു..........

തുടർന്നു വായിക്കുക....
സുഖമുള്ള ഇടി.....


ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 
ആ ശബ്ദം നന്നേ നേർത്തു പോയിരുന്നു...

ഞാൻ ഹബീബായെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 
കുറച്ചു ദിവസങ്ങൾ കൊണ്ട് നന്നായി ക്ഷീണിച്ചിരിക്കുന്നു. വളരെ പ്രായം ചെന്നവരേപ്പോലെ മുഖത്ത് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്നു. അനുഭവിച്ചു തീർത്ത യാതനകൾ അപ്പാടി ആ ക്ഷീണിച്ച മുഖത്തു നിന്നും വായിച്ചെടുക്കാം. ഞാൻ വായിക്കാതിരിക്കുന്നത് കണ്ട് ഹബീബാക്ക് ദ്വേഷ്യം വന്നു. കുറച്ച് ദ്വേഷ്യത്തോടെ അതിലേറെ സ്നേഹം പുരട്ടി ഉറക്കെ വിളിച്ചു.
“കണ്ണാ...”

ഞാൻ ആ കുഞ്ഞു കടലാസ്, ഏതോ നോട്ട്ബുക്കിൽ നിന്നും കീറിയെടുത്തതായിരിക്കും  നിവർത്തിപ്പിടിച്ച് ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു. 
‘ദൈവമേ പാവം, ഹാബീബാക്ക് ബോധക്കേട് വരുന്നതൊന്നും ഇതിനകത്തുണ്ടാകല്ലെ...’ പിന്നെ ഞാൻ എല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് മൌനമായി വായിക്കാനാരംഭിച്ചു. 

ആദ്യം ഒന്നു ഓടിച്ചു വായിച്ചു. 
ഞങ്ങൾ എഴുതി അയച്ച തംഗ്‌ളീഷിൽ തന്നെയാണ് മറുപടിയും. 
കുനുകുനാന്ന് വളരെ ചെറിയ അക്ഷരങ്ങളിലാണ് എഴുത്ത്. നീണ്ട തമിഴ്  വാക്കുകൾ അതേപടി തംഗ്‌ളീഷിലാക്കിയതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എങ്കിലും ഓരോന്നും മുറിച്ച് മുറിച്ച് ഓരോന്നായി വായിച്ചെടുത്തു. 
ഹബീബ എന്റെ മുഖത്തു തന്നെ കണ്ണു ചിമ്മാതെ നോക്കിയിരുന്ന് മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കുകയാണ്. നീണ്ട വാക്കുകൾ വായിച്ചെടുക്കാനായി ഞാൻ കടലാസ്സിൽ സൂക്ഷിച്ച് നോക്കുന്നതു കാണുമ്പോൾ ഹബീബ വലിയ വിഷമത്തോടെ ഉമിനീരിറക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. 

ഇനിയും ഹബീബായുടെ ക്ഷമയെ പരീക്ഷിക്കുന്നത് അവസാനിപ്പിക്കാമെന്ന് കരുതി കത്തിലെ രഗ്നച്ചുരുക്കം ആദ്യം  പറഞ്ഞു.
“ഹബീബാ... വിചാരിച്ചതുപോലുള്ള ഒരു കുഴപ്പവും ഇല്ല. മക്കൾ രണ്ടു പേരും സുരക്ഷിതരായിരിക്കുന്നു. പിന്നെ അവിടെ അടുത്തുള്ള വിക്രമതുംഗെ ആരാ...?”
“ങാ... അത് എന്റെ കെട്ട്യോൻ പണിയെടുത്തിരുന്ന തോട്ടത്തിന്റെ ഉടമസ്ഥനാ... അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോഴും വേണ്ട സഹായങ്ങളൊക്കെ ചെയ്തത് അയാളാ... നല്ല മനുഷ്യനാ..സിംഹളക്കാരനാ.. അയ്യോ.. അയാക്കെന്തു പറ്റി...?”
“അയാൾക്കൊന്നും പറ്റിയില്ല. അയാളുടെ വീട്ടിലാണ് ഹബീബായുടെ മക്കൾ രണ്ടു പേരും...!!” അതു കേട്ടതും ഹബീബ രണ്ടു കയ്യും തൊഴുതു പിടിച്ച് നെറ്റിയിൽ മുട്ടിച്ച് കുമ്പിട്ടിരുന്നു കരഞ്ഞു. “ഹബീബാ എന്തിനാ കരയണേ...?”
വേഗം തല ഉയർത്തി മുഖം തുടച്ചിട്ട് പറഞ്ഞു.
“ഞാൻ കരഞ്ഞതല്ല കണ്ണാ... സന്തോഷം കൊണ്ടാ... ഇനി ഒന്നും പേടിക്കാനില്ല. എന്റെ മക്കളെ അവർ നോക്കിക്കോളും..”
“വീണ ആരാ...?”
“എന്റെ മോളുടെ പ്രായത്തിൽ അയാൾക്കൊരു മോളുണ്ട്. അതാ വീണാ...”
“ആ കുട്ടിയാ ഇവരെ അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത്. രാത്രിയിൽ മാത്രം അവിടെച്ചെന്ന് കിടക്കും രാവിലെ വീട്ടിലേക്ക് തിരിച്ചു പോരും....”

ഹബീബാ ഒഴുകുന്ന കണ്ണീരോടെ അതെല്ലാം കേട്ട് തലയാട്ടിക്കൊണ്ടിരുന്നു. ഇടക്കൊക്കെ മൂക്ക് ചീറ്റുകയും തല മറക്കുന്ന തുണി കൊണ്ട് തുടക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ സിംഹളക്കാരന്റെ വീട്ടിലായിട്ടും ഹബീബ സന്തോഷിക്കുകയാണെങ്കിലും സച്ചിക്കും അബ്ദുളിനും സംശയമായി. ആ സംശയം എനിക്കുമുണ്ടായിരുന്നു.
പുലികൾ സിംഹള സർക്കാരിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സിംഹളക്കാരൻ എങ്ങനെയാണ് തമിഴ് വംശജരായ ഇവരെ സഹായിക്കുക.
“ഞങ്ങൾക്ക് അവിടെ സിംഹളക്കാരെയൊന്നും പേടിക്കേണ്ടതില്ല. ഞങ്ങളെയൊന്നും ശത്രുക്കളായിട്ട് അവർ കാണുന്നില്ല. അതൊക്കെയങ്ങ് ജാഫ്നായിലൊക്കെയല്ലെ...”
ഹബീബായുടെ മറുപടിയിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമുണ്ടായിരുന്നു.

സാധാരണ ഗ്രാമീണർക്കിടയിൽ അത്തരം വംശീയചേരിതിരിവുകൾ ഉണ്ടായിരുന്നിരിക്കില്ല. തന്നെയുമല്ല ഹബീബയുടെ ഗ്രാമത്തിൽ തമിഴരേക്കാൾ കൂടുതൽ സിംഹളക്കാരായിരുന്നിരിക്കണം. എന്തായാലും രാത്രിയിലെ ഭയാശങ്കകളിൽ നിന്നും മക്കൾക്ക് മോചനം നൽകിയത് ഒരു സിംഹളക്കുടുംബമാണ്.

പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് മകൾ എഴുതിയത് ഹബീബയെ പിന്നേയും കരയിപ്പിച്ചു.
മറ്റൊരു ചങ്കിടിക്കുന്ന വാർത്തയുണ്ടായിരുന്നത് ഞാൻ പറഞ്ഞില്ല...!?
പിറ്റേ ദിവസം തന്നെ ഹബീബായുടെ കയ്യിലുണ്ടായിരുന്ന റിയാൽ മുഴുവനും ഉസ്മാനെ  മക്കയിൽ വിട്ട് മകളുടെ പേരിലെ അക്കൌണ്ടിലേക്ക് ഡ്രാഫ്റ്റ് എടുപ്പിച്ചു. വിശദമായി ഒരു കത്തും എഴുതി ഡ്രാഫ്റ്റും അടക്കം ചെയ്ത് അതിന്റെ പിറ്റേ ദിവസം തന്നെ രെജിസ്റ്റേഡ് ആയി അയപ്പിച്ചു.

ആ  കത്ത് പോക്കറ്റിൽ തിരുകി എന്നും ഹബീബ മുറിയിൽ വരും.
എന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയാണോന്നു നോക്കും.
ഞാൻ അടുക്കളപ്പണിയിലൊ മറ്റോ ആണെങ്കിൽ പിന്നെ വരാമെന്ന് പറഞ്ഞ് തിരിച്ച് പോകും. ഇല്ലെങ്കിൽ കത്തെടുത്ത് എന്റെ കയ്യിൽ തരും.
“കണ്ണാ... ഒന്നു കൂടി വായിച്ച് കേൾപ്പിക്ക് കണ്ണാ....!”

അന്നൊരു ദിവസം ഞാനത് തമിഴിൽത്തന്നെ മുഴുവൻ വായിച്ച് കേൾപ്പിച്ചു.
അതിൽ ചങ്കിടിക്കുന്ന ആ വാർത്തയും ഉൾപ്പെടുത്തി...!
അതു കേട്ട് ഹബീബ വായും പൊളിച്ചിരുന്നു പോയി.
ഹബീബയുടെ വിവരങ്ങൾ അറിയാൻ കഴിയാതെ മാസങ്ങൾ കടന്നു പോയപ്പോൾ ചിലരൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കിയതാവാം.
ഹബീബ ‘മക്കയിൽ വച്ച് മരിച്ചുപോയി’യെന്ന്....!?
കേൾക്കേണ്ട താമസം ഹബീബായുടെ മകൾ ബോധം കെട്ട് വീണു.
അതിനു ശേഷം  രാത്രി കാലങ്ങളിൽ കുട്ടികൾക്ക് ഉറങ്ങാൻ കഴിയാറില്ല. .
ചിലപ്പോൾ പുലികൾ തന്നെയാകും ഇത്തരം ഒരു വാർത്ത ചമച്ചിരിക്കുക.
പുലിക്കൂട്ടത്തിൽ കുട്ടികളെ ചേർക്കാൻ എളുപ്പവഴിയാകുമല്ലൊ.
വിവരമറിഞ്ഞ് ആ സിംഹളക്കാരൻ സഹായത്തിനെത്തുകയായിരുന്നു.
വാസ്തവത്തിൽ മക്കൾ രണ്ടു പേരും ആ വാർത്തയിൽ വിശ്വസിച്ച്, മാസങ്ങളായിട്ടും ഒരു വിവരവും കിട്ടാതായതോടെ വാർത്ത സത്യമായിരിക്കുമെന്ന് കരുതി  പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഞങ്ങളയച്ച കത്ത് ഒരു മൃതസഞ്ജീവനിയായി അവരുടെ കയ്യിൽ കിട്ടുന്നത്....!

ഹബീബ ഓരോ ദിവസവും ഒരു മടിയും കൂടാതെ എന്നേക്കൊണ്ട് കത്ത് വായിച്ച് കേൾക്കുമായിരുന്നു. ഒരു മടിയും കൂടാതെ ഞാനുമത് സന്തോഷത്തോടെ വായിച്ച് കേൾപ്പിച്ചിരുന്നു.
അങ്ങനെ ഹബീബായുടെ കത്ത് എനിക്ക് കാണാപാഠമായി.
ഹബീബാ മുറിയിലേക്ക് കയറിവരുമ്പോഴേ ഞാൻ പറയാൻ തുടങ്ങും ‘അൻപുള്ള അമ്മാവുക്ക്........’

എനിക്ക് വരുന്ന എന്റെ സ്വന്തം കത്തുകളും ഞാനെത്രയോ പ്രാവശ്യം വായിക്കുന്നുണ്ട്.
അടുത്ത കത്തു വരുന്നതു വരേക്കും അവസാനം വന്ന കത്ത് പോക്കറ്റിൽ ഇട്ടുകൊണ്ടു നടക്കുമായിരുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ഹൃദയസ്പന്ദനങ്ങൾ അറിയുന്ന ആ കത്തുകൾ ഒരിക്കലും അലക്ഷ്യമായി വക്കാൻ കഴിഞ്ഞിരുന്നില്ല.
‘ചിട്ടി ആയീഹേ... ചിട്ടി ആയീഹേ...’ എന്ന ഹിന്ദിപ്പാട്ടിന്റെ ശരിയായ തീവ്രത അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അന്ന്. ശരിക്കും കരയാതെ ആ പാട്ട് അവസാനിക്കുമായിരുന്നില്ല.
സമയം കിട്ടുമ്പോഴൊക്കെ എന്റെ കത്തുകൾ വായിച്ചു കൊണ്ടേയിരിക്കും.
വായിക്കാനറിയാവുന്നതു കൊണ്ട് എനിക്കത് ബുദ്ധിമുട്ടില്ലായിരുന്നു.
വായിക്കാനറിയാത്ത ഹബീബക്ക് എന്നോട് പറയാനായിരുന്നു ബുദ്ധിമുട്ട്.
അന്നു മുതൽ എല്ലാ ആഴ്ചയിലും ഓരോ കത്തു വീതം ഹബീബ എഴുതിപ്പിക്കുമായിരുന്നു.

ഒരു ദിവസം ആശുപത്രിയിലെ തിണ്ണയിൽ ഞങ്ങൾ വെടി പറഞ്ഞിരിക്കുമ്പോഴാണ് ആ അറബിയും കുടുംബവും ഒരു കാറിൽ വന്നിറങ്ങിയത്. അവരുടെ വീട്ടിലെ എയർ കൂളർ നന്നാക്കാൻ ഞങ്ങൾ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. അവരുടെ കുട്ടികളേയും ഞങ്ങൾക്ക് നല്ല പരിചയമാണ്.  കുടുംബത്തെ ആശുപത്രിക്കകത്താക്കിയിട്ട് അറബി ഞങ്ങളുടെ അരികിൽ വന്നിട്ട് ചോദിച്ചു. “നിങ്ങൾക്ക് ടീവിയുടെ ആന്റിന പിടിപ്പിക്കാൻ അറിയില്ലേ..?”
“ങാ... അറിയാം...”
“അതൊരെണ്ണം പിടിപ്പിക്കാനുണ്ട്... ഞാൻ ഒരു ദിവസം വരാം...”
ഞങ്ങൾ സമ്മതിച്ച് കാത്തിരുന്നു.
അൻപത് റിയാലെങ്കിലും തടയുന്ന കാര്യമാണ്.

അടുത്ത വ്യാഴാഴ്ച ഉച്ച കഴിഞ്ഞ നേരത്ത് അവൻ വന്നു വിളിച്ചു.
ഞങ്ങൾ ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വലിയ ജീപ്പ് നിറയെ അവനും ഭാര്യമാരും മക്കളും മറ്റുമായി ഒരു വലിയ പട തന്നെയുണ്ട് വണ്ടിയിൽ. വാസ്തവത്തിൽ ഞങ്ങൾക്കിരിക്കാൻ സ്ഥലമില്ലായിരുന്നു ആ വണ്ടിയിൽ. വണ്ടിക്കു മുകളിൽ ടാർപ്പോളിൻ കൊണ്ടു മൂടിക്കെട്ടിയ നിലയിൽ എന്തൊക്കെയോ കെട്ടുകളുമുണ്ട്. ആന്റിന ഉറപ്പിക്കാനുള്ള ഇരുമ്പു പൈപ്പും കൂട്ടത്തിൽ പുറത്തേക്ക് നീണ്ടു നിൽ‌പ്പുണ്ട്.

പിറകിലെ സീറ്റുകൾ മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു. രണ്ടിലും പെണ്ണുങ്ങൾ നിറഞ്ഞിരിപ്പുണ്ട്. മുൻപിലെ സീറ്റിൽ അവന്റെ മക്കളും മറ്റും കയറിക്കഴിഞ്ഞിരുന്നു. എന്നേയും  സച്ചിയേയും ഏറ്റവും പിറകിലെ സീറ്റുകളിൽ  അറ്റത്തായി പെണ്ണുങ്ങളോടൊപ്പം മുഖാമുഖം ഇരുത്തിയാണ് വണ്ടി വിട്ടത്. മുറുകെ പിടിച്ചില്ലെങ്കിൽ ഓരോ വളവിലും ഞങ്ങൾ പുറത്തേക്ക് തെറിച്ചു പോകുമായിരുന്നു.

ഹൈവേയിൽ നിന്നും വണ്ടി ഒരു പോക്കറ്റ് റോട്ടിലേക്കും അവിടേനിന്ന് വഴിയൊന്നുമില്ലാത്ത മലഞ്ചെരിവിലേക്കും കയറിത്തുടങ്ങി. ഇതെവിടേക്കെന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല. വലിയ മലകൾ ചുറ്റി വളഞ്ഞ് പതുക്കെ പതുക്കെ മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരുന്നു. അടുത്തെങ്ങും ഉണങ്ങി വരണ്ട് കറുത്തുപോയ മലകളല്ലാതെ  മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു റോഡോ, നേരത്തെ വണ്ടികൾ പോയി തെളിഞ്ഞ ചാലുകളോ ഒന്നും കാണാനുണ്ടായിരുന്നില്ല. അങ്ങനെയൊന്നും നോക്കിയായിരുന്നില്ല അവൻ വണ്ടി ഓടിച്ചിരുന്നത്.

ചില മലഞ്ചെരിവുകളിൽ ആടുകളെ പാർപ്പിക്കുന്ന ടെന്റുകൾ കണ്ടിരുന്നു. മലമുകളിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു താഴെ  അത്തരം കാഴ്ചകൾ കണ്ടിരുന്നത്. വണ്ടി കുലുങ്ങിക്കുലുങ്ങി ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്തിരിക്കുന്ന പെണ്ണുങ്ങളുടെ ശരീരം ഞങ്ങൾക്കുമേൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യമൊക്കെ സീറ്റ് നിറഞ്ഞിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ തള്ളലായിട്ടേ തോന്നിയിരുന്നുള്ളു. അന്നേരം ഒരു ഈർച്ച തോന്നിയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ്  അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

അതോടെ ചങ്കിടിപ്പിന്റെ സുഖമുള്ള താളം ഒരു ഭീതിയുടെ താളത്തിലേക്ക് മാറി...!
ഇവിടെ നിന്നും മാറിയിരിക്കാൻ ഒരു വഴിയുമില്ല. അരുതെന്ന് പറഞ്ഞാൽ ഭാഷ മനസ്സിലാകാതെ മറ്റെന്തെങ്കിലും ആണെന്ന് തെറ്റിദ്ധരിച്ചാലോ. വാദി പ്രതിയാകാൻ വലിയ താമസമുണ്ടാകില്ല.
പിന്നെ ചിന്തിച്ചത് ഞങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ. അവരായിട്ടല്ലെ.

എന്നാലും ഇത് നാട് വേറെയാണ്.
ഇവിടെ ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലുമെന്ന നാട്ടിലെ ചൊല്ല് വിലപ്പോവുകയില്ല. ഇവിടെ മുള്ളിന്റെ മുന പോയതു തന്നെ....!
ഒരു സംശയവും വേണ്ട...!
അത്തരം കഥകൾ ഉസ്മാനും മൊയ്തുവും പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.
പരമാവധി ഒതുങ്ങിയിരുന്നിട്ടും ഫലമൊന്നുമുണ്ടായില്ല.
അവർ ഓരോ ഇടിയും അറിഞ്ഞു കൊണ്ട് തരുമ്പോഴും കുലുങ്ങി കിലുങ്ങി ചിരിക്കുന്ന ശബ്ദം  കൂടി കേൾക്കുമ്പോൾ ഞങ്ങളുടെ അങ്കലാപ്പ് കൂടിവന്നതേ ഉള്ളു.
അവരും അത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു...!

എങ്കിലും ഞങ്ങൾ തിരിഞ്ഞു നോക്കാതെ പിറകിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ചുറ്റുമുള്ള കാഴ്ചകൾ ഉണങ്ങി വരണ്ടതായിരുന്നെങ്കിലും ഈ സുഖമുള്ള യാത്രയിലെ അന്ത്യം ഞങ്ങൾക്ക് ഊഹിക്കാനാവുമായിരുന്നില്ല.
ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം...
മലയുടെ മുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടേയിരുന്നു....
ഓരോ ചെറിയ കുലക്കത്തിലും സുഖമുള്ള ഇടികൾ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു.
വണ്ടി കയറ്റം കയറുമ്പോഴുള്ള തള്ളലിൽ അവർ അത്രയും ഞങ്ങളോട് ചേർന്നിരുന്നിരുന്നു...
താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ, പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ടു...!
അവരുടെ അമ്മമാരും മറ്റും അതു കണ്ടുകൊണ്ടിരിക്കുന്നെന്ന ചിന്തയിൽ  ഭീതിയോടെ ഞാൻ  വിറ കൊള്ളാൻ തുടങ്ങി.......!?

ബാക്കി ജൂലൈ 1-ന്............... നാക്ക് നീട്ടി കണ്ണു തുറിച്ച്.....!!

Sunday, 1 June 2014

നോവൽ. മരുഭൂമി (17)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു.....

തുടർന്നു വായിക്കുക...

റംസാൻ.......

റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

റംസാന്റെ ആരവങ്ങളൊന്നും ഞങ്ങൾക്ക് പ്രകടമായില്ല. 
കാരണം ഞങ്ങളല്ലാതെ മറ്റാരും അവിടെയില്ലല്ലൊ. ഉസ്മാനും മൊയ്തുവും അബ്ദുളും നോമ്പു നോക്കാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. കൂട്ടത്തിൽ ഞാനും സച്ചിയും മാത്രമായിട്ടെങ്ങനെ ഭക്ഷണം കഴിക്കും...? 
തീർച്ചയായും അബ്ദുളിന് അതൊരു ബുദ്ധിമുട്ടാവും. മാത്രമല്ല ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. അമാറയിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് പട്ടിണി ഇല്ലാതെ കഴിയുന്നത്. ഗ്രാമ വാസികൾ വല്ലപ്പോഴുമേ പണിക്ക് വിളിക്കാറുള്ളു. ഈയൊരവസ്ഥയിൽ നോമ്പ് നോക്കുകാന്നു പറയുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഞങ്ങൾക്കും തോന്നി. പകൽ ഭക്ഷണം വേണ്ടാത്തതു കൊണ്ട് ചിലവും കുറവ്. അങ്ങനെ ഞങ്ങളും അബ്ദുളിനൊപ്പം കൂടി നോമ്പ് നോക്കാൻ. ആദ്യ ദിവസം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. രണ്ടാം ദിവസം ഉച്ചയോടടുക്കുമ്പോൾ ഉസ്മാന്റെ ഫോൺ വന്നു. 
“നിങ്ങള് കറി വല്ലതും ഉണ്ടാക്കുന്നുണ്ടോ...?”
“ഇല്ലാ.. അതെങ്ങനെ ഞങ്ങളും നോമ്പിലല്ലെ...?”
“അല്ല. പോലീസ് മുഹമ്മദ് മണം പിടിച്ച് അങ്ങോട്ട് വരുന്നുണ്ട്....?”
കേട്ടതും ഞങ്ങളൊന്നു ഞെട്ടി. 

വാതിലിൽ മുട്ടു കേട്ടതും വേഗം വാതിൽ തുറന്നു. കാരണം ഞങ്ങൾക്ക് മറയ്ക്കാനൊന്നും ഇല്ലായിരുന്നു. അവൻ മുറിയിലൊക്കെ ഒന്നു പരതി. ഒന്നും കാണാത്തതു കൊണ്ടാകും അവൻ ചോദിച്ചു. 
“എല്ലാവരും നോമ്പിലല്ലെ...” 
“ അതെ..” 
“നല്ലത് നല്ലത്...” 
അതും പറഞ്ഞവൻ ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. വാഷ്ബേസിൻ തുറന്നവൻ മുഖം കഴുകുന്ന ശബ്ദം കേൾക്കാം. അതു കഴിഞ്ഞവൻ പുറത്തിറങ്ങിയിട്ട് എലി മണം പിടിക്കുന്നതു പോലെ ചുണ്ട് കൂർപ്പിച്ച് മണം പിടിക്കുന്നുണ്ടായിരുന്നു. 
ഞങ്ങൾ ബാത്ത്‌റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ അവൻ പടിക്കലോളം ചെന്നിട്ട് തിരിച്ച് നടന്ന് നഴ്സുമാരുടെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി മണപ്പിച്ച് നടക്കുന്നു. 
പെട്ടെന്ന് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..! 

ഫിലിപ്പൈനി മെർലിൻ ഭക്ഷണമുണ്ടാക്കുന്ന മണമായിരിക്കും അവന് കിട്ടിയത്. അവൾ മീൻ വാങ്ങി ഉപ്പിട്ട് ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുന്ന വൃത്തികെട്ട മണം വരാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. ഉടനെ മെർലിന് ഫോൺ ചെയ്തു. 
ഹബീബയാണ് എടുത്തത്. 
വേഗം മെർലിന് കൊടുക്കാൻ പറഞ്ഞു.  
“നീ ഭക്ഷണമുണ്ടാക്കാ...?” 
“അതെ...”  
“എന്തോന്നാ മീനാ...?” 
“അതെ...!“ 
"എങ്കിൽ വേഗം സ്റ്റൌ ഓഫാക്ക്. പോലീസ്സ് മുഹമ്മദ് മണം പിടിച്ച് വരുന്നുണ്ടങ്ങോട്ട്...!?” കേട്ടതും അവൾ ഫോൺ വലിച്ചെറിഞ്ഞ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. 
പിന്നെ ശബ്ദമൊന്നുമില്ല.  

പോലീസ് മുഹമ്മദ് ക്വാർട്ടേഴ്സിന് അടുത്തു എത്തിയപ്പോഴേക്കും മണത്തിന്റെ കണക്ഷൻ പെട്ടെന്ന് നിന്നുപോയിരിക്കും. തന്നെയുമല്ല സ്ത്രീകൾ മാത്രമുള്ളതു കൊണ്ടാകും അവരെ വിളിക്കാനൊന്നും പോയില്ല. വാദി പ്രതിയാകുന്നത് എപ്പോഴെന്ന് പറയാനാകില്ലല്ലൊ. 
പോലീസ്സ് മുഹമ്മദ് കുറച്ച് നേരം അവിടെ നിന്ന് കറങ്ങിയിട്ട് വേഗം പുറത്തിറങ്ങിപ്പോയി. 
കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മെർലിന്റെ ഫോൺ.
”വളരെ നന്ദീട്ടൊ... വളരെ നന്ദി. ഞാനക്കാര്യം മറന്നു പോയി...” 
“ഇപ്പോൾ പോലീസ്സ് കൊണ്ടോയേനേ.....!“
ഞാനൊന്നു പേടിപ്പിക്കാനായി പറഞ്ഞു നോക്കി. 
“എന്റെ കർത്താവേ....!“ 
“സാരമില്ല. ഒരു തവണയൊക്കെ മാപ്പ് തരും....” 
“മെർലിൻ... എന്നിട്ട് മീൻ വറുത്തത് എന്തു ചെയ്തു...?” 
“മുഴുവൻ മൊരിഞ്ഞിട്ടില്ലായിരുന്നു. ഞാൻ ചട്ടിയോടെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് അടച്ച് വെള്ളമൊഴിച്ചു.....!!“ 
“ഹ..ഹാ..ഹാ..  അതെന്തിനാ...? സ്റ്റൌ ഓഫാക്കിയാൽ പോരായിരുന്നോ...?” “അവനെങ്ങാനും അകത്തു വന്നു നോക്കിയാലോന്ന് പേടിച്ചു ഞാൻ...!“ 
“ഈജിപ്ഷ്യൻ സിസ്റ്ററും ഹബീബയും പറഞ്ഞതാ എന്നോട്. ഭകഷണം ഉണ്ടാക്കിക്കഴിച്ചോ അവർക്ക് ബുദ്ധിമുട്ടില്ലാന്ന്... അതാ ഞാൻ....” 
“ആയിക്കോളൂ.. മണം പുറത്തു വരാത്ത എന്തും ഉണ്ടാക്കിക്കഴിക്കാം. മണമുള്ളത് രാത്രിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ മതി....” 
എന്റെ വക ഒരു ഉപദേശവും കൂടി കൊടുത്ത് ഫോൺ കട്ടാക്കി. 

എന്റെ ഫോൺ ചെല്ലലും കേട്ടതു പാതി കേൾക്കാത്തതു പതിയെന്നു പറഞ്ഞതു പോലെ, ഫോണും വലിച്ചെറിഞ്ഞ്, ഹബീബയെ തട്ടിമാറ്റി ഓടിച്ചെന്ന് ചട്ടിയോടെ മീനെടുത്ത് വാഷിംഗ് മെഷീനിലിട്ടടച്ച് വെള്ളം ഓണാക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്ന മെർലിന്റെ ചിത്രം ഞങ്ങൾക്ക് തലകുത്തി നിന്ന് ചിരിക്കാനുള്ള വകയുണ്ടാക്കിത്തന്നു. 

ഞങ്ങൾ ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ പോലും എന്നും രണ്ടു മൂന്നു തവണ പോലീസ്സ് മുഹമ്മദ് ഞങ്ങളുടെ മുറിയിൽ കയറിയിറങ്ങി. ബാത്ത്‌റൂമിൽ കയറുക, മുഖം കഴുകുക ഇതാണവന്റെ സ്ഥിരം പരിപാടി. പതുക്കെപ്പതുക്കെ ഞങ്ങളും നോമ്പുമായി ഇഴുകിച്ചേരുകയായിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ശരീരത്തിന് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. നോമ്പു വിടുന്ന വൈകുന്നേരം ആദ്യമാദ്യം പഴങ്ങളൊക്കെ കഴിച്ചിരുന്നെങ്കിലും പോകെപ്പോകെ അതൊന്നും വാങ്ങാൻ ആരുടെ കയ്യിലും കാശില്ലാതെയായി. 
ആശുപത്രിയുടെ പ്രവർത്തനം പാതിരാ കഴിഞ്ഞും നീണ്ടു. 
വയറിന് അസുഖം ബാധിച്ച് വരുന്നവരുടെ എണ്ണം കൂടി. 
നോമ്പു വിടുന്ന നേരം അളവില്ലാത്ത ഭക്ഷണം അകത്താക്കുന്നതാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഞങ്ങൾക്കും അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. 

പതിനഞ്ചാം ദിവസം അബ്ദുൾ പറഞ്ഞു. 
“ശ്ശെ... എനിക്കൊരു അബദ്ധം പറ്റി. വായ കഴുകുമ്പോൾ കുറച്ച് വെള്ളം അകത്തു പോയി....!“  
ഞാൻ പറഞ്ഞു.
“അതിനിപ്പേന്താ... അറിയാതെയല്ലെ... വേണമെന്നു വിചാരിച്ചിട്ടല്ലല്ലൊ....” 
“ഹേയ് എന്നാലും അത് ശരിയല്ല. ഇനിയും നോമ്പ് ഒന്നേന്ന് ആദ്യം മുതൽ തുടങ്ങണം... വയ്യാ...” 
കാശ് കയ്യിലില്ലാത്തതുകൊണ്ട് ഞങ്ങൾക്കും നിറുത്തണമെന്നുണ്ടായിരുന്നു. അബ്ദുളിനെ ഒറ്റപ്പെടുത്താൻ വയ്യാത്തോണ്ടാണ് ഒന്നും മിണ്ടാതിരുന്നത്. 
“ഇനി നമ്മൾ ഭക്ഷണം ഉണ്ടാക്കാമെന്നു വിചാരിച്ചാലും പോലീസ് മുഹമ്മദ് സമ്മതിക്കുമോ...?” 

അന്നു മുതൽ പോലീസ്സ് മുഹമ്മദിന്റ വരവും പോക്കും ശ്രദ്ധിക്കാൻ തുടങ്ങി. 
പത്തു മണിക്കു വന്നാൽ‌പ്പിന്നെ ഉച്ചക്ക് ഒരു മണിക്കവൻ വീണ്ടും വരും. പിന്നെ അവന്റെ വരവുണ്ടാകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് എട്ടു മണിക്കും വരും. അതൊക്കെ നോക്കി ഒരു വിധം സമയമൊക്കെ കൃത്യമാക്കി ഞങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. അരി വക്കാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. കറിയൊന്നും ഉണ്ടാക്കാറില്ല. അച്ചാർ തന്നെ ശരണം. 

അങ്ങനെ വലിയ കുഴപ്പമില്ലാതെ ദിവസങ്ങൾ നീങ്ങി. ഇരുപത്തൊന്നാം ദിവസം ഉസ്മാൻ വിശന്നു വലഞ്ഞെത്തി. കുളിച്ചപ്പോൾ കുറച്ച് വെള്ളം അകത്തു പോയത്രെ. 
ഞങ്ങളുടെ ഊണ് കഴിഞ്ഞിരുന്നെങ്കിലും, ബാക്കി ചോറിരിപ്പുണ്ടായിരുന്നു. ഉപ്പിട്ട ചോറിൽ  അച്ചാറും മാത്രം കൂട്ടി സ്വാദോടെ പാത്രം ഉള്ളം കയ്യിൽ പിടിച്ച് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്...! 
പെട്ടെന്നാണ് ഒരു മണിക്കുള്ള പോലീസ് മുഹമ്മദിന്റെ സന്ദർശന സമയമാണെന്ന് ഓർത്തത്. അക്കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. ചോറു പാത്രമെടുത്ത് ഒരു പേപ്പറിട്ട് മൂടി കട്ടിലിൽ കിടക്കക്കടിയിൽ തിരുകി വാതിൽ തുറന്നു. അവൻ കയറി വന്ന് സലാം പറഞ്ഞ് ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. ഉടനെ വാഷ്ബേസിനിൽ വെള്ളമൊഴുകുന്നതിന്റേയും മുഖം കഴുകുന്നതിന്റേയും ശബ്ദം കേൾക്കായി. കുറച്ച് കഴിഞ്ഞവൻ ഇറങ്ങി വന്ന് സലാം പറഞ്ഞ് പുറത്തിറങ്ങിപ്പോയി. 

ഞാൻ ഉസ്മാനോട് ചോദിച്ചു. 
“അവൻ ഏതു നേരവും നമ്മുടെ മുറിയിൽ കയറി വന്ന് ഈ മുഖം കഴുകലും മറ്റും എന്തിനു വേണ്ടിയാ....? അവന്റെ അമാറയിലിതൊക്കെ ഉള്ളതല്ലേ...?” 
ഉസ്മാൻ പറഞ്ഞു. 
“അവിടെ ആകുമ്പോൾ മറ്റു പോലീസ്സുകാരു കാണില്ലെ. ഇവിടെ ആകുമ്പോൾ കൂട്ടത്തിൽ കുറച്ചു വെള്ളവും അകത്താക്കാമല്ലൊ. അവന് നോമ്പൊന്നും കാണില്ല...!“ 
“എന്നാലും വായിൽ വെള്ളമൊഴിക്കുമ്പോൾ കുറച്ചിറക്കിയാലും ഒരു പോലീസ്സുകാരനും മനസ്സിലാകില്ല...!“ 
“അതല്ല പ്രശ്നം. അമാറയിലെ പൈപ്പ് വെള്ളം ലേശം ഉപ്പുള്ളതാ. അത് കുടിക്കാൻ കൊള്ളില്ല. അവരു കുടിക്കാൻ വേറെ വലിയ ബോട്ടിൽ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. നമ്മുടെ വെള്ളം ആശുപത്രി ആയതു കൊണ്ട് കുടിക്കുന്നതു തന്നെയാ പൈപ്പിലും വരുന്നത്. അതാണ് അവൻ ഇവിടെ വന്ന് മുഖം കഴുകൽ നാടകം നടത്തുന്നതിന്റെ രഹസ്യം...!!“ 
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. 
അവന്റെ ആ സ്വഭാവം ഞങ്ങൾക്ക് പാരയായിയെന്നു മാത്രം. 

മൊയ്തു മാത്രം ആരും കൂട്ടില്ലാതെ മുഴുവൻ നോമ്പും നോറ്റു. 
പെരുന്നാൾ ഒട്ടക ഇറച്ചിയോടെ ഞങ്ങൾ ആഘോഷിച്ചു.

റംസാനായതുകൊണ്ട് പോസ്റ്റുമാന്റെ വരവ് കുറവായിരുന്നു. 
അവിടെ മക്കയിൽ കത്ത് തരം തിരിക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്നം. 
പെരുന്നാൾ കഴിഞ്ഞ് പോസ്റ്റോഫീസ് തുറന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. 
പോസ്റ്റുമാൻ കത്തുകൾ ആശുപത്രിയിൽ കൊണ്ടു വന്നു കൊടുത്തിട്ടുപോയി. 

വാതിൽ മുട്ടാതെ തന്നെ തള്ളിത്തുറന്ന് പെട്ടെന്ന് കയറി വന്ന ഹബീബ നന്നായി വിയർത്തിരുന്നു. 
ആ മുഖം കരയുകയാണോ ചിരിക്കുകയാണൊ എന്നറിയാത്ത പ്രകൃതം...! 
കയ്യിൽ കുറേ കത്തുകളും വാരിപ്പിടിച്ചിരുന്നു. 
അതെല്ലാം ഞങ്ങൾക്കുള്ളതായിരുന്നു. 
പിന്നീടാണ് ഓടിയതിന്റെ അണപ്പു മാറ്റുന്നതോടൊപ്പം, മുഖമൊന്നമർത്തിത്തുടച്ച് ആശുപത്രി യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു കവർ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് കട്ടിലിൽ വീണ് കിടന്ന് കരഞ്ഞത്...!? 
അത് തന്റെ വീട്ടിൽ നിന്നും വന്നതാണെന്ന് പറയാനുള്ള വാക്കുകൾ സന്തോഷ തിരത്തല്ലലിൽ ഹബീബക്ക് കിട്ടിയില്ല. ഒരു വശം ചരിഞ്ഞു കിടന്ന് മുഖം ദുപ്പട്ടയിലൊളിപ്പിച്ച് പറഞ്ഞു. “പൊട്ടിച്ച് വായിക്ക് കണ്ണാ..” 

മാസങ്ങൾക്ക് ശേഷം വന്ന കത്തിലെ വിശേഷങ്ങൾ സന്തോഷമാണോ സങ്കടമാണൊ തരുന്നതെന്നറിയാതെ ഹബീബ വല്ലാത്ത മാനസ്സിക പിരിമുറക്കത്തിലായിരുന്നു.  
തന്റെ മക്കൾക്കെന്തു സംഭവിച്ചെന്നറിയാതെ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാവുകൾക്ക് അവസാനമാകുകയാണ്. അതിനിടക്ക് കത്ത് വാങ്ങി അടിച്ചിരിക്കുന്ന സീൽ നോക്കി സച്ചി അത് ശ്രീലങ്കയിൽ നിന്നാണെന്നു ഉറപ്പു വരുത്തി. കത്തിന്റെ ഒരു വശം കീറി ഉള്ളിൽ നിന്നും ഒരു കുഞ്ഞു കടലാസ് പുറത്തെടുത്തു. 
ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 

ബാക്കി  ജൂൺ -15ന്..... സുഖമുള്ള ഇടി....

Thursday, 15 May 2014

നോവൽ. മരുഭൂമി (16)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്.
തുടർന്നു വായിക്കുക...

ഒട്ടകം കാടായി....

അതിനിടക്ക് എന്റെ ഉമ്മയും പോയി...!
ഞങ്ങൾക്ക് പരസ്പ്പരം കാണാനാവാതെ ഉമ്മ പോയി..”
ഐമുണ്ണിക്ക അതും പറഞ്ഞ് തലയും കുമ്പിട്ടിരുന്നു.
കരയുകയായിരിക്കും.
ഞങ്ങളൊന്നും മിണ്ടിയില്ല.
അടുത്തിരുന്ന സച്ചി ഐമുണ്ണികാന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാഫറുക്ക എഴുന്നേറ്റിട്ട് പറഞ്ഞു.
“ദേ ബാങ്കു വിളി കേൾക്കണുണ്ട്... നമ്മൾക്ക് പോകാ... അതു കഴിഞ്ഞിട്ട് വരാം...”

അവരോടൊപ്പം അബ്ദുളും പോയി. ഐമുണ്ണിക്കാന്റെ ജീവിതകഥ ഞങ്ങളുടെ മനസ്സിൽ വല്ലാത്തൊരു ഭാരം കയറ്റി വച്ചിരുന്നു. കുടുംബത്തിലെ മൂത്ത മക്കൾക്കെല്ലാം ഇതു ബാധകമാണെന്ന് സച്ചി പറഞ്ഞു. അവരുടെ താഴെയുള്ളവരുടെ കാര്യങ്ങൾ നോക്കി വരുമ്പോഴേക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായിരിക്കും.
പാവം ഐമുണ്ണിക്കാ...

അവർ പോയതിനു ശേഷം പിന്നേയും ഞങ്ങൾ അതിനെക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു. ഇന്ന് ആള് കൂടുതൽ ഉള്ളതല്ലെ. ഞാനും സച്ചിയും പൊറോട്ട അടിക്കാൻ മൊയ്തുവിനെ സഹായിക്കാനായി പോയി.

വരാമെന്നു പറഞ്ഞ പോലീസ്സുകാരൻ എത്തിയിരുന്നു.
അമാറയിൽ പണ്ട് ജോലി ചെയ്തിരുന്നു അയാൾ. അന്നുള്ള പരിചയമാണ് ജാഫറുക്കാക്ക്. കൂട്ടുകാർക്കു വേണ്ടി ചിലപ്പോഴൊക്കെ ഇത്തരം ബ്രോക്കർ പണി ചെയ്യാറുണ്ട്. പ്രതിഫലമൊന്നും മോഹിച്ചിട്ടല്ല. ആ പോലീസ്സുകാരന് മക്കയിലാണ് ജോലി. ഇക്കാമയില്ലാത്തവരെ പിടിക്കൽ തന്നെ.  ഹൈവേ മസ്ജിദിനടുത്തു  വച്ചായിരുന്നു കൂടിക്കാഴ്ച. നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് ഐമുണ്ണിക്കാനെ പരിചയപ്പെടുത്തിയത്.

കൊണ്ടു പോകേണ്ട പെട്ടിയെല്ലാം കെട്ടിപ്പൂട്ടി കൂട്ടുകാരനെ ഏൽ‌പ്പിച്ചിട്ടു വേണം പിടി കൊടുക്കാൻ. പോകാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റും എടുത്ത് കൂട്ടുകാരനെ ഏൽ‌പ്പിക്കണം. പോകുന്ന ദിവസം വിളിച്ചു പറഞ്ഞാൽ പെട്ടികളുമായി വിമാനത്താവളത്തിനു പുറത്ത് നേരത്തെ വന്ന് കൂട്ടുകാരൻ കാത്തു നിന്നിരിക്കണം. മൂന്നു ദിവസത്തിനുള്ളിൽ കയറ്റി വിട്ടോളാമെന്ന ഉറപ്പും പോലീസ്സുകാരൻ കൊടുത്തു.  ശനിയാഴ്ച  കാലത്ത് പത്ത് മണിയോടടുത്ത് പോലീസ്സുകാരൻ ഡ്യൂട്ടിയുള്ള സിഗ്നൽ പോസ്റ്റ് പറഞ്ഞു കൊടുത്തു. അവിടെ നിന്നാൽ മതി. പിരിയാൻ നേരം ജാഫറുക്ക ഷേക്ക് ഹാന്റ് കൊടുത്ത കൂട്ടത്തിൽ നാലാക്കി മടക്കിയ അഞ്ഞൂറിന്റെ ഒരു നോട്ടും കയ്യിൽ വച്ചു കൊടുത്തു.

ഒരാഴ്ച കഴിഞ്ഞിട്ടാണ് പിന്നെ ജാഫറിക്കായെ കാണുന്നത്. ഐമുണ്ണിക്കായെ കയറ്റിവിട്ടെന്ന് അറിയിക്കാനാണ് വന്നത്. പോലീസ്സുകാരൻ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മൂന്നാം ദിവസം കയറിപ്പോയി. സർക്കാർ സ്വന്തം ചിലവിൽ ഇത്തരക്കാരെ കയറ്റി വിടാറുണ്ട്. പക്ഷെ, മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമത്രെ. പാവം ഐമുണ്ണിക്കാക്ക്, ഇനിയെങ്കിലും ഒരു കുടുംബജീവിതത്തിന് ഭാഗ്യമുണ്ടാവട്ടെയെന്ന് ഞങ്ങളെല്ലാം പ്രാർത്ഥിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും ഹബീബക്ക് കത്തൊന്നും വരികയുണ്ടായില്ല.
അതൊരു പക്ഷെ, ഞങ്ങളയച്ചത് കിട്ടിയിരിക്കില്ലെന്നു തന്നെ കരുതി.
കാലത്ത് പോസ്റ്റുമാന്റെ മഞ്ഞക്കളറുള്ള വണ്ടി വരുന്നതും നോക്കി ഹബീബ ആശുപത്രി വരാന്തയിൽ നിൽക്കും. വണ്ടി വരുന്നതു കണ്ടാൽ ആശുപത്രിയിൽ നിന്നും ഞങ്ങളെ ഫോൺ വിളിക്കും. ഞാനപ്പോഴേ ഉറക്കത്തിൽ നിന്നും കണ്ണു തുറക്കൂ. അടിക്കുന്നതു കേട്ടാൽ അറിയാം, ഹബീബയുടേതാണെന്ന്. എടുത്തവഴി പറയും.
“കണ്ണാ... പോസ്റ്റുമാൻ വന്താച്ച്.. ശീഘ്രം പോങ്കോ...!”

നേരത്തെ എഴുന്നേൽക്കുന്ന അബ്ദുൾ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകും.
പോസ്റ്റാഫീസിന്റെ അകത്തു നിന്നും  അബ്ദുൾ പുറത്തിറങ്ങുന്നതും നോക്കി ഹബീബ ആകാംക്ഷയോടെ ആശുപത്രി വരാന്തയിൽ നിൽക്കും. നേരെ മുന്നിലുള്ള ഇടറോഡിലാണ് പോസ്റ്റോഫീസ്സ്.   കത്തില്ലെന്നറിഞ്ഞാൽ നിരാശയോടെ പിന്തിരിയും. എന്നാലും ഇടക്കിടക്ക് തിരിഞ്ഞു നോക്കും. ചിലപ്പോൾ ശരിക്ക് നോക്കിയോന്ന് എടുത്തെടുത്ത് ചോദിക്കും.
ഞങ്ങൾക്കാർക്കെങ്കിലും കത്തുണ്ടെങ്കിൽ ഹബീബയുടെ കരയുന്ന ഭാവമായിരിക്കും മുഖത്തിന്. അതുകൊണ്ട് ഞങ്ങളുടെ കത്തുണ്ടെങ്കിൽ, ഹബീബ കാണാതിരിക്കാനായി ഉടനെ പാന്റ്സിന്റെ പോക്കറ്റിൽ തിരുകും. എന്നിട്ട് ഇന്നാർക്കും കത്തില്ലെന്നു നിരാശ മുഖത്തു വരുത്തി പറയുമ്പോൾ ഹബീബക്ക് ആശ്വാസമാകുമെന്നു മാത്രമല്ല, ‘സാരോല്ല കണ്ണാ.. നാളെ വന്തിടും. കവളപ്പെടവേണ്ടാ’ന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.
അപ്പോൾ എനിക്ക് കരച്ചിൽ വരും.

മൊയ്തുവിന് ഒരു പാർട്ട് ടൈം ജോലിയുണ്ടായിരുന്നു ഗ്രാമത്തിലെ ഒരു വീട്ടിൽ. ആ വീട്ടിലെ അറബിയും കുടുംബവും മക്കയിലാണ് സ്ഥിരതാമസം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഗ്രാമത്തിലെ വീട്ടിൽ ഉണ്ടാവുക. വ്യാഴാഴ്ച വൈകീട്ട് വന്ന് വെള്ളിയാഴ്ച രാത്രിയിൽ തിരിച്ചു പോകും. അതിനിടക്കുള്ള ദിവസങ്ങളിൽ വീട് വൃത്തിയാക്കിയിടുകയാണ് മൊയ്തുവിന്റെ ജോലി.

അന്നൊരിക്കൽ ഉച്ചക്ക് മുൻപായി വന്നപ്പോൾ, ഒരു  പ്‌ളാസ്റ്റിക് ബാഗ് നിറയെ  ഇറച്ചിയുണ്ടയിരുന്നു അറബിയുടെ കയ്യിൽ. അത് ആശുപത്രിയിൽ വന്ന് മോയ്തുവിനെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഇതു നിന്റെ സുഹൃത്തുക്കൾക്ക് കൊണ്ടുക്കൊട്. എന്നിട്ട് അന്നുണ്ടാക്കിയതു പോലെ നിങ്ങളുടെ എരിവുള്ള മസാലക്കറി  ഉണ്ടാക്കാൻ പറ. വൈകീട്ട് ഞാൻ വന്ന് കറി വാങ്ങിച്ചോളാം...!”

അതിനൊരു കാരണമുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ആ സംഭവം.
അന്ന് അറബി വരുമെന്നും പറഞ്ഞ് മൊയ്തു വൈകുന്നേരം അറബിയുടെ വീട്ടിലേക്ക് പോയി. അന്നവിടെ കിടക്കേണ്ടി വരുമെന്നുള്ളതു കൊണ്ട് രാത്രി കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി കൊണ്ടു പോയിരുന്നു. ഞങ്ങളുണ്ടാക്കിയ  ‘ചിക്കൻ കാടായി’ ആയിരുന്നു  കൂടെ കുപ്പൂസിനൊപ്പം കെട്ടിപ്പൊതിഞ്ഞത്. അറബിയും ഭാര്യയും മാത്രമേ അന്നു വന്നുള്ളു. സാധാരണ മക്കളും കൊച്ചു മക്കളും ഒക്കെ കാണും. അന്ന് ഭക്ഷണം കഴിച്ചപ്പോൾ മൊയ്തു കൊണ്ടു പോയ ചിക്കൻ കാടായി അറബിക്കും ഭാര്യക്കും ‘ക്ഷ’ പിടിച്ചു.

‘ഇതു പോലെ ചിക്കൻ കറി നാളെ നീ ഉണ്ടാക്കണമെന്ന്’ പറഞ്ഞപ്പോഴാണ് മൊയ്തുവിന്റെ ചെബ് പുറത്തായത്. അതുകൊണ്ട് മൊയ്തു ഒന്നു ചമ്മിയിട്ടാണെങ്കിലും സത്യം പറഞ്ഞു. ഞങ്ങളെക്കുറിച്ച് അറബി കേട്ടിരുന്നതിൽ പ്രധാനം അമുസ്ലീങ്ങളാണെന്ന വിവരമായിരുന്നു. അതറിയാവുന്ന മൊയ്തു പറഞ്ഞു.
“അവരോട് ചോദിച്ച് ഞാൻ തന്നെ ഉണ്ടാക്കിത്തരാം...”
“എന്തിന്..? ഭക്ഷണത്തിന് സ്വാദ് ഉണ്ടാകുന്നത് ഒരു തരം കൈപ്പുണ്യമാണ്. അത് എല്ലാവർക്കും കിട്ടില്ല. അതുകൊണ്ട് അവരേക്കൊണ്ട് തന്നെ ഉണ്ടാക്കിക്കണം...!”
അതുകേട്ട് മൊയ്തുവിന് സംശയമായി.
ആ  സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിലെ മുത്തവക്ക് ഞങ്ങളോടുള്ള, സ്വന്തം വണ്ടിയിൽ പോലും കയറ്റിക്കൊണ്ടു പോവാൻ മടിക്കുന്ന മനോഭാവം തന്നെയായിരുന്നു അതിനു കാരണം. ഈ അറബിയും മക്കയിലെ ഒരു പള്ളിയിലെ മുത്തവയാണ്. മുത്തവമാർക്കെല്ലാം ഒരേ മനോഭാവമായിരിക്കുമെന്നു  മൊയ്തുവും കരുതി.  താൻ പറഞ്ഞത് മനസ്സിലാക്കാതെയാണൊ അറബി സംസാരിക്കുന്നത്.
ഒന്നു കൂടി വിശദമാക്കാനായി മൊയ്തു പറഞ്ഞു.
“അവര് മുസ്ലീങ്ങ....”
“എനിക്കറിയാം... അതുകൊണ്ടെന്താ... ഇപ്പോൾ അവരുണ്ടാക്കിയതല്ലെ  കഴിച്ചേ....?
ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലൊ... നീയും കഴിച്ചതല്ലെ...?
ഇതിലൊന്നും ഒരു കാര്യോല്ല.. ”
“എന്നാൽ ഞാൻ അവരേക്കൊണ്ടു തന്നെ ഉണ്ടാക്കിക്കാം....!”
“ഏതായാലും നാളെ വേണ്ട. അടുത്ത പ്രാവശ്യം വരുമ്പോഴാകട്ടെ. ഇറച്ചി ഞാൻ വീട്ടിൽ നിന്നും കൊണ്ടുവരാം...”
അതാണ് അന്ന്  ഇറച്ചി നേരത്തെ കൊണ്ടു വന്ന് തന്നത്.
അതും ചെറിയ പൊതിയൊന്നുമല്ലാട്ടോ. ഒരു എട്ട്പത്ത് കിലോ കാണും...!
അതും എന്തെറച്ചിയാ...?
ഒട്ടകം.......!!
അതെ, ഒട്ടക ഇറച്ചി തന്നെ...!!
ശരിക്കും കണ്ണു തള്ളിപ്പോയി....
ഒരു ഒട്ടകത്തിനെപ്പോലും നേരെ ചൊവ്വെ അടുത്തു കണ്ടിട്ടില്ല.
സാധാരണക്കാർക്കൊന്നും വാങ്ങിക്കഴിക്കാൻ പറ്റാത്ത സാധനമാണ് സർവ്വസാധാരണമായ അറബി നാട്ടിലെ ഒട്ടകത്തിന്റെ മാംസം. അത്രയും  ഉയർന്ന വിലയാണ്. അതാണ് എട്ട് പത്ത് കിലോയോളം ഞങ്ങളേ ഏൽ‌പ്പിച്ചത്.

പകുതിയും അന്ന് കറി വച്ചു. ബാക്കിയുള്ളത് ആശുപത്രിയിലെ ഫ്രിഡ്ജിൽ വച്ചു. കറി ഞങ്ങൾക്ക് മാത്രമുള്ളത് കുറച്ചെടുത്തിട്ട് ഭൂരിഭാഗവും മൊയ്തുവിന്റെ കയ്യിൽ കൊടുത്തു വിട്ടു.
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞങ്ങൾ ഒട്ടക ഇറച്ചി കറി വച്ചത്..!
ഒട്ടകം കാടായി*......!!
ആദ്യമായിട്ടായിരുന്നു കഴിച്ചതും.....!
അതിനെന്തു സ്വാദായിരുന്നെന്ന് പറയേണ്ട കാര്യമില്ലല്ലൊ....

അടുത്ത ആഴ്ച മുതൽ പകൽ ഭക്ഷണം വക്കാനോ കഴിക്കാനോ ആവുകയില്ലെന്ന് മൊയ്തുവും  ഉസ്മാനും പറഞ്ഞപ്പോൾ ഇത്രയും വരുമെന്ന് കരുതിയില്ല. റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

ബാക്കി  മേയ് 15-ന്... റംസാൻ...

* (ഇരുമ്പു ചട്ടിയിലാണിത് ഉണ്ടാക്കുന്നത്. മസാലയെല്ലാം ചട്ടിയിൽ തന്നെ വറുത്താണ് പാകപ്പെടുത്തുന്നത്. മറ്റ് രീതിയിലും കാടായി ഉണ്ടാക്കാൻ കഴിയുമായിരിക്കും.)

Thursday, 1 May 2014

നോവൽ. മരുഭൂമി. (15)

“എല്ലാ വായനക്കാർക്കും മേയ്ദിനാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കാനും അറിയാത്ത ഹബീബക്ക് വേണ്ടി തംഗ്‌ളീഷിൽ ഒരു കത്തെഴുതി അയച്ചു....
തുടർന്നു വായിക്കുക...

ഉം‌റ വിസ...

ജാഫ്ഫർക്ക ഇവിടെ വന്നിട്ട് പത്തുപതിനഞ്ച് വർഷമായി.
മൂന്ന് വർഷം മുൻപ് അമാറയിൽ  ക്ളീനിങ് ജോലി ചെയ്തിരുന്നു.
മറ്റെയാൾ വന്നിട്ടും വർഷം അത്രയൊക്കെയായി.
ഇതുവരെ നാട്ടിൽ പോയിട്ടില്ല.
അതിനൊരു വഴി തേടിയാണ് ഞങ്ങളുടെ മുറിയിൽ കൂടിയത്...?
അവർ രണ്ടു പേരും ആദ്യമായിട്ട് കാണുന്നതും ഞങ്ങളുടെ മുറിയിൽ വച്ചാണ്....!


ഞങ്ങളുടെ മുറിയിൽ ആദ്യം വന്നത് ജാഫറിക്കയാണ്. ഉസ്മാന്റെ കൂടെയായിരുന്നു കയറി വന്നത്. ഞങ്ങൾക്കു മുൻപേ ഈ പ്രദേശത്ത് കാലു കുത്തിയ ഒരു മലയാളിയെന്ന നിലയിൽ പലതും അറിയാനുണ്ടായിരുന്നു. ഇക്ക വരുമ്പോൾ ഈ ഗ്രാമം എങ്ങനെയായിരുന്നുവെന്നാണ് ഞാൻ ചോദിച്ചത്. ഗ്രാമത്തിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. ഈ മലകളെല്ലാം അങ്ങനെത്തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് കൂട്ടച്ചിരി ഉണ്ടാക്കി.
“അന്നൊക്കെ നമ്മൾ വഴിയിലിറങ്ങി നിന്നാൽ മതി. ആദ്യം വരുന്നവൻ തന്നെ കാറു നിറുത്തി നമ്മളെ മക്കയിലേക്ക് പോണ വഴി എവിടെ വേണേലും കൊണ്ടിറക്കിത്തരും. അവർക്കതൊക്കെ വലിയ സന്തോഷമായിരുന്നു. പിന്നെ പോണ വഴി വിശേഷങ്ങൾക്കിടക്ക് അവൻ നമ്മളോട് കെഞ്ചും. എന്തിനാന്നോ..? അവന് ഒരു പണിക്കാരനെ നാട്ടിൽ നിന്നും കൊണ്ടുക്കൊടുക്കുമോന്ന് ചോദിച്ച്. അന്നൊന്നും ഇതുപോലെ ആളുകൾ നേരെ ചൊവ്വെ വിസവഴിയൊന്നും വരാറില്ല. വിസയുണ്ടാക്കാനൊക്കെ വലിയ പാടാ.. വലിയ ഷേക്കുമാർക്കും വലിയ കമ്പനികൾക്കും  പിടിപാടുള്ളവനും മാത്രമേ പറ്റുള്ളു. അതുകൊണ്ട് നമ്മുടെ ആളുകൾ വളരെ കുറവും.
പിന്നേ.. നമ്മളിപ്പേ ആളുകളെ ലോഞ്ചിൽ കൊണ്ടോന്ന് കടലീ ചാടിച്ച് ഇവനെക്കെ പീടിപ്പിക്കാനായിട്ട് നമ്മടെ നാട്ടാരെ കൊണ്ടുക്കൊടുക്ക്, ങ്ഹൂം...!!”

ജാഫറിക്കാന്റെ വർണ്ണന ബഹു വിശേഷം. ഈ ഭാഗത്ത് അമാറയിലാണ് ജോലിക്കായി  വരുന്നത്. ആദ്യം വന്ന് മൂന്നു വർഷം ജോലി ചെയ്തിട്ടു പോയി. പിന്നെ ഏഴെട്ട് വർഷത്തിനു ശേഷമാണ് വീണ്ടും വരുന്നത്. മൂന്നു വർഷം മുൻപു വരെ അവിടെയുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
“ആദ്യമൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു കെട്ടാ... ഹേയ്.. ഈ പോലീസ്സുകാരടെ എടേലെ കിടന്നുള്ള ജീവിതോല്ലെ. നമ്മടെ ഭക്ഷണോല്യ, മിണ്ടാനും പറയാനും ആളില്ല. ആകെ ബേജാറായിരുന്നൂട്ടാ... അവമ്മാരുടെ ജോലിയൊക്കെ നമ്മ ചെയ്തോണം. തിന്നലും തൂറലും പെടുക്കലും മാത്രം അവർക്ക്. ബാക്കിയൊക്കെ നമ്മടെ പള്ളക്ക്.. പക്ഷേങ്കി.. അമീറ് നല്ലവനാണട്ടാ... ഓൻ ഒരു മനുഷ്യപ്പറ്റുള്ളോനാ... അവനാണ് മാസാമാസം വല്ലതും കയ്യിൽ‌വച്ച് തരുന്നത്. എന്റെ കമ്പനിക്കാര് ശമ്പളം തോന്നാണെങ്കിലേ തരൂള്ളു. അതുവരെ നമ്മക്ക് ജീവിക്കണ്ടെ. ഈ പന്ന പോലീസ്സുകാര് പത്തു പൈസ തരത്തില്ല. എന്നാ എല്ലാ പണിയും നമ്മ തന്നെ ചെയ്തു കൊടുത്തോളണം. അങ്ങനത്തെ ജീവിതായിരുന്നെന്റെ മക്കളെ...”

ഞങ്ങളയാളുടെ വർത്തമാനത്തിൽ ലയിച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ഒന്നങ്ങ് ചോദ്യരൂപത്തിൽ ഇട്ടു കൊടുത്താൽ മതി. പിന്നെ നിറുത്താതെ എല്ലാമങ്ങു പറഞ്ഞോളും. അപ്പോഴാണ് വാതിൽ തുറന്ന് മൊയ്തുവും മറ്റൊരാളും കൂടി വന്നത്.
വന്നവഴി ജാഫറിക്കാനോട് പറഞ്ഞു.
“ഇങ്ങേര് ജാഫറിക്കാനെ അന്വേഷിച്ച് വന്നതാ....”
കേട്ടതും ജാഫറിക്ക ചാടിയെഴുന്നേറ്റ് സലാം പറഞ്ഞ് കൈ കൊടുത്തിട്ട് ചോദിച്ചു. “ഐമുണ്ണിക്കാണോ..?”
“അതേ...”
അദ്ദേഹത്തിനെ അബ്ദുളിന്റെ കട്ടിലിൽ പിടിച്ചിരുത്തി. ജാഫറിക്ക ചോദിച്ചു.
“എന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടാ...?”
“ഇല്ല.. നമ്മളാദ്യാ കാണ്ണെ..”
“പിന്നെ എന്റെ ടെലഫോൺ നംബറ് ആരു തന്ന്..?”
“അത് നമ്മടെ മലപ്പുറത്തുകാരൻ ബഷീർ, അവ്ടെ ജൌളിക്കട നടത്തണെ...”
“ഉവ്വ.. ങാ, ങാ...ഇപ്പൊ മനസ്സിലായി...”

ഞങ്ങളവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു. അവർ തമ്മിൽ ആദ്യമായിട്ടാ കാണുന്നത്. എന്താണ് സംഭവമെന്ന് ഒരു പിടിയും കിട്ടിയില്ല. അതു ഞാൻ ആംഗ്യത്തിലൂടെ ജാഫറിക്കാനോട് ചോദിച്ചു. ജാഫറിക്ക അതിനു മറുപടിയെന്നോണം ചെറുവിരൽ ഒന്നു പൊക്കിക്കാണിച്ചിട്ട് ഐമുണ്ണിക്കാനോട് ചോദിച്ചു.
“കാശ് റെഡിയാണോ....?”
“ഉവ്വ റെഡിയാണ്..”
“ഞാൻ പറഞ്ഞാള് ഇന്ന് ഇഷ നിസ്ക്കാരത്തിന് വരാന്നാണ് പറഞ്ഞേക്കണ്. വന്നാ ഭാഗ്യം. ഈ പോലീസ്സുകാരുടെ കാര്യായതോണ്ട് ഒന്നും പറയാൻ പറ്റില്ല...”
 ഞാൻ ചോദിച്ചു.
“ഇതെന്നാ ഈ പോലീസ്സുകാരുമായിട്ടുള്ള ഇടപാട്...?”
“അത്.. പുള്ളിക്കാരന് നാട്ടിൽ പോണം.... എത്ര കൊല്ലായി ഇവിടെ വന്നിട്ട്...?”
അതിനിടക്ക്  ഐമുണ്ണിക്കാന്റെ നേരെ തിരിഞ്ഞൊരു ചോദ്യം..
“ഞാനിപ്പോ... കൊല്ലത്തിന് കണക്കൊന്നുമില്ല.... പതിനഞ്ചിന് മേലെയായി...”
“എന്നിട്ടിതുവരെ നാട്ടിൽ പോയില്ലാ...?”
“എങ്ങനെ പോകാനാണ്. പാസ്പ്പോർട്ട് വേണ്ടെ...?”
“അതെവിടെപ്പോയി... അർബ്ബാബിന്റടുത്താ...?”
“ഹേയ്.... ഉം‌റ വിസേണ്....”
“എന്നാലും പാസ്പ്പോർട്ട് കയ്യിൽ കാണൂല്ലേ...”
“ഒന്നും പറയേണ്ടന്റെ മക്കളെ....!”

അതും പറഞ്ഞ് തലകീഴോട്ടിട്ട് മൌനിയായിരുന്ന ഐമുണ്ണിക്കാനെ ഞങ്ങളെല്ലാവരും ഉറ്റു നോക്കിയിരുന്നു. കുറച്ചു നേരം ആ ഇരുപ്പിരുന്നതിനു ശേഷം ഞങ്ങളെയെല്ലാം ഒന്നു നോക്കിയിട്ട് ചോദിച്ചു..
“അല്ല നിങ്ങളെയാരേം മനസ്സിലായില്ലല്ല....?
അപ്പോഴാണ് പുള്ളിക്കാരൻ ഞങ്ങളെയൊക്കെ ശ്രദ്ധിക്കുന്നത്.
ഞങ്ങളെ സ്വയം പരിചയപ്പെടുത്തി.
പിന്നെ സച്ചിയുടെ വക ചായ എല്ലാവരും കഴിച്ചു.
സച്ചി ചോദിച്ചു.
“എന്നിട്ട് പാസ്പ്പോട്ടിന് എന്തു പറ്റി ഇക്കാ..?”
“അത്... അന്ന് വന്നിറങ്ങിയപ്പോൾ തന്നെ കൂട്ടുകാരൻ മേടിച്ച്. പിറ്റേ ദിവസം അവൻ എഴുന്നൂറ്റമ്പത് റിയാലെടുത്ത് കയ്യിൽ തന്ന്. അന്ന് അത്രയും രൂപാന്നു പറയണത് വല്യ തുകയാട്ടോ... അപ്പോ ഏതാ ഈ കാശ്...? എന്റെ പാസ്പ്പോർട്ട് വിറ്റ് കിട്ടിയ കാശാണ്..!?”
ഞങ്ങൾ അത്ഭുതം കൂറി.
“എന്റെ കൂട്ടുകാരനത് ഉം‌റക്ക് വന്ന് കിടന്ന ഏതോ ഒരുത്തന് നാട്ടീ കേറിപ്പോകാനായിട്ട്  കൊടുത്തതാ... ”
“ഇക്കാന്റെ പാസ്പ്പോർട്ടും കൊണ്ട് മറ്റൊരാളെങ്ങനെ പോകും...?”
“അതൊക്കെ ഈസിയല്ലെ. എന്റെ പാസ്പ്പോർട്ടിലെ ഫോട്ടോ മാറ്റി ആ പോണവന്റെ ഫോട്ടൊ വക്കും. വേറൊന്നും ചെയ്യാനില്ല...!”
“ഇക്ക അയാളോട് ചോദിക്കാൻ പോയില്ലേ...?”
“പിന്നേ... എനിക്ക് ഭയങ്കര സങ്കടായി.. ഞാൻ അപേക്ഷ അയച്ചിട്ട് ഒരു കൊല്ലം  കാത്തിരുന്നേപ്പിന്നെയാ സാധനം കിട്ടീത്. ഞാൻ അയാളായിട്ട് വഴക്കുണ്ടാക്കി. അപ്പോ അവൻ പറയാ.. നിനക്ക് നാട്ടീപ്പോകാറാവുമ്പോ എന്റെടുത്തോട്ട് ആയിരത്തഞ്ഞൂറു റിയാലുമായിട്ട് പോരേ. നിന്നെ കേറ്റിവിടുന്ന കാര്യം ഞാനേറ്റെന്ന്...!!”

പിന്നെ ഞങ്ങളെയെല്ലാവരേയും ഒരു വട്ടം നോക്കിയിട്ട് പറഞ്ഞു.
“പിന്നെ... വന്നിറങ്ങിയ ഉടനെ തന്നെ അത്രയും കാശ് കിട്ടിയത് വല്യൊരു കാര്യായിരുന്നൂട്ടാ.. വീട്ടിലെ സ്ഥിതി ആകെ മോശായിരുന്നേ... ബാപ്പാക്കാണെങ്കി പങ്ങ്യ* പറിയായിരുന്നേ... അതീന്നൊക്കെ എന്തു കിട്ടാനാ...? നാലു പെങ്ങന്മാരും ഉമ്മയും ബാപ്പയും. ഒരു ചെറ്റപ്പുരേലായിരുന്നേ അന്നൊക്കെ എല്ലാരും കൂടി കെടക്കണേ.... കിട്ടിയ കാശ് അപ്പോത്തന്നെ അവൻ നാട്ടിലയക്കാൻ ഏർപ്പാടാക്കിയും തന്നു. മൂന്നാം ദിവസം ബാപ്പാന്റെ കയ്യീ കാശും കിട്ടി. പിന്നെ അവനോട് കൂടുതൽ വഴക്കുണ്ടാക്കാനൊന്നും പോയില്ല. മോൻ പോയ ഒടനേ തന്നെ ഇത്രയും കാശ് ഒന്നിച്ച് കിട്ടീപ്പോ ബാപ്പാന്റേം ഉമ്മാന്റേം കണ്ണു തള്ളി. നാട്ടിൽ മുഴോനും പാട്ടായി. എനിക്കിവ്ടെ ഏതോ എണ്ണക്കമ്പനീലാ ജോലി കിട്ടിയേക്കണേന്ന് ബാപ്പ തന്നെ പറഞ്ഞുണ്ടാക്കി. പിന്നെ കെടക്കപ്പൊറുതീണ്ടോ.. നാട്ടിലെന്ത് ആവശ്യം വന്നാലും, പള്ളികാര്യായാലും രാഷ്ട്രീയാലും ചോറൂണായാലും കല്യാണായാലും മയ്യത്തായാലും ഞാൻ കാശയച്ചോളണം....!!”
അതു കേട്ട് ഞങ്ങളെല്ലാവരും കയ്യും മെയ്യും മറന്ന് ചിരിച്ചു.

എല്ലാവരുടേയും ആരവം ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.
“ ഉം‌റ ചെയ്തിട്ടു പിന്നെ എന്തു ചെയ്തു....?”
“ ഉം‌റ ഒന്നും  ചെയ്തില്ല. അതിനല്ലല്ലൊ വന്നത്. ആ വിസയിൽ വന്നാൽ മതി ജോലി ശരിയാക്കിക്കോളാന്ന് കൂട്ടുകാരന്റെ വാക്കു കേട്ടല്ലെ വന്നത്. പറഞ്ഞ വാക്കവൻ പാലിച്ചൂട്ടാ. അവ്ടേള്ള ഒരു ബേക്കറീല് ജോലി ശരിയാക്കിത്തന്നു. പിന്നെ ഒരു കാര്യം മാത്രം. ഒരു കാരണവശാലും പോലീസ്സിന്റെ കയ്യീച്ചെന്നു പെടരുത്. പെട്ടാപ്പിന്നെ അവൻ ഉത്തരവാദി അല്ലാ.. അതു  കാരണം അവധി ദിവസങ്ങളിലല്ലാതെ പുറത്തിറങ്ങില്ല. കിട്ടാവുന്നത്ര ഓവർടൈമും പണിയെടുത്തു. അങ്ങനെ കഴിഞ്ഞു കൂടിയത് എത്ര കൊല്ലാന്നോ... അഞ്ചു വർഷം...!”
“അപ്പോഴൊന്നും നാട്ടീപ്പോണോന്ന് തോന്നിയിട്ടില്ലേ..?”
“നാട്ടീപ്പോണോന്ന് തോന്നായ്കയല്ല. അതിന് കഴിയില്ലായിരുന്നു. എന്റെ തലയിൽ വീണ ഉത്തരവാദിത്വങ്ങൾ അത്രക്കുണ്ടായിരുന്നു. ഇതിനിടയിൽ വീടൊരെണ്ണം ശരിയാക്കി. മൂത്ത പെങ്ങളെ കെട്ടിച്ചയച്ചു. അത് കഴിഞ്ഞിട്ടാണ് ഞാൻ ഉം‌റ ചെയ്തത്...!”

“വീട്ടിലേക്ക് വന്നിട്ട് പോകാൻ പറഞ്ഞ് നിർബ്ബന്ധിച്ചില്ലേ ആരും...?”
“ആദ്യമാദ്യമൊക്കെ ഉമ്മ പറയും ഒന്നി വന്നിട്ട് പോടാന്ന്. പക്ഷേ, എങ്ങനെ പോകും..? പാസ്പ്പോർട്ടില്ലല്ലൊ. പോയാൽ‌പ്പിന്നെ തിരിച്ചു വരാ‍നും പറ്റില്ലല്ലൊ. പിന്നെ ബാപ്പ ഒട്ടും സമ്മതിക്കില്ല. നീ വന്നാൽപ്പിന്നെ താഴെയുള്ളതുങ്ങ്ടെ കാര്യം ആരു നോക്കുമെടാന്നും പറഞ്ഞ്.  മൂന്നു പെങ്ങന്മാരും കൂടിയുണ്ടായിരുന്നല്ലൊ. ഏതായാലും അതുങ്ങളേക്കൂടി പറഞ്ഞയച്ചിട്ട് മതീന്ന് ഞാനുമങ്ങുറപ്പിച്ചു. പിന്നേം കാലം  കടന്നു പോയി. നാട്ടീം പോക്കും  ചിന്തയുമൊക്കെ മനസ്സീന്ന് പോയി. മൂന്നു പെങ്ങന്മാരേം മാന്യമായിട്ട് കെട്ടിച്ചു വിട്ടപ്പോഴേക്കും എന്റെ കയ്യിൽ ബാക്കി ഒന്നുമില്ലാണ്ടായി. അതിനിടക്ക് ഒരു കുഞ്ഞനിയത്തിയേ കൂടി തന്നിരുന്നു ബാപ്പ...!
ബാപ്പ അവ്ടെ വല്യ മുതലാളിയാണട്ടോ. പണം പലിശക്ക് കൊടുപ്പും ചീട്ടുകളീം...!!”

ഞങ്ങളുടെ ചിരിയെല്ലാം മാഞ്ഞു.
ഐമുണ്ണിക്കാന്റെ കഥയിൽ ലയിച്ചിരിക്കുകയാണ് എല്ലാവരും.
അയാളുടെ പ്രകൃതം ഞാനൊന്നു കാണുകയായിരുന്നു. കഷണ്ടി വളരെ നന്നായി തെളിഞ്ഞു വരുന്നുണ്ട്. മീശയും  ചെറിയ താടിയും മുൻ‌വശത്തെ മുടികളും നരച്ചു തുടങ്ങി. പ്രായം മറന്നുള്ള അദ്ധ്വാനം സമ്മാനിച്ച ചുളിവുകൾ മുഖത്ത് തെളിയുന്നുണ്ട്. കേട്ട കഥകളും ആ മുഖവും വല്ലാത്ത വേദനയാണ് ഞങ്ങളിൽ സമ്മാനിച്ചത്. ഇനി ഒന്നും അങ്ങോട്ട് ചോദിക്കാൻ മനസ്സു വരുന്നില്ല.

ജാഫറിക്കയാണ് ആ നിശ്ശബ്ദതയെ ഭജ്ജിച്ചത്.
“എന്നിട്ടി പ്പോ നാട്ടീപ്പോകാൻ തോന്നിയതെന്താ...?”
“അത്... രണ്ടു വർഷം മുൻപ് ഉമ്മയെ വിളിക്കുമ്പോ... ഉമ്മ ഒരുപാട് കരഞ്ഞ്. എന്റെ കഷ്ടപ്പാടൊക്കെ ഉമ്മ അറിയുന്നുണ്ടായിരുന്നു.  ഉമ്മ മാത്രേ കാണുന്നുണ്ടായിരുന്നുള്ളു. പെങ്ങമ്മാരൊക്കെ കണക്കാ.... എന്റെ മുഖം ഒരു നോക്ക് കണ്ടിട്ട് വേണമെനിക്ക് മരിക്കാനെന്ന് പറഞ്ഞ് അന്നൊത്തിരി സങ്കടപ്പെട്ടു. എനിക്കും ഉമ്മയെ കാണണമെന്നൊരു തോന്നൽ ശക്തമായി. അന്നുമുതൽ ഞാൻ ധൈര്യമായിട്ട് പുറത്തിറങ്ങി നടക്കാൻ തുടങ്ങി. എന്റെ പ്രാരാപ്ധങ്ങളൊക്കെ ഒരു വിധം ഒതുങ്ങിയെന്ന് തോന്നിയതുകൊണ്ടും തിരിച്ചു പോയാൽ പിന്നെ വരാനാകാത്തതുകൊണ്ടും ആ കൊല്ലത്തെ ഹജ്ജും ചെയ്തു. കൊണ്ടുപോകാനുള്ള സാധനങ്ങളും കെട്ടിവച്ച് എന്നും കവലകൾ  മാറിമാറി പോയി നിൽക്കും. അങ്ങോട്ടുമിങ്ങോട്ടും പോലീസ്സുകാരുടെ മുന്നിലൂടെ നടക്കും. എന്റെ കൂടെയുള്ളവനെ പിടിച്ചിട്ടും എന്നെ മാത്രം ഒരു പോലീസ്സുകാരനും പിടിച്ചില്ല...!”
അതുകേട്ട് ഞങ്ങളെല്ലാവരും വേദനയിലും അറിയാതെ ചിരിച്ചുപോയി....
സച്ചി ചോദിച്ചു.
“അന്നത്തെ ആ പഴയ കൂട്ടുകാരനെ കണ്ടാൽ പോരായിരുന്നില്ലേ..?
അയാള് ആരുടെയെങ്കിലും പാസ്പ്പോർട്ട് സംഘടിപ്പിച്ച് തരുമായിരുന്നില്ലേ...?”
“അതാണ് മോനേ ഞാൻ ആദ്യം നോക്ക്യേ... പക്ഷേങ്കി.. അവനൊക്കെ എപ്പൊഴോ മരിച്ചു പോയി...!
അതിനിടക്ക് എന്റെ ഉമ്മയും പോയി...!
ഞങ്ങൾക്ക് പരസ്പ്പരം കാണാനാവാതെ ഉമ്മ പോയി..!”
ഐമുണ്ണിക്ക അതും പറഞ്ഞ് തലയും കുമ്പിട്ടിരുന്നു.
കരയുകയായിരിക്കും.
ഞങ്ങളൊന്നും മിണ്ടിയില്ല.
അടുത്തിരുന്ന സച്ചിയും അബ്ദുളും ഐമുണ്ണിക്കാന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാഫറുക്ക എഴുന്നേറ്റിട്ട് പറഞ്ഞു.
“ദേ ബാങ്കു വിളി കേൾക്കണുണ്ട്... നമ്മൾക്ക് പോകാ... അതു കഴിഞ്ഞിട്ട് വരാം...”


ബാക്കി മേയ്  15-ന്...... ഒട്ടകം കാടായി...

* ‘അടക്ക’യുടെ ചെറു പ്രായം ‘പങ്ങ്യ’.