Friday, 20 August 2021

 ബാലകഥ. 

by വീകെ.


കുട്ടൂസൻ്റെ സ്വപ്നം ..

രണ്ടാമത്തേത് ഒരാൺകുഞ്ഞായിരിക്കണമെന്ന സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. അവൻ്റെ വിളിപ്പേരായ 'കുട്ടൂസൻ ' ചേർത്താണ് അമ്മയും അച്ഛനും ചേർന്ന് ആ പേരിട്ടത്.

'കുട്ടൂസൻ വീട് '

കുട്ടൂസൻ വീട്ടിലെ കുട്ടൂസൻ ഉച്ചക്ക് ഉച്ചയുറക്കത്തിൽ കിടന്ന് പെട്ടെന്നൊരു കരച്ചിൽ. അതോടൊപ്പം തുടയിൽ തടവിക്കൊണ്ടാണ് കരച്ചിൽ. പെട്ടെന്നുള്ള കരച്ചിൽ കേട്ട് അമ്പരന്നുപോയ കുട്ടൂസൻ്റെ അമ്മ അടുക്കളയിൽ നിന്ന് ഓടിച്ചെല്ലുമ്പോൾ കട്ടിലിൽ ഇരുന്ന് തുടയിൽ തടവിക്കൊണ്ട് വലിയ വായിൽ അലറിക്കൊണ്ടിരിക്കുകയാണ്. ഓടിച്ചെന്നവഴി കുട്ടൂസനെ എടുത്തുപൊക്കി നെഞ്ചോട് ചേർത്തിട്ട് ചോദിച്ചു. 

"എന്താ കുട്ടാ പറ്റിയേ... എന്തിനാ കരഞ്ഞത്.. അമ്മ പേടിച്ചു പോയല്ലോ...?" 

അപ്പോഴാണ് കുട്ടൂസൻ കണ്ണുതുറക്കുന്നത്. പെട്ടെന്ന് കരച്ചിൽ നിന്നു. കട്ടിലിലും മുറിയിലും ഒന്ന് നോക്കി. പിന്നെ അമ്മയുടെ മുഖത്ത് നോക്കി. അമ്മ വീണ്ടും ചോദിച്ചു. 

"എന്തിനാ അമ്മേടെ ചക്കര കരഞ്ഞേ ...?''

അതുംപറഞ്ഞ് അമ്മ കുട്ടൂസൻ്റെ തുടയിൽ എന്തെങ്കിലും പറ്റിയോന്ന് തടവിനോക്കി. അപ്പോഴാണ് കുട്ടൂസന് ഓർമ്മ വന്നത്. അതോടെ കുട്ടൂസൻ വീണ്ടും കരയാൻ തുടങ്ങി. കരച്ചിലിനിടക്ക് പറഞ്ഞുകൊണ്ടിരുന്നു. 

" ചേച്ചി എന്നെ തല്ലി. ഇവ്ടെ.. എൻ്റെ പ്ണാറൻ പോയി... " 

"എപ്പഴാ തല്ലിയത് ചേച്ചി... ?"

"ഇപ്പോ... ഞാൻ ഉറങ്ങിക്കിടന്നപ്പോ...!"

അപ്പഴാണ് അമ്മക്ക് പിടുത്തം കിട്ടിയത്. കുട്ടൻ ഏതോ സ്വപ്നം കണ്ടിട്ടാണ് കിടന്ന് കരഞ്ഞത്. 

" അല്ല കുട്ടാ.. മോനും അച്ഛനും കൂടിയല്ലേ കാലത്തെ ചേച്ചിയെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടത്. പിന്നെ ചേച്ചി വരാൻ നേരമായില്ലല്ലൊ... പിന്നെങ്ങനെ ഇപ്പോൾ ചേച്ചി തല്ലും.... ?"

അത് കേട്ടതും കുട്ടൂസൻ കരച്ചിൽ ഒരു നിമിഷം നിറുത്തി. എന്നിട്ട് പറഞ്ഞു.

" ഇല്ല.. ചേച്ചി എന്നെ തല്ലി.. തല്ലി.. ഞാൻ ചേച്ചീടെ ഡബ്ബറെടുത്ത് എൻ്റെ ടാബ്ലറ്റ് മാച്ചേന്.."  

കുട്ടൂസൻ വീണ്ടും കരയാനാരംഭിച്ചു. ഇനി രക്ഷയില്ലെന്ന് മനസ്സിലായ അമ്മയുടെ ഒറ്റമൂലിക്കായി അടുക്കളയിലേക്ക് നടന്നു. ഒറ്റമൂലിപ്പാത്രം തുറന്നതും കുട്ടൂസൻ്റെ കരച്ചിൽ സഡൻ ബ്രേക്കിട്ടതുപോലെ നിന്നു. പിന്നെ ഏന്തി ഏന്തി ഒരുതരം നിശ്ശബ്ദ കരച്ചിലായി.

പാത്രത്തിൽ നിന്നും വെണ്ണയെടുത്ത് നാക്കിൽ വച്ചതും കുട്ടൂസൻ ചെറുതായൊന്നു പുഞ്ചിരിച്ചു. ആ വെണ്ണ പകുതിയും അകത്താക്കിയപ്പോഴേക്കും കുട്ടൂസൻ നോർമ്മലായി. 

"ഏതായാലും അച്ഛൻ വരട്ടെ... "

" അമ്മേ... ചേച്ചീടെ തൊടക്ക് അമ്മ നല്ലതല്ലു കൊടുക്കണോട്ടോ... "

" ചേച്ചി വരട്ടെ..അമ്പടി കേമീ.. എൻ്റെ ചക്കരേനെ തല്ലാറായോ അവൾ .. ഇന്ന് ഞാൻ കാണിച്ചു കൊടുക്കണംണ്ടവൾക്ക്.. "

അമ്മയുടെ ദ്വേഷ്യപ്പെട്ടുള്ള പറച്ചിൽ കേട്ടപ്പോൾ കുട്ടന് സങ്കടം വന്നു.

"അമ്മേ... ചേച്ചീനെ പതുക്കെ തല്ലിയാ മതീട്ടോ. രണ്ടണ്ണം കൊടുക്കണം.. "

" ശരി... " 

അത് കേട്ടപ്പോൾ അമ്മക്ക് ചിരി വന്നു. ചേച്ചിയേ തല്ലേം വേണം, എന്നാൽ വേദനിപ്പിക്കാനും പാടില്ല.

"ഏതായാലും അച്ഛൻ വരട്ടെ.... "

ചേച്ചി വന്നപ്പോഴൊന്നും അതിനെക്കുറിച്ച് ചോദിച്ചില്ല. ഓരോന്ന് ചോദിച്ചും പറഞ്ഞും ചേച്ചിയുടെ പിന്നാലേന്ന് മറിയതുമില്ല കുട്ടൂസൻ. അച്ഛൻ വരാൻ കാത്തിരുന്നു.

അച്ഛൻ വന്നതും കുട്ടൂസൻ ഓടിച്ചെന്നു. ഇറയത്ത് കയറേണ്ട താമസം ചേച്ചി തല്ലിയ കാര്യം നിറകണ്ണുകളോടെ അവതരിപ്പിച്ചു. അച്ഛൻ കുട്ടനെ എടുത്തുപൊക്കി ഒരുമ്മയൊക്കെ കൊടുത്ത് അകത്തേക്ക് കൊണ്ടുപോയി. സെററ്റയിലിരുത്തിയിട്ട് പറഞ്ഞു. 

" അച്ഛൻ കുളിച്ചിട്ട് വരട്ടെ. അതുകഴിഞ്ഞിട്ട് ചേച്ചിയോട് ചോദിക്കാട്ടോ .. ഇപ്പം മോനിവിടെയിരുന്ന് കളിച്ചോ..."

അച്ഛൻ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്ന് വിവരം തിരക്കി.

" അതുപിന്നെ, ഇന്നുച്ചക്കാ സംഭവം. മോള് സ്കൂളിലല്ലായിരുന്നോ.. ചേച്ചി തല്ലിയെന്നും പറഞ്ഞാ വാവിട്ട് നിലവിളി. എനിക്കപ്പോൾത്തന്നെ മനസ്സിലായി കുട്ടൂസൻ സ്വപ്നം കണ്ടതായിരിക്കുമെന്ന്. ഞാൻ ഒരുവിധം സമാധാനിപ്പിച്ചു നിറുത്തിയിരിക്കാണ്. അതിനായിട്ട് ഉണ്ടായിരുന്ന വെണ്ണയിൽ പകുതിയും തീർന്നുകിട്ടി.. "

"പരാതി എനിക്ക് കിട്ടി. ഏതായാലും അത്താഴം കഴിയട്ടെ. അതുകഴിഞ്ഞിട്ട് തീരുമാനിക്കാം."

അച്ഛൻ കുളിക്കാൻ കയറിയപ്പോൾ മോളെ വിളിച്ച് അമ്മ കാര്യം പറഞ്ഞു.

" അച്ഛൻ മോളെ പതുക്കെ തല്ലും. മോള് പേടിക്കണ്ട. അന്നേരം ഒന്ന് ഉണ്ടാക്കിക്കരച്ചിൽ മാതിരി ഒന്നു കരഞ്ഞാൽ മതി. അവന് സന്തോഷമായിക്കോളും.. " 

മോളത് സമ്മതിക്കുകയും ചെയ്തു. അത്താഴം കഴിഞ്ഞ് എല്ലാവരും ടീവിക്ക് മുന്നിലിരിക്കുമ്പോഴാണ് അച്ഛൻ വിഷയം എടുത്തിട്ടത്. 

"അപ്പോൾ കുട്ടൂസനെ ഉറക്കത്തിൽ തല്ലിയതിന് ചേച്ചിക്കിട്ട് രണ്ടുകൊടുക്കണം.. ല്ലേ...?" 

അത് കേട്ടതും കുട്ടൂസന് വലിയ വായിൽ ചിരി വന്നു. അച്ഛൻ മേശയിൽ നിന്നും ചെറിയ ചൂരലെടുത്ത് കൈയ്യിൽ പിടിച്ചിട്ട് വായുവിൽ ഒന്നുരണ്ടു വട്ടം ചുഴറ്റി, വടിയൊന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വളച്ച് ദ്വേഷ്യത്തോടെ കുട്ടൂസൻ്റെയും മാളൂട്ടിയുടേയും മുഖത്തേക്ക് നോക്കി. 

കുട്ടൂസൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും, അച്ഛൻ്റെ അടിയുടെ ചൂടറിയാവുന്ന മാളൂട്ടി പതുക്കെ അമ്മയുടെ പിന്നിലേക്ക് വലിഞ്ഞു. അതുകണ്ട് അമ്മ മാളൂട്ടിയുടെ ചെവിയിൽ പറഞ്ഞു. 

" അച്ഛൻ തല്ലില്ല. വെറുതെ കാണിക്കണതാ. മോള് ചെല്ല്.. "

അമ്മയുടെ ധൈര്യം കിട്ടിയതോടെ മാളൂട്ടി അച്ഛൻ്റടുത്തേക്ക് ചെന്നു. മക്കളുടെ പുസ്തകം വയ്ക്കുന്ന അലമാരയുടെ മുൻവശത്ത് കണ്ണാടി പിടിപ്പിച്ചതായിരുന്നു. ഒരു മുഴുനീളൻ കണ്ണാടി. ആരേയും മുഴുവനായിട്ട് കാണാം.

മോളെ വിളിച്ച് അതിൻ്റെ മുൻപിൽ നിറുത്തിച്ചു. പിന്നെ കുട്ടൂസനെ വിളിച്ച് കൈയ്യിൽ ചൂരൽ പിടിപ്പിച്ചു. കുട്ടൂസൻ ചേച്ചിയെ അടിക്കാൻ തയ്യാറായി നിന്നു. 

പിന്നെ മോളെ കണ്ണാടിയിൽ നിന്നും സ്വല്പം അകത്തി നിറുത്തി.

'' കുട്ടൂസാ... ചേച്ചിയെവിടേ...?" 

അച്ഛൻ ചോദിച്ചു.

"ദേ .. ഇവിടെ.. "

"അതല്ലാ. കണ്ണാടിയിൽ എവിടേ...?

കുട്ടൂസൻ കണ്ണാടിയിൽ വടിചൂണ്ടി കാണിച്ചു കൊടുത്തു.

"ഇനി കണ്ണാടിയിലെ ചേച്ചിക്കിട്ട് രണ്ടു കൊടുത്തേ...! "

കുട്ടൂസൻ ഇതെന്തു മറിമായമെന്ന് ചിന്തിച്ച് അച്ഛനേയും അമ്മയേയും ചേച്ചിയേയും മാറിമാറി നോക്കി. അത് കണ്ട് അച്ഛൻ പറഞ്ഞു.

"കണ്ണാടിയിലെ ചേച്ചിക്കിട്ട് കൊടുക്കടാ രണ്ടെണ്ണം.. "

കേട്ടതും കണ്ണാടിയിലെ ചേച്ചിക്കിട്ട് തുടരെ തുടരെ രണ്ടെണ്ണം വച്ചുകാച്ചി...!

ഈ അച്ഛനു വട്ടാണോ എന്ന മട്ടിൽ അച്ഛനേയും അമ്മയേയും നോക്കിയ കുട്ടൂസന് എല്ലാവരുടെയും നിറഞ്ഞ കൈയ്യടിയും ചിരിയുമായിരുന്നു കണ്ടത്. കുട്ടൂസനും അതിൽ പങ്കുചേരാതിരിക്കാനായില്ല.

" ഇതാണ് പറയുന്നത്, സ്വപ്നത്തിലെ കുറ്റത്തിന് കണ്ണാടിയിലെ അടി...!! "


                         ശുഭം.


Friday, 2 April 2021

 ചെറുകഥ.

by വീകെ.

വൈറസ് ...


റേഷൻകടയ്ക്കുമുന്നിലെ മണ്ണെണ്ണവീപ്പയുടെ മുകളിൽക്കയറി രാജു ഇരുന്നു. എന്നും അത് പതിവാണ്. ഇടയ്ക്ക് അകത്തുകയറി പഞ്ചസാരച്ചാക്കിൽ കൈയിട്ട് ഒരുപിടി വാരി വായിലിട്ട് വായടച്ചുപിടിക്കും. ഉമിനീരിൽ പഞ്ചസാര കുറേശ്ശ അലിഞ്ഞലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്നത് ആസ്വദിച്ചിരിക്കാൻ രാജുവിന് വലിയ ഇഷ്ടമാണ്.


കാലത്ത് ഒൻപത് മണി കഴിഞ്ഞുള്ള ആ ഇരിപ്പിന് മറ്റൊരുദ്ദേശ്യവുംകൂടിയുണ്ട്. ഒൻപതേമുപ്പതിന് വരുന്ന 'ലൗലി 'ബസ്സിലെ മൂന്നാമത്തെ സീറ്റിലെ ആദ്യയാത്രക്കാരിയുടെ വിടർന്ന കണ്ണുകളുടെ മാസ്മകരികത രാജുവിന് മറക്കാനാവില്ല. നേരിട്ടുസംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഒരുദിവസംപോലും കാണാതിരിക്കാനാവില്ലതന്നെ. രാജുവിൻ്റെ സുഹൃത്തായ റേഷൻകടമുതലാളി പാപ്പച്ചൻ  ഇവരുടെ ഈ കളികൾ കാണുന്നുണ്ടായിരുന്നു. അന്നൊരിക്കൽ പറയുകയും ചെയ്തു.

"വേണ്ട മോനെ രാജൂ...വേണ്ടാ ....."

"എന്താ .. പാപ്പച്ചൻചേട്ടാ.. സ്നേഹിക്കുന്നത് ഒരു കുറ്റമാണോ...?"

"സ്നേഹിക്കുന്നത് കുറ്റമൊന്നുമല്ല. പക്ഷേ, ആ കുട്ടിയുടെ അച്ഛൻ സമ്മതിച്ചുതരില്ല. അയാളുടെ മൂത്തമോള് ജോലിചെയ്തിരുന്ന ബാങ്കിലെ മാനേജരെ കല്യാണം കഴിച്ചത് അയാളെ വീഴ്ത്തിക്കളഞ്ഞു. ആ ചെറുക്കൻ ഞങ്ങടെ കൂട്ടരായിരുന്നു. പിന്നീട് കുറെക്കാലം പുറത്തിറങ്ങിയിരുന്നില്ല അയാൾ."


രാജു പിന്നൊന്നും ചോദിച്ചില്ല. എനിക്കവളെ വിധിച്ചിട്ടില്ലായിരിക്കും എന്നു കരുതി ജീവിച്ചുപോന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കവും നറുപുഞ്ചിരിയും ദിവസവും മുടങ്ങാതെ കാണണം. 

ഒരു ദിവസം ബസ് വന്നസമയം രാജു മണ്ണെണ്ണ വീപ്പയുടെ മുകളിൽ കയറിയിരിക്കാതെ ഒരു തൂണിൻ്റെ മറവിൽ നിന്നു.  ബസ്സ് വന്നുനിന്നപ്പോൾ രണ്ടുകണ്ണുകൾ അവിടമാകെ പരതിനടക്കുന്നത് കണ്ടു. തലവെട്ടിച്ച് ഇടത്തോട്ടും വലത്തോട്ടും നോക്കുന്നുണ്ട്. അതുകണ്ട് സങ്കടം തോന്നിയ രാജു വേഗം വെളിയിൽ വന്നു. പെട്ടെന്ന് ആ കണ്ണുകൾ രാജുവിൻ്റെ മുഖത്ത് നിശ്ചലമായി. 'അവൾ തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.' രാജുവിന് സന്തോഷമായി. ബസ് നീങ്ങിത്തുടങ്ങിയപ്പോൾ രണ്ടുപേരുടേയും കണ്ണുകൾക്ക് തീക്ഷ്ണത ഏറിയിരുന്നു. 

'പാപ്പച്ചൻചേട്ടൻ പറഞ്ഞതുശരിയെങ്കിൽ ആ കണ്ണുകളെ സ്വന്തമാക്കാൻ തനിക്ക് കഴിയില്ല.' ദിവസങ്ങൾ കഴിയവേ നിരാശയോടെ  രാജു ആ ആഗ്രഹം ഉപേക്ഷിച്ചു.

മാസങ്ങളേറെ കടന്നുപോയി. 

രാജു ജോലികഴിഞ്ഞു് തിരിച്ചുവരുന്നവഴി ഒരു സുഹൃത്ത്‌ അപകടം പറ്റി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞാണ് അങ്ങോട്ടുതിരിച്ചത്. വാർഡന്വേഷിച്ചുനടക്കുന്നതിനിടയിലാണ് ലേഡീസ് വാർഡിൻ്റെ വാതിൽക്കൽ ആ രണ്ടു കണ്ണുകൾ തന്നെ നോക്കിനിൽക്കുന്നതു കണ്ടത്...! 

ആ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു.

കണ്ണുകളിൽ ഭയപ്പാട് നിഴലിട്ടിരിക്കുന്നു. തൊട്ടടുത്തെത്തിയിട്ടും ഒരു വാക്കുച്ചരിക്കാൻ രണ്ടുപേർക്കും കഴിയുന്നില്ല. രാജു മുന്നോട്ടുനടന്നു. അടുത്ത വാർഡിൻ്റെ വാതിൽക്കൽ എത്തിയപ്പോഴാണ് ചിന്തിച്ചത് ..

'ആ കണ്ണുകൾ എന്തോ ഒന്ന് തന്നോട് പറയാൻ ആഗ്രഹിക്കുന്നില്ലേ..?

എന്തോ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലേ..?

ഉണ്ട്...! ഉണ്ട്...!'

പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ അവിടെത്തന്നെയുണ്ട് ആ കണ്ണുകൾ.

തന്നെമാത്രം നോക്കിക്കൊണ്ട്.

പിന്നെ താമസിച്ചില്ല. രാജു അവളുടെ നേർക്ക് വേഗം നടന്നു. അടുത്തെത്തിയപ്പോൾ ചോദിച്ചു. 

"എന്തു പറ്റി.... ?"

അവൾ മുപടിയൊന്നും പറയാതെ ശ്വാസം മുട്ടിയതുപോലെ നിന്നു. 

രാജു വീണ്ടും ചോദിച്ചു. 

"എന്തിനാ ഇവിടെ നിൽക്കണേ.. ആരാ ഇവിടെ....?''

അവൾ വിക്കിവിക്കിപ്പറഞ്ഞു. 

"അ..മ്മ"

"അമ്മക്കെന്തു പറ്റി...?"

ഇപ്പോൾ സംസാരിക്കാനവൾക്ക് ധൈര്യം കിട്ടിത്തുടങ്ങി. ഉമിനീരിറക്കിയിട്ട് അവൾ പറഞ്ഞു. 

"അമ്മ തലചുറ്റിവീണതാ. അമ്മയ്ക്ക് രക്തം വളരെ കുറവാണ്. പെട്ടെന്ന് രക്തം കയററണമെന്നു്. അച്ഛൻ രക്തം അന്വേഷിച്ച് പോയതാ.. കുറെനേരായി. ഞാൻ അച്ഛനെക്കാത്തുനിന്നതാ..." 

അതുംപറഞ്ഞു് അവൾ നിന്നുകിതച്ചു. മുഖത്തെ വിയർപ്പുകണങ്ങൾ സാരിത്തലപ്പുകാണ്ടവൾ ഒപ്പിയെടുത്തു.

"ഏത് ഗ്രൂപ്പ് രക്തമാ...?"

അവൾ പറഞ്ഞ ഗ്രൂപ്പ് തൻ്റെ ശരീരത്തിൽ ആവശ്യത്തിനുണ്ടല്ലോ എന്നു പുഞ്ചിരി തൂവി.  

പിന്നെ, അവളേയും കൂട്ടി ബ്ലഡ് ബാങ്കിൽച്ചെന്ന് ബ്ലഡ്ഡുകൊടുത്തു. രണ്ടു കുപ്പിയാണ് കൊടുത്തത്.


രണ്ടുദിവസം കഴിഞ്ഞു് ആവർ ആശുപത്രി വിട്ടു.  ജോലിത്തിരക്കിനിടയിൽ രാജുവിന് കുറച്ചുദിവസത്തേക്ക് കാലത്ത് റേഷൻകടയ്ക്കുമുന്നിൽ എത്താനായില്ല. 

അത് ഒരുകണക്കിന് പറഞ്ഞാൽ മനഃപൂർവ്വമായിരുന്നു. 'എത്ര കണ്ടാലും സ്നേഹിച്ചാലും തനിക്കവളെ സ്വന്തമാക്കാനാവില്ല. താനായിട്ട് എന്തിനാണ് ഒരു സങ്കടം ആ കുട്ടിക്ക് കൊടുക്കുന്നത്.' എന്നുള്ള തിരിച്ചറിവിൽ പതുക്കപ്പതുക്കേ പിൻവാങ്ങുകയായിരുന്നു. 

പക്ഷേ, രാജുവിനെ കാണാതെ ഏറെ വിഷമത്തിലായിരുന്നു ആ കണ്ണുകൾ. പാപ്പച്ചൻ അത് ശ്രദ്ധിച്ചിരുന്നു, അവിടെ വരുമ്പോഴുള്ള നാലുപാടും നോക്കിയുള്ള ആ കണ്ണുകളുടെ പിടച്ചിൽ.

ഒരാഴ്ച കഴിഞ്ഞപ്പോൾ പാപ്പച്ചൻ്റെ വീട്ടിൽ വന്ന് ആ കുട്ടി സ്വന്തം വീട്ടിലേക്ക് പാപ്പച്ചനെ കൂട്ടിക്കൊണ്ടുപോയി. ആ കുട്ടിയുടെ അഛൻ കാണണമെന്നാഗ്രഹം പറഞ്ഞിട്ടാണ് വിളിച്ചുകൊണ്ടുപോയത്. സംസാരിച്ചിരിക്കുന്നതിനിടയിലാണ് അഛൻ അത് സൂചിപ്പിച്ചത്.

" പാപ്പച്ചാ .. ആശുപത്രിയിൽ നടന്നത് അറിയാല്ലോ.. ദൈവദൂതനെപ്പോലൊരാൾ വന്ന് രക്തം കൊടുക്കുക, അതും രണ്ടുകുപ്പി..! ഞാനന്വേഷിച്ചിട്ട് രക്തം കിട്ടാതെ തിരിച്ചുവരുമ്പോഴാ മോളക്കാര്യം പറയുന്നത്. അപ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു. എനിക്കൊന്നുകാണാനോ ഒരു നന്ദിവാക്കുപറയാനോ കഴിഞ്ഞില്ല. ആ സങ്കടത്തിലായിരുന്നു ഞാൻ. മോൾക്കയാളുടെ പേരും നാടുമൊന്നുമറിയില്ല. അപ്പഴാണ് പറയുന്നത് പാപ്പച്ചൻറെ റേഷൻ കടയിൽ നിൽക്കുന്നത് കാണാറുണ്ടെന്ന്. അതാ തന്നെ വിളിപ്പിച്ചത്...."

"ആളെ എനിക്കറിയാം. രാജൂന്നാ പേര്..."

"എങ്കിൽ അയാളെവിടാ താമസിക്കുന്നതെന്ന് പറയൂ. ഞാൻ പോയിക്കണ്ട് നന്ദി പറഞ്ഞോളാം.. "

"അതു വേണോ . അയാളോട് ഇങ്ങോട്ടുവരാൻ പറഞ്ഞാൽ പോരേ...?"

"ഹേയ്... അതൊട്ടും ശര്യാവില്ല. നമ്മളാ അയാളുടെ സഹായം സ്വീകരിച്ചത്. എൻ്റെ ശ്രീമതി ഇന്ന് ജീവിച്ചിരിക്കുന്നത് അയാൾകാരണമാ... അവിടെപ്പോയി നേരിൽ കണ്ട് നന്ദി പറയണം.. 

അപ്പോഴേക്കും അകത്തുനിന്ന് അദ്ദേഹത്തിൻ്റെ ശ്രീമതി ഇറങ്ങിവന്നിട്ടുപറഞ്ഞു.

"അതേയ്... അതിനെ ഇങ്ങോട്ടൊന്നുവിളിപ്പിക്കൂ... എൻ്റെ ശരീരത്തിലോടുന്ന രക്തത്തിൻ്റൊടമയെ എനിക്കും ഒന്നു നേരിൽ കാണണം... "

" എന്താ... പാപ്പച്ചാ .. താൻ പറഞ്ഞതുപോലെ അയാളോട് ഇങ്ങോട്ടൊന്നുവരാൻ പറയോ...?"

"നാളെ ഞാൻതന്നെ കൂട്ടിക്കൊണ്ടുവരാം.. "

പാപ്പച്ചൻ പോകാനായി തിരിഞ്ഞപ്പോൾ എന്തോ മറന്നതുപോലെ നിന്നു. എന്നിട്ട് പറഞ്ഞു.

"ഞങ്ങൾ അയൽപക്കത്തുകാർക്ക് എന്നും സന്തോഷം തോന്നിയിരുന്ന കുടുംബമായിരുന്നു ഇത്. മൂത്തമകളോടുള്ള ദേഷ്യമല്ലേ, ഈ അമ്മയുടെ അസുഖത്തിനും കാരണം. ആ കുട്ടിയെ കൂട്ടിക്കൊണ്ടുവരികയല്ലേ ഇനി വേണ്ടത്.."

"എന്താ പാപ്പച്ചാ താനീ പറയണേ...?"

"ഈ അമ്മ ഇപ്പോൾ സന്തോഷവതിയല്ലേ...? അസുഖങ്ങൾ മാറിയില്ലേ..? എന്താണതിനുകാരണം. ആരോ കൊടുത്ത രണ്ടുകുപ്പി രക്തം. അയാൾ നിങ്ങളുടെ ജാതിയാണെന്നുറപ്പുണ്ടോ...?"

അദ്ദേഹം അതിനെക്കുറിച്ച് അതുവരെ ആലോചിച്ചിരുന്നില്ല. 

പാപ്പച്ചൻ്റെ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം ചാരുകസേരയിൽനിന്നെഴുന്നേറ്റ് പാപ്പച്ചൻ്റെ അടുത്തേക്ക് വന്നു. പാപ്പച്ചൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയതിൻ്റെ അർത്ഥം മനസ്സിലായ പാപ്പച്ചൻ പറഞ്ഞു.

"തീർച്ചയായും അയാൾ മറ്റൊരു ജാതിക്കാരനാ. നല്ലൊരു ചെറുപ്പക്കാരൻ. യാതൊരു ദുഃസ്വഭാവങ്ങളുമില്ലാത്ത ആരോഗ്യമുള്ള ചെറുപ്പക്കാരൻ്റെ രക്തമാണ് അമ്മയുടെ ശരീരത്തിൽ ഓടുന്നത്. 

ആ രണ്ടു രക്തവും കൂടിക്കലരാൻ ദൈവങ്ങൾക്കുപോലും എതിർപ്പില്ലെങ്കിൽപ്പിന്നെ നമ്മൾ, മനുഷ്യർക്കെന്തു കാര്യം....?!"

അതുകേട്ടുനിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് അദ്ദേഹത്തെ സങ്കടപ്പെടുത്തി. അമ്മയെ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

"നീ കരയണ്ടാ .. പാപ്പച്ചൻ പറഞ്ഞത് സത്യമാണ്. വിശ്വാസങ്ങൾ എന്നും വിശ്വാസങ്ങൾമാത്രമാണ്. ശാസത്രമാണ് സത്യം. അതിന് ഏറ്റവും വലിയ തെളിവല്ലേ നീ .... നാളെത്തന്നെ നമ്മൾ മൂന്നുപേരുംകൂടി പോയി അവരെ വിളിച്ചുകൊണ്ടുവരുന്നു.... എന്താ ...?"

"അന്നേരം ഞാൻ രാജുവിനേയും കൂട്ടിവരാം.."

പാപ്പച്ചൻ അതും പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു.

"നാളെ ഒരു നേരത്തെ ഭക്ഷണം നമ്മളൊരുമിച്ച് കഴിക്കണം. രാജുവിനോടും പറഞ്ഞേക്കൂ....''



                             ശുഭം.


Friday, 27 November 2020

വസന്തം..

 കഥ.

by വീകെ.


വസന്തം..


ഞങ്ങളുടെ അമ്മക്ക് ഞങ്ങൾ നാലു മക്കളായിരുന്നു. നാലും പെണ്ണായതോണ്ടാത്രേ അച്ഛൻ ഞങ്ങളെയുപേക്ഷിച്ചു പോയത്. ആദ്യത്തേത് പെണ്ണെന്നറിഞ്ഞപ്പോൾത്തന്നെ അച്ഛന് അമ്മയോട് ദ്വേഷ്യമായിരുന്നു. അതിനെയുപേക്ഷിക്കാൻ അഛൻ നിർബ്ബന്ധിച്ചിട്ടും അമ്മ സമ്മതിച്ചില്ല. 

ഒരിക്കൽ ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അഛൻ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആർക്കോ കൊടുത്തു. അമ്മ കരഞ്ഞു കരഞ്ഞു തളർന്നു. എന്നിട്ടും അഛനതിനെ തിരിച്ചുകൊടുത്തില്ല.


കാലം പോകവേ അമ്മ വീണ്ടും ഗർഭിണിയായി. അതും പെണ്ണെന്നറിഞ്ഞ അച്ഛൻ കോപാകുലനായി. പക്ഷേ, കഴിഞ്ഞതുപോലെ അഛനതിനെ അടിച്ചുമാറ്റാനായില്ല. അമ്മ ഉറക്കൊഴിച്ച് അതിനെ കാത്തുസൂക്ഷിച്ചു. അച്ഛനതിനെ കാണുമ്പോൾ ദ്വേഷ്യം കൊണ്ട് വിറകൊള്ളുന്നത് അമ്മ കാണാറുണ്ട്. അതുകൊണ്ട് അച്ഛനെ കാണാതെയാണ് അവളെ വളർത്തിയത്. ഗുരുകുലത്തിൽ ചേർക്കേണ്ട പ്രായമായപ്പോൾ ഒരു ശിശിരഗുരുകുലത്തിൽ ആക്കിപ്പോന്നതാണ്. എല്ലാവർഷവും അമ്മ മോളേ പോയി കാണുമായിരുന്നു. നല്ല മിടുമിടുക്കിയായി വളരുന്നത് കണ്ട് അമ്മ അഛനറിയാതെ സന്തോഷിച്ചു.

മൂന്നാമതും ഗർഭിണിയായപ്പോൾ അമ്മക്ക് വേവലാതികളൊന്നുമില്ലായിരുന്നു. പെണ്ണായാലും എങ്ങനേയും വളർത്താമെന്ന് നല്ല ആത്മവിശ്വാസം നേടിയെടുത്തിരുന്നു. അതും പെണ്ണെന്നറിഞ്ഞ അഛൻ ദ്വേഷ്യപ്പെട്ട് ഇറങ്ങിപ്പൊയ്ക്കളഞ്ഞു. 

പിന്നെ കുറേക്കാലത്തേക്ക് അച്ചന്റെ വരവുണ്ടായില്ല. അതുകൊണ്ട് അവൾ അതായത് ഞാൻ വസന്ത, ആടിപ്പാടി ആരേയും പേടിക്കാതെ നല്ല സുന്ദരിക്കുട്ടിയായി വളർന്നു. എല്ലാവർഷവും അമ്മയൊരുമിച്ച് ശിശിരചേച്ചിയെ കാണാൻ പോകുമായിരുന്നു. അവിടെ നല്ല തണുപ്പായതുകൊണ്ട് ഞങ്ങൾ വേഗം പോരും.. അവിടെ എനിക്ക് പഠിക്കേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞിരുന്നു.  

പഠിക്കാൻ പ്രായമായപ്പോൾ എന്നെ വസന്തഗുരുകുലത്തിൽ പഠിപ്പിക്കാനാക്കിയിട്ട് പിണങ്ങിപ്പോയ അച്ഛനെത്തേടി അമ്മ യാത്രയായി. എനിക്കും അഛനെ കാണാൻ കൊതിയായിരുന്നു. 

പിന്നീട് അമ്മയെത്തുമ്പോൾ എനിക്ക് ഒരു അനിയത്തിയെകൂടി തന്നിരുന്നു അമ്മ. നാലമത്തതും പെണ്ണാണെന്നറിഞ്ഞപ്പോൾ അഛൻ അമ്മയേയും അനിയത്തിയേയും തനിച്ചാക്കി തപസ്സു് ചെയ്യാനായി പോയി. തനിക്ക് ശേഷം കുടുംബം നിലനിർത്താൻ ഒരാൺത്തരിക്കായി. അവളും കുറേനാൾ എന്നോടൊപ്പം വളർന്നു. പിന്നീടവളെ പഠിപ്പിക്കാനായി അമ്മ കൊണ്ടുപോയി. അവളെ ഗ്രീഷ്മഗുരുകുലത്തിൽ ആക്കിയിട്ട് അമ്മ വല്യേച്ചിയെ അന്വേഷിച്ച് യാത്രയായി.

അമ്മക്ക് ആദ്യം പ്രസവിച്ച കുട്ടിയെ (എന്റെ വല്യേച്ചിയെ) കാണാഞ്ഞിട്ട് വലിയ സങ്കടമായിരുന്നു. അവളെവിടെയാണെന്ന് എത്ര ചോദിച്ചിട്ടും അച്ഛൻ പറഞ്ഞുകൊടുത്തില്ല. 

'അവൾ സുഖമായിരിക്കുന്നുവെന്ന് മാത്രം അറിയുക. മറ്റൊന്നും നീയറിയണ്ട'യെന്നു പറഞ്ഞ് അഛനത് നിഷേധിക്കും. എന്നാലും അമ്മ എല്ലായിടത്തും അന്വേഷിക്കും. പക്ഷേ, വല്യേച്ചിയെ ഒരിക്കലും അമ്മക്ക് കണ്ടെത്താനായില്ല. വല്യേച്ചിയുടെ പേരു പോലും അമ്മ മറന്നുപോയിരുന്നു. അമ്മ വളരെക്കാലം വല്യേച്ചിയെ തേടിയലഞ്ഞു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വളരെ ക്ഷീണിതയായ അമ്മ കിടപ്പിലായി. അപ്പോൾ ഞങ്ങൾ മൂന്നു മക്കളുംകൂടി ഒരു തീരുമാനത്തിലെത്തി. നമ്മൾക്ക് മൂന്നുപേർക്കും കൂടി വല്യേച്ചിയെ അന്വേഷിച്ചിറങ്ങാം. അമ്മക്ക് വല്ലാണ്ടായില്ലേ. അമ്മ ഈ വസന്തഗുരുകുലത്തിൽ വിശ്രമിക്കട്ടെ. മൂന്നുപേരും ഒരുമിച്ചിറങ്ങാതെ ഒറ്റക്കൊറ്റക്ക് പോയി മൂന്നിടത്തായി അന്വേക്ഷിക്കാം. 

അതുപ്രകാരം ആദ്യം ശിശിരമിറങ്ങി. 

മറ്റൊരു സ്ഥലത്തേക്ക് വസന്തമിറങ്ങി. മൂന്നാമതൊരിടത്തേക്ക് ഗ്രീഷ്മയുമിറങ്ങി. പക്ഷേ, അവരെ മൂന്നുപേരേയും അലട്ടിയിരുന്ന ഒരേയൊരു പ്രശ്നം വല്യേച്ചിയുടെ പേരായിരുന്നു. അതുമാത്രമാർക്കുമറിയില്ല. 

ഞങ്ങൾ മൂന്നുപേർക്കും മൂന്നു സ്വഭാവമായിരുന്നെങ്കിലും രൂപത്തിൽ ഒരുപോലെയായതുകൊണ്ട് കണ്ടാൽ തിരിച്ചറിയാനാകും. 

പക്ഷേ, വല്യേച്ചിയുടെ പേര്...?

 അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവം സഹോദരിമാരെ ഒന്നു സഹായിക്കണേ.....

                                

                                ശുഭം

Wednesday, 9 September 2020

Tuesday, 5 May 2020

കഥ.
by വീകെ.

പെണ്ണുകാണൽ...

നല്ല ഉശിരുള്ള ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ശേഖരേട്ടൻ. വിപ്ലവ പ്രസ്ഥാനത്തിന്റെ ഉശിരുള്ള പോരാളി. എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നെങ്കിൽ അത് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാകുന്ന കാലത്ത് , ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് മാത്രം. ജാതിയും മതവും പ്രശ്നമല്ല. സൗന്ദര്യം, കണ്ടാൽ ഒരു കുറ്റവും പറയരുതാരും. ഇതൊക്കെയായിരുന്നു സങ്കല്ലക്കങ്ങൾ. പോസ്റ്ററൊട്ടിക്കാനും മതിലെഴുതാനും ഇങ്കിലാബ് വിളിക്കാനും കൂടെ നടന്നിരുന്ന ഞങ്ങൾക്കിതൊക്കെ അറിയാമായിരുന്നു.

ഇവിടെ നിന്നുകൊണ്ട് ശേഖരേട്ടന് ഒരു മേൽഗതി ഉണ്ടാവില്ലാന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗൾഫിലേക്ക് കയറ്റി വിട്ടത്. മൂന്നു വർഷം കഴിഞ്ഞുള്ള ആദ്യ വരവായിരുന്നു അന്ന്. ഈ വരവിന് പെണ്ണ് കെട്ടിച്ചിട്ടേ വിടുകയുള്ളുവെന്ന് ശേഖരേട്ടന്റെ അഛന്റെ പിടിവാശിക്ക് വഴങ്ങിയിട്ടുള്ള വരവാണ്. അതുകൊണ്ട് അഞ്ചെട്ടെടുത്ത് പോയി പെണ്ണുകണ്ടതിൽ നാലെഞ്ചെണ്ണം വീട്ടുകാർക്കും ഞങ്ങൾക്കും ബോധിച്ചത് സെലക്ട് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ഇനി ഏതുവേണമെന്ന് ശേഖരേട്ടൻ വന്നുകണ്ട് തീരുമാനിക്കട്ടെയെന്ന് കാർന്നോമ്മാർ തീരുമാനിച്ചു.

സ്ത്രീധനത്തിന്റെ കാര്യം എവിടെയെങ്കിലും മിണ്ടിപ്പോയാൽ പിന്നെ ഞാനവിടെ പെണ്ണുകാണാൻ പോകില്ലെന്ന് ശേഖരേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് ശ്രീധനക്കാര്യം പറഞ്ഞാൽ അവിടെ പെണ്ണു കാണാൻ പോയില്ലെങ്കിലോയെന്നു ഭയന്ന് മുന്നാന്മാർ അക്കാര്യം മറച്ചുവക്കും. ചോദിക്കാതെ സ്ത്രീധനം തന്നതാണെന്ന് കരുതിക്കോളും. അതോടൊപ്പം തങ്ങളുടെ കാശ് കണക്കുപറഞ്ഞു വാങ്ങുകയും ചെയ്യാം. അതിനു പറ്റിയ വീടുകളിലെ ഞങ്ങളെ കൊണ്ടു പോയുള്ളു.

‘ധർമ്മക്കല്യാണം’ നടത്തിയാൽ ഞങ്ങൾക്കെന്തു പുണ്യം കിട്ടാനെന്ന് ഒരുത്തൻ പറയുകയും ചെയ്തു.

ശേഖരേട്ടൻ വരുന്ന ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാവരുംകൂടി ഒരുജീപ്പ് വിളിച്ച് വിമാനത്താ‍വളത്തിലേക്ക് പുറപ്പെട്ടു. സൌദിയിൽ നിന്നും മുംബെ വഴിയാണ് വരുന്നത്. ശേഖരേട്ടനെ സ്വീകരിച്ച് മടങ്ങുമ്പോൾ പറഞ്ഞു.
“ആകെ ഒരു മാസത്തെ അവധിയേ കിട്ടിയുള്ളു. നാളെത്തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഒന്നു ഓക്കെ ആക്കണം. മുംബെയിൽ നിന്നുള്ള ഫ്ലൈറ്റിനാണ് ബുദ്ധിമുട്ട്.. സമീറേ... താനത് ഏറ്റോണം...”
“ഓക്കെ... അക്കര്യം ഞാനേറ്റു..”
“നീ എത്ര നാളുണ്ടെടൊ... ഇവിടെ...?”
“എനിക്കു രണ്ടു മാസമുണ്ട്....”
സമീറ് ദുബായിൽ നിന്നും വന്നിട്ട് രണ്ടാഴ്ച ആയതേയുള്ളു.

കുറേ പോന്നു കഴിഞ്ഞപ്പോൾ ഒരിടത്ത് വച്ച് സമീർ പറഞ്ഞു.
“ശേഖരേട്ടാ.. ദേ ഈവഴിയെ കുറച്ചങ്ങട് ചെല്ലുമ്പോൾ ഒരുവീടുണ്ട്... ആ വീട്ടിലൊരു കിളിയുണ്ട്... ഞാൻ കണ്ടതിൽ ശേഖരേട്ടന് ഏറ്റവും യോജിച്ചത് അതായിരിക്കും...!!”
മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
“അതെങ്ങനെ നീ ഒറ്റക്കു പോയി പെണ്ണു കണ്ടടാ സമീറെ....?”
“ഹാ..ഹാ... ഞാൻ ഒറ്റക്കുപോയി കണ്ടതല്ല. ഇന്നലെ കാലത്ത് ഒരുസ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി കണ്ടതാ.. ആ കിളിയെ കണ്ടതും എന്റെ മനസ്സിൽ ഓടിവന്ന മുഖം ശേഖരേട്ടന്റെയാ... നമ്മൾ കുറച്ചുദിവസമായിട്ട് ശേഖരേട്ടനു പെണ്ണന്വേഷിച്ചു നടക്കായിരുന്നല്ലൊ. അതുകൊണ്ടാവും അങ്ങനെ തോന്നിയത്...”
“എന്നിട്ട് നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലൊ ഇതുവരെ...”
“ഞാൻ അനേഷിച്ചപ്പോൾ.... ഞാൻതന്നെ വേണ്ടന്നു വച്ചു.....”
“അതെന്താ.. അങ്ങനെ തോന്നാൻ...?
"ശേഖരേട്ടൻ ‘ഗൾഫ് ശേഖരേട്ടനല്ലെ’ ഇപ്പോൾ പഴയ ആദർശമൊക്കെ
എത്രമാത്രം കയ്യിലുണ്ടെന്നറിയില്ലല്ലൊ....”

അതു കേട്ടതും ശേഖരേട്ടൻ സമീറിനെ തിരിഞ്ഞൊന്നു നോക്കി.
" ശേഖരേട്ടാ... അത്രക്ക് ചേരുന്ന പെണ്ണായതു കൊണ്ട് ഞാനതിന്റെ വിശദവിവരം അന്വേഷിച്ചിരുന്നു ഇന്നലെത്തന്നെ...”
“എന്താ വിവരം കേൾക്കട്ടെ...”
“അവർക്ക് ഇപ്പോൾ ഒരു കല്യാണം നടത്താനുള്ള സാഹചര്യമില്ല. "
“ബുദ്ധിമുട്ടെന്താ... പെണ്ണിനു പ്രായമായില്ലെ...?”
“അതൊക്കെ ആയി... ഒന്നുരണ്ടു കൊല്ലംകൂടി കഴിഞ്ഞിട്ടെ പറ്റുള്ളുത്രെ. പിന്നെ, അവൾക്ക് അഛനും ആങ്ങളമാരും ഇല്ല. അമ്മയും രണ്ടുസഹോദരിമാരും മാത്രം. അമ്മക്ക് വില്ലേജാഫീസിൽ പിയുൺ പണിയുണ്ട്. താഴെയുള്ളവർ രണ്ടും പുരനിറഞ്ഞു നിൽക്കാ.. അതാ ഞാനാരോടും പറയാതിരുന്നത്...."
അതു കേട്ടിട്ട് ആരുമൊന്നും മിണ്ടിയില്ല.
ആ സംഭാഷണം അവിടെ അവസാനിച്ചു.

അന്നു വൈകുന്നേരം ശേഖരേട്ടൻ നാടു കാണാനിറങ്ങി. പത്തുമുപ്പതു കൊല്ലം ജീവിച്ച കവലക്ക് മാറ്റമൊന്നുമില്ല. എന്നാലും ആദ്യമായിട്ട് കാണുന്ന ഒരു തോന്നലായിരുന്നു.
പണ്ടുകണ്ടാൽ മിണ്ടാത്തവരോട് പോലും വലിയ സ്നേഹം തോന്നി. ആരേയും ഒഴിവാക്കിയില്ല. കേറിച്ചെന്നു പരിചയം പുതുക്കി.

മമ്മുദുക്കാന്റെ കടയിൽ സമീറിനെയും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ നാളെ പെണ്ണു കാണാൻ പോകാനുള്ള ഒരു മൂന്നാമൻ അടുത്തെത്തി. മറ്റെന്നാൾ മുതൽ പെണ്ണു കാണൽ തുടങ്ങാമെന്നു തീരുമാനിച്ചു.

തിരിച്ചു പോരുന്ന വഴി സമീറിന്റടുത്ത് ആ പെൺകുട്ടിയൂടെ കാര്യം ചോദിച്ചു. എല്ലാം ഒന്നുകൂടി കേട്ടുകഴിഞ്ഞ ശേഖരേട്ടൻ പെട്ടെന്നു പറഞ്ഞു.
“നാളെ കാലത്ത് അവിടെ പോയി ആ പെൺകുട്ടിയെ ഒന്നുകണ്ടാലൊ..?”
സമിർ ശരിക്കും ഞെട്ടി.
“ങെ....! ഉറപ്പിച്ചൊ...?”
“ങൂം... എന്തായാലും നമുക്ക്പോയി ഒന്നുകാണാം....!”
“പക്ഷെ, പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ... ഒരുതരം കളിതമാശ ആക്കരുത്....”
“അതൊന്നുമില്ല... കാണാൻ പറ്റിയ ഒരുസന്ദർഭം നാളെ കാലത്തേക്ക് പറ്റുമെങ്കിൽ ശരിയാക്ക്...”
“ഓക്കെ... അത് ഞാൻ ഏർപ്പാട് ചെയ്യാം..”

പിറ്റേദിവസം കാലത്ത് തൊട്ടടുത്ത ഒന്നുരണ്ടു ബന്ധുക്കളോടൊപ്പം ഞങ്ങൾ ഒരുജീപ്പിൽ പുറപ്പെട്ടു. ഓട്ടോറിക്ഷക്കാർ പോലും പോകാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വീതി കുറഞ്ഞ വഴിയിൽ ജീപ്പ് ഇട്ടിട്ട്, കുറച്ചിട ഞങ്ങൾ നടന്നു.
ഒരിടത്തെത്തിയപ്പോൾ സമീറ് പറഞ്ഞു.
"ദാ .. ഇതാ വീട്...''

 ഓടുമേഞ്ഞ കൊച്ചു വീടായിരുന്നു അത്.
ചുറ്റുവട്ടത്തും വാർക്ക കെട്ടിടങ്ങൾ...
മതിലിനു പകരം ഓലയും മുള്ളും വച്ചു കെട്ടിമറച്ച വേലിയുടെ നടുക്കായി ഒരു ചെറിയ പടി (ഗേറ്റ്).
മുളംകോലായിരുന്നു പടിയായി ഉപയോഗിച്ചിരുന്നത്....
മുകളിലത്തെ പടി ഒരുവശത്തേക്ക് നീക്കി വച്ചാൽ കവച്ചു കടക്കാം...
ഞങ്ങൾ മുറ്റത്തേക്ക് കടന്നു....

മുറ്റം നിറയെ ചെടിച്ചട്ടിയിൽവളരുന്നതും അല്ലാത്തതുമായ ചെടികളും നിറയെ പൂക്കളും. കൂടാതെ നല്ല പൊക്കമുള്ള തെങ്ങുകളും അടയ്ക്കാമരങ്ങളും വീടിനു ഭീഷണീയായി നിൽക്കുന്നു.. പിന്നെ മാവ്, പ്ലാവ് മുതലായവ കൊണ്ട് സമൃദ്ധമാണ് ബാക്കിയുള്ള ഇച്ചിരി പറമ്പു്.

ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു കുഞ്ഞിറയം. അതു കഴിഞ്ഞ് കുഞ്ഞു സ്വീകരണമുറി. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും കഷ്ടിച്ച് ഇരുന്നു. ചായ കുടിച്ചിരിക്കുമ്പൊഴാണ് പെണ്ണിനെ കാണിച്ചത്.

പാവാടയും ലോംഗ്ബ്ലൌസ്സുമായിരുന്നു വേഷം....
പൊക്കം കുറഞ്ഞതുകൊണ്ടാകും കൊച്ചുപെണ്ണിനെപ്പോലെ തോന്നി...
ശേഖരേട്ടന്റെ മനസ്സിൽ ഒരുകൊള്ളിയാൻ മിന്നി....!
സമീറിന്റെ കണക്കു കൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് ഒരുനിമിഷം ഓർത്തു.

കൊച്ചുപെണ്ണിനെപ്പോലെ തോന്നിയതുകൊണ്ട് സാരി ഉടുത്തുകാണാൻ ബന്ധുക്കളിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു. ശേഖരേട്ടന്റെ ആഗ്രഹമാണ് ബന്ധു നിറവേറ്റിയത്.
ആ പെൺകുട്ടി സാരിയുടുത്ത് ഒന്നുകൂടി ഞങ്ങളുടെ മുൻപിൽ വന്നുനിന്നു..
ഇപ്പോഴാ ഒരുപെണ്ണായതെന്നു തോന്നി.....!

പെൺകുട്ടി അകത്തേക്കു പോയതിന്റെ പിറകെ എല്ലാവരും ശേഖരേട്ടന്റെ മുഖത്തേക്കു നോക്കി. എല്ലാവരും കൺപുരികം മുകളിലെക്ക് വെട്ടിച്ചു ചോദിച്ചു മൂകമായി ‘എങ്ങനെണ്ട്...  ? എങ്ങനേണ്ട്...?'

ഞങ്ങൾ എല്ലാവരും മുറ്റത്തിറങ്ങി നിന്നു കുശുകുശുത്തു....!
അവസാന തീരുമാനപ്രകാരം ശേഖരേട്ടന്റെ ബന്ധു പറഞ്ഞു.
“ഞങ്ങൾക്കിഷ്ടമായി...!
നിങ്ങളുടെ തീരുമാനം എത്രയും പെട്ടെന്ന് അറിയിക്കണം. പറ്റുമെങ്കിൽ നാളെത്തന്നെ.. കാരണം അവനുലീവു കുറവാണ്...”

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ അകത്തു നിന്നും മറുപടി വന്നു.
“നാളേക്കാക്കണ്ട... ഇപ്പൊത്തന്നെ പറയാം.. ഞങ്ങൾക്കുമിഷ്ടായി...!!!’
എല്ലാവരേടേയും മുഖത്ത് പൂർണ്ണചന്ദ്രൻ തിളങ്ങി.....!!

അതുകേട്ടതും ബന്ധു ഉടനെതന്നെ പറഞ്ഞു.
“എങ്കിൽ നാളെത്തന്നെ നിങ്ങൾ വേണ്ടപ്പെട്ടവരൊക്കെകൂടി അങ്ങോട്ടുവരൂ... അവിടെവച്ച് തിരുമാനിക്കാം ബാക്കി...”
“ഇത്ര പെട്ടെന്നായാലെങ്ങനാ.. ഞങ്ങൾ ഒന്നും കരുതിയിട്ടില്ലിതുവരെ. അടുത്ത വരവിനു പോരെ കല്യാണം.... അപ്പൊഴേക്കും ഞങ്ങൾ റെഡിയാക്കാം....”

ഒരുപെൺകുട്ടിയെ ഇറക്കിവിടാനുള്ള ബദ്ധപ്പാട് ആ അമ്മയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ബന്ധു പറഞ്ഞു.
 “ഞങ്ങൾക്ക് സമയം കളയാനില്ല.. മറ്റൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലൊ. ഒരു മുഹൂർത്തം നിശ്ചയിക്കുക, പെണ്ണിനെ കൈപിടിച്ചിങ്ട് തരിക. പിന്നെന്താ...?”
“എന്നാലും ഒരുപെണ്ണിനെ ഇറക്കിവിടുമ്പോൾ വെറുംകയ്യോടെ എങ്ങനാ...?”
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് എന്താന്ന്വച്ചാ അതുകൊടുത്താൽ മതി...!!”
“അതാ ഞങ്ങൾ പറഞ്ഞത്.... ഒരുകൊല്ലം കൂടി കഴിഞ്ഞിട്ടാണെങ്കിൽ.... അപ്പൊ.. ഒന്നുവരാൻ പറ്റില്ലെ....?”
ആ ചോദ്യം ശേഖരേട്ടന്റെ നേരെയായിരുന്നു..

അടുത്തു നിന്ന ഞാൻ ശേഖരേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
‘ആ പരിപാടി വേണ്ട.... അപ്പൊഴേക്കും വയസ്സ് മുപ്പത്തഞ്ചാവും... മൂക്കിൽ പല്ലുംവരും.....!!’
ശേഖരേട്ടൻ പറഞ്ഞു.
“പോയാൽപിന്നെ രണ്ടുവർഷം കഴിയാതെ വരാൻ പറ്റില്ല....”
ബന്ധു പറഞ്ഞു.
“എന്തായാലും നിങ്ങൾ നാളെ അങ്ങോട്ടുവരൂ... ബാക്കി അവിടെവച്ച് തിരുമാനിക്കാം...”
അതുസമ്മതമെന്ന നിലയിൽ പിന്നെ ആരും ഒന്നുംപറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

വീട്ടിലെത്തി വിവരം പറഞ്ഞതും ശേഖരേട്ടന്റെ അഛൻ ചൂടായി.
"ഒന്നുകൂടി ആലോചിച്ചിട്ട് പോരെടാ മോനേ.... നിനക്കോയില്ല. അവർക്കുമില്ല. താഴെയുള്ള രണ്ടനിയത്തിമാരും പുരനിറഞ്ഞു നിൽക്കയാണെന്നല്ലേ പറഞ്ഞത്. അപ്പോപ്പിന്നെ അവർക്കൊരു ആലോചന വന്നാൽ നിനക്കവരെ സഹായിക്കേണ്ട ബാദ്ധ്യതയില്ലേ. അന്നേരം നീയെന്തു ചെയ്യും. എവിടെന്നെടുത്തു കൊടുക്കും...?"
ശേഖരേട്ടൻ അത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ലായിരുന്നതുകൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല. അഛന്റെ ചിന്തകൾ അസ്താനത്തല്ല.
ആരുമൊന്നും പറയാതായപ്പോൾ ശേഖരേട്ടന്റെ അച്ഛൻ മോനേ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"നിന്റെ ഇഷ്ടത്തിന് ഞാനെതിരല്ല. അവരുടെ തലവിധിയെന്തോ അതുപോലെ വരട്ടെ..."

പിറ്റേദിവസം അവർ വന്നു.
സ്ത്രീധനമൊന്നും ആവശ്യപ്പെടാത്തതു കൊണ്ട് കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായില്ല. തൊട്ടടുത്ത മുഹൂർത്തത്തിൽ  വിവാഹം നടത്താൻ തിരുമാനിച്ചു.
തീയതി നാളെ കുറിച്ചയക്കാമെന്നു പെൺവീട്ടുകാരുടെ ഒരുകാർന്നോർ ഏറ്റു.
അതോടൊപ്പം വിരുന്നുപോലുള്ള പരിപാടികൾ സമയലാഭത്തിനായി വേണ്ടന്നുവച്ചു.
തൊട്ടടുത്ത ദിവസം തന്നെ തീയതിയുമായി ആളുവന്നു.
ഒരാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തം...!!

ഇതിനിടയിൽ  കല്യാണമുറപ്പിച്ച വിവരമറിഞ്ഞ മൂന്നാന്മാർ ബഹളം തുടങ്ങി...!
“നിങ്ങൾ കെട്ടണ്ട.... ഒന്നുവന്നു കണ്ടിട്ടു പോ... ഇഷ്ടപ്പെട്ടില്ലാന്നു ഞങ്ങൾ പറഞ്ഞോളാം.”
അതിനൊന്നും ശേഖരേട്ടൻ നിന്നുകൊടുത്തില്ല.
മറ്റൊരു പെണ്ണുകാണലിനു ശേഖരേട്ടൻ പോയില്ല. വെറുതേ ഒരുപെണ്ണിന്റെ മനസ്സു വേദനിപ്പിക്കാൻ ശേഖരേട്ടനാവില്ല.
അവർക്ക് വേണമെങ്കിൽ ചായക്കാശു കൊടുത്തുവിടാം. അപ്പൊഴത്തെ ദ്വേഷ്യത്തിൽ അതിനൊന്നും നിൽക്കാതെ അവർ സ്ഥലം വിട്ടു. ചിലരൊക്കെ പിന്നീടുവന്ന് ചായക്കാശുവാങ്ങി സന്തോഷം പുതുക്കി...!

പിറ്റെ ദിവസം കാലത്ത് മുതൽ വിവാഹത്തിന്റെ ക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, അന്നു കാലത്ത് കിട്ടിയ വാർത്ത സകലരേയും ഞെട്ടിച്ചു കളഞ്ഞു.... !!?
“ഈ കല്യാണത്തിനു പെണ്ണിനു സമ്മതമല്ലത്രേ...!!?”

വിവരമറിഞ്ഞ് ഞങ്ങളെല്ലാം ശേഖരേട്ടന്റെ വീട്ടിൽ കൂടി.
‘അന്ന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതാണല്ലൊ....!’
‘ശ്രീധനമൊന്നും നമ്മൾ ചോദിച്ചിട്ടില്ലല്ലൊ...!!’
‘ഇനി ആരെങ്കിലും നമ്മൾക്കിട്ട് പാര പണിതോ...?!’
‘ചിലപ്പോൾ മൂന്നാന്മാർ ആരെങ്കിലും....!!?’

അന്നുതന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരുകാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റുവല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചുവരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതുകൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചുതന്നെ കാര്യങ്ങൾ അറിഞ്ഞു.
‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതുമണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ചുനോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല..?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ, ആവശ്യത്തിന് ആഭരണങ്ങൾകൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് മറ്റുള്ളവരുടെ ചോദ്യത്തിനു മുമ്പിൽ തലയും താഴ്ത്തി നിൽക്കാൻ എനിക്ക് പറ്റില്ല...! എനിക്കങ്ങനെ ഒരിടത്തും പോയിപൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാമനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....

പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.
ശേഖരേട്ടൻ വന്നു പെണ്ണുകണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
                           
                                   ശുഭം.

Tuesday, 3 March 2020



കഥ.
ഗ്രാമവഴിയിൽ ഒരോണക്കാലത്ത്...
XX            XX           XX

നെൽകൃഷി ചെയ്തു ചെയ്ത് ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.
“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്.
“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“
“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.
“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..”
ശശിമാഷ് തീർത്തു പറഞ്ഞു.
"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?”
ശശി മാഷ്ടെ  ആ നിർദ്ദേശത്തിനു  ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു.
“എന്നാപ്പിന്നെ അങ്ങനെ തന്നെ..”
 എല്ലാവരും സമ്മതിച്ചു.


അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന്, തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷിരീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയകൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചുവളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചുവിടാനും മറ്റും ഞങ്ങൾ സദാ  സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങുകൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറുകൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തുവന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ലവലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണംവരെ ഇങ്ങനെ നിൽക്കുമൊ...?
ഏതെങ്കിലും കള്ളന്മാർ..?
അങ്ങനെ  ഒരുവർഗ്ഗം ഞങ്ങളുടെ  നാട്ടിലേ ഇല്ലായിരുന്നു. അഥവാ  അങ്ങനെ ആരെങ്കിലും പുറത്തുനിന്നും വന്നാൽ  മതിൽക്കെട്ടുകളില്ലാത്ത  പറമ്പുകളിലെ ഏതെങ്കിലും ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണുകിടപ്പുണ്ടാവും. അത്ര പെട്ടെന്നൊന്നും  ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്തുകടക്കാൻ  കഴിയില്ല.

ഇവിടെ വിശാലമായ നെൽപ്പാടമായതുകൊണ്ട്  അടുത്ത് ആളുകൾ താമസിക്കുന്നുമില്ല. എങ്കിലും കാവൽ അത്യാവശ്യമാണ്.
ആരു കാവൽ നിൽക്കും ...?
അത് പിന്നെ പറയേണ്ടല്ലൊ...
ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു  പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഉപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിൽ  മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞു . കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.
വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും.
വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.
(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ ഒരു രഹസ്യവും അതായിരുന്നു കെട്ടോ ..!)

ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിത്തിരിക്കുകയുള്ളല്ലൊ.


സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും.
‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘  മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു.
(കാർന്നോന്മാരുടെ ശല്യമില്ലാതെ രണ്ടു പെഗ്ഗടിക്കാമെന്ന സൌകര്യവും ഈ കാവൽ ഏറ്റെടുക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങിയിരുന്ന മറ്റൊരു രഹസ്യം.)

എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം രണ്ടു മണിയോടടുത്ത് ആയിട്ടുണ്ടാകും.  ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.
ആ നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല.

അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാകാണലും മറ്റുമായി പിന്നെയും കടന്നു പോയി. ഓണത്തിനു മുൻപായി തുകിലുണർത്തു പാട്ടുകളുമായി കുറവന്മാർ ഗ്രാമത്തിലെ രാത്രികളെ സജീവമാക്കിത്തുടങ്ങി. ഒരു പാതിരാത്രിയിൽ ഞങ്ങളുടെ സ്റ്റേജിലും അവർ പാടാനായി വന്നു.
ഓണം വന്നടുത്തു.

കായക്കുലകളെല്ലാം വെട്ടാൻ പാകമായി. കച്ചവടക്കാർ പലരും വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശിപിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടുപോയി.

പതിവുപോലെ അന്നും പാട്ടുംകൂത്തുമായി കഴിച്ചുകൂട്ടി.
“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസാനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്.  പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരിതാഴ്ത്തിവച്ച് കിടന്നു. വയറ്റിൽകിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നുതിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്...?

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരുവെള്ളിടി ഇടിച്ചിറങ്ങിയത്....!
പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി...!
'ചതിച്ചെടാ ....!!'

ആ ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്.
മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.
"അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു.
അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി. 
ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘കാണാനില്ലായിരുന്നു ..!?

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.
ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!!
പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നു കുലകൾ വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു.
എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്.
ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ശബ്ദംപോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്മായാണ് അവർ കാര്യം സാധിച്ചത്..?
“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല."

അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ആ വിളറി നിന്ന നേരത്തും  ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല. കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.
“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ... ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”
ഡോക്ടർ  പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.

‘ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?'
ആ ഗ്രാമത്തിലെ സകലരേയും ഞങ്ങൾക്കറിയാം.
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും  'കുറ്റിപ്പുഴ കോവാട്ട് ഭഗവതി ക്ഷേത്ര' ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ
ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു
“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”
“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.
“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...”
ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസുനായരുടെ കടയിൽ പോയി ഓരോചായ കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. പെരിയാറിന്റെ തീരത്തെ അമ്പലക്കടവിൽ പോയി കുളിച്ച് ഈറനോടെ  നടതുറക്കുന്നതും കാത്ത്നിന്നു. നടതുറന്നപ്പോൾ തൊഴുതു പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറിനിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി ഡോക്ടർ അകത്തേക്ക് കയറിപ്പോയി.
വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു
“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവർ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”

 ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു
“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...”
ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു. രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.

ദിവസം ഒന്നും രണ്ടും കഴിഞ്ഞു.
പിന്നെ കളവൊന്നും നടന്നില്ല.
കള്ളനെ ഇതുവരെയും കിട്ടിയില്ല.
കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.

മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.

നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലെന്നുള്ള ധാരണയിൽ തോട്ടത്തിനു ചുറ്റും കറങ്ങിയിരുന്നവരും വന്നു കിടന്നു. എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

പതിവുപോലെ  ശശിമാഷാണ് ആദ്യം കണ്ണു തുറന്നത്.
മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണു  പതിഞ്ഞതും ഞെട്ടിപ്പോയി...!!
"ദേ ഒരു കുല..”
മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു. വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടുപോയ കുല തിരികെ കൊണ്ടുവന്നു ചാരിവച്ചിരിക്കുന്നു....!!!
ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുരണ്ടു വാഴക്കടക്കലും ചെന്നു നോക്കി.
അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

ഈ കുലകളെല്ലാം  നല്ലതുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട്,  ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.
‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.

ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.
ഈ കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ, ‘അമ്മ'യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലുമില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..
ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.
“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”
 അർബാനും അതു ശരി വച്ചുത് കൂട്ടച്ചിരിയുണ്ടാക്കി.

ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.
“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.
“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”
ഞങ്ങൾ ആ മൂന്നുകുലകളും കൊണ്ടുവന്ന് നടക്കൽവച്ചു തൊഴുതു........


[അർബാൻ എന്ന അരവിന്ദനും ലക്ഷ്മണൻ ഡോക്ടറും ഇന്ന് ഞങ്ങളോടൊപ്പമില്ല. അവരുടെ ഓർമ്മക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു.]