Friday, 15 August 2014

നോവൽ. മരുഭൂമി. (22)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.

തുടർന്നു വായിക്കുക...


“കണ്ണാ.... എൻ കണ്ണാ....”

പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

കെളവി നഴ്സിന്റെ ഭക്ഷണം പാകപ്പെടുത്തലും, അലക്കും മറ്റും കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് കാലും തടവിക്കൊടുത്താലേ ഹബീബക്ക് മോചനമുള്ളു. എന്നാൽ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയുമില്ല.
അന്നും അതാവർത്തിച്ചു....
ഹബീബാ തന്റെ ദ്വേഷ്യം മുഴുവനും തിരുമ്മുന്ന അവരുടെ  കൈകളിലേക്ക് ആവാഹിച്ചിരുന്നു. അത് തിരിച്ചറിഞ്ഞ കെളവി, തനിക്കെതിരെ മാനേജരുടെ അടുത്ത് പരാതി കൊടുത്തതിന്റെ കനൽ കെട്ടടങ്ങാതെ പല്ലുകൾ കടിച്ചമർത്തി കിടന്നു.

കെളവി കട്ടിലിൽ കിടക്കുകയും ഹബീബ താഴെ നിലത്തിരുന്നുമാണ് തിരുമ്മലിന്റെ ഒരു രീതി. തിരുമ്മൽ ഒരു വിധമായ സമയം അവർ ആ കാലുകൊണ്ട് ഹബീബായുടെ മുഖത്തു തന്നെ ഒരു ചവിട്ടു കൊടുത്തു...!
ഒരു ശബ്ദത്തോടെ അവർ മറിഞ്ഞു വീണു.
കടിച്ചു പിടിച്ചിരുന്ന ദ്വേഷ്യം മുഴുവനും ഹബീബയുടെ എഴുന്നേറ്റു വരവിൽ പ്രകടമായിരുന്നു.
കെളവിയെ കടിച്ചു പറിക്കാനെന്നോണം പുലിയായി എഴുന്നേറ്റു വന്ന ഹബീബായുടെ കരണക്കുറ്റിക്ക് നോക്കി കെളവി ഒന്നു പൊട്ടിച്ചു...!
ഹബീബയോടുള്ള  കെറുവ് മുഴുവൻ കെളവി ആ ഒറ്റ അടിയിൽ മുതലാക്കി...!
കിട്ടിയ അടിയിൽ കണ്ണിൽക്കൂടി പൊന്നീച്ചകൾ പറന്നു...!
നിന്ന നിൽ‌പ്പിൽ സ്വയം ഉരുകിയ ചൂടിൽ ആവിയായിപ്പോയ ഹബീബയുടെ പരിസരബോധം നഷ്ടപ്പെട്ടിരുന്നു. അവർ ഭ്രാന്തു പിടിച്ചതു പോലെ ഒരാവേശത്തിൽ അടുക്കളയിലേക്കോടി.
ആദ്യം കണ്ണിൽ‌പ്പെട്ടത് കറിക്കരിയുന്ന കൊച്ചു പിച്ചാത്തിയാണ്...!
ദ്വേഷ്യം കൊണ്ട് വിറപൂണ്ട ഹബീബ  വിറക്കുന്ന കൈകളിൽ ആ കത്തിയെടുത്ത് തിരിഞ്ഞോടി...!

ഒച്ചയും ബഹളവും കേട്ട് മെറിലിൻ ഉൾപ്പടെയുള്ളവർ അവിടവിടെയായി നിൽക്കുന്നുണ്ട്.
കെളവി താപ്പാന ആയതു കൊണ്ട് അവരാരും അടുക്കുന്നില്ല.
അടുക്കളയിൽ നിന്നും വിറളി പിടിച്ച പോലെ ഓടുന്ന ഹബീബക്ക് പിന്നാലെ  മെറിലിനും മറ്റും തടുത്തു നിറുത്താനായി ഓടി അടുത്തു. കത്തിയുമായി പാഞ്ഞു വരുന്ന ഹബീബയെ കണ്ട് കെളവി വിരണ്ടൊന്നുമില്ല. ധൈര്യപൂർവ്വം നെഞ്ചു വിരിച്ചു നിന്നു...!
“നീയെന്നെ കുത്തുമോടി... എങ്കിൽ കുത്തെടി....?!”
“നിന്നെ കുത്താനല്ലെടി... നിന്റെ മുന്നിൽ വച്ച് എനിക്ക് കുത്തിച്ചാവാനാ.....!!”
എന്നു പറയുക മാത്രമല്ല, രണ്ടുകയ്യുമുയർത്തി “അള്ളാ...” എന്ന് ഹൃദയം പൊട്ടുമാറ് വിളിച്ച്  സ്വന്തം വയറ്റിലേക്ക്  ഒരൊറ്റ കുത്ത്..!!
കുത്തിയെങ്കിലും, പിന്നിലുണ്ടായിരുന്ന മെറിലിൻ അതേ നിമിഷം താഴ്ന്നു വരുന്ന  കത്തിമുനയിൽ  കയറിപ്പിടിച്ചു...!!
പിടിച്ചതും മെറിലിന്റെ കയ്യിലാണ് കുത്തിയതെന്നു തോന്നിയ ഹബീബ,
“അയ്യോ... എന്റെ മോളെ നിന്റെ കയ്യിലാണൊ കുത്തിയത്...” എന്നും പറഞ്ഞ് കത്തി പെട്ടെന്ന് വലിച്ചൂരി...!!
ഊരിയതും മൂർച്ചയുള്ള വാത്തല കൊണ്ട, മുറുക്കിപ്പിടിച്ചിരുന്ന മെറിലിന്റെ നാലു വിരലുകൾ പൂളിയിങ്ങു പോന്നു...!
അതോടെ ചോര ചീറ്റി....!!
ചോര ചീറ്റിയതും കെളവി പേടിച്ച് അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
ചോരകൂടി കണ്ടതോടെ പേടിച്ചുപോയ ഹബീബക്ക് ആകെ വെപ്രാളമായി.

പിന്നെ ഒന്നും നോക്കിയില്ല. ആ കത്തിയുമായി ഫ്ലാറ്റിന് പുറത്തിറങ്ങി.
“ഞാൻ അമാറാപ്പീസിൽ ചെന്ന് പറഞ്ഞോളാം എന്റെ മോളെ കുത്തിയെന്ന്... ഞാൻ പറഞ്ഞോളാം... ആ കുറ്റം ഞാനേറ്റോളാം...!”
അതും പറഞ്ഞ് ഇട്ടിരുന്ന ഡ്രെസ്സോടെ ഭ്രാന്തു പിടിച്ചതു പോലെ പായുകയാണ് ഹബീബ.
പൂളിപ്പോയ വിരലുകൾ മടക്കി, മറ്റേ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഹബീബക്ക് പിന്നാലെ മെറിലിനും ഓടി വരുന്നുണ്ട്. കൈ തുറന്നാൽ ചോരയൊഴുക്ക് കൂടുന്നതുകൊണ്ട് ഹബീബയെ ബലമായി പിടിച്ചു നിറുത്താനാകുന്നില്ല.
ഹബീബ ‘എന്റെ മോളേ ഞാൻ കുത്തിയേ..’യെന്നു നെഞ്ചത്തടിച്ച് പറഞ്ഞ് കരഞ്ഞു കൊണ്ട് മെറിലിനേയും തട്ടിമാറ്റി പായുകയാണ്.

ഞങ്ങളുടെ വാതിലിന്റെ നേരെ വന്നതും, കൂട്ടിപ്പിടിച്ച കൈ കൊണ്ട് വാതിൽ തള്ളിത്തുറന്ന് ചോരയൊലിക്കുന്ന കയ്യുമായി മെറിലിൻ വെപ്രാളപ്പെട്ട് ഓടിക്കയറി വരുന്നു...!
അതു കണ്ട് ഞങ്ങൾ മൂവരും സ്തപ്തരായിപ്പോയി..!!
ഒരു വെളുത്ത പെറ്റിക്കോട്ടിൽ നിറയെ ചോരപ്പാടുകളോടെ മെറിലിൻ ചോരയൊലിക്കുന്ന കൈകളുമായി കയറിവരുന്നത് അന്നേരം സങ്കൽ‌പ്പിക്കാൻ പോലുമാവില്ല. വന്ന വഴി പറഞ്ഞു.
“ഹബീബയെ രക്ഷിക്ക്. തടുത്തു നിറുത്ത്.. അവർ അമാറയിലേക്ക് ഓടുന്നു... എനിക്കൊന്നും പറ്റിയിട്ടില്ല. വേഗം ചെല്ല്....”
കേട്ടതും അബ്ദുളും സച്ചിയും വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞു.

ഈ സമയത്ത് എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പതറിപ്പോയിരുന്നു.
ഇത്രയും ചോരയൊക്കെ ഒഴുകുന്നത് കാണുന്നത് എനിക്കും ഭയമാണ്. മാത്രമല്ല ഈ രാത്രിയിൽ ഒരു പെറ്റിക്കോട്ടുമാത്രമിട്ട് സുന്ദരിയായ ഒരു പെണ്ണു മുറിയിൽ കയറി വന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വേറേയും..! അമാറയിലെ പോലീസ്സുകാർക്കാണെങ്കിൽ ആയിരം കണ്ണുകളാണ് ഞങ്ങളിലേക്ക്... “ഇതെന്തു കോലത്തിലാ കയറി വന്നത്...? ഇതെന്താ ഫിലിപ്പൈനാ..?”
അപ്പോഴാണ് മെറിലിൻ സ്വന്തം ശരീരത്തിലേക്ക് നോക്കിയത്.
നോക്കിയതും നാണം കൊണ്ട് കൂനിക്കൂടിപ്പോയി...!
പെട്ടെന്ന് വളഞ്ഞു കുത്തി എന്റെ ബെഡ്ഡിലേക്കിരുന്നു...!!

പെട്ടെന്ന് അലമാരയിൽ നിന്നും ലുങ്കി എടുത്ത് മെറിലിനെ ആദ്യം തന്നെ പുതപ്പിച്ചു. ലുങ്കിയുടെ രണ്ടു തലയും കഴുത്തിൽക്കൂടി ചുറ്റി കെട്ടിക്കൊടുത്തു. ആഫ്രിക്കൻ ആദിവാസികളുടെ വസ്ത്രം പോലൊരു ചുറ്റിക്കെട്ട്. പെട്ടെന്ന് പോലീസ്സ് മുഹമ്മദ് എങ്ങാൻ കയറി വന്നാൽ രക്ഷപ്പെടാൻ ഇതേ ഒരു വഴിയുള്ളു.
എന്നിട്ടാണ് അവളുടെ കൈ നിവർത്തി നോക്കുന്നത്. അപ്പോഴേക്കും ചോര കട്ടപിടിക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം കോട്ടൺ കൊണ്ട് തുടച്ചു കളഞ്ഞ് മരുന്നു വച്ച് ടേപ്പ് ചുറ്റിക്കെട്ടി.  നാലു വിരലും ഒരു പോലെ പൂളിപ്പോയിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നില്ലാതാനും.
അതു കഴിഞ്ഞിട്ടാണ് നടന്ന സംഭവങ്ങൾ മെറിലിൻ വിവരിക്കുന്നത്.

അപ്പോഴേക്കും, ഗേറ്റ് പൂട്ടിയിരുന്നതു കൊണ്ട് പുറത്തേക്ക് പോകാൻ കഴിയാതെ ഗേറ്റിന്റെ വിടവിൽക്കൂടി കടക്കാനുള്ള ശ്രമത്തിലായിരുന്നു ഹബീബ. അവരുടെ ശരീരം കുറച്ച് വണ്ണത്തിലായതു കൊണ്ട് അതിനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഉസ്മാനും മൊയ്ദുവും പുറത്തെത്തി. ഹബീബായുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി പിന്തിരിപ്പിച്ച്  കൂട്ടിക്കൊണ്ടു വന്നിരുന്നു.
മുറിയിൽ വന്നിരുന്ന് കെട്ടിപ്പൂട്ടിയ മെറിലിന്റെ കൈ കണ്ട് കരച്ചിലായി.
“എന്റെ പൊന്നു മോളെ ... നിന്നെ ഞാനാണല്ലൊ കുത്തിയത്... നീയാണെന്നെ എല്ലാത്തിനും സഹായിക്കണത്. എന്നിട്ടും നിന്നെ എനിക്ക് കുത്തേണ്ടി വന്നല്ലൊ..!”
അതു കേട്ട് ഞങ്ങൾക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും ഹബീബാ അത്മാർത്ഥമായിട്ടാണത് പറയുന്നത്.
“ഹബീബാ.. എന്നെ ആരും കുത്തിയിട്ടില്ല. ഹബീബ സ്വയം കുത്താൻ പോയപ്പോൾ ഞാൻ തടുത്തതല്ലെ. അപ്പോളിത്തിരി മുറിഞ്ഞു. അത്രേയല്ലെയുള്ളു...”
മെറിലിൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹബീബ പഴയ പല്ലവി തന്നെ പാടിക്കൊണ്ടിരുന്നു. “എന്നാലും എന്റെ കൈകൊണ്ടല്ലെ മുറിഞ്ഞത്. ആ കുറ്റം ഞാനേറ്റോളാം.. ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞോളാം... ഇവര് വിടാഞ്ഞിട്ടാ...!”
“അതിന് എനിക്ക് പരാതിയില്ലല്ലൊ... പിന്നെന്തിനാ പോണെ...?”

പക്ഷെ, സംഗതി അവിടം കൊണ്ടു നിന്നില്ല...
ബഹളം ചോരയിലവസാനിച്ചതു കൊണ്ട്,  കാര്യത്തിന്റെ ഗൌരവം മനസ്സിലായ കെളവി ഒരു മുഴം നീട്ടിയെറിഞ്ഞു. ആ രാത്രി തന്നെ വിവരം അവരുടെ മക്കയിലെ ഉന്നതരെ അറിയിച്ചു. അതിന്റെ പ്രതിഫലനം പിറ്റേന്നു തന്നെ കണ്ടു.

നേരം വെളുത്തതോടെ ഹബീബയെ കൊണ്ടു പോകാൻ അവരുടെ കമ്പനി പകരം ആളുമായി എത്തി. ഒന്നിനു പകരം രണ്ടാളെ കൊണ്ടു വന്നു. പിന്നെ കാര്യങ്ങളെല്ലാം വേഗം നടന്നു.
ഞങ്ങളും ഹസാർബായിയും മറ്റും മാനേജർ ഉമ്മറിന്റെ അടുത്തും ഡോക്ടറുടെ അടുത്തും വളരെ ശക്തമായിത്തന്നെ നടന്ന കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതാണ്. ഹബീബായെ കൊണ്ടു പോകാതിരിക്കാൻ പരമാവധി ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചു.

പക്ഷേ, ഇത് മിനിസ്ട്രിലെവലിൽ നടന്ന ഓർഡറാണ്...!
"അവർക്ക് ഹബീബായെ കൊണ്ടു പോയേ പറ്റൂ.
ഹബീബാ ഭ്രാന്തിയെപ്പോലെ കത്തിയെടുത്ത് കെളവിയെ കുത്താൻ ചെന്നന്നാണ് കേസ്സ്...!? ഇല്ലെങ്കിൽ ഹബീബാക്കെതിരെ കേസ്സെടുക്കേണ്ടി വരുമെന്നതാണ് ആർക്കും ശക്തമായി തടയാൻ കഴിയാതിരുന്നതിനു കാരണം. അവർ ജയിലിൽ കിടക്കുന്നതിനേക്കാളും നല്ലത് മറ്റേതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്ത് ജീവിക്കട്ടെയെന്ന് ഞങ്ങളേപ്പോലെ തന്നെ മറ്റുള്ളവരും കരുതി.

ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല.
അറബ് ലോകത്ത് അറബികൾ സവർണ്ണ ലോബിയും മറ്റു ഏഷ്യൻ ജനതകളെല്ലാം അവർണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവർണ്ണർക്കുമേൽ സവർണ്ണർ ആധിപത്യം നേടി.
അവരുടെ വണ്ടിയിലിരുന്ന് ജനലിൽക്കൂടി എന്നെ നോക്കി വിലപിച്ചത് മറക്കാനാകില്ല.
“കണ്ണാ... എൻ കണ്ണാ... നാൻ എന്ന പണ്ണർത് കണ്ണാ...കടിതം നാൻ എപ്പടി പോടർത് കണ്ണാ....!!” ആ വിലാപവും കാഴ്ചയും കണ്ട് സങ്കടപ്പെടാൻ ഞങ്ങളോടൊപ്പം മെറിലിൻ മാത്രം....

ബാക്കി  സെപ്റ്റമ്പർ 1-ന്.... ഒരു ‘ഭ്രാന്തൻ കവി’

Friday, 1 August 2014

നോവൽ. മരുഭൂമി (21)

‘സ്വപ്നഭൂമിയോട് ’

...വിട പറയട്ടെ ഞാൻ....

[ജന്മനാടിനോളം സ്നേഹിച്ച 'ബഹ്‌റീൻ’ എന്ന ഈ വളർത്തു നാടിനോട് വിടപറയാനുള്ള സമയമായിരിക്കുന്നു. 
ജാതിമത ഭേദങ്ങളില്ലാതെ, സ്വദേശി വിദേശിയെന്ന വ്യത്യാസമില്ലാതെ, ജന്മനാട്ടിൽ കിട്ടാതെപോയ ജീവിതം തന്ന, ഏവരേയും ഒരുപോലെ സ്നേഹിച്ചു വളരാനുള്ള തണൽ നൽകിയ ഈ ‘ഗൾഫ് മുത്തി ’ന്റെ ഭരണാധികാരികളോടും സ്നേഹസമ്പന്നരായ ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. 
കഴിഞ്ഞ 20 വർഷങ്ങളിലെ എന്റെ യൌവ്വനം ഈ നാട്ടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷത്തോടെ, സ്വദേശികളും എന്റെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളും നൽകിയ സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട്, ജീവിതാനുഭവങ്ങൾ എന്നെ ഒരു കുഞ്ഞു എഴുത്തുകാരൻ  കൂടിയാക്കിയ, അതിലൂടെ കൈ വന്ന ലോകമാനമുള്ള ഇനിയും നേരിൽ കാണാത്ത ഒരു പറ്റം നല്ല സുഹൃത്തുക്കളെ തന്ന  ഈ ‘സ്വപ്നഭൂമിയോട് ’ വിടപറയുന്നു. 
ഇത് നിങ്ങൾ വായിക്കുമ്പോഴേക്കും ഞാൻ ഈ നാടിനോട് വിട പറഞ്ഞ് മാതൃഭൂമിയുടെ മണ്ണിൽ എത്തിയിരിക്കും. അവസാനമായി ഒരിക്കൽ കൂടി  ഹൃദയം നിറഞ്ഞ 
നന്ദി... നന്ദി.... നന്ദി...]
“എല്ലാ വായനക്കാർക്കും ഈദ് ആശംസകൾ......”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്.
തുടർന്നു വായിക്കുക....

ഹബീബയുടെ ദുരിത പർവ്വം...

“ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവർക്കാർക്കും അവനെ ഇഷ്ടമല്ല....”
“അവൻ പറയാ.. നിന്റെ സദീക്കിന്റടുത്ത് പറയ്. അമീറിന്റടുത്ത് പറയല്ലേന്ന്, ഞാനവനോട് മാപ്പു ചോദിക്കാമെന്നു...!!”
“അവൻ ആ നാലു പോലീസ്സുകാരേയും തട്ടിമാറ്റിക്കൊണ്ട് പറഞ്ഞതത്രയും ഞാൻ സഹിക്കണോ...?”

ഞാൻ ഡ്രെസ്സ് മാറ്റി പുറത്തേക്കിറങ്ങി വണ്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ വാതിലും തുറന്നിട്ട്  കരുണാമയനായി എന്നെയും കാത്തിരിക്കുകയാണ്. എന്നോടൊപ്പം അബ്ദുളും സച്ചിയും ഉണ്ടായിരുന്നു. ഇന്നലത്തെ വിറളി പിടിച്ച മുഖമായിരുന്നില്ല അവന്റേത്.
ഞാൻ അടുത്തേക്ക് ചെന്നതും അവൻ പറഞ്ഞു.
“സദീഖ്... മാ‍ലീസ്...മാലീസ്....”
അതു കേട്ടതും അബ്ദുൾ വണ്ടിയുടെ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു. എന്നിട്ട് പറഞ്ഞു.
“നിന്റെ വണ്ടിയിൽ ഞങ്ങൾ കേറില്ലടാ.. പട്ടിപ്പുണ്ടാച്ചി മോനേ...!!”
പച്ച മലയാളത്തിലായതോണ്ട് അറബിക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ അവനെ ധിക്കരിച്ച് ഗേറ്റിനടുത്തേക്ക് നടന്നു. പിന്നാലെ വണ്ടിയുമായി അവൻ പിന്തുടർന്നു വന്നു. അവൻ വണ്ടിയിലിരുന്നു കൊണ്ട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഞാൻ നിന്നോട് മാപ്പു ചോദിക്കുന്നു. നിങ്ങൾ അമീറിനോട് പറയരുത്. അമീറെന്നെ വീണ്ടൂം മക്കയിലേക്ക് തന്നെ പറഞ്ഞയക്കും. സുഖമില്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. കൂട്ടുകാരാ... നീ അമീറിനോട് പറയരുത്...പ്‌ലീസ്.. പ്‌ലീസ്..... നീ നല്ലവനാണെന്ന് എനിക്കറിയാം.. എന്റെ കൂട്ടുകാരു പറഞ്ഞപ്പോഴാ  മനസ്സിലായത്...!”
ഞങ്ങൾ അവന്റെ ജൽ‌പ്പനങ്ങൾ കേട്ടതായിപ്പോലും നടിച്ചില്ല.

അമാറയുടെ പടിഞ്ഞാറെ ഗേറ്റിലൂടെ നൂണ്ട് കടക്കാനായി ഞങ്ങൾ നിന്നു. അപ്പോഴേക്കും വണ്ടിയവൻ മെയിൻ ഗേറ്റിൽ കൊണ്ടിട്ട് അകത്തൂടെ ഓടിയണച്ചെത്തി.
എന്നെയവൻ വട്ടം കയറിപ്പിടിച്ചിട്ട് കെഞ്ചാൻ തുടങ്ങി. ഇന്നലത്തെ അവന്റെ വീറും വാശിയും നിറഞ്ഞ പ്രകടനം ഒരു നിമിഷം എന്റെ കൺ‌മുന്നിൽ നിറഞ്ഞു നിന്നു. അപ്പോൾ തോന്നിയ വികാരത്തിന് അവന്റെ കൈ തട്ടിമാറ്റി മുന്നോട്ട് തന്നെ നടന്നു.
കുറച്ചു പിന്നാലെ വന്നെങ്കിലും
“സദീക്.... സദീക്.... മാലീസ്.. മാലീസ്...” എന്നും പറഞ്ഞ് അവൻ നിന്നു.
ദയനീയമായിരുന്നു അപ്പോളവന്റെ ശബ്ദം.
ഞങ്ങൾ അനുസരിക്കാത്തതിന്റെ നിരാശയിൽ അവൻ പിന്തിരിഞ്ഞിരിക്കണം.
ഞങ്ങളും പിന്തിരിഞ്ഞു നോക്കിയില്ല.

അമാറയുടെ പിറകിലെത്തി ആദ്യം തന്നെ ജനറേറ്റർ ഓടിച്ചു.
അമീറും പരിവാരങ്ങളും വിയർത്തൊലിച്ച് ഇരിക്കുകയാവും.
അതു കഴിഞ്ഞിട്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്..
വാതിൽക്കൽ ഞങ്ങളെ കണ്ടതും അമീർ അകത്തേക്ക് വിളിച്ചു.
ഞങ്ങൾ സലാം പറഞ്ഞ് കയറിച്ചെന്നു.
ആ വലിയ കസേരയിൽ ഇരുന്നിട്ടും ഞങ്ങൾക്ക് കൈ തരാൻ മനസ്സുണ്ടായി.
കറണ്ട് വന്നതേയുള്ളായിരുന്നല്ലൊ. ഏസിയുടെ തണൂപ്പു വരാൻ ഇനിയും സമയം പിടിക്കും. ചൂടു കാരണം അമീറുൾപ്പടെയുള്ള പരിവാരങ്ങൾ  സ്വയം വീശിക്കൊണ്ടാണ് ഇരുന്നിരുന്നത്.

അദ്ദേഹം ഞങ്ങളെ വിളിച്ചത് എന്തിനാണെന്നറിഞ്ഞിട്ടാവാം ഞങ്ങളുടെ പരാതിക്കെട്ടഴിക്കാൻ. ഞങ്ങൾ സംശയിക്കുന്നതു പോലെതന്നെയാണെങ്കിൽ പരാതി പറയാതെ തന്നെ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതും ഞങ്ങളുടെ പരാതിയും ഒന്നായിരിക്കും.
അദ്ദേഹം സമയം കളയാതെ തന്നെ പറഞ്ഞു.
“ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്. നമ്മുടെ ഈ പള്ളിയുണ്ടല്ലൊ. ഹൈവേ പള്ളി. അതിനകത്ത് ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്തതു കൊണ്ട് വലിയ തലവേദനയാണ്. ഇവിടന്ന് കറണ്ടു കൊണ്ടു പോയാൽ പള്ളിയിലെ ആവശ്യങ്ങൾക്ക് പറ്റുമോ...?”
അതിനുള്ള മറുപടി പെട്ടെന്നു തന്നെ പറയാൻ കഴിയുന്നതായിരുന്നു.
ഉടൻ തന്നെ ഞാൻ പറഞ്ഞു.
“ഈ അമാറയിലെ തന്നെ മറ്റു രണ്ടു മുറികളിലെ ഏസി ഓണാക്കിയാൽ പോലും മക്കീന തനിയെ  നിന്നു പോകും. പിന്നെ അവിടെ എട്ടുപത്ത് ഏസിയും ലൈറ്റും ഫാനും മോട്ടോറും ഒന്നും ഇതു കൊണ്ട് ഓടിക്കാൻ പറ്റില്ല. അതിന് വലിയ സൈസ് മക്കീന തന്നെ വേണ്ടി വരും...”
അമീറ് കുറച്ചു നേരം തലയിൽ തഴുകിക്കൊണ്ടിരുന്നു.

പണച്ചാക്കിന്റെ മുകളിൽ കിടന്നുറങ്ങുന്ന സൌദികൾക്കാണൊ ഒരു ജനറേറ്റർ വാങ്ങി വക്കാൻ പഞ്ഞം.  അമീറിന്റെ ആലോചന കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“പള്ളിയിലെ വെള്ളത്തിന്റെ മോട്ടറും ലൈറ്റും മാത്രം വേണമെങ്കിൽ ഇവിടന്ന് കറണ്ട് കൊണ്ടു പോയി ഓടിക്കാം....!”
കേൾക്കേണ്ട താമസം അമീറിന്റെ മുഖം തെളിഞ്ഞു.
“പുതിയ മക്കീന ഉടനെ തന്നെ ശരിയാക്കാം. അതുവരേക്കും വെള്ളവും വെളിച്ചവും കിട്ടുമല്ലൊ..?” അതു ശരിയാക്കാമെന്ന് ഏറ്റതോടെ മുഹമ്മദിനെ വിളിയായി.
പോലീസ് മുഹമ്മദ് സ്വന്തം ചേട്ടനാണെങ്കിലും പേരാണ് വിളിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ പോലീസ് മുഹമ്മദിനെ ശട്ടം കെട്ടി. അതു കഴിഞ്ഞ് മുഹമ്മദിനോടൊപ്പം ഞങ്ങൾ പുറത്തു കടന്നു. ഇതിനിടക്ക് ഞങ്ങളുടെ പരാതിയുടെ കാര്യം മറന്നു പോയതല്ല. ആ നല്ല മനുഷ്യന്റെ മുഖത്ത് നോക്കി തന്റെ കീഴ്ജീവനക്കാരന്റെ  വൃത്തികെട്ട പ്രകടനത്തെക്കുറിച്ച് പറയാൻ ഞങ്ങൾക്കൊരു മടി.
പുറത്ത് വന്നപ്പോൾ പോലീസ് മുഹമ്മദ് പറഞ്ഞു.
“അമീർ പോയിട്ട് ഞാൻ വന്ന് നിങ്ങളെ വിളിക്കാം. എന്നിട്ട് പള്ളിയിലേക്ക് പോകാം....”
അവൻ അകത്തേക്ക് തന്നെ പോയി.

ഞങ്ങൾ പുറത്തിറങ്ങി ജയിലിന്നടുത്തു കൂടി പടിഞ്ഞാറെ ഗേറ്റിനടുത്ത് എത്തിയതും സെക്യൂരിറ്റി പോലീസ്സുകാരൻ പാഞ്ഞെത്തി. മുഖത്ത് ചോര വറ്റിയ  ഭാവം. ഞങ്ങൾ ചെന്ന് പരാതി പറയുമെന്നും അമീർ ഉടനെ അവനെ വിളിപ്പിക്കുമെന്നും മറ്റും വിചാരിച്ച് പേടിച്ചിരിക്കുകയായിരുന്നു. “പറഞ്ഞോ...?”
അവനെ അടിമുടി ഒന്നു നോക്കിയിട്ട് ഞാൻ പറഞ്ഞു.
“ഇല്ല.”
കേട്ടതും എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചവൻ പറഞ്ഞു.
“നീ നല്ലവനാ... നല്ലവനാ... എനിക്കാ തെറ്റു പറ്റിയേ... നന്ദി നന്ദി ഒരുപാട് നന്ദി...” എനിക്കവനോട് യാതൊരു സഹതാപവും തോന്നിയില്ല.
പേടിച്ചിട്ടാണെങ്കിലും അവന്റെ തെറ്റവൻ മനസ്സിലാക്കിയല്ലൊ. ഇത്തരം ചെയ്തികൾ അധികാരികൾ അറിഞ്ഞാൽ ശിക്ഷ കിട്ടുമെന്ന് അവന് നല്ല ഉറപ്പുണ്ട്. ഇല്ലെങ്കിൽ അവനിത്രക്ക് പേടിക്കേണ്ട കാര്യമില്ലായിരുന്നു. അമീറിനെപ്പോലെയുള്ള ഉന്നത അധികാരസ്ഥാനത്തിരിക്കുന്നവരോട് നേരിട്ട് പറയാൻ സ്വാതന്ത്ര്യമുള്ളതാവാം അവനെ പേടിപ്പിച്ചത്.

അന്നു വൈകുന്നേരം ഞങ്ങൾ മൂവരും കൂടി പള്ളിയിലേക്ക് ചെന്നു. താമസിയാതെ പോലീസ് മുഹമ്മദും എന്നെ അവഹേളിച്ച പോലീസ്സുകാരനും കൂടി ജീപ്പിൽ വന്നിറങ്ങി. അവർ വന്ന വഴി ഞങ്ങളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. നടക്കല്ലിൽ എത്തിയതും ഞാനും സച്ചിയും പെട്ടെന്ന് നിന്നു. അവർ അങ്ങ് പോയപോലെ തന്നെ തിരിച്ചു വന്നു. പോലീസ് മുഹമ്മദ് ചോദിച്ചു.
“ എന്തിനാ അവിടെ നിൽക്കണെ.. കയറി വാ...!?”
ഒന്നു പരുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പള്ളിക്കകത്തേക്കോ...? ങൂം.... ഞങ്ങളില്ല....!?”
അതും പറഞ്ഞ് രണ്ടടി പുറകോട്ട് മാറി നിന്നു. പോലീസ് മുഹമ്മദ് ചിരിച്ചു കണ്ട് പുറത്തിറങ്ങി അപ്പുറത്തു കണ്ട വാതിൽ തള്ളിത്തുറന്നു. എന്നിട്ട് ഞങ്ങളെ വിളിച്ച് കാണിച്ചിട്ട് പറഞ്ഞു.
“ദേ അതാ‍ണ് പ്രാർത്ഥനാ ഹാൾ... അവിടേക്ക് നിങ്ങൾ പോകേണ്ടതില്ല...”

അകത്ത് വഴിയാത്രക്കാരായ സഞ്ചാരികൾ സ്ത്രീകളടക്കം നിലത്തിരിക്കുന്നത് കണ്ടു. മറുവശത്തെ വാതിലുകൾ എല്ലാം തുറന്നിട്ടുണ്ട്. പോലീസ് മുഹമ്മദ് ആദ്യം കയറിയ വാതിലിന്റടുത്തേക്ക് വീണ്ടും ഞങ്ങളെ വിളിച്ചു കൊണ്ട് വന്നു. അകത്തു കയറി നിന്നിട്ട് പറഞ്ഞു.
“ഇവിടെ നിങ്ങൾക്ക് കയറാം. ഇവിടെയാണ് അംഗശുദ്ധി വരുത്തുന്നത്. ദേ വെള്ളം കിടക്കുന്നത് കണ്ടില്ലേ...?”
അപ്പോഴേക്കും അബ്ദുൾ പറഞ്ഞു.
“ഇവിടെയാണ് പ്രാർത്ഥിക്കുവാൻ വരുന്നവർ ‘ഒതു’ എടുക്കുന്നത്. ഇതിനകത്ത് നിങ്ങൾ കയറുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. തന്നേയുമല്ല അമാറേലെ ഉത്തരവാദപ്പെട്ട പോലീസ്സല്ലെ പറയുന്നത്. നിങ്ങൾ കയറിക്കോ...”
ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി. സച്ചിക്കൊരു ധൈര്യം. അവൻ പറഞ്ഞു.
“വാ... കയറ്....”

സച്ചിക്ക് പിന്നാലെ ഞാനും അകത്തു കടന്നു. വെള്ളത്തിന്റെ മോട്ടോറും മെയിൻ സ്വിച്ചും ഒക്കെ അതിനകത്തുണ്ട്. അവിടെ നിന്നും പള്ളിക്കകത്തേക്ക് കടക്കാൻ വലിയൊരു വാതിലും. ഒരു പള്ളിയുടെ അകം ഞങ്ങൾ ആദ്യമായിട്ട് കാണുന്നത് അന്നാണ്.

വേണ്ട സാധനങ്ങൾ എഴുതി പോലീസ് മുഹമ്മദിനെ ഏൽ‌പ്പിച്ചു.
അപ്പോഴേക്കും ബാങ്ക് വിളിക്കുന്ന ശബ്ദം അകലങ്ങളിൽ നിന്നും കേട്ടുതുടങ്ങി.
എന്നെ അവഹേളിച്ച പോലീസ്സുകാരൻ ഇതിനകം ഹാളിൽ കയറി നിന്ന് ബാങ്ക് വിളിക്കാൻ തുടങ്ങി. അതും കണ്ട് ഞങ്ങൾ തിരിച്ചു നടന്നു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇതിനിടയിൽ ആശുപത്രിയുടെ പുരോഗമനം വേഗത്തിൽത്തന്നെ നടപ്പായിരുന്നു. എക്സ്‌റേ യൂണിറ്റ്, ഡെന്റൽ ഡോക്ടർ, ജനറൽ വിഭാഗത്തിൽ ഒരു ഡോക്ടർ കൂടി. കൂടാതെ ലാ‍ബോറട്ടറിയും. ഒരു ഡോക്ടർ സ്ഥിരമായി ആശുപത്രിയിൽ താമസിക്കണം. രാത്രിയിൽ പ്രസവങ്ങൾ അറ്റന്റു ചെയ്യാൻ ഡോക്ടർ ഉണ്ടായിരുന്നില്ല. നഴ്സുമാർ മാത്രമായിരുന്നു അതൊക്കെ കൈകാര്യം ചെയ്തിരുന്നത്.  ഇത്രയൊക്കെ സൌകര്യങ്ങൾ സർക്കാർ ഉണ്ടാക്കിയെങ്കിലും രോഗികളായി എത്തുന്നവർ പതിവനുസരിച്ച് മാത്രം. ജീവനക്കാർ എല്ലാവരും വെടിപറഞ്ഞും കട്ട കളിച്ചും നേരം കളഞ്ഞു.

രണ്ടു നഴ്സുമാർ കൂടി വന്നതോടെ ഹബീബയുടെ നടുവൊടിഞ്ഞു. ആശുപത്രിയിലെ പണിയായിരുന്നില്ല തലവേദന ഉണ്ടാക്കിയത്. പുതുതായി വന്ന രണ്ടു നഴ്സുമാരായിരുന്നു പ്രശ്നക്കാർ. രണ്ടു പേരും ഈജിപ്ത്കാരായിരുന്നു. അൻപത് വയസ്സോളം പ്രായം വന്നവർ.

അവരുടെ അടുക്കളപ്പണി, അടിച്ചു വാരൽ, വസ്ത്രമലക്കൽ, ആഹാരം ഇത്യാദിയൊക്കെ ഹബീബയുടെ ഡ്യൂട്ടിയാണത്രെ...!
അതിനായിട്ടാണ് ഹബീബയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരിക്കുന്നതത്രേ...!!
എത്ര സമയം ഹബീബയുടെ കദനകഥ കേട്ടിരിക്കും.
അവരുടെ കണ്ണീർ എങ്ങനെ കണ്ടിരിക്കും.
ഞങ്ങൾ ഹബീബക്ക് വേണ്ടി മാനേജർ ഉമ്മറിന്റടുത്ത് പരാതി പറഞ്ഞു.
ഉമ്മർ അവരോട്  പറയാമെന്നേറ്റു.

അവളിലൊരുത്തി ആരേയും കൂസാത്ത താപ്പാന ആയിരുന്നു. ഹബീബയ്ക്കു വേണ്ടി പറയാൻ ചെന്ന ഉമ്മറിന്റെ ചെവിക്കല്ലു പൊട്ടുന്ന മുട്ടൻ തെറി പറഞ്ഞോടിച്ചുവെന്ന്  ഫാർമസിയിലെ ഹസ്സർബായി പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവരോട് ഏറ്റുമുട്ടാൻ ആരും തെയ്യാറല്ലായിരുന്നു. നഴ്സുമ്മാരിൽ സീനിയർ ആ താപ്പാന ആയതു കൊണ്ട് മറ്റുള്ളവരും നിസ്സഹായരായി. സഹിക്കുകയും നരകയാതന അനുഭവിക്കുകയും അല്ലാതെ ഹബീബക്ക് നിവൃത്തിയില്ലായിരുന്നു. പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

ബാക്കി  ആഗസ്റ്റ് 15-ന്.... “കണ്ണാ..എന്റെ കണ്ണാ....!”

Tuesday, 15 July 2014

നോവൽ. മരുഭൂമി.(20)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി.

തുടർന്നു വായിക്കുക....

സെൻസേഡ്...

അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത് മുറിച്ച് ഒരു കഷണം ആദ്യമായി എന്റെ നേരെ നീട്ടി....!!

അത് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു നിമിഷമെടുത്തു.
ഒരു കൈ സഹായത്തിനായി സച്ചിയെ നോക്കുമ്പോഴുണ്ട് അവൻ ശവം പോലെ ഒറ്റയിരിപ്പ്.
ഈ മനുഷ്യൻ തരുന്നത് വാങ്ങാതിരിക്കുന്നത് എങ്ങനെ. അറിയാതെ തന്നെ കൈ നീണ്ടു. ഒരു കുഞ്ഞു ബിസ്ക്കറ്റ് പോലൊരു കഷണം നാക്ക് എന്റെ ഉള്ളൻ‌കയ്യിലിരുന്ന് വിറച്ചു...!
അറബി മറ്റൊരു കഷണം സച്ചിക്കും നീട്ടി.
പിന്നെ കുഞ്ഞു കഷണങ്ങൾ മറ്റുള്ളവർക്കും കൊടുത്തു.
കിട്ടിയവർ സ്വാദോടെ വായിലിട്ട് ചവക്കുന്നു.
എനിക്കതിന് മനസ്സ് വന്നില്ല. ഞാനത് വായിലേക്കിടുന്നതു പോലെ  ആംഗ്യം കാണിച്ചിട്ട് ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു. എന്നിട്ട് വായ ചവക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.

സച്ചിയത് കിട്ടിയപാടെ ഇരുന്ന കാർപ്പറ്റിന്റെ അടിയിൽ പൂഴ്ത്തി...!
അറബി അടുത്ത പരിപാടിയായി ആടിന്റെ ഒരു കാലിൽ പിടുത്തമിട്ടു.
ആ കാൽ  മുകളിലേക്കൊരു പൊക്കു പൊക്കി പിന്നെ സൈഡിലേക്കൊരു വെട്ടിക്കൽ....!
ആ കാൽ അറബിയുടെ കയ്യിൽ...
അവൻ അത് ഒരു കടിക്ക് കുറച്ചു മാംസം എടുത്തിട്ട് അടുത്തിരുന്ന ഭാര്യക്ക് കൊടുത്തു. അത്ഭുതത്തോടെയും അതിലേറെ ഹാസ്യത്തോടെയും ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ...

അപ്പോഴാണ് എന്റെ ഇടതു വശത്തിരുന്ന മൂക്കുട്ടപ്പയ്യന് ആവേശം കയറിയത്.
അവൻ ആടിന്റെ കൈ ഒരെണ്ണം അറബി ചെയ്തതു പോലെ ഒരു പൊക്കും ഒരു വലിയും...!
ദാ.. ആ കൈ  അവന്റെ കയ്യിൽ...!
പിന്നെ ആ മൂക്കട്ട മുട്ടിച്ച് അതിലൊരു കടിയും....
പക്ഷെ, അവന്റെ വായിൽ ഒരു കുഞ്ഞു കഷണം പോലും തടഞ്ഞില്ല.
എത്ര കടി കടിച്ചിട്ടും ഒരു കഷണം പോലും വായിൽ കിട്ടിയില്ല.
ആ മൂക്കട്ട മുഴുവൻ ഇറച്ചിയിലായത് മിച്ചം..!

പിന്നെ ദ്വേഷ്യത്തിന് അമർത്തി ഒരു കടി. അതോടെ ഒരു കുഞ്ഞു കഷണം അവന്റെ വായിൽ കിട്ടി. അതിനുശേഷം ആ കൈ എന്റെ നേരെ നീട്ടി...!
അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല....
ഞാൻ ചമ്മി അറബിയെ നോക്കുമ്പോൾ, അത് വാങ്ങിച്ചോളാൻ ആംഗ്യം കാണിക്കുന്നു. എനിക്കത് വാങ്ങാതിരിക്കാനായില്ല. അതു വാങ്ങി മറുപുറത്തു നിന്നും ഒരു കഷണം ഞാനും കടിച്ചെടുത്തു. മാംസം ഒരു പാളി പോലെ പൊളിഞ്ഞിങ്ങു പോന്നു. അത് വായിൽ കടിച്ചു പിടിച്ചു കൊണ്ട് ബാക്കി ആട്ടിൻ കാൽ സച്ചിക്ക് കൊടുത്തു...!
സച്ചി കിട്ടിയ പാടെ തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ കടിക്കാത്ത മറുവശം നോക്കി ഒറ്റ കടി...! ഇതിലൊക്കെ താൻ വലിയ വിരുതനാണെന്ന മട്ടിലായിരുന്നു പ്രകടനം..!
അവിടം ആ പയ്യന്റെ മൂക്കട്ട പുരണ്ടതാണെന്ന് പറയാനുള്ള സാവകാശമൊന്നും എനിക്ക് കിട്ടിയില്ല. അതിനു മുൻപേ തന്നെ ബാക്കി അടുത്തയാൾക്ക് കൈ മാറികഴിഞ്ഞിരുന്നു.

സച്ചിയുടെ വായിലിരിക്കുന്ന ആ കഷണത്തിൽ പുരണ്ടിരിക്കുന്ന മൂക്കട്ടയുടെ കഥ ഇനി പറഞ്ഞാൽ അവൻ ചിലപ്പോൾ ഓക്കാനിക്കാനോ ശർദ്ദിക്കാനോ സാദ്ധ്യതയുള്ളതു കൊണ്ട് ഞാനും അതങ്ങമക്കി..!
അപ്പോഴേക്കും ആടിന്റെ അവയവങ്ങൾ എല്ലാം ഓരോരുത്തരുടെ കൈവശം ആയിക്കഴിഞ്ഞിരുന്നു.
എത്ര പെട്ടെന്നാണ് ഒരാട് വെറും അസ്ഥിപഞ്ചരമായത്...!
ആദ്യം ചോറ് കണ്ടപ്പോൾ ഇതു മുഴുവൻ ആരു തിന്നു തീർക്കുമെന്നായിരുന്നു ഓർത്തത്.
ഈ നേരം കൊണ്ട് ബിരിയാണിത്തളിക അത്രയും ഒഴിഞ്ഞിരുന്നു...
രസകരമായിരുന്നു ആ ഭക്ഷണ വിരുന്ന്.
ആദ്യാനുഭവവും...
വളരെയധികം  നേരം അതുമായി ഞങ്ങളവിടെ ഇരുന്നു.
ചുറ്റും വിശാലമായ നീലാകാശവും  താഴെ മലകളും ഇരുണ്ട ഭൂമിയും സാക്ഷി...

എല്ലാം മടക്കിക്കെട്ടി  അവിടന്ന് തിരിക്കുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ആശുപത്രിപ്പടിക്കൽ ഞങ്ങളെ ഇറക്കുമ്പോൾ വല്ലാത്തൊരു വിഷമമായിരുന്നു അവരെ വിട്ടുപിരിയാൻ. അറബി ഇറങ്ങി വന്ന് ഞങ്ങൾക്കുള്ള പ്രതിഫലം നീട്ടുമ്പോൾ ഞങ്ങളൊന്നു പരുങ്ങി. വേണ്ടെന്ന് പറയാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും  ഞങ്ങളുടെ ദാരിദ്ര്യം അതിനനുവദിച്ചില്ല. എങ്കിലും ആ പണം വാങ്ങിയത് വളരെ വേദനയോടെ ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പിക്നിക് സമ്മാനിച്ച ആ നല്ല കുടുംബത്തോട്  പണം വാങ്ങിയത് തെറ്റായിപ്പോയെന്ന കുറ്റബോധമായിരുന്നു പിന്നീട് ഞങ്ങൾക്ക്.
ഈ അനുഭവങ്ങൾ അബ്ദുളുമായി പങ്കു വച്ച് അന്നു രാത്രിയിൽ ഞങ്ങൾ  ഉറങ്ങിയില്ല....

പിറ്റേ ദിവസം അമാറയിലെ ജനറേറ്റർ വൈകുന്നേരം ആറുമണിക്ക് ഓൺ ചെയ്യേണ്ടത് എന്റെ  ഡ്യൂട്ടി ആയിരുന്നു. ഞങ്ങൾ ഊഴം വച്ചാണ് ചെയ്യാറ്. ഒരാൾ ഓൺ ചെയ്താൽ അടുത്ത ആൾ പോയി രാത്രി പത്തു മണിക്ക് ഓഫാക്കും. അതു പോലെ തന്നെയാണ് പകലും. അന്നും ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോൾ ഞാൻ അമാറയിലേക്ക് ചെന്നു.

ആശുപത്രി മതിലിനോട് ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക് നൂണ്ട് കടക്കാം. അതിനു പാകമാണ് ദാരിദ്ര്യം ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!
മുഷിഞ്ഞ ഷർട്ടാണെങ്കിൽ മാത്രമേ അതിലേ പോകൂ. അലക്കിത്തേച്ചതാണെങ്കിൽ പൊടി പറ്റാനുള്ള സാദ്ധ്യത കാരണം പ്രധാന ഗേറ്റ്, പോലീസ്സുകാർ പാറാവ് നോക്കുന്ന വഴിയിലൂടെയേ പോകാറുള്ളു.

ഞാൻ കടന്നു ചെല്ലുമ്പോൾ പോലീസ്സുകാർ വട്ടമിട്ടിരുന്ന് ‘കട്ട കളി’ക്കുകയാണ്.
ഒരാളൊഴികെ എല്ലാവരും നല്ല പരിചയമുള്ളവരാണ്. ചെന്ന വഴി ഞാൻ സലാം പറഞ്ഞ് സാധാരണ പോലെ അകത്തേക്ക് കടന്നു പോയി. അന്ന് ജനറേറ്ററിന്റെ ഓയിലൊക്കെ മാറ്റി, ഡീസൽ അടിച്ചു കയറ്റി വന്നപ്പോഴേക്കും അരമണിക്കൂറിലധികം കഴിഞ്ഞിരുന്നു. തിരിച്ചു വരുമ്പോഴേക്കും പോലീസ്സുകാർ കളി നിറുത്തി വൈകുന്നേരത്തെ ചായ കുടിയുടെ വട്ടത്തിലായിരുന്നു.

സാധാരണപോലെ അന്നും അവരെന്നെ അതിൽ പങ്കെടുക്കാനായി ക്ഷണിച്ചു. സ്നേഹപൂർവ്വം ഞാനത്  നിരസിച്ച് നന്ദി പറഞ്ഞ് നടന്നു. സാധാരണ ഗതിയിൽ പിന്നെയും നിർബ്ബന്ധിച്ചാൽ എന്തെങ്കിലും ഒന്നെടുത്ത്, ചിലപ്പോൾ വറപൊരി സാധനങ്ങളാകും- മിക്കവാറും സമൂസ ആയിരിക്കും നന്ദി പറഞ്ഞ് നടക്കുകയാണ് പതിവ്. അന്നവർ വീണ്ടും നിർബ്ബന്ധിച്ച് ബലമായി അവിടെ പിടിച്ചിരുത്തി. അവരുടെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ എനിക്കിരിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇന്നലത്തെ പിക്നിക്കിന്റെ ഹാങ്ങോവറും വിട്ടിട്ടില്ലായിരുന്നുവല്ലൊ.

വറപൊരിയൊന്നും കണ്ടില്ല. പകരം നമ്മുടെ നാട്ടിലെ അമ്മമാർ കോഴിക്ക് തീറ്റ കൊടുക്കാനായി തവിട് നനച്ചു വച്ചിരിക്കുന്നതു പോലെ എന്തോ ഒന്ന് ഒരു പാത്രത്തിൽ നനച്ചു വച്ചിട്ടുണ്ട്. അവർ അതിൽ നിന്നും കുറേശ്ശെ എടുത്ത് കഴിക്കുന്നുണ്ട്. ഞാൻ എല്ലാവരേയും നോക്കുമ്പോൾ പുതുതായി വന്ന ഒരാളൊഴികെ എല്ലാവരും എടുത്തു കഴിക്കാൻ പറഞ്ഞ് നിർബ്ബന്ധിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ ഞാൻ കൈ നീട്ടി തവിട് നനച്ച പാത്രത്തിൽ തൊട്ടതും പുതുതായി വന്നവൻ ചാടി എഴുന്നേൽക്കലും ഒരാക്രോശവും.......
“തൊട്ടു പോകരുത്. ................!?
......................................................
......................................................
 സെ    ൻ     സേ       ഡ്
C   E    N     S      O     R    E     D
......................................................
......................................................

ഞാൻ ഓടി അണച്ച് മുറിയിലെത്തി, കട്ടിലിൽ കമിഴ്ന്ന് വീണുകിടന്ന് കരഞ്ഞു.
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
പന്തികേട് തോന്നി സച്ചിയും അബ്ദുളും എന്നെ  മറിച്ചു കിടത്താൻ ശ്രമിക്കുന്നുണ്ട്. എന്തു പറ്റിയെന്നു ചോദിക്കുന്നുണ്ട്. എനിക്കെന്റെ സങ്കടം കാരണം ഒന്നും പറയാൻ കഴിയുന്നില്ല. എന്റെ ശ്വാസഗതി ഒരു വിധം നേരെയായതിനുശേഷമാണ് വിവരം ഞാൻ അവരോട് പറയുന്നത്.
കേട്ടതും അബ്ദുൾ എഴുന്നേറ്റ് ഡ്രെസ്സ് മാറി.
“അവനോട് ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം.”
എന്നും പറഞ്ഞ് ചാടിയിറങ്ങാൻ പോയി. ഞങ്ങളവനെ തടഞ്ഞു.
“ആവശ്യമില്ലാതെ പോലീസ്സുകാരോട് വഴക്കിനു പോകേണ്ട. അവന് വിവരമില്ലാത്തോണ്ടാ...”
“അവന്റെ ഇഷ്ടത്തിനല്ലല്ലൊ നമ്മളവിടെ പോകുന്നത്. അമീറ് പറഞ്ഞിരിക്കുന്ന ജോലി ചെയ്യാനാണ്. അതവന് ഇഷ്ടമല്ലെങ്കിൽ അമീറിനോട് പറഞ്ഞ് നമ്മളെ മാറ്റിക്കട്ടെ. അല്ലാതെ ഇതൊക്കെ പറഞ്ഞ് വിറച്ച് തുള്ളാൻ അവനാരാ...?”
“അതുകൊണ്ടാ വഴക്കിന് പോകണ്ടാന്ന് പറഞ്ഞത്. നമ്മുടെ കിട്ടിക്കൊണ്ടിരിക്കുന്ന കാശു കൂടി ഇല്ലാതായാൽ...?”
“ അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ. എന്നിട്ട് നമ്മൾക്ക് പട്ടിണി കിടക്കാം. എന്നാലും അവനോടൊന്നു ചോദിച്ചിട്ടു തന്നെ കാര്യം...!”
അബ്ദുൾ ചൂടോടെ ഇറങ്ങിക്കഴിഞ്ഞു.
പിന്നാലെ കൂട്ടിനായി സച്ചിയും ഇറങ്ങിയെങ്കിലും ഞാൻ ബലമായിത്തന്നെ തടഞ്ഞു.
പുറത്തിറങ്ങി നോക്കുമ്പോഴേക്കും ഗേറ്റും കടന്ന് അബ്ദുൾ വച്ചു പിടിക്കുന്നുണ്ട് അമാറയിലേക്ക്..

മതപരമോ ജാതീയമോ ആയ വിവേചനമോ, അവഹേളനമോ  തരുന്ന മനോവേദന    സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അതെത്ര  ഭീകരമായിരിക്കുമെന്ന് അന്ന് ഞാനാദ്യമായി അനുഭവിച്ചറിയുകയായിരുന്നു.

കൂടെയുള്ള നാലു പോലീസ്സുകാരും ചേർന്ന് അവനെ ചീത്ത പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്നു അബ്ദുൾ ചെല്ലുമ്പോൾ. അമീർ വരുമ്പോൾ ഈ വിവരം പറയുമെന്ന് പറഞ്ഞ് അവനെ അബ്ദുൾ ഭീഷണിപ്പെടുത്തി.  വളരെ ജനത്തിരക്കേറിയ  മക്കയിലെ പൊരി വെയിലത്തു നിന്നുകൊണ്ടുള്ള ജോലിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് വാങ്ങിച്ചെടുത്തതായിരുന്നു അവൻ  ഈ സ്ഥലം മറ്റം. ഇവിടെയാകുമ്പോൾ ചുമ്മാ ഇരുന്ന് കാവ കുടിച്ചും ചായ കുടിച്ചും കട്ട കളിച്ചും സമയം കളയാം. മറ്റൊരു പണിയുമില്ല.

വില കൂടിയ ഒട്ടക ഇറച്ചി തന്ന് ഞങ്ങളേക്കൊണ്ട് കറി വയ്പ്പിച്ച് സ്വാദോടെ കഴിക്കുന്ന അറബിയും, കഴിഞ്ഞ ദിവസം ഞങ്ങളെ പിക്നിക്കിനു കൊണ്ടു പോയി, സ്വന്തം കുടുംബത്തോടൊപ്പം ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച അറബിക്കുടുംബവും, ഇപ്പോൾ എന്നെ അവഹേളിച്ച അറബിയും ഒരേ വിശ്വാസത്തിന്റെ കാവലാളർ. ഇക്കാമയുടെ നിറം നോക്കി മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന പോലീസ്സുകാരനും ഇതേ വിശ്വാസത്തിന്റെ കാവലാളർ തന്നെ. ഒരേ രാജ്യത്തിന്റെ ജനത.

പിറ്റേ ദിവസം കാലത്ത് പത്തു മണിയോടടുത്ത് അബ്ദുൾ ആശുപത്രിയിൽ നിന്നും ഓടിക്കിതച്ചെത്തി. പുള്ളിക്കാരൻ വലിയ സന്തോഷത്തിലായിരുന്നു.  കയറി വന്ന വഴി പറഞ്ഞു. “ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...!?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവന്മാർക്കും അവനെ ഇഷ്ടമല്ല....!”


ബാക്കി  ആഗസ്റ്റ് 1-ന്....  ‘ഹബീബയുടെ ദുരിതപർവ്വം...’

Tuesday, 1 July 2014

നോവൽ. മരുഭൂമി (19)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. ഞങ്ങൾ അറബി കുടുംബത്തോടൊപ്പം പിക്നിക്കിന് പുറപ്പെട്ടു.

തുടർന്നു വായിക്കുക....

നാക്ക് നീട്ടി കണ്ണു തുറിച്ച്....

താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട്  ഭീതിയിൽ വിറക്കാൻ തുടങ്ങി.......!?
'പണ്ടാ‍റടങ്ങാനായിട്ട് താനിതെന്തു ഭാവിച്ചാ...?”
“ഒന്നും പേടിക്കാനില്ല. അവളും നല്ല രസത്തിലാ....!”
പറഞ്ഞു തീർന്നില്ല ഒരു ‘ഠേ’ ശബ്ദവും ഒരു കുലുക്കവും പിന്നെ വണ്ടി ഒരു പാളലും എല്ലാം കൂടി ജഗപൊക. ആദ്യം ഒന്നും മനസ്സിലായില്ല. വണ്ടി നിന്നതും ഞങ്ങൾ ചാടിയിറങ്ങി. ഞാൻ ഇരുന്ന വശത്തെ പിറകിലെ ടയർ വെടി തീർന്നത് ആയിരുന്നു പ്രശ്നം.

വയസ്സായ ഒരു  സ്ത്രീയുണ്ടായിരുന്നു വണ്ടിയിൽ.
അറബിയുടെ അമ്മയായിരിക്കും.
അവർ മുഖം മാത്രമല്ല കണ്ണുകളും കൂടി മറച്ചിരുന്നു. കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് പോലത്തെ തുണിയിട്ടിരുന്നു. അവരെ മാത്രം അവിടെയിരുത്തി ബാക്കി എല്ലാവരേയും പുറത്തിറക്കി ജാക്കി വച്ച് ടയർ പൊക്കി നിറുത്തി. അപ്പോഴേക്കും സ്റ്റെപ്പിനി ടയറുമായി അറബിയെത്തി. ജാക്കി വക്കാനും നട്ട് ഊരാനും മറ്റും ഞങ്ങൾ മുൻപ്പന്തിയിൽ തന്നെ നിന്നു. അറബിയുടെ മക്കളും നല്ല ഉത്സാഹശാലികളായിരുന്നു.

ടയർ മാറ്റിയിടൽ നടന്നുകൊണ്ടിരിക്കെ തന്നെ ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായയുമായി അറബിച്ചികളും എത്തി. ഞങ്ങൾക്ക് പിറകിൽ ഇരുന്നവരായിരുന്നു ആ പെൺകുട്ടികൾ. അവർ മുഖത്തെ മൂടുപടം മാറ്റിയിരുന്നു. അറബി അത് കണ്ടിട്ടും അവരെ നിരുത്സാഹപ്പെടുത്തുന്നതായി കണ്ടില്ല. അമ്മൂമ്മ കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് ഇട്ടിരുന്നു. അമ്മമാർ രണ്ടു പേരും കണ്ണുകൾ മാത്രം മറച്ചിരുന്നില്ല. അവരുടെ പെൺ‌മക്കൾ രണ്ടു പേരും മുഖം മുഴുവനായി പുറത്തു കാണിക്കാൻ തെയ്യാറായിരുന്നു. മൂന്നു തലമുറയിലെ ആ വ്യത്യാസം ഒരുമിച്ച് കാണുന്നത് ആദ്യമായിരുന്നു.

ടയർ മാറ്റിക്കഴിഞ്ഞിട്ടും എല്ലാവരും ചായ കുടിച്ചു കഴിയാനായിരിക്കും കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അന്നേരം അടുത്തിരുന്ന ഒരു പയ്യൻ  ഞങ്ങളോടായി ചോദിച്ചു.
“നിങ്ങള് പള്ളിയിൽ പോകൂല്ലെ...?”
“ങൂം.. പോകൂല്ലോ...”
സ്വാഭാവികതയോടെ ഞാൻ പറഞ്ഞു.
“ബാബ പറഞ്ഞൂല്ലൊ.. നിങ്ങൾ പള്ളിയിൽ പോകൂല്ലാന്ന്..!”
“ഞങ്ങളുടെ പള്ളി ഇവിടെയില്ലാത്തോണ്ടാ പോകാത്തത്...”
“അതെന്താ ഇവിടെ ഇല്ലാത്തത്....?”
അതിന്റെ ഉത്തരം പറഞ്ഞു ഫലിപ്പിക്കാനുള്ള അറബി വാക്കുകൾക്കായി പരതി നടക്കുമ്പോഴേക്കും അറബി സഹായത്തിനെത്തി. അവൻ അവരുടെ നാടൻ ഭാഷയിൽ എന്തോ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ അറബി ഭാഷ ഒരു ചുക്കും ചുണ്ണാമ്പും പിടികിട്ടിയില്ല. നമ്മുടെ കാസർക്കോട്കാര് മലയാളം പറയുന്നതു പോലെ. അതു കേട്ടതും അവരെല്ലാം തല കുലുക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നു മനസ്സിലായി. അയാൾ പറഞ്ഞത് ‘ഈശാനബി’യുമായി ബന്ധപ്പെട്ട എന്തോ കാര്യമാണെന്ന് പിടി കിട്ടിയിരുന്നു.

പിന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും പോകാനായി എല്ലാവരും വണ്ടിയിൽ കയറി. കുട്ടികളുടെ ഒച്ചപ്പാടും ബഹളവുമായി നല്ലൊരു മൂടിൽ വീണ്ടും യാത്ര തുടർന്നു. മുൻപിലിരുന്നിരുന്ന കുട്ടികളിൽ ഒരുത്തൻ എന്നോട് സൌഹൃദം കൂടി എന്റടുത്ത് വന്നിരുന്നത് ഒരാശ്വാസമായിരുന്നു. എനിക്ക് പിറകിലിരുന്നിരുന്ന പെൺകുട്ടിയുടെ ഇടിയിൽ നിന്നും രക്ഷ നേടി. പക്ഷെ, അത് അധിക നേരം നീണ്ടു നിന്നില്ല. വണ്ടി ഒരു കല്ലിന്റെ പുറത്തു കൂടി കേറിയിറങ്ങുന്നതിനിടെ ചേച്ചിയുടെ മടിയിലിരുന്നിരുന്ന പയ്യൻ പിടിവിട്ട് തെറിച്ചു വീണത് ഞങ്ങൾക്ക് തടുക്കാനായില്ല. അതോടെ അവനെ പിടിച്ച് അമ്മയുടെ കയ്യിലേക്ക് കൈമാറി. ആ പയ്യനും കൂടി സീറ്റിലിരുന്നതോടെ എന്റെ ഇരിപ്പിടം പകുതി പുറത്തായിക്കഴിഞ്ഞിരുന്നു. ഒരു കാൽ പുറത്ത്  ബം‌മ്പറിൽ ചവിട്ടി പകുതി അകത്തും പകുതി പുറത്തുമായിട്ടാണ് ഇരുന്നത്.
അപ്പോഴും അവൾ എന്നോട് ചേർന്ന് തന്നെ ഇരുന്നു. സ്ഥല ലഭ്യതക്കുറവ് കാരണം അതിനേ കഴിയുമായിരുന്നുള്ളു. ആ ടയർ മാറ്റിയിടലിനു ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചിതത്വം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഞങ്ങളോട് മുട്ടിയിരുന്നിരുന്ന പെൺകുട്ടികൾ സംസാരിക്കാൻ തയ്യാറായി.
“നിങ്ങൾ ഇൻഡ്യക്കാരാ...”
“അതേ..”
“മലബാറി...?”
“അതേ...!!”
അതേയെന്ന് പറഞ്ഞെങ്കിലും ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇവർക്കെങ്ങനെ മലബാറികളെ അറിയാം...?
ആ സംശയം തീർക്കാനായി ചോദിച്ചു.
“മലബാറികളെ എങ്ങനെ അറിയാം... മുൻപ് കണ്ടിട്ടുണ്ടോ...?”
“ങൂം... മലബാറികൾ നല്ലവരാ...”
അതോടെ ആ പെൺകുട്ടിയുടെ മുഖത്ത് കൃതഞ്ജതയോടെ നോക്കാതിരിക്കാനായില്ല. ഒരു പുഞ്ചിരിയോടെയിരിക്കുന്ന ആ മുഖത്ത് നോക്കി പറഞ്ഞു.
“ശുക്രാൻ...”(നന്ദി.)

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരെ അപ്പോഴാണ് മനസ്സിലായത്.
വയസ്സായ സ്ത്രീ അവരുടെ അമ്മൂമ്മ തന്നെയാണ്. പിന്നെ അറബിയുടെ രണ്ടു ഭാര്യമാർ.
ഇവരും മറ്റു കുട്ടികളുമൊക്കെ അയാളുടെ ഈ രണ്ടു ഭാര്യമാരിലുള്ള മക്കളും. എന്നാലും അവരുടെ ഒത്തൊരുമയും സ്നേഹവും തലമുറകളുടെ സംഗമത്തിൽ യാതൊരു വിള്ളലും കാട്ടാതെയുള്ള പെരുമാറ്റവും ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തിയെന്ന് പറയാം.

ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഒരു കുഴിയിൽ ഇറങ്ങാതിരിക്കാനായി പെട്ടെന്ന് വണ്ടിയൊന്നു വെട്ടിച്ചത്, വണ്ടിയിലുണ്ടായിരുന്ന എന്റെ ഒരുകൈകൊണ്ടുള്ള  പിടുത്തം വിട്ടുപോയി. പെട്ടെന്ന് പുറത്തേക്ക് തെറിച്ചു പോയ എന്നെ, വയറിൽ ചുറ്റിപ്പിടിച്ച ഒരു കൈയ്യാണ് തടഞ്ഞു നിറുത്തിയത്...!
നന്ദിപൂർവ്വം ഞാനതിനെ നോക്കി പതുക്കെ ഒരു ‘താങ്ക്സ്’ പറഞ്ഞു.
പിന്നെ അവൾ ആ കൈ എന്റെ വയറിൽ നിന്നും എടുത്തില്ല. ചുറ്റിപ്പിടിച്ചു കൊണ്ടു തന്നെ ഇരുന്നു. മറ്റാർക്കും എന്നെ ചുറ്റിപ്പിടിച്ചത് കാണാൻ കഴിയുമായിരുന്നില്ല. എനിക്ക് വാസ്തവത്തിൽ ആ കുട്ടിയോട് ഒരു ‘ഇത്’ തോന്നിത്തുടങ്ങിയിരുന്നു.

അധികം താമസിയാതെ തന്നെ ഒരു മലമുകളിൽ വണ്ടി നിന്നു.
ഞങ്ങൾ ഇറങ്ങി നോക്കുമ്പോഴുണ്ട് ഇനിയും മുന്നോട്ടു പോകാൻ ഇടമില്ല.
കുത്തനെയുള്ള ഇറക്കമാണ് മുന്നിൽ.
അതിനപ്പുറം വലിയ മലകളുണ്ട്. വണ്ടി നിന്നയിടം കുറച്ച് വിശാലമാണ്.  വണ്ടിക്കു മുകളിൽ നിന്നും ടർപ്പായക്കെട്ടുകൾ താഴെയിറക്കിയപ്പോഴാണ് ഇവരൊരു പിക്നിക്കിന്റെ മൂഡിലാണെന്ന് മനസ്സിലാവുന്നത്.

ആദ്യം തന്നെ ഒരു ടെന്റ് വലിച്ചു കെട്ടി.
അതിനകത്ത് ഒരു സ്വർണ്ണപ്പരവതാനി വിരിച്ച് അമ്മൂമ്മയെ പിടിച്ചിറക്കി സുരക്ഷിതമായി കൊണ്ടു പോയി അതിനകത്തിരുത്തി.
ഞങ്ങൾ ആന്റിന അടിച്ചു താഴ്ത്തി മൂന്നു വശവും പ്‌ളാസ്റ്റിക് കയർ കൊണ്ട് കുറ്റിയടിച്ച് ആടാതെ വലിച്ച് കെട്ടി. ടെന്റിനകത്തും പുറത്തും  വിരിച്ച പരവതാനിക്ക് ചുറ്റുമായി ട്യൂബ് ലൈറ്റുകൾ കാലുകളിൽ കെട്ടി വച്ചു. ചെറിയ ജനറേറ്റർ താഴെയിറക്കി സ്റ്റാർട്ടാക്കി.  ടീവി ഒരു സ്റ്റൂളിൽ കയറ്റി വച്ച് ട്യ്യൂൺ ചെയ്ത് ചാനലുകൾ  ക്ളിയറാക്കി. ടാപ്പൊക്കെ പിടിപ്പിച്ച വലിയ ടയറിന്റെ ട്യൂബിൽ  വെള്ളം നിറച്ച് കൊണ്ടു വന്നത് ഒരു മൺ‌തിട്ടയിൽ കൊണ്ടു പോയി വച്ചത് ഞാനും സച്ചിയും അറബിയും കൂടിയാണ്. അതോടെ ഞങ്ങളുടെ പണികൾ കഴിഞ്ഞു.
പെണ്ണുങ്ങൾ എല്ലാവരും ടെന്റിനു പുറത്തായി വിരിച്ച പരവതാനിയിൽ വട്ടമിട്ടിരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ ആ മലമുകൾ മുഴുവൻ ഓടി നടന്ന് അവിടെമാകെ ചവിട്ടി കിളച്ച് മറിക്കുന്നുണ്ടായിരുന്നു.

ഐസിട്ട കുടിക്കാനുള്ള വെള്ളം ഒരു കൂളറിൽ സ്ത്രീകൾക്ക് മുന്നിൽ ഇരുപ്പുണ്ട്. വലിയൊരു ഫ്ലാസ്ക്കിൽ ചൂടു ചായയും. അതിനിടക്ക് അമ്മമാർ രണ്ടു പേരും എഴുന്നേറ്റ് പോയി അമ്മൂമ്മയെ താങ്ങിപ്പിടിച്ച് മറ്റുള്ളവരോടൊപ്പം ഇരുത്തി. നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരം അമ്മൂമ്മമാരെ പിക്നിക്കിന് പോകുമ്പോൾ കൊണ്ടു പോകുമോ...? ഇവർ എല്ലാ സജ്ജീകരണങ്ങളോടെയാണ് പുറപ്പെട്ടിരിക്കുന്നത്.


നമ്മുടെ നാട്ടിലെ ചില കുടുംബങ്ങൾ  പൂരപ്പറമ്പിലോ തൊട്ടടുത്ത ബീച്ചിലോ അല്ലെങ്കിൽ കായൽ തീരത്തോ ഒക്കെ ഒരു വൈകുന്നേരം കറങ്ങാൻ പോകുന്നതു പോലെയേ ഉള്ളു ഇവരുടെ ഈ പിക്ക്നിക്ക്.

ഞങ്ങൾ ടീവിയോട് ചേർന്ന് തന്നെ ഇരുപ്പുറപ്പിച്ചു. അറബിച്ചാനൽ മാത്രമേ അവർ വക്കുന്നുണ്ടായിരുന്നുള്ളു. അതുകണ്ട് ഞങ്ങൾക്ക് ബോറഡിച്ചു. ഞങ്ങളുടെ എതിർവശത്തായി അറബിയും വന്നിരുന്നു. ഞാനും സച്ചിയും ടീവി കാണാതെ വണ്ടിയിലിരുന്നപ്പോഴുള്ള കസർത്തുക്കളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

ഇടക്ക് ആ പെൺകുട്ടികൾ കട്ടൻ ചായയും ഈന്തപ്പഴവും കൊണ്ടു വന്നു തന്നു.
താഴ്‌വാരം പതുക്കെ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എങ്കിലും മലമുകളിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. എരിഞ്ഞു  തീർന്ന പകൽ വൈകുന്നേരം ആകാൻ കച്ചകെട്ടിയിറങ്ങി.  അകലെ എവിടെയോ നിന്നും ബാങ്കു വിളിക്കുന്ന ശബ്ദം ഒന്നിനു പിറകെ ഒന്നായി കേൾക്കാൻ തുടങ്ങി. അതോടെ അറബി എഴുന്നേറ്റിട്ട് പറഞ്ഞു.
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ നിസ്ക്കരിച്ചിട്ട് വരാം. അതു കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാം..”  കുട്ടികളും മറ്റുള്ളവരും കയ്യും കാലും കഴുകി നിസ്ക്കരിക്കാനായി പരവതാനിയിൽ നിരയായി നിന്നു. അറബി മുന്നിലും മറ്റുള്ളവർ പിന്നിലും.  അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് തിരിയാതിരിക്കാനായി വണ്ടിയുടെ മറവിലേക്ക് മാറിയിരുന്നു.
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇനി ഭക്ഷണമുണ്ടെന്ന്. ബിരിയാണിയാവും..?”
“കോഴിയോ ആടോ ചിലപ്പോൾ ഒട്ടകമോ ആകും.....”
“എന്തായാലും മൂക്കുമുട്ടെ തിന്നണം..!”

നിസ്ക്കാരം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് വന്ന് വണ്ടിയിൽ നിന്ന് പാത്രങ്ങളും മറ്റും എടുത്ത് കാർപ്പറ്റിൽ നിരത്താൻ തുടങ്ങി. ഞങ്ങൾ കാഴ്ചക്കാരായി നിന്നതേയുള്ളു. ഇടക്ക് അറബി ഞങ്ങളെ വിളിച്ച് വലിയ അലൂമിനിയപ്പാത്രം താഴെയിറക്കിച്ച് കാർപ്പറ്റിനടുത്ത് കൊണ്ടു വയ്പ്പിച്ചു. കാർപ്പറ്റിന് നടുക്ക് ഒരു  വലിയ അലൂമിനിയ പാത്രം. അതിന് പാത്രമെന്ന് പറയാൻ പറ്റില്ല. ഒരു വലിയ തളികയെന്ന് പറയണം...!
അതിനു ചുറ്റും ഞങ്ങൾ അത്രയും പേർക്കും ഒരുമിച്ചിരിക്കാൻ പറ്റും.
ആ പാത്രത്തിന്റെ നടുക്ക് ഒരു ആടിനെ അങ്ങിനെ തന്നെ വേവിച്ചതും അതിന് മീതേയും ചുറ്റിലുമായി ബിരിയാണിച്ചോറും കോരിയിട്ടു...!
ചോറിന് ഒരു തരം ചെമ്മണ്ണു കലർന്ന നിറം.
ഇതുവരെ കാണാത്ത ആ കഴ്ചയിൽ ഞങ്ങൾക്ക് കണ്ണു തള്ളിയിരിക്കാനേ കഴിഞ്ഞുള്ളു. മസാലയുടെ മണം അവിടെയാകെ പരന്നു.

അവരവർക്ക് ആവശ്യമുള്ളത് എടുത്ത് ചെറിയ പാത്രത്തിലാക്കി കഴിക്കാനായിരിക്കും.
പക്ഷേ, അത്തരം പാത്രങ്ങളൊന്നും അവിടെ കണ്ടില്ല. അമ്മൂമ്മയെ ബിരിയാണിത്തളികയുടെ
ഒരു മൂലയ്ക്കിരുത്തി. കുട്ടികൾ അതിനു മുൻപേ ഇരിക്കാൻ തുടങ്ങിയിരുന്നു.  ശേഷം മറ്റു സ്ത്രീകളും അമ്മൂമ്മയോടൊപ്പം ഇരുന്നു.
ഇതൊക്കെ കണ്ട് ഞങ്ങളുടെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉടലെടുത്തു...!
“നമ്മുടെ വിഹിതം പൊതിഞ്ഞു വാങ്ങിക്കാം. വീട്ടിൽ കൊണ്ടു പോയി അബ്ദുളിനേം കൂട്ടി ഒരുമിച്ചിരുന്ന് കഴിക്കാലോ....”
ഞാനത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അറബി ഞങ്ങളുടെ കൈപിടിച്ച് വലിച്ച് അവിടെ ചെന്ന് ഇരിക്കാൻ പറഞ്ഞു.
വളരെ ഭവ്യതയോടെ  തന്നെ ഞാൻ പറഞ്ഞു.
“ ഞങ്ങൾ ഇവിടെ മാറിയിരുന്ന് കഴിച്ചോളാം. നിങ്ങള് കുടുംബക്കാര് ഒരുമിച്ചിരിക്ക്....”
“ ഹേയ് .. അതൊന്നും പറ്റില്ല... നിങ്ങളും ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കണം. നിങ്ങളും ഞങ്ങളും എന്നൊന്നുമില്ല. നമ്മളെല്ലാം, (രണ്ടു കയ്യും മുകളിലേക്കുയർത്തി) അള്ളാവിന്റെ സൃഷ്ടികളാ....  ഒരേയൊരു ദൈവത്തിന്റെ മക്കൾ.....!”
ഈ മനുഷ്യനോട് മറിച്ചൊന്നും പറയാൻ കഴിയില്ല...
ഈ നാട്ടിലും ഇങ്ങനെ ഒരു മനുഷ്യനോ....?!!
അയാളോടൊത്ത് അവിടേക്ക് നടക്കുമ്പോൾ, ശരിക്കും അത്ഭുതമായിരുന്നു ആ മനുഷ്യൻ...!!

സ്ത്രീകളോടൊപ്പമാണ് അറബി ഇരുന്നത്. നേരെ എതിർ വശത്ത് ഞങ്ങളും.
ഇരുന്ന ഉടനെ അടച്ചു വച്ച ഒരു പാത്രത്തിൽ നിന്നും തൊലി ഉരിഞ്ഞ് കളഞ്ഞ് വേവിച്ച  ആടിന്റെ തലയെടുത്ത് ചോറിന്റെ നടുക്കായി കിടത്തിയിട്ടു.
ഒരു പയ്യനതെടുത്ത് ചോറിന്റെ മുകളിൽ കുത്തി നിറുത്തി...!
അതു കണ്ട് തലയുടെ നേരെ മുൻ‌വശത്തിരിക്കുന്ന മൂക്കട്ട ഒലിച്ച ഒരു കൊച്ചു പയ്യൻ പേടിച്ച് ഒറ്റ നിലവിളി...!
അതോടെ അവരെല്ലാവരും കൂടി ചിരിയായി....?!
ആ നിലവിളിച്ച കുട്ടി അവിടന്നെഴുന്നേറ്റ് എന്റെ തൊട്ടടുത്ത് വന്നിരുന്നു.

ഞങ്ങൾക്ക് എന്താണ് സംഭവമെന്ന് പിടുത്തം കിട്ടിയില്ല.
അയാളുടെ മകൾ ഉടനെ ആ ആട്ടിൻതല ഞങ്ങളുടെ നേരെ തിരിച്ചു വച്ചു.
അപ്പോഴാണ് ആ തലയുടെ ഭീകരത ഞങ്ങൾക്ക് ഗോചരമായത്.
ഇതു കണ്ടാൽ‌പ്പിന്നെങ്ങനെ ആ കൊച്ച് പേടിച്ച് കരയാണ്ടിരിക്കും...!
‘കണ്ണു രണ്ടും പുറത്തേക്ക് തള്ളി, വായ സ്വൽ‌പ്പം തുറന്ന് നാക്ക് ഒരു വശത്തേക്ക് നീട്ടി പുറത്തിട്ടിരിക്കുന്ന ആട്ടിൻ തല’ കണ്ടതും ഞങ്ങളും ഒന്നു ഞെട്ടി...!
അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ വീണ്ടും പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത്, മുറിച്ച് ആദ്യ കഷണം എന്റെ നേരെ നീട്ടി....!!

ബാക്കി ജൂലൈ 15-ന്.....  ‘സെൻസേഡ്....’

Sunday, 15 June 2014

നോവൽ. മരുഭൂമി (18)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു..........

തുടർന്നു വായിക്കുക....
സുഖമുള്ള ഇടി.....


ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 
ആ ശബ്ദം നന്നേ നേർത്തു പോയിരുന്നു...

ഞാൻ ഹബീബായെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 
കുറച്ചു ദിവസങ്ങൾ കൊണ്ട് നന്നായി ക്ഷീണിച്ചിരിക്കുന്നു. വളരെ പ്രായം ചെന്നവരേപ്പോലെ മുഖത്ത് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്നു. അനുഭവിച്ചു തീർത്ത യാതനകൾ അപ്പാടി ആ ക്ഷീണിച്ച മുഖത്തു നിന്നും വായിച്ചെടുക്കാം. ഞാൻ വായിക്കാതിരിക്കുന്നത് കണ്ട് ഹബീബാക്ക് ദ്വേഷ്യം വന്നു. കുറച്ച് ദ്വേഷ്യത്തോടെ അതിലേറെ സ്നേഹം പുരട്ടി ഉറക്കെ വിളിച്ചു.
“കണ്ണാ...”

ഞാൻ ആ കുഞ്ഞു കടലാസ്, ഏതോ നോട്ട്ബുക്കിൽ നിന്നും കീറിയെടുത്തതായിരിക്കും  നിവർത്തിപ്പിടിച്ച് ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു. 
‘ദൈവമേ പാവം, ഹാബീബാക്ക് ബോധക്കേട് വരുന്നതൊന്നും ഇതിനകത്തുണ്ടാകല്ലെ...’ പിന്നെ ഞാൻ എല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് മൌനമായി വായിക്കാനാരംഭിച്ചു. 

ആദ്യം ഒന്നു ഓടിച്ചു വായിച്ചു. 
ഞങ്ങൾ എഴുതി അയച്ച തംഗ്‌ളീഷിൽ തന്നെയാണ് മറുപടിയും. 
കുനുകുനാന്ന് വളരെ ചെറിയ അക്ഷരങ്ങളിലാണ് എഴുത്ത്. നീണ്ട തമിഴ്  വാക്കുകൾ അതേപടി തംഗ്‌ളീഷിലാക്കിയതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എങ്കിലും ഓരോന്നും മുറിച്ച് മുറിച്ച് ഓരോന്നായി വായിച്ചെടുത്തു. 
ഹബീബ എന്റെ മുഖത്തു തന്നെ കണ്ണു ചിമ്മാതെ നോക്കിയിരുന്ന് മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കുകയാണ്. നീണ്ട വാക്കുകൾ വായിച്ചെടുക്കാനായി ഞാൻ കടലാസ്സിൽ സൂക്ഷിച്ച് നോക്കുന്നതു കാണുമ്പോൾ ഹബീബ വലിയ വിഷമത്തോടെ ഉമിനീരിറക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. 

ഇനിയും ഹബീബായുടെ ക്ഷമയെ പരീക്ഷിക്കുന്നത് അവസാനിപ്പിക്കാമെന്ന് കരുതി കത്തിലെ രഗ്നച്ചുരുക്കം ആദ്യം  പറഞ്ഞു.
“ഹബീബാ... വിചാരിച്ചതുപോലുള്ള ഒരു കുഴപ്പവും ഇല്ല. മക്കൾ രണ്ടു പേരും സുരക്ഷിതരായിരിക്കുന്നു. പിന്നെ അവിടെ അടുത്തുള്ള വിക്രമതുംഗെ ആരാ...?”
“ങാ... അത് എന്റെ കെട്ട്യോൻ പണിയെടുത്തിരുന്ന തോട്ടത്തിന്റെ ഉടമസ്ഥനാ... അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോഴും വേണ്ട സഹായങ്ങളൊക്കെ ചെയ്തത് അയാളാ... നല്ല മനുഷ്യനാ..സിംഹളക്കാരനാ.. അയ്യോ.. അയാക്കെന്തു പറ്റി...?”
“അയാൾക്കൊന്നും പറ്റിയില്ല. അയാളുടെ വീട്ടിലാണ് ഹബീബായുടെ മക്കൾ രണ്ടു പേരും...!!” അതു കേട്ടതും ഹബീബ രണ്ടു കയ്യും തൊഴുതു പിടിച്ച് നെറ്റിയിൽ മുട്ടിച്ച് കുമ്പിട്ടിരുന്നു കരഞ്ഞു. “ഹബീബാ എന്തിനാ കരയണേ...?”
വേഗം തല ഉയർത്തി മുഖം തുടച്ചിട്ട് പറഞ്ഞു.
“ഞാൻ കരഞ്ഞതല്ല കണ്ണാ... സന്തോഷം കൊണ്ടാ... ഇനി ഒന്നും പേടിക്കാനില്ല. എന്റെ മക്കളെ അവർ നോക്കിക്കോളും..”
“വീണ ആരാ...?”
“എന്റെ മോളുടെ പ്രായത്തിൽ അയാൾക്കൊരു മോളുണ്ട്. അതാ വീണാ...”
“ആ കുട്ടിയാ ഇവരെ അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത്. രാത്രിയിൽ മാത്രം അവിടെച്ചെന്ന് കിടക്കും രാവിലെ വീട്ടിലേക്ക് തിരിച്ചു പോരും....”

ഹബീബാ ഒഴുകുന്ന കണ്ണീരോടെ അതെല്ലാം കേട്ട് തലയാട്ടിക്കൊണ്ടിരുന്നു. ഇടക്കൊക്കെ മൂക്ക് ചീറ്റുകയും തല മറക്കുന്ന തുണി കൊണ്ട് തുടക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ സിംഹളക്കാരന്റെ വീട്ടിലായിട്ടും ഹബീബ സന്തോഷിക്കുകയാണെങ്കിലും സച്ചിക്കും അബ്ദുളിനും സംശയമായി. ആ സംശയം എനിക്കുമുണ്ടായിരുന്നു.
പുലികൾ സിംഹള സർക്കാരിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സിംഹളക്കാരൻ എങ്ങനെയാണ് തമിഴ് വംശജരായ ഇവരെ സഹായിക്കുക.
“ഞങ്ങൾക്ക് അവിടെ സിംഹളക്കാരെയൊന്നും പേടിക്കേണ്ടതില്ല. ഞങ്ങളെയൊന്നും ശത്രുക്കളായിട്ട് അവർ കാണുന്നില്ല. അതൊക്കെയങ്ങ് ജാഫ്നായിലൊക്കെയല്ലെ...”
ഹബീബായുടെ മറുപടിയിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമുണ്ടായിരുന്നു.

സാധാരണ ഗ്രാമീണർക്കിടയിൽ അത്തരം വംശീയചേരിതിരിവുകൾ ഉണ്ടായിരുന്നിരിക്കില്ല. തന്നെയുമല്ല ഹബീബയുടെ ഗ്രാമത്തിൽ തമിഴരേക്കാൾ കൂടുതൽ സിംഹളക്കാരായിരുന്നിരിക്കണം. എന്തായാലും രാത്രിയിലെ ഭയാശങ്കകളിൽ നിന്നും മക്കൾക്ക് മോചനം നൽകിയത് ഒരു സിംഹളക്കുടുംബമാണ്.

പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് മകൾ എഴുതിയത് ഹബീബയെ പിന്നേയും കരയിപ്പിച്ചു.
മറ്റൊരു ചങ്കിടിക്കുന്ന വാർത്തയുണ്ടായിരുന്നത് ഞാൻ പറഞ്ഞില്ല...!?
പിറ്റേ ദിവസം തന്നെ ഹബീബായുടെ കയ്യിലുണ്ടായിരുന്ന റിയാൽ മുഴുവനും ഉസ്മാനെ  മക്കയിൽ വിട്ട് മകളുടെ പേരിലെ അക്കൌണ്ടിലേക്ക് ഡ്രാഫ്റ്റ് എടുപ്പിച്ചു. വിശദമായി ഒരു കത്തും എഴുതി ഡ്രാഫ്റ്റും അടക്കം ചെയ്ത് അതിന്റെ പിറ്റേ ദിവസം തന്നെ രെജിസ്റ്റേഡ് ആയി അയപ്പിച്ചു.

ആ  കത്ത് പോക്കറ്റിൽ തിരുകി എന്നും ഹബീബ മുറിയിൽ വരും.
എന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയാണോന്നു നോക്കും.
ഞാൻ അടുക്കളപ്പണിയിലൊ മറ്റോ ആണെങ്കിൽ പിന്നെ വരാമെന്ന് പറഞ്ഞ് തിരിച്ച് പോകും. ഇല്ലെങ്കിൽ കത്തെടുത്ത് എന്റെ കയ്യിൽ തരും.
“കണ്ണാ... ഒന്നു കൂടി വായിച്ച് കേൾപ്പിക്ക് കണ്ണാ....!”

അന്നൊരു ദിവസം ഞാനത് തമിഴിൽത്തന്നെ മുഴുവൻ വായിച്ച് കേൾപ്പിച്ചു.
അതിൽ ചങ്കിടിക്കുന്ന ആ വാർത്തയും ഉൾപ്പെടുത്തി...!
അതു കേട്ട് ഹബീബ വായും പൊളിച്ചിരുന്നു പോയി.
ഹബീബയുടെ വിവരങ്ങൾ അറിയാൻ കഴിയാതെ മാസങ്ങൾ കടന്നു പോയപ്പോൾ ചിലരൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കിയതാവാം.
ഹബീബ ‘മക്കയിൽ വച്ച് മരിച്ചുപോയി’യെന്ന്....!?
കേൾക്കേണ്ട താമസം ഹബീബായുടെ മകൾ ബോധം കെട്ട് വീണു.
അതിനു ശേഷം  രാത്രി കാലങ്ങളിൽ കുട്ടികൾക്ക് ഉറങ്ങാൻ കഴിയാറില്ല. .
ചിലപ്പോൾ പുലികൾ തന്നെയാകും ഇത്തരം ഒരു വാർത്ത ചമച്ചിരിക്കുക.
പുലിക്കൂട്ടത്തിൽ കുട്ടികളെ ചേർക്കാൻ എളുപ്പവഴിയാകുമല്ലൊ.
വിവരമറിഞ്ഞ് ആ സിംഹളക്കാരൻ സഹായത്തിനെത്തുകയായിരുന്നു.
വാസ്തവത്തിൽ മക്കൾ രണ്ടു പേരും ആ വാർത്തയിൽ വിശ്വസിച്ച്, മാസങ്ങളായിട്ടും ഒരു വിവരവും കിട്ടാതായതോടെ വാർത്ത സത്യമായിരിക്കുമെന്ന് കരുതി  പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഞങ്ങളയച്ച കത്ത് ഒരു മൃതസഞ്ജീവനിയായി അവരുടെ കയ്യിൽ കിട്ടുന്നത്....!

ഹബീബ ഓരോ ദിവസവും ഒരു മടിയും കൂടാതെ എന്നേക്കൊണ്ട് കത്ത് വായിച്ച് കേൾക്കുമായിരുന്നു. ഒരു മടിയും കൂടാതെ ഞാനുമത് സന്തോഷത്തോടെ വായിച്ച് കേൾപ്പിച്ചിരുന്നു.
അങ്ങനെ ഹബീബായുടെ കത്ത് എനിക്ക് കാണാപാഠമായി.
ഹബീബാ മുറിയിലേക്ക് കയറിവരുമ്പോഴേ ഞാൻ പറയാൻ തുടങ്ങും ‘അൻപുള്ള അമ്മാവുക്ക്........’

എനിക്ക് വരുന്ന എന്റെ സ്വന്തം കത്തുകളും ഞാനെത്രയോ പ്രാവശ്യം വായിക്കുന്നുണ്ട്.
അടുത്ത കത്തു വരുന്നതു വരേക്കും അവസാനം വന്ന കത്ത് പോക്കറ്റിൽ ഇട്ടുകൊണ്ടു നടക്കുമായിരുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ഹൃദയസ്പന്ദനങ്ങൾ അറിയുന്ന ആ കത്തുകൾ ഒരിക്കലും അലക്ഷ്യമായി വക്കാൻ കഴിഞ്ഞിരുന്നില്ല.
‘ചിട്ടി ആയീഹേ... ചിട്ടി ആയീഹേ...’ എന്ന ഹിന്ദിപ്പാട്ടിന്റെ ശരിയായ തീവ്രത അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അന്ന്. ശരിക്കും കരയാതെ ആ പാട്ട് അവസാനിക്കുമായിരുന്നില്ല.
സമയം കിട്ടുമ്പോഴൊക്കെ എന്റെ കത്തുകൾ വായിച്ചു കൊണ്ടേയിരിക്കും.
വായിക്കാനറിയാവുന്നതു കൊണ്ട് എനിക്കത് ബുദ്ധിമുട്ടില്ലായിരുന്നു.
വായിക്കാനറിയാത്ത ഹബീബക്ക് എന്നോട് പറയാനായിരുന്നു ബുദ്ധിമുട്ട്.
അന്നു മുതൽ എല്ലാ ആഴ്ചയിലും ഓരോ കത്തു വീതം ഹബീബ എഴുതിപ്പിക്കുമായിരുന്നു.

ഒരു ദിവസം ആശുപത്രിയിലെ തിണ്ണയിൽ ഞങ്ങൾ വെടി പറഞ്ഞിരിക്കുമ്പോഴാണ് ആ അറബിയും കുടുംബവും ഒരു കാറിൽ വന്നിറങ്ങിയത്. അവരുടെ വീട്ടിലെ എയർ കൂളർ നന്നാക്കാൻ ഞങ്ങൾ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. അവരുടെ കുട്ടികളേയും ഞങ്ങൾക്ക് നല്ല പരിചയമാണ്.  കുടുംബത്തെ ആശുപത്രിക്കകത്താക്കിയിട്ട് അറബി ഞങ്ങളുടെ അരികിൽ വന്നിട്ട് ചോദിച്ചു. “നിങ്ങൾക്ക് ടീവിയുടെ ആന്റിന പിടിപ്പിക്കാൻ അറിയില്ലേ..?”
“ങാ... അറിയാം...”
“അതൊരെണ്ണം പിടിപ്പിക്കാനുണ്ട്... ഞാൻ ഒരു ദിവസം വരാം...”
ഞങ്ങൾ സമ്മതിച്ച് കാത്തിരുന്നു.
അൻപത് റിയാലെങ്കിലും തടയുന്ന കാര്യമാണ്.

അടുത്ത വ്യാഴാഴ്ച ഉച്ച കഴിഞ്ഞ നേരത്ത് അവൻ വന്നു വിളിച്ചു.
ഞങ്ങൾ ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വലിയ ജീപ്പ് നിറയെ അവനും ഭാര്യമാരും മക്കളും മറ്റുമായി ഒരു വലിയ പട തന്നെയുണ്ട് വണ്ടിയിൽ. വാസ്തവത്തിൽ ഞങ്ങൾക്കിരിക്കാൻ സ്ഥലമില്ലായിരുന്നു ആ വണ്ടിയിൽ. വണ്ടിക്കു മുകളിൽ ടാർപ്പോളിൻ കൊണ്ടു മൂടിക്കെട്ടിയ നിലയിൽ എന്തൊക്കെയോ കെട്ടുകളുമുണ്ട്. ആന്റിന ഉറപ്പിക്കാനുള്ള ഇരുമ്പു പൈപ്പും കൂട്ടത്തിൽ പുറത്തേക്ക് നീണ്ടു നിൽ‌പ്പുണ്ട്.

പിറകിലെ സീറ്റുകൾ മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു. രണ്ടിലും പെണ്ണുങ്ങൾ നിറഞ്ഞിരിപ്പുണ്ട്. മുൻപിലെ സീറ്റിൽ അവന്റെ മക്കളും മറ്റും കയറിക്കഴിഞ്ഞിരുന്നു. എന്നേയും  സച്ചിയേയും ഏറ്റവും പിറകിലെ സീറ്റുകളിൽ  അറ്റത്തായി പെണ്ണുങ്ങളോടൊപ്പം മുഖാമുഖം ഇരുത്തിയാണ് വണ്ടി വിട്ടത്. മുറുകെ പിടിച്ചില്ലെങ്കിൽ ഓരോ വളവിലും ഞങ്ങൾ പുറത്തേക്ക് തെറിച്ചു പോകുമായിരുന്നു.

ഹൈവേയിൽ നിന്നും വണ്ടി ഒരു പോക്കറ്റ് റോട്ടിലേക്കും അവിടേനിന്ന് വഴിയൊന്നുമില്ലാത്ത മലഞ്ചെരിവിലേക്കും കയറിത്തുടങ്ങി. ഇതെവിടേക്കെന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല. വലിയ മലകൾ ചുറ്റി വളഞ്ഞ് പതുക്കെ പതുക്കെ മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരുന്നു. അടുത്തെങ്ങും ഉണങ്ങി വരണ്ട് കറുത്തുപോയ മലകളല്ലാതെ  മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു റോഡോ, നേരത്തെ വണ്ടികൾ പോയി തെളിഞ്ഞ ചാലുകളോ ഒന്നും കാണാനുണ്ടായിരുന്നില്ല. അങ്ങനെയൊന്നും നോക്കിയായിരുന്നില്ല അവൻ വണ്ടി ഓടിച്ചിരുന്നത്.

ചില മലഞ്ചെരിവുകളിൽ ആടുകളെ പാർപ്പിക്കുന്ന ടെന്റുകൾ കണ്ടിരുന്നു. മലമുകളിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു താഴെ  അത്തരം കാഴ്ചകൾ കണ്ടിരുന്നത്. വണ്ടി കുലുങ്ങിക്കുലുങ്ങി ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്തിരിക്കുന്ന പെണ്ണുങ്ങളുടെ ശരീരം ഞങ്ങൾക്കുമേൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യമൊക്കെ സീറ്റ് നിറഞ്ഞിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ തള്ളലായിട്ടേ തോന്നിയിരുന്നുള്ളു. അന്നേരം ഒരു ഈർച്ച തോന്നിയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ്  അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

അതോടെ ചങ്കിടിപ്പിന്റെ സുഖമുള്ള താളം ഒരു ഭീതിയുടെ താളത്തിലേക്ക് മാറി...!
ഇവിടെ നിന്നും മാറിയിരിക്കാൻ ഒരു വഴിയുമില്ല. അരുതെന്ന് പറഞ്ഞാൽ ഭാഷ മനസ്സിലാകാതെ മറ്റെന്തെങ്കിലും ആണെന്ന് തെറ്റിദ്ധരിച്ചാലോ. വാദി പ്രതിയാകാൻ വലിയ താമസമുണ്ടാകില്ല.
പിന്നെ ചിന്തിച്ചത് ഞങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ. അവരായിട്ടല്ലെ.

എന്നാലും ഇത് നാട് വേറെയാണ്.
ഇവിടെ ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലുമെന്ന നാട്ടിലെ ചൊല്ല് വിലപ്പോവുകയില്ല. ഇവിടെ മുള്ളിന്റെ മുന പോയതു തന്നെ....!
ഒരു സംശയവും വേണ്ട...!
അത്തരം കഥകൾ ഉസ്മാനും മൊയ്തുവും പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.
പരമാവധി ഒതുങ്ങിയിരുന്നിട്ടും ഫലമൊന്നുമുണ്ടായില്ല.
അവർ ഓരോ ഇടിയും അറിഞ്ഞു കൊണ്ട് തരുമ്പോഴും കുലുങ്ങി കിലുങ്ങി ചിരിക്കുന്ന ശബ്ദം  കൂടി കേൾക്കുമ്പോൾ ഞങ്ങളുടെ അങ്കലാപ്പ് കൂടിവന്നതേ ഉള്ളു.
അവരും അത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു...!

എങ്കിലും ഞങ്ങൾ തിരിഞ്ഞു നോക്കാതെ പിറകിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ചുറ്റുമുള്ള കാഴ്ചകൾ ഉണങ്ങി വരണ്ടതായിരുന്നെങ്കിലും ഈ സുഖമുള്ള യാത്രയിലെ അന്ത്യം ഞങ്ങൾക്ക് ഊഹിക്കാനാവുമായിരുന്നില്ല.
ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം...
മലയുടെ മുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടേയിരുന്നു....
ഓരോ ചെറിയ കുലക്കത്തിലും സുഖമുള്ള ഇടികൾ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു.
വണ്ടി കയറ്റം കയറുമ്പോഴുള്ള തള്ളലിൽ അവർ അത്രയും ഞങ്ങളോട് ചേർന്നിരുന്നിരുന്നു...
താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ, പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ടു...!
അവരുടെ അമ്മമാരും മറ്റും അതു കണ്ടുകൊണ്ടിരിക്കുന്നെന്ന ചിന്തയിൽ  ഭീതിയോടെ ഞാൻ  വിറ കൊള്ളാൻ തുടങ്ങി.......!?

ബാക്കി ജൂലൈ 1-ന്............... നാക്ക് നീട്ടി കണ്ണു തുറിച്ച്.....!!

Sunday, 1 June 2014

നോവൽ. മരുഭൂമി (17)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു.....

തുടർന്നു വായിക്കുക...

റംസാൻ.......

റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

റംസാന്റെ ആരവങ്ങളൊന്നും ഞങ്ങൾക്ക് പ്രകടമായില്ല. 
കാരണം ഞങ്ങളല്ലാതെ മറ്റാരും അവിടെയില്ലല്ലൊ. ഉസ്മാനും മൊയ്തുവും അബ്ദുളും നോമ്പു നോക്കാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. കൂട്ടത്തിൽ ഞാനും സച്ചിയും മാത്രമായിട്ടെങ്ങനെ ഭക്ഷണം കഴിക്കും...? 
തീർച്ചയായും അബ്ദുളിന് അതൊരു ബുദ്ധിമുട്ടാവും. മാത്രമല്ല ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. അമാറയിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് പട്ടിണി ഇല്ലാതെ കഴിയുന്നത്. ഗ്രാമ വാസികൾ വല്ലപ്പോഴുമേ പണിക്ക് വിളിക്കാറുള്ളു. ഈയൊരവസ്ഥയിൽ നോമ്പ് നോക്കുകാന്നു പറയുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഞങ്ങൾക്കും തോന്നി. പകൽ ഭക്ഷണം വേണ്ടാത്തതു കൊണ്ട് ചിലവും കുറവ്. അങ്ങനെ ഞങ്ങളും അബ്ദുളിനൊപ്പം കൂടി നോമ്പ് നോക്കാൻ. ആദ്യ ദിവസം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. രണ്ടാം ദിവസം ഉച്ചയോടടുക്കുമ്പോൾ ഉസ്മാന്റെ ഫോൺ വന്നു. 
“നിങ്ങള് കറി വല്ലതും ഉണ്ടാക്കുന്നുണ്ടോ...?”
“ഇല്ലാ.. അതെങ്ങനെ ഞങ്ങളും നോമ്പിലല്ലെ...?”
“അല്ല. പോലീസ് മുഹമ്മദ് മണം പിടിച്ച് അങ്ങോട്ട് വരുന്നുണ്ട്....?”
കേട്ടതും ഞങ്ങളൊന്നു ഞെട്ടി. 

വാതിലിൽ മുട്ടു കേട്ടതും വേഗം വാതിൽ തുറന്നു. കാരണം ഞങ്ങൾക്ക് മറയ്ക്കാനൊന്നും ഇല്ലായിരുന്നു. അവൻ മുറിയിലൊക്കെ ഒന്നു പരതി. ഒന്നും കാണാത്തതു കൊണ്ടാകും അവൻ ചോദിച്ചു. 
“എല്ലാവരും നോമ്പിലല്ലെ...” 
“ അതെ..” 
“നല്ലത് നല്ലത്...” 
അതും പറഞ്ഞവൻ ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. വാഷ്ബേസിൻ തുറന്നവൻ മുഖം കഴുകുന്ന ശബ്ദം കേൾക്കാം. അതു കഴിഞ്ഞവൻ പുറത്തിറങ്ങിയിട്ട് എലി മണം പിടിക്കുന്നതു പോലെ ചുണ്ട് കൂർപ്പിച്ച് മണം പിടിക്കുന്നുണ്ടായിരുന്നു. 
ഞങ്ങൾ ബാത്ത്‌റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ അവൻ പടിക്കലോളം ചെന്നിട്ട് തിരിച്ച് നടന്ന് നഴ്സുമാരുടെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി മണപ്പിച്ച് നടക്കുന്നു. 
പെട്ടെന്ന് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..! 

ഫിലിപ്പൈനി മെർലിൻ ഭക്ഷണമുണ്ടാക്കുന്ന മണമായിരിക്കും അവന് കിട്ടിയത്. അവൾ മീൻ വാങ്ങി ഉപ്പിട്ട് ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുന്ന വൃത്തികെട്ട മണം വരാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. ഉടനെ മെർലിന് ഫോൺ ചെയ്തു. 
ഹബീബയാണ് എടുത്തത്. 
വേഗം മെർലിന് കൊടുക്കാൻ പറഞ്ഞു.  
“നീ ഭക്ഷണമുണ്ടാക്കാ...?” 
“അതെ...”  
“എന്തോന്നാ മീനാ...?” 
“അതെ...!“ 
"എങ്കിൽ വേഗം സ്റ്റൌ ഓഫാക്ക്. പോലീസ്സ് മുഹമ്മദ് മണം പിടിച്ച് വരുന്നുണ്ടങ്ങോട്ട്...!?” കേട്ടതും അവൾ ഫോൺ വലിച്ചെറിഞ്ഞ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. 
പിന്നെ ശബ്ദമൊന്നുമില്ല.  

പോലീസ് മുഹമ്മദ് ക്വാർട്ടേഴ്സിന് അടുത്തു എത്തിയപ്പോഴേക്കും മണത്തിന്റെ കണക്ഷൻ പെട്ടെന്ന് നിന്നുപോയിരിക്കും. തന്നെയുമല്ല സ്ത്രീകൾ മാത്രമുള്ളതു കൊണ്ടാകും അവരെ വിളിക്കാനൊന്നും പോയില്ല. വാദി പ്രതിയാകുന്നത് എപ്പോഴെന്ന് പറയാനാകില്ലല്ലൊ. 
പോലീസ്സ് മുഹമ്മദ് കുറച്ച് നേരം അവിടെ നിന്ന് കറങ്ങിയിട്ട് വേഗം പുറത്തിറങ്ങിപ്പോയി. 
കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മെർലിന്റെ ഫോൺ.
”വളരെ നന്ദീട്ടൊ... വളരെ നന്ദി. ഞാനക്കാര്യം മറന്നു പോയി...” 
“ഇപ്പോൾ പോലീസ്സ് കൊണ്ടോയേനേ.....!“
ഞാനൊന്നു പേടിപ്പിക്കാനായി പറഞ്ഞു നോക്കി. 
“എന്റെ കർത്താവേ....!“ 
“സാരമില്ല. ഒരു തവണയൊക്കെ മാപ്പ് തരും....” 
“മെർലിൻ... എന്നിട്ട് മീൻ വറുത്തത് എന്തു ചെയ്തു...?” 
“മുഴുവൻ മൊരിഞ്ഞിട്ടില്ലായിരുന്നു. ഞാൻ ചട്ടിയോടെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് അടച്ച് വെള്ളമൊഴിച്ചു.....!!“ 
“ഹ..ഹാ..ഹാ..  അതെന്തിനാ...? സ്റ്റൌ ഓഫാക്കിയാൽ പോരായിരുന്നോ...?” “അവനെങ്ങാനും അകത്തു വന്നു നോക്കിയാലോന്ന് പേടിച്ചു ഞാൻ...!“ 
“ഈജിപ്ഷ്യൻ സിസ്റ്ററും ഹബീബയും പറഞ്ഞതാ എന്നോട്. ഭകഷണം ഉണ്ടാക്കിക്കഴിച്ചോ അവർക്ക് ബുദ്ധിമുട്ടില്ലാന്ന്... അതാ ഞാൻ....” 
“ആയിക്കോളൂ.. മണം പുറത്തു വരാത്ത എന്തും ഉണ്ടാക്കിക്കഴിക്കാം. മണമുള്ളത് രാത്രിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ മതി....” 
എന്റെ വക ഒരു ഉപദേശവും കൂടി കൊടുത്ത് ഫോൺ കട്ടാക്കി. 

എന്റെ ഫോൺ ചെല്ലലും കേട്ടതു പാതി കേൾക്കാത്തതു പതിയെന്നു പറഞ്ഞതു പോലെ, ഫോണും വലിച്ചെറിഞ്ഞ്, ഹബീബയെ തട്ടിമാറ്റി ഓടിച്ചെന്ന് ചട്ടിയോടെ മീനെടുത്ത് വാഷിംഗ് മെഷീനിലിട്ടടച്ച് വെള്ളം ഓണാക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്ന മെർലിന്റെ ചിത്രം ഞങ്ങൾക്ക് തലകുത്തി നിന്ന് ചിരിക്കാനുള്ള വകയുണ്ടാക്കിത്തന്നു. 

ഞങ്ങൾ ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ പോലും എന്നും രണ്ടു മൂന്നു തവണ പോലീസ്സ് മുഹമ്മദ് ഞങ്ങളുടെ മുറിയിൽ കയറിയിറങ്ങി. ബാത്ത്‌റൂമിൽ കയറുക, മുഖം കഴുകുക ഇതാണവന്റെ സ്ഥിരം പരിപാടി. പതുക്കെപ്പതുക്കെ ഞങ്ങളും നോമ്പുമായി ഇഴുകിച്ചേരുകയായിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ശരീരത്തിന് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. നോമ്പു വിടുന്ന വൈകുന്നേരം ആദ്യമാദ്യം പഴങ്ങളൊക്കെ കഴിച്ചിരുന്നെങ്കിലും പോകെപ്പോകെ അതൊന്നും വാങ്ങാൻ ആരുടെ കയ്യിലും കാശില്ലാതെയായി. 
ആശുപത്രിയുടെ പ്രവർത്തനം പാതിരാ കഴിഞ്ഞും നീണ്ടു. 
വയറിന് അസുഖം ബാധിച്ച് വരുന്നവരുടെ എണ്ണം കൂടി. 
നോമ്പു വിടുന്ന നേരം അളവില്ലാത്ത ഭക്ഷണം അകത്താക്കുന്നതാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഞങ്ങൾക്കും അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. 

പതിനഞ്ചാം ദിവസം അബ്ദുൾ പറഞ്ഞു. 
“ശ്ശെ... എനിക്കൊരു അബദ്ധം പറ്റി. വായ കഴുകുമ്പോൾ കുറച്ച് വെള്ളം അകത്തു പോയി....!“  
ഞാൻ പറഞ്ഞു.
“അതിനിപ്പേന്താ... അറിയാതെയല്ലെ... വേണമെന്നു വിചാരിച്ചിട്ടല്ലല്ലൊ....” 
“ഹേയ് എന്നാലും അത് ശരിയല്ല. ഇനിയും നോമ്പ് ഒന്നേന്ന് ആദ്യം മുതൽ തുടങ്ങണം... വയ്യാ...” 
കാശ് കയ്യിലില്ലാത്തതുകൊണ്ട് ഞങ്ങൾക്കും നിറുത്തണമെന്നുണ്ടായിരുന്നു. അബ്ദുളിനെ ഒറ്റപ്പെടുത്താൻ വയ്യാത്തോണ്ടാണ് ഒന്നും മിണ്ടാതിരുന്നത്. 
“ഇനി നമ്മൾ ഭക്ഷണം ഉണ്ടാക്കാമെന്നു വിചാരിച്ചാലും പോലീസ് മുഹമ്മദ് സമ്മതിക്കുമോ...?” 

അന്നു മുതൽ പോലീസ്സ് മുഹമ്മദിന്റ വരവും പോക്കും ശ്രദ്ധിക്കാൻ തുടങ്ങി. 
പത്തു മണിക്കു വന്നാൽ‌പ്പിന്നെ ഉച്ചക്ക് ഒരു മണിക്കവൻ വീണ്ടും വരും. പിന്നെ അവന്റെ വരവുണ്ടാകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് എട്ടു മണിക്കും വരും. അതൊക്കെ നോക്കി ഒരു വിധം സമയമൊക്കെ കൃത്യമാക്കി ഞങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. അരി വക്കാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. കറിയൊന്നും ഉണ്ടാക്കാറില്ല. അച്ചാർ തന്നെ ശരണം. 

അങ്ങനെ വലിയ കുഴപ്പമില്ലാതെ ദിവസങ്ങൾ നീങ്ങി. ഇരുപത്തൊന്നാം ദിവസം ഉസ്മാൻ വിശന്നു വലഞ്ഞെത്തി. കുളിച്ചപ്പോൾ കുറച്ച് വെള്ളം അകത്തു പോയത്രെ. 
ഞങ്ങളുടെ ഊണ് കഴിഞ്ഞിരുന്നെങ്കിലും, ബാക്കി ചോറിരിപ്പുണ്ടായിരുന്നു. ഉപ്പിട്ട ചോറിൽ  അച്ചാറും മാത്രം കൂട്ടി സ്വാദോടെ പാത്രം ഉള്ളം കയ്യിൽ പിടിച്ച് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്...! 
പെട്ടെന്നാണ് ഒരു മണിക്കുള്ള പോലീസ് മുഹമ്മദിന്റെ സന്ദർശന സമയമാണെന്ന് ഓർത്തത്. അക്കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. ചോറു പാത്രമെടുത്ത് ഒരു പേപ്പറിട്ട് മൂടി കട്ടിലിൽ കിടക്കക്കടിയിൽ തിരുകി വാതിൽ തുറന്നു. അവൻ കയറി വന്ന് സലാം പറഞ്ഞ് ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. ഉടനെ വാഷ്ബേസിനിൽ വെള്ളമൊഴുകുന്നതിന്റേയും മുഖം കഴുകുന്നതിന്റേയും ശബ്ദം കേൾക്കായി. കുറച്ച് കഴിഞ്ഞവൻ ഇറങ്ങി വന്ന് സലാം പറഞ്ഞ് പുറത്തിറങ്ങിപ്പോയി. 

ഞാൻ ഉസ്മാനോട് ചോദിച്ചു. 
“അവൻ ഏതു നേരവും നമ്മുടെ മുറിയിൽ കയറി വന്ന് ഈ മുഖം കഴുകലും മറ്റും എന്തിനു വേണ്ടിയാ....? അവന്റെ അമാറയിലിതൊക്കെ ഉള്ളതല്ലേ...?” 
ഉസ്മാൻ പറഞ്ഞു. 
“അവിടെ ആകുമ്പോൾ മറ്റു പോലീസ്സുകാരു കാണില്ലെ. ഇവിടെ ആകുമ്പോൾ കൂട്ടത്തിൽ കുറച്ചു വെള്ളവും അകത്താക്കാമല്ലൊ. അവന് നോമ്പൊന്നും കാണില്ല...!“ 
“എന്നാലും വായിൽ വെള്ളമൊഴിക്കുമ്പോൾ കുറച്ചിറക്കിയാലും ഒരു പോലീസ്സുകാരനും മനസ്സിലാകില്ല...!“ 
“അതല്ല പ്രശ്നം. അമാറയിലെ പൈപ്പ് വെള്ളം ലേശം ഉപ്പുള്ളതാ. അത് കുടിക്കാൻ കൊള്ളില്ല. അവരു കുടിക്കാൻ വേറെ വലിയ ബോട്ടിൽ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. നമ്മുടെ വെള്ളം ആശുപത്രി ആയതു കൊണ്ട് കുടിക്കുന്നതു തന്നെയാ പൈപ്പിലും വരുന്നത്. അതാണ് അവൻ ഇവിടെ വന്ന് മുഖം കഴുകൽ നാടകം നടത്തുന്നതിന്റെ രഹസ്യം...!!“ 
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. 
അവന്റെ ആ സ്വഭാവം ഞങ്ങൾക്ക് പാരയായിയെന്നു മാത്രം. 

മൊയ്തു മാത്രം ആരും കൂട്ടില്ലാതെ മുഴുവൻ നോമ്പും നോറ്റു. 
പെരുന്നാൾ ഒട്ടക ഇറച്ചിയോടെ ഞങ്ങൾ ആഘോഷിച്ചു.

റംസാനായതുകൊണ്ട് പോസ്റ്റുമാന്റെ വരവ് കുറവായിരുന്നു. 
അവിടെ മക്കയിൽ കത്ത് തരം തിരിക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്നം. 
പെരുന്നാൾ കഴിഞ്ഞ് പോസ്റ്റോഫീസ് തുറന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. 
പോസ്റ്റുമാൻ കത്തുകൾ ആശുപത്രിയിൽ കൊണ്ടു വന്നു കൊടുത്തിട്ടുപോയി. 

വാതിൽ മുട്ടാതെ തന്നെ തള്ളിത്തുറന്ന് പെട്ടെന്ന് കയറി വന്ന ഹബീബ നന്നായി വിയർത്തിരുന്നു. 
ആ മുഖം കരയുകയാണോ ചിരിക്കുകയാണൊ എന്നറിയാത്ത പ്രകൃതം...! 
കയ്യിൽ കുറേ കത്തുകളും വാരിപ്പിടിച്ചിരുന്നു. 
അതെല്ലാം ഞങ്ങൾക്കുള്ളതായിരുന്നു. 
പിന്നീടാണ് ഓടിയതിന്റെ അണപ്പു മാറ്റുന്നതോടൊപ്പം, മുഖമൊന്നമർത്തിത്തുടച്ച് ആശുപത്രി യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു കവർ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് കട്ടിലിൽ വീണ് കിടന്ന് കരഞ്ഞത്...!? 
അത് തന്റെ വീട്ടിൽ നിന്നും വന്നതാണെന്ന് പറയാനുള്ള വാക്കുകൾ സന്തോഷ തിരത്തല്ലലിൽ ഹബീബക്ക് കിട്ടിയില്ല. ഒരു വശം ചരിഞ്ഞു കിടന്ന് മുഖം ദുപ്പട്ടയിലൊളിപ്പിച്ച് പറഞ്ഞു. “പൊട്ടിച്ച് വായിക്ക് കണ്ണാ..” 

മാസങ്ങൾക്ക് ശേഷം വന്ന കത്തിലെ വിശേഷങ്ങൾ സന്തോഷമാണോ സങ്കടമാണൊ തരുന്നതെന്നറിയാതെ ഹബീബ വല്ലാത്ത മാനസ്സിക പിരിമുറക്കത്തിലായിരുന്നു.  
തന്റെ മക്കൾക്കെന്തു സംഭവിച്ചെന്നറിയാതെ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാവുകൾക്ക് അവസാനമാകുകയാണ്. അതിനിടക്ക് കത്ത് വാങ്ങി അടിച്ചിരിക്കുന്ന സീൽ നോക്കി സച്ചി അത് ശ്രീലങ്കയിൽ നിന്നാണെന്നു ഉറപ്പു വരുത്തി. കത്തിന്റെ ഒരു വശം കീറി ഉള്ളിൽ നിന്നും ഒരു കുഞ്ഞു കടലാസ് പുറത്തെടുത്തു. 
ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 

ബാക്കി  ജൂൺ -15ന്..... സുഖമുള്ള ഇടി....